കേരളം കമ്മ്യൂണിസത്തിലേക്ക് നടന്ന ലോകവഴി

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപപ്പെടലിലേക്ക് എത്തിച്ചേർന്ന സാമൂഹ്യ സഹചര്യം ഇന്ത്യയിലെ മതാത്മക ദേശീയതയിൽ നിന്നും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് വിശദീകരിക്കുകയാണ് സുനിൽ പി ഇളയിടം. ഒന്നാം ലോക യുദ്ധത്തിനും റഷ്യൻ വിപ്ലവത്തിനും ശേഷം ആഗോളതലത്തിൽ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യവും പുതിയ ആശയങ്ങളുടെയും വാക്കുകളുടെയുമൊക്കെ പ്രയോഗങ്ങളും കേരളത്തിലും സംഭവിക്കുന്നുണ്ട്. കാൾമാക്‌സ്, ശ്രീ നാരായണ ഗുരു, മഹാത്മാ ഗാന്ധി തുടങ്ങിയവരുടെ ആശയലോകം കേരളത്തിന്റെ സോഷ്യലിസ്റ്റ് മണ്ണൊരുക്കലിനെ എങ്ങനെ സ്വാധീനിച്ചും എന്നും വിശദീകരിക്കുകയാണ് ഇളയിടം.

മ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപപ്പെടലിലേക്ക് എത്തിച്ചേർന്ന സാമൂഹ്യപരിവർത്തന പ്രക്രിയകളെ കുറിച്ച് ആലോചിക്കുമ്പോൾ കേരളത്തെ സംബന്ധിച്ച് അതിന് അഖിലേന്ത്യാ തലത്തിൽ നിന്ന് പല വ്യത്യാസങ്ങളുണ്ട്. അഖിലേന്ത്യാ തലത്തിൽ ദേശീയതയുടെ ആശയാവലികൾ മിക്കവാറും നിലവിൽ വരുന്നത് മതാത്മകമായ യുക്തികൾക്കുള്ളിലാണ്. 19ാം നൂറ്റാണ്ടിന്റെ ഒടുവിൽ ഇന്ത്യയിൽ ദേശീയതയുടെ ആശയങ്ങൾ വികസിക്കുന്നത് പ്രധാനമായും രണ്ട് വഴികളെ കേന്ദ്രീകരിച്ചാണ്. ഒന്ന്, ബംഗിൻ ചന്ദ്രനെപ്പോലുള്ളവർ ഉയർത്തിക്കൊണ്ടുവരുന്ന വന്ദേമാതരം, ആനന്ദമഠം തുടങ്ങിയ പ്രാചീന ഭാരതത്തിന്റെ പൗരാണിക മഹിമയിൽ അധിഷ്ഠിതമായ, അതിനെ ഭാവനാത്മകമായി പുന:സൃഷ്ടിക്കാൻ ശ്രമിക്കുന്ന ദേശീയതാ സങ്കല്പമാണ്. പൗരാണിക ഭാരതത്തിന്റെ മഹിമയെ വീണ്ടെടുക്കുന്ന സങ്കല്പമായിട്ട് സ്വാതന്ത്ര്യത്തെ കാണുന്ന ഒരു യുക്തിയാണിത്.

അത് കേരളത്തിലും തീർത്തും ഇല്ല എന്നു പറഞ്ഞുകൂടാ. പക്ഷേ കേരളത്തിന്റെ ദേശീയതാ സങ്കല്പത്തിൽ കാര്യമായ സ്വാധീനമൊന്നും ഈ വീക്ഷണഗതി ചെലുത്തിയില്ല. ഇന്ത്യൻ അവസ്ഥ അതല്ല. ഇന്ത്യയിൽ ദേശീയതയുടെ ആദ്യത്തെയൊരു പതിറ്റാണ്ടുകളിൽ ഏറെക്കുറെ വലിയ പ്രാബല്യമുണ്ടായിരുന്ന ആശയം ഈ പറഞ്ഞതാണ്. അത് ബംഗിൻചന്ദ്ര, അരവിന്ദ ഘോഷ് എന്നിവരിൽ കാണാം. അനുശീലൻ സമിതിയിൽ കാണാം, യുഗാന്തർ കൂട്ടായ്മയിൽ കാണാം. ബാലഗംഗാധര തിലകനെപ്പോലുള്ള സ്വാതന്ത്ര്യ സമരത്തിന്റെ വലിയ നേതാക്കളിലൊക്കെ ഈ ആശയം ശക്തമായി കാണാം. തിലകനൊക്കെ സാമൂഹ്യ പരിഷ്‌കരണപരമായ പ്രവർത്തനങ്ങളോട് പൊതുവെ വിമുഖനായിരുന്നു. ബാലികാ വിവാഹത്തെ എതിർക്കുന്നതിനോടും ജാതി നശീകരണത്തോടുമെല്ലാം വലിയ എതിർപ്പുള്ളയാളായിരുന്നു തിലകൻ. ചില ഘട്ടങ്ങളിൽ വിവേകാന്ദൻ തിലകനെതിരെ പരോക്ഷമായി സംസാരിക്കുക പോലും ചെയ്യുന്നുണ്ട്. പത്തുവയസുള്ള പെൺകുട്ടി വിവാഹിതയാവുന്നതിലാണോ നിങ്ങളുടെ ദൈവമിരിക്കുന്നത് എന്നൊക്കെ പരിഹാസപൂർവ്വം വിവേകാനന്ദൻ സംസാരിക്കുന്നത് ഈ കാഴ്ചപ്പാടോടെയാണ്. ജാതിക്കെതിരെയുള്ള നവോത്ഥാന ശ്രമങ്ങൾ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന ഒന്നാണ് എന്ന വീക്ഷണമാണ് തിലകനൊക്കെ പങ്കുവെച്ചിരുന്നത്.

പൊതുവെ പറഞ്ഞാൽ മതാത്മകമായൊരു ദേശീയതയുടെ അന്തരീക്ഷമാണ് ഉത്തരഭാരതത്തിൽ 1880കൾ മുതൽ ഏറിയും കുറഞ്ഞും നമ്മൾ കാണുന്നത്. അത് മാത്രമാണെന്നു പറഞ്ഞുകൂടാ. സമാന്തരമായി ഒരു ധാരയുള്ളത്, ഉപരിവർഗത്തിലും മധ്യവർഗത്തിലുമൊക്കപ്പെട്ട പുറത്തുപോയിട്ടോ അല്ലെങ്കിൽ ഇന്ത്യയിലെ തന്നെ സർവ്വകലാശാലകളിൽ പഠിച്ചോ വിദ്യാഭ്യാസം നേടുകയും വക്കീലന്മാരും ജഡ്ജിമാരും സർവ്വകലാശാലകളിലെ അധ്യാപകരും മറ്റുമൊക്കെ ആയിത്തീർന്ന ആളുകളുടെ പരിഷ്‌കരണപരമായ ശ്രമങ്ങളും നടക്കുന്നുണ്ട്. എങ്കിലും പൊതുവെ പറഞ്ഞാൽ ദേശീയതയുടെ ശക്തമായ മുഖം ആദ്യം പറഞ്ഞതായിരുന്നു. മതാത്മകമായ ഒരു രാഷ്ട്രീയ അടിസ്ഥാനത്തിൽ നിന്ന് ബ്രിട്ടീഷ് വിരുദ്ധതയെ വികസിപ്പിച്ചെടുക്കാനുള്ള വലിയ ഒരു ശ്രമമായിരുന്നു.

കേരളത്തെ സംബന്ധിച്ച് നോക്കിയാൽ അങ്ങനെയൊരു മതാത്മകത അടിസ്ഥാനമാക്കിയുള്ള ദേശീയതാ സങ്കല്പത്തിന് 19ാം നൂറ്റാണ്ടിന്റെ ഒടുവിലോ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകളിലോ ഒന്നും ഇവിടെ കാര്യമായൊരു വേരോട്ടം ഇല്ല എന്നുവേണം പറയാൻ. ഒറ്റതിരിഞ്ഞ വ്യക്തികളിൽ അത് പ്രകടമായിട്ടില്ലയെന്നല്ല, സംഘടിതമായ ഒരു ദേശീയതയുടെ പ്രബലമായ മുഴക്കങ്ങളൊന്നും വാസ്തവത്തിൽ നമ്മൾ 1920ന് മുമ്പ് കാണുന്നതു തന്നെയില്ല. ഒറ്റയായ ചില ശ്രമങ്ങളാണവട്ടെ, അത് വ്യത്യസ്തമായ ധാരണകളിൽ നിന്നാണ് വരുന്നത്.

കേരളത്തിന്റെ ദേശീയതയുടെ ചരിത്രമെടുത്താൽ വലിയ സ്വാധീനം ചെലുത്തുന്ന ആദ്യ പ്രസ്ഥാനങ്ങളിൽ ഒന്ന് ആനിബെസിന്റേതാണ്. അവർ 1801ൽ ഇന്ത്യയിലെത്തുന്നു. മദ്രാസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്നു. അവർ പിന്നീട് ഹോം റൂൾ മൂവ്‌മെന്റുണ്ടാക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളായി മാറുന്നു. ബ്രിട്ടനിൽ അവർ പ്രവർത്തിക്കുമ്പോൾ ബ്രിട്ടീഷ് ലേബർ മൂവ്‌മെന്റിന്റെ നേതാക്കളിൽ ഒരാളായിരുന്നു. ഫയർബ്രാന്റ് പ്രാസംഗികയും നേതാവുമൊക്കെയായാണ് അവർ അറിയപ്പെടുന്നത്. മാർക്‌സിന്റെ മകൾ ഏവ്‌ലിൻ മാർക്‌സ് ആനി ബസന്റിന്റെ വലിയ സുഹൃത്തും സഹപ്രവർത്തകയുമായിരുന്നു. പിന്നീട് ഇവർ തിയോസഫിയിലേക്ക് മാറിവരികയാണ് ചെയ്തത്. ഈ ഘട്ടത്തിൽ ആനി ബസന്റിന് കേരളത്തിൽ ധാരാളം അനുയായികൾ ഉണ്ടായിരുന്നു. മദ്രാസ് ലേബർ മൂവ്‌മെന്റിന്റെ സ്ഥാപനത്തിൽ ആനിബസന്റിന്റെ വലിയ സ്വാധീനമുണ്ട്. ഇങ്ങനെയൊരു വഴി രൂപപ്പെട്ടതോടെ മതാത്മക ദേശീയത എന്നു പറയുന്നതിനെ അതേപടി ഏറ്റെടുക്കുന്ന തീഷ്ണമായ സമരങ്ങളൊന്നും 19ാം നൂറ്റാണ്ടിന്റെ ഒടുവിൽ കേരളത്തിൽ കാണുന്നില്ല.

1912 ആദ്യമായി ഇന്ത്യൻ ഭാഷകളിൽ കാൾമാർക്‌സിന്റെ ജീവചരിത്രം എഴുതുന്നത് സ്വദേശാഭിമാനിയാണ്. സമഷ്ടിവാദം എന്ന പേരിൽ സോഷ്യലിസത്തിന്റെ ആശയാവലികൾ തന്റെ പത്രങ്ങളിൽ പലരൂപത്തിൽ അവതരിപ്പിക്കാനായിട്ട് അദ്ദേഹം ശ്രമിക്കുന്നുണ്ട്.

ഈ ഘട്ടത്തിൽ കേരളത്തിലെ മധ്യവർഗത്തിൽ നിന്നും ഉപരിവർഗത്തിൽ നിന്നും ചിലർ ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്നുണ്ട്. അങ്ങനെ പോയ എം.കെ നാരായണ പിള്ള 1906ൽ മടങ്ങിയെത്തുന്നു. ഫാബിയൻ സോഷ്യലിസത്തിന്റെ ആശയങ്ങളോട് വലിയ താൽപര്യമുള്ളയാളായിട്ടാണ് അദ്ദേഹം മടങ്ങിയെത്തുന്നത്. ബർണാഡ്ഷായൊക്കെ പങ്കുവെച്ച, ബ്രിട്ടനിൽ താരതമ്യേന സ്വാധീനമുണ്ടായിരുന്ന ഒരു സോഷ്യലിസ്റ്റ് ആശയഗതിയാണ് ഫാബിയൻ സോഷ്യലിസം. ലോകത്ത് ഒരുപാട് പേർ ഫാബിയൻ സോഷ്യലിസ്റ്റുകളായി ഉണ്ട്. നാരായണ പിള്ള മടങ്ങിയെത്തുന്ന സമയത്ത് അദ്ദേഹത്തിന് തിരുവിതാംകൂറിൽ ഒരു സ്വീകരണം നൽകുന്നുണ്ട്. ഈ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കുന്ന ഒരാളാണ് സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള. ഈ സ്വീകരണ സമ്മേളനവും തുടർന്നുണ്ടായ ചർച്ചകളിൽ നിന്നുമാണ് സോഷ്യലിസം എന്ന ആശയത്തെ സ്വദേശാഭിമാനി തിരിച്ചറിയുന്നതും അതിനെക്കുറിച്ച് 1906ൽ അദ്ദേഹത്തിന്റെ കേരളൻ പത്രത്തിൽ എഴുതാൻ തുടങ്ങുകയും ചെയ്യുന്നുണ്ട്.

ദേശീയതയുടെ മതാത്മക ഉള്ളടക്കം താരതമ്യേന പിൻവാങ്ങി നിന്ന കേരളത്തിൽ പകരം സോഷ്യലിസ്റ്റ് ആശയങ്ങൾ ആദ്യമേ തന്നെ ഈ ദേശീയതയോട് ബന്ധപ്പെട്ട് വികസിച്ചുവരുന്നതിന്റെ ഒരു ചിത്രം നമുക്ക് നോക്കിയാൽ കാണാൻ പറ്റും. സ്വദേശാഭിമാനിക്ക് അതിൽ വലിയൊരു പങ്കുണ്ട്. 1912 ആദ്യമായി ഇന്ത്യൻ ഭാഷകളിൽ കാൾമാർക്‌സിന്റെ ജീവചരിത്രം എഴുതുന്നത് സ്വദേശാഭിമാനിയാണ്. സമഷ്ടിവാദം എന്ന പേരിൽ സോഷ്യലിസത്തിന്റെ ആശയാവലികൾ തന്റെ പത്രങ്ങളിൽ പലരൂപത്തിൽ അവതരിപ്പിക്കാനായിട്ട് അദ്ദേഹം ശ്രമിക്കുന്നുണ്ട്.

സ്വദേശാഭിമാനിയെ സംബന്ധിച്ചും ചില വൈരുദ്ധ്യങ്ങളൊക്കെ നമുക്ക് കാണാൻ പറ്റും. തിരുവിതാംകൂറിൽ അദ്ദേഹം എടുത്തിരുന്ന വിമർശനാത്മകമായ നിലപാട് പലപ്പോഴും രാജാവിനെതിരെ എന്നതിനേക്കാൾ ദിവാനെതിരെയായിട്ട് തിരിയുന്നുണ്ട്. കേരളത്തിലെ വലിയ രണ്ട് പത്രാധിപതരെ പരിശോധിച്ചാൽ കേസരി ബാലകൃഷ്ണപ്പിള്ള പ്രധാനമായും രാജാവിനെതിരെ നിൽക്കുകയാണ് ചെയ്യുന്നത്. സ്വദേശാഭിമാനിയുടെ നിലപാടുകളിൽ രാജവിമർശനത്തേക്കാൾ ദിവാനെ വിമർശിക്കുക എന്നത് കൂടുതൽ നമുക്ക് കാണാൻ കഴിയും. മാത്രമല്ല പരിഷ്‌കരണപരമായ ശ്രമങ്ങളോട് ചിലപ്പോഴൊക്കെ അദ്ദേഹത്തിന് വൈമുഖ്യം ഉള്ളതായിട്ടും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് നോക്കിയാൽ കാണാൻ കഴിയും.

ഇന്ത്യൻ ഭാഷകളിൽ ആദ്യമായി മാർക്‌സിന്റെ ജീവചരിത്രം എഴുതപ്പെടുകയും അത് വായിക്കപ്പെടുകയുമൊക്കെ ചെയ്യുന്ന മട്ടിൽ ഒരു സമൂഹത്തിന്റെ പ്രകൃതത്തിൽ സോഷ്യലിസ്റ്റ് ആശയാവലികൾ കടന്നുവരുന്നത് 20ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തന്നെ കാണാൻ കഴിയും. 1912ലാണ് മാർക്‌സിന്റെ ജീവചരിത്രം എഴുതുന്നത്. തൊട്ടുപിന്നാലെ റഷ്യൻ വിപ്ലവത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള പ്രബന്ധങ്ങളും അക്കാലത്തെ പല പത്രങ്ങളിലും വരുന്നുണ്ട്. ഇങ്ങനെ റഷ്യൻ വിപ്ലവത്തെയും അതിന്റെ സാമൂഹ്യ ഫലങ്ങളേയും കുറിച്ചുള്ള ചർച്ചകൾ ധാരാളമായിട്ട് ഈ ഘട്ടത്തിൽ വരുന്നുണ്ട്.

ഈ സമയത്ത് ലോകത്തുണ്ടാവുന്ന ഒരു പ്രധാനപ്പെട്ട മാറ്റം ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുന്നുവെന്നതാണ്. ഒന്നാം ലോകമഹായുദ്ധം യൂറോപ്പിന്റെ ചരിത്രത്തിലെ വലിയ പ്രതിസന്ധി കൂടിയാണ്. കാരണം നാഗരികതയുടെ ഉച്ഛസ്ഥാനം എന്ന് സ്വയം സങ്കൽപ്പിച്ചിരുന്ന യൂറോപ്പ് അതിന് നേർവിപരീതമായ ഒരു മഹായുദ്ധത്തിൽ ചെന്ന് വീഴുന്നതാണ് ഒന്നാം ലോകമഹായുദ്ധത്തിൽ കാണുന്നത്. അതവരുടെ ധൈഷണിക ജീവിതത്തിൽ വലിയ പ്രതിസന്ധികളുണ്ടാക്കുന്നുണ്ട്.

അർണോൾഡ് ജെ. തോയ്ബൻബീ "എ സ്റ്റഡി ഓഫ് ഹിസ്റ്ററി'യെന്ന ബൃഹദ് ഗ്രന്ഥമെഴുതുന്നു. പടിഞ്ഞാറിന് ലോകത്തെ നയിക്കാനുള്ള ശേഷി നശിച്ചിരിക്കുന്നുവെന്നും കിഴക്ക് ഇനി പുതിയ വെളിച്ചമായി മാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹത്തിന്റെ ചരിത്ര സിദ്ധാന്തം വിശദീകരിക്കുന്നു. "ദ ഡിക്ലൈൻ ഓഫ് ദ വെസ്റ്റ്' എന്ന ഗ്രന്ഥം ഓസ്‌വാൾഡ് സ്‌പെഗ്‌ളർ എഴുതുന്നു. അദ്ദേഹം പടിഞ്ഞാറിന്റെ പതനം പ്രവചിക്കുകയും നാഗരികതയുടെ ഉച്ഛസ്ഥാനം എന്ന നിലയിലുള്ള പടിഞ്ഞാറിന്റെ നിലനിൽപ്പ് അസ്തമിച്ചിരിക്കുന്നുവെന്ന് പറയുകയും ചെയ്യുന്നു. ധൈഷണികമായി ബൗദ്ധികമായി പടിഞ്ഞാറിനുണ്ടായിരുന്ന ഒരു മേൽക്കോയ്മ തകരുന്നുവെന്ന ചിന്ത യൂറോപ്പിൽ ശക്തിപ്പെടുന്നതിനു വഴിവെച്ച ഒരു സന്ദർഭം കൂടിയാണ് ഒന്നാം ലോകമഹായുദ്ധം. ഉയർന്ന പടവുകളിലേക്ക് പടിപടിയായി സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു സമൂഹം മഹായുദ്ധത്തിൽ എങ്ങനെ ചെന്നു വീഴും എന്ന ചോദ്യം വരുന്നു. 1917ൽ യുദ്ധത്തിന്റെ നടുവിലിരുന്നാണ് ടി.എസ് എലിയട്ട് "The Love Song of J. Alfred Prufrock" പോലുള്ള മോഡേണിസത്തിന്റെ ആദ്യ കവിതകൾ എഴുതുന്നത്. അതും പ്രധാനപ്പെട്ട ഒരു സൂചനയാണ്. "Waste Land' 1922 ൽ വരുന്നു. തകർന്ന നാഗരികത. "മനുഷ്യപുത്രാ നിനക്കെന്തറിയാം, നീ അറിയുന്നത് ഭഗ്നബിംബങ്ങളുടെ ഒരു കൂമ്പാരം മാത്രമാണ്' എന്നർത്ഥം വരുന്ന
"Son of man,
You cannot say, or guess, for you know only
A heap of broken images'
എന്ന വളരെ പ്രസിദ്ധമായ ഒരു രൂപകം അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. വാസ്തവത്തിൽ പാശ്ചാത്യ നാഗരികതയെക്കുറിച്ചോ ഒന്നാം ലോക യുദ്ധം തകർത്തു കളഞ്ഞ യൂറോപ്പിനെക്കുറിച്ചോ മനുഷ്യ സംസ്‌കൃതിയുടെ ആകെ തുകയെക്കുറിച്ചോ ഒക്കെയുള്ള ഒരു പ്രസ്താവനയായി ഇത് മാറുന്നുണ്ട്. ഇങ്ങനെ യൂറോപ്പിന്റെ മഹത്വാഭിലാഷങ്ങൾ ശിഥിലമാകുന്നുവെന്ന തോന്നൽ ധൈഷണിക മണ്ഡലത്തിൽ വ്യാപിക്കുന്ന ഒരു സന്ദർഭത്തിൽ തന്നെയാണ് കേരളത്തിൽ അതിന്റെ പലതരത്തിലുള്ള അനുരണനങ്ങൾ ഉണ്ടാകുന്നത്.

ഇതിനൊരു പൂർവ്വ സന്ദർഭമുണ്ട്. 19ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്നെ പാശ്ചാത്യ ആധുനികതയ്ക്കുള്ളിൽ അതിന്റെ ചില എതിർസ്വരങ്ങൾ എന്ന നിലയ്ക്ക് ആധുനികതയുടെ, വ്യാവസായിക നാഗരികതയുടെ വിമർശനങ്ങളായി പല ചിന്തകൻമാരും ഉയർന്നുവരുന്നുണ്ട്. ടോൾസ്‌റ്റോയി, ഹെൻട്രി തോറോ, എമേഴ്‌സൻ, ജോൺ റസ്‌കിൻ തുടങ്ങിയവർ. ഇവർക്കൊക്കെ വലിയ പ്രാധാന്യമുണ്ട്. ഈ നാലുപേർക്കും വലിയൊരു പ്രാധാന്യം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലുള്ളത്, ഈ നാലുപേരാണ് ഗാന്ധിജിയെ സ്വാധീനിച്ച ഏറ്റവും പ്രധാനപ്പെട്ട ചിന്തകൻമാരെന്നതാണ്. ഒരു ആധുനിക വിരുദ്ധൻ എന്നതിനേക്കാൾ ആധുനികതയുടെ വ്യാവസായികവും മൂലധനാധിഷ്ഠിതവുമായ ക്രമത്തിന്റെ എതിർപക്ഷത്താണ് ഗാന്ധിജി നിലയുറപ്പിക്കുന്നത്. അങ്ങനെയൊരു നില ഗാന്ധിജിയിൽ രൂപപ്പെടുത്തുന്നതിന്റെ പ്രഭവങ്ങളിൽ റസ്‌കിനും എഡ്വേഡ് കാർപ്പെന്ററും, എമേഴ്‌സണും ഹെൻട്രി തോറോയുമൊക്കെ ഉണ്ട്. ഇങ്ങനെ പൊതുവെ പറഞ്ഞാൽ 19ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ ആരംഭിക്കുന്ന പാശ്ചാത്യ നാഗരികതയിലെ അടിയിളക്കങ്ങൾ, അതിലെ പ്രതിസന്ധികൾ അതിലെ ഒരു ഉച്ചസ്ഥാനമാണ് വാസ്തവത്തിൽ 1915 മുതൽ ആരംഭിക്കുന്ന ഒന്നാം ലോകയുദ്ധം.

സഹോദരൻ എന്ന പേരിൽ മാസികവരുന്നു. ബോൾഷെവിസത്തെയും സോഷ്യലിസത്തെയും ആദ്യം വളരെ വിശദമായി അവതരിപ്പിക്കുകയും അതിനെ അനുതാപപൂർവ്വം നോക്കിക്കാണുകയും അത് പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്ത മാസികയാണിത്.

ഒന്നാം ലോകയുദ്ധം കേരളത്തിലും വലിയ സ്വാധീനം ഉളവാക്കി. വലിയ കാർഷിക തകർച്ച ഈ ഘട്ടത്തിൽ വരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികൾ വരുന്നുണ്ട്. ഇപ്പോൾ കേരളത്തിന്റെ പല പ്രദേശങ്ങളിലും സാമ്പത്തിക പ്രതിസന്ധികൾ പ്രകടമായ അക്രമങ്ങളിലേക്കും പിടിച്ചുപറിയിലേക്കും കൊള്ളയിലേക്കും അരാജകത്വത്തിലേക്കും നീങ്ങുന്നതായിട്ട് അന്നത്തെ പത്രങ്ങളിലും വാർത്തകളിലും നമുക്ക് കാണാൻ പറ്റും.

1920 ഏപ്രിൽ 3ന് കൊച്ചിയിലെ ടി. വിജയരാഘവാചാര്യ പുറപ്പെടുവിച്ച ഒഫീഷ്യൽ ഉത്തരവ് ബോൾഷെവിക് ഭീഷണിയെക്കുറിച്ചാണ്. പുതിയ അന്തരീക്ഷം വന്നിരിക്കുന്നു. പുതിയൊരു പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നു. ഈ പ്രതിസന്ധിയെ മുതലാക്കിക്കൊണ്ട് കമ്മ്യൂണിസ്റ്റുകൾ, അന്ന് കമ്മ്യൂണിസ്റ്റ് എന്ന വാക്കല്ല ബോൾഷെവിക്കുകൾ, ഇതിനിടയിൽ കടന്നുകയറി അക്രമവും അരാജകത്വവുമുണ്ടാക്കാൻ ശ്രമിക്കും. അതുകൊണ്ട് ഇത് തടയേണ്ടതാണ് എന്ന് നിർദേശിക്കുന്ന തരത്തിലുള്ള ഭരണകൂടത്തിന്റെയോ രാജവാഴ്ചയുടേയോ ഒക്കെ പ്രചാരണങ്ങൾ വരുന്നുണ്ട്. അതായത് ഒന്നാം ലോകമഹായുദ്ധത്തിന്റെ സന്ദർഭത്തിൽ ഒരു ക്രൈസിസിന്റെ അന്തരീക്ഷം രൂപപ്പെടുന്നുണ്ട്.

ഇതേ സന്ദർഭത്തിലാണ് പുതിയ ആശയാവലികൾ അനുവർത്തിച്ചുകൊണ്ട് ചില പ്രസ്ഥാനങ്ങളുണ്ടാവുന്നത്. അതിൽ എടുത്തുപറയേണ്ട ഒന്നാണ് സഹോദരപ്രസ്ഥാനം. സഹോദരൻ എന്ന പേരിൽ മാസികവരുന്നു. ബോൾഷെവിസത്തെയും സോഷ്യലിസത്തെയും ആദ്യം വളരെ വിശദമായി അവതരിപ്പിക്കുകയും അതിനെ അനുതാപപൂർവ്വം നോക്കിക്കാണുകയും അത് പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്ത മാസികയാണിത്. സോഷ്യലിസം എന്നു പറയുന്നത് കേവലം ഒരു ആശയമല്ല, ഒരു പ്രായോഗിക പരിപാടിയാണ് എന്ന് പറഞ്ഞതും അയ്യപ്പൻ മാഷുടെ സഹോദരൻ മാസികയും അദ്ദേഹത്തിന്റെ മറ്റു പ്രസിദ്ധീകരണങ്ങളുമാണ്.

1920 കളിൽ ധാരാളമായി പുതിയ വാക്കുകൾ ഉയർന്നുവന്നു എന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സാഹോദര്യം എന്ന വാക്ക് അതിൽപ്പെടുന്നതാണ്. മറ്റൊന്ന് സ്വതന്ത്ര സമുദായം. ഇ. മാധവന്റെ ഒരു പുസ്തകം തന്നെ ആ പേരിൽ വരുന്നുണ്ട്. തിരുവിതാംകൂറിൽ നിരോധിക്കപ്പെടുകയും കയ്യിൽ സൂക്ഷിച്ചാൽ പിടിക്കപ്പെടുകയും ചെയ്യുന്ന ഒന്നായിരുന്നു മാധവന്റെ സ്വതന്ത്ര സമുദായം എന്നു പറയുന്ന പുസ്തകം. സമുദായം എന്ന വാക്കിന് അന്ന് കിട്ടിയ ഒരർത്ഥത്തിലുള്ള വലിയ വിപ്ലവശേഷിയുടെ കൂടെ അടയാളമായിരുന്നു അത്. അങ്ങനെ ഉയർന്നുവന്ന പുതിയ വാക്കുകളിൽ ഒന്നാണ് സഹോദരൻ എന്നത്.

സാഹോദര്യം എന്ന വാക്കിന് ചരിത്രത്തിൽ കുറേക്കൂടി പഴക്കമുണ്ട്. കേരളത്തിലാണെങ്കിൽ ആ വാക്ക് ഒരു കേന്ദ്രപദമായി ഉപയോഗിക്കുന്ന ആദ്യത്തെയാൾ നാരായണ ഗുരുവാണ്. ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയിൽ സോദരത്വേന വാഴുന്ന എന്ന വാക്ക് നമുക്ക് കാണാൻ പറ്റും. ലോകചരിത്രത്തിലാണെങ്കിൽ ഫ്രഞ്ച് വിപ്ലവം സാഹോദര്യം എന്ന വാക്കിനെ പ്രധാനപ്പെട്ട ആശയമാക്കി ഉയർത്തിക്കൊണ്ടുവന്നു.

എന്താണ് സാഹോദര്യം എന്ന വാക്കിന്റെ പ്രാധാന്യം എന്ന് ചോദിച്ചാൽ സമത്വം എന്നത് അനുഭവമാകുന്ന സ്ഥാനമാണ് സാഹോദര്യം. നിങ്ങൾക്ക് സാഹോദര്യം വേണമെങ്കിൽ മനുഷ്യർക്കിടയിലെ തുല്യത വേണം. സമത്വത്തെ കേവല ആദർശമായി പറയുന്നതിനു പകരം അനുഭവിക്കാൻ കഴിഞ്ഞാൽ ആ അനുഭവത്തിന്റെ പേര് സാഹോദര്യ ഭാവനയാണ് എന്ന് പറയാം. അതുകൊണ്ട് ഒരു ആദർശം കേവല ഭാവന എന്നതിൽ നിന്ന് അനുഭൂതിയായി തീരുന്ന സമത്വ ഭാവനയുടെ ഒരു ലോകമാണ് സാഹോദര്യത്തിൽ ഉള്ളത്. അതുകൊണ്ടാണ് ഒരു ആദർശത്തിന് അപ്പുറത്തേക്ക് ചുവടുവെച്ച ഗുരു സോദരത്വേന വാഴുകയെന്നതിനെ ഒരു പ്രധാനകാര്യമായി കണ്ടത്. ഒരു പക്ഷേ ആധുനികതയിൽ പിന്നീട് ഫലിക്കാതെ പോയ കാര്യമാണത്. ആധുനികതയുടെ കേന്ദ്ര മൂല്യത്തെ അനുഭവമാക്കുന്നതിൽ നാം എത്ര വിജയിച്ചുവെന്നത് ഒന്ന് തിരിഞ്ഞു നോക്കിയാൽ ഈ സോദരത്വേന ഫലിച്ചിട്ടില്ലയെന്നു കാണാൻ പറ്റും.

സഹോദരൻ എന്ന വാക്ക് ഉയർന്നുവരുന്നു. സമുദായം എന്ന വാക്ക് ഉയർന്നുവരുന്നു. സഹഭാവങ്ങൾ ഉയർന്നുവരുന്നു. സഖാവ് എന്ന വാക്ക്, അങ്ങനെയൊരു മാസികയൊക്കെ ഈ ഘട്ടത്തിൽ വരുന്നുണ്ട്. എറിക് ഹോബ്‌സ്ബാമിന്റെ " ദ എയ്ജ് ഓഫ് റവല്യൂഷൻ' എന്ന പുസ്തകം അദ്ദേഹം ആരംഭിക്കുന്നത് പുതിയൊരു യുഗം പിറക്കുന്നു എന്നതിന് തെളിവ് പുതിയ വാക്കുകൾ വരുന്നുവെന്നതാണെന്ന് പറഞ്ഞുകൊണ്ടാണ്. അദ്ദേഹം കുറേ വാക്കുകൾ തെരഞ്ഞെടുത്തു പറയുന്നുണ്ട്. തൊഴിലാളി, തൊഴിലാളി വർഗം, മുതലാളിത്തം, വ്യവസായം, വിപ്ലവം അങ്ങനെ കുറേ വാക്കുകൾ അവതരിപ്പിച്ച് എങ്ങനെയാണ് ഫ്രഞ്ച് വിപ്ലവത്തിനും 1848ലെ യൂറോപ്പിലെ പണിമുടക്കുകൾക്കും ഇടയിൽ ഈ വാക്കുകൾ പൊതുവ്യവഹാരത്തിന്റെ കേന്ദ്രമായി തീർന്നതെന്ന് പറയുന്നു. അക്കാലംവരെ പിൻവാങ്ങി നിന്ന വാക്കുകളാണ്. പുതിയ വാക്കുകൾ വരികയോ നിലവിലുള്ള വാക്കുകൾക്ക് പുതിയ അർത്ഥം കൈവരികയോ ഒക്കെ ചെയ്യുമ്പോൾ പഴയ അർത്ഥത്തെ പാടെ അട്ടിമറിച്ച് പുതിയ അർത്ഥത്തിലേക്ക് അത് പ്രവേശിക്കുന്നത് വെറും ഭാഷാ പരമായ പ്രശ്‌നമല്ല, ചരിത്രത്തിലെ ഒരു നിർണായക വഴിത്തിരിവിനെ അത് സൂചിപ്പിക്കുന്നുണ്ട്. ഇങ്ങനെയൊരു വഴിത്തിരിവ് കാണാൻ കഴിയുന്ന മട്ടിൽ 1920കൾ ആകുമ്പോഴേക്കും ആദ്യത്തെ രണ്ട് പതിറ്റാണ്ടുകളിൽ ധാരാളം പുതിയ പദങ്ങൾ കേരളത്തിന്റെ വ്യവഹാരത്തിൽ ഉയർന്നുവരുന്നത് നമുക്ക് കാണാൻ പറ്റും. അതിന്റെ കേന്ദ്രത്തിൽ ഈ പറയുന്ന സഹോദരനുണ്ട്, സഖാവുണ്ട്.

തിരുവിതാംകൂറിൽ നിരോധിക്കപ്പെടുകയും കയ്യിൽ സൂക്ഷിച്ചാൽ പിടിക്കപ്പെടുകയും ചെയ്യുന്ന ഒന്നായിരുന്നു മാധവന്റെ സ്വതന്ത്ര സമുദായം എന്നു പറയുന്ന പുസ്തകം. സമുദായം എന്ന വാക്കിന് അന്ന് കിട്ടിയ ഒരർത്ഥത്തിലുള്ള വലിയ വിപ്ലവശേഷിയുടെ കൂടെ അടയാളമായിരുന്നു അത്.

സാമാന്യമായിട്ട് പറഞ്ഞാൽ റഷ്യൻ വിപ്ലവം എന്നത് മലയാള ഭാവനയെ അപ്പോഴേക്കും നന്നായി പ്രചോദിപ്പിച്ചു തുടങ്ങി. 1920ൽ കുന്നംകുളത്തുനിന്നും പ്രസിദ്ധീകരിക്കുന്ന ആത്മപോഷിണിയിൽ സർദാർ കെ.എം പണിക്കർ എഴുതുന്ന റഷ്യൻ വിപ്ലവത്തെക്കുറിച്ചുള്ള പഠനത്തിൽ അദ്ദേഹം രസമുള്ളൊരു നിരീക്ഷണം അവതരിപ്പിക്കുന്നത് മാനുഷരെല്ലാരുമൊന്നുപോലെയെന്ന പ്രാചീനമായ കേരള ആദർശത്തിന്റെ ഒരു സാക്ഷാത്കാരമാണ് റഷ്യ ഇന്ന് നിലനിൽക്കുന്നത് എന്ന്. ഇത് എത്രകാലം നിലനിൽക്കുമെന്ന സംശയം അദ്ദേഹം ഉന്നയിക്കുന്നുണ്ട്. പക്ഷേ മാവേലി നാടുവാഴുന്ന കാലം എന്ന കേരളീയ ഭാവനയോട് അദ്ദേഹം അതിനെ ചേർത്തുവെക്കുന്നുണ്ട്. 1917ൽ തന്നെ റഷ്യൻ വിപ്ലവത്തെക്കുറിച്ച് ഇതേ ആത്മപോഷിണിയിൽ അമ്പാടി നാരായണമേനോൻ വിസ്തരിച്ച് എഴുതിയത് കാണാം. രസിക രഞ്ജിനിയിലും കേരളൻ മാസികയിലും 1905ലെ വിജയിക്കാതെ പോയ ആദ്യ റഷ്യൻ വിപ്ലവത്തെക്കുറിച്ചു തന്നെ വിശദമായ ചർച്ചകൾ നടക്കുന്നുണ്ട്. സ്വദേശാഭിമാനി അതിന്റെ ആദ്യകാല ലക്കങ്ങളിൽ തന്നെ റഷ്യൻ വിപ്ലവത്തെക്കുറിച്ച് പറയുന്നുണ്ട്. വിപ്ലവാനന്തരം റഷ്യയിലുണ്ടായ മാറ്റമായിട്ട് സ്വദേശാഭിമാനിയുടെ ആദ്യ ലക്കങ്ങളിൽ കാണുന്ന ഒരു കാര്യം എല്ലാവരും ഏതാണ്ട് ഒരുപോലെ വസ്ത്രം ധരിക്കുന്നു എന്നതാണ്. ഇതൊക്കെ കൗതുകമുള്ള കാര്യമാണ്. വസ്ത്രം കൊണ്ട് നിങ്ങൾക്ക് സാമൂഹ്യ പദവി തിരിച്ചറിയാൻ പറ്റാത്ത മട്ടിൽ എല്ലാവരും ഒരേ വസ്ത്രം ധരിക്കുകയും സമാനമായ വസ്ത്രം ധരിച്ച് ഒരു ജനത രംഗത്തുവരികയും ചെയ്യുന്നു. ഇങ്ങനെ നാടുവാഴിത്തത്തിനെതിരായിട്ടുള്ള ഒരാശയത്തിന്റെ വലിയ പ്രഭവമായി റഷ്യൻ വിപ്ലവത്തെക്കുറിച്ചുള്ള ഓർമ്മകളും അതേക്കുറിച്ചുള്ള വാർത്തകളും അതേക്കുറിച്ചുള്ള ചർച്ചകളും വരുന്നു.

മറുഭാഗത്ത് ചെറുതും വലുതുമായ സംഘടനാ രൂപങ്ങൾ പതിയെ പതിയെ ഉയർന്നുവരുന്നു. ഈ ഘട്ടത്തിലാണ് ദേശീയത കേരളീയ സമൂഹത്തിൽ ഒരു സ്വാധീനമായി തീരുന്നത്. അത് ഗാന്ധിയുടെ രംഗപ്രവേശത്തോടെയാണ്. ഗാന്ധിയുടെ രംഗപ്രവേശത്തിനു മുമ്പുള്ള ഇന്ത്യൻ ദേശീയതയുടെ ചരിത്രമെടുത്താൽ ഗാന്ധി രംഗത്തെത്തുന്നതോടെ ദേശീയതയെ അക്കാലംവരെ നയിച്ചിരുന്ന ചില ഘടനകളിൽ മാറ്റംവരുന്നുവെന്ന് കാണാൻ പറ്റും. അക്കാലംവരെ മതാത്മകമായ ദേശീയതാ യുക്തിയാണ് പ്രബലമായിരുന്നത് എങ്കിൽ ഗാന്ധിജിയുടെ വരവ് ചില മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഗാന്ധി തന്നെ വലിയൊരു പാരഡോക്‌സാണ്. ഗാന്ധിയിൽ ധാരാളം വൈരുദ്ധ്യങ്ങളുണ്ട്. നിങ്ങൾ ഗാന്ധിയെ കൂട്ടിപ്പിടിക്കുകയാണോ വേണ്ടത്, തള്ളിക്കളയുകയാണോ വേണ്ടത് എന്നത് ഒരു കുഴഞ്ഞ കേസാണ്. ഗാന്ധിയുടെ തെറ്റ് കണ്ടെത്തുകയെന്നുള്ളത് ഒട്ടും പ്രയാസസമുള്ള കാര്യമല്ല. ഗാന്ധിക്ക് അത്രമാത്രം തെറ്റുള്ളൊരാളാണ്. നൂറ് വോളിയം എഴുതിയിട്ടുണ്ട് ഗാന്ധി. ഇത് പരിശോധിച്ചാൽ ഏതാണ്ട് പത്ത് വോളിയത്തിനുള്ള തെറ്റെങ്കിലും ഒരു പ്രയാസവും കൂടാതെ കിട്ടും. അതുകൊണ്ട് താർക്കികമായി ഗാന്ധി ഒരു ആവശ്യവുമില്ലാത്തയാളാണെന്ന് സ്ഥാപിക്കാൻ വളരെ എളുപ്പമാണ്.

പങ്കജ് മിശ്ര അടുത്തകാലത്തെഴുതിയ ലേഖനത്തിൽ രസമുള്ള ഒരു കാര്യം പറയുന്നുണ്ട്. 1869ൽ ഗാന്ധി ജനിച്ചു, 20ാം വയസിനു മുമ്പായി കല്ല്യാണം കഴിച്ച് ലണ്ടനിലേക്ക് പോയി, ബാരിസ്റ്റർ പരീക്ഷ പഠിച്ച് പാസായി, ജന്റിൽമാനായി, ഇംഗ്ലീഷ് മാനായി, പരിശീലനം നേടി കേസിന്റെ കാര്യമായിട്ട് ഇന്ത്യയിൽ തിരിച്ചുവന്നു. പിന്നെ തിരിച്ച് ദക്ഷിണാഫ്രിക്കയിൽ പോയി. 1915ലാണ് ഗാന്ധിജി തിരിച്ചുവരുന്നത്. അപ്പോൾ ഗാന്ധിജിയ്ക്ക് 45 വയസായി. അതായത് അന്നത്തെ നിലയ്ക്ക് നോക്കിയാൽ ഒരാളുടെ ജീവിതത്തിന്റെ ഏതാണ്ട് മൂന്നിൽ രണ്ട് പിന്നിട്ട ഘട്ടത്തിലാണ് ഗാന്ധിജി ഇന്ത്യയിലെത്തുന്നത്. പങ്കജ് മിശ്ര എഴുതുന്നത് ഈ നാൽപ്പത്തഞ്ചാം വയസുവരെ ഇന്ത്യയിലെ ഒരു ദരിദ്രനെയോ ഗ്രാമീണനെയോ കർഷകനെയോ ഗാന്ധിജി കണ്ടിട്ടേയില്ലയെന്നാണ്. ഇങ്ങനെയൊരാളാണ് പിന്നെ 33 വർഷംകൊണ്ട് ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ദരിദ്രരേയും കർഷകരേയും സംഘടിപ്പിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ യുദ്ധത്തിൽ അത്രമേൽ വിപുലമായ ഒരു ജനകീയ സമരനിരയെ വികസിപ്പിച്ചെടുത്തത്.

ഈയൊരു പാരഡോക്‌സ് എളുപ്പം വിശദീകരിക്കാൻ കഴിയുന്ന ഒന്നല്ല. ഈ വൈരുദ്ധ്യം ഗാന്ധിയിലുടനീളമുണ്ട്. ഗാന്ധിജി പറഞ്ഞതിന്റെ വിപരീതങ്ങൾ ഗാന്ധിജിയിൽ തന്നെയുണ്ട്. ആദ്യഘട്ടത്തിൽ ഗാന്ധിജി തപാലിനെതിരായിട്ട് പറയുന്നുണ്ട്. കത്തെഴുത്തൊക്കെ മനുഷ്യരുടെ സ്വാഭാവിക ബന്ധങ്ങളെ ദുർബലപ്പെടുത്തുന്ന ഒന്നായിട്ടാണ് ഗാന്ധിജി കരുതിയത്. ഒരുലക്ഷത്തി എണ്ണായിരം കത്തെഴുതിയേ്രത ഗാന്ധിജിയെന്നാണ് അടുത്തകാലത്ത് ഞാൻ വായിച്ചത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കത്തെഴുതിയ ആൾ ഗാന്ധിയായിരിക്കും. സ്ത്രീകൾ പൊതുജീവിതത്തിൽ പ്രവേശിക്കുന്നതിന് ഗാന്ധിയെതിരായിരുന്നു. വീടാണ് സ്ത്രീയുടെ ആദർശമണ്ഡലം എന്നു കരുതിയ ആളാണ് ഗാന്ധി. പക്ഷേ, ഇന്ത്യയിൽ പൊതുജീവിതത്തിലേക്ക് സ്ത്രീകൾ ഇറങ്ങിയത് ഗാന്ധിക്കുശേഷമാണ്. അങ്ങനെ ഗാന്ധിയുടെ പ്രവൃത്തി ഗാന്ധിയെ തന്നെ ധാരാളമായി തിരുത്തിയിട്ടുണ്ട്. തീവണ്ടി ഇന്ത്യയുടെ ഗ്രാമജീവിതത്തിന്റെ സ്വച്ഛതയെ തകർക്കും എന്നു കരുതിയിട്ടുള്ള ആളാണ് ഗാന്ധി. തീവണ്ടിയെ ഏറ്റവും കൂടുതൽ സമർത്ഥമായി ഉപയോഗിച്ചതും ഗാന്ധിജി തന്നെയാണ്. അദ്ദേഹം യാത്ര ചെയ്തപ്പോൾ അത് ദേശീയ പ്രസ്ഥാനത്തിന്റെ യാത്രയായി മാറി. കാരണം എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ആയിരക്കണക്കിന് ആളുകളുണ്ടാവും. അദ്ദേഹം അവിടെ ഇറങ്ങി പ്രസംഗിക്കും. അങ്ങനെ ആളുകളൊക്കെ ഒത്തുകൂടും.

ഗാന്ധിയിൽ ധാരാളം വൈരുദ്ധ്യങ്ങളുണ്ട്. നിങ്ങൾ ഗാന്ധിയെ കൂട്ടിപ്പിടിക്കുകയാണോ വേണ്ടത്, തള്ളിക്കളയുകയാണോ വേണ്ടത് എന്നത് ഒരു കുഴഞ്ഞ കേസാണ്.

ഗാന്ധിയെക്കുറിച്ച് ഇർഫാൻ ഹബീബ് ഒരു ലേഖനത്തിൽ പറയുന്നത് ഗാന്ധിയുടെ സമരമാർഗങ്ങൾക്ക് രണ്ട് പ്രത്യേകതയുണ്ടെന്നാണ്. ഒന്ന്, അമൂർത്തമായ മുദ്രാവാക്യങ്ങൾ അവതരിപ്പിക്കാതെ മൂർത്തമായ ഭൗതിക പ്രശ്‌നങ്ങളിൽ നിന്ന് സമരം തുടങ്ങുകയെന്നത്് ഇന്ത്യയിൽ ആദ്യം സമർത്ഥമായി ഉപയോഗിച്ചയാൾ ഗാന്ധിജിയാണ്. ചമ്പാരനിലെ ഗാന്ധിജിയുടെ ആദ്യ കർഷക സമരത്തിന്റെ കാര്യമെടുക്കാം. കർഷകർക്ക് വിളവിന് വില കിട്ടണം എന്നതായിരുന്നു ആവശ്യം. എവിടെയെങ്കിലുംവെച്ച് സെറ്റിൽ ചെയ്യാവുന്ന മുദ്രാവാക്യമുയർത്തുക, അതും കോൺക്രീറ്റ് ഇഷ്യൂസിൽ നിന്നും സമരം തുടങ്ങുക, ഒരുപക്ഷേ കർഷകന്റെ വിളവിന് വില കിട്ടുകയെന്ന വിഷയം ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ആദ്യ മാറുന്ന സന്ദർഭം. ഒരുപക്ഷേ അങ്ങനെയൊരു മുദ്രാവാക്യം തന്നെ ആദ്യമായി വരുന്ന സന്ദർഭം ഗാന്ധിയിലൂടെയാണ്. അല്ലെങ്കിൽ ഉപ്പിന് നികുതി കൊടുക്കില്ലയെന്നത്. അന്ന് കോൺഗ്രസിന്റെ നേതൃത്വത്തിലെ തന്നെ പലരും അങ്ങനെയൊരു സമരം എത്ര ആശാസ്യമാണെയെന്നൊക്കെ ആലോചിച്ചിട്ടുണ്ട്. കാരണം ഉപ്പ് എന്നൊക്കെ പറയുന്നതിൽ ഒരു അഖിലേന്ത്യാ സമരത്തിന് വകയുള്ള വിഷയമാണോ എന്നൊക്കെ അന്ന് സംശയമുണ്ടായിരുന്നു. പക്ഷേ ഗാന്ധിയുടെ സമീപനം എന്താണെന്നുവെച്ചാൽ അവസാനത്തെയാളെ വരെ തൊടുന്ന ഒരു വിഷയം എടുക്കുകയെന്നതാണ്. അല്ലാതെ ഒരു വക്കീലിനോ ജഡ്ജിക്കോ മനസിലാവുന്ന ഒരു ഇഷ്യൂവെച്ച് സമരം ചെയ്തിട്ട് കാര്യമില്ല. ഇർഫാൻ പറയുന്നത് ഇതൊരു ലെഫ്റ്റ് പൊളിറ്റിക്കൽ സ്ട്രാറ്റജിയാണെന്നാണ്. ഏറ്റവും കോൺക്രീറ്റായ ഏറ്റവും അടിത്തട്ടിലുള്ള പ്രശ്‌നങ്ങളിൽ നിന്ന് സമരം തുടങ്ങുക, സെറ്റിൽ ചെയ്യാൻ പറ്റുന്ന മുദ്രാവാക്യങ്ങൾ ഉയർത്തുക. അല്ലാതെ ബ്രിട്ടൻ ഇന്ത്യ വിട്ടുപോകണമെന്നു പറഞ്ഞ് 1920ൽ സമരം നടത്തിയാൽ അവർ വിട്ടുപോകുകയുമില്ല, നിങ്ങൾക്ക് സമരം പിൻവലിക്കാനും പറ്റില്ല. അങ്ങനെയുള്ള വൈരുദ്ധ്യങ്ങളുടെ നടുവിലൂടെയാണ് ഗാന്ധിജി ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് വരുന്നത്. ആ വരവ് നിർണായകമാക്കുന്നത് മതാത്മകമായി വികസിച്ചുവന്ന ദേശീയതയിൽ നിന്ന് ഭൗതികവും രാഷ്ട്രീയവുമായ പ്രമേയങ്ങളിൽ ഊന്നലുള്ള ദേശീയതയിലേക്ക് നമ്മുടെ സ്വാതന്ത്ര്യ സമരപ്രക്ഷോഭത്തെ വഴിതിരിച്ചുവിട്ടു എന്നുള്ളതാണ്. വാസ്തവത്തിൽ ഗാന്ധിയുടെ കൊലപാതകത്തിലേക്ക് ചെന്നു ചേരുന്നത് ദേശീയതയുടെ ഹൈന്ദവ മഹാത്മക ഉള്ളടക്കത്തെ ഗാന്ധിജി ഈ നിലയിൽ തിരിച്ചിട്ടുവെന്നുള്ളതാണ്. അത് അവസാനത്തെ സത്യാഗ്രഹം മാത്രമല്ല. അവസാനത്തെ സത്യാഗ്രഹം അവസാനത്തെ പ്രകോപനമാണ് എന്നേയുള്ളൂ. യഥാർത്ഥ പ്രകോപനം മതരാഷ്ട്രമെന്നതിനെ അസാധ്യമാക്കുന്ന മട്ടിലുള്ള ഒരിടപെടൽ ഗാന്ധിജിയുടെ യുക്തിയിലുണ്ടായിരുന്നുവെന്നുള്ളതാണ്.

20 കളിൽ ഗാന്ധിജി രംഗപ്രവേശനം ചെയ്യുന്ന അതേ ഘട്ടത്തിലാണ് കേരളത്തിലും ദേശീയ പ്രസ്ഥാനം വേരുപിടിച്ചു തുടങ്ങുന്നത്. നിസഹകരണത്തോട് ബന്ധപ്പെട്ട് കേരളത്തിലും സമരങ്ങൾ നടക്കുന്നു. അതിന്റെ മുദ്രാവാക്യങ്ങൾ കേരളത്തിലും ശക്തമാകുന്നു. അതിനുമുമ്പ് ബ്രിട്ടീഷ് വിരുദ്ധതയുടേതായ ചില ആശയങ്ങളൊക്കെ ഇവിടെയുണ്ടായിരുന്നു. വേലുത്തമ്പിയുടേയും പഴശിരാജയുടേതുമൊക്കെയായി. പക്ഷേ അവരുടെ സമരങ്ങളുടെ അടിസ്ഥാന സ്വഭാവം, നഷ്ടപ്പെട്ട ഫ്യൂഡൽ പ്രതാപങ്ങളെ പുനസ്ഥാപിക്കുക, ആ നഷ്ടത്തിനെതിരെ ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടുക എന്നതായിരുന്നു. അതായത് ബ്രിട്ടീഷ് വിരുദ്ധത എന്നതിനേക്കാൾ നഷ്ടപ്പെട്ട ഫ്യൂഡൽ പ്രതാപങ്ങളുടെ പുനസ്ഥാപനം എന്നു പറയുന്ന ഒരു ലക്ഷ്യമാണ് ഉണ്ടായിരുന്നത്. ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് 20കളിലെ ദേശീയതാ സങ്കല്പം.

ഐക്യകേരള പ്രസ്ഥാനം വികസിച്ചുവരുന്ന സമയത്ത് കൊച്ചി രാജാവ് ഐക്യകേരളത്തിന് അനുകൂലമായ നിലപാടെടുത്തു. ഐക്യകേരളത്തിനുവേണ്ടി താൻ തന്റെ അധികാരങ്ങളെല്ലാം ഒഴിയാൻ തയ്യാറാണ് എന്ന് പ്രഖ്യാപിച്ചു. അങ്ങനെ പ്രഖ്യാപിക്കുന്ന സമയത്ത് കൊച്ചി രാജാവിനെ അന്നത്തെ വലതുപക്ഷം വലിയ തോതിൽ വാഴ്ത്തുകയും കൊച്ചി രാജാവിന്റെ ഐക്യകേരള ആശയത്തെ ആവേശത്തോടെ സ്വീകരിക്കുകയും ചെയ്തു. മാതൃഭൂമി ഈ വിഷയത്തിൽ മുഖപ്രസംഗം തന്നെയെഴുതി. കൊച്ചി രാജാവിന്റെ ഐക്യകേരള പ്രഖ്യാപനത്തെ കേരളീയ ജനത ആഹ്ലാദത്തോടെ ഏറ്റെടുത്തുവെന്നൊക്കെ പറഞ്ഞ്. പക്ഷേ ഇ.എം.എസ് അതിനെതിരെ ഒരു ലേഖനമെഴുതി. അതിന്റെ തലക്കെട്ട് വളരെ ശ്രദ്ധേയമാണ്. അത് ഇങ്ങനെയായിരുന്നു, ' കൊച്ചി രാജാവിന്റെ ഐക്യകേരള പ്രഖ്യാപനം ബ്രിട്ടീഷ് കമ്മട്ടത്തിലടിച്ച കള്ളനാണയം' . അങ്ങനെ വിമർശിക്കുന്നതിന്റെ അടിസ്ഥാന കാരണം കൊച്ചി രാജാവ് മുമ്പോട്ടുവെച്ച ഐക്യകേരള സങ്കല്പമായിരുന്നു. ചിരപുരാതനമായ ചേരവാഴ്ചയുടെ തുടർച്ചയായിട്ടുള്ളതും പൗരാണികമായ കേരളീയ മൂല്യങ്ങളെ നിലനിർത്തുന്നതുമായ ഐക്യ കേരളം എന്നാണ് കൊച്ചി രാജാവിന്റെ ഐക്യകേരള പ്രഖ്യാപനത്തിലുള്ളത്. അദ്ദേഹത്തെ അന്ന് ഐക്യകേരള തമ്പുരാൻ എന്നൊക്കെ വിളിക്കപ്പെട്ടിരുന്നു. ചിരപുരാതനമായ മൂല്യങ്ങളെ നിലനിർത്തുന്ന കേരളം എന്നു പറഞ്ഞാൽ ബ്രാഹ്മണാധിപത്യവും ജാതി വ്യവസ്ഥയും നിലനിൽക്കുന്ന, പഴയ ജാതി ജന്മിത്ത നാടുവാഴി മേധാവിത്വം എന്ന് ഇ.എം.എസ് വിളിച്ച ഒരു ആധിപത്യ വ്യവസ്ഥയ്ക്ക് നിലനിൽപ്പുള്ള ഒരു സംവിധാനമാണ്. ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ ചെയ്തതെന്താണ്? ബൂർഷ്വാസി ബ്രിട്ടനിൽ ചെയ്ത അതേ ജോലി ഇന്ത്യയിൽ ചെയ്തില്ല. മുതലാളിത്തം ബ്രിട്ടനിൽ നാടുവാഴിത്തത്തിന്റെ സാമൂഹ്യ ഘടനയെ തകർത്ത്, നാടുവാഴിത്തത്തിന്റെ ആശയാവലികളേയും നാടുവാഴിത്തത്തിന്റെ മതസാമുദായിക മുദ്രകളേയും തകർത്ത് ആധുനിക ജനാധിപത്യത്തിന്റെ മൂല്യങ്ങളെ സ്ഥാപിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. രാജാവിനെ ശിരച്ഛേദം ചെയ്തുകൊണ്ടാണ് പാർലമെന്റ് അധികാരം സ്ഥാപിച്ചത്. ഇന്ത്യയിൽ അവർ ചെയ്തത് നാടുവാഴിത്തത്തെ തങ്ങളുടെ കപ്പം പിരിക്കാനുള്ള, തങ്ങൾക്ക് പണം പിരിക്കാനുള്ള ഒരു ഇടനിലയായി നിലനിർത്തിക്കൊണ്ട് ആ ഇടനിലയ്ക്ക് മുമ്പുണ്ടായിരുന്നതിനേക്കാൾ നിയമപരമായ അധികാരങ്ങൾ വകവെച്ചുകൊടുക്കുകയാണ്.


ഭാഗം ഒന്ന്: കോഴിക്കോട്ടാണ് സഖാക്കൾ അന്ന് ഒത്തുകൂടിയത്‌


Summary: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപപ്പെടലിലേക്ക് എത്തിച്ചേർന്ന സാമൂഹ്യ സഹചര്യം ഇന്ത്യയിലെ മതാത്മക ദേശീയതയിൽ നിന്നും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് വിശദീകരിക്കുകയാണ് സുനിൽ പി ഇളയിടം. ഒന്നാം ലോക യുദ്ധത്തിനും റഷ്യൻ വിപ്ലവത്തിനും ശേഷം ആഗോളതലത്തിൽ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യവും പുതിയ ആശയങ്ങളുടെയും വാക്കുകളുടെയുമൊക്കെ പ്രയോഗങ്ങളും കേരളത്തിലും സംഭവിക്കുന്നുണ്ട്. കാൾമാക്‌സ്, ശ്രീ നാരായണ ഗുരു, മഹാത്മാ ഗാന്ധി തുടങ്ങിയവരുടെ ആശയലോകം കേരളത്തിന്റെ സോഷ്യലിസ്റ്റ് മണ്ണൊരുക്കലിനെ എങ്ങനെ സ്വാധീനിച്ചും എന്നും വിശദീകരിക്കുകയാണ് ഇളയിടം.


സുനിൽ പി. ഇളയിടം

എഴുത്തുകാരൻ, സാംസ്​കാരിക വിമർശകൻ. ശ്രീ ശങ്കരാചാര്യ സംസ്​കൃതം സർവകലാശാലയിൽ മലയാളം അധ്യാപകൻ. അധിനിവേശവും ആധുനികതയും, ഇന്ത്യാ ചരിത്ര വിജ്​ഞാനം, വീ​ണ്ടെടുപ്പുകൾ- മാർക്​സിസവും ആധുനികതാ വിമർശനവും, മഹാഭാരതം: സാംസ്​കാരിക ചരിത്രം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments