പ്രാദേശിക ജാതിരാഷ്ട്രീയത്തെ വെല്ലുന്ന പൊതുബോധ മതരാഷ്ട്രീയം വെച്ചുള്ള ഭൂരിപക്ഷ കളികളിൽ ബി.ജെ.പിയെ വെല്ലാൻ തൽക്കാലം മറ്റ് പാർട്ടികൾ യത്‌നിക്കേണ്ടതില്ലെന്നാണ് ഇത്തവണത്തെ യു.പി. സംസ്ഥാന തെരഞ്ഞെടുപ്പു ഫലം പറയുന്നത്. സ്വത്വം പറഞ്ഞുള്ള പൊതുധാരാ ഹിന്ദുത്വ രാഷ്ട്രീയത്തിന് വളക്കൂറൊരുക്കി വിജയിപ്പിച്ചെടുക്കാൻ അവർക്ക് യു.പിയിൽ സാധിക്കുന്നതും അതുകൊണ്ടാണ്. മോദി- യോഗി കൾട്ടുകൾ വെച്ചുകൊണ്ട് അവരതിനെ തന്ത്രപരമായി മെനഞ്ഞെടുക്കുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നിന്റെ രാഷ്ട്രീയ ദിശയെ ചൂണ്ടുന്ന ഹസാർഡ് ലൈറ്റ് കത്തിക്കിടപ്പുള്ളത് ഇന്ത്യൻ മതതേര ബോധത്തിനു നേരെയാണ് എന്നതാണ് ഈ ഫലത്തിലെ ഖേദകരമായ യാഥാർത്ഥ്യവും. എന്നാൽ എന്താണ് ബി.എസ്.പിയുടേയും കോൺഗ്രസിന്റേയും സ്ഥിതി എന്നത് രാഷ്ട്രീയ വിദ്യാർത്ഥികളെ സംബന്ധിച്ച് കൗതുകകരമാണ്. ഒപ്പം, ബഹുജൻ രാഷ്ട്രീയത്തിന്റെ ധാരയെ വിശ്വാസത്തിലെടുത്ത് പലതും പ്രതീക്ഷിച്ച വലിയൊരു ജനസാമാന്യത്തിന് ഞെട്ടലുണ്ടാക്കുന്നതുമാണ് ഈ വിധി.
യോഗി ആദിത്യനാഥിന്റെ തന്നെ ചിത്രങ്ങൾ കൂടുതലുപയോഗിച്ച് അയാളെ തന്നെ താരപ്രചാരകനാക്കി നടത്തിയ ആദ്യ തെരഞ്ഞെടുപ്പിൽ അതേ മുഖ്യന് തുടർഭരണം ലഭിക്കുന്നു എന്നത് കാവിയുടുപ്പുകാരനായ ആദിത്യനാഥിലെ രാഷ്ട്രീയക്കാരന്റെ ഉയർച്ചയ്ക്ക് ഒരു കോണി വെച്ചുകൊടുക്കലാണ് ഫലത്തിൽ. യോഗിയുടെ പൊതുസ്വീകാര്യതയുടെ തലം വർധിക്കുന്നുവെന്ന ബി.ജെ.പിയുടെ വിലയിരുത്തലിനെ അത് സാധൂകരിക്കുന്നു. ഡസൻ കണക്കിന് റാലികൾ മോദിയുടെ സാന്നിധ്യത്തിൽ യു.പിയിൽ നടന്നിട്ടുമുണ്ട്. 26 ദിവസങ്ങളോളം മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യുപി.യിലെത്തി സംസാരിച്ചുകൊണ്ടിരുന്നു. വികസനവും കർഷകക്ഷേമവും ഹിന്ദുത്വ രാഷ്ട്രീയവും സമാസമം കുത്തിനിറച്ച വാഗ്ദാന പെരുമഴകൾ കൊണ്ട് സമ്പന്നമായ റാലീ പ്രസംഗങ്ങളായിരുന്നു മോദിയുടേത്. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പോലുള്ള പദ്ധതികൾ ഉത്തരേന്ത്യൻ ഹിന്ദു വോട്ടറിലെ ഹിന്ദുത്വ പൊതുബോധത്തെ നല്ല പോലെ തൃപ്തിപ്പെടുത്തുന്നതായിരുന്നു.
കർഷക സമരം ഒത്തുതീർപ്പാക്കി കർഷക ജനതയോട് മാപ്പ് ചോദിച്ച വിനയാന്വിതനല്ലേ മോദിജീ, അദ്ദേഹത്തെ പോലൊരാൾ നയിക്കുന്ന പാർട്ടിക്കു തന്നെയല്ലേ വോട്ട് ചെയ്യേണ്ടത് എന്ന വ്യാപക പ്രചാരണം ബി.ജെ.പി. മുക്കിലും മൂലയിലും നടത്തി. നമ്മൾക്കല്ലാതെ ആർക്കാണ് രാമക്ഷേത്രം നിർമ്മിക്കാനാകുക? അതിന് തറക്കല്ലിട്ടതും കാശിയിലെ അമ്പല ഇടനാഴിയും നമ്മടെ മാത്രം ശ്രമഫലമല്ലേ എന്നായിരുന്നു പല നേതാക്കളുടേയും രാഷ്ട്രീയ പ്രസംഗവേദികളിലെ ചോദ്യം. അതിനുള്ള ഉത്തരം വോട്ടർമാർ ബി.ജെ.പിയ്ക്ക് നൽകുകയും ചെയ്തു. ഹിന്ദുത്വ രാഷ്ട്രീയത്തെ കൃത്യമായി പ്ലേസ് ചെയ്യാൻ, കഴിഞ്ഞ പത്തോ പന്ത്രണ്ടോ കൊല്ലമായി ഉത്തർപ്രദേശിലടക്കം സമഗ്രതയോടെ അവർക്ക് കഴിയുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമായി ഈ ഫലത്തെ എടുത്താൻ മതി. കർഷക സമരത്തിന്റെ അവസാനം മോദി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ, മിക്ക ഗ്രാമങ്ങളിലും കവലകളിലും എൽ.ഇ.ഡി സ്‌ക്രീനുള്ള വാഹനങ്ങൾ ഉപയോഗിച്ച് ബി.ജെ.പി പ്രചരിപ്പിച്ചു. ഇത് വലിയൊരളവോളം ഗുണം ചെയ്തു അവർക്ക്.
സമാജ് വാദി പാർട്ടിയ്ക്ക് ആശ്വസിക്കാൻ വകയുണ്ട്. 21 ശതമാനം വോട്ട് മാത്രം നേടി കേവലം 47 സീറ്റിൽ ജയിച്ച് 2017 ൽ തുടർഭരണം നഷ്ടമാക്കിയ എസ്.പിയ്ക്ക് അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും കൂടുതൽ മിന്നുന്ന പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷ ഈ ഫലം നൽകുന്നുണ്ട്. മാത്രമല്ല, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഊർജ്ജം അവർക്ക് ഈ ഫലം നൽകുന്നു. ഇത്തവണ അവർക്ക് 32 ശതമാനം വോട്ട് നേടാനായി, 111 സീറ്റും. അഖിലേഷ് യാദവ് ചെറുപ്പമാണ് എന്നത് അങ്കലാപ്പിന് ഇടനൽകാതെ മുന്നോട്ട് പോകാൻ എസ്.പിക്ക് ധൈര്യം നൽകുന്നുമുണ്ട്. പക്ഷേ, പ്രാദേശിക ജാതി രാഷ്ട്രീയക്കളി തന്നെയാണ് അഖിലേഷിന്റേതുമെന്നതാണ് അവരുടെ പരിമിതിയും. സ്വത്വരാഷ്ട്രീയത്തിന്റെ തലത്തിന് ഒരു പരിധിയുണ്ട് എന്നത് അഖിലേഷ് മനസ്സിലാക്കുന്നില്ല.
വൈഡർ പെർസ്‌പെക്ടീവിൽ, മത രാഷ്ട്രീയത്തിൽ ബി.ജെ.പിയെ വെല്ലാൻ വേണ്ടത് കർഷക പ്രക്ഷോഭങ്ങളോ ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചുള്ള വലിയ പരിപാടികളോ ആണ്. അത്തരത്തിലാണ് ഒരു നേതാവ് ശ്രദ്ധിക്കപ്പെടേണ്ടതും. ബി.ജെ.പിക്കാരനെന്ന് ഒരിക്കലും പറയാനാകാത്ത പഴയ ബി.എസ്.പിക്കാരൻ സ്വാമി പ്രസാദ് മൗര്യ ചേർന്നതുകൊണ്ടോ അപ്നാ ദളിലെ കൃഷ്ണ പട്ടേൽ വിഭാഗത്തിനെക്കൊണ്ടോ കാര്യമായി ഒന്നും ചെയ്യാനായില്ല. ആകെ അല്പം ഗുണം ചെയ്തിരിക്കുക ഓം പ്രകാശ് രാജ്ഭർ എന്ന നേതാവിന്റെ പാർട്ടിയും ആർ.എൽ.ഡിയും മാത്രമായിരിക്കും എസ്.പിയ്ക്ക്. എങ്കിലും 2017 നെ അപേക്ഷിച്ച് യാദവ ക്യാമ്പിന് ആശ്വസിക്കാം, പ്രതീക്ഷയോടെ എന്നതൊരു സത്യമാണ്.
ഏറ്റവും അത്ഭുതകരമായ കീഴടങ്ങൽ കോൺഗ്രസിന്റേതുമാത്രമല്ല, മായാവതിയുടേതുമാണ് എന്നത് ഈ തെരഞ്ഞെടുപ്പ് ഫലത്തിലെ വിധിവൈപരീത്യങ്ങളിലൊന്നാണ്. ബി.എസ്.പിയുടെ കീഴടങ്ങലുണ്ടാക്കുന്ന ആഘാതം ബഹുജൻ രാഷ്ട്രീയധാരയെ വിശ്വാസത്തിലെടുത്ത വലിയ ജനസാമാന്യത്തിന് നെഞ്ചിൽ മറ്റൊരാൾ കാലെടുത്ത് വെച്ചതുപോലൊരു അനുഭവം ഉണ്ടാക്കുന്നുണ്ട്. ബി.എസ്.പിയുടെ ദലിത് വോട്ടുകൾ ആരാണ് സമാഹരിച്ചത് എന്ന് ചോദിച്ചാൽ ബി.ജെ.പി. എന്നുതന്നെ ഉത്തരം പറയേണ്ടിയും വരും. പക്ഷേ, തങ്ങളുടെ വോട്ട് ചോരുമ്പോഴും അവർക്ക് യാതൊന്നും ചെയ്യാനോ പറയാനോ ഇല്ലെന്നതാണ് മായാവതി പോലൊരു രാഷ്ട്രീയനേതാവ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ആത്മവിശ്വാസക്കുറവിന്റേതായ രാഷ്ട്രീയ ശരീരഭാഷയിലെ വലിയൊരു ദുരന്തം. ഒരു വശത്ത് ദലിത് വോട്ട് ബി.ജെ.പി പിടിച്ചടക്കുന്നു. ഹാത്രസ്, ഉന്നാവോ സംഭവങ്ങൾ പോലെ ലഖിംപുർ ഖേരി സംഭവവും മൊത്തത്തിൽ വോട്ടിന്റെ ബാലൻസ് തെറ്റിക്കുമെന്നത് പുറത്തുനിന്ന് നോക്കുമ്പോൾ മറ്റുള്ളവർക്ക് തോന്നുന്നതാണ്. അത്തരം സംഭവങ്ങൾ തുടർച്ചകളാണ് അവരെ സംബന്ധിച്ച്. ദലിത് കൊലകളും അതിക്രമവും റേപ്പും സർവ്വസാധാരണമായ ഒരു നാട്ടിൽ അതിനെ തുടർന്നൊരു രാഷ്ട്രീയ വീണ്ടുവിചാരമുണ്ടാകുക ബുദ്ധിമുട്ടാണ്. അതാണ് യു.പിയുടെ ചരിത്രവും.
പെട്ടെന്നുണ്ടാകുന്ന ഇൻസിഡൻറ് രാഷ്ട്രീയം വോട്ടിനെ അവിടെ ബാധിക്കാറില്ല. വി.പി. സിങിന്റെ കാലത്തെ പ്രക്ഷോഭമോ ബാബറി മസ്ജിദോ ആ ഗണത്തിൽ പെടുത്താനാകില്ല. അത് ഏറെക്കാലത്തെ ട്രിഗറിൽ നിന്നുണ്ടായ പൊട്ടിത്തെറികളായിരുന്നു എന്നോർക്കുക. ഏതായാലും ബി.എസ്.പിയുടെ വോട്ട് കട വിറ്റഴിക്കൽ വിൽപ്പനയുടെ സ്വഭാവത്തിലേക്ക് എത്താതിരിക്കാൻ മായാവതിയ്ക്ക് കഴിയുമോ എന്നതാണ് ചോദ്യം. മറുവശത്ത്, റാഡിക്കൽ ഫോഴ്‌സ് എന്ന തോന്നലുണ്ടാക്കുകയും എന്നാൽ ചെറിയൊരു മേഖലയിലെ യുവാക്കളെ മാത്രം ആകർഷിക്കുകയും ചെയ്യുന്ന തരത്തിൽ ഷോമാൻ കളി മാത്രമുള്ള ചന്ദ്രശേഖർ ആസാദും - രണ്ടിനുമിടയിലാണ് ബി.എസ്.പിയുടെ ശക്തി ചോരുന്നത്. പക്ഷേ 22 ശതമാനത്തിൽ നിന്ന് വോട്ടുശതമാനം 12 ആയി ചുരുങ്ങിയെങ്കിലും അത് സാധ്യതകളെ അടച്ചുകളയുന്നില്ല. പരാജയം പഠിച്ച് മുന്നോട്ട് പോകുമെന്ന് മായാവതി പ്രതികരിച്ചു കഴിഞ്ഞു. പക്ഷേ, അവർ പാലിച്ചുകൊണ്ടിരുന്ന അപകടകരമായ നിശബ്ദത കുറ്റകരമായ അനാസ്ഥയാണ്. അതിന് അവരുടേതായ ഭാവി രാഷ്ട്രീയ താൽപര്യങ്ങൾ കൂടി കാരണമാകാം. മായാവതി പാർട്ടിയെ ബി.ജെ.പിയുടെ ആലയിൽ പോയി കൊണ്ടുകെട്ടുമോ എന്ന് സംശയിക്കുന്നവരും കുറവല്ല. ചില മേഖലകളിൽ, പ്രത്യേകിച്ച് ബുന്ദേൽഖണ്ട് മേഖലയിൽ മധ്യപ്രദേശ് വോട്ട് രാഷ്ട്രീയത്തിന്റെ ഭാഗമായി ബി.ജെ.പി. അനുകൂല നിലപാടെടുത്ത പാർട്ടിയാണത് ഈ അടുത്തുകാലത്ത് പോലും എന്നതാണ് ആ സംശയത്തിന്റെ മറ്റൊരു കാരണം.
കോൺഗ്രസിന്റെ ഭാവിയുടെ ചീട്ട് കീറിക്കളഞ്ഞ ഫലങ്ങളിലൊന്നാകുന്നു ഈ ഫലം. റായ്ബറേലിയും അമേഠിയും പോയിക്കഴിഞ്ഞു അവർക്ക്. പ്രിയങ്കയുടെ സാന്നിധ്യമോ രാഹുലിന്റെ സൗമ്യസ്വരൂപമോ നാട്ടുകാരെക്കൊണ്ട് വോട്ട് ചെയ്യിപ്പിക്കാൻ മാത്രം പ്രേരണയുണ്ടാക്കുന്നില്ലെന്നത് കോൺഗ്രസ് തിരിച്ചറിയേണ്ട വസ്തുതയാണ്. ‘നല്ല ഹിന്ദുവാണ് രാജ്യം ഭരിക്കേണ്ടത്’ എന്നുപറഞ്ഞ് രാഹുൽ കാവി ഷാളും പുതച്ച് നാല് കുറിയുമിട്ട് കയ്യിൽ രുദ്രാക്ഷവും ചുറ്റി നടത്തിയ ലൈറ്റ് വേർഷൻ ഹിന്ദുത്വ കളികളാണ് കോൺഗ്രസിന്റെ കോമൺ മിനിമം പരിപാടിയെന്നതാണ് ബി.ജെ.പിയെ സന്തോഷിപ്പിക്കുന്ന വസ്തുതയും.
ദലിത് വോട്ടുബാങ്ക് ചിതറിപ്പിച്ച് വലിയൊരു മാർജിൻ തങ്ങൾക്ക് അനുകൂലമായി സമാഹരിച്ചെടുക്കാനും ഫിക്‌സഡ് ഡിപ്പോസാറ്റായ ക്ഷത്രിയ- ബ്രാഹ്മൺ വോട്ടിനെ അതേപടി നിലനിർത്തി ഒ.ബി.സി. വോട്ട് കൂടുതലായി ആകർഷിക്കാനും ബി.ജെ.പിക്ക് കഴിയുന്നുവെന്നതാണ് ഇത്തവണത്തെ ഫലം നൽകുന്ന ചിത്രം. 2017 - 2019 കാലത്തെ സംസ്ഥാന- ദേശീയ തെരഞ്ഞെടുപ്പുകളുടെ തുടർച്ചയായി തന്നെ ഈ അർത്ഥത്തിൽ പുതിയ ഫലത്തേയും കാണാം. രാജ്യത്തെ പിടിച്ചുകുലുക്കിയ കര്ഷക സമരം സർക്കാരിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിട്ടും അതിന്റെ തിരിച്ചടി മറികടക്കാൻ യോഗിയ്ക്കും മോദിയ്ക്കുമായി എന്നതിൽ ഭാവിയെ സംബന്ധിച്ച വലിയ ചില ഇൻഡിക്കേറ്ററുകൾ തെളിയുന്നുണ്ട്. അത് ഹിന്ദുത്വപ്രതിനിധാനങ്ങളുടെ ആശങ്കാജനകമായ ഹസാർഡ് ലൈറ്റ് സിഗ്‌നലായി തന്നെ കാണേണ്ടിവരും.
41 ശതമാനമായി ഇത്തവണ ബി.ജെ.പിയുടെ വോട്ട്. എസ്.പിയ്ക്ക് 32 ശതമാനത്തിലേക്ക് തിരിച്ചുകയറാനായി. എന്നാൽ കോൺഗ്രസ്, ബി.എസ്.പി. വോട്ട് ശതമാനം നോക്കിയാൽ ചിത്രം വ്യക്തമാണ്.
പടിഞ്ഞാറൻ യു.പിയിലെ ജാട്ടുകളുടെ വോട്ട് ഇത്തവണ സമാജ് വാദി പാർട്ടിയ്ക്ക് ഗുണം ചെയ്തുവെന്ന് കരുതാം. പൂർവാഞ്ചല് മേഖലയിലെ രാജ്ഭർ സമുദായത്തിന്റേതും കുറെയൊക്കെ. പക്ഷേ ഒ.ബി.സി. വോട്ടുകൾ നല്ല പോലെ ബി.ജെ.പിയ്ക്ക് കിട്ടുകയും മുസ്ലിം വോട്ടുകൾ ചിതറുകയും ചെയ്തതുകൊണ്ട് ബി.ജെ.പിയ്ക്ക് കാര്യങ്ങളെളുപ്പമായി. കോൺഗ്രസും എസ്.പിയും ബി.എസ്.പിയും വേറെ വേറെ മത്സരിച്ചതോടെ മുസ്ലിം വോട്ട് ഛിന്നഭിന്നമാകുക എന്ന സാധ്യത അവർക്ക് അനുകൂലമായി. ഒവെസിയെ പോലെ ചില പോക്കറ്റ് നേതാക്കളും ചില മേഖലകളിൽ മുസ്ലിം വോട്ട് ചിതറിക്കാൻ തന്നാലാവും വിധം ചെയ്ത് ഹിന്ദുത്വയെ വിമർശിക്കുകയും അവർക്കുതന്നെ പരോക്ഷ ഗുണമുണ്ടാക്കിക്കൊടുക്കുകയും ചെയ്തു.
12 വർഷത്തിലേറെയായി അധികാരമില്ലാത്തെ ബി.എസ്.പിയെ ഇനി എത്രനാൾ അണികൾ സഹിക്കുമെന്നതാണ് ചോദ്യം. അതിന് കൃത്യമായ രാഷ്ട്രീയപ്രവർത്തനം മായാവതിയുടെ സംഘം ഉണ്ടാക്കിയെടുത്തേ പറ്റൂ. അതിനിനി ബി.എസ്.പി എത്രമാത്രം കഷ്ടപ്പെടുമെന്ന് കാത്തിരുന്നുകാണാം.
പ്രോ വേർഷനുള്ളപ്പോൾ ലൈറ്റ് വേർഷൻ എന്തിന് എന്നതാണ് ഹിന്ദുത്വ പൊതുബോധധാരയുടെ ചിന്ത. അതുകൊണ്ട് അതിന് ബദലായ ജനകീയ വിഷയങ്ങൾ പറഞ്ഞുള്ള സമരങ്ങളോ പ്രക്ഷോഭങ്ങളോ കളം നിറയലുകളോ ആയി പ്രതിപക്ഷ ഐക്യനിര രൂപപ്പെടാതെ ഹിന്ദു ഐഡിറ്റിന്റി രാഷ്ട്രീയം വിജയകരമായി പറയുന്ന ബി.ജെ.പിയെ നേരിടുക സാധ്യമല്ല. രാമക്ഷേത്ര നിർമാണം തങ്ങളുടെ സ്വപ്നമായിരുന്നു എന്നും പറഞ്ഞ് ഹിന്ദു അമ്പല ദർശന യാത്രകൾ കൊണ്ടൊന്നും അവരെ നേരിടുക നടപടിയാകുന്ന കാര്യമല്ലെന്ന് കോൺഗ്രസ് ഇനിയെങ്കിലും ചിന്തിക്കേണ്ടതുണ്ട്. രാജ്യം കണ്ട ഏറ്റവും ധീരമായ കർഷക സമരങ്ങളെയും ലോങ് മാർച്ചുകളെയും ഏറ്റെടുത്ത് നേതൃനിരയ്‌ക്കൊപ്പം പോരാടി, അത്തരം പടകൾ നയിക്കുന്നവരായി മാറിയിരുന്നുവെങ്കിൽ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയധീരത ജനങ്ങൾക്ക് കൂടുതൽ ബോധ്യപ്പെട്ടേനെ. ഉത്തരേന്ത്യൻ ഗ്രാമത്തിലെ കൃഷിക്കാർ ട്വീറ്റുകൾ വായിക്കുന്നവരല്ല എന്ന് ഓർക്കേണ്ടതാണ്.
കോൺഗ്രസിന് ഇപ്പോഴും വ്യക്തതയാർന്ന രാഷ്ട്രീയനിലപാടോ ബി.ജെ.പിക്കെതിരെ ശക്തമായ രാഷ്ട്രീയ പരിപാടിയോ ഇല്ല എന്നതും നേതൃനിര പോലും ചിതറിയ അവസ്ഥയിലാണ് എന്നതുമാണ് എൻ.ഡി.എയുടെ കോൺഫിഡൻസ്.
എന്താണ് യു.പിയിലെ പുതിയ തെരഞ്ഞെടുപ്പ് ഫലം അവസാനമായി നൽകുന്ന സന്ദേശം? യോഗി ആദിത്യനാഥ് എന്ന മഠാധിപതിയായ ഒരു നേതാവിന്റെ അധികാരത്തെയും രാഷ്ട്രീയ അപ്രമാദിത്വത്തെയും ഊട്ടിയുറപ്പിക്കുന്ന ഫലം എന്ന രാഷ്ട്രീയമായ ആഫ്റ്റർ ഇഫക്ട് കൂടി ഇത്തവണത്തെ തെരഞ്ഞെടുപ്പിനുണ്ട്. അതായത് ജാതി രാഷ്ട്രീയത്തെ വെല്ലുന്ന മതരാഷ്ട്രീയം മുന്നിൽ ഉയർത്തിക്കാണിക്കുന്നു. വിജയം ജാതി രാഷ്ട്രീയത്തിനെതിരെ എന്ന് യോഗി പറയുന്നത് അതുകൊണ്ടാണ്. പ്രാദേശിക ജാതികളെ പ്രീണിപ്പിച്ച് കൂടെ നിർത്തി എല്ലാ ധാരയേയും ഹിന്ദുത്വയിലേക്ക് വരിയൊപ്പിച്ച് എത്തിക്കുക എന്ന ദൗത്യമാണ് ഇവിടെ അവർ നടപ്പാക്കി വിജയിപ്പിച്ചെടുക്കുന്നത് എന്നതാണ് സത്യം. ഹിന്ദുത്വ രാഷ്ട്രീയവും ഭിന്നിപ്പിന്റെ രാഷ്ട്രീയവും പൊതുവേദിയിൽ ഒരു മടിയുമില്ലാതെ ഈ മുഖ്യമന്ത്രി പറഞ്ഞിട്ടും അയാളുടെ പാർട്ടിയെ തേടി വോട്ട് വരുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ദിശാമാറ്റത്തിന്റെ ഹസാർഡ് സിഗ്‌നലായി തന്നെ കാണേണ്ടിവരും. അപ്പോഴും കോൺഗ്രസ് ലൈറ്റ് വേർഷൻ ഹിന്ദുത്വ നാടകത്തിൽ അഭിരമിക്കുകയാവും എന്നതായിരിക്കും അതിന്റെ അപകടകരമായ ആസന്നത.▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.