കർണാടകയിൽ ‘ചില്ലറ’ പ്രശ്നത്തിന് പരിഹാരം,
കെ.എസ്.ആർ.ടി.സി ബസുകളിൽ യു.പി.ഐ പേമെന്റ്

ബസുകളിൽ യു.പി.ഐ പേമെന്റ് വരുന്നതോടെ യാത്രക്കാരുടെ 'ചില്ലറ' പ്രശ്‌നങ്ങൾക്കും തർക്കങ്ങൾക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, ചില്ലറയടക്കമുള്ള പണം കൈകാര്യം ചെയ്യാനുള്ള കണ്ടക്ടർമാരുടെ പ്രശ്‌നങ്ങൾക്കും പരിഹാരമാകും.

News Desk

ർണാടക സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (KSRTC) ബസുകളിൽ യു.പി.ഐ പേമെന്റിന് തുടക്കം. സംസ്ഥാനത്തുടനീളം കെ.എസ്.ആർ.ടി.സി ബസുകളിൽ ടിക്കറ്റെടുക്കാൻ കാഷ്‌ലെസ്സ് സംവിധാനം നിലവിൽവന്നു.

ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളുപയോഗിച്ചും മൊബൈൽ ഫോൺ വഴിയും ടിക്കറ്റിന്റെ പൈസ അടയ്ക്കാം. കൂടാതെ, എല്ലാതരം യാത്രാ പാസുകളും പരിശോധിക്കാനുള്ള സംവിധാനവും പുതിയ മെഷീനിലുണ്ടാകും. 10,000-ലേറെ അത്യാധുനിക ഇലക്‌ട്രോണിക് ടിക്കറ്റിങ് മെഷീനുകൾ (ETM) 8,800 ബസുകൾക്കായി കെ.എസ്.ആർ.ടി.സി വാങ്ങിയിട്ടുണ്ട്. ഇ.ടി.എമ്മുകൾ ഉപയോഗിക്കാൻ ജീവനക്കാർക്ക് പരിശീലനവും നൽകും. ഇതോടെ, രണ്ടു ദശാബ്ദത്തിലേറെയായി ഉപയോഗിക്കുന്ന പരമ്പരാഗത ഇ.ടി.എമ്മുകൾ ഇല്ലാതാകും. രാജ്യത്തുതന്നെ ഡിജിറ്റൽ പേമെന്റ് സംവിധാനത്തിലേക്കുമാറിയ ചുരുക്കം കെ.എസ്.ആർ.ടി.സികളിൽ ഒന്നാണ് കർണാടകയിലേത്.

ഇതോടെ യാത്രക്കാരുടെ 'ചില്ലറ' പ്രശ്‌നങ്ങൾക്കും തർക്കങ്ങൾക്കും പരിഹാരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മാത്രമല്ല, ചില്ലറയടക്കമുള്ള പണം കൈകാര്യം ചെയ്യാനുള്ള കണ്ടക്ടർമാരുടെ പ്രശ്‌നങ്ങൾക്കും പരിഹാരമാകും.

ആൻഡ്രോയ്ഡ് ബേസ്ഡ് ആയ, ടച്ച് സ്‌ക്രീനും വയർലെസ് കണക്റ്റിവിറ്റിയും അതിവേഗ പ്രോസസ്സിങ് സംവിധാനവുമുള്ളതാണ് പുതിയ ഇ.ടി.എമ്മുകളെന്ന് കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ വി. അമ്പു കുമാർ പറഞ്ഞു.

എബിക്‌സ് കാഷ് ലിമിറ്റഡ് (EbixCash Ltd) എന്ന കമ്പനിയുമായി ഇതുസംബന്ധിച്ച് കെ.എസ്.ആർ.ടി.സി അഞ്ചു വർഷത്തെ കരാറിൽ ഒപ്പിട്ടു. മെഷീനുകളുടെ ഇൻസ്റ്റലേഷൻ, മെയിന്റനൻസ് തുടങ്ങിയ കാര്യങ്ങൾ കമ്പനി ഏറ്റെടുക്കും. പുതിയ പേമെന്റ് സംവിധാനത്തിലേക്ക് മാറാനുള്ള ഒരുക്കം കഴിഞ്ഞ ജൂണിൽ തുടങ്ങിയിരുന്നു.

കേരളത്തിലും കെ.എസ്.ആർ.ടി.സിയിൽ ക്യു.ആർ കോഡ് വഴി ടിക്കറ്റെടുക്കാൻ സംവിധാനം കൊണ്ടുവരുന്നതിനെക്കുറിച്ച് ഒരു വർഷം മുമ്പേ ആലോചന തുടങ്ങിയിരുന്നുവെങ്കിലും 'സാങ്കേതിക' പ്രശ്‌നങ്ങൾ മൂലം പദ്ധതി അനിശ്ചിതമായി നീളുകയാണ്. 2023 ജനുവരി മുതൽ സൂപ്പർ ക്ലാസ് ബസുകളിൽ യു.പി.ഐ ആപ്പുകൾ വഴി ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് ടിക്കറ്റിന്റെ പണം നൽകാനായിരുന്നു പദ്ധതി. പണം കൈമാറിയെന്നത് കണ്ടക്ടറെ ബോധ്യപ്പെടുത്തിയ ശേഷം ടിക്കറ്റ് എടുക്കുന്ന സംവിധാനമാണ് ആലോചനയിലുണ്ടായിരുന്നത്. യു.പി.ഐ ആപ്പുകൾ വഴി കളക്ഷൻ തുക വേ ബില്ലിൽ രേഖപ്പെടുത്തി കണ്ടക്ടർക്ക് തുക അടയ്ക്കാൻ കഴിയുന്ന സംവിധാനവും ഇതോടൊപ്പമുണ്ടായിരുന്നു. എന്നാൽ, ഇ.ടി.എം മെഷീനൊപ്പം ക്യു.ആർ കോഡ് മെഷീൻ കൂടി കൊണ്ടുനടക്കാനാകില്ലെന്ന കണ്ടക്ടർമാരുടെ എതിർപ്പ് ആശയക്കുഴപ്പമുണ്ടാക്കി.
തിരുവനന്തപുരം ജില്ലയിലെ ചില ഡിപ്പോകളിലും സ്വിഫ്റ്റ് സര്‍വീസിലും ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യമുണ്ട്. ഈ സംവിധാനം, കെ.എസ്.ആര്‍.ടി.സി. ബസ് ട്രാവല്‍ ആപ്ലിക്കേഷനായ ‘ചലോ ആപ്പു’മായി സഹകരിച്ച്, ഡെബിറ്റ് കാര്‍ഡോ യു.പി.ഐ ആപ്പോ ഉപയോഗിച്ച് ടിക്കറ്റെടുക്കാവുന്ന സൗകര്യത്തിലേക്ക് സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ അറിയിച്ചിട്ടുണ്ട്.

Comments