തെരഞ്ഞെടുപ്പ് ജനങ്ങളുടെ ഉൽസവമോ
ആണുങ്ങളുടെ ഉത്സവമോ?

‘‘രാഷ്ട്രീയത്തിലേക്ക് കടന്നുചെല്ലാൻ ശ്രമിക്കുന്ന സ്ത്രീകൾക്ക് ഏറ്റവും തടസ്സമായി നിൽക്കുന്നത് ഫിനാൻസ് മസിലുകളാണ്. എല്ലാക്കാലത്തും എഴുന്നുനിൽക്കുന്നവ. സ്ത്രീകളുടെ കൂടി അദ്ധ്വാനത്തിനുമേൽ പെരുപ്പിച്ചുണ്ടാക്കിയവ. വിഭവങ്ങളിൽ ഭൂരിഭാഗവും കയ്യടക്കിയിരിക്കുന്നവർ വികാരങ്ങളേയും മൂല്യങ്ങളേയും കൂടി ചൂഷണം ചെയ്താണ് സ്ത്രീകളുടെ മേൽ അധികാരം ഉറപ്പിക്കുന്നത്’’- ​​​ഡോ. എ.കെ. ജയശ്രീ എഴുതുന്നു.

കുറെ ദിവസങ്ങളായി മാധ്യമങ്ങളിൽ നിറയുന്നത് തെരഞ്ഞെടുപ്പ് വാർത്തകൾ മാത്രം.
പാലം പണി മുതൽ ഇലക്ടറൽ  ബോണ്ട് വരെയുള്ള അഴിമതിക്കഥകൾ.
പരസ്പരം ചെളിവാരിയെറിയൽ.
കാലുമാറ്റങ്ങൾ.
വാഗ്ദാനങ്ങൾ.
ആൺകശപിശകൾ. 
തെരഞ്ഞടുപ്പ് ഫലം വന്ന് ദിവസങ്ങൾക്കകമോ മാസങ്ങൾക്കകമോ ഇവ അടങ്ങും.
തെരഞ്ഞെടുപ്പ് ജനങ്ങളുടെ ഉൽസവമോ ആണുങ്ങളുടെ ഉത്സവമോ? സ്ത്രീകൾക്ക് ഇതിലെന്ത്? പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം എന്ന് ചോദിക്കാം.

സ്ത്രീകൾ ഇപ്പോൾ പ്രധാനമായും വോട്ടർമാരാണ്. അവർ ഭാര്യമാരായും അമ്മമാരായും പെൺമക്കളായും പെങ്ങന്മാരായും വോട്ടു ചെയ്യുന്നു. രഹസ്യ ബാലറ്റാണെങ്കിൽ പോലും, സ്വന്തക്കാരായ ആണുങ്ങൾ പറയുന്നതിനപ്പുറത്ത്  സ്വതന്ത്രമായി ചിന്തിച്ച് വോട്ടുചെയ്യുന്ന സ്ത്രീകൾ വിരളമാകും. അതുകൊണ്ടുതന്നെ സ്ത്രീകളുടെ പൗരാവകാശ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് അജണ്ടകളിൽ പ്രതിഫലിക്കാറില്ല. വനിതാ സംവരണബിൽ  കൊണ്ടുവന്നതുപോലെയുള്ള ചില ഉഡായിപ്പുകളുണ്ടാവുമെന്നുമാത്രം. സ്ത്രീകളിൽ പകുതിപേരെങ്കിലും സ്വന്തമായി തീരുമാനമെടുത്താൽ അവർക്ക് വോട്ടർ എന്നതിനപ്പുറത്ത് അധികാരലോകത്തേക്ക് കടക്കാം. അതിന് തടസ്സമാകുന്നത് എന്താണ് എന്നതാണ് സ്ത്രീകളും മറ്റു പിന്തള്ളപ്പെട്ടവരും  സ്വയം ചോദിക്കേണ്ടത്.

സ്ത്രീകൾ  ഇപ്പോൾ  പ്രധാനമായും വോട്ടർമാരാണ്. അവർ  ഭാര്യമാരായും  അമ്മമാരായും  പെൺമക്കളായും  പെങ്ങന്മാരായും  വോട്ടു  ചെയ്യുന്നു.  രഹസ്യ  ബാലറ്റാണെങ്കിൽ  പോലും,  സ്വന്തക്കാരായ  ആണുങ്ങൾ  പറയുന്നതിനപ്പുറത്ത്    സ്വതന്ത്രമായി  ചിന്തിച്ച്  വോട്ടുചെയ്യുന്ന  സ്ത്രീകൾ  വിരളമാകും. 
സ്ത്രീകൾ  ഇപ്പോൾ  പ്രധാനമായും വോട്ടർമാരാണ്. അവർ  ഭാര്യമാരായും  അമ്മമാരായും  പെൺമക്കളായും  പെങ്ങന്മാരായും  വോട്ടു  ചെയ്യുന്നു.  രഹസ്യ  ബാലറ്റാണെങ്കിൽ  പോലും,  സ്വന്തക്കാരായ  ആണുങ്ങൾ  പറയുന്നതിനപ്പുറത്ത്    സ്വതന്ത്രമായി  ചിന്തിച്ച്  വോട്ടുചെയ്യുന്ന  സ്ത്രീകൾ  വിരളമാകും. 

വോട്ടു ചെയ്യാനുള്ള അവകാശം തന്നെ സ്ത്രീകൾക്ക് ലഭിച്ചത് നിരവധി പോരാട്ടങ്ങൾക്കൊടുവിലാണ്. സ്വാതന്ത്ര്യ പൂർവ്വ ഇന്ത്യയിൽ, ആദ്യ ഘട്ടത്തിൽ വളരെ കുറച്ച് ശതമാനം സ്ത്രീകൾക്കുമാത്രമാണ് വോട്ട് ചെയ്യാൻ അവകാശമുണ്ടായിരുന്നത്. സ്വത്തുടമസ്ഥത, വിദ്യാഭ്യാസം, വൈവാഹികനില തുടങ്ങി പല മാനദണ്ഡങ്ങൾ അതിന് വഴിവച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം സ്ത്രീകൾ കൂടി ചേർന്ന് രൂപപ്പെടുത്തിയ ഭരണഘടനയുടെ മൂല്യങ്ങൾക്കനുസരിച്ച്, സ്ത്രീകൾക്ക് സാർവ്വത്രിക വോട്ടവകാശം ലഭിച്ചു.

തുല്യതയും പൗരത്വവും ഭരണഘടനയിലൂടെ ഉറപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്ത്രീകളും മറ്റു മനുഷ്യരും അതിനിയും ആർജ്ജിച്ചെടുക്കേണ്ടതായാണുള്ളത്. 

സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും നേതൃത്വം നല്കുകയും ചെയ്ത സ്ത്രീകൾക്ക് അവരുടെ അവകാശങ്ങളെ കുറിച്ച് നല്ല ബോദ്ധ്യമുണ്ടായിരുന്നു എന്ന്  അവർ വോട്ടവകാശത്തിനായി നടത്തിയ പരിശ്രമങ്ങൾ നോക്കിയാൽ മനസ്സിലാകും. ഇവ രണ്ടും ഒരേപോലെ പ്രധാനമായിരിക്കുമ്പോൾ തന്നെ രാജ്യത്തിന്റെ മോചനത്തിന് മുൻഗണന കിട്ടുകയും സ്ത്രീകളുടെ അവകാശം രണ്ടാമതായി പരിഗണിക്കുകയും ചെയ്തുപോന്നു. രാഷ്ട്രീയ കാര്യങ്ങളിൽ പ്രതിബദ്ധരായിരിക്കുന്ന സ്ത്രീകൾക്ക് ഇതിന്റെ സംഘർഷം അനുഭവിക്കേണ്ടിയും വരുന്നു. സ്ത്രീകളുടെ സാമൂഹ്യ, രാഷ്ട്രീയ പങ്കാളിത്തം പ്രോത്സാഹിപ്പിച്ച ഗാന്ധി തന്നെ അക്കാലത്ത് അവരുടെ വോട്ടവകാശം പിന്തുണച്ചില്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതേ അവസ്ഥയാണ് ഇപ്പോഴും തുടരുന്നത്. മറ്റു പ്രധാന പ്രശ്നങ്ങൾ പരിഹരിച്ചശേഷമാവാം സ്ത്രീകളുടെ അവകാശങ്ങൾ എന്നാണ്.

സ്ത്രീകളെ  കുറവുള്ള മനുഷ്യരായി കണ്ടുപോന്ന  സാംസ്കാരിക ലോകത്തിന്റെ അവശിഷ്ടങ്ങളിലാണ് നമ്മൾ ഇന്നും ജീവിക്കുന്നത്. തുല്യതയും പൗരത്വവും ഭരണഘടനയിലൂടെ ഉറപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്ത്രീകളും മറ്റു മനുഷ്യരും അതിനിയും ആർജ്ജിച്ചെടുക്കേണ്ടതായാണുള്ളത്.  ജാതിയുടേതെന്ന പോലെ ലിംഗത്വവും അവ തമ്മിൽ കെട്ടുപിണഞ്ഞും എല്ലാവരുടേയും ഉള്ളിൽ ആഴ്ന്നുകിടക്കുകയാണ്. പ്രാതിനിദ്ധ്യ സ്വഭാവത്തോടുകൂടിയ ജനാധിപത്യ ഭരണക്രമമാണ് നമ്മൾ പറയുന്നതെങ്കിലും സ്ത്രീകൾ അധികാരമുള്ളയിടത്ത് അദൃശ്യരായിരിക്കുന്നത് സ്വാഭാവികമായി തോന്നുന്നത് അതുകൊണ്ടാണ്.

സ്ത്രീകളുടെ സാമൂഹ്യ, രാഷ്ട്രീയ പങ്കാളിത്തം പ്രോത്സാഹിപ്പിച്ച ഗാന്ധി തന്നെ അക്കാലത്ത് അവരുടെ വോട്ടവകാശത്തെ പിന്തുണച്ചില്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകളുടെ സാമൂഹ്യ, രാഷ്ട്രീയ പങ്കാളിത്തം പ്രോത്സാഹിപ്പിച്ച ഗാന്ധി തന്നെ അക്കാലത്ത് അവരുടെ വോട്ടവകാശത്തെ പിന്തുണച്ചില്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ആണിന് അധികാരമുള്ള വ്യവസ്ഥയിൽ അവർ പെണ്ണുങ്ങളെ എങ്ങനെ കാണുന്നു എന്നതും അങ്ങനെയുള്ളിടത്ത് നില നിൽപ്പിനായി സ്ത്രീകൾക്ക്  എങ്ങനെയെല്ലാം തന്ത്രങ്ങൾ മെനയേണ്ടിവരുന്നു എന്നതും   നോക്കി കണ്ടാലേ അതിൽനിന്ന് പുറത്തുകടക്കാൻ കഴിയൂ. വിദ്യാഭ്യാസവും വോട്ടവകാശവും സ്ത്രീകൾ പൊരുതിനേടിയതാണ്. അതിന് ഓരോ കാലത്തുമുള്ള പുരോഗമനപ്രവർത്തകരായ പുരുഷന്മാരുടെ പിന്തുണയോ ചിലപ്പോൾ മുൻകയ്യോ ഉണ്ടായിട്ടുണ്ട്. എന്നാൽ, സ്ത്രീകളുടെ സ്വതന്ത്രത പരിധിയുള്ളതും പരിമിതവുമാക്കാൻ എപ്പോഴും പൊതുസമൂഹം ജാഗ്രത പുലർത്തുന്നോ എന്ന സംശയമാണ് തോന്നുന്നത്. പ്രേമിക്കാനും കാമിക്കാനും തന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചുവളർത്താനും വീട്ടുവേലകൾ ചെയ്യാനും എല്ലാ കാലത്തും പുരുഷന്മാർക്ക് സ്ത്രീകളെ ആവശ്യമുണ്ട്. തന്നിൽനിന്ന് വേറിട്ട ജീവിയായി കണ്ട് ആദരിക്കാനും തടസ്സമില്ല. വിഭവങ്ങൾ സ്വന്തം ഇഷ്ടത്തിന് ഔദാര്യത്തോടെ നൽകാനും വിഷമമില്ല. പുറത്തുപോയി ജോലി ചെയ്യുന്നതിന് പ്രശ്നമില്ല. വീട്ടിലെ കാര്യങ്ങൾ കൃത്യമായി നടന്നാൽ മതി.  രാത്രി വീടിനുപുറത്ത് പോയില്ലെങ്കിലെന്താ, ഉള്ളിൽ സംരക്ഷണം ഉറപ്പാണല്ലോ എന്നാണ് മനോഭാവം. ടെക്‌നോളജിയുടെ വികാസത്തോടെ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരങ്ങളും ഏറെയായി.   ഇങ്ങനെ ജീവിക്കുന്ന സ്ത്രീയെയാണ് നമ്മൾ 'പൗര'യായി തെറ്റിദ്ധരിക്കുന്നത്.  അവർക്ക് സ്വാതന്ത്ര്യവും സംരക്ഷണവും നൽകുന്നത് മറ്റുള്ളവരാണ്. ശാക്തീകരണം എന്ന രാഷ്ട്രീയ പരികല്പന ദരിദ്രവൽക്കരിക്കപ്പെട്ട  സ്ത്രീകൾക്ക് ഉപജീവനമാർഗ്ഗം കണ്ടെത്താനുള്ള പരിപാടികളുടെ ടൈറ്റിലായി മാറുന്നതും സ്ത്രീകളെ രാഷ്ട്രീയത്തിനും പൗരത്വത്തിനും പുറത്തു നിർത്തുന്നതിന്റെ ഭാഗമാണ്. ഈ സംസ്കാരം നിലനിർത്തിയിരിക്കെ സ്ത്രീകൾ രാഷ്ട്രീയത്തിലേക്ക് വരുന്നില്ലെന്നും അവർക്ക് അതിനുള്ള കഴിവുണ്ടായിട്ടില്ലെന്നുമുള്ള വാദങ്ങളാണ് ഇപ്പോൾ അധികാര ലോകത്തുള്ളവർ പറഞ്ഞുകൊണ്ടിരിക്കുന്നത്.

മനുഷ്യസമൂഹത്തിനായി സ്ത്രീകൾ ഏറ്റെടുത്ത പരിചരണവും സേവനവും അവരുടെ സ്വഭാവവും ബാദ്ധ്യതയുമായി നിലനിർത്തുന്നതിൽ ആൺകോയ്മ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയും സ്ത്രീകൾ ഇതിൽ പെട്ടുപോവുകയുമാണ്. 

ഭരണക്രമത്തിൽ താഴെ തട്ടിലുള്ള പ്രാദേശിക ഗവണ്മെന്റുകളിൽ സംവരണം കൊടുത്തുകൊണ്ടു തന്നെ സ്ത്രീകളെ അധികാരത്തിലേറ്റിയിട്ടുണ്ട്. കേരളമടക്കം പല സംസ്ഥാനങ്ങളും അൻപത് ശതമാനം സ്ത്രീകൾക്ക് സംവരണം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ പൊതുവേ മറ്റു പല രാജ്യങ്ങളേയും അപേക്ഷിച്ച് പ്രാദേശിക ഭരണത്തിൽ സ്ത്രീകൾ കൂടുതലായുണ്ട്. രാഷ്ട്രീയസംഘടനകൾ താഴത്തെ കമ്മിറ്റികളിൽ സ്ത്രീകളെ കൂടുതലായി ഉൾപ്പെടുത്തി കാണുന്നുമുണ്ട്. ഇവ രണ്ടും രാഷ്ട്രീയാധികാരത്തിനായി പൊരുതിയേക്കാവുന്ന സ്ത്രീകൾക്ക് നൽകുന്ന താൽക്കാലികാശ്വാസമായേ കാണാൻ കഴിയൂ. അവർ പടിപടിയായി മുകളിലേക്ക് കയറിവരട്ടെ എന്നാണ്. എന്നാൽ പോപ്പുലാരിറ്റി നോക്കി വോട്ടു കിട്ടുമെന്ന് തോന്നിയാൽ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിട്ടില്ലാത്തവരേയും തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതു കാണാം. രാഷ്ട്രീയബോധവും പൗരത്വവും ആർജ്ജിക്കുന്നതിന് ദീർഘനാളത്തെ പ്രവർത്തനം നിർബന്ധമൊന്നുമല്ല. അത് സ്വന്തം ഉത്തരവാദിത്വമായി എല്ലാവർക്കുമുണ്ടാകേണ്ട തിരിച്ചറിവാണ്. എന്നാൽ, അതിന് വിഘാതമായി നിൽക്കുന്ന സാംസ്കാരികമായ സ്ത്രീത്വ, പുരുഷത്വ നിർമിതികളെ ഉടച്ചുവാർക്കുകയാണ് വേണ്ടത്. അതിന് ശ്രമിക്കാത്തിടത്തോളം ഇപ്പോഴത്തെ അവസ്ഥക്ക് വലിയ മാറ്റമുണ്ടാകാൻ പോകുന്നില്ല.

ഇതെല്ലാമാണെങ്കിലും ഈ തടസ്സങ്ങളൊക്കെ അതിജീവിച്ച് വളരെ കുറച്ച് സ്ത്രീകളെങ്കിലും അധികാരത്തിന്റെ പടവുകൾ കയറിയിട്ടുണ്ട്. അവർ നേരിടേണ്ടി വന്നിട്ടുള്ള പ്രശ്നങ്ങളും അവരുടെ അതിജീവനതന്ത്രങ്ങളും പുരുഷന്മാരുടേതിൽനിന്ന്  വ്യത്യസ്തമായിരിക്കും. ഇവരിൽ ചിലരെങ്കിലും രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളെന്ന പ്രിവിലേജിൽ വന്നിട്ടുള്ളവരാണ്. സഹവാസം കൊണ്ടും അനുഭവം കൊണ്ടും അവർ ഇന്നത്തെ ആൺരാഷ്ട്രീയ ലോകത്തിൽ പിടിച്ചുനിൽക്കാൻ ചില വൈഭവങ്ങൾ ആർജ്ജിച്ചിട്ടുണ്ടാവും. രാഷ്ട്രീയത്തിൽ കടന്നുവരുന്നവർക്കുനേരെ ലൈംഗികാപവാദങ്ങൾ പറഞ്ഞു പരത്തുക എന്നത് ഈ ലോകത്തിന്റെ ഒരു സവിശേഷതയാണ്. ഇത് സ്ത്രീകൾക്കുനേരെ കൂടുതലായുണ്ടാകുമെങ്കിലും പുരുഷന്മാരും അവരുടെ ബന്ധുക്കളായ സ്ത്രീകളും ഇതിന് വിധേയരാകാറുണ്ട്. എന്നാൽ, ഈ സ്ഥിതിവിശേഷം പരസ്പരം മുതലെടുക്കാമെന്നാലോചിക്കുന്നതിനുപകരം ലിംഗാതീതമായ ഒരു രാഷ്ട്രീയ സംസ്കാരം ഉണ്ടാക്കിയെടുക്കാൻ ആൺരാഷ്ട്രീയത്തിന് കഴിയുന്നില്ല. ഇതിലേക്ക് കടന്നുവരുന്ന സ്ത്രീകൾക്ക് പലപ്പോഴും പുരുഷന്മാരുടെ ശരീരഭാഷയും ഉച്ചത്തിലുള്ള സംസാരവും അധികാരഭാവവും മറ്റും പ്രകടിപ്പിക്കേണ്ടതായും വരും. അഥവാ, അത്തരം കഴിവുകളുള്ള സ്ത്രീകളാണ്  ആൺരാഷ്ട്രീയ ലോകത്തേക്ക് പ്രൊമോട്ട് ചെയ്യപ്പെടുന്നത്. ഇതിന് അപവാദങ്ങളില്ലെന്നില്ല.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീകള്‍
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീകള്‍

ആൺ രാഷ്ട്രീയ ലോകത്തേക്ക് കടന്നുചെന്ന സ്ത്രീകൾ പറയുന്നതും ചെയ്യുന്നതും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. സ്വതന്ത്രമായി സംസാരിക്കാൻ തന്നെ ഇന്നത്തെ ഘടന തടസ്സമാകുന്നുണ്ടെങ്കിലും കുറെയൊക്കെ അവരിൽനിന്ന് മനസ്സിലാക്കാൻ കഴിയും. സ്ത്രീയെന്ന തരത്തിലുള്ള അവഹേളനങ്ങൾ അവർ നേരിടുന്ന ഒരു പ്രശ്നമാണ്. സ്വന്തം പാർട്ടിയിലുള്ളവർ സംരക്ഷണ മനോഭാവം കാട്ടുകയും ചെയ്യും. എന്നാൽ, മറ്റു പാർട്ടികളിലുള്ള സ്ത്രീകളോട് ഞങ്ങളിതു ചെയ്യാൻ പാടില്ല എന്ന് ആണുങ്ങൾ തീരുമാനിക്കുന്നിടത്താണ് അടഞ്ഞ   ആൺമുറികളിൽ നിന്ന്, രാഷ്ട്രീയം ജനാധിപത്യ രീതിയിൽ പുറത്തുകടക്കുന്നത്. സ്ത്രീകൾക്ക് അവസരം നൽകുന്നിടത്തും ഇങ്ങനെ തന്നെയാണ്. മറ്റവർ ആദ്യം ചെയ്യട്ടെ എന്നാണ് എല്ലാവരും കരുതുന്നത്. ആൺരാഷ്ട്രീയക്കാർ ഒരുമിച്ചിരുന്ന് ഇക്കാര്യത്തിൽ ഒരു തീർപ്പുണ്ടാക്കുമ്പോഴോ ആരെങ്കിലും ഇതിന് തുടക്കം കുറിക്കുമ്പോഴോ ആണ് സംസ്കാരത്തിൽ മാറ്റം വരുന്നത്. ഈ ഞെരുക്കത്തിനിടയിലും പിടിച്ചുനിൽക്കുന്ന സ്ത്രീകളെ ബഹുമാനിക്കണം.  ഒരു ഫോട്ടോയിൽ ഇടം പിടിക്കാൻ പോലും സ്ത്രീകൾ കഷ്ടപ്പെടുന്നത് കാണാറുണ്ട്. 

വിഭവങ്ങളിൽ ഭൂരിഭാഗവും കയ്യടക്കിയിരിക്കുന്നവർ വികാരങ്ങളേയും മൂല്യങ്ങളേയും കൂടി ചൂഷണം ചെയ്താണ് സ്ത്രീകളുടെ മേൽ അധികാരം ഉറപ്പിക്കുന്നത്.

രാഷ്ട്രീയത്തിലേക്ക് കടന്നുചെല്ലാൻ ശ്രമിക്കുന്ന സ്ത്രീകൾക്ക് ഏറ്റവും തടസ്സമായി നിൽക്കുന്നത് ഫിനാൻസ് മസിലുകളാണ്. എല്ലാക്കാലത്തും എഴുന്നുനിൽക്കുന്നവ. സ്ത്രീകളുടെ കൂടി അദ്ധ്വാനത്തിനുമേൽ പെരുപ്പിച്ചുണ്ടാക്കിയവ. വിഭവങ്ങളിൽ ഭൂരിഭാഗവും കയ്യടക്കിയിരിക്കുന്നവർ വികാരങ്ങളേയും മൂല്യങ്ങളേയും കൂടി ചൂഷണം ചെയ്താണ് സ്ത്രീകളുടെ മേൽ അധികാരം ഉറപ്പിക്കുന്നത്.

മനുഷ്യസമൂഹത്തിനായി സ്ത്രീകൾ ഏറ്റെടുത്ത പരിചരണവും സേവനവും അവരുടെ സ്വഭാവവും ബാദ്ധ്യതയുമായി നിലനിർത്തുന്നതിൽ ആൺകോയ്മ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയും സ്ത്രീകൾ ഇതിൽ പെട്ടുപോവുകയുമാണ്.  വീട്ടിനുള്ളിൽ മറ്റുള്ളവർക്കുവേണ്ടി  എപ്പോഴും സേവ ചെയ്തുകൊണ്ടിരുന്നാൽ  പൊതുവായ കാര്യങ്ങളിലേക്കിറങ്ങാൻ കഴിയില്ലെന്നത് എല്ലാവർക്കും മനസ്സിലാകുന്ന പ്രായോഗികപ്രശ്നമാണ്. അല്ലാതെ സ്ത്രീകൾക്ക് കഴിവില്ലാത്തതുകൊണ്ട് അവർക്ക് രാഷ്ട്ര കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന ലളിത യുക്തിയിൽ ഇത് പരിഹരിക്കപ്പെടില്ല.

അടഞ്ഞ വാതിൽ തുറന്ന് സ്ത്രീകൾ കൂടി രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെങ്കിൽ രാഷ്ട്രീയത്തെ കുറിച്ചുള്ള പരികല്പനകൾ തന്നെ മാറിയേക്കും.
അടഞ്ഞ വാതിൽ തുറന്ന് സ്ത്രീകൾ കൂടി രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെങ്കിൽ രാഷ്ട്രീയത്തെ കുറിച്ചുള്ള പരികല്പനകൾ തന്നെ മാറിയേക്കും.

ആണുങ്ങളുടെ റോളുകളും മാറ്റേണ്ടതുണ്ട്. ഇതിലൊക്കെ  കാര്യക്ഷമമായി  ഇടപെടൽ നടക്കണമെങ്കിൽ തീരുമാനങ്ങൾ എടുക്കുന്നിടത്തും നിയമങ്ങളും നയങ്ങളുമുണ്ടാക്കുന്നിടത്തും സ്ത്രീകളുണ്ടാവണം. പരിപാടികളുണ്ടാക്കുന്നിടത്ത് മാത്രം ഉണ്ടായാൽ പോരാ. അതിനാൽ, സ്ത്രീകൾക്ക് എന്താണ് വേണ്ടതെന്നത് ഒരു ഉത്തരമില്ലാത്ത ചോദ്യമായി നീട്ടിക്കൊണ്ടുപോകേണ്ടതില്ല. അതിന് കൃത്യമായ ഉത്തരമുണ്ട്. ഏറ്റവും ഉയർന്ന അധികാര കേന്ദ്രങ്ങളായ നിയമനിർമ്മാണസഭകളിൽ തന്നെയാണ് സ്ത്രീകൾക്ക് ഗണ്യമായ പ്രാതിനിധ്യം ഉണ്ടാവേണ്ടത്. താഴേ തട്ടുകളിൽ കുറഞ്ഞാലും സാരമില്ല. കാരണം അവിടെയുള്ള ഉത്തരവാദിത്വങ്ങൾ അവരുടെ ജോലിഭാരം കൂട്ടുന്നതല്ലാതെ നയപരമായ തീരുമാനങ്ങളിൽ പങ്കുണ്ടാകുന്നില്ല എന്നതുതന്നെ.

ഫാഷിസ്റ്റു വിരുദ്ധ ബോധവും സ്ത്രീവിമോചനവും തമ്മിൽ വൈരുദ്ധ്യമില്ല. സ്ത്രീകൾ അവകാശത്തെ പറ്റി പറയുമ്പോൾ, ‘ഇപ്പോൾ പ്രധാന വിഷയം മറ്റേതാണ്’ എന്ന വാദം ചരിത്രത്തിൽ എപ്പോഴും  ആവർത്തിക്കപ്പെട്ടിട്ടുള്ളതും ഇനിയും അംഗീകരിക്കാനാവാത്തതുമാണ്.

ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ പ്രധാന വിഷയം ഫാഷിസം എന്ന പേരിൽ അറിയപ്പെടുന്ന സമഗ്രാധിപത്യത്തെ എതിർത്തു തോൽപ്പിക്കുക എന്നതാണ്. ഫാഷിസം കടന്നുവരുന്നതു തന്നെ പൗരത്വബോധമില്ലാത്ത, ജനാധിപത്യ ബോധമില്ലാത്ത ജനതയുടെ മേലാണ്. ജനങ്ങളുടെ തിരിച്ചറിവില്ലായ്മയാണ് അതിന്റെ ഇന്ധനമായി ഊർജ്ജമുണ്ടാക്കുന്നത്. അവർ അനുഭവിച്ചു കൊണ്ടിരിക്കുന്ന, അനുഭവിക്കാൻ പോകുന്ന അടിമത്തത്തെ കുറിച്ച് ബോധമില്ലാത്ത മനുഷ്യരാണ് വോട്ടു ചെയ്തു പോലും അതിന് അനുമതി നൽകുന്നത്. സ്ത്രീകൾ അവരുടെ ജീവിതത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നതും സമാനമായ കാര്യങ്ങളാണ്. ജീവൻ വരെ നഷ്ടപ്പെടുന്ന അവസ്ഥയിലെത്തുമ്പോൾ പോലും യജമാനനോടുള്ള ഭക്തി കുറയുന്നില്ല. അല്ലെങ്കിൽ എങ്ങനെയാണ് കടം വാങ്ങി സ്ത്രീധനവും മറ്റും നൽകി ഒരു യജമാനനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. സ്വതന്ത്രചിന്തയോടെ വോട്ടു ചെയ്യുന്ന സ്ത്രീ ഈ വിഷയവും ചിന്തിക്കും. അഥവാ ഇതൊക്കെ ഒരുമിച്ച് തന്നെയാണ് സംഭവിക്കുന്നത്. അടിമത്തം തിരിച്ചറിയാൻ കഴിയുന്നവർ തീർച്ചയായും ഫാഷിസ്റ്റുകൾക്ക് വോട്ടു ചെയ്യുകയില്ല. ഫാഷിസ്റ്റു വിരുദ്ധ ബോധവും സ്ത്രീവിമോചനവും തമ്മിൽ വൈരുദ്ധ്യമില്ല. സ്ത്രീകൾ അവകാശത്തെ പറ്റി പറയുമ്പോൾ, ‘ഇപ്പോൾ പ്രധാന വിഷയം മറ്റേതാണ്’ എന്ന വാദം ചരിത്രത്തിൽ എപ്പോഴും  ആവർത്തിക്കപ്പെട്ടിട്ടുള്ളതും ഇനിയും അംഗീകരിക്കാൻ ആവാത്തതുമാണ്. ഇതിന്റെ പേരിൽ അവകാശത്തെ കുറിച്ചു പറയുന്ന സ്ത്രീകളെ അരാഷ്ട്രീയരായി കാണുന്നത് രാഷ്ട്രീയം എന്താണെന്നത് പുനർ നിർവ്വചിക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് സൂചിപ്പിക്കുന്നത്.

അടഞ്ഞ വാതിൽ തുറന്ന് സ്ത്രീകൾ കൂടി രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെങ്കിൽ രാഷ്ട്രീയത്തെ കുറിച്ചുള്ള പരികല്പനകൾ തന്നെ മാറിയേക്കും. ഇതുവരെ അധികാരത്തിലെത്തിയിട്ടുള്ള സ്ത്രീകൾ കൂടുതലും പ്രാദേശിക ഗവണ്മെന്റുകളിലാണ്. അവിടെ പോലും സംവരണം കൊണ്ടു മാത്രമാണ് പുരുഷന്മാർ അധികാരം വിട്ടുകൊടുത്തത്. ഇത് ചെയ്യുമ്പോഴും ഭരണം ഇവർക്ക് കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന വാദങ്ങളുണ്ടായിരുന്നു. എന്നാൽ, അവർ എത്തിയ  ഇടങ്ങളിൽ  മനുഷ്യരുടെ അടിസ്ഥാന പ്രശ്നങ്ങളായ ആരോഗ്യം, ലൈംഗികാതിക്രമം,   ദൈനംദിന ജീവിത പ്രശ്നങ്ങൾ, സ്ത്രീധനം, ഗാർഹിക പീഡനം, പരിസ്ഥിതി തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട ഇടപെടലുകൾ ഉണ്ടായതായി റിപ്പോർട്ടുകൾ കാണിക്കുന്നുണ്ട്. മെച്ചപ്പെട്ട തരത്തിലും അഴിമതി കുറഞ്ഞുമുള്ള ഭരണമാണ് അവർ നിർവ്വഹിക്കുന്നത്. ന്യൂസിലാൻഡ് പ്രധാനമന്ത്രിയായിരുന്ന ജെസീന്ത ആർഡനിൽ  നിന്ന് വേറിട്ട ഒരു ഭരണരീതിയും നമുക്ക് കാണാനായി. ഇവിടെയും  മെച്ചപ്പെട്ട വനിതാ മന്ത്രിമാരെ കാണാൻ കഴിഞ്ഞിട്ടുണ്ട്. അക്രമം നിറഞ്ഞ ഇപ്പോഴത്തെ രാഷ്ട്രീയത്തിൽ നിന്നു വ്യത്യസ്തമായി കൂടുതൽ അർത്ഥവത്തായ ഒരു ഭരണം നമുക്ക് സ്ത്രീ പ്രാതിനിധ്യത്തിലൂടെ ഭാവന ചെയ്തു കൂടേ?

മുന്‍ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസീന്ത ആർഡൻ
മുന്‍ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസീന്ത ആർഡൻ

തുല്യപ്രാതിനിധ്യം പ്രമേയമാക്കിയ ഒരു പ്രസ്ഥാനം ഇപ്പോൾ കേരളത്തിലെ സ്ത്രീകൾ തുടങ്ങി വച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് ഒരു ക്വിയർ വ്യക്തിയുമായി സംസാരിക്കാനിടയായി. തുല്യപ്രാതിനിധ്യം എന്ന ആശയത്തെ അവർ എങ്ങനെ കാണുന്നു എന്നറിയാനുള്ള ഒരു ശ്രമമായിരുന്നു അത്. ഞങ്ങളുടെ നിലനില്പിനെയോ ജീവനെയോ പരിഗണിക്കാത്ത ഒരു സംവിധാനത്തിൽ എന്തു പ്രാതിനിധ്യത്തെ പറ്റിയാണ് പറയുന്നതെന്നാണ് അവർ ചോദിച്ചത്. അതിനർത്ഥം അവർ അധികാരത്തിൽ പങ്കാളികളാവുകയില്ല എന്നല്ല. മറിച്ച്, പ്രാതിനിധ്യം എന്ന ആശയത്തിന്റെ അഗാധവും പല അടരുകളിൽ പടർന്നുകിടക്കുന്നതുമായ വൈപുല്യത്തെക്കുറിച്ച് സൂചന നൽകുകയാണ്. സ്ത്രീകളുടെ പ്രാതിനിദ്ധ്യം എന്നത് കേവലമായ ഒരു സാംഖിക പ്രതിനിധാനം എന്ന നിലക്കല്ല, ജാതിയുടേയോ, നിറത്തിന്റെയോ, ലൈംഗിക വൈവിദ്ധ്യത്തിന്റേയോ ഭിന്നശേഷിയുടേയോ അതേപോലെ മറ്റു വ്യത്യാസങ്ങളുടെയോ പേരിൽ, ബഹിഷ്കൃതരായ വിഭാഗങ്ങളുടെ സാന്നിദ്ധ്യത്തിന്റെ സാദ്ധ്യത തുറക്കലാണ്. ജനാധിപത്യത്തെ അർത്ഥവത്താക്കുന്ന ഈ പ്രക്രിയ  ആൺ രാഷ്ട്രീയത്തിന്റെ അടഞ്ഞ മുറികളിൽ നിന്നുള്ള വിടുതൽ കൂടിയാണ്.

Comments