ബാൽ താക്കറെ, വസുന്ധരാ രാജ, ഉദ്ധവ് താക്കറെ തുടങ്ങിയവർക്കൊപ്പം

ഹർഷദ് മേത്ത, ബാൽ താക്കറെ, ബോംബെ കലാപം

എ ജേണലിസ്റ്റ് ഇൻഎഡിറ്റഡ് - ഭാഗം മൂന്ന്​

ബോംബെ എന്ന മഹാനഗരത്തിൽ മാധ്യമപ്രവർത്തകനായി ജീവിച്ച കാലത്തെ അനുഭവങ്ങൾ; രാജ്യം കണ്ട വലിയ കുംഭകോണങ്ങളുടെയും അധോലോകങ്ങളുടെയും വിദ്വേഷരാഷ്ട്രീയത്തിന്റെയും വർഗീയ കലാപങ്ങളുടെയും ചോരപ്പാടുള്ള കഥകൾ

കെ. കണ്ണൻ: ഡൽഹിയെപ്പോലെ മുംബൈ എന്ന മഹാനഗരവും കഥകളേറെയുള്ളതാണ്, രാഷ്ട്രീയത്തിന്റെയും വർഗീയതയുടെയും പ്രാദേശികവാദത്തിന്റെയും ജേണലിസത്തിന്റെയും സാമ്പത്തിക സാമ്രാജ്യങ്ങളുടെയും അധോലോകങ്ങളുടെയുമെല്ലാം. ബോംബെയിൽ തുടങ്ങിയ കലാകൗമുദി പത്രത്തിന്റെ ചുമതലക്കാരനെന്ന നിലക്കായിരുന്നുവല്ലോ തുടക്കം.

വിജു.വി.നായർ: എല്ലാ അർത്ഥത്തിലും നഗരമാണ് ബോംബെ. മുംബൈ എന്നു പറയാൻ മനസു വഴങ്ങുന്നില്ല. ആ പേരിന് ഈ നഗരത്തിന്റെ ഒരൊഴുക്കില്ല, ഇടയ്ക്ക് ഒരനുനാസിക മുക്കും ബ്രേക്കും. ബോംബെക്കാണ് ചേർച്ച.
യാദൃശ്ചികമായാണ് ബോംബെയിൽ തമ്പടിക്കേണ്ടിവന്നത്. കലാകൗമുദി പത്രം നേരത്തേ തുടങ്ങിയിരുന്നു. ഒരു സ്റ്റോപ്- ഗ്യാപ് അറേഞ്ച്‌മെന്റായി അവിടെ മൂന്നുമാസത്തേയ്ക്ക്- ജയചന്ദ്രൻ സാർ (എസ്. ജയചന്ദ്രൻ നായർ) അങ്ങനെ

എസ്.ജയചന്ദ്രൻ നായർ

പറഞ്ഞതുകൊണ്ട് പോയതാണ്. അതുപിന്നെ ചുമതലയായി മാറി. ആ കെണിവെച്ചത് മാണിസാറാണ് (എം.എസ്.മണി). ആളെ അന്ന് പരിചയപ്പെട്ടിരുന്നില്ല. ധാരാളം കേട്ടിരുന്നു, നാട്ടിലെയും ഡൽഹിയിലെയും കഥകൾ. ഇടക്ക് ബോംബെയിൽ വന്നുപോകും. കഫ് പരേഡിലെ കൗമുദി ഗസ്റ്റ്ഹൗസിൽ തങ്ങും, ഓഫീസിലേക്ക് വരവില്ല. കാര്യങ്ങൾ റിമോട്ട് സെൻസ് ചെയ്യും. അങ്ങനെയാണ് കണ്ടിട്ടുകൂടിയില്ലാത്ത ഒരിളം പ്രായക്കാരനെ പിടിച്ച് പത്രത്തിന്റെ ചുമതലക്കാരനാക്കുന്നത്. അതാണ് എം.എസ് മണി. ഒരുപാട് സവിശേഷതകളുള്ള അപൂർവ ജന്മം.

ആൾ സാങ്കേതികാർത്ഥത്തിൽ മാത്രമാണ് മുതലാളി- അടുത്തപ്പോഴാണ് മനസിലായത്. ആ മേലങ്കിയങ്ങോട്ട് നീക്കിയാൽ ഒരു രസികൻ മനുഷ്യനെ കാണാം. വികൃതിയോളം പോന്ന കുസൃതികൾ. റെബലിന്റെ നൊസ്സ്. ഇതൊക്കെയുള്ളവരെ ഹൃദയം തുറന്ന് സഹിക്കുകയും ചെയ്യും. ഇനി, ജേണലിസത്തിലേക്കു വന്നാൽ, ടോപ് ക്ലാസ് ന്യൂസ്മാനാണ് മൂപ്പര്. Nose for News എന്ന് പറയാറില്ലേ? ആ നോസ് മാത്രമല്ല, മൗലികതയുള്ള ഒരു സെൻസിബിലിറ്റിയുമുള്ള മനുഷ്യനായിരുന്നു. വന്യതയുടെ ഫ്രഷ്നസ് അദ്ദേഹം അനുഭവിപ്പിച്ചിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ് കിരീടം വച്ച കാലത്താണ് കലാകൗമുദി എന്ന ആശയത്തിന് ജീവൻ വയ്ക്കുന്നത്- To promote news letters. അച്ഛനുമായി തെറ്റി കേരളകൗമുദിയിൽ നിന്ന് മാറിയതൊക്കെ ഒരു നിമിത്തം മാത്രമായിരുന്നു.

അന്നത്തെ കലാകൗമുദി, മലയാളത്തിലെ ആനുകാലികതക്ക് പുതിയൊരു വഴി വെട്ടിയ പ്രസിദ്ധീകരണം കൂടിയായിരുന്നു.

ശരിയാണ്, അക്കാലത്ത് മാതൃഭൂമി സൃഷ്ടിച്ച ഒരോർത്തഡോക്സിയുണ്ട്- വായനയിലും എഴുത്തിലും. സ്വഭാവികമായും കാലത്തിന്റെ അനിവാര്യതയായി, കലാകൗമുദി.

എം. ഗോവിന്ദൻ

തീർത്തും ഒറിജിനൽ എന്നു പറയാനാവില്ല. കെ. ബാലകൃഷ്ണന്റെ കൗമുദിയും എസ്.കെ. നായരുടെ മലയാളനാടും മുന്നോടികളായുണ്ട്. ആ ജനുസിന്റെ കുറെക്കൂടി ചോരയും ചൊടിയുമുള്ള എക്സ്ടെൻഷൻ. സാക്ഷാൽ എം. ഗോവിന്ദനാണ് ആ പേരിട്ടത്. അതിൽ നിന്നുതന്നെ മനസിലാക്കാം, അങ്ങനെയൊരു അവാങ്ഗാദിനെ ആഗ്രഹിച്ച മനസുകളെ.

പ്രസിദ്ധീകരണരംഗത്ത് എം.എസ് മണി അക്കാലത്ത് നിരവധി പരീക്ഷണങ്ങൾ നടത്തിയിരുന്നതായി ഓർക്കുന്നു. അതിന്റെ ഭാഗമായിരുന്നുവെന്നുപറയാം, മുംബൈ മലയാളികൾക്കായി ഒരു പത്രം?

എം.എസ്. മണിയുടെ അർത്ഥമുള്ള കിറുക്കുകൾ അവിടംകൊണ്ടും തീരുകയല്ല, തുടങ്ങുക മാത്രമായിരുന്നു. കഥകൾക്കുമാത്രമായി ഒരു മാസിക, ചിത്രങ്ങൾക്ക് മാത്രമായി ഫോട്ടോ മാഗസിൻ, നല്ല സിനിമക്ക് ഫിലിം മാഗസിൻ, ഇതിലൊന്നും പെടാത്ത അലമ്പിന് ട്രയൽ - അതിനു പറ്റിയ ഒരു പത്രാധിപരും- എം.പി. നാരായണപിള്ള. ഇതൊന്നും ഒരു പത്രമുതലാളിയുടെ തലയിലുദിക്കുന്നതല്ല, ഒരു പാഷനേറ്റ് ജേണലിസ്റ്റിന്റെ ഹൃദയാവിഷ്‌കാരങ്ങളാണ്. പലതും പച്ച പിടിക്കാതെ പോയി. തുടങ്ങിയപോലെ വച്ചവസാനിപ്പിക്കാനും യാതൊരു മടിയുമില്ല, മണിസാറിന്.

എം.എസ് മണി

അതിലത്ര അത്ഭുതമില്ല. ഏതൊരു സ്ഥാപനവും ഗതിപിടിക്കണമെങ്കിൽ മൂന്നു കൂട്ടർ വേണം. ഏറ്റവും മേലെ, വന്യമായി സ്വപ്നം കാണുന്നയാൾ- എ വൈൽഡ് ഡ്രീമർ. അയാളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ പറ്റിയ പ്ലാനും പദ്ധതിയും വേണം. അതാണ് പ്ലാനർമാരുടെ പണി. സംഗതി വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണം. അതിനു പറ്റിയ എക്സിക്യുട്ടീവ് തട്ടുണ്ടാവണം. കലാകൗമുദിയിൽ ആദ്യത്തെ രണ്ടു കൂട്ടരുമുണ്ടായി, മൂന്നാം ഘടകം സദാ ശുഷ്‌കം. സാധാരണഗതിയിൽ ഏതു മുതലാളിയും ശ്രമിക്കുക, ഈ മൂന്നാം തട്ടിനെ ശക്തിപ്പെടുത്താനാവും. എം.എസ്. മണി ഒരിക്കലും അതിനു തുനിഞ്ഞില്ല. അതാണ് ആളൊരു ടിപ്പിക്കൽ മുതലാളിയല്ലെന്നതിന്റെ എമ്പിരിക്കൽ തെളിവ്. ഉള്ളിലെ ജേണലിസ്റ്റാണ് ആ വ്യക്തിത്വത്തെ ഭരിച്ചത്. അതുകൊണ്ടെന്താ, ആളൊരു ഒന്നാന്തരം ചങ്ങാതിയായി, പരിചയിക്കുന്ന ആർക്കും. ഒരോരുത്തർക്കും പറയാൻ ഒരുപിടി കഥകൾ ബാക്കിവയ്ക്കുന്ന ഫ്രന്റ്. ഇടക്കൊക്കെ തെറ്റിയെന്നുവരും. പിരിയും മുമ്പ് പറയും, ‘നോ ലൗ ലോസ്റ്റ്, ഒ.കെ?' അത് അങ്ങനെ തന്നെയാവുകയും ചെയ്യും. സങ്കടങ്ങളും സന്തോഷവുമെല്ലാം ആഘോഷമാക്കിയ ഒരനാർക്കിക്കൽ മൈൻഡ്. ആ മനസിന്റെ കുസൃതികളിലൊന്നായിരുന്നു മലയാളത്തിലെ ആദ്യത്തെ പ്രവാസി ദിനപത്രം.

കേരളത്തിനുപുറത്ത് ഒരു മലയാളപത്രം അച്ചടിച്ച് വിൽക്കാനുള്ള ഐഡിയ ശരിക്കും ആരുടെ പദ്ധതിയായിരുന്നു?

എൺപതുകളിൽ മനോരമയോ മറ്റോ സർവേ നടത്തി, നഷ്ടക്കച്ചോടമാണെന്നു കണ്ട് ഉപേക്ഷിച്ച ആശയമാണ് ബോംബെയിൽ നിന്നുള്ള മലയാളം ഡെയ്​ലി. പ്രൊഡക്ഷൻ കോസ്റ്റ് കൂടുതലാണെന്നതു മാത്രമമല്ല, മലയാളം വായിക്കാൻ ബോംബെയിൽ ആളെ കിട്ടുമോ എന്നതായിരുന്നു ചോദ്യം. പ്രധാനകാരണം ഈ ഭാഷക്ക് ബോംബെ പോലൊരു കമേഴ്സ്യൽ നഗരത്തിൽ യൂട്ടിലിറ്റിയില്ലെന്നതാണ്.

എം.പി. നാരായണപിള്ള

എന്നിട്ടും കൈ പൊള്ളുന്ന ഈ കലാപരിപാടിക്ക് തുനിഞ്ഞതെന്തേ? മണിസാർ പറഞ്ഞ ഒരുൽപത്തികഥയുണ്ട്. ദീർഘകാലമായി ബോംബെയിൽ ജീവിക്കുന്ന നാണപ്പൻ (എം.പി നാരായണപിള്ള) ഇട്ട പദ്ധതിയാണ്. നഗരത്തിൽ ആകെ 20 ലക്ഷത്തോളം മലയാളികൾ. അതിൽ സ്ഥിരതാമസക്കാരും വരത്തുപോക്കുകാരും പെടും. അവരിൽ നാലിലൊന്നിനേ മലയാളം വായിക്കാൻ താൽപര്യമുള്ളൂ എന്നിരിക്കട്ടെ. അതായത് അഞ്ചുലക്ഷം പേർ. ഒരു പത്രം അഞ്ചാൾ വായിക്കുമെന്ന പത്രബിസിനസിലെ ലസാഗു അനുസരിച്ചാണെങ്കിൽ ക്ലീൻ ഒരുലക്ഷം പ്രോസ്പെക്ടീവ് വരിക്കാർ. തുടക്കത്തിൽ അതിന്റെ 50 ശതമാനം മാത്രം പ്രിൻറ്​ ഓർഡർ വച്ചാലും 50,000 കോപ്പി. രണ്ടുമൂന്നുമാസം കൊണ്ട് സംഗതി ഒരുലക്ഷം കടത്താം. നയാപൈസ പരസ്യത്തിനോ മാർക്കറ്റിംഗിനോ മുടക്കണ്ട.

പ്രൊഡക്ഷൻ കോസ്റ്റ് പരമാവധി ചുരുക്കാനുള്ള വഴികളും പാക്കേജിലുണ്ട്. ബോംബെയുടെ സിരാകേന്ദ്രമായ നരിമാൻ പോയന്റിൽ സ്‌ക്വയർഫീറ്റിന് ലക്ഷങ്ങൾ വരുന്ന ഓഫീസ് ഫ്ളോർ ഫ്രീയായി കടയ്ക്കുന്നു- കേരളകൗമുദിയുടെ അഡൈ്വടൈസ്മെന്റ് ബ്യൂറോ. ഉച്ചക്കുശേഷം അത് പത്രമാപ്പീസാക്കാം. വാടകയും വമ്പൻ പകിടിയും ലാഭം. വാർത്തകൾ നാട്ടിലെ കേരളകൗമുദിയിൽ നിന്ന് വരുത്താം. അത്യാവശ്യം സ്റ്റാഫിനെയും അവിടെ നിന്ന് ഡെപ്യൂട്ടേഷനിൽ ഇറക്കാം. അവരുടെ താമസത്തിന് ഒരു ഫ്ളാറ്റ്. അവർക്കുള്ള വാടകയും സിറ്റി അലവൻസും മാത്രമാണ് ആ ഹെഡിലുള്ള ചെലവ്. മുഖ്യചെലവിനും ന്യൂസ്​പ്രിൻറും പ്രിന്റിങ് ചാർജുമാണ്. ത്രിഭുവനത്തിങ്കൽ കിട്ടാവുന്ന ഏറ്റവും വിലകുറഞ്ഞ കടലാസിലാണ് അച്ചടി, പ്രിന്റിംഗ് റേറ്റ് ഏറ്റവും കുറവുള്ള ഫ്രീപ്രസ് ജേണലിൽ.

നാരായണപിള്ളയുടെ കുശാഗ്രബുദ്ധി ഫലിച്ചോ?

പദ്ധതിപ്രകാരം പത്രമിറങ്ങി. വൈകാതെ തന്നെ ആസൂത്രണവും ഗ്രാസ്റൂട്ട് യാഥാർത്ഥ്യവും തമ്മിലുള്ള പൊരുത്തക്കേട് പെരുത്തുവന്നു. അരലക്ഷം പോയിട്ട് 5000 കോപ്പി പോലുമാകുന്നില്ല. ചോയ്സ് ലളിതമായി- ഷട്ടറിടണോ അടിപറ്റണോ? ഈ അന്തർനാടകമൊന്നും അറിയാതെയാണ് ബോംബയിൽ വണ്ടിയിറങ്ങുന്നത്.

പൊളിഞ്ഞ പദ്ധതിയെക്കുറിച്ചുള്ള നാണപ്പ​ ന്യായം എന്തായിരുന്നു?

ബോംബെയിലെത്തി ആദ്യമായി നേരിൽ കണ്ടപ്പോൾ അദ്ദേഹം തിരക്കി, എങ്ങനെയുണ്ട് പത്രക്കച്ചോടം? ഉൽപത്തിക്കാല തിയറിപ്രകാരം ഇപ്പോൾ ഒന്നൊന്നരലക്ഷം കടന്നിട്ടുണ്ടാവണം- മറുപടിയിലെ ഒളിക്കുത്ത് ആസ്വദിച്ചിട്ട് സൈദ്ധാന്തികൻ ആ ഉൽപ്പത്തിരഹസ്യം വെളിപ്പെടുത്തി: ‘‘ബോംബെയിൽ ഒരു മലയാളം പത്രത്തിന്റെ ആവശ്യമേയില്ല. പക്ഷെ മണിക്ക് ആവശ്യമുണ്ട്. പത്രമല്ല, പലിശയില്ലാതെ ഇടക്കിടെ വായ്പ. അതു സംഘടിപ്പിക്കാൻ മാന്യമായ ഒരു ഈട്. അതാണീ പത്രം. ചത്‌വാനി ആന്റ് ഷാ എന്നൊരു ഗുജറാത്തി ഗ്രൂപ്പ്. ഗൾഫിലേക്ക്​എക്സ്പോർട്ട് ബിസിനസാണ്. പത്രമാസികകളും കയറ്റി അയക്കും. അങ്ങനെ പണ്ടേമുതലുള്ള ബന്ധമാണ്. മണിക്ക് നാട്ടിലെ ബിസിനസിന് മറിക്കാൻ കാശുവേണ്ടപ്പോൾ ചത്വാനി കൊടുക്കും. ആവശ്യം കൂടിവന്നപ്പോൾ അയാൾക്ക് ഒരുറപ്പിന് ഇവിടെ നല്ലൊരു ബിസിനസ് വേണം. അത് ക്ലച്ചുപിടിക്കുമോന്ന് മണിക്ക് സംശയം. അയാൾക്കു കോൺഫിഡൻസ് കൊടുക്കാൻ ഇറക്കിയതാണ് ആ മനക്കണക്ക്.''
ആ ലക്ഷംവീട് പദ്ധതി പൊളിഞ്ഞെങ്കിലും പത്രം മെല്ലെ മെല്ലെ പച്ചപിടിച്ചു.

എം.പി. നാരായണപിള്ളയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവല്ലോ വിജുവിന്. ആ ബന്ധത്തിന്റെ തുടക്കം എങ്ങനെയായിരുന്നു?

ഒരുച്ചനേരത്താണ് ഒരു കോൾ- ‘വിജു. വി. നായരുണ്ടോ?'
ആരാ സംസാരിക്കുന്നതെന്ന് തിരിച്ചുചോദിച്ചു.
മറുപടി: ‘ഓം പ്രകാശ് ചൗതാല, താങ്കളാരാണാവോ?'
മനസുപറഞ്ഞ പേരു പറഞ്ഞു: ‘മുലായം സിങ് യാദവ്.’
മറുതലയ്ക്കൽ നിന്ന് ദീർഘമായ ചിരി, ഒടുവിലൊരു കൊളുത്തും- ‘പറ്റിയ ഉരുപ്പടിയെത്തന്നെ കിട്ടി.'

അതൊരു വല്ലാത്ത ബന്ധത്തിന്റെ തുടക്കമായി. രണ്ടിലൊരാളിന്റെ മരണംവരെ നീണ്ട നിത്യബന്ധം. വൈകാരികതയുടെ മുളകും പുളിയുമില്ല. പക്ഷെ തീവ്രമായിരുന്നു അതിന്റെ ഹൃദയഗുരുത്വം. കുറഞ്ഞത് രണ്ടുമണിക്കൂറെങ്കിലും എന്നും പേശും, ഫോണിൽ. ഇടക്ക് നേരിലും കാണും. ഒന്നുകിൽ നരിമാൻ പോയിന്റിലേക്കു മല വരും. അല്ലെങ്കിൽ മമ്മദ് ബോറിവ്ലിയിലേക്ക് ചെല്ലും. അവിടെയാണെങ്കിൽ മറ്റൊരു സൗരയൂഥമാണ്: നാണപ്പന്റെ നമ്പറൊന്നുമേശാത്ത കൂൾ ഗേൾ സ്നേഹമയിയായ പ്രഭചേച്ചി- സാക്ഷാൽ സി.പി. രാമചന്ദ്രന്റെ അനന്തരവൾ, കറതീർന്ന പറളി സ്വരൂപം. പിന്നെ, അച്ഛന്റെ രണ്ടുതരം കോഗ്‌നിറ്റീവ് പ്രതിബിംബങ്ങൾ, ബാലുവും കുഞ്ഞനും. പുസ്തകത്താളിൽ നിന്ന് തിരിച്ചെടുക്കാനാവാത്ത ഒരു സെറ്റ് കണ്ണിനോട് സദാ മൽപ്പിടിത്തത്തിൽ ഏർപ്പെട്ടിരിക്കുന്ന സി.പി- പവനന്റെ മകൻ സുരേന്ദ്രൻ എന്ന കവി, പത്രപ്രവർത്തകൻ. അതുപിന്നെ അയലത്തേക്ക് പന്തലിക്കുന്നു- ഇ.പി.ഡബ്ല്യു പത്രാധിപർ കൃഷ്ണരാജും കുടുംബവും, ചെങ്ങന്നൂർക്കാരൻ ചാണ്ടിയും കുടുംബവും, എന്നുവേണ്ട കോളനി ബസ് സ്റ്റാന്റിലെ ചായക്കാരൻ മുത്തുവരെ. എല്ലാവർക്കും നാണപ്പൻ, പ്രിയപ്പെട്ട നാണപ്പൻ.

എം.പി നാരായണപിള്ളയുമായുള്ള വ്യക്തിപരമായ അനുഭവങ്ങൾ പറയൂ.

നാരായണപിള്ള ആരിലും ചിരിയുണർത്തും. ചിരിക്കുന്ന ഒരോരുത്തരും ആ മനുഷ്യനെ സംബന്ധിച്ച് കഥാപാത്രങ്ങളാണ്- അതവർക്കറിയില്ല. ഒരനുഭവം പറയാം. വർഗീയ കലാപത്തിൽ ബോംബെ കത്തിക്കാളുന്ന സമയം. ഒരുമാതിരിപ്പെട്ടവരൊക്കെ ജീവനുംകൊണ്ട് മാളത്തിലൊളിച്ചിരിപ്പാണ്.

ശിവസേന രൂപീകൃതമായശേഷം 1966 ഒക്ടോബർ 30ലെ ആദ്യ സമ്മേളനത്തിൽ ബാൽതാക്കറെ/Photo:shivsena.org

ബാൽ താക്കറെയാണ് പേടിസ്വപ്നം. സഹികെട്ട് പത്രത്തിൽ ഒരു എഡിറ്റോറിയൽ കൊടുത്തു- താക്കറെയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം. ഇതുവായിച്ചയുടൻ ബോംബെയിൽ നിന്ന് പേട്ടയിലേക്ക് പല ഫോൺകോളുകൾ പോയി- ഞങ്ങൾ മലയാളികളെ കൊലക്കു കൊടുക്കുന്ന പണിയാണ് നിങ്ങളുടെ പത്രമിവിടെ ചെയ്യുന്നത്, എത്രയും വേഗം നിർത്തണം, പത്രാധിപരെ തിരിച്ചുവിളിക്കണം... ഈ ലൈനിലാണ് പരാതി പോയത്. ഉടനെ മണിസാറിന്റെ വിളിവരുന്നു- ഒരു മയത്തിലൊക്കെ മതി. ബോധമില്ലാത്ത കൂട്ടരാണ്, തെരുവിൽ. സൂക്ഷിക്കണം.
ബോറിവ്ലിയിൽ നിന്നുള്ള വിളി വേറെ ട്യൂണിലായിരുന്നു: ‘താനെന്തു മണ്ടത്തരമാടോ വച്ചുകാച്ചുന്നത്? അല്ലെങ്കിൽത്തന്നെ അയാള് ഹൗസ് അറസ്റ്റിലാ. ബാന്ദ്ര വിട്ട് പുലി പുറത്തിറങ്ങിയ ചരിത്രമുണ്ടോ? അയാളുടെ ബ്ലാക്ക്ക്യാറ്റ് പ്രൊട്ടക്ഷൻ എടുത്തുകളയുകയാണ് വേണ്ടത്. അടുത്ത സെക്കൻഡിൽ നിൽക്കും, കലാപം. ആ ലൈനിലൊരു കാച്ച് കാച്ച്'

അതാണ് എം.പി. നാരായണപിള്ള. കഴുത്തിൽ കത്തിവെച്ചുനിൽക്കുന്നവനായാലും വെറും കഥാപാത്രം. ബോംബെയുടെ തിരക്കിൽപ്പെടാതെ സ്വയം കാത്ത അപൂർവം ബോംബെക്കാരേയുള്ളൂ. ആ ജനുസിലാണ് അദ്ദേഹം. ഉറക്കമില്ലാത്ത നഗരത്തിന് പുലർച്ചെയുടെ ചൂടുപിടിക്കുമ്പോൾ ബോറിവ്ലിയിലെ ഫ്ളാറ്റിൽ ആൾ ഉറക്കത്തിലായിരിക്കും. നഗരം ലഞ്ച്ബോക്സ് തുറക്കുമ്പോഴാവും ഉണർന്നുവരിക. ഉച്ചതിരിഞ്ഞാണ് പകൽ തുടങ്ങുക. അത് പാതിരാകഴിഞ്ഞും അവസാനിക്കുന്നില്ല. ഇതിനിടെ ബിസിനസ് തന്ത്രങ്ങളും രാഷ്ട്രീയ സൂത്രങ്ങളും ലേഖനങ്ങളിൽ കെട്ടഴിയും. ജനം കരുതും, പിള്ളേച്ചൻ ബോംബെയിലെ ചങ്കൻ ബിസിനസ് മാഗ്‌നെറ്റാണെന്ന്. പലരും ഉറപ്പിച്ചിട്ടുണ്ട്, കറക്കുകമ്പനിയുടെ ഉസ്താദെന്ന്. കുറഞ്ഞപക്ഷം കിടിലൻ ബാങ്ക് ബാലൻസുള്ള ബുദ്ധിശാലിയെന്ന്: അങ്ങനൊക്കെ മറ്റുള്ളവർ തന്നെപ്പറ്റി വിചാരിക്കുന്നത് കഥാനായകന് പെരുത്തിഷ്ടവുമായിരുന്നു.
എൽ.ഐ.സി കോളനിയിലൊരു ഫ്ളാറ്റ്. ഭാര്യയ്ക്ക് ഇ.പി.ഡബ്ല്യുവിൽ ചെറിയ ഉദ്യോഗം. കലാകൗമുദി ഗ്രൂപ്പിൽ നിന്ന് മാസാമാസം 5,000 ഉറപ്പികയുടെ ഒരു ചെക്ക്. കഴിഞ്ഞു, നമ്മുടെ മാഗ്‌നറ്റിന്റെ ആസ്തിയും വരായ്കയും. വളർന്നുവരുന്ന രണ്ടുമക്കൾ. വരുമാന ശതമാനം മിനുക്കാൻ കണ്ട വഴിയാണ് ബിൽഡർമാരുടെ ഡയറക്ടറി. ഡാറ്റ സംഘടിപ്പിച്ച് ഒരു പാർട്ട് ടൈം ഡി.ടി.പിക്കാരിയെ വെച്ച് കമ്പ്യൂട്ടറിലാക്കും. കൊല്ലത്തിലൊരിക്കൽ അച്ചടി. പുറംവിൽപനയില്ല. ബിൽഡർമാർക്കും കോൺട്രാക്ടർമാർക്കും മറ്റും എഴുതും. ചിലരെടുക്കും, പലർക്കും വേണ്ട. എന്നാലും നിർത്തില്ല. കാരണമാണ് വിചിത്രം. ആ ഡി.ടി.പിക്കാരി കുട്ടിയുടെ ചില്ലറ നിർത്തണ്ട. ഇതാണ് സുപ്രസിദ്ധ ബിസിനസ് തന്ത്രിയുടെ ഉപജീവനം. നാരായണപിള്ളയ്ക്ക് അത്രയൊക്കെയേ വേണ്ടിയിരുന്നുള്ളൂ. കാരണം, ജീവിതത്തിന് മനുഷ്യന്മാര് ഊതിപ്പെരുപ്പിക്കുന്നത്ര വലിപ്പമൊന്നുമില്ലെന്ന് നല്ല തിരിച്ചറിവുണ്ടായിരുന്നു. എല്ലാത്തരം മനുഷ്യസങ്കൽപങ്ങളുടെയും അടിസ്ഥാനപരമായ നിസ്സാരത, അല്ലെങ്കിൽ കുഞ്ഞത്തം. എത്ര കൊടികെട്ടിയ ആശയത്തിനും സങ്കൽപത്തിനും അത്രയൊക്കെ സാംഗത്യമേയുള്ളൂ എന്ന ബോധം.

ഒരു ഫോൺ സംഭാഷണത്തിനിടെ അദ്ദേഹം ചോദിച്ചു. ‘ദൈവമുണ്ടോ?'
പണ്ട് ട്രയൽ വാരികയിൽ ചോദിച്ച അതേ ചോദ്യം.
പത്രാധിപർ നാരായണപിള്ള യുക്തിവാദി മൂപ്പൻ ജോസഫ് ഇടമറുകിനെ ഇന്റർവ്യൂ ചെയ്യുകയാണ്.
ക്വസ്റ്റ്യൻ നമ്പർ വൺ: ‘ദൈവമുണ്ടോ?'
ഇടമറുക് ദൈവസങ്കൽപത്തിന്റെ ഉൽപത്തിയും വികാസവുമൊക്കെ വിവരിച്ചിട്ട് ഒന്നു ശ്വാസം കഴിക്കുമ്പോൾ ക്വസ്റ്റിയൻ നമ്പർ ടു: ‘അപ്പോ, ദൈവമുണ്ടോ?'
വീണ്ടും ഇടമറുക് സൈക്കോളജിയും ആന്ത്രപ്പോളജിയും ചരിത്രവുമെല്ലാം വലിച്ചിട്ട് സുദീർഘമായി മറുപടിക്കുന്നു. പറഞ്ഞുനിർത്തിയതും ക്വസ്റ്റ്യൻ നമ്പർ ത്രീ: ‘എന്റെ ചോദ്യം ദൈവം ഉണ്ടോ ഇല്ലയോ എന്നാണ്'.
ഇടമറുകല്ല, ഈശ്വരൻ പോലും കുഴയും.

ജോസഫ് ഇടമറുക്

നമ്മൾ പറഞ്ഞുവന്നത് അന്ന് ഫോണിൽ വന്ന ചോദ്യങ്ങളെക്കുറിച്ചാണ്. ഏതോ മഹാരഹസ്യം ചുരുളഴിച്ച ത്രില്ലിലായിരുന്നു കഥാപുരുഷൻ. ‘ഈ ചോദ്യം പണ്ട് ശങ്കരാചാര്യനോടു ചോദിച്ചു, ശിഷ്യൻ പത്മപാദർ. ഈശ്വർ അനാദിയാണെന്നാണ് ഗുരുവിന്റെ മറുപടി. എന്നുവെച്ചാൽ, ആദിയില്ലാത്തത്. പച്ചമലയാളത്തിൽ പറഞ്ഞാൽ, ഇതേവരെ തുടങ്ങിയിട്ടില്ലാത്തത്. എന്നുവെച്ചാൽ അങ്ങനൊരു ചരക്ക് ഇന്നേവരെ ഉണ്ടായിട്ടില്ല. ആചാര്യനായതുകൊണ്ട് ഗുരുവിന് നുണപറയാൻ വകുപ്പില്ല. അതുകൊണ്ട് ഉള്ള കാര്യം വളച്ചുകെട്ടി പറഞ്ഞു.'

അപ്പോ, ദൈവമുണ്ടോ? ചോദ്യം എം.പി നാരായണപിള്ളയുടെ നേർക്കാക്കി: ഉടനേ വന്നു മറുപടി: ‘വേണമെങ്കിലുണ്ട്.'
അതെന്താ ഇങ്ങനൊരു വളച്ചുകെട്ട്? ‘ജീവിച്ചുപോകാൻ അങ്ങനൊരു സങ്കൽപം ആവശ്യമുള്ളവർക്ക് ദൈവമുണ്ട്. ആവശ്യമില്ലാത്തവർക്ക് ദൈവമില്ല.'
അപ്പോൾ, സംഗതി ഒരു എസ്.യു.വിയാണ്- Subjective Utility Vehicle. അതു ‘കറക്ട്' എന്നു പറഞ്ഞ് കുറേ ചിരിച്ചു.

നാണ്വാരുമായി വൈരുദ്ധ്യാത്മക ഭൗതികവാദത്തെപ്പറ്റി പറഞ്ഞ് തലതല്ലിച്ചിരിച്ചെന്ന് പണ്ട് വി.കെ.എൻ കഥാപാത്രം പറഞ്ഞ മാതിരി, ഇവിടെ ദൈവത്തെപ്പറ്റി പറഞ്ഞ് ചിരിച്ചുചിരിച്ചൊരു വഴിക്കായി. പോയന്റ് സിമ്പിൾ: മനുഷ്യസങ്കൽപങ്ങളുടെ ഡ്വാർഫ്​നെസ്​. ചിന്തയുടെ പരിമിതി. അതു തിരിച്ചറിഞ്ഞാൽ പിന്നെ അംബീഷനില്ല, ആർത്തിയില്ല. അതൃപ്തിയുമില്ല. അത്തരക്കാർ സ്വയം ഗൗരവത്തിലെടുക്കില്ല. ഈ നിലപാടിനൊരു കൊറോളറി കൂടിയുണ്ട്- അവർ ആരേയും വലിയ ഗൗരവത്തിലെടുക്കില്ല. അതല്ലേ ശരിയായ നോർമൽസി? മഹാഭൂരിപക്ഷവും അങ്ങനെയല്ല. അതുകൊണ്ട് അവർക്കുതോന്നും, ഇപ്പറഞ്ഞ നോർമൽസി കിറുക്കാണെന്ന്. കുഴപ്പം ആരുടെയാണ്?

ആൾക്കൂട്ടം എന്ന നോവലിന് 50 തികഞ്ഞ സന്ദർഭത്തിൽ ആനന്ദ് ട്രൂ കോപ്പി തിങ്കിന് നൽകിയ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുന്നുണ്ട്: ‘ബോംബെ നഗരം എന്നിലുണ്ടാക്കിയ ആഘാതം വലുതായിരുന്നു. ഞാൻ ഇന്ത്യയെ മനസ്സിലാക്കാൻ തുടങ്ങുകയായിരുന്നു. ബോംബെ ഒരു മിനി ഇന്ത്യയായിരുന്നു.' ശരിക്കും ആ മഹാനഗരത്തെ എങ്ങനെയാണ് അനുഭവിച്ചത്?

പണ്ട് കണ്ട ഹിന്ദിപ്പടങ്ങളിലൂടെ ബോംബെ മനസിൽ എവിടെയൊക്കെയോ കയറിപ്പറ്റിയിട്ടുണ്ട്. പഴയൊരു പടം- സി.ഐ.ഡി. മനസിൽ അതിൽ ജോണി വാക്കർ കാമുകിയൊത്ത് പാടിനടക്കുന്ന രംഗമുണ്ട്. റഫി സാഹിബിന്റെ വോയ്സ്. കഹി ബിൽഡിംഗ്, കഹി ട്രാമേം കഹി മോട്ടോർ, കഹി മിൽ, മിൽതാ ഹെ യഹാം സബ് കുച്ച്... ഏക് മിൽതാ നഹി- ദിൽ ഇൻസാൻ കാ, ഹെ നഹീ നമോ- നിഷാൻ
ഹൃദയവും മനുഷ്യത്വവും ഒഴികെ എന്തും കിട്ടുന്ന ബോംബെ. ഈ നിരാശയ്ക്ക് കാമുകിയുടെ മറുപടിയുണ്ട്- സുനോ മിസ്റ്റർ സുനോ ബന്ദു യേ. ഹെ ബംബയ് മേരി ജാൻ, അയ് ദിൽ ഹെ, ആസാൻ ജീനാ യഹാം.
ആർക്കും അല്ലലില്ലാതെ ജീവിച്ചുപോകാൻ പറ്റിയ ഇടമെന്ന് കാമുകിയുടെ തിരുത്ത്. അത് 101% നേരാ. ദിവസവരായ്ക അഞ്ചുറുപ്പികയുള്ളവനും അഞ്ചുകോടിയുള്ളവനും മുട്ടില്ലാതെ ജീവിച്ചുപോകാം- അവനവന്റെ ലക്ഷ്വറിയിൽ. നഗരം എല്ലാവർക്കുമുള്ള അവസരമാണ്. തലസ്ഥാനനഗരങ്ങളിലെ ബ്യൂറോക്രാറ്റിക് ഈതോസില്ലിവിടെ. സദാ പുതുമയുടെ സാധ്യതകളുടെ പ്രോമിസാണ്. ആശകൾ ജ്വലിപ്പിക്കും, ഭാവനകൾ തെളിക്കും.

ആദ്യമായി ബോംബെയിലൂടെ നടക്കുമ്പോൾ ജോണിവാക്കർ പാടിയതൊക്കെ തിരഞ്ഞു. കൂറ്റൻ കെട്ടിടങ്ങളും നിറയെ മോട്ടോറുകളുമൊക്കെയുണ്ട്. ട്രാമുകൾ കളമൊഴിഞ്ഞിരുന്നു. മില്ലുകൾ തലയുയർത്തി നിൽപുണ്ട്. ആളനക്കമില്ല. കാതലായ ഒരു ചരിത്രമാറ്റം നഗരത്തിനു സംഭവിച്ചുകഴിഞ്ഞിരുന്നു. അതുപറഞ്ഞാൽ, വ്യക്തമായ ട്രാൻസിഷൻ ഘട്ടങ്ങളുണ്ട് ഈ നഗരത്തിന്. പടിഞ്ഞാറൻ കടലിൽ എഴു ദ്വീപുകളായി ചിതറിക്കിടന്ന പ്രദേശത്തെ ബോംബെയാക്കിയത് ഓപ്പിയമാണ്- കറുപ്പ്. മധ്യപ്രദേശിലെ മാൾവയിൽ നിന്നുള്ള കറുപ്പ് ചൈനക്ക് കയറ്റിവിടുന്ന കലാപരിപാടിയാണ് ആദ്യവ്യവസായം തന്നെ. കൂടെ പരുത്തിയുമുണ്ട്. ഈ രണ്ടു ചരക്കുകളാണ് ബോംബെയെ കാപ്പിറ്റലിസ്റ്റ് ക്ലാസിലേക്കുയർത്തുന്നത്, 18ാം നൂറ്റാണ്ടിൽ. ജെ.ജെ ഹോസ്പിറ്റൽ, ജെ.ജെ സ്‌കൂൾ ഓഫ് ആർട്സ് എന്നൊക്കെ കേട്ടിട്ടില്ലേ? ജെ.ജെ എന്നാൽ ജാം ഷെട്ജി ജീജിഭായ്. കലാകാരനോ സ്വാതന്ത്ര്യസമരസേനാനിയോ ഒന്നുമല്ല, ഓപ്പിയം കിംഗ്. ഗുജറാത്തിൽ നിന്നുള്ള ഒരു പാഴ്സി അനാഥപ്പയല്, കറുപ്പുകച്ചോടം വഴി ഏഴു കപ്പലുള്ള വാണിജ്യസാമ്രാജ്യമായിത്തീർന്ന ചരിത്രം. ഇത്തരം റാഗ്സ് ടു റിച്ചസ് സ്റ്റോറികൾ പലതുമുണ്ട് ബോംബെയുടെ ആത്മകഥയിൽ. അതിൽ നിന്ന് സിറ്റി ഓഫ് ഗോൾഡ് എന്ന മിത്തുമുണ്ടായി.

17ാം നൂറ്റാണ്ടിൽ പറങ്കികളിൽ നിന്ന് സ്ത്രീധനമായി കിട്ടിയ ദ്വീപസമൂഹത്തെ ബ്രിട്ടീഷുകാരാണ് കൂട്ടിത്തുന്നിയത്; ഭൂമിശാസ്ത്രപരമായും, സാംസ്‌കാരികമായും. ഭൂമിശാസ്ത്രപരമായ തുന്നൽപ്പണിയുടെ ഒരു രസം പറയാം. ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് ചുമ്മാ നടന്ന് ഏഷ്യാറ്റിക് ലൈബ്രറിയിലെത്തുന്നവർ അറിയുന്നില്ല, തെക്കേയറ്റത്തെ കൊളാബാ ഐലൻഡിൽ നിന്ന് ഓൾഡ് വുമൺസ് ഐലൻഡിലേയ്ക്കാണ് നടന്നുകയറിയതെന്ന്. ഇനി കൾച്ചറൽ തുന്നലിന്റെ കാര്യം. കറുപ്പും പരുത്തിയും വലിയ കച്ചോടമായപ്പോൾ പാഴ്സികളും മാൾവാറികളും ബനിയകളുമൊക്കെ ഗുജറാത്ത് ഭാഗത്തുനിന്നെത്തി തമ്പടിച്ചു. പിന്നെ കൊങ്കൺ മുസ്ലിംകളും ബോറ, ഖോജ, മേമൺ വിഭാഗങ്ങളെത്തി. ബ്രിട്ടീഷുകാർ മുഖേന പല യൂറോപ്യൻ സമൂഹങ്ങളും ദ്വീപിലിറങ്ങി. മീൻപിടിത്തക്കാരായ കോളികളും തെങ്ങും നെല്ലും കൃഷിചെയ്യുന്ന കൊങ്കണികളും മറാഠിയും നേരത്തേയുണ്ട്. വ്യത്യസ്ത സംസ്‌കാരങ്ങൾക്കിടയിലെ തുറന്ന വിനിമയം. എല്ലാവരും ഒത്തുപോകുന്ന ജീവിതം. ഇതെല്ലാം ചേർന്ന് ബോംബെക്ക് നൽകിയതാണ് അതിന്റെ കോസ്മോപൊളിറ്റൻ ക്യാരക്ടർ. അന്നുപക്ഷെ ഇതൊരു ഉൽപാദന നഗരമൊന്നുമായിട്ടില്ല. വിക്ടോറിയൻ ഭാവങ്ങളുള്ള ഒരു പ്രീ- ഇൻഡസ്ട്രിയൽ നഗരമെന്നു പറയാം.

വൻനഗരത്തിലെത്തുന്ന ആരുടെയും ആദ്യാനുഭവം വ്യഗ്രതയുടേതാണ്. ഒറ്റയ്ക്കാണ് വരുന്നതെങ്കിൽ വിശേഷിച്ചും. നാട്ടിൻപുറത്ത് നിങ്ങൾക്ക് മേൽവിലാസമുണ്ടാവും. നിങ്ങൾ എല്ലാവരേയും അറിഞ്ഞില്ലെങ്കിലും നാട് നിങ്ങളെ അറിഞ്ഞുകൊണ്ടിരിക്കും. പട്ടണങ്ങളിലും ഈ തിരിച്ചറിവിന്റെ പോക്കറ്റുകളുണ്ടാവും, ചിലേടങ്ങളിലൊക്കെ നിങ്ങളെ അറിയും. ശരിയായ മെട്രോകളിൽ പക്ഷെ നിങ്ങൾ ആരുമല്ല. എല്ലാത്തരം ഐഡന്റിറ്റികളും ആവിയായിപ്പോകുന്നു. അതുകൊണ്ടാണ് അവിടെ മനുഷ്യർ ഒരൈഡന്റിറ്റിയുണ്ടാക്കാൻ പെടാപ്പാടുപെടുന്നത്. തട്ടുകടക്കാരനായാലും കോടീശ്വരനായാലും. ആധിപിടിച്ച ഈ ഓട്ടമാണ് നഗരത്തിന്റെ തിരക്കുണ്ടാക്കുന്നത്.

വ്യവസായ നഗരം എന്ന ഐഡന്റിറ്റി ബോംബെക്ക് ലഭിക്കുന്നത് എങ്ങനെയാണ്?

ഡേവിഡ് സസൂൺ. ബാഗ്ദാദിൽ നിന്ന് വധശിക്ഷ പേടിച്ച് മുങ്ങിയ ജൂതൻ. പൊങ്ങിയത് ബോംബെയിൽ. പലിശക്ക് വായ്പകൊടുത്ത് വളർന്നു. അയാളുടെ മകൻ

ഡേവിഡ് സസൂണും മക്കളും

അബ്ദുള്ള ഇംഗ്ലണ്ടിൽ പോയി പ്രഭുകുടംബത്തിൽ നിന്ന് പെണ്ണുകെട്ടി സർ ആൽബേർട്ട് സസൂണായി. അങ്ങോര് കെട്ടിയതാണ് ഇന്നുകാണുന്ന സസൂൺ ഡോക്ക്. ഈ സസൂൺ കുടുംബമാണ് ആദ്യമായി ഒരു കോട്ടൻ മില്ല് പണിയുന്നത്, 1854ൽ. പിന്നെ മില്ലുകളുടെ പ്രവാഹമായി. ചൈനയിലെ യാൺ മാർക്കറ്റിനുവേണ്ട നൂലുണ്ടാക്കുന്ന വമ്പൻ വ്യവസായ മേഖലയായി ബോംബെ. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ എൺപതോളം മില്ലുകളുണ്ട്. അവിടെ മാത്രം ഏതാണ്ട് രണ്ടരലക്ഷം പേർക്ക് തൊഴിൽ. ദല്ലാൾപ്പണി, വായ്പക്കച്ചോടം, തുറമുഖം, ഓരോന്നായി പന്തലിച്ചു. എന്തിനും പണം കിട്ടുമെന്നായപ്പോൾ പുതിയ വ്യവസായങ്ങൾ മുളച്ചു. തെക്കൻ ജില്ലകളിൽ തുണിമില്ലുകൾ, സെൻട്രൽ ജില്ല തൊട്ട് വടക്കോട്ടു പോയി പിന്നെ കിഴക്കോട്ടും പടിഞ്ഞാറോട്ടും പന്തലിക്കുന്ന നൂറുകണക്കിന് എഞ്ചിനിയറിങ് യൂണിറ്റുകൾ, കെമിക്കൽ പ്ലാന്റുകൾ, മരുന്ന് ഫാക്ടറികൾ, ഇലക്ട്രിക്കൽ ഗുഡ്സ് യൂണിറ്റുകൾ, മെഷിനറി നിർമാണം, തുകൽ ഫാക്ടറികൾ... ഇതിന്റെയൊക്കെ അനുബന്ധ വ്യവസായങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ. രാജ്യത്ത് എവിടെയുമുള്ളവർക്ക് അഭയവും പ്രതീക്ഷയുമായി ബോംബെ. തൊഴിലുകിട്ടാൻ, മുതലിറക്കാൻ, മുതലുകൊയ്യാൻ. 1960കൾ വരെ ഈ നില തുടർന്നു. അറുപതുകളുടെ ഒടുവോടെ ട്രേഡ് യൂണിയൻ പ്രസ്ഥാനം ബോംബെയിൽ ശക്തിപ്പെട്ടു. ജോർജ് ഫെർണാണ്ടസും ആർ.ജെ. മേത്തയും പിന്നെ സി.ഐ.ടിയുവും ഐ.എൻ.ടി.യു.സിയും. എഴുപതുകളോടെ ശിവസേനയും കയറിപ്പറ്റി. ബോംബെ- താനെ വ്യവസായ മേഖലയിൽ സമരങ്ങൾ പതിവായി. തൊഴിലാളികൾ ആവശ്യങ്ങൾ നേടിയെടുത്തു. ഇടതുപക്ഷത്തിന് മേൽക്കൈ കിട്ടി. അടിയന്തരാവസ്ഥക്കാലത്ത് തൊഴിലുടമകൾ സംഘടിച്ചു തുടങ്ങി. പിന്നീടത് ഒരു ബലാബലത്തിലേയ്ക്ക് നീങ്ങി.

മുംബൈ ലോവർ പാരലിലെ മധുസൂദൻ മിൽസിലെ ഉപകരണങ്ങൾ സമരത്തെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ/Photo:Wikipedia Commons

1982ലെ കോട്ടൺമിൽ സമരം എല്ലാം മാറ്റിമറിച്ചു. യൂണിയൻ നേതാക്കൾ പലരെയും തള്ളിമാറ്റി പുതിയൊരു താരോദയമുണ്ടായത് അക്കാലത്താണ്- ദത്ത സാമന്ത്. ഘാട് കൂപ്പറിൽ ഒരു ക്ലിനിക്ക് നടത്തിവന്ന ഡോക്ടറാണ്. രോഗികൾ മിക്കവാറും തൊഴിലാളികൾ. അവരുടെ ജീവിതയാതന കണ്ട് സഹികെട്ടാണ് ഡോക്ടർ കളത്തിലിറങ്ങുന്നത്. പ്രീമിയർ കാർ കമ്പനിയിൽ തൊഴിലാളികൾക്ക് വേതനം കൂട്ടിക്കൊടുത്തു. ആ വിജയം കണ്ട മിൽത്തൊഴിലാളികൾ അദ്ദേഹത്തെ ക്ഷണിച്ചു. ഐ.എൻ.ടി.യു.സി അഫിലിയേഷനുള്ള രാഷ്ട്രീയ മസ്ദൂർ സംഘാണ് അവരുടെ പ്രബലയൂണിയൻ. അതിനെ തള്ളിയാണ് സാമന്തിനെ നേതാവാക്കിയത്. അങ്ങനെ ചരിത്രപ്രസിദ്ധമായ സമരം തുടങ്ങുന്നു. 65 മില്ലുകൾ അടച്ചു. ഒരു കൊല്ലത്തോളം തുറന്നില്ല. ഒന്നരലക്ഷം തൊഴിലാളികൾ പട്ടിണിയിലായി. സമരം വിജയിക്കാത്തതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, പ്രിമിയർ കമ്പനി ലാഭത്തിലായിരുന്നതുകൊണ്ട് സാമന്തിന് വിലപേശി. ജയിക്കാനൊത്തു. ഇവിടെ തുണിമില്ലുകൾ നഷ്ടത്തിലാണ്. രണ്ട്, ഇന്ദിരാഗാന്ധിയുടെ കളി: ഈ സമരം കൂടി വിജയിച്ചാൽ ബോബെയിലെ ട്രേഡ് യൂണിയൻ ആധിപത്യം സാമന്തിനു കൂടും.

ദത്താ സാമന്ത് കോട്ടൺ മിൽ സമരത്തിനിടെ

തുറമുഖ തൊഴിലാളികളാണ് അടുത്തപടി. അതുകൊണ്ട് സർക്കാർ നിലപാട് കടുപ്പിച്ചു. ചർച്ചയേ ഇല്ല. മില്ലുടമകൾ നഗരത്തിനു പുറത്തേക്ക് ഉൽപാദനം മാറ്റി. സമരം പൊളിഞ്ഞു, യാതൊരു മെച്ചവും തൊഴിലാളിക്കില്ലാതെ. സമരത്തിന്റെ ഇംപാക്ട് പ്രധാനമായും മൂന്നെണ്ണമാണ്. ഒന്ന്, ബോംബെയിലെ വ്യവസായങ്ങൾ മിക്കതും പുറത്തേക്ക് പോയി. ഗുജറാത്താണ് ഇതുകൊണ്ട് കോളടിച്ചത്. രണ്ട്, ബോംബെയിൽ ട്രേഡ് യൂണിയനിസം തകർന്നു. അതോടെ തൊഴിൽനിയമങ്ങൾ തോന്നിയപടിയായി. മൂന്ന്, വ്യവസായ നഗരം എന്ന നിലയിൽ നിന്ന് കമേഴ്സ്യൽ നഗരായി മാറി, ബോംബെ.

ദത്താ സാമന്തിനെ കാണാൻ കഴിഞ്ഞിരുന്നുവോ?

94ലാണ് ദത്താസാമന്തിനെ കണ്ടത്. അദ്ദേഹം അപ്പോഴും സജീവമായി രംഗത്തുണ്ട്. മിൽ സമരം തെറ്റായിരുന്നു എന്നദ്ദേഹം പറഞ്ഞില്ല. തന്ത്രങ്ങൾ പിഴച്ചെന്നു സമ്മതിച്ചു. മാത്രമല്ല, കോൺഗ്രസ് സർക്കാർ ബോധപൂർവ്വം ഒരു മിൽ പ്രതിസന്ധി സൃഷ്ടിച്ചതാണെന്നും മില്ലുടമകൾക്കുവേണ്ടി. സേവനവേതന വ്യവസ്ഥകളും ലേബൽ നിയമങ്ങളും ദുർബലമാക്കാൻ ഗൂഢ താൽപര്യങ്ങൾ അരങ്ങേറിയെന്നാണ് ഡോക്ടറുടെ വിശ്വാസം. അത് മറ്റൊരു കഥ. ദത്താ സാമന്തിന്റെ ആത്മാർഥതയെ സംശയിക്കാനാവില്ല. സാധാരണ ട്രേഡ് യൂണിയൻ നേതാക്കളിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹം തൊഴിലാളികളുടെ ജീവിതത്തെയാണ് ട്രേഡ് യൂണിയൻ രാഷ്ട്രീയത്തേക്കാൾ മുന്നിൽ നിർത്തിയത്. വെറുതെയല്ല, തൊഴിലാളികൾ ആ മനുഷ്യനെ പിൽക്കാലത്തും സ്നേഹത്തോടെ കണ്ടത്.

മിൽ സമരം പൊളിയുകയും ട്രേഡ് യൂണിയനിസം അപ്രസക്തമാകുകയും ചെയ്തതോടെ വ്യവസായ നഗരം എന്ന അസ്തിത്വത്തിൽനിന്ന് ഈ നഗരം എങ്ങനെയാണ് മാറിപ്പോയത്?

സമരം പൊളിഞ്ഞതിന്റെ ഏറ്റവും വലിയ ബെനിഫിഷ്യറി ശിവസേനയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരക്ക് ജയ് വിളിച്ച് തടി കാത്ത താക്കറെ, മിൽസമരം കൂടി വന്നതോടെ പാടേ അപ്രസക്തനായിപ്പോയിരുന്നു. എന്നാൽ, സമരശേഷം ബോംബെ ഒരു കമേഴ്സ്യൽ നഗരമായി മാറിയതോടെ താക്കറെക്ക് വോയ്സ് തിരിച്ചുകിട്ടി. തൊഴിൽ നിയമങ്ങൾ കടലെടുത്തല്ലോ. അതിന്റെ സ്വാഭാവിക പരിണതിയാണ് പ്ലെയ്സ്​മെന്റ് ഏജൻസികളുടെ പ്രളയം. ഏതു പണിക്കും കരാർ തൊഴിലുകളാണ് ഇവരുടെ ഓഫർ. തൊഴിൽ സുരക്ഷയോ വേതനവ്യവസ്ഥയോ ഉണ്ടാവില്ലെന്ന് ഗ്യാരണ്ടി. ഈ അരക്ഷിതാവസ്ഥ വ്യാപകമായതോടെ മഹാരാഷ്ട്രക്കാരായ യുവജനത ശിവസേനയിൽ ചെന്നുചേർന്നു. പഴയ കമ്യൂണിസ്റ്റു തൊഴിലാളികളുടെ മക്കൾ വരെ ശിവസേനക്കാരായി. തട്ടിപ്പുകൾ അത്രയ്ക്കു വ്യാപകമായിരുന്നു. ഈ കാലത്താണ് ഗൾഫ് റിക്രൂട്ട്മെന്റ് ഏജൻസികളുടെ വിസ്ഫോടനം. കേരളമെമ്പാടും ബ്രാഞ്ചുകളുള്ള ഗഫൂർ കാ ദോസ്ത് എന്റർപ്രൈസുകൾ. ചിലരതിനെ ട്രാവൽ ഏജൻസി കച്ചോടവുമായി കൂട്ടിക്കെട്ടി. ചുരുക്കിപ്പറഞ്ഞാൽ തൊഴിലിന് ഇക്കാലത്തുള്ള അരക്ഷിതാവസ്ഥയുണ്ടല്ലോ, അത് അന്നേ ബോംബെയിൽ രംഗപ്രവേശം ചെയ്തു.

കൊളാബയിലെ താജ്മഹൽ ഹോട്ടലിനു മുമ്പിലായുണ്ടായിരുന്ന കോട്ടൻ മില്ലുകൾ

ബോംബെ ഒരു പോസ്റ്റ്- ഇൻഡസ്ട്രിയൽ സമൂഹമാവുകയായിരുന്നില്ല. സംഭവിച്ചത് ഡീ ഇൻഡസ്ട്രിയലൈസേഷനാണ്. വലിയ വ്യവസായശാലകൾ ഗുജറാത്തിലേക്ക് പോയി. ചീപ് ലേബറും നികുതിയിളവും വഴി ഗുജറാത്ത് പരമാവധി വശീകരിച്ചു. മറ്റുള്ളവ നാഗ്പൂരിലേക്കും ഔറംഗബാദിലേക്കും നാസിക്കിലേക്കും പോയി. പവർലൂമുകൾ ഭീവണ്ടിയിലേക്ക്. ഈ ഒഴിയിൽ കമേഴ്സ്യൽ നഗരത്തിന്റെ എടുപ്പുകൾ ഉയർന്നു- ഫുഡ് പ്ലാസകൾ, ഷോപ്പിങ് മാളുകൾ, എന്റർടെയ്ൻമെന്റ് പ്ലാസകൾ, ഓഫീസ് കോംപ്ലെക്സുകൾ, പുതിയ ഫിനാൻഷ്യൽ സ്ഥാപനങ്ങൾ... ചുരുക്കിപ്പറഞ്ഞാൽ ബോംബെയുടെ ഫംഗ്ഷനൽ പ്രകൃതം പാടേ മാറിപ്പോയി.

ഈ കമേഴ്സ്യൽ മുഖമാണോ നഗരം? ഒരിക്കലുമല്ല. ഇത് ഉപരിതലമാണ്. സമാന്തരമായി മറ്റൊരു നഗരമുണ്ട്. ചേരികൾ. ഒന്നേമുക്കാൽ കോടി പൗരാവലിയിൽ ക്ലീൻ 40% ഈ ഡാർക്ക്​ യൂണിവേഴ്സിലാണ്. സത്യത്തിൽ, ഇതാണ് ശരിയായ നഗരം, മറ്റേത് ഇതിന്റെ നിഴൽ മാത്രമാണെന്ന് തോന്നിപ്പോവുന്നു. കാരണം, ചേരിയില്ലെങ്കിൽ സിറ്റിയില്ല. ഇൻഫോമൽ സെക്ടർ പ്രവർത്തനം മുഴുക്കെ നടക്കുന്നതിവിടെയാണ്. ഉദാഹരണമായി തെക്കൻ ബോംബെയിലെ എലീറ്റ് മേഖലയായ കഫ് പരേഡ്. തൊട്ടുകിടക്കുന്ന ഗീതാനഗറില്ലെങ്കിൽ കഫ് പരേഡിൽ ജീവിതമില്ല- ഈ ചേരിക്കാരാണ് സമ്പന്ന ഫ്ളാറ്റുകളിലെ എല്ലാത്തരം പണികളുമെടുക്കുന്നത്. ഇനി, ഏഷ്യയിലെ ഏറ്റവും വലിയ ചേരി എന്ന് സെലിബ്രിറ്റി സ്റ്റാറ്റസുള്ള ധാരാവി. ഏതാണ്ട് 10 ലക്ഷം അന്തേവാസികൾ കഴിഞ്ഞുകൂടുന്നു. ചെറുകിട വർക്കുഷോപ്പുകളുടെ മഹാനഗരമാണത്.

ധാരാവി

പതിനായിരത്തിൽപരം കുടിൽ വ്യവസായ യൂണിറ്റുകൾ, ചെറുകിട പ്രിന്റിംഗ് ബിസിനസുകൾ, തുന്നൽക്കമ്പനികൾ, ലെതർ യൂണിറ്റുകൾ, ലെയ്ത്തുകൾ... എല്ലാം അനധികൃതം. അതുകൊണ്ട് നയാപൈസ നികുതിയടയ്ക്കണ്ട. ലോക്കൽ ഗുണ്ടകൾക്ക് ഹഫ്ത കൊടുക്കണമെന്നുമാത്രം. ടേണോവറിന് ഒരനധികൃത കണക്കുണ്ട്- ദിവസം 600 കോടി രൂപ. ഈ കരിനിഴൽ റിപ്പബ്ലിക് എവിടെയാണെന്നോ? ബോബെയുടെ ധനകാര്യജില്ലയായ ബാന്ദ്ര - കുർളയ്ക്ക് നേരെ മുന്നിൽ. നഗരത്തിന്റെ ഏതംശത്തിലുമുണ്ട് ഈ നിഴൽ. അതോ നഗരം, ചേരിയുടെ നിഴലോ?

മലയാളിയെ സംബന്ധിച്ച് ബോംബെ ഒരു അധോലോകത്തിന്റെ കൂടി സാമ്രാജ്യമാണ്. പരിന്ദാ, സത്യ തുടങ്ങിയ സിനിമകളിലൂടെ നിറം പിടിപ്പിച്ച നുണകളുടെയും നേരുകളുടെയും ഒരു സാമ്രാജ്യം. വാസ്തവത്തിൽ എന്തായിരുന്നു മുംബൈ അധോലോകം?

ദസ്തേവ്സ്‌കിയല്ലേ നഗരത്തെ ഒരു ആക്സിഡെന്റൽ ട്രൈബ് എന്നുവിളിച്ചത്? പുറമേയ്ക്ക് ശാന്തമായിരിക്കുമ്പോഴും hostile ആണ് നഗരം. അതിന്റെ എല്ലാതരം വെളിച്ചങ്ങളിലും ഇരുട്ട് പതിയിരിപ്പുണ്ട്. അവിടെ നിന്നാണ് അധോലോകം എന്ന മറ്റൊരു വൻവ്യവസായത്തിന്റെ വരവ്.

ഒരിക്കൽ നാട്ടിലെ ഒരു ചങ്ങാതി ലോഹ്യം പറയുന്ന കൂട്ടത്തിൽ തിരക്കി, ബോംബെയിൽ എവിടെയാ? നരിമാൻ പോയിന്റിൽ എന്ന മറുപടി കേട്ടതും അടുത്ത ചോദ്യം: അവിടുന്ന് ഈ അണ്ടർവേൾഡ് എങ്ങനെയാ, അടുത്താണോ? ചിരിച്ചില്ലാ.. കാരണം, ബോംബെയിലെ ഒരു പ്രത്യേക പഞ്ചായത്താണ് ഇപ്പറഞ്ഞ ഡെസ്റ്റിനേഷൻ എന്നു കരുതിയിരുന്ന ഒരു കാലം സ്വന്തമായുണ്ടായിരുന്നു. പിന്നീട് നഗരത്തിലെത്തിയപ്പോൾ മനസിലായി, അത് ഒരിടത്തല്ല, എവിടെയും എപ്പോഴുമുണ്ടെന്ന്. ആ വെർച്വൽ പഞ്ചായത്തുകൾക്ക് അദൃശ്യരായ തലൈവർമാർ. മിത്തുകളായിട്ടാണ് അസ്തിത്വം. പഴയ മിത്തുകളിൽ കരിംലാലയും ഹാജി മസ്താനും വരദരാജ മുതലിയാരുമൊക്കെ നിറഞ്ഞുനിന്നു. 20ാം നൂറ്റാണ്ടിന്റെ ഒടുവോടെ മിത്തുമാറി, അർബൻ ലെജൻഡുകളിറങ്ങി- ഛോട്ടാരാജൻ, ഛോട്ടാ ഷക്കീൽ, അരുൺ ഗാവ്ലി, നായിക് അങ്ങനെ. ഓരോ ഡോണും ഓരോ അമർ ചിത്രകഥ. ചേരികളിൽ, കോർപറേറ്റ് മുറികളിൽ, മീഡിയയിൽ അതിന്റെ പാരായണം നടക്കും.

വായിപ്പിക്കാൻ ഓത്തന്മാരുണ്ട്. അവരിലൂടെ റിയൽ എസ്റ്റേറ്റിലും സിനിമയിലും ഹവാലയിലും ഡ്രഗ്സിലുമായി ബിസിനസ് ഭംഗിയായി നടക്കും. എണ്ണം പറഞ്ഞ പാരലൽ ഇക്കോണമി. ബോംബെ സിറ്റി കോർപറേഷന്റെ വാർഷിക ബജറ്റ് ശരാശരി 1000 കോടി രൂപയാണ്. പല സംസ്ഥാന ബജറ്റുകളേക്കാൾ വലുത്. ഈ യമണ്ടൻ കിഴിയെ വെല്ലും അണ്ടർവേൾഡ് ടേണോവർ. നന്ദി ചൊല്ലേണ്ടത് ഒരു സത്താറക്കാരൻ കോൺസ്റ്റബിളിനോടാണ്. കള്ളക്കടത്ത്, ഹഫ്ത, കത്തിക്കുത്ത്, ചാരായംവാറ്റ്, നിലവാരത്തിൽ കിടന്ന ഈ മേഖലയെ ആഗോളീകരിച്ച് ഹൈ ടെക്കാക്കിയത് ടിയാന്റെ ഓമനപുത്രനാണ്- ദാവൂദ് ഇബ്രാഹിം കാസ്‌കർ. മറ്റൊരാൾ കൂടിയുണ്ട്, രക്തബന്ധുവല്ലെങ്കിലും ദീപക് പട്ടേൽ. കുറേക്കാലം ദുബായിലിരുന്ന് ബോംബെയെ ഉള്ളംകയ്യിലിട്ട് അമ്മാനമാടി. പിന്നെ ആർ.ഡി.എക്സ് പടക്കംവെച്ച് നഗരത്തെ ഒന്നു മൂക്കിൽവലിച്ചു. 92ലെ വർഗീയ കലാപത്തിനുള്ള മറുവെടിയാണ് ഈ സ്ഫോടനപരമ്പര എന്നു ദാവൂദ് പറഞ്ഞിട്ടില്ല. പക്ഷെ ഇന്ത്യ അതങ്ങുറപ്പിക്കുന്നു. അങ്ങനെ പറയാനേ തൽക്കാലം മാർഗമുള്ളൂ. പ്രതി അങ്ങ് കറാച്ചിയിൽ സ്റ്റേറ്റ് ഗസ്റ്റ്, ഈ കഥാപാത്രത്തോട് ഒന്നു ഫോണിൽ പേശാൻ അവസരമുണ്ടായി. ദീർഘകാലമായി ഈ ബീറ്റിലുള്ള ഒരു പ്രമുഖ ക്രൈം റിപ്പോർട്ടർ ചങ്ങാതിയുടെ ചെലവിൽ, പ്രതീക്ഷിച്ചത് ഒരു അമരീഷ് പുരി നിവേശമാണ്, കുറഞ്ഞപക്ഷം പ്രാൺ-പ്രേംചോപ്ര സ്‌റ്റൈലെങ്കിലും. കേട്ടത് മാടപ്രാവിന്റെ സ്വരം. നിരാശ തോന്നി. മിന്നിമിന്നിയല്ലേ ട്യൂബ് ലൈറ്റ് തെളിയൂ- ഇത് വികാരാക്രോശത്തിന്റെ നാടകക്കളരിയല്ല, ഒരുണ്ട പോലും കാരണമില്ലാതെ പാഴാക്കാത്ത മെറ്റിക്കുലസ് വ്യവസായമാണ്. ആ സാമ്രാജ്യത്തിന്റെ സി.ഇ.ഒക്ക് വാക്കുകൾക്കുപോലും ലുബ്ധ്. ഈ ഫോൺപേച്ച് ചില്ലറ ആപ്പായി. ഐ.ബിക്കാരുടെ കയറിയിറക്കം, ക്വറീസ്. ഏതാണ്ട് അതേകാലത്ത് മറ്റുചില ബോംബെ പത്രക്കാരും ഇതേമാതിരി പേശിയിട്ടുള്ളതുകൊണ്ട് ചാരപ്പടയുടെ ശല്യം നീണ്ടില്ല. ഫലിതം മറ്റൊന്നാണ്. ഈ ചാരന്മാർക്കും ഇഷ്ടംപോലെ സൊള്ളാം, കറാച്ചിയിലേക്ക്. ലൈനിൽ കിട്ടാത്ത പ്രശ്നമൊന്നുമില്ല. വിളിച്ച് ലോഹ്യം പറഞ്ഞുവെക്കാം​; അത്രതന്നെ.

1993ലെ ബോംബെ ബോംബ്‌സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട റിപ്പോർട്ട്‌

അധോലോക വ്യവസായം നഗരമുള്ളിടത്തോളം നിലനിൽക്കും. പഴയമാതിരി വെർട്ടിക്കൽ ഘടനയും മുകളിലത്തൊരു ജോസ് പ്രകാശും എന്ന ശൈലിയൊക്കെ പോയി. 21ാം നൂറ്റാണ്ടിൽ കുറേക്കൂടി തിരശ്ചീനമാണ് പഞ്ചായത്ത്. വെറും ഹിസ്റ്ററിഷീറ്റർമാരുടെ കളിയല്ലിത്. അവരൊക്കെ കയ്യാളുകൾ മാത്രം. ശരിക്കുള്ള അധോലോക ജനുസ് പുലരുന്നത് പണ്ടേക്കു പണ്ടേ ഈ നഗരം വയ്ക്കുന്ന ആ പ്രലോഭനശക്തിയിലാണ്- സിറ്റി ഓഫ് ഗോൾഡ്. ഫോർച്യൂൺ ഹണ്ടേഴ്സിനുള്ള നിത്യപ്രലോഭനം. നിധിവേട്ടയ്ക്ക് പലർക്കും പലവഴിയാണ്. ചിലർ തോക്കുകൊണ്ട്, ചിലർ തലകൊണ്ട്. തലയെ തോക്കാക്കി നോക്കിയ കഥാപാത്രങ്ങളുമുണ്ട്- ഹർഷദ് മേത്തയെപ്പോലെ.

ഇന്ത്യയിൽ നടന്ന ഏറ്റവും കുപ്രസിദ്ധമായ ഓഹരി കുംഭകോണത്തിന്റെ നായകനായിരുന്നുവല്ലോ ഈ ഹർഷദ് മേത്ത. ബോബെ സ്റ്റോക്ക് മാർക്കറ്റ് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തട്ടിപ്പ്. ഈ കോവിഡുകാലത്തുപോലും ഗൂഗ്‌ളിൽ ലോകത്തേറ്റവും കൂടുതൽ പേർ തെരഞ്ഞ ടി.വി/വെബ് സീരീസുകളുടെ പട്ടികയിൽ രണ്ടാമതെത്തിയത് സോണി ലിവിന്റെ സ്‌കാം 1992: ദ ഹർഷദ് മേത്ത സ്‌റ്റോറി എന്ന സീരിസാണ്.

ഘാട്കൂപ്പറിലെ ഒരു ചെറിയ ജൗളിക്കടക്കാരന്റെ മകൻ. കഷ്ടി ബി.കോംവരെ പോയി. പിന്നെ പല ലുടുക്കു പണികൾ, ഒരിൻഷുറൻസ് കമ്പനിയിൽ സെയിൽസ്മാൻ, ഒടുവിൽ ഷെയർ ബ്രോക്കിംഗ് കമ്പനിയിൽ. നിധിവേട്ടയ്ക്ക് പറ്റിയ വഴി ഓഹരിക്കച്ചോടമാണെന്നു കണ്ട് പല ദല്ലാൾമാർക്കു കീഴിൽ അഭ്യസിച്ചുനോക്കി.

സ്‌കാം 1992: ദ ഹർഷദ് മേത്ത സ്‌റ്റോറി എന്ന വെബ്സീരിസിൽ നിന്ന്

ഒടുവിൽ ഗുരുനാഥനെ കണ്ടെത്തി- പ്രസൻ പ്രാൻ ജീവൻദാസ്. പേരെടുത്ത മൂന്നാനാണ്. അവിടെ നിന്നു ശിഷ്യനും പേരുണ്ടാക്കി. 1990 കാലത്ത് സെക്യൂരിറ്റീസ് വ്യവസായത്തിലിറങ്ങുന്നു. മേത്ത കൈവെച്ചാൽ ഓഹരിവില സ്വർഗത്തെത്തുമെന്ന ശ്രുതി പരന്നു. ഉദാഹരണമായി എ.സി.സി സിമന്റുകമ്പനിയുടെ ഓഹരി 200 രൂപയിൽ കിടന്നത് മേത്തയുടെ കയ്യിൽ പടപടാന്ന് 9000 രൂപയിൽവരെയെത്തി. കോർപറേറ്റുകൾ മേത്തക്കു മുന്നിൽ ക്യൂ നിന്നു.

വെറും ദല്ലാൾ ബുദ്ധിയല്ല, ഈ ഗുജറാത്തി പ്രയോഗിച്ചത്. കമ്പനിയുടെ ഓഹരികൾ ഇങ്ങനെയെങ്ങനെയാണ് വാണം പോലെ ഉയരുന്നതെന്നു ചോദിച്ച വിദഗ്ധർക്ക് മേത്ത പുതിയൊരു വേദോപദേശമോതി- ഓഹരികൾ പലതും അണ്ടർവാല്യു ചെയ്താണിരിപ്പ്. ഒരു കമ്പനിയുടെ ഓഹരിമൂല്യം ശരിയായി തിട്ടപ്പെടുത്തേണ്ടതെങ്ങനെ? ആ കമ്പനി ഇന്നത്തെ നിലേൽ നിർമിച്ചെടുക്കാൻ എന്തു ചെലവുവരുമോ അങ്ങനെ വേണം ഇന്നത്തെ മൂല്യമളക്കാൻ. ഇതാണ് മേത്തയുടെ അസറ്റ് റീപ്ലെയ്സ്മെന്റ് തിയറി. ദലാൽ തെരുവിലെ വിദ്വാന്മാർക്കും പിങ്ക് പത്രങ്ങളിലെ മണിയാൻ ചെട്ടികൾക്കും ഡൗൺലോഡ് ചെയ്തുകൊടുത്ത ബൈജൂസ് ആപ്പ്. അവർ ആ പുത്തൻ എഞ്ചുവടി പഠിക്കുമ്പോൾ മേത്ത വർളി സീഫേസിലെ മണിമാളികയിൽ ഏറ്റവും മുന്തിയ കാറുകളുടെ പരിലാളനയിൽ റോളർകോസ്റ്റർ റൈഡ് തുടർന്നു. എന്നാലും ഇങ്ങനെ കളിക്കാൻ ഇത്രയ്ക്ക് കാശെവിടുന്ന്? ഭാഗ്യാന്വേഷികളും കുശുമ്പന്മാരും തലപുകച്ചു.

മേത്തയുടെ ലൈൻ സിമ്പിളായിരുന്നു. ‘90 കൾ വരെ ബാങ്കുകൾ ഈക്വിറ്റിമാർക്കറ്റിൽ പണമിറക്കിയിരുന്നില്ല. സർക്കാർ ബോണ്ടുകളിലായിരുന്നു, അവരുടെ നിക്ഷേപം. ബാങ്കുകളുടെ ഈ മുതലാണ് മേത്ത മുതലാക്കിയത്. ഒരു ബാങ്കിൽ നിന്ന് വൻതുക വാങ്ങി ഹ്രസ്വകാലത്തേക്ക് മറ്റു ബാങ്കുകൾക്ക് മറിക്കുക, അതിന്റെ പലിശയാണ് കൊടുക്കുന്ന ബാങ്കിന്റെ ആദായം. ഇതിനുള്ള ഇടനിലപ്പണിക്ക് ചില്ലറ കമീഷൻ കിട്ടും. അങ്ങനെയാണ് സെക്യൂരിറ്റീസ് വ്യവസായത്തിലെ പതിവ്. കൊടുക്കുന്ന ബാങ്കിന്റെ പണം മേത്ത സ്വന്തം അക്കൗണ്ടിലിടും, മറ്റു ബാങ്കുകളുടെ സെക്യൂരിറ്റി വാങ്ങാൻ വേണ്ടി, ഒരു ചെറിയ കാലത്തേക്ക് മാത്രം. ഈ കാലയളവിൽ ആ പണം- വൻതുകയാണ് കേട്ടോ- ഓഹരിവിപണിയിലിറക്കും. പ്രമോട്ട് ചെയ്യേണ്ട ഓഹരികൾ ഭീമമായി വാങ്ങിക്കൂട്ടും. അങ്ങനെ അവയ്ക്ക് വൻവിലയുണ്ടാക്കിയെടുക്കും. എ.സി.സി, സ്റ്റൈർലൈറ്റ്, വീഡിയോ കോൺ തുടങ്ങിയവക്ക് ഭീകര ഡിമാന്റുണ്ടായത് അങ്ങനെയാണ്.

ഹർഷത് മേത്ത

മൂന്നുമാസമാണ് ബാങ്ക് തിരിച്ചടവിനു നൽകുന്ന ക്രഡിറ്റ് പിരീയഡ്. അതിനകം മേത്ത ഓഹരി വിറ്റ് വൻലാഭവും കൊയ്ത്, ബാങ്കിന്റെ കാശ് മടക്കും. ഈ കളിയിൽ അന്ന് ഏഴ് ബ്രോക്കർമാരേയുള്ളൂ ഇന്ത്യയിൽ. ബാങ്ക് രസീതാണ് (BR) ബ്രോക്കർക്ക് കൊടുക്കുക. അല്ലാതെ കാശിടപാടില്ല. ബി.ആറിന്റെ ഈടിലാണ് കളിയത്രയും. വിൽക്കുന്ന ബാങ്ക് രസീതു കൊടുക്കും. വാങ്ങുന്ന ബാങ്ക് അതിനുള്ള ചെക്ക് നൽകും. രണ്ടു ബാങ്കുകളും പരസ്പരം അറിയുകപോലുമില്ല, ഇടപാട്.
ഈ കളി പുരോഗമിച്ചപ്പോൾ പ്രത്യേകിച്ചൊരു സെക്യൂരിറ്റിയുമില്ലാത്ത വ്യാജ ബി.ആർ വച്ച് മേത്ത കാശുകൊയ്തു എന്നതാണ് കേസ്. ആ വകുപ്പിൽ ബാങ്കുകളെ 4000 കോടി പറ്റിച്ചെന്നും. ആകെ 72 കേസുകളെടുത്തു, ദേശീയ അപസർപ്പക ഏജൻസികളെല്ലാം കയറിയിറങ്ങി, മേത്ത അകത്തായി, ആർ.ബി.ഐ ഗവർണർ വെങ്കട്ടരാമൻ രാജിവെച്ചു, എന്നുവേണ്ട സർവ്വത്ര പുകിലായി. വിലയില്ലാത്ത പ്രോമിസറി നോട്ട് (വ്യാജ ബി.ആർ) വെച്ചുകളിച്ചു എന്നതാണ് പ്രതിയുടെ മേൽ ചുമത്തിയ കുറ്റങ്ങളുടെയെല്ലാം രത്നച്ചുരുക്കം.

ഹർഷദ് മേത്തയെ കാണാൻ സന്ദർഭമുണ്ടായിട്ടുണ്ടോ?

ഉണ്ട്, ജയിലിലായിരിക്കുമ്പോൾ. ജയിലിൽ പിടിച്ചിട്ടിട്ടും മേത്ത കൂസിയില്ല. ആരോടും സംസാരിക്കാൻ സദാ തയ്യാർ. അങ്ങനെ ചെന്നുകണ്ടപ്പോഴാണ് കാര്യങ്ങൾ വിശദീകരിച്ചിട്ട് നേരെ ഒരു ചോദ്യം- ഞാൻ തെറ്റിച്ച നിയമമേതാണ്? ആ ചോദ്യത്തിന് 72 കേസുകൾ അടയിരുന്ന കോടതികളോ കുറ്റപത്രമെഴുതിയ ഏമാന്മാരോ ഇന്നേവരെ മറുപടി പറഞ്ഞിട്ടില്ല. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥിതിയിലുള്ള ഒരു സാമ്പ്രദായിക പ്രാക്ടീസ് ഉപയോഗിച്ച് കാശുണ്ടാക്കി, ഓഹരിയുടെയും വില കയറ്റി, ഓഹരി വിപണിയിൽ ഒരുകൊല്ലം വൻ വിലക്കയറ്റവുമുണ്ടായി. അതൊരു കുറ്റകൃത്യമായി ഇന്ത്യൻ സാമ്പത്തിക നിയമങ്ങൾ പറയുന്നില്ല. ഇതേ കലാപരിപാടി ഇവിടുത്തെ മറ്റ് സെക്യൂരിറ്റീസ് ബ്രോക്കർമാർ സ്ഥിരമായി ചെയ്യുന്നുണ്ട്, വിദേശ ബാങ്കുകൾക്കുവേണ്ടി. ആ ഭാഗത്തേക്ക് ആരും നോക്കുന്നതേയില്ല. ഇനി മേത്തയുടെ ഇടപാടിലുള്ള ചില ബാങ്കുകൾക്ക് സാങ്കേതികാർഥത്തിൽ മാത്രമാണ് ഇൻസോൾവൻസി. ഭൗതികമായി ഒന്നും നഷ്ടമായിട്ടില്ല. അപ്പോൾപ്പിനെ എന്താണ് മേത്ത ചെയ്തകുറ്റം?

ഈ പുകില് പത്തുകൊല്ലമായപ്പോഴേക്കും മേത്ത മരിച്ചു. കേസുകൾ അപ്രസക്തമായി. മേത്ത തുറന്നുകാട്ടിയത് സിസ്റ്റത്തിലെ പിഴവുകളാണ്. അതിന് രണ്ടു കറക്ഷനുണ്ടായതാണ് ആകെയുള്ള മെച്ചം. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് കമ്പ്യൂട്ടർവൽക്കരിച്ചു, വിപണിയിൽ ഡീ- മ്യൂച്യലൈസേഷൻ വ്യവസ്ഥ ചെയ്തു.
ഹർഷദ് മേത്ത ഒരുശിരൻ കഥാപാത്രമാണ്. 72 കേസുകളും കോടതിയിലെ തിരക്കവും ജയിൽവാസവുമൊക്കെ ഒരുവശത്ത്. പാപ്പരാക്കുന്ന നടപടികൾ വേറെയും. ഇതിനിടെ ഓഹരിമൂല്യം കൂട്ടുന്നതിൽ കോർപ്പറേറ്റുകൾക്കു ക്ലാസെടുക്കുക, മൻമോഹൻ സിംഗിന് ബജറ്റ് നന്നാക്കാൻ പ്രബന്ധം തയ്യാറാക്കി അയക്കുക എന്നുവേണ്ട അസാമാന്യ ഊർജമാണ് അയാൾ കെട്ടഴിച്ചത്. മറ്റാരായാലും തകർന്നുപോകുന്ന ചുറ്റുപാടിൽ ഈ മനുഷ്യൻ ഒരു ലഹരിപോലെ റൈഡ് തുടർന്നു. ഇതാണ് ഫോർച്യൂൺ ഹണ്ടേഴ്സിന്റെ പ്രകൃതം. വല്ലാത്ത റിസോൾവ്, റിസ്‌കെടുക്കാൻ ഒരു മടിയുമില്ല. സ്വയമൊരു റോളർകോസ്റ്ററാണവർ.

ബോംബെയിൽ ഒരു മലയാള പത്രത്തിന്റെ ചുമതലക്കാരനായിരിക്കുമ്പോൾ, അവഗണിക്കാൻ കഴിയാത്ത ഒരാളായിരിക്കും ബാൽ താക്കറെ. ഈ പ്രസ്ഥാനവുമായുള്ള വിനിമയങ്ങൾ ഏതുവിധത്തിലായിരുന്നു?

ബാൽതാക്കറെ ബുദ്ധിയുള്ള ഭീരുവാണ്. ബുദ്ധിയും മേൽത്തരം ഭീരുത്വവും മേൽത്തരം. രണ്ടും മനസ്സിലാക്കാതെയാണ് മിക്കപ്പോഴും നമ്മൾ ആളെ വിധിക്കാറുളളത്. ഇത്തരക്കാർക്ക് ആൾബലമുണ്ടാകും. അതാണവരുടെ രക്ഷാകവചം. അതിനുളളിലിരിക്കെ അവർ അസാമാന്യ ധീരതയുടെ ഡയലോഗിറക്കും, സാഹസങ്ങൾ ചെയ്യിക്കും. ഇതാണ് ശിവസേന എന്ന പ്രസ്ഥാനം കൊണ്ട് താക്കറെ സാധിച്ചത്. ലളിതമായി പറഞ്ഞാൽ, ശിവസേനയുടെ നശീകരണശേഷിയെയാണ് എല്ലാവരും പേടിച്ചത്. പേടിപ്പിക്കാൻ ഉപയോഗിച്ചത്. ആ പേടിയാണ് താക്കറെയുടെ മൂലധനം. ബോംബെയിൽ എത്തിയ കാലത്ത് തുടങ്ങിയതാണ് ഈ കഥാപാത്രത്തെ മനസിലാക്കാനുള്ള ശ്രമം. കലാകൗമുദി പത്രത്തിന് ആദ്യമായി സൺഡേ സപ്ലിമെന്റുണ്ടായപ്പോൾ ആദ്യത്തെ കവർസ്റ്റോറി താക്കറെ അന്വേഷണമാവട്ടെ എന്നു വിചാരിച്ചു. അങ്ങനെയാണ് മലയാറ്റൂരിനെ വിളിക്കുന്നത്. പണ്ട് ഫ്രീപ്രസ് ജേണലിൽ സഹകാർട്ടൂണിസ്റ്റായിരുന്നല്ലോ, ഒരു കുറിപ്പും സ്‌കെച്ചും വേണം. ‘ടിയാനെ കണ്ടകാലം മറന്നു, ഒരു ലേറ്റസ്റ്റ് പടം അയച്ചുതാ' എന്ന് ബ്രിഗേഡിയർ. പടം കിട്ടി ഒരാഴ്ചയ്ക്കകം സംഗതികൾ അയച്ചുതന്നു. താക്കറെ ഒരു ഗ്ലൂമി ഇൻട്രോവേർട്ട്. നേരേ ചൊവ്വേ ഇടപെടില്ല, കാർട്ടൂണിസ്റ്റ് എന്ന നിലയ്ക്ക് ശരാശരി മാത്രം. അങ്ങനെ പോയി, മലയാറ്റൂരിന്റെ വർണന. അതൊക്കെ 1950കളിലെ കാര്യമാണ്.

ഫ്രീ പ്രസ് ജേണലിനുവേണ്ടി കാർട്ടൂൺ വരയ്ക്കുന്ന ബാൽ താക്കറെ. ബാൽതാക്കറെയെക്കുറിച്ചുള്ള രാജ് താക്കറെയുടെ പുസ്തകത്തിൽ നിന്നുള്ള ഫോട്ടോ

വേറെ വഴിക്കു ചികഞ്ഞപ്പോഴാണ് ചുരുൾ തരക്കേടില്ലാതെ അഴിഞ്ഞുതുടങ്ങിയത്.
ഫ്രീപ്രസ് ജേണലിൽ അക്കാലത്ത് കൂടുതലും തെക്കെ ഇന്ത്യക്കാരാണ്. തന്നെ അവർ ഒതുക്കുന്നു എന്നാണ് താക്കറെയ്ക്ക് തോന്നിയത്. പൊതുവെ തെക്കരോട് കടുത്ത നീരസമായി. ഫ്രീപ്രസ് വിട്ട് മർമിക് എന്ന കാർട്ടൂൺ വാരിക തുടങ്ങുന്നു. അത് പരിശോധിച്ചാൽ, പൊതുവേ കരുതുന്ന വർഗീയ ഭ്രാന്തന്റെ ഹിസ്റ്റീരിയയൊന്നുമല്ല കാണുക. ബോംബെയിലെ മറാഠികളുടെ വികാരം ആവിഷ്‌കരിക്കുകയും അതിനൊരു ദിശാബോധം പകരുകയും ചെയ്യുന്ന തന്ത്രശാലിയായ രാഷ്ട്രീയക്കാരനെയാണ്. ആ കാലത്ത് മറാഠികൾ കഴിഞ്ഞിരുന്നത് വടക്കൻ ബോംബെയിലാണ്. തെക്കൻ ബോംബെയാണ് വരേണ്യരുടെ പ്രദേശം. സ്ഥാപനങ്ങളുടെ തലസ്ഥാനവും, സെക്രട്ടറിയേറ്റുമൊക്കെ അവിടെത്തന്നെ. അതുകൊണ്ട് സബർബൻ തീവണ്ടിയിൽ കാലത്തേയുള്ള ഒഴുക്ക് തെക്കോട്ടാണ്. ഈ നിത്യയാത്രയിൽ മറാഠികൾ അടക്കിപ്പിടിച്ചേ സ്വന്തം ഭാഷ പറയാറുള്ളൂ. കാരണം, മറാഠിഭാഷയെ അധഃകൃതഭാഷയായേ നഗരം പൊതുവിൽ കണക്കാക്കിയിരുന്നുള്ളൂ.

മർമിക്കിൽ താക്കറെ ഒരു ബോക്സ് കോളമുണ്ടാക്കി. അതാണ് ശിവസേനയുടെ പിറവിയിലേക്ക് കാര്യങ്ങളെത്തിച്ചത്. ബോംബെയിലെ കോർപ്പറേറ്റ് ലോകത്തുള്ളവരുടെ പേരുവിവരം നൽകും- മറാഠികളല്ലാത്തവരുടെ. വായിക്കുക, വാപൂട്ടുക എന്നതാണ് പംക്തിയുടെ തലക്കെട്ട്. പേരുവിവരം പറഞ്ഞിട്ട് ഒരു ചോദ്യവും- ‘മഹാരാഷ്ട്രക്കാരെവിടെ?' ആഴ്ചതോറും കൃത്യമായി വന്ന ഈ ബോക്സ് മറാഠികൾക്കിടയിൽ വലിയ ക്ഷോഭതരംഗമുണ്ടാക്കി. കുറേനാൾ കഴിഞ്ഞതും ബോക്സിന്റെ തലക്കെട്ട് ലേശമൊന്നു മാറുന്നു: വായിക്കുക, ഉണർന്നെണീൽക്കുക. മർമിക്കിലേയ്ക്ക് പ്രവാഹമായി. താക്കറെയ്ക്ക് പാർട്ടിയുണ്ടാക്കൽ എളുപ്പമായി. ആർ.എസ്.എസ് ശാഖകളെ മാതൃകയാക്കി ബ്രാഞ്ചുകളുണ്ടാക്കി. തെരഞ്ഞെടുപ്പില്ല. ഭാരവാഹിസ്ഥാനങ്ങൾ ബോധപൂർവ്വം ഒഴിവാക്കി. പകരം സേനാപതി എന്ന ഒറ്റസ്ഥാനംമാത്രം. മറ്റവകാശികൾ വരാതെ നോക്കണമല്ലോ. അന്നത്തെ ബോംബെയിലെ ശരാശരി മറാഠാ വികാരമാണ് താക്കറെ പ്രതിഫലിപ്പിച്ചത്. നഗരജനതയിൽ 43 ശതമാനമുണ്ടായിട്ടും മറാഠി ഭാഷക്കോ സംസ്‌കാരത്തിനോ യാതൊരു മേൽക്കൈയും കിട്ടിയില്ല. ബോളിവുഡ് പോലും ഹിന്ദിമയമാണ്. ഒരൊറ്റ താരവും മഹാരാഷ്ട്രയിൽ നിന്നില്ല.

എന്നുമുതലാണ് ശിവസേന ദക്ഷിണേന്ത്യക്കാർക്കെതിരായ "മണ്ണിന്റെ മക്കൾ' വാദം ആളിക്കത്തിച്ചുതുടങ്ങിയത്?

1966ലാണ് സേനയുടെ ആദ്യ മാനിഫെസ്റ്റോ. അതിൽ മറാഠിയുടെ സകല പ്രശ്നത്തിനുമുള്ള വില്ലനെ പ്രഖ്യാപിച്ചു- മദ്രാസികൾ. എന്നുവെച്ചാൽ തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷക്കാർ. ഇവർ നഗരജനതയുടെ ഒമ്പതുശതമാനം മാത്രമേയുള്ളൂ. ഗുജറാത്തിൽ 14 ശതമാനമുണ്ട്. എന്നാൽ അവർ തൊഴിലുടമകളാണ്. അന്നം തരുന്ന കൈയ്ക്ക് കടിക്കേണ്ട എന്ന് താക്കറെ ഉപദേശിച്ചു. തെക്കരെ പിടിക്കാൻ ശരിയായ കാരണം, അവരായിരുന്നു വൈറ്റ്‌കോളർ ജോലികളിൽ കൂടുതലും. മറാഠി മധ്യവർഗത്തിന്റെ അസ്വസ്ഥതയ്ക്ക് പറ്റിയ സേഫ്റ്റിവാൽവ്. അങ്ങനെ മണ്ണിന്റെ മക്കൾ ലഹള അരങ്ങേറുന്നു.

1960ൽ മഹാരാഷ്ട്രക്കാരെ അഭിസംബോധന ചെയ്യുന്ന ബാൽ താക്കറെ, തെക്കേ ഇന്ത്യക്കാരെ രൂക്ഷമായി ആക്രമിച്ചുകൊണ്ടാണ്​ താക്കറെ സംസാരിച്ചത്/ Photo:Shivasena.org

1971ൽ ജന. കരിയപ്പ ബോംബെയിൽ നിന്ന് മത്സരിക്കുന്നു. കന്നഡിഗയായിട്ടും താക്കറെ പിന്തുണയ്ക്കുന്നു. എതിരാളികൾ ഇടതുപക്ഷക്കാരാണ്. ആൾ തോറ്റുപോയെങ്കിലും താക്കറെയുടെ ലൈൻമാറ്റം വ്യക്തമായി. മദ്രാസികളെ വിട്ട് പകരം കമ്യൂണിസ്റ്റുകാരെ ടാർഗറ്റാക്കുന്നു. ‘മോസ്‌കോയിൽ മഴ പെയ്താൽ ലാൽഭായ് മുംബൈയിൽ കുടപിടിക്കും' എന്ന പരിഹാസത്തോടെയാണ് തുടക്കം. തെക്കെ ഇന്ത്യക്കാർ കുറഞ്ഞപക്ഷം ഇന്ത്യക്കാരാണ്; കമ്യൂണിസ്റ്റുകൾ ഇന്ത്യക്കാരല്ല എന്നായി വ്യാഖ്യാനം. അന്ന് ഇടതുട്രേഡ് യൂണിയനുകൾ ബോംബെയിൽ ശക്തമാണ്. താക്കറെയുടെ പുതിയ ലൈൻ ബിസിനസുകാരെ സേനയോട്

ലാൽബാഗിലെ താവരി പാവ്ഡയിലുള്ള കൃഷ്ണദേശായി പ്രതിമ, ഇവിടെവെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്‌

അടുപ്പിച്ചു. മുതലാളിമാരും ശിവസേനയും ചേർന്ന് ഇടതുപക്ഷത്തെ തകർക്കാനുള്ള പണി തുടങ്ങി. സി.പി.ഐ നേതാവ് കൃഷ്ണദേശായിയെ ശിവസൈനികർ കൊല്ലുന്നു. താക്കറെ അവസരെ പിന്താങ്ങുന്നു, രാം ജത്​മലാനി അവരുടെ കേസ് വാദിക്കുന്നു. ബോംബെയിലെ ഏറ്റവും പഴയ ട്രേഡ് യൂണിയൻ ഓഫീസ്- ലാൽബാഗ് പരേലിലെ ഗിർനി കാംഗാർ യൂണിയൻ ഓഫീസ് കത്തിക്കാൻ താക്കറെ ആഹ്വാനം ചെയ്യുന്നു. അനുയായികൾ അനുസരിക്കുന്നു. ഇതേ സമയം, ഭീവണ്ഡിയിൽ മുസ്‌ലിംകളെ വകവരുത്തുന്ന കലാപരിപാടി ആരംഭിക്കുന്നു.

ഇതിലൊന്നും സർക്കാർ നടപടികളില്ല, ഒരു പിക്​നിക്​ പോലെയാണ് ശിവസേനക്കാർ ഓരോ അക്രമവും കൊലയും നടത്തിപ്പോന്നത്. മഹാരാഷ്ട്രയിലെ ഓരോ സർക്കാരുകളും സംരക്ഷിച്ചതുകൊണ്ടാണ് ശിവസേന നിലനിന്നതെന്നു വ്യക്തം. ഇടതുപക്ഷം ക്ഷയിച്ചുപോയി. മറ്റുകക്ഷികകളെല്ലാം തന്നെ ശിവസേനയുടെ അക്രമശേഷി ആവശ്യാനുസരണം വസൂലാക്കി. താക്കറെ അതിനനുസരിച്ച് മറിച്ചും. മറാഠി ഞരമ്പിന് തീപിടിപ്പിക്കുക മാത്രമല്ല അവരെ അക്രമത്തിന്റെ ആയുധമാക്കി വികസിപ്പിച്ചെടുത്തു. ഉത്തരേന്ത്യക്കാരായ ടാക്സിക്കാരെ വിറപ്പിച്ചുകൊണ്ട് സിഗ്‌നൽ ബോർഡുകളെല്ലാം മറാഠിയിലാക്കി. ഗുജറാത്ത്, മാർവാറി സമുദായത്തെ വിരട്ടി, വലിയ സംഭാവനകൾ സ്ഥിരമായി വരുത്തി. ഹോട്ടലും ഇടത്തരം കച്ചോടങ്ങളും നടത്തിവന്ന തമിഴ്, കന്നഡ സംസ്ഥാനക്കാരെ പേടിപ്പിച്ചുനിർത്തി. മുസ് ലീങ്ങളെ തല്ലിയും കൊന്നും അവഹേളിച്ചും രണ്ടാംകിട പൗരന്മാരാക്കി. എന്തിനധികം, മഹാരാഷ്ട്രയിലെ ദളിതരെ സ്ഥിരമായി അവഹേളിച്ച് തരംതാഴ്ത്തിക്കൊണ്ടിരുന്നു. എതിർത്ത പലരേയും കൊന്നുതള്ളി.

ശിവസേനയുടെ വിദ്വേഷ രാഷ്ട്രീയത്തോടും പ്രാദേശിക വാദത്തോടും മറ്റു രാഷ്ട്രീയ കക്ഷികൾ എങ്ങനെയാണ് പ്രതികരിച്ചിരുന്നത്?

മൗലികമായ രാഷ്ട്രീയമൊന്നുമില്ലാത്തതിനാൽ എല്ലാ രാഷ്ട്രീയക്കാർക്കും ബിസിനസുകാർക്കും താക്കറെയെ ആവശ്യമുണ്ടായിരുന്നു. കോൺഗ്രസ് നേതാക്കൾക്ക് പ്രതിയോഗികളെ ഭിന്നിപ്പിക്കാൻ. ബി.ജെ.പിക്ക് ഹിന്ദുവോട്ട് സമന്വയിപ്പിക്കാൻ. വ്യവസായികൾക്ക് യൂണിയൻ ശല്യം തീർക്കാൻ. സിനിമാക്കാർക്ക് അലമ്പില്ലാതെ പടമിറക്കാൻ. ബിൽഡർമാർക്ക് സ്ഥലം കവരാൻ. കെട്ടിമുടമകൾക്ക് താമസക്കാരെ ഒഴിപ്പിക്കാൻ. ചുരുക്കത്തിൽ, വരത്തരുടെ നഗരത്തിൽ തിണ്ണമിടുക്കുള്ള ഒരു ചട്ടമ്പിയെക്കൊണ്ട് എല്ലാ വരത്തർക്കുമുണ്ടായിരുന്നു ആവശ്യങ്ങൾ. താക്കറെ മൂലധനം കൂട്ടിക്കൊണ്ടിരുന്നു. ഒപ്പം, സ്വന്തം ബ്രാൻഡ് മാനേജറായിക്കൊണ്ട് അതിന്റെ ഡിമാൻഡും. ഉദാഹരണമായി മൈക്കൽ ജാക്സന്റെ ഷോ ബോംബെയിൽ വന്നപ്പോൾ, ദേ ജാക്സൻ നേരെ ‘മാതോശ്രീ’യിലെത്തി താക്കറെയുടെ അതിഥിയാവുന്നു. ജാക്സന്റെ ആരാധകനല്ല താക്കറെ, ജാക്സന് ഈ ഹിന്ദു ഹൃദയസാമ്രാട്ടിനെ പിടിയുമില്ല. രാഷ്ട്രീയ ഡിസൈനായിരുന്നു സംഗതി. പോപ്പുലർ മാസ് കൾച്ചറിന്റെ ആസ്ഥാനമാണ് ബോംബെ. സിനിമയും ടി.വിയും ഫാഷനും ക്രിക്കറ്റും പരസ്യകലകളുമെല്ലാം. താക്കറെയെ പിണക്കിയാൽ കുഴപ്പമുണ്ടാകും. പടമിറക്കില്ല, ക്രിക്കറ്റ് കളി നടത്തില്ല, ഫാഷൻ ഷോ കർട്ടനിടും. അതുകൊണ്ട് ഈ മേഖലക്കാരെല്ലാം ബാലാസാഹേബിനെ വണങ്ങും. മൈക്കൽ ജാക്സിന്റെ ഷോ നടക്കണമെങ്കിൽ ചെന്നു മുഖം കാണിക്കണം. ഹഫ്താപിരിവിന്റെ മറ്റൊരു രൂപം തന്നെ.
ഇതെല്ലാം കേൾക്കുമ്പോൾ എന്തുതോന്നുന്നു, താക്കറെയുടെ ശരിയായ രാഷ്ട്രീയത്തെപ്പറ്റി? വെറുപ്പിന്റെ രാഷ്ട്രീയമാണ് അതെന്ന് പെട്ടെന്നു തോന്നും. സത്യത്തിൽ അയാൾക്കങ്ങനെ സ്ഥായിയായ വെറുപ്പില്ല. 1960 ലെ മദ്രാസിയിൽ നിന്ന് അതെത്രയോ ടാർഗറ്റുകൾ മാറിമാറിപ്പോയിരിക്കുന്നു. ഏറ്റവുമൊടുവിൽ മുസ്ലിംകളെ കശാപ്പുചെയ്ത 92ലെ ഭീകരമായ വർഗീയ കലാപത്തിന് അധ്യക്ഷത വഹിച്ചയാൾ. വൈകാതെ തന്നെ ലൈനാകെ മാറ്റിക്കളഞ്ഞില്ലേ?

താക്കറെയുമായി നേരിട്ട് ഇടപെടേണ്ടി വന്ന സന്ദർഭമുണ്ടായിട്ടുണ്ടോ?

വെറുതെ ഒരു ദർശനഭാഗ്യത്തിനായി പോയതാണ് താക്കറെയുടെ ഒരു പ്രസ് മീറ്റിന്. കൂട്ടിന് ഒരു ചങ്ങാതിയും- ഇന്ത്യൻ എക്സ്പ്രസിലെ പഴയ ന്യൂസ് എഡിറ്റർ എർവിൻ മെനേസിസ്. ബാലാസാഹേബ് പുതിയ ലൈനിറക്കുന്നു: അയോധ്യാ വിവാദം ഇനി മതിയാക്കാം. മുസ്‌ലിം രാഷ്ട്രങ്ങളേക്കാൾ കൂടുതൽ മുസ്‌ലിംകളുണ്ട് ഇന്ത്യയിൽ. അവരെയെല്ലാം ഒഴിവാക്കാനാവില്ല. അവർ എങ്ങോട്ടു പോകും? പാക്കിസ്ഥാൻ സ്വീകരിക്കുകയില്ല, മറ്റു മുസ്​ലിം രാഷ്ട്രങ്ങളും. ഹിന്ദുസ്ഥാന്റെ പൗരന്മാരാണവർ. ഭരണഘടനയോട് കൂറുള്ളവരായിരിക്കുവോളം നമ്മൾ വേണം അവരെ പരിചയിക്കാൻ... ' - ഇങ്ങനെയൊക്കെയാണ് പുതിയ ലൈൻ. അറിയാതെ ചോദിച്ചുപോയി, will you then apologize for the 92 pogrom? പെട്ടെന്നൊരു നിശബ്ദത. എർവിൻ എന്റെ വാപൊത്തി. മാറാഠി പത്രലേഖകർ ഉഴിഞ്ഞുനോക്കി- ഏതോ അന്യഗ്രഹജീവിയെ കണ്ടമാതിരി. അതിനിടെ, ബാലാസാഹേബിന്റെ മറുപടി: ‘ജോക്കുലർ ഫെലോ...'
ഒന്നും സംഭവിക്കാത്തപോലെ അദ്ദേഹം വിഷയത്തിലേക്കു മടങ്ങി. ഉഴിഞ്ഞുനോട്ടക്കാരെ എർവിൻ എന്തൊക്കെയോ അടക്കം പറഞ്ഞ് രംഗം ശമിപ്പിച്ചെടുത്തു. ബാലാസാഹേബിന്റെ ദർബാറിൽ ചില അലിഖിത പ്രോട്ടോകോളൊക്കെയുണ്ട്. അതു തെറ്റിക്കുന്നത് ബ്ലാസ്​ഫെമി, ശിക്ഷാർഹം. നമുക്കും കിട്ടി ചെറിയൊരു ശിക്ഷ. പിന്നീടൊരിക്കൽ ഒരു പേഴ്സണൽ ഇന്റർവ്യൂവിന് ശ്രമിച്ചപ്പോൾ അനുമതി കിട്ടിയില്ല. ‘മാതോശ്രീ’യിൽ അടുപ്പമുള്ള മറ്റൊരാൾ വഴിയും ശ്രമിച്ചപ്പോഴും കിട്ടിയത് വലിയൊരു നോ. അന്നത്തെ ആ പ്രോട്ടോക്കോൾ ലംഘനം അത്ര ജോക്കുലറായിരുന്നില്ലെന്നർത്ഥം. അതൊരു വലിയ നഷ്ടമായി ഇന്നു തോന്നുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരപൂർവ ഉരുപ്പടിയാണ് കൈവിട്ടുപോയത്.

1992ലെ കലാപകാലത്തെ ബോംബെയെ ഓർത്തെടുക്കാമോ?

ഒരു കലാപവും ഉണ്ടാകുന്നതല്ല, ഉണ്ടാക്കുന്നതാണ്. ബോംബെ കലാപം ഉണ്ടാകുന്നത് 92 ഡിസംബറിലും 93 ജനുവരിയിലുമായിട്ടാണ്. അതിന്റെ നിർമാണം അതിനും അഞ്ചുമാസം മുമ്പേ തുടങ്ങിയിരുന്നു. അയോധ്യയിൽ അമ്പലം പണിയാനുള്ള കർസേവ രണ്ടാമതും പ്രഖ്യാപിച്ചപ്പോൾ ബോംബെയിൽ പണി തുടങ്ങി. ശിവസേനയും ബി.ജെ.പിയും സംഘപരിവാരത്തിലെ മറ്റുചങ്ങാതികളും. കർസേവക്കുള്ള റിക്രൂട്ട്മെന്റും രാമക്ഷേത്രത്തെക്കുറിച്ചുള്ള ബോധവൽക്കരണവും പറഞ്ഞാണ് തുടക്കം. രാമപാദുകപൂജകൾ, ആ വിശുദ്ധ ഫുട്​വെയറും കൊണ്ടുള്ള ഘോഷയാത്രകൾ, റാലികൾ, തെരുവുയോഗങ്ങൾ. അതിലെല്ലാം മുഴക്കിയ സ്ഥിരം മുദ്രാവാക്യങ്ങൾ ചിലതുണ്ട്: ‘ഗർവ് സേ കഹോ ഹം ഹിന്ദു ഹൈ.' കേട്ടാൽ വല്ല കുഴപ്പവുമുണ്ടോ? എങ്കിൽ ബാക്കി കൂടി കേട്ടുനോക്കൂ- ‘ഹിന്ദുസ്ഥാൻ ഹിന്ദുവേശക, നഹി കിസി കെ ബാപ്കാ.' ഇന്ത്യ ഹിന്ദുക്കളുടേതാണ്, മറ്റൊരുത്തന്റേം തന്തേടെ വകയല്ലെന്ന്, ആയതിനാൽ, ‘ഈസ് ദേശ് മേ രഹാനാ ഹോഗാ, തോ വന്ദേമാത്‌രം ബോൽനാ ഹോഗ.'

ബോംബൈ കലാപത്തിനിടെ ഫോട്ടോഗ്രാഫർ സുധാരക് ഓൽവെ പകർത്തിയ ചിത്രം.

ശിവസേനയുടെ കോർണർ മീറ്റിംഗുകളിൽ മുസ്‌ലിം വിരുദ്ധതയായിരുന്നു സ്ഥിരം പംക്തി. നിരന്തരം സിസ്റ്റമാറ്റിക്കായ പ്രകോപനം. അന്ന് സംസ്ഥാനം ഭരിക്കുന്നത് കോൺഗ്രസാണ്. സുധാകർ റാവു നായിക് മുഖ്യമന്ത്രി. വർഗീയതയുടെ പരസ്യമായ ബിൽഡപ്പാണ് നടക്കുന്നതെന്ന് എല്ലാവർക്കുമറിയാം. ഭരണകൂടം അനങ്ങിയിട്ടില്ല, മീഡിയ ഏതോ നാട്ടുനടപ്പു റിപ്പോർട്ട് ചെയ്യും മാതിരി ദിവസം കഴിച്ചുകൊണ്ടിരുന്നു.

മുസ്‌ലിംകൾ കൂടുതലുള്ള പ്രദേശങ്ങളിലും അതിനടുത്ത പ്രദേശങ്ങളിലുമാണ് ഈ പ്രകോപന കലാപരിപാടികൾ കൂടുതൽ ഉഷാറാക്കിയത്. ഉദാഹരണമായി ധാരാവി. ഒക്ടോബറിൽ അവിടെ ഒരു ലഘുലേഖ പ്രചരിച്ചിരുന്നു, തമിഴിൽ. മുസ്‌ലിംകളുടേത് ഇന്ത്യയെ ആക്രമിച്ചു കൊള്ളയടിക്കാൻ വന്നവരുടെ പൈതൃകമാണ്, കൊള്ള കഴിഞ്ഞാൽ അവർ മതം പ്രചരിപ്പിക്കും എന്നിങ്ങനെയാണ് ഉള്ളടക്കം. ഏതാനും ദിവസങ്ങൾക്കകം അവിടെ ഒരു പൊതുയോഗം സംഘടിപ്പിക്കുന്നു. ശിവസേനാ നേതാവ് ബാബുറാവു മാനെയും മറ്റും മറ്റും പ്രസംഗിക്കുന്നു. മുസ്‌ലിംകൾ വിദേശികളാണ്, അവരുടെ കൈകളാൽ ഇന്ത്യയിലെ ഹിന്ദുക്കൾ അരക്ഷിതരായിരിക്കുന്നു എന്നാണ് ഉദ്ബോധനം. വി.എച്ച്.പിയുടെ ഒരു പാദുക ഘോഷയാത്ര പൈധോനിയിൽ നടക്കുന്നു. ധ്യാനേശ്വർ തൊറാട്ടിന്റെയും ശിവസേനാ ലോക്കൽ പ്രമുഖന്റെയും നേതൃത്വത്തിൽ മുസ്‌ലിംകൾ തിങ്ങിപ്പാർക്കുന്ന ഭാഗങ്ങളിലൂടെ ഇപ്പറഞ്ഞപോലുള്ള പ്രകോപനങ്ങളൊക്കെ മുഴക്കിയുള്ള ഘോഷയാത്ര. ഒടുവിലൊരു പൊതുയോഗവും. അതിൽ പ്രഫുൽ ദേശായി പ്രസംഗിക്കുന്നു, ഇതൊരു ശോഭായാത്രയല്ല, ജനമനസിൽ ഒളിഞ്ഞിരിക്കുന്ന രാമനെ പുറത്തെടുക്കാനുള്ള പരിപാടിയാണ്, രാമദ്രോഹികളെ ജീവനോടെ വിടരുത്.

ഇമ്മാതിരി സ്ഥിരം പംക്തികൾ ഒട്ടുമിക്ക പ്രദേശങ്ങളിലും നടന്നുകൊണ്ടിരുന്നു. ബോംബെയിലുള്ള ആർക്കും തർക്കമില്ല, ജൂലൈ മുതൽ ഡിസംബർ വരെ നടന്ന വിഷംതുപ്പലും വിരട്ടലും ബോധപൂർവമായ പ്രകോപന യജ്ഞമായിരുന്നെന്ന്. പത്രമോഫീസുകളിൽ വിവരങ്ങൾ കൃത്യമായെത്തും. മിക്കതും പത്രങ്ങൾ വിഴുങ്ങും. ശിവസേനാ മുഖപത്രമായ സാമ്നയും മറ്റു ചില മറാഠിപത്രങ്ങളും ഈ വർഗീയപ്രഘോഷത്തിന് ചൂട്ടുപിടിച്ചു. ഇംഗ്ലീഷ് പത്രങ്ങൾ മാനംനോക്കികളും ഓഹരിക്കമ്പോളത്തിന്റെ ഒത്താശപ്പണിക്കാരുമായി. അല്ലെങ്കിൽ സെലിബ്രിറ്റി സൊറകൾ. പൊലീസ് ഒരുപടി കൂടി കടന്ന് ഈ ക്രിമിനൽ രാഷ്ട്രീയത്തിന്റെ ചിഞ്ചിലമടിക്കാരായി. ഇതത്രയും നിഷ്‌കളങ്കമായ മതപരിപാടികൾ എന്നായിരുന്നു പൊലീസ് ഭാഷ്യം- റാലികൾക്കൊക്കെ മുൻകൂർ അനുമതി വാങ്ങിയിട്ടുണ്ട്, ഒന്നിലും രാഷ്ട്രീയമില്ല.

ഇത്തരം പ്രകോപനങ്ങളോടുള്ള മുസ്‌ലിം പ്രതികരണം ഏതുവിധമായിരുന്നു?

വർഗീയ പ്രഘോഷം മുറുകുന്നു, അതിന് പൊലീസ് പിന്തുണ, ഭരണകൂടം കണ്ണടയ്ക്കുന്നു. മുസ്​ലിംകൾക്ക് ആധി പിടിച്ചു. കേരളത്തിലെപ്പോലെയല്ല, ഭൂരിപക്ഷവും ദരിദ്ര മുസ്​ലിംകളാണ് ബോംബെയിൽ. അവർക്കിടയിൽ രണ്ടുമൂന്നു സംഘടനകളിറങ്ങുന്നു. ബോംബെ മുസ്‌ലിം ആക്ഷൻ കമ്മിറ്റി, തൻസീം അള്ളാഹു അക്ബർ, ദളിത്- മുസ്‌ലിം സുരക്ഷാ സംഘ്... അങ്ങനെ ചിലത്. അവർ മുസ് ലിംകൾക്കിടയിൽ യോഗം കൂടുന്നു. കൗണ്ടർമൂവ് നടത്താനൊന്നും ശേഷിയില്ല. അരക്ഷിതാവസ്ഥ കൂടിവരുമ്പോൾ മനുഷ്യൻ നടത്തുന്ന ആധിപിടിച്ച രക്ഷാശ്രമങ്ങളാണ്.

ബാബുറാവു മാനെ ബാൽതാക്കറെയ്ക്കൊപ്പം

കൗണ്ട്ഡൗൺ കഴിഞ്ഞ് ഡിസംബർ ആറെത്തി. പള്ളി പൊളിക്കുന്നു. ഉച്ചയോടെ വൃത്താന്തം നഗരത്തിലും പരക്കുന്നു. മുസ്‌ലിം പ്രദേശങ്ങളിൽ ആദ്യം ഒരു സ്തബ്ധതയായിരുന്നു. കാറുംകോളുമുണ്ട്, പെയ്ത് തുടങ്ങിയിട്ടില്ല. വർഗീയ കലാപത്തിന്റെ ആദ്യ തീപ്പൊരി വീഴുന്നത് ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ്- ധാരാവിയിൽ. വീഴ്ത്തിയതോ? ശിവസേനാ നേതാക്കൾ ബാബുറാവു മാനെയും രാമകൃഷ്ണ കെനിയും ഇരുനൂറോളം പേരുടെ ഒരു സൈക്കിൾ റാലി നടത്തുന്നു. പണി പൊളിച്ചതിന്റെ വിജയാഘോഷം. പൊലീസ് ചുമ്മാ കാഴ്ച കണ്ടുനിന്നു. മുസ്‌ലിം പ്രദേശങ്ങളിലൂടെ ആഹ്ലാദാരവങ്ങളോടെ റോന്തുചുറ്റിയ റാലി ഒടുവിൽ കാലാ കില്ലയിൽ അവസാനിക്കുന്നു. അവിടെയൊരു പൊതുയോഗം. അതിൽ വീരവാദങ്ങളും പതിവുള്ള മുസ്‌ലിം അവഹേളനങ്ങളും.

തെക്കൻ ബോംബെയിലെ മുസ്‌ലിം പ്രദേശമായ ഡോംഗ്രിയിൽ ഏതാണ്ട് ഇതേ നേരത്ത് വിശ്വഹിന്ദു പരിഷത്തിന്റെ ‘ലാൽകർ ഖണ്ഡാനന്ദ് കാര്യക്രം' അരങ്ങേറി- വിജയാഹ്ലാദ പ്രകടനമാണ്. നിരോധനാജ്ഞ നിലവിലുള്ള പ്രദേശമാണ്, പൊലീസ് അനങ്ങിക്കൊടുത്തില്ല. പറഞ്ഞ കാരണം ആലോചനാമൃതമായിരുന്നു- അത് നിരോധനാജ്ഞയുടെ പരിധിയിൽ വരാത്ത ഒരു മതഘോഷയാത്രയായിരുന്നെന്ന്.
അത്രയുമായതോടെ മുസ്‌ലിംകളും തെരുവിലേക്കിറങ്ങുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിൽ അവരുടെ പ്രതിഷേധം പടരുന്നു. ക്ഷോഭമത്രയും പൊലീസിനും സർക്കാർ സ്ഥാപനങ്ങൾക്കും നേരെയായിരുന്നു. പല പൊലീസ് സ്റ്റേഷനുകൾക്കും വാഹനങ്ങൾക്കും പൊതിരെ കല്ലേറ്. പൊലീസ് അടിച്ചമർത്താനിറങ്ങി. ഇവിടെവെച്ചാണ് സംഭവങ്ങളുടെ സ്വഭാവമാറ്റം തുടങ്ങുന്നത്. മുസ്‌ലിംകളുടെ പെരുമാറ്റത്തെ അവർക്കേറ്റ ദീർഘമായ അവഹേളനങ്ങളുടെയും അധിക്ഷേപത്തിന്റെയും പ്രതികരണമായി കാണാനല്ല പൊലീസ് തുനിഞ്ഞത്, മറ്റെന്തോ വൻകുഴപ്പങ്ങൾ വരുമെന്ന മട്ടിൽ അവർ നേരെ തന്നെ വെടിവെപ്പിലേക്ക് കാര്യക്രമം നീക്കി. വൻകുഴപ്പം പ്രതീക്ഷിക്കുന്നവരാണെങ്കിൽ, വർഗീയതയുടെ ബിൽഡപ്പ് തടയുമായിരുന്നു, പണി പൊളിച്ച ദിവസത്തെ വിജയപ്രകടനങ്ങളെങ്കിലും തടയുമായിരുന്നു. അതൊന്നുമുണ്ടായില്ലല്ലോ.

ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ

ഹിന്ദുത്വ വർഗീയതയെ അടിഞ്ഞാടാൻ അനുവദിക്കുകയും പ്രതികരണങ്ങളെ അടിച്ചമർത്തുകയും ചെയ്യുകയെന്നതാണ് പൊലീസ് നയം എന്ന് പകൽപോലെ വ്യക്തമായി. അപ്പോൾ പൊലീസിന് മതമുണ്ടോ? ഉണ്ട്. ബോംബെ പൊലീസിലെ കോൺസ്റ്റാബുലറിക്ക് യൂണിഫോമിട്ടാലും മതം മുഴച്ചുവരുമെന്ന് ഒരേമാന്റെ തന്നെ മൊഴിയുണ്ട്. ശ്രീകൃഷ്ണ കമീഷൻ മുമ്പാകെ അഡീഷണൽ കമീഷണർ വി.എൻ. ദേശ്​മുഖ്​ വക. ബോംബെ പൊലീസിലെ മിഡിൽ ലോ ലെവൽ ഉദ്യോഗസ്ഥരിൽ 80 ശതമാനവും മുസ്‌ലിംകൾ കുഴപ്പക്കാരാണെന്ന ഉറച്ച വിശ്വാസികളാണ്. ഈ വെളിപ്പെടുത്തലിന് അഴകുള്ളൊരു അനുപല്ലവിയുണ്ട്- ആർ.ഡി ത്യാഗി. കലാപകാലത്ത് ജോയിന്റ് കമ്മീഷണറായി ‘സ്തുത്യർഹ സേവ' നടത്തിയതിന് പിന്നീട് സേനാ- ബി.ജെ.പി ഭരണം വന്നപാടേ സിറ്റി കമീഷണറായി സ്ഥാനക്കയറ്റം കൊടുത്തു. ഒടുവിൽ റിട്ടയർ ചെയ്യുന്നതിനു തൊട്ടുമുമ്പ് ഈ സൂപ്പർ കോപ് പ്രഖ്യാപിച്ചു. I am a loyal Soldier of Bala Saheb ഇതായിരുന്നു ബോംബെ പൊലീസ്.

കലാപം രൂക്ഷമാക്കുന്നതിൽ പൊലീസിന്റെയും ശിവസേനയുടെയും പങ്ക് എത്രത്തോളമാണ്?

രണ്ടു ഘട്ടങ്ങളായാണ് കലാപം നടന്നത്. ആദ്യഘട്ടം ഡിസംബർ ആറ് മുതൽ അഞ്ചു ദിവസം. അതിൽ പ്രധാനമായും മുസ്‌ലിം- പൊലീസ് ഏറ്റുമുട്ടലും പൊലീസ് വെടിവെപ്പുമായാണ് നടന്നത്. മുസ്‌ലിം- ഹിന്ദു ഏറ്റുമുട്ടലുകൾ അതിന്റെ ഉപവകുപ്പായിരുന്നു. വെടിവെപ്പിലാണ് കൂടുതൽ മരണവുമുണ്ടായത്. ഡിസംബർ ഏഴിനു മാത്രം 63 പേർ. മൂന്നുദിവസം കൊണ്ട് നൂറു കടന്നു. പൊലീസ് ചടുലതയുടെ ഒരു സ്പെഷ്യൽ എപ്പിസോഡുണ്ട്. ഗോവണ്ടിയിലെ കുപ്രസിദ്ധമായ കോംബിംഗ് ഓപ്പറേഷൻ. അവിടെ ദേവ്നാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രത്യേകിച്ചൊരു കുഴപ്പവുമില്ലാതെ ഡിസംബർ ആറ് കടന്നുപോയി. പിറ്റേന്നും കുഴപ്പമില്ല. പൊടുന്നനെ പൊലീസ് സംഘങ്ങൾ കോളനികളിൽ വീടുവീടാന്തരം കയറിയിറങ്ങുന്നു. മുസ്‌ലിം ചെറുപ്പക്കാരെ പേരുതിരക്കി കണ്ടെത്തി അറസ്റ്റു ചെയ്യുന്നു. ചോദ്യമുന്നയിച്ചാലുടൻ പോയിന്റ് ബ്ലാങ്കിൽ നിറയൊഴിക്കുന്നു.

ശിവസേനയുടെ ലോക്കൽ ശാഖയുമായി ചേർന്നുള്ള കലാപരിപാടിയാണിതെന്ന് പിൽക്കാലത്താണ് വ്യക്തമാകുന്നത്. ഗുട്ടൻസ് ഇത്രേയുള്ളൂ- ശാഖാ പ്രമുഖ് ദിൻകർ സകാർക്കറുടെ സന്താനം അരുൺ സകാർക്കറാണ് ദേവനാർ സ്റ്റേഷനിലെ എസ്.ഐ. അയാളും കീഴ്പൊലീസുകാരും കൂടി നടത്തിയ ക്ലീനപ്പാണ് നമ്മൾ കണ്ടത്. നിരവധിപേരെ കൊന്നൊടുക്കിയ ഈ സംഭവം പുറത്തായപ്പോൾ, സാമ്ന പത്രം സ്പെഷ്യൽ കാമ്പയിൻ തന്നെ നടത്തി, ദേവ്നാർ പൊലീസിന്റെ മനോവീര്യം സംരക്ഷിക്കണമെന്നു പറഞ്ഞ്. ലോട്ടസ് കോളനി ബൈംഗൻവാഡി, ചിക്കൽവാഡി എന്നിവിടങ്ങളിലെ മനുഷ്യർക്ക് ടി വീര്യത്തിന് പാങ്ങില്ലായിരുന്നു; ദേഹത്ത് ജീവനുണ്ടായിട്ടുവേണ്ടേ?

ഡിസംബർ 12 ഓടെ കലാപത്തിന്റെ ആദ്യ ഗഡു ഒരുവിധം നിലച്ചു. മേജർസെറ്റ് ലീലകൾ. കലാപം കർട്ടനിട്ടെന്ന മട്ടിൽ പൊലീസും പത്രങ്ങളും പ്രചരിപ്പിച്ചു. പക്ഷെ ഒരു കൊടുങ്കാറ്റിനുള്ള തയ്യാറെടുപ്പിലായിരുന്നു തൽപ്പരകക്ഷികൾ. അതിന്റെ ചെറു സൂചനകൾ പലതുണ്ടായി. ഡിസംബർ മൂന്നാംവാരം ഗോരെഗാവിൽ രണ്ടു മുസ്‌ലിംകളെ ഒരു മുറിയിൽ പൂട്ടിയിട്ട് കത്തിക്കുന്നു, ഒരാൾ മരിക്കുന്നു, രണ്ടുമൂന്ന് ദിവസം കഴിയുമ്പോൾ ഡോംഗ്രിയിൽ ഒരു മറാത്തി തൊഴിലാളിയെ ആരോ കുത്തിക്കൊല്ലുന്നു. അത് മുസ്‌ലിംകളാണെന്ന് വ്യാപക പ്രചാരണം. അതു ശരിയല്ലെന്ന് പിന്നീട് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതേസമയം പലേടത്തും പുതിയൊരിനം കുത്തുകേസ് അവതരിക്കുന്നു. വെറുതെ നിൽക്കുന്ന മനുഷ്യരെ മിന്നൽപോലെ വന്ന് കത്തിക്ക് പോറിയിട്ട് മുങ്ങുക. വയറ്റിൽ പോറലേറ്റവർ വീണുമരിക്കുന്നു. പ്രൊഫഷണൽ കില്ലർമാർക്കുമാത്രം സാധിക്കുന്ന വിദ്യ. അത് ഏറ്റുവാങ്ങി മരിച്ചതിൽ കൂടുതലും ഹിന്ദുക്കൾ. ഈ പ്രഫഷണൽ വിദ്യ അരങ്ങേറുന്നത് ഒരു പ്രത്യേക പശ്ചാത്തലത്തിലാണ്. ഡിസംബർ 26ന് ബി.ജെ.പി- ശിവസേന സഖ്യം ഒരു പുതിയ ഐറ്റം നമ്പർ രംഗത്തിറക്കുന്നു- മഹാ ആരതി. നൂറുകണക്കിനാളുകൾ പങ്കെടുക്കുന്ന തെരുവിലെ ആരതി. അവിടെ പ്രകോപനപരമായ പ്രസംഗങ്ങളുണ്ടാവും. ആരതി കഴിഞ്ഞു പിരിഞ്ഞുപോകുന്നവർ പോകുന്നവഴിയുള്ള മുസ്‌ലിം സ്ഥാപനങ്ങൾ കൊള്ളയടിക്കും. ഈ പുതിയ ഐറ്റം ആവിഷ്‌കരിക്കാൻ പറഞ്ഞ ന്യായം, മുസ്‌ലിംകൾ തെരുവിൽ വെള്ളിയാഴ്ച നമസ്‌കാരം നടത്തുന്നതുകൊണ്ട് ട്രാഫിക് ജാമുണ്ടാവുന്നു. അത് നിർത്താൻ വകുപ്പില്ലെങ്കിൽ ഹിന്ദുക്കൾക്ക് മഹാ ആരതിക്കും അവകാശമുണ്ട്. പതിവുപോലെ ഭരണകൂടം മൗനം പാലിച്ചു. ഓർക്കണം, കർഫ്യൂ നിലനിൽക്കുന്നിടത്താണ് ഈ ആരതിയും കൊള്ളയടിയും.

മഹാ ആരതി ഒരു തന്ത്രമായിരുന്നു. മങ്ങിപ്പോയ കലാപാന്തരീക്ഷം പുനഃസ്ഥാപിക്കാൻ. അതിന്റെ ടെമ്പോ കൂട്ടിവന്നു. ജനുവരി ഒന്നിന് താക്കറെ അവതരിക്കുന്നു സാമ്ന പത്രത്തിൽ: ‘ഹിന്ദുന്നി ആക്രാമക് വ്യയാല ഹാവെ' എന്നുവെച്ചാൽ, ഹിന്ദുക്കൾ ആക്രമണം തുടങ്ങിയേ തീരൂ. അക്രമത്തിനുള്ള തുറന്ന ആഹ്വാനം. കേട്ടഭാവം വെച്ചില്ല ഭരണകൂടം. അനുസരണയുള്ള അണികൾ ഭംഗിയായി കേട്ടു. പിറ്റേന്നുതന്നെ താർദേവിൽ മുസ്‌ലിം കുടിലുകൾക്കു തീയിടുന്നു. ധാരാവിയിൽ ഇരുമ്പുവടി കൊണ്ടുള്ള ആക്രമണ പരമ്പര. ഇതൊരു തുടക്കം മാത്രമായിരുന്നു. രണ്ടാഴ്ച നീണ്ടുനിന്ന അഖണ്ഡയജ്ഞം. ആദ്യത്തേതിൽ നിന്ന്​വ്യത്യസ്തമായി ഇതിൽ കണിശതയുള്ള ആസൂത്രണം പ്രകടമായിരുന്നു. മിക്കവാറും പ്രദേശങ്ങളിൽ ശിവസേന ശാഖയായിരുന്നു ആസൂത്രണ കേന്ദ്രം. ഓരോ ശാഖയിലും 200 പേരെങ്കിലും അംഗങ്ങളായുണ്ട്. അവരിൽ ഒരു കൂട്ടർ വോട്ടർപട്ടികയും പ്രാദേശിക സ്ഥാപന ലിസ്റ്റും നോക്കി ആക്രമിക്കേണ്ടവരുടെ വിലാസം തയ്യാറാക്കും. ഒരു സംഘം പോയി ആ വിലാസങ്ങളിൽ അടയാളം വയ്ക്കും. മറ്റൊരു സംഘം പിന്നീട് അവിടെ വന്ന് കൃത്യം നിർവഹിച്ചു മടങ്ങും. 220 ശാഖകളാണ് നഗരത്തിൽ ശിവസേനയ്ക്കുള്ളത്. ഈ കൃത്യനിർവഹണത്തിന് വേണ്ട ബുദ്ധിയും ദേശവും സാങ്കേതികസഹായങ്ങളും നൽകാൻ നേതൃത്വവുമുണ്ട്. പണവും റെഡി. ധനസമാഹരണം മിക്കപ്പോഴും ഈസിയായിരുന്നു- കൊള്ളയടിക്കും.

അണികൾ ഈ യജ്ഞത്തിൽ ഏർപ്പെട്ടിരിക്കെ നേതൃത്വം അതിനുവേണ്ട താത്വിക പരിച അവതരിപ്പിച്ചു- ഹിന്ദു റിറ്റാലിയേഷൻ തിയറി. എക്കാലവും ഇന്ത്യയിലെ വർഗീയ കലാപങ്ങളിൽ അവതരിപ്പിക്കപ്പെടാറുള്ള സ്ഥിരം ന്യായമാണിത്. ‘ആദ്യം എറിഞ്ഞത് മറ്റവരാണ്' സ്വാഭാവികമായും തിരിച്ചെറിയാനുള്ള അവകാശമുണ്ടല്ലോ. ഈ തിരിച്ചടി സിദ്ധാന്തം എന്നുമുള്ള മറക്കുടയാണ്. അഞ്ചുമാസമായി നടത്തിയ സിസ്റ്റമാറ്റഇക് വർഗീയ ബിൽഡപ്പും പ്രകോപനവും. മാത്രമല്ല, പള്ളിപൊളിക്കുകയും ഒരു മതവിഭാഗത്തെ അപ്പാടെ രണ്ടാംകിട പൗരന്മാരായി അവഹേളിക്കുകയും ചെയ്യുന്ന സംഘടിത ക്രിമിനാലിറ്റി ഭംഗിയായി മറച്ചുവയ്ക്കുന്ന തന്ത്രം. താക്കറെ ആ ന്യായവുമായി ആദ്യമിറങ്ങി. ബി.ജെ.പി നേതാക്കൾ പിന്നാലെ.

തിരിച്ചടിമാത്രമാണ് നടക്കുന്നതെന്ന് സമർത്ഥിക്കാൻ അവർ ഉയർത്തിക്കാട്ടിയത് രണ്ടു സംഭവങ്ങളാണ്. വിജയ് ട്രാൻസ്പോർട്ട് കമ്പനിയിൽ നാലു ഇത്താഡി തൊഴിലാളികൾ കൊല്ലപ്പെട്ടതും ജോഗേഗ്വറിയിൽ ഒരു ഹിന്ദു കുടംബത്തെ അവരുടെ കുടിലിലിട്ട് കത്തിച്ചതും. ഇതുരണ്ടും നേരുമാണ്. പ്രശ്നം, നൂറുകണക്കിന് സമാന ക്രൂരതകൾ സ്വയം നടത്തിയ്ക്കൊണ്ടിരുന്നവരാണ് അതെല്ലാം മൂടിക്കൊണ്ട് ഒന്നുരണ്ട് സംഭവങ്ങളെ ഉയർത്തിപ്പറയുന്നത്. മറുപക്ഷത്തിന് ഇതുപോലെ നേത്വത്വമില്ല, പൊതുവേദിയിൽ വോയ്സില്ല. അതുകൊണ്ട് താക്കറെയും സംഘവും ഉയർത്തിപ്പറയുന്നതിനാണ് സദാ മൈലേജ് കിട്ടുക. അതാണ് ചരിത്രവസ്തുതയായി പത്രങ്ങൾ എഴുന്നള്ളിക്കുക. റിറ്റാലിയേഷൻ തിയറിയും അതിന്റെ ന്യായീകരണത്തിന് കൊണ്ടുവന്ന സെലക്ടീവ് സംഭവങ്ങളും അങ്ങനെ കസേരയുറപ്പിച്ചു: തുടർന്നുള്ള സകല ചർച്ചകളിലും ഇതായി മുഖ്യ നറേറ്റീവ്.

ഇതിനിടെ പ്രധാനമായി റാവു ഒന്നു ടൂറടിച്ച് കടന്നുപോയി. പ്രതിരോധമന്ത്രി പവാറിന്റെ സ്വന്തം തട്ടകമാണ്, സ്വന്തം പാർട്ടിയാണ് ഭരണത്തിൽ. ഉടനേ പട്ടാളത്തെ അയച്ചുകൊടുക്കുന്നു. അന്യസംസ്ഥാനക്കാരായ ജവാന്മാർക്കറിയുമോ ബോംബെയുടെ ഗല്ലികളും ഊടുവഴികളും? കറതീർന്ന മറാഠികളല്ലേ കോൺസ്റ്റാബുലറി? അവർ മിണ്ടിക്കൊടുക്കില്ല. പട്ടാളത്തെ ചില്ലറ ഫ്ളാഗ് മാർച്ചിനാകും പൊലീസ് മേധാവികൾ ക്ഷണിക്കുക. അതും നിവൃത്തിയില്ലാതെ വരുമ്പോൾ മാത്രം. പട്ടാളം കവാത്തുനടത്തിപ്പോകും, പിന്നാലെ കലാപകാരികൾ അവരുടെ കസർത്തുനടത്തും. മാഹിമിൽ ദരിദ്ര മുസ്‌ലിം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്ന പട്ടാളസംഘത്തെ ശിവസൈനികർ കൂളായി കല്ലെറിഞ്ഞു. എന്തിനധികം, സ്ഥലം എം.പി കൂടിയായ സേനാനേതാവ് മധുകർ സർപൊദ്ദാറിനെ ഒരു ആർമി ക്യാപ്റ്റൻ അറസ്റ്റു ചെയ്തു പൊലീസിനു കൈമാറി- ആയുധവുമായി ആളെക്കൊല്ലാനിറങ്ങിയതിന്, എന്നിട്ടോ? രാത്രി തന്നെ പൊലീസ് കമീഷണർ നേരിട്ടെത്തി ഇറക്കിക്കൊണ്ടുപോയി. ഇത്ര കണ്ട് പച്ചക്കായിരുന്നു കലാപക്കാരും പൊലീസും തമ്മിലുള്ള ഐക്യമുന്നണി.

ഇത്ര നീചമായ ആക്രമണം പൊലീസിന്റെയും വർഗീയ ശക്തികളുടെയും ഒത്താശയിലും ഭരണകൂടത്തിന്റെ ക്രൂരമായ നിസ്സംഗതയിലും അരങ്ങേറിയിട്ടും അതിനെതിരെ മാധ്യമങ്ങളടക്കം ഒരുതരത്തിലുമുള്ള പ്രതിരോധശബ്ദങ്ങളും ഉണ്ടാകാതിരുന്നത് സമകാലിക കലാപങ്ങളുടെ കൂടി അനുഭവം വെച്ചുനോക്കുമ്പോൾ അത്ര അമ്പരപ്പിക്കുന്ന ഒന്നല്ല.

ജനുവരി അവസാനം വരെ ബോംബെ കത്തിക്കൊണ്ടിരുന്നു. ഫെബ്രുവരി ആദ്യവാരമാണ് ഒന്നണഞ്ഞു തുടങ്ങുന്നത്. അപ്പോഴേക്കും ആവശ്യത്തിനുള്ള അടി കൊടുത്തുകഴിഞ്ഞു എന്ന് ഹിന്ദുത്വ നേതാക്കൾ തന്നെ പറഞ്ഞുതുടങ്ങിയിരുന്നു. ഭരണകൂടം വൈകാതെ അനന്തര കർമത്തിലേയ്ക്കു പ്രവേശിച്ചു- കണക്കെടുപ്പ്. 973 മരണം, ഡാഷ് പരിക്ക്, ഡാഷ് ഡാഷ് നഷ്ടം ഇത്യാദി. പരേതരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം... കരുണാമയനായ ജനായത്ത ഭരണകൂടം. മീഡിയയിൽ നിലയം വിദ്വാന്മാർ നിരന്നു- പതിവു ധാർമിക രോഷം, കണക്കും അതിബുദ്ധിയും വച്ചുള്ള കണ്ഠക്ഷോഭം, പൊലീസിനും സർക്കാറിനും മുഖമടച്ചുള്ള വിമർശനം, പരേതാത്മാക്കൾക്ക് RIP. ശേഷം, അടുത്ത പ്രോഗ്രാം. യഥാർത്ഥ പുള്ളികൾ പതിവുപോലെ റഡാറിനു പുറത്ത്. സുരക്ഷിതം, സുരഭിലം.
ഈ ഫാഷിസ്റ്റ് വെറി ഇത്ര എളുപ്പമാക്കിയത് ബോംബെയിൽ നട്ടെല്ലുള്ള ഒരു സെക്കുലർ കൗണ്ടർ ഫോഴ്സില്ലെന്ന ദാരുണ യാഥാർത്ഥ്യമാണ്. മീഡിയ ഉൾപ്പെടെ വരേണ്യരുടെയും സെലിബ്രിറ്റികളുടെയും ക്ലബ്ബിലാണ്. ദാരിദ്ര്യത്തേപ്പറ്റി അമിതാഭ് ബച്ചന്റെ ധൈഷണിക പ്രഭാഷണം, സ്ത്രീശാക്തീകരണത്തിന് ബച്ചി കർക്കേരിയയുടെ ഡയലെക്ടിക്കൽ ഡിസ്‌കോഴ്സ്... ഈ പതിവിനിടെ ആരും നട്ടെല്ലു തപ്പാറില്ല. ആ ഉരുപ്പടിയുള്ള ഒരു കൗണ്ടർഫോഴ്സ് ഒടുവിലായി കണ്ടത് എൺപതുകളിലെ മിൽസമരത്തിലാണ്. അന്ന് പൊതുയോഗത്തിനു ചെന്ന താക്കറെയെ കൂവിത്തുരത്തിയ ചരിത്രമുണ്ട്. തൊഴിലാളി പ്രസ്ഥാനങ്ങളുടെ തകർച്ചയും ഡീ- ഇൻഡസ്ട്രിയലൈസേഷനും ചേർന്ന് സംഘടിത തൊഴിൽ മേഖല ഇല്ലാതാക്കി.

അന്ന് തൊഴിലുപോയ മറാഠികളുടെ മക്കളും പേരക്കുട്ടിയും ധാരാളമായി ശിവസേനക്കാരായി. അവർക്ക് താക്കറെ ഒരു വരുമാനമുണ്ടാക്കിക്കൊടുത്തു- സർക്കാർ പുറമ്പോക്കുകൾ കയ്യേറി വടാപാവ് കച്ചോടം. മണ്ണിന്റെ മക്കൾക്ക് അതിന്​ ജന്മാവകാശമുണ്ടെന്ന് പ്രചരിപ്പിച്ചു. മൺമറഞ്ഞ ഓരോ മതാഘോഷവും സേന പുനരുജ്ജീവിപ്പിച്ചു. ഈ ആഘോഷങ്ങളുടെ സംഘാടനം അവരുടെ കുത്തകാവകാശമാക്കി. കാലാകാലം ഓരോരോ ശത്രുവിനെ കണ്ടെത്തും, ആക്രമിക്കും. ആ ക്വട്ടേഷൻ രാഷ്ട്രീയത്തെ എതിർക്കാൻ നഗരത്തിൽ ആരുമില്ലെന്നുറപ്പുവരുത്തി. ഈ പോക്കിന് ആകെപ്പാടെ കിട്ടിയ അടി രണ്ടെണ്ണമാണ്. ഒന്ന് 1975 ലെ അടിയന്തരാവസ്ഥ. ഉടനെ ഇന്ദിരക്ക് ജയ് വിളിച്ച് തടി കാത്തു, താക്കറെ, പിന്നീട് 1993 മാർച്ചിലെ ബോംബെ സ്ഫോടന പരമ്പര. ശിവസേനയുടെ ഹെഡാഫീസായ ദാദറിലെ സേന ഭവന് നേരെ മുന്നിലാണ് പരമ്പരയിലെ ഒരു സ്ഫോടനം. താക്കറെ ഉടനടെ വാലു ചുരുട്ടി, കോംപ്രമൈസിന് പരസ്യമായിറങ്ങി. ഈ ഘട്ടങ്ങളിലും നഗരത്തിലെ സോകോൾഡ് സിവിൽ സൊസൈറ്റി സ്വന്തമായൊരു നട്ടല്ലു കണ്ടെത്താൻ തുനിഞ്ഞില്ല. അതൊക്കെ മെനക്കേടല്ലേ. കാര്യങ്ങൾ സാധിച്ചുതരുന്ന മാടമ്പിയുടെ ആശ്രിതരായിയിരിക്കുന്നതിലാണു സഖ്യം.

ചുരുക്കത്തിൽ, കലാപം ഒരു ഹൊറർപടം പോലെയങ്ങു കഴിഞ്ഞു. പടം തീർന്നെന്നു വച്ച് വല്ലതും മാറാറുണ്ടോ. കലാപമുണ്ടാക്കിയ കാരണങ്ങൾ അതേപടി നിലനിൽക്കുന്നു. ഒരുപക്ഷേ കൂടുതൽ ഷാർപ്പായി. ഒരു മെജോറിറ്റേറിയൻ സ്റ്റേറ്റിന്റെ ഛായ വന്നുകഴിഞ്ഞില്ലേ, രാജ്യത്തിനു തന്നെ. ഛായയേ വന്നിട്ടുള്ളൂ പിടിപ്പതു പണി ബാക്കിയുണ്ട്. കലാപം അവസാനിക്കുന്നില്ല. ▮

(തുടരും)


വിജു വി. നായർ

മാധ്യമപ്രവർത്തകൻ. രതിയുടെ സൈകതഭൂവിൽ, മാറുന്ന മലയാളി യൗവനം, ഉച്ചിക്ക്​ മറുകുള്ളവന്റെ ഉപനിഷത്ത്​, ജീനിയസ്സിന്റെ തന്മാത്രകൾ തുടങ്ങിയവ പ്രധാന കൃതികൾ.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments