മാധ്യമരംഗത്ത് നിൽക്കുമ്പോൾ രാഷ്ട്രീയ നേതാക്കളുമായി വ്യക്തിബന്ധത്തിൽ ഏർപ്പെടുന്നത് ഉചിതമല്ല എന്ന് കരുതുന്ന ആളാണ് ഞാൻ. ഡൽഹിയിൽ മാധ്യമലോകത്തേക്ക് കാലെടുത്ത് വെച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ പൊളിറ്റിക്കൽ റിപ്പോർട്ടിങ്ങിൽ അവസരം ലഭിച്ചിരുന്നു. കൂട്ടത്തിൽ നന്നേ ചെറുപ്പമായിരുന്നതിനാൽ നേതാക്കളുടെ ശ്രദ്ധയിൽ പെട്ടെന്ന് എന്റെ പേരും മുഖവും പതിഞ്ഞിരിക്കണം. നേതാക്കൾ ആ സ്നേഹം കാണിക്കാറും ഉണ്ടായിരുന്നു. എനിക്കും വ്യക്തിപരമായി അടുപ്പം തോന്നിയ നേതാക്കൾ പലരും ഉണ്ടായിരുന്നു. പക്ഷെ, മാധ്യമപ്രവർത്തകൻ എന്ന ജോലിസംബന്ധമായല്ലാതെ ഒരു സംഭാഷണത്തിനോ കൂടിക്കാഴ്ചക്കോ ആരുമായും ഞാൻ മുതിർന്നിരുന്നില്ല.
ആയിടക്കാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്ന് കമ്മ്യൂണിസ്റ്റ് നേതാക്കളായ പ്രകാശ് കാരാട്ടിന്റെയും സീതാറാം യെച്ചൂരിയുടെയും അഭിമുഖങ്ങൾ ചെയ്യാൻ ഏൽപിച്ചത്. വർഷം 2011-12. സി.പി.ഐ-എം ഇരുപതാം പാർട്ടി കോൺഗ്രസ് വേദിയായി കോഴിക്കോട് നഗരത്തെ പാർട്ടി പ്രഖ്യാപിച്ച സമയമായിരുന്നു അത്.
അഭിമുഖത്തിനായി ആദ്യം സമീപിച്ചത് അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്ന കാരാട്ടിനെയായിരുന്നു. കാരാട്ട് അഭിമുഖത്തിന് സമ്മതിച്ചു. ഡൽഹിയിലെ തന്നെ ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ ആ ഇടക്ക് എന്നോട് പറഞ്ഞിരുന്നത്, കാരാട്ട് ഇപ്പോൾ വാർത്ത ഉണ്ടാക്കുന്ന ഒന്നും പറയാറില്ലല്ലോ എന്നാണ്. അന്ന് ഞാൻ ഒരു ഇംഗ്ലീഷ് ദിനപത്രത്തിലാണ് റിപ്പോർട്ടറായി ജോലി ചെയ്തുകൊണ്ടിരുന്നത്. ആ പത്രത്തിന്റെ ബ്യുറോ ചീഫും ഒരിക്കൽ പറയുകയുണ്ടായി, കാരാട്ട് അഭിമുഖം നൽകില്ല, പ്രത്യേകിച്ച് നമ്മുടെ പത്രത്തിന്. കാരണം ഈ പത്രം കമ്മ്യൂണിസ്റ് വിരുദ്ധ വാർത്തകൾ ചെയ്യുന്നതായി അവർ കരുതുന്നുണ്ട് എന്ന്.
എന്നാൽ ഞാൻ സമീപിച്ചപ്പോൾ മാതൃഭൂമിക്കു വേണ്ടിയും ഞാൻ പ്രവർത്തിച്ചുകൊണ്ടിരുന്ന പത്രത്തിനുവേണ്ടിയും കാരാട്ട് അഭിമുഖങ്ങൾ അനുവദിച്ചത് എന്നെ അത്ഭുതപ്പെടുത്തി. മറ്റ് അവസരങ്ങളിലും എന്തെങ്കിലും പ്രസ്താവനകൾക്ക് വിളിക്കുമ്പോഴോ പാർട്ടിയെ സംസംബന്ധിച്ച മറ്റ് വാർത്തകളിൽ വ്യക്തത വരുത്താൻ വിളിക്കുമ്പോഴോ ഒന്നും കാരാട്ടും യെച്ചൂരിയും എന്നെ നിരാശപ്പെടുത്തിയിട്ടില്ല.
ഏതായാലും കാരാട്ട് അഭിമുഖത്തിന് സമ്മതിച്ച ശേഷം എനിക്ക് ഒരുതരം ഉത്ക്കണ്ഠയുണ്ടായി. സാധാരണ രാഷ്ട്രീയ നേതാക്കളെ അഭിമുഖം ചെയ്യും പോലെ അല്ല ഒരു കമ്മ്യൂണിസ്റ്റ് ദേശീയ നേതാവിനെ അഭിമുഖം ചെയ്യുന്നത്. ആഴമുള്ള വായനയും പരന്ന അനുഭവസമ്പത്തും ഉള്ളവരാണവർ. ഇവരെ വായിക്കുന്ന മലയാളി വായനക്കാരാകട്ടെ അതുപോലെ രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്ന പരന്ന അറിവുള്ളവരും. ഇംഗ്ലീഷിൽ എഴുതുന്നതിൽ നിന്ന് വിഭിന്നമായി മലയാളത്തിൽ എഴുതി പ്രസിദ്ധീകരിക്കുമ്പോൾ എനിക്ക് അനുഭവമുള്ളതാണ്, വായനക്കാർ നമ്മുടെ ഫോൺ നമ്പർ തപ്പി പിടിച്ച് രാവിലെ തന്നെ വിളിക്കും. എഴുത്തിനെ കുറിച്ച് അഭിപ്രായം പറയും. അഭിനന്ദിക്കും. വിമർശിക്കും. ഇംഗ്ലീഷിൽ എഴുതുമ്പോൾ ഇങ്ങനെ ഒരു അനുഭവം പൊതുവെ ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ കാരാട്ടുമായുള്ള അഭിമുഖത്തിന് ചോദ്യങ്ങൾ ഞാൻ നേരത്തെ തന്നെ എഴുതി തയ്യാറാക്കി.
കാരാട്ടാകട്ടെ വാക്കുകളിലും പ്രവർത്തിയിലും ഏറെ സൂക്ഷമത പാലിക്കുന്ന നേതാവും. ചോദ്യങ്ങൾ അഭിമുഖത്തിന് മുന്നേ എഴുതി നല്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അത് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ ഇ മെയിലിലേക്ക് അദ്ദേഹത്തിന്റെ പേര് സൂചിപ്പിച്ചുകൊണ്ട് അയക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്റെ ചോദ്യങ്ങളുടെ നിലവാരം അറിയാൻ വേണ്ടിയായിരുന്നോ അല്ലെങ്കിൽ താൻ ചെയ്യുകയും പറയുകയും ചെയ്യുന്ന ഓരോ കാര്യവും പാർട്ടി കൂടി അറിയണം എന്ന് പാർട്ടിയുടെ ഏറ്റവും തലപ്പത്തിരിക്കുമ്പോഴും അദ്ദേഹം ആഗ്രഹിക്കുന്നത് കൊണ്ടായിരുന്നോ അങ്ങനെ പറഞ്ഞിരുന്നത് എന്ന് ഞാൻ ഇപ്പോഴും അത്ഭുതപ്പെടാറുണ്ട്. ഞാൻ ജോലി ചെയ്ത പത്രത്തിനുവേണ്ടി അഭിമുഖം നടത്തിയപ്പോൾ അദ്ദേഹം ഉത്തരവും ഇ- മെയിലിൽ തന്നെ എഴുതിനൽകുകയാണ് ചെയ്തത്. ശേഷം എന്തെങ്കിലും കൂട്ടിചേർക്കലുകൾ വേണമെങ്കിൽ നേരിട്ട് ഒരു സംസാരമാകാം എന്നും പറഞ്ഞു. അങ്ങനെ ചെയ്തു.
പക്ഷെ മലയാളത്തിലെ അഭിമുഖത്തിൽ കുറെ ഏറെ ചോദ്യങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹം നേരിട്ട് സംസാരിച്ച് അഭിമുഖം നടത്താൻ തയ്യാറായി. മലയാളം അദ്ദേഹം നന്നായി സംസാരിക്കും. മലയാളിയായ എന്നോട് മലയാളത്തിൽ അദ്ദേഹം സ്നേഹപൂർവ്വം സംസാരിക്കുന്നതാണ്. പക്ഷെ അഭിമുഖത്തിൽ അദ്ദേഹം ഇംഗ്ലീഷിലാണ് സംസാരിച്ചത്. പിന്നീട് ഒരിക്കൽ അദ്ദേഹം പറയുകയുണ്ടായി, തത്വശാസ്ത്രപരമായ ചില പദങ്ങളുടെ തത്തുല്യമായ മലയാള പദം ഒരുപക്ഷെ അദ്ദേഹം പറഞ്ഞാൽ ശരിയാകില്ല എന്നതിനാൽ അത്തരം കാര്യങ്ങൾ സുവ്യക്തമാകാൻ ഇംഗ്ലീഷ് ആണ് നല്ലത് എന്നതിനാലാണ് അദ്ദേഹം ഇംഗ്ലീഷ് ഉപയോഗിക്കുന്നത് എന്ന്. മലയാളികളുടെ പദ സമ്പത്ത് ഏറെ സമ്പന്നമാണല്ലോ, അതുകൊണ്ട് ഒരു ആശയത്തിന്റെ ആഴത്തിലുള്ള അർഥം ലഭിക്കുന്ന സമാനപദങ്ങൾ തന്നെ ഉപയോഗിക്കപ്പെടട്ടെ എന്നതുകൊണ്ടാണെന്നും പറഞ്ഞു.
അത്ര കൃത്യമാണ് അദ്ദേഹത്തിന്റെ വാക്കുകൾ. അളന്നു മുറിച്ച, അരുവിയിലെ വെള്ളം പോലെ തെളിഞ്ഞ, ഒഴുകുന്ന വാക്കുകൾ. അഭിമുഖമായാലും വാർത്തകൾക്ക് വേണ്ടി വിളിച്ചാലായാലും ഒരിക്കലും അവ്യക്തമായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഒരു വാക്ക് പോലും അദ്ദേഹത്തിൽ നിന്നുണ്ടാകില്ല. സാധാരണ രാഷ്ട്രീയക്കാർ മനഃപൂർവം റിപ്പോർട്ടർമാരെ അവരുടെ ആവശ്യങ്ങൾക്ക് തെറ്റിദ്ധരിപ്പിക്കാറുള്ള എത്രയോ അനുഭവങ്ങൾ ഉള്ളപ്പോളാണ് ഇതെന്ന് ഓർക്കണം.
ബ്രിട്ടീഷ് മാർക്സിസ്റ്റ് ചരിത്രകാരനായ എറിക് ഹോബ്‌സോമിന്റെ 'How to change the world: Marx and Marxism 1840-2011' എന്ന അന്നത്തെ പുതിയ പുസ്തകത്തിൽ തുടങ്ങി ഇരുപതാം നൂറ്റാണ്ടിലെ മാർക്സിന്റെ പ്രസക്തിയെ കുറിച്ചും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മാർക്സിസം എങ്ങനെ ആയിരിക്കും എന്നതിനെ കുറിച്ചും എല്ലാം ആ സംഭാഷണം നീണ്ടു. അന്നത്തെ വർത്തമാന രാഷ്ട്രീയത്തെ കുറിച്ചും അഴിമതി വിരുദ്ധ സമരത്തെ കുറിച്ചും അറേബ്യയിലെ മുല്ലപ്പൂ വിപ്ലവത്തെ കുറിച്ചും എല്ലാം സംസാരിച്ചതിന് പുറമെ കേരളത്തിലെയും ബർമയിലെയും കുട്ടിക്കാലത്തെ കുറിച്ചും കുറ്റാന്വേഷണ നോവലുകളോടുള്ള തന്റെ പ്രത്യേക താല്പര്യത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. കുറ്റാന്വേഷണ കഥകൾ സമൂഹത്തിലെ വൈരുദ്ധ്യങ്ങളെ കാട്ടി തരും എന്നും ബൂർഷ്വാ എഴുത്തുകാർ എന്ന് വിളിക്കപ്പെടുന്നവരെയും തൻ വായിക്കാറുണ്ടെന്നും അവരെ അംഗീകരിക്കുന്നില്ലെങ്കിലും അവരെ മനസിലാക്കൽ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
പതിനഞ്ചാം വയസ്സിൽ മതവിശ്വാസത്തെ തിരസ്കരിച്ചതിനെ കുറിച്ചും മദ്രാസിലെ കോളേജ് കാലത്ത് മാർക്സിസത്തിലേക്ക് ആകൃഷ്ടനായതും പാർട്ടിയുടെ തുടക്കകാലത്തുതന്നെ ഡൽഹിയിൽ എ.കെ.ജി യുമായി അടുത്ത ബന്ധം സൂക്ഷിച്ചതും ഇ.എം.എസിന്റെ സ്വാധീനത്തെ കുറിച്ചും സഖാവ് ബൃന്ദ കാരാട്ടുമൊത്ത് കുടുംബജീവിതവും പാർട്ടി ജീവിതവും ഒരുമിച്ച് കൊണ്ടുപോകുന്നതിനെ കുറിച്ചുമെല്ലാം അദ്ദേഹം സംസാരിച്ചു. ഏറെ വാക്കുകളിൽ അല്ലാതെ. സംക്ഷിപ്തമായി. എന്നാൽ മനസ്സ് തുറന്നു കൊണ്ട്.
ഡൽഹിയിലെ എ.കെ.ജി സെന്ററിൽ പാർട്ടി ജനറൽ സെക്രട്ടറിയുടെ ഓഫീസ് മുറിയിൽ വെച്ച് ആ അഭിമുഖം പൂർത്തിയായപ്പോൾ അദ്ദേഹം തമാശ രൂപേനെ എന്നോട് പറഞ്ഞു, ആകാശത്തിന് കീഴെ ഉള്ള സകല കാര്യങ്ങളും ചോദിച്ചു കളഞ്ഞല്ലോ എന്ന്. ഒരു കമ്മ്യൂണിസ്റ്റ് നേതാവ് ആകാശത്തിനു കീഴെയുള്ള സകല കാര്യങ്ങളെ കുറിച്ചും സംസാരിക്കാൻ ബാധ്യസ്ഥനല്ലേ എന്ന് ഞാൻ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു. അദ്ദേഹം പുഞ്ചിരിച്ചു.
യെച്ചൂരിയുടെ രീതികൾ കാരാട്ടിൽ നിന്ന് അല്പം വ്യത്യസ്തമാണെന്ന് പറയാം. വാക്കുകൾ അനർഗളം ഒഴുകും. കാരാട്ട് ഐഡിയോളോജിക്കലി കടുപ്പക്കാരനും യെച്ചൂരി പ്രയോഗികവാദിയും ആണെന്നാണ് പത്രക്കാർ ഈ രണ്ട് നേതാക്കളെ കുറിച്ച് പറയാറുള്ളത്. യെച്ചൂരിയയെ അഭിമുഖം നടത്താനായപ്പോഴേക്ക് കോഴിക്കോട് പാർട്ടി കോൺഗ്രസ് ഒന്നുകൂടി അടുത്തു. മാതൃഭൂമി ആഴ്ചപ്പതിപ്പാണെങ്കിൽ ആ സമയം വാർഷികപ്പതിപ്പിറക്കാനുള്ള തയ്യാറെടുപ്പിലും. വാർഷികപ്പതിപ്പിൽ പേജുകൾ കൂടും. മാത്രവുമല്ല മലയാളി വായനക്കാർ പുതുവർഷത്തിൽ തങ്ങളുടെ വായനാനുഭവങ്ങളെ നവീകരിക്കാൻ സുദീർഘമായ വായനക്ക് തയ്യാറായിക്കൊണ്ടേയിരിക്കും വാർഷികപ്പതിപ്പുകൾ വാങ്ങിക്കുന്നത്. അഭിമുഖം സുദീർഘമായിരിക്കണം എന്ന് അതിനാൽ തന്നെ നിർബന്ധമാണ്.
പാർട്ടി ഓഫീസിന്റെ താഴത്തെ നിലയിൽ പീപ്പിൾസ് ഡെമോക്രസിയുടെ ഓഫീസിൽ ഒരു വൈകുന്നേരം യെച്ചൂരിക്ക് അഭിമുഖമായി ഇരുന്നു. അന്ന് യെച്ചൂരിക്ക് പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയുടെ എഡിറ്ററുടെ ചുമതല കൂടി ഉണ്ടായിരുന്നു.
ഒരു ചെറു പുഞ്ചിരിയോടുകൂടിയാണ് യെച്ചൂരി എപ്പോഴും സംസാരിച്ചുകണ്ടിട്ടുള്ളത്. നർമത്തിന്റെ മേമ്പൊടിയും ഉണ്ടാകും. പത്രക്കാർ പറയുന്ന അദ്ദേഹത്തിന്റെ പ്രായോഗികതാവാദത്തിനപ്പുറം പാർട്ടിക്കതീതമായ വലിയ സൗഹൃദനിര അദ്ദേഹത്തിന് ഉണ്ടാകുന്നതിൽ ഈ പെരുമാറ്റരീതി ഒരു കാരണമായിരുന്നിരിക്കാം. അദ്ദേഹത്തിന്റെ സംസാരരീതി അറിയുന്നതുകൊണ്ടുതന്നെ നർമരൂപത്തിൽ പ്രകോപനപരമായ ചോദ്യങ്ങൾ ചോദിയ്ക്കാൻ എനിക്ക് മടിയുണ്ടായില്ല.
‘പതിനെട്ട് വയസ്സിൽ ഇടതുപക്ഷത്തല്ലാത്തവരിൽ അല്പം കുഴപ്പം കാണും എന്നതുപോലെ മുപ്പത് വയസ്സിനു ശേഷവും ഇടതുപക്ഷത്തുതന്നെ തുടരുന്നവരിലും അല്പം കുഴപ്പം കാണും’ എന്ന പൊതുവെ ഇടതുപക്ഷ വിമർശകർ ഉന്നയിക്കുന്ന ഒരു പരിഹാസത്തെ കുറിച്ച് ചോദിച്ചുകൊണ്ടാണ് ഞാൻ തുടങ്ങിയത്. അദ്ദേഹം ഒട്ടും പ്രകോപിതനായില്ല. മുപ്പത് വയസ്സിനു ശേഷവും പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനില്ക്കാൻ തണ്ടേടമില്ലാത്തവരാണ് അങ്ങനെ ചിന്തിക്കുന്നതെന്നും സുഖപ്രദമായ ജീവിതം കാണുമ്പോൾ പ്രത്യസ്ത്രത്തോടുള്ള പ്രതിജ്ഞ മറന്നു പോകുന്നവരാണ് അങ്ങനെ ചിന്തിക്കുന്നവർ എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഞാൻ വിട്ടില്ല. ഇടതുപക്ഷത്തെ കുറിച്ചുള്ള മറ്റൊരു പരിഹാസം ഞാൻ അദ്ദേഹത്തെ ഓർമിപ്പിച്ചു. ഇന്ത്യയുടേയും ചൈനയുടെയും സമ്പത് വ്യവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന റോബിൻ മെറിഡിത്തിന്റെ 'ആനയും വ്യാളിയും' (Elephant and the Dragon) എന്ന പുസ്തകത്തിൽ സൂചിപ്പിച്ച ഒരു സാങ്കല്പിക സന്ദർഭം. ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവ് ഡെങ് സിയാവോപിങ് (Deng Xiaoping) കാറിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ഡ്രൈവർ അദ്ദേഹത്തോട് പറയുന്നു. 'കോമ്രേഡ്...നമ്മൾ ഇപ്പോൾ ഒരു നാൽക്കവലയിലാണുള്ളത്. മുന്നിലുള്ള അടയാളം കാണിക്കുന്നത്, ഇടത്തോട്ട് പോയാൽ കമ്മ്യൂണിസത്തിലേക്കും വലത്തോട്ട് പോയാൽ മുതലാളിത്തത്തിലേക്കും എത്തും എന്നാണ്. നമ്മൾ ഏത് വഴിയേ പോകും?'
അപ്പോൾ ഡെങ് പറയുന്നു. 'വിഷമിക്കേണ്ട, ഇടത്തോട്ടേക്ക് സിഗ്നൽ കാണിച്ചിട്ട് വലത്തോട്ട് തിരിച്ചുകൊള്ളൂ'
യെച്ചൂരി അപ്പോഴും പറഞ്ഞു, ഇടതുപക്ഷം ദുഷ്കരമാകുന്നത് പ്രത്യശാസ്ത്രത്തോട് ആത്മാർത്ഥത നഷ്ടപ്പെടുന്നവർക്കാണ്, അത്തരക്കാരാണ് ഇത്തരം തമാശകൾ മാർക്സിസ്റ്റുകൾക്ക് എതിരിൽ പടച്ചു വിടുന്നത് എന്ന്.
തുടർന്ന് ഞാൻ അദ്ദേഹത്തോട് അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ് ആയി രൂപാന്തരപ്പെട്ടു പ്രക്രിയ വിശദീകരിക്കാൻ ആവശ്യപ്പെട്ടു. വായിച്ച പുസ്തകങ്ങൾ, സ്വാധീനിച്ച വ്യക്തികൾ, കടന്ന് പോയ സംഭവങ്ങൾ തുടങ്ങിയവ. അദ്ദേഹം പറഞ്ഞു: Communism, like life, is a cumulative experience. കമ്മ്യൂണിസം ജീവിതം പോലെ തന്നെ വളരെ സമൃദ്ധമായ ഒരു അനുഭവമാണ്. ഒരു നിശ്ചിത കാലഘട്ടത്തെ ചൂണ്ടിക്കാണിച്ചു കൊണ്ടേ ആ പ്രക്രിയ വിശദീകരിക്കാനാകൂ. തുടർന്ന് അവിടെ നിന്ന് അദ്ദേഹം എഴുപതുകളിലെ തന്റെ പ്രക്ഷുബ്ധമായ യൗവന കാലത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി.
ഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർത്ഥി കാലഘട്ടവും അടിയന്തിരാവസ്ഥ സമയത്ത് പോലീസ് ഹോസ്റ്റലിൽ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യാൻ വന്നപ്പോൾ അവരുടെ കണ്ണ് വെട്ടിച്ച് പോയതും എയി൦സ് ആശുപത്രിയിലെ രോഗികളുടെ ബന്ധുക്കൾ കൂട്ടം കൂട്ടമായി കിടന്നുറങ്ങുന്ന നിരത്തിൽ അവരുടെ ഇടയിൽ ഒരാളായി ഒളിവുജീവിതം നയിക്കേണ്ടി വന്നതും മൂന്നുതവണ വിദ്യാർത്ഥി നേതാവായി തെരഞ്ഞെടുക്കപ്പെട്ട അപൂർവ ബഹുമതിയെ കുറിച്ചും എല്ലാം അദ്ദേഹം സംസാരിച്ചു.
സുന്ദരയ്യയും ഇ. എം. എസും ബസവ പുന്നയ്യയുമൊക്കെയായി ഉണ്ടായിരുന്ന അടുപ്പവും പങ്കുവെച്ചു. ഒരിക്കൽ തന്റെ വല്യമ്മ സുന്ദരയ്യയെ കണ്ടപ്പോൾ ചോദിച്ചു, എന്തിനാണ് നിങ്ങൾ എന്റെ കൊച്ചുമോനെ നിങ്ങളുടെ പാർട്ടിയിലെടുത്തത്? എന്തിനാണ് നിങ്ങൾ അവന്റെ ജീവിതം നശിപ്പിക്കുന്നത്?
അപ്പോൾ സുന്ദരയ്യ അവരോട് പറഞ്ഞു, നിങ്ങളുടെ കൊച്ചുമോനെപ്പോലെ മറ്റൊരാളെ ഞങ്ങളുടെ പാർട്ടിക്ക് തരികയാണെങ്കിൽ അവനെ ഞങ്ങൾ നിങ്ങൾക്കുതന്നെ വിട്ടുതരാം.
കമ്മ്യൂണിസം ആധുനിക പശ്ചാത്തലത്തിൽ നിഷ്ക്രിയമാകുന്നില്ലെന്നും അത് കൂടുതൽ പ്രസക്തമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാൾസ്ട്രീറ്റ് സമരത്തെ കുറിച്ചും ഒക്കുപ്പൈ ലണ്ടൻ സമരത്തെ കുറിച്ചും അദ്ദേഹം പഴയ ജെ.എൻ.യു കാലത്തിന്റെ അതെ വീറോടെ തന്നെ വിവരിച്ചു. പുതിയ സാമ്പത്തിക പ്രതിസന്ധിയെ മനസ്സിലാക്കാൻ ആളുകൾ മാർക്സിന്റെ മൂലധനത്തിന്റെ കോപ്പികൾ തേടിപ്പിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇടത് രാഷ്ട്രീയം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ഞാൻ ചോദിച്ചു. സ്ത്രീകളുടെ രാഷ്ട്രീയവും ലിംഗരാഷ്ട്രീയവും പരിസ്ഥിതി, ജാതി, സ്വത്വ രാഷ്ട്രീയത്തിലെ നിലപാടുകളും എൻ.ജി.ഒകളോടുള്ള സമീപനത്തെ കുറിച്ചും എല്ലാം ചോദിച്ചു. പുതിയ മധ്യവർഗത്തെ കുറിച്ചും പുതിയ തൊഴിലാളി സാഹചര്യങ്ങളെ കുറിച്ചും പുതുതലമുറ യുവാക്കളിലേക്ക് എത്തിച്ചേരാനുള്ള മാർഗങ്ങളെ കുറിച്ചും എല്ലാം ചോദിച്ചു.
കോഴിക്കോട് പാർട്ടി സമ്മേളനത്തിനുള്ള കരട് പ്രത്യയശാസ്ത്ര രേഖ തയ്യാറാക്കുന്നതിനുള്ള ചുമതലയും യെച്ചൂരിക്കായിരുന്നു. അതിനെ കുറിച്ചും ഏറെ നേരം സംസാരിച്ചു.
പുതിയ കാലത്തെ മാർക്സിസത്തിലേക്ക് വിരൽ ചൂണ്ടി അദ്ദേഹം പറഞ്ഞു, Marxism is not a set of dogmas. It is a creative science. മാർക്സിസം എന്നാൽ ഒരു കൂട്ടം കടുംപിടുത്തങ്ങളല്ല, അതൊരു ക്രിയാത്മകമായ ശാസ്ത്രമാണ്. തുടർന്നും അദ്ദേഹം വിശദീകരിച്ചു: Marxism is a concrete analysis of concrete conditions. മൂർത്തമായ അവസ്ഥകളുടെ സമൂർത്തമായ വിശകലനമാണ് മാർക്സിസം. അതിനൊക്കെ ഏറെ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
പതിഞ്ഞ സ്വരത്തിലുള്ള, താളാത്മകമായ അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് മുഴുവനായും ഞാൻ കാതുകളെ മണിക്കൂറുകളോളം കൂർപ്പിച്ചു വെച്ച് സമയം പോയതറിഞ്ഞതേ ഇല്ല. ചോദ്യങ്ങളും ഉപചോദ്യങ്ങളും ചോദിച്ചുകൊണ്ടിരുന്നപ്പോൾ ഒരിക്കൽ പോലും ഇനി മതി എന്നോ ഏറെ ആയെന്നോ അദ്ദേഹം ഒരിക്കലും പറഞ്ഞുമില്ല. അദ്ദേഹത്തിന്റെ യൗവനകാല അനുഭവങ്ങൾ പറയുമ്പോൾ എം. മുകുന്ദന്റെയും റഷ്യൻ സാഹിത്യത്തിലെ ഏതൊക്കെയോ കഥാപാത്രങ്ങളുടെയും ഓർമ്മകൾ എന്നിൽ നിറഞ്ഞു, ആ കാലഘട്ടത്തിലെ യുവതയെ ഓർത്ത് എന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. അദ്ദേഹം അത് അറിയല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചു.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് മാധ്യമരംഗത്തുനിന്ന് ഞാൻ രാഷ്ട്രീയരംഗത്തേക്ക് ഒരു ചുവടുമാറ്റം നടത്തി. അഴിമതി വിരുദ്ധ മുദ്രാവാക്യം ഉയർത്തി ഡൽഹിയിൽ രൂപം കൊണ്ട ആം ആദ്മി പാർട്ടി അതിനിടെ കേരളത്തിലെ ചുമതലക്കാരനായി എന്നെ നിയോഗിച്ചു. പ്രതിപക്ഷ ഐക്യം വേണം എന്ന ആശയം തുടങ്ങുന്ന സമയം. ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സഖ്യ ചർച്ചകൾ ഫലവത്താവാതിരുന്ന സമയം. കേരളത്തിൽ ഇടതുപക്ഷത്തിന് പിന്തുണ നല്കാൻ കൊട്ടിക്കലാശത്തിന്റെ തലേനാൾ പാർട്ടി തീരുമാനമെടുക്കുന്നു. ഡൽഹിയിൽ ഇടതുപക്ഷം ആം ആദ്മി പാർട്ടിക്കും പിന്തുണ നൽകണം. ഈ കാര്യങ്ങൾ ഇടതു പാർട്ടികളുടെ നേതൃത്വവുമായി സംസാരിക്കാനും ഒരു സംയുക്ത പ്രസ്താവന ഇറക്കാനും പാർട്ടി എന്നെ ചുമതലപ്പെടുത്തി. അന്ന് പ്രകാശ് കാരാട്ടുമായും സീതാറാം യെച്ചൂരിയുമായും ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിലല്ലാതെ ഞാൻ സംസാരിച്ചു. ഫോണിലാണ് സംസാരിച്ചത്. കാരാട്ട് ബാംഗ്ലൂരിലായിരുന്നു. ഡൽഹിയിലേക്ക് വിമാനം കയറാൻ നിൽക്കുകയായിരുന്നു. യെച്ചൂരി കണ്ണൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും. ആം ആദ്മി ദേശീയ നേതൃത്വം അവരുമായി നേരത്തെ പിന്തുണയുടെ കാര്യം സംസാരിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ആ തീരുമാനം പൂർണമായി. കേരളത്തിലെ അന്നത്തെ സി.പി.എം സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനുമായും സംസാരിച്ചു. യെച്ചൂരിയോട് ദേശീയതലത്തിലെ സംയുക്ത പ്രസ്താവനയുടെ കാര്യം പറഞ്ഞു. കേരളത്തിലെ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ എന്നതിനാൽ അന്നുതന്നെ അത് നടത്തേണ്ടിയിരുന്നു. അദ്ദേഹം ഉടനെ ഡൽഹിയിൽ പാർട്ടി നേതാവ് നീലോത്പൽ ബസുവിനെ ബന്ധപ്പെടുത്തിതന്നു. അദ്ദേഹം ഡൽഹിയിലെ ആം ആദ്മി പാർട്ടി ഓഫീസിൽ വന്ന് അവിടെ വെച്ച് സംയുക്‌ത പ്രസ്താവന നടത്തി. രാഷ്ട്രീയത്തിലെ അവരുടെ സൗമ്യതയും ചടുലതയും നേരിട്ട് കണ്ടു.
കോവിഡ് കാലത്ത് മകൻ മരിച്ചത് യെച്ചൂരിക്ക് വലിയ ആഘാതമായി. അദ്ദേഹത്തിന്റെ മകൻ ആശിഷ് ഞാൻ പഠിച്ച ചെന്നൈയിലെ ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിലാണ് പഠിച്ചത്. ഞാൻ കോളേജിൽ നിന്നിറങ്ങിയ വ
ർഷമാണ് ആശിഷ് അവിടെ ചേർന്നത്. പുത്ര വിയോഗമാണ് ഭൂമിയിലെ ഏറ്റവും വലിയ ദുഃഖം എന്നാണല്ലോ പറയാറ്. പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും പാർട്ടി പ്രവർത്തനത്തിന് വേണ്ടിയാണ് കുഞ്ഞുങ്ങൾ വേണ്ടെന്ന് വെച്ചത് എന്ന് കേട്ടിട്ടുണ്ട്. വ്യക്തിപരമായ പല ചോദ്യങ്ങളും ചോദിച്ചിട്ടും അതെ കുറിച്ച് ചോദിക്കണം എന്നുണ്ടായിരുന്നു, എന്നിട്ടും ഞാൻ അഭിമുഖത്തിൽ കാരാട്ടിനോട് അത് ചോദിച്ചിരുന്നില്ല.
ഡൽഹിയിലെ കടുത്ത അന്തരീക്ഷ മലിനീകരവും യെച്ചൂരിയുടെ ശ്വാസനാള സംബന്ധമായ അസുഖത്തിന് വഴിവെച്ചിട്ടുണ്ടാകാം. പുകവലിയും അദ്ദേഹത്തിന് ശീലമായിരുന്നല്ലോ. യെച്ചൂരിയുടെ ചാർമിനാർ അദ്ദേഹത്തെ അറിയുന്നവർക്കിടയിൽ ഒരു റൊമാന്റിക് സങ്കൽപം കൂടിയായിരുന്നു. യെച്ചൂരിയെന്ന വിപ്ലവകാരിയുടെ ചിത്രവും. അദ്ദേഹത്തിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അവസാനം കൂടിയാണ്.
എനിക്കായി അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം സുദീർഘമായി പറഞ്ഞ കാര്യങ്ങൾ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഇടത് രാഷ്ട്രീയത്തിന്റെ മാനിഫെസ്റ്റോക്കുള്ള ഒരു ആമുഖമായി ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.
▮
തുഫൈൽ പി.ടി: ‘പതിനെട്ടു വയസ്സിൽ ഇടതുപക്ഷത്തല്ലാത്തവരിൽ അല്പം കുഴപ്പം കാണുമെന്നതു പോലെ തന്നെ മുപ്പതുവയസ്സിനു ശേഷവും ഇടതുപക്ഷത്തുതന്നെ തുടരുന്നവരിലും അല്പം കുഴപ്പമുണ്ടാകും’- അവസാനമായി ഇതു പറഞ്ഞുകേട്ടത് കേന്ദ്രമന്ത്രി കപിൽ സിബലിൽ നിന്നാണ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ കവിതാ സമാഹാരത്തിന്റെ പ്രകാശന വേളയിൽ കോളേജു കാലത്ത് താനൊരു കമ്മ്യൂണിസ്റ്റായിരുന്നു എന്ന അനുഭവം പങ്കുവെക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ആരംഭിച്ച്, ഏറ്റവുമൊടുവിൽ ‘ലണ്ടൻ പിടിച്ചെടുക്കൽ’ സമരത്തിൽ അവിടുത്തെ യുവാക്കളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിരത്തിലിറങ്ങിയ താങ്കൾ ഇത്തരം വിമർശനങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുക?
സീതാറാം യെച്ചൂരി: ഇപ്പറഞ്ഞതിൽ പുതിയതായി യാതൊന്നും തന്നെയില്ല. ഇടതു പക്ഷത്തിനെതിരായി തലമുറകളായി പറഞ്ഞു കേട്ടുവരുന്ന ഒന്നാണിത്. അത്തരം ആളുകളും ഞാനും തമ്മിൽ ഒറ്റ വ്യത്യാസമേയുള്ളൂ. ഞാൻ ഇതു വരെ എൻ്റെ പ്രത്യയശാസ്ത്രത്തിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായില്ല എന്നുള്ളതാണത്. അവരവരുടെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചു നിൽക്കാൻ തന്റേടമില്ലാത്തവർക്കാണ് ഇത്തരം ഒഴികഴിവുകൾ പറയേണ്ടിവരുന്നത്. എന്തിനു വേണ്ടി തങ്ങളുടെ പ്രത്യയശാസ്ത്രം കൈവിടേണ്ടി വന്നു എന്നതിന് കാരണങ്ങൾ നിരത്തേണ്ടി വരുന്നതും അവർക്കാണ്. ഞാൻ അതിൽ ഉൾപ്പെടുന്നില്ല. കൂടുതൽ സുഖപ്രദമായ ജീവിതം കാണുമ്പോൾ പ്രത്യയശാസ്ത്രത്തോടുള്ള പ്രതിജ്ഞ മറന്നുപോയവരാണവർ. ആനന്ദദായകമായ ഒരു ജീവിതത്തിനുവേണ്ടിയുള്ള നിങ്ങളുടെ വ്യകതിഗതമായ ബലഹീനതകൾ ഒരിക്കലും മാർക്സിസം പോലുള്ള ഒരു തത്വശാസ്ത്രത്തിനെതിരായുള്ള ആക്ഷേപമായി കാണാനാകില്ല. നിങ്ങളുടെ അവസരവാദത്തിലപ്പുറം യാതൊന്നും തന്നെ അത്തരം വിമർശനങ്ങളിൽ പ്രതിഫലിക്കുന്നില്ല. നിങ്ങളിലെ സ്വയം സമർപ്പണമില്ലായ്മയേയും പ്രതിബദ്ധതയില്ലായ്മയേയയുമാണത് കാണിക്കുന്നത്.
ഈയവസരത്തിൽ മറ്റൊരു രാഷ്ട്രീയ നർമമാണോർമ വരുന്നത്. ഇന്ത്യയുടെയും ചൈനയുടേയും സമ്പദ് വ്യവസസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന റോബിൻ മെറിഡിത്തിെൻ്റ ആനയും വ്യാളിയും (Elephant and Dragon) എന്ന പുസ്തകത്തിലെവിടെയോ വായിച്ചതാണ്. എഴുത്തുകാരി സൃഷ്ടിച്ച ഒരു സാങ്കൽപിക സന്ദർഭത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവ് ഡെങ് സിയാവോപിങ് (Deng Xiaoping) കാറിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ഡ്രെെവർ അദ്ദേഹത്തോടു പറയുന്നു. ‘കോമ്രേഡ്... നമ്മൾ ഇപ്പോൾ ഒരു നാൽകക്കവലയിലാണുള്ളത്. മുന്നിലുള്ള അടയാളം കാണിക്കുന്നത് ഇടത്തോട്ടു പോയാൽ കമ്മ്യൂണിസത്തിലേക്കും വലത്തോട്ടു പോയാൽ മുതലാളിത്തത്തിലേക്കും എത്തിച്ചേരുമെന്നാണ്. നമ്മൾ ഏതു വഴിയേ പോകും?’
അപ്പോൾ ഡെങ് പറയുന്നു, ‘വിഷമിക്കേണ്ട.. ഇടത്തോട്ടേക്കുള്ള സിഗ്നൽ കാണിച്ചിട്ട് വണ്ടി വലത്തോട്ടേക്കു തിരിച്ചോളൂ...’
ഡെങിെൻ്റ സ്ഥാനത്ത് ഇന്ത്യൻ കമ്മ്യൂണിസത്തെ പ്രതിഷ്ഠിച്ചുകൊണ്ടും ഈ തമാശ വളരെ പ്രചാരം നേടിയിട്ടുണ്ട്. ഈ ആധുനികയുഗത്തിൽ, ശക്തമായ ആഗോളവൽകരണത്തിന്റെയും നവ ഉദാരീകരണത്തിന്റെയും സമയത്ത്, ഇടതുപക്ഷത്തു നിൽക്കുക എന്നതു തന്നെ വളരെ ദുഷ്കരമല്ലേ?
ഒരിക്കലുമല്ല. ദുഷ്കരമാകുന്നത് നിങ്ങൾ വിശ്വസിക്കുന്ന തത്വശാസ്ത്രത്തോട് നിങ്ങൾക്ക് ആത്മാർത്ഥതയില്ലാതാകുമ്പോഴാണ്. അല്ലെങ്കിൽ പ്രത്യയശാസ്ത്രത്തോടുള്ള പ്രതിജ്ഞാബദ്ധത നഷ്ടപ്പെടുമ്പോഴാണ്. അത്തരം ആളുകൾക്കു പക്ഷെ ഒഴികഴിവുകൾ കണ്ടെത്തുക എന്നത് ഒട്ടും ദുഷ്കരമല്ല താനും. യഥാർത്ഥ മാർക്സിസ്റ്റുകൾക്കെതിരായി തമാശകൾ പടച്ചുവിടുക എന്നത് അവർക്ക് അതിലേറെ എളുപ്പമുള്ള സംഗതിയായിരിക്കുകയും ചെയ്യും.
താങ്കൾ ഒരു കമ്മ്യൂണിസറ്റായി രൂപാന്തരപ്പെട്ട പ്രക്രിയ വിശദീകരിക്കാമോ? വായിച്ച പുസ്തകങ്ങൾ, സ്വാധീനിച്ച വ്യകതികൾ, കടന്നുപോയ സംഭവങ്ങൾ തുടങ്ങിയവ....?
എൻ്റെ തലമുറ വരുന്നത് എഴുപതുകളിൽ നിന്നാണ്. എഴുപതുകളിലാണ് ഞങ്ങൾ ബിരുദവും ബിരുദാനന്തര ബിരുദവുമെല്ലാം പഠിക്കുന്നത്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വലിയ രീതിയിൽ വിദ്യാസമ്പന്നരായ തൊഴിൽരഹിതരുടെ എണ്ണം പെരുകിവരുന്ന ഒരു സന്ദർഭം കൂടിയായിരുന്നു അത്. സ്വാതന്ത്ര്യസമരവും സ്വയംഭരണ പ്രസ്ഥാനവുമെല്ലാം ജനങ്ങളിൽ സൃഷ്ടിച്ച വലിയ പ്രതീക്ഷകൾ നിറവേറ്റപ്പെടാൻ പക്വമായ ഒരു സമയവും സന്ദർഭവുമായിരുന്നു അത്. പക്ഷെ, അത്തരമൊരവസരത്തിൽ, സാർവത്രിക തൊഴിൽ, സാർവത്രിക വിദ്യാഭ്യാസം സാർവത്രിക ആരോഗ്യം എന്നിങ്ങനെയുള്ള മുഴുവൻ പ്രതീക്ഷകളും കൺമുന്നിൽ തകർന്നടിയുന്നതാണ് ഞങ്ങൾക്കു കാണേണ്ടിവന്നത്. ദാരിദ്രം കൂടുതൽ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയായിരുന്നു. അന്നേരമാണ് ഇന്ദിരാഗാന്ധി ‘ഗരീബീ ഹഠാവോ‘ (ദാരിദ്ര്യം അകറ്റൂ) എന്ന മുദ്രാവാക്യവുമായി വരുന്നത്. അതിനുശേഷം രണ്ടു മൂന്നു വർഷത്തിനുള്ളിൽ തന്നെ ഞങ്ങൾക്ക് ‘ഗരീബീ ലൗട്ടാവോ‘ (ദാരിദ്ര്യം തിരികെത്തരൂ) എന്ന മുദ്രാവാക്യവുമായി രംഗത്തു വരേണ്ടിവന്നു. കാരണം, ആ ഒന്നു രണ്ടു വർഷങ്ങൾക്കുള്ളിൽ പ്രശ്നം കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കുകയായിരുന്നു. അതു കൊണ്ട് ഞങ്ങളുടെ ദാരിദ്രം ഞങ്ങൾക്കു തിരികെത്തരൂ എന്ന്. അന്ന് ഉയർന്നുവന്ന ചോദ്യം പ്രധാനമായും എവിടെയാണ് രാജ്യത്തിന് തെറ്റു പറ്റിപ്പോയതെന്നായിരുന്നു. സ്വാതന്ത്ര്യലബ്ദിക്ക് ശേഷം നമ്മൾ നേടിയെടുക്കാൻ ഒരുമ്പെട്ട കാര്യങ്ങൾ എന്തുകൊണ്ടാണ് അത്രയും കാലങ്ങൾക്കു ശേഷവും നേടിയെടുക്കാനാകാതെ പോയത്? അതിനുള്ള ഒരേയൊരു ഉത്തരമായാണ് അന്ന് ഇടതുപക്ഷത്തേയും പ്രത്യേകിച്ച് സി.പി.എമ്മിനേയും കണ്ടിരുന്നത്. ജനങ്ങളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന ചോദ്യങ്ങൾക്കുള്ള യഥാർത്ഥ ഉത്തരം അവിടെയാണെന്ന് ഞങ്ങൾ കണ്ടു.
ഇക്കാലത്തും, നേരത്തെ സൂചിപ്പിച്ചതുപോലെ, ഈ ആഗോളവൽകരണത്തിന്റെ യുഗത്തിലും, ഈ പ്രത്യയശാസ്ത്രത്തിൻ്റെ പ്രസക്തി വർദ്ധിക്കുന്നേയുള്ളൂ. ഇപ്പോൾ മുതലാളിത്തരാജ്യങ്ങളിൽ നിന്നുതന്നെ അതിനുള്ള തെളിവുകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. വാൾസ്ട്രീറ്റ് പിടിച്ചെടുക്കൽ സമരവും (Occupy Wellstreet Movement) മറ്റും കാണിക്കുന്നതും അതു തന്നെയല്ലേ? ആഗോളതലത്തിൽ തന്നെ മുതലാളിത്ത വ്യവസ്ഥിതികൾക്കെതിരായി പ്രതിഷേധം ഉയർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഇരുപതു വർഷത്തിനിടയിൽ ആദ്യമായിട്ട് ‘നിലനിൽക്കുന്ന വ്യവസ്ഥകൾ തുലയട്ടെ’ എന്ന അർത്ഥത്തിലുള്ള മുദ്രാവാക്യങ്ങൾ നമ്മൾ കേൾക്കാൻ തുടങ്ങിയില്ലേ? കമ്മ്യൂണിസം, ആ അർത്ഥത്തിൽ, ആധുനിക പശ്ചാത്തലത്തിൽ നിഷ്ക്രിയമാകുന്നില്ല എന്നല്ല അത് കൂടുതൽ പ്രസക്തമായിക്കൊണ്ടിരിക്കുകയാണ്. വത്തിക്കാനിലെ മഹാനായ പോപ്പ് പോലും ഇപ്പോഴത്തെ പ്രതിസന്ധിയുടെ കാരണം മനസ്സിലാക്കാൻ വേണ്ടി കാൾ മാർക്സിൻ്റെ ’മൂലധന’ത്തിന്റെ കോപ്പികൾ വരുത്തിച്ചുവെന്നാണ് വാർത്തകളിലൂടെ നാം അറിയുന്നത്. മാർക്സിസ്റ്റ് തത്വസംഹിതയുടെ വളർച്ചയേയാണത് കാണിക്കുന്നത്.
എഴുപതുകളിൽ, ഞങ്ങളുടെ വിദ്യാഭ്യാസ കാലത്ത്, രാജ്യത്തെ വെറും നാലു ശതമാനം യുവജനങ്ങൾക്കേ ഉന്നതവിദ്യാഭ്യാസം പ്രാപ്യമായിരുന്നുള്ളൂ. അന്ന്, ഉപരിപഠനത്തിനുള്ള ഭാഗ്യം സിദ്ധിച്ച തുലോം തുച്ഛമായ ഞങ്ങൾക്ക് ഞങ്ങളുടെ മാത്രം ഭാവിയും ഉദ്യോഗവും മുന്നിൽ കണ്ടു കൊണ്ട് ജീവിക്കാനാകുമായിരുന്നില്ല. വിദ്യാഭ്യാസത്തിലൂടെ ഞങ്ങൾ സിദ്ധിച്ച അറിവും കഴിവും സമൂഹത്തിൽ മാറ്റത്തിനായി ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. അതിനുള്ള ശരിയായ മാർഗമായാണ് അന്ന് ഞങ്ങൾ പാർട്ടിയെ കണ്ടത്. ഇപ്പൊഴും ജനങ്ങളുടെ ഇച്ഛ നിറവേറ്റാനുള്ള യഥാർത്ഥ മാർഗം അതു തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു.
തെലങ്കാനാസമരം താങ്കളുടെ വിദ്യാഭ്യാസത്തിന് ഭംഗം വരാനിടയാക്കിയിരുന്നു. താങ്കളുടെ രാഷ്ട്രീയത്തെ തെലങ്കാനാസമരം ഏതെങ്കിലും തരത്തിൽ സ്വാധീനിച്ചിരുന്നോ?
ഏതു കാര്യത്തിനാണ് നമ്മുടെ രാഷ്ട്രീയത്തെ സ്വാധീനിക്കാതിരിക്കാനാവുക? നമ്മുടെ ജീവിതം മുഴുക്കെ നമ്മുടെ രാഷ്ട്രീയത്തെ സ്വാധീനിക്കുന്നില്ലേ? അല്ലെങ്കിൽ, നമ്മുടെ ജീവിതം തന്നെയല്ലേ നമുക്ക് രാഷ്ട്രീയം? തെലങ്കാനാ സമരത്തിൽ 1969- ൽ ശകതമായ പ്രക്ഷോഭമാണ് നടന്നിരുന്നത്. ഇന്നു നിങ്ങൾ കാണുന്ന സമരത്തേക്കാളൊക്കെ എത്രയോ ശക്തമായിരുന്നു അത്. എൻ്റെ തലമുറയിലുള്ളവർക്ക് അക്കാലത്ത് ഒരു വർഷത്തെ അദ്ധ്യയനവർഷം നഷ്ടപ്പെടുത്തേണ്ടിവന്നു. വീണ്ടും ഒരു വർഷം കൂടി നഷ്ടപ്പെടുമോ എന്ന ആശങ്ക പിന്നെയും അവശേഷിച്ചിരുന്നു. പക്ഷെ, അതിനുമുമ്പേ തന്നെ എൻ്റെ അച്ഛന് ഡൽഹിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. സ്ഥലം മാറ്റം ലഭിച്ചപ്പോൾ അച്ഛൻ ഹൈദരാബാദിലെ നിസാം കോളേജിൽ പ്രീ യൂണിവേസിറ്റിക്ക് (അന്നൊക്കെ യൂണിവേഴ്സിറ്റിക്ക് തൊട്ടു മുൻപുള്ള കോഴ്സ് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്) പഠിച്ചു കൊണ്ടിരുന്ന എന്നെ അതവസാനിപ്പിച്ച് ഡൽഹിയിലേക്ക് അച്ഛന്റെ കൂടെ പോകാൻ പ്രേരിപ്പിച്ചു. അങ്ങനെ ഒരു അക്കാദമിക വർഷം കൂടി നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് ആദ്യമായി ഞാൻ ഡൽഹിയിലെത്തിപ്പെടുന്നത്.
സമരത്തിൻ്റെ സ്വാധീനം ചോദിക്കുകയാണെങ്കിൽ നെഗറ്റീവും പോസിറ്റീവുമായിട്ടുള്ള എല്ലാ സമരങ്ങളും നമുക്ക് ഓരോരോ പാഠങ്ങളായിരിക്കും. തെലങ്കാനാ സമരം ഒരർത്ഥത്തിൽ പലർക്കും ഒരു പ്രധാനപ്പെട്ട വെളിപ്പെടലായിരുന്നു. അന്നത്തെ സാഹചര്യം വെച്ചു നോക്കുമ്പോൾ, വെറും പതിനഞ്ച് വർഷങ്ങൾക്കു മുമ്പ് 1956- ലാണ് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പുനർരൂപീകരണം നടന്നിരുന്നത്. വിശാല ആന്ധ്ര അതിൽ ഏറ്റവും മുൻനിരയിലാണുണ്ടായിരുന്നത്. വിശാല ആന്ധ്രക്കു ശേഷമാണ് ഐക്യ കേരളവും സംയുക്ത മഹാരാഷ്ട്രയുമെല്ലാം രൂപം കൊണ്ടത്. പിന്നെയാണ് മറ്റു ഭാഷാ സംസ്ഥാനങ്ങളുടെയെല്ലാം പുനരേകീകരണം നടക്കുന്നത്. പക്ഷെ, വെറും പതിനഞ്ചു വർഷങ്ങൾക്കുള്ളിൽ തന്നെ വിശാല ആന്ധ്രയിൽ ഭാഷാ സംസ്ഥാനത്തിനകത്തെ വിഭജനത്തിനായുള്ള മുറവിളി ഉയർന്നുവന്നു. അത് ഇന്ത്യ അതുവരെ പിന്തുടർന്നിരുന്ന മുതലാളിത്ത വികസനപാതയിലെ വൈരുദ്ധ്യത്തെ കൂടി തുറന്നു കാട്ടുന്നതായിരുന്നു. ഭരണവർഗത്തിന്റെ മുതലാളിത്ത വികസനപാത ജനങ്ങൾക്കിടയിൽ മാത്രമല്ല പ്രദേശങ്ങൾക്കിടയിലും അസമത്വം സൃഷ്ടിക്കുന്ന തരത്തിലുള്ളതായിരുന്നു. പിന്നാക്ക ദേശങ്ങളിലെ ജനങ്ങൾ അപ്പോൾ സ്വാഭാവികമായും പ്രക്ഷോഭത്തിനിറങ്ങിപ്പുറപ്പെട്ടു. ഇവിടെ നമുക്ക് ലഭിക്കുന്ന ആദ്യത്തെ പാഠവും അതു തന്നെയാണ്. മുതലാളിത്തം വിതയ്ക്കുന്ന അസമത്വം വ്യകതികൾക്കിടയിൽ മാത്രമോ മനുഷ്യരുടെയിടയിൽ മാത്രമോ അല്ല, മറിച്ച്, അത് ദേശങ്ങൾക്കിടയിലും സമൂഹത്തിെൻ്റ ഓരോ തുറയിലും അസമത്വം സൃഷ്ടിക്കുന്നു. തെലങ്കാനാ സമരത്തിന്റെ കാതൽ എന്നു പറയാവുന്നത് അതായിരുന്നു. ഇന്നും അവിടുത്തെ പ്രശ്നം ആ മേഖലയിലെ സാമ്പത്തിക പിന്നാക്കാവസ്ഥ തന്നെയാണ്.
പക്ഷെ, സി.പി.എമ്മിൻ്റെ നിലപാട് തെലങ്കാനാ സംസ്ഥാനത്തിനെതിരാണല്ലോ?
തെലങ്കാനാ സംസ്ഥാനത്തിനായുള്ള ആവശ്യത്തെ സി.പി.എം ഒരിക്കലും പിന്തുണച്ചിട്ടില്ല. സംസ്ഥാനങ്ങളുടെ പുനർരൂപീകരണത്തിനായി ഭാഷയെ മാനദണ്ഢപ്പെടുത്തിക്കൊണ്ട് ഒരിക്കൽ തീരുമാനമെടുത്തുകഴിഞ്ഞ സ്ഥിതിക്ക് അതിൽ ഉറച്ചുനിൽക്കാൻ ഞങ്ങൾ ബാദ്ധ്യസ്ഥരാണ്. കാരണം, ഇന്ത്യയെപ്പോലെ വളരെയധികം വിഭിന്നതകൾ നിറഞ്ഞ ഒരു രാജ്യത്ത് സ്വാതന്ത്ര്യലബ്ദിക്കുശേഷം കൈക്കൊണ്ട അത്തരമൊരു തീരുമാനത്തിൽ ഒരിക്കൽ വിഘ്നം വരുത്തിക്കഴിഞ്ഞാൽ പിന്നെ മറ്റു പല കോണുകളിൽ നിന്നും പ്രത്യേക സംസ്ഥാനങ്ങൾക്കായി സമാന ആവശ്യങ്ങൾ ഉയർന്നു വന്നേക്കും. പല പ്രശ്നങ്ങളും– ആദിവാസി പ്രശ്നം, ജാതീയത, മലയോര വാസികളുടെ പ്രശ്നം എന്നിങ്ങനെ പല കാര്യങ്ങളും– പ്രത്യേക സംസ്ഥാനങ്ങളുടെ രൂപീകരണത്തിനായുള്ള കാരണങ്ങളായി കാണിക്കപ്പെടും. അനാവശ്യമായ സംഘർഷങ്ങൾക്കായിരിക്കും അത് വഴിയൊരുക്കുക. അത് കൂടുതൽ വലിയ സാമൂഹിക സങ്കർഷങ്ങൾക്കുള്ള സാധ്യതയൊരുക്കും.
അത്തരം തർക്കങ്ങൾ നമുക്ക് പിന്നീട് ചർച്ച ചെയ്യാം. താങ്കളിൽ ഒരു കമ്മ്യൂണിസ്റ്റ് രൂപം കൊണ്ടതെങ്ങനെയെന്നതിനെക്കുറിച്ചാണ് നമ്മൾ ഇപ്പോൾ സംസാരിച്ചു കൊണ്ടിരുന്നത്.
ഒരു പ്രത്യേക സംഗതിയെ ചൂണ്ടിക്കാട്ടി, ഇതാണെന്നെ കമ്മ്യൂണിസ്റ്റാക്കിയതെന്നു പറയുക വളരെ വിഷമകരമാണ്. Communsim, like life, is a very cumulative experience. കമ്മ്യൂണിസം ജീവിതം പോലെത്തന്നെ വളരെ സമന്വയഭരിതമായ ഒരനുഭവമാണ്. ഒരു നിശ്ചിത കാലഘട്ടത്തെച്ചൂണ്ടിക്കാണിച്ചുകൊണ്ടേ ആ പ്രക്രിയ വിശദീകരിക്കാനാകൂ. ജന്മിത്തത്തിന്റെ വിവിധ ഭാവങ്ങളും, ഹൈദരാബാദിലെ നിസാം ഭരണത്തിന്റെ പരോക്ഷമായ തുടർച്ചയും ഞാൻ വളർന്നുവന്ന ആന്ധ്രയിലെ ഗ്രാമങ്ങളിലെ വയലുകളിലും കാർഷിക ഇടങ്ങളിലും സ്ഥിരമായി കാണാറുണ്ടായിരുന്ന ചൂഷണത്തിന്റെ പല മുഖങ്ങളും ഉള്ളിൽ വെറുപ്പുളവാക്കിയിരുന്നു. ഇന്നും അത്തരം മനുഷ്യത്വരഹിതമായ ചൂഷണങ്ങൾ നാം നേരിൽ കാണുന്നില്ലേ? ഈ ഘടകങ്ങളെല്ലാം തന്നെ അക്കാദമികമായി നമ്മൾ നേടിയ അറിവുമായി ചേർന്ന് മനസ്സിൽ പുതിയ ചോദ്യങ്ങളുടെ വിത്തു പാകുന്നു. സമൂഹത്തിന്റെ ചലനവും സ്പന്ദനവും അറിയുന്നു. എങ്ങനെയാണ് സമൂഹം മാറ്റത്തിന് വിധേയമാകുന്നത്? എന്തുകൊണ്ടാണ് വ്യവസ്ഥിതികൾ മാറുന്നത്. അടിമത്തം ജന്മിത്തത്തിലേക്കും ജന്മിത്തം മുതലാളിത്തത്തിലേക്കും പരിണമിക്കുന്നതെങ്ങനെയാണ്? എന്തുകൊണ്ടാണ് ഈ വ്യവസ്ഥിതികളെല്ലാം ചൂഷണത്തിൽ അധിഷ്ടിതമായിരിക്കുന്നത്? അതിൽ നിന്നൊരു മോചനമെവിടെയാണ്? ചൂഷണത്തിനു വിരുദ്ധമായ ഒരു സാമൂഹിക സംവിധാനം സാദ്ധ്യമല്ലേ? അതായിരുന്നു ആത്യന്തികമായ പ്രചോദനം. മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യാത്ത ഒരു സമൂഹം. അതിന്റെ രൂപീകരണം. അതായിരുന്നു അടിസ്ഥാന പ്രേരണ. ഇപ്പോഴും അതുതന്നെയാണ് പ്രചോദനം. അതു നേടിയെടുക്കുന്നതു വരെയുള്ള സമരം. പോരാട്ടം.
താങ്കളിലെ രാഷ്ട്രീയനേതാവിനെ രൂപപ്പെടുത്തിയത് ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയായിരുന്ന കാലമാണ്. ഇപ്പോഴും, മൂന്നു തവണ വിദ്യാർത്ഥി യൂണിയൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ഒരു അപൂർവ ബഹുമതി താങ്കളുടെ പേരിൽ അവിടെ നിലനിൽക്കുന്നുണ്ട്.
ജെ.എൻ.യുവിലുണ്ടായിരുന്ന കാലം വളരെ നിർണായകമായിരുന്നു. ആ സമയത്താണ് ഞാൻ നേരത്തേ പറഞ്ഞ ചോദ്യങ്ങളൊക്കെ ഉയർന്നു വരുന്നത്. രാജ്യമൊട്ടാകെ വലിയ പ്രതിസന്ധി നേരിടുന്ന ഒരു സന്ദർഭമാണത്. 1973-ൽ എം.എയ്ക്കു ചേർന്ന ഞാൻ 1979-ൽ പിഎച്ച്.ഡി കഴിയുന്നതു വരെ അവിടെയുണ്ടായിരുന്നു. ആ സമയത്ത് രാജ്യം നേരിട്ട വലിയ പ്രതിസന്ധികൾ അടിയന്തരാവസ്ഥ അടിച്ചേൽപിക്കപ്പെടുന്നതിലേക്കും ജനാധിപത്യ ധ്വംസനത്തിലേക്കും വരെയെത്തിച്ചു. ആ സമയത്തു തന്നെയാണ് വലിയ തരത്തിലുള്ള റയിൽവേ സമരം അരങ്ങേറുന്നത്. ജനങ്ങളിൽ ഒരു തരം നിരാശ നാടെങ്ങും പടർന്നുപിടിച്ചു. അറുപതുകളുടെ അവസാനവും എഴുപതുകളുടെ തുടക്കത്തിലും നക്സൽ പ്രസ്ഥാനം ഉയർന്നുവന്ന സമയം കൂടിയാണത്. സമൂഹത്തിൽ വ്യവസ്ഥാപിതമായ മാറ്റം കൊണ്ടുവരാൻ സാധിക്കാത്തതിലെ അമർഷവും ശക്തമായ ഒരടിത്തറ പണിയാനാകാത്തതിലെ അക്ഷമയും ജനങ്ങൾ പലവിധത്തിലാണ് പ്രകടിപ്പിച്ചിരുന്നത്. ഒരു കാൽപനിക ഭാവമുണ്ടായിരുന്നു അന്നത്തെ സമരങ്ങൾക്ക്. തങ്ങളുദ്ദേശിക്കുന്ന മാറ്റം സമൂഹത്തിൽ ഉടൻ കൈവരിക്കാമെന്ന അഭിലാഷമുണ്ടായിരുന്നു. പലവിധത്തിലും ജനങ്ങൾ പ്രകടമാക്കിക്കൊണ്ടിരുന്ന ഈ സമരങ്ങളിൽ ഏതാണ് യഥാർത്ഥ മാർഗം എന്ന് കണ്ടെത്തേണ്ട സമയം കൂടിയായിരുന്നു അത്. അന്നാണ് മനസ്സിൽ പല ആശയങ്ങളും ദൃഢപ്പെടുന്നത്. അന്നാണ് ഞാൻ ഒരു പ്രാക്ടീസിങ് കമ്മ്യൂണിസ്റ്റായി ദൃഢപ്പെട്ടു വന്നതും.
അന്നൊക്കെ മാർക്സിസ്റ്റ് ക്ലാസിക്കുകൾ ധാരാളമായി വായിക്കുമായിരുന്നു. സമകാലീന നോവലുകളായിരുന്നു പിന്നീട് ഏറ്റവുമധികം വായിച്ചിരുന്നത്. Howard Fast-ന്റെ Freedom Roads ഒക്കെയാണ് അന്ന് ആവേശം കൊള്ളിച്ച നോവലുകൾ. അമേരിക്കയിലെ വളർന്നുവരുന്ന തൊഴിലാളി സംഘടനകളെക്കുറിച്ചും മുതലാളിത്തത്തിനെതിരിലുള്ള ചെറുത്തു നിൽപുകളെക്കുറിച്ചും മറ്റുമാണ് Freedom Roads-ൽ പ്രതിപാദിച്ചിരുന്നത്. എണ്ണമറ്റ മാർക്സിയൻ സാഹിത്യങ്ങൾ അന്നൊക്കെ പുതിയ അറിവും പുത്തൻ മാനങ്ങളുമാണ് ഞങ്ങൾക്ക് സമ്മാനിച്ചിരുന്നത്. ഇ.പി. തോംസന്റെ ചരിത്രഗ്രന്ഥങ്ങളുണ്ടായിരുന്നു. പിന്നെ മാർക്സിന്റെയും എംഗൽസിന്റെയും സൃഷ്ടികൾ. അവയെല്ലാം വലിയ സ്വാധീനശക്തികളായിരുന്നു.
ഇന്ത്യയിലെ നിരവധി കമ്മ്യൂണിസ്റ്റ് നേതാക്കൾ വലിയ പ്രചോദനമായിരുന്നു. അവരാണ് എനിക്ക് ഒരു മുഴുസമയ കമ്മ്യൂണിസ്റ്റ് പ്രവർത്തകനാകാനുള്ള പ്രേരണയേകിയത്. അതിൽ മുൻപന്തിയിലുണ്ടായിരുന്നത് സഖാവ് സുന്ദരയ്യയായിരുന്നു. അദ്ദേഹവുമായി വ്യക്തിതലത്തിൽ വളരെ നല്ല അടുപ്പമുണ്ടായിരുന്നു. പ്രത്യയശാസ്ത്രതലത്തിൽ അദ്ദേഹം വലിയ ഒരു പ്രചോദനമായിരുന്നു. മരണത്തിനു മുമ്പു വരെ അദ്ദേഹം ഡൽഹിയിൽ വരുമ്പോഴെല്ലാം എൻ്റെ കൊച്ചു ഫ്ളാറ്റിലാണ് താമസിക്കാറുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പ്രവർതത്നങ്ങളും ആത്മാർത്ഥതയും അർപ്പണമനോഭാവവുമെല്ലാം എനിക്ക് വലിയ പ്രചോദനങ്ങളായിരുന്നു. രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലായിരുന്നെങ്കിലും എന്റെ കുടുംബത്തെ അദ്ദേഹത്തിന് പരിചയമുണ്ടായിരുന്നു. എൻ്റെ വല്ല്യച്ഛൻ ഹൈക്കോടതി ജഡ്ജായിരുന്നു. എൻ്റെ വല്ല്യമ്മ ഒരു വീട്ടമ്മയായിരുന്നെങ്കിലും സ്വാതന്ത്ര്യ സമരത്തിലെ സ്ത്രീപങ്കാളിത്തത്തിൽ സുപ്രധാന പങ്കുവഹിച്ചവരായിരുന്നു. അവരെയും അദ്ദേഹത്തിന് പരിചയമുണ്ടായിരുന്നു. ദേശഭക്തിയിൽ കവിഞ്ഞ് മറ്റു രാഷ്ട്രീയമൊന്നും ഉണ്ടായിരുന്നില്ല എൻ്റെ കുടുംബത്തിന്. കമ്മ്യൂണിസം തീർച്ചയായും ഇല്ല തന്നെ. അതുകൊണ്ടുതന്നെ എൻ്റെ വല്ല്യമ്മ ഒരിക്കൽ പി.എസ് എന്ന് ഞങ്ങൾ വിളിച്ചിരുന്ന കോമ്രേഡ് സുന്ദരയ്യയെക്കണ്ടപ്പോൾ ചോദിച്ചു; എന്തിനാണ് നിങ്ങൾ എൻ്റെ കൊച്ചുമോനെ നിങ്ങളുടെ പാർട്ടിയിലെടുത്തത്? എന്തിനാണ് നിങ്ങളവന്റെ ജീവിതം നശിപ്പിക്കുന്നത് എന്ന്. എൻ്റെ വല്ല്യമ്മ തന്നെ പിന്നീട് പലപ്പോഴും പറഞ്ഞുകേട്ട സംഭവമാണിത്. അപ്പോൾ പി.എസ് അവരോട് വളരെ സാമർത്ഥ്യത്തോടെ പറഞ്ഞത്രേ; നിങ്ങളുടെ കൊച്ചുമോനെപ്പോലെ മറ്റൊരാളെ നിങ്ങൾ ഞങ്ങളുടെ പാർട്ടിക്ക് തരികയാണെങ്കിൽ അവനെ ഞങ്ങൾ നിങ്ങൾക്കു തന്നെ വിട്ടുതരാം.
പിന്നെ, പാർട്ടിയുടെ ജനറൽ സെക്രട്ടറിയെന്ന നിലക്ക് ഇ.എം.എസായിരുന്നു എന്നെ ഒരു മുഴു സമയ പാർട്ടി പ്രവർത്തകനാകാൻ പ്രേരിപ്പിച്ചിരുന്നത്. 1984-ൽ അദ്ദേഹം ജനറൽ സെക്രട്ടറിയായിരിക്കുമ്പോഴാണ് എന്നെ പാർട്ടി സെൻട്രൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിരുന്നത്. ആ തലമുറയിൽ തന്നെ വേറെയുമുണ്ടായിരുന്നു നേതാക്കൾ. ആന്ധ്രയിൽ നിന്നു തന്നെയുള്ള ബാസവ പുന്നയ്യയാണ് അതിൽ പ്രധാനപ്പെട്ട മറ്റൊരാൾ.
അടിയന്തരാവസ്ഥക്കാലത്തെ താങ്കൾ എങ്ങനെയാണ് ഓർമിക്കുന്നത്? അന്നത്തെ താങ്കളുടെ ഒളിവുജീവിതവും മറ്റും?
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വേളയിൽ, ഇന്നാലോചിക്കുമ്പോൾ അസാധാരണമെന്നും തമാശയെന്നും തോന്നാവുന്നതാണ്, രാത്രി ഡൽഹി പോലീസ് ജെ.എൻ.യു വിലുള്ള ഞങ്ങളെ അറസ്റ്റ് ചെയ്യാൻ വന്നപ്പോൾ അബദ്ധവശാൽ ആദ്യം വളഞ്ഞത് പെൺകുട്ടികളുടെ ഹോസ്റ്റലായിരുന്നു. മൂന്ന് ഹോസ്റ്റലുകളാണ് അന്ന് ജെ.എൻ.യുവിൽ ഉണ്ടായിരുന്നത്. രണ്ടെണ്ണം ആൺകുട്ടികളുടേതും ഒരെണ്ണം പെൺകുട്ടികളുടേതും. കാമ്പസിലെത്തിയ പോലീസ് ആദ്യത്തെ ബോയ്സ് ഹോസ്റ്റലിൽ നിന്ന് കുറച്ചു പേരെ അറസ്റ്റു ചെയ്തു. രണ്ടാമത് അവർക്ക് തെറ്റു പറ്റി പെൺകുട്ടികളുടെ ഹോസ്റ്റലിലേക്കാണ് പോയത്. പറ്റിയ അബദ്ധം അവർ മനസ്സിലാക്കിയപ്പോഴേക്ക് നേരം ഏതാണ്ട് പുലർന്നിരുന്നു. അന്ന് സാധാരണഗതിയിൽ അറസ്റ്റുകൾ നടന്നിരുന്നത് രാത്രി രണ്ടു മണിക്കും മൂന്നു മണിക്കും ഇടയിലായിരുന്നു. പോലീസ് പെൺകുട്ടികളുടെ ഹോസ്റ്റൽ വളഞ്ഞപ്പോഴേക്ക് അറസ്റ്റ് നടക്കുന്ന വിവരം കാമ്പസിലാകെ പരന്നിരുന്നു. നേരം നാലുമണി കഴിയുകയും ചെയ്തു. അത് ഞങ്ങൾക്ക് വേണ്ട മുൻകരുതലെടുക്കാനും രക്ഷപ്പെടാനുമുള്ള വഴിയൊരുക്കി. അങ്ങനെ ആദ്യത്തെ തവണ പോലീസിന്റെ അബദ്ധം കൊണ്ട് അറസ്റ്റിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയാണുണ്ടായത്.
പിന്നീട് പാർട്ടിയുടെ നിർദേശപ്രകാരം ഞാൻ ഒളിവിൽ പോയി. ജൂലൈ മുതൽ നവംബർ അവസാനം വരെ. ഒളിവിലും പാർട്ടിപ്രവർത്തനം തന്നെയായിരുന്നു. അറസ്റ്റുകളെല്ലാം നടന്നിരുന്നത് രാത്രിയിലായിരുന്നു, അതുകൊണ്ട് രാത്രികളിൽ പോലീസിന്റെ കൺവെട്ടത്തുനിന്ന് മറഞ്ഞു നിൽക്കാൻ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നു. അന്ന് സുരക്ഷിത ഇടം എന്ന് പറയാവുന്ന പ്രധാനപ്പെട്ട ഒരു സ്ഥലം (അതൊരു രഹസ്യമാണെങ്കിലും ഞാൻ പറയുകയാണ്. ഇന്നും ഒളിച്ചിരിക്കാൻ പറ്റിയ ഒരിടമാണത്.) ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആണ്. രാത്രി ഞാൻ അവിടെയാണ് പോയിരുന്നത്. രോഗികളുടെ ബന്ധുക്കളും മറ്റുമായി ഒരു പറ്റം ആളുകളുണ്ടാകും അവിടെ. പാവം മനുഷ്യർ. രാത്രി തങ്ങാൻ മറ്റെവിടെയും പോകാനില്ലാത്തതുകൊണ്ട് അവർ ആശുപത്രിയുടെ മദ്ധ്യത്തിലുള്ള വലിയ പുൽമുറ്റത്താണ് അന്തിയുറങ്ങിയിരുന്നത്. ഇന്നിപ്പോൾ അവിടെ ചെറിയ ബിൽഡിങ് പണിതിട്ടുണ്ട്. അന്ന് ആ മുറ്റം നിറയെ ആളുകളുണ്ടാകുമായിരുന്നു. അവർക്കിടയിൽ കിടക്കുമ്പോൾ ആർക്കും നിങ്ങളെ കണ്ടുപിടിക്കാനാകുമായിരുന്നില്ല. ആരാരെന്നു വരെ തിരിച്ചറിയാനാകില്ല. അങ്ങനെ ഞങ്ങൾ ഒളിവു കാലത്തെ പാർട്ടി പ്രവർത്തനം മുന്നോട്ടു കൊണ്ടു പോയി.
നവംബർ അവസാനം എൻ്റെ അച്ഛന് അസുഖം പിടിപെട്ടു. ഓപ്പറേഷന്നായി അദ്ദേഹത്തെ ഇന്ന് റാം മനോഹർ ലോഹ്യയുടെ പേരിലറിയപ്പെടുന്ന അന്നത്തെ വെല്ലിങ്ടൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് രാത്രികളിൽ എനിക്ക് അദ്ദേഹത്തിനൊപ്പം ആശുപത്രിയിൽ കഴിയേണ്ടി വന്നു. ഒരു ദിവസം അച്ഛന് ഭേദമായെന്നും വൈകീട്ടു തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാമെന്നും ഡോക്ടർ പറഞ്ഞു. അന്നു രാത്രി ഞങ്ങൾ അച്ഛനെ ഞങ്ങളുടെ ഫ്ളാറ്റിലേക്ക് കൊണ്ടുപോയി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം ഞാൻ വീട്ടിലേക്ക് പോയ ആദ്യത്തെ രാത്രിയായിരുന്നു അത്. അവിടെ വെച്ച് പോലീസെന്നെ പിടിച്ചു. അവർ സദാസമയവും വീട് നിരീക്ഷിക്കുന്നുണ്ടായിരുന്നെന്ന് അതോടെ വ്യക്തമായി.
പോലീസ് എന്നെ മജിസ്ട്രേറ്റിനു മുൻവശം ഹാജരാക്കി. പാർലമെൻ്റ് സ്ട്രീറ്റിലായിരുന്നു അന്നത്തെ കോടതി. പക്ഷെ, എനിക്കെതിരിലുള്ള കേസ് സി.ആർ.പി.എഫ് വകുപ്പിലാണുൾപ്പെടുത്തിയിരുന്നതെന്ന് കോടതി കണ്ടെത്തി. അത് ജാമ്യം ലഭിക്കാവുന്ന വകുപ്പായിരുന്നു. പാർട്ടിയുടെ നിർദേശപ്രകാരം ഞാൻ ജാമ്യത്തിലിറങ്ങി. വീണ്ടും ഒളിവുജീവിതം. പിന്നീടാണ് ഞങ്ങൾ ’പ്രതിരോധം’ തുടങ്ങുന്നത്. ഇപ്പോഴും ഞാനാലോചിക്കാറുണ്ട്, അന്ന് നിസാമുദ്ദീൻ പോലീസ് സ്റ്റേഷനിലുണ്ടായിരുന്ന ഏതോ പാവം എസ്.എച്ച്.ഒ എനിക്കെതിരായ അറസ്റ്റ് വാറണ്ട് സി.ആർ.പി.സി വകുപ്പിനു കീഴിൽ ഉൾപ്പെടുത്തിയ അബദ്ധത്തിന് ചിലപ്പോൾ അയാൾക്ക് സസ്പെൻഷനോ സ്ഥലംമാറ്റമോ ഒക്കെ ലഭിച്ചിട്ടുണ്ടായിരിക്കാം. പക്ഷെ, അന്ന് അയാൾ ചെയ്ത് ആ അബദ്ധത്തിന്റെ പുറത്താണ് എനിക്ക് രണ്ടു മൂന്നു ദിവസത്തിനുള്ളിൽ തന്നെ ജയിൽ വിട്ട് വെളിയിലിറങ്ങാനായത്.
അതിനുശേഷം, വീണ്ടും ഞങ്ങൾ ഒളിവുകാല പാർട്ടി പ്രവർത്തനം തുടർന്നു. അന്ന് ജെ.എൻ.യുവിൽ ഞങ്ങൾ രൂപം കൊടുത്ത സംഘത്തിന്റെ പേരായിരുന്നു ’പ്രതിരോധം.’ ആ സമയത്താണ് ജെ.എൻ.യുവിനും അവിടുത്തെ വിദ്യാർത്ഥികൾക്കും നേരെ ശക്തമായ അക്രമം അഴിച്ചുവിടപ്പെട്ടത്. കുറേ വിദ്യാർത്ഥികളെ സമരത്തിന്റെ പേരിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്താക്കി. അടിയന്തരാവസ്ഥക്കാലത്തു തന്നെ ഞങ്ങൾ അവിടെ വലിയ ഒരു സമരം സംഘടിപ്പിച്ചിരുന്നു. ആ സമരത്തിനിടക്കാണ് കുപ്രസിദ്ധമായ പോലീസ് കിഡ്നാപ്പിങ് കേസ് അരങ്ങേറുന്നത്. ഷാ കമീഷൻ്റെ റിപ്പോർട്ടിൽ അടിയന്തരാവസ്ഥ ഇന്ത്യയിലെ ജനതയ്ക്ക് എന്താണർത്ഥമാക്കിയിരുന്നതെന്ന് വിവരിക്കാൻ വേണ്ടി സൂചിപ്പിച്ചിരുന്ന ആറ് കിഡനാപ്പിങ് കേസുകളിലൊന്ന് ഈ ജെ.എൻ.യു വിദ്യാർത്ഥിയുടെതായിരുന്നു.
സമരത്തിൽ അന്ന് ഞങ്ങൾ പല ആളുകളേയും പിക്കറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അതിലൊന്ന് മേനകാ ഗാന്ധിയായിരുന്നു. അവർ അന്ന് ജെ.എൻ.യുവിൽ വിദ്യാർത്ഥിയായിരുന്നു. സമരം ചെയ്യുന്ന വിദ്യാർത്ഥികൾ അന്ന് അവരേയും ക്ലാസിൽ പോകുന്നതിൽ നിന്ന് തടഞ്ഞുനിർത്തി. ഉടനെ ഉന്നതങ്ങളിലേക്ക് ഫോൺകോളുകളെത്തി. ജെ.എൻ.യുവിൽ സമരം വിജയകരമാകുന്നുണ്ടെന്നറിയിച്ചുകൊണ്ട്, മേനകാ ഗാന്ധിയെ തടഞ്ഞതുകൊണ്ടാണോ എന്നെനിക്കറിയില്ല. പക്ഷെ, സത്യത്തിൽ സംഭവിച്ചത്, അവരെ പിക്കറ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ തന്നെ നാടകീയമായി, ഹിന്ദി സിനിമകളിലെന്നതു പോലെ, അന്നത്തെ ഡൽഹി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ഒരു സംഘം പോലീസ് കാമ്പസിലേക്ക് ഇരച്ചെത്തി. (ആ കമ്മീഷണർക്ക് പിന്നീട് ഇതേ കേസിൽ തീഹാർ ജയിലിൽ കഴിയേണ്ടിവന്നിരുന്നു). കമ്മീഷണർ വരുമ്പോൾ, കാമ്പസിൽ പിക്കറ്റിങ് നടത്തിക്കൊണ്ടിരിക്കുകയായിരുന്ന ഒരു വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു പൊലീസ്. ദിവസങ്ങളോളം ഞങ്ങൾ മുറവിളി ഉയർത്തിയതിനുശേഷം മാത്രമേ കാണാതായ വിദ്യാർഥിയെ അറസ്റ്റു ചെയ്തതാണെന്നുപോലും പൊലീസ് സമ്മതിച്ചുള്ളൂ. ഡൽഹി പോലീസ് പകൽ വെളിച്ചത്തിൽ നടത്തിയ പച്ചയായ തട്ടിക്കൊണ്ടു പോകലായിരുന്നത്.
ഇത്തരം ക്രൂരതകളെല്ലാം അടിയന്തരാവസ്ഥക്കാലത്ത് അരങ്ങേറിക്കൊണ്ടിരുന്നെങ്കിലും ജെ.എൻ.യുവിനകത്ത് ജനാധിപത്യത്തിനായുള്ള പോരാട്ടം ഞങ്ങൾ വളരെ സജീവമായി നിലനിർത്തി.
അക്കാലത്ത് താങ്കളുടെ ലോൺ ടെന്നീസിനോടുള്ള കമ്പം മൂടിവെക്കേണ്ടിവന്നോ? കോളേജിലെ ടെന്നീസ് ടീം ക്യാപ്റ്റനായിരുന്നു താങ്കൾ എന്നു കേട്ടിട്ടുണ്ട്. താങ്കളുടെ സ്പോർട്സ്മാൻ സ്പിരിറ്റ് അന്നത്തെ സമരങ്ങളിൽ തുണച്ചിരുന്നോ?
ജെ.എൻ.യു ടീമിലും ഞാൻ തന്നെയായിരുന്നു കാപ്റ്റൻ (ചിരിക്കുന്നു). സ്പോർട്സിൽ സജീവമാകുന്നത് മനസ്സിനും ശരീരത്തിനും ഒരു പോലെ നല്ലതല്ലേ? അടിയന്തരാവസ്ഥക്കാലത്തും (അല്ലെങ്കിൽ അതിനു തൊട്ടു മുമ്പായിരുന്നോ അത്?) ഞങ്ങൾ ഒരു ടൂർണമെൻ്റിൽ പങ്കെടുത്തിരുന്നു. ധൻബാദിൽ. ഞങ്ങൾ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി മടങ്ങിവരുമെന്ന് കരുതിയ യൂണിവേഴ്സിറ്റിയിലെ ഞങ്ങളുടെ ടീം മാനേജർ കുറച്ചുദിവസം അവിടെ തങ്ങാനുള്ള പണം മാത്രമേ ഞങ്ങളുടെ കൈവശം തന്നിരുന്നുള്ളൂ. പക്ഷെ, അന്ന് ഞങ്ങൾ സെമി ഫൈനൽ വരെ എത്തി. പണമില്ലാതെ വിഷമിച്ച ഞങ്ങൾക്ക് ജെ.എൻ.യുവിലേക്കൊന്ന് ട്രങ്ക് ഫോൺ ചെയ്യാൻ രാത്രി പോസ്റ്റ് ഓഫീസിൽ കാത്തുനിൽക്കേണ്ടിവന്നു. ആ ശ്രമം പരാജയപ്പെട്ടപ്പോൾ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു വിദ്യാർത്ഥി കൽക്കത്തയിലുള്ള അവന്റെ അച്ഛന്റെ അടുത്തുപോയി കുറച്ച് പണം തരപ്പെടുത്തിക്കൊണ്ടു വരികയായിരുന്നു. അന്നൊക്കെ ഞാൻ സ്പോർട്സിൽ സജീവമായി ഉണ്ടായിരുന്നുവെന്നാണ് പറഞ്ഞുവന്നത്. അതിനു ശേഷം പിന്നെയും കുറച്ചു കാലമൊക്കെ കളി തുടർന്നിരുന്നു. എന്നാൽ പിന്നീട് അധികം സമയം ലഭിച്ചില്ലെന്നതാണ് വാസ്തവം. പക്ഷെ, ഇപ്പോഴും ടെന്നീസ് എന്നെ ആകർഷിക്കാറുണ്ട്.
ജെ.എൻ.യു വിദ്യാർത്ഥി യൂണിയനിൽ താങ്കൾക്കുള്ള ആ അപൂർവ റെക്കോർഡിനെക്കുറിച്ച് പറഞ്ഞില്ല?
1974- ൽ അടിയന്തരാവസ്ഥക്കു മുമ്പ് ഏറ്റവും കൂടിയ ഭൂരിപക്ഷത്തിന് ഞാൻ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ കൗൺസിലർ പോസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും തുടർന്ന് പാർട്ടി 1975 ജനുവരിയിൽ എനിക്ക് അംഗത്വം നൽകുകയും ചെയ്തു. അന്നൊക്കെ വളരെ കണിശമായിട്ടേ പാർട്ടി അംഗത്വം നൽകിയിരുന്നുള്ളൂ. അംഗത്വം നൽകുന്നതിന്നു മുമ്പ് ഒന്നൊന്നര വർഷം പാർട്ടി നിരീക്ഷണത്തിനു വിധേയമാക്കും.
അടിയന്തരാവസ്ഥ പിൻവലിച്ച ശേഷമുള്ള ഒരു വർഷത്തിനിടക്കാണ് മൂന്നു തവണ തെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. അടിയന്തരാവസ്ഥ പിൻവലിച്ചത് മാർച്ചോടു കൂടിയാണ്. ഉടനെ വിദ്യാർത്ഥികൾ പറഞ്ഞു, രണ്ടു വർഷത്തിനിടക്ക് ആദ്യമായി പരീക്ഷ വരികയാണ്, ഉടനെ തെരഞ്ഞെടുപ്പ് നടത്തണം എന്ന്. അങ്ങനെ ഏപ്രിൽ മാസത്തിൽ ഒരു ഇലക്ഷൻ നടന്നു. പിന്നെ ഒക്ടോബറിൽ സാധാരണ നടത്താറുള്ള സമയത്ത് വീണ്ടും ഒരിലക്ഷൻ. ആയിടക്ക് ഒക്ടോബറിൽ കാമ്പസിൽ വലിയ പ്രക്ഷോഭം അരങ്ങേറുകയും യൂണിവേഴ്സിറ്റി അടച്ചിടുകയും ചെയ്തു. അടിയന്തരാവസ്ഥയുടെ കുറ്റവാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭമായിരുന്നു അത്. യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലർ മുതൽ സെക്യൂരിറ്റി ഓഫീസർ വരെയുള്ള നാലു പേരെ ഞങ്ങൾ കുറ്റക്കാരായി കണ്ടെത്തിരുന്നു. രാഷ്ട്രീയാടിസ്ഥാനത്തിൽ വിദ്യാർത്ഥികളോട് വിവേചനം കാണിച്ചതും അവർക്ക് അഡ്മിഷനും സ്കോളർഷിപ്പും നിഷേധിച്ചതും വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യാൻ കൂട്ടുനിന്നതും മറ്റുമായിരുന്നു അവർക്കു മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ. ഈ നാലു പേരെയും ഉടനെ ഒഴിവാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. ‘അടിയന്തരാവസ്ഥയുടെ കുറ്റവാളികളെ ശിക്ഷിക്കുക’ എന്ന് ഞങ്ങൾ മുദ്രാവാക്യം മുഴക്കി. സമരത്തെ വൈസ് ചാൻസലർ നേരിട്ടത് യൂണിവേഴ്സിറ്റി അടച്ചു പൂട്ടിക്കൊണ്ടായിരുന്നു. പക്ഷെ, ഞങ്ങൾ യൂണിവേർസിറ്റി തുറന്നു പ്രവർത്തിപ്പിച്ചു. മെസ്സുകൾ പ്രവർത്തിപ്പിക്കുന്നതിന്നായി കൊണാട്ട് പ്ലേസിലും മറ്റുമായി ഡൽഹി മുഴുവൻ സഞ്ചരിച്ച് ഞങ്ങൾ പണം പിരിച്ചു. ‘ജെ.എൻ.യു പ്രവർത്തിക്കുന്നു. പക്ഷെ, വൈസ് ചാൻസലർ പണിമുടക്കിലാണ്‘ എന്ന് നാടെങ്ങും ഞങ്ങൾ മുദ്രാവാക്യം മുഴക്കി. അങ്ങനെ ഒരു മാസത്തിലേറെക്കാലം ഞങ്ങൾ യൂണിവേഴ്സിറ്റി തുറന്ന് പ്രവർത്തിപ്പിച്ചു. മെസ്സുകൾ തുറന്നു. ലൈബ്രറി തുറന്നു. സീനിയർ വിദ്യാർത്ഥികളും ചില അദ്ധ്യാപരും ക്ലാസുകളെടുത്തു. ആയിടക്ക് ഞങ്ങൾ ഒരു ജനറൽ ബോഡി മീറ്റിങ് വിളിച്ചു ചേർത്തു. അതിനു ശേഷം യൂണിയനു പുറത്തു നിന്നും സമരത്തിന് പിന്തുണ തേടിത്തുടങ്ങി. അതിന്റെ ഭാഗമായി ഞാൻ ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി യൂണിയനുമായി (DUSU) അടിയന്തരാവസ്ഥക്കെതിരെ ഒരു സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു. എ.ബി.വി.പിയാണ് അന്ന് ‘ഡുസു’ ഭരിച്ചിരുന്നത്. ആരു ഭരിച്ചാലും ‘ഡുസു’ ഒരു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി യൂണിയനാണെന്നും ഇത് ജെ.എൻ.യു യൂണിയനുമായി ചേർന്നാൽ ഡൽഹിയിലെ വലിയ ഒരു ശക്തിയായിരിക്കുമെന്നായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടൽ. പക്ഷെ, എ.ബി.വി.പി ഒരു വലതു പക്ഷ പാർട്ടിയാണെന്നതുകൊണ്ടുതന്നെ ചില വിദ്യാർത്ഥികൾ അതിൽ അതൃപ്തി പ്രകടിപ്പിച്ചു. തുടർന്ന് യൂണിവേഴ്സിറ്റി ജനറൽ ബോഡി യോഗവും അത് തെറ്റായിരുന്നു എന്നു തന്നെ വിലയിരുത്തി. അതിനെത്തുടർന്ന് ഞാൻ യൂണിയനിലെ കൗൺസിലർമാരോടു ചേർന്ന് രാജി വെച്ചു. ഞാൻ തെറ്റു ചെയ്തെന്ന് കണ്ടെത്തിയാൽ പിന്നെ രാജി വെക്കേണ്ടത് എന്റെ കടമയായിരുന്നു. തുടർന്ന് അടുത്ത ഫെബ്രുവരിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നു. ആ തെരഞ്ഞെടുപ്പിലും യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ എന്നെത്തന്നെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു.
ആ കാലത്ത് ഞങ്ങൾ ജെ.എൻ.യുവിൽ സുപ്രധാനമായ പല കാര്യങ്ങളും പ്രയോഗത്തിൽ കൊണ്ടുവന്നു. അവയാണ് ജെ.എൻ.യുവിനെ ജെ.എൻ.യു ആക്കി മാറ്റിയത്. ജെ.എൻ.യു വിദ്യാർത്ഥി യൂണിയന് വേണ്ടി ഞങ്ങൾ പുതിയ ഭരണഘടനക്കു തന്നെ രൂപം നൽകി. യൂണിവേഴ്സിറ്റി അധികൃതരെ കൈകടത്താനനുവദിക്കാതെ വിദ്യാർത്ഥികൾക്കുതന്നെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടത്താൻ അധികാരം നൽകുന്ന ഒരേയൊരു യൂണിയൻ ഭരണഘടന ജെ.എൻ.യു വിലേതുമാത്രമാണ്. ആ ഭരണഘടനയുടെ രണ്ടാമത്തെ പ്രത്യേകത, അത് വിദ്യാർത്ഥി യൂണിയനെ യൂണിവേഴ്സിറ്റി അധികൃതരുടെ നിയമച്ചട്ടങ്ങൾക്കുള്ളിലാക്കിയിരുന്നില്ല എന്നതാണ്. അടിയന്തരാവസ്ഥയിൽ നിന്നുൾക്കൊണ്ട ഒരു പാഠമായിരുന്നു അത്. യൂണിയൻ യൂണിവേഴ്സിറ്റിയുടെ വിധിന്യായത്തിനൂ വിധേയമായിരിക്കുമ്പോൾ അതിനെ അധികൃതർക്ക് നിരോധിക്കാനുള്ള വകുപ്പുമുണ്ടാകുമായിരുന്നു. എന്നാൽ പുതിയ ഭരണഘടന ആ പഴുതടച്ചു കളഞ്ഞു. സിലബസും മറ്റ് അക്കാദമിക കാര്യങ്ങളും ചർച്ച ചെയ്യുന്നതിനായി ഒരു വിദ്യാർത്ഥി– അദ്ധ്യാപക കമ്മിറ്റിക്കും ഞങ്ങൾ രൂപം നൽകിയിരുന്നു. ഇതിനേക്കാൾ പ്രധാനപ്പെട്ട കാര്യം, അഡ്മിഷൻ രംഗത്ത് പുതുനയങ്ങൾ നടപ്പിലാക്കിയതായിരുന്നു എന്നതാണ്. ജെ.എൻ.യു വിനെ ആദ്യമായി പൂർണാർത്ഥത്തിൽ സാർവത്രികമാക്കിയതും അഖിലേന്ത്യാ സ്വഭാവം കൈവരുത്തിയതും സംവരണമുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്ന് നടപ്പിലാക്കിയ പുത്തൻ രീതികളായിരുന്നു. നിലവിലുള്ള പട്ടികജാതി–പട്ടിക വർഗ സംവരണത്തിനു പുറമെ പ്രവേശനത്തിനാവശ്യമുള്ള പോയിന്റിന്റെ 20 ശതമാനം സാമൂഹികമായി ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേകം അനുവദിച്ചിരുന്നു. ആ 20 ശതമാനത്തെ തന്നെ വീണ്ടും വിഭജിച്ച് 9 ശതമാനം സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്ക്, ബി.സി–ഒ.ബി.സി വിഭാഗങ്ങളിലുള്ളവർക്ക് ആറു ശതമാനം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏഴു ശതമാനം എന്നിങ്ങനെ തിരിച്ചു നൽകിയിരുന്നു. അന്ന് കുടുംബ മാസവരുമാനം 500 രൂപയിൽ കുറവുള്ളവരെയാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഗണത്തിലുൾപ്പെടുത്തിയിരുന്നത്. അവശേഷിക്കുന്ന അഞ്ചു ശതമാനത്തിൽ രണ്ടു ശതമാനം നൽകിയിരുന്നത് ഒന്നാം തലമുറയിലെ പഠിതാക്കൾക്കായിരുന്നു. അന്ന് അതും വളരെ നൂതനമായ ഒരാശയമായിരുന്നു. രണ്ടു ശതമാനം വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നു വരുന്ന വിദ്യാർത്ഥികൾക്കുള്ളതായിരുന്നു. അഥവാ, സ്വന്തം ഗ്രാമത്തിലോ പരിസരത്തോ സ്കൂളോ കോളേജോ ഇല്ലാത്തവർക്കായിട്ട്. ഇന്നും ഇന്ത്യയിൽ എത്രയോ പ്രദേശങ്ങൾ അത്തരത്തിലുണ്ട്. സ്കൂളിൽ പോകാൻ കിലോമീറ്ററുകളോളം നടക്കേണ്ടി വരുന്നവർ. അല്ലെങ്കിൽ കോളേജുകളിലേക്ക് മൈലുകളോളം സൈക്കിൾ താണ്ടിപ്പോകുന്നവർ. ഈ നയങ്ങളെല്ലാം ഇന്ന് വളരെ ചരിത്രപ്രാധാന്യമർഹിക്കുന്നവയാണ്. കാരണം, സാമൂഹിക സമത്വത്തെക്കുറിച്ചും തുല്ല്യഅവസരത്തെക്കുറിച്ചുമുള്ള ചർച്ചകളിൽ അന്നാദ്യമായി ഞങ്ങൾ നടപ്പിലാക്കിയ ഈ നയങ്ങളെ ചുവടുപിടിച്ചുള്ള നടപടിക്രമങ്ങളാണ് ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നത്.
ജെ.എൻ.യുവിലെ വിദ്യാർത്ഥികൾ ഇപ്പോഴും താങ്കളുടെ അപൂർവ റെക്കോർഡിനെക്കുറിച്ച് സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. നമ്മുടെ ചർച്ചയെ വർത്തമാന കാലത്തിലേക്ക് കൊണ്ടു വരാൻ വേണ്ടി നമുക്ക് ജെ.എൻ.യുവിനെ തന്നെ ഉദാഹരണമായെടുക്കാം എന്നു തോന്നുന്നു. ജെ.എൻ.യുവിൽ ഏതാനും ദിവസങ്ങൾക്കു മുമ്പു മാത്രം നടന്ന വിദ്യാർത്ഥി യൂണിയൻ ഇലക്ഷൻ തന്നെ നോക്കൂ. യുവജനങ്ങൾ ഒന്നുകിൽ തീവ്ര ഇടതുപക്ഷത്തേക്കോ അല്ലെങ്കിൽ വലതുപക്ഷത്തേക്കോ ആകൃഷ്ടരാകുന്നുവെന്നാണ് അവിടുത്തെ തെരഞ്ഞെടുപ്പുഫലം നൽകുന്ന ഒരു പാഠം. എസ്.എഫ്.ഐ വളരെ പിന്നിലാക്കപ്പെടുകയാണുണ്ടായത്. യുവാക്കളുടെ ഈ പുതിയ പ്രവണതയെ താങ്കൾ എങ്ങനെ കാണുന്നു?
ഒരൊറ്റ തെരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തിൽ ഒരു വിധിയെഴുത്ത് സാദ്ധ്യമാകില്ല. നമ്മൾ ഇതുവരെ സംസാരിച്ചിരുന്നത് എഴുപതുകളെക്കുറിച്ചാണെന്നോർക്കണം. അതിനു ശേഷം കഴിഞ്ഞ മുപ്പതു വർഷമായി ജെ.എൻ.യു വിൽ എസ്.എഫ്.ഐയായിരുന്നു ഏറ്റവും പ്രബല ശകതി. ഇക്കാലയളവിൽ ഉന്നത ശ്രേണിയിലോ അല്ലാതെയോ ആയി ജെ.എൻ.യു വിദ്യാർത്ഥി യൂണിയന്റെ സെൻട്രൽ പാനലിൽ എസ്.എഫ്.ഐ ഇല്ലാതിരുന്നിട്ടില്ല. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പോടെ എസ്.എഫ്.ഐ സെൻട്രൽ പാനലിലേക്കെത്താതെ പോയത് രണ്ടു തവണ മാത്രമാണ്. കഴിഞ്ഞ നാലു വർഷത്തിനിങ്ങോട്ടാണ് എസ്.എഫ്.ഐക്ക് ആ പദവി രണ്ടു തവണ നഷ്ടമായത്. അതിന് നിരവധി കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം സംഘടനാപരമായ സാഹചര്യങ്ങളാണ്. അതോടൊപ്പം രാജ്യത്തെ പൊതുവിലുള്ള അവസ്ഥാവിശേഷണവും കൂടി ചേർന്നു. ഉദാരീകരണവും ആഗോളവൽകരണവും വിദ്യാർത്ഥികളിൽ കഴിഞ്ഞ 10–12 വർഷത്തിനിങ്ങോട്ടേക്ക് ഉദ്യോഗത്തിനായുള്ള മൽസരവീറ് വർദ്ധിപ്പിച്ചിരിക്കുന്നു. അതും ഒരു പ്രധാന ഘടകമായിരുന്നു. ഇത്തരം നിരവധി ഘടകങ്ങൾ കൂടിച്ചേർന്നതാണ് പരാജയ കാരണം. സംഘടനാപരമായ പോരായ്മകൾ കാരണം എസ്.എഫ്.ഐക്ക് ഉണർന്നു പ്രവർത്തിക്കാനായതുമില്ല. കഴിഞ്ഞ നാലു വർഷത്തിനിടക്ക് ആകെ നടന്ന രണ്ട് ഇലക്ഷനിലും പരാജയപ്പെട്ടെങ്കിലും അതിനു മുമ്പ്, 2006- ൽ എസ്.എഫ്.ഐ തന്നെയായിരുന്നു വിജയിച്ചത്. അതുകൊണ്ടുതന്നെ അത് എഴുതത്തള്ളേണ്ട വിഷയല്ല. പക്ഷെ, ശരിയാണ്, വിദ്യാർത്ഥികളുടെ സ്വഭാവത്തിൽ തീർച്ചയായും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. അത് സ്വാഭാവികവുമാണ്. സമൂഹത്തിന്റെ വികാസങ്ങൾക്കനുസരിച്ച് യുവതയും മാറിക്കൊണ്ടിരിക്കും.
കുറച്ചുകൂടി വലിയ ഒരു ക്യാൻവാസിൽ നോക്കുമ്പോൾ യുവാക്കളുമായി സംവദിക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പരാജയപ്പെടുന്നുവെന്നല്ലേ മനസ്സിലാകുന്നത്? താങ്കൾ ‘ലണ്ടൻ പിടിച്ചെടുക്കൽ’ സമരത്തിൽ അവിടുത്തെ യുവാക്കളോടൊപ്പം നേരിട്ട് പങ്കെടുത്തതാണ്. തത്വചിന്തകൻ സിസേക് യൂറോപ്പിലും മറ്റും നടക്കുന്ന ഇത്തരം സമരങ്ങളെ ’ശമ്പളം പറ്റുന്ന ബൂർഷ്വാസികളുടെ വിപ്ലവ’ (Revolt of the salaried bourgeoisies) മെന്നാണ് വിളിച്ചത്. അത്തരം യുവാക്കളുടെ ഇച്ഛാഭംഗവും ആശങ്കയുമാണ് ഈ സമരങ്ങളിൽ കലാശിച്ചതെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. നവ–ഉദാരീകരണത്തോടൊപ്പം ഇന്ത്യയിലും വലിയ ഒരു വിഭാഗം വളർന്നുവരുന്ന മിഡിൽ ക്ലാസ് ജനതയില്ലേ? പ്രത്യേകിച്ച് വിവരസാങ്കേതിക മേഖലയിലും മറ്റും തൊഴിലെടുക്കുന്നവർ? അവരുമായൊന്നും പാർട്ടിക്ക് സംവദിക്കാനാവുന്നില്ലല്ലോ?
അതൊരു വെല്ലുവിളിയാണ്. അതാണ് ഞാൻ നേരത്തെ പറഞ്ഞതും. സമൂഹത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. പക്ഷെ, അതിനർത്ഥം യൂവാക്കൾ കമ്മ്യൂണിസ്റ്റ് പാർട്ടികളെ കൈയൊഴിയുന്നു എന്നല്ല. എസ്.എഫ്.ഐ യുടെയും ഡി.വൈ.എഫ്.ഐയുടേയും ഉദാഹരണം തന്നെ നോക്കുക. അവ ഇന്നും പ്രബലശക്തികളായി തുടരുന്നില്ലേ? ഈ സാഹചര്യത്തിലും അവർ വളരുകയാണ്. ബംഗാളിലെ തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷവും, കഴിഞ്ഞ നാലഞ്ച് മാസങ്ങൾക്കുള്ളിൽ 63 പ്രബല കോളേജുകളിൽ യൂണിയൻ ഇലക്ഷൻ നടന്നപ്പോൾ 53- ലും എസ്.എഫ്.ഐയാണ് ജയിച്ചത്. അതിലൊന്ന് ബി.ജെ.പി ഭരിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനത്തായിരുന്നു. ഹീമാചൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ. അപ്പോൾ എസ്.എഫ്.ഐ വിദ്യാർത്ഥികളെ ആകർഷിക്കുന്നില്ലെന്ന് പറയാനാവില്ല. പക്ഷെ, എൻ്റെ തലമുറയിലുണ്ടായിരുന്നതിനേക്കാൾ ശക്തമായ വെല്ലുവിളികളാണ് ഇന്നുള്ളത്. പക്ഷെ, ഉദാരവൽകരണത്തിനിടയിലും സാങ്കേതികമായ വളർച്ച പുതിയ ചില മാർഗങ്ങൾ തുറന്നിട്ടിരിക്കുന്നു. ഞാനിപ്പോഴുമോർക്കുന്നു; 1979-ൽ എസ്.എഫ്.ഐയുടെ അഖിലേന്ത്യാ സമ്മേളനം പാറ്റ്നയിൽ നടക്കുമ്പോൾ അവിടെ വന്ന ആയിരത്തോളം പ്രതിനിധികളിൽ വെറും രണ്ടു പേരുടെയടുത്തു മാത്രമേ കാമറയുണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവരെല്ലാം അവരുടെ പിറകെ ഓടുകയായിരുന്നു, അവരവർ പ്രസംഗിക്കുമ്പോഴുള്ള ഫോട്ടോകളെടുക്കാൻ. ഇന്നിപ്പോൾ എല്ലാവരുടെയടുത്തും കാമറകളുള്ള മൊബൈൽ ഫോണുകളായില്ലേ? അപ്പോഴുള്ള വ്യത്യാസങ്ങൾ നോക്കൂ. വളരെ ഉയർന്ന പ്രതീക്ഷ (Aspiration) യാണ് ഇന്നത്തെ യുവത വെച്ചുപുലർത്തുന്നത്. ഈ പ്രതീക്ഷകളെ നിങ്ങളെങ്ങനെ നിറവേറ്റും? അവ നിറവേറ്റപ്പെടാതെ വരുമ്പോഴുണ്ടാകുന്ന നിരാശയെ നിങ്ങൾ എങ്ങനെ വഴിതിരിച്ചുവിടും?
ഉദാരീകരണം മറ്റർത്ഥത്തിലും യുവതയെ ബാധിച്ചിട്ടുണ്ട്. ഇന്നവർക്ക് സംഘടിക്കാനുള്ള ഇടങ്ങളില്ല. സ്വകാര്യ കോളേജുകളും സ്ഥാപനങ്ങളും രാഷ്ട്രീയം അനുവദിക്കുന്നില്ലെന്നതു തന്നെ അതിനുള്ള കാരണം. പ്രത്യേകിച്ച് ഐ.ടി മേഖലയിലൊന്നും യുവാക്കളെ സംഘടിപ്പിക്കാനുള്ള അവസരം തന്നെയില്ല. ഇതൊക്കെ ഘടനാപരമായ മാറ്റങ്ങളാണ്. അവിടെ നമ്മൾ യുവാക്കളിലെത്താൻ പുത്തൻ മാർഗങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. ഇപ്പോൾ നമുക്ക് സ്വതന്ത്ര സോഫ്റ്റ്വെയർ മൂവ്മെൻ്റ് പോലെയുള്ള വേദികളുണ്ട്. വളരെ പെട്ടെന്നു തന്നെ യുവാക്കളെ സംഘടിപ്പിക്കാനാവാതിരുന്ന കോളേജുകളിലും സ്ഥാപനങ്ങളിലും അവരിലേക്കെത്തിച്ചേരാനുള്ള ഒരു വേദിയായി അതു മാറിയിട്ടുണ്ട്. അവരുടെ തൊഴിലിനിടയിൽ തന്നെ അവർക്ക് ഈയൊരു വേദിയിൽ സംഘടിക്കാനാകുന്നു. ഇതു പോലെ നാം ഇനിയും സ്വയം നവീകരിക്കേണ്ടിയിരുന്നു. നൂതനമായ മാർഗങ്ങൾ കണ്ടെത്തേണ്ടിയുമിരിക്കുന്നു.
സിസേക്ക്, ഒരു പക്ഷെ, യൂറോപ്പിലെ സമരങ്ങളെ അങ്ങനെ വിളിച്ചിട്ടുണ്ടാകാം. പക്ഷെ, അമേരിക്കയിൽ ഞാൻ കണ്ടിട്ടുള്ളത്, സമരം ചെയ്യുന്നത് ഏറ്റവും താഴേക്കിടയിലുള്ള തൊഴിലാളി വർഗമാണ്. അവരാണ് ഇപ്പോഴത്തെ ഈ പ്രതിസന്ധി കൊണ്ട് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. ഏതു രാജ്യത്ത് ഏത് വിഭാഗം ആളുകളാണ് പ്രക്ഷോഭം നടത്തുന്നതെന്നതിനെ ആശ്രയിച്ചിരിക്കുമത്. പക്ഷെ, ഇതൊരു സാർവത്രിക പ്രക്ഷോഭമായി മാറിയിട്ടുണ്ടെന്നുള്ളതാണ് യാഥാർത്ഥ്യം. വാൾസ്ട്രീറ്റ് പിടിച്ചെടുക്കൽ ഇത്ര പെട്ടെന്ന് ലോകത്തിന്റെ പല കോണുകളിലായി 1500 നഗരങ്ങളിലേക്ക് വ്യാപിക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? അങ്ങനെയാണ് നിങ്ങൾ പുതിയ സമരങ്ങൾ കണ്ടെത്തുന്നത്. സമരത്തിന് പുതിയ രീതിയും രൂപവും കണ്ടെത്തുന്നത്. അതു ചിലപ്പോൾ പരമ്പരാഗതമായ രാജിന്റെ സമയത്തുണ്ടായിരുന്നതു പോലുള്ള ധർണയോ പണിമുടക്കോ ആയിക്കൊള്ളണമെന്നില്ല. ഇപ്പോൾ നമുക്ക് സൈബർ സോളിഡാരിറ്റി ലഭിച്ചു കൊണ്ടിരിക്കുന്നില്ലേ? സൈബർ സ്പേസിൽ വലിയ കൂട്ടായ്മകൾ സംഘടിപ്പിക്കപ്പെടുന്നില്ലേ? കോളേജുകളിൽ കാമ്പയിനിങ് പാംലെറ്റുകൾ വിതരണം ചെയ്യുന്നതിനു പകരമായി ഇന്ന് അത്തരം സംഗതികൾ ഓൺലൈനിലൂടെ ചെയ്തു കൊണ്ടിരിക്കുന്നു. സാഹചര്യങ്ങൾ മാറുമ്പോൾ സമരമുറകളും മാറുന്നുണ്ട്. അതിനൊരിക്കലുമൊരവസാനമുണ്ടാവില്ല. പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെ സാങ്കേതികത ഇന്ത്യയെ ഒന്നാകെ മുടിയിട്ടില്ലെന്നതു കൊണ്ടു തന്നെ ഈയൊരവസരത്തിൽ, പക്ഷെ, പരമ്പരാഗതവും നൂതനവുമായ സമരമുറകൾ ഒരു പോലെ കൈകോർത്തു മുന്നോട്ടു പോകും
ജനങ്ങളിലേക്ക്, പ്രത്യേകിച്ച് യുവജനങ്ങളിലേക്ക്, എത്തിച്ചേരാനുള്ള പുതിയ മാർഗങ്ങളെക്കുറിച്ചാണ് താങ്കൾ സംസാരിച്ചത്. സൈബർ സ്പേസിനെക്കുറിച്ചും ഫ്രീ സോഫ്റ്റ്വെയർ മൂവ്മെൻ്റിനെക്കുറിച്ചും താങ്കൾ സൂചിപ്പിച്ചു. പക്ഷെ, പുതിയ മാർഗങ്ങൾ എന്നതിലപ്പുറം ജനങ്ങളിലേക്കെത്തിച്ചേരാൻ പുതിയ ചില സമീപനങ്ങൾ കൂടി പാർട്ടിക്ക് ആവശ്യമായുണ്ടന്ന് താങ്കൾ കരുതുന്നില്ലേ? സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ അഭിമുഖത്തിൽ ലിംഗപരം, പാരിസ്ഥിതികം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെയെല്ലാം മാർക്സിസത്തിന്റെ പ്രത്യയശാസ്ത്രപരമായ സമീപനത്തിൽ ഉൾക്കൊള്ളിക്കേണ്ടതുണ്ടന്നു വ്യക്തമാക്കിയിരുന്നു.
ഈ പറഞ്ഞതെല്ലാം സ്വാഭാവികമായും നമ്മൾ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളാണ്. Marxism is the concrete analysis of concrete conditions എന്നാണ് ലെനിൻ പറഞ്ഞിരിക്കുന്നത്. മൂർത്തമായ അവസ്ഥകളുടെ സമൂർത്തമായ വിശകലനമാണത്. വ്യവസ്ഥിതിയിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ അതിനോടു ചുവടു ചേർന്നുള്ള നിരീക്ഷണം കൊണ്ടേ മാർക്സിസ്റ്റ് വിശകലനം സാദ്ധ്യമാവുകയുള്ളൂ. മാറുന്ന വ്യവസ്ഥിതിയെക്കുറിച്ചുള്ള വിശകലനത്തിൽ, ചലനാത്മകത കൈവരുത്താത്ത ഒരു മാർക്സിസ്റ്റ് യഥാർത്ഥ മാർക്സിസ്റ്റല്ല എന്നാണ് എന്റെ അഭിപ്രായം. ഉദാഹരണത്തിന് ആഗോളതാപനത്തിന്റെ കാര്യമെടുക്കാം. പത്തു വർഷം മുമ്പു വരെ അത് ഇന്നത്തെപ്പോലെ ഒരു വലിയ പ്രശ്നമായി ഉയർന്നുവന്നിരുന്നില്ല. എന്നാൽ, ഇന്ന്, ശരിയായ വിധം അഭിമുഖീകരിച്ചില്ലെങ്കിൽ ഈ ഒരു പ്രശ്നം മനുഷ്യകുലത്തിന്റെ മാത്രമല്ല, ഈ ഭൂഗോളത്തിന്റെ തന്നെ ഭാവി അപകടത്തിലാക്കുന്നതായിരിക്കും എന്ന നിലയിലെത്തിയില്ലേ? അപ്പോൾ ഈ വിഷയത്തിൽ ഒരു മാർക്സിസ്റ്റ് സമീപനം അനിവാര്യമായിത്തീരുന്നു. അതുപോലെ തന്നെ ലിംഗപരമായ പ്രശ്നങ്ങളും വളരെ പ്രാധാന്യമർഹിക്കുന്നു. പാരിസ്ഥിതികമായ യാതൊരു പരിഗണനയുമില്ലാത്ത മുതലാളിത്ത വികസനപാതയെ തന്നെ ചെറുത്തു തോൽപിക്കേണ്ടതുണ്ട്. മനുഷ്യനാഗരികതയിലെ പുതിയ വികാസങ്ങളെ, അവ സംഭവിച്ചു കൊണ്ടിരിക്കുന്ന അതേ അവസരത്തിൽ തന്നെ ഒരു യഥാർത്ഥ മാർക്സിസ്റ്റ് തന്റെ മാർക്സിസ്റ്റ് കാഴ്ചപ്പാടിലേക്ക് ഉൾക്കൊള്ളിക്കേണ്ടതാണ്. മാർക്സിസത്തിന്റെ നിർവചനം തന്നെ അതാണ്. Marxism is not a set of dogmas, it is a creative science. മാർക്സിസം എന്നാൽ കടുംപിടുത്തമല്ല. അത് ക്രിയാത്മകമായ ശാസ്ത്രമാണ്. പുതിയ സംഭവവികാസങ്ങൾക്കനുസരിച്ച് ക്രിയാത്മകമായി പ്രതികരിക്കുന്ന ഒരു ശാസ്ത്രം. ഒരു മാർക്സിസ്റ്റ് പുതിയ വികാസങ്ങളെ തന്റെ വിശാലമായ മാർക്സിസ്റ്റ് വീക്ഷണത്തിലേക്ക് സംയോജിപ്പിക്കുന്നു. അതൊരു ശാശ്വതമായ പ്രക്രിയയാണ്. ഇന്നത്തെ സാങ്കേതിക വിപ്ലവം തന്നെ നോക്കൂ. ഒരു പത്തു വർഷം മുമ്പ് ഇത്രയും യുവാക്കളുടെ കൈവശം മൊബൈൽ ഫോൺ വന്നെത്തിപ്പെടുമെന്ന് ആർക്കെങ്കിലും ഊഹിക്കാൻ സാധിക്കുമായിരുന്നോ? അത്തരം സ്ഥിതഗതികളെല്ലാം തന്നെ നിങ്ങളുടെ ‘മൂർത്തമായ അവസ്ഥയുടെ സമൂർത്തമായ വിശകലന’ത്തിന്റെ ഭാഗമായിത്തീരും.
ഇരുപതാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി താങ്കളുടെ നേതൃത്വത്തിൽ പാർട്ടി ഇപ്പോൾ രൂപം നൽകിയിട്ടുള്ള പ്രത്യയശാസ്ത്രരേഖ ഇത്തരമൊരു വിശകലനത്തിന്റെ ഭാഗമായിരുന്നോ?
തീർച്ചയായും. മൂർത്തമായ അവസ്ഥയുടെ സമൂർത്തമായ വിശകലനമാണത്. ലോകം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇരുപതു വർഷം മുമ്പ് സോവിയറ്റ് യൂണിയൻ തകർന്നില്ലേ? ഈ ഇരുപതു വർഷത്തിനുള്ളിൽ വ്യത്യസ്തമായ ഒരു ലോകക്രമമല്ലേ ഉരുത്തിരിഞ്ഞു വന്നത്? ശീതയുദ്ധത്തിനുശേഷം അതു വരെയുണ്ടായിരുന്ന ഇരു ധ്രുവ വ്യവസ്ഥിതിയിൽ നിന്ന് ലോകം സ്വാഭാവികമായും ബഹു ധ്രുവ വ്യവസ്ഥയിലേക്ക് പരിണമിക്കുമായിരിന്നു എന്നാണ് ഞങ്ങൾ അനുമാനിച്ചിരുന്നത്. ഞങ്ങൾ മാത്രമല്ല, പല മാർക്സിസ്റ്റ്–ഇതര സൈദ്ധാന്തികരും അങ്ങനെ തന്നെയാണ് കരുതിയിരുന്നത്. പക്ഷെ, പകരം അമേരിക്കയും അമേരിക്കൻ സാമ്രാജ്യത്വവും ചേർന്ന് ലോകത്തെ ഏകധ്രുവകേന്ദ്രിതമാക്കാൻ വേണ്ടി നടത്തുന്ന കൊടിപിടിച്ച ശ്രമങ്ങളല്ലേ ഇന്ന് നമുക്കു മുമ്പിലുള്ളത്? തങ്ങളുടെ ആധിപത്യം ലോകത്തിന്റെ ഓരോ കോണിലും സ്ഥാപിച്ചെടുക്കാൻ അമേരിക്ക അങ്ങേയറ്റം ആക്രമണോൽസുകമാകുന്ന കാഴ്ചയല്ലേ നമ്മളിന്ന് കാണുന്നത്? സകല സാമ്പത്തിക സ്രോതസ്സിലും, പ്രത്യേകിച്ച് എണ്ണ പോലുള്ള പ്രകൃതിവിഭവങ്ങളിൽ, തങ്ങളുടെ മോൽക്കോയ്മ സ്ഥാപിച്ചെടുത്തു കൊണ്ടിരിക്കുകയല്ലേ അവർ? അതിനു വേണ്ടിയല്ലേ പശ്ചിമേഷ്യയിൽ മുഴുവൻ അവർ അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്നത്? ഇക്കഴിഞ്ഞ ഇരുപതു വർഷത്തിനുള്ളിൽ തന്നെ, ഇപ്പറഞ്ഞ വികാസങ്ങളോട് ഒരേസമയം ബന്ധപ്പെട്ടും എന്നാൽ സ്വതന്ത്രമായും നിലനിൽക്കുന്ന മറ്റൊരു പ്രതിഭാസത്തിനു കൂടി നമ്മൾ സാക്ഷ്യം വഹിച്ചില്ലേ? മുതലാളിത്തത്തിന്റെ തന്നെ ആന്തരിക വ്യതിരിക്തതകളിൽ (Internal Dynamics) നിന്നാണ് ആഗോളവൽകരണം ജന്മം കൊള്ളുന്നത്. അതൊരു ഗൂഢാലോചനയായിരുന്നില്ല. എന്താണ് മുതലാളിത്തത്തിന്റെ ആന്തരിക വ്യതിരിക്തത? അതായത്, മുതലാളിത്തം വികസിക്കുന്നതിനനുസരിച്ച് ഒരു വലിയ അളവ് മൂലധനം സംഭരിക്കപ്പെടുന്നുണ്ട്. ഈ സംഭരിക്കപ്പെട്ട മൂലധനത്തിന് ലാഭം കൊയ്തെടുക്കേണ്ടതുണ്ട്. മാർക്സ് തന്നെ ഒരിക്കൽ പ്രസ്താവിച്ചതു പോലെ, മുതലാളിത്ത വ്യവസ്ഥിതിയിൽ എനിക്കോ നിങ്ങൾക്കോ തൊഴിൽരഹിതനായി നിലനിൽക്കാൻ സാധിച്ചേക്കാം; പക്ഷെ, മൂലധനത്തിന് അതൊരിക്കലും സാധ്യമാവില്ല. അവിടെ, നിലവിലുള്ള മാർഗങ്ങൾ ലാഭം കൊയ്യാൻ പര്യാപ്തമല്ലെങ്കിൽ പുതിയ മാർഗങ്ങൾ സൃഷ്ടിക്കപ്പെടേണ്ടിവരും. അത്തരം പുതിയ മാർഗങ്ങൾ സൃഷ്ടിക്കലാണ് ആഗോളവൽകരണത്തിന്റെ ഒരു പ്രധാന ധർമം. പെട്ടെന്ന് വലിയ ഒരു കുമിളയായി അവസ്ഥാന്തരപ്പെട്ട അന്താരാഷ്ട്ര സാമ്പത്തിക മൂലധനത്തിന്റെ (international finance capital) കാര്യം തന്നെ എടുത്തുനോക്കുക. അതിനും ലാഭം വർധിപ്പിക്കുന്നതിന്നായി പുതിയ മാർഗങ്ങൾ ആവശ്യമായിരുന്നു. അതുകൊണ്ടവർ എന്താണ് ചെയ്തത്? ആദ്യം അവർ പറഞ്ഞു, വിലകൊടുത്തു വാങ്ങാൻ മാത്രമുള്ള പണം ജനങ്ങളുടെയടുത്തില്ലെന്ന്. അതിനു കാരണം, ആഗോളവൽകരണം കൊണ്ട് അർത്ഥമാക്കിയിരുന്നതുതന്നെ ഉയർന്ന ലാഭവും കുറഞ്ഞ കൂലിയുമാണെന്നതാണ്. അതിനർത്ഥം ലോകത്ത് വലിയ ഒരു വിഭാഗം ജനതയ്ക്കും തുച്ഛമായ ഉപഭോക്തൃശേഷി (purchasing power) മാത്രമേ ഉള്ളൂവെന്നാണ്. ജനങ്ങളുടെ ഉപഭോക്തൃ ശേഷി കുറയുമ്പോൾ മുതലാളിത്തം പ്രതിസന്ധിയിലകപ്പെടുന്നു. കാരണം ഉൽപാദിപ്പിച്ചതൊക്കെയും അതിന് വിപണനം ചെയ്യേണ്ടതുണ്ടല്ലോ? അല്ലെങ്കിൽ നിങ്ങളെങ്ങനെ ലാഭമുണ്ടാക്കും? പക്ഷെ, ജനങ്ങളുടെ കൈവശം പണമില്ലെങ്കിൽ പിന്നെ നിങ്ങളുടെ ഉൽപന്നങ്ങൾ എങ്ങനെ വിറ്റഴിക്കും? ആ അവസരത്തിൽ, മുതലാളിത്തം പുതിയ ഒരു തന്ത്രവുമായി കടന്നു വരുന്നു. ഓ.കെ, ജനങ്ങൾക്ക് ചുരുങ്ങിയ ചെലവിൽ വായ്പകൾ നൽകാം. അവിടെ വരുന്നൂ നിങ്ങളുടെ സാമ്പത്തിക മാന്ദ്യം. Sub-prime crisis. നിങ്ങൾ ജനങ്ങൾക്ക് വായ്പ നൽകുന്നു. ജനങ്ങൾ ആ വായ്പയുടെ അടിസ്ഥാനത്തിൽ ചരക്കുകൾ വാങ്ങുന്നു. അങ്ങനെ മൂലധനം ലാഭം നേടിയെടുക്കുന്നു. പക്ഷെ, ജനങ്ങൾ നിങ്ങളുടെ വായ്പ തിരിച്ചടയ്ക്കേണ്ട സമയം വരുമ്പോൾ മൂലധനം തകരുന്നു. കാരണം തിരിച്ചടക്കാൻ ജനങ്ങളുടെയടുത്ത് പണമില്ലല്ലോ.
രണ്ടാമതായി നിങ്ങൾ പുതിയ ഒരു ചരക്ക് സൃഷ്ടിച്ചിരിക്കുന്നു. സാമ്പത്തിക ചരക്ക് (financial commodity). നിങ്ങളുടെ വ്യുൽപന്നങ്ങൾ (derivatives), നിങ്ങളുടെ വായ്പാ വസൂലുകൾ (credits soaks). അടിസ്ഥാനപരമായി പറഞ്ഞാൽ ഊഹക്കച്ചവടം (speculations). ഊഹക്കച്ചവടം ഊഹങ്ങളുടെ കുമിളകളാണ് സൃഷ്ടിക്കുന്നത്. ഗാർഹിക കുമിളകൾ (housing bubbles). ചിലപ്പോൾ വിവരസാങ്കേതിക കുമിളകൾ (IT bubbles). പിന്നെ അവയുടെ ഓഹരി കുതിച്ചുയരുന്നു. പക്ഷെ, കുമിളകൾ എപ്പോഴും പൊട്ടാൻ വേണ്ടി മാത്രം രൂപം കൊണ്ടതാണെന്നോർക്കണം. ഓരോ കുമിളയും പൊട്ടിത്തെറിക്കുമ്പോൾ പുതിയ പ്രതിസന്ധികൾ സംജാതമാകുന്നു. പുതിയ പ്രതിസന്ധികൾ ഉടലെടുക്കുമ്പോൾ അവയെ അവർ എങ്ങനെ തരണം ചെയ്യും? അങ്ങനെയൊരു സാമ്പത്തിക ദ്രവീകരണം (melt down) സംഭവിക്കുമ്പോൾ അതിനെ മറികടക്കാൻ അവർ അതിന് കാരണക്കാരായ കുത്തക കമ്പനികളെ തന്നെ സാമ്പത്തികമായി മോചിപ്പിക്കുന്നതിനുള്ള (bail out) നടപടികളാണ് കൈക്കൊള്ളുന്നത്. അമേരിക്കയിൽ മാത്രം 12 ട്രില്ല്യൺ ഡോളറാണ് കോർപറേറ്റുകളെ സാമ്പത്തികമായി കരകയറ്റാൻ വേണ്ടിയുള്ള bail out package- നായി സർക്കാർ ചെലവഴിച്ചത്. ആ രാജ്യത്തെ വാർഷിക ജി.ഡി.പി 14 ട്രില്ല്യണാണെന്നു കൂടി അറിയുമ്പോൾ മനസ്സിലാകുന്നത് ഫലത്തിൽ ആ രാജ്യത്തെ വാർഷിക ജി.ഡി.പി തന്നെ കോർപറേറ്റുകളെ ഋണബാദ്ധ്യതയിൽ നിന്ന് കരകയറ്റാനായി സർക്കാർ ദാനം നൽകി എന്നല്ലേ? മറ്റു മുതലാളിത്തരാജ്യങ്ങളും അതേ പാത തന്നെയാണ് പിന്തുടർന്നത്.
അപ്പോൾ മൊത്തത്തിൽ എന്തു സംഭവിച്ചു? കുത്തകകളുടെ കടബാദ്ധ്യത രാഷ്ട്രങ്ങളുടെയും ജനങ്ങളുടെ തന്നെയും കടബാദ്ധ്യതയായി മാറി. കാരണം, കുത്തകകളെ രക്ഷിക്കുന്നതിന്നായി സർക്കാർ വായപയെടുക്കുന്നു. ആ വായ്പകൾ വീട്ടാനായി സർക്കാരുകൾ ജനങ്ങളുടെ മേൽ കഠിനമായ സാമ്പത്തിക മാനദണ്ഢങ്ങൾ (austerity measures) അടിച്ചേൽപിക്കുന്നു. അതാണ് ഇന്ന് യൂറോപ്പിലാകമാനം യഥാർത്ഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. രാജ്യങ്ങൾ ഒന്നിന് പിറകെ ഒന്നായി നിർധനമായിക്കൊണ്ടിരിക്കുകയാണ്. ഗ്രീസ് പ്രതിസന്ധിയിലകപ്പെട്ടില്ലേ? ഇറ്റലിയിലും സ്പെയിനിലും പോർച്ചുഗലിലും മാന്ദ്യം ആസന്നമായില്ലേ? രക്ഷപ്പെടാൻ അവർ ആകെ ഒരു വഴിയേ കാണുന്നുള്ളൂ. പൊതുജനങ്ങളുടെ തലയിൽ കൂടുതൽ ഭാരം കെട്ടിവെക്കുക. അവരുടെ കൂലി വെട്ടിക്കുറക്കുക. പെൻഷൻ തുക കുറക്കുക. അവരുടെ സാമൂഹ്യക്ഷേമത്തിനു വേണ്ടിയുള്ള ധനവ്യയം ഗണ്യമായി ചുരുക്കുക. അതു മാത്രമേ അവിടുത്തെ സർക്കാരുകൾ പണം സ്വരൂപിച്ച് കുത്തകകളെ രക്ഷിക്കാൻ വേണ്ടിയെടുത്ത കടം വീട്ടാനുള്ള ഒരു പോംവഴിയായി കാണുന്നുള്ളൂ. അപ്പോൾ, അത്തരം പുതിയ സാഹചര്യങ്ങൾ വന്നുപെടുമ്പോൾ നമ്മൾ എന്തു ചെയ്യും? അല്ലെങ്കിൽ എന്തു ചെയ്യണം? അത്തരമൊരു സാഹചര്യത്തിൽ, ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്, ഞാൻ നേരത്തെ പറഞ്ഞതു പോലെ, ഈ പുതിയ സാഹചര്യങ്ങളിൽ ‘മൂർത്തമായ അവസ്ഥയുടെ സമൂർത്തമായ വിശകലന’ പ്രക്രിയയിലൂടെ കടന്നു പോകേണ്ടി വരും. അതിന് ആദ്യമായി വേണ്ടത് ഇത്തരം കാര്യങ്ങളിൽ പ്രത്യയശാസ്ത്രപരമായ വ്യക്തത കൈവരിക്കുക എന്നതാണ്.
എങ്ങനെയാണ് അത്തരം സാഹചര്യങ്ങൾ ആവിർഭവിക്കുന്നത്? സാമ്രാജ്യത്വം കഴിഞ്ഞ ഇരുപതു വർഷത്തിനുള്ളിൽ ഏതൊക്കെ തരത്തിലാണ് അതിന്റെ സാന്നിദ്ധ്യം അടിച്ചേൽപിക്കുന്നത്? സൈനികമായ അതിക്രമങ്ങൾ ഒരു വശം മാത്രമേ ആകുന്നുള്ളൂ. സാമ്പത്തിക ചൂഷണവും ഗാട്ട്, ലോക വ്യാപാര സംഘടന എന്നിവയിലൂടെ അത് മൂന്നാം രാജ്യങ്ങളുടെ മേൽ ചുമത്തുന്ന സമ്മർദ്ദങ്ങളും ആഗോളതാപനവുമെല്ലാം മറ്റുവശങ്ങളാണ്. അവയെല്ലാം മനസ്സിലാക്കി പ്രതിരോധം സൃഷ്ടിച്ചില്ലെങ്കിൽ നിങ്ങളുടെ രാജ്യത്തു പോലും നിങ്ങൾക്ക് പുരോഗമിക്കാനാവില്ല.
രാജ്യം ഈ പുതിയ വെല്ലുവിളികളെ എങ്ങനെ നേരിടും? കോൺഗ്രസും ബി.ജെ.പിയും നവ–ഉദരീകരണത്തെ ഒരു പോലെ കൈനീട്ടി സ്വീകരിക്കുന്നു. അത് ഇവിടെ അസമത്വം വർദ്ധിപ്പിക്കുന്നു. വളരുന്ന ഇന്ത്യ– തളരുന്ന ഇന്ത്യ (Shining India - Suffering India), ബി.പി.എൽ ഇന്ത്യ– ഐ.പി.എൽ ഇന്ത്യ എന്നിങ്ങനെ എന്തൊക്കെ പേരിട്ടു വിളിച്ചാലും രണ്ടു തരം ഇന്ത്യയാണ് ഇന്നിവിടെ നിലിനിൽക്കുന്നതെന്ന കാര്യത്തിൽ തർക്കമില്ല. ഇത്തരം വസ്തുതകളെ അതിജീവിക്കുന്നതിൽ മറ്റർത്ഥത്തിലുള്ള വിഘ്നങ്ങളും വന്നുചേർന്നിരിക്കുന്നു. ജതീയതയും പ്രദേശികത വാദവും സ്വത്വരഷ്ട്രീയവുമെല്ലാം വർഗസമരത്തിൽ നിന്ന് ജനങ്ങളെ വ്യതിചലിപ്പിക്കുന്നു. ഇത്തരം ഒരു നിര സംഗതികളാണ് പ്രത്യയശാസ്ത്ര കരടുരേഖയിൽ വിവക്ഷിച്ചിട്ടുള്ളത്.
പക്ഷെ, ഈ കാര്യങ്ങളുടെയെല്ലാം പുറത്ത് ജനങ്ങളെ സംഘടിപ്പിക്കുന്നതിലും സമരസജ്ജമാക്കുന്നതിലും സി.പി.എം യഥാർത്ഥത്തിൽ പരാജയപ്പെടുകയല്ലേ? ഇപ്പോഴത്തെ ഈ കരട് പ്രത്യയശാസ്ത്രരേഖയെ നന്ദിഗ്രാമിലും സിംഗൂരിലും പാർട്ടിക്കു പറ്റിയ പിഴവുകളുടെയും ബംഗാളിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെയും പ്രതിഫലനമായും കാണാവുന്നതല്ലേ? കാരണം, ഈ കരടുരേഖ ഒരുതരത്തിലുള്ള അഴിച്ചുപണി (Reconstruction) യായും പുനരവലോകന (Reassessing) മായും പുനർവിചിന്തന (Revisting) മായും മറ്റുമാണ് ഘോഷിക്കപ്പെട്ടിരുന്നത്?
ഒരിക്കലുമല്ല. ബംഗാളിലെ വ്യാവസായിക വളർച്ച ത്വരിതഗതിയിലാക്കാൻ ശ്രമിച്ചത് അവിടുത്തെ ജനങ്ങൾക്ക്, പ്രത്യേകിച്ച് ചൂഷിതവർഗത്തിന്, കൂടുതൽ തൊഴിലവസരങ്ങളും മെച്ചപ്പെട്ട ഒരു ജീവിതവും നൽകാൻ വേണ്ടിയായിരുന്നു. അതൊരു തെറ്റായിരുന്നില്ല. അങ്ങനെ വരുമ്പോൾ നന്ദിഗ്രാം നിങ്ങൾ പറയുന്ന അത്ര വലിയ തെറ്റൊന്നുമായിരുന്നില്ല. അവിടെ തെറ്റു സംഭവിച്ചത് ഞങ്ങളത് നടപ്പിലാക്കിയ രീതിയിലാണ്. അല്ലെങ്കിലും നന്ദിഗ്രാമിലെവിടെയാണ് ഭൂമി പിടിച്ചെടുത്തിരുന്നത്? അതൊരു കേന്ദ്ര സർക്കാർ പ്രപ്പോസലായിരുന്നു. വെറും പ്രൊപ്പോസൽ സ്റ്റേജിൽ മാത്രമുള്ള ഒന്ന്. ഒരു തരി മണ്ണ് പോലും അവിടെ പിടിച്ചെടുത്തിരുന്നില്ല. പക്ഷെ, സിംഗൂരിൽ ഭൂമി ഏറ്റെടുത്തിരുന്നു. അതുപക്ഷെ, ബംഗാളിലെ ആദ്യത്തെ ഭൂമി ഏറ്റെടുക്കലായിരുന്നില്ല. അത് അവിടുത്തെ ഏറ്റവും അവസാനത്തെ ഭൂമി ഏറ്റെടുക്കലുമായിരുന്നില്ല. സർക്കാർ മാറിയ ശേഷവും ബംഗാളിൽ ഭൂമിപിടിച്ചെടുക്കൽ തുടരുന്നുണ്ട്. ഇവിടെ ഞങ്ങൾക്ക് പറ്റിയ തെറ്റ് ഭൂമി ഏറ്റെടുക്കുന്നതിനുമുമ്പ് നടത്തേണ്ടിയിരുന്ന ഗൃഹപാഠങ്ങളൊന്നും ചെയ്യാൻ ഞങ്ങൾ ഒരുമ്പെട്ടിരുന്നില്ല എന്നതാണ്. ഏറ്റെടുക്കേണ്ട ഭൂമിയുടെ പ്രാധാന്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിന്നായി നല്ലവണ്ണം ഗൃഹപാഠം ചെയ്യേണ്ടതുതന്നെയായിരുന്നു. അതൊരു തെറ്റു തന്നെയാണ്. അങ്ങനെ ചെയ്യാതിരുന്നതിന് ഒരു കാരണം അതിനു തൊട്ടുമുമ്പത്തെ, 2006- ലെ തെരഞ്ഞെടുപ്പിൽ ഞങ്ങൾ വൻ ഭൂരിപക്ഷത്തിന് ജയിച്ചിരുന്നതാകാം. നാലിൽ മൂന്ന് ഭൂരിപക്ഷത്തിനാണ് അന്ന് ബംഗാളിലെ ജനത ഞങ്ങളെ അധികാരത്തിലേറ്റിയിരുന്നത്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളിലെല്ലാം ജനങ്ങൾ പാർട്ടിയുടെ നിലപാടിനെ പിന്തുണക്കുന്നുവെന്ന് പാർട്ടി തെറ്റായി വിധിയെഴുതി. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ ജനങ്ങളോട് ഇനിയും വിശദീകരിക്കേണ്ടതില്ലെന്നും പാർട്ടി കരുതി. ഈ അജണ്ടകളുടെയെല്ലാം പുറത്താണല്ലോ ജനങ്ങൾ പാർട്ടിയെ അധികാരത്തിലേറ്റിയിരുന്നത് എന്നാണ് പാർട്ടി നിനച്ചിരുന്നത്. അതുകൊണ്ടു തന്നെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മുന്നോട്ടു പോകാമെന്ന് പാർട്ടി തീരുമാനിച്ചു. അങ്ങനെയല്ലായിരുന്നെങ്കിൽ പാർട്ടി സാധാരണഗതിയിൽ ചെയ്യുന്നതുപോലെ ഭൂമി ഏറ്റെടുക്കുന്നതിനുമുമ്പായി ആ പ്രദേശത്ത് പോയി, അവിടുത്തെ പഞ്ചായത്ത് വിളിച്ചുചേർത്ത്, കാര്യങ്ങളെല്ലാം ജനങ്ങൾക്ക് വിശദീകരിച്ചു കൊടുത്ത്, നഷ്ടപരിഹാരത്തുക ഉറപ്പിച്ച്, എല്ലാത്തിലും വ്യക്തത കൈവരുത്തിയ ശേഷം മാത്രമേ നടപടികളുമായി മുന്നോട്ടു പോകുമായിരുന്നുള്ളൂ. അന്നു പക്ഷെ, ഇതൊന്നും ചെയ്തില്ല. അതിന്റെ ഫലമായി ആശയക്കുഴപ്പങ്ങൾ പ്രചരിക്കപ്പെട്ടു. ഞങ്ങളുടെ പ്രതിപക്ഷം അത് നന്നായി മുതലെടുക്കുകയും ചെയ്തു. നന്ദിഗ്രാം–സിംഗൂർ ആ അർത്ഥത്തിൽ നോക്കുമ്പോൾ ഞങ്ങളുടെ വീക്ഷണത്തിലുണ്ടായ അപചയമോ പരാജയമോ അല്ല. മറിച്ച്, ആ വീക്ഷണത്തിന്റെ പ്രായോഗികവൽകരണത്തിലുണ്ടായ വീഴ്ചയായിരുന്നു. അതിനെ വിശകലനം ചെയ്ത് ഞങ്ങൾ അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു. ഇനി അത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുന്നു.
അപ്പോൾ താങ്കൾ പറയുന്നത് ഈ കരടു രേഖയ്ക്ക് രൂപം കൊടുത്തത് പരാജയങ്ങളുടെ പുറത്തല്ല, മറിച്ച് ഉയർന്നുവരുന്ന പുതിയ സാഹചര്യങ്ങൾക്കനുസൃതമായാണെന്നാണ്. പക്ഷെ, ഞാൻ അദ്ഭുതപ്പെടുന്നത് ഈ കരടു രേഖയിൽ പുതുമയുള്ളതെന്നവകാശപ്പെടാവുന്ന എന്താണുള്ളതെന്നാണ്. പാർട്ടിക്കെതിരിൽ ഇനിയും കുറേയധികം വിമർശനങ്ങൾ നിലനിൽക്കുന്നുണ്ട്. കാലങ്ങളായുള്ള അത്തരം വിമർശനങ്ങൾക്ക് ചുട്ട മറുപടി കൊടുക്കാൻ തക്കവണ്ണം പാർട്ടി പ്രവർത്തകരെ പ്രാപ്തനാക്കുന്ന തരത്തിലുള്ള എന്തു സംഗതിയാണ് ഈ രേഖയിലുള്ളത്?
തീർച്ചയായും വളരെ പ്രധാനമെന്നും നവീനമെന്നും ഞങ്ങൾ വിശ്വസിക്കുന്ന സംഗതികളാണ് ഈ കരടുരേഖയിൽ പ്രതിപാദിച്ചിട്ടുള്ളത്. സാമ്രജ്യത്വത്തിന്റെ പുത്തൻ രൂപങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളാണതിലുള്ളത്. രാജ്യത്തിന്റെ സ്വാതന്ത്ര്യവും അഖണ്ഢതയും കാത്തുസൂക്ഷിക്കാനായി സാമ്രാജ്യത്വശക്തികളോട് പോരടിക്കുന്നതിന്നു പകരമായി ഇന്ത്യയിലെ ഭരണവർഗവും ഭരണകൂടവും അത്തരം ശക്തികളുടെ കൂട്ടാളികളായി മാറുന്നതിനെക്കുറിച്ചുള്ള ഞങ്ങളുടെ വീക്ഷണങ്ങളാണ് ഈ രേഖയിലുള്ളത്. ഇന്ന്, നവ ഉദാരീകരണനയങ്ങളെ ചെറുക്കാത്തിടത്തോളം രാജ്യത്തിന്റെ നന്മക്കായുള്ള പോരാട്ടവും സാദ്ധ്യമാകില്ല എന്ന അവസ്ഥയാണ് ഇവിടെ നിലനിൽക്കുന്നത്. ബി.ജെ.പിയും കോൺഗ്രസും ഇക്കാര്യത്തിൽ ഒരേ തട്ടിലാണെന്നും നമ്മൾ കാണുന്നു. അതുകൊണ്ടുതന്നെ, ഈ രണ്ടിനേയും എതിർത്ത് തോൽപിച്ച് ഒരു ഇടതുപക്ഷ ജനാധിപത്യ ശക്തിയെ പകരം കൊണ്ടുവരിക എന്നതാണ് ഇന്ന് ഇവിടെ ആവശ്യമായിട്ടുള്ളത്. ഇതേയൊരു സാഹചര്യം നിലനിന്നിരുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ അവർ ഇക്കാര്യം കൈവരിച്ചിരിക്കുന്നു. അതുകൊണ്ട് അത്തരമൊരു മാറ്റം ഇവിടെയും സാദ്ധ്യമാവുക തന്നെ ചെയ്യും. മുതലാളിത്ത യുഗത്തിലും നവ–ഉദാരീകരണത്തിനു വിരുദ്ധമായ ഒരു വികസന മാതൃക നമുക്ക് പിന്തുടരാൻ സാധിക്കും. അത്തരമൊരു വികസന സങ്കൽപം യാഥാർത്ഥ്യമാക്കുന്നതിന് ഞങ്ങൾക്ക് രാജ്യത്തെ രാഷ്ട്രീയശകതികളെ, അതായത് ഞങ്ങൾക്കു പിറകലുള്ള ജനങ്ങളെ സോഷ്യലിസത്തിലേക്കുള്ള മാറ്റം കൈവരുത്തുന്നതിന്നായി പടയൊരുക്കേണ്ടതുണ്ട്. ഇതിനെല്ലാം മുന്നോടിയായി പുതിയ സാഹചര്യങ്ങളെക്കുറിച്ച് പ്രത്യയശാസ്ത്രസംബന്ധമായ വ്യകതതയും ഐക്യവും ഉണ്ടായിരിക്കേണ്ടതാണ്. അതിനു വേണ്ടിയാണ് ഇപ്പോൾ ഈ പ്രത്യയശാസ്ത്രരേഖക്ക് രൂപം നൽകിയിരിക്കുന്നത്.
ഈ രേഖയിൽ തന്നെ പാർലമൻ്റു സംബന്ധിയായതും പാർലമേൻ്റതരവുമായ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സന്തുലിത കൈവരുത്തേണ്ടതുണ്ടെന്നും വീക്ഷിക്കുന്നുണ്ട്. പാർലമെൻ്റിനു പുറത്ത് ജനങ്ങളെ സംഘടിപ്പിക്കുന്നതിൽ പാർട്ടി പരാജയപ്പെടുന്നു എന്നതല്ലേ വാസ്തവം? ബംഗാളിലെ തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം പാർട്ടി തന്നെ അത്തരത്തിലുള്ള നിരീക്ഷണങ്ങൾ നടത്തിയിരുന്നു. പാർലമെന്റേതര പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജനങ്ങളെ സംഘടിപ്പിക്കുന്നതിലും കൂടുതൽ പോരാട്ടസജ്ജമാക്കുന്നതിലും എഴുപത്–എൺപതുകളിലേക്ക് തിരിച്ചുപോക്ക് പ്രതീക്ഷിക്കാവുന്നതാണോ?
പാർട്ടിയുടെ വളരെക്കാലമായുള്ള നിലപാടാണത്. പാർലമെൻ്റിനകത്തും പുറത്തുമുള്ള പ്രവർത്തനങ്ങളുടെ ശരിയായ സംയോജനമാണ് പാർട്ടിയുടെ ലക്ഷ്യം. ഇവ രണ്ടും എങ്ങനെ ഒരുമിച്ചു കൊണ്ടുപോകാം എന്നതാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. പാർലമെൻ്റിനകത്തെ പ്രവർത്തനം വളരെ പ്രാധാന്യമുള്ളതാണ്. അത്ര തന്നെ പ്രാധാന്യമുള്ളതാണ് പാർലമെൻ്റിനു പുറത്തെ സമരങ്ങളും. പാർലമെൻ്റിനകത്തെ ഞങ്ങളുടെ സാന്നിദ്ധ്യം പലപ്പോഴും ദൃഢമാക്കപ്പെടുന്നത് പാർലമെൻ്റിനു പുറത്തെ ഞങ്ങളുടെ സമരങ്ങൾ മുഖേനയാണ്. അതുകൊണ്ടു തന്നെ പുറത്തെ സമരങ്ങളില്ലാതെ പാർലമെൻ്റിനകത്തെ ഞങ്ങളുടെ പ്രകടനം ശക്തി പ്രാപിക്കില്ല. അതുപോലെതന്നെ, പാർലമെൻ്റിലെ ശക്തിസാന്നിദ്ധ്യമില്ലാതെ പുറത്തെ ജനമുന്നേറ്റങ്ങളും വളരില്ല. ഇവ രണ്ടും തമ്മിൽ അത്തരത്തിലൊരു പാരസ്പര്യമുണ്ട്. അതാണ് ഞങ്ങൾക്ക് പ്രായോഗികതലത്തിൽ കൈവരിക്കേണ്ടുള്ളത്. അതുതന്നെയാണ് പ്രത്യയശാസ്ത്രരേഖ ഊന്നിപ്പറയുന്നതും.
അതേസമയം, പാർട്ടി സാമൂഹികവും മറ്റുമായ ചില മുന്നേറ്റങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് മടിച്ചുനിൽക്കുന്നുമില്ലേ? ഉദാഹരണത്തിന് ഇപ്പോൾ സമൂഹത്തിൽ വളരെ പ്രകടമായി നിലിൽക്കുന്ന ലിംഗപരമായ പ്രശ്നങ്ങളും gay-lesbian രാഷ്ട്രീയവും മറ്റും. അങ്ങനെ പാർട്ടിക്ക് ജനങ്ങളിലേക്ക് നേരിട്ടെത്താനാകുമായിരുന്ന ചില സമരങ്ങൾക്കുനേരെ തന്നെ പാർട്ടിയുടെ വാതിലുകളടയ്ക്കുകയല്ലേ?
ഒരിക്കലുമല്ല, ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരിക്കലും അതിന്റെ വാതിലുകളടച്ചിടാനാവില്ല. വാതിലുകൾ എപ്പോഴും ജനങ്ങളിലേക്ക് തുറന്നിടേണ്ടതുണ്ട്. അതിലും പ്രധാനമായി അതിന് ജനങ്ങളിലേക്ക് എത്തിപ്പെടേണ്ടതുണ്ട്. അതിനുവേണ്ടിയാണ് ഞങ്ങൾ പരിശ്രമിക്കുന്നതും. പാർട്ടിയുടെ സ്വാധീനം കുറയുന്നു എന്നു പറയുന്നത് വളരെ തെറ്റായ ഒരു പ്രസ്താവനയാണ്. തെരഞ്ഞെടുപ്പിന്റെ മാനദണ്ഢത്തിലാണെങ്കിൽ അത് ശരിയാണെന്നതിൽ സംശയമില്ല. പക്ഷെ, ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ജനങ്ങളുടെ മേലുള്ള സ്വാധീനം ഒരിക്കലും തെരഞ്ഞെടുപ്പിന്റെ മാനദണ്ഢത്തിൽ മാത്രം അളക്കാവുന്ന ഒന്നല്ല. അത് ജനമുറ്റേങ്ങളുടേയും ജനകീയ പോരാട്ടങ്ങളുടെയും അടിസ്ഥാനത്തിൽ തിട്ടപ്പെടുത്തേണ്ട ഒന്നാണ്.
ഉദാഹരണത്തിന്, ഈ ഫെബ്രുവരി 28 ന് രാജ്യവ്യാപകമായി നടത്തിയ തൊഴിലാളി സമരം തന്നെ നോക്കുക. ഒരു ബന്ദ് എന്ന രൂപത്തിൽ പദ്ധതിയിട്ടതായിരുന്നില്ലെങ്കിൽ കൂടി അതൊരു വൻ വിജയമായിരുന്നില്ലേ? അതുപോലെയുള്ള കൂടുതൽ സമരങ്ങളാണ് പാർലമെൻ്റിനു പുറത്ത് ഞങ്ങൾ വിഭാവനം ചെയ്യുന്നത്. പാർലമെൻ്റിനകത്ത് നവ–ഉദാരീകരണ നയങ്ങൾക്കെതിരിലുള്ള ഞങ്ങളുടെ പോരാട്ടവും അതിനോട് ചേർത്തുതന്നെ കൊണ്ടു പോകും. ആ ഒരു സംയോജനമാണ് പാർട്ടി ലക്ഷ്യം വെക്കുന്നത്.
പക്ഷെ, എന്തു കൊണ്ടാണ് പാർട്ടിക്ക് ഫെമിനിസ്റ്റ് മുന്നേറ്റം പോലുള്ള ഒരു സമരവുമായി ബന്ധപ്പെടാനാകാതെ പോവുന്നത്? Gay Lesbian രാഷ്ട്രീയം പോലുള്ള ഒരു സാമൂഹിക മുന്നേറ്റത്തെ സംബന്ധിച്ച് പാർട്ടിക്ക് എന്തെങ്കിലും വ്യക്തമായ നയങ്ങളുണ്ടോ? നവ–ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി പാർട്ടി എന്തേ അകന്നു നിൽക്കുന്നു?
നവ–ഇടതുപക്ഷ പ്രസ്ഥാനമെന്ന് ഞാനവരെ വിളിക്കില്ല. ചില പ്രശ്നങ്ങൾ ഏറ്റെടുത്തു പ്രവർത്തിക്കുന്ന നവ–ശക്തികളെന്നോ നവ–സംഘങ്ങളെന്നോ മാത്രമേ അവയെ പറയാനാകൂ. അവരുമായി നമുക്ക് ചേർന്ന് പ്രവർത്തിക്കേണ്ടതായിവരും. സാമൂഹിക പീഢനങ്ങൾക്കും സാമ്പത്തിക ചൂഷണത്തിനുമെതിരെ നമുക്ക് ഒരേസമയം പോരടിക്കേണ്ടി വരും. ഇന്ത്യയിൽ നാം രണ്ടു പോർമുഖങ്ങളിലായാണ് വർഗസമരം നിലനിർത്തിപ്പോരുന്നത്.
അതിലൊന്ന്, സാമ്പത്തിക ചൂഷണത്തിനെതിരായതും രണ്ടാമത്തേത് സാമൂഹിക പീഢനങ്ങൾക്കു വിരുദ്ധമായതുമാണ്. സാമൂഹിക അടിച്ചമർത്തലുകളിൽ ജാതീയവും ലിംഗപരവുമായ പ്രശ്നങ്ങളും ആദിവാസി പ്രശ്നങ്ങളുമെല്ലാം ഉൾപ്പെടും. ഈ രണ്ടു പോർമുഖങ്ങളുലും ഒരേസമയം പോരടിക്കുകയും അവയെ ബൃഹത്തായ ഒരു വർഗസമരത്തിന്റെ ഭൂമികയിലേക്ക് കൂട്ടിയിണക്കുകയും ചെയ്തില്ലെങ്കിൽ ഇന്ത്യയിൽ നാം ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാൻ സാധിക്കുകയില്ല. പാർട്ടി അതിൽ വ്യാപൃതമാണ്.
പക്ഷെ, പാർട്ടിയുടെ തന്നെ നിരീക്ഷണമാണ് ജാതീയമായ ശക്തികളും സ്വത്വരാഷ്ട്രീയ വാദികളും ജനമുന്നേറ്റങ്ങളെ വഴിതിരിച്ചു വിടുന്നുവെന്നത്. അതേസമയം, ലോഹ്യയൈറ്റുകളും അംബേദ്ക്കറൈറ്റുകളും, നന്നേ ചുരുങ്ങിയത് ഹിന്ദി സംസാരിക്കുന്ന മേഖലകളിലെങ്കിലും, ഒരു വൻശക്തിയായി തീർന്നിരിക്കുന്നുവെന്നത് ഒരു വാസ്തവമാണ്. ഇക്കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ പോലും ഇടതുപക്ഷം അവിടങ്ങളിലൊന്നും ചിത്രത്തിലേ ഉണ്ടായിരുന്നില്ല. പാർട്ടിയുടെ പുതിയ പ്രത്യയശാസ്ത്രരേഖ ജാതിരാഷ്ട്രീയത്തേയും സ്വത്വരാഷ്ട്രീയത്തേയും പാർട്ടിക്കു മുന്നിലുള്ള പുതിയ വെല്ലുവിളികളായി അംഗീകരിക്കുന്നുണ്ടെങ്കിലും അവയെ എങ്ങനെ നേരിടണെന്നതിന് വ്യകതമായ യുക്തി (tactics) കളൊന്നും നിരത്തുന്നില്ല?
ടാക്ടിക്സ് എന്നു പറയുന്നത് എല്ലായ്പ്പോഴും പാർട്ടിരേഖകളിൽ വിവരിക്കപ്പെടണമെന്നില്ല. പക്ഷെ, തീർച്ചയായും പാർട്ടിക്ക് ഇക്കാര്യത്തിൽ പാർട്ടിയുടേതായ യുക്തികളുണ്ട്. ഈ വരുന്ന പാർട്ടി കോൺഗ്രസിന്റെ ലക്ഷ്യവും അത്തരം യുക്തികൾ നിർണയിക്കുകയെന്നതാണ്. പിന്നെ, ലോഹ്യയൈറ്റുകളുടെ കാര്യം പറയുകയാണെങ്കിൽ, അവർ തന്നെ പല വിഭാഗങ്ങളായും ഉപ വിഭാഗങ്ങളായും പരസ്പരം അകന്നു നിൽക്കുകയല്ലേ? മുലായം സിങായാലും, ലാലു പ്രസാദ് യാദവായാലും ദേവഗൗഡയായാലും നവീൻ പട്നായിക്കായാലുമെല്ലാം ഈ വിഭാഗങ്ങളൊക്കെയും പഴയ സോഷ്യലിസ്റ്റ് ചിന്താഗതിയിൽ നിന്ന് ഉരുത്തിരിഞ്ഞവയാണ്. പക്ഷെ, അവരെല്ലാം വ്യത്യസ്ത ചേരികളിലല്ലേ ഇപ്പോഴുള്ളത്? അവരെയെല്ലാം ഒരുമിച്ചു നിർത്തേണ്ടതുണ്ട്. ഇടതുപക്ഷം ശ്രമിക്കുന്നത് അതിനുവേണ്ടിയാണ്. ആദ്യം കമ്മ്യൂണിസ്റ്റുകളെ ഏകോപിപ്പിക്കണം. പിന്നെ സാമൂഹിക അടിച്ചമർത്തലിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ ശകതികളേയും ഒരുമിച്ചു നിർത്തണം. അതാണ് നമുക്കു മുന്നിലുള്ള ഒരു വഴി. അതിനുള്ള മാർഗങ്ങൾ തേടി നമുക്കീ ഐക്യം ശകതിപ്പെടുത്തേണ്ടതുണ്ട്.
അപ്പോൾ ഇന്ത്യൻ സാഹചര്യത്തിനനൂയോജ്യമായി ഇടതുപക്ഷം ഒരു പുതിയ മാർഗം കണ്ടെത്തേണ്ടതില്ലേ? പ്രത്യേകിച്ച് പാർട്ടിയിൽ നിന്നും ജനങ്ങൾ അകലുന്നു എന്ന വിമർശനമുയരുന്ന സാഹചര്യത്തിൽ?
ഇപ്പോൾ തന്നെ ഞങ്ങൾ ഒരു പുതിയ മാർഗത്തിലാണുള്ളതെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. പുതിയ മാർഗം എന്നതു കൊണ്ട് നിങ്ങളെന്താണർത്ഥമാക്കുന്നത്? തെരഞ്ഞെടുപ്പിനെ മാനദണ്ഢമാക്കിയാണ് നിങ്ങളത് പറയുന്നതെങ്കിൽ അതു ശരിയാണ്. പക്ഷെ, ജനകീയ സമരങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ പാർട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമർശിക്കുന്നത് ശരിയല്ല.
അതുപോലെ, എൻ.ജി.ഒകളെ പാർട്ടിയുടെ പുതിയ രേഖ ശക്തമായി വിമർശിക്കുന്നുണ്ട്. എൻ.ജി.ഒകൾ ജനങ്ങളെ അരാഷ്ട്രീയവൽക്കരിക്കുന്നു എന്നും പാർട്ടി കുറ്റപ്പെടുത്തുന്നു. പക്ഷെ, ശക്തമായ ഒരു ഇടതുപക്ഷത്തിന്റെ അഭാവമല്ലേ അവരുടെ വളർച്ചക്ക് വളമേകുന്നത്?
എൻ.ജി.ഒകൾ രാജ്യത്തെ ഇടതുപക്ഷത്തിന്റെ സ്ഥാനം കവരുന്നതായി ഞാൻ കരുതുന്നില്ല. പക്ഷെ, തീർച്ചയായും അവർ ചില വിഭാഗം ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെ പ്രകടവൽകരിക്കുന്നുണ്ട്. അതിൽ യാതൊരു സംശയവുമില്ല. പക്ഷെ, അവരുയർത്തുന്ന അത്തരം പ്രശ്നങ്ങൾ വർഗസമരത്തിൽ നിന്നും വ്യതിരിക്തമാണ്. അതു കൊണ്ടാണ് ഞങ്ങൾ പറയുന്നത്, മനുഷ്യസ്നേഹപരമായ (Philanthropy) പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ജനകീയ സമരമെന്ന്. അതൊരു രാഷ്ട്രീയ സമരമാണ്. ആ ഒരു രാഷ്ട്രീയ ശക്തി ബലപ്പെട്ടെങ്കിൽ മാത്രമേ നിലവിലുള്ള വ്യവസ്ഥിതിയെ തിരുത്തിക്കുറിച്ച് ഇവിടെ സോഷ്യലിസം പോലുള്ള ഒരു സംവിധാനം പ്രതിഷ്ഠിക്കാനാവുകയുള്ളൂ.
അങ്ങനെയെങ്കിൽ, ഇന്ത്യയിൽ ഇടതു പക്ഷത്തെ ശകതിപ്പെടുത്തുന്നതിന്നായി ബൃഹത് അർത്ഥത്തിലുള്ള എന്തു നടപടിയാണ് പാർട്ടി കൈക്കൊള്ളുക? ഇടതുപാർട്ടികളുടെ ലയനമെന്ന ആശയം പോലും കെട്ടടങ്ങിയില്ലേ?
ഞാൻ നേരത്തെ പറഞ്ഞില്ലേ, ജനകീയ സമരം. ജനകീയ സമരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ ഇന്ത്യയിൽ ഇടതുപക്ഷത്തിന് ശകതി പ്രാപിക്കാനാവൂ.
ബംഗാളിലെ പരാജയത്തിനുശേഷം ലയനത്തെ സംബന്ധിച്ച സംസാരത്തിന് ഹൈദരാബാദിൽ വെച്ച് നടത്തിയ ഒരു പൊതുപ്രസ്താവനയിലൂടെ താങ്കളാണ് ആദ്യമായി തുടക്കം കുറിച്ചിരുന്നത്. സി.പി.ഐ അത്തരമൊരാശയത്തെ സ്വാഗതം ചെയ്തെങ്കിലും പിന്നീട് സി.പി.എം അതിനെ കൈകാര്യം ചെയ്ത രീതിയിൽ പ്രത്യക്ഷമായും അസംപ്തൃതരായിരുന്നു. സി.പി.ഐക്ക് സി.പി.എമ്മിനേക്കാൾ കൂടുതൽ എണ്ണം സംസ്ഥാനങ്ങളിൽ സാന്നിദ്ധ്യമുണ്ടെന്നിരിക്കെ അവരുമായുള്ള ലയനം മൊത്തം ഇടതു പക്ഷത്തിനു തന്നെ ഗുണകരമാകില്ലേ? ഇക്കാര്യത്തിൽ ഇനിയും ഒരു ഭാവി താങ്കൾ കാണുന്നുണ്ടോ?
തീർച്ചയായും. ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ഒരേയൊരു ഭാവി അതുമാത്രമാണ്. എല്ലാ ഇടതു ശകതികളും ഒന്നിച്ചുചേരണം. അതിനുള്ള ശ്രമങ്ങളാണ് ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.
പക്ഷെ, അത്തരമൊരവസരം വരുമ്പോൾ പാർട്ടി പരസ്പരമുള്ള വ്യത്യാസങ്ങളെ ഉയർത്തിക്കാണിക്കുന്നു. തെലങ്കാനാ സമരം, ശ്രീലങ്കൻ തമിഴ് പ്രശ്നം തുടങ്ങി പല കാര്യങ്ങളിലും ഇരു പാർട്ടികൾക്കുമിടയിൽ പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾ നിലനിൽക്കുന്നില്ലേ?
അതെ. പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളുണ്ടായിരുന്നില്ലെങ്കിൽ പിന്നെ ഞങ്ങളെങ്ങനെ രണ്ടു പാർട്ടികളായി മാറി? ഞങ്ങൾ ഒരേ പാർട്ടിയായിത്തന്നെ തുടരുമായിരുന്നില്ലേ? ഇടതു ലയനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഞങ്ങൾ പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളുള്ള രണ്ടു വ്യത്യസ്ത പാർട്ടികളല്ലാതാകുന്നില്ല. ലയനം കൊണ്ട് ഉദ്ദേശിക്കുന്നത് ടാക്ടിക്സ് സംബന്ധമായ ഐക്യമാണ്. കൂടുതൽ ജനവിഭാഗങ്ങളെ ജനകീയ പോരാട്ടങ്ങളിൽ പങ്കെടുപ്പിക്കുന്നതിനു പരിശ്രമിക്കാൻ വേണ്ടിയാണത്. അത്തരമൊരു പ്രക്രിയയിലൂടെ ഇരു കൂട്ടരും പല പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്യും.
ചൈനയെ പലവിധത്തിലും ഈ കരടുരേഖ വിമർശനവിധേയമാക്കുന്നുണ്ട്. അവിടെ അസമത്വം, തൊഴിലില്ലായ്മ, അഴിമതി എന്നിവ പെരുകുന്നതായും, ചൈനീസ് കമ്മ്യൂണിസ്റ്റു പാർട്ടിയിൽ സമ്പന്നരുടെ എണ്ണം അധികരിക്കുന്നതായും, അവിടുത്തെ പാർട്ടി സാമ്രാജ്യത്വവിരുദ്ധത കൈവിട്ടതു മൂലം ജനങ്ങളിൽ സങ്കുചിത ദേശീയത ശക്തിപ്പെടുന്നതായും, മൊത്തത്തിൽ ഉൽപാദനബന്ധങ്ങളിൽ തന്നെ പ്രതികൂലമായ മാറ്റങ്ങൾ കൈവന്നതായും മറ്റുമായി ചൈനയ്ക്കെതിരെ കുറേയധികം കുറ്റങ്ങൾ നിരത്തിയിരിക്കുന്നു. സി.പി.ഐയിൽ നിന്ന് പിളർന്നതു മുതലേ ചൈനയോട് അനുഭാവ പുലർത്തിയിട്ടുള്ള പാർട്ടി ആദ്യമായാണ് ആ രാജ്യത്തെ ഇത്ര നിശിതമായി വിമർശിക്കുന്നത്. പ്രഖ്യാപിതമായ ഈ അനുഭാവത്തിൽ നിന്നുള്ള പാർട്ടിയുടെ വ്യതിചലനത്തിന്റെ സൂചനയായി ഇതിനെ കാണാമോ?
ഇതാദ്യമായല്ല സി.പി.എം ചൈനയെ വിമർശിക്കുന്നത്. മറ്റു രാജ്യങ്ങളിലെ പുതിയ വികാസങ്ങളെ സംബന്ധിച്ച ഞങ്ങളുടെ വീക്ഷണങ്ങൾ അവിടങ്ങളിലെ പുതിയ യാഥാർത്ഥ്യങ്ങളുടെ പിൻബലത്തിലായിരിക്കേണ്ടതുണ്ട്. മറ്റു രാജ്യങ്ങളിലെ കുറച്ചിലുകളും ഭാവിയും അവിടുത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെയും ജനങ്ങളുടെയും ഇച്ഛാനുസൃതമായിരിക്കുമെന്ന് ഞങ്ങൾ അടിവരയിടുകയാണ് ചെയ്യുന്നത്. അതിൽ ആർക്കും ഇടങ്കോലിടാനാകില്ല. നമ്മുടെ കാര്യങ്ങളിൽ മറ്റാരെങ്കിലും ഇടപെടുന്നത് നമുക്ക് സ്വീകാര്യമാവില്ലെന്നതു പോലെ. അതാണ് നമ്മുടെ പ്രവർത്തന മാർഗം. ചൈനയിൽ അസ്വസ്ഥപ്പെടുത്തുന്ന ചില പ്രവണതകൾ ഞങ്ങൾ കാണുന്നുണ്ട്. ഇക്കാര്യത്തിൽ ഞങ്ങൾ ആകെ പറഞ്ഞിട്ടുള്ളത്, ചൈനയിലെ സോഷ്യലിസത്തിന്റെ ഭാവി ഇപ്പോൾ അവിടെ ഉയർന്നുവരുന്ന ഈ വൈരുദ്ധ്യങ്ങളെ എങ്ങനെ തരണം ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും എന്നാണ്. അത് പൂർണമായും ഒരു മാർക്സിസ്റ്റ് സമീപനമാണെന്നാണ് ഞാൻ കരുതുന്നത്.
അപ്പോൾ പാർട്ടി ചോദ്യം ചെയ്യുന്നത് ചൈനയുടെ മൂലധനം അടിസ്ഥാനമാക്കിയുള്ള വികസന മാതൃകയെയല്ല?
ഇപ്പോൾ ചൈനയിൽ നിലനിൽക്കുന്ന ചില പ്രവണതകൾ അവിടുത്തെ സോഷ്യലിസത്തിന് കൂടുതൽ അപകടം ചെയ്യും എന്ന ആശങ്ക പ്രകടിപ്പിക്കുകയാണ് ഞങ്ങൾ ചെയ്തിട്ടുള്ളത്. അതിനപ്പുറത്തേക്ക് ഞങ്ങൾ ഒന്നും പറഞ്ഞിട്ടില്ല.
അതേസമയം, ലാറ്റിനമേരിക്കയിലെ സോഷ്യലിസ്റ്റു രാജ്യങ്ങളുടെ നേട്ടങ്ങളെയും അവിടുത്തെ പാർട്ടിയുടെ പരിഷ്കരണ സന്നദ്ധതയെയും അഭിനന്ദിച്ചും കാണുന്നു. ചൈനയെ കൈയൊഴിഞ്ഞ് ലാറ്റിനമേരിക്കൻ രാജ്യങ്ങളെ ആലിംഗനം ചെയ്യുന്നത് ബോധപൂർവമായ ഒരു നീക്കമാണോ?
ആദ്യമായി ലാറ്റിനമേരിക്കൻ രാജ്യങ്ങൾ കൈവരിച്ച മാറ്റത്തെ നിരീക്ഷിക്കുക. നവ–ഉദാരീകരണത്തിനെതിരായി സംഘടിപ്പിക്കപ്പെട്ട ശക്തമായ സായുധ ജനകീയ മുന്നേറ്റങ്ങളിലൂടെ അധികാരത്തിലേറിയ ഭരണകൂടങ്ങളാണ് അവിടെയുള്ളത്. നേരത്തെ പറഞ്ഞതു പോലെ, മുതലാളിത്തത്തിനു കീഴിലും നവ–ഉദാരീകരണത്തിനു വിരുദ്ധമായ ഒരു സഞ്ചാരപഥം സൃഷ്ടിച്ചെടുക്കാൻ സാധിക്കുമെന്ന് അവർ തെളിയിക്കുകയാണ്. ബൊളീവിയയും മറ്റു രാജ്യങ്ങളും ചെയ്തുകൊണ്ടിരിക്കുന്നതതാണ്. ഈ ഒരൊറ്റക്കാര്യം മതി പൊതുവേ സോവിയറ്റ് അനുഭാവകളല്ലാത്തവർക്ക് ഈ രാജ്യങ്ങളോട് ആകർഷകത്വം തോന്നാൻ. ഇന്ത്യക്ക് അവരിൽ നിന്നും ഉൾക്കൊള്ളാനുള്ള പാഠവും അതു തന്നെയാണ്. ലാറ്റിനമേരിക്കയിൽ നടപ്പിലാക്കിയതു പോലെ നവ–ഉദാരീകരണത്തിന് പകരം വെക്കാവുന്ന ഒരു വ്യവസ്ഥിതി എങ്ങനെ ഉയർത്തിക്കാണിക്കാമെന്ന്. ഇനി അത് നിറവേറ്റപ്പെടേണ്ടത് ലാറ്റിനമേരിക്കൻ അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരിക്കണം. ഇനി അത് നടപ്പിലാക്കേണ്ടത് ഉറച്ച സാമ്രാജ്യത്വ വിരുദ്ധതയിലും നവ–ഉദാരീകരണത്തിന്റെ നിരാസത്തിലും അടിസ്ഥാനമാക്കിയായിരിക്കണം. കൂടുതൽ ജനപക്ഷം ചേർന്നു കൊണ്ടുള്ള ഒരു പാതയാണ് നാം ലക്ഷ്യം വെക്കുന്നത്.
(അഭിമുഖത്തിന് മാതൃഭൂമി ആഴ്ചപ്പതിപ്പിനോട് കടപ്പാട്)