മനില സി. മോഹൻ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാപനം, സ്വതന്ത്ര്യ മതേതര റിപ്പബ്‌ളിക് എന്ന ഇന്ത്യയുടെ ഭരണഘടനാ നിര്‍വചനത്തെ, വ്യാഖ്യാനത്തെ ഇല്ലാതാക്കി എന്ന് പറയേണ്ടിവരും. സെക്യുലറായി നില്‍ക്കുന്ന മനുഷ്യര്‍ക്കു മുഴുവന്‍ നിരാശ തോന്നുന്ന ചരിത്ര സന്ദര്‍ഭം കൂടിയാണിത്. സംഘപരിവാര്‍ ഇന്ത്യയെ എങ്ങോട്ട് കൊണ്ടുപോകുന്നു എന്നാണ് കരുതുന്നത്? ഹിന്ദുത്വ പ്രത്യയശാസ്ത്രം എത്രത്തോളം വിനാശകരമായി ഇന്ത്യന്‍ സാമൂഹ്യ രാഷ്ട്രീയ ശരീരത്തില്‍ പടര്‍ന്നിട്ടുണ്ട്?
മനു എസ്. പിള്ള: ഞാനിപ്പോഴും ശുഭാപ്തിവിശ്വാസിയാണ്. തീർച്ചയായും, ഇന്ത്യൻ രാഷ്ട്രീയത്തെയും ഇന്ത്യയുടെ സമൂഹത്തെയും ചലിപ്പിച്ചിരുന്ന ചില അടിസ്ഥാന ഘടകങ്ങൾക്ക് മാറ്റം സംഭവിച്ച സന്ദർഭമാണിത്. നമ്മുടെ പൊതു സാമൂഹികഘടനയുടെ ഏറ്റവും പ്രാഥമികമായ ചില സവിശേഷതകൾക്കുനേരെ ഭീഷണിയുയർന്നിരിക്കുന്നു. എന്നാൽ, ഈ പ്രക്രിയ പൂർണമായിട്ടില്ല, അതുകൊണ്ടുതന്നെ ചില പ്രതീക്ഷകൾ ബാക്കിയുണ്ട്. രാജ്യത്തെ കാവിവൽക്കരണപ്രക്രിയയിൽ ഒരുതരം അരക്ഷിതാവസ്ഥ നിലനിൽക്കുന്നു. നിർമാണം പൂർത്തിയായിട്ടില്ലാത്ത ഒരു ക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടത്, അതും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, അവരുടെ ചില ദൗർബല്യങ്ങളെ വെളിപ്പെടുത്തുന്നു. രാജ്യം പൂർണമായും തങ്ങളുടെ കാവിവൽക്കരണ പദ്ധതിയുടെ ദിശയിൽ സഞ്ചരിക്കുമെന്ന് അവർക്ക് ആത്മവിശ്വാസമുണ്ടായിരുന്നുവെങ്കിൽ, അവർ ഇത്തരമൊരു തിടുക്കം കാണിക്കുമായിരുന്നില്ല. ഈ തിടുക്കം, അതും ഈ പ്രത്യേക സമയത്ത്, ഒരു ദൗർബല്യത്തിന്റെ സൂചനയാണ്. സിനിമാ താരങ്ങളെ ക്ഷണിക്കുക, പ്രകടനപരതയിൽ ആറാടുക: പണ്ട് രാജാക്കന്മാർ പോലും ഇതെല്ലാം ചെയ്തിട്ടുണ്ട്. പക്ഷെ, ഇതെല്ലാം സ്വന്തം അപകടാവസ്ഥ മൂടിവക്കാനുള്ള ഉപായങ്ങളായിരുന്നു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെ രണ്ട് പരിപ്രേക്ഷ്യത്തിൽനിന്ന് നോക്കിക്കാണാം: ബാബറി മസ്ജിദ് കാലഘട്ടത്തിനുശേഷം ജനിച്ച യുവാക്കൾ അടക്കമുള്ള നിരവധി പേരെ സംബന്ധിച്ച്- അവർ സമകാലിക ചരിത്രത്തെക്കുറിച്ചുപോലും വലിയ ധാരണകളില്ലാത്തവരാണ്- ഈ ക്ഷേത്രം മതപരമായ ഒരാഹ്ളാദത്തിന്റെ യഥാർഥ പൂർത്തീകരണമാണ്. അത് നിഷേധിക്കാനാവില്ല. ഞാൻ താമസിക്കുന്നതിനടുത്തുള്ള പ്രായമായ രണ്ടുപേർ ക്ഷേത്രത്തിൽനിന്നുള്ള അക്ഷത വിതരണം ചെയ്യുന്നതുകണ്ടു. അവർ പാർട്ടി പ്രവർത്തകരോ ആർ.എസ്.എസുകാരോ അല്ല; അയോധ്യയിലെ തങ്ങളുടെ പ്രിയപ്പെട്ട ദേവനെയും അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് പണിത പുതിയ ക്ഷേത്രത്തെയും ആരാധിക്കുന്ന സാധാരണ ഹിന്ദുക്കളാണ്. എങ്കിലും, പൊതുസമൂഹം ഇങ്ങനെയുള്ളവരാണ് എന്ന് ഞാൻ ഒരിക്കലും പറയില്ല.
ഹിന്ദു വലതുപക്ഷത്തിന് രാഷ്ട്രീയത്തെ വൈകാരികതയുമായി വിളക്കിച്ചേർക്കാനായി. സെക്യുലർ പക്ഷമാകട്ടെ, അതേ ഭാഷയിൽ വിനിമയം നടത്തുന്നതിൽ പരാജയപ്പെട്ടു.
ഭരണഘടനാമൂല്യങ്ങളോട് പ്രതിബദ്ധരായ രാഷ്ട്രീയപാർട്ടികളടക്കമുള്ള, നമ്മുടെ സ്വന്തം ക്ലാസിൽപെട്ട മനുഷ്യരെയാണ് ഞാൻ ഈ സന്ദർഭത്തിൽ കണക്കിലെടുക്കുന്നത്. ഈ ക്ഷേത്രത്തിനുവേണ്ടിയുള്ള യാത്രയിലെ ദുരന്തഭരിതമായ ഭൂതകാലത്തെയും നിക്ഷിപ്തതാൽപര്യമുള്ള രാഷ്ട്രീയത്തെയും മറന്നുകളയാൻ സമൂഹത്തിനായത് ഈയൊരു മനുഷ്യരുള്ളതുകൊണ്ടാണ്. നമ്മൾ ഭരണഘടനാമൂല്യങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു, എങ്കിലും വൈകാരികമായ ഒരു തലത്തിൽ അത് ജനങ്ങളോട് വിശദീകരിക്കാനാകാതെ വന്നു. പറഞ്ഞുവന്നതിന്റെ സംഗ്രഹം ഇതാണ്: ഹിന്ദു വലതുപക്ഷത്തിന് രാഷ്ട്രീയത്തെ വൈകാരികതയുമായി വിളക്കിച്ചേർക്കാനായി. സെക്യുലർ പക്ഷമാകട്ടെ, അതേ ഭാഷയിൽ വിനിമയം നടത്തുന്നതിൽ പരാജയപ്പെട്ടു. രാജ്യത്തിന്റെ ഏതാണ്ടെല്ലാ ഇടങ്ങളിലും ജനങ്ങളെ ഈ അപകടാവസ്ഥയെക്കുറിച്ച് ഓർമിപ്പിക്കുന്നതിൽ വലിയ പരാജയം സംഭവിച്ചു.
മതം, രാഷ്ട്രീയാധികാരം, മൂലധനാധികാരം എന്നിവയുടെ ആനുപാതിക സങ്കലനമാണ് സംഘപരിവാറിൻ്റെ ഫോർമുല. ഇതിന് ഒരു ബദൽ ഫോർമുല എങ്ങനെ സാധ്യമാക്കാക്കാം എന്നാണ് കരുതുന്നത്?
എന്നെ ശുഭാപ്തിവിശ്വാസിയാക്കുന്ന ഒരു കാര്യമുണ്ട്; സംഘ്പരിവാർ ബ്രാൻഡ് രാഷ്ട്രീയത്തിന് ഇതുവരെ പൂർണമായ വിജയം നേടിയെടുക്കാനായി എന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നില്ല. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ദിവസം, ഞാൻ മുംബൈയിലായിരുന്നു. വീടുകളുടെ ബാൽക്കണികളിലും ജനാലകളിലും ചില കാറുകളിലും മറ്റു വാഹനങ്ങളിലും ചില കൊടികൾ പാറുന്നത് ഞാൻ കണ്ടു. നഗരത്തിന്റെ ചില ഭാഗങ്ങളിൽ വലിയ ആഘോഷങ്ങൾ നടക്കുന്നുണ്ടായിരുന്നു. അതേസമയം, മറ്റുള്ളവരെ സംബന്ധിച്ച് അത് സാധാരണ ദിവസം പോലെ തന്നെയായിരുന്നു. നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷവും ഇപ്പോഴും ദരിദ്രരും ക്ലേശമനുഭവിക്കുന്നവരുമാണ്, അവകാശങ്ങളുടെയും തുല്യതയുടെയും അവസരങ്ങളുടെയും ഒരു ഭാഷയിൽ- മതത്തോടുള്ള അപേക്ഷയെന്ന നിലയ്ക്കല്ല- അവരോട് സംസാരിക്കാനാകും. ഈയൊരു ഭാഷ തിരികെക്കൊണ്ടുവരാൻ നാം വിശ്വസനീയമായ വഴി കണ്ടെത്തേണ്ടതുണ്ട്, അതിന് കരുത്തും വിശ്വാസ്യതയും നൽകേണ്ടതുണ്ട്.
മതപരമായ സംഘാടനത്തിന്റെ മാത്രം അടിസ്ഥാനത്തിലല്ല, ക്ഷേമനടപടികളുടെ വിജയകരമായ നടത്തിപ്പിലൂടെയുമാണ് ബി.ജെ.പിയുടെ വളർച്ചയുണ്ടായിട്ടുള്ളതെന്ന് ചില നിരീക്ഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിന്റെ അർഥം, നിരവധി വോട്ടർമാർ ഹിന്ദുത്വ രാഷ്ട്രീയത്തിൽ പ്രചോദിതരായി മാത്രമല്ല ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത്, മറിച്ച്, അവരുടെ ജീവിതം മെച്ചപ്പെടുത്താൻ പാർട്ടി വാഗ്ദാനം ചെയ്യുന്ന വലിയ പാക്കേജുകളുടെ അടിസ്ഥാനത്തിൽ കൂടിയാണ്.
പക്ഷെ, ഒരു കാര്യം വ്യക്തമാണ്: ഭരണഘടനാമൂല്യങ്ങളുടെ മരണത്തെക്കുറിച്ച് പ്രഭാഷണം നടത്തിയതുകൊണ്ടുമാത്രം കാര്യമില്ല. ജനങ്ങളുടെ ഹൃദയവും മനസ്സും ഒരേപോലെ കവരാനാകണം. ഒരു പാർട്ടി, ദൈവത്തിലൂടെയും മതത്തിലൂടെയും ഇത് ചെയ്യുന്നു. നാം സ്വയം ചോദിക്കേണ്ട ഒരു ചോദ്യം ഇതാണ്: നമുക്ക് എന്താണ് അവർക്ക് വാഗ്ദാനം ചെയ്യാനുള്ളത്?
ഭരണഘടനാമൂല്യങ്ങളെയും രാജ്യമെന്ന ആശയത്തെയും ആഘോഷിക്കുന്നതും ചേർത്തു നിർത്തുന്നതും ഹിന്ദു വിരുദ്ധകാര്യങ്ങളല്ല. മതത്തെ രാഷ്ട്രീയോദ്ദേശ്യത്തോടെ ആയുധമാക്കുന്നതിനെ തള്ളിക്കളയുന്നു എന്നു മാത്രം. ഞാനൊരു ഹിന്ദുവാണ്, ശിവക്ഷേത്രങ്ങൾ സന്ദർശിച്ച് പ്രാർത്ഥന നടത്തുന്ന ഹിന്ദു. അതേസമയം, ഒട്ടും മടി കൂടാതെ, നിഷേധാർത്ഥത്തിലല്ലാതെ തന്നെ എനിക്കിതു കൂടി പറയുവാൻ കഴിയും. ഈ രാജ്യം ഇവിടെ ജീവിക്കുന്ന എല്ലാവർക്കും കൂടിയുള്ളതാണ് - ഹിന്ദുക്കൾക്കു മാത്രമുള്ളതല്ല.