പി. കൃഷ്​ണപ്രസാദ്​

കർഷക- തൊഴിലാളി സമരം ഭരണവിരുദ്ധ വികാരമുണ്ടാക്കും,
അത്​ 2024-ൽ പ്രതിഫലിക്കും

അടിയന്തരാവസ്ഥക്കെതിരെ ഉയർന്നുവന്നതുപോലെ ഒരു ഭരണവിരുദ്ധ വികാരം ഇന്ത്യയിലുണ്ടാകും. അത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെയായിരിക്കില്ല, വർഗ സമരത്തിലൂടെയായിരിക്കും. കർഷക സമരത്തിലൂടെയും തൊഴിലാളി സമരത്തിലൂടെയും ഉയർന്നുവരുന്ന മുന്നണിയായിരിക്കും അടുത്ത തെരഞ്ഞെടുപ്പിൽ നിർണാകയമാകുക.

കെ. കണ്ണൻ: സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഡൽഹിയിൽ കഴിഞ്ഞദിവസം കർഷക മഹാ പഞ്ചായത്ത് നടന്നു. മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷമുള്ള കർഷകരുടെ വലിയൊരു പ്രതിഷേധ പരിപാടി കൂടിയായിരുന്നു ഇത്​. രാജ്യവ്യാപക കർഷക റാലി, സംസ്​ഥാനങ്ങൾ തോറും പ്രക്ഷോഭം തുടങ്ങിയ പരിപാടികൾ മഹാ പഞ്ചായത്ത്​ പ്രഖ്യാപിച്ചിട്ടുണ്ട്​. മറ്റൊരു വലിയ കർഷക പ്രക്ഷോഭത്തിലേക്കുള്ള തുടക്കമായി ഇതിനെ കാണാനാകുമോ? അത്തരമൊരു പ്രക്ഷോഭത്തിനു വേണ്ടിയുള്ള എന്തുതരം പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്?

പി. കൃഷ്​ണപ്രസാദ്​: ഒന്നാം കർഷക പ്രക്ഷോഭത്തിന്​ സവിശേഷ സാഹചര്യമുണ്ടായിരുന്നു. Agricultural Produce Market Committee യുടെ നേതൃത്വത്തിലുള്ള മണ്ടികൾ നിലനിൽക്കുന്ന പഞ്ചാബ്, ഹരിയാന, വെസ്‌റ്റേൺ യു.പി എന്നിവിടങ്ങളിൽ, പുതുതായി വന്ന നിയമം മൂലം മണ്ടി ഇല്ലാതാകുന്നതോടെ അവർക്ക് നിലവിലുള്ള സംഭരണ സംവിധാനം ഇല്ലാതാകും. അതുമായി ബന്ധപ്പെട്ട പ്രതിസന്ധികളാണ്​ കർഷകരെ സമരത്തിലേക്ക് നയിച്ചത്. പഞ്ചാബിനെ, ഒരു ‘എപി സെൻററാ’ക്കി മാറ്റി, ഈ പ്രക്ഷോഭത്തെ ഒരു കോർപറേറ്റ് വിരുദ്ധ സമരമായി വളർത്തിയെടുക്കാൻ കഴിഞ്ഞു. സമരത്തിന്റെ ഭാഗമായി അംബാനിയുടെ റിലയൻസ് പെട്രോൾ പമ്പുകളും അദാനിയുടെ സൂപ്പർമാർക്കറ്റുകളും ബഹിഷ്‌കരിച്ചു​. രണ്ടാം ഘട്ടത്തിൽ ടോൾ പ്ലാസകൾ തുറന്നുകൊടുക്കാനുള്ള സമരം നടത്തി. പിന്നെ, ജിയോ സിം കാർഡ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തു. അതായത്, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നടന്ന വിദേശവസ്ത്ര ബഹിഷ്‌കരണം പോലെ, കോർപറേറ്റുകളുടെ സർവീസുകളും ഉൽപ്പന്നങ്ങളും ബഹിഷ്‌കരിക്കുക. ആളുകളെ പങ്കാളികളാക്കിയാണ് ഈ സമരം രൂപപ്പെട്ടുവന്നത്. ഇതിന്റെ ഭാഗമായി പഞ്ചാബിലെ എല്ലാ ജില്ലകളിലും താലൂക്കുകളിലും പഞ്ചായത്തുകളിലും കർഷകരുടെ സമരസമിതികൾ രൂപപ്പെട്ടുവന്നു. ഇതാണ് പിന്നീട് ഡൽഹിയിലേക്ക് അവരെ നയിച്ച വലിയ ബഹുജന പ്രക്ഷോഭമായി മാറിയത്​. ഇതേ തുടർന്ന്​ മൂന്ന്​ കർഷക വിരുദ്ധ നിയമങ്ങൾ സർക്കാറിന്​ പിൻവലിക്കേണ്ടിവന്നു. പാർലമെന്റിൽ പാസാക്കിയ നിയമങ്ങൾ പിൻവലിക്കേണ്ടിവന്നത്​ നിയോ ലിബറൽ ശക്തികൾക്ക്​ വലിയ തിരിച്ചടിയാണുണ്ടാക്കിയത്​. അതിന്റെ ഷോക്കിൽനിന്ന് അവർ പുറത്തുവന്നിട്ടില്ല.

Photo : Kisan Ekta Morcha, FB
Photo : Kisan Ekta Morcha, FB

പഞ്ചാബ്​ കേന്ദ്രമാക്കി രൂപപ്പെട്ട ഇത്തരം കർഷക കൂട്ടായ്​മയും പ്ര​ക്ഷോഭവും കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലേക്കും രാജ്യമൊട്ടാകെയും വ്യാപിപ്പിക്കേണ്ടതുണ്ട്​. ഇതിനായി, കർഷകർക്ക് ഒപ്പമാണോ കോർപറേറ്റുകൾക്ക് ഒപ്പമാണോ നിങ്ങൾ എന്ന ചോദ്യമാണ് ഉന്നയിക്കേണ്ടത്. കോർപറേറ്റുകൾക്ക് ഒപ്പമാണ് കർഷകർ എങ്കിൽ- അത് ബി.ജെ.പിക്കോ കോൺഗ്രസിനോ ഇടതുപക്ഷത്തിനോ വോട്ട് ചെയ്യുന്ന കർഷകരാക​ട്ടെ- അവർ ഇത്തരം പ്രക്ഷോഭങ്ങളിലുണ്ടാകില്ല. അതേസമയം, അവർ കർഷകർക്കൊപ്പമാണെങ്കിൽ ഈ സമരത്തിന് വരേണ്ടിവരും, അവർ ഏത് രാഷ്ട്രീയപാർട്ടികളിൽ പെട്ടവരാണെങ്കിലും. അതുകൊണ്ട്, കോർപറേറ്റുകൾക്ക് എതിരായ പോരാട്ടമായിട്ടാണ്, നരേന്ദ്രമോദിക്കെതിരായ പോരാട്ടമായല്ല ഞങ്ങൾ ഇതിനെ കാണുന്നത്. കാരണം, മോദി ജനം തെരഞ്ഞെടുത്ത പ്രധാനമന്ത്രിയാണ്. ഈ സർക്കാറിന് അഞ്ചു കൊല്ലം കഴിഞ്ഞാൽ മാറേണ്ടിവരും. പകരം ഏതുപാർട്ടിയാണ് വരിക എന്നറിയില്ല. ഇതിനുമുമ്പും ഇത്തരം അനുഭവമുണ്ടായിട്ടുണ്ട്.

ഇടതുപക്ഷ തീവ്രവാദ രാഷ്ട്രീയം ശക്തമായിരുന്ന മേഖലകളിൽ, ഇപ്പോൾ തീവ്രവാദത്തിലേക്ക് യുവാക്കൾ വലിയതോതിൽ ആകർഷിക്കപ്പെടുന്നില്ല. ഇതിൽ കർഷകസമരം വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതായത്, തൊഴിലാളി- കർഷക സമരം ഒന്നിച്ചുവന്ന പുതിയ അന്തരീക്ഷം. മാത്രമല്ല, അത് കശ്മീരിനെപ്പോലും സ്വാധീനിക്കുന്നു.

വാജ്‌പേയി സർക്കാറിനുശേഷം യു.പി.എ സർക്കാർ വന്നു. അവർ കുറച്ച് നടപടികളെടുത്തശേഷം പഴയതിലേക്ക് തിരിച്ചുപോയി. രണ്ടാമത്തെ യു.പി.എ സർക്കാർ, കോർപറേറ്റ് അഴിമതിയുടെ കേന്ദ്രമായി പൊതുമേഖലയെ മാറ്റുകയും ചെയ്തു. അതിനുള്ള വിലയാണ് അവർക്ക് കൊടുക്കേണ്ടിവന്നത്. പറഞ്ഞുവന്നത്, ഇത്തരം പ്രക്ഷോഭങ്ങളുടെ ലക്ഷ്യം, ഒരു സർക്കാറിനെ മാറ്റി മറ്റൊന്നിനെ കൊണ്ടുവരിക എന്ന ലളിതമായ ഒന്നല്ല, മറിച്ച് ഏതു സർക്കാറായാലും അതിന്റെ നയങ്ങൾ മാറ്റുക എന്നതാണ്. കോർപറേറ്റനുകൂല നയങ്ങൾ ഉപേക്ഷിച്ച് കർഷകർക്കും തൊഴിലാളികൾക്കും അനുകൂലമായ നയം സ്വീകരിക്കുന്ന സർക്കാറാണ് വരേണ്ടത്. അതിനുള്ള പ്രക്ഷോഭമാണ് ഉയർന്നുവരേണ്ടത്.

ഡൽഹി രാം ലീലാ മൈതാനിയിൽ നടന്ന കിസാൻ മഹാ പഞ്ചായത്തിൽ നിന്ന് /Photo : Vijoo Krishnan
ഡൽഹി രാം ലീലാ മൈതാനിയിൽ നടന്ന കിസാൻ മഹാ പഞ്ചായത്തിൽ നിന്ന് /Photo : Vijoo Krishnan

രണ്ടാം ഘട്ട സമരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, എല്ലാ സംസ്ഥാനങ്ങളിലും സംയുക്ത കിസാൻ മോർച്ചയുടെ കൂടെ നിൽക്കാൻ തയ്യാറുള്ള കർഷകരെയും കർഷക സംഘടനകളെയും വ്യക്തികളെയും യോജിപ്പിക്കുക എന്നതാണ്. അതിന് കൺവെൻഷനുകൾ നടത്തും. മറ്റൊന്ന് അഖിലേന്ത്യാ യാത്രയാണ്. അതിലൂടെ കർഷകരോടും തൊഴിലാളികളോടും ന്യൂനപക്ഷങ്ങളോടും ആദിവാസികളോടും കച്ചവടക്കാരോടും ചെറുകിട വ്യാപാരികളോടും- കോർപറേറ്റുവൽക്കരണത്തിന് കീഴ്‌പ്പെട്ട് ദുരിതമനുഭവിക്കുന്ന എല്ലാ വിഭാഗങ്ങളുമായും സംവദിക്കും. അവരുടെ പിന്തുണ ഉറപ്പാക്കും. കൺവെൻഷനുകളിലൂടെ പ്രക്ഷോഭത്തിന്​ സജ്ജമായ ഒരു കർഷക സംഘടന രാജ്യവ്യാപകമായി വികസിച്ചുവരും. അഖിലേന്ത്യാ യാത്രയിലൂടെ, കർഷകർ അടക്കമുള്ള എല്ലാ ജനവിഭാഗങ്ങളിലും കോർപറേറ്റ് വിരുദ്ധ പോരാട്ട സന്ദേശമെത്തിക്കാൻ കഴിയും. ഇതിലൂടെ, അതാതു പ്രദേശങ്ങളിലെ വിഷയങ്ങളുയർത്തി നിരന്തര പ്രക്ഷോഭങ്ങൾ രൂപപ്പെടുത്താനാകും. ഉദാഹരണത്തിന് റബർ വിലയിടിവ് കേരളത്തിൽ രൂക്ഷമായ വിഷയമാണ്. ഉദാരവൽക്കരണ നയം തിരുത്തിയാലല്ലാതെ വില മെച്ചപ്പെടില്ല. അതുകൊണ്ട്​, റബർ കർഷകരുടെ പ്രക്ഷോഭത്തെ ഫ്രീ ട്രേഡ് അഗ്രിമെന്റുകൾക്കെതിരായ പോരാട്ടവുമായി ബന്ധപ്പെടുത്താൻ കഴിയും. അതുപോലെ, ബംഗാളിൽ ആലു കർഷകരുടെ വലിയ സമരം നടന്നു. മഹാരാഷ്ട്രയിൽ കഴിഞ്ഞദിവസം നടന്ന ലോംഗ് മാർച്ചിൽ ഉള്ളി കർഷകരുടെ പ്രശ്‌നമാണ് ഉന്നയിക്കപ്പെട്ടത്. മധ്യപ്രദേശിൽ ഗോതമ്പ് കൃഷിക്കാർ വലിയ പ്രതിസന്ധിയിലാണ്. കഴിഞ്ഞ സീസണിൽ 8800 രൂപ വിലയുണ്ടായിരുന്ന കോട്ടന് 5000 ഓളം രൂപയായി ഇടിഞ്ഞു. കടുകുവില കുറഞ്ഞു. എല്ലാ വിളകളുടെയും വില ഈ സമയത്ത് വൻതോതിൽ ഇടിഞ്ഞു. ഈ കർഷകരുടെയെല്ലാം പ്രശ്‌നങ്ങൾ ഏറ്റെടുത്ത് രാജ്യവ്യാപകമായ പ്രക്ഷോഭമായി മാറ്റാൻ കഴിയും. അഞ്ചാറു മാസമെടുത്ത് രാജ്യവ്യാപക യാത്രയും കൺവെൻഷനുകളും പൂർത്തിയാക്കി, മഴക്കുശേഷം പ്രക്ഷോഭരംഗത്തേക്ക് കടക്കാനാകുമെന്നാണ് പ്രതീക്ഷ.

കശ്മീരിലെ ലാൽചൗക്കിൽ മുമ്പില്ലാത്തവിധം, നൂറുകണക്കിന്​ വ്യാപാരികൾ ഇ- കൊമേഴ്​സ്​ മേഖലയിലെ കുത്തക കമ്പനികൾക്കെതിരെ സമരം നടത്തി. കശ്മീരിൽ എല്ലായിടങ്ങളിലും ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുന്നു എന്നാണ് ഇത് തെളിയിച്ചത്. ഏപ്രിൽ അഞ്ചിലെ കർഷക റാലിയിൽ കശ്മിരിൽ നിന്ന് നല്ലൊരു വിഭാഗം പേർ പങ്കെടുക്കുന്നുണ്ട്.

അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ്, ഇത്തരമൊരു സാഹചര്യത്തിൽ ഏറെ നിർണായകമാണ്​. സമീപകാല കർഷക വിരുദ്ധ നയങ്ങളുടെയെല്ലാം ആസൂത്രകരും നടത്തിപ്പുകാരുമായ കേന്ദ്ര സർക്കാറിന്റെ തുടർഭരണസാധ്യത ഇല്ലാതാക്കാൻ കർഷക കൂട്ടായ്​മകൾക്കും സമരസജ്ജീകരണങ്ങൾക്കും ഏതു നിലയ്ക്കുള്ള രാഷ്ട്രീയ പ്രതിരോധമാണ് ഉയർത്താനാകുക?

കർഷകർ രൂപപ്പെടുത്തിയെടുത്ത ആദ്യ സമരം ആർ.എസ്.എസോ ബി.ജെ.പിയോ ഒട്ടും പ്രതീക്ഷിച്ചതല്ല. അതുകൊണ്ടുതന്നെ അതിനെ എങ്ങനെയാണ് നേരിടേണ്ടത് എന്ന് അവർക്ക് മനസ്സിലായില്ല. അവരുടെ വർഗീയവും കോർപറേറ്റ് അനുകൂലവുമായ രാഷ്ട്രീയ നറേറ്റീവിന് പുറത്തുള്ള ഒരു സമരമായിരുന്നു അത്. ഈ നറേറ്റീവിനുപുറകിൽ സർക്കാർ സംവിധാനങ്ങളെയും വലിയൊരു വിഭാഗം മാധ്യമങ്ങളെയും അണിനിരത്തി ഒരു പരിധി വരെ തങ്ങൾക്കുനകൂലമായ ബഹുജന അഭിപ്രായം രൂപപ്പെടുത്തിയെടുക്കാൻ അവർക്കുകഴിഞ്ഞിട്ടുണ്ട്.
കോർപറേറ്റുകളുടെ നേതൃത്വത്തിൽ വലിയ രൂപത്തിൽ ഇടപെടലുകൾ നടത്തി, കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ സ്വാധീനിക്കാനായി. കോൺഗ്രസിലൂടെ ജയിച്ചുവരുന്നവരെപ്പോലും തങ്ങളെ പിന്തുണക്കുന്നവരാക്കി മാറ്റി സർക്കാറുകൾ രൂപീകരിക്കാനും പലയിടത്തും അവർക്കുകഴിഞ്ഞു. കോർപറേറ്റുകൾക്ക്, ഒരു ഭരണവർഗ പാർട്ടിയെന്ന നിലയ്ക്ക് കോൺഗ്രസിൽ ഇടപെടാൻ കഴിയുന്നതുകൊണ്ടാണ് ഇത് സംഭവിച്ചത്. കോർപറേറ്റുകൾ കൊടുക്കുന്ന പണം കൊണ്ട് ജയിച്ചുവരുന്ന എം.എൽ.എമാർ തെരഞ്ഞെടുപ്പുകഴിഞ്ഞാൽ ബി.ജെ.പിയുടെ വോട്ടുബാങ്കായി മാറുക എന്ന പ്രതിഭാസം. അതാണ്, കോൺഗ്രസ് മുക്ത- പ്രതിപക്ഷ മുക്ത ഭാരതം എന്ന മുദ്രാവാക്യത്തിനുപിന്നിലുള്ളത്. അതിലൂടെ അമേരിക്കൻ മോഡൽ ബൈനറി സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.

കർഷക നേതാക്കളുടെ യോഗത്തിനിടെ / Photo : Kisan Ekta Morcha, FB
കർഷക നേതാക്കളുടെ യോഗത്തിനിടെ / Photo : Kisan Ekta Morcha, FB

എന്നാൽ, ഇന്ത്യയിൽ ജനാധിപത്യ സംവിധാനം എന്നത് തെരഞ്ഞെടുപ്പിലൂടെ ഉണ്ടായിവന്നതല്ല, മറിച്ച് ജനാധിപത്യ സംവിധാനമുണ്ടായതുകൊണ്ടാണ് തെരഞ്ഞെടുപ്പ് ഉണ്ടായത്. ആ ജനാധിപത്യ വ്യവസ്ഥയാകട്ടെ, ബ്രിട്ടീഷ് കോളനി വ്യവസ്ഥക്കും നാടുവാഴിത്തത്തിനും എതിരായ സമരത്തിലൂടെ വന്നതാണ്. അതിന്റെ ഒരു മദർ ആയി നിന്ന പ്രസ്ഥാനം കൂടിയാണ് കോൺഗ്രസ്. കോൺഗ്രസ് ഇന്ത്യയിലാകെ നടത്തിയ പ്രവർത്തനങ്ങളാണ് ബഹുജനങ്ങളെ രാഷ്ട്രീയവൽക്കരിച്ചത്. അതിന്റെ ഒരു സത്തയാണ്, കോൺസ്റ്റിറ്റ്യൂഷനൽ റൈറ്റ്‌സ് ഓഫ് ഡെമോക്രസി, ഫെഡറലിസം, സെക്യൂലറിസം എന്നിവയൊക്കെ. ഫെഡറലിസത്തെയും സെക്യുലറിസത്തെയും ഡെമോക്രസിയെയും നിഷേധിക്കുന്ന ബി.ജെ.പി നറേറ്റീവിനെ, കർഷക സമരത്തിലൂടെ കർഷകരും തൊഴിലാളികളും ഒരുമിച്ച് എതിർക്കുകയായിരുന്നു- ‘മിനിമം സപ്പോർട്ട് പ്രൈസും മിനിമം കൂലിയുമാണ് ഞങ്ങൾക്ക് ആവശ്യം’ എന്ന രൂപത്തിൽ ഗ്രാമീണമേഖലയിൽ വർഗമുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് ഈ പ്രക്ഷോഭം രൂപപ്പെട്ടുവന്നത്. ഈ പ്രക്ഷോഭമാണ് ഇന്ത്യൻ ജനാധിപത്യത്തെ വീണ്ടും ജീവൻവെപ്പിച്ചത്. ഒരു ഘട്ടത്തിൽ ഡൽഹിയിൽ വർഗീയ ലഹള നടത്തി. സീതാറാം യെച്ചൂരിയുടെ ഓഫീസിൽ പോലും കയറി ആർ.എസ്.എസുകാർ അക്രമം നടത്തി. 14 ദിവസം തുടർച്ചയായി ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ പാർട്ടിയുടെ കേന്ദ്ര ഓഫീസിനെതിരെ പ്രകടനം നടത്തി. ഇന്ത്യയിൽ ജനാധിപത്യം വേണ്ട എന്നാണ് ഇതിലൂടെ അവർ പ്രഖ്യാപിച്ചത്​. അതിന്റെ ഭാഗമായാണ് ഇ.ഡി റെയ്‌ഡൊക്കെ നടക്കുന്നത്. ആരാണ് അവരെ എതിർക്കുന്നത്, അവർ ദേശദ്രോഹികളായി മാറുന്നു. ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നു, ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാൻ അവർക്ക് കഴിയുന്നില്ല എങ്കിൽ അതിന്റെ ഏറ്റവും പ്രധാന കാരണം കർഷക സമരത്തിന്റെ വിജയമാണ്. കർഷക സമരത്തിന്റെ വിജയം ഇന്ത്യൻ ജനാധിപത്യത്തെ പുനഃസ്ഥാപിക്കുന്നതിൽ വലിയ സംഭാവന നൽകിയിട്ടുണ്ട്. ആ പ്രക്ഷോഭം ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യ ഇന്നത്തേതുപോലെ ആയിരിക്കുകയില്ല. മ്യാൻമറിനെപ്പോലെ, ഒരു junta രാജിന്റെ രൂപത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോകാനായിരുന്നു ശ്രമം. അത് തടയാൻ കർഷക പ്രക്ഷോഭത്തിനായി.

2024ലെ തെരഞ്ഞെടുപ്പിന്റെ പാശ്​ചാത്തലത്തിൽ ബി.ജെ.പിയുടെ മുന്നിൽ വലിയൊരു പ്രതിസന്ധിയുണ്ട്​, ആഗോള തലത്തിലുള്ള കാപ്പിറ്റലിസ്റ്റ് ക്രൈസിസ്. അത് സിസ്റ്റമിക് ക്രൈസിസാണ്. അതൊരു തേഡ്​ ഡിപ്രഷൻ കൂടിയാണ്​ എന്ന് വ്യക്തമായി കഴിഞ്ഞു. അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ സിലിക്കോൺ വാലി തകർന്നപ്പോൾ അഞ്ച് ലക്ഷത്തി നാൽപതിനായിരം കോടി ഇന്ത്യൻ രൂപ സർക്കാർ മുടക്കിയിട്ടാണ് ആ ബാങ്കിനെ അമേരിക്ക സംരക്ഷിച്ചുനിർത്തിയിരിക്കുന്നത്. ഇന്ത്യയുടെ മൊത്തം ബജറ്റ് 45 ലക്ഷം കോടി രൂപയാണ്. അഞ്ച് ലക്ഷം കോടി എന്നു പറഞ്ഞാൽ അതിന്റെ പത്തുശതമാനത്തിലേറെ വരും. 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ ബജറ്റിന്റെ പത്തു ശതമാനത്തിലേറെ ഒരു ബാങ്കിനെ താങ്ങിനിർത്താൻ, 28 കോടി മനുഷ്യരുള്ള ഒരു രാജ്യം മുടക്കുകയാണ്​. യു.എസിലെ മറ്റൊരു വലിയ ബാങ്കായ സിഗ്‌നേച്ചർ ബാങ്കും വലിയ പ്രതിസന്ധി നേരിടുകയാണ്.

എത് സംസ്ഥാനത്ത് ഏത് രാഷ്ട്രീയ പാർട്ടി ജയിക്കണം എന്നു തീരുമാനിക്കാനുള്ള ശേഷിയിലേക്ക് തൊഴിലാളികളുടെയും കർഷകരുടെയും രാഷ്​ട്രീയ മുന്നേറ്റങ്ങളെ, ഒരു രാഷ്ട്രീയ നിലപാടെടുക്കാൻ തയാറാവുന്ന നിലയിലേക്ക് രൂപപ്പെടുത്തിയെടുക്കാൻ വരാനിരിക്കുന്ന കർഷക സമരത്തിനു കഴിയും

മറ്റൊരു പ്രതിസന്ധി ഇന്ത്യയിലേതാണ്​. ഇവിടെ, അദാനിയുടെ ഓഹരിവിപണി തകർച്ച അദാനിയിൽ മാത്രമായി നിൽക്കില്ല. ഇന്ത്യയിലെ മുഴുവൻ കോർപറേറ്റുകളും സ്‌പെക്കുലേഷന്റെ അടിസ്ഥാനത്തിൽ ഷെയർ വാല്യു വർധിപ്പിച്ച് ഉണ്ടാക്കിയെടുത്ത ബബ്ൾ കോർപറേറ്റ് സമ്പദ്ഘടന പൊട്ടും. അതുകൊണ്ടാണ് കഴിഞ്ഞ കേന്ദ്ര ബജറ്റിൽ 90,000 കോടി രൂപ ഭക്ഷ്യസുരക്ഷയിൽ വെട്ടിക്കുറവു വരുത്തിയത്​. അതിനുള്ള പണം കണ്ടെത്താൻ സർക്കാറിന് കഴിയുന്നില്ല. ഇന്ത്യൻ ബജറ്റിന്റെ 45 ലക്ഷം കോടിയിൽ 17 ലക്ഷം കോടിയും വായ്പയാണ്, 11 ലക്ഷം കോടിയും പലിശ തിരിച്ചടവാണ്. നരേന്ദ്രമോദി സർക്കാറിന്റെ സാമ്പത്തിക നയം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ വലിയ തകർച്ചയിലേക്ക് നയിക്കുകയാണ്. അതാണ് അവർ നേരിടാൻ പോകുന്ന വലിയ പ്രതിസന്ധി.

കർഷക പ്രക്ഷോഭം മൂലം മറ്റൊരു വലിയ മാറ്റമുണ്ടായിട്ടുണ്ട്​. ജാർക്കണ്ഡ്, ഛത്തീസ്ഗഢ്, ഒഡിഷ, ആന്ധ്രയുടെ ഭാഗങ്ങൾ തുടങ്ങി ഇടതുപക്ഷ തീവ്രവാദ രാഷ്ട്രീയം ശക്തമായിരുന്ന മേഖലകളിൽ, ഇപ്പോൾ ലഭ്യമായ വിവരമനുസരിച്ച് തീവ്രവാദത്തിലേക്ക് യുവാക്കൾ വലിയതോതിൽ ആകർഷിക്കപ്പെടുന്നില്ല. ഇതിൽ കർഷകസമരം വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതായത്, തൊഴിലാളി- കർഷക സമരം ഒന്നിച്ചുവന്ന പുതിയ അന്തരീക്ഷം. മാത്രമല്ല, അത് കശ്മീരിനെപ്പോലും സ്വാധീനിക്കുന്നു. കശ്മീരിലെ ലാൽചൗക്കിൽ മുമ്പില്ലാത്തവിധം, നൂറുകണക്കിന്​ കർഷകർ കുടിയിറക്കിനെതിരായി സമരം നടത്തി. കശ്മീരിൽ എല്ലായിടങ്ങളിലും ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുന്നു എന്നാണ് ഇത് തെളിയിച്ചത്. ഏപ്രിൽ അഞ്ചിന് നടക്കാൻ പോകുന്ന കർഷക റാലിയിൽ കശ്മിരിൽ നിന്ന് നല്ലൊരു വിഭാഗം പേർ പങ്കെടുക്കുന്നുണ്ട്. നാലിന് ആപ്പിൾ കർഷകരുടെ സമരം നടക്കും. ഓരോ ഗ്രാമങ്ങളിൽനിന്നും അതിലേക്ക് കർഷകരെത്തും. അതായത്, ഇന്ത്യയിലെ തീവ്രവാദ ബാധിത സംസ്ഥാനങ്ങള ടക്കമുള്ളിടത്തെ വിവരങ്ങൾ സൂചിപ്പിക്കുന്നത്​, തീവ്രവാദത്തിലേക്ക് ആളുകൾ ആകർഷിക്കപ്പെടുന്നില്ല എന്നാണ്​. വർഗപരമായ ആവശ്യങ്ങളുന്നയിച്ചു കൊണ്ടുള്ള സമാധാനപരമായ ബഹുജന പ്രക്ഷോഭങ്ങളിലൂടെ സർക്കാറിനെ മുട്ടുകുത്തിച്ച് മുന്നോട്ടുപോകാൻ കഴിയും എന്ന ആത്മവിശ്വാസം ജനങ്ങൾക്കു കൊടുക്കാൻ ഈ പ്രക്ഷോഭങ്ങൾക്ക് കഴിയുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് തൊഴിലാളി- കർഷക ഐക്യം. സ്വാതന്ത്ര്യം ലഭിച്ചശേഷം, ഇന്ത്യയിലാദ്യമായി 2018ലാണ് ഒരു തൊഴിലാളി- കർഷക റാലി, ഡൽഹിയിൽ നടന്നത്. ഏപ്രിൽ അഞ്ചിന് മറ്റൊരു റാലി നടക്കാൻ പോകുന്നു. 2018ൽ രണ്ടു ലക്ഷം പേരാണ് പങ്കെടുത്തതെങ്കിൽ ഇത്തവണ അഞ്ചു ലക്ഷം പേരാണ് പങ്കെടുക്കുക. ഇതെല്ലാം ഉണ്ടാക്കുന്ന അന്തരീക്ഷത്തിൽ, അടിയന്തരാവസ്ഥക്കെതിരെ ഉയർന്നുവന്നതുപോലെ ഒരു ഭരണവിരുദ്ധ വികാരം ഇന്ത്യയിലുണ്ടാകും. അത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെയായിരിക്കില്ല, വർഗ സമരത്തിലൂടെയായിരിക്കും. കർഷക സമരത്തിലൂടെയും തൊഴിലാളി സമരത്തിലൂടെയും ഉയർന്നുവരുന്ന മുന്നണിയായിരിക്കും അടുത്ത തെരഞ്ഞെടുപ്പിൽ നിർണാകയമാകുക. എത് സംസ്ഥാനത്ത് ഏത് രാഷ്ട്രീയ പാർട്ടി ജയിക്കണം എന്നു തീരുമാനിക്കാനുള്ള ശേഷിയിലേക്ക് തൊഴിലാളികളുടെയും കർഷകരുടെയും രാഷ്​ട്രീയ മുന്നേറ്റങ്ങളെ, ഒരു രാഷ്ട്രീയ നിലപാടെടുക്കാൻ തയാറാവുന്ന നിലയിലേക്ക് രൂപപ്പെടുത്തിയെടുക്കാൻ ഈ സമരത്തിനു കഴിയും. ▮


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

പി. കൃഷ്ണപ്രസാദ്

രാജ്യത്തെ കർഷക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. അഖിലേന്ത്യ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി. സുൽത്താൻ ബത്തേരിയിൽ നിന്നുള്ള സി.പി.എം എം.എൽ.എയായിരുന്നു

Comments