സാര്‍വ്വത്രിക വോട്ടവകാശം: സംഘപരിവാറിന്റെ പഴയ ഖേദവും പുതിയ യാഥാര്‍ത്ഥ്യങ്ങളും

'ഇന്ത്യയിലെ സാര്‍വ്വത്രിക വോട്ടവകാശത്തിന്റെ പരാജയത്തെ ഏറ്റുപറയാന്‍ പണ്ഡിറ്റ് നെഹൃ ജീവിച്ചിരിക്കും' എന്ന് ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ മുമ്പ് എഴുതിയിരുന്നു. മഥുരയില്‍ മുസ്‍ലിം വോട്ടര്‍മാരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ചുള്ള വാര്‍ത്തകളും സൂറത്തിലും ഇന്‍ഡോറിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കൂറുമാറ്റി ഭാ.ജ.പാ ഏകപക്ഷീയ വിജയം നേടുന്നതായ വാര്‍ത്തകളും സാര്‍വ്വത്രിക വോട്ടവകാശത്തെ കുറിച്ചുള്ള ആര്‍ എസ് എസിന്റെ പഴയ നിരീക്ഷണത്തിന്റെ കാതല്‍ എന്താണെന്നു വെളിവാക്കുന്നുണ്ട്- വി. വിജയകുമാർ എഴുതുന്നു.

പ്രശസ്ത ചരിത്രകാരനായ രാമചന്ദ്രഗുഹ കഴിഞ്ഞയാഴ്ച എഴുതിയ ലേഖനത്തില്‍, ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ഇന്ത്യയിലെ സാര്‍വ്വത്രിക വോട്ടവകാശത്തെ കുറിച്ചു നടത്തിയ ഒരു പരാമര്‍ശം ഉദ്ധരിക്കുന്നുണ്ട്: ‘‘ഇന്ത്യയിലെ സാര്‍വ്വത്രിക വോട്ടവകാശത്തിന്റെ പരാജയത്തെ ഏറ്റുപറയാന്‍ പണ്ഡിറ്റ് നെഹ്റു ജീവിച്ചിരിക്കും’’ എന്നാണ് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുഖപത്രം അന്ന് എഴുതിയത്. സാര്‍വ്വത്രിക വോട്ടവകാശത്തിന് ജവഹർലാലിനോടെന്ന പോലെയോ അതിലുപരിയായോ ഡോ. അംബേദ്കറോട് ഇന്ത്യന്‍ ജനത കടപ്പെട്ടിരിക്കുന്നുവെന്ന കാര്യത്തെ ആര്‍ എസ് എസ് നിരീക്ഷണം മറയ്ക്കുന്നുണ്ടെന്ന് ആദ്യമേ പറയണം. അവരുടെ ഈ ആഗ്രഹപ്രകടനത്തെ വിഫലമാക്കുന്ന കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്.

ഇന്ത്യയിലെ ജനങ്ങളുടെ എല്ലാ പരിമിതികള്‍ക്കിടയിലും ലോകത്തില്‍ ഏറ്റവുമധികം ജനങ്ങള്‍ വോട്ടവകാശം ഉപയോഗിക്കുന്ന രാജ്യമായും ദീര്‍ഘകാലം ഭരിച്ചിരുന്ന രാഷ്ട്രീയകക്ഷിയെ ഭരണത്തില്‍ നിന്ന് നിഷ്‌കാസിതമാക്കാന്‍ വോട്ടവകാശം ഉപയോഗിക്കുന്ന ജനതയായും വളരാന്‍ അതിനു കഴിഞ്ഞിരുന്നു. അമിതാധികാര പ്രവണതകള്‍ പ്രകടിപ്പിക്കുകയും എഴുപതുകളില്‍ രാജ്യത്ത് രണ്ടു വര്‍ഷത്തോളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത പ്രധാനമന്ത്രിയെ; ഇന്ദിരാഗാന്ധിയെ, വോട്ടെടുപ്പിലൂടെ തന്നെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ ജനാധിപത്യം അംബേദ്ക്കറുടെയും പണ്ഡിറ്റ് നെഹ്‌റുവിന്റെയും ദീര്‍ഘദര്‍ശിത്വത്തെ വിജയിപ്പിക്കുകയായിരുന്നു. ആര്‍ എസ് എസ് മുഖപത്രത്തിന്റെ വാക്കുകളെ ഇന്ത്യന്‍ ജനത പരാജയപ്പെടുത്തുമ്പോള്‍, ഇന്ദിരാഗാന്ധിയുടെ പരാജയത്തിന്റെ ഗുണഭോക്താക്കളാകാന്‍ ആര്‍. എസ്. എസിന്റെ പ്രതിനിധികള്‍ കൂടിയുണ്ടായിരുന്നു.

മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി
മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി

ഇന്ത്യയിലെ സാര്‍വ്വത്രിക വോട്ടവകാശത്തെ കുറിച്ച് ആര്‍ എസ് എസ് മുഖപത്രം നടത്തിയ വിമര്‍ശനം ഇതരരൂപങ്ങളില്‍ മറ്റ് പലരും പറഞ്ഞിട്ടുണ്ട്. അധികാരകൈമാറ്റക്കാലത്തെ ഇന്ത്യന്‍ ജനത ജനാധിപത്യവ്യവസ്ഥയെ സ്വീകരിക്കാന്‍ പാകമായിട്ടില്ലെന്ന നിരീക്ഷണങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ജന്മിത്തത്തിന്റെ വലിയ അധീശത്വത്തിനു കീഴ്‌പ്പെട്ടു നില്‍ക്കുന്ന നിരക്ഷരരായ മനുഷ്യര്‍ക്ക് സാര്‍വ്വത്രിക വോട്ടവകാശത്തിന്റെ യഥാര്‍ത്ഥ മൂല്യങ്ങളെ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന വിശകലനങ്ങള്‍ ഏറെയായിരുന്നു. പണാധിപത്യം ജനാധിപത്യത്തെ വിഴുങ്ങിക്കളയുമെന്ന ഉല്‍ക്കണ്ഠകളും ഉയരുന്നുണ്ടായിരുന്നു. ജന്മിത്തവും നിരക്ഷരതയും പണാധിപത്യവുമെല്ലാം പല തോതുകളില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഘടകങ്ങളായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ക്ക് അതിന്റെ പ്രവര്‍ത്തനമണ്ഡലം തുറക്കാനുള്ള സാധ്യതകള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നുവെന്നാണ് 1977ലെ തെരഞ്ഞെടുപ്പ് നന്നായി തെളിയിച്ചത്.

ഇന്ത്യയിലെ സാര്‍വ്വത്രിക വോട്ടവകാശത്തെ കുറിച്ച് ആര്‍ എസ് എസ് മുഖപത്രം നടത്തിയ വിമര്‍ശനം ഇപ്പോള്‍ പരാമര്‍ശിക്കുകയും അതിനെ കുറിച്ച് എഴുതുകയും ചെയ്യുന്നതിന് സവിശേഷ സാംഗത്യമുണ്ട്. ഇന്ത്യന്‍ ജനതയെ മൂടിയിരുന്ന നാടുവാഴിത്ത വ്യവസ്ഥയോ നിരക്ഷരതയോ ആയിരുന്നില്ല ആര്‍ എസ് എസ് മുഖപത്രത്തിന്റെ പ്രതികരണത്തിന്റെ പ്രാഥമിക പ്രേരണയെന്ന് ഇപ്പോള്‍ നമുക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. മറിച്ച്, ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ഇന്ത്യന്‍ സമൂഹത്തില്‍ പ്രചരിതമായാലുണ്ടാകുന്ന ശേഷപ്രഭാവങ്ങളെ കുറിച്ച് അത് ഏറെ ഭയപ്പെട്ടിരുന്നു. സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണവും നാടുവാഴിത്ത വ്യവസ്ഥയുടെ തകര്‍ച്ചയും ഇന്ത്യന്‍ സമൂഹത്തില്‍ ദീര്‍ഘകാലമായി സാക്ഷാത്കൃതമായിരിക്കുന്ന ബ്രാഹ്‌മണ്യമൂല്യങ്ങള്‍ക്ക് തകര്‍ച്ചയുണ്ടാക്കുമെന്ന ആശങ്കയും ഭീതിയുമായിരുന്നു ആര്‍ എസ് എസിന്റെ പ്രതികരണത്തിന്റെ കാരണമെന്നു ഇപ്പോള്‍ ഉറപ്പിച്ചു പറയാം. ആര്‍ എസ് എസിന്റെ പ്രത്യയശാസ്ത്രവും അതിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ലക്ഷ്യങ്ങളും ഗ്രഹിച്ചവര്‍ക്ക് ഇക്കാര്യം അന്നേ നിരൂപിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ഇപ്പോള്‍, കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ സംഘപരിവാര്‍ നേതൃത്വത്തിലുള്ള ഭരണം പ്രത്യക്ഷത്തില്‍ തന്നെ ആര്‍ക്കും ഗ്രഹിക്കാവുന്ന കാര്യമായി അതിനെ മാറ്റിത്തീര്‍ത്തിട്ടുണ്ട്.

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ യൂണിയന്‍ ഭരണം സംഘപരിവാര്‍ കക്ഷിക്ക് സ്വയം ഭൂരിപക്ഷത്തോടെ ഭരിക്കാന്‍ ലഭിച്ച അവസരമായിരുന്നു. ഇന്ത്യന്‍ സമൂഹത്തില്‍ നേരിയ അളവിലെങ്കിലും സ്ഥാപിതമായിരുന്ന ജനാധിപത്യമൂല്യങ്ങളെ അട്ടിമറിക്കുന്നതിനും രാഷ്ട്രത്തിലെ ജനാധിപത്യസ്ഥാപനങ്ങളെ ഒന്നൊന്നായി ശിഥിലീകരിക്കുന്നതിനും തകര്‍ക്കുന്നതിനുമാണ് ഈ ഭരണം ശ്രമിച്ചത്. ഇന്ത്യാ രാഷ്ട്രം സംസ്ഥാനങ്ങളുടെ ഒരു യൂണിയന്‍ എന്ന നിലയിലാണ് സ്ഥാപിതമായിരിക്കുന്നതെന്നും ഫെഡറലിസം അതിന്റെ അടിസ്ഥാനമൂല്യമാണെന്നും പരിഗണിക്കാതെ സംസ്ഥാന സര്‍ക്കാരുകളുടെ അവകാശങ്ങളെ കവരുന്നതിനും അവയെ സാമ്പത്തികമായും മറ്റും സമ്മര്‍ദ്ദത്തിലാക്കുന്നതിനും സംസ്ഥാനങ്ങളില്‍ പാവസര്‍ക്കാരുകളെ പ്രതിഷ്ഠിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു. 'ഇന്ത്യയിലെ സാര്‍വ്വത്രികവോട്ടവകാശത്തിന്റെ പരാജയത്തെ ഏറ്റുപറയാന്‍ പണ്ഡിറ്റ് നെഹ്റു ജീവിച്ചിരിക്കും' എന്നു പ്രഖ്യാപിച്ചവര്‍ സാര്‍വ്വത്രിക വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികളെ പണം കൊടുത്തും സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്തും കേന്ദ്രത്തിലെ ഭരണകക്ഷിയിലേക്ക് മാറ്റുന്നത് നിരവധി തവണയായി ആവര്‍ത്തിക്കുന്നു. അസത്യവും അഴിമതിയും സ്വജനപക്ഷപാതവും വര്‍ഗീയതയും എല്ലാ ഭരണസ്ഥാപനങ്ങളെയും കീഴടക്കിയിരിക്കുന്നു. സാര്‍വ്വത്രിക വോട്ടവകാശത്തെ സുതാര്യമായ രീതിയില്‍ നടപ്പിലാക്കാന്‍ ബാധ്യതയുള്ള ഇലക്ഷന്‍ കമീഷനെ ഭരണകൂടം നോക്കുകുത്തിയാക്കി മാറ്റിയിരിക്കുന്നു. ഇലക്ഷന്‍ കമ്മീഷന്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന പാനലില്‍ നിന്ന് ചീഫ് ജസ്റ്റീസിനെ നീക്കം ചെയ്യുകയും ഭരണകൂട താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന കമ്മീഷനെ പ്രതിസ്ഥാപിക്കുകയും ചെയ്യുന്നു. ഭരണകക്ഷിക്കും പ്രധാനമന്ത്രിക്കും എതിരെ ഉയരുന്ന ആരോപണങ്ങളുടെ പേരില്‍ അവര്‍ക്ക് നോട്ടീസ് അയക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തോട് കമ്മീഷന്‍ നിശബ്ദമാകുന്നു. വോട്ടിങ് മെഷീനെ കുറിച്ച് വ്യാപകമായി ഉയർന്ന ആശങ്കകള്‍ പരിഹരിക്കുന്ന സുതാര്യവും ജനാധിപത്യപരവുമായ സമീപനം സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പു കമീഷന്‍ സന്നദ്ധമാകുന്നില്ല. വിവി പാറ്റുകള്‍ എണ്ണി കൂടുതല്‍ സുതാര്യമായ തെരഞ്ഞെടുപ്പു പ്രക്രിയ നടപ്പിലാക്കണമെന്ന പ്രതിപക്ഷത്തിന്റെയും പൗരാവകാശപ്രവര്‍ത്തകരുടെയും ആവശ്യത്തോട് തെരഞ്ഞെടുപ്പു കമ്മീഷന്‍ ധനാത്മകമായല്ല പ്രതികരിച്ചത്.

ഡോ. ബി.ആര്‍. അംബേദ്കര്‍
ഡോ. ബി.ആര്‍. അംബേദ്കര്‍

നീതിന്യായ വ്യവസ്ഥയും ഈ സ്ഥിതിയില്‍ നിന്നും മുക്തമല്ല. കോടതിയില്‍ നിന്നും ഭരണഘടനാപരമായ മൂല്യങ്ങള്‍ നീക്കം ചെയ്യപ്പെടുകയും ബ്രാഹ്‌മണ്യമതത്തിന്റെ മൂല്യങ്ങളെ പകരം പ്രതിഷ്ഠിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് രാജ്യമെമ്പാടും നടന്നു കൊണ്ടിരിക്കുന്നത്. കോടതിവിധിയില്‍ മനുസ്മൃതിയില്‍ നിന്ന് നേരിട്ട് ഉദ്ധരിക്കുന്ന സന്ദര്‍ഭങ്ങള്‍ വരെ സൃഷ്ടിക്കപ്പെടുന്നു. ബ്രാഹ്‌മണര്‍ കൊല ചെയ്യില്ലെന്നും ബലാത്സംഗം ചെയ്യില്ലെന്നും മറ്റും വിധിക്കുന്ന ജഡ്ജിമാരെ കുറിച്ചു നാം പത്രങ്ങളില്‍ വായിക്കുന്നു. വോട്ടിങ് മെഷീനെ കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനായി സുപ്രീംകോടതിയില്‍ വന്ന കേസിലെ വിധിയും ജനാധിപത്യവാദികളെ സംബന്ധിച്ച് ഏറെ നിരാശാജനകമായിരുന്നു. മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായ കെ. അശോക് വര്‍ദ്ധന്‍ ഷെട്ടി ഇക്കാര്യത്തില്‍ ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് പാലിക്കേണ്ടതെന്നു ചൂണ്ടിക്കാട്ടി എഴുതിയ ലേഖനത്തില്‍, വോട്ടിങ് മെഷീന്‍ എണ്ണലും വിവി പാറ്റ് എണ്ണലും തമ്മിലുള്ള വ്യത്യാസം 0.1%-ല്‍ താഴെ വരുന്ന നിലയില്‍, ശരിയായ സാമ്പിളിങ് നടത്തിയ 99.9% കൃത്യമായ സ്റ്റാറ്റിസ്റ്റിക്കല്‍ സംവിധാനമാണ് ഇന്ത്യക്കു വേണ്ടതെന്നു നിര്‍ദ്ദേശിക്കുന്നുണ്ട്. ഈ രണ്ടു രീതിയിലുള്ള എണ്ണലും വോട്ടെണ്ണല്‍ ദിവസം തന്നെ നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. എന്നാല്‍, സുപ്രീംകോടതി വിധിയെ പ്രതിപക്ഷത്തിനു കിട്ടിയ പ്രഹരമായി വ്യാഖ്യാനിക്കുന്ന പ്രധാനമന്ത്രി വോട്ടിങ് പ്രക്രിയയില്‍പങ്കെടുക്കുന്ന എല്ലാവര്‍ക്കും ബോധ്യപ്പെടുന്ന രീതിയില്‍ സുതാര്യമായ ഒരു സംവിധാനത്തെ താല്‍പ്പര്യപ്പെടുന്നില്ലെന്നു വേണം കരുതാന്‍. ഉത്തരപ്രദേശിലെ മഥുര നിയോജകമണ്ഡലത്തില്‍ മുസ്‍ലിം വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ചുള്ള വാര്‍ത്തകളും സൂറത്തിലും ഇന്‍ഡോറിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കൂറുമാറ്റി ഭാ.ജ.പാ ഏകപക്ഷീയ വിജയം നേടുന്നതായ വാര്‍ത്തകളും ഇന്ത്യയിലെ സാര്‍വ്വത്രിക വോട്ടവകാശത്തെ കുറിച്ചുള്ള ആര്‍ എസ് എസിന്റെ പഴയ നിരീക്ഷണത്തിന്റെ കാതല്‍ എന്താണെന്നു വെളിവാക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കെതിരെ പ്രത്യക്ഷ ആക്രമണങ്ങള്‍ നടത്തുകയും വെറുപ്പു പ്രചരിപ്പിക്കുകയും അവരില്‍ ഭീതിയും അരക്ഷിതത്വവും വളര്‍ത്തുകയും ചെയ്ത് സംഘപരിവാര്‍ ഹിന്ദുരാഷ്ട്രത്തെ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. 22 കോടിയോളം വരുന്ന ഒരു വലിയ വിഭാഗം ജനങ്ങളെ അരക്ഷിതത്വത്തിലും ഭയത്തിലും നിര്‍ത്തി ഒരു രാജ്യത്തിന് സമാധാനത്തോടെയും ശ്രേയസ്‌കരമായ രീതിയിലും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നു കരുതുന്നതിലെ മൗഢ്യം അതു ചെയ്യുന്നവര്‍ക്കൊഴികെ ആര്‍ക്കുമേ ബോധ്യപ്പെടാവുന്നതെയുള്ളു.

രാജ്യത്തെ മുഴുവന്‍ ജനങ്ങളേയും സമാധാനരാഹിത്യത്തിലേക്കും ഭീതിയിലേക്കും നയിക്കുന്ന പ്രവര്‍ത്തനമാണിത്. ഇന്ത്യയെ ഭയത്തില്‍ജീവിക്കുന്ന രാജ്യമായി മാറ്റിക്കഴിഞ്ഞിരിക്കുന്നു. ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്റെയും ജീവിതസന്തോഷത്തിന്റെയും സമാധാനാന്തരീക്ഷത്തിന്റെയും സൂചികകളില്‍ ഏറ്റവും നീചമായ നിലയിലുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ എത്തിപ്പെടുകയും ചെയ്തിരിക്കുന്നു.

വോട്ടിങ് മെഷീനെ കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനായി സുപ്രീംകോടതിയില്‍ വന്ന കേസിലെ വിധിയും ജനാധിപത്യവാദികളെ സംബന്ധിച്ച് ഏറെ നിരാശാജനകമായിരുന്നു.
വോട്ടിങ് മെഷീനെ കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനായി സുപ്രീംകോടതിയില്‍ വന്ന കേസിലെ വിധിയും ജനാധിപത്യവാദികളെ സംബന്ധിച്ച് ഏറെ നിരാശാജനകമായിരുന്നു.

സംഘപരിവാറിനോ അതിന്റെ സര്‍ക്കാരിനോ ജനാധിപത്യമൂല്യങ്ങളോട് ഒരു താല്‍പ്പര്യവുമില്ല. 'ഇന്ത്യയിലെ സാര്‍വ്വത്രിക വോട്ടവകാശത്തിന്റെ പരാജയത്തെ ഏറ്റുപറയാന്‍ പണ്ഡിറ്റ് നെഹൃ ജീവിച്ചിരിക്കും' എന്ന് ഒരിക്കല്‍ പ്രഖ്യാപിച്ചവര്‍ സാര്‍വ്വത്രികവോട്ടവകാശത്തിന്റെ പരാജയം ഉറപ്പിക്കാന്‍ ഭരണകൂടാധികാരവും കോര്‍പ്പറേറ്റുകളുടെ ധനശക്തിയും ലജ്ജാലേശമന്യേ ഉപയോഗിക്കുന്നതാണ് നാം ഇപ്പോള്‍ കാണുന്നത്.

അവലംബം:
1. Ramachandra Guha: Why 2024 is India's most important election since 1977, Scroll.in, April 21, 2024.
2. The EVM - VV PAT case judgement is disappointing, K Ashok Vardhan Shetty, The Hindu News Paper, April 30, 2024.
3. In Mathura Muslims say they were denied their Vote, Ayush Tiwari, Scroll.in, April 30, 2024.


Summary: v vijayakumar writes about the RSS's stance on elections


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments