ബംഗാളിൽ മമത ബാനർജി ബി ജെ പിയുടെ ശക്തമായ പ്രതിപക്ഷം എന്ന നിലയിൽ ഉയരാൻ പല കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം, ഇടതുപക്ഷത്തിന്റെ ഇടം അവർക്ക് വിജയകരമായി ഹൈജാക്ക് ചെയ്യാനായി എന്നതാണ്. ലെഫ്റ്റ് സ്പെയ്സിൽ കയറിയിരിക്കുകയാണ് അവർ ചെയ്തത്. സാധാരണഗതിയിൽ ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടതുപക്ഷമാണ് ജനങ്ങളോടൊപ്പം നിന്നിരുന്നത്. പക്ഷേ, നന്ദിഗ്രാം സിംഗൂർ തുടങ്ങിയ പ്രശ്നങ്ങളുണ്ടായപ്പോൾ, ഇടതുപക്ഷം അങ്ങനെയല്ല ഇടപെട്ടത്. പകരം, സ്ഥലം പിടിച്ചെടുക്കുകയായിരുന്നു. അതിനെ പ്രതിരോധിക്കാനാണ് മമതാ ബാനർജിയുടെ കീഴിൽ വിശാല സഖ്യം വന്നത്. അവർക്കത് വിജയിപ്പിക്കാനുമായി എന്നതുതന്നെയാണ് ആ ഇടതുപക്ഷ ഇടത്തെ തന്റേതാക്കി മാറ്റാൻ മമതയെ സഹായിച്ചത്.
രണ്ടാമത്തെ പ്രധാന കാര്യം: ജ്യോതിബാസു സർക്കാരിന്റെ ഭരണത്തിൽ വ്യവസായവൽക്കരണത്തിലും മറ്റും പിന്തള്ളപ്പെട്ടുവെങ്കിലും മതേതരത്വം കാത്തുസൂക്ഷിക്കുന്നതിനും മുസ്‍ലിംകൾക്ക് സുരക്ഷ കൊടുക്കുന്നതിനും ഇടതുപക്ഷം വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു. പക്ഷേ നന്ദിഗ്രാം മുസ്‍ലിംകൾ ഒരുപാട് താമസിക്കുന്ന പ്രദേശമായതുകൊണ്ട് നന്ദിഗ്രാം പ്രോജക്ട് മുസ്‍ലിംകൾക്ക് എതിരെയാണെന്നും അതുവഴി ഇടതുപക്ഷ ഗവൺമെൻറ് മുസ്‍ലിംകൾക്ക് എതിരാണെന്നുമുള്ള ധാരണയുണ്ടാക്കാൻ മമതാ ബാനർജിക്ക് കഴിഞ്ഞു.
മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് ദൗർഭാഗ്യകരമായ ഒരു യാദൃച്ഛിക സംഭവമുണ്ടായി. റെസന്നൂർ എന്ന മുസ്‍ലിം ചെറുപ്പക്കാരൻ ഹിന്ദു പെൺകുട്ടിയെ കല്യാണം കഴിച്ചു. കൽക്കട്ട സിറ്റിയുടെ ഹൃദയഭാഗത്ത് റെയിൽവേട്രാക്കിൽ ആ ചെറുപ്പക്കാരന്റെ മൃതദേഹം കണ്ടെടുത്തു. കൽക്കട്ട പോലീസ് ആ ചെറുപ്പക്കാരനോട് അപമര്യാതയായി പെരുമാറി എന്ന വിവരം പിന്നീട് പുറത്തുവന്നപ്പോൾ അത് ജനകീയ പ്രക്ഷോഭത്തിനിടയാക്കി. അന്ന് ബുദ്ധദേവ് ഭട്ടാചാര്യായിരുന്നു മുഖ്യമന്ത്രി. അദ്ദേഹം അതിനോട് പ്രതികരിക്കാനും കുറച്ച് വൈകി. മമത അത് സമർത്ഥമായി ഉപയോഗപ്പെടുത്തുകയും അതിന്റെ മുന്നിൽ സ്വയം പ്രതിഷ്ഠിക്കുകയും ചെയ്തു.
മമതയുടെ ഇടതു സ്പെയ്സ്
നന്ദിഗ്രാമിലെ ഭൂമി വിഷയത്തിലേതുപോലെ, വളരെ വൈകാരികമായ ഒരു വിഷയത്തിലും രാഷ്ട്രീയമായി മമതക്ക് മുതലെടുക്കാനായി. അതിനെ നേരിടാൻ എന്തുകൊണ്ട് സി പി എമ്മിനും വിശാല ഇടതുപക്ഷത്തിനും ബുദ്ധദേവ് ഭട്ടാചാര്യക്കും കഴിഞ്ഞില്ല?
ഈ രണ്ട് സംഭവങ്ങൾ കഴിഞ്ഞപ്പോൾ ഇടതുപക്ഷത്തിന്റെ സ്പേസ്, അതായത് 34 വർഷത്തോളം കോൺഗ്രസിനെയും മറ്റു ശക്തികളെയും ഭരണത്തിന് പുറത്തുനിർത്താൻ കഴിഞ്ഞ സ്പേസ്, അഞ്ചുവർഷം കൊണ്ട് മമത പിടിച്ചെടുത്തു. അതേ സ്‌പേസില്‍ നിന്നുകൊണ്ടാണ് മമത ഇപ്പോഴും ബി.ജെ.പിയെ നേരിടുന്നത്. 30 ശതമാനത്തോളം മുസ്‍ലിംകൾ ബംഗാളിലുണ്ട്, അവരുടെ ശക്തമായ പിന്തുണ ഇപ്പോഴും മമതക്കുണ്ട്. ഇന്ത്യന്‍ സെക്യുലർ ഫ്രണ്ട് എന്ന കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും സഖ്യകക്ഷി കുറച്ചൊക്കെ മുസ്‍ലിം വോട്ട് പിടിച്ചെടുക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം ഇപ്പോഴും മമതയുടെ കൂടെയാണ്.
മമത ഉണ്ടാക്കിയെടുത്ത ഇടതുപക്ഷ സ്‌പേസ് ഒരിക്കലും ഇടതുപക്ഷ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാകണമെന്നില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, മുറിവേല്‍ക്കപ്പെട്ടവര്‍, ദരിദ്രര്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കാന്‍ പണ്ട് ഇടതുപക്ഷം ശ്രമിച്ചിട്ടുണ്ട്. അതുതന്നെയാണ് ഇപ്പോള്‍ മമതയും ചെയ്യുന്നത് എന്നു മാത്രം.
സത്യസന്ധയായ
പെര്‍ഫോമര്‍
നാടകീയമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പൊളിറ്റിക്കല്‍ പെര്‍ഫോമര്‍ എന്ന രീതിയില്‍ പലപ്പോഴും മമതയെ ഇകഴ്ത്തികാണിക്കാന്‍ ബുദ്ധിജീവികളും വിദ്യാഭ്യാസം കൂടിപ്പോയവരും മാധ്യമപ്രവര്‍ത്തകരുമൊക്കെ ശ്രമിക്കാറുണ്ട്. എങ്കിലും തന്റെ ഭരണകാലത്ത് മൂന്നു കാര്യങ്ങള്‍ വിജയകരമായി അവര്‍ ചെയ്തിട്ടുണ്ട്- ശാക്തീകരണം, സഹാനുഭൂതി, ഊര്‍ജ്ജസ്വലത. വ്യവസായവല്‍ക്കരണവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് മമത പരാജയപ്പെടുന്നത്. ഇടതുപക്ഷവും പരാജയപ്പെട്ടത് അവിടെ തന്നെയാണ്. വ്യവസായികവല്‍ക്കരണം ബംഗാളില്‍ തീരെ നടക്കുന്നില്ല. അതുകൊണ്ടാണ് ചെറുപ്പക്കാരായ ബംഗാള്‍ സ്വദേശികള്‍ തൊഴിലിനായി കേരളത്തിലേക്ക് വരുന്നത്. വിത്ത് വിതക്കലിനും വിളവെടുക്കലിനും ശേഷം അവര്‍ക്ക് തൊഴിലില്ല എന്നത് ബംഗാളിലെ യാഥാര്‍ഥ്യമാണ്.
ഏകദേശം 10.4 കോടിയാണ് ബംഗാളിന്റെ ജനസംഖ്യ. ഈ ജനസംഖ്യയുടെ 85- 90 ശതമാനത്തോളം, (മമത പറയുന്നത് 99 ശതമാനം എന്നാണ്) ഏതെങ്കിലും ഒരു ക്ഷേമപദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകും. അതൊരു വലിയ കാര്യമാണ്. പദ്ധതിയുടെ ഭാഗമാകുമ്പോള്‍ പണക്കാരെന്നും പാവപ്പെട്ടവരെന്നും വ്യത്യാസമുണ്ടാകില്ല. എല്ലാവരും ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ഭാഗമാണ്. അത് വരുമാനവുമായി ബന്ധപ്പെട്ടതല്ല. സ്വകാര്യ ആശുപത്രിയില്‍ വരെ അത് ഉപയോഗിക്കാം. വനിതകളാണ് ആ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍. അവര്‍ വിചാരിച്ചാലേ പുരുഷന്മാര്‍ക്ക് അതിന്റെ പ്രയോജനം കിട്ടുകയുള്ളൂ. ഇത്തരത്തിലൊരു ശാക്തീകരണ പ്രവര്‍ത്തനം മമത ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് പോകാന്‍ സൈക്കിള്‍ വാങ്ങി നല്‍കുന്ന പദ്ധതിയെപ്പോലുള്ള ഒരുപാട് കാര്യങ്ങള്‍ അവര്‍ ചെയ്യുന്നുണ്ട്.
ആളുകളെ ശാക്തീകരിക്കുക എന്നത് വലിയ കാര്യമാണ്. മമതയോട് സംസാരിക്കുമ്പോള്‍ അവര്‍ പാവങ്ങള്‍ക്കിടയില്‍ നടത്തുന്ന ഇടപെടലുകള്‍ സത്യസന്ധമാണ് എന്ന് അനുഭവപ്പെടും. മമതയുടെ പ്രകടനം കാപട്യമാണെന്നും അവര്‍ പാവങ്ങള്‍ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുകയാന്നുമൊക്കെ ആക്ഷേപിക്കപ്പെടാറുണ്ട്. എന്നാല്‍, ദുരിതം നിഞ്ഞ ഒരു ബാല്യകാലത്തുനിന്ന് വന്നതുകൊണ്ടാകും ഇപ്പോഴും അവർ വിനയാന്വിതയായി പെരുമാറുന്നത്. അവര്‍ ഇപ്പോഴും പഴയ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. ഇത്തരം ലളിതമായ ജീവിതശൈലി പിന്തുടരുന്ന അവര്‍ പാവങ്ങളെ കുറിച്ച് പറയുമ്പോള്‍ അത് സത്യസന്ധമാണ് എന്ന് അനുഭവപ്പെടും.
ബംഗാളി ഉപദേശീയതയും
മമതയും
മമതക്കെതിരായ മറ്റൊരു വിമർശനമാണ്, ബംഗാളി ഉപദേശീയതയുമായി ബന്ധപ്പെട്ട അവരുടെ നിലപാട്. പലപ്പോഴും ബംഗാളി സംസ്‌കാരത്തെയും അതിന്റെ സംസ്‌കാരിക ചിഹ്നങ്ങളെയും അവര്‍ ചൂഷണം ചെയ്യുന്നുവെന്ന് വിമർശിക്കപ്പെടാറുണ്ട്. എന്നാൽ, മമത ചെയ്യുന്നതിൽ ഞാൻ തെറ്റ് കാണുന്നില്ല. മമത ബാനര്‍ജി ബംഗാളിനുവേണ്ടിയല്ലാതെ ഗുജറാത്തിനുവേണ്ടിയാണോ സംസാരിക്കേണ്ടത്. അവര്‍ ബംഗാളിനുവേണ്ടി തന്നെയാണ് സംസാരിക്കേണ്ടത്. ബംഗാള്‍ ഉപദേശീയത അത്ര മോശം കാര്യവുമല്ല. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ലോകത്തെല്ലാം നടന്ന നല്ല പരീക്ഷണങ്ങളില്‍ നിന്ന് കടമെടുത്ത ഒന്നാണത്. അതായത് ടാഗോറിന്റെയും വിവേകാന്ദന്റെയും വിദ്യാസാഗറിന്റെയും മറ്റു പലരുടെയും ആശയങ്ങൾ കടം കൊണ്ട ലോകവീക്ഷണമുള്ള ഒരു ദേശീയത. അതിനെ ഒരുതരത്തിലും കുറച്ചുകാണേണ്ടതില്ല. അത് മറ്റാര്‍ക്കും ഉപദ്രവമാകുന്ന ഉപ ദേശീയതയയുമല്ല.
ബംഗാളി സാംസ്‌കാരിക ഇടത്തിന്റെ സംരക്ഷകയായി മമത സ്വയം ചിത്രീകരിച്ചത്, അവര്‍ക്ക് രാഷ്ട്രീയമായ ഗുണങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്. ബംഗാളി സംസ്‌കാരവും ദേശീയതയും, ഇവിടെ ബി.ജെ.പിയെ തടഞ്ഞുനിര്‍ത്താന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. ബി.ജെ.പി ബംഗാളില്‍ നടത്തുന്ന ഇടപെടലുകള്‍ ചെറുതായി കാണാന്‍സാധിക്കില്ല. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കളില്‍ഒരാളെന്ന് പറയാവുന്ന ശ്യാമപ്രസാദ് മുഖര്‍ജി ജനിച്ചുവളര്‍ന്ന നാടാണ് ബംഗാള്‍. അതായത്, സംഘ്പരിവാറിന് വളക്കൂറുള്ള മണ്ണ്. പലപ്പോഴും അമിത് ഷാ അടക്കമുള്ള നേതാക്കന്മാര്‍ ഇവിടെയെത്തി പ്രസംഗിക്കുമ്പോള്‍, തങ്ങള്‍ക്ക് ബംഗാളിനെക്കുറിച്ച് അറിയാമെന്ന് നടിക്കുന്നതിനുവേണ്ടി, അറിയാത്ത കാര്യങ്ങള്‍ പറയുകയും അബദ്ധം പറ്റുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പിയുടെ ഇത്തരം അബദ്ധങ്ങള്‍ ശക്തമായി തന്നെ മമതയും തൃണമൂലും അവരുടെ പ്രചാരണത്തിന് ഉപയോഗിക്കാറുണ്ട്. അതൊരു നല്ല കാര്യം തന്നെയാണ്.
അതിവേഗ മമത
മമതയുടെ പ്രവര്‍ത്തിയെ മുന്‍നിര്‍ത്തി പ്രത്യയശാസ്ത്രപരമായി തീസിസ് എഴുതാനൊന്നും കഴിയില്ല. വളരെ അപ്രതീക്ഷിതമായ പ്രതികരണങ്ങളുള്ള രാഷ്ട്രീയ പ്രവര്‍ത്തകയാണ്. ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ അവര്‍ ശക്തയായി നിലകൊള്ളും. എങ്ങനെ അതിനെ ഉപയോഗിക്കണമെന്നതു സംബന്ധിച്ച് വ്യക്തമായ ധാരണ അവര്‍ക്കുണ്ട്. അത് വിജയകരമായി ചെയ്യാറുമുണ്ട്.
മമതയുടെ അതിവേഗത്തിലുള്ള ഇടപെടലിന് ഒരു ഉദാഹരണം പറയാം. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍ലകലാശാലയിലെ മുൻ വൈസ് ചാന്‍സലർ ബിദ്യുത് ചക്രവർത്തി, നെബേൽ സമ്മാനജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെന്‍സ്ഥലം കയ്യേറിയെന്നാരോപിച്ച് ഒഴിപ്പിക്കൽ നോട്ടീസ് നല്‍കി. അമർത്യ സെന്നാകട്ടെ മോദി സര്‍ക്കാരിന്റെ പല നയങ്ങളുടെയും ശക്തമായ വിമര്‍ശകനാണ്. കാര്യങ്ങള്‍ തുറന്നുപറയുന്ന ഒരാൾ. ആ വിരോധം തീര്‍ക്കാനും മോദിയെ സോപ്പിടാനുമാണ് അമർത്യക്കെതിരെ ഇത്തരത്തിലൊരു നടപടിയുണ്ടായത്. ഈ വിവരമറിഞ്ഞയുടൻ മമത അമർത്യസെന്നിനെ വീട്ടില്‍ പോയി കാണുകയും സംസ്ഥാന സര്‍ക്കാരിന്റെ വകയായി പട്ടയം നല്‍കുകയും, എന്ത് സംഭവിച്ചാലും സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. രാഷ്ട്രീയമായി ചിന്തിക്കുന്ന ഒരാള്‍ക്കുമാത്രമെ ഇങ്ങനെ കാര്യങ്ങള്‍ ചെയ്യാനാകൂ. അതിനുശേഷവും ആ വൈസ് ചാന്‍സലര്‍ അമർത്യ സെന്നിനെ ദ്രോഹിക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ ആ പ്രശ്‌നം തണുത്തു കിടക്കുകയാണ്. ഇനി മോദിയെയോ മറ്റുള്ളവരെയോ പ്രീണിപ്പെടുത്താന്‍ ആരെങ്കിലും അത് തിരിച്ചുകൊണ്ടുവന്നേക്കാം.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ, അമിത് ഷാ ബംഗാളില്‍ ഒരു റാലി നടത്തി തിരിച്ചുപോയ സമയത്ത്, കൊൽക്കത്തയിലെ വിദ്യാസാഗർ കോളേജിലെ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർക്കപ്പെട്ടു. ബി.ജെ.പിക്കാര്‍ കല്ലെറിഞ്ഞ് നശിപ്പിച്ചതാണെന്നായിരുന്നു ആരോപണം. എനിക്ക് തോന്നുന്നു, മറ്റു സംസ്ഥാനങ്ങളിൽനിന്ന് ബി.ജെ.പി റാലിക്ക് കൊണ്ടുവന്ന ആരെങ്കിലും അത് തൃണമൂൽ കോൺഗ്രസ് നേതാവിന്റെ പ്രതിമായണെന്നു കരുതി തകർത്തതാണ് എന്ന്. പ്രതിമ തറയില്‍ കിടക്കുന്ന ചിത്രം പിറ്റേന്ന് പത്രങ്ങളിലൊക്കെ വന്നു. അത് ബി.ജെ.പിയും ബംഗാളും തമ്മിലുള്ള സംസ്‌കാരികമായ അകല്‍ച്ചക്ക് ആക്കം കൂട്ടി.
മമത ബാനര്‍ജി പലപ്പോഴും മൃദുഹിന്ദുത്വ നിലപാടാണ് എടുക്കുന്നതെന്ന് വിമര്‍ശിക്കപ്പെടാറുണ്ട്. അത് മൃദുഹിന്ദുത്വ അല്ല, ബംഗാളിന്റെ സംസ്‌കാരം അങ്ങനെയാണ്.
ഈ സംഭവത്തെ മമത ശക്തമായി ഉപയോഗിച്ചതുകൊണ്ടാണ് കൊൽക്കത്ത അടക്കം ഏഴു സീറ്റില്‍ ബി.ജെ.പിക്ക് വന്‍തിരിച്ചടി നേരിടേണ്ടി വന്നത്. ആ തെരഞ്ഞടപ്പില്‍ ബി.ജെ.പിയുടേത് മികച്ച പ്രകടമായിരുന്നുവെങ്കിലും 17 സീറ്റ് മാത്രമെ നേടാനായുള്ളൂ. വിദ്യാസാഗറിന്റെ പ്രതിമ നശിപ്പിച്ചത് വളരെ വികലമായ പ്രവൃത്തിയാണെന്ന് ശക്തമായി മമത പറഞ്ഞിരുന്നില്ലായിരുന്നുവെങ്കിൽ ബി.ജെ.പിക്ക് കൊൽക്കത്തയുടെയും സമീപ മണ്ഡലങ്ങളിലും ചില സീറ്റുകള്‍ കൂടി നേടാന്‍ കഴിയുമായിരുന്നു എന്ന് പലരും കരുതുന്നുണ്ട്. ഇതുപോലെ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ബി.ജെ.പിക്ക് പലപ്പോഴും ബംഗാളിലെ സംസ്‌കാരിക പ്രതീകങ്ങളെയും നേതാക്കളെയും മാറിപ്പോയിട്ടുണ്ട്. ഈ അബദ്ധങ്ങളെ മമത രാഷ്ട്രീയമായി ഉപയോഗിച്ചിട്ടുമുണ്ട്. അതൊരുപക്ഷെ മുതലെടുപ്പായിരിക്കാം. പക്ഷെ അങ്ങനെ തന്നെയാണല്ലോ വേണ്ടത്. നമ്മുടെ സംസ്‌കാരത്തെ സംരക്ഷിക്കാന്‍ പൊതുപ്രവര്‍ത്തകരല്ലാതെ വേറെ ആരാണുള്ളത്?
ബംഗാളി സംസ്കാരവും
മൃദു ഹിന്ദുത്വയും
മമത ബാനര്‍ജി പലപ്പോഴും മൃദുഹിന്ദുത്വ നിലപാടാണ് എടുക്കുന്നതെന്ന് വിമര്‍ശിക്കപ്പെടാറുണ്ട്. അത് മൃദുഹിന്ദുത്വ അല്ല, ബംഗാളിന്റെ സംസ്‌കാരം അങ്ങനെയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പല നേതാക്കളും ദുര്‍ഗാപൂജയിലടക്കം പങ്കെടുക്കാറുണ്ട്. ദുര്‍ഗാപൂജ ബംഗാളിൽ ഒരു ഹിന്ദു ഉത്സവമല്ല, കമ്യൂണിറ്റി ആഘോഷം കൂടിയാണ്. സാമൂഹ്യ കൂട്ടായ്മയുടെ ഉദാഹരണം കൂടിയാണത്. ഇത്തരം പൂജകളിലെല്ലാം മമത പങ്കെടുക്കാറുണ്ട്.
മുഹ്‌റവും പൂജയും ഒരേ ദിവസം നടക്കുമ്പോഴുണ്ടാകുന്ന ‘പ്രതിസന്ധി’കളെ മറികടക്കാന്‍ പൂജ ഒരു ദിവസത്തേക്ക് മാറ്റാന്‍ മമത അപ്പീല്‍ നല്‍കി. ഇതിനെ വിവാദമാക്കിയ ബി.ജെ.പി, മമത പൂജക്ക് എതിരാണ് എന്ന് പറഞ്ഞുപരത്തി. ബംഗാളില്‍ പൂജ നടത്താന്‍ സാധിക്കുന്നില്ല എന്ന മട്ടില്‍ വിഷയം വളച്ചൊടിച്ച് കള്ളപ്രചാരണം നടത്തി. ഏറ്റവും കൂടുതല്‍ പൂജാപന്തല്‍ ഉദ്ഘാടനം ചെയ്യുന്നത് മമതയാണ് എന്നോർക്കണം.
വ്യവസായവൽക്കരണം രക്ഷ
ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഫണ്ട് ആവശ്യമാണ്. കേരളത്തിന്റെ അവസ്ഥയും ഇതുതന്നെയാണ്. അല്ലെങ്കില്‍ നന്നായി വരുമാനമുള്ള സംസ്ഥാനമാകണം. ബംഗാളിന് വ്യവസായവല്‍ക്കരണമല്ലാതെ വഴിയില്ല. കോര്‍പറേറ്റ് നികുതിയിലൂടെയാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭ്യമാക്കുന്നത്. തൊഴിലുണ്ടാക്കുന്ന പദ്ധതികളിലേക്ക് ആളുകളെ ഇന്‍വെസ്റ്റ് ചെയ്യിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. അത് ഏറ്റെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ മറ്റ് മികവു കൊണ്ട് കാര്യമില്ലാതാകും. കേള്‍ക്കാന്‍ സുഖമുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയാലും ജനങ്ങള്‍ക്ക് ജീവിക്കാൻ വഴിയില്ലെങ്കിൽ കാര്യമില്ല. ആത്യന്തികമായി വ്യവസായവല്‍ക്കരണം നടത്തുക എന്നതാണ് മമതക്കുമുന്നിലുള്ള പ്രധാന വെല്ലുവിളി. അല്ലെങ്കില്‍ കേരളത്തിന് സംഭവിച്ചതുപോലെ ക്ഷേമ പദ്ധതികള്‍ക്കുവേണ്ട പണം പോലും ഇല്ലാതെയാകും.
ഗൗരവമില്ലാത്ത രാഷ്ട്രീയക്കാരിയായി അവരെ ചിത്രീകരിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ അത് ശരിയല്ല. അവര്‍ വളരെ പൊളിറ്റിക്കലായ വ്യക്തിയാണ്. പലപ്പോഴും അവരുടെ രാഷ്ട്രീയ പ്രേരണ എന്നുപറയുന്നത്, ഇന്ത്യയിലെ പ്രമുഖരായ രാഷ്ട്രീയ പ്രവര്‍ത്തകർക്കൊപ്പം നില്‍ക്കാന്‍ പാകത്തിലുള്ളതാണ്. ഡല്‍ഹിയില്‍ അവര്‍ക്ക് അത്രകണ്ട് ഇടപെടാന്‍ കഴിഞ്ഞിട്ടില്ല. അത് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രത്യേകതയാണ്, പുറത്തുനിന്നുള്ളവരെ കഴിയുന്നത്ര മാറ്റിനിര്‍ത്താന്‍ ശ്രമിക്കും.
പൊരുതുന്ന മമത
അതിഭയങ്കരമായ ഊര്‍ജമുള്ളയാളാണ് മമത. പ്രത്യേകിച്ച് ആളുകൾക്കിടയിലേക്കിറങ്ങിച്ചെന്ന്, അവരുമായി ഇടപഴകുന്നത് കണ്ടാൽ ഇക്കാര്യം മനസിലാകും. ഇന്ത്യ പോലൊരു രാജ്യത്തെ പൊതുപ്രവര്‍ത്തകക്കുവേണ്ട പ്രധാന കഴിവും അതുതന്നെയാണ്. തിരമാലയെപ്പോലെ അവർ ആള്‍ക്കൂട്ടത്തിലേക്ക് ഒഴുകിച്ചെല്ലുകയാണ്. അതൊരു പ്രത്യേക കഴിവാണ്. പരിശീലനത്തിലൂടെയോ . ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്നോ പഠിച്ചെടുക്കാനാകാത്ത ഒന്ന്. ദിവസം 17 കിലോമീറ്ററൊക്കെ നടക്കുക എന്നത് ചെറിയ കാര്യമല്ല. വളരെ നിസാരമായി അവര്‍ നടക്കും. എത്ര നേരം വെണമെങ്കിലും വെയിലത്തുനിന്ന് സംസാരിക്കും, ഏത് ഭാഷയിലും. അവര്‍ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട് ഇംഗ്ലീഷ് തനിക്കത്ര വശമില്ലെന്ന്. പക്ഷെ ജനങ്ങളുമായി ആശയവിനിമയം നടത്താന്‍ അവര്‍ക്ക് സാധിക്കും. ഏത് ജനക്കൂട്ടത്തിനു മുന്നിലേക്കും തന്റെ ആശയങ്ങളെ കടത്തിവിടാന്‍ അവര്‍ക്ക് സാധിക്കും. വളരെ ആത്മാര്‍ഥതയുള്ള രാഷ്ട്രീയ നേതാവാണ് മമത ബാനര്‍ജി. ശരിക്കും അവര്‍ ഇന്ത്യയുടെ സമ്പത്താണ്.
രാഷ്ട്രീയക്കാര്‍ വിശ്വാസയോഗ്യരല്ല, മൊത്തത്തില്‍ കാപട്യം നിറഞ്ഞവരാണ്, പൊള്ളയാണ് എന്നൊക്കെ പറയുന്ന സമയത്താണ് മമതയെപ്പോലൊരു നേതാവ്. അവരുടെ ഒരു പ്രസംഗം കേട്ടാൽ മതി, അവർ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളാണെന്ന് നമുക്ക് വ്യക്തമാകും. ഇത് ചില പൊതുപ്രവര്‍ത്തകര്‍ക്ക് മാത്രമുള്ള കഴിവാണ്. മമത ജനങ്ങള്‍ക്കിടയില്‍ ജനിച്ചുവളര്‍ന്ന നേതാവാണ്. അവർ ഒരു പോരാളിയാണ്. ജനങ്ങൾക്കുവേണ്ടി പൊരുതേണ്ടിവന്നാല്‍ യാതൊരു മടിയുമില്ലാതെ പൊരുതുന്ന സ്ത്രീ.
ഒരു പൊതുപ്രവര്‍ത്തകയില്‍ നിന്ന് നമ്മള്‍ എന്തൊക്കെയാണോ പ്രതീക്ഷിക്കുന്നത്, അത് തീര്‍ച്ചയായും മമത നല്‍കുന്നുണ്ട്. ഇതൊക്കെ തന്നെയാണ് അവരെ ഒരു പ്രതിപക്ഷശക്തിയായി നിലനിര്‍ത്താന്‍ സഹായിക്കുന്നത്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് എങ്ങനെ പ്രവര്‍ത്തിക്കുമെന്നാണ് ചിന്തിക്കേണ്ടത്. ബംഗാളിന്റെ ഏറ്റവും വലിയ പ്രശ്‌നമായ തൊഴിലില്ലായ്മ ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നുണ്ട്. ഒരു സര്‍ക്കാരിനെക്കൊണ്ട് ഇത്രയും തൊഴിലുകള്‍ സൃഷ്ടിക്കാനാകുമെന്ന് എനിക്ക് തോന്നുന്നില്ല. വ്യവസായവല്‍ക്കരണമല്ലാതെ വേറെ വഴിയില്ല. സ്വകാര്യ നിക്ഷേപമില്ലാതെ ഒന്നും നടക്കില്ല. മമത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും അതുതന്നെയായിരിക്കും.