ഹിമാൻശു കുമാർ

അഞ്ചു തവണ പൊലീസ്​ എന്നെ കൊല്ലാൻ ശ്രമിച്ചു;
​കുറ്റം: ആദിവാസികളോട്​ ഗാന്ധിയെക്കുറിച്ച്​ സംസാരിച്ചു

കഴിഞ്ഞ പത്ത് വർഷമായി ഛത്തീസ്ഗഡിന് പുറത്താണ് ഞാൻ ജീവിക്കുന്നതെങ്കിലും എനിക്ക് നേരെയുള്ള ഭരണകൂട വേട്ട അവസാനിച്ചിട്ടില്ല. സൈന്യം നടത്തിയ കൂട്ടക്കൊലകൾക്കെതിരെ നിലപാടെടുത്തതിന്റെ പേരിൽ ഇപ്പോഴും ഞങ്ങൾ വേട്ടയാടപ്പെടുകയാണ്.

ഷഫീഖ് താമരശ്ശേരി: മതേതരത്വം, ബഹുസ്വരത, ജനാധിപത്യം തുടങ്ങിയ ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾ വളരെയധികം വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. രാഷ്ട്രപിതാവ് എന്ന നിലയിൽ മഹാത്മാഗാന്ധി വലിയ രീതിയിൽ വാഴ്ത്തപ്പെടുകയും ഓർമിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും ഗാന്ധി മുന്നോട്ടുവെച്ച രാഷ്ട്രീയവും സാമൂഹികവുമായ പരിപ്രേക്ഷ്യങ്ങളുടെ തുടർച്ചകളെ ഇന്ത്യയിലൊരിടത്തും നമുക്കിന്ന് കാണാനാവുന്നില്ല. ഒരു പ്രതീകാത്മക പ്രാതിനിധ്യം എന്ന നിലയിൽ ഗാന്ധിയെ എല്ലായിടത്തും കാണാം. എന്നാൽ ഗാന്ധിയൻ ആശയങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാനോ, നിലനിൽക്കുന്ന സാമൂഹ്യവ്യവസ്ഥിതിയിൽ അവയുടെ പ്രയോഗസാധ്യതകളെ വിനിയോഗിക്കാനോ ആരും ശ്രമിക്കുന്നതായി കാണുന്നില്ല. ഗാന്ധിയൻ രാഷ്ട്രീയത്തിന്റെ തുടർച്ച അവകാശപ്പെടുന്നവർ പോലും അതിന് തുനിയുന്നില്ല. വർഷങ്ങളായി ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ ഗാന്ധിയൻ ആശയങ്ങളുടെ വർത്തമാനകാല പ്രയോഗസാധ്യതകളെ എങ്ങനെയാണ് വിലയിരുത്തുന്നത്?

ഹിമാൻശു കുമാർ: ഗാന്ധിയൻ ആശയങ്ങൾക്കും മാതൃകകൾക്കും ഇന്ത്യയിൽ ഒരുകാലത്തും പ്രസക്തി നഷ്ടപ്പെടുമെന്ന് ഞാൻ കരുതുന്നില്ല. ചങ്ങാത്ത മുതലാളിത്തം രാജ്യത്തിന്റെ ഭാവിയെ തന്നെ തിരുത്തിയെഴുതിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് നാം ഏറ്റവുമധികം ചർച്ച ചെയ്യേണ്ടത് ഗാന്ധിയെക്കുറിച്ചാണ്. സംഘ്പരിവാർ അധികാരത്തിലേറിയശേഷം ഹിന്ദുത്വ വിഭാവനകളിൽ അധിഷ്ഠിതമായ സാംസ്‌കാരിക ഫാഷിസം ഒരുഭാഗത്ത് ശക്തിയായി നടക്കുന്നുണ്ട്. രാജ്യത്തെ ഭൂരിപക്ഷം വരുന്ന പ്രതിപക്ഷ പാർട്ടികളും മറ്റ് പ്രതിരോധ മുന്നേറ്റങ്ങളുമെല്ലാം ഇക്കാര്യത്തിൽ വളരെയധികം ജാഗരൂഗരാണ്. എന്നാൽ, പലപ്പോഴും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുന്ന ഒരു വിഷയമാണ് ഭരണകൂടം മൂലധനശക്തികളുമായി ചേർന്നുനടത്തുന്ന വികസന ഫാഷിസം. ആദിവാസി - ദലിത് ജനവിഭാഗങ്ങളുടെ ജീവസന്ധാരണമാർഗങ്ങളെ അടിമുടി തകർത്തുകളയുന്ന, അവരെ പരമ്പരാഗത ആവാസ വ്യവസ്ഥകളിൽ നിന്ന് പിഴുതെറിയുന്ന വികസന പദ്ധതികൾ ഏറ്റവും തകൃതിയായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്ന കാലം കൂടിയാണിത്.

യു.എ.പി.എ ചുമത്തപ്പെട്ട് ഏതാണ്ട് അഞ്ച് വർഷത്തോളം തടവിൽ കഴിഞ്ഞ 121 ആദിവാസികളെ നിരപരാധികളെന്ന് കണ്ടെത്തി ഈയിടെ ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു. അവരിൽ മിക്കവർക്കും പോകാൻ വീടുകളുണ്ടായിരുന്നില്ല, അതെല്ലാം സൈന്യം നശിപ്പിച്ചതാണ്. പലരുടെയും കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു.

ആദിവാസികൾക്ക് അവരുടെ മണ്ണിൻമേലും വനത്തിൻമേലും അവകാശവും അധികാരവും നൽകിയിരുന്ന ഭരണഘടനാ നയങ്ങളെല്ലാം അട്ടമറിക്കപ്പെടുകയാണ്. ആദിവാസി ഗ്രാമസഭകൾക്ക് സവിശേഷ അധികാരം നൽകിയിരുന്ന ‘പെസ’ നിയമം എവിടെയും പരിഗണിക്കപ്പെടുന്നില്ല. വനാവകാശ നിയമത്തിന്റെ അന്തസ്സത്തയെ തന്നെ നിയമഭേദഗതിയിലൂടെ ദുർബലപ്പെടുത്തി. ദൽഹിയിലെ അധികാര കേന്ദ്രങ്ങളിൽ നിന്നുള്ള ഓരോ തീരുമാനങ്ങളും ദണ്ഡേവാഡയിലെയും ബസ്തറിലെയുമെല്ലാം ഉൾഗ്രാമങ്ങളിലെ ആദിവാസികളെ അവരുടെ മണ്ണിൽ നിന്ന് വേർപെടുത്തിക്കൊണ്ടിരിക്കുകയാണ്. അധികാര കേന്ദ്രീകരണത്തിന്റെ ഏറ്റവും വലിയ പ്രശ്‌നമാണിത്. ഗാന്ധി മുന്നോട്ടുവെച്ച അധികാര വികേന്ദ്രീകരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും തദ്ദേശീയ വിഭവാധികാരത്തെക്കുറിച്ചുള്ള വിഭാവനകളും പ്രസക്തമാകുന്നത് ഇവിടെയാണ്. ഓരോ ജനതയ്ക്കും അവർക്ക് വേണ്ട വികസനം എന്ത് എന്ന് സ്വയം തീരുമാനിക്കാൻ സാധിക്കുന്ന ഒരു കാലത്ത് മാത്രമേ നീതി പുലരുകയുള്ളൂ.

ദണ്ഡേവാഡയിലെയും ബസ്തറിലെയുമെല്ലാം ഉൾഗ്രാമങ്ങളിലെ ആദിവാസികളെ അവരുടെ മണ്ണിൽ നിന്ന് വേർപെടുത്തിക്കൊണ്ടിരിക്കുകയാണ് / Photo: cgsird.gov.in

ഇന്ത്യയിൽ എവിടെ നോക്കിയാലും നമുക്ക് മഹാത്മാഗാന്ധിയെ കാണാൻ സാധിക്കും. അദ്ദേഹത്തിന്റെ ചിത്രങ്ങളും പ്രതിമകളുമെല്ലാം എല്ലായിടങ്ങളിലുമുണ്ട്. അതേസമയം ഗാന്ധിയൻ ആദർശങ്ങളെ നമുക്കൊരിടത്തും കാണാൻ സാധിക്കുന്നില്ല. മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട സവിശേഷ ദിനങ്ങൾ കടന്നുപോകുമ്പോഴെല്ലാം എനിക്ക് വളരെ ദുഃഖകരവും അസഹനീയവുമായി അനുഭവപ്പെടുന്ന ഒരു കാര്യമുണ്ട്. ബി.ജെ.പി - ആർ.എസ്.എസ് നേതാക്കൾ നടത്തുന്ന ഗാന്ധി പ്രശംസകളാണത്. ഗാന്ധി വധത്തിൽ ആർ.എസ്.എസ്സിന് പങ്കുണ്ട് എന്ന് സാങ്കേതികമായി ഇന്ന് നമുക്ക് പറയാനാകില്ലെങ്കിലും അതിനുപിന്നിൽ പ്രവർത്തിച്ച താത്പര്യവും, രാഷ്ട്രീയവും ഏതാണെന്ന് എല്ലാവർക്കും വ്യക്തമായി അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ ആർ.എസ്.എസ്. നേതാക്കൾ നടത്തുന്ന ഗാന്ധി സ്തുതികൾ തീർത്തും കാപട്യം നിറഞ്ഞതാണ്. അധികാരത്തിലേറിയ നാൾ മുതൽ ബി.ജെ.പി ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത് നമ്മുടെ രാഷ്ട്രശില്പികളായ മതേതര മുഖങ്ങളെയെല്ലാം വിസ്മൃതിയിലാഴ്ത്താനുള്ള ശ്രമങ്ങളാണ്. അവർ സ്വാതന്ത്ര്യസമര ചരിത്രത്തെ തെറ്റായ തരത്തിൽ വളച്ചൊടിക്കുകയും നെഹ്‌റു അടക്കമുള്ള നേതാക്കൾക്കെതിരെ ദുഷ്​പ്രചാരണം നടത്തുകയും ചെയ്യുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ പിന്നാക്കാവസ്ഥയ്ക്ക് ഏറ്റവും വലിയ കാരണം നെഹ്‌റുവിയൻ സോഷ്യലിസമായിരുന്നു എന്ന് വരുത്തിത്തീർക്കാനാണ് അവർ നിരന്തരം ശ്രമിക്കുന്നത്. ദേശീയ പ്രസ്ഥാനത്തെയും അവർ അവമതിപ്പോടെയാണ് സമീപിക്കുന്നത്. ഇതെല്ലാം തുടരുമ്പോഴും മഹാത്മാഗാന്ധിയെ നേരിട്ട് എതിർക്കാത്തത് ഒരു തരത്തിൽ അവരുടെ ഗതികേട് മാത്രമാണ്. ഇന്ത്യൻ ജനസാമാന്യത്തിന്റെ മനസ്സിൽ അത്രമേൽ ആഴത്തിൽ ഗാന്ധി സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. ലോകരാജ്യങ്ങൾക്കുമുന്നിൽ ഇന്ത്യയുടെ പ്രതീകം കൂടിയാണ് ഗാന്ധി. ഗാന്ധിയെ എതിർത്തുകൊണ്ടുള്ള നിലപാടുകളുമായി മുന്നോട്ടുപോകാൻ ഒരിക്കലും സാധിക്കില്ല എന്ന പരിപൂർണ ബോധ്യമുള്ളതിനാൽ തങ്ങൾക്കനുകൂലമായ ഒരു ഗാന്ധിയെ വ്യാജമായി നിർമിച്ചെടുക്കാനാണ് അവർ ശ്രമിക്കുന്നത്. യഥാർത്ഥ ഗാന്ധിയൻ മൂല്യങ്ങളോട് ചെയ്യുന്ന കൊടും ക്രൂരതയാണത്.

ഗാന്ധിയെ ശാരീരികമായി ഉന്മൂലനം ചെയ്യുകയാണ് ഹിന്ദുത്വ ശക്തികൾ ചെയ്തിട്ടുള്ളതെങ്കിൽ ഗാന്ധിയൻ ആദർശങ്ങളെ ജീവനോടെ കുഴിച്ചുമൂടുകയാണ് ഗാന്ധിയൻ പാരമ്പര്യത്തിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുന്ന കോൺഗ്രസ് ചെയ്തിട്ടുള്ളത്.

ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട രാഷ്ട്രീയ പാർട്ടിയാണല്ലോ ഇന്ത്യൻ നാഷണൽ കോൺഗ്രസ്. രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ഇപ്പോൾ ശക്തിയായ രീതിയിൽ നടക്കുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കോൺഗ്രസിന് ഒരിക്കലും നടത്തേണ്ടി വന്നിട്ടില്ലാത്ത തരത്തിലുള്ള പദയാത്രകളടക്കം അവർ നടത്തുന്നു. രാഹുൽ ഗാന്ധി ഇപ്പോൾ നടത്തുന്ന ഭാരത് ജോഡോ യാത്രയെ മഹാത്മാഗാന്ധിയുടെ പ്രവർത്തനരീതികളോട് താരതമ്യപ്പെടുത്തിക്കൊണ്ടുള്ള വിശകലനങ്ങളും വരുന്നുണ്ട്. കോൺഗ്രസിന്റെ ഇപ്പോഴത്തെ നീക്കങ്ങളിൽ എന്തെങ്കിലും പ്രതീക്ഷർപ്പിക്കാനാവുമോ?

ഈ ചോദ്യം ഒരു മുഖ്യധാരാ രാഷ്ട്രീയ ചോദ്യമാണ്. ദീർഘകാലം ചത്തീസ്ഗഡിലെ ദണ്ഡേവാഡ, ബസ്തർ പോലുള്ള മേഖലകളിൽ പ്രവർത്തിച്ച എന്നെ പോലൊരാൾക്ക് ഇന്ത്യയുടെ രാഷ്ട്രീയ പ്രശ്‌നങ്ങളെ കോൺഗ്രസ് അല്ലെങ്കിൽ ബി.ജെ.പി എന്നിങ്ങനെയുള്ള ബൈനറികളിൽ നിന്ന് സമീപിക്കാനാവില്ല. അതിന് ചരിത്രപരമായ കുറേയധികം കാരണങ്ങളുണ്ട്. ഒരു താരതമ്യ യുക്തിയിൽ നിന്നുകൊണ്ട് കോൺഗ്രസിൽ പ്രതീക്ഷയർപ്പിക്കാം എന്ന സ്ഥിതിയുണ്ടെങ്കിലും അങ്ങനെ മാത്രം കാര്യങ്ങളെ കാണാനാവില്ല. ഇന്ത്യയിലെ ആദിവാസി മേഖലകൾ സംഘർഷങ്ങളിലേക്ക് വഴുതിവീണതിന്റെ കാരണങ്ങൾ ആരംഭിക്കുന്നത് മോദി അധികാരത്തിൽ വന്ന ശേഷമുള്ള കാലത്തൊന്നുമല്ല. അതിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്.

ഛത്തീസ്ഗഡ് എന്റെ ജന്മനാടല്ല. സാമൂഹ്യപ്രവർത്തനത്തിന് ഞാൻ തെരഞ്ഞെടുത്ത സ്ഥലമാണിത്. ഞാൻ ജനിച്ചതും വളർന്നതുമെല്ലാം യു.പിയിലെ മുസാഫർ നഗറിലായിരുന്നു. സ്വാതന്ത്ര്യ സമര പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛൻ, 1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുക്കുകയും 1946 ൽ സേവാഗ്രാം ആശ്രമത്തിൽ മഹാത്മാഗാന്ധിയോടൊപ്പം താമസിക്കുകയുമെല്ലാം ചെയ്തിട്ടുള്ളയാളാണ്. പിൽക്കാലത്ത് വിനോബ ഭാവെയുടെ ഭൂദാൻ ആന്ദോളനിൽ ഭാഗമായിരുന്നു. അച്ഛന്റെ സ്വാധീനം വഴിയാണ് ഞാനും ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടനാകുന്നതും സാമൂഹ്യപ്രവർത്തന രംഗത്ത് നിലയുറപ്പിക്കാൻ തീരുമാനിക്കുന്നതും.

1988 ൽ നിരവധി ഗാന്ധിയൻമാരുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഇന്ത്യയിലെ ആദിവാസി മേഖലകൾ സന്ദർശിച്ചപ്പോൾ ഞാനും അതിന്റെ ഭാഗമായി. ദണ്ഡേവാഡയും ബസ്തറും അടക്കമുള്ള ആദിവാസി മേഖലകൾ അന്നാണ് ആദ്യമായി സന്ദർശിക്കുന്നത്. ഇന്ത്യയിലെ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം എത്രമാത്രമാണന്ന് അന്നാണ് മനസ്സിലായത്. നമ്മുടെ രാജ്യത്തിന് കീഴിലുള്ള സ്ഥലങ്ങളാണിതെല്ലാം എന്ന് വിശ്വസിക്കാൻ പോലും സാധിക്കാത്ത തരത്തിലായിരുന്നു അവിടങ്ങളിലെ സാമൂഹിക സാഹചര്യങ്ങൾ. അന്ന് കണ്ട കാഴ്ചകളാണ് ഛത്തീസ്ഗഡിലെ ആദിവാസി മേഖലകളിൽ പ്രവർത്തിക്കാൻ തീരുമാനിക്കുന്നതിനുപിന്നിൽ. എന്റെ വിവാഹത്തിന്റെ തൊട്ടുശേഷം 1992 ൽ ഞാൻ ഭാര്യയുമൊത്ത് ദണ്ഡേവാഡയിലേക്ക് വണ്ടി കയറുകയായിരുന്നു.

ഹിമാൻശു കുമാർ ദണ്ഡേവാഡയിലെ ആദിവാസി മേഖലയിൽ

റേഷൻകടകൾ, സ്‌കൂളുകൾ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ ഇവെയെല്ലാം നാമമാത്രമായ ചില കെട്ടിടങ്ങളായി അവിടെയുണ്ടായിരുന്നുവെങ്കിലും ഒന്നും പ്രവർത്തിച്ചിരുന്നില്ല. ബസ്തർ അടക്കമുള്ള മേഖലകളിലേക്കെത്തുന്ന സർക്കാർ ഉദ്യോഗസ്ഥരെല്ലാം ശിക്ഷാനടപടിയുടെ ഭാഗമായി വരുന്നവരായിരുന്നു. ഉദ്യോഗസ്ഥ തലത്തിൽ ആർക്കും അവയൊന്നും നടത്തുന്നതിൽ താത്പര്യം ഉണ്ടായിരുന്നില്ല. ഞങ്ങൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും അവരെ അവകാശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു. ദൽഹി കേന്ദ്രീകരിച്ചുകൊണ്ടുള്ള സന്നദ്ധസംഘടനകളുടെയും എൻ.ജി.ഒകളുടെയുമൊക്കെ സഹായത്തോടെ വിവിധ പ്രവർത്തനങ്ങൾ നടത്താനരംഭിച്ചു. തുടക്കത്തിൽ സർക്കാർ തലത്തിലും മോശമല്ലാത്ത പിന്തുണയാണ് ഞങ്ങൾക്ക് ലഭിച്ചത്. ജനങ്ങൾ അവരുടെ അവകാശങ്ങളെക്കുറിച്ച് ചോദിക്കാനാരംഭിച്ചതോടെ സ്‌കൂളുകളും ആശുപത്രികളുമടക്കമുള്ള സ്ഥാപനങ്ങൾക്ക് ശരിയായ നിലയിൽ പ്രവർത്തിക്കേണ്ടി വന്നു. പല സർക്കാർ പദ്ധതികളുടെയും നടത്തിപ്പിനായി ഉദ്യോഗസ്ഥർ ഞങ്ങളുടെ സഹായം തേടി. പിന്നീട് നിരവധി പുതിയ എൻ.ജി.ഒകൾ കൂടി ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി എത്തുകയും നാലു ജില്ലകളിലേക്ക് ഞങ്ങൾ പ്രവർത്തനം വ്യാപിപ്പിക്കുകയുമുണ്ടായി. സന്നദ്ധസേവന രംഗത്ത് മാത്രം നിലനിന്ന കാലത്ത് ഞങ്ങൾക്ക് യാതൊരു തടസ്സങ്ങളുമുണ്ടായിരുന്നില്ല. സർക്കാറിൽ നിന്ന് വലിയ പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സേവനപ്രവർത്തനങ്ങളുമായി മാത്രം നിൽക്കാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യങ്ങളായിരുന്നില്ല ഛത്തീസ്ഗഡിലെ ആദിവാസി മേഖലകളിൽ പിന്നീടുണ്ടായിരുന്നത്.

1991 ൽ ആഗോളവത്കരണം, ഉദാരവത്കരണം, സ്വകാര്യവത്കരണം അടക്കമുള്ള പുത്തൻ സാമ്പത്തിക നയങ്ങളുമായി കോൺഗ്രസ് മുന്നോട്ടുവന്നശേഷം ആഗോള കുത്തകകളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ അവർ ആദ്യം ചെയ്തത് ധാതു ലവണങ്ങളുടെ സമ്പുഷ്ടത കൊണ്ട് പ്രസിദ്ധമായ ഛത്തീസ്​ഗഡിലെയും ഝാർഖണ്ഡിലെയും മലനിരകൾ സ്വകാര്യ ഖനനകമ്പനികൾക്ക് തീറെഴുതിക്കൊടുക്കുകയാണ്. പരമ്പരാഗതമായി ഈ മേഖലകളിൽ താമസിക്കുന്ന ആദിവാസി ജനതയുടെ സാന്നിധ്യവും അവരുടെ ചെറുത്തുനിൽപ്പും ഖനന താത്പര്യങ്ങൾക്ക് തടസ്സമായപ്പോൾ അത് നീക്കാനായി സാൽവാജുദൂം എന്ന അർധസൈനിക വിഭാഗത്തിന് രൂപം നൽകി ആദിവാസി ഗ്രാമങ്ങളെ ചോരക്കളമാക്കുകയാണ് ചെയ്തത്. 644 ഗ്രാമങ്ങളാണ് സാൽവജുദൂം അഗ്നിക്കിരയാക്കിയത്. ഗ്രാമവാസികളായ ആയിരങ്ങൾ കൊല്ലപ്പെട്ടു, അതിലേറെ പേർ ജയിലിൽ അടയ്ക്കപ്പെട്ടു. നൂറുകണക്കിന് സ്ത്രീകൾ സൈന്യത്തിന്റെ കൂട്ട ലൈംഗികാക്രമണങ്ങൾക്കിരയായി.

Photo: Himanshu Kumar

ഞങ്ങൾ ഈ വിഷയങ്ങളിൽ ഇടപെടുകയും ആദിവാസികളുടെ മനുഷ്യാവകാശങ്ങൾക്കുവേണ്ടി ശക്തമായി സംസാരിക്കുകയും ചെയ്തതോടെ അതുവരെ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രിയപ്പെട്ടവരായിരുന്ന ഞങ്ങൾ ഒറ്റയടിക്ക് അവരുടെ ശത്രുക്കളായി. അതോടെ ഞങ്ങളുടെ ആശ്രമം നിയമവിരുദ്ധമാണെന്നറിയിച്ച് നോട്ടീസ് അയച്ചു. 2009 ൽ അവർ ബുൾഡോസറുകളുമായി വന്ന് ആശ്രമം തകർത്തുതരിപ്പണമാക്കി. ഞങ്ങളുടെ വർഷങ്ങൾ നീണ്ട വിയർപ്പിന്റെ ഫലമായിരുന്നു ആദിവാസി മേഖലയിലെ ആ ആശ്രമം. അഞ്ചോളം തവണ പൊലീസ് എന്നെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്. ഒടുവിൽ ഏറ്റവും ഭീകരമായ ഒരു ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടിയ ശേഷമാണ് ജീവഭയത്തിൽ ഞാൻ ഛത്തീസ്ഗഡ് വിട്ടത്. 2010 ജനുവരി നാലിന് അന്നത്തെ കോൺഗ്രസ് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 10 വർഷത്തേക്ക് എനിക്ക് ഛത്തീസ്ഗഡിലേക്ക് പ്രവേശന വിലക്കായിരുന്നു. ഇന്ത്യയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ആദിവാസി മേഖലയിലേക്ക് ഗാന്ധിയൻ ആശയങ്ങളുമായി കടന്നുചെന്ന എന്നെ അവിടെ നിന്ന് ആട്ടിപ്പായിക്കുകയും ഗാന്ധിയൻ ആദർശങ്ങളുമായി പ്രവർത്തിച്ച എന്റെ ആശ്രമം തകർത്തുതരിപ്പണമാക്കുകയും ചെയ്ത കോൺഗ്രസിൽ ഞാനെന്ത് പ്രതീക്ഷയർപ്പിക്കാനാണ്. ഞാനെപ്പോഴും സുഹൃത്തുക്കളോട് പറയാറുണ്ട്, ഗാന്ധിവധം നടത്തിയത് ഹിന്ദുത്വ ശക്തികൾ മാത്രമല്ല എന്ന്. ഗാന്ധിയെ ശാരീരികമായി ഉന്മൂലനം ചെയ്യുകയാണ് ഹിന്ദുത്വ ശക്തികൾ ചെയ്തിട്ടുള്ളതെങ്കിൽ ഗാന്ധിയൻ ആദർശങ്ങളെ ജീവനോടെ കുഴിച്ചുമൂടുകയാണ് ഗാന്ധിയൻ പാരമ്പര്യത്തിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുന്ന കോൺഗ്രസ് ചെയ്തിട്ടുള്ളത്.

സ്ത്രീകളും കുട്ടികളുമടക്കമുള്ള ആദിവാസികളെ അതിക്രൂരമായ രീതിയിൽ സൈന്യം കൊലപ്പെടുത്തിയതിനെതിരെ സ്വതന്ത്രമായ അന്വേഷണം വേണം എന്നാവശ്യപ്പെട്ടതിനാണ് എനിക്ക് നേരെ ഈ നടപടി ഉണ്ടായിരിക്കുന്നത്. അത്രയ്ക്ക് വിചിത്രമാണ് നമ്മുടെ രാജ്യവും ഇവിടുത്തെ നീതിന്യായ വ്യവസ്ഥയും.

കഴിഞ്ഞ പത്ത് വർഷമായി ഛത്തീസ്ഗഡിന് പുറത്താണ് ഞാൻ ജീവിക്കുന്നതെങ്കിലും എനിക്ക് നേരെയുള്ള ഭരണകൂട വേട്ട അവസാനിച്ചിട്ടില്ല. സൈന്യം നടത്തിയ കൂട്ടക്കൊലകൾക്കെതിരെ നിലപാടെടുത്തതിന്റെ പേരിൽ ഇപ്പോഴും ഞങ്ങൾ വേട്ടയാടപ്പെടുകയാണ്. സുക്മ ജില്ലയിലുള്ള ഗോംപാഡ് എന്ന ഗ്രാമത്തിൽ 2009 ൽ നടന്ന അതിക്രൂരമായ കൂട്ടക്കൊലക്കെതിരെ ഞങ്ങൾ വിശദമായ തെളിവ് ശേഖരിക്കുകയും സൈന്യത്തിനെതിരായ പ്രതിഷേധങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഗോംപാഡ് കൂട്ടക്കൊലയുടെ വിശദാംശങ്ങൾ വിവരിക്കാൻ പോലുമാകാത്തതാണ്. രണ്ടുവയസ്സായ ഒരു കൊച്ചുകുട്ടിയുടെ മൂന്ന് വിരലുകൾ അറുത്ത് മാറ്റപ്പെട്ട നിലയിലായിരുന്നു. തലയറുത്തുകൊല്ലപ്പെട്ട അമ്മയുടെ മടിയിലായിരുന്നു അവൻ ഉണ്ടായിരുന്നത്. അവന്റെ മുത്തശ്ശിയും മുത്തശ്ശനുമടക്കം കുടുംബത്തിലെ കുറേ പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട സ്ത്രീകളിൽ പലരുടെയും മുല അരിഞ്ഞ നിലയിൽ പോലും കണ്ടെത്തിയിരുന്നു. പുരുഷൻമാരുടെ വയറുകീറി ആന്തരികാവയവങ്ങൾ പുറത്തുകാണുന്ന നിലയിലായിരുന്നു. പ്രമുഖ മനുഷ്യാവകാശ പ്രവർത്തക സുധാ ഭരദ്വാജിന്റെ നേതൃത്വത്തിൽ പി.യു.സി.എൽ, പി.യു.ഡി.ആർ എന്നീ സംഘടനകളുമായി സഹകരിച്ച് ഒരു വസ്തുതാന്വേഷണ സംഘത്തെ ഞങ്ങൾ രൂപീകരിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ദൽഹിയിൽ കൊണ്ടുവന്ന് പത്രസമ്മളനം നടത്തിക്കുകയും സുപ്രീം കോടതിയിൽ റിട്ട് പെറ്റീഷൻ നൽകുകയും ചെയ്തു. ഞാനും പരാതിയിൽ കക്ഷി ചേർന്നിരുന്നു. 13 വർഷങ്ങൾക്കുശേഷം ഞങ്ങളുടെ പരാതി വ്യാജമാണെന്ന് പറഞ്ഞ് സുപ്രീംകോടതി ഞങ്ങൾക്കെതിരെ ഉത്തരവിറക്കിയിരിക്കുകയാണ്. എന്നോട് അഞ്ച് ലക്ഷം രൂപ പിഴയടക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഞാനൊരിക്കലും പിഴടയക്കാൻ പോകുന്നില്ല. അതിന്റെ പേരിൽ എത്രകാലം തടവിൽ കഴിയാനും ഞാൻ തയ്യാറാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ചുമതലകളുള്ള സൈന്യം സ്ത്രീകളും കുട്ടികളുമടക്കമുള്ള ആദിവാസികളെ അതിക്രൂരമായ രീതിയിൽ കൊലപ്പെടുത്തിയതിനെതിരെ സ്വതന്ത്രമായ അന്വേഷണം വേണം എന്നാവശ്യപ്പെട്ടതിനാണ് എനിക്ക് നേരെ ഈ നടപടി ഉണ്ടായിരിക്കുന്നത്. അത്രയ്ക്ക് വിചിത്രമാണ് നമ്മുടെ രാജ്യവും ഇവിടുത്തെ നീതിന്യായ വ്യവസ്ഥയും.

ഗോംപാഡിലെ ആദിവാസി ഗ്രാമത്തിൽ സൈന്യം നടത്തിയ അക്രമങ്ങളിൽ കൈവിരലുകൾ നഷ്ടപ്പെട്ട ആദിവാസി ബാലൻ, ബാലനൊപ്പം ഹിമാൻശു കുമാർ

കോൺഗ്രസും ബി.ജെ.പി യും ഇടയ്ക്കിടെ മാറിമാറി ഭരിച്ച അനുഭവമാണ് ഛത്തീസ്ഗഡിലേത്. ആദിവാസികളുടെ അനുഭവങ്ങളിൽ ഈ രണ്ട് ഭരണകാലങ്ങളും തമ്മിൽ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. യു.എ.പി.എ ചുമത്തപ്പെട്ട് ഏതാണ്ട് അഞ്ച് വർഷത്തോളം തടവിൽ കഴിഞ്ഞ 121 ആദിവാസികളെ നിരപരാധികളെന്ന് കണ്ടെത്തി ഈയിടെ ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു. അവരിൽ മിക്കവർക്കും പോകാൻ വീടുകളുണ്ടായിരുന്നില്ല, അതെല്ലാം സൈന്യം നശിപ്പിച്ചതാണ്. പലരുടെയും കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. ഇവർക്ക് മാതൃകാപരമായ പുനരധിവാസം നൽകണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരും ആദിവാസി സംഘടനകളും ചത്തീസ്ഗഡ് ഭരിക്കുന്ന കോൺഗ്രസ് സർക്കാറിനെ സമീപിച്ചിട്ടും അവരത് പരിഗണിച്ചിട്ടേയില്ല. ഇത്തരം സാഹചര്യങ്ങൾക്കൊന്നും പരിഹാരം കാണാതെ, ഛത്തീസ്ഗഡിലെ ആദിവാസികളെ കാണാതെ രാഹുൽഗാന്ധി ഇന്ത്യ മുഴുവൻ എത്ര നടന്നിട്ടും കാര്യമില്ല എന്നാണ് എന്റെ അഭിപ്രായം. ▮


ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവർത്തകൻ

ഹിമാൻശു കുമാർ

ഗാന്ധിയൻ, മനുഷ്യാവകാശപ്രവർത്തകൻ. 1992 മുതൽ ഛത്തീസ്​ഗഡിലെ ബസ്​തറിൽ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചു. കോർപറേറ്റ്​, സൈനിക ഇടപെടലുകൾ തുറന്നുകാട്ടിയതിനെതുടർന്ന്​ 2009ൽ അദ്ദേഹത്തിന്റെ ആശ്രമം തകർക്കപ്പെട്ടു, പൊലീസ്​ ആക്രമണത്തിൽനിന്ന്​ രക്ഷപ്പെടാൻ ഛത്തീസ്​ഗഡ്​ വിടേണ്ടിയും വന്നു. പത്ത് വർഷമായി ഛത്തീസ്ഗഡിന് പുറത്താണ്.

Comments