ബി.ജെ.പിയെ തുറന്നുകാട്ടിയ സമരം

സ്വാതന്ത്ര്യസമരത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ സമരമായി കർഷക സമരം അടയാളപ്പെടുത്തപ്പെട്ടുകഴിഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിൽ, സാമ്പത്തിക നയത്തിൽ, സർക്കാർ നയങ്ങളിൽ വലിയ മാറ്റം വരുത്താൻ ശക്തമായ ഒന്നായി ഈ സമരം മാറിക്കൊണ്ടിരിക്കുകയാണ്.

നേതാവില്ലാത്ത സമരം, പ്രശ്‌നാധിഷ്ഠിതം

കോർപറേറ്റ് ചൂഷണത്തിൽനിന്ന് കർഷകരുടെ ജീവിതവും ജീവിതോപാധികളും കൃഷിഭൂമിയും സംരക്ഷിക്കാനുള്ള പ്രശ്‌നാധിഷ്ഠിത സമരമാണിത്. മൂന്ന് കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, സ്വാമിനാഥൻ കമീഷൻ നിശ്ചയിച്ച, ഉൽപാദനച്ചെലവും അതിന്റെ 50 ശതമാനവും അധികരിച്ച തുകയും നൽകുക, സംഭരണം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്. മിനിമം താങ്ങുവിലക്കും സംഭരണത്തിനും നിയമനിർമാണം നടത്തണം. എല്ലാ വിളകളിലും രാജ്യത്താകെയും ഈ നിയമം നടപ്പാകണം. 86 ശതമാനം കർഷക കുടുംബങ്ങളും ഇന്ന് കടക്കെണിയിലാണ്. മാർക്കറ്റിലെ മുതലാളിത്ത- കോർപറേറ്റ് മേൽക്കൈയാണ് അവരെ കടക്കെണിയിലാക്കിയത്. ഇത്തരം പ്രശ്‌നങ്ങളാണ് കർഷകരെ സംഘടിപ്പിക്കുന്നത്, അല്ലാതെ ഏതെങ്കിലും കർഷക സംഘടയോ നേതാവോ അല്ല. അതുകൊണ്ടുതന്നെ ഇത് ഒരു പ്രശ്‌നാധിഷ്ഠിത സമരമാണ്.

ബ്രിട്ടീഷുകാരുടെ കാലത്ത് ഉയർന്ന ‘കൃഷിഭൂമി കർഷകന്' എന്ന മുദ്രാവാക്യമാണ് അന്നത്തെ കർഷകരെ ഒരുമിപ്പിച്ചത്. കയ്യൂരിലും പുന്നപ്ര- വയലാറിലും തെലങ്കാനയിലും തേഭാഗയിലും പഞ്ചാബിലും ബിഹാറിലുമടക്കം രാജ്യമാകെ കർഷകരെ ഒരുമിപ്പിക്കുന്നതിൽ ഈ മുദ്രാവാക്യമാണ് പങ്കുവഹിച്ചത്. മിനിമം താങ്ങുവില, കടക്കെണിയിൽനിന്ന് മോചനം, കർഷകതൊഴിലാളികൾക്ക് മിനിമം കൂലി, കർഷകർക്ക് മിനിമം വില തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള പ്രശ്‌നാധിഷ്ഠിത സമീപനമാണ് ഇന്ന് കർഷകരെ ഒരുമിപ്പിക്കുന്നത്.

ഈ സമരത്തിന്റെ മുദ്രാവാക്യം കർഷകരുടെ ജീവിതപ്രശ്‌നങ്ങളിൽനിന്നുയർന്നുവന്നതാണ് എന്നതുകൊണ്ടുതന്നെ വലിയൊരു കർഷക ഐക്യത്തിലേക്കാണ് നയിച്ചത്. അത് കർഷക സംഘടനകളുടെ ഐക്യം ശക്തമാക്കി. സംയുക്ത കിസാൻ മോർച്ചയും അതിനുപിന്നിൽ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമായ അഖിലേന്ത്യ കിസാൻ സംഘർഷ് സമന്വയ സമിതിയുമുണ്ട്. അഖിലേന്ത്യ കിസാൻ സഭ ഉൾപ്പെടെ 450ഓളം കർഷക സംഘടനകൾ ഈ സമരത്തിൽ പങ്കാളിത്തം വഹിക്കുന്നു. വിപുലമായ കർഷക ഐക്യം ഉണ്ടാക്കിയെടുക്കാൻ ഈ സമരത്തിനുകഴിഞ്ഞു.

കർഷകരുടെ വർഗ ഐക്യം സാധ്യമാക്കിയ സമരം

കർഷകർക്കിടയിൽ വിപുലമായ വർഗങ്ങളുണ്ട്- ചെറുകിട, ദരിദ്ര, സമ്പന്ന കർഷകർ. കൂടാതെ, കർഷക തൊഴിലാളികളുണ്ട്, മുതലാളിത്ത കർഷകരുണ്ട് - ഇങ്ങനെ വ്യത്യസ്ത വർഗങ്ങളെയെല്ലാം ഒരുമിപ്പിക്കുക മാത്രമല്ല, രാജ്യത്തെ ഭരണവർഗത്തിനൊപ്പം നിൽക്കുന്ന മുതലാളിത്ത ഭൂവുടമകളും ധനിക കർഷകരുമടങ്ങുന്ന മുതലാളിത്ത വർഗത്തെ കർഷക ജനസാമാന്യത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ സമരത്തിൽ അണിനിരത്താൻ കഴിഞ്ഞു. നേരത്തെ എൻ.ഡി.എക്കൊപ്പം നിന്നിരുന്ന അകാലിദൾ, ശിവസേന പോലുള്ള നിരവധി പ്രാദേശിക പാർട്ടികൾ മുന്നണി വിട്ടുപോരാനും എൻ.ഡി.എക്ക് എതിരായി അണിനിരക്കാനും തയാറായത് ഇതിന് ഉദാഹരണമാണ്. ആ രൂപത്തിൽ വിപുലമായ തോതിലുള്ള വർഗപരമായ ഐക്യം കാർഷികമേഖലയിലുണ്ടാക്കിയെടുക്കാൻ ഈ സമരത്തിലൂടെ കാർഷിക പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞു എന്നത് ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെ തന്നെ വലിയ രൂപത്തിൽ സ്വാധീനിക്കുന്ന മാറ്റമാണ്.

ഈ സമരത്തിന്റെ പ്രധാന സവിശേഷത, അതിലെ പങ്കാളിത്തമാണ്. അതിൽ ഏറ്റവും പങ്കുവഹിച്ചത് പഞ്ചാബിലെ കർഷകരാണ്. സിഖ് ധർമവുമായി ബന്ധപ്പെട്ട അവരുടെ ചില സാംസ്‌കാരിക തനിമകൾ- ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതികൾ, സാമ്പത്തിക സംഭാവന, പ്രക്ഷോഭങ്ങളിൽ അവർ കാണിക്കുന്ന രണധീരത- എന്നിവയെല്ലാം ഈ സമരത്തിന് ഊർജം പകർന്നു. നൂറ്റാണ്ടുകളായി, അതിർത്തിസംസ്ഥാനമായ പഞ്ചാബിലൂടെ എത്രയോ സൈനിക നീക്കങ്ങളുണ്ടായി, അവയുടെയെല്ലാം ദുരിതം ഏറ്റുവാങ്ങിയ ഒരു ജനതയാണ് പഞ്ചാബിലേത്. ഇന്ത്യയിൽ ഏറ്റവും കലുഷിതമായ ഒരു പ്രദേശം കൂടിയാണ് പഞ്ചാബ്. അതുതന്നെയാണ് അവരുടെ നിശ്ചയദാർഢ്യത്തിന്റെ അടിസ്ഥാനം. എന്തുവന്നാലും അവസാനം വരെ സമരം ചെയ്യാനുള്ള സ്ത്രീകളുടെയും വയോധികരുടെയും കുട്ടികളുടെയും തീരുമാനം ആ നിശ്ചയദാർഢ്യത്തിൽനിന്നുവന്നതാണ്.

ട്രോളികളിലും ട്രാക്റ്ററുകളിലും വന്ന് മഴയിലും മഞ്ഞിലും കടുത്ത വേനലിലും ആറുമാസമായി അവർ കുത്തിയിരിക്കുകയാണ്, ദേശീയപാതകളിൽ കിലോമീറ്ററുകളോളം നീളത്തിൽ തികച്ചും സമാധാനപരമായി. തിക്‌രി അതിർത്തിയിൽ 16- 17 കിലോമീറ്റർ ദൂരത്തിലും സിംഘു അതിർത്തിയിൽ ഒമ്പത് കിലോമീറ്റർ ദൂരത്തിലും ആയിരക്കണക്കിന് ട്രോളികൾ, പതിനായിരക്കണക്കിന് മനുഷ്യർ ഇടംപിടിച്ചിരിക്കുന്നു. ലോകചരിത്രത്തിൽ തന്നെ ഇങ്ങനെയൊരു സമരമുണ്ടാകില്ല. പങ്കാളിത്തമാണ് ഈ സമരത്തെ സമാധാനപൂർണമാക്കിയത്. കുറഞ്ഞ ആളുകളാണ് പങ്കെടുക്കുന്നത് എങ്കിൽ തീർച്ചയാലും ബലപ്രയോഗത്തിലൂടെ ഈ സമരം തുടച്ചുനീക്കാൻ നരേന്ദ്രമോദിയെപ്പോലൊരു പ്രധാനമന്ത്രിയും അമിത് ഷായെപ്പോലൊരു ആഭ്യന്തരമന്ത്രിയും മുതിരുമായിരുന്നു. അതിന് അവർക്ക് കഴിയാതെ പോയത്, വൻതോതിലുള്ള കർഷക പങ്കാളിത്തമാണ്. ഏറ്റവും കൂടുതൽ പങ്കാളിത്തമുണ്ടാകുക എന്നതാണ് ഒരു സമരത്തെ ഏറ്റവും സമാധാനപൂർണമാക്കുന്ന ഘടകം.

പല കടന്നാക്രമണങ്ങളും ഈ സമരത്തിനുനേരെയുണ്ടായിരുന്നു. ശത്രുസൈന്യത്തെ തടയുന്നതുപോലെ തടയാൻ ശ്രമിച്ചു. ഗ്രനേഡുകളും ടിയർ ഗ്യാസും പ്രയോഗിച്ചു. ലാത്തിച്ചാർജ് നടത്തി. എന്നിട്ടും, സായുധ സേനകൾക്ക് പിൻവലിയേണ്ടിവന്നു. ഈ പങ്കാളിത്തത്തിന്റെ മികവ് ഇന്ത്യക്കാകെ, രാഷ്ട്രീയപാർട്ടികൾക്കാകെ മാതൃകയാണ്. മഹാത്മാഗാന്ധി മുന്നോട്ടുവച്ച അഹിംസാത്മകമായ രാഷ്ട്രീയശൈലിയും സംസ്‌കാരവും ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുന്ന, ജനാധിപത്യപരവും സമാധാനപരവുമായ ഒരു സമരമാണിത്, അതാണ് ഇതിന്റെ സൗന്ദര്യവും.

കൂടെയുണ്ട് തൊഴിലാളികൾ

ഈ സമരത്തിലൂടെ രൂപപ്പെട്ടുവന്ന രാഷ്ട്രീയപ്രാധാന്യമുള്ള മറ്റൊരു കാര്യം, തൊഴിലാളി- കർഷക ഐക്യമാണ്. 2020 നവംബർ 26, 27 തീയതികളിൽ ‘ദില്ലി ചലോ' സമരം പ്രഖ്യാപിച്ചപ്പോൾ, 26ന് പത്തോളം തൊഴിലാളി സംഘടനകളുള്ള സെൻട്രൽ പ്ലാറ്റ്‌ഫോം അഖിലേന്ത്യ തൊഴിലാളി പണിമുടക്ക് പ്രഖ്യാപിച്ചു. തൊഴിലാളി പണിമുടക്കും കർഷക മാർച്ചും നവംബർ 26നാണ് തുടങ്ങിയത്. അതിനുശേഷം, മൂന്ന് കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളി കൂട്ടായ്മ അവരുടെ സമരങ്ങളെയും മുന്നോട്ടുകൊണ്ടുപോകുന്നത്. ജനുവരി എട്ടിനും മാർച്ച് 26നും നടന്ന രണ്ടു ഭാരത ബന്ദുകൾ വിജയിപ്പിക്കുന്നതിൽ വലിയ പങ്കാണ് തൊഴിലാളി സംഘടനകൾ വഹിച്ചത്. അതുപോലെ പലയിടത്തും റെയിൽവേ- റോഡ് ഉപരോധ സമരങ്ങൾ, രാജ്ഭവൻ ധർണ, ട്രാക്ടർ മാർച്ചുകൾ എന്നിവ നടന്നു. ഇതിലെല്ലാം വൻതോതിൽ തൊഴിലാളി പങ്കാളിത്തമുണ്ടായിരുന്നു. ഈ സമരത്തിലൂടെ തൊഴിലാളി- കർഷക ഐക്യം രൂപപ്പെട്ടുവരുന്നു എന്നത് ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച് പ്രധാനമാണ്. ഏത് വർഗീയ ശക്തികളെയും ചെറുത്തുതോൽപ്പിക്കാൻ ഈ മുന്നേറ്റത്തിന് കഴിയും.

ഈ സമരത്തിൽ നേതൃത്വപരമായ പങ്ക് വഹിക്കുന്നതിൽ അഖിലേന്ത്യ കിസാൻ സഭ ഉൾപ്പെടെയുള്ള ഇടതുപക്ഷ കർഷക സംഘടനകളും സി.ഐ.ടി.യു ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകളും വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. സി.ഐ.ടി.യുവും അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയനും കിസാൻ സഭയും കഴിഞ്ഞ ലോക്ക്ഡൗൺ കാലം മുതൽ നടത്തിയ തുടർച്ചയായ കാമ്പയിനുകൾ പ്രക്ഷോഭത്തിലേക്ക് ജനങ്ങളെ അണിനിരത്താൻ സഹായിച്ചിട്ടുണ്ട്. ഇടതുപക്ഷ ഐക്യവും ഇതിൽ പ്രധാന പങ്കാണ് വഹിക്കുന്നത്. പ്രത്യേകിച്ചും സി.പി.ഐ, സി.പി.ഐ (എം.എൽ), സി.പി.എം പാർട്ടികളുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഐക്യം തൊഴിലാളി- കർഷക സമരങ്ങളെ വളർത്തിയെടുക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്.

ആറുമാസത്തെ പ്രക്ഷോഭം, അതിനുമുമ്പ് പഞ്ചാബിലും രാജ്യത്തൊട്ടാകെയും കർഷകർ നടത്തിയ വിപുലമായ പ്രചാരണങ്ങൾ എന്നിവ ബി.ജെ.പി സർക്കാറിന്റെ കോർപറേറ്റ് അനുകൂല നയം തുറന്നുകാട്ടുന്നതിൽ വിജയിച്ചു. ‘എല്ലാവർക്കുമൊപ്പം എല്ലാവരുടെയൂം വികസനം' എന്നതിനുപകരം കോർപറേറ്റുകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ ഉൽപാദക വർഗങ്ങളായ തൊഴിലാളികളുടെയും കർഷകരുടെയും താൽപര്യങ്ങൾ ബലി കൊടുക്കുകയായിരുന്നു സർക്കാർ. 55 ശതമാനത്തിന്റെ താൽപര്യങ്ങൾ, ന്യൂനപക്ഷമായ കോർപറേറ്റുകൾക്കുവേണ്ടി ഒറ്റുകൊടുക്കുന്ന ഒരു സർക്കാറാണിതെന്ന് കർഷക സമരത്തിലൂടെ തെളിയിക്കപ്പെട്ടു.
ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ബഹുജനാടിത്തറ ഈ സമരം ഏറെ ദുർബലമാക്കി. വലിയ തെരഞ്ഞെടുപ്പുപരാജയത്തിലേക്കാണ് ബി.ജെ.പി പോകുന്നത്.

നേരത്തെ തെരഞ്ഞെടുപ്പുകളിൽ വലിയ വിജയം നേടിക്കൊണ്ടിരുന്ന അവസ്ഥക്കുപകരം, അവർക്ക് ശക്തമായ അടിത്തറയുള്ള സംസ്ഥാനങ്ങളിൽ പോലും പരാജയം ഏറ്റുവാങ്ങേണ്ട സ്ഥിതിയുണ്ടായി. കേരളത്തിലും ബംഗാളിലും തമിഴ്‌നാട്ടിലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കുണ്ടായ പരാജയം ഇതിന് ഉദാഹരണമാണ്. ബി.ജെ.പിക്ക് ഭരണമുള്ള ഉത്തർപ്രദേശിൽ 3700ഓളം പഞ്ചായത്തുസീറ്റുകളിൽ 600ൽ താഴെ സീറ്റിൽ മാത്രമാണ് പാർട്ടിക്ക് ജയിക്കാൻ കഴിഞ്ഞത്. ബനാറസ്, വാരാണസി, മഥുര, അയോധ്യ തുടങ്ങി ബി.ജെ.പി ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന മേഖലകളിൽ പോലും വൻ പരാജയം നേരിട്ടു.

ഇടതുപക്ഷ ഐക്യത്തിന് കരുത്തുപകരുന്നതാണ്, കേരളത്തിൽ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ മുന്നണി നേടിയ വലിയ വിജയം. ആ വിജയത്തിന്റെ പ്രധാന കുന്തമുന ബി.ജെ.പിക്ക് എതിരെയാണ്. ബി.ജെ.പിക്കുണ്ടായിരുന്ന ഏക എം.എൽ.എ നഷ്ടമാകുകയും അവരുടെ വോട്ടുശതമാനം കുറയുകയും ചെയ്തതിൽ കർഷക സമരവും പങ്കുവഹിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാറിനെതിരെ കർഷകർക്ക് പ്രക്ഷോഭത്തിന് തയാറാകേണ്ടിവരുന്നു എന്ന യാഥാർഥ്യം ബി.ജെ.പിയെ സഹായിച്ചിരുന്ന ജനപ്രിയ ഘടകങ്ങൾ നഷ്ടപ്പെടുന്നതിന് കാരണമായി. ഡൽഹിയിൽ അഞ്ച് മുനിസിപ്പൽ കൗൺസിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 27 ശതമാനം വോട്ടുമാത്രമാണ് ബി.ജെ.പിക്ക് കിട്ടിയത്. ഇതിനും കർഷക സമരം പങ്കുവഹിച്ചു. രാഷ്ട്രീയ വോട്ടിലേക്ക് ബി.ജെ.പി ചുരുങ്ങുകയാണ്. അവർക്ക് വിജയം നേടിക്കൊടുത്തിരുന്ന ജനപ്രിയ വോട്ട് അവരിൽനിന്ന് അകന്നുപോകുകയാണ്. അതുതന്നെയാണ് കേരളത്തിലും സംഭവിച്ചത്. ചരിത്രത്തിലാദ്യമായി കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണം ലഭിച്ചത്, അഖിലേന്ത്യ അടിസ്ഥാനത്തിൽ തന്നെ ഒരു ഇടതുപക്ഷജനാധിപത്യ ചേരി രൂപപ്പെടുന്നതിലേക്ക് വഴിതുറക്കും. ദേശീയ രാഷ്ട്രീയത്തിൽ തന്നെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് പ്രാധാന്യമേറും, അതിൽ കർഷക- തൊഴിലാളി സമരങ്ങൾ വലിയ പങ്കുവഹിക്കാൻ പോകുകയാണ്.

എന്തുകൊണ്ട് കാർഷിക പ്രതിസന്ധി?

ഇന്ത്യയിലെ ഏറ്റവും പ്രധാന ദേശീയ രാഷ്ട്രീയ പ്രശ്‌നമായി കർഷക പ്രശ്‌നത്തെ മാറ്റിയെടുക്കാൻ ഈ സമരത്തിനായി. കാർഷിക മേഖലയിലെ പ്രതിസന്ധിക്ക് ഒരു ഭൂതകാലമുണ്ട്. 1995 മുതലുള്ള സർക്കാർ കണക്കനുസരിച്ചുതന്നെ മൂന്നര ലക്ഷത്തിലേറെ കർഷകരാണ് ആത്മഹത്യ ചെയ്തത്. ഇതിന്റെ അഞ്ചുമടങ്ങായിരിക്കും യഥാർഥ കണക്ക്. ദിവസവും 2264 കർഷകർ കൃഷി ഉപേക്ഷിച്ച് പ്രവാസി തൊഴിലാളികളായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. കാർഷിക പ്രതിസന്ധി, മുതലാളിത്ത പ്രതിസന്ധിയുടെ ഭാഗമായാണ് കാണേണ്ടത്. ഇത് ഇന്ത്യയിൽ മാത്രമുള്ള പ്രശ്‌നമല്ല. ലോക മുതലാളിത്തത്തിന് 1930 കളിൽ വ്യവസ്ഥാ പ്രതിസന്ധിയുണ്ടായി. അതിനെ മഹാമാന്ദ്യം എന്നു വിളിക്കുന്നു. ഇതേതുടർന്ന് വലിയ രാഷ്ട്രീയ മാറ്റങ്ങളാണ് ഒന്നുരണ്ടു ദശകങ്ങൾക്കകത്തുണ്ടായത്. 1950കളാകുമ്പോഴേക്ക് ഇന്ത്യയും ചൈനയും കോളനിവ്യവസ്ഥയിൽനിന്ന് പുറത്തുവന്നു.

2008ൽ അമേരിക്കയിലെ ബാങ്കുകളും ഇൻഷൂറൻസ് കമ്പനികളും തകർന്നു. ഇതേതുടർന്ന്, മുപ്പതുകളിലേതുപോലെ ഒരു മഹാമാന്ദ്യത്തിലേക്ക്, വ്യവസ്ഥാപ്രതിസന്ധിയിലേക്ക് ലോകം സഞ്ചരിക്കാൻ തുടങ്ങി. 14 വർഷം കഴിഞ്ഞിട്ടും ആ പ്രതിസന്ധിയിൽനിന്ന് പുറത്തുവരാൻ മുതലാളിത്ത ലോകത്തിന് കഴിഞ്ഞിട്ടില്ല. ഇതിന്റെ പാശ്ചാത്തലത്തിലാണ് കാർഷിക പ്രതിസന്ധിയെയും കാണേണ്ടത്. ആഗോളവൽക്കണം എന്ന് പേരിട്ടുവിളിക്കുന്ന ഉദാരവൽക്കരണ സാമ്പത്തിക നയങ്ങൾ വിപണി മേൽക്കൈയിലൂടെ കർഷകരെയും തൊഴിലാളികളെയും ചൂഷണം ചെയ്യുകയാണ്. അവരുടെ കൂലിയും തൊഴിലും മിനിമം വിലയും ഇല്ലാതാക്കി. വരുമാനം നഷ്ടപ്പെട്ടതോടെ തൊഴിലാളികളുടെയും കർഷകരുടെയും വാങ്ങൽശേഷി വൻതോതിൽ കുറഞ്ഞു. ഇതിനെതിരായ ചെറുത്തുനിൽപ് എന്ന നിലയ്ക്കാണ്, ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ ഇത്ര വിപുലമായ കർഷക പ്രക്ഷോഭവും തൊഴിലാളി പ്രക്ഷോഭവും നടക്കുന്നത്.
ഇതോടൊപ്പം, ഇന്ത്യൻ തൊഴിലാളി വർഗം 30 വർഷമായി ആഗോളവൽക്കരണ സാമ്പത്തിക നയങ്ങൾക്കെതിരായി നടത്തുന്ന ചെറുത്തുനിൽപും കൂട്ടിവായിക്കേണ്ടതാണ്. 1991നുശഷം, 20 അഖിലേന്ത്യ പണിമുടക്ക് സമരങ്ങൾ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടന്നു.

ഉദാരവൽക്കരണ നയങ്ങളെ പിന്തുണക്കുന്ന കോൺഗ്രസും ബി.ജെ.പിയുമെല്ലാം തുടർച്ചയായി തെരഞ്ഞെടുപ്പിൽ ജയിക്കുമ്പോഴും, ഈ നയങ്ങൾ തെറ്റാണ് എന്ന് വിളിച്ചുപറയാനും അതിനെതിരെ പ്രക്ഷോഭം നടത്താനും കഴിഞ്ഞു എന്നതാണ് തൊഴിലാള വർഗത്തിന്റെ നേതൃപരമായ പങ്ക്. ഇത്തരം സമരങ്ങളാണ്, ഉദാരവൽക്കരണ നയങ്ങളെക്കുറിച്ച് വ്യാമോഹമുണ്ടായിരുന്ന കർഷക ജനവിഭാഗങ്ങളെ, പ്രത്യേകിച്ച് സമ്പന്ന കർഷക വർഗത്തെ, വ്യമോഹമുക്തരാക്കുന്നതിലേക്കും അവരെ തൊഴിലാളി- കർഷക ഐക്യത്തിന്റെ അടിസ്ഥാനത്തിൽ, സംയുക്തപ്രക്ഷോഭത്തിലേക്ക് നയിക്കുന്നതിനും കാരണമായത്. തൊഴിലാളി വർഗത്തിന്റെ നേതൃപരമായ പങ്ക്, തൊഴിലാളി- കർഷക ഐക്യം എന്നിവയാണ് കോർപറേറ്റുകൾക്കെതിരെ ഉയർന്നുവരുന്ന പുതിയ പ്രക്ഷോഭത്തിന്റെ അടിസ്ഥാനം. ഇത് രണ്ടാം സ്വാതന്ത്ര്യസമരമായി ഉയർന്നുവരാൻ പോകുകയാണ്. വരും വർഷങ്ങളിൽ രാജ്യത്തെയാകെ ഇളക്കി മറിക്കുന്ന, പതിനായിരക്കണക്കിന്, ലക്ഷക്കണക്കിന് ജനങ്ങൾ പങ്കാളികളാകുന്ന വലിയ പ്രക്ഷോഭങ്ങൾ കാണാൻ കഴിയും.

സമരത്തിന്റെ ഭാവി?

കർഷകവിരുദ്ധ നിയമങ്ങളും നാല് ലേബർ കോഡുകളും പിൻവലിക്കണം, തൊഴിലാളികൾക്കും കർഷകർക്കും മിനിമം കൂലിയും വിലയും ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങൾ എങ്ങനെ നേടിയെടുക്കാൻ കഴിയും? ഏതു രൂപത്തിലുള്ള ബദൽ നയങ്ങളാണ് നടപ്പാക്കേണ്ടത് എന്ന കാര്യവും ചർച്ച ചെയ്യണം.

കർഷക സമരത്തിന്റെ പ്രധാന ആവശ്യങ്ങൾക്ക് പരിഹാരം കാണണമെങ്കിൽ, ഇന്ത്യൻ കാർഷിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ ഭരണകൂടം തയാറാകണം. അതിന് അവർ തയാറാകില്ല. കാരണം, കേന്ദ്ര ഭരണകൂടം എന്നത് വൻകിട മുതലാളിത്ത വർഗത്തിന് നിർണായക സ്വാധീനമുള്ളതും അതിന്റെ ഭരണവർഗ പാർട്ടിയായ ബി.ജെ.പി നേതൃത്വം നൽകുന്നതുമായ ഒന്നാണ്. അവർ കോർപറേറ്റുകളുടെയും സാർവദേശീയ ധനമൂലധനത്തിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന നയങ്ങളാണ് നടപ്പാക്കുക എന്ന് വ്യക്തമാണ്.
മൂന്ന് കർഷക വിരുദ്ധ നിയമങ്ങളും കൃഷിയെ കമ്പനിവൽക്കരിക്കാനുള്ളതാണ്. കോർപറേറ്റുവൽക്കരണത്തിലൂടെ കർഷകരെ കരാർ കർഷകരാക്കി മാറ്റുകയും അവരുടെ ഭൂമിയും ഉൽപ്പന്നങ്ങളും വൻ ലാഭമുണ്ടാക്കാൻ പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന നിയമങ്ങളാണ്. കോർപറേറ്റ് കമ്പനികൾക്ക് ഉൽപ്പന്നങ്ങൾ സംഭരിക്കാനും അവ ഉപയോഗിക്കാനും സൗകര്യം കൊടുക്കുന്ന നിയമമാണ്. വില കൊടുത്തുവാങ്ങാതെ തന്നെ, കരാർ കൃഷിയുടെ അടിസ്ഥാനത്തിൽ കൃഷിഭൂമി ഉപയോഗപ്പെടുത്താൻ കഴിയും, അവിടെനിന്നുണ്ടാകുന്ന ഉൽപ്പന്നങ്ങൾ അവരുടേതായി മാറും, അതിന് അവർ കൊടുക്കുന്ന തുച്ഛവില മാത്രമേ കർഷകർക്ക് ലഭിക്കൂ.

മറുഭാഗത്ത്, ഉൽപ്പന്നങ്ങൾ സ്വന്തമാക്കി അവയിൽനിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങളുണ്ടാക്കി വലിയ വിലക്ക് വിറ്റ് ലാഭമുണ്ടാക്കാൻ അവർക്കുകഴിയും.
ഇതിന് ഉദാഹണമാണ് പഞ്ചാബിലെ ബസുമതി അരി. ബസുമതി നെല്ല് കൃഷിചെയ്യുന്ന കർഷകർക്ക് കിലോക്ക് 18- 30 രൂപ വരെയാണ് കിട്ടുന്നത്. പക്ഷെ, അത് വാങ്ങുന്ന അദാനി ഗ്രൂപ്പ് സ്‌പെഷൽ അരിയാക്കി മാറ്റി കിലോക്ക് 208 രൂപക്കാണ് വിൽക്കുന്നത്. കർഷകന് ന്യായവില കൊടുക്കുന്നില്ല, ഉപഭോക്താവിനോട് വലിയ വില വാങ്ങുകയും ചെയ്യുന്നു. ഇങ്ങനെ വലിയ മിച്ചം കമ്പനികളുടെ കൈയിൽ വരുന്നുണ്ട്.

വയനാട് ജില്ലയിലെ കാപ്പി എടുക്കാം. 120 രൂപയാണ് കാപ്പിപ്പരിപ്പിന് വില. 20 വർഷം മുമ്പും ഇതായിരുന്നു വില. രണ്ടര കിലോ കാപ്പിപ്പരിപ്പാണ് ഒരു കിലോ ഇൻസ്റ്റൻറ്​ കാപ്പിപ്പൊടി ഉൽപാദിപ്പിക്കാൻ വേണ്ടത്. കാപ്പിപ്പരിപ്പ് വാങ്ങുന്ന നെസ്‌ലേ ഇന്ത്യയും ബ്രൂക്ക്‌ബോണ്ടുമെല്ലാം 2000- 3000 രൂപ വരെ വിലയ്ക്കാണ് കാപ്പിപ്പൊടി വിൽക്കുന്നത്. 8000 രൂപക്ക് വിൽക്കുന്ന ഇൻസ്റ്റൻറ്​ കാപ്പിപ്പൊടിയും ഫിൽട്ടർ പൗഡറുകളുമുണ്ട്. പെട്രോളിയം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ലാഭമുള്ള വ്യവസായം കാപ്പിയാണ്. ഇത്ര ലാഭം കമ്പനികൾ എടുക്കുമ്പോൾ അതിൽനിന്ന് നിശ്ചിത ശതമാനം പ്രാഥമിക ഉൽപാദകരായ കർഷകർക്കും കർഷകതൊഴിലാളികൾക്കും പങ്കുവെക്കാൻ കമ്പനികളെ നിർബന്ധിക്കുന്ന നിയമനിർമാണം ആവശ്യമാണ്.

കഴിഞ്ഞ ഇടതുപക്ഷ സർക്കാർ, അവസാന ഘട്ടത്തിൽ വയനാട് കോഫി എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. 60- 65 രൂപ വിലയുള്ള ഉണ്ടക്കാപ്പിക്ക് 90 രൂപയാണ് കൊടുക്കുന്നത്. ഉണ്ടക്കാപ്പി വാങ്ങി സംഭരിച്ച്, പൊടിയാക്കി വിറ്റുകിട്ടുന്ന വരുമാനത്തിൽനിന്നാണ് ഇത് കൊടുക്കുന്നത്. അതിനുള്ള വ്യവസായമാണ് വയനാട് കോഫി പദ്ധതി. അതിന് അഞ്ചുകോടി രൂപയാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. കർഷകരുടെ നേതൃത്വത്തിൽ കാർഷിക വ്യവസായങ്ങൾ സഹകരണാടിസ്ഥാനത്തിൽ ആരംഭിക്കാവുന്നതാണ്. റബർ വിലയിടിവിൽ കഴിഞ്ഞ പത്തുവർഷം കൊണ്ട് കർഷകർക്കുണ്ടായ നഷ്ടം 60,000 കോടി രൂപയാണ്. അഞ്ചുവർഷം കൊണ്ട് കിഫ്ബിയിലൂടെ നടപ്പാക്കിയ വികസന പദ്ധതികൾ 50,000 കോടി രൂപയുടേതാണ് എന്നോർക്കണം. ഒരു വിളയിൽ മാത്രം കേരളത്തിലെ കർഷകർക്ക് പത്തുവർഷം കൊണ്ട് ഇത്ര വലിയ തുക നഷ്ടമാകുന്നുണ്ട്. നാളികേരം, കുരുമുളക്, തേയില എന്നിവയിലെല്ലാ ഇത്തരം വൻ നഷ്ടങ്ങളുണ്ടാകുന്നുണ്ട്. പൊതു- സ്വകാര്യ- സഹകരണ മേഖലകളിൽ കാർഷിക വ്യവസായങ്ങളുണ്ടാക്കുന്ന വൻ ലാഭം കർഷകരുമായി പങ്കുവെക്കുന്ന നയം, ഇടതുപക്ഷ ജനാധിപത്യ ബദൽ നയമാണ്. ഇത് നടപ്പാക്കാൻ തീർച്ചയായും ബി.ജെ.പി സർക്കാർ തയാറാകില്ല. കേരളത്തിൽ ഇടതുപക്ഷ സർക്കാർ അത് ചെയ്യുന്നുണ്ട്. രാജ്യത്ത് നരേന്ദ്രമോദി സർക്കാർ ഒരു ക്വിന്റൽ നെല്ലിന് 1850 രൂപ കൊടുക്കുമ്പോൾ കേരളത്തിലെ ഇടതുപക്ഷ സർക്കാർ 2850 രൂപ കൊടുക്കുന്നുണ്ട്. സഹകരണമേഖലയുടെ പിന്തുണയോടെയാണ് അത് സംഭരിക്കുന്നത്.

കേരളത്തിന്റെ കാർഷികമേഖലയിൽ കർഷകർ നേരിടുന്ന നഷ്ടം എത്ര ഭീമമാണ് എന്നത് സാമ്പത്തിക ശാസ്ത്രജ്ഞരോ പ്ലാനിങ് ബോർഡോ സർക്കാറോ വേണ്ടത്ര ചർച്ച ചെയ്യുന്നില്ല. കേരളത്തിന്റെ കാർഷിക പ്രശ്‌നം പരിഹരിക്കാൻ ഇടതുമുന്നണി സർക്കാർ ഏറ്റവും ഉയർന്ന പരിഗണന നൽകണം. അതിലൂടെ മാത്രമേ കാർഷികോൽപ്പന്നങ്ങളിൽനിന്ന് വൻതോതിൽ മിച്ചോൽപാദനം നടത്താനും അതിന്റെ നേട്ടം കർഷകർക്കും കർഷക തൊഴിലാളികൾക്കും തോട്ടം തൊഴിലാളികൾക്കും ഉറപ്പുവരുത്താനും കഴിയൂ. ഇത്തരം വരുമാനത്തിലൂടെ ക്രയശേഷിയുള്ള ഒരു കർഷക ജനത ഉയർന്നുവരും. അത് ആഭ്യന്തര വിപണിയുടെ വളർച്ചക്കും കേരളത്തിന്റെ വ്യവസായവൽക്കരണത്തിനും ഉത്തേജനമാകും. അതിന്, കാർഷിക പ്രശ്‌നത്തിന് ഏറ്റവും ഉയർന്ന മുൻഗണന നൽകാൻ കഴിയണം. കേരളത്തിലെ സർക്കാർ ഇത് നടപ്പാക്കുന്ന മുറയ്ക്ക് മറ്റു സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനുതന്നെയും അത് മാതൃകയാകും. കാർഷിക ഉൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പുവരുത്തുന്ന ഒരു സർക്കാർ, തൊഴിലാളികൾക്ക് മിനിമം കൂലിയും ജോലിയും ഉറപ്പുനൽകുന്ന ഒരു സർക്കാർ- അത്തരമൊരു സർക്കാറാണ് വരേണ്ടത്.

കർഷകരുടെ തന്നെ കൂട്ടായ ഉടമസ്ഥതയിലുള്ള കാർഷിക വ്യവസായങ്ങൾ ഉയർന്നുവരണം. കൃഷിഭൂമി കർഷകന് സ്വന്തമായതുപോലെ, കാർഷിക വ്യവസായങ്ങളും കർഷകരുടെയും തൊഴിലാളികളുടെയും കൂട്ടുടമസ്ഥതയിലേക്ക് കൊണ്ടുവരാനുള്ള സഹകരണ കൃഷി രാജ്യത്താകെ നടപ്പാക്കുന്ന ഒരു സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരണം. അതിന് ഇടതുപക്ഷ ജനാധിപത്യശക്തികളുടെ ഒരു ബദൽ മുന്നേറ്റം രാജ്യത്താകെ ഉണ്ടാകണം, അതിന് തൊഴിലാളികളും കർഷകരും നടത്തുന്ന സമരം സഹായകമാകും.

ലോക മുതലാളിത്ത വ്യവസ്ഥാ പ്രതിസന്ധി, ലോകത്തെ മറ്റൊരു മഹാമാന്ദ്യത്തിലേക്ക് കൊണ്ടുപോകുകയാണ്. സാമ്പത്തിക ഉദാരവൽക്കരണ നയങ്ങൾക്കെതിരെ ലോകമാകെ വലിയ ചെറുത്തുനിൽപുസമരങ്ങൾ ഉയർന്നുവരും. അത്തരം സമരങ്ങളുടെ ഭാഗമായി വേണം ഇന്ത്യയിലെ കർഷക സമരത്തെയും കാണാൻ. അതിലൂടെ ഈ സമരത്തെ, ഇന്ത്യയിൽ വലിയ രാഷ്ട്രീയ മാറ്റമുണ്ടാക്കുന്ന ഒരു മുന്നേറ്റമായി വികസിപ്പിക്കാൻ കഴിയും. തൊഴിലാളികളുടെയും കർഷകരുടെയും താൽപര്യം സംരക്ഷിക്കുന്ന ഒരു ഇടതുപക്ഷ ജനാധിപത്യ ബദൽ നയം നടപ്പാക്കാൻ തയാറാകുന്ന ഒരു രാഷ്ട്രീയ മാറ്റം, അതിന് സഹായകമായ രീതിയിൽ ഒരു രണ്ടാം സ്വാതന്ത്ര്യസമരം ഉയർന്നുവരികയാണ് ചെയ്യുക.

(2020 മെയ്​ 25ന്​ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റഡ്​ വേഷൻ)


പി. കൃഷ്ണപ്രസാദ്

രാജ്യത്തെ കർഷക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. അഖിലേന്ത്യ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി. സുൽത്താൻ ബത്തേരിയിൽ നിന്നുള്ള സി.പി.എം എം.എൽ.എയായിരുന്നു

Comments