നരേന്ദ്രമോദി സർക്കാരിൻ്റെ പത്തുവർഷത്തെ എങ്ങനെയാണ് വിലയിരുത്തുക?
യു. ജയചന്ദ്രൻ: ഇംഗ്ലീഷിൽ പറയാൻ എളുപ്പമാണ്- From bad to worse to worst. ടു ജി സ്പെക്ട്രം അഴിമതിയിലും മറ്റും മുങ്ങി കോൺഗ്രസ് സർക്കാർ ഏതാണ്ട് ഒരു ഹരാകിരിയുടെ വക്കിൽ നിൽക്കേ, രാജ്യത്തെ പ്രധാന രാഷ്ട്രീയ സാമ്പത്തിക സ്രോതസ്സുകളായ അംബാനി കുടുംബവും ജാക്കിന്റെ പയർവള്ളിപോലെ ഇന്ദ്രജാലസദൃശമായ വേഗതയിൽ വളർന്നു കയറിയ അദാനിയും ബി.ജെ. പിയെ, പ്രത്യേകിച്ച് നരേന്ദ്രമോദിയെ സഹായിച്ചു കൊണ്ടിരുന്നു. നരേന്ദ്രമോദിയും അയാളുടെ പരിവാരവും ഏതവസരത്തിലും ചാടിവീഴാൻ ഒരുക്കമായിരുന്നുതാനും. പക്ഷെ അധികാരത്തിലേറിയ ആദ്യ മാസങ്ങളിൽത്തന്നെ മോദി രാജ്യതന്ത്രജ്ഞതയിലുള്ള തന്റെ അജ്ഞതയും ആർ.എസ്.എസ്സിന്റെ അജണ്ടയായ ‘ഹിന്ദു രാഷ്ട്ര’ സങ്കല്പവുമാണ് നിരന്തരമായി പ്രകടിപ്പിച്ചത്. നാടിന്റെ സമ്പദ് വ്യവസ്ഥയെ അടിമുടി തകിടം മറിച്ച് മോദി, ‘ഡി മോണിറ്റൈസേഷൻ’ എന്ന ഭൂതത്തെ കുടത്തിൽനിന്ന് തുറന്നുവിട്ടു. ആയിരക്കണക്കിനാളുകളുടെ (പ്രത്യേകിച്ച് ഗ്രാമങ്ങളിൽ) ജീവനും ആകെയുണ്ടായിരുന്ന സ്വത്തും നഷ്ടപ്പെടുത്തിയ ക്രൂര നടപടിയായിരുന്നു ‘ഡി മോണിറ്റൈസേഷൻ’
കോവിഡ് ആഗോളവ്യാപകമായി നാശം വിതച്ചുകൊണ്ടിരുന്നപ്പോൾ ‘ലോകത്തിന്റെ ഫാർമസിയാണ് ഇന്ത്യ’ എന്ന മൂഢ പഞ്ച് ലൈനുമായി സ്വയം അഭിരമിച്ചു മോദി. എന്നിട്ട് ‘റെംഡിസിവിർ’ എന്ന തരംതാണ, യാതൊരു ‘ഫൂൾപ്രൂഫ്’ പരീക്ഷണവും നടത്താത്ത ഒരു മരുന്ന് മാർക്കറ്റ് ചെയ്യുകയും അങ്ങ് ഗാംബിയാ മുതൽ ഇങ്ങോട്ട് അനേകം രാജ്യങ്ങളിലെ രോഗികളെ കൊലക്കു കൊടുക്കുകയും ചെയ്തു. കോവിഡ് 19- നെ തുരത്താൻ വൈകുന്നേരം പാട്ട കൊട്ടി ശബ്ദമുണ്ടാക്കണം എന്ന പമ്പരവിഡ്ഡിത്തം പറഞ്ഞ് സ്വയം പരിഹാസ്യനായി. യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെ വലിയ പട്ടണങ്ങളിൽനിന്ന് താന്താങ്ങളുടെ കുഗ്രാമങ്ങളിലേക്ക് ആയിരം മൈലുകൾ നടന്നു പോയ കുടിയേറ്റ / അതിഥി തൊഴിലാളികളെ ഹൈവേയിലെ ഭ്രാന്തൻ ഗതിവേഗത്തിൽ പാഞ്ഞു പോയിരുന്ന കൂറ്റൻ ട്രക്കുകൾ ചവിട്ടിയരച്ചപ്പോൾ മോദി തന്റെ നാർസിസിസത്തിൽ ആഹ്ലാദിച്ച് ‘ഭരിച്ചു’.
ഈ വ്യക്തിയുടെ പത്തു വർഷം ഇന്ത്യയെ 50 വർഷം പിന്നിലേക്ക് കൊണ്ടുപോയിരിക്കുന്നു. ഭരണമാറ്റമുണ്ടായാൽത്തന്നെ ഇനി വരുന്ന ഒരു നേതാവിന് അസാധാരണമായ നേതൃപാടവവും ദീർഘദർശിത്വവും ‘റുഥ്ലെസ്സ്നെസും’ ഉണ്ടായിരിക്കണം, ഇയാൾ ചെയ്തുവച്ച നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ പോലും.
2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ പ്രാധാന്യം എന്താണ് എന്നാണ് കരുതുന്നത്? മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തും എന്ന് കരുതുന്നുണ്ടോ? ഇന്ത്യ സഖ്യത്തിൻ്റെ സാധ്യത എത്രത്തോളമുണ്ട്?
ഇത്രയും രാഷ്ട്രീയപ്രാധാന്യമുള്ള ഒരു തെരഞ്ഞെടുപ്പ് ഇന്ത്യയിൽ ഇതിനു മുൻപ് നടന്നിട്ടില്ലെന്ന് ‘വിദഗ്ദ്ധന്മാർ’ പറയുന്നു. 1977-ലെ തെരഞ്ഞെടുപ്പും വലിയ രാഷ്ട്രീയപ്രാധാന്യമുള്ള ഒന്നായിരുന്നു. പ്രധാന വ്യത്യാസം, അന്ന് തെരഞ്ഞെടുപ്പിനുമുൻപേ അടിയന്തരാവസ്ഥ യോടും സഞ്ജയ് ഗാന്ധിയോടും പൊതുവിലുണ്ടായിരുന്ന ഇഷ്ടക്കേടും തെരഞ്ഞെടുപ്പിനുമുൻപേ തന്നെ കോൺഗ്രസ് വിട്ടു പോയ ജഗ്ജീവൻ റാം തുടങ്ങിയവരോടുള്ള ആദരവും തുടങ്ങി അനേകം വസ്തുതകൾ ഇന്ദിരാഗാന്ധിക്ക് താങ്ങാനാവുന്നതിലപ്പുറമായിരുന്നു.
ഈ തെരഞ്ഞെടുപ്പ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പുശൃംഖല എന്ന് പരകാല പ്രഭാകർ വിളിച്ച ‘ഇലക്ടറൽ’ ബോണ്ട് തട്ടിപ്പിനെപ്പറ്റി കൂടിയാണ്. രാജ്യത്തെ പ്രധാന മാദ്ധ്യമഭവനങ്ങളെയെല്ലാം അദാനിക്ക് വാങ്ങിക്കൊടുക്കുകയും അനുരാഗ് താക്കൂറിനെപ്പോലെ ഒരു ‘ഗ്ലോറിഫൈഡ്’ ഗുണ്ടയെ വിട്ട് തന്റെ നികൃഷ്ടമായ പദ്ധതികൾ നടപ്പാക്കിയില്ലെങ്കിൽ സംഭവിക്കാനിടയുള്ളത് എന്തൊക്കെയാണെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്ത് മെയിൻ സ്ട്രീം മാദ്ധ്യമങ്ങളുടെ വായടപ്പിച്ചു മോദി. എന്നാൽ അപ്പോഴയാൾ ധ്രുവ് റാഠീ എന്ന ജർമൻ എൻ ആർ ഐ തന്റെ അന്തകനായി ചാടി വീഴുമെന്നോർത്തില്ല. ധ്രുവിനെപ്പോലെ മറ്റനേകം ഓൺലൈൻ പൊളിറ്റിക്കൽ ആക്ടിവിസ്റ്റുകൾ (പരസ്പരധാരണയോടെയാവില്ല) ചേർന്ന ഒരു വൻ പ്രതിരോധനിര മോദിയുടെ മുന്നിൽ തന്നെ അയാളെ മുഖാമുഖം കണ്ടുകൊണ്ട് നിലയുറപ്പിച്ചിട്ടുണ്ട്.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ രാഹുൽ ഗാന്ധി നടത്തിയ ന്യായ് യാത്രയും മോദിയെ ഭയപ്പെടുത്തിയിട്ടുണ്ട്. മോദിയുടെ ശരീരഭാഷ തന്നെ മാറിയിരിക്കുന്നു. ചോപ്പ് കണ്ട കാളക്കൂറ്റനെപ്പോലെ മോദി ഇതിനകം എത്ര തവണ കേരളത്തിൽ വന്നു.
‘ഇന്ത്യ’ സഖ്യം അർത്ഥപൂർണ്ണമാവണമെങ്കിൽ അവർ അവരുടെ ചില ഇൻഹിബിഷനുകൾ വലിച്ചു ചീന്തിക്കളയണം. വയനാട്ടിൽ പച്ചക്കൊടി ഉയർന്നപ്പോൾ ബി.ജെ.പി ഹാൻഡിലുകൾ അത് പാകിസ്ഥാനുമായി കൂട്ടിക്കെട്ടി. അതിനുള്ള ‘ഇന്ത്യ’ സഖ്യത്തിന്റെ പ്രതികരണം തുലോം ദുർബ്ബലമായിരുന്നു. അതിനൊന്നും ചുട്ട മറുപടി നൽകാൻ മനീഷ് തിവാരിയെയും സചിൻ പൈലറ്റിനെയും പോലുള്ള ചെറുപ്പക്കാരില്ലേ കോൺഗ്രസിൽ? കോൺഗ്രസിന്റെ മതനിരപേക്ഷതയിൽ സംശയത്തിന്റെ കാർമേഘം പടർത്തുന്നത് ഇത്തരം പ്രവൃത്തികളാണ്. ‘ഇന്ത്യ’ സഖ്യം അധികാരത്തിൽ വരുമെന്നു തന്നെയാണ് എന്റെ ബോധ്യം. പക്ഷേ ഒരിക്കലും രാഹുൽ ഗാന്ധി ഒരു നല്ല പി.എം മെറ്റീരിയൽ അല്ല. അഖിലേഷ് യാദവിനെപ്പോലെ ഒരു സോഷ്യലിസ്റ്റ് ആയിരിക്കണം അവരുടെ പി.എം. പി.എം ആവാൻ ഇന്ന് കോൺ ഗ്രസിലുള്ളതിൽ ഏറ്റവും യോഗ്യൻ മല്ലികാർജ്ജുൻ ഖാർഗേ ആയിരിക്കും.
ഫാഷിസത്തിൻ്റെ ലക്ഷണങ്ങൾ എല്ലാ മേഖലയിലും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന യൂണിയൻ സർക്കാരാണ് ഇന്ത്യയുടേത്. വലതുപക്ഷത്തേയ്ക്ക് ചായുന്ന സാഹചര്യം തന്നെയാണ് ആഗോള തലത്തിൽ എന്നും കാണാം. ജനാധിപത്യരാഷ്ട്രീയത്തിൻ്റെ ജനാധിപത്യമെന്ന ആശയത്തിൻ്റെ ഭാവി എന്തായിരിക്കും?
വളരെ ആശങ്കാജനകമാണ്. ചോദ്യത്തിൽ സൂചിപ്പിക്കുന്നതുപോലെ, ആഗോളവ്യാപകമായി ഒരു വലതുപക്ഷ ‘ടിൽട്ട്’ എല്ലാറ്റിലും കാണുന്നു. ഇന്ത്യയുടെ ഇസ്രായേൽ നയം നോക്കൂ. യാസർ അറഫാത്തും ജവഹർലാൽ നെഹ്രുവും ഇന്ദിരാഗാന്ധിയും അതിനുശേഷം വന്ന പ്രധാനമന്ത്രിമാരും എല്ലാം തമ്മിൽ ഗാഢമായ സൗഹൃദം പുലർത്തിപ്പോന്നു.
സവർക്കറുടെയും ഗോൾവൾക്കറുടെയും മാതൃക പിന്തുടർന്ന് മോദിയും ആ വഴി പോയിരിക്കുന്നു. മോദി- ജയശങ്കർ കൂട്ടുകെട്ടിലെ ഏറ്റവും ശോചനീയമായ ഭാഗം തെറ്റായ വിദേശ നയങ്ങളാണ്. ‘റഷ്യ നമ്മളെ എപ്പോഴും സഹായിച്ചു’ എന്ന് മോദി പറയുമ്പോൾ ആ സഹായിച്ച റഷ്യ എന്നത് ‘സോവിയറ്റ് യൂണിയൻ’ ആയിരുന്നെന്നും അതൊരു കമ്യൂണിസ്റ്റ് രാജ്യമായിരുന്നെന്നും മോദി അറിയുന്നുണ്ടോ? സംശയമാണ്. എന്തുതന്നെ ആയാലും ലോകത്തിനുതന്നെ നഷ്ടപ്പെട്ടേക്കാനിടയുള്ള ജനാധിപത്യരാഷ്ട്രീയ ആദർശങ്ങൾ തിരിച്ചുപിടിക്കാൻ ഇന്ത്യ നേതൃത്വം നൽകുന്ന പുതിയൊരു കൂട്ടായ്മയ്ക്കാവും. ‘ഇന്ത്യ’ സഖ്യത്തിന് അത് കഴിയട്ടെ. ‘നാ’മിന്റെ (എൻ.എ.എം) പുനർജ്ജീവനത്തിന് സമയമായി. വീണ്ടും നാം ഒരു ശീതയുദ്ധത്തിന്റെ പടിവാതിലിലാണ്. ചൈന ആയിരിക്കണം പടിഞ്ഞാറൻ മീഡിയയുടെ ‘വില്ലൻ’. എന്നാൽ അമേരിക്കയും അവരുടെ സഖ്യകക്ഷികളും 1960-കളിലെ പ്രധാന ശത്രുവായിരുന്ന സോവിയറ്റ് യൂണിയനെ കണ്ടിരുന്നതുപോലെയാവില്ല 2024-ലെ ചൈനയെ കാണുക. ചൈന ഭീമാകാരനാണ്; ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തികളിലൊന്നാണ്.
രാഷ്ട്രീയ ചിന്തകർ കരുതും പോലെ, ഇന്ത്യയിൽ ഇന്ന് നടമാടിക്കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് നാടകങ്ങൾക്ക് ഒരു കൊട്ടിക്കലാശത്തിനു നേരമായി. അതിൽ മേൽക്കൈ എടുക്കേണ്ടത് ഇടതുപാർട്ടികളാണ്. കിസാൻ സഭ പോലെയും റെയിൽ വേ തൊഴിലാളി യൂണിയനുകൾ പോലെയും ഉള്ള സുശക്തമായ സംഘടനകൾ ഒന്നിച്ചു നിന്നാൽ മോദിയുടെ ഫാഷിസ്റ്റ് നിഷ്ഠുരതകളെ അടിച്ചമർത്താൻ കഴിയും.
സാംസ്കാരികരംഗത്ത്, നരേന്ദ്രമോദി സർക്കാർ ഉണ്ടാക്കിയ ഹിന്ദുത്വാധിനിവേശം വളരെ വലുതാണ്. ഈയൊരു സമകാലീന സാംസ്കാരികാന്തരീക്ഷം താങ്കളുടെ സാംസ്കാരിക വിചാരങ്ങളെ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ?
തരിമ്പും സ്വാധീനിച്ചിട്ടില്ല. ഫാഷിസ്റ്റ് സംഘപരിവാർ സമൂഹമനസ്സിനെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ‘കൾചറൽ ഐകോൺസ്’ ആരൊക്കെയെന്നു നോക്കൂ: കങ്കണാ റണാവത്, അക്ഷയ് കുമാർ, മലയാളത്തിൽ സുരേഷ് ഗോപി, തമിഴിൽ രജനികാന്ത്- ഇങ്ങനെയൊക്കെയുള്ള ‘run-of-the-mill’ (വാർപ്പു മാതൃക) നായികാനായകന്മാരെക്കൊണ്ട് ഒരു സാംസ്കാരികവിപ്ലവം നടത്തിക്കളയാമെന്ന് മോദി വിചാരിക്കുന്നു. അതൽപ്പം കടന്ന കയ്യാണ്, മി. മോദി.
മോദിയും സംഘവും വാഴ്ത്തുന്ന ‘കാശ്മീർ ഫയൽസ്’, ‘കേരളാ സ്റ്റോറി’ ഇതൊക്കെ കലാപരമായ ദുരന്തങ്ങളും ആശയപരമായ ദാരിദ്ര്യവും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണ്. സംഘ പരിവാറിന്റെ എല്ലാ സാംസ്കാരിക മാനിപ്പുലേഷനുകളും അഞ്ചു വർഷത്തിനകം ചരിത്രത്തിന്റെ ചവറ്റുതൊട്ടിയിൽ വലിച്ചെറിയപ്പെടും.
ഇന്ത്യ എന്ന രാജ്യം, ആശയം തന്നെ ബഹുസ്വരതയിൽ ഉണ്ടാക്കിയെടുത്ത ഒന്നാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം ബഹുസ്വരതയെ പ്രകീർത്തിക്കുന്നതായിരുന്നു. ഭരണഘടനയുടെ ആധാരശില തന്നെ അതാണ്. നമ്മുടെ എല്ലാത്തരം ദേശീയ പ്രതിനിധാനങ്ങളും ബഹുസ്വരതയെ ഉൾച്ചേർത്തതാണ്. എന്നാൽ നരേന്ദ്രമോദിയുടെ ഭരണകാലം ഹിന്ദുത്വ vs ബാക്കിയെല്ലാം എന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റിത്തീർക്കുന്നു. ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ ഭാഷ, ഒറ്റ വിശ്വാസം എന്ന രാഷ്ട്രീയ പദ്ധതിയുടെ നടപ്പാക്കലിലേക്കാണ് കാര്യങ്ങൾ പോവുന്നത്. എങ്ങനെ പ്രതിരോധിക്കും?
നമുക്ക് പരിവാറിനെ പ്രതിരോധിക്കാൻ സുഘടിതമായ ഒരു സംഘടന വേണം. ‘ഇന്ത്യ’ സഖ്യം അധികാരത്തിലേറിയ ഉടൻ ആർ.എസ്.എസിനെയും അനുബന്ധ ഘടകങ്ങളെയും ഭരണഘടന നൽകുന്ന അധികാരത്തിന്റെ അടിസ്ഥാനത്തിൽ നിരോധിക്കണം. അവരെ നിരായുധരാക്കണം. കാക്കി നിക്കർ സംഘത്തെ എല്ലാ പൊളിറ്റിക്കൽ പരിപാടികളിൽ നിന്നും ഒഴിവാക്കണം. നെഹ്രുവിനു പറ്റിയ അബദ്ധം രാഹുലിനു പറ്റില്ലെന്ന് വിശ്വസിക്കാം. പക്ഷേ അതിലും പ്രശ്നമുണ്ട്. രാഹുലും പ്രിയങ്കയും പരസ്യമായി ഹിന്ദുത്വ നാട്യമുള്ളവരാണ്. അത് പൂർണ്ണമായും പൊഴിച്ചു കളയണം. നേതാക്കളെ, ‘കണ്ണുമടച്ച് വിശ്വസിക്കാം’ എന്ന് ജനം കരുതുന്ന നേതാക്കളെ അനുകരിക്കാൻ ജനം എപ്പോഴും തയാറാവും.
കേരളത്തിൽ എൽ.ഡി.എഫ് വന്നാലും യു.ഡി.എഫ് വന്നാലും ഇന്ത്യാ സംഖ്യത്തിലെ ശക്തമായ സാന്നിധ്യമായിരിക്കും. ബി.ജെ.പിയ്ക്ക് ഈ വരെ തൊടാൻ പറ്റാത്ത സംസ്ഥാനമാണ് കേരളം. പക്ഷേ അതിനായി ബി.ജെ.പി പണവും മാധ്യമ പിന്തുണയും വർഗ്ഗീയതയുമുൾപ്പെടെ പല തരത്തിലുള്ള തന്ത്രങ്ങൾ പയറ്റുന്നുണ്ട്. കേരളത്തെ സംബന്ധിച്ച് യു.ഡി.എഫിനെയാണോ എൽ.ഡി.എഫിനെയാണോ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ശക്തിപ്പെടുത്തേണ്ടത്?
യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ ഇപ്പോഴുള്ളത് രാഷ്ട്രീയവൈരമല്ല. എൽ.ഡി. എഫിന്റെ മുഖ്യമന്ത്രിയോട് യു.ഡി.എഫിലെ ചില നേതാക്കൾക്കുള്ള ‘കൊതിക്കെറുവ്’ ആണ് ഇപ്പോഴത്തെ വൈരത്തിന്റെ അടിസ്ഥാനം. വ്യക്തിപരമായി മാറുന്നതോടെ ആ വ്യക്തിവിരോധം മാറുമോ എന്ന് കണ്ടറിയണം. (ഒരു അടിയുറച്ച ഇടതുസഹയാത്രികൻ എന്ന നിലയിലാണ് ഈ പറയുന്നത്.) യു.ഡി.എഫ് ശക്തിപ്പെടണമെങ്കിൽ അവർ അവരുടെ മൃദുഹിന്ദുത്വ നിലപാടുകളിൽ നിന്ന് വ്യതിചലിക്കണം. യു.ഡി.എഫിലെ പ്രധാന ഘടകകക്ഷി മുസ്‍ലിം ലീഗ് ആണ്. അവരുടെ പതാക, ഇന്ത്യൻ ഭരണഘടനയും തെരഞ്ഞെടുപ്പു കമീഷനും അംഗീകരിച്ച പതാക, വയനാട്ടിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ഒരു പരിപാടിയിലും പ്രദർശിപ്പിക്കാൻ പാടില്ല എന്ന diktat തീർത്തും ലജ്ജാവഹമായിരുന്നു. ഇനിയിപ്പോൾ യു.ഡി.എഫിനെ എങ്ങനെ ശക്തിപ്പെടുത്തും? യു.ഡി.എഫിന്റെ നേതൃസ്ഥാനം വഹിക്കുന്ന കോൺഗ്രസ് തന്നെ മുഴുവൻ സമയ ഗ്രൂപ്പ് - വ്യക്തി ചേരികളായിനിന്ന് ചെറിയ സ്ഥാനങ്ങൾക്ക് കടിപിടി കൂടുകയാണ്. അവരെ ശക്തിപ്പെടുത്താൻ ഒരു മുഴുവൻ സമയ കേന്ദ്രനിരീക്ഷകൻ കേരളത്തിലുണ്ടാവണം. കഴിയുമെങ്കിൽ എല്ലാ ജില്ലയിലും.
എൽ.ഡി.എഫിന് കേരളത്തിൽ ഇനി ശക്തിപ്പെടേണ്ട കാര്യമില്ല. എൽ.ഡി.എഫിനു വേണ്ടത് അൽപം ‘റിഫൈൻമെന്റ്’ ആണ്. (നഷ്ടപ്പെട്ട ത്രിപുരയും ബംഗാളും തിരിച്ചെടുക്കുകയാണ് അവർക്കിപ്പോൾ ആവശ്യം.) രണ്ടു കൂട്ടരും ശക്തിയാർജ്ജിക്കുകയും ആരോഗ്യകരമായ മത്സരത്തിന് ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്താൽ നാടിനു കൊള്ളാം.