ഒരു ജനാധിപത്യരാജ്യത്തിലെ പൗരന് എന്ന നിലയ്ക്ക് ആ രാജ്യത്തെ ഭരണവ്യവസ്ഥയെയും ഭരണകൂടസ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും വിമർശിക്കാനുള്ള അവകാശം ഒരാൾക്കുണ്ടെന്ന വിശ്വാസത്തിലാണ് ഈ ലേഖനം എഴുതുന്നത്.
ഇന്ത്യയിലെ നീതിന്യായസംവിധാനങ്ങള്‍ ഇത്രയേറെ അപചയിക്കപ്പെട്ട ഒരു കാലം അധികാരക്കൈമാറ്റാനന്തരം ഉണ്ടായിട്ടില്ലെന്നു കരുതേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ പരമോന്നത നീതിന്യായസംവിധാനങ്ങളുടെ പരിമിതിയെ കുറിച്ചും അവയ്ക്കു സംഭവിച്ചേക്കാവുന്ന അപചയങ്ങളെ കുറിച്ചും ഭരണഘടനാശില്പികൾക്കു തന്നെ ബോദ്ധ്യമുണ്ടായിരുന്നു. അത് വരേണ്യരുടെയും സമ്പന്നരുടെയും താല്‍പ്പര്യങ്ങളെ മാത്രം സേവിക്കുന്ന ഒലിഗാര്‍ക്കിയായി മാറിത്തീരാനുള്ള സാദ്ധ്യതകൾ അവർ മുന്നിൽ കണ്ടിരുന്നു. അത് അങ്ങനെ തന്നെ സംഭവിക്കുകയാണുണ്ടായതെന്ന് ആദ്യകാലത്തെ ചരിത്രം മുതല്‍ പരിശോധിച്ചാല്‍ കാണാവുന്നതാണ്.
കമ്മ്യൂണിസ്റ്റുകളുടെ 'ബൂര്‍ഷ്വാ കോടതി തുലയട്ടെ' എന്ന മുദ്രാവാക്യവും നീതിന്യായവ്യവസ്ഥയിലെ പ്രാതിനിധ്യത്തിനുവേണ്ടി ദലിത്, പിന്നാക്ക, ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ ഉയര്‍ത്തിയ സമ്മര്‍ദ്ദങ്ങളും ഈ സ്ഥിതിയോടുള്ള പ്രതികരണങ്ങളായിരുന്നു. എഴുപത്തിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എല്ലാ ജനവിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയ്ക്ക് കഴിയുകയുണ്ടാകില്ല. എങ്കിൽ തന്നെയും, മോദി സർക്കാരിന്റെ അധികാരാരോഹണകാലത്തിനു മുമ്പു വരെ ന്യായത്തിന്റെയും നീതിയുടെയും ജനാധിപത്യത്തിന്റെയും പ്രതീതികൾ സൃഷ്ടിക്കാനെങ്കിലും ഇന്ത്യൻ നീതിന്യായവ്യവസ്ഥയ്ക്കു കഴിയുന്നുണ്ടായിരുന്നു.
രാജ്യത്തെ പ്രധാനപ്പെട്ട സ്വയംഭരണസ്ഥാപനങ്ങൾ - അത് തെരഞ്ഞെടുപ്പു കമ്മീഷനോ കോടതിയോ പബ്ലിക് സർവീസ് കമ്മീഷനോ, ഏതുമാകട്ടെ- അവയ്ക്ക് ഭരണകൂടതാല്പര്യങ്ങൾക്കു പുറത്ത് ജനാധിപത്യപരവും ജനകീയവുമായ ഉത്തരവാദിത്തങ്ങളും താൽപര്യങ്ങളും ഉണ്ടെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ മോദി സർക്കാരിന്റെ അധികാരാരോഹണത്തിനു ശേഷം ഇത് മിക്കവാറും തകിടം മറിയുന്നു. മോദി സർക്കാർ നേരിട്ടാണ് കോടതികളിലെ ജഡ്ജിമാരെയും ജസ്റ്റിസ്മാരെയും നിയമിക്കുന്നതെന്ന് ആരോപിക്കപ്പെടുന്നിടത്തോളം ഇപ്പോള്‍ അത് എത്തിച്ചേർന്നിരിക്കുന്നു.

സർക്കാർ താൽപര്യങ്ങൾക്കനുസരിച്ചാണ് നീതിന്യായവ്യവസ്ഥ ചലിക്കുന്നതെന്ന തോന്നൽ പൗരരില്‍ സൃഷ്ടിക്കുന്ന നിരവധി സന്ദർഭങ്ങൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഭരണഘടനാമൂല്യങ്ങൾക്കു പുറത്തുനിന്നുകൊണ്ട് മതഗ്രന്ഥങ്ങളും മറ്റും ഉദ്ധരിച്ച് വിധികളെ ന്യായീകരിക്കുന്ന ജഡ്ജിമാരെ നാം കാണുന്നു. വിഭാഗീയമെന്നു തോന്നുന്ന രീതിയിൽ പലപ്പോഴും വിധികൾ പ്രസ്താവിക്കപ്പെടുകയും വിചാരണ പോലുമില്ലാതെ നിരപരാധികളായ മനുഷ്യർ ജയിലിൽ അടയ്ക്കപ്പെടുകയും വർഷങ്ങളോളം ജയില്‍വാസത്തിനു ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. നീതിന്യായവ്യവസ്ഥ അതില്‍ തരിമ്പും ഉല്ക്കണ്ഠമാകുന്നതു പോലുമില്ല. കുറ്റവാളികളെന്ന് പൊതുസമൂഹം കൃത്യമായും ഉറപ്പിച്ചു കഴിഞ്ഞിട്ടുള്ളവർ രക്ഷപ്പെടുന്നതിന്റെ വിവരങ്ങളും ഉണ്ട്. കൂട്ടക്കൊലകൾ ആസൂത്രണം ചെയ്ത 'സംസ്കാരസംഘടന'കൾ വരെ ഇങ്ങനെ രക്ഷപ്പെടുന്നവരിലുണ്ട്. തന്റെ ദൈവം നിർദ്ദേശിച്ചതനുസരിച്ച് വിധി പ്രഖ്യാപിക്കുന്ന പരമോന്നതകോടതിത്തലവനെ കുറിച്ച് അടുത്തകാലത്തു നാം കേൾക്കുകയുണ്ടായി.
നീതി സാമാന്യജനത്തിന് അന്യമാവുകയും നീതിന്യായസംവിധാനം ഭരണത്തിലിരിക്കുന്നവര്‍ക്കും സമൂഹത്തിലെ വരേണ്യന്യൂനപക്ഷത്തിനും വേണ്ടി മാത്രമായി മാറിത്തീരുന്നതും കൂടുതൽ നന്നായി സ്പർശിച്ചറിയാവുന്ന രീതിയിൽ നന്നായി തെളിഞ്ഞുവന്ന കാലമാണിത്. കോടതി ഭരണകൂടതാല്പ്പര്യങ്ങളെ രക്ഷിക്കുമെന്നുറപ്പുള്ള ഭരണകൂടത്തിന്റെ അപ്പോസ്തലന്മാര് ചെയ്യുന്നതു കൂടി ശ്രദ്ധിക്കുക. നാവെടുത്താല്‍ കോടതിയില്‍ പോകാനാണ് അവര്‍ പറയുന്നത്. നിയമനിർമ്മാണത്തിലൂടെയോ എക്സിക്യൂട്ടീവിലൂടെയോ ലഭ്യമാകാത്ത സ്വാഭാവികനീതി (അത് അങ്ങനെ ലഭ്യമാക്കാന്‍ ഭരണകൂടം ഉദ്ദേശിക്കുന്നില്ലെന്നു കൂടി ഇതിനര്‍ത്ഥമുണ്ട്) ലഭിക്കുന്നതിന് കോടതിയിൽ പോകാൻ ജനതയോട് യാതൊരു ഉളുപ്പുമില്ലാതെ ആക്രോശിക്കുന്നു, അവര്‍. കോടതി ഭരണകൂടത്തിന്റെ വാലായി മാറി ഈ അപ്പോസ്തലന്മാരുടെ ആത്മവിശ്വാസത്തെ വര്‍ദ്ധിപ്പിക്കുന്നു.
പരമോന്നത കോടതിയിലെ അഭിഭാഷകർക്ക് കോടതിയിൽ ചെല്ലുന്നത് മനംമടുപ്പിക്കുന്ന, അസഹനീയമായ കാര്യമാണെന്നു തുറന്നുപറയേണ്ട സ്ഥിതിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. കപില്‍ സിബലിനെ പോലെ വളരെ സീനിയറായ ഒരു അഭിഭാഷകനാണ് ഇങ്ങനെ പറഞ്ഞത്. മറ്റൊരു സീനിയർ അഭിഭാഷകൻ, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ചെയ്തികളെ കുറിച്ചു മാന്യമല്ലാത്ത രീതിയിൽ സംസാരിക്കുകയും മാധ്യമപ്രവർത്തകർ അത് 'അണ്‍പാര്‍ലമെന്ററി'യാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുമ്പോൾ, പാർലമെന്ററിവ്യവസ്ഥകള് പോലും ഇല്ലാത്ത സ്ഥിതിയില്‍ അണ്‍പാർലമെന്ററി എന്ന വാക്കിന് എന്തു പ്രസക്തിയെന്ന് പ്രതികരിക്കേണ്ടിവരുന്നു. നമ്മുടെ രാജ്യത്തിന്റെ പരമോന്നതനീതിന്യായവ്യവസ്ഥ എത്തിപ്പെട്ടിരിക്കുന്ന ദുരന്താവസ്ഥയെയാണ് ഇതു കാണിക്കുന്നത്
ഇതിന്റെ ഏറ്റവും ഭീകരമായ സ്ഥിതി മനസ്സിലാക്കാൻ കഴിയുന്നത് രാജ്യത്തെ ജനതയുടെ ഏറ്റവും മർമ്മപ്രധാനമായ അവകാശത്തെ - വോട്ടു ചെയ്യാനുള്ള അവകാശത്തെ, വോട്ടിലൂടെ തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവകാശത്തെ- നിഷേധിക്കുന്ന രീതിയിൽ ഏതാണ്ട് 13 കോടിയിലേറെ പൗരരുടെ വോട്ടവകാശം തെരഞ്ഞെടുപ്പ് കമ്മീഷൻ ഒട്ടും നിയമപരമല്ലാത്ത ഒരു പ്രക്രിയയിലൂടെ, അഴിമതി നിറഞ്ഞതും ഭരണകൂടതാൽപര്യങ്ങളാൽ പ്രേരിതവുമായ ഒരു പദ്ധതിയിലൂടെ, നിഷേധിച്ചപ്പോൾ രാജ്യത്തിന്റെ പരമോന്നതകോടതിക്ക് ഇന്നേവരെ അതില്‍ സാർത്ഥകമായി ഇടപെടാൻ കഴിഞ്ഞിട്ടില്ലെന്ന കാര്യമാണ്.

ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് SIR നടപ്പിലാക്കുന്നതെന്ന് തെരഞ്ഞെടുപ്പു കമ്മീഷനോടു ചോദിക്കാന്‍ പരമോന്നതകോടതി തയ്യാറായില്ല. അങ്ങനെയൊരു ചോദ്യം തന്നെ SIR പദ്ധതിയെ അവസാനിപ്പിക്കുമായിരുന്നുവെന്നും ബീഹാറിലോ ബംഗാളിലോ നടന്നതുപോലുള്ള വോട്ടുകൊള്ളകള് അസാദ്ധ്യമാകുമായിരുന്നുവെന്നും ഈ വിഷയത്തില്പാണ്ഡിത്യമുള്ളവര് പറയുന്നു. വോട്ടവകാശം നിഷേധിക്കപ്പെട്ട ഇന്ത്യയിലെ സാധാരണക്കാരായ പൗരർക്ക് ഈ വിഷയത്തിന്റെ പേരിൽ കോടതിയെ സമീപിക്കുകയെന്നത് അസാധ്യമായ കാര്യമാണെങ്കിൽ തന്നെയും, യുവജനസംഘടനകളും സന്നദ്ധസംഘടനകളും പ്രതിപക്ഷവും ഒക്കെ പലരീതികളിൽ ഈ പ്രശ്നത്തെ കോടതിയുടെ മുമ്പിൽ എത്തിക്കുകയും ജനതയുടെ മര്‍മ്മപ്രധാനമായ അവകാശങ്ങൾക്കു വേണ്ടി സംസാരിക്കുകയും ചെയ്തിരുന്നു.
എന്നാൽ, കോടതി അവയെ ഏതെങ്കിലും തരത്തിൽ മുട്ടുന്യായങ്ങള്‍ കൊണ്ട് ഒഴിവാക്കുന്ന സമീപനമാണ് സ്വീകരിച്ചത്. എങ്ങനെ ഭരണകൂടത്തിനുവേണ്ടി പ്രവർത്തിക്കണമെന്നതില്‍ ഗവേഷണം നടത്തുകയാണോ പരമോന്നതമായ നീതിന്യായസംവിധാനം എന്നു സന്ദേഹിക്കേണ്ടിവരുന്നിടത്തോളം ഗുരുതരമായ സ്ഥിതിയാണ് സൃഷ്ടിക്കപ്പെട്ടത്. ഇപ്പോൾ, ജനതയുടെ വോട്ടവകാശത്തിന്റെ പ്രശ്നം ഉന്നയിച്ച്, ഇതിനു കാരണക്കാരായ ഉദ്യോഗസ്ഥന്മാര് പുറത്തു പോകണമെന്നും ജനങ്ങളുടെ വോട്ടിങ് അവകാശത്തെ നിഷേധിക്കുന്നതിനു കാരണമായ പ്രക്രിയകളും പരിപാടികളും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യുവജനങ്ങളടക്കം വലിയൊരു ജനവിഭാഗം പ്രക്ഷോഭത്തിലേക്കു നീങ്ങിയ സന്ദർഭത്തിൽ പോലും കോടതിക്ക് രാഷ്ട്രത്തിന്റെയും ജനതയുടെയും താല്പര്യങ്ങൾക്കനുസൃതമെന്നോണം ഇടപെടാൻ ഇതേവരെ കഴിഞ്ഞിട്ടില്ല.
പരമോന്നത കോടതിയുടെ തലവൻ യുവജനങ്ങളെ ‘പാറ്റകൾ’ എന്ന് സംബോധന ചെയ്തതിന്റെ തുടർച്ചയിലാണ് ഇന്ത്യയിലെ സമകാല പ്രക്ഷോഭത്തിന്റെ തുടക്കമെന്നത് യഥാർത്ഥത്തിൽ പരമോന്നത നീതിന്യായസംവിധാനം ജനതയില്‍ നിന്ന് എത്രമാത്രം അകലെയായിരിക്കുന്നുവെന്നതിന്റെയും നീതിയ്ക്കപ്പുറം സമകാല ഭരണകൂടപ്രത്യയശാസ്ത്രത്തിന്റെ ഭാഗമായിരിക്കുന്നുവെന്നതിന്റെയും തെളിവു കൂടിയാണ്.
സീനിയറായിട്ടുള്ള പല അഭിഭാഷകന്മാരും ചില ജഡ്ജിമാർ തന്നെയും ‘വോട്ടുചോരി’ എന്ന് ആരോപിക്കപ്പെടുന്ന ഇന്നത്തെ സ്ഥിതിയെ കുറിച്ച് വസ്തുതാപരവും നിശിതവുമായ നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നതു കൂടി കാണണം. പശ്ചിമബംഗാളിലെ നിയമസഭാതെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് വോട്ടവകാശം നിഷേധിക്കപ്പെട്ടവരിൽ പിന്നീട് പരിശോധനയ്ക്കു വിധേയരായ പൗരരുടെ 93 ശതമാനത്തിനും വോട്ടവകാശം തിരികെ നൽകേണ്ടിവന്നുവെന്ന സ്ഥിതിയുണ്ടെന്ന ജസ്റ്റിസ് നരിമാന്റെ പ്രസ്താവന, യഥാർത്ഥത്തിൽ വോട്ടർ പട്ടികകളിൽ നിന്ന് നീക്കം ചെയ്യുന്ന ജനങ്ങളിൽ 93 ശതമാനവും അർഹരായ വോട്ടർമാരാണെന്ന് കാണിക്കുന്നതാണ്. വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്യപ്പെടുന്ന ജനവിഭാഗങ്ങളിലേറെയും ദലിതരും ആദിവാസികളും ന്യൂനപക്ഷ മതവിഭാഗങ്ങളിൽപെട്ടവരുമാണെന്ന സ്ഥിതി, ഭരണകൂടത്തിന്റെയും നീതിന്യായവ്യവസ്ഥയുടെയും ചെയ്തികളെ കുറിച്ച് വലിയ സന്ദേഹമുണ്ടാക്കുന്നതാണ്.

നീതിന്യായവ്യവസ്ഥയുടെ ഈ പ്രതിലോമസ്ഥിതിയ്ക്കുനേരെ നമ്മുടെ ബുദ്ധിജീവിതം കാണിക്കുന്ന ചില അലംഭാവങ്ങളെ കൂടി ചൂണ്ടിക്കൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം.
ശരിയായ തീരുമാനങ്ങളെടുക്കേണ്ട നീതിയുടെയും ജനരാഷ്ട്രീയത്തിന്റെയും മണ്ഡലങ്ങളിൽ സന്ദിഗ്ദ്ധത പുലർത്തുകയും തന്റെ ദൈവത്തിന്റെ ഇംഗിതത്തിനനുസരിച്ച് വിധിയെഴുതിയെന്ന് പ്രസ്താവിക്കുകയും ചെയ്ത ഒരു ചീഫ് ജസ്റ്റിസിന്റെ വിരമിക്കല്‍ വേളയില്‍ ഷേക്സ്പിയറുടെ ഹാംലെറ്റ് എന്ന കഥാപാത്രത്തെ അനുസ്മരിച്ച്, ആ ന്യായാധിപന്റെ ചെയ്തികളില്‍ സൗന്ദര്യാത്മകമൂല്യങ്ങളെ ആരോപിക്കുകയും അദ്ദേഹത്തിന്റെ ഭരണകൂടബന്ധത്തെ ഇടര്‍ച്ചയായി അവതരിപ്പിക്കുകയും ചെയ്ത ധൈഷണികഇടപെടല് ഓര്‍ക്കുക. മിക്കപ്പോഴും ശരിയായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരെ നിലകൊള്ളുന്ന കേരളത്തിലെ ബുദ്ധിജീവികൾ പോലും നീതിന്യായവ്യവസ്ഥയുടെ പ്രതിലോമകരമായ അവസ്ഥക്കെതിരെ നിസ്സംഗത പുലർത്തുന്നതിന്റെ ഉദാഹരണമാണിത്.
