വി.എസ്. സനോജ്

ഇലക്ട്രൽ മെനുവും
പന്തിഭോജനവും

പശ്ചിമ ബംഗാളിലെയും ഉത്തരേന്ത്യയിലെയും ഗ്രാമങ്ങളിലും നഗരങ്ങളിലും ​ഇലക്ഷൻ റിപ്പോർട്ടിംഗ് നടത്തിയിട്ടുള്ള മാധ്യമപ്രവർത്തകൻ വി.എസ്. സനോജ്, മുൻ തെരഞ്ഞെടുപ്പു കാമ്പയിനുകളിലെ രാഷ്ട്രീയ- അരാഷ്ട്രീയ കാഴ്ചകളെക്കുറിച്ചെഴുതുന്നു.

കൗതുകകരമായ ഓർമകളുണ്ട്, കേരളത്തിനു പുറത്തെ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ് യാത്രകൾക്ക്. ഗ്രാമങ്ങൾ, നഗരങ്ങൾ, ഭിന്നമായ പ്രചാരണരീതികൾ ഇവയെല്ലാം കേരളത്തിൽ നിന്ന് ഏറെ വ്യത്യസ്തമാണ് നോർത്തിന്ത്യയിൽ. പലതരം അധികാര ലോകങ്ങളും അകലങ്ങളും വിവേചനവും ഒരുവശത്തുണ്ടെങ്കിലും പെരുമാറ്റം കൊണ്ട് അത്ഭുതപ്പെടുത്തുന്ന നല്ല കുറെ മനുഷ്യരെ കണ്ട്, വ്യത്യസ്തമായ രുചികളനുഭവിച്ച് നടക്കാം എന്നത് ഇലക്ഷൻ യാത്രകളിൽ വലിയ സാധ്യതയാണ്. ദലിത് വീടുകളിലെത്തി ഭക്ഷണം കഴിക്കുന്ന സവർണ നേതാക്കൾ പ്രധാന വോട്ടു കാഴ്ച്ചയാണവിടെ. ഇലക്ട്രൽ മെനു, ഈ പാർട്ടികൾക്ക് വോട്ടെത്തിക്കാറുമുണ്ട്.

ഒളിവു പാർട്ടിഓഫീസുകൾ
വെള്ളം നിറച്ച വണ്ടികൾ

2014- ലെ പൊതു തെരഞ്ഞെടുപ്പിൽ ബംഗാളിൽ പോയപ്പോൾ അവിടത്തെ ഗ്രാമങ്ങളിലെ സി.പി.എം. ഓഫീസുകൾ പലതും തൃണമൂലിന്റെ കയ്യിലായത് കണ്ട് ആദ്യം അത്ഭുതപ്പെട്ടു. ഇത്രയും കാലം ഭരിച്ച മാർക്സിസ്റ്റ് പാർട്ടിയുടെ പ്രാദേശിക ഓഫീസുകൾ പലതും തകർക്കപ്പെട്ടതും, ചിലത് പൂട്ടിക്കിടക്കുന്നതും കണ്ടു. ചിലയിടങ്ങളിൽ ഉണ്ടായിരുന്ന ഓഫീസിന് തൃണമൂലുകാർ താഴിട്ട് പ്രവർത്തനം തടസ്സപ്പെടുത്തിയപ്പോൾ കൂടുതൽ ഉൾഭാഗങ്ങളിലെ ചെറിയ മുറികളിലേക്ക് പാർട്ടി പ്രവർത്തനം മാറ്റിയ പ്രതീക്ഷിക്കാത്ത കാഴ്ച്ചയും കണ്ടു. ഒളിവുസങ്കേതം പോലെ ചിലയിടത്ത് ഒരു മുൻ ഭരണപാർട്ടിയുടെ പ്രവർത്തനം. ഇത് ഈ സമയത്ത് വായിക്കുമ്പോൾ അതിഭാവുകത്വം തോന്നിയേക്കാമെങ്കിലും അതായിരുന്നു വസ്തുത. സിംഗൂരും നന്ദിഗ്രാമുമെല്ലാം കഴിഞ്ഞ, ഒരു പകച്ചിലിന്റെയും പകപോക്കലിന്റെയും കാലമായിരുന്നു അത്. സി.പി.എം ഇത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. സി.പി.എം ബംഗാളിൽ തകർന്നടിഞ്ഞ സമയത്തെ സ്ഥിതിയിൽ നിന്ന് ഇപ്പോൾ പക്ഷേ തിരിച്ചുവരവിന്റെ ഭാവത്തിലാണ് സംഘടനപരമായി ഇടതുപക്ഷം. പഴയ സാഹചര്യത്തിൽനിന്ന് കുറച്ചുകൂടി സംഘടിതമായിയിട്ടുണ്ട്. അത് വോട്ടാകുമോ എന്നത് രണ്ടാമത്തെ കാര്യം. മാത്രമല്ല, ധാരാളം പുതിയ പ്രവർത്തകരിലൂടെ ആവേശം കണ്ടെത്താൻ ശ്രമിക്കുന്നുണ്ടവർ.

2014- ലെ പൊതുതെരഞ്ഞെടുപ്പിൽ ബംഗാളിൽ പോയപ്പോൾ അവിടത്തെ ഗ്രാമങ്ങളിലെ സി.പി.എം. ഓഫീസുകൾ പലതും തൃണമൂലിന്റെ കയ്യിലായത് കണ്ട് ആദ്യം അത്ഭുതപ്പെട്ടു.

2014- ൽ ബർദ്വാനിലെ ബിർഭൂമിൽ പലയിടത്തും ഇടത് പാർട്ടി ഓഫീസുകൾ തൃണമൂൽ കയ്യേറിയിരുന്നു. ഒരു ഓഫീസിൽ തൃണമൂൽ നേതാവിനെ കാണാനായി കാത്തിരുന്നു, അയാൾ എത്താൻ വൈകുകയാണ്. കുറെ പ്രവർത്തകർ ഭക്ഷണം വിതരണം ചെയ്യുന്നു. വലിയ ബഹളം എങ്ങും. വഴക്കാണ്. ബോംബേറുണ്ടാകുമോ രക്ഷപ്പെടണോ എന്നാണ് ആദ്യം ആലോചിച്ചത്, ഞങ്ങൾ മാധ്യമപ്രവർത്തകർ. പക്ഷേ, സംഗതി കണ്ടാൽ വഴക്കടിയ്ക്കുകയാണ് എന്ന് തോന്നുമെങ്കിലും അവർ ഉറക്കെ സംസാരിക്കുന്നതാണത്. അതൊരു ശീലമാണ്. ബംഗാളികൾ വഴക്കുകൂടുകയാണ് എന്ന് നമ്മൾ തെറ്റിദ്ധരിക്കുന്ന പല സംസാരങ്ങളും അവരുടെ സ്വഭാവിക പെരുമാറ്റവും ഒച്ചകളുമാണ് എന്ന് ഡോക്യുമെന്ററി സംവിധായകനും ഫിലിംസ് ഡിവിഷൻ മുൻ ഡെപ്യൂട്ടി ഡയറക്ടറുമായ പ്രിയ സുഹൃത്ത് ജോഷി ജോസഫ് ഇടയ്ക്ക് പറയുമായിരുന്നു. ബംഗാളികളുടെ ഡെസിബെൽ സെറ്റിങ്സിന് ചെറിയ വ്യത്യാസമുണ്ടെന്നായിരുന്നു തമാശ. ട്രാഫിക് പോയിന്റുകളിലും റോഡുകളിലും ബ്ലോക്കാണെന്ന് മനസ്സിലായാലും ഹോൺ മുഴക്കിക്കൊണ്ടിരിക്കുമത്രെ. ഒടുക്കം മമത അധികാരത്തിൽ വന്നപ്പോൾ ട്രാഫിക് സിഗ്നലിൽ കുടുങ്ങിക്കിടുന്നവർക്ക് നേരംപോക്കിന് രബീന്ദ്രസംഗീതം പ്ലേ ചെയ്തുവെച്ചു കൊൽക്കത്ത നഗരത്തിൽ എന്നതാണ് അതിലെ രസം. ടാഗോറിനെ കേട്ടതോടെ ഹോൺ നിർത്തി അവർ പാട്ട് കേട്ടു. ടാഗോറിനെ വെച്ചേ ബംഗാളിയേ ഇപ്പോഴും മെരുക്കാനാവൂ എന്ന് ചുരുക്കം.

യു.പിയിലെ റിപ്പോർട്ടിങ് അനുഭവത്തിൽ ഓർമയുള്ള രണ്ട് കാര്യങ്ങളിൽ ഒന്ന്, പോലീസിന്റേയും അർധ സൈനിക വിഭാഗത്തിന്റേയും കനത്ത സുരക്ഷയുള്ള അയോധ്യയിലെ തർക്കമേഖലയിലെ ചെറിയ സ്റ്റാളുകളിൽ വില്പനയ്ക്ക് വെച്ചിരുന്ന പള്ളി പൊളിയ്ക്കുന്നതിന്റെ ദൃശ്യമുള്ള വീഡിയോ സിഡികളാണ്.

പഴയ കോൺഗ്രസ് അനുഭാവികളും, മുസ്‍ലിം വിഭാഗത്തിലുള്ള ധാരാളം പ്രവർത്തകരും ചേർന്ന നിരയായിരുന്നു മിക്കയിടത്തും തൃണമൂൽ കേഡറുകൾ. ധാരാളം സി.പി.എം പ്രവർത്തകരും തൃണമൂലിലേക്ക് അക്കാലത്ത് മാറിയിരുന്നു. സി.പി.എം വിരുദ്ധരായ നക്സൽ വിഭാഗങ്ങളും എം.എൽ ഗ്രൂപ്പുകളുമെല്ലാം അന്ന് മമതയെ പിന്തുണച്ചു. എല്ലാവർക്കും സി.പി.എമ്മായിരുന്നു പ്രശ്നം. പക്ഷേ 2011- ലെ സംസ്ഥാന തെരഞ്ഞെടുപ്പിനുശേഷം മമത വന്ന് ഏറെക്കഴിയാതെ നക്സൽ ഗ്രൂപ്പുകളെ മമത തന്നെ കൂടുതൽ നിർവീര്യമാക്കി. മിഡ്നാപുരിൽ വെച്ച് കിഷൻജിയെ കേന്ദ്രസേന വധിച്ചത് മമതയുടെ കൂടി അറിവോടെയാണെന്ന ആരോപണവും വാർത്തകളും പിന്നീട് വന്നു. വ്യാജ ഏറ്റുമുട്ടലല്ലായിരുന്നു എന്ന് കാണിക്കാൻ തൃണമൂൽ സർക്കാർ സമ്മർദ്ദം ചെലുത്തിയെന്ന് നക്സൽ നേതാക്കൾ തന്നെ ആരോപിച്ചു.
ഏതായാലും പശ്ചിം മിഡ്നാപുരിലും ജംഗൽമഹൽ മേഖലയിൽ മൊത്തത്തിലും നക്സൽ വിഭാഗത്തിന്റെ സഹായം തേടി സി.പി.എമ്മിനെ ഇല്ലാതാക്കിയ മമത അധികാരത്തിനുശേഷം അതേ ഗ്രൂപ്പുകളെ ഞെരിച്ചുകളഞ്ഞു. ഇതാണ് ആന്റി ക്ലൈമാക്സ്. കിഷൻജി കൊല്ലപ്പെട്ടു, അതോടെ മമതയുമായി ഈ ഗ്രൂപ്പുകൾ ഇടഞ്ഞു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

പുരുലിയയിലെ ബാങ്കുരയിൽ ബസുദേവ് ആചാര്യയുടെ മേധാവിത്വം നടിയായ മുൺമുൺ സെന്നിനെ ഇറക്കി തകർത്ത തെരഞ്ഞെടുപ്പായിരുന്നു 2014 ലേത്. 84 മുതൽ 2014 വരെ ബസുദേവ് ആചാര്യ ജയിച്ച മണ്ഡലം. വേനലിൽ പൊതുവിൽ ഈ മേഖല കടുത്ത വരൾച്ച നേരിടുക പതിവാണ്. അത്തവണ തെരഞ്ഞെടുപ്പിൽ പക്ഷേ കുടിവെള്ളം ഇല്ലെങ്കിലും തൃണമൂൽ നേതാവായ മുൻ താരത്തിന്റെ മക്കളും നടിമാരുമായ റിയ സെന്നും റിമ സെന്നിനും തുറന്ന ജീപ്പിൽ ഇലക്ഷൻ പ്രചാരണത്തിനെത്താൻ റോഡെല്ലാം തലേന്നുമുതൽ പലവട്ടം വെള്ളം നനച്ചിട്ടു, ലോഡ് കണക്കിന് വെള്ളവുമായി വാഹനങ്ങൾ വന്നു. ഇത് പിറ്റേന്ന് വലിയ വാർത്തയായത് ഓർമയിലുള്ള സംഭവമാണ്. അതൊന്നും പക്ഷേ അവർക്ക് നെഗറ്റീവ് ആയില്ല. മുൺമുൺ സെൻ ജയിച്ചു. 2019 ലെ തെര‍ഞ്ഞെടുപ്പിൽ പക്ഷേ മുൺമുൺ അസൻസോളിലാണ് മത്സരിച്ചത്. ഗായകനായ ബി.ജെ.പിക്കാരൻ ബാബുൽ സുപ്രിയോയോട് അവർ തോറ്റു. പകരം ബാങ്കുരയിൽ സുബ്രത മുഖർജിയെ നിർത്തിയ തൃണമൂലിനും പിഴച്ചു, ബി.ജെ.പിയുടെ ഡോ. സുഭാഷ് സർക്കാർ ജയിച്ചു. ഇത്തവണയും ഡോ.സുഭാഷാണ് താമരയുടെ സ്ഥാനാർത്ഥി. ഒമ്പത് വട്ടം സി.പി.എം. ജയിച്ച മണ്ഡലം തൃണമൂൽ പിടിച്ചെടുത്തശേഷം നേരെ അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കയ്യിലെത്തി എന്ന് സാരം.

അമിത് ഷാ അടക്കമുള്ള ബി.ജെ.പി. നേതാക്കളുടെ ദലിത് പുരകളിലെ ഭക്ഷണം കഴിക്കൽ സാഹസം തെരഞ്ഞെടുപ്പുകാലത്തെ സ്ഥിരം കലാപരിപാടിയാണ്. കേരളത്തിൽ കെ.സുരേന്ദ്രന്റെ പദയാത്രയിൽ ദലിത് നേതാക്കൾക്കൊപ്പം ഭക്ഷണം എന്ന് നോട്ടീസിൽ എഴുതിയത് അദ്ദേഹത്തെ അപഹാസ്യനാക്കിയെങ്കിലും യു.പിയിലടക്കം ഇത്തരം പരിപാടികൾക്ക് വോട്ട് നേടാൻ തക്ക ഗുണമുണ്ട്.

ഒരു സിഡിയും
പല 'നാടക'ങ്ങളും

2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം 2015- ഓടെ നാഗാലാൻഡിലേക്ക് സ്ഥലംമാറ്റപ്പെടുകയും പിന്നീട് ഉത്തർപ്രദേശിലെ ലഖ്നൗ ന്യൂസ് ബ്യൂറോയിലേക്ക് മാറുകയും ചെയ്തുകഴിഞ്ഞാണ് 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പും 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കർട്ടൻ റൈസർ സ്റ്റോറികൾക്കായും യാത്ര ചെയ്തത്. ബംഗാളിൽ നിന്ന് യു.പിയിലെത്തിയപ്പോൾ കഥകൾ, രാഷ്ട്രീയത്തിൽ നിന്ന് കാസ്റ്റിലേക്കും മറ്റ് വിഷയങ്ങളിലേക്കും വഴിമാറി. ഭൂപ്രകൃതിയും സോഷ്യൽ ആറ്റിറ്റ്യൂഡും മാറി. യു.പിയിലെ റിപ്പോർട്ടിങ് അനുഭവത്തിൽ നിന്ന് ഓർമയുള്ള രണ്ട് കാര്യങ്ങൾ ഒന്ന്, പോലീസിന്റേയും അർധ സൈനിക വിഭാഗത്തിന്റേയും കനത്ത സുരക്ഷയുള്ള അയോധ്യയിലെ തർക്കമേഖലയിലെ ചെറിയ സ്റ്റാളുകളിൽ വില്പനയ്ക്ക് വെച്ചിരുന്ന പള്ളി പൊളിയ്ക്കുന്നതിന്റെ ദൃശ്യമുള്ള വീഡിയോ സിഡികളാണ്. മിക്ക ചെറിയ കടകളിലും അതിന്റെ വീഡിയോ പ്ലേ ചെയ്തുകൊണ്ടിരിക്കുന്നു. പലവട്ടം അയോധ്യയിൽ ചെല്ലുമ്പോഴും മാറ്റം വന്നിരുന്നില്ല. തർക്കപ്രദേശം കാണാനെത്തുന്ന പലരും സിഡി മേടിച്ചുപോകുന്നു. ക്ഷേത്രനഗരിയായി മാറിക്കഴിഞ്ഞ സ്ഥിതിയ്ക്ക് ഇപ്പോൾ ആ സ്റ്റാളുകളുണ്ടോ എന്നറിയില്ല. ആ കടകളെല്ലാം പൊളിച്ചുമാറ്റിയിരിക്കാം.

നക്സല്‍ ​നേതാവായിരുന്ന കിഷന്‍ജി

രണ്ടാമത്തേത്, അമിത് ഷാ അടക്കമുള്ള ബി.ജെ.പി. നേതാക്കളുടെ ദലിത് പുരകളിലെ ഭക്ഷണം കഴിക്കൽ സാഹസത്തെക്കുറിച്ചാണ്. 2017 തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു വർഷം നീണ്ട തയ്യാറെടുപ്പുകളും കാമ്പയിനുകളുമാണ് ബി.ജെ.പി. യു.പിയിലുടനീളം നടത്തിയത്. കേന്ദ്രമന്ത്രിമാരുടെ വലിയ നിര ചെറിയ പരിപാടികളിൽ പോലും പങ്കെടുത്തു. ഡിജിറ്റൽ ഡിസ്പ്ലേ വാനുകൾ ഗ്രാമങ്ങളിൽ നിർത്തിയിട്ട് ഭരണമികവ് പ്രചരിപ്പിച്ചു. ആയിരക്കണക്കിന് വാട്സാപ് ഗ്രൂപ്പുകളിലൂടെ പലതും പ്രചരിപ്പിക്കപ്പെട്ടു. റേഡിയോ മൻ കീ ബാത്തിന് വലിയ പ്രചാരം ലഭിച്ചു, അങ്ങനെ പലതും ബിജെ.പി. ചെയ്തു. അതിൽ ഏറ്റവും സർക്കാസം അനുഭവപ്പെട്ടതാണ്, നേതാക്കൾ ദലിത് മേഖലകളിലെ വീടുകളിൽ പോയി ഭക്ഷണം കഴിച്ച് വാർത്തകളിൽ ഇടം നേടിയിരുന്നത്.
യു.പിയിലും ബംഗാളിലും തെലുങ്കാനയിലും ഒഡീഷയിലുമെല്ലാം അമിത് ഷാ അടക്കം പല നേതാക്കളും ഇത് ചെയ്തു. കേരളത്തിൽ കെ.സുരേന്ദ്രന്റെ പദയാത്രയിൽ ദലിത് നേതാക്കൾക്കൊപ്പം ഭക്ഷണം എന്ന് നോട്ടീസിൽ എഴുതിക്കണ്ടത് ഇതിന്റെ ചെറിയ വേർഷനായി മാത്രം കണ്ടാൽ മതി. കേരളത്തിൽ അത് അദ്ദേഹത്തെ അപഹാസ്യനാക്കിയെങ്കിലും യു.പിയിൽ അടക്കം ഇത്തരം പരിപാടികൾക്ക് വോട്ട് നേടാൻ തക്ക ഗുണമുണ്ട്. എല്ലാ മനുഷ്യരും ഇത്തരം പരിപാടികൾ ഒരു നാടകമാണെന്ന് മനസ്സിലാക്കാറില്ല. കാരണം അത്രമേൽ പൊതുധാരയിൽ നിന്ന് അകന്നോ വിവേചനങ്ങളിലൂടേയോ ജീവിക്കുന്ന പല വിഭാഗത്തിനും ഒരു സവർണ നേതാവ് കുടിലിലെത്തി ഇരുന്നതും ഭക്ഷണം കഴിച്ചതും ചെറിയ കാര്യമല്ല, സന്തോഷമുണ്ടാക്കും, അത് വോട്ടാകാറുമുണ്ട്. പക്ഷേ മീഡിയയും ദലിത് സംഘടനകളും പ്രതിപക്ഷവും ഈ ഉപരിവിപ്ലവത ചോദ്യം ചെയ്യാറുമുണ്ട്. കടുത്ത വിമർശനം ദലിത് സംഘടനകളും ഉന്നയിക്കാറുണ്ട്.

2016- ൽ വാരണാസിയ്ക്കടുത്ത് ജൊഗിയാപുരിൽ അമിത് ഷായുടെ ദലിത് വീട് സന്ദർശനവും ഭക്ഷണം കഴിപ്പിനുമെതിരെ ബി.എസ്.പി, എസ്.പി. നേതാക്കൾ വിമർശനമുന്നയിച്ചിരുന്നു. ബ്രാഹ്മിൺ പാചകക്കാരൻ സ്ഥിരമായുള്ള ഷാ പുറത്തുനിന്ന് പാചകം ചെയ്ത് കൊണ്ടുവന്ന ഭക്ഷണം, ദലിതർക്കൊപ്പം പോലുമല്ല കഴിച്ചത്, മറിച്ച് നേതാക്കളിരുന്നശേഷം ദലിതരെ കൊണ്ട് വിളമ്പിച്ച് കഴിച്ചുവെന്നാണ് അന്ന് മായാവതി വിമർശനം ഉന്നയിച്ചത്. യു.പിയിലെ ബാരാബങ്കിയിലും ഈ പരിപാടി നടത്തിയപ്പോൾ പ്രതിപക്ഷം വിമർശനം ഉന്നയിച്ചു. 2017- ൽ തെലുങ്കാനയിലെ പെദ്ദ ദെവുലപ്പള്ളിയിൽ ഇതേ പരിപാടി അമിത് ഷാ നടത്തിയത് ചന്ദ്രശേഖര റാവുവിനെ പ്രകോപിപ്പിച്ചു. രണ്ടിടത്തായി ദലിത് ഭവനത്തിലെ ഭക്ഷണം കഴിക്കൽ പരിപാടിയിൽ ഒരിടത്ത് മനോഹർ റെഡ്ഡി എന്നയാളുടെ ഫാം ഹൗസിൽ നിന്ന് പാചകം ചെയ്ത് കൊണ്ടുവന്ന ഭക്ഷണവും മറ്റൊരിടത്ത് വിതരണം ചെയ്തത് ബ്രാഹ്മിണായ അന്നപൂർണ മെസ്സിലേതും എന്നായിരുന്നു റാവുവിന്റെ വിമർശനം.

ബംഗാളിലെ ബാങ്കുരയിൽ ഖത്രയിലെ ചതുർഥി ഗ്രാമത്തിൽ ആദിവാസി കുടുംബത്തിലെത്തി ഭക്ഷണം കഴിക്കുന്ന അമിത് ഷാ.

ബംഗാളിലെ ബാങ്കുരയിൽ ഖത്രയിലെ ചതുർഥി ഗ്രാമത്തിൽ ആദിവാസി മേഖലയിൽ ദലിത് വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്ന അമിത് ഷായുടെ പടം 2020 നവംബർ 5 ന് മാധ്യമങ്ങളിൽ വന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സമയം. അന്ന് മമതാ ബാനർജിയുടെ പ്രതികരണം ഉടനെ പുറത്തുവന്നത് ഓർക്കുന്നു. അമിത് ഷാ കഴിച്ചത് ദലിത് വീട്ടിൽ നിന്ന്, അതുണ്ടാക്കിയത് ബ്രാഹ്മിൺ പാചകക്കാരൻ- ഇതായിരുന്നു മമതയുടെ വാക്കുകൾ. ബിർസ മുണ്ടയുടെ പേരു പറഞ്ഞ് ബാങ്കുരയിലെത്തിയ ഷാ ഭക്ഷണം വെച്ച് നാടകം കളിക്കുന്നുവെന്നായിരുന്നു മമതയുടെ വിമർശനം. ഇതിന് മറുപടിയായി ദലിത് കുടുംബാംഗം കാബേജും മല്ലിയിലയും അരിയുന്ന പടം പുറത്തുവിട്ട ബി.ജെ.പിയോട് ഷാ കഴിച്ചതായി കാണുന്നത് ബസ്മതി റൈസും പാസ്ത ബോറയുമാണ്, അതിലെവിടെയാണ് കാബേജ് എന്നായിരുന്നു മമതയുടെ ചോദ്യം.

എല്ലാ തവണയും ആഗ്രഹിക്കാറുള്ള ഒരു കാര്യം പൊതു തെരഞ്ഞെടുപ്പ് ഫെബ്രുവരി, മാർച്ച് സമയത്തായിരുന്നുവെങ്കിൽ എത്ര നല്ലതാണ് എന്നാണ്. കാരണം നോർത്തിന്ത്യയിൽ അപ്പോൾ തണുപ്പായിരിക്കും. എങ്കിൽ, കൊടുംചൂടിൽ ഇത്ര ദുഷ്കരമായിപ്പോകില്ലായിരുന്നു അണികൾക്കും റിപ്പോർട്ടർമാര്ക്കും. മാത്രമല്ല അമിതമായ ചൂട് ദഹനപ്രശ്നങ്ങളും മറ്റ് അസുഖങ്ങളും വരുത്താറുമുണ്ട്. തണപ്പുകാലമാണ് അങ്ങനെ നോക്കിയാൽ ഏറ്റവും നന്നായി ഇലക്ഷൻ ജോലിയെടുക്കാൻ പറ്റിയ സമയം, നോർത്തിന്ത്യയെ സംബന്ധിച്ച്. അത് സംഭവിക്കാനിടയില്ല, എങ്കിലും.

ബി.എസ്.പി നേതാവ് മായാവതി

സാമൂഹ്യ അനാചാരങ്ങൾ അവസാനിക്കാതെ നടത്തുന്ന ഇത്തരം പരിപാടികളുടെ പൊള്ളത്തരം പുറത്തുകൊണ്ടുവരും മാധ്യമങ്ങളെങ്കിലും സാധാരണ ജനത്തിന് പലപ്പോഴും മനസ്സിലാകാറില്ല. ഈ ഉപരിവിപ്ലവ പരിപാടികൾ നല്ലപോലെ വോട്ടുണ്ടാക്കാറുണ്ട് എന്നതാണ് ഇതുവരെയുള്ള അനുഭവം. പാർട്ടികൾക്ക് അതറിയുകയും ചെയ്യാം. ഉത്തരേന്ത്യയിലെ വോട്ട് ഷെയർ പഠിച്ചാൽ പല സംസ്ഥാനങ്ങളും അത് തെളിയിക്കുന്നു. അതിനാൽ പ്രചാരണം പൊടിപൊടിക്കുമ്പോൾ പന്തിഭോജനങ്ങളും പ്രചാരണത്തിനായി വരുന്ന നടീനടന്മാർക്ക് പൊടിപറ്റാതിരിക്കാൻ കുടിവെള്ളം പോലുമില്ലാത്ത മേഖലയിൽ റോഡ് നനച്ചിടാനായി വരുന്ന വെള്ളം നിറച്ച ടാങ്കറുകളും ഇനിയും കാണാം. വോട്ടുലകത്തിലെ പ്രധാന ഐറ്റം തന്നെ നാടകമാണല്ലോ.


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments