ഏതു സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും ചരിത്രം, അടിസ്ഥാനപരമായി പങ്കുവെക്കലിന്റെയും കൂടിക്കലരലിന്റെയും ചരിത്രമാണ്. ജനിതകപരമോ പുരാവിജ്ഞാനപരമോ ചരിത്രപരമോ ആകട്ടെ, ഏത് നിലയിലുള്ള അന്വേഷണങ്ങളും ഇക്കാലംവരെ നമ്മളെ ബോധ്യപ്പെടുത്തിയ കാര്യം ഇതാണ്. കുടിയേറ്റത്തെക്കുറിച്ച ഏറ്റവുമൊടുവിലത്തെ ജനിതക പഠനങ്ങളെല്ലാം ആര്യൻ കുടിയേറ്റത്തെക്കുറിച്ച ആശയങ്ങൾ ഉറപ്പിക്കുകയാണ് ചെയ്തത്. ഇത്തരം കണ്ടെത്തലുകളെ പൂർണമായി അട്ടിമറിച്ച് ഹിന്ദുത്വ അജണ്ടക്ക് ചേരുംവിധം നമ്മുടെ ഭൂതകാലത്തിന്റെ ദീർഘചരിത്രം ഉണ്ടാക്കിയെടുക്കാനുള്ള ഒരു പ്രൊജക്റ്റ് ആയിട്ടാണ്, ഇന്ത്യൻ സംസ്‌കാരത്തിന്റെ ഉൽഭവവും പരിണാമവും പഠിക്കാൻ കേന്ദ്ര സാംസ്‌കാരിക വകുപ്പ് വിദഗ്ധ സമിതിയെ നിയോഗിച്ചത് എന്നാണ് പ്രാഥമികമായി എനിക്കു തോന്നുന്നത്.
സംശയാസ്പദം, അവരുടെ രാഷ്ടീയ - വൈജ്ഞാനിക അടിസ്ഥാനം
ഒന്നാമതായി, ആ കമ്മിറ്റിയിൽ പുരാവിജ്ഞാനത്തിന്റെയോ ചരിത്രപഠനത്തിന്റെയോ മേഖലയിൽ നമ്മൾ മനസ്സിലാക്കിയ വിദഗ്ധർ ആരുംതന്നെയില്ല. സർക്കാർ ലിസ്റ്റിലെ ഒരു ‘വിദഗ്ധൻ' എം.ആർ. ശർമയാണ്, സന്മാർഗ് വേൾഡ് ബ്രാഹ്മിൻ ഫെഡറേഷൻ എന്ന ഒരു സംഘടനയുടെ ചെയർമാനാണ് അദ്ദേഹം. ഇങ്ങനെ സവർണ ജാതിക്കൂട്ടായ്മകളുടെയൊക്കെ നേതാക്കന്മാർ വരെ ആ ലിസ്റ്റിലുണ്ട്. എന്നാൽ വിശേഷവൈദഗ്ധ്യമുള്ള പണ്ഡിതന്മാർ ഏറെയൊന്നും ഇല്ലയെന്നാണ് ആ ലിസ്റ്റ് നോക്കിയപ്പോൾ ഒറ്റനോട്ടത്തിൽ തോന്നിയത്.
രണ്ടാമതായി, ഇന്ത്യയിൽ വൈവിധ്യപൂർണമായ സംസ്‌കാരമാണുള്ളത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളും, തെക്കേ ഇന്ത്യയും, ദളിത് ജനസമൂഹവും ആദിവാസി സമൂഹങ്ങളുമെല്ലാം ഉൾപ്പെട്ടതാണ് ഇന്ത്യ. ഇവർ പറയുന്ന ഏകപാരമ്പര്യത്തേക്കാൾ ദീർഘവും ബലിഷ്ഠവുമായിരിക്കും നമ്മുടെ പല തദ്ദേശീയ സമൂഹങ്ങളുടെയും പാരമ്പര്യം, ആദിവാസികളുടെയും ദളിത് സമൂഹങ്ങളുടെയുമൊക്കെ പാരമ്പര്യം. അതൊന്നും അറിയുന്ന ഒരാളും ഇതിനകത്തില്ല.
കേന്ദ്രത്തിന്റെ ഈ നീക്കത്തിനുപിന്നിൽ രണ്ടുമൂന്ന് അജണ്ടകൾ ഉള്ളതായാണ് എനിക്കു തോന്നുന്നത്. ഒന്ന്, ആര്യൻ കുടിയേറ്റം എന്നതിനെ മറച്ചുപിടിക്കുക, ഇന്ത്യ അടിസ്ഥാനപരമായി ആര്യൻ ആണെന്ന് സ്ഥാപിക്കുക. സംസ്‌കൃതമാണ് ഇന്ത്യയുടെ ദേശീയ ഭാഷയെന്നു വരുത്തുക, മറ്റെല്ലാം അതിന്റെ ഉപഭാഗങ്ങളാണ് എന്നു സ്ഥാപിക്കുക, ഹിന്ദുത്വത്തെ ദേശീയ സംസ്‌കാരമായി ഉറപ്പിക്കുക... അങ്ങനെയൊക്കെയുള്ള രാഷ്ട്രീയ അജണ്ടകളാണ് ഇതിനു പിന്നിലെന്നാണ് തോന്നുന്നത്. എന്തായാലും ഒരു കാര്യം ഉറപ്പാണ്, നടക്കാൻ പോകുന്ന പഠനത്തിന്റെയും അത് നിർവഹിക്കുന്ന സംഘത്തിന്റെയും രാഷ്ടീയ - വൈജ്ഞാനിക അടിസ്ഥാനം വളരെ സംശയാസ്പദമാണ്, അതിന്റെ രാഷ്ട്രീയ സ്വഭാവം ഹിന്ദുത്വയുക്തിയുടേതാണെന്നത് വ്യക്തവുമാണ്.
ഇന്ത്യൻ സമൂഹത്തിലെ ബഹുഭൂരിപക്ഷത്തേയും പ്രാതിനിധ്യം ഒഴിച്ചുനിർത്തി നടത്തുന്ന ഈ ചരിത്ര- സംസ്‌കാര പഠനത്തിന്റെ ഫലം ഊഹിക്കാവുന്നതേയുള്ളൂ. ഏതുനിലയിലേക്കാണ് ഇവർ ഇന്ത്യയുടെ 12,000 വർഷത്തെ ചരിത്രം സൃഷ്ടിക്കാൻ പോകുന്നതെന്ന് ഈ സമിതിയെ കണ്ടാൽ തന്നെ അറിയാം. ഇതിൽ രണ്ട് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന്, നമ്മുടെ ചരിത്രത്തിലെ വലിയ കൊടുക്കൽ വാങ്ങലുകൾ. ആര്യൻ കുടിയേറ്റം ഒരുഭാഗത്ത്, അല്ലെങ്കിൽ അതിനുമുമ്പ് ഇറാനിയൻ മേഖലയിൽ നിന്നുണ്ടായ കാർഷിക സമൂഹങ്ങളുടെ വരവുമുതലുള്ള സ്വാഭാവിക സഞ്ചാരങ്ങൾ. മറ്റൊന്ന് ഇന്ന് ഹിന്ദുവെന്ന് ഇവർ വിളിക്കുന്നതിനുള്ളിൽ തന്നെയുള്ള എത്രയോ വൈവിധ്യപൂർണമായ അംശങ്ങൾ. ശാകൻമാർ, കുശാനന്മാർ, ഇന്തോ പാർത്ഥിയന്മാർ, പിന്നീടുവന്ന ജനവിഭാഗങ്ങൾ ഇവരൊക്കെ നമ്മുടെ സമൂഹത്തിന്റെ ഭാഗമായി മാറിയല്ലോ. നമ്മുടെ ഭക്ഷണശീലം, വസ്ത്രരീതി, ദൈവസങ്കൽപങ്ങൾ ഇതിലൊക്കെ എത്രയോ കൂടിക്കലർച്ചകളുണ്ട്. ഈ കൂടിക്കലർച്ചകളിൽ നിന്നേ നമ്മുടെ സംസ്‌കൃതിയെ മനസിലാക്കാൻ പറ്റൂ. ഈ കൂടിക്കലർപ്പുകളെ മുഴുവൻ മറച്ചു പിടിക്കുക, ഇല്ലാതാക്കുക എന്നതാണ് ഇവരുടെ അടിസ്ഥാന അജണ്ട. മുസ്‌ലിംകൾ ഇന്ത്യക്കാരല്ല എന്ന് വരുത്താനുള്ള ദീർഘകാല പദ്ധതി പൗരത്വനിയമത്തിൽ ഒളിഞ്ഞിരിക്കുന്നതുപോലെ ഇതും സമാനമായ യുക്തിയിലേക്കു തന്നെയാവും പോകുന്നത്. ഇന്ത്യൻ സംസ്‌കാരം ഹിന്ദുത്വയാണ്, ഇസ്ലാമും മറ്റു പലതും പിന്നീട് അധിനിവേശത്തിലൂടെ ഇന്ത്യയിലേക്ക് വന്നതാണ് എന്ന മട്ടിലുള്ള ഒരു ആഖ്യാനത്തിലേക്കാകും പഠനങ്ങളുടെ മുന നീളുന്നത്.
എന്താണ് അധിനിവേശം?
വാസ്തവത്തിൽ മോഡേൺ ആയ ടെറിറ്റോറിയൽ പൊളിറ്റിക്കൽ ഫ്രെയിമിനുള്ളിൽ നിന്നുകൊണ്ടാണല്ലോ നമ്മൾ അധിനിവേശം എന്നൊക്കെ പറയുന്നത്. വാസ്തവത്തിൽ പഴയകാലത്ത് എന്താണ് സംഭവിച്ചത്? ജനസമൂഹങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നു, കുടിയേറുന്നു, പങ്കുവെച്ചു ജീവിക്കുന്നു. അല്ലാതെ ഔട്ട് ഓഫ് ആഫ്രിക്ക എന്നതിനെ നമുക്ക് അധിനിവേശമായി എടുക്കാൻ പറ്റില്ലല്ലോ. ആഫ്രിക്കയിൽ നിന്ന് പുറപ്പെടുന്നു, അവർ യൂറോപ്പിലെത്തുന്നു, ഏഷ്യയിലെത്തുന്നു, ലോകത്തിന്റെ പലഭാഗത്തും സെറ്റിൽ ചെയ്യുന്നു. അധിനിവേശം എന്ന് വിളിക്കാവുന്നത് ഏറ്റവും ഒടുവിലുണ്ടായ, ഇന്ത്യയെ രാഷ്ട്രീയമായും സൈനികമായും സാമ്പത്തികമായും കീഴടക്കിയ, യൂറോപ്യൻ കോളനിവൽകരണത്തെ മാത്രമാണ്. ആ നിലയിൽ ആര്യൻ കുടിയേറ്റം ഒരു കുറ്റമല്ല. ചരിത്രത്തിൽ മനുഷ്യർ പലയിടങ്ങളിലേക്കും കുടിയേറിയിട്ടുണ്ട്. പ്രശ്നമെന്താണെന്നുവെച്ചാൽ, അങ്ങനെയൊന്ന് ഇല്ലെന്ന് വരുത്തി തീർത്ത് ഇന്ത്യൻ സംസ്‌കൃതിക്ക് മുകളിൽ സമ്പൂർണ അവകാശം സ്ഥാപിക്കാൻ ഹിന്ദുത്വം നടത്തുന്ന ശ്രമമാണ്, അപ്പോൾ മാത്രമാണ് ആര്യൻ കുടിയേറ്റവും മറ്റും നമുക്ക് ഉറപ്പിച്ചു പറയേണ്ടിവരുന്നത്.
ബാബറി മസ്ജിദ് പൊളിച്ച സമയത്ത് നടൻ കമൽഹാസൻ പറഞ്ഞ ഒരു കാര്യമുണ്ട്, ബാബർ വന്ന അതേ വഴിയിൽകൂടിയാണ് അതിനും 3000 കൊല്ലം മുമ്പ് ആര്യന്മാരും വന്നതെന്ന്. അതുകൊണ്ട് വഴിയൊക്കെ ഒന്നുതന്നെയാണ്. ആദ്യം വന്നവർ കേമന്മാരും പിന്നാലെ വന്നവർ മോശക്കാരും എന്നു പറയുന്നതിൽ വലിയ കഥയില്ല. അത്രയേയുള്ളൂ.
ഗണപതിയുടെ തലയും ത്രേതായുഗത്തിലെ ആറ്റംബോംബും
പാശ്ചാത്യ പണ്ഡിതന്മാർ സൃഷ്ടിച്ച തെറ്റിധാരണ ആർക്കിയോളജിക്കൽ, അസ്‌ട്രോണമിക്കൽ, ലിറ്റററി തെളിവുകളിലൂടെ നീക്കുകയാണ് പഠനത്തിന്റെ ലക്ഷ്യമെന്നൊക്കെ പറയുന്നുണ്ട്. പാശ്ചാത്യരുണ്ടാക്കിയ തെറ്റിദ്ധാരണകളിൽ നിന്ന് മുക്തമായ ശരിയായ ചരിത്രമെന്ന ധാരണ സൃഷ്ടിക്കുക. ഇവരുടെ ആർക്കിയോളജി എന്താണ്? എനിക്കറിയില്ല. ആർക്കിയോളജി അടിസ്ഥാനസ്വഭാവമുള്ള ശാസ്ത്രമാണ്. ഇവർ പലയിടത്തും കുഴിച്ച് അതുകിട്ടി, ഇതുകിട്ടി എന്ന് പറയുമ്പോൾ, ആർക്കിയോളജി ഗവേഷണങ്ങളുമായി അതിന് ബന്ധമൊന്നുമില്ല. അതുകൊണ്ട് ആർക്കിയോളജി കൊണ്ട് അവർക്ക് ഇക്കാര്യത്തിൽ എത്രത്തോളം നീങ്ങാൻ പറ്റുമെന്ന് അറിയില്ല. പിന്നെ അസ്ട്രോണമി. അസ്ട്രോണമിയെന്ന് പറഞ്ഞ് അതിനെ അസ്ട്രോളജിയാക്കി മാറ്റുകയാണ് ഇവർ ചെയ്യുക. മഹാഭാരയുദ്ധത്തിന്റെ കാലം ഗണിച്ച് എടുക്കുക തുടങ്ങിയ ഏർപ്പാടുകളാകും ഇതിനകത്ത് ഉണ്ടാകാൻ പോകുന്നത്. പുരാണങ്ങളെയും മിത്തുകളെയും ‘ശാസ്ത്രീയ'മായി പ്രതിഷ്ഠിക്കാൻ ശ്രമിക്കും. മിത്തുകളെ ശാസ്ത്രമാക്കും, ചരിത്രമാക്കും.
ഇവിടെയൊരു അടിസ്ഥാന പ്രശ്നമുണ്ട്; അന്വേഷണത്തിൽ ശാസ്ത്രീയ മെത്തഡോളജി പിന്തുടരുകയും തെളിവുകൾ തമ്മിൽ തമ്മിൽ കൊറോബറേറ്റ് ചെയ്ത് ഒരു നിഗമനത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുക എന്നതാണല്ലോ ശരിയായി ചെയ്യാവുന്ന കാര്യം. ശാസ്ത്രീയമായ മെത്തഡോളജി പിന്തുടർന്ന് തെളിവുകൾ കണ്ടെത്തുക എന്നുള്ളത് ആർക്കിയോളജിക്കലായോ അല്ലെങ്കിൽ ഹിസ്റ്ററിക്കലായോ അവർക്ക് ചെയ്യാൻ പറ്റുമെന്ന് ഞാൻ കരുതുന്നില്ല. പിന്നെ, ഐതിഹ്യങ്ങളെയും പുരാണങ്ങളെയുമൊക്കെ കഥകളാക്കുന്ന ഏർപ്പാട് ഇവർ ദീർഘകാലമായി ചെയ്യുന്നുണ്ട്. അതു തുടരും.
ഇന്ത്യൻ സയൻസ് കോൺഗ്രസിൽ ഗണപതിയുടെ തല പ്ലാസ്റ്റിക് സർജറിയാണെന്നും ത്രേതായുഗത്തിൽ ആറ്റംബോംബുണ്ടായിരുന്നെന്നും പറഞ്ഞ് പ്രബന്ധം അവതരിപ്പിക്കുന്ന കാലമാണ്. ഇവർക്ക് അങ്ങനെയൊരു രീതിയുണ്ട്. അതുവെച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ അവരുടെ ജോലി താരതമ്യേന എളുപ്പമാണ്. കാരണം, ശാസ്ത്രീയമായ, വസ്തുതാപരമായി ഉറച്ചുകഴിഞ്ഞ, ഒരു വിജ്ഞാനശാഖയുടെ ഉള്ളിൽ കയറി മേൽപ്പറഞ്ഞതു പോലുള്ള അസംബന്ധം പറയാൻ പറ്റുന്നവർക്ക് 12,000 കൊല്ലത്തെ ചരിത്രത്തിന് കള്ളത്തെളിവുണ്ടാക്കാനും കൃത്രിമമായ നരേറ്റീവുണ്ടാക്കാനും എളുപ്പമാണ്. ഹിന്ദുക്കൾ ഒറിജിനൽ ഇൻഹാബിറ്റുകളുടെ പിന്മുറക്കാരാണെന്ന് സ്ഥാപിക്കുന്ന തരത്തിൽ ടെക്സ്റ്റുകൾ ഉണ്ടാക്കാൻ പറ്റും. വാസ്തവത്തിൽ ഏറ്റവുമവസാനത്തെ പഠനങ്ങൾ ഇത്തരം വാദങ്ങളൊക്കെ തള്ളിക്കളയുന്നുണ്ടല്ലോ. കടന്നുവന്ന ആര്യന്മാരുടെയും തദ്ദേശീയരുടെയും ജനതക ഘടനകൾ തമ്മിലുള്ള വ്യത്യാസം ഏതാണ്ട് നിസ്സംശയം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
വാസ്തവത്തിൽ അന്തിമമായ അവസാനസത്യം പ്രഖ്യാപിക്കുന്ന ഒന്നല്ല ഇതെല്ലാം. പുതിയ തെളിവുകളും പുതിയ വ്യാഖ്യാനങ്ങളും വീണ്ടും വരും. അതിൽ തെറ്റൊന്നുമില്ല. ഇവർ ഇതിനെ തങ്ങളുടെ പൊളിറ്റിക്കൽ പ്രൊജക്റ്റിന്റെ ഭാഗമാക്കുമ്പോൾ മാത്രമാണ് അതിന് ഇത്ര വലിയ മാരകസ്വഭാവം വരുന്നത്. അല്ലെങ്കിൽ ഒരു തെളിവ് ചോദ്യം ചെയ്യപ്പെടുന്നു, അടുത്ത തെളിവ് വരുന്നു, പുതിയ വിശദീകരണങ്ങൾ വരുന്നു, അതിൽ അസ്വാഭാവികമായി യാതൊന്നും ഇല്ല. പക്ഷേ ഇത്ര വലിയൊരു രാഷ്ട്രീയ പരിപാടി ഇതിന്റെ പുറകിൽ വരുമ്പോഴാണ് ഇതിന് നമ്മൾ പ്രതീക്ഷിക്കാത്ത ഡയമൻഷൻ വരുന്നത്.
എന്തെല്ലാം പറഞ്ഞാലും ഇക്കാര്യത്തിൽ ഇതുവരെ വിശ്വസനീയമായ ഒരു ആഖ്യാനം ഉണ്ടാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല; ചരിത്രത്തിലായാലും പുരാവിജ്ഞാനത്തിന്റെ മേഖലയിലായാലും. അവരുടെ പ്രത്യയശാസ്ത്രത്തിന് ഇണങ്ങുന്ന ഇന്റലക്ച്വലായ സ്വാധീനം അവർക്ക് ഈ മേഖലയിൽ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇങ്ങനെയൊരു നരേറ്റീവ് ഒരു വിപുലപദ്ധതിയായി ഉണ്ടാക്കിയെടുക്കാനാണ് ഇപ്പോഴത്തെ ശ്രമം.
ദേശീയവാദ ചരിത്രത്തിലെ ഹിന്ദുത്വ യുക്തി
യഥാർത്ഥത്തിൽ ഇത്തരം ശ്രമങ്ങൾ തീർത്തും പുതിയതല്ല, മുമ്പും ഉണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഒരു ഘട്ടം കഴിഞ്ഞ് ദേശീയ പ്രസ്ഥാനം ഒട്ടൊക്കെ സെക്യുലറായി കഴിഞ്ഞപ്പോൾ മുതൽ ഇത്തരം ശ്രമങ്ങളുണ്ട്. ഹിന്ദുത്വത്തിന്റെ ഫ്രെയിംവർക്കിലേക്ക് ചേർത്ത് ഇന്ത്യയുടെ ദേശീയചരിത്രം എഴുതാൻ ശ്രമം അന്നേ നടന്നിരുന്നു. നെഹ്റുവിനൊക്കെ വലിയ സ്വാധീനമുണ്ടായിരുന്ന കാലമായതുകൊണ്ട് അതിനുവലിയ ആധിപത്യം കിട്ടിയില്ല. ആർ.സി. മജൂംദാർ ചെയർമാനായി വലിയൊരു പ്രൊജക്റ്റ് വന്നു; ‘കൾച്ചറൽ ഹിസ്റ്ററി ഓഫ് ഇന്ത്യ'. പല വോള്യങ്ങളായി അവർ എഴുതിയിട്ടുണ്ട്. അന്ന് ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യധാരക്ക് എതിരായാണ് ഇത്തരം നീക്കങ്ങൾ വരുന്നത്. അതായത്, ഹിന്ദു- മുസ്‌ലിം ഐക്യത്തെയും മതമൈത്രിയെയും ഉയർത്തിപ്പിടിക്കുന്ന മുഖ്യധാരക്കെതിരെ ഹിന്ദു-മുസ്ലിം സംഘർഷം എന്ന പോയിന്റിന് ഊന്നൽ നൽകുന്നതായിരുന്നു ആർ.സി. മജൂംദാറിന്റെയൊക്കെ കാഴ്ചപ്പാട്. ഭാരതീയ വിദ്യാഭവനൊക്കെയാണ് അത് പ്രസിദ്ധീകരിച്ചത്. പക്ഷേ, അതിന് ടെക്സ്റ്റ് പുസ്തകത്തിന്റെ പദവിയിലേക്കൊന്നും വരാൻ പറ്റിയില്ല.
ദേശീയപ്രസ്ഥാനത്തിന്റെ ഘട്ടത്തിൽ നാഷണലിസ്റ്റ് ഹിസ്റ്റോറിയോഗ്രഫി രൂപപ്പെടുത്തിയ കാഴ്ചപ്പാടുണ്ടല്ലോ, ആ കാഴ്ചപ്പാടുകൾ പൊതുസമൂഹത്തിലെത്തി ദേശീയപ്രസ്ഥാനത്തിന്റെ ആവശ്യവുമായി കൂടിക്കലരുകയാണുണ്ടായത്; ഏറിയും കുറഞ്ഞും. നാഷണലിസ്റ്റ് ഹിസ്റ്റോറിയോഗ്രാഫിയിൽ ഇൻഹറന്റ് ആയിട്ടുതന്നെ ഹിന്ദുത്വ ഐഡിയോളജിയുണ്ട്. അത് എത്രമേൽ സെക്യുലറിസം നടിച്ചാലും. വേദങ്ങളുടെ നാട്, ഉപനിഷത്തിന്റെ നാട് എന്നൊക്കെ പറയുന്ന മട്ടിലുള്ള ഹിന്ദുത്വത്തിന്റെ അടിസ്ഥാനയുക്തി നമ്മുടെ ദേശീയവാദ ചരിത്രത്തിലുണ്ട്. അങ്ങനെ പല്ലാത്ത ചിലരുമുണ്ടായിരുന്നു, താരാചന്ദായാലും മുഹമ്മദ് ഹബീബായാലും നെഹ്റുവായാലും ഒക്കെ. അന്നത്തെ ഇടപെടലുകൾ ഇപ്പോഴത്തേതു പോലെ ആസൂത്രിതമാണ് എന്നല്ല പറയുന്നത്, അതേസമയം, ഹിന്ദുത്വത്തിന്റെയൊരു പൊസിഷൻ അതിലുണ്ടായിരുന്നു എന്നത് യാഥാർഥ്യമാണ്. ഇതായിരുന്നു ദേശീയപ്രസ്ഥാനത്തിന്റെ ഘട്ടത്തിൽ പൊതുവെ ചരിത്രബോധമായി ആളുകൾക്കിടയിൽ പടർന്നത്.
12,000 വർഷത്തെ ചരിത്രം, പഠിക്കാൻ ഒരു വർഷം
ഞാൻ കരുതുന്നത്, ഇങ്ങനെയൊരു പണ്ഡിതവൃന്ദമെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഗ്രൂപ്പിനെയുണ്ടാക്കുക, അവരുടെ കണ്ടെത്തൽ ടെക്സ്റ്റ് പുസ്തകങ്ങളിൽ കയറ്റുക, അങ്ങനെ പടിപടിയായി ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിലേയ്ക്ക് ഹിന്ദുത്വ നിലപാടിനെ ആധികാരികതയോടെ മുഴുവനായി കടത്തിക്കൊണ്ടുവരിക, ഇതാണ് അന്തിമമായി ശരിയായത് എന്ന് സ്ഥാപിക്കുക- ഇതായിരിക്കാം ഈ പഠനങ്ങളുടെ അടിസ്ഥാനം.
ആറുമാസത്തിനകം, അല്ലെങ്കിൽ ഒരുവർഷത്തിനകം റിപ്പോർട്ട് വരുമെന്നാണ് തോന്നുന്നത്. ഒരുവർഷമാണ് ഇപ്പോൾ പറയുന്നത്. ഒന്നാലോചിച്ചു നോക്കൂ, 12,000 കൊല്ലത്തെ ഇന്ത്യയുടെ ചരിത്രം പുനരവലോകനം ചെയ്യാൻ ഒരുവർഷമാണ് നൽകിയിട്ടുള്ളത്. വാസ്തവത്തിൽ ഗൗരവപൂർണമായി ഈ വിഷയം പഠിക്കണമെങ്കിൽ, ഏതെങ്കിലും ഒരു പ്രത്യേക വിഷയം; ഉദാഹരണത്തിന് ഇന്റസ് വാലിയെക്കുറിച്ച് മനസിലാക്കി അതിൽ ഒരു നിഗമനത്തിൽ എത്തണമെങ്കിൽ പോലും ഈ സമയം മതിയാവില്ല. അത്രമാത്രം ഡിബേറ്റ് ചെയ്യപ്പെട്ട വിഷയമാണിത്. ജോൺ മാർഷൽ അത് കണ്ടെത്തിയിട്ട് ഇപ്പോൾ നൂറുകൊല്ലമാകുന്നു. ഈ നൂറുകൊല്ലത്തിനിടയിൽ ഇന്റസ് വാലിയെക്കുറിച്ചു നടന്ന അന്വേഷണങ്ങളും പഠനങ്ങളും ഒരാൾക്ക് വായിച്ചുമനസ്സിലാക്കി അതിൽനിന്നൊരു നിഗമനത്തിൽ എത്തണമെങ്കിൽ പോലും ഒരു കൊല്ലം പോരാ. എന്നിരിക്കെയാണ് ഇവർ 12,000 കൊല്ലത്തെ ചരിത്രം ഒരു കൊല്ലം കൊണ്ട് പഠിക്കാനൊരുങ്ങുന്നത്.
അതുകൊണ്ടുതന്നെ, ഇതിന്റെ ലക്ഷ്യം ശരിയായ ചരിത്ര വീക്ഷണമുണ്ടാക്കുന്നതിനപ്പുറം, ഹിന്ദുത്വത്തിന്റെ ചരിത്രമെന്ന നിലയിൽ, അതിനെ ഔദ്യോഗികമായ ഒരു കാഴ്ചപ്പാടാക്കി നമ്മുടെ കോളജുകളിലേക്കും വിദ്യാലയങ്ങളിലേക്കുമൊക്കെ എത്തിക്കുകയാണ്.
ഈ പഠനത്തിന്റെ അന്തിമമായ കണ്ടെത്തലുകൾ എന്താണെന്ന് ഇപ്പോഴേ പറയാൻ പറ്റില്ലെങ്കിലും, 16 അംഗ കമ്മിറ്റിയുടെ ഘടന മുൻനിർത്തി പരിശോധിച്ചാൽ, അത് ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ അജണ്ടയെ ഇന്ത്യാ ചരിത്രവുമായി കൂട്ടിക്കെട്ടാനുള്ള പ്രൊജക്റ്റ് ആയിട്ടാണ് ഒറ്റനോട്ടത്തിൽ തോന്നുന്നത്. രണ്ടുകാരണങ്ങൾ കൊണ്ടാണ് ഞാനിത് പറയുന്നത്. ഒന്ന്, ഈ മേഖലയിൽ ഇതുവരെയുണ്ടായ വിശേഷവൈവിധ്യമുള്ള ആളുകളുടെ അഭാവം ഇതിൽ കാണുന്നുണ്ട്. ഇന്ത്യയുടെ മുഴുവൻ ചരിത്രം അന്വേഷിക്കുന്ന സമയത്ത് ഇന്ത്യയിലെ മുഴുവൻ ജനതയുടേയും പ്രാതിനിധ്യം വേണം. ദ്രവീഡിയൻ സംസ്‌കാരത്തെക്കുറിച്ച് വിശേഷജ്ഞാനമുള്ള ആരേയും ഇതിൽ കാണുന്നില്ല. സ്ത്രീകളില്ല. സംസ്‌കൃത പണ്ഡിതന്മാരുണ്ട്, അത്രതന്നെ പഴക്കമുള്ള ഭാഷയാണല്ലോ തമിഴ്. മാത്രമല്ല, ആര്യൻ എന്നു വിളിക്കാവുന്ന ജനതയേക്കാൾ പഴക്കമുള്ള തദ്ദേശീയ ആദിവാസി സമൂഹങ്ങളും സംസ്‌കാരങ്ങളും ഇന്ത്യയിലുണ്ടല്ലോ. അതിന്റെയൊന്നും പ്രാതിനിധ്യം ഇല്ലാതെയാവുമ്പോൾ ഇവർ പഠിച്ചുണ്ടാക്കാൻ പോകുന്നത് എന്താണെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാണ്.
ചരിത്രവിജ്ഞാനം മാറി, പക്ഷേ...
കഴിഞ്ഞ പത്തോ അൻപതോ വർഷത്തിനിടയിൽ ഉണ്ടായ വലിയ ഒരു പരിമിതിയുണ്ട്. ഈ മേഖലയിലുണ്ടായ അറിവുകളെ നമുക്ക് പൊതുസമൂഹത്തിലേക്ക് ഒട്ടും എത്തിക്കാൻ കഴിഞ്ഞിട്ടില്ല.
60കൾക്കുശേഷം ഇന്ത്യയുടെ ചരിത്രവിജ്ഞാനം വൻതോതിൽ മാറി. പക്ഷേ, ഇക്കാലത്ത് രൂപപ്പെട്ട ചരിത്രവിജ്ഞാനം പൊതുസമൂഹത്തിൽ എത്തിക്കാൻ ആരും ശ്രമിച്ചിട്ടില്ല- രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹ്യപ്രസ്ഥാനങ്ങളുമൊന്നും. നമ്മുടെ അക്കാദമികസമൂഹം അതിനോട് കാര്യമായ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. എന്റെ ഒരു അനുഭവം പറയാം. ഞാൻ കൊസാംബിയുടെയോ റൊമിലാ ഥാപ്പറുടെയോ നിരീക്ഷണങ്ങൾ പൊതുയോഗങ്ങളിലൊക്കെ പറയുന്ന സമയത്ത് ആളുകൾ തികച്ചും പുതിയ കാര്യം കേൾക്കുന്നതുപോലെയാണ് നിൽക്കുക. വാസ്തവത്തിൽ ഞാൻ പറയുന്ന കാര്യങ്ങൾക്ക് അരനൂറ്റാണ്ടെങ്കിലും പഴക്കമുണ്ടാവും. അപ്പോൾ അരനൂറ്റാണ്ട് മുമ്പ് നമ്മുടെ അക്കാദമിക മേഖലയിലെ അറിവായി തീർന്ന ഒരുകാര്യം പൊതുസമൂഹത്തിന് ഇപ്പോഴും പുതിയതായിരിക്കുന്നുവെന്നുള്ളത് വലിയൊരു പ്രശ്നമാണ്. ആ പ്രശ്നത്തിന് നമ്മൾ വലിയ വിലകൊടുക്കേണ്ടിവരും.
വികസിച്ചുവന്ന പുതിയ അറിവൊക്കെ വളരെ എക്സ്‌ക്ലൂസീവായി പണ്ഡിതസമൂഹത്തിനുള്ളിൽ അടഞ്ഞുകിടന്നു. പൊതുസമൂഹത്തിൽ പഴയ ചരിത്രബോധവും അതിന്റെ മിഥ്യാധാരണകളും ശക്തമായി തുടരുകയും ചെയ്തു. ഭരണകൂടം സെക്യുലർ ക്യാരക്ടർ നിലനിർത്തിയിരുന്നിടത്തോളം കാലം അതുകൊണ്ട് വലിയ സംഘർഷം ഉണ്ടായിരുന്നില്ല. പക്ഷേ, പൊതുബോധവും ഭരണകൂടവും മാറുന്നതോടെ അക്കാദമിക് ഹിസ്റ്ററിക്കോ അക്കാദമിക് നോളജിനോ ഒറ്റയ്ക്ക് നിലനിൽക്കാൻ പറ്റില്ല. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണെന്നുവെച്ചാൽ, വർഗീയതയുടെ വിവരക്കേടുകൾ മുഴുവൻ നമ്മുടെ അക്കാദമികളെ കീഴടക്കാൻ പോവുകയാണ്, കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഇനിയത് പൂർത്തിയാവാൻ ഏറെയൊന്നുമില്ല. അസംബന്ധങ്ങൾ മുഴുവൻ അറിവായിത്തീരുകയും അറിവ് തെരുവിൽ അലഞ്ഞുതിരിയുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരും.
ഈ പ്രവണതകളോട് ചേർത്തുവായിക്കേണ്ട ഒന്നാണ്, പുതിയ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട്. പുതിയ നയം, വിശാലാർത്ഥത്തിൽ വിദ്യാഭ്യാസമെന്നതിനെ പണി പഠിക്കലാക്കി മാറ്റുകയാണ്. നൂറിൽ 90 പേരിലും വിദ്യാഭ്യാസമെന്നത് സ്‌കിൽ ഡവലപ്പ്മെന്റാണ്. പിന്നെ ചുരുക്കം പേർ റിസർച്ച് യൂണിവേഴ്സികളിലുണ്ടാവും. ഫലത്തിൽ കോർപ്പറേറ്റ് മൂലധനത്തിന് ആവശ്യമുള്ള പണിക്കാരെ, പലതരം വൈദഗ്ധ്യമുള്ളവരെ സൃഷ്ടിക്കുന്ന പണിയാണ് വാസ്തവത്തിൽ കോളജുകൾ 90% വും ഏറ്റെടുക്കാൻ പോകുന്നത്. അപൂർവം ചില റിസർച്ച് യൂണിവേഴ്സിറ്റികളുണ്ടാവും, അവിടെ എന്ത് റിസർച്ച് ചെയ്യണമെന്ന അജണ്ട ഇവർ തീരുമാനിക്കുകയും ചെയ്യും. റിസർച്ചായാലും അത് അവർക്കുവേണ്ട അറിവ് ഉൽപ്പാദിപ്പിക്കുന്ന പരിപാടിയായിത്തീരും. പൊതുവിദ്യാഭ്യാസം എന്നു പറയുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയിലും പണി പഠിപ്പിക്കലായിതീരും. ഒരുഭാഗത്ത് അങ്ങേയറ്റം നിയോലിബറലായ മൂലധനത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി പണിക്കാരെയുണ്ടാക്കുക, അതേ നാവുകൊണ്ടുതന്നെ വിജ്ഞാനപാരമ്പര്യം എന്ന് നുണ പറയുക - രണ്ടും ഒരുമിച്ചുപറയുന്ന സാഹചര്യമാണുള്ളത്.
വേറൊരു ഭാഷയിൽ ജനങ്ങളോട് സംസാരിക്കണം
ഈ സാഹചര്യത്തിന്റെ അതീവ ഗുരുതരസ്വഭാവം എത്രപേർ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് എനിക്കറിഞ്ഞുകൂടാ. കഴിഞ്ഞദിവസം പാർലമെന്റിൽ കണ്ടതെന്താണ്? ഒന്നാന്തരം ഫാസിസ്റ്റ് സ്വഭാവത്തിലേക്കല്ലേ അത് എത്തുന്നത്? പാർലമെന്റ് എന്നുപറയുന്നത് ഏതാണ്ട് പൂർണമായും റദ്ദാവുകയാണ്. ഫാസിസത്തിന്റെ ചരിത്രം നോക്കിക്കഴിഞ്ഞാൽ അവസാനഘട്ടത്തിൽ സംഭവിക്കുന്നത് പാർലമെന്റിനെയും കോടതികളേയും റദ്ദാക്കിക്കളയുകയെന്നതാണ്. ആ പടിയിലേക്ക് നീങ്ങുന്നുവെന്ന് തോന്നുന്ന പലതുമാണ് നമ്മുടെ മുന്നിൽ കാണുന്നത്. ഇതിനെ എതിരിടാൻ കക്ഷിതല തർക്കങ്ങൾക്കൊക്കെ അപ്പുറം എത്രയോ വിശാലമായ കൂട്ടായ്മ ആവശ്യമുണ്ട്. അതിന് ബുദ്ധിജീവികൾ വേണം, രാഷ്ട്രീയ പ്രവർത്തകർ വേണം, മാധ്യമപ്രവർത്തകർ വേണം, അങ്ങനെ കോഡിനേറ്റഡ് ആയ ഒരു ഇടപെടൽ ഉണ്ടാവുന്നില്ല. ബുദ്ധിജീവികൾ അല്ലെങ്കിൽ അക്കാദമീഷ്യൻമാർ പലപ്പോഴും അവർ പറയുന്നത് മനസിലാവുന്ന ഒരു സർക്കിളിനുള്ളിൽ അന്യോന്യം അറിയാവുന്ന കാര്യങ്ങൾ തമ്മിൽ തമ്മിൽ പറഞ്ഞുകൊണ്ടിരിക്കുന്നു. അതിൽ വലിയ കാര്യമില്ല. ഞാൻ പറയുന്നത് എന്താണെന്ന് നിങ്ങൾക്കറിയാം, നിങ്ങൾ പറയാൻ പോകുന്നത് എന്താണെന്ന് എനിക്കുമറിയാം, എന്നിട്ട് നമ്മൾ അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചു പിരിയുന്നു, ഇതുപോലെയാണ് വലിയൊരു പങ്ക് സെമിനാറുകളും. നമ്മൾ ബോധപൂർവ്വം വേറൊരു ഭാഷയുണ്ടാക്കുകയും ജനങ്ങളോട് സംസാരിക്കുകയും വേണം. വളരെ പ്രധാനപ്പെട്ട കാര്യമാണിത്. നമ്മുടെ സമൂഹത്തിന്റെ ബഹുസ്വരതയും മൾട്ടികൾച്ചറൽ ക്യാരക്ടറും വീണ്ടെടുക്കേണ്ടതുണ്ട്.
ഹിന്ദുത്വയുടെ പ്രത്യയശാസ്ത്രം എന്നത് അവരുണ്ടാക്കുന്ന ചരിത്രമാണ്. യഥാർഥത്തിൽ, ഒരു ജനതയുടെ അവരവരെക്കുറിച്ചുള്ള ബോധമാണല്ലോ ചരിത്രം എന്നു പറയുന്നത്. ഞാൻ ആരാണ് എന്നുള്ളതിന് എന്റെ ഉത്തരമാണ് ചരിത്രം. അതുകൊണ്ടുതന്നെ അത് വലിയൊരു ഐഡിയോളജിക്കൽ ബാറ്റിലാണ്. അത് നമ്മുടെ ചെറിയ ശ്രമങ്ങൾ കൊണ്ടൊന്നും മറികടക്കാൻ കഴിയില്ല. അതിന്റെ പ്രധാന്യം തിരിച്ചറിയുന്നതിൽ നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വളരെ ദുർബലമായിരുന്നു. സമ്മേളനങ്ങളുടെ ഭാഗമായി ഒന്നുരണ്ട് സെമിനാർ നടത്തുന്നുവെന്നല്ലാതെ, വിജ്ഞാനത്തിന്റെ രാഷ്ട്രീയമായ ആഘാതശേഷിയെക്കുറിച്ച് അത്തരമൊരു തിരിച്ചറിവൊന്നും പ്രസ്ഥാനങ്ങൾക്കുണ്ടായില്ല. തിരിച്ച്, അക്കാദമീഷ്യൻമാരാകട്ടെ, ഇതിനെയെല്ലാം പലപ്പോഴും തീണ്ടാപ്പാടകലെയാണ് നിർത്തിയത്- രാഷ്ട്രീയത്തെയും പൊതുസമൂഹത്തിന്റെ വ്യവഹാരത്തെയുമൊക്കെ. അത് രണ്ടും ഈ വിപര്യയത്തിന് സംഭാവന നൽകിയിട്ടുണ്ട്. അതിനെയെല്ലാം മാറ്റിവെക്കേണ്ട സമയമായി.
(സുനിൽ പി. ഇളയിടവുമായി സംസാരിച്ച് തയാറാക്കിയത് ട്രൂ കോപ്പി തിങ്ക് എക്സിക്യൂട്ടിവ് എഡിറ്റർ കെ. കണ്ണൻ)