യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്രമോദിയും

യു.പി. വോട്ടിലെ (മാറ്റിവരയ്ക്കാവുന്ന)
ലക്ഷ്മണരേഖകൾ


ലവട്ടം ഉരുക്കഴിച്ച്, ആസൂത്രണം മുകൾത്തട്ടിലെ വലിയ നേതൃത്വമെടുക്കും. പക്ഷേ, എല്ലാ രാസസമവാക്യങ്ങളും വെച്ചുള്ള കളി നടക്കുന്നതും നടത്തപ്പെടുന്നതും ഗ്രാമങ്ങളിലും ഗല്ലികളിലുമാണ്. ദേശീയ രാഷ്ട്രീയത്തിന്റെ എല്ലാ ശ്രദ്ധയും ആവാഹിക്കാൻ ശേഷിയുള്ള യു.പി. വിധാൻസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇനി അധികം സമയമില്ല. താഴെത്തട്ടിലാണ് പാർട്ടികളുടെ ശ്രദ്ധ, പ്രത്യേകിച്ച് ഭരണകക്ഷിയായ ബി.ജെ.പി. ‘സാമാജിക് സമ്പർക്ക്’ എന്നുപേരിട്ട വലിയ കാമ്പയിന്റെ തിരക്കിലാണവർ. പ്രാദേശികമായി കൂടുതൽ ശ്രദ്ധിച്ച് ചിട്ടയോടെയുള്ള പോക്ക്. ഏത് ചെറിയ പ്രദേശവും ലോക്കൽ പോക്കറ്റുകളും ഭിന്ന താൽപര്യങ്ങളുള്ള തട്ടുതട്ടുകളും ഇനം തിരിച്ച് -ഡീൽ- ചെയ്ത് പോകുന്നതിലെ മിടുക്കാണിനി വിധി നിർണയിക്കുക. തട്ട് എന്നാൽ ജാതിയുടേതും അനുഭാവത്തിന്റേതും തന്നെ. ഗ്രാമപ്രദേശങ്ങളിൽ, നഗരപ്രാന്തങ്ങളിൽ ഓരോ ഗുദാമിലേക്കും ഇറങ്ങിച്ചെന്നാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യോഗീ ടീമിന്റെ പ്രചാരണം. ഒ.ബി.സി- ദലിത് വോട്ടുകളാണ് ഈ തെരഞ്ഞെടുപ്പിലും അവർ കൂടുതലായി ലക്ഷ്യമിടുന്നത്.

മോദി സർക്കാരിന്റെ കീഴിലുള്ള വികസനവും യോഗിയുടെ ഭരണമികവുമൊക്കെ അവകാശപ്പെട്ടാണ് ബി.ജെ.പിയുടെ ജനസമ്പർക്ക പരിപാടി മുന്നോട്ട് പോകുന്നത്. ഓരോ മേഖലയ്ക്കും വേണ്ടി ചെറിയ യൂണിറ്റുകൾ സജീവമായി പ്രവർത്തിക്കുന്നു. യോഗങ്ങൾ, കേന്ദ്രപദ്ധതിയുടെ ഗുണഫലത്തെക്കുറിച്ച് ബോധവ്തക്കരണം, പുതിയ പ്രഖ്യാപനങ്ങൾ, നടന്നതും നടക്കാത്തതും നടന്നുവെന്ന് തോന്നിപ്പിക്കുന്നതായി കാണിച്ചുള്ള അവകാശവാദങ്ങൾ, മോദിയുടെ പ്രസംഗ വീഡിയോ വെച്ച് ഗല്ലികളിലൂടെ കടന്നുപോകുന്ന എൽ.ഇ.ഡി. സ്ലൈഡ് വാനുകൾ, ‘മൻ കീ ബാത്ത്’ പ്രസംഗം കേൾപ്പിച്ചുള്ള വാട്‌സ്​ആപ് സന്ദേശങ്ങൾ, ഇതെല്ലാം പ്രചരിപ്പിക്കുന്നതിന്​ ആയിരക്കണക്കിന് പാർട്ടി പ്രൊപ്പഗാൻറ വാട്‌സ്​ആപ്- ഫേസ്ബുക്ക് ഗ്രൂപ്പുകൾ എന്നിങ്ങനെ ബി.ജെ.പിയുടെ പോക്ക് അച്ചടക്കത്തോടെയാണ്. എല്ലാ നിയമസഭാംഗങ്ങളേയും ഓരോ മേഖലയിലായി വിന്യസിച്ചുകഴിഞ്ഞു. 170 ഓളം എം.എൽ.എമാർ, പാർട്ടി എം.പിമാർ, ജില്ലാ-പ്രാദേശിക നേതാക്കൾ എന്നിങ്ങനെ എല്ലാവരും സക്രിയമാണ്. അതിൽ തന്നെ പല ജാതിയിൽ പെട്ടവരെ അതത് മേഖലകൾ എത്തിച്ചാണ് പ്രവർത്തനങ്ങൾ നീങ്ങുന്നത്. ഓരോ മേഖലയിലേയും നേതാക്കളുടെ സാന്നിധ്യത്തിൽ പിഴവ് വരുത്താത്ത ജാതിസമവാക്യങ്ങൾ കാണാം. അത് ശ്രദ്ധിച്ചുകൊണ്ട് ചാർട്ട് ചെയ്താണ് നീക്കം.

കർഷക സമരത്തെ തുടർന്നുണ്ടായ വോട്ട് ചോർച്ച തടയുകയാണ് ബി.ജെ.പിയുടെ പ്രധാന ഉദ്ദേശ്യം. അതുവഴിയുണ്ടായ പേരുദോഷം വോട്ട് നഷ്ടപ്പെടുത്തുമെന്ന ഭയം പാർട്ടിക്കുണ്ട്. ബിൽ പിൻവലിക്കപ്പെട്ടെങ്കിലും എതിർ വികാരം ശമിച്ചിട്ടില്ല കാർഷിക മേഖലകളിൽ.

‘സാമാജിക് സമ്പർക്കി’ലൂടെ ഓരോ ജാതി വിഭാഗങ്ങളുടേയും സ്വാധീനത്തിനനുസൃതമായി നേതാക്കളുടെ സാന്നിധ്യം ഓരോ മേഖലയ്ക്കും ഉറപ്പുവരുത്തുന്നു. ഒ.ബി.സി- ദലിത് വോട്ടുകളിലാണ് ശ്രദ്ധ. ദലിത് വിഭാഗത്തിൽ നിന്നുള്ള നേതാക്കളെ വ്യാപകമായി ജനസമ്പർക്ക പരിപാടികളിൽ ബി.ജെ.പി. എത്തിക്കുന്നുണ്ട്. ഇതേ രീതിയിലാണ് യാദവ ഇതര വോട്ടുകളുടെ കേന്ദ്രീകരണത്തിനുള്ള നീക്കവും. അടിത്തട്ടിലെ വോട്ടർമാരെ തേടിയെത്തുകയാണ് നേതാക്കളെന്ന് ലഖ്‌നൗവിലെ മുതിർന്ന മാധ്യമപ്രവർത്തകർ പറയുന്നു. മുലായത്തിന്റെ യാദവ വോട്ടുബാങ്ക്, മായാവതിയുടെ ജാട്​വ അടക്കമുള്ള ദലിത് വോട്ടുകൾ, തങ്ങൾക്ക് കിട്ടാനിടയില്ലാത്ത മുസ്​ലിം വോട്ടുകൾ ഇവയൊഴികെ ബാക്കി വോട്ട്​ ക്രോഡീകരിക്കുക, എസ്.പി, ബി.എസ്.പി, വോട്ടുകൾ ഭിന്നിപ്പിച്ച് ചിതറിപ്പിക്കുക എന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ച ബി.ജെ.പി. പദ്ധതി. അതിന്റെ തുടർച്ചകളിലാണ് ഇത്തവണയും അവർ.

കൈവശപ്പെടുത്തിക്കഴിഞ്ഞ വോട്ട്​ നിലനിർത്തുക എന്നതിനേക്കാൾ ശ്രദ്ധ പുതിയ വോട്ടുകളുടെ സമാഹരണമാണ് ഇത്തവണ ലക്ഷ്യം.

കർഷക സമരത്തെ തുടർന്നുണ്ടായ വോട്ട് ചോർച്ച തടയുകയാണ് പ്രധാന ഉദ്ദേശ്യം. അതുവഴിയുണ്ടായ പേരുദോഷം വോട്ട് നഷ്ടപ്പെടുത്തുമെന്ന ഭയം ബി.ജെ.പിയ്ക്കുണ്ട്. ബിൽ പിൻവലിക്കപ്പെട്ടെങ്കിലും എതിർ വികാരം ശമിച്ചിട്ടില്ല കാർഷിക മേഖലകളിൽ. അതിനാൽ ഓരോ മേഖലയിലും മോദിജീയുടെ മഹനീയ *ബട്പ്പൻ (ഔന്നത്യമുള്ള വിശാലമനസ്‌കത) കർഷക പ്രതിസന്ധിയില്ലാതാക്കി എന്ന പ്രചാരണം സക്രിയം. ഇതിനായി മോദിയുടെ പ്രസംഗവും പ്രഖ്യാപനങ്ങളും താഴെത്തട്ടിൽ എത്തിക്കുന്ന തിരക്കിലാണ് പാർട്ടി മെഷിനറി.

സംസ്ഥാനാടിസ്ഥാനത്തിലെ ദേശീയ ദാരിദ്ര്യനിരക്കിൽ യു.പി. നമ്പർ വൺ ആണെന്ന കണക്ക്​ പുറത്തുവന്നത് കഴിഞ്ഞ ദിനങ്ങളിലാണ്. 37.79 ശതമാനമാണ് യു.പിയുടെ ‘പോവർട്ടി ഇൻഡക്‌സ്’. ദേശീയ ശരാശരിക്കുമുകളിലാണ് 64 ജില്ലകളിൽ ഈ സംസ്ഥാനം. ആകെയുള്ള 75 ജില്ലകളിൽ ഭൂരിഭാഗവും ദാരിദ്ര്യപ്പട്ടികയിലാണെന്ന് ചുരുക്കം. ‘മൾട്ടി ഡൈമെൻഷണൽ പോവർട്ടി ഇൻഡക്‌സ്’ പ്രകാരം കേരളവും ഗോവയും ദാരിദ്ര്യം വളരെ കുറവുള്ള പട്ടികയിലാണെങ്കിൽ യു.പിയിലെ സാഹചര്യം നേരെ തിരിച്ചാണെന്ന് കണക്കുകൾ. രാജ്യത്തെ ഏറ്റവും ദാരിദ്ര്യമുള്ള സംസ്ഥാനമാണ് യു.പിയെന്നത് കേന്ദ്രത്തിന്റെ നിതി ആയോഗ് പുറത്തുവിട്ട കണക്കായതിനാൽ കാര്യമായി പ്രതിരോധിക്കാനുമാകില്ല ബി.ജെ.പിയ്ക്ക്. പക്ഷേ ഇതൊന്നും വോട്ട് ചെയ്യുന്ന ജനത അറിയാനോ പരിഗണിക്കാനോ വഴിയില്ല എന്ന ആത്മവിശ്വാസം യോഗിയ്ക്കുണ്ട്. അവരുടെ പരമ്പരാഗത വോട്ട് ചിന്ത, ഹിന്ദുത്വബോധമെന്ന സെക്ടേറിയൻ ആത്മസായൂജ്യത്തിൽ കുടുങ്ങിക്കിടക്കുമെന്ന് അവർക്കറിയാം.

വോട്ടിനെത്തും മുമ്പേ സമരക്കാരുടെ മുന്നിൽ കേന്ദ്രം മുട്ടുമടക്കിയ ബി.ജെ.പിയുടെ തന്ത്രപരമായ മികവിൽ നല്ല നിരാശയും അഖിലേഷ് ക്യാമ്പിനുണ്ട്. എങ്കിലും ഒരു വർഷത്തോളം കലുഷിതമാക്കാൻ കഴിഞ്ഞതിന്റെ അല അത്ര പെട്ടെന്ന് അവസാനിക്കില്ലെന്ന് എസ്.പി പ്രതീക്ഷിക്കുന്നു

അഖിലേഷിന് പ്രതീക്ഷയുള്ള കാര്യങ്ങളിൽ പ്രധാനം കർഷക സമരമുണ്ടാക്കിയ ഹാങ് ഓവർ തന്നെ. രണ്ട് വിഷയങ്ങളുടെ ആനുകൂല്യത്തിലാണ് അഖിലേഷ് യാദവ് കണ്ണ് വെക്കുന്നത്. കർഷകസമരത്തിലെ അതൃപ്തികളെ വോട്ടാക്കി എൻക്യാഷ് ചെയ്യാനാകുമെന്നതാണ് ഒന്ന്. വോട്ടിനെത്തും മുമ്പേ സമരക്കാരുടെ മുന്നിൽ കേന്ദ്രം മുട്ടുമടക്കിയ ബി.ജെ.പിയുടെ തന്ത്രപരമായ മികവിൽ നല്ല നിരാശയും അഖിലേഷ് ക്യാമ്പിനുണ്ട്. എങ്കിലും ഒരു വർഷത്തോളം കലുഷിതമാക്കാൻ കഴിഞ്ഞതിന്റെ അല അത്ര പെട്ടെന്ന് അവസാനിക്കില്ലെന്ന് എസ്.പി പ്രതീക്ഷിക്കുന്നു. പടിഞ്ഞാറൻ യു.പിയും ലഖിംപുർ ഖേരി അടക്കം സെൻട്രൽ യു.പിയിലെ മേഖലകളിലും സമരകാലം ഓർമിപ്പിച്ചു വോട്ട് പിടിക്കാനാകും മുലയംസിങ് യാദവിന്റെ മകനും സഖ്യസംഘങ്ങളും ശ്രമിക്കുക. കാർഷിക പ്രതിന്ധിയും കോവിഡ് കാലത്തെ കെടുതികളും ഇന്ധനവിലയും ഓർമിപ്പിച്ചുള്ള വോട്ട് പിടുത്തം. വിവാദ ബിൽ പിൻവലിച്ച് കർഷകരോട് മാപ്പ് പറഞ്ഞ് അവർക്കൊപ്പം തങ്ങൾ നിന്നുവെന്ന് കാണിച്ച ബി.ജെ.പിയ്ക്ക് പക്ഷേ നല്ല ആത്മവിശ്വാസമുണ്ട്. ഈ സാഹചര്യം ആർക്കെല്ലാം ഗുണമാകുമെന്നത് നിർണായകമാണ്.

ഇത്തവണ യോഗിയെ വിട്ട് എസ്.പിയുമായി സഖ്യമുണ്ടാക്കിക്കഴിഞ്ഞു. ഓംപ്രകാശ് രാജ്ഭറിന്റെ പിന്നോക്ക സമുദായ പാർട്ടിയ്ക്ക് പൂർവാഞ്ചൽ മേഖലയിലെ ചില ജില്ലകളിൽ പല മേഖലയിലും ശക്തിയുണ്ട്. എം.എൽ.എമാർ നാലെണ്ണത്തിനെ വിധാൻസഭയിലേക്ക് എത്തിച്ചതിൽ ആ സ്വാധീനം പ്രകടമാണ്

മറ്റൊരു ആത്മവിശ്വാസം അഖിലേഷിനുള്ളത്, കഴിഞ്ഞ തെരഞ്ഞെടുപ്പ് പരാജയത്തിലെ തിരിച്ചറിവുകളാണ്. ചെറിയ പാർട്ടികളുടെ പ്രാദേശിക യോജിപ്പ് സാധ്യത മഹാസഖ്യങ്ങളേക്കാൾ ഗുണം ചെയ്യുമെന്ന് അഖിലേഷ് തിരിച്ചറിയുന്നു. ആ വഴിയ്ക്കുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ തവണ യോഗിയെ പിന്തുണച്ച് മന്ത്രിസഭയിൽ ഇടം നേടിയ നാല് എം.എൽ.എമാരുള്ള രാജ്ഭർ സമുദായ പാർട്ടി എസ്.ബി.എസ്.പി. (സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി) ഇത്തവണ യോഗിയെ വിട്ട് എസ്.പിയുമായി സഖ്യമുണ്ടാക്കിക്കഴിഞ്ഞു. ഓംപ്രകാശ് രാജ്ഭറിന്റെ പിന്നോക്ക സമുദായ പാർട്ടിയ്ക്ക് പൂർവാഞ്ചൽ മേഖലയിലെ ചില ജില്ലകളിൽ പല മേഖലയിലും ശക്തിയുണ്ട്. എം.എൽ.എമാർ നാലെണ്ണത്തിനെ വിധാൻസഭയിലേക്ക് എത്തിച്ചതിൽ ആ സ്വാധീനം പ്രകടമാണ്. എസ്.പി. കാര്യമായി ഇക്കാര്യം പരിഗണിച്ചിരിക്കുന്നു. എസ്.പിയെ പിന്തുണയ്ക്കാനുള്ള പ്രധാന കാരണം ഒ.ബി.സിയിൽ തീവ്ര പിന്നാക്ക വിഭാഗത്തിന് പ്രത്യേക പട്ടിക വേണമെന്ന ഓംപ്രകാശ് രാജ്ഭറിന്റെ ആവശ്യം ബി.ജെ.പി. നിരസിച്ചതാണ്. വോട്ടിന് മുന്നേ അമിത് ഷാ നൽകിയ ഈ ഉറപ്പ് പാലിച്ചില്ലെന്നതാണ് രാജ്ഭർ പാർട്ടിയെ പ്രകോപിപ്പിച്ചത്. യു.പിയുടെ കിഴക്കൻ മേഖലയിൽ അഖിലേഷിന് ചെറിയ പാർട്ടികളിലുള്ള വലിയ പ്രതീക്ഷകളിലൊന്ന് ഇവരുടെ പിന്തുണയാണ്.

കോൺഗ്രസും എസ്.പിയും ബി.എസ്.പിയുമെല്ലാം സ്വന്തം നിലയിൽ മത്സരിക്കുന്നത് യോഗിയ്ക്ക് വോട്ട് സമാഹരണം മറ്റൊരു തരത്തിൽ എളുപ്പമാക്കിയിട്ടുമുണ്ട്.

പടിഞ്ഞാറൻ യു.പിയിലെ ജാട്ട് വോട്ടുകളിലെ പ്രതീക്ഷ, ജയന്ത് ചൗധരി നയിക്കുന്ന ആർ.എൽ.ഡിയിലാണ്. പറയുന്ന പോലെ വലിയ ജയം കൊണ്ടുവരാനായില്ലെങ്കിലും ചിലരെ തോൽപ്പിക്കാനെങ്കിലും തങ്ങൾക്കാകുമെന്നതാണ് ആർ.എൽ.ഡിയുടെ ധൈര്യം. അപ്​നാ ദളിലെ ഒരു വിഭാഗം ഇത്തവണ എസ്.പിയ്‌ക്കൊപ്പമാണ്. കുർമികളുടെ വോട്ട് കഴിഞ്ഞ വിധാൻസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയ്‌ക്കൊപ്പമായിരുന്നു. അതിൽ ചെറിയൊരു ശതമാനമെങ്കിലും അടർത്തിമാറ്റാൻ പൂർവാഞ്ചൽ മേഖലയിൽ അപ്നാദളിലെ കൃഷ്ണാ പട്ടേൽ വിഭാഗത്തിനാവുമെന്ന് അഖിലേഷ് കരുതുന്നു. ചെറിയ പോക്കറ്റുകളിൽ മാത്രം ആളുള്ള എ.എ.പിയും എസ്.പിക്കൊപ്പമുണ്ട്. പക്ഷേ മറ്റ് ചെറിയ പാർട്ടികളെ അപേക്ഷിച്ച് കെജ്​രിവാളിന്റെ പാർട്ടിയ്ക്ക് കാര്യമായ സ്വാധീനമൊന്നുമില്ല യു.പിയിൽ. പിണങ്ങിപ്പോയ ചെറിയച്ഛൻ ശിവപാൽ യാദവിന്റെ പാർട്ടി പി.എസ്.പി.എൽ ഇത്തവണ എസ്.പിയെ പിന്തുണച്ചേക്കും. ഇറ്റാവയും കാനൂജും അടക്കമുള്ളിടത്തെ, പോക്കറ്റുകളിൽ ശിവപാലിന് ആളുണ്ട്. ചിലയിടത്ത് ചെറിയ സഹായങ്ങൾക്കാകും നീക്കുപോക്കുണ്ടായാൽ. കീറാമുട്ടി സ്വഭാവമുള്ള ശിവപാൽ പക്ഷേ ആരുമായും കൂട്ടുകൂടുന്നയാളാണ്. കൂടുതലൊന്നും പറയാനുമാകില്ല.

മഹാഗഢ്ബന്ധനല്ലാതെ തെരഞ്ഞെടുപ്പിനെ അഖിലേഷും സംഘവും അഭിമുഖീകരിക്കാനാണ് നീക്കം. ചെറിയ പാർട്ടികളിലൂടെ പ്രാദേശിക മേഖലകളിലെ വോട്ട് നേടുക എന്ന എസ്.പിയുടെ തന്ത്രമാണ് മുന്നോട്ടുപോകുന്നത്

അതേസമയം മായാവതിയുടെ പാർട്ടിയുടെ നിലപാടും നീക്കവും വ്യക്തമല്ല ഇനിയും. തിരഞ്ഞെടുപ്പാനന്തര പിന്തുണയെന്നാണ് ബി.എസ്.പിയുടെ ഇതുവരെയുള്ള നിലപാട്. തൂക്കു മന്ത്രിസഭ സാധ്യതയെങ്ങാനും വന്നാൽ മാത്രം അതിന് വലിയ പ്രസക്തിയുണ്ടാകും. എന്നാൽ കോൺഗ്രസും എസ്.പിയും ബി.എസ്.പിയുമെല്ലാം സ്വന്തം നിലയിൽ മത്സരിക്കുന്നത് യോഗിയ്ക്ക് വോട്ട് സമാഹരണം മറ്റൊരു തരത്തിൽ എളുപ്പമാക്കിയിട്ടുമുണ്ട്. മഹാഗഢ്ബന്ധനല്ലാതെ തെരഞ്ഞെടുപ്പിനെ അഖിലേഷും സംഘവും അഭിമുഖീകരിക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഈ തീരുമാനത്തിലോ സമവാക്യങ്ങളിലോ ചിലപ്പോൾ മാറ്റം വന്നേക്കാം. എങ്കിലും നിലവിൽ, ചെറിയ പാർട്ടികളിലൂടെ പ്രാദേശിക മേഖലകളിലെ വോട്ട് നേടുക എന്ന എസ്.പിയുടെ തന്ത്രമാണ് മുന്നോട്ടുപോകുന്നത്. ഇതൊരു മോശം തീരുമാനവുമല്ല. 2017 ലെ തെരഞ്ഞെടുപ്പിൽ മഹാസഖ്യം മത്സരിച്ചുവെങ്കിലും പ്രാദേശിക തലത്തിൽ എസ്.പിക്കാരും ബി.എസ്.പിക്കാരും തമ്മിൽ യോജിപ്പുണ്ടായില്ല എന്നതാണ് യാഥാർത്ഥ്യം. പ്രാദേശികമായും ഗ്രാമീണ മേഖലകളിലും പരമ്പരാഗത വൈരികളായ എസ്.പി-ബി.എസ്.പി. അനുകൂലികൾ ഒന്നിച്ചുനിന്നില്ല. യാദവരുടെ ഫ്യൂഡൽ മനോഭാവം ദളിതരോടുള്ള സമീപനം എന്നിവ താഴെത്തട്ടിൽ വിഘടിച്ചുനിന്നതിന് പ്രധാന കാരണമായി.

അധികാരമില്ലാത്തത് സുഖമുള്ള ഏർപ്പാടല്ലാത്തതിനാൽ എസ്.പിയിൽ യോജിപ്പിന്റെ താൽപര്യങ്ങൾ കൂടിയിട്ടുണ്ട്. ചില നേതാക്കൾ ജയിലിലാണ് എങ്കിലും ഉൾപാർട്ടി ഭിന്നതകൾ കുറഞ്ഞു.

ബി.എസ്.പി. മത്സരിച്ച സഖ്യ സീറ്റുകളിൽ പലതിലും എസ്.പി. അനുകൂലികളായിരുന്ന യാദവരുടെ വോട്ട് നേരെ പോയത് ബി.ജെ.പിയ്ക്കും ചില എസ്.പി. സ്വതന്ത്രർക്കുമായിരുന്നു. ഇതാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത്. എന്നാൽ ബി.എസ്.പി. കൂടുതൽ അച്ചടക്കത്തോടെ എസ്.പിയ്ക്ക് വോട്ടു കുത്തിയെന്നാണ് മായാവതിയുടെ പരിഭവം. ഇക്കാര്യം പാർട്ടി വിലയിരുത്തുകയും ചെയ്തു. പടിഞ്ഞാറൻ യു.പിയിൽ മായാവതിയ്ക്ക് ഭീഷണി ഭീം ആർമി വോട്ടുകളാണെന്ന് ബി.എസ്.പി. കരുതുന്നു. അടിത്തറ ഇളകിപ്പോയ യു.പി. കോൺഗ്രസിന് കാര്യമായ നേട്ടമൊന്നും മഹാസഖ്യത്തിന് ഉണ്ടാക്കി കൊടുക്കാനുമായില്ല. ദേശീയ ശ്രദ്ധയുള്ള പോരാട്ടമുണ്ടായി. ‘യു.പി കേ ദോ ലഡ്‌കേ’ ഇമേജ് വഴി രാഹുലും അഖിലേഷും വാർത്തകളിൽ നിറഞ്ഞു, പ്രൊപ്പഗാൻറ രാഷ്ട്രീയം സജീവമായി, പക്ഷേ വോട്ടിൽ, നേട്ടമുണ്ടായില്ല എന്നതാണ് കഴിഞ്ഞ തവണത്തെ രാഷ്ട്രീയാനുഭവം. ഇതുപോലുള്ള ഭിന്നതകളും വിലയിരുത്തലുകളും എസ്.പിയ്ക്കുമുണ്ട്. അതുകൊണ്ടാകാം ‘മഹാഗഢ് ബന്ധൻ’ സാധ്യത തുലോം കുറവാണെന്ന് ഇപ്പോൾ യോഗിയുടെ എതിർപക്ഷം പറയുന്നത്. ഈ അനുഭവം കൊണ്ട് യു.പിയിലെ പ്രതിപക്ഷത്തെ ഇരുവിഭാഗത്തിന്റെയും യോജിപ്പില്ലായ്മയുടെ രാഷ്ട്രീയ ശരീരഭാഷ സുവ്യക്തമാണ്. ബാക്കിയെല്ലാം സാഹചര്യം അനുസരിച്ച് മാറിയെന്നും വരാം.

മായാവതിയുടെ പാർട്ടിയുടെ നിലപാടും നീക്കവും വ്യക്തമല്ല ഇനിയും. തിരഞ്ഞെടുപ്പാനന്തര പിന്തുണയെന്നാണ് ബി.എസ്.പിയുടെ ഇതുവരെയുള്ള നിലപാട്. തൂക്കു മന്ത്രിസഭ സാധ്യതയെങ്ങാനും വന്നാൽ മാത്രം അതിന് വലിയ പ്രസക്തിയുണ്ടാകും

ബി.എസ്.പിയിൽ നിന്ന് 2017 നുശേഷം നിരവധി നേതാക്കൾ വിട്ടുപോയി എന്നത് ക്ഷീണമാണ്. അടുത്തിടെ മാത്രം പോയത് ആറ് എം.എൽ.എമാരാണ്, കൂടുതലും പോയത്​ എസ്.പിയിലേക്കും ബി.ജെ.പിയിലേക്കും. അസംഗഢിലെ മുബാറക്പുരിൽ നിന്നുള്ള നിയമസഭാഗം ഷാ ആലമാണ് അവസാനത്തേത്. സ്ത്രീയോട് മോശമായി പെരുമാറിയ കേസിലാണ് ഷായെ പുറത്താക്കിയത്. ഇത്തരം വിഷയങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് മായാവതിയുടെ നിലപാട്. പക്ഷേ പല കാരണങ്ങളാൽ, കൂടുതൽ പേർ തെരഞ്ഞെടുപ്പിന് മുന്നേ മറുകണ്ടും ചാടുമോ എന്നതാണ് ബി.എസ്.പി. നേരിടുന്ന പ്രതിസന്ധി. 2012 നുശേഷം സംസ്ഥാനത്ത് അധികാരമില്ലാത്ത മായാവതിയ്ക്ക് ചോർച്ച തടയൽ വലിയ പണിയാണ്. 2007 ലെ തെരഞ്ഞെടുപ്പിൽ ‘ബ്രാഹ്‌മിൻ ഭൈചാരാ’ (​ബ്രാഹ്​മിൻ സാ​ഹോദര്യം) എന്ന പരിപാടിയിലൂടെ വലിയ സോഷ്യൽ എഞ്ചിനീയറിങ് നടത്തിയ മായാവതി പാർട്ടി നേതാവ് സതീഷ് മിശ്രയെ മുന്നിൽ നിർത്തി ഇത്തവണ മുന്നോക്ക ജാതി വോട്ടർമാരെ ആകർഷിക്കാൻ പ്രബുദ്ധ് വർഗ സമ്മേളൻ എന്ന പരിപാടി നടത്തി. ശൂലത്തിന്റെ ചെറുരൂപം പിടിച്ച് മായാവതി നിൽക്കുന്ന ചിത്രം പിറ്റേന്നത്തെ ദേശീയ പത്രങ്ങളിലെ ആകർഷക ഇനമായി. പക്ഷേ സവർണജാതി താൽപര്യങ്ങളെ സമർത്ഥമായി ആകർഷിക്കാൻ കഴിവുള്ള സംഘമാണല്ലോ അവരുടെ എതിർചേരി.

അധികാരമില്ലാത്തത് സുഖമുള്ള ഏർപ്പാടല്ലാത്തതിനാൽ എസ്.പിയിൽ യോജിപ്പിന്റെ താൽപര്യങ്ങൾ കൂടിയിട്ടുണ്ട്. ചില നേതാക്കൾ ജയിലിലാണ് എങ്കിലും ഉൾപാർട്ടി ഭിന്നതകൾ കുറഞ്ഞു. രാംപുരിലെ പ്രബലനും അഖിലേഷ് മന്ത്രിസഭയിലെ പ്രധാനിമായിരുന്ന അസംഖാൻ ഉൾപ്പെടെ ജയിലിലാണ്. ക്രിമിനൽ കേസും ഗൂഢാലോചനയും സ്വത്ത്- ഭൂമി തട്ടിപ്പുമടക്കം 80 ലധികം കേസുകളാണ് അസംഖാനെതിരെ. അഖിലേഷ് മന്ത്രിസഭയിലെ മറ്റൊരു പ്രമുഖനായിരുന്ന ഗായത്രി പ്രജാപതിയൊക്കെ കൂട്ട ബലാത്സംഗക്കേസിലും സ്വത്ത് തട്ടിപ്പുകേസിലുമായി ജയിലിലാണ്. സെഷൻസ് കോടതി ഇയാൾക്ക് ജീവപര്യന്തമാണ് വിധിച്ചത്. പണമുണ്ടാക്കുന്നതിലും ഗുണ്ടായിസത്തിന്റെ കാര്യത്തിലും വലിയ സോഷ്യലിസമുള്ളവരാണ് സമാജ് വാദി പാർട്ടിയിലെ മിക്ക നേതാക്കളും.

യോഗി ആദിത്യനാഥിന് ഇപ്പോഴും യു.പിയിൽ നല്ല സ്വീകാര്യതയുണ്ട്. അപ്പർ കാസ്റ്റ് ഹിന്ദു വോട്ടുകളിൽ പ്രത്യേകിച്ചും. സന്യാസിവേഷത്തിലുള്ള യോഗിയോട് ജാതീയമായ വലുപ്പചെറുപ്പങ്ങൾ ഹിന്ദു ഭൂരിപക്ഷങ്ങൾക്കില്ല. ഈ സാഹചര്യം പരമാവധി മുതലാക്കുക എന്നതാണ് ബി.ജെ.പി ലക്ഷ്യം. മോദി കഴിഞ്ഞാൽ നയിക്കാൻ യോഗി എന്നൊരു അപ്രഖ്യാപിത ചിന്താധാര പ്രചരിപ്പിക്കപ്പെടുന്നു. 2023 ഓടെ രാമക്ഷേത്രം വരുന്നത് യോഗിയുടെ മിടുക്കാണെന്ന് വിശ്വസിക്കുന്നവരാണ് ഹിന്ദു മൗലികവാദികളായ നല്ലൊരു വിഭാഗം വോട്ടർമാർ. പടിഞ്ഞാറൻ യു.പിയിൽ ലഖിംപുർ മേഖലയിലും മറ്റും ചോരാനിടയുള്ള വോട്ട് മറ്റ് മേഖലകളിൽ നിന്ന് സമാഹരിക്കാമെന്നാണ് യോഗിയുടെ കണക്കുകൂട്ടൽ. അതുകൊണ്ടാണ് സെൻട്രൽ യു.പിയെ ബാധിക്കാനിടയുള്ള ലഖിംപുർ ഖേരി കർഷകാക്രമണക്കേസ് പെട്ടെന്ന് സെറ്റിൽ ചെയ്യാൻ യോഗി തിടുക്കം കാണിച്ചത്. നഷ്ടപരിഹാരം പ്രഖ്യാപിക്കലും ജുഢീഷ്യൽ അന്വേഷണ പ്രഖ്യാപനവും പെട്ടെന്നുണ്ടായത് കർഷകപ്രക്ഷോഭം സെൻട്രൽ യു.പിയിൽ പടരാതിരിക്കാനാണ്.

ഒറ്റയ്ക്ക് മത്സരിച്ച് നേട്ടമുണ്ടാക്കാം എന്ന കോൺഗ്രസ് ചിന്തയും യു.പിയെ സംബന്ധിച്ച് സമാനം തന്നെ. പ്രിയങ്ക വദ്രയുടെ റാലി കാണാനെത്തുന്ന ജനമെല്ലാം അവർക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്ന മൗഢ്യം തുടരുന്നതാണ് കോൺഗ്രസിന്റെ പ്രശ്‌നം.

എന്നാൽ ഇന്ധനവില കൂടുന്നത് കക്കൂസ് പണിയാനാണെന്നും നോട്ട് നിരോധനത്തോടെ പാകിസ്ഥാനിൽ നിന്ന് കള്ളനോട്ട് വരാതെ, രാജ്യം സാമ്പത്തികമായി ശുദ്ധീകരിക്കപ്പെട്ടുവെന്നും പൊലീസ് എൻകൗണ്ടർ കൊലകളിലൂടെ നല്ലൊരു ശതമാനം ക്രിമിനലുകൾ ഇല്ലാതായി എന്നുമെല്ലാം വിശ്വസിക്കുന്ന ജനത കൂടിയാണ് യു.പിയിലേത്. അത്തരമൊരു ജനതയുടെ രാഷ്ട്രീയ ധാരണക്കുറവിന്റെ അബോധങ്ങളെ ജ്ഞാനസ്‌നാനം ചെയ്യാൻ താമരപ്പാർട്ടിയുടെ മെഷിനറിയ്ക്ക് കഴിയുന്നു. അതിനാൽ കർഷകരോഷത്തെ അവരുടെത്തന്നെ നേതാക്കളുടെ സാന്നിധ്യത്തിലൂടെ ഉപയോഗപ്പെടുത്തിയും ചെറുപാർട്ടികളുടെ ഭിന്നിപ്പില്ലാത്ത കൂട്ടായ്മയിലൂടേയും പോസ്റ്റ് പോൾ പിന്തുണയെന്ന മായാവതിയുടെ അപ്രതീക്ഷിത സാധ്യതയേയും എത്രകണ്ട് ചൂഷണം ചെയ്യാനാകും എന്നതിന്റെ ഭാവി അനുസരിച്ചാകും അഖിലേഷിന്റെ, ഈ തെരഞ്ഞെടുപ്പിലെ ബി.പി.ലെവൽ.

പ്രിയങ്ക വദ്രയുടെ റാലി കാണാനെത്തുന്ന ജനമെല്ലാം അവർക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്ന മൗഢ്യം തുടരുന്നതാണ് കോൺഗ്രസിന്റെ പ്രശ്‌നം.

മുസ്​ലിം നേതാവ് അസിസുദ്ദീൻ ഒവൈസിയുടെ പാർട്ടി എല്ലാ സീറ്റിലും മത്സരിച്ചാൽ മുസ്​ലിം വോട്ട് ഭിന്നിപ്പിച്ച് ബി.ജെ.പിയ്ക്ക് ഗുണമുണ്ടാക്കാം എന്നതാണ് വസ്തുത. ഒറ്റയ്ക്ക് മത്സരിച്ച് നേട്ടമുണ്ടാക്കാം എന്ന കോൺഗ്രസ് ചിന്തയും യു.പിയെ സംബന്ധിച്ച് സമാനം തന്നെ. പ്രിയങ്ക വദ്രയുടെ റാലി കാണാനെത്തുന്ന ജനമെല്ലാം അവർക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്ന മൗഢ്യം തുടരുന്നതാണ് കോൺഗ്രസിന്റെ പ്രശ്‌നം. അമേഠി പോലും ഒലിച്ചുപോയതിന്റെ ആഘാതപഠനം അവരിനിയും നടത്തിയോ എന്ന് സംശയമാണ്. അതേസമയം വരുൺഗാന്ധിയുടെ ഇടഞ്ഞുള്ള നിൽപ്പ് പിലിഭിത്ത് മേഖലയിൽ എന്ത് ചലനമുണ്ടാക്കുമെന്ന് ഇരുപക്ഷവും ഉറ്റുനോക്കുന്നു. ബാക്കിയെല്ലാം അഖിലേഷ് - മായാവതി നയതന്ത്രത്തിന്റേയും ചെറു പാർട്ടി സാഹസങ്ങളുടേയും കയ്യിലാണ്, ഒപ്പം കർഷകരോഷത്തിന്റെ അലയിലും. അതിനുള്ള സമവാക്യങ്ങളും ധാരണകളും വഴിപിരിയലുകളും കുതന്ത്രങ്ങളുടേയും ദിനരാത്രങ്ങളായിരിക്കും ഇനിയുള്ള 100 ദിവസങ്ങളിലെ ഉത്തർപ്രദേശിന്റെ രാഷ്ട്രീയഭൂമിക.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments