വിജയങ്ങളുടെ പുറകിലെ യാഥാർഥ്യങ്ങൾ

ഉള്ളതുകൂടി വിറ്റുതുലയ്ക്കുന്ന, കോർപറേറ്റുകളെ പ്രീതിപ്പെടുത്തി നിൽക്കുന്ന, കമ്മ്യൂണൽ അജണ്ടയും പോളറൈസേഷനും ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിന്റെയെല്ലാം അപകടങ്ങൾ കാണാതെ പോകരുത്.

കെ. കണ്ണൻ: അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുനടന്ന തെരഞ്ഞെടുപ്പിൽ, നാലിടത്തും ബി.ജെ.പി വ്യക്തമായ വിജയം നേടിയിരിക്കുകയാണ്. പഞ്ചാബിലാകട്ടെ, മുഖ്യധാരാ പാർട്ടികളെ നിഷ്പ്രഭമാക്കി ആം ആദ്മി പാർട്ടിയും വലിയ വിജയത്തിലെത്തി. പ്രത്യക്ഷത്തിൽ തന്നെ, യു.പിയിലടക്കം ബി.ജെ.പിക്കും കേന്ദ്ര സർക്കാറിനും എതിരായ നിരവധി ഘടകങ്ങളുണ്ടായിരുന്നു. ഒരുപക്ഷേ, യു.പിയിലെങ്കിലും ബി.ജെ.പിക്ക് തോൽവി സമ്മാനിക്കാൻ ഇടയാക്കുന്നവയുമായിരുന്നു ഇവയിൽ പലതും. എങ്കിലും ഇവ, വോട്ടിങ്ങിനെ സ്വാധീനിച്ചില്ല. പഞ്ചാബിൽ ആപ്പിന്റെ വിജയമാകട്ടെ, തീർത്തും ജനപ്രിയമായ വാഗ്ദാനങ്ങളിലൂന്നിയുള്ളതുമാണ്. അവിടെയും കാർഷിക പ്രശ്‌നങ്ങളും കർഷക പ്രക്ഷോഭവും രൂപപ്പെടുത്തേണ്ടിയിരുന്ന ഒരു ജനവിധിയല്ല ഉണ്ടായത്. അടിസ്ഥാന ജനകീയ പ്രശ്‌നങ്ങളിലൂന്നിയുള്ള തെരഞ്ഞെടുപ്പു രാഷ്ട്രീയം എങ്ങനെയാണ് അട്ടിമറിക്കപ്പെടുന്നത്?

ആനി രാജ: ഈ വിഷയം, സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമായി കാണാതെ, ഇതിന്റെ ബാക്ക്ഗ്രൗണ്ട് കൂടി പരിശോധിക്കേണ്ടതുണ്ട്. ഇന്ന് കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബി.ജെ.പി സർക്കാറിന്റെ ആത്യന്തിക ലക്ഷ്യം, ഒരു തിയോക്രാറ്റിക് സ്റ്റേറ്റ് സ്ഥാപിക്കുക എന്നതാണ്. അതിലേക്ക് നടന്നടുക്കണമെങ്കിൽ ഏറ്റവും വലിയ സംസ്ഥാനമെന്ന നിലയിൽ യു.പി. പോലുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം വളരെ പ്രധാനപ്പെട്ടതാണ്. രാജ്യസഭയിലെ ശക്തി നിർണയിക്കുന്നതിനും ഈ ഫലങ്ങൾ ഉതകും. ഇത് ഒരു ഭാഗത്ത്.

മറ്റൊരു കാര്യം, കുറെ വർഷങ്ങളായി, പ്രത്യേകിച്ച് കഴിഞ്ഞ ഒന്നുരണ്ട് വർഷങ്ങൾ പരിശോധിച്ചാൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാഷ തന്നെ മാറിയതായി കാണാം. ഭാഷയുടെ രാഷ്ട്രീയം എന്നുപറയുന്നത് ഭൂരിപക്ഷത്തിന്റേതായിരിക്കുകയാണ്. ആർ.എസ്.എസ് ഡിക്റ്റേറ്റ് ചെയ്യുന്ന മനുവാദി ഐഡിയോളജിയാണ് നാം കാണുന്നത്. അത്തരമൊരു ഭൂരിപക്ഷ വർഗീയ അന്തരീക്ഷമാണ് നിലവിലുള്ളത്.
ഒരു ഉദാഹരണം പറയം. 75-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് തൊട്ടുമുമ്പാണ് പാർലമെന്റിനു മുമ്പിൽ ഒരുകൂട്ടം സംഘപരിവാറുകാർ പൊലീസ് അനുമതിയില്ലാതെ സംഘം ചേരുകയും മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ട്, മുല്ലമാരുടെ കഴുത്തറക്കണമെന്ന രീതിയിലുള്ള മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്​തത്​. മറ്റൊന്ന് നമ്മൾ കണ്ടത്, ഒരു ഹിന്ദു മത സമ്മേളനമാണ്. ആത്മീയമായ കാര്യങ്ങൾക്കുപകരം അവിടെ നടന്നത് വിദ്വേഷ പ്രചാരണമാണ്. ആക്രമിക്കുന്നതിനും കൊലപ്പെടുത്തുന്നതിനും ഒക്കെയുള്ള ആഹ്വാനങ്ങളാണ് ഇത്തരം മതസമ്മേളനങ്ങളിൽ മുഴങ്ങുന്നത്. ദേശീയ പതാകയെ തന്നെ മാറ്റണമെന്ന് ആർ.എസ്.എസ്, ബി.ജെ.പി. നേതാക്കൾ ആഹ്വാനം ചെയ്യുകയാണ്.
ഹിജാബ് വിഷയം കത്തിപ്പടരുന്നല്ലോ, പക്ഷെ ഈ വിഷയം ഒരുപാട് കാര്യങ്ങളുടെ തുടർച്ചയാണ്. ബീഫിന്റെ പേരിലുള്ള ആൾക്കൂട്ട കൊല മുതൽ വസ്ത്രം കണ്ടാൽ അറിയാമെന്ന് പറഞ്ഞതുവരെയുള്ള, പ്രധാനമന്ത്രി പോലും മുസ്‌ലിംകളെ ടാർഗറ്റ് ചെയ്യുന്ന രീതിയിലുള്ള, ഒരുപാട് കാര്യങ്ങളുടെ തുടർച്ചയാണ്.

ലഖിംപുർ ഖേരിയിൽ ബി.ജെ.പി ജയിക്കുക എന്നു പറഞ്ഞാൽ!, അത് ശരിയായ വിജയമാണെന്ന് ഞാൻ കരുതുന്നില്ല. പൗരത്വ നിയമത്തിനെതിരായ സമരത്തിൽ പങ്കെടുത്ത മുസ്‌ലിംകളെ എങ്ങനെയാണ് യു.പി സർക്കാർ കൈാര്യം ചെയ്തത്? എന്നാൽ, അതിന്റെ ഇരകളായ കുടുംബങ്ങൾ പോലും, സംസ്ഥാനത്ത് ക്രമസമാധാനം മെച്ചപ്പെട്ടു എന്നു പറയുന്ന അവസ്ഥയുണ്ടായി. കുറെ ഗുണ്ടകളെ വെടിവെച്ചു കൊന്നു എന്നതല്ലാതെ മറ്റൊന്നും അവിടെ നടന്നിട്ടില്ല.

ഇന്ത്യ പിന്തുടരുന്ന സാമ്പത്തികനയം എന്താണ്? ഇതുവരെ നമ്മുടെ കരയും കടലും കാടുമാണ് മുൻ സർക്കാരുകൾ കോർപറേറ്റുകൾക്ക് കൊടുത്തിരുന്നതെങ്കിൽ ഈ സർക്കാർ ആകാശം പോലും കോർപറേറ്റുകൾക്ക് കൈമാറുകയാണ്. ലോക്ക്ഡൗൺ മൂലം കോടിക്കണക്കിനാളുകൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ജീവിതം അങ്ങേയറ്റം ദുഷ്‌കരമായ സമയത്താണ്, ഭയപ്പെടുത്തി അടക്കിനിർത്തുന്ന ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നത്. അതിൽ ഫാസിസ്റ്റ് ശക്തികൾ വിജയിക്കുന്നു എന്നാണ് ഈ ഫലങ്ങൾ കാണിക്കുന്നത്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ വേണം ഈ തെരഞ്ഞെടുപ്പ് വിജയങ്ങളെ തന്നെ കാണാൻ. ബി.ജെ.പിക്ക് കഴിഞ്ഞ തവണ കിട്ടിയ അത്ര വോട്ട് യു.പി.യിൽ കിട്ടിയില്ല എന്നതുകൂടി പറയേണ്ടതുണ്ട്.

ആം ആദ്മി പാർട്ടിയുടെ വിജയം പ്രത്യേകം കാണണം. ആപ്പ് മുഖ്യപ്രതിപക്ഷമെന്ന നിലയ്ക്ക് കോൺഗ്രസിന്റെ സ്ഥാനം ഏറ്റെടുക്കാൻ പോകുന്നു എന്നൊക്കെ പ്രചാരണമുണ്ട്. എന്നാൽ, ഡൽഹിയിലെ അവരുടെ ഭരണം പരിശോധിക്കണം. ഡൽഹിയിൽ പല കാര്യങ്ങളും കേന്ദ്രത്തിന്റെ കൈയിലാണ്. കേന്ദ്ര സർക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഒരുപാട് ആശുപത്രികൾ ഡൽഹിയിലുണ്ട്. അതുപോലെ, ക്രമസമാധാനം എന്ന വിഷയവും.

ഡൽഹി കലാപത്തിന്റെ സമയത്ത്, ഇരകളോട്, കെജ്‌രിവാളിന്റെ സർക്കാർ എങ്ങനെയാണ് പെരുമാറിയതെന്ന് എനിക്ക് നേരിട്ട് അനുഭവമുള്ള കാര്യമാണ്. എത്രയോ തവണ സർക്കാറിന് നിവേദനങ്ങൾ കൊടുത്തു. ലോക്ക് ഡൗൺ കാലത്ത് കാർഡില്ലാത്തവർക്ക് റേഷൻ കൊടുക്കുന്നതു സംബന്ധിച്ചും വലിയ പ്രശ്‌നങ്ങളുണ്ടായി. കാർഡുടകമൾക്കു മാത്രമായിരുന്നു റേഷൻ. എന്നാൽ, ഡൽഹിയിൽ കാർഡുടമകളേക്കാൾ കുടുംബങ്ങൾ കാർഡില്ലാത്തവരാണ്, വാടകക്ക് താമസിക്കുന്നവർ. ഇവർക്ക് വീട്ടുടമസ്ഥന്റെ സമ്മതിപത്രമുണ്ടെങ്കിലേ റേഷൻ കാർഡ് കിട്ടൂ. ഒരു വീട്ടുടമസ്ഥനും സമ്മതപത്രം കൊടുക്കില്ല. കാർഡില്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങൾ ലോക്ക്ഡൗൺ കാലത്ത് പണി നഷ്ടപ്പെട്ട് പട്ടിണിയിലായി. സ്‌കൂളുകൾ അടച്ചതോടെ കുട്ടികൾക്ക് ഉച്ചക്കഞ്ഞിയും ഇല്ലാതായി. സർക്കാറിനോട് പരാതി പറഞ്ഞിട്ടും കേൾക്കാതായപ്പോൾ ഞങ്ങൾക്ക് ഡൽഹി ഹൈകോടതിയിൽ പോകേണ്ടിവന്നു. ലക്ഷക്കണക്കിന് രൂപ അഭിഭാഷകർക്ക് നൽകിയാണ് കെജ്‌രിവാൾ സർക്കാർ ഞങ്ങൾക്കെതിരെ കേസ് നടത്തിയത്, ഈയൊരു ആവശ്യത്തിനുവേണ്ടി. അവസാനം കോടതി പറഞ്ഞിട്ടാണ് കാർഡില്ലാത്തവർക്കുകൂടി റേഷൻ കൊടുക്കാൻ തീരുമാനിച്ചത്. ഇതേതുടർന്ന്​,
ഒരു ഇ- കൂപ്പൺ സിസ്റ്റം ഏർപ്പെടുത്തുകയാണ് സർക്കാർ ചെയ്തത്. സ്മാർട്ട് ഫോൺ വഴി ഓൺലൈനിലൂടെ അപേക്ഷിക്കണം. 25 സ്‌റ്റെപ്പുകളാണ് അപേക്ഷ പൂർത്തീകരിക്കാൻ വേണ്ടത്. സാധാരണക്കാരായ സ്ത്രീകൾക്ക് സ്മാർട്ട് ഫോണില്ലെന്നു മാത്രമല്ല, അതുപയോഗിക്കാൻ പോലും അറിയില്ല. അങ്ങനെ അവർ കൂടുതൽ ദുരിതത്തിലായി. ഞങ്ങൾ വീണ്ടും കേസിനുപോയി. അങ്ങനെ വലിയൊരു നിയമയുദ്ധം നടത്തിയിട്ടാണ് ഈ ലോക്ക്ഡൗണിൽ 20 ലക്ഷത്തോളം പേർക്ക് റേഷൻ കൊടുത്തത്. അതിനുവേണ്ടി നടത്തിയ പബ്ലിക് ഹിയറിംഗിനെക്കുറിച്ചൊക്കെ സ്ത്രീകൾ പറയുന്നത് കേട്ടാൽ നമ്മുടെ ഹൃദയം തകർന്നുപോകും.

ആഘോഷിക്കപ്പെടുന്ന മൊഹല്ല ക്ലിനിക്കൽ, മരുന്ന് മാറി കൊടുത്തതുമൂലം ഒമ്പത് കുട്ടികളാണ് മരിച്ചത്. ഇത് ഗൗരവത്തോടെ റിപ്പോർട്ടു ചെയ്യപ്പെട്ടില്ല. മറ്റൊരു മുഖ്യമന്ത്രിയായിരുന്നുവെങ്കിൽ അത് ലോകം മുഴുവൻ അറിയുമായിരുന്നു. ഡൽഹിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം ഒരു സ്‌കൂളിൽ ഉപമുഖ്യമന്ത്രി മനീഷിനൊപ്പം ഒരു പരിപാടിയിൽ ഞാനും പങ്കെടുത്തിരുന്നു. ഡൽഹിയിലെ ജനത കൂടുതൽ കൂടുതൽ മദ്യം കുടിക്കണം, എന്നാലേ കൂടുതൽ വരുമാനമുണ്ടാകുകയുള്ളൂ എന്നാണ് അദ്ദേഹം പ്രസംഗിച്ചത്. അപ്പോൾ തന്നെ ഞങ്ങൾ ഇടപെട്ടു. ഇത്തരമൊരു സമീപനമുള്ള ഒരു പാർട്ടി പഞ്ചാബിൽ എങ്ങനെയാണ് ഭരിക്കുക. പഞ്ചാബിൽ മദ്യവും മയക്കുമരുന്നും ഒരു വലിയ പ്രശ്‌നമാണ്. ഈ പ്രശ്‌നത്തെ ആപ്പ് എങ്ങനെയാണ് അഡ്രസ് ചെയ്യാൻ പോകുന്നത്? മൂന്ന് കാർഷിക നിയമങ്ങൾ ഏറ്റവും ആദ്യം പാസാക്കിയത് അരവിന്ദ് കെജ്‌രിവാളാണ് എന്നോർക്കണം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ പോലും പാസാക്കുന്നതിനുമുമ്പാണിത്.

ഇങ്ങനെ, സാധാരണക്കാർക്കുനേരെ കണ്ണടച്ച ഒരു സർക്കാറിനെയും മുഖ്യമന്ത്രിയെയുമാണ് ജനപ്രിയതയുടെ പേരിൽ ആഘോഷിക്കുന്നത്. ബി.ജെ.പിയുടെയത്ര വർഗീയതയില്ലെങ്കിലും അതിനടുത്തായി വരുന്ന സമാന ഐഡിയോളജിയുള്ള ആളാണ് കെജ്‌രിവാൾ എന്നും മനസ്സിലാക്കണം.
പൂർണ സംസ്ഥാന പദവിയുള്ള ഒരു സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുക്കുമ്പോൾ അറിയാം, ആപ്പിന്റെ ഭരണമികവ്.

അഴിമതി ഇല്ല എന്ന് പ്രധാനമന്ത്രി പറയുന്നുണ്ടല്ലോ. എന്നാൽ, അഴിമതി നിയമവിധേയമാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത്. ഇലക്ടറൽ ബോണ്ടുകളിലൂടെയും പി.എം. കെയർ ഫണ്ടിലൂടെയും അഴിമതിയെ ലീഗലൈസ് ചെയ്തിരിക്കുകയാണ്. മൂന്ന് കാർഷിക നിയമങ്ങളിൽ ഒന്ന് എസ്സൻഷ്യൽ കമ്മോഡിറ്റീസ് അമൻമെൻറ്​ ആക്റ്റ് ആയിരുന്നല്ലോ. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും കുറ്റകരമാക്കുന്ന നിയമത്തിൽ വരുത്തിയ ഭേദഗതിയിലൂടെ ഇവയെ ലീഗലൈസ് ചെയ്യുകയാണ് ചെയ്തത്. അതുപോലെയാണ്, ഇലക്ടറൽ ബോണ്ടിലൂടെയും പി.എം. കെയർ ഫണ്ടിലൂടെയും ചെയ്തത്.

ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനും ശുഭകരമായ ഒന്നല്ല ബി.ജെ.പിയുടെ വിജയം. ഉള്ളതുകൂടി വിറ്റുതുലയ്ക്കുന്ന, കോർപറേറ്റുകളെ പ്രീതിപ്പെടുത്തി നിൽക്കുന്ന, കമ്മ്യൂണൽ അജണ്ടയും പോളറൈസേഷനും ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിന്റെയെല്ലാം അപകടങ്ങൾ കാണാതെ പോകരുത്.

കോൺഗ്രസിന്റെ സമ്പൂർണമായ തകർച്ച, ബി.ജെ.പിക്കെതിരായ ഒരു പ്രതിപക്ഷനിരയെക്കുറിച്ചുള്ള ചർച്ച സജീവമാക്കിയിട്ടുണ്ട്​. ഫെഡറലിസവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന, പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ സംസ്ഥാന തലങ്ങളിൽ സാന്നിധ്യമറിയിക്കുന്നുണ്ട്. സമീപഭാവിയിൽ ഒരു ദേശീയ പ്രതിപക്ഷം ഇത്തരം പാർട്ടികളിൽ നിന്നാകുമോ രൂപപ്പെടുക?

ഇപ്പോൾ, പ്രതിപക്ഷത്തുള്ള പല പാർട്ടികളുടെയും അജണ്ട, പ്രധാന പ്രതിപക്ഷമാകുക, എന്നിട്ട് കേന്ദ്ര ഭരണത്തിലെത്തുക എന്നതാണ്. ആം ആദ്മി പാർട്ടിക്കും അങ്ങനെയുള്ള അജണ്ടയുണ്ട്. ഏതെങ്കിലും ഒരു പാർട്ടിക്ക് മെയിൻ ഓപ്പോസിഷൻ എന്ന നിലക്ക് വരാവുന്ന ഒരു സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ അന്തരീക്ഷമല്ല രാജ്യത്തുള്ളത്. ഒരു പ്രധാന പ്രതിപക്ഷ പാർട്ടി എന്ന നിലയ്ക്ക്, ഒരു ഹിഡൻ അജണ്ടയിലൂടെ ഏതെങ്കിലും പാർട്ടി രംഗത്തുവന്നാൽ അത് പ്രാവർത്തികമാകാൻ പോകുന്നില്ല.

ഭരണഘടനയും മതേതരത്വവും ജനാധിപത്യവും അപകടത്തിലാണ് എന്ന് തിരിച്ചറിഞ്ഞ് അതിനെ സംരഷിക്കണം എന്ന മെയിൻ അജണ്ട വച്ചുവേണം എന്തുതരം കൂട്ടുകെട്ടും. അല്ലാതെ പതിനെട്ടു പാർട്ടി സഖ്യം എന്നൊന്നും പറഞ്ഞിട്ട് ഇനി കാര്യമില്ല. പാർട്ടികളുടെ വിസിബിലിറ്റി ജനങ്ങൾക്ക് ബോധ്യപ്പെടണം. അത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വിസിബിലിറ്റിയാകരുത്. ഈ പ്രവർത്തനം ഇന്നുതന്നെ തുടങ്ങേണ്ട ഒന്നാണ്.


ആനി രാജ

സി.പി.ഐ ദേശീയ എക്​സിക്യൂട്ടീവ്​ അംഗം, പാർട്ടിയുടെ വനിതാ വിഭാഗമായ നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമന്റെ ദേശീയ ജനറൽ സെക്രട്ടറി.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments