ഉനയിൽ ദളിതരെ കെട്ടിയിട്ട് മർദ്ദിച്ചപ്പോൾ Photo: Twitter, Vijay Sinh Parmar

ഉന; മരണം കാത്തുകിടക്കുന്ന ഒരു കാളക്കിടാവ്

ഉനയ്ക്കു ശേഷം ദളിതരുടെ സ്വത്വബോധം ഉണർന്നിട്ടുണ്ട്. സൗരാഷ്ട്ര മേഖലയിലെ രാജ്‌കോട്ടിൽ, ജുനഗഡിൽ, ദാദ്രിയിൽ പുതിയ ദളിതു കൂട്ടായ്മകൾ, ചെറുത്തുനിൽപ്പ്, പ്രതിഷേധങ്ങൾ ഉരുണ്ടുകൂടുന്നുണ്ട്.

വരൂ, വന്നു കാണൂ തെരുവുകളിലെ ചോര. വരൂ, വന്നു കാണൂ, തെരുവുകളിലെ ചോര. വരൂ, വന്നു കാണൂ ചോര, തെരുവുകളിലെ.-പാബ്ലോ നെരൂദ, 1933.

തിനെ ഇന്ത്യയിൽ എക്കാലത്തും ഇങ്ങനെയേ മൊഴിമാറ്റം സാധ്യമാകുകയുള്ളൂ- ‘വരൂ, വന്നു കാണൂ ദളിതുകളുടെ ചോര'. എത്ര ചോര ഒഴുകിയാലും ഈ അവസ്ഥ മാറുമെന്നു പ്രതീക്ഷിക്കാനും കൂടി പറ്റാത്ത അവസ്ഥയാണ്, ഉത്തരേന്ത്യയിൽ. പ്രത്യേകിച്ച്, ഗുജറാത്തിൽ. പടിഞ്ഞാറൻതീരത്ത് സിംഹം വായ പിളർന്നു നിൽക്കുന്ന രൂപത്തിലുള്ള ഗുജറാത്തിലേക്ക് യാത്ര തിരിക്കുമ്പോൾ കെട്ടിപ്പൊക്കിയ പല അഹന്തകളും വന്നു വിളിക്കുന്നുണ്ടാവും. ഏഷ്യൻ സിംഹങ്ങളുടെ ജടമുടിയിലെ രാജത്വം. ആകാശത്തോളമുയർന്ന നവബിംബങ്ങളുടെ തലയെടുപ്പ്. ഒരു ജീവിതം മുഴുവൻ, എല്ലാവർക്കും നല്ല ബുദ്ധി നൽകേണമേ എന്ന പ്രാർത്ഥനയെ രാഷ്ട്രീയ പുറമ്പോക്കിലേക്കു മാറ്റിനിർത്തിയ നവമനുനീതി. എന്തുമുണ്ട്, എന്നാൽ നിസ്സഹായതയുടെ ഒരു നിലവിളിയുണ്ട് - വരൂ വന്നു കാണൂ, അകലങ്ങളിലെ ചോര.

ഉനയോടെ മറ്റൊരു വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഗുജറാത്തിൽ ഇപ്പോൾ, ദളിതുകളെ ആക്രമിക്കുന്നത് പുറംലോകം അറിയുന്നു. പരാതി കൊടുത്താൽ പൊലീസ് പെട്ടെന്ന് നടപടിയെടുക്കും. കേസുകൾ കോടതികളിലെത്തുമെന്നായി.

രാഷ്ട്രീയ ഇന്ത്യയെ അടുത്ത കാലത്ത് ഏറ്റവും പൊള്ളിച്ച എന്തെങ്കിലുമൊന്ന് ഉണ്ടെങ്കിൽ അത് ഗുജറാത്തിലെ ഉനയാണ്. ഉന പടിഞ്ഞാറൻ ഗുജറാത്തിലെ ഒരുറക്കം തൂങ്ങിപ്പട്ടണം. എന്നാൽ ഉനയിൽ നടന്ന ദളിത് പീഡനത്തിന് രാജ്യത്തെ ദളിത് അവകാശ സമവാക്യങ്ങളെ മാറ്റിയെഴുതാനൊന്നും സാധിച്ചിട്ടില്ലെങ്കിലും അത് അധികാരത്തിന്റെ കോട്ടകളിൽ ഉണ്ടാക്കിയ പ്രകമ്പനം ചെറുതായിരുന്നില്ല.
ഒരു മുഖ്യമന്ത്രിക്ക് അധികാരക്കസേര തന്നെ ഒഴിയേണ്ടതായി വന്നു. ബാലറ്റ് പേപ്പർ കണക്കെടുപ്പിൽ അട്ടിമറിയൊന്നും ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ഒരു സംസ്ഥാനത്തെ വോട്ടുരാഷ്ട്രീയത്തെ സ്വാധീനിക്കാൻ സാധിച്ചു. ഉനയോടെ മറ്റൊരു വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്.

ഗുജറാത്തിൽ ഇപ്പോൾ, ദളിതുകളെ ആക്രമിക്കുന്നത് പുറംലോകം അറിയുന്നു. പരാതി കൊടുത്താൽ പൊലീസ് പെട്ടെന്ന് നടപടിയെടുക്കും. കേസുകൾ കോടതികളിലെത്തുമെന്നായി. മതിയായ തെളിവില്ലാത്തതിനാൽ കഴിഞ്ഞ പത്തുവർഷത്തിനിടെ ദളിതുകളോടുള്ള ആക്രമണക്കേസുകളിൽ നാമമാത്രമായി മാത്രം കുറ്റക്കാർ ശിക്ഷിക്കപ്പെടുമായിരുന്ന സംസ്ഥാനത്താണിത്.

ഉനയിൽ എന്ത് കാണാനിരിക്കുന്നു?

ശരിയാണ്. ഉനയിൽ എന്താണ് കാണാനിരിക്കുന്നത്? അവിടെ വ്യാജവാഴ്ത്തുകളുടെ പെരുംഘോഷങ്ങളില്ല. ആകാശപ്പൊക്കത്തോളമുള്ള പ്രശസ്തിയില്ല. വാഗ്ദാനപ്പെരുമഴപ്പെയ്ത്തുകളില്ല. ഉയരങ്ങളിലേക്കു നോക്കിയുള്ള ആരാധനാരവമില്ല. മറിച്ച്, ഈ മണ്ണിൽ ജീവിക്കാനുള്ള പ്രാർത്ഥനകൾ മാത്രം. ഗ്രാമങ്ങളുടെ വരേണ്യതകളിൽ നിന്നുള്ള പടിയിറക്കങ്ങൾ മാത്രം, മനുഷ്യനാണെന്നു തോന്നുന്ന ഓരോ നിമിഷത്തിലും അതല്ല, ഇഴയുമെന്നാൽ പുഴുവുമല്ല, നാലുകാലിൽ നടക്കുമെന്നാൽ കാലിയുമല്ല എന്ന മാറ്റിനിർത്തലുകൾ മാത്രം.

കുതിരപ്പുറത്തുകയറാനോ മുഖ്യധാരയെ അനുകരിക്കുന്ന തരത്തിൽ നിറമുള്ള മേലുടുപ്പിടാനോ എന്തിന് മീശ വയ്ക്കാനോ പോലും അവകാശമില്ലാത്ത തീണ്ടാപ്പാടകലങ്ങൾ മാത്രം. സാമൂഹികായിത്തം കൽപ്പിച്ചുനിർത്തിയ ദുരിതയോനികളിൽ വന്നുപിറന്നുവെന്നതുകൊണ്ടു മാത്രം ഇല്ലാക്കുറ്റം ചാർത്തപ്പെടുന്ന ദൈന്യതകൾ മാത്രം. ശരിയാണ് ഉനയിൽ കാണാനെന്താണുള്ളത്?

ഉനയിലേക്കുള്ള ദൂരം

ഉനയിൽ നിന്ന് ഇന്ത്യയിലേക്ക് അധികം ദൂരമില്ല. വെറും കിലോമീറ്റർ കണക്കുകൾ. 450ഓളം കിലോമീറ്റർ ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിലേക്ക്. അവിടെനിന്ന് ഇന്ത്യയെന്നാൽ ഡൽഹി എന്ന രാജ്യതലസ്ഥാനത്തേക്കു വീണ്ടും സുമാർ 1000 കിലോമീറ്റർ. എന്നാൽ, ഇതേ ഇന്ത്യയിൽനിന്ന് ഉനയിലേക്ക് ജന്മജന്മാന്തരങ്ങളുടെ ദൂരമാണ്. മനുവിന്റെ ദണ്ഡനീതി മാറ്റിവരച്ച അകലങ്ങളാണ്. ഇസ്തിരിയിട്ട രാഷ്ട്രീയത്തിൽ നിന്നും ജനാധിപത്യത്തിൽ നിന്നും കാടത്തത്തിലേക്കുള്ള വഴിദൂരമാണ്. നിയമപുസ്തകങ്ങളിൽ നിന്ന് ആൾക്കൂട്ടത്തീർപ്പുകളിലേക്കുള്ള ദൂരമാണ്.

ഉനയിൽ മർദ്ദനത്തിനിരയായ ദളിതരടക്കം 450 പേർ ബുദ്ധമതം സ്വീകരിക്കുന്ന ചടങ്ങ്​ / Photo: screengrab, TOI

ഗിർ സോമനാഥ് ജില്ലയിലെ ഉനയിൽ നാലുവർഷം മുമ്പ് ഒരു ജൂലൈയിൽ സമീപ ഗ്രാമത്തിലെ അഞ്ചു ദളിതരെ മുഖ്യധാരാ സമൂഹം വളഞ്ഞിട്ടു തല്ലിച്ചതച്ച സംഭവത്തോടെയാണ് ഉന സമൂഹ മനഃസാക്ഷിയുടെ ചുഴലിക്കണ്ണായി മാറിയത്. മേൽജാതിക്കാരായ ആൾക്കൂട്ടം ദളിത് യുവാക്കളെ പശുവിനെ കൊന്നുവെന്ന പേരിൽ തല്ലി മരണപ്രായമാക്കുകയും വാഹനത്തിൽ കെട്ടിവലിച്ച് പട്ടണപ്രദക്ഷിണം നടത്തിക്കുകയും ചെയ്തത് കാലാകാലമായി അവരോടുള്ള സമൂഹത്തിന്റെ അയിത്തത്തിന്റെ നേർസാക്ഷ്യം തന്നെയായിരുന്നു. എന്നാൽ, അതിനെ ക്രൂരവും ജാതി അപമാനവുമാക്കി മാറ്റിയത് മാറിവന്ന വരേണ്യ രാഷ്ട്രീയ ധാർഷ്ട്യത്തിന്റെ നെഞ്ചൂക്കു കൂടിയായിരുന്നു. ഉറക്കം പൂണ്ട രാജ്യം ഉന സംഭവത്തോടെ ഒന്നുണരുക മാത്രമായിരുന്നു. ഒന്നു കോട്ടുവായിട്ട് വീണ്ടുമുറങ്ങാൻ വേണ്ടി. ഉനയിൽ പരീക്ഷിച്ച ജാതിപീഡനത്തിന്റെ ഇരകൾക്ക് നാലുവർഷം കഴിഞ്ഞിട്ടും സാമൂഹികനീതി ഇന്നും അകലെ; രണ്ടു വർഷത്തിനു ശേഷം അവർ ബുദ്ധമതത്തിൽ ചേർന്ന് അപമാനം കുടഞ്ഞെറിഞ്ഞു എന്നതൊഴിച്ചാൽ.

ഏഴു കോടിയോളം വരുന്ന സംസ്ഥാന ജനസംഖ്യയിൽ രണ്ടുകോടിയിലധിമാണ് ചത്ത പശുക്കളെ തൊലിയുരിയാനും സംസ്‌കരിക്കാനും മനുവിധികൽപ്പിതമായ ചമാറുകൾ.

ഉന ഒരു യാത്രാഭൂപടത്തിലും സ്ഥാനം പിടിച്ചിരുന്നില്ല. തൊട്ടടുത്ത് സോമനാഥ ക്ഷേത്രവും കടൽത്തീര നഗരമായ വെരാവലും കേന്ദ്രഭരണപ്രദേശമായ ദിയുവും ഉണ്ടെങ്കിലും. പക്ഷെ, ഉന ലോക മനുഷ്യാവകാശ ഭൂപടത്തിൽത്തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. ഉനയെന്നു കേട്ടാൽ അവകാശബോധം ചോരയിൽ തിളയ്ക്കുന്നു. ഈ തിളനിലയാണ് അഹമ്മദാബാദിൽ മുനിസിപ്പൽ ശുചീകരണത്തൊഴിലാളികളുടെ സമരത്തിന്, ചത്തപശുവിനെ തൊലിയുരിച്ചു സംസ്‌കരിക്കില്ലെന്ന ചമാറുകളുടെ അന്ത്യശാസനത്തിന്, ഞങ്ങളെല്ലാം ചമാറുകളാണ് എന്ന സ്വത്വപ്രഖ്യാപനത്തിന് എല്ലാം കാട്ടുതീയായത്. ഏഴു കോടിയോളം വരുന്ന സംസ്ഥാന ജനസംഖ്യയിൽ രണ്ടുകോടിയിലധിമാണ് ചത്ത പശുക്കളെ തൊലിയുരിയാനും സംസ്‌കരിക്കാനും മനുവിധികൽപ്പിതമായ ചമാറുകൾ. കുറച്ചുനാൾ മുമ്പു വരെ ചമാറുകൾ എന്ന ഗോത്രപ്പേര് ഒഴിവാക്കാൻ (ചർമകാർ എന്ന തുകൽപ്പണിപ്പേര് ജാതിവത്ക്കരിക്കപ്പെടുകയായിരുന്നു) രാദാസി, കോലി മേഘ്, മേഘ്‌വാൾ തുടങ്ങിയ പേരിന്റെ വാലറ്റങ്ങളിൽ ഒളിച്ചുകഴിയുകയായിരുന്നു.

നാളിതുവരെ അവഗണിക്കപ്പെട്ട, സമൂഹത്തിന്റെ അരികുപുറ ജനതകളിൽ ഉനയുണ്ടാക്കിയത് വലിയതെന്നു തന്നെ പറയാവുന്ന സംഘടിത ബോധമാണ്. അവകാശബോധമാണ്. ഉനയിലെന്താണ് എന്നല്ല, ഉനയെന്താണ് എന്നതാണ്. ഉന ഗുജറാത്തിനെ രണ്ടായി തിരിച്ചിരിക്കുന്നു; ഉനക്കുമുമ്പും പിമ്പും.

ഉന സംഭവത്തിൽ പ്രതിഷേധിച്ച് 2016 ജൂലൈ 31ന് നടന്ന ദളിത് മഹാ സമ്മേളനത്തിൽ നിന്ന്. ഇരുപതിനായിരത്തിലേറെ ദളിതർ പങ്കെടുത്ത സമ്മേളനത്തിൽ ചത്തപശുവിനെ നീക്കുന്ന ജോലി ഇനി ചെയ്യില്ലെന്ന് അവർ പ്രഖ്യാപിച്ചു. / Photo: facebook, Jignesh Mevani

പരമ്പരാഗതമായി അവഗണനയും അവഹേളനവും അനുഭവിച്ചുവന്നതിനാൽ ദളിത് വിഭാഗങ്ങൾക്കിടയിൽ കാടുപിടിച്ചിരുന്ന അടിമ കോംപ്ലക്‌സിലും വിള്ളൽ വീണുതുടങ്ങിയെന്നതാണ് ഉനയുണ്ടാക്കിയ മാറ്റം. ഏറ്റവും ശോചനീയമായ തൊഴിലിടങ്ങളിലെ അരികുജീവിതത്തെത്തുടർന്നുണ്ടായ അപകർഷതാബോധം മാറിത്തുടങ്ങുന്നതിന്റെ സൂചനകൾ. കണ്ണുരുട്ടിയാൽ നടുവുവളഞ്ഞുപോകുന്നതായിരുന്നു ദളിത് അഭിമാനം.

ഊരു കണ്ടാലറിയാം ഉണ്ണികളുടെ പഞ്ഞം

ഉനയിൽ വെയിൽ തിളച്ചുപഴുത്തുകിടന്നു. നിരത്തുകളിൽ വാഹനങ്ങൾ വാഹനങ്ങളെന്നു തിടുക്കം കൂട്ടി. ബുള്ളറ്റ് എൻജിനിൽ പെട്ടിവണ്ടി കൂട്ടിയിണക്കിയ ചക്ക്ഡയിൽ പൊള്ളിവിയർത്തു ജനങ്ങൾ ഓരോ സങ്കടങ്ങളിലേക്ക് ജീവിതമുരുട്ടി.
ഉനയ്ക്കടുത്ത മോട്ടാ സമധ്യാല ഗ്രാമത്തിലെത്തുമ്പോൾ, ഇല വീണാൽ പോലും ഞെട്ടിപ്പിക്കുന്നത്ര നിശബ്ദത. ക്രൂരവും ജാതിയധിക്ഷേപവുമായ ഉന സംഭവം നടന്നിട്ട് അധികമായിട്ടില്ലായിരുന്നു. നാളിതുവരെ ആരും അന്വേഷിച്ചു വന്നിട്ടില്ലെങ്കിലും അതിക്രമങ്ങൾക്കുശേഷം അതായിരുന്നില്ല സ്ഥിതി. അതുകൊണ്ടു ഗ്രാമീണരിൽ കുറച്ചുപേരെങ്കിലും വാഹനങ്ങളുടെ ഒച്ചയ്ക്കു കാത്തിരിക്കുന്നുണ്ട്.

ഗ്രാമങ്ങളിലെ ഓരോ നീക്കവും ആരോ ശ്രദ്ധിക്കുന്നുണ്ട്. ജാതി സമവാക്യങ്ങളിൽ തട്ടിത്തകർന്ന ഗുജറാത്ത് ഗ്രാമങ്ങളിലെ പരസ്പരാശ്രയത്വം പരസ്പര സംശയങ്ങളിലേക്കു വളർന്നിരിക്കുന്നു. മറുവശത്ത് ദളിത് സമുദായങ്ങളാണെങ്കിൽ പ്രത്യേകിച്ച്.

ഗ്രാമത്തിലെ സർവയ്യ ബാലുഭായിയെയും അദ്ദേഹത്തിന്റെയും സഹോദരന്റെയും മക്കളായ വശ്രാരാം, രമേശ്, അശോക്, ബെച്ചാർ എന്നിവരെയാണു ജനക്കൂട്ടം തല്ലിച്ചതച്ചത്. പിന്നീട് വാഹനത്തിൽ കെട്ടിയിട്ട് ഉന പട്ടണത്തിലൂടെ പൊലീസ് സ്റ്റേഷൻ വരെ അടിച്ചുനടത്തിക്കുകയും ചെയ്തു. രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നുള്ള വഴികളും മോട്ടാ സമധ്യാല ഗ്രാമത്തിലേക്കായിരുന്നു. ബാലുഭായിയുടെ വീടേ ആരും അന്വേഷിച്ചുവരാനുണ്ടായിരുന്നുമുള്ളൂ. അതുകൊണ്ട് ആരും ചോദിക്കാതെ തന്നെ വഴി ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കും.

മോട്ടാ സമധ്യാല ഗ്രാമത്തിലേക്കാണ് പുറപ്പെട്ടതെങ്കിലും എത്തിപ്പെട്ടത് നാനാ സമധ്യാല ഗ്രാമത്തിലേക്കുള്ള വഴിയിൽ. മോപ്പഡിൽ പുല്ലുമായി വന്ന ചെറുപ്പക്കാരന് ഗ്രാമത്തിന്റെ ഉൾവഴികളറിയാം. കൂടെ വരൂ എന്നു അഭ്യർഥിച്ചപ്പോൾ സമ്മതിച്ചു. മോട്ട സമധ്യാല ഗ്രാമത്തിലേക്കുള്ള വഴി ദൂരെ നിന്ന് ചൂണ്ടിക്കാണിച്ചതിനു ശേഷം പിന്നെ കൂടെ വന്നില്ല. ഗ്രാമങ്ങളിലെ ഓരോ നീക്കവും ആരോ ശ്രദ്ധിക്കുന്നുണ്ട്. ജാതി സമവാക്യങ്ങളിൽ തട്ടിത്തകർന്ന ഗുജറാത്ത് ഗ്രാമങ്ങളിലെ പരസ്പരാശ്രയത്വം പരസ്പര സംശയങ്ങളിലേക്കു വളർന്നിരിക്കുന്നു. മറുവശത്ത് ദളിത് സമുദായങ്ങളാണെങ്കിൽ പ്രത്യേകിച്ച്.

സർവയ്യ ബാലുഭായി

ഗുജറാത്ത് റിസർവ് പൊലീസുകാരുടെ തോക്കിൻകുഴലുകളുടെ നിഴലിൽ ഊടുവഴി രണ്ടായിപ്പിരിയുന്നു. ചുവരിൽ പതിച്ച ബാബാ സാഹബ് അംബേദ്ക്കറുടെ കൂറ്റൻ ഫോട്ടോ മാത്രമേയുണ്ടായിരുന്നുള്ളൂ ബാലുബായിയുടെ ഒറ്റമുറിവീടിന്റെ ഉമ്മറത്തേക്ക് ആരെയെങ്കിലും ക്ഷണിക്കാനായി. മരണം നടന്ന വീടു പോലെ മുഖം കനപ്പിച്ചിരിക്കുകയായിരുന്നു ഉമ്മറം.

ഉനയിലെ മർദ്ദനങ്ങളിൽ നിന്ന് മോചനമാവാതെ കഴിഞ്ഞ രണ്ടു മാസമായി വീടിനു പുറത്തിറങ്ങാത്ത നാലുപേരിൽ നിന്ന് നല്ല സ്വാഗതം ഒരിക്കലും കിട്ടാനിടയില്ല. ക്രൂരമായി ആക്രമിക്കപ്പെട്ട ബാലുഭായി ആ ആഘാതത്തിൽ നിന്ന് തീർത്തും മോചിതനായിട്ടില്ല. തൽക്കാലം അഹമ്മദാബാദിലേക്കു താമസം മാറിയിരിക്കുന്നു. പല വേദികളിലായി നടക്കുന്ന ദളിതുപ്രക്ഷോഭങ്ങളിൽ തങ്ങൾ നേരിട്ട യാതനകളെക്കുറിച്ചു സംസാരിക്കുന്നുണ്ടെങ്കിലും കൃത്യമായ സാധാരണതയിലേക്കു മടങ്ങിവന്നിട്ടില്ല.

ബാലുഭായിയുടെ മക്കളിലൊളായ സർവയ്യ വശ്രാരാമിനും പരിക്ക് ബാക്കി. ഇടത്തു ചെവിയിൽ കുത്തിത്തിരുകിയ പരുത്തിക്കഷ്ണം പല നിറത്തിൽ നനഞ്ഞുകിടന്നു. സഹോദരങ്ങളായ രമേശിനും അശോകിനും ബേച്ചാറിനും ഒന്നും പറയാനുണ്ടായിരുന്നില്ല, ഉന ഇരകൾക്ക് നിയമസഹായം ഏർപ്പാടാക്കുന്ന സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസിലെ അരവിന്ദ് കുമൻ പറയുന്നതിനോടു തലയാട്ടുകയല്ലാതെ, ഉന കേസ് തേച്ചുമായ്ച്ചുകളയാൻ ഏതെങ്കിലും ഭാഗത്തുനിന്ന് സമ്മർദ്ദമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് നിഷേധാർഥത്തിൽ തലയിളക്കുകയല്ലാതെ. മുഖ്യധാരാ സമൂഹത്തിനും ഇവർക്കുമിടയിൽ ഭാഷയ്ക്കപ്പുറമുള്ള ഏതോ വേലിക്കെട്ടുകൾ തീർക്കപ്പെട്ടിട്ടുണ്ട്, തീർച്ച.
ഒറ്റമുറിയടുക്കള വീട്ടിന്നകത്തുനിന്ന് വേവിച്ച ഒന്നിന്റെയും മണം വന്നിരുന്നില്ല. അകം ഇരുട്ടുപിടിച്ചു നിന്നു. അരമതിലുകൾക്കപ്പുറത്തുനിന്ന് ഒന്നുരണ്ടു പേടിച്ചരണ്ട നോട്ടങ്ങൾ എത്തിനോക്കി. ഗ്രാമത്തിന്റെ നോട്ടങ്ങളിൽ നിന്നെത്രയും ഒതുങ്ങിക്കൂടാമോ അത്രയും ചുരുണ്ടുകൂടിയിരിക്കുകയാണ് വീട്. ബി.എസ്.പി നേതാവ് മായാവതി മോട്ടാ സമധ്യാലയിലെത്തി സാമ്പത്തിക സഹായം നൽകിയപ്പോൾ അതു സ്വീകരിക്കാൻ വശ്രാരാമിനും മറ്റും ബാങ്ക് അക്കൗണ്ടുപോലുമുണ്ടായിരുന്നില്ല.

ഗ്രാമത്തിന്റെ പുറംവഴികളിൽ ഒരു കാളക്കിടാവ് മരണം കാത്തുകിടക്കുന്നു, ആരാലും ശ്രദ്ധിക്കപ്പെടാതെ. അതിന്റെ അവസാന ശ്വാസങ്ങൾക്കും ഏറെ ആയുസില്ലാത്തതുപോലെ.

വശ്രാറാം രണ്ടു മാസമായി വീടിനു പുറത്തിറങ്ങിയിട്ടില്ല. ആ യുവാവ് ലോകത്തെ ഒരു പുതിയ രീതിയിൽ പേടിച്ചുതുടങ്ങിയിരിക്കുന്നു. അവർ എങ്ങനെയാണിപ്പോൾ ജീവിക്കുന്നതെന്ന് ഗ്രാമം അന്വേഷിക്കാതായിത്തുടങ്ങിയിരിക്കുന്നു.
ഉന സംഭവത്തിനുശേഷം വശ്രാറാമിനും സഹോദരങ്ങൾക്കും ആരിൽ നിന്നും പേടിക്കത്തക്ക ഒന്നുമുണ്ടായിട്ടില്ല. അതുനോക്കാൻ പൊലീസുകാരുണ്ട്. ഒറ്റയ്ക്കും പറ്റയ്ക്കുമായെത്തുന്ന സന്നദ്ധസംഘടനാ പ്രവർത്തകരുണ്ട്. എന്നാൽ ഗ്രാമത്തിന്റെ കൂട്ടുപാടുകളിൽ നിന്ന് ഇവർ അഴിഞ്ഞുപോയിരിക്കുന്നു. ഗ്രാമത്തിന്റെ അരികുകളിലേക്ക് അവർ എന്നത്തേയുംകാൾ അകന്നൊട്ടിയിരിക്കുന്നു.
മടങ്ങുമ്പോൾ, ഗ്രാമത്തിന്റെ പുറംവഴികളിൽ ഒരു കാളക്കിടാവ് മരണം കാത്തുകിടക്കുന്നു, ആരാലും ശ്രദ്ധിക്കപ്പെടാതെ. അതിന്റെ അവസാന ശ്വാസങ്ങൾക്കും ഏറെ ആയുസില്ലാത്തതുപോലെ. ഗ്രാമങ്ങളിൽ രോഗം ബാധിച്ച പശുക്കളെ അവസാനകാലത്ത് ശ്രദ്ധിക്കുമായിരുന്ന ദളിതർ അത് വേണ്ടെന്നു വച്ചതോടെയായിരുന്നു ഇത്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലെ കരുതലുകളെയാണ് ഉന ഇല്ലാതാക്കിയത്.

അരികുകൾക്കുമപ്പുറത്തുള്ള അരികുകളിലേക്ക്

ഉനയ്ക്കടുത്ത് സാംതേർ ഗ്രാമത്തിലെ രാമേശ്വർ പാട്യയിലെത്തുമ്പോൾ, അവിടെ ഒരു നാടുകടത്തലിന് വട്ടംകൂട്ടപ്പെടുകയായിരുന്നു. കർഷകത്തൊഴിലാളിയായ രാജുഭായ് പുഞ്ചാബായ് പർമാർ (മറ്റൊരു ദളിത് വിഭാഗം) സ്വന്തം വീടിന്റെ എല്ലാ ഓർമകളെയും പിക്കപ്പ് വാനിൽ അടുക്കിക്കഴിഞ്ഞിരുന്നു. വീട്ടുസാധനങ്ങൾക്കിടയിൽ ഭാര്യയെയും ഗർഭിണിയായ മകളെയും ഇരുത്തിയിരുന്നു. മക്കളിലൊരാൾ വീടുപൂട്ടിക്കഴിഞ്ഞു.

ഉന സംഭവത്തിനുശേഷം നടന്ന ഒരു ദളിത്​ പ്രതിഷേധയോഗത്തിൽനിന്ന്​ / Photo: facebook, CPI

അയൽപക്കങ്ങളിൽ നിന്നുള്ള എത്തിനോട്ടങ്ങളില്ല. ഇനിയും കാവൽ നിൽക്കേണ്ട
ല്ലോ എന്ന ഒരു പതിവുകുസൃതി പൊലീസുകാരുടെ ഓരം പറ്റിയുള്ള നിൽപ്പിലുണ്ടായിരുന്നു. വാനിൽ സ്ഥലം കിട്ടാത്ത ഒരു പൂച്ച മാത്രം, കാഴ്ചക്കാരായി എത്തിയ ചുരുക്കം പേരുടെ നിഴലുകൾക്കിടയിലൂടെ നൂണ്ടുനടന്നു.
ഒരു വീടൊഴിഞ്ഞുപോകലിന്റെതായ അടൂർ സിനിമാ ഫ്രെയിം പോലെ തോന്നിച്ചു അത്. ഒരു സെൽഫിയും ആരും എടുക്കുന്നുണ്ടായിരുന്നില്ല. അയാൾ നാടുകടത്തപ്പെടുകയായിരുന്നു. കുറ്റം: ഉനയിൽ പശുവിന്റെ പേരിൽ അതിക്രമമുണ്ടാകുന്നതിനുമുമ്പ് തൊട്ടടുത്ത ഗ്രാമത്തിലുണ്ടായ സമാനസംഭവത്തിൽ ഇരകളായവർക്ക് ഒത്താശ നൽകിയെന്ന ആരോപണം. ശിക്ഷ നടപ്പാക്കുന്നത്: ഗ്രാമത്തിലെ മേൽജാതിക്കാർ.

ഗർഭിണിയായ മകളെയും കൊണ്ട് ലോകത്തിന്റെ തുറസിലേക്കു പോകുന്നതിന്റെ ആത്മനിന്ദ ഒരു ചാനൽക്കാമറക്കണ്ണിലും പെട്ടില്ല. പ്രൈം ഡീബേറ്റുകളിൽ ചർച്ചയായില്ല. അത്തരം ഒന്നിന്റെ പേരു മാത്രമാണ് ഉന.

സ്വന്തം മകളെപ്പോലെ കാണുന്ന പെൺകുഞ്ഞിനോട് അപമര്യാദയായി പെരുമാറിയെന്ന കള്ളക്കേസായിരുന്നു പിന്നാലെ. മാനസികസമ്മർദ്ദങ്ങളിൽ പിടിച്ചുനിൽക്കാനാവാതെ രാജുഭായ് വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. അതിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും സമ്മർദ്ദങ്ങളും അവഹേളനങ്ങളും തുടർക്കഥയായപ്പോൾ പുറത്തേക്ക് ഒരു വഴി മാത്രം ബാക്കി. അത് ആവശ്യമില്ലെന്ന ധൈര്യം കൊടുക്കേണ്ട പൊലീസുകാരാണ് മുറ്റത്ത് നിഴലുകളുടെ എണ്ണം കൂട്ടുന്നത്.
എങ്ങോട്ടാണ്? ആരും ചോദിക്കാതെ ചോദിക്കുന്നുണ്ടായിരുന്നെങ്കിലും അതിനൊരു മറുപടി രാജുഭായിയുടെ മുഖത്തുണ്ടായിരുന്നില്ല. നാളിതുവരെ താമസിച്ച, സർക്കാരിൽ നിന്ന് കിട്ടിയ തുണ്ടിൽ പണിതെടുത്ത വീട്ടിൽ നിന്നിറങ്ങുകയാണ്. എങ്ങോട്ട് എന്നതിന് ഒരുത്തരം ഇല്ല. ഏതെങ്കിലും പുറമ്പോക്കിൽ. അതിനു പ്രത്യേകിച്ച് ഒരു പേര് ആവശ്യമില്ലല്ലോ.
ഗർഭിണിയായ മകളെയും കൊണ്ട് ലോകത്തിന്റെ തുറസിലേക്കു പോകുന്നതിന്റെ ആത്മനിന്ദ ഒരു ചാനൽക്കാമറക്കണ്ണിലും പെട്ടില്ല. പ്രൈം ഡീബേറ്റുകളിൽ ചർച്ചയായില്ല. അത്തരം ഒന്നിന്റെ പേരു മാത്രമാണ് ഉന.

എട്ടുവർഷം മുമ്പ് സുരേന്ദ്രനഗർ ജില്ലയിലെ തനഗഢിൽ നടന്ന പൊലീസ് വെടിവയ്പിൽ മൂന്നു ദളിത് യുവാക്കൾ മരിച്ച സംഭവമുണ്ടായിട്ടുണ്ട്. ദളിതുകൾ ഇവിടെ രണ്ടാം തരമോ മൂന്നാം തരമോ പൗരന്മാർ പോലുമല്ല. തൊട്ടതിനും പിടിച്ചതിനും മേൽജാതിക്കാരുടെ ആക്രമണത്തിന് ഏതു നിമിഷവും ഇരയാവുമെന്ന സ്ഥിതി. ചമാർ, ഗരോഡ, സെൻവ, മഹ്യവംശി തുടങ്ങി പത്തോളം സമുദായങ്ങളടങ്ങുന്ന ദളിതുകൾക്ക് ഉനയ്ക്കു ശേഷം സമ്മർദ്ദങ്ങൾ ഏറിവരികയാണ്. അമ്രേലി ജില്ലയിലെ വർലി ഗ്രാമത്തിൽ ഇരുപത്തഞ്ചോളം ദലിത് കുടുംബങ്ങളുടെ ഊരുവിലക്ക് ആവർത്തിക്കുന്ന കഥ. ഊരുവിലക്കപ്പെട്ടവർക്കു കുടിക്കാനും കഴിക്കാനും ഒന്നും കൊടുത്തുപോകരുതെന്ന ഗ്രാമത്തിന്റെ കാർക്കശ്യം ലംഘിക്കാൻ ആരു ധൈര്യപ്പെടാനാണ്.

എന്നാൽ ഉനയ്ക്കു ശേഷം അവരുടെ സ്വത്വബോധം ഉണർന്നിട്ടുണ്ട്. സൗരാഷ്ട്ര മേഖലയിലെ രാജ്‌കോട്ടിൽ, ജുനഗഡിൽ, ദാദ്രിയിൽ പുതിയ ദളിതു കൂട്ടായ്മകൾ, ചെറുത്തുനിൽപ്പ്, പ്രതിഷേധങ്ങൾ ഉരുണ്ടുകൂടുന്നുണ്ട്.


വി. ജയദേവ്​

മാധ്യമപ്രവർത്തകൻ, കവി, നോവലിസ്റ്റ്, കഥാകൃത്ത്. ഭൂമിയോളം ചെറുതായ കാര്യങ്ങൾ, ചോരപ്പേര്,മായാബന്ധർ (നോവൽ), ഒരു കാറ്റിനെ എങ്ങനെ വായിക്കും, ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും, കപ്പലെന്ന നിലയിൽ ഒരു കടലാസ് തുണ്ടിന്റെ ജീവിതം (കവിതാ സമാഹാരങ്ങൾ), ഭയോളജി, മരണക്കിണർ എന്ന ഉപമ (കഥാസമാഹാരം) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments