ബംഗാളിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള ദൃശ്യം / ഫോട്ടോ : വി.എസ്.സനോജ്

കാംദുനിയുടെ കാഴ്ച, സുബൽപുരിന്റെ അന്ധത

പുണ്യപുരാതന കെട്ടുകഥയല്ല ഇത്, 2013 സമയത്ത് ദേശീയ മാധ്യമങ്ങൾ വാർത്തയാക്കിയ സംഭവമാണ്. കാംദുനി പെണ്ണുങ്ങൾ ബലാത്സംഗത്തി​നെതിരെ പ്രതികരിച്ചപ്പോൾ ബലാത്സംഗം ചെയ്ത യുവാക്കൾക്ക് വേണ്ടി മറ്റൊരു ഗ്രാമം തെരുവിലിറങ്ങി, സ്ത്രീകളടക്കം

രണ്ട്​

തൊരു വിനോദയാത്ര ആയിരുന്നില്ല.
കാംദുനിയിലെ പെൺകുട്ടിയുടെ വീട് തേടിയുള്ള പോക്കായിരുന്നു.
കുടുംബത്തെ കാണാൻ, ആ ഗ്രാമത്തിന് പറയാനുള്ളത് കേൾക്കാൻ.
ബങ്കിം ചന്ദ്ര ചാറ്റർജി ബ്രിട്ടീഷ് കാലഘട്ടത്തിൽ അഡീഷണൽ മജിസ്‌ട്രേറ്റായിരുന്ന 24 നോർത്ത് പർഗാനാസിലാണത്. അദ്ദേഹം ജനിച്ചത് അവിടെ അടുത്ത്, നയ്ഹട്ടിയിലാണ്. നോർത്ത് പർഗാനാസിലെ മുൻസിപ്പൽ ഡിവിഷനാണ് ബാരസാത്ത്. അവിടെയാണ് കാംദുനി.
കൊൽക്കത്ത നഗരത്തിൽ നിന്ന് മുപ്പത് കിലോമീറ്ററോ മറ്റോ ദൂരമുണ്ടെന്നാണ് ഓർമ. മധ്യംഗ്രാം എന്നൊരു സ്ഥലമാണ് അടുത്തുള്ള ചെറിയ പട്ടണം.
മധ്യംഗ്രാമും കുപ്രസിദ്ധമായ കൂട്ട ബലാത്സംഗക്കേസിന് സാക്ഷിയായി കോളിളക്കം സൃഷ്ടിച്ച ഇടമാണ്. മധ്യംഗ്രാം ബി.ഡി.ഒ. ഓഫീസിനടുത്തുള്ള പീടികയ്ക്കരികിലെ വഴിയിലൂടെ ഇടത്തോട്ട് തിരിഞ്ഞ് ഏതാണ്ട് എട്ട് കിലോമീറ്റളോളം ഉള്ളിലേക്ക് പോയാൽ കാംദുനിയായി.

കാംദുനി ഗ്രാമം

മമതയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ശത്രു ശുഭേന്ദു അധികാരിയായിരുന്നു അന്ന് നന്ദിഗ്രാമിൽ സകല പരിപാടിയ്ക്കും മമതയുടെ ഇടംകയ്യും വലംകൈയ്യുമായി നിന്നത്.

വണ്ടി പോകുമോ അതിലേയെന്ന് സംശയം തോന്നുന്ന അത്ര ചെറിയ വഴി.
എതിരെ വണ്ടി വന്നാൽ കടത്തിവിടാനുള്ള ഇടം പോലുമില്ല. അവിടെ ചെന്ന് ഒരു പ്രശ്‌നത്തിൽ അകപ്പെട്ടാൽ പുറത്തുകടക്കൽ വല്യ പണിയാകും. പല ബംഗാൾ ഗ്രാമങ്ങളുടേയും ജ്യോഗ്രഫിയിൽ അതുണ്ട്. മിക്കവാറും ഒരു വഴിയേ കാണൂ, അത് അടഞ്ഞാൽ, അപരിചിതർക്ക് പുറത്തുകടക്കുക ചിലയിടത്ത് ബുദ്ധിമുട്ടാണ്. നന്ദിഗ്രാമിൽ പോയപ്പോൾ മനസ്സിലായ ഒരു കാര്യമാണത്. ഏറ്റുമുട്ടലും കലാപവും വെടിവെപ്പുമുണ്ടായപ്പോൾ ആദ്യം വഴിയടച്ചു കളഞ്ഞു. പലരുടേയും പലായനം അത് ദുഷ്‌കരമാക്കി എന്ന് അവിടത്തെ എസ്.യു.സി.ഐക്കാർ തന്നെ പറഞ്ഞത് ഓർമയുണ്ട്. മമതയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ശത്രു ശുഭേന്ദു അധികാരിയായിരുന്നു അന്ന് നന്ദിഗ്രാമിൽ സകല പരിപാടിയ്ക്കും മമതയുടെ ഇടംകയ്യും വലംകൈയ്യുമായി നിന്നത്.

ഒറ്റവഴിയാൽ ചുറ്റപ്പെട്ട പാടത്തിന് നടുവിലെ അറ്റത്തെ സെറ്റിൽമെന്റുകളാണ് പലതും. ജമീന്ദാർ വീടുകൾക്ക് മുന്നിലേക്ക് മാത്രമായി ചില വഴിയുണ്ടാകാം ചിലയിടങ്ങളിൽ. അതിനുസമീപത്തെ ചെറിയ കുടിലുകൾ പണിക്കാരുടേതും. പഴയ കേരളത്തിലെ ജന്മി- കുടിയാൻ കാലത്തെ സെറ്റിൽമെൻറിന് സമാനമായ കാഴ്ചയാണ് പല ബംഗാൾ ഗ്രാമങ്ങളും. പാടശേഖരത്തിനും മീൻ കുളങ്ങൾക്കും അരികിലെ ഗ്രാമമാണ് കാംദുനി. കൃഷിപ്പണിയും മീൻ വളർത്തലും പാലും പശുവുമൊക്കെയായി ജീവിതം. ഇരുവശവും വയലാണ്. ചിലയിടത്ത് കുടിലുകളും ചുറ്റും കൃഷിയിടങ്ങളും. കുറച്ചുദൂരം വിജനമായ പാടം, ചതുപ്പും മത്സ്യക്കുളങ്ങളും ഇഷ്ടികക്കളങ്ങളും.

അമിതാഭ് ബച്ചന്റെ പഴയ സിനിമ സൗദാഗർ ഷൂട്ട് ചെയ്തയിടമാണത്.
പാടത്തെ കളിമണ്ണ് തേമ്പിപിടിപ്പിച്ച ചുവരുകളുള്ള വീടാണ് പലതും. കൈതോലയും വൈക്കോലും മേഞ്ഞ കുടിലുകളുമുണ്ട്. കല്ലും ഇഷ്ടികയും വിരിച്ച് ബലപ്പെടുത്തി കെട്ടിപ്പൊക്കിയതാണ് കാംദുനിയിലേക്കുള്ള റോഡ്. മിക്ക വീട്ടുമുറ്റത്തും വീടിനേക്കാള് വലുത് തൊഴുത്തുകളാണ്. പാലും ചാണകവും വലിയ ആദായമാണല്ലോ വീടുകൾക്ക്. കൃഷിപ്പണിയ്ക്കും കന്നുകാലികൾ തന്നെ. ഒരു പ്രധാന കാഴ്ച ധാരാളം മീൻകുളങ്ങൾ കാണാം എന്നതാണ്. ബംഗാളിൽ അതൊരു പതിവു കാഴ്ചയാണ്. പ്രളയത്തിൽ അകപ്പെടാതിരിക്കാനായി റോഡ് അല്പം ഉയർത്തിയിട്ടുണ്ട്. പക്ഷേ മഴ പെയ്താൽ, ഇഷ്ടിക നനഞ്ഞുപൊടിയും. ചെളി കൊണ്ട് സൈഡ് തേച്ച റോഡായതിനാൽ സൈഡ് പൊട്ടി വെള്ളം കേറും. പല സീസണിലും റോഡ് മണ്ണുകൊണ്ട് തന്നെ പുതുക്കി പണിയുക പതിവാണ്. മികച്ച റോഡുകൾ വിരളമായി തോന്നിയ ഒരു മേഖലയാണ് അതെല്ലാം. പൊതുവേ റോഡുകൾ മോശമായിരുന്നു അന്നെല്ലാം ബംഗാളിൽ.

ഗ്രാമത്തിന്റെ ഉള്ളിലേക്ക് വണ്ടി നീങ്ങി. പാടവും കുളങ്ങളും ചതുപ്പുകളും മണ്ണിട്ട റോഡും പിന്നിട്ട് ഗ്രാമത്തിലെത്തി. താൽക്കാലിക പൊലീസ് ചെക്ക് പോസ്റ്റ് കണ്ടതോടെ കാംദുനിയെത്തിയെന്ന് ഉറപ്പിച്ചു. അവിടെ വരുന്നവരെ പിന്തിരിപ്പിച്ചു വിടുക പൊലീസിന്റെ പ്രധാന കലാപരിപാടിയായിരുന്നു. ബാരിക്കേഡ് തീർത്ത് വാഹന പരിശോധനയുണ്ട്. അർധ സൈനിക വിഭാഗത്തെയും പൊലീസിനേയും പരിസരത്തെ സ്‌കൂളിലടക്കം കാവലിനായി നിയോഗിച്ചു. പുതുക്കിപ്പണിയേണ്ട സ്‌കൂളിന്റെ സ്ഥിതി അതിദയനീയമായിരുന്നു.

കാംദുനിയിൽ പെൺകുട്ടി ലൈംഗികാക്രമണത്തിന് ഇരയായ പ്രദേശത്തെക്കുറിച്ചുള്ള പത്രവാർത്ത / Photo: telegraphindia.com

കാംദുനി പെൺകുട്ടിയുടെ വീട്ടുകാരെ കാണാൻ മാധ്യമ പ്രവർത്തകർ വരുന്നത് സർക്കാരിനൊട്ടും താൽപര്യമുണ്ടായിരുന്നില്ല. മാധ്യമങ്ങൾ കഥയെഴുതി തൃണമൂൽ സർക്കാരിനെ മോശമാക്കുന്നു എന്നായിരുന്നു തൃണമൂലിന്റെ ആക്ഷേപം. സത്യത്തിൽ മാധ്യമ ജാഗ്രതയാണ് കാംദുനി കേസിന് സാമൂഹ്യശ്രദ്ധ നേടിക്കൊടുത്തത്. കാംദുനി സംഭവവും തുടർന്ന് സംഭവിച്ച പൊലീസ് കെടുകാര്യസ്ഥതയും ഗ്രാമത്തിലെ പെണ്ണുങ്ങളുടെ പ്രതിഷേധവും അക്കാലത്ത് വലിയ വാർത്തയായി. അത് കൊൽക്കത്തയെ പിടിച്ചുലച്ചു. പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പ് വന്നു. ഗ്രാമത്തിലെ പെണ്ണുങ്ങളുടെ നേതൃത്വത്തിൽ തൃണമൂലിനെതിരെ വോട്ടിന് ആഹ്വാനമുണ്ടായി. ഇതോടെ തൃണമൂൽ പ്രാദേശിക നേതൃത്വവും ഗ്രാമീണരും തമ്മിലുള്ള സംഘർഷം തുടർന്നു. തൃണമൂലിനെതിരെ വോട്ട് ചെയ്യാനുള്ള ധൈര്യം പലരും പ്രഖ്യാപിച്ചു. പേടിയുള്ളവർ വോട്ടെടുപ്പ് ബഹിഷ്‌കരിക്കാനും പ്രതിഷേധക്കാരായ സ്ത്രീകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. പെണ്ണുങ്ങൾ സംഘടിച്ച് യോഗം ചേർന്നു. ഇതെല്ലാം അറിഞ്ഞപ്പോഴാണ് പ്രതിഷേധം അണയാത്ത കാംദുനിയിലേക്ക് പോകാനായി തീരുമാനിച്ചത്. ആ ഗ്രാമത്തിന് പറയാനുള്ളത് കേൾക്കുകയായിരുന്നു ഉദ്ദേശ്യം.

ബലാത്സംഗം നടന്ന പൊളിഞ്ഞു ദ്രവിച്ച കെട്ടിട ചുവരിനിപ്പുറത്തൂടെ തൊട്ടരികിലൂടെ, സഹോദരനും സുഹൃത്തും അവളെ തേടി കടന്നുപോയി. സൈക്കിൾ വരുന്ന ശബ്ദം കേട്ടപ്പോൾ പ്രതികൾ പെൺകുട്ടിയുടെ മുഖംപൊത്തിപ്പിടിച്ചു, ആ പിടുത്തം അവളുടെ ജീവനെടുത്തു

ഒരു പരീക്ഷാക്കാലത്താണ് സംഭവം. ഡിഗ്രി വിദ്യാർത്ഥിനി, പട്ടണത്തിലെ കോളേജിൽ നിന്ന് വീട്ടിലേക്ക് വരികയായിരുന്നു. വൈകുന്നേരമാണ്. നല്ല മഴക്കാറും. ഇടിമിന്നലും മഴയും പേടിച്ച് വേഗം വീടെത്താനായി പതിവു വഴി ഒഴിവാക്കി മീൻകെട്ടുകളും ചതുപ്പും കുളങ്ങളുമുള്ള മറ്റൊരു വഴിയിലൂടെ അവൾ വന്നു. ദൂരം കുറയ്ക്കാൻ പോന്ന ആ വരവിനിടെയാണ് ആക്രമിക്കപ്പെട്ടത്. മെയിൻ റോഡിൽ നിന്ന് മീൻകെട്ടിനടുത്തുള്ള വഴിയിലൂടെ ഗ്രാമത്തിലേക്ക് എളുപ്പവഴിയാണ്, പക്ഷേ വിജനമാണ്. സമീപത്തെ മീൻകുളങ്ങൾക്കരികിലെ ഒരു ഒഴിഞ്ഞ പുരയിൽ മദ്യപിച്ച് ചീട്ടുകളിച്ചിരുന്ന ഒരു സംഘം അവളെ ഉപദ്രവിക്കുകയായിരുന്നു. മദ്യപാനവും ചീട്ടുകളിയും മീൻപിടുത്തവുമായി ചില സംഘങ്ങൾ ഇത്തരം സ്ഥലങ്ങളിൽ പതിവാണ്. സാധാരണ ബസ്സിറങ്ങിയാൽ വരുന്ന വഴിയിലൂടെ അവളെ കൂട്ടാനായി സഹോദരൻ സൈക്കിളിൽ പോയി.

കാംദുനിയിൽ പെൺകുട്ടിയെ ലൈംഗികാക്രമണത്തിനിരയാക്കി കൊലപ്പെടുത്തിയതിനെതിരെ കൊൽക്കത്തയിൽ നടന്ന പ്രതിഷേധ റാലിയിൽ അത്‌ലറ്റ് പിങ്കി പ്രമാണിക് പങ്കെടുക്കുന്നു.

അവളെ കണ്ടില്ല. സുഹൃത്തിനെയും കൂട്ടി കൂട്ടി അവൻ അവിടെയെല്ലാം അന്വേഷിച്ചു. തിരച്ചിലിനിടെ അവൾ വന്ന വഴിയിലും എത്തി. അടുത്തുതന്നെ തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക ഓഫീസുമുണ്ട്. സൈക്കിളിൽ ഇടവഴികളിൽ പോയി അവർ തിരഞ്ഞു നടന്നു. ബലാത്സംഗം നടന്ന പൊളിഞ്ഞു ദ്രവിച്ച കെട്ടിട ചുവരിനിപ്പുറത്തൂടെ തൊട്ടരികിലൂടെ, സഹോദരനും സുഹൃത്തും അവളെ തേടി കടന്നുപോയി. സൈക്കിൾ വരുന്ന ശബ്ദം കേട്ടപ്പോൾ പ്രതികൾ പെൺകുട്ടിയുടെ മുഖംപൊത്തിപ്പിടിച്ചു, ഒച്ച പുറത്തുവരാതിരിക്കാനായി. ആ പിടുത്തം അവളുടെ ജീവനെടുത്തു എന്നാണ് പൊലീസ് വിശദീകരിച്ചത്. ശ്വാസം മുട്ടിയായിരുന്നു മരണം. ലൈംഗികാക്രമണത്തിനിടെ അവളുടെ കഴുത്ത് കടിച്ചുപൊളിച്ചിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. പ്രതികൾ നല്ല പോലെ മദ്യപിച്ചിരുന്നു. രണ്ട് പെൺകുട്ടികളടക്കം മൂന്ന് മക്കളുള്ള ഒരാളായിരുന്നു കേസിലെ മുഖ്യപ്രതി. അതിനെല്ലാമുപരി പ്രതികൾ തൃണൂമൂലിന്റെ സജീവ പ്രവർത്തകരായിരുന്നു. വിദ്യാർത്ഥിനിയുടെ ശരീരം ചതുപ്പിൽ നിന്ന് പിന്നീട് കണ്ടെടുത്തു. ഗ്രാമം അലമുറയിട്ടു.

സർക്കാരിന് ക്ഷീണമാകാതിരിക്കാൻ പൊലീസ് കേസിൽ ഉഴപ്പി. അതോടെ ഗ്രാമീണർ പ്രതികരിച്ചു. എല്ലാവരുമായും അടുപ്പമുണ്ടായിരുന്ന ചുറുചുറുക്കുള്ള ആ പെൺകുട്ടിയുടെ കൊല നാട്ടുകാരെ ഒന്നിപ്പിച്ചു. അവർ സംഘടിച്ചു. കാംദുനി പ്രതിപാദ് മഞ്ച് എന്ന സംഘടനയുണ്ടായി. സ്ത്രീകളായിരുന്നു അതിന്റെ കരുത്ത്. ഗ്രാമത്തിൽ കളിച്ചുവളർന്ന പെൺകുട്ടിയ്ക്കുണ്ടായ ദുരന്തം അവരെ നിർഭയരാക്കി. സർക്കാർ പിന്തുണ പ്രതികൾക്ക് ലഭിക്കുമെന്ന് തോന്നിയ സാഹചര്യത്തിൽ കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപാദ് മഞ്ച് പൊരുതാനുറച്ചു. സ്ത്രീകൾ യോഗം വിളിച്ചു. ജാഥ നടത്തി. പുരുഷന്മാരും കൂടെയുണ്ടായി. സ്ത്രീകളെ വീടുകയറി ഭീഷണിപ്പെടുത്താൻ തൃണമൂൽ ഗുണ്ടകളെത്തി. സമരക്കാരായ പുരുഷന്മാർക്കെതിരെ ശാരീരികാക്രമണമുണ്ടായി.

വീടുകൾക്ക് നേരെ കല്ലെറിഞ്ഞു. കുടിലുകൾ കത്തിക്കുമെന്നും ഭീഷണിയുണ്ടായി. പലരും പ്രതിഷേധത്തിൽ നിന്ന് മൗനം പാലിച്ചുതുടങ്ങി. പേടിച്ചും ഗതികേട് കൊണ്ടും പലരും അകലം പാലിച്ചു, പിന്മാറി, പ്രത്യേകിച്ച് ആണുങ്ങൾ, പക്ഷേ പെണ്ണുങ്ങൾ കുലുങ്ങിയില്ല. മൗഷ്മി കോയൽ, തുംപ കോയൽ, സുരോമ കോയൽ എന്നിവരായിരുന്നു സമരത്തിൻ നേതൃത്വം നല്കിയത്. സ്‌കൂളിൽ തുംപ കോയലിന്റെ ക്ലാസ്മേറ്റായിരുന്നു മരിച്ച പെൺകുട്ടി. മൗഷ്മിയുടെ ഭർത്താവ് വിശ്വജിത് കോയലിന് നേരെ വധഭീഷണിയുണ്ടായി. മൗഷ്മിയും തുംപയുമൊന്നും പിൻമാറിയില്ല. സമരം ശക്തിപ്പെട്ടു. മാധ്യമപ്പട ഗ്രാമത്തിലേക്കെത്തി. മമത മാത്രം വന്നില്ല. ഇത് വലിയ രാഷ്ട്രീയ വിമർശനം ക്ഷണിച്ചുവരുത്തി. പൊലീസ് അന്വേഷണം ഇഴഞ്ഞപ്പോൾ ഗ്രാമീണരായ സ്ത്രീകൾ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയെ കാണാനായി ഡൽഹിയിലുമെത്തി. മമതയ്ക്ക് അതോടെ ഈഗോ കലശലായി.

ലൈംഗികാക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിലേക്കാണ് താൻ പോയതെന്ന കാര്യം ഗ്രാമത്തിലെത്തിയ മമത മറന്നു. പെൺകുട്ടിയെ വീട്ടിൽ കയറുകയോ കുടുംബത്തെ കാണുകയോ ചെയ്യാതെ അവർ തിരിച്ചുപോന്നു.

മുഖ്യമന്ത്രിയെ കാണാൻ എത്തിയ കാംദുനി ഇരയുടെ കുടുംബത്തിന് ആദ്യദിവസം അവരെ കാണാനായില്ല. രണ്ടാംവട്ടം ആറ് മണിക്കൂർ പുറത്തിരുന്ന ശേഷം അവർക്ക് മമതയെ കാണാനായി. ആ കൂടിക്കാഴ്ചയ്ക്ക് ശേഷം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു സർക്കാർ ഇരയുടെ കുടുംബത്തിന്. പക്ഷേ അതുവരെയുള്ള ദുരനുഭവങ്ങൾ മാനസികമായി തളർത്തിയ കുടുംബം ആനുകൂല്യങ്ങൾ തിരസ്‌കരിച്ചു. പെൺകുട്ടിയുടെ കുടുംബത്തിന് ധനസഹായവും സഹോദരർക്ക് സർക്കാർ ജോലിയുമാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. കേസിലെ വീഴ്ച പരിഹരിക്കാതെ അത് വേണ്ടെന്ന് ആ ദരിദ്ര കുടുംബം നിലപാടെടുത്തു. കാംദുനിയിൽ മുഖ്യമന്ത്രി സന്ദർശനം നടത്താത്തത് ഇഷ്യൂ ആയി. സമ്മർദ്ദം കൂടിയപ്പോൾ മമത ഗ്രാമത്തിലെത്തി. വരാത്തതിനേക്കാൾ വലിയ വിവാദം പക്ഷേ അവിടെ കാത്തുനിന്നു. എല്ലാ നീരസവും മനസ്സിൽ വെച്ച് എത്തിയ മമതയ്ക്ക്, തന്റെ ക്ഷോഭം വിനയായി. ഗ്രാമീണർക്കെതിരായ മമതയുടെ അധിക്ഷേപ പരാമർശമായി പുതിയ വിവാദം. മാധ്യമങ്ങൾ തലങ്ങും വിലങ്ങും വാർത്ത നൽകി. ലൈംഗികാക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിലേക്കാണ് താൻ പോയതെന്ന കാര്യം ഗ്രാമത്തിലെത്തിയ മമത മറന്നു. പെൺകുട്ടിയെ വീട്ടിൽ കയറുകയോ കുടുംബത്തെ കാണുകയോ ചെയ്യാതെ അവർ തിരിച്ചുപോന്നു. ബാരസാത്ത് എം.പിയോട്, എന്നെ അപമാനിക്കാനാണോ ഇവിടെ വിളിച്ചുവരുത്തിയത് എന്ന് മമത ദേഷ്യപ്പെട്ടു. നാട്ടുകാരോട് ചൂടായി.

തുംപ കോയലും മൗഷ്മി കോയലും / Photo: Screengrab ABP Ananda

എന്നാൽ അതിനേക്കാൾ അതിരൂക്ഷമായി നാട്ടിലെ സ്ത്രീകളും തിരിച്ച് പ്രതികരിച്ചു. പ്രതിഷേധിച്ച ഗ്രാമീണരെ മമത മാവോയിസ്റ്റാക്കി ചിത്രീകരിച്ചു. ഒന്നുകിൽ നിങ്ങള് സി.പി.എമ്മാണ്, അല്ലെങ്കിൽ മാവോയിസ്റ്റുകളെന്ന് - മുഖ്യമന്ത്രി. കൂടുതൽ വലിയ രാഷ്ട്രീയ കോലാഹലമായി ഇത് മാറി. കൊൽക്കത്തയിലെ സാംസ്‌കാരികലോകം പ്രതിഷേധിച്ചു. അപർണ സെൻ അടക്കമുള്ള ബുദ്ധീജിവികൾ നഗരത്തിൽ പ്രകടനം നടത്തി. കമ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ടു ചെയ്തിരുന്ന, പലവിധ നിരാശകളാൽ ഗതികെട്ട് തൃണമൂലിലേക്ക് മാറിയ ഗ്രാമത്തിലെ നല്ലൊരു വിഭാഗത്തിന്, കാംദുനി കേസും മമതയുടെ ആക്ഷേപവും കൂടി ആയതോടെ തൃണമൂലിനെതിരായി.

അവളുടെ വീട്ടിലേക്ക് എത്തിയപ്പോൾ ഒരു കാര്യം മനസ്സിലായി. പെൺകുട്ടിയുടെ വീട്ടുകാരെ കാണാനോ സംസാരിക്കാനോ സമ്മതിക്കില്ലെന്ന്. അർധസൈനികരെ തോക്കുമായി വീടിന് കാവൽ നിർത്തിയിരിക്കുന്നു

മാധ്യമങ്ങളെ സർക്കാർ ഭയന്നു. സന്ദർശകരെ പൊലീസ് പരമാവധി പിന്തിരിപ്പിച്ച് തിരിച്ചുവിട്ടു. ചീത്തപ്പേര് മായ്ച്ചുകളയാനായി വഴിവിട്ട നടപടികൾക്ക് സർക്കാർ മുതിർന്നു. കുറ്റപത്രം സമർപ്പിച്ചപ്പോൾ ഫോറൻസിക് റിപ്പോർട്ട് ഉണ്ടായിരുന്നില്ല. ഇതിന് കോടതി ഇടഞ്ഞു. അന്വേഷണസംഘത്തെ കടുത്ത ഭാഷയിൽ കോടതി വിമർശിച്ചു. അന്നത്തെ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് അശോക് കുമാർ ഗാംഗുലി കാംദുനി കേസിൽ സർക്കാരിനെ എടുത്തിട്ടുകുടഞ്ഞു. മമതയും അശോക് കുമാർ ഗാംഗുലിയും അന്ന് നിരന്തരം ശീതയുദ്ധത്തിലായിരുന്നു. മാസങ്ങളോളം, കാംദുനി, മാധ്യമങ്ങളുടെ പ്രധാന വാർത്തകളിൽ നിറഞ്ഞുനിന്നു.

അവളുടെ വീട്ടിലേക്ക് എത്തിയപ്പോൾ ഒരു കാര്യം മനസ്സിലായി. പെൺകുട്ടിയുടെ വീട്ടുകാരെ കാണാനോ സംസാരിക്കാനോ സമ്മതിക്കില്ലെന്ന്. അർധസൈനികരെ തോക്കുമായി വീടിന് കാവൽ നിർത്തിയിരിക്കുന്നു. ചെറിയ ഇടവഴിയാണ് വീട്ടിലേക്ക്. രണ്ട് ഭാഗവും ഉണങ്ങിയ മുളയുടെ ചെറിയ നീളൻ കഷ്ണങ്ങൾ വെച്ച് ഉണ്ടാക്കിയ വേലിയാണ്. ആ മെലിഞ്ഞ വഴിയിലൂടെ നേരെ ഉള്ളിലേക്ക് പോകണം. അവിടെയാണ് പൊലീസ് ബാരിക്കേഡ്. പോകാനാകില്ലെന്ന് പൊലീസ് തീർത്തു പറഞ്ഞു. കാറിനരികെ ബൈക്കടുപ്പിച്ച് ഗ്ലാസിൽ തട്ടി എങ്ങോട്ടാ, എന്തിനാണ് എന്ന്, ബൈക്കില് വന്ന മൂന്നുപേർ വന്നു ചോദിച്ചു.

കാംദുനി റേപ്പ്-കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടവർ

സന്ദർശകർക്കും മാധ്യമങ്ങൾക്കും ഭീഷണിയായി ബൈക്കിൽ തൃണമൂലുകാർ വന്നുപോകുന്നത് പതിവായിരുന്നു കേസിനെ തുടർന്ന്. ചിലർ റോന്തുചുറ്റും, പുറത്തുനിന്ന് ആളെത്തുന്നത് നേരത്തെ അറിയും കൂടുതൽ പ്രവർത്തകരെ അറിയിക്കും, വിലക്കും, ചിലപ്പോൾ ഭീഷണിയും. പ്രതികൾ തൃണമൂൽ അനുഭാവികളായതാണ് ഇതിനെല്ലാം കാരണം. ഒടുവിൽ കാംദുനി പ്രതിപാദ് മഞ്ചിന്റെ പ്രവർത്തകരെ കാണാൻ തീരുമാനിച്ചു. മൗഷ്മി കോയലിനെ കണ്ടില്ല. മഞ്ചിലെ മറ്റ് പ്രധാന പ്രവർത്തകരായ സുരോമ കോയലിനെയും കനികയേയും കണ്ടു. പണം, ജോലി, ആനുകൂല്യങ്ങൾ ഒടുവിൽ ഭീഷണി. സമരത്തിൽ നിന്ന് പിൻമാറാൻ ഇതെല്ലാമാണുണ്ടായതെന്ന് അവർ പറഞ്ഞു. ഭയം തളം കെട്ടി നിൽക്കുന്ന അന്തരീക്ഷമാണ് കുറെനാളായി അവിടെ. തൊട്ടടുത്തുള്ള സ്‌കൂളിൽ പൊലീസ് കാവലിരിക്കുന്നുണ്ട്. പുറത്തുനിന്നുള്ളവർക്ക് അവിടേക്ക് പ്രവേശമില്ലെന്ന് എഴുതിവെച്ചത് കണ്ടു. ശക്തി തെളിയിക്കാനെന്നവണ്ണം ഗ്രാമത്തിൽ നിറച്ചും തൃണമൂലിന്റെ പോസ്റ്ററും കൊടിയും.

മമതയുടെ ഭരണത്തിലെ തുടക്കകാലത്ത് അണികൾ നടത്തിയ അമിതാവേശ പ്രകടനങ്ങളിൽ ലൈംഗിക കുറ്റകൃത്യങ്ങൾ ധാരാളമായിരുന്നു. പിടിച്ചടക്കലിന്റെ വ്യഗ്രത എല്ലാ അർത്ഥത്തിലും അനസ്യൂതം അരങ്ങേറി. ടെലഗ്രാഫ് പത്രം മമതയുടെ കണ്ണിലെ കരടായി. സർക്കാർ വിരുദ്ധ വാർത്ത നൽകുന്നുവെന്നതായിരുന്നു മാധ്യമങ്ങളോടുള്ള തൃണമൂലിന്റെ കലിപ്പ്. തൃണമൂൽ പ്രവർത്തകർ പ്രതിയായ നിരവധി ലൈംഗികാതിക്രമണ കേസുകളാണുണ്ടായത്.

ഗ്രാമത്തിലെ സുരക്ഷാപ്പട

തൃണമൂലിന്റെ ഗുണ്ടാരാജിനും കമ്മീഷൻ രാജിനും (കട്ട് മണി) ബംഗാൾ സാക്ഷിയായി. പല കേസിലും മമത സർക്കാർ വഴിവിട്ടു ശ്രമിച്ചു. പാർക് സ്ട്രീറ്റ് റേപ് കേസ് ഉദാഹരണമായിരുന്നു. ഈ കേസിൽ ഇരയ്‌ക്കെതിരെ മമത പ്രതികരിച്ചത് വിവാദമായി. മാസങ്ങൾ കഴിഞ്ഞു, ലോക്​സഭാ തിരഞ്ഞെടുപ്പ് വന്നു. പ്രസിദ്ധിയും പൗരാണികതയുമുള്ള ബംഗാളിന്റെ ഭരണസിരാകേന്ദ്രം റൈറ്റേഴ്‌സ് ബ്ലോക്കിൽ നിന്ന് നബൊന്നയിലേക്ക് ബംഗാൾ സർക്കാരിന്റെ ആസ്ഥാനം അപ്പോഴേക്കും തൽക്കാലത്തേക്ക് മാറി. മാസങ്ങൾ നീങ്ങി. തിരഞ്ഞെടുപ്പ് അടുത്തു.

കുടിലുകളും ഓടിട്ട വീടുകളും കൂടുതലുള്ള ആ ഗ്രാമത്തിൽ ഒരു കോൺക്രീറ്റ് വീട് ഉയരുന്നത് ശ്രദ്ധയിൽ പെട്ടു. പണി നടക്കുന്നതേയുള്ളൂ. അതുമാത്രമേ കോൺക്രീറ്റ് വീടായി അവിടെ കണ്ടുള്ളൂ. കേരളത്തിലേക്ക് പണിയ്ക്ക് പോകുന്ന രണ്ട് സഹോദരങ്ങളുടെ വീടായിരുന്നു അത്.

കാംദുനിയിലെ പ്രതിഷേധക്കാരും കുറെയൊക്കെ കൊഴിഞ്ഞു. അവശേഷിക്കുന്ന പ്രതിഷേധക്കാരായ കാംദുനിക്കാർ വോട്ട് ബഹിഷ്‌കരണം പ്രഖ്യാപിച്ചു. അന്നാണ് കാംദുനി അന്വേഷിച്ച് പോയത്. സ്‌കൂൾ മാഷും ആക്ഷൻ കൗൺസിൽ നേതാവുമായ പ്രദീപ് മുഖർജിയെ വീട്ടിൽ പോയി കണ്ടു. അദ്ദേഹം തുടക്കം മുതൽ പ്രതിഷേധക്കാർക്ക് ഒപ്പമുണ്ട്. 1000 ത്തോളം വോട്ടർമാരുണ്ട് ഗ്രാമത്തിൽ. ആക്ഷൻ കൗൺസിൽ രൂപീകരിച്ച് റാലി നടത്തിയതിന് സർക്കാർ ഉപദ്രവിച്ചു. സ്‌കൂൾ സമയത്ത് റാലിയിൽ പങ്കെടുത്തുവെന്ന് കാട്ടി വിദ്യാഭ്യാസവകുപ്പ് ഷോക്കോസ് നോട്ടീസയച്ചു. സർവ്വീസിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിയും. മാഷ് പഠിപ്പിച്ച കുട്ടിയാണ് കൊല്ലപ്പെട്ടത്. മരിച്ച പെൺകുട്ടിയുടെ അതേ പ്രായമുള്ള മകളുമുണ്ട്. അയാൾ ഏതായാലും പിന്മാറിയില്ല. തൃണമൂലൂകാർ ചുറ്റുമുണ്ടായിരുന്നു. ഉദ്യോഗസ്ഥരുടെ പിന്തുണ അവർക്കുണ്ടായി. വധഭീഷണിയുമുണ്ടെന്ന് മാഷ് പറഞ്ഞു. ഭീഷണിയ്ക്ക് വഴങ്ങിയില്ലെങ്കിൽ രണ്ട് രൂപയ്ക്ക് ഒരു കിലോ അരി കിട്ടുന്നത് ഇല്ലാതാവും, ബി.പി.എൽ. ലിസ്റ്റിൽ നിന്ന് പേര് വെട്ടുമെന്ന് ചില ഉദ്യോഗസ്ഥർ ദരിദ്രരായ ഗ്രാമീണരെ ഭീഷണിപ്പെടുത്തിയെന്നും മാഷ് പറഞ്ഞു.

പ്രദീപ് മുഖർജി

പല കുടുംബങ്ങളും ഇതോടെ പിന്മാറി പ്രക്ഷോഭത്തിൽ നിന്ന്. തൃണമൂലിൽ നിന്ന് പണം വാങ്ങി പല കുടുംബങ്ങളും പ്രതിബാദ് മഞ്ചുമായുള്ള ബന്ധം അവസാനിപ്പിച്ചു. ദാരിദ്ര്യവും ഭീഷണിയും ദുരിതങ്ങളും പലരുടേയും ചെറുത്തുനിൽപ്പ് അസാധ്യമാക്കി. 400 ഓളം സ്ത്രീകൾ ഉണ്ടായിരുന്ന സമിതി 100 ൽ താഴെ പേർ മാത്രമായി. പക്ഷേ അപ്പോഴേക്കും കാദുനി പ്രതിബാദ് മഞ്ചിന്റെ പ്രവർത്തനം മറ്റ് ഗ്രാമങ്ങളിലേക്ക് വ്യാപിച്ചിരുന്നു. അവർ ഗ്രാമങ്ങളിൽ സ്ത്രീ അതിക്രമങ്ങൾക്കെതിരെ ബോധവത്ക്കരണം നടത്തി. പക്ഷേ കാംദുനി പ്രതിരോധം പതിയെ ഇല്ലാതായി. അതിനിടെ കേസിൽ വിചാരണ നടന്നു.

ദാരുണമായ സംഭവമെന്ന് കോടതി വ്യക്തമാക്കി, മൂന്നുവർഷത്തിനുശേഷം പ്രതികളെ ശിക്ഷിച്ചു. മൂന്നുപേർക്കും വധശിക്ഷയും മൂന്നുപേർക്ക് ജീവപര്യന്തവും ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സഞ്ചിത സർക്കാർ വിധിച്ചു. പ്രാദേശിക കോടതി വിധി തള്ളാനാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. കേസ് തുടർന്നു. ഇപ്പോഴത്തെ അവസ്ഥയറിയില്ല. കേസ് ഇഴഞ്ഞുനീങ്ങിയോ, പ്രതികൾ പരോളിലിറങ്ങിയോ, കാംദുനിയിലെ കുടുംബത്തിന് നീതി കിട്ടിയോ, പ്രതിപാദ് മഞ്ചിന് എന്ത് സംഭവിച്ചുവെന്നും. കുടിലുകളും ഓടിട്ട വീടുകളും കൂടുതലുള്ള ആ ഗ്രാമത്തിൽ ഒരു കോൺക്രീറ്റ് വീട് ഉയരുന്നത് തിരിച്ച് പോരുന്ന സമയത്ത് ശ്രദ്ധയിൽ പെട്ടു. സുരോമ കോയലിന്റെ വീടിന് അടുത്ത്. പണി നടക്കുന്നതേയുള്ളൂ. അതുമാത്രമേ കോൺക്രീറ്റ് വീടായി അവിടെ കണ്ടുള്ളൂ. കേരളത്തിലേക്ക് പണിയ്ക്ക് പോകുന്ന രണ്ട് സഹോദരങ്ങളുടെ വീടായിരുന്നു അത്. ബംഗാൾ ഗ്രാമങ്ങളിൽ കേരളം സുപരിചിതമായി വരുന്ന, കൂടുതൽ ബംഗാളികൾ പണിയെടുക്കാനായി ഇവിടെ ആശ്രയിച്ചു തുടങ്ങിയ സമയം. കേരളത്തെ (അവരുടെ ഭാഷയിൽ കരേള) ഭാഗ്യദേശം പോലെ പല ഗ്രാമങ്ങളിലെ മനുഷ്യരും കണ്ടിരുന്നു എന്നതിന് പറച്ചിലാണ് സാക്ഷി. നല്ല കൂലിയുള്ള സ്ഥലമാണ്, കൂടുതൽ പേർ കരേളായിലേക്ക് പോകാൻ നിൽക്കുകയാണെന്ന് അവർ പറഞ്ഞു. പ്രദീപ് മുഖർജി മാഷിനെ കൂടി കണ്ടതോടെ മടങ്ങി. ബംഗാൾ ഗ്രാമങ്ങളിലെ മനുഷ്യരുടെ ജീവിതാവസ്ഥയുടെ തെളിച്ചമുള്ള മറ്റൊരു ചിത്രം കാണിച്ചുതന്നു അന്ന് കാംദുനി. പോയ പല യാത്രകളിൽ വേദന അവശേഷിപ്പിച്ച യാത്രയായി അത് അവസാനിച്ചു.

സ്കൂളിന് പോലീസ് കാവൽ

പലതരം വിചിത്ര നീതികളുടേതാണ് ലോകം. ഇന്ത്യയിൽ പലയിടത്തും ഇതുകാണാം. നീതി എങ്ങനെ പ്രയോഗിക്കപ്പെടും എന്ന് പറയാനാകില്ല. കാംദുനി കേസ് വിവാദമായ കാലത്താണ് ബീർഭൂമിൽ മറ്റൊരു സംഭവം അരങ്ങേറുന്നത്, സുബൽപുരിൽ. ആദിവാസി മേഖലയിലാണ് സംഭവം. ഗോത്രത്തിലെ പെൺകുട്ടിയ്ക്ക് സമുദായത്തിന് പുറത്തുള്ള ആളുമായി പ്രണയം. അവർ ഒരുമിച്ച് കഴിഞ്ഞതായി ബന്ധുക്കൾ കണ്ടെത്തി. വീട്ടുകാർക്ക് ഇഷ്ടമില്ലാത്ത ബന്ധം. നാട്ടുകാർ ഇടപെട്ടു. സമുദായാംഗങ്ങൾ നാട്ടുകൂട്ടം (സലീഷി സഭ) വിളിച്ചു വിഷയം ചർച്ച ചെയ്തു. പ്രണയബന്ധം നാട്ടുഹിതത്തിന് എതിരാണെന്ന് ഖാപ് പഞ്ചായത്ത് കണക്കെ വിധി. രണ്ടു സമുദായക്കാരായ ഇവർ ഒരുമിച്ച് കഴിഞ്ഞതിനാൽ ശിക്ഷ വേണമെന്ന് സഭ പ്രഖ്യാപിച്ചു. പ്രണയിച്ച പെൺകുട്ടിയെ ഗ്രാമത്തിലെ മറ്റ് യുവാക്കളോട് ബലാത്സംഗം ചെയ്യാനാവശ്യപ്പെട്ടു നാട്ടുകൂട്ടം. അവരത് അതേപടി അനുസരിച്ചു, ബന്ധുക്കളുടെ പിന്തുണയോടെ. സംഭവം പിടിച്ചുകുലുക്കി കൊൽക്കത്തയെ. വലിയ വാർത്ത വന്നു. ജില്ലാ ഭരണകൂടം പൊലീസിനോട് റിപ്പോർട്ട് തേടി, മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. എന്നാൽ സലീഷി സഭയുടെ തീരുമാനം ശരിയാണെന്ന് ഗ്രാമത്തിലെ സ്ത്രീകളടക്കം ഉറപ്പിച്ചു പറഞ്ഞു. പ്രതികൾക്ക് പിന്തുണ പ്രഖ്യാപിച്ചു, നാട്ടുകൂട്ടത്തിന്റെ തീരുമാനം മാറ്റാനാകില്ലെന്ന് വ്യക്തമാക്കി പ്രകടനവും നടത്തി. ബലാത്സംഗം ചെയ്ത യുവാക്കൾക്കെതിരെ പൊലീസ് കൂട്ടബലാത്സംഗത്തിന് അതിവേഗം കേസെടുത്തു. കേസില് പ്രത്യേക രാഷ്ട്രീയ സമ്മർദ്ദമില്ലാത്തതിനാൽ പ്രതികളെ പെട്ടെന്ന് പൊക്കി, അന്വേഷണം വേഗത്തിൽ നടന്നു.

ബീർഭൂമിയിൽ ആദിവാസി വിഭാഗം നടത്തിയ റാലിയിൽ നിന്ന്‌

പക്ഷേ അന്വേഷണ സംഘത്തിന് തെളിവെടുപ്പിന് വരാൻ പോലും അനുവദിക്കാത്ത തരത്തിൽ നാട്ടുകൂട്ടവും ഗോത്രസഭയും ഗ്രാമത്തിൽ തടസ്സം സൃഷ്ടിച്ചു. പരാതി നൽകിയ പെൺകുട്ടിയ്ക്ക് ആ ഗ്രാമത്തിൽ ജീവിതം തുടരാനായില്ല. കുറച്ചുനാൾ പൊലീസ് സംരക്ഷണയിൽ വീട്ടിൽ കഴിഞ്ഞു. സുരക്ഷാ പ്രശ്‌നത്തെ തുടർന്ന് അവർക്ക് സർക്കാർ മറ്റൊരു ഗ്രാമമത്തിൽ വീട് പണിതുകൊടുത്തു. അവരോട് ഗ്രാമത്തിൽ നിന്ന് ഒഴിഞ്ഞുപോകാൻ നാട്ടുകൂട്ടം ആവശ്യപ്പെട്ടിരുന്നു. പൊലീസ് സുരക്ഷയിലാണ് പരാതിക്കാരിയെ കൊണ്ടുപോയത്. പുണ്യപുരാതന കെട്ടുകഥയല്ല ഇത്, 2013 സമയത്ത് ദേശീയ മാധ്യമങ്ങൾ വാർത്തയാക്കിയ സംഭവമാണ്. കാംദുനി പെണ്ണുങ്ങൾ ബലാത്സംഗത്തിന് എതിരെ പ്രതികരിച്ചപ്പോൾ ബലാത്സംഗം ചെയ്ത യുവാക്കൾക്ക് വേണ്ടി മറ്റൊരു ഗ്രാമം തെരുവിലിറങ്ങി, സ്ത്രീകളടക്കം. അറിവില്ലായ്മയാണ് കാരണമെങ്കിലും വേദനാജനകമായ യുക്തിയെ അനീതിയെ അഭിമാനമായി കൊണ്ടുനടക്കുന്ന ലോകം നമുക്കിടയിൽ തന്നെയുണ്ട്. രണ്ട് ഗ്രാമങ്ങൾ രണ്ടുതരം പോരാട്ടവീര്യം, ഒരിടത്തെ നീതിയല്ല മറ്റൊരിടത്തിന്. മനുഷ്യൻ തോൽക്കുകയും വിചിത്രനീതികൾ ജയിക്കുകയും ചെയ്യുന്നത് പലപ്പോഴും സംഭവിക്കുന്നു, ഇന്ത്യൻ ഗ്രാമങ്ങളിൽ പലയിടത്തും, കണ്ണ് തുറന്നുനോക്കിയാൽ കാണാം. ഇതിനെല്ലാം കാലം സാക്ഷി, ചരിത്രം സാക്ഷി. ▮


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments