നമ്മൾ
ജഡ്ജ്മെൻറൽ
ആകണോ?

ജഡ്ജ്മെൻറലാകേണ്ടതില്ലെന്നാണ് പൊതുവെ ബുദ്ധിജീവിതത്തിന്റെ അഭിപ്രായം. ഉത്തരാധുനികതയുടെ എഴുത്തുകാരാണ് ഏറെ ഉറച്ച ശബ്ദത്തിൽ ഇതു പറഞ്ഞത്. ഇത് എല്ലായിടത്തും പ്രയോഗക്ഷമമായ ഒരു സമീപനമേയല്ല. ശരിയും തെറ്റും വേർതിരിക്കേണ്ട സന്ദർഭങ്ങൾ വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും നിരന്തരം നാം അഭിമുഖീകരിക്കുന്നില്ലേ?- വി. വിജയകുമാർ എഴുതുന്നു.

‘‘വിധിപ്രസ്താവങ്ങളിലേക്കു കടക്കേണ്ടതില്ല'', ''നിങ്ങളെക്കുറിച്ച് വിധി പറയാൻ ഞാൻ ആരാണ്'' എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളും ആത്മവിചാരങ്ങളും നാം ഇപ്പോൾ ഏറെ കേൾക്കുന്നുണ്ട്. ജഡ്ജ്മെൻറലാകേണ്ടതില്ലെന്നാണ് പൊതുവെ ബുദ്ധിജീവിതത്തിന്റെ അഭിപ്രായം.

ഉത്തരാധുനികതയുടെ ആശയലോകത്തിന്റെ കടന്നുകയറ്റത്തിനു ശേഷമായിരിക്കണം ഇങ്ങനെയൊരു സമീപനത്തിലേക്കു മിക്കവരും എത്തിച്ചേർന്നത്. തെറ്റും ശരിയും വേർതിരിച്ചറിയുക അസാദ്ധ്യമാണെന്നു ഉത്തരാധുനികത ഘോഷിക്കുന്നുണ്ടല്ലോ? ഉത്തരാധുനികതയുടെ എഴുത്തുകാരാണ് ഏറെ ഉറച്ച ശബ്ദത്തിൽ ഇതു പറഞ്ഞത്. കറുപ്പും വെളുപ്പുമായി കാര്യങ്ങളെ വേർതിരിക്കുന്നത് അതിന്റെ മിശ്രിതയിടങ്ങളെ, പല അനുപാതത്തിലുള്ള നരച്ച പ്രദേശങ്ങളെ കാണാതിരിക്കുന്നതിലേക്കാണ് നയിക്കുകയെന്ന സമീപനം അവർ മുന്നോട്ടുവയ്ക്കുന്നു. പ്രശ്നവൽക്കരിക്കുക വീണ്ടും പ്രശ്നവൽക്കരിക്കുക എന്നതാണ് ചെയ്യാൻ കഴിയുന്നതെന്ന് ഉത്തരാധുനികത ഉറപ്പിക്കുന്നുണ്ട്. പെട്ടെന്ന് ഏറെ ധനാത്മകമെന്നു തോന്നുന്ന ഒരു സമീപനവുമാണിത്. ഈ വാദം പ്രസക്തമാകുന്ന ഇടങ്ങളുണ്ടെന്നു തീർച്ച. ദുരധികാരത്തിനും വിഭാഗീയതക്കും എതിരായ സമീപനം അതിലുണ്ട്. എന്നാൽ കേവലമായി സ്വീകരിയ്ക്കാവുന്ന സങ്കൽപ്പനമല്ല അത്. ആപേക്ഷികവാദം അതിന്റെ അങ്ങേയറ്റത്തെത്തുമ്പോൾ സംഭവിക്കുന്ന കേവല (absolute) നിർബ്ബന്ധങ്ങൾ അതിൽ ദമിതമായിരിക്കുന്നുണ്ട്.

ശരിയും തെറ്റും വേർതിരിക്കേണ്ട സന്ദർഭങ്ങൾ വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും നിരന്തരം നാം അഭിമുഖീകരിക്കുന്നില്ലേ? മനുഷ്യജീവിതത്തെ നേരിട്ടു സ്പർശിക്കുന്ന രാഷ്ട്രീയതീരുമാനങ്ങളുടെ മണ്ഡലത്തിൽ ഈ സമീപനം മാരകമായ ഫലങ്ങളായിരിക്കും സൃഷ്ടിക്കുക.

ഉത്തരാധുനികതയുടെ ആശയലോകം സാഹിതീയ ബുദ്ധിജീവിതത്തെ ഹഠാദാകർഷിക്കുന്നതുകൊണ്ട് ഇത് ഏറെവേഗം പ്രചരിതമായത് സാഹിത്യമണ്ഡലത്തിലാണ്. എല്ലാ സാഹിത്യകൃതികളെയും സർഗ്ഗാത്മകശക്തിയായി കാണണം എന്ന ഒരു സമീപനത്തിൽ നിന്നുകൊണ്ട്, ഖണ്ഡനവിമർശനത്തെ നിരസിക്കുന്ന ഒരു പക്ഷം വളർന്നുവരുന്നതിന് ഇതു കാരണമായി. ഇതിനെ വാദിച്ചുറപ്പിക്കുന്ന വാക്കുകൾ ആരും സൈദ്ധാന്തികമായി എഴുതിയില്ലെങ്കിലും ഫലത്തിൽ ആനുഭവികലോകത്ത് ഇതു പ്രകടമായിരുന്നു.

സാഹിതീയ വ്യവഹാരങ്ങളെ പ്രശ്നവൽക്കരണത്തിനുള്ള ഉപാധികളായി കാണുമ്പോൾ സ്വാഭാവികമായും സർഗാത്മകശക്തി എന്ന നിലയ്ക്ക് അതിനെ കാണണമെന്ന് സമീപനത്തിന് പ്രസക്തിയുണ്ട്. എന്നാൽ ഇത് ഖണ്ഡനവിമർശനത്തെ നിഷേധിക്കുന്ന ഒരു സമീപനമായി വളരുന്നുണ്ടായിരുന്നു. ഇപ്പോൾ, തങ്ങളുടെ സാഹിത്യകൃതികളെ കുറിച്ച് വിമർശനാത്മകമായ സ്വരത്തിൽ സംസാരിക്കുന്നതിനെ എതിർക്കുകയോ അതിനോട് അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്യുന്ന എഴുത്തുകാരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. പ്രശംസയും അനുമോദനവും എഴുതുന്ന വാക്കുകളാൽ മാത്രം സാഹിത്യകൃതികളെ സമീപിക്കണമെന്ന് സർഗാത്മകസാഹിത്യത്തിൻറെ എഴുത്തുകാർ ആഗ്രഹിക്കുന്നു. ഈ ഇഷ്ടത്തെ നിറവേറ്റുന്ന രീതിയിൽ സാഹിത്യനിരൂപണവും വിമർശനവും അങ്ങനെയായി മാറിത്തീരുന്ന സ്ഥിതിയുമുണ്ട്.

സാഹിതീയ വ്യവഹാരങ്ങളെ പ്രശ്നവൽക്കരണത്തിനുള്ള ഉപാധികളായി കാണുമ്പോൾ സ്വാഭാവികമായും സർഗാത്മകശക്തി എന്ന നിലയ്ക്ക് അതിനെ കാണണമെന്ന് സമീപനത്തിന് പ്രസക്തിയുണ്ട്.
സാഹിതീയ വ്യവഹാരങ്ങളെ പ്രശ്നവൽക്കരണത്തിനുള്ള ഉപാധികളായി കാണുമ്പോൾ സ്വാഭാവികമായും സർഗാത്മകശക്തി എന്ന നിലയ്ക്ക് അതിനെ കാണണമെന്ന് സമീപനത്തിന് പ്രസക്തിയുണ്ട്.

ഉത്തരാധുനികതയുടെ ആശയലോകവുമായി ഈ സമീപനങ്ങൾക്കു ബന്ധമുണ്ടെന്നു പറയുമ്പോഴും സാഹിത്യകൃതികളെ അപനിർമ്മാണത്തിനു വിധേയമാക്കുന്ന ഒരു വിമർശനധാരയെ ഉത്തരാധുനികത ഉയർത്തിക്കൊണ്ടുവരികയും ചെയ്തിരുന്നു. ഇതിൻറെ ഭാഗമായി മലയാളത്തിൽ എഴുതപ്പെട്ട സാഹിത്യകൃതികളെ അപനിർമ്മിക്കുന്ന ലേഖനങ്ങളിൽ ഏറെ ശ്രദ്ധേയമായ ഖണ്ഡനവിമർശനങ്ങളുമുണ്ടെന്നു കാണാം. വി.സി. ശ്രീജന്റെ ലേഖനങ്ങൾ ഓർക്കുക. (ശ്രീജന്റെ 'മഞ്ഞ്' വിമർശനം മലയാളത്തിലെഴുതപ്പെട്ട ഏറ്റവും മികച്ച ഖണ്ഡനവിമർശനങ്ങളിലൊന്നാണ്).

അപനിർമ്മാണവാദത്തിന്റെ അതിവായനകളെയും ദുർവായനകളെയും എതിർക്കുന്ന സമീപനമായിട്ടാണ് സാഹിത്യമെഴുത്തിനെ സർഗാത്മകശക്തിയായി കാണണമെന്ന നിലപാട് അവതരിക്കുന്നതെന്നും കാണാവുന്നതാണ്. അങ്ങേയറ്റങ്ങളിൽ, ഇരുധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടു സമീപനങ്ങൾക്ക് ഉത്തരാധുനികതയുടെ സമീപനം കാരണമാകുന്നു. പല ഉത്തരാധുനികതകൾ എന്നു പറയാവുന്ന ന്യായീകരണം കൊണ്ടുമാത്രം ഒഴിവാക്കാവുന്ന പ്രവണതയല്ലിത്. കറുപ്പിനും വെളുപ്പിനും ഒപ്പം എല്ലാ അനുപാതങ്ങളിലുമുള്ള മിശ്രിതനിറങ്ങൾക്കും ഇടം അനുവദിക്കുന്ന, നന്മയ്ക്കും തിന്മയ്ക്കും ഉൾപ്പെടെ എല്ലാറ്റിനും ഇടമുള്ള അവസ്ഥ സൃഷ്ടിക്കുന്ന ഉത്തരാധുനികത ആപേക്ഷികതാവാദത്തിലാണ് നിലകൊള്ളുന്നത്.

തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന പ്രവർത്തനങ്ങൾ തെറ്റാണെന്നും ജനാധിപത്യത്തിന്റെ പാത ശരിയാണെന്നും വേർതിരിച്ച് ഉറപ്പിച്ചു പറഞ്ഞുകൊണ്ടേ രാഷ്ട്രീയപ്രക്ഷോഭത്തിലേക്കു നീങ്ങാൻ കഴിയൂ. ശരിയും തെറ്റും വ്യവച്ഛേദിക്കാതെ യുക്തിപരമായ തീരുമാനം എടുക്കാനും രാഷ്ട്രീയ പ്രവർത്തനത്തെ മുന്നോട്ടു കൊണ്ടുപോവാനും കഴിയുകയില്ല.

ശരി - തെറ്റുകളെ കുറിച്ചുള്ള വിചാരങ്ങൾ; എല്ലാ മൂല്യവിചാരങ്ങളും, സ്ഥല-കാലസന്ദർഭങ്ങളിൽ നിന്നും അടർത്തിമാറ്റി പരിശോധിക്കാവുന്നതല്ല. ഈ വിചാരങ്ങളുടെ ആപേക്ഷികമായ സ്ഥാനത്തെ ഇതു കാണിക്കുന്നുണ്ട്. സ്ഥല-കാലങ്ങളുടെ പരിമിതികളും ഭാരങ്ങളും വഹിക്കുമ്പോഴും തന്റെ ജീവിതകാലത്തോടും ചരിത്രത്തോടും നീതിപൂർവ്വം പ്രതികരിക്കുന്ന രചനകളാണ് ഭാവികാലത്തോടും സംവദിക്കുന്നതെന്നു പറയണം. സാഹിത്യകൃതികളെ സ്ഥല- കാലപ്രകരണങ്ങളിൽ നിർത്തി പരിശോധിക്കണമെന്നു പറയുന്നതിലെ യുക്തിയും ഇതാണ്.

എന്നാൽ, ആപേക്ഷികസ്വഭാവത്തെ അംഗീകരിക്കുന്നത് ആപേക്ഷികതാവാദത്തിലേക്കു വീഴുന്നതിനു കാരണമാകരുത്. ശരിയും തെറ്റും വേർതിരിക്കുക അസാദ്ധ്യമാണെന്ന സമീപനത്തെ ഗുരുതരപ്രശ്നമാക്കി മാറ്റുന്നതും ആപേക്ഷികതാവാദസമീപനമാണ്. അർത്ഥോൽപ്പാദനത്തിന്റെ മേഖലയായ സാഹിത്യത്തിൽ (സാഹിത്യത്തെ പോലെ തന്നെ തത്വചിന്ത ഉൾപ്പെടെ അർത്ഥോൽപ്പാദനത്തിൽ മുഴുകുന്ന എല്ലാ മേഖലകളിലും) ഉത്തരാധുനികതയുടെ ഈ ഇടപെടൽ ഭൗതികജീവിതത്തിൽ നേരിട്ടു പരിക്കുകളേൽപ്പിക്കുന്നതിനെ ദർശനീയമാക്കുന്നില്ല.

ഇത് എല്ലായിടത്തും പ്രയോഗക്ഷമമായ ഒരു സമീപനമേയല്ല. ശരിയും തെറ്റും വേർതിരിക്കേണ്ട സന്ദർഭങ്ങൾ വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും നിരന്തരം നാം അഭിമുഖീകരിക്കുന്നില്ലേ? മനുഷ്യജീവിതത്തെ നേരിട്ടു സ്പർശിക്കുന്ന രാഷ്ട്രീയതീരുമാനങ്ങളുടെ മണ്ഡലത്തിൽ ഈ സമീപനം മാരകമായ ഫലങ്ങളായിരിക്കും സൃഷ്ടിക്കുക.

വി.സി. ശ്രീജൻ.
വി.സി. ശ്രീജൻ.

ശരിയും തെറ്റും വേർതിരിക്കുക അസാദ്ധ്യമാണെന്നു പറഞ്ഞാൽ ഏതെങ്കിലും ഒരു നിലയെ പിന്താങ്ങിക്കൊണ്ട് മുന്നോട്ടുപോവുക അസാദ്ധ്യമാണെന്ന സ്ഥിതി സൃഷ്ടിക്കാം. ഇന്ത്യയിൽ സമകാലത്തെ ഫാഷിസവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ, തെരഞ്ഞെടുപ്പ് പ്രക്രിയകൾ അട്ടിമറിക്കപ്പെടുകയും ജനതയിലെ വലിയൊരു വിഭാഗത്തിന് (പല പ്രശസ്ത ജനാധിപത്യരാഷ്ട്രങ്ങളിലെയും മൊത്തം വോട്ടർമാരുടെ എണ്ണത്തെക്കാളും കൂടിയ ഒരു വിഭാഗമാണത്. സവിശേഷം ന്യൂനപക്ഷജനവിഭാഗങ്ങളും ദലിതുകളും ആദിവാസികളും ഉൾപ്പെടുന്നത്) വോട്ടവകാശം നിഷേധിക്കുന്ന രീതിയിൽ അവരെ വോട്ടർപ്പട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ, ഇതിനു കാരണമായ SIR പ്രക്രിയകൾ അവസാനിപ്പിക്കണമെന്നും ഈ ജനാധിപത്യധ്വംസനപരിപാടികൾക്ക് നേതൃത്വം നൽകുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിക്കാൻ വളരെ കൃത്യമായ രാഷ്ട്രീയതീരുമാനങ്ങൾ ആവശ്യമാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന പ്രവർത്തനങ്ങൾ തെറ്റാണെന്നും ജനാധിപത്യത്തിന്റെ പാത ശരിയാണെന്നും വേർതിരിച്ച് ഉറപ്പിച്ചു പറഞ്ഞുകൊണ്ടേ രാഷ്ട്രീയപ്രക്ഷോഭത്തിലേക്കു നീങ്ങാൻ കഴിയൂ. ശരിയും തെറ്റും വ്യവച്ഛേദിക്കാതെ യുക്തിപരമായ തീരുമാനം എടുക്കാനും രാഷ്ട്രീയ പ്രവർത്തനത്തെ മുന്നോട്ടു കൊണ്ടുപോവാനും കഴിയുകയില്ല.

രാഷ്ട്രീയതീരുമാനങ്ങളെടുക്കേണ്ട സന്ദർഭത്തിൽ ശരിയും തെറ്റും വേർതിരിക്കാതെ നീങ്ങുന്നത് അധികാരത്തിന്റെ ദുഷ്പ്രയോഗങ്ങളെ നിലനിർത്തുന്നതിനാണ് ത്വരകമായി തീരുക

ശരിയും തെറ്റും വേർതിരിക്കുന്നത് അസാദ്ധ്യമാണെന്ന വാദം ഇവിടെ ഫാഷിസ്റ്റു ശക്തികൾക്കും അതിന്റെ പിണിയാളുകൾക്കും സഹായകമായിത്തീരുന്നതും നിലനിൽക്കുന്ന ഭീതിദമായ അവസ്ഥയെയും അധികാരത്തെയും നിലനിർത്തുന്ന രീതിയിൽ പ്രവർത്തിക്കുന്നതുമാണ്. ആപേക്ഷികതാവാദം (Relativism) അതിൻറെ പ്രയോഗത്തിൽ കൈവല്യവാദ (Absolutism) ത്തിൽ എത്തുന്നതാണ് നാം കാണുന്നത്.

ഭൗതികവാദത്തിന്റെ യാന്ത്രികമായ വ്യാഖ്യാനങ്ങൾ; യാന്ത്രിക ഭൗതികവാദം, ആശയവാദം തന്നെയാണെന്ന മാർക്സിന്റെ സമീപനത്തോടു സദൃശീകരിക്കാവുന്ന ഒരു പ്രക്രിയ ഇവിടെ കാണാവുന്നതാണ്. ആപേക്ഷികതയെ കുറിച്ച് പറയാം, ആപേക്ഷികമായ ശരികളെയും സത്യങ്ങളെയും കുറിച്ച് പറയാം. കാര്യങ്ങളുടെ ആപേക്ഷികമായ നിലകളെ കുറിച്ചു പറയാം. അതോടൊപ്പം ആപേക്ഷികതാവാദം മറ്റൊരു തലത്തിൽ കൈവല്യവാദത്തെ സ്ഥാപിച്ചെടുക്കുന്നതിലേക്കു നയിക്കപ്പെടുന്നതാണെന്ന ബോദ്ധ്യവും ആവശ്യമുണ്ട്. രാഷ്ട്രീയതീരുമാനങ്ങളെടുക്കേണ്ട സന്ദർഭത്തിൽ ശരിയും തെറ്റും വേർതിരിക്കാതെ നീങ്ങുന്നത് അധികാരത്തിന്റെ ദുഷ്പ്രയോഗങ്ങളെ നിലനിർത്തുന്നതിനാണ് ത്വരകമായി തീരുക. ഗ്യാനേഷ്കുമാർ രാജിവെക്കുക എന്ന മുദ്രാവാക്യം ഉയർത്താൻ ശരിയും തെറ്റും വേർതിരിക്കാതെ നമുക്ക് കഴിയുകയില്ലെന്നതാണ് യാഥാർത്ഥ്യം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന പ്രവർത്തനങ്ങൾ തെറ്റാണെന്നും ജനാധിപത്യത്തിന്റെ പാത ശരിയാണെന്നും വേർതിരിച്ച് ഉറപ്പിച്ചു പറഞ്ഞുകൊണ്ടേ രാഷ്ട്രീയപ്രക്ഷോഭത്തിലേക്കു നീങ്ങാൻ കഴിയൂ.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന പ്രവർത്തനങ്ങൾ തെറ്റാണെന്നും ജനാധിപത്യത്തിന്റെ പാത ശരിയാണെന്നും വേർതിരിച്ച് ഉറപ്പിച്ചു പറഞ്ഞുകൊണ്ടേ രാഷ്ട്രീയപ്രക്ഷോഭത്തിലേക്കു നീങ്ങാൻ കഴിയൂ.

ഉത്തരാധുനികതയുടെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഏറെ മുന്നേ തന്നെ പലരും ചൂണ്ടിക്കാണിച്ചിട്ടുള്ള കാര്യമാണിത്. ഉത്തരാധുനികത രാഷ്ട്രീയപ്രവർത്തനത്തെ നിരാകരിക്കുന്ന സമീപനങ്ങളിലാണ് നിൽക്കുന്നതെന്ന വിമർശനം ഈ ലേഖകൻ തന്നെ വർഷങ്ങൾക്കു മുന്നേ എഴുതിയിട്ടുണ്ട്. 'ഉത്തരാധുനികതയുടെ മായക്കാഴ്ചകൾ' എന്ന ലേഖനത്തിലെ ചില വാക്യങ്ങൾ ഇവിടെ ഉദ്ധരിച്ചു ചേർക്കാം:
'' ഉത്തരാധുനികത പ്രയോഗത്തിൻറെ മണ്ഡലത്തിൽ എന്താണ് ചെയ്യുന്നത്? അന്തമില്ലാത്ത ബഹുത്വം, അനിശ്ചിതത്വം, വിയോജിപ്പുകൾ എന്നിവയിലൂടെ ഉറപ്പിക്കപ്പെടുന്ന ഉത്തരാധുനികതയുടെ സമീപനം സാമൂഹികാസ്തിത്വം, വിനിമയം, ഗ്രഹണം, വിശദീകരണം എന്നിവയെല്ലാം വഷളാക്കുന്ന വിധികളിലും മുറകളിലുമാണ് അവസാനിക്കുന്നത്. നിശ്ചിതത്വത്തിന് അല്പം ഇടം പോലും അനുവദിക്കാതിരിക്കുന്നതു മൂലം പ്രതിരോധപ്രവർത്തനത്തിനുള്ള എല്ലാ സാദ്ധ്യതകളും ഒഴിവാക്കപ്പെടുന്നു. എല്ലാവിധ സംഘടിതപ്രവർത്തനങ്ങളെയും നിഷേധിക്കുകയും വിമോചനപ്രവർത്തനങ്ങളെ ശകലീകരിക്കുകയും അധീശത്വത്തിന് അതിജീവനത്തിനുള്ള വഴികൾ തുറന്നുകൊടുക്കുകയും ചെയ്യുന്നു.''

സത്താവാദവിരുദ്ധത, പ്രാന്തവൽക്കരിക്കപ്പെട്ട ഗണങ്ങളെ ഉയർത്തിക്കൊണ്ടുവരുന്ന സമീപനം എന്നിങ്ങനെയുള്ള ഉത്തരാധുനികതയുടെ പ്രവണതകൾ ധനാത്മകമാണെങ്കിലും പ്രതിരോധരാഷ്ട്രീയത്തെ ഉദാസീനമാക്കുന്ന ഉത്തരാധുനികതയുടെ പ്രവണത ഏറെ പ്രതിലോമകരമാണ്.


Summary: V. Vijayakumar questions whether we should always avoid judging, arguing that there are situations in personal and social life where distinguishing right from wrong is necessary.


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും, നീർമാതളത്തിന്റെ പൂവ് തുടങ്ങിയവ പ്രധാന കൃതികൾ.

Comments