ഭാവനയിൽ സൃഷ്ടിക്കപ്പെടുന്ന ഒരു സമൂഹമാണ് ദേശമെന്നത്, അതിന് ലഭിച്ച ഏറെ പ്രശസ്തമായ ഒരു നിർവചനമാണ്. Nations are imagined communities, എന്ന് അതേ പേരിൽ പ്രശസ്തമായ പുസ്തകമെഴുതിയ വിഖ്യാത രാഷ്ട്രമീമാംസകനായ ബെനഡിക്ട് ആന്റേഴ്‌സണ്‍ കണ്ടെത്തുന്നു.
‘‘It is an Imagined political community- and imagined as both inherently limited and sovereign’’ (Imagined Communities Reflections on the Origin and Spread of Nationalism).
അങ്ങനെ പറഞ്ഞുകൊണ്ട്, എന്തുകൊണ്ട് അത് ‘imagined’ ആവുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഒരു ദേശം, അതെത്ര ചെറുതായാലും, അതിൽ അധിവസിക്കുന്നവർ പരസ്പരം അറിയുകയോ, കാണുകയോ കേൾക്കുകയോ ചെയ്യുന്നവരല്ല. അങ്ങനെയല്ലെങ്കിലും അവരുടെ ഒരോരുത്തരുടെയും മനസ്സിൽ ആ സമൂഹത്തെക്കുറിച്ചുള്ള ചിത്രമുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇതനുസരിച്ച് നോക്കുകയാണെങ്കിൽ, ഇന്ത്യയെന്ന ഭൂപ്രദേശത്ത് ജീവിക്കുന്നവരുടെ ഇടയിൽ ഒരു ദേശീയബോധം ഉണ്ടായത്, കൊളോണിയൽ വിരുദ്ധ പ്രക്ഷോഭത്തിന്റെ കാലത്തെ രാഷ്ട്രീയ ഭാവനയിൽനിന്നാവുമെന്ന് വ്യക്തമാണ്. അതാണ് ഇന്ത്യയുടെ ദേശീയതയുടെ അടിത്തറ. ഇങ്ങനെ, കോളോണിയൽ വിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമായി, ദേശീയബോധത്തെ ശക്തിപ്പെടുത്തുന്നതിൽ ഉപയോഗിക്കപ്പെട്ടതാണ് മുദ്രാവാക്യങ്ങളും, പാട്ടുകളും. അങ്ങനെ ഉപയോഗിക്കപ്പെട്ട ഒരു ഗാനമായിട്ടാണ് വന്ദേമാതരത്തെ അക്കാലത്ത് കോൺഗ്രസ് കണ്ടത്.
ബ്രിട്ടൻ അധികാരകൈമാറ്റം നടത്തിയതിന്റെ 80-ാം വാർഷികത്തിൽ, വന്ദേമാതരം ചൊല്ലുന്നതിനെയും ചൊല്ലാതിരിക്കുന്നതിനെയും കേന്ദ്ര സർക്കാർ, തങ്ങളുടെ പ്രത്യയശാസ്ത്രപ്രയോഗത്തിനായി ആക്രമോൽസുകമായി ഉപയോഗിക്കുന്നതും അതിനുമുന്നിൽ ഇടറിപ്പോകുന്ന ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളെയുമാണ് കാണുന്നത്. അതാണ് ഇന്നലെ AICC ഓഫീസിൽ കണ്ടത്. സംഘ്പരിവാരത്തിനുമുന്നിൽ ഉയർത്തപ്പെടുന്ന ചെറുത്തുനിൽപ്പുകൾ എത്ര പെട്ടെന്നാണ് ദുർബലപ്പെടുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി ഇതിനെ കണ്ടാൽ മതി. ഇത് കോൺഗ്രസിന്റെ പ്രശ്‌നമാകുമ്പോൾ തന്നെ അതിനപ്പുറമുള്ള മാനവും അതിനുണ്ട്.
ആഗസ്റ്റ് 15 -ന്റെ ആഘോഷവേളയിൽ കോൺഗ്രസിന്റെ ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മോദി ഭരണകൂടം ആഗ്രഹിച്ചതുപോലെ, വന്ദേമാതരം മുഴുവനായി ആലപിച്ചു. വേദിയിൽനിന്ന് സോണിയഗാന്ധി അസ്വസ്ഥപ്പെടുന്നതും എന്തോ പറയുന്നതായും കണ്ടുവെങ്കിലും പാട്ട് തുടർന്നു. അങ്ങനെ പാടേണ്ടതില്ലെന്ന് കോൺഗ്രസ് പാർട്ടി തന്നെ തീരുമാനമെടുത്ത പാട്ട് കോൺഗ്രസിന്റെ ദേശീയ ആസ്ഥാനത്ത് മുഴങ്ങി.

അതിന് ആരാണുത്തരവാദി. സംഘ്പരിവാർ ആശയങ്ങളുടെ അധിനിവേശം കോൺഗ്രസിന്റെ ആസ്ഥാനത്തെ ചടങ്ങുകളെ നിയന്ത്രിക്കുന്ന രീതിയിൽ വളർന്നുവോ എന്നൊക്കെ ആ പാർട്ടിയിൽ അവശേഷിക്കുന്ന, മതേതര നിലപാടുള്ളവർ അന്വേഷിക്കുമായിരിക്കും. അവർ അന്വേഷിച്ചാലും ഇല്ലെങ്കിലും, ഹിന്ദുത്വത്തെ ആഹ്ലാദിപ്പിക്കുന്ന രീതിയിൽ വന്ദേമാതരം ആലിപിക്കുന്നത് സ്വാഭാവികവൽക്കരിക്കുന്നതിൽ ആ ചടങ്ങ് അതിന്റെതായ പങ്കുവഹിച്ചു കഴിഞ്ഞു. വന്ദേഭാരതത്തിന് എന്താ പ്രശ്‌നം, അത് എല്ലാരുടെതുമല്ലേ എന്ന് നിഷ്‌കളങ്കർ ഇനി ആർത്തുല്ലസിക്കും. രാമനെ അവർക്ക് വിട്ടുകൊടുക്കരുതെന്ന് നേരത്തെ പറഞ്ഞവരിൽ പലരും അയോധ്യയിൽ മോദി പൂജിച്ച് തയ്യാറാക്കിയ കെട്ടിടസമുച്ചയത്തിൽ, തീർത്ഥാടനം നടത്തിക്കഴിഞ്ഞു. മതേതര രാമനെ സൃഷ്ടിച്ചെടുക്കാനൊനന്നും അവർക്ക് സമയമുണ്ടായിരുന്നില്ല.
വന്ദേമാതരം സംബന്ധിച്ച് വിഷയം ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതൽ കോൺഗ്രസ് അഭിമുഖീകരിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം അന്ന് ഒരു തീരുമാനം എടുക്കുകയും ചെയ്തതാണ്. 1937-ൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയോഗം, വന്ദേമാതരത്തിലെ ചില ഭാഗങ്ങൾ മുസ്ലീങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നത് സത്യമാണെന്നും, ആദ്യത്തെ രണ്ട് ഖണ്ഡികകൾ പാടിയാൽ മതിയെന്നുമാണ് തീരുമാനിച്ചത്. ഇക്കാര്യം വിശദമാക്കി, നെഹ്‌റു, നേതാജി സുഭാഷ് ചന്ദ്രബോസിന് എഴുതുന്നുമുണ്ട്. ഗാനത്തിന്റെ പശ്ചാത്തലം മനസ്സിലാക്കാൻ താൻ, ആനന്ദമഠം എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ വായിക്കുകയാണെന്ന കാര്യവും നേതാജിയെ നെഹ്‌റു ബോധ്യപ്പെടുത്തുന്നുണ്ട്.
എന്നാൽ ഈ ഗാനത്തിന് നോവലിൽനിന്ന് ഭിന്നമായ അസ്ഥിത്വമുണ്ടെന്നും അത് കൊളോണിയൽ വിരുദ്ധ സമരത്തിന്റെ ഭാഗമാണെന്നുമുള്ള നിലപാടാണ് പൊതുവിൽ കോൺഗ്രസും നെഹ്‌റുവും സ്വീകരിച്ചത്.
എന്നാൽ ദേശീയപ്രസ്ഥാനത്തിൽ പങ്കൊന്നുമില്ലെങ്കിലും, തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ കൊണ്ട്, ബ്രിട്ടനെ പിന്തുണയ്ക്കുകയായിരുന്നുവെങ്കിലും ആർ.എസ്.എസിന് തങ്ങളുടെ മുസ്ലീം വിരുദ്ധ ദേശ ചിഹ്നത്തിന്റെ ഭാഗമാക്കുന്നതിന് വന്ദേഭാരതത്തിലെ മുഴുവൻ വരികളും പാടണം. അതിലെ മുസ്ലീം വിരുദ്ധതയാണ്, അല്ലാതെ ആ പാട്ടിലെ ഏതെങ്കിലും വരികൾ, സാമ്രാജ്യത്വവിരുദ്ധപോരാളികളെ ഏതെങ്കിലും കാലത്ത് ആവേശം കൊള്ളിച്ചതുകൊണ്ടല്ല ആർ.എസ്.എസ് ഇപ്പോൾ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് ആവശ്യപ്പെടുന്നത്. അതിനെയാണ് പ്രതിപക്ഷം സഭയിൽ എതിർത്തത്.
എന്നാൽ കോൺഗ്രസ് അവരുടെ ആസ്ഥാനത്ത്, ഫലത്തിൽ, ആർ.എസ്.എസിന്റെ ആഗ്രഹം നടത്തിക്കൊടുത്തതോടെ ഈ എതിർപ്പ് പ്രഹസനമാണെന്ന് വന്നിരിക്കുന്നു. മുഴുവൻ വന്ദേഭാരതവും ആലപിച്ചതിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണവും ഇതാണ് തെളിയിക്കുന്നത്.

യഥാർത്ഥത്തിൽ ഇതൊരു പാട്ടുപാടലിന്റെ പ്രശ്‌നമല്ല. ഹിന്ദുത്വത്തെ നേരിടുന്നതിൽ കാണിക്കുന്ന അലംഭാവത്തിന്റെ പ്രശ്‌നമാണ്. ഇത് പലപ്പോഴായി കോൺഗ്രസ് കാണിച്ചിട്ടുള്ളതാണ്. അയോധ്യയിൽ ഹിന്ദുത്വ ഭീകരർ ബാബരി മസ്ജിദ് തകർക്കാൻ ഗൂഢാലോചന ആരംഭിക്കുന്ന കാലം മുതൽ ഇത് പ്രകടവുമാണ്. ബാബരി പള്ളിയിൽ രാമന്റെ വിഗ്രഹം ഒളിച്ചുവെച്ചതിനെക്കുറിച്ച് അറിഞ്ഞപ്പോൾ ആ വിഗ്രഹം എടുത്തുകളയാൻ നെഹ്‌റു പറഞ്ഞിട്ടും കേൾക്കാതെനിന്ന ഗോവിന്ദ വല്ലഭ് പന്തിനെ പോലുള്ളവർ അക്കൂട്ടത്തിലുള്ളവരാണ്. അവരുടെ എണ്ണം കോൺഗ്രസിൽ കൂടിയിട്ടേയുള്ളൂ. പള്ളി പൊളിക്കുമെന്നുറപ്പായിട്ടും അതിൽ ഇടപെടാതെ മാറിനിന്ന നരസിംഹറാവു മുതൽ ദേശസുരക്ഷാ നിയമങ്ങളിലൂടെ മുസ്ലീം വേട്ടയ്ക്ക് കൂട്ടുനിന്ന കോൺഗ്രസ് നേതാക്കൾ വരെ ഇതിൽ പെടും.
അതുകൊണ്ട് വന്ദേമാതരം ആലാപനം ഒരു അപവാദമല്ല, കോൺഗ്രസിൽ. മതേതരത്വമെന്നത് ഭൂരിപക്ഷാധിപത്യമല്ലെന്ന ബോധം പാർട്ടി നേതാക്കളിൽ പോലും ഉണ്ടാക്കിയെടുക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നതിന്റെ തെളിവുകളാണ് കോൺഗ്രസ് നേതാക്കളിൽ ചിലരുടെ പ്രതികരണം തെളിയിക്കുന്നത്. രാഹുൽ ഗാന്ധി, മോദിയ്ക്കും ആർ.എസ്.എസിനുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴും പാർട്ടിയുടെ അവ്യക്തതകൾ പ്രകടമാണ്. അത് ആ പാർട്ടിയുടെ ചരിത്രത്തിലുള്ളതാണ്. പരിഹരിക്കാൻ നെഹ്‌റുവിനും രാഹുലിനും കഴിഞ്ഞിട്ടുമില്ല. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമെല്ലാം, ഈ ഹിന്ദുത്വാഭിമുഖ്യത്തെ പാർട്ടിയിൽ ശക്തിപ്പെടുത്തുകയാണ് ചെയ്തത്.
പള്ളി പൊളിച്ച് രാമക്ഷേത്രം പണിതതിൽ കോൺഗ്രസിനും അഭിമാനിക്കാൻ വകയുണ്ടെന്നു പറഞ്ഞ കമൽനാഥ് ഒക്കെ ഇപ്പോഴും കോൺഗ്രസിന്റെ നേതാക്കളാണ്. അതുകൊണ്ട് വന്ദേമാതരം കോൺഗ്രസ് ഓഫീസിൽ പൂർണമായി പാടിയതിൽ ഞെട്ടാനൊന്നുമില്ല. നെഹ്‌റുവിയൻ സോഷ്യലിസ്റ്റാണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെയാണ്, അമൃതാനന്ദമയിയെ പോലുള്ളവരെ സന്ദർശിക്കുന്നതും, ആ സന്ദർശനം പ്രചരിപ്പിക്കുന്നതും. തന്റെ മതപരമായ അസ്ഥ്തിത്വത്തെ സ്ഥാപിച്ചെടുക്കുകയെന്നത് വളരെ പ്രധാനമായി കാണുകയും അതിനുള്ള അവസരങ്ങൾ ഒന്നും വിട്ടുകളയാത്ത നേതാവുമാണ് സതീശൻ എന്ന 'നെഹ്‌റുവിയൻ സോഷ്യലിസ്റ്റ്'.
ഹിന്ദുത്വത്തെ നേരിടുന്നതിലെ ഇടർച്ച കോൺഗ്രസിന്റെ മാത്രം പ്രശ്‌നമല്ലെന്നതാണ് യഥാർത്ഥ പ്രശ്‌നം. ആം ആദ്മി പാർട്ടിയൊക്കെ എങ്ങനെയൊക്കെയാണ് പ്രധാനപ്പെട്ട വിഷയങ്ങളിൽ ഹിന്ദുത്വത്തിന്റെ ആശയത്തിനൊപ്പം നിന്നതെന്നതിന് ഉദാഹരണങ്ങൾ ഏറെയാണ്. പ്രഖ്യാപിത പുരോഗമനക്കാരും ഇക്കാര്യത്തിൽ വ്യത്യസ്തരല്ല.
പള്ളി പൊളിക്കാൻ ആർ.എസ്.എസുകാർ ആയുധമെടുക്കുമ്പോൾ ‘പള്ളിയല്ല, പണിയണം പള്ളിക്കൂടമായിരം' എന്നുപാടി നിഷ്‌കളങ്ക വേഷം കെട്ടിയവരെയും പള്ളിയും ക്ഷേത്രവും ഒന്നിച്ച് 'തർക്ക'ഭൂമിയിൽ ഉയരെട്ടെ എന്നു പറഞ്ഞെവരെയുമെല്ലാം കാലത്തിനറിയാം. പിണറായി വിജയന്റെ ഭരണകാലത്ത് സി.പി.എം, എങ്ങനെയാണ് ഹിന്ദുത്വത്തെ സ്വാഭാവികവൽക്കരിക്കാൻ ശ്രമിച്ചതെന്ന് വ്യക്തമായത് കഴിഞ്ഞ വർഷമാണ്. അയ്യപ്പസംഗമം നടത്തുകയും നല്ല ഭക്തന്റെ ലക്ഷണം ഭഗവദ്ഗീത നോക്കി ചൊല്ലുകയും ചെയ്തത് സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രിയായിരുന്നു. മുസ്ലീം വെറുപ്പ് പടർത്തിയ വെള്ളാപ്പള്ളിയെ ആശാനെക്കാൾ മഹാനാക്കിയതും അദ്ദേഹം തന്നെ. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സന്ദേശം, അയ്യപ്പസംഗമത്തിൽ വായിച്ച് അഭിമാനം കൊണ്ടത് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ വി.എൻ. വാസവൻ എന്ന മന്ത്രിയാണ്. ‘പി എം ശ്രീയ്‌ക്കെന്താ കുഴപ്പമെന്ന്’ ഭരിക്കുമ്പോൾ ലേഖനമെഴുതുകയും, ഭരണം പോയപ്പോൾ പി എം ശ്രീയുടെ അപകടങ്ങൾ അതേ പത്രത്തിൽ അതേ പേജിൽ ലേഖനം എഴുതുകയും ചെയ്തത് മറ്റൊരു മുതിർന്ന നേതാവും മന്ത്രിയുമായ വി. ശിവൻകുട്ടിയാണ്.

അതായത്, ഇവരൊക്കെ നയിക്കുന്ന പാർട്ടിക്ക് ഹിന്ദുത്വം എന്നത് അവസാനിപ്പിക്കേണ്ട ഒരു ഫാഷിസ്റ്റ് ആശയമായിരുന്നില്ല, മറിച്ച്, അധികാരം കിട്ടാൻ വേണ്ടി ഉപയോഗിക്കേണ്ട ഒരു അടവ് സമീപന ടൂൾ മാത്രമായിരുന്നുവെന്നുവേണം മനസ്സിലാക്കാൻ. കോൺഗ്രസിൽ ഇത് കൂടുതൽ പ്രകടമാണെങ്കിൽ സി.പി.എം ഉൾപ്പെടെയുള്ള പാർട്ടികളിൽ ചില നേതാക്കളുടെ സമീപനവുമായാണ് ഈ നയം പ്രകടമാക്കപ്പടുന്നത്.
ഫാഷിസം ഇന്ത്യയിൽ പ്രയോഗിക്കുന്ന ആയുധങ്ങളെല്ലാം, സ്വാഭാവികവൽക്കരിക്കപ്പെടുകയാണെന്നതാണ് ഇന്ത്യൻ രാഷ്ട്രീയം നേരിടുന്ന ദുരന്തം. ഒരോ കാലത്തും ആർ.എസ്.എസ് ഉയർത്തിയ മുദ്രാവാക്യങ്ങൾ നോക്കൂ. ഇന്നതിൽ പലതും മുഖ്യധാര അംഗീകരിക്കുന്ന സംഗതികളായി മാറിയിരിക്കുന്നു. രാമന്റെ പേരിലെ ക്ഷേത്രത്തിനു പിന്നിൽ ഒരു ക്രിമിനൽ പ്രവർത്തനമുണ്ടെന്ന് ഇന്ന് പലരും ആവർത്തിച്ചു പറയാറില്ല. കശ്മീരിന്റെ പദവി പുനഃസ്ഥാപിക്കണമെന്നതിന് ഇന്ന് അധികം ആവശ്യക്കാർ കാണില്ല. മതപരിവർത്തനത്തെക്കുറിച്ചുള്ള നിലപാടുകൾ എന്തായാലും ആർ.എസ്.എസ് അത് മിക്കയിടത്തും ഫലത്തിൽ നിരോധിച്ചു കഴിഞ്ഞു. ഇനി ഏക സിവിൽ കോഡാണ്.
അങ്ങനെ ഹിന്ദു രാജ്യമെന്നത് ഒരു അവസ്ഥയായി മാറിയിരിക്കുന്നു. വന്ദേമാതരം അതിലേക്കുള്ള ചെറിയ പടി മാത്രം. വന്ദേമാതരം സംഘികൾക്ക് വിട്ടുകൊടുക്കരുതെന്ന് പറഞ്ഞ് മുഴുവൻ ആലപിക്കാൻ തയ്യാറായി നിൽക്കുന്നവ നിഷ്‌കളങ്കരുണ്ട്. ക്ഷേത്രങ്ങൾ ആർ എസ് എസിന് വിട്ടുകൊടുക്കരുതെന്ന് പറഞ്ഞ് അവിടെ കമ്മിറ്റികൾ ഉണ്ടാക്കി ക്ഷേത്രനടത്തിപ്പ് ഏറ്റെടുക്കുന്നവരുടെ സുഹൃത്തുക്കൾ! ആര് ചെയ്താലും കാര്യം നടക്കണമെന്നുമാത്രമെ ഹിന്ദുത്വത്തിനുള്ളൂവെന്ന്, മനസ്സിലാക്കാൻ കഴിയാതെ എവിടെയോ സ്തംഭിച്ചുപോയ അപകടകാരികളായ നിഷ്‌കളങ്കർ, ഹിന്ദുത്വത്തിന്റെ സ്വാഭാവിക സഖ്യകക്ഷികൾ. അവർ ഇപ്പോഴും ഹിന്ദുത്വവും മുസ്ലീം വർഗീയതയും ഒരു നാണയത്തിന്റെ രണ്ടുവശമെന്ന് പറഞ്ഞ്, കാറ്റാടി യന്ത്രത്തിനോട് വലിയ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.
അവസാനമായി; ദേശഭാവനയ്ക്കായി സൃഷ്ടിക്കപ്പെട്ടതെല്ലാം, എന്തുകൊണ്ടാവും വൈകാതെ ഹിന്ദുത്വത്തിന്റെ ആയുധങ്ങളായി മാറിയത്?

