പി. കൃഷ്ണപ്രസാദ്

ബി.ജെ.പിയെ തോൽപ്പിക്കാൻ പോകുന്നത്
ഒരു പ്രതിപക്ഷമല്ല, അനവധി പ്രതിപക്ഷങ്ങൾ

യഥാർഥ ജീവിതപ്രശ്നങ്ങൾ തെരഞ്ഞെടുപ്പിന്റെ മുഖ്യ വിഷയമായി മാറിയിരിക്കുന്നു. 2004-ലേതുപോലെ, നരേന്ദ്രമോദിയെയും ബി ജെ പിയെയും പരാജയപ്പെടുത്താൻ തക്ക വലിയ രൂപത്തിലേക്കുള്ള രാഷ്ട്രീയ മാറ്റത്തിലേക്ക് നയിക്കാൻ ഇത് സഹായകമാകും- പി. കൃഷ്ണപ്രസാദ് എഴുതുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലു ഘട്ടങ്ങൾ പിന്നിടുമ്പോൾ ബി.ജെ.പിയുടെ അവകാശവാദങ്ങളെല്ലാം തെറ്റിപ്പോകുന്ന സാഹചര്യമാണുള്ളത്. 400-ലേറെ സീറ്റുകളിൽ വിജയിക്കുമെന്ന് പറഞ്ഞിടത്ത്, കഴിഞ്ഞ തവണ വിജയിച്ച സീറ്റുകൾ പോലും നിലനിർത്താനാകില്ലെന്നും ചിലയിടങ്ങളിൽ തിരിച്ചടി നേരിടുമെന്നുമുള്ള ബോധ്യത്തിലേക്ക് ബി.ജെ.പി നേതൃത്വം ഉൾപ്പടെ എല്ലാവരും വന്നിട്ടുണ്ട്. എത്ര വലിയ തകർച്ചയായിരിക്കും ബി.ജെ.പി നേരിടുന്നത് എന്നതാണ് ഇനിയുള്ള പ്രധാന ​ചോദ്യം.

മൂന്ന് ഘട്ടങ്ങൾ കൂടിയുണ്ടെങ്കിലും, ഇപ്പോൾ തീർച്ചയായും ഉറപ്പിച്ചു പറയാൻ കഴിയും, ഗ്രൗണ്ട് റിയാലിറ്റി ബി.ജെ.പിക്ക് എതിരാണെന്ന്.
ബി.ജെ.പി ഈ തെരഞ്ഞെടുപ്പിൽ പ്രധാനമായി ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചത്, അയോധ്യയിലെ രാമേക്ഷത്ര ഉദ്ഘാടനമായിരുന്നു. അതുവഴി ഹിന്ദു വോട്ട് തങ്ങൾക്കനുകൂലമായി മാറ്റിയെടുക്കാൻ കഴിയുമെന്നും അതിനെ എതിർക്കാൻ കോൺഗ്രസിനോ മറ്റു പാർട്ടികൾക്കോ കഴിയില്ല എന്നും അവർ കരുതി.

ബി.ജെ.പിയുടെ മറ്റൊരു അവകാശവാദം, ഇന്ത്യ 5 ട്രില്ല്യൺ ഡോളർ ഇക്കോണമിയോടെ, ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി വളരാൻ പോകുന്നുവെന്നതായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിന്റെ നാലു ഘട്ടങ്ങളിൽ ഒരിടത്തും രാമക്ഷേത്രമോ ‘വികസിത ഭാരത്’ എന്ന അവകാശവാദമോ ഫോക്കസ് ചെയ്യാനായില്ല.

കഴിഞ്ഞ വർഷം അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജാതി സെൻസെസാണ് കോൺഗ്രസ് ഉയർത്തി കാണിച്ചത്. ഇപ്പോൾ, ബി.ജെ.പിയും സംവരണം എന്ന വിഷയം ഉയർത്തിപ്പിടിക്കാൻ നിർബന്ധിതരായിരിക്കുന്നു. എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം തങ്ങൾക്കു മാത്രമേ സംരക്ഷിക്കാൻ കഴിയൂവെന്നാണ് ബി.ജെ.പി ഇപ്പോൾ പറയുന്നത്. ആദ്യം പറഞ്ഞ രണ്ടു വിഷയങ്ങളും അവർക്ക് ഉപേക്ഷിക്കേണ്ടി വന്നു.

ജനുവരി 22 നായിരുന്നു അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം. അതിനു തൊട്ടുപുറകേയാണ് രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രശ്‌നമായി കർഷക സമരം ഉയർന്നുവന്നത്.

എന്തുകൊണ്ടാണ് ഇങ്ങനെയാരു സാഹചര്യമുണ്ടായത്?

ജനുവരി 22 നായിരുന്നു അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം. അതിനു തൊട്ടുപുറകേയാണ് രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രശ്‌നമായി കർഷക സമരം ഉയർന്നുവന്നത്.

റിപ്പബ്ലിക്ക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ പരേഡ് നടന്നു. ഒന്നരലക്ഷത്തിലേറെ വാഹനങ്ങൾ അതിൽ പങ്കെടുത്തു. ഫെബ്രുവരി 16ന് സംയുക്ത കർഷക സമിതിയും ട്രേഡ് യൂണിയൻ ഫ്രണ്ടും അഖിലേന്ത്യാടിസ്ഥാനത്തിൽ പണിമുടക്കും ഗ്രാമീണ ബന്ദും പ്രഖ്യാപിച്ചു. അതിലൂടെ തൊഴിലാളി- കർഷക ഐക്യം രൂപപ്പെട്ടുവന്നു. ഈ ഘട്ടത്തിലാണ് കർഷക പ്രസ്ഥാനത്തിനകത്ത് ഭിന്നിപ്പുണ്ടാക്കി ഒരു വിഭാഗത്തെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ ബി.ജെ.പി ശ്രമിച്ചത്.

തൊഴിലില്ലായ്മ ഉൾപ്പടെയുള്ള യഥാർത്ഥ ജീവിതപ്രശ്‌നങ്ങളെ മുമ്പിലേക്ക് കൊണ്ടുവരാൻ കർഷക- തൊഴിലാളി ഐക്യം സഹായിച്ചിട്ടുണ്ട്. ഇതാണ്, ഗ്രൗണ്ട് ലെവലിൽ ബി.ജെ.പിയെ തടയുന്നതിൽ നിർണ്ണായമായത്.

അതിനൊപ്പം, അഞ്ച് വിളകൾക്ക് മിനിമം താങ്ങുവില പ്രഖ്യാപിച്ച് അതിന് കർഷകരുടെ അംഗീകാരം നേടിയെടുത്ത്, കർഷകരെ തങ്ങളുടെ പിന്നിൽ അണിനിരത്താൻ കേന്ദ്ര ഗവൺമെന്റും ബി.ജെ.പി നേതൃത്വവും ശ്രമം നടത്തി. പക്ഷേ അത് പാളിപ്പോയി. കാരണം, കേന്ദ്ര ഗവൺമെന്റിന്റെയും മാധ്യമങ്ങളുടെയും പൂർണ ഇടപെടൽ കർഷക പ്രക്ഷോഭത്തിലേക്ക് വരുകയും അതിന്റെ ഭാഗമായി രണ്ട് കർഷക പ്ലാറ്റ്‌ഫോമുകൾ പഞ്ചാബ് അതിർത്തിയിലേക്ക് മാർച്ച് ​നടത്തുകയും ചെയ്തതോടെ രാജ്യമാകെ ഈ വിഷയം ചർച്ചയിലേക്കു വന്നു. ഒരു യുവ കർഷകനെ വെടിവെച്ചു കൊന്നത് അടക്കമുള്ള അക്രമങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും ട്രേഡ് യൂണിയനുകളും അടക്കമുള്ള സംഘടനകൾ ജനങ്ങളെ അണിനിരത്താൻ ഒന്നു ചേർന്നു.

ഈ ​​പ്രക്ഷോഭത്തിലൂടെ, കർഷക പ്രസ്ഥാനങ്ങളാകെ ഒന്നിച്ച് ബി.ജെ.പിക്കെതിരെ നിലപാടെടുത്തു. തൊഴിലില്ലായ്മ ഉൾപ്പടെയുള്ള യഥാർത്ഥ ജീവിതപ്രശ്‌നങ്ങളെ മുമ്പിലേക്ക് കൊണ്ടുവരാൻ ഈ ഐക്യം സഹായിച്ചിട്ടുണ്ട്. ഇതാണ്, ഗ്രൗണ്ട് ലെവലിൽ ബി.ജെ.പിയെ തടയുന്നതിൽ നിർണ്ണായമായത്. ഇതിന്റെ പശ്ചാത്തലത്തിൽ വേണം, ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധയെ കാണാൻ. ഈ വിധി ബി.ജെ.പിയുടെ അതുവരെയുള്ള സ്ഥിതി പൂർണമായും മാറ്റിമറിച്ചു.

കർഷകരുടെ ട്രാക്ടർ മാർച്ച്

കാരണം, ബി.ജെ.പിയാണ് ഇലക്റൽ ബോണ്ടിലൂടെ കോർപറേറ്റുകളുടെ ഫണ്ട് ഏറ്റവും കൂടുതൽ വാങ്ങിയതെന്ന് തെളിഞ്ഞു. കോർപറേറ്ററുകളുടെ ഫണ്ട് വാങ്ങി, അവർക്ക് അനുകൂലമായി നിയമങ്ങളുണ്ടാക്കി കർഷകരെയും തൊഴിലാളികളെയും ജനങ്ങളെയാകെയും അവരുടെ ചൂഷണത്തിന് വിട്ടുകൊടുക്കുന്ന നയമാണ് ബി.ജെ.പി നടപ്പിലാക്കുന്നതെന്നത് വിശദീകരിക്കാൻ സാധിച്ചു. മാത്രമല്ല, ബി.ജെ.പിയാണ് ഏറ്റവും കൂടുതൽ അഴിമതി നടത്തുന്നതെന്നും ഏറ്റവും കൂടുതൽ അഴിമതിപ്പണം അവരുടെ കൈയ്യിലാണെന്നും അഴിമതിയെ നിയമപരമാക്കുകയാണ് ഇലക്ടറൽ ബോണ്ടിലൂടെ അവർ ചെയ്തത് എന്നും വ്യക്തമായി.

മ​റ്റൊരു പ്രധാന വിഷയവുമുണ്ട്.
ഇലക്ടറൽ ബോണ്ടിലൂടെ ഏറ്റവും കൂടുതൽ പണം കിട്ടിയത് ബി.ജെ.പിക്കാണ്. 12,000 കോടിയിൽ ആറായിരത്തിലേറെ കോടി രൂപയും വന്നത് ബി.ജെ.പിക്കാണ്. ഭരണത്തിലുള്ളവർക്കാണ് കോർപറേറ്റുകൾ പണം കൊടുക്കുക. പണമുണ്ടെങ്കിലേ തെരഞ്ഞെടുപ്പിൽ മത്സരിക്കുവാനും വിജയിക്കുവാനും കഴിയുകയുള്ളൂ. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ തന്നെ മത്സരിക്കാതിരിക്കുന്നതിന് കാരണമായി പറഞ്ഞത്, തന്റെ കൈയ്യിൽ പണമില്ല എന്നാണ്.

ഏക പാർട്ടി മേധാവിത്തത്തിലൂടെ ഇന്ത്യയിലെ ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കുന്ന ഗൂഢാലോചനയുടെ ഭാഗമായി കൂടി ഇലക്ടറൽ ബോണ്ടിനെ കാണണം.

ഇവിടെയാണ് ഇടതുപക്ഷം മുന്നോട്ടുവെച്ച ഒരാവശ്യം പ്രസക്തമാകുന്നത്. കാമ്പയിന് സർക്കാർ പണം മുടക്കണം, രാഷ്ട്രീയ പാർട്ടികൾക്ക് വരുന്ന ചെലവ് സർക്കാർ വഹിക്കണം എന്ന ഇലക്ട്രൽ റിഫോം പ്രധാനമാകുന്നത് ഈ സാഹചര്യത്തിലാണ്.

അധികാരത്തിലുള്ള പാർട്ടികൾക്ക് പണം ​കൊടുത്ത്, അതുപയോഗിച്ച് തെരഞ്ഞെടുപ്പ് വിജയിച്ച് വീണ്ടും അധികാരത്തിലെത്തിച്ച്, ജനാധിപത്യ സംവിധാനങ്ങളെ മുഴുവൻ തകർക്കാനുള്ള ഗൂഢാലോചന കൂടിയായിരുന്നു ഇലക്ടറൽ ബോണ്ട്. അതിലെ അഴിമതിയുടെ പ്രശ്‌നം മാത്രം ചർച്ച ചെയ്താൽ പോരാ, മറിച്ച് ഏക പാർട്ടി മേധാവിത്തത്തിലൂടെ ഇന്ത്യയിലെ ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കുന്ന ഗൂഢാലോചനയുടെ ഭാഗമായി കൂടി ഇതിനെ കാണണം. അതിന് നേതൃത്വം കൊടുത്തത് ബി.ജെ.പിയും കോർപറേറ്റ് ശക്തികളുമാണ് എന്നതും രാഷ്ട്രീയ പാർട്ടികൾ സജീവമായി ചർച്ച ചെയ്യേണ്ടതാണ്. ഇലക്ടറൽ ബോണ്ട് ഉയർന്നുവന്നതോടെ, കോർപറേറ്റ് അഴിമതിയുടെ വിഷയം രാജ്യത്താകെ ബി.ജെ.പിക്കെതിരായ കാമ്പയിനായി മാറി.

ഇലക്ടറൽ ബോണ്ടിലൂടെ 12,000 കോടിയിൽ ആറായിരത്തിലേറെ കോടി രൂപയും വന്നത് ബി.ജെ.പിക്കാണ്.

പ്രതിപക്ഷത്തെ ദുർബലമാക്കാൻ ബി.ജെ.പി നടത്തിയ മറ്റൊരു നീക്കമായിരുന്നു, മുൻ മുഖ്യമന്ത്രിമാരെയും എം.പിമാരെയുമെല്ലാം പ്രലോഭിപ്പിച്ച് തങ്ങൾക്കൊപ്പം കൊണ്ടുവരിക എന്നത്. നീതീഷ് കുമാർ ഉൾപ്പടെയുള്ളവരെയും കോൺഗ്രസിനൊപ്പമുണ്ടായിരുന്ന നിരവധി എം.പിമാരെയും തങ്ങളോടൊപ്പം കൊണ്ടുവന്നു.

വഴങ്ങാത്ത നേതാക്കളെ- ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഹേമന്ത് സോറനെയും ജയിലടച്ചു. അതിനായി ഇ.ഡിയെയും സി.ബി.ഐയെയും ദുരുപയോഗിച്ചു. ഇ​തെല്ലാം, ഈ രാജ്യത്ത് ഭാവിയിൽ ജനാധിപത്യ ഭരണം ഉണ്ടാകില്ലെന്നും ഏകാധിപത്യത്തിലേക്കാണ് മോദി പോകുന്നത് എന്നും അതിന് അനുവദിച്ചുകൂടാ എന്നുമുള്ള ബോധ്യത്തിലേക്ക് വൻ തോതിൽ ആളുകളെ എത്തിച്ചിട്ടുണ്ട്.

പ്രതിപക്ഷത്തെ പൂർണമായി ജയിലടക്കുന്ന സാഹചര്യം അടിയന്തരാവസ്ഥാ കാലത്താണുണ്ടായിരുന്നത്. അന്ന് എൽ.കെ. അദ്വാനിയും എ.ബി. വാജ്‌പേയിയും (അദ്ദേഹം വീട്ടുതടങ്കിലിലായിരുന്നു) അടക്കമുള്ള ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും മുതിർന്ന നേതാക്കൾ ജയിലിലടക്കപ്പെട്ടിരുന്നു.

അരവിന്ദ് കെജ്രിവാൾ, ഹേമന്ത് സോറൻ

ആ സന്ദർഭത്തിൽ ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷം ഒരുമിച്ചുവന്നു. ജനതാപാർട്ടിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥ മറികടക്കാനുള്ള വലിയൊരു പോരാട്ടം നടന്നു. തങ്ങളുടെ നേതാക്കൾ ഏകാധിപത്യത്തിനെതിരെ ജയിലിൽ പോയിട്ടുണ്ടെന്നും സമരം ചെയ്തവരാണെന്നും പറഞ്ഞവരാണ് ആർ.എസ്.എസുകാർ. ഇപ്പോൾ അതെല്ലാം മറന്ന് പ്രതിപക്ഷ മുഖ്യമന്ത്രിമാരെ പോലും യാതൊരു തെളിവുമില്ലാതെ അധികാരം ദുരുപയോഗിച്ച് ജയിലിലടക്കുന്ന പാർട്ടിയെന്ന ചിത്രമാണ് ബി.ജെ.പിക്കുള്ളത്. ബി.ജെ.പിക്കും ആർ.എസ്.എസിനും പിന്നിൽ അണിനിരക്കുന്നവരിൽ പോലും, നേതൃത്വത്തിന്റെ നിലപാട് ശരിയല്ല എന്ന കാഴ്ചപ്പാടുണ്ടായി എന്നതാണ് ഇതിന്റെ ഫലം.

ഇതോടൊപ്പം, അമിത്ഷായുടെയും മോദിയുടെയും കൈപ്പിടിയിലേക്ക് ബി.ജെ.പി ഒതുങ്ങുകയാണ് എന്ന ചിന്ത ബി.ജെ.പി പ്രവർത്തകരെ വരെ ആശങ്കപ്പെടുത്തുന്നുണ്ട്. അരവിന്ദ് കെജ്രിവാൾ ഈ വിഷയം നന്നായി ഉന്നയിക്കുകയും ചെയ്തു.

ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് ഭരണകൂടത്തിന്റെ ഭാഗമായ ജുഡീഷ്യറി എടുക്കുന്ന നിർണ്ണായക നിലപാടുകൾ ജനങ്ങളെ വലിയ രൂപത്തിൽ സ്വാധീനിക്കുന്നുണ്ട്. സുപ്രീംകോടതി നരേന്ദ്രമോദിയുടെ സർക്കാരിനൊപ്പമല്ല, സർക്കാർ സമീപനങ്ങളെ സുപ്രീംകോടതി പോലും അംഗീകരിക്കുന്നില്ല എന്ന രൂപത്തിലേക്ക്, ചില സമീപകാല വിധികൾ സ്വാധീനം ചെലുത്തിയിട്ടുണ്ട്. രാജ്യദ്രോഹികൾക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സർക്കാരാണ് മോദിയുടേത് എന്ന് ചിന്തിച്ചിരുന്ന സമ്പന്ന - മധ്യ വർഗ വിഭാഗങ്ങൾക്കിടയിൽ പോലും ഒരു വീണ്ടുവിചാരമുണ്ടാക്കാൻ ജുഡീഷ്യറിയുടെ ഇടപെടലുകൾ കാരണമായിട്ടുണ്ട്.

ബി.ജെ.പിക്കെതിരെ പ്രതിപക്ഷത്തുനിന്ന് ഉയർന്നുവന്ന ഐക്യവും വളരെ പ്രധാനമാണ്.

ബി.ജെ.പിക്കെതിരെ പ്രതിപക്ഷത്തുനിന്ന് ഉയർന്നുവന്ന ഐക്യവും വളരെ പ്രധാനമാണ്. ഡൽഹിയിൽ ആം ആദ്മി പാർട്ടി കോൺഗ്രസുമായി സഖ്യത്തിലെത്തി. പഞ്ചാബിൽ പരസ്പരം സൗഹാർദ്ദ രുപത്തിൽ മത്സരിക്കാമെന്ന സമീപനമെടുത്തു. ഗുജറാത്തിലും ഹരിയാനയിലുമെല്ലാം ഇരു പാർട്ടികളും തമ്മിൽ ഐക്യം രൂപപ്പെട്ടു. യു.പിയിൽ സമാജ് വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ ഐക്യമുണ്ടായി. ബീഹാറിൽ തേജ്വസി യാദവിന്റെ നേതൃത്വത്തിൽ എല്ലാവരെയും കൂട്ടിയോജിപ്പിച്ചു. ഇടതുപക്ഷത്തെ മൂന്ന് പാർട്ടികൾക്കും സീറ്റ് കൊടുക്കാൻ തയ്യാറായി. രാജസ്ഥാനിൽ ഇടതുപക്ഷത്തെ അംഗീകരിച്ച് സീക്കറിൽ സി.പി.എമ്മിന് സീറ്റ് നൽകാൻ ​കോൺഗ്രസ് തയാറായി. മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെയും ശരത് പവാറിന്റെയും നേതൃത്വങ്ങളുമായി സഖ്യത്തിലെത്താനായി.

ഇതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി, കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ 93 സീറ്റുകളുടെ കുറവുണ്ടായി. ആ 93 സീറ്റുകളിലും 2019- ൽ പരസ്പരം മത്സരിച്ചിരുന്ന സീറ്റുകളിലും ഐക്യമുണ്ടായി എന്നത് ഏറെ പ്രധാനമാണ്. ബി.ജെ.പിക്കെതിരെ ഒരു പൊതു സ്ഥാനാർഥി എന്ന രൂപത്തിലേക്ക്, പലയിടത്തും മാറ്റമുണ്ടായി.

ബി.ജെ.പിയെ തോൽപ്പിക്കാൻ കുറച്ചുകൂടി ഉയർന്ന രൂപത്തിലുള്ള ധ്രുവീകരണം യു.പിയിലുണ്ടാകാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ, പ്രതിപക്ഷത്തിന് 40 സീറ്റ് വരെ ലഭിക്കാൻ സാധ്യതയുണ്ട്.

ബി.ജെ.പിയുടെ വിജയത്തിൽ നിർണായക ഘടകം പ്രതിപക്ഷ ഭിന്നിപ്പായിരുന്നു. ഉദാഹരണത്തിന് ഉത്തർപ്രദേശ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 19 % വോട്ട് ഷെയർ ബി.എസ്.പിക്കായിരുന്നു. 22 ശതമാനം എസ്.പിക്കും. അവർ തമ്മിൽ ഭിന്നിച്ചുനിന്നത് ബി.ജെ.പിയുടെ ജയത്തിന് കാരണമായി. പക്ഷേ ഇത്തവണ ഏറ്റവും വലിയ നേട്ടമായത്, 2022-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുഫലമാണ്.

മൂന്ന് കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കാനും സംയുക്ത കിസാൻ മോർച്ചയുടെ സമരം അവസാനിപ്പിക്കാനും കേന്ദ്ര ഗവൺമെന്റ് തയ്യാറായതു തന്നെ യു.പിയിലെ ഇലക്ഷൻ മുൻനിർത്തിയായിരുന്നു. പക്ഷേ അവിടെ വന്ന ഒരു മാറ്റം, ബി.എസ്.പിയുടെ വോട്ട് ഷെയർ കുറഞ്ഞുവെന്നതാണ്. അതായത് 19 ശതമാനത്തിൽ നിന്ന് 12 ശതമാനമായി. അതുപോലെ 22 ശതമാനത്തിൽ നിന്ന് 30 ശതമാനമായി എസ്.പിയുടെ വോട്ട് ഷെയർ കൂടി.
ഒരു ധ്രുവീകരണമുണ്ടായി എന്ന് വ്യക്തം. ആ ​ധ്രുവീകരണം, ഇപ്പോൾ ബി.ജെ.പിയെ എതിരിടാനുള്ള വലിയ ആയുധമായി മാറിയിരിക്കുന്നു, എസ്.പിയെ സംബന്ധിച്ച്. അവർ കോൺഗ്രസുമായി മുന്നണിയുണ്ടാക്കി. അവർക്കൊപ്പമില്ലാത്ത ബി.എസ്.പി കുറെക്കൂടി ദുർബലമാകാനാണ് സാധ്യത. അങ്ങനെ വരുമ്പോൾ ബി.ജെ.പിയെ തോൽപ്പിക്കാൻ കുറച്ചുകൂടി ഉയർന്ന രൂപത്തിലുള്ള ധ്രുവീകരണം യു.പിയിലുണ്ടാകാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ, പ്രതിപക്ഷത്തിന് 40 സീറ്റ് വരെ ലഭിക്കാൻ സാധ്യതയുണ്ട്.

കോൺഗ്രസും രാഹുൽ ഗാന്ധിയെപ്പോലുള്ള നേതാക്കളും തേജസ്വി യാദവും ഉദ്ധവ് താക്കറേയും അഖിലേഷ് യാദവുമെല്ലാം തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധിയും അടക്കമുള്ള ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ചു.

ഗ്രൗണ്ട് റിയാലിറ്റിയിൽ വന്ന മാറ്റങ്ങളാണ് ഇത്തരം പ്രവണതകൾ ശക്തമാക്കിയത്. രാഷ്ട്രീയമായ കാര്യങ്ങളൊടൊപ്പം പ്രാദേശികമായി ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പു ചർച്ചകൾ ​നടക്കേണ്ടത് എന്നൊരു കാഴ്ചപ്പാടിന് നിർണായക സ്വാധീനം ലഭിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി, കോൺഗ്രസും രാഹുൽ ഗാന്ധിയെപ്പോലുള്ള നേതാക്കളും തേജസ്വി യാദവും ഉദ്ധവ് താക്കറേയും അഖിലേഷ് യാദവുമെല്ലാം തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധിയും അടക്കമുള്ള ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ചു. കോൺഗ്രസ് പ്രകടന പത്രികയിൽ ഇതിന്റെ പ്രതിഫലനമുണ്ടായി. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ 400 രൂപ മിനിമം വേതനമായി കൊടുക്കുമെന്നും പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും തൊഴിലുകളിൽ കരാർവൽക്കരണം അവസാനിപ്പിക്കുമെന്നും കോൺഗ്രസ് ഉറപ്പുനൽകുന്നു. ഈ വിഷയങ്ങൾ മുഖ്യ ചർച്ചയായപ്പോൾ ബി.ജെ.പിയുടെ വർഗീയ കാമ്പയി​ൻ താനേ പരാജയപ്പെടുകയാണ് ചെയ്തത്.

പതിനാറ് ലക്ഷം കോടി രൂപവരെ കോർപറേറ്റുകളുടെ കടം എഴുതിത്തള്ളിയ കേന്ദ്ര സർക്കാർ കർഷകരുടെ ഒരു രൂപ പോലും എഴുതിത്തള്ളിയില്ല.

കർഷക പ്രക്ഷോഭം ഈ തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന മുഖ്യ വിഷയമായി മാറുമെന്ന് നമ്മൾ കണ്ടതാണ്. 2004-ലെ തെരഞ്ഞെടുപ്പിലും കർഷക പ്രക്ഷോഭമായിരുന്നു ബി ജെ പിയുടെ നേതൃത്വത്തിലുള്ള വാജ്പേയ് സർക്കാരിനെ തകർക്കാൻ കാരണമായത്. മിനിമം വില, കടം എഴുതിത്തള്ളൽ പോലെയുള്ള കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ വന്ന വീഴ്ച, ഇന്ത്യയുടെ മൊത്തത്തിലുള്ള സാമ്പത്തിക പ്രതിസന്ധി, ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങൾ വലിയൊരു രാഷ്ട്രീയ വിഷയമായി ഉയർന്നുവന്നതാണ്, 2014-ലെ തെരഞ്ഞെടുപ്പിൽ യു പി എ സർക്കാർ പരാജയപ്പെടുന്നതിനിടയാക്കിയത്. കാർഷിക മേഖലയോട് കാണിച്ച അവഗണനയാണ് ആ തെരഞ്ഞെടുപ്പിൽ ബി ജെ പി സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരുന്നതിൽ ഒരു ഘടകമായി മാറിയത്.

തൊഴിൽ വിഷയങ്ങൾ കോൺഗ്രസ് മുഖ്യ ചർച്ചയായപ്പോൾ ബി.ജെ.പിയുടെ വർഗീയ കാമ്പയി​ൻ താനേ പരാജയപ്പെടുകയാണ് ചെയ്തത്.

കർഷക പ്രക്ഷോഭത്തെതുടർന്ന് മൂന്ന് കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിപ്പിക്കുന്നതിൽ വിജയിച്ചെങ്കിലും മിനിമം താങ്ങുവില നൽകാനോ കർഷകരുടെ കടം എഴുതി തള്ളാനോ കേന്ദ്രസർക്കാർ തയ്യാറായില്ല. പതിനാറ് ലക്ഷം കോടി രൂപവരെ കോർപറേറ്റുകളുടെ കടം എഴുതിത്തള്ളിയ കേന്ദ്ര സർക്കാർ കർഷകരുടെ ഒരു രൂപ പോലും എഴുതി തള്ളിയില്ല. മിനിമം താങ്ങുവില ഉറപ്പുവരുത്താൻ c2+ 50% എന്ന തോതിലുള്ള വില കൊടുക്കാൻ തയ്യാറായില്ല. വൻതോതിൽ നേരിട്ടുള്ള വിദേശനിക്ഷേപം കൊണ്ടുവന്നുകൊണ്ട് കാർഷിക മേഖല പൂർണമായും വിദേശ കോർപറേറ്റ് കുത്തകകളെ ഏൽപ്പിക്കുന്ന നയം നടപ്പിലാക്കി. ഫ്രീ ട്രേഡ് കരാറുകൾ ഒപ്പിട്ടുകൊണ്ടിരിക്കുകയാണ്. കാർഷിക പ്രതിസന്ധിക്ക് കാരണമായ വിഷയങ്ങളിൽ കോർപറേറ്റുകൾക്കൊപ്പമാണ് ബി ജെ പിയും മോദി സർക്കാരുമെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.

മൃദു ഹിന്ദുത്വ നയങ്ങൾ പറഞ്ഞുകൊണ്ടിരുന്ന രീതിയിൽ നിന്നു മാറി കർഷകരുടെയും തൊഴിലാളികളുടെയും യഥാർത്ഥ പ്രശ്‌നങ്ങൾ മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തി ബി ജെ പി​ക്കെതിരെ ശക്തമായ ജനകീയ മുന്നേറ്റം ഉണ്ടാക്കിയെടുക്കാൻ പ്രതിപക്ഷ പാർട്ടികളെ നിർബന്ധിതമാക്കിയത് കർഷകരുടെയും തൊഴിലാളികളുടെയും പ്രക്ഷോഭങ്ങളാണ്.

കഴിഞ്ഞവർഷം നടന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഈ വിഷയങ്ങൾ വേണ്ടവിധം കൈകാര്യം ചെയ്തില്ല. തൊഴിലാളികളുടെ കരാർവൽക്കരണം, മിനിമം കൂലി തുടങ്ങിയ വിഷയങ്ങളൊന്നും അവർ ഏറ്റെടുത്തില്ല. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വളരെ കൃത്യമായി തൊഴിലാളികളുടെ പ്രശ്‌നത്തെ മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തി. കരാർവൽക്കരണം അവസാനിപ്പിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. തൊഴിലാളികളുടെ മിനിമം കൂലി ഡിമാന്റായി വെക്കാനും ലേബർ കോഡുകൾ ഭേദഗതി ചെയ്യാനും കോൺഗ്രസ് തയാറായിട്ടുണ്ട്. ബിഹാറിൽ തേജസ്വി യാദവിന്റെ ആർ ജെ ഡി, യു.പിയിൽ അഖിലേഷ് യാദവിന്റെ എസ്.പി, മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ ശിവസേന തുടങ്ങിയ പാർട്ടികളും ‘ഇന്ത്യ’ ബ്ലോക്ക് ആകെയും ഈ വിഷയത്തിൽ കേന്ദ്രീകരിച്ചാണ് കാമ്പയിൻ നടത്തുന്നത്.

ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവും ‘ഇന്ത്യ’ മുന്നണിയും മുന്നോട്ടുവെക്കുന്ന മാനിഫെസ്‌റ്റോയിൽ ഇതിന്റെ പ്രതിഫലനം കാണാം. മൃദു ഹിന്ദുത്വ നയങ്ങൾ പറഞ്ഞുകൊണ്ടിരുന്ന രീതിയിൽ നിന്നു മാറി കർഷകരുടെയും തൊഴിലാളികളുടെയും യഥാർത്ഥ പ്രശ്‌നങ്ങൾ മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തി ബി ജെ പി​ക്കെതിരെ ശക്തമായ ജനകീയ മുന്നേറ്റം ഉണ്ടാക്കിയെടുക്കാൻ പ്രതിപക്ഷ പാർട്ടികളെ നിർബന്ധിതമാക്കിയത് കർഷകരുടെയും തൊഴിലാളികളുടെയും പ്രക്ഷോഭങ്ങളാണ്.
ഇത് വളരെ പ്രധാനമാണ്. അതായത്, കാർഷിക പ്രശ്‌നത്തിന്റെ ഭാഗമായി ഉന്നയിക്കപ്പെട്ട മിനിമം വിലയും മിനിമം കൂലിയും അടക്കമുള്ള കാര്യങ്ങൾ പരിഹരിച്ചുകൊണ്ടല്ലാതെ രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധി മറികടക്കാൻ കഴിയില്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ, ഒരു ബദൽ നയം മുന്നോട്ട് വെക്കുകയാണ് പ്രതിപക്ഷം. അതിന്റെ പിന്നിൽ അണിനിരക്കാനാണ് പ്രതിപക്ഷം ജനങ്ങളോട് അഭ്യർഥിക്കുന്നത്. ഇത് കർഷക സമരത്തിന്റെ വലിയൊരു നേട്ടമാണ്.

മൂന്ന് കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിപ്പിക്കുന്നതിൽ വിജയിച്ചെങ്കിലും മിനിമം താങ്ങുവില നൽകാനോ കർഷകരുടെ കടം എഴുതി തള്ളാനോ കേന്ദ്രസർക്കാർ തയ്യാറായില്ല.

കാർഷിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ബദൽ നയം ഒരു പ്രധാന വിഷയമാണ്. നെൽ കൃഷിയിൽ ഏറ്റവും കൂടുതൽ മിനിമം താങ്ങുവില നടപ്പിലാക്കിയത് കേരളത്തിലെ ഇടതുപക്ഷ സർക്കാറാണ്. കേന്ദ്രം നടപ്പിലാക്കിയത് A2+FL പ്രകാരമുള്ള മിനിമം താങ്ങുവിലയാണ്. അതനുസരിച്ച് 21,000 രൂപയാണ് ഒരു ടൺ നെല്ലിന് കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്ന മിനിമം താങ്ങുവില. A2+FL എന്നു പറഞ്ഞാൽ, ഉൽപ്പാദന ചെലവും ഫാമിലി ലേബറിന്റെ കൂലിയും മാത്രമാണ് കൊടുക്കുന്നത്. എന്നാൽ, C2+ 50% എന്നു പറയുമ്പോൾ കർഷകർ എടുക്കുന്ന കടത്തിന്റെ പലിശ, അവരുടെ ഭൂമിയുടെ മൂല്യത്തിൽ നിന്നുള്ള വിഹിതം അടക്കം മൊത്തത്തിലുള്ള കണക്കാണ്. അതു പ്രകാരം 28,000 രൂപയാണ് ഒരു ടണ്ണിന് കൊടുക്കേണ്ടത്. കേരളത്തിലെ സർക്കാർ ഒരു ടൺ നെല്ല് സംഭരിക്കുന്നത് 28,000 രൂപ കൊടുത്തിട്ടാണ്. ഇതിനു പുറമെ 32,000 രൂപ മുതൽ 42,000 രൂപ വരെ സബ്‌സിഡി തുക, പ്രൊഡക്ഷൻ സബ്‌സിഡി എന്ന നിലക്ക് കൊടുക്കാനും കേരളത്തിലെ സർക്കാർ തയ്യാറായി. ഇന്ത്യയിൽ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ നെൽ കർഷകരെ സംരക്ഷിക്കുന്ന സംസ്ഥാനമാണ് കേരളം.

എങ്ങനെയാണ് ഒരു മുന്നണി രാജ്യവ്യാപകമായി കാർഷിക മേഖലയിൽ ഇടപെടേണ്ടത് എന്നതിന്റെ ഉദാഹരണമായി മാറേണ്ടത് കേരളത്തിലെ ഇടതുപക്ഷ മുന്നണിയും ആ മുന്നണി നടപ്പിലാക്കുന്ന സഹകരണ കൃഷി അടിസ്ഥാനമാക്കിയുള്ള ബദൽ നയവുമാണ്.

തെരഞ്ഞെടുപ്പുകാലത്ത് കേരളത്തിൽ ഈ ചർച്ച ശക്തമായി ഉയർത്തികൊണ്ടുവരാൻ കഴിയേണ്ടതായിരുന്നു. നേരെ മറിച്ച്, കർഷകർക്കിടയിൽ റബറിന്റെ വിഷയം ഉയർത്തികൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. എം ആർ എഫിനെപ്പോലുള്ള കമ്പനികൾ കാർട്ടലുകൾ രൂപീകരിച്ച് കൊള്ളലാഭം കൊയ്യുന്നു. സ്വാഭാവിക റബർ വിപണിയിൽ കാർട്ടലുകൾ രൂപീകരിച്ച്, സ്വാഭാവിക റബറിന്റെ വില കുറച്ചുനിർത്തി കർഷകരെ കൊള്ളയടിക്കുന്നു. ഈ വിഷയം സുപ്രീം കോടതിയിലടക്കം കൊണ്ടുവരാൻ റബർ കർഷകർക്കും കർഷക പ്രസ്ഥാനങ്ങൾക്കും സാധിച്ചിട്ടുണ്ട്. ഈ വിഷയം പരിഹരിക്കണമെങ്കിൽ കോർപറേറ്റ് കമ്പനികളുടെ മേധാവിത്വത്തിൽ നിന്ന് കാർഷിക പ്രസ്ഥാനത്തെ സ്വതന്ത്രമാക്കണം. അതിന് സഹകരണ കൃഷി ശക്തിപ്പെടുത്തണം. സഹകരണ കൃഷി എന്ന ആശയം കേരളത്തിൽ കൂടുതൽ ചർച്ചചെയ്യപ്പെടണം. സഹകരണ കൃഷിയിലൂടെ മാത്രമെ കോർപറേറ്റ് അനുകൂലമായ വ്യവസ്ഥ മാറ്റാനാകൂ.
സഹകരണ വകുപ്പ് രൂപീകരിച്ച്, അമിത്ഷാ അതിന്റെ ചുമതലയേറ്റെടുത്ത്, കേരളത്തിലുൾപ്പടെ എല്ലാ സഹകരണ സ്ഥാപനങ്ങളെയും തങ്ങളുടെ അധീനതയിലാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

സഹകരണ വകുപ്പ് രൂപീകരിച്ച്, അമിത്ഷാ അതിന്റെ ചുമതലയേറ്റെടുത്ത്, കേരളത്തിലുൾപ്പടെ എല്ലാ സഹകരണ സ്ഥാപനങ്ങളെയും തങ്ങളുടെ അധീനതയിലാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

വൻകിട കോർപറേറ്റ് കമ്പനികളെ കൊണ്ടുവന്ന് അവരുടെ സപ്ലൈ ഏജൻസിയാക്കി മാറ്റുന്ന നയമാണ് അവർ നടപ്പിലാക്കുന്നത്. ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ രൂപീകരിക്കുകയും അതിന് പണം നൽകുകയും ചെയ്യുക എന്ന നയത്തെ കേരളത്തിൽ ശക്തമായി തുറന്നുകാണിക്കേണ്ടതുണ്ട്. ഉൽപാദനം, സംഭരണം, മൂല്യവർധന, സംസ്‌കരണ വ്യവസായങ്ങൾ, വിപണി തുടങ്ങിയ സംവിധാനങ്ങളിലൂടെ വരുമാനം യഥാർഥ ഉൽപാദകരായ കർഷകർക്ക് ലഭ്യമാക്കാൻ ബദലായ ഒരു കാർഷിക വികസന നയം, അതായത്, സഹകരണ കൃഷി നയം കേരളത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ഈ നയം നടപ്പിലാക്കാൻ കേരളത്തിലെ ഇടുതുപക്ഷ ജനാധിപത്യ മുന്നണിക്ക് കഴിയുകയും വേണം. എങ്ങനെയാണ് ഒരു മുന്നണി രാജ്യവ്യാപകമായി കാർഷിക മേഖലയിൽ ഇടപെടേണ്ടത് എന്നതിന്റെ ഉദാഹരണമായി മാറേണ്ടത് കേരളത്തിലെ ഇടതുപക്ഷ മുന്നണിയും ആ മുന്നണി നടപ്പിലാക്കുന്ന സഹകരണ കൃഷി അടിസ്ഥാനമാക്കിയുള്ള ബദൽ നയവുമാണ്. ഈ വിഷയത്തെ ഇന്ത്യയിലാകെയും കേരളത്തിലും വലിയ രൂപത്തിൽ ചർച്ചക്ക് വിധേയമാക്കേണ്ടതുണ്ട്.

കർഷക പ്രക്ഷോഭത്തിൽ നേതൃത്വപരമായ പങ്ക് വഹിച്ചത് പഞ്ചാബാണ്. ഏറ്റവും കൂടുതൽ കർഷകരെ ഒന്നിച്ചുകൊണ്ടുവന്ന് ഡൽഹിയിലും അഖിലേന്ത്യ അടിസ്ഥാനത്തിലും പ്രക്ഷോഭം നടത്തിയത് പഞ്ചാബാണ്. കർഷക പ്രക്ഷോഭത്തിൽ പഞ്ചാബ് വഹിച്ചതു പോലൊരു പങ്ക് വഹിക്കാൻ കേരളത്തിന് കഴിയും, കഴിയണം. എങ്കിലേ വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റത്തിന്റെ ഭാഗമായി രൂപപ്പെടുന്ന സർക്കാർ, കർഷകരുടെയും തൊഴിലാളികളുടെയും താൽപര്യം സംരക്ഷിക്കുന്ന വിധത്തിൽ, ഒരു ഇടതുപക്ഷ ജനാധിപത്യ നയം ഏറ്റെടുക്കാൻ നിർബന്ധിതമാകുകയുള്ളൂ. അതിനുവേണ്ടിയുള്ള പ്രക്ഷോഭം തെരഞ്ഞെടുപ്പിനു ശേഷം വലിയ രൂപത്തിൽ രൂപപ്പെട്ടു വരണം.

ഗ്രാമീണമേഖലയിൽ പ്രചാരണത്തിന് ബി ജെ പിക്ക് കടന്നുവരാൻ പോലും കഴിയാത്തവിധം കർഷക പ്രതിഷേധം വലിയൊരു വിഷയമായി മാറികഴിഞ്ഞിരിക്കുന്നു. Photo: Ajmal MK

കർഷക പ്രക്ഷോഭം തെരഞ്ഞെടുപ്പിൽ ബി ജെ പിയെ ഗുരുതരമായി ബാധിക്കുമെന്ന വിലയിരുത്തൽ തുടക്കത്തിലുണ്ടായിരുന്നു. ഇപ്പോൾ, അവസാനഘട്ടമാകുമ്പോൾ കർഷകരും ബി ജെ പിയും നേരിട്ട് എന്ന രൂപത്തിലേക്കുള്ള പ്രായോഗികമായ സമരരൂപമായി മാറിയിരിക്കുന്നു. പഞ്ചാബിലും ഹരിയാനയിലും മഹാരാഷ്ട്രയിലും അതാണ് കാണുന്നത്. ഗ്രാമീണമേഖലയിൽ പ്രചാരണത്തിന് ബി ജെ പിക്ക് കടന്നുവരാൻ പോലും കഴിയാത്തവിധം വലിയൊരു വിഷയമായി ഇത് മാറികഴിഞ്ഞിരിക്കുന്നു.

മഹാരാഷ്ട്രയിലെ നാസിക്കിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുമ്പോൾ ഉള്ളി കർഷകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും പ്രധാനമന്ത്രി ഒരു മിനിട്ട് പ്രസംഗം നിർത്തിവെക്കുകയും ചെയ്തു. പ്രതിഷേധം നേരിടാൻ 50 കർഷകരെ അറസ്റ്റ് ചെയ്തിരുന്നു.

‘ബി ജെ പിയെ തുറന്നു കാണിക്കുക, ബി ജെ പിയെ എതിർക്കുക, ബി ജെ പിയെ ശിക്ഷിക്കുക’ എന്ന മുദ്രാവാക്യത്തിന്റെ ഭാഗമായി ഇന്ത്യയിലാകെ കർഷകർക്കിടയിൽ വലിയ ഐക്യം രൂപപ്പെട്ടിട്ടുണ്ട്. അത് ബി ജെ പിയെ കർഷകരിൽ നിന്ന് അകറ്റുകയും ബി ജെ പിക്കെതിരെ കർഷകരെ അണിനിരത്തുന്ന രൂപത്തിലേക്ക് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്യുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും കർഷകർ തന്നെയായിരിക്കും ബി ജെ പിക്ക് ഏറ്റവും കൂടുതൽ പരിക്കേൽപ്പിക്കാൻ പോകുന്നത്.

ബി ജെ പിക്കെതിരായ പ്രതിപക്ഷം എന്ന നിലക്ക് വോട്ടിങ്ങിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമായി മാറിയത് കർഷക പ്രസ്ഥാനങ്ങളും തൊഴിലാളി സംഘടനകളുമാണ്. മൂന്ന് കർഷക വിരുദ്ധ നിയമങ്ങൾ കൊണ്ടുവന്നതിനെതിരെ 2020-ലാണ് സംയുക്ത കിസാൻ മോർച്ച രൂപപ്പെട്ടത്. അതിനു മുമ്പും ഇന്ത്യയിലാകെ വലിയ രൂപത്തിൽ കർഷക പ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട്. ഭൂമി അധികാർ ആന്തോളൻ, സംയുക്ത കിസാൻ സഭ, സംയുക്ത കിസാൻ മോർച്ച തുടങ്ങിയ സംഘടനകൾ രൂപപ്പെട്ടതോടെ എല്ലാ കർഷക സംഘടനകളുടെയും പ്രശ്‌നാധിഷ്ഠിതമായ ഐക്യവും അതിന്റെ ഭാഗമായുള്ള സമരങ്ങളും ഉയർത്തിക്കൊണ്ടുവരാനായി.

കർഷക സമരത്തിലെ പ്രക്ഷോഭകാരികള്‍ക്ക് നേരെ പ്രയോഗിച്ച ടിയര്‍ഗ്യാസ് ഗ്രനേഡുകളുമായി കര്‍ഷകന്‍ / Photo: Ajmal MK

13 മാസം ഇന്ത്യയുടെ തലസ്ഥാനനഗരിയെ സ്തംഭിപ്പിച്ച് കർഷകർ നടത്തിയ സമരത്തിന്റെ വിജയം സ്വാഭാവികമായും യൂറോപ്പിലും അമേരിക്കയിലുമടക്കമുള്ള തൊഴിലാളി പ്രക്ഷോഭങ്ങളെ വരെ സ്വാധീനിച്ചു. കർഷക സമരം വിജയിക്കുന്നതിൽ ഇന്ത്യയിലെ തൊഴിലാളികളും വലിയ പങ്കു വഹിച്ചിട്ടുണ്ട്. കാരണം, 30 വർഷമായി തൊഴിലാളികൾ ഒരുമിച്ച് നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരായ പോരാട്ടത്തിലാണ്. തുടക്കത്തിൽ ബി എം എസ് അടക്കം സമരത്തിൽ ഒരുമിച്ചുനിന്നിരുന്നു. മോദി സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് ബി എം എസ് പിന്നോട്ടു പോയത്. പക്ഷേ ഐ എൻ ടി യു സി ഉൾപ്പെടെയുള്ള 10 തൊഴിലാളി സംഘടനകൾ ഒരുമിച്ച് പ്രക്ഷോഭത്തിലുണ്ട്. ഈ തൊഴിലാളി സംഘടനകൾ കർഷക പ്രക്ഷോഭത്തെയും പിന്തുണച്ചിരുന്നു. കർഷക സമരത്തെ ശക്തിപ്പെടുത്തുകയും അത് വിജയിക്കുന്നതുവരെ അതിനുപിന്നിൽ ഉറച്ചു നിൽക്കുകയും ചെയ്തത് തൊഴിലാളികളാണ്. അതിലൂടെ തൊഴിലാളികളുടെയും കർഷകരുടെയും വലിയൊരു ഐക്യവും രൂപപ്പെട്ടു വന്നിട്ടുണ്ട്. ഈ ഐക്യമാണ് തൊഴിലാളി- കർഷക പ്രശ്‌നങ്ങളുയർത്തി, അതാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രശ്‌നം എന്ന രൂപത്തിലേക്ക് പ്രതിപക്ഷത്തിന്റെ പങ്ക് നിർവഹിക്കുന്നത്.

പ്രക്ഷോഭങ്ങളില്ലാതെ ഒരു സർക്കാരും ഒരു ആനുകൂല്യവും തൊഴിലാളികൾക്കും കർഷകർക്കും നൽകാൻ പോകുന്നില്ല. അതുകൊണ്ട്, തെരഞ്ഞെടുപ്പിനു ശേഷവും കൂടുതൽശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നുവരും.

തൊഴിലാളി കർഷക സംഘടനകളും അവയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങളും പ്രതിപക്ഷത്തെ പോലും സ്വാധീനിക്കാൻ കഴിയുന്ന തരത്തിൽ സജീവമായ പ്രവർത്തനം നടത്തിവരുന്നു എന്നത് ഈ കാലഘട്ടത്തിലെ വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ മാറ്റമാണ്. ഇനി അധികാരത്തിൽ വരാൻ പോകുന്ന ഏതു സർക്കാറിനുമുന്നിലും, ഈ നയം നടപ്പിലാക്കുന്നു എന്നുറപ്പുവരുത്താൻ വീണ്ടും പ്രക്ഷോഭങ്ങൾ വേണ്ടിവരും.

പ്രക്ഷോഭങ്ങളില്ലാതെ ഒരു സർക്കാരും ഒരു ആനുകൂല്യവും തൊഴിലാളികൾക്കും കർഷകർക്കും നൽകാൻ പോകുന്നില്ല. അതുകൊണ്ട്, തെരഞ്ഞെടുപ്പിനു ശേഷവും കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നുവരും. അതിന് സംയുക്ത കിസാൻ മോർച്ചയും സംയുക്ത ട്രേഡ് യൂണിയനുകളും ഒരുമിച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബദൽ നയങ്ങൾ മുന്നോട്ടുവെക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന കർഷക- തൊഴിലാളി സംഘടനകൾ ഭാവിയിലും ഇന്ത്യൻരാഷ്ട്രീയത്തെ നിർണായകമായി സ്വാധീനിക്കാൻ കഴിയുന്ന വിധത്തിൽ ശക്തിയാർജിക്കുകയും കൂടുതൽ വലിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യും. അതാണ് ഇന്ത്യയുടെ ഭാവിയെ നിർണയിക്കാൻ പോകുന്നത്.

തൊഴിലാളികൾക്കും കർഷകർക്കും ഉയർന്ന വരുമാനം ഉറപ്പുവരുത്താനുതകുന്ന ബദൽ നയങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞാലേ ലോകത്തെയും ഇന്ത്യയിലെയും ജനങ്ങൾക്ക് മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ.

ഇന്ത്യയിൽ മാത്രമല്ല, ലോകത്താകെ നവഉദാരവൽക്കരണ നയങ്ങൾ കടുത്ത പ്രതിസന്ധി നേരിടുകയാണ്. കോർപ്പറേറ്റ് വളർച്ച ലോകത്തു മുഴുവൻ വലിയ അസമത്വം സൃഷ്ടിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ലോക സാമ്പത്തിക ഘടനയിൽ മുതലാളിത്തം വലിയ പ്രതിസന്ധിയിലാണ്. വികസിത മുതലാളിത്ത രാജ്യങ്ങൾ വലിയ തകർച്ചയിലാണ്. ഇന്ത്യയും അതുപോലെ തകർച്ച നേരിടാൻ പോവുകയാണ്. അങ്ങനെ വരുമ്പോൾ ഈ നയങ്ങൾതിരുത്തേണ്ടതുണ്ട്. കോർപ്പറേറ്റുകളുടെ കൊള്ള അവസാനിപ്പിച്ച് തൊഴിലാളികൾക്കും കർഷകർക്കും ഉയർന്ന വരുമാനം ഉറപ്പുവരുത്താനുതകുന്ന ബദൽ നയങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞാലേ ലോകത്തെയും ഇന്ത്യയിലെയും ജനങ്ങൾക്ക് മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ. ആ വർഗ്ഗസമരത്തിന്റെ പ്രധാന വേദിയായി ഇന്ത്യ മാറുകയാണ്. അതിന് സഹായകരമാകുന്നതായിരിക്കും ഈ തെരഞ്ഞെടുപ്പിലെ റിസൾട്ട്.

ഉത്തരേന്ത്യയിലെ പൗരസമൂഹത്തെ രാഷ്ട്രീയ വോട്ടിലേക്ക് പരിവർത്തിപ്പിക്കുന്ന പ്രക്രിയ തീർച്ചയായും കാണാൻ കഴിയും. ഇത് മുൻകൂട്ടി മനസിലാക്കാൻ തങ്ങൾക്ക് കഴിഞ്ഞില്ല എന്ന വിലയിരുത്തൽ തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിക്കുണ്ടാകും.

യഥാർഥ ജീവിതപ്രശ്നങ്ങൾ തെരഞ്ഞെടുപ്പിന്റെ മുഖ്യ വിഷയമായി മാറിയിരിക്കുന്നു. 2004-ലേതുപോലെ, നരേന്ദ്രമോദിയെയും ബി ജെ പിയെയും പരാജയപ്പെടുത്താൻ തക്ക വലിയ രൂപത്തിലേക്കുള്ള രാഷ്ട്രീയ മാറ്റത്തിലേക്ക് നയിക്കാൻ ഇത് സഹായകമാകും.

ഉത്തരേന്ത്യയിലെ പൗരസമൂഹത്തെ രാഷ്ട്രീയ വോട്ടിലേക്ക് പരിവർത്തിപ്പിക്കുന്ന പ്രക്രിയ തീർച്ചയായും കാണാൻ കഴിയും. ഇത് മുൻകൂട്ടി മനസിലാക്കാൻ തങ്ങൾക്ക് കഴിഞ്ഞില്ല എന്ന വിലയിരുത്തൽ തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിക്കുണ്ടാകും. ബി ജെ പിയുടെ മൊത്തം ഓറിയന്റേഷനും കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും എതിരെയായിരുന്നു. എന്നാൽ ബി ജെ പി നേരിടുന്നത് കേവലം കോൺഗ്രസിനെയോ അവർനേതൃത്വം നൽകുന്ന ‘ഇന്ത്യ’ മുന്നണിയേയോ മാത്രമല്ല. മറിച്ച്, അവർക്കൊപ്പമോ മുന്നിലോ നിന്നുകൊണ്ട് വിവിധ ശക്തികൾ, ബി ജെ പി- ആർ എസ് എസ് ഇതര സംഘടനകൾ, ജനങ്ങളെ സംഘടിപ്പിച്ച് ബി ജെ പിയെ എതിർക്കുന്ന രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടു വരുന്നുണ്ട്.

സമാന്തര മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന രവീഷ് കുമാറിനെ പോലെയുള്ളവർക്ക് ഒരു കോടിയൊ​ക്കെയാണ് ഫോളോവേഴ്സ്.

മാധ്യമ മേഖലയിൽ ഈയൊരു പ്രവണത ദൃശ്യമാണ്. മുൻനിര മാധ്യമങ്ങളിൽ നിന്ന് പുറത്തിറങ്ങി സമാന്തര മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന രവീഷ് കുമാറിനെ പോലെയുള്ളവർ ഉദാഹരണം. അവർക്ക് ഒരു കോടിയൊ​ക്കെയാണ് ഫോളോവേഴ്സ്. എൻ ടി ടി വിയുടെ ഫോളോവേഴ്‌സ് 15 ലക്ഷം മാത്രമാണെന്നും അറിയുക. ധ്രുവ് റാഠി എന്ന യൂട്യൂബറുടെ വീഡിയോകൾ കാണുന്നത് രണ്ടര കോടിയോളം പേരാണ്. ഇവരെല്ലാം യുവാക്കളെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്.

നേഹ സിങ് റാത്തോഡ് എന്ന ഭോജ്പുരി പാട്ടുകാരി ഉത്തരേന്ത്യയിൽ പ്രത്യേകിച്ച് യു.പിയിൽ ‘UP Me Ka Ba’ എന്ന പ്രസിദ്ധമായ പാട്ടിലൂടെ ബി ജെ പിയെ തുറന്നുകാണിക്കുന്നു. ഇവരെ കൂടാതെ സാമ്പത്തിക- സാമൂഹിക ശാസ്ത്രജ്ഞന്മാർ, പ്രബീർ പുർകായസ്തയെയും ഗൗതം നവ്‍ലഖയെയും പോലുള്ള മാധ്യമപ്രവർത്തകർ തുടങ്ങി ഔദ്യോഗികമായി ഒരു രാഷ്ട്രീയപാർട്ടിയുടെയും ഭാഗമായി നിൽക്കാത്തവരും എന്നാൽ രാഷ്ട്രീയമായി നിലപാടെടുക്കുകയും ചെയ്യുന്നവർ പല മേഖലകളിൽനിന്നും ഒരുമിച്ച് മുന്നോട്ടുവരുന്നുണ്ട്.

ബി ജെ പി തിരിച്ചുവന്നാൽ ഭരണഘടന തന്നെ ഇല്ലാതാകും, അതുകൊണ്ട് ബി ജെ പിയെ തോൽപ്പിക്കേണ്ടത് എല്ലാ ദലിതരുടെയും ആദിവാസികളുടെയും ഉത്തരവാദിത്വമാണ് എന്ന കാമ്പയിൻ അവർക്കിടയിൽ നടക്കുന്നുണ്ട്. ഭരണഘടന സംരക്ഷിക്കാനും രാജ്യത്തിന്റെ ജനാധിപത്യ- മതേതര- ഫെഡറൽ സ്വഭാവം നിലനിർത്താനും പൗരസമൂഹം അടക്കമുള്ള ജനങ്ങളെയാകെ അണിനിരത്തുന്നതുമായ രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടു വന്നിട്ടുണ്ട്. ഇത് ബി ജെ പി മുൻകൂട്ടി കണ്ട ഒന്നല്ല. അതുകൊണ്ട് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പോരാട്ടം എന്ന നിലക്കല്ല ഈ തെരഞ്ഞെടുപ്പിനെ കാണേണ്ടത്, ജനങ്ങളാകെ ബി ജെ പിക്കെതിരെ എന്ന രൂപത്തിലാണ്. അതുകൊണ്ടുകൂടിയാണ് 400 സീറ്റ് എന്ന തുടക്കത്തിലെ അവകാശവാദം മോദിക്കും ബി.ജെ.പിയും ഉപേക്ഷിക്കേണ്ടിവന്നത്.

ബി ജെ പിയെ തോൽപ്പിക്കേണ്ടത് എല്ലാ ദലിതരുടെയും ആദിവാസികളുടെയും ഉത്തരവാദിത്വമാണ് എന്ന കാമ്പയിൻ അവർക്കിടയിലും നടക്കുന്നുണ്ട്.

ഈ തെരഞ്ഞെടുപ്പിലെ ഗ്രൗണ്ട് റിയാലിറ്റിയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ പറയേണ്ട മറ്റൊരു കാര്യമുണ്ട്. പ്രതിപക്ഷത്ത് നിൽക്കുന്ന ഒരു ഐക്യം ശക്തമായി രൂപപ്പെട്ടു എന്നു പറയുമ്പോഴും തൃണമൂൽ കോൺഗ്രസ് ‘ഇന്ത്യ’ മുന്നണിയിൽ നിന്ന് വേറിട്ടുനിൽക്കുന്ന പങ്കാളിയെന്ന നിലയിലാണുള്ളത്. കേരളത്തിൽ, ‘ഇന്ത്യ’ മുന്നണിയുടെ ഘടകകക്ഷികൾ പരസ്പരം ഏറ്റുമുട്ടുന്നു.

എന്നാൽ, ബംഗാളിൽനിന്ന് കേരളത്തിനുള്ള ഒരു വ്യത്യാസം, ഇവിടെ ബി ജെ പി അത്ര നിർണായകമല്ല, ഒരു സീറ്റിൽ പോലും അവർ വിജയിക്കില്ല. ബംഗാളിലാകട്ടെ, ബി ജെ പി പ്രധാന പ്രതിപക്ഷമാണ്. അവിടെ ബി ജെ പിക്കെതിരായി നിൽക്കുന്ന ശക്തികളിൽ ഭിന്നിപ്പ് വരുന്നത് കേരളത്തിലെ സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമാണ്. തൃണമൂൽ കോൺഗ്രസും ഇടതുപക്ഷവുമായിട്ടുള്ള വൈരുദ്ധ്യം അവിടെയൊരു നിർണായക ഘടകവുമാണ്. അത് രൂപപ്പെട്ടതിനെ ബംഗാളിന്റെ പ്രത്യേക സാഹചര്യത്തിൽ കാണണം.

ഇതിനുപുറമെ, ആന്ധ്രപ്രദേശിൽ വൈ.എസ്. ജഗൻ മോഹൻ റെഡ്ഢി നേതൃത്വം കൊടുക്കുന്ന വൈ എസ് ആർ കോൺഗ്രസും ഒഡിഷയിലെ ബി ജെ ഡിയും ബി.ജെ.പിയോട് സഹകരിച്ചിട്ടു​ണ്ടെങ്കിലും അവർ ബി ജെ പിയോടൊപ്പമല്ല. അവരവരുടെ മേഖലയിൽ ബി ജെ പി ഉൾപ്പെടുന്ന മുന്നണിക്ക് എതിരായി മത്സരിക്കുന്നവയാണ് ഈ പാർട്ടികൾ.
ഈ രൂപത്തിൽ ചില പ്രധാന സംസ്ഥാനങ്ങളിൽ ബി ജെ പിക്കെതിരായി ഐക്യം രൂപപ്പെടുത്താൻ കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. ഇത് ഈ തെരഞ്ഞെടുപ്പിൽ എങ്ങനെയാണ് പ്രതിഫലിക്കുക എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ആന്ധ്രപ്രദേശിൽ വൈ.എസ്. ജഗൻ മോഹൻ റെഡ്ഢി നേതൃത്വം കൊടുക്കുന്ന വൈ എസ് ആർ കോൺഗ്രസും ഒഡിഷയിലെ ബി ജെ ഡിയും ബി.ജെ.പിയോട് സഹകരിച്ചിട്ടു​ണ്ടെങ്കിലും അവർ ബി ജെ പിയോടൊപ്പമല്ല.

ബി ജെ പിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധാത്മകമായ ഐക്യം രൂപപ്പെടുത്തിയെടുക്കാനും അതിനെ മുന്നിൽ നിർത്താനുമായിട്ടുണ്ട് എന്നു പറയുമ്പോൾ തന്നെ, ചില സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾ ‘ഇന്ത്യ’ മുന്നണിയോടൊപ്പമോ ബി ജെ പിയോടൊപ്പമോ അല്ല ഉള്ളത് എന്നും ശ്രദ്ധിക്കേണ്ടതുണ്ട്. അത് ബി ജെ പിയെ സഹായിക്കുമോ ഇല്ലയോ എന്നതും സങ്കീർണ പ്രശ്‌നമാണ്.

നേരത്തെ കോൺഗ്രസിൽ പ്രകടമായിരുന്ന മൃദു ഹിന്ദുത്വ നയം ഈ തിരഞ്ഞെടുപ്പിൽ കാണുന്നില്ല.

ഉത്തരേന്ത്യയിൽ ബി ജെ പിയുടെ സ്വാധീന മേഖലകളിൽ വിദ്വേഷ- വർഗീയ- മുസ്‍ലിം വിരുദ്ധ കാമ്പയിൻ തങ്ങൾക്ക് ഗുണമുണ്ടാക്കുമെന്ന ബി ജെ പിയുടെയും നരേന്ദ്രമോദിയുടെയും കാഴ്ചപ്പാട് തെറ്റാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളെപോലും ലംഘിക്കുന്ന പ്രസംഗങ്ങളാണ് നരേന്ദ്രമോദി നടത്തിയത്. മുസ്‍ലിം- ഹിന്ദു വിഭജനം ലക്ഷ്യമിട്ട് ഹിന്ദുക്കളെയാകെ മുസ്‍ലിംകൾക്കെതിരെ അണിനിരത്താൻ വേണ്ടിയുള്ള പ്രസംഗമാണ് അദ്ദേഹം നടത്തിയത്. ഇതേക്കുറിച്ച് പരാതി കിട്ടിയ തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യേണ്ടിയിരുന്നത്, നരേന്ദ്രമോദി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ആറു വർഷത്തേക്ക് വിലക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ വളരെ ദുർബലമാണ് എന്നാണ് ഇപ്പോൾ മനസ്സിലാകുന്നത്.

മോദിയുടെ വിദ്വേഷ കാമ്പയിൻ ജനങ്ങൾക്കിടയിൽ എന്ത് പ്രതികരണമാണുണ്ടാക്കിയത് എന്ന ചോദ്യം പ്രധാനമാണ്. അടുത്തിടെ നടന്ന ഒരു സർവ്വേയിൽ പങ്കെടുത്തവരിൽ 79 ശതമാനവും പറഞ്ഞത്, ഇന്ത്യ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുമിച്ച് ജീവിക്കാൻ കഴിയുംവിധം മതേതര രാജ്യമായി തുടരണം എന്നാണ്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകുന്നതിനോട് യോജിക്കുന്നില്ല എന്നാണ് 79 ശതമാനം ജനങ്ങളും പറഞ്ഞത്. എന്നുവച്ചാൽ, ഹിന്ദുക്കൾ അടക്കമുള്ള ബഹുഭൂരിപക്ഷവും ഹിന്ദു രാഷ്ട്രം എന്ന സങ്കല്പം അംഗീകരിക്കുന്നരല്ല. എല്ലാവരെയും ഉൾക്കൊള്ളുന്ന രാജ്യമാണ് അവരെല്ലാം ആഗ്രഹിക്കുന്നത്. ഹിന്ദുക്കളാകെ മുസ്‍ലിം വിരുദ്ധരും വർഗീയവാദികളുമാണ് എന്ന് ചിത്രീകരിക്കുന്നത് അങ്ങേയറ്റം തെറ്റാണ്. അത് ബി ജെ പിക്കാണ് ആദ്യം ബോധ്യപ്പെടേണ്ടത്.

സ്വന്തം നിലപാട് പോലും ഉറപ്പിച്ചു പറയാൻ തയ്യാറാവാതെ രാഷ്ട്രീയ ലാഭത്തിന് വർഗീയ നിലപാടെടുക്കുന്ന ഒരു പ്രധാനമന്ത്രിയെന്ന നിലയ്ക്ക്, വ്യക്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരാളായി മാറിയിരിക്കുകയാണ് മോദി.

വർഗീയ കാമ്പയിൻ എങ്ങനെയാണ് പൊതുസമൂഹത്തെ ബാധിക്കുക എന്നതിന്റെ വലിയ ഉദാഹരണമാണ് മണിപ്പുർ. ഒരു രാജ്യത്തെ രണ്ട് വിഭാഗങ്ങൾ ഏറ്റുമുട്ടുമ്പോൾ അത് പരിഹരിക്കാൻ ശ്രമിക്കാതെ, അതിൽ പക്ഷം ചേരുകയാണ് ബി ജെ പി ചെയ്തത്, പ്രധാനമന്ത്രിയാകട്ടെ അവിടം സന്ദർശിക്കുക പോലും ചെയ്തില്ല. ജനം ഇതെല്ലാം കാണുകയാണ്.

താൻ ഹിന്ദു- മുസ്‍ലിം വിദ്വേഷം പ്രചരിപ്പിക്കുകയാണെങ്കിൽ പൊതുരംഗത്ത് നിൽക്കാൻ അർഹതയുള്ള ആളല്ല എന്ന് ഒരു ദിവസം പറഞ്ഞ മോദി തൊട്ടടുത്ത ദിവസം കോൺഗ്രസ് മുസ്‍ലിംകൾക്കൊപ്പം നിൽക്കുന്നു എന്നു പറയുന്നു. സ്വന്തം നിലപാട് പോലും ഉറപ്പിച്ചു പറയാൻ തയ്യാറാവാതെ രാഷ്ട്രീയ ലാഭത്തിന് വർഗീയ നിലപാടെടുക്കുന്ന ഒരു പ്രധാനമന്ത്രിയെന്ന നിലയ്ക്ക്, വ്യക്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരാളായി മാറിയിരിക്കുകയാണ് മോദി.

കാർഷിക പ്രശ്നങ്ങളെക്കുറിച്ചും കർഷകരുടെ ആവശ്യങ്ങളെക്കുറിച്ചും കോൺഗ്രസ് കൂടുതലായി ചർച്ച ചെയ്യാൻ തയ്യാറാവുന്നുണ്ട്.

മറുഭാഗത്ത്, രാഷ്ട്രീയ പ്രശ്നങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം ഏറ്റുമുട്ടുന്നു. നേരത്തെ കോൺഗ്രസിൽ പ്രകടമായിരുന്ന മൃദു ഹിന്ദുത്വനയം ഈ തിരഞ്ഞെടുപ്പിൽ കാണുന്നില്ല. അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രീയമായിത്തന്നെ മറുപടി കൊടുക്കാനും രാഷ്ട്രീയ നിലപാട് എടുക്കാനും മതവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ രാഷ്ട്രീയ ഇടപെടൽ നടത്തുന്നത് ശരിയല്ല എന്ന പൊതു സമീപനം സ്വീകരിക്കാനും കോൺഗ്രസ് തയ്യാറായി. മതപരമായ വിഷയങ്ങൾ ഉന്നയിച്ചല്ല, മറിച്ച്, ജീവിത പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത് എന്ന ബോധ്യം കോൺഗ്രസിന് വന്നുവെന്നാണ് ഇത് കാണിക്കുന്നത്. മാത്രമല്ല, കാർഷിക പ്രശ്നങ്ങളെക്കുറിച്ചും കർഷകരുടെ ആവശ്യങ്ങളെക്കുറിച്ചും കോൺഗ്രസ് കൂടുതലായി ചർച്ച ചെയ്യാൻ തയ്യാറാവുന്നുണ്ട്. നേരത്തെയുള്ള തങ്ങളുടെ സ്വാധീന മേഖലയിൽ വർഗീയമായി വോട്ട് നേടാനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ സമീപനം വിജയിക്കാൻ പോകുന്നില്ല എന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ളവർ തിരിച്ചറിയുന്നുണ്ട്.

മണിപ്പുര്‍ കലാപത്തില്‍ നിന്ന്

ഇതിൽ ഏറ്റവും പ്രധാന മാതൃക കേരളമാണ്. കേരളത്തിലെ ഹിന്ദുക്കളെല്ലാം മുസ്‍ലിം വിരുദ്ധരാണ്, വർഗീയവാദികളാണ് എന്ന നറേഷൻ ബി ജെ പി ഇവിടെയും ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. ചെറിയ രൂപത്തിലെങ്കിലും ആ കാമ്പയിന് ഇവിടെ വേര് പിടിക്കുന്നുണ്ട്. എന്നാൽ, കേരളത്തിലെ ബഹുഭൂരിപക്ഷം ഹിന്ദുക്കളും വർഗീയ നിലപാടിന് വിരുദ്ധമായി മതസൗഹാർദ്ദത്തിന്റെ പാതയിൽ ഉറച്ചു നിൽക്കുന്നവരാണ്. കേരളത്തിൽ 27% ത്തോളം മുസ്‍ലിംകളും 24% ത്തോളം ക്രിസ്ത്യാനികളുമാണ്. അവർ 50 ശതമാനത്തോളം വരും. ബാക്കി 50 ശതമാനമാണ് ഹിന്ദുക്കൾ. അവരിൽ ഭൂരിഭാഗവും ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നവരാണ്. അവർ ആർ.എസ്.എസിനെതിരെ നിൽക്കുന്നവരാണ്. അതുകൊണ്ടാണ് കേരളം മതസൗഹാർദ്ദത്തിന്റെ ശക്തമായ കേന്ദ്രമായി നിലകൊള്ളുന്നത്. കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളും അത് കാണുന്നുണ്ട്. അതായത്, ബി ജെ പിക്കെതിരായ സമരത്തിൽ കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ല, പക്ഷേ ഇടതുപക്ഷത്തെ വിശ്വസിക്കാം. വർഗീയതയ്ക്കെതിരായ നിലപാടിൽ വിട്ടുവീഴ്ച ചെയ്യില്ല എന്ന് ഇടതുപക്ഷത്തിന് ഉറപ്പു കൊടുക്കാൻ കഴിയുന്നതിന്റെ കാരണം, കേരളത്തിലെ ഭൂരിപക്ഷം ഹിന്ദു വിഭാഗങ്ങളിലും ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുണ്ട് എന്നതും അവർ ഹിന്ദു വർഗീയതക്കും ആർ.എസ്.എസിനും എതിരെ സമരം ചെയ്യുന്നവരാണ് എന്നതുമാണ്. അതാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ പ്രത്യേകതയും പ്രാധാന്യവും. ഇതേ സമീപനത്തിലേക്ക്, വർഗീയ വിരുദ്ധ സമീപനത്തിലേക്ക്, ഇന്ത്യയിലെ ജനങ്ങളെയാകെ കൊണ്ടുവരാനും ബി ജെ പിയുടെ സ്വാധീനത്തെ ദുർബലപ്പെടുത്താനും കഴിയണമെങ്കിൽ ഇടതുപക്ഷ ജനാധിപത്യ രാഷ്ട്രീയ ശക്തികൾ ശക്തിപ്പെടണം.

ഹിന്ദുമതത്തിന്റെ പേരു പറഞ്ഞ്, ഹിന്ദുക്കൾ കൂടിയായ തൊഴിലാളികളെയും കർഷകരെയും കൊള്ളയടിക്കുന്നതിനും ചൂഷണം ചെയ്യുന്നതിനുമുള്ള സാമ്പത്തിക നയമാണ് ബി ജെ പി നടപ്പിലാക്കുന്നത് എന്ന തിരിച്ചറിവിലേക്ക് ഇന്ന് ബി ജെ പിയുടെ സ്വാധീനമേഖലയിലുള്ളവരടക്കം എത്തിച്ചേർന്നിട്ടുണ്ട്. അതുകൊണ്ട് വർഗീയതയുടെ സ്വാധീനത്തെ ദുർബലപ്പെടുത്തുന്ന ഒന്നായി ഈ തെരഞ്ഞെടുപ്പ് മാറും.

ഇന്ത്യയിലെ, പ്രത്യേകിച്ച്, ഉത്തരേന്ത്യയിലെ ജനങ്ങൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശക്തികളെ തെരഞ്ഞെടുപ്പിലൂടെ പരാജയപ്പെടുത്തിയത് ഇന്ത്യൻ ജനാധിപത്യത്തിലെ നിർണായക ഘട്ടമായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തെ ബി ജെ പി ഭരണം നടപ്പിലാക്കിയ വർഗീയ ഏകാധിപത്യ നയങ്ങൾക്കെതിരായ പ്രതിഷേധമായിട്ടാണ് ഈ തെരഞ്ഞെടുപ്പ് റിസൾട്ട് വരേണ്ടത്. അങ്ങനെ സംഭവിക്കുന്നതോടെ ഇന്ത്യയിലെ ജനങ്ങൾ അവരുടെ ശക്തി തെളിയിക്കുന്ന വിധത്തിൽ മുന്നോട്ടുവരും.

Comments