കെ. കണ്ണൻ: വി.പി. സിങ്ങിനുശേഷം, ദേശീയ രാഷ്ട്രീയത്തിലും ഭരണകൂടാധികാരത്തിന്റെ കോമ്പോസിഷനുകളിലും വലിയ മാറ്റമുണ്ടാകുന്നത് 1991ലാണ്. നെഹ്‌റുവിനുശേഷം കോൺഗ്രസ് നേതൃത്വത്തിലും പാർട്ടിയുടെ കേന്ദ്ര ഭരണകൂട നേതൃത്വത്തിലുമുണ്ടായ നിർണായക മാറ്റങ്ങളായിരുന്നു ഇതിന്റെ അടിസ്ഥാനം. നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യമില്ലാത്ത ഒരാൾ, പി.വി. നരസിംഹറാവു പ്രധാനമന്ത്രിയാകുന്നു, അധികാര രാഷ്ട്രീയവുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ അതുവരെയുള്ള വിനിമയങ്ങളിൽ ഒരു വിച്‌ഛേദനം സംഭവിക്കുന്നു. ആഗോളീകരണത്തിന്റെയും ലിബറലൈസേഷന്റെയും വാതിലുകൾ തുറക്കുന്നു. സംഭവബഹുലമായ ആ കാലത്തിന്റെ അടരുകൾക്കുള്ളിൽ ഇനിയും പുറത്തുവരാത്ത എന്തെങ്കിലുമുണ്ടോ?
വിജു വി. നായർ: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നോളമുള്ള ഏറ്റവും വലിയ പാരഡൈം ഷിഫ്റ്റ് സംഭവിക്കുന്നത് അക്കാലത്താണ്. അതിന്റെ ക്രഡിറ്റ് ഇന്ന് എല്ലാവരും കൊടുക്കുന്നത് മൻമോഹൻ സിംഗിനാണ്. കുറച്ചുപേരെങ്കിലും റാവുവാണ് കീ എന്നു കരുതുന്നു. രണ്ടാളും ഇപ്പറയുന്ന ചരിത്രത്തിൽ കയറുന്നത് ബൈ ഡിഫോൾട്ടാണ്. അതാണ് ഫലിതം.
വി.പി. സിംഗിനെ ബി.ജെ.പിയും കോൺഗ്രസും പത്രക്കാരും കൂടി നിലത്തിട്ടു. പിന്നാലെ ചന്ദ്രശേഖർ വന്നു, കോൺഗ്രസിന്റെ ദുഷ്ടലാക്കുള്ള ഒത്താശയിൽ. രാജീവിന്റെ പുരയിൽ ഒളിഞ്ഞുനോക്കി എന്ന പ്രത്യയശാസ്ത്രന്യായം പറഞ്ഞ് ആ മന്ത്രിസഭയും കോൺഗ്രസ് നിലത്തിടുന്നു. വെറും 120 ദിവസത്തിനകം വീണ്ടും തെരഞ്ഞെടുപ്പ്. വൻഭൂരിപക്ഷം കിട്ടുമെന്ന് ശിങ്കിടികൾ കാതിലോതിയതാണ് രാജീവിന് തിടുക്കമുണ്ടാക്കിയത്. ഇതാണ് ഡൈനാസ്റ്റിയുടെ കുഴപ്പം. കാതിലോതാൻ ധാരാളം പേരുണ്ടാവും, നേരുപറഞ്ഞുകൊടുക്കാൻ മാത്രം ആളുണ്ടാവില്ല. അയോധ്യാപ്രശ്നം കത്തിനിൽക്കുമ്പോൾ തിരഞ്ഞെടുപ്പുവന്നാൽ ബി.ജെ.പി സ്‌കോർ ചെയ്യുമെന്ന് ഏതു പോഴനുമറിയാം. നെഹ്റു കുടുംബക്കാർ മാത്രം അത്ര പോഴന്മാരല്ല. അങ്ങനെ വീണ്ടും ഒരിലക്ഷൻ. മൂന്നു ഘട്ടങ്ങളിലായിരുന്നു പോളിംഗ്. ഒന്നാം ഘട്ടം കഴിഞ്ഞപ്പോഴാണ് ചാവേർ ബോംബിൽ രാജീവിന്റെ കഥ കഴിയുന്നത്.
അതുവരെ കോൺഗ്രസ് പിന്നിലായിരുന്നെന്ന് പിന്നീട് ഫലം വന്നപ്പോൾ വ്യക്തമായി. രാജീവന്റെ കൊലപാതകം കഴിഞ്ഞ് രണ്ടു ഘട്ടങ്ങളിൽ വോട്ടിംഗ് രീതി ആകെ മാറി. സഹതാപതരംഗം എന്ന് പത്രങ്ങളെഴുതി. സത്യമതല്ല. പ്രതിസന്ധി ഘട്ടങ്ങളിൽ സാധാരണ മനുഷ്യർ പരീക്ഷണങ്ങൾക്കു തുനിയില്ല; പരിചിതമായ സ്ഥലങ്ങളിൽ അഭയം തേടും. ദേശീയമായി തന്നെ പരിഭ്രാന്തിയുണ്ടാക്കിയ ആ ബോംബുസ്ഫോടനം അവരെ മുത്തശ്ശിപ്പാർട്ടിക്കു കീഴിലെത്തിച്ചു, അത്രതന്നെ.
പാർട്ടി പാരമ്പര്യമനുസരിച്ച് സോണിയാ ഗാന്ധിയായിരുന്നു സ്വഭാവിക ചോയ്‌സ്. എങ്ങനെ നരസിംഹറാവുവിലേക്ക് കരുക്കളെത്തി?
അതെ, അതിലാണ് കളി നടന്നത്. അക്കുറി മത്സരിച്ചില്ലെന്നു മാത്രമല്ല പ്രചാരണത്തിൽ പോലും സജീവമായില്ല, റാവു. പുതിയ സർക്കാർ വന്നാലുടൻ നാട്ടിലേക്കു താമസം മാറ്റാൻ പായ്ക്ക് ചെയ്തിരിക്കുമ്പോഴാണ് വിളി വരുന്നത്. സത്യത്തിൽ നറുക്ക് റാവുവിനായിരുന്നില്ല. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പ്രഖ്യാപിച്ചത് സോണിയയുടെ തന്നെ പേരാണ്. അവർ സമ്മതിച്ചില്ല. ഭർത്താവിന്റെ മരണവും ചെറിയ കുട്ടികളും അത്ര പരിചയിച്ചിട്ടില്ലാത്ത രാഷ്ട്രീയ ചുറ്റുപാടും... അപ്പോൾ പകരം ആളെ സോണിയ തന്നെ നിശ്ചയിക്കണമെന്നായി പാർട്ടി. കസേരക്കൊതിയന്മാർക്ക് യാതൊരു പഞ്ഞവുമില്ലാത്ത പാർട്ടി. സോണിയ കുഴഞ്ഞു. ഫാമിലി ഫ്രണ്ട് കൂടിയായ അരുണ ആസഫലിയാണ് പറഞ്ഞത് പി.എൻ. ഹക്സനോടു ചോദിക്കാമെന്ന്. ആളെ അറിയില്ലേ? ഇന്ദിരയുടെ പ്രിൻസിപ്പൽ സെക്രട്ടറി, പഴയ വിശ്വസ്തൻ. കുറേക്കാലമായി അകന്നുകഴിയുകയാണ്. അരുണ തന്നെ മുൻകൈ എടുത്ത് ഹക്സറെ കൊണ്ടുവന്നു. അദ്ദേഹം പറഞ്ഞത് കസേരമോഹികളുടെ നാവടപ്പിച്ചുകളഞ്ഞ പേരാണ്- ശങ്കർ ദയാൽ ശർമ. ആളന്ന് വൈസ് പ്രസിഡന്റാണ്. മാന്യരിൽ മാന്യൻ. അധികാരത്തിന്റെ ലഹരി തലക്കുപിടിക്കാത്ത വിവേകി.
അരുണയും നട്‌വർസിങ്ങും ദൂതുപോയി. ശർമയുടെ മറുപടി കേട്ട് ദൂതർ ഞെട്ടി- ഇന്ത്യൻ പ്രധാനമന്ത്രി എന്നത് ഫുൾടൈം മനസ്സർപ്പിക്കേണ്ട പണിയാണ്, ദയവായി എന്നെ ഒഴിവാക്കണം. വിനയത്തോടെ ശർമാജി ഊരി. വച്ചുനീട്ടിയ സിംഹാസനം ഇങ്ങനെ തിരസ്‌കരിച്ച ഒറ്റയാളില്ല വേറെ, ഡൽഹി ചരിത്രത്തിൽ. ആ ഒഴിവിൽ ഹക്സർ നിർദ്ദേശിച്ച പേരാണ് നരസിംഹറാവു. ആ പേരുകേട്ട് നെഞ്ചുവേദനയുണ്ടായ പലരുമുണ്ട്. ശരദ് പവാർ, അർജുൻ സിംഗ്, അങ്ങനെ... അന്നു വിചാരിച്ചത് റാവു, ടേം തികക്കില്ലെന്നാണ്. ഒന്നാമത്, ന്യൂനപക്ഷ സർക്കാർ. പോരെങ്കിൽ പവാറിനെപ്പോലുള്ള മാനിപ്പുലേറ്റർമാർ പാളയത്തിൽ. സോണിയ എപ്പോൾ പാകമാകുമെന്ന് പറയാനും വയ്യ. പക്ഷെ റാവു മൗനമായി ഓപ്പറേറ്റുചെയ്തു.
രണ്ടുവാക്ക് പറയേണ്ടിടത്ത് അര. നിഴൽക്കൂത്തിന്റെ ആശാൻ. സത്യത്തിൽ, ഈ മൗനം റാവുവിന്റെ പടച്ചട്ടയായിരുന്നു. ഒപ്പമുള്ളവരും എതിരാളികളും ഒരുപോലെ ഇരുട്ടിലാവും. ആളെപ്പറ്റി അത്ര പിടിയില്ല, ആകെപ്പാടെയൊരു പേടി. ഈ പുകമറയിൽ റാവുവിന്റെ തന്ത്രങ്ങൾ മാത്രമല്ല, മണ്ടത്തരങ്ങളും മുങ്ങിക്കിടന്നു. പല ക്രൂഷ്യൽ സന്ദർഭങ്ങളിലും പ്രത്യേകിച്ചൊരു നിശ്ചയമില്ലായ്മ. ഇൻഡിസിഷൻ കൊണ്ട് തടിതപ്പിയ മറ്റൊരു പ്രധാനമന്ത്രിയുണ്ടോയെന്നു സംശയം. അതിൽ ചിലത് രാജ്യത്തിന് തന്നെ പാരയുമായി. ഉദാഹരണം ബാബരി മസ്ജിദ് പ്രശ്നം.
ബാബരി മസ്ജിദിനുമുമ്പായിരുന്നുവല്ലോ സാമ്പത്തിക നയം മാറ്റം. വികസനത്തിലെയും സാമ്പത്തിക നയങ്ങളിലെയും നെഹ്‌റുവിയൻ പാരമ്പര്യത്തെ കുടഞ്ഞെറിയാൻ റാവുവിന് എങ്ങനെയാണ് സാധിച്ചത്?
റാവുവല്ല പ്രധാനമന്ത്രിയെങ്കിൽ അന്നത് സംഭവിക്കുമായിരുന്നില്ല. നെഹ്റുവിയൻ മുക്കുപണ്ടം തട്ടിക്കളയാൻ കോൺഗ്രസിൽ നിന്നുള്ള ഒരു നേതാവും അന്നു തുനിയില്ല. അല്ലെങ്കിൽപ്പിന്നെ നെഹ്റു കുടുംബം പറയണം. ധർമദൈവത്തെ കുടുംബം തള്ളിപ്പറയുമോ? ഒരുപക്ഷെ ബി.ജെ.പി പ്രധാനമന്ത്രിമാർ വല്ലവരും പിൽക്കാലത്ത് അതു ചെയ്യുമായിരുന്നു. ഗത്യന്തരമില്ലാതെയാണ് റാവു പുതിയ ലൈനെടുത്തത്. ആ പരുവത്തിലായിരുന്നു സാമ്പത്തിക നില. 1980കളോടെ തന്നെ രാജ്യം വിദേശവായ്പാകെണിയിൽ പെട്ടുകഴിഞ്ഞിരുന്നു. സർക്കാറിന്റെ നിത്യച്ചെലവഭ്യാസം പോലും ഐ.എം.എഫിന്റെ ആശ്രയത്തിലായി.
ഇവിടെ ഒരു വ്യക്തത വേണം- ലോകബാങ്ക്, ഐ.എം.എഫ് കക്ഷികളുടെ അവതാരോദ്ദേശ്യത്തെപ്പറ്റി. നേരിട്ടുള്ള കോളനി ഭരണം നഷ്ടക്കച്ചോടമാണെന്ന് പടിഞ്ഞാറൻ ശക്തികൾ ഒന്നാം ലോകയുദ്ധം കഴിഞ്ഞപ്പോഴാണ് തിരിച്ചറിയുന്നത്.
കോളനികളിലെ വിഭവങ്ങൾക്കുമേലുള്ള പിടി നിലനിർത്തുന്നതെങ്ങനെ? ആ ആലോചനയിൽ നിന്നാണ് ബ്രട്ടൻവുഡ്സ് സിസ്റ്റത്തിന്റെ പിറവി. അമ്പതുകളോടെ അതിന്റെ രണ്ട് ആയുധങ്ങൾ പിന്നാക്ക രാജ്യങ്ങളിൽ കൈകടത്തിത്തുടങ്ങി- ലോകബാങ്കും ഐ.എം.എഫും. പാവപ്പെട്ട രാജ്യങ്ങളെ വികസിപ്പിക്കാൻ എയ്ഡ് തരുന്നു എന്നാണ് സാത്വിക പ്രഭാഷണം. നടക്കുന്നതോ? നയാപൈസ ക്യാഷായി തരില്ല. പകരം സമ്പന്ന രാഷ്ട്രങ്ങളിലെ കോർപറേഷനുകളുടെയും നോൺ പ്രോഫിറ്റ് സംഘങ്ങളുടെയും ചരക്കുകൾ, സേവനങ്ങൾ കൈപ്പറ്റാം. തിരിച്ചടവാണ് രസം. ക്യാഷായി ഐ.എം.എഫിലടയ്ക്കണം. ഐ.എം.എഫല്ല എയ്ഡ് എന്ന പേരിൽ ചരക്കും സേവനവും തരുന്ന സ്രോതസ്. എന്നാലും അവരാണ് ശരിയായ ഓപ്പറേറ്റർ. എയ്ഡ് പറ്റുന്ന രാജ്യങ്ങളിലെ വിനിമയ നിരക്കിലും പലിശനിരക്കിലും ഓപ്പറേറ്റർ ഇടയ്ക്കിടെ കൈകടത്തും. തിരിച്ചടവായി കിട്ടുന്ന പലിശനിരക്ക് ഉയർത്തി നിർത്താൻ. ശാശ്വതമായി ഉയർന്ന പലിശയടയ്ക്കാൻ മിക്കപ്പോഴും ഈ രാജ്യങ്ങളുടെ പൊതുഖജനാവു തന്നെ ഉപയോഗിക്കേണ്ടിവരും. അങ്ങനെ കാലക്രമത്തിൽ അവരുടെ സമ്പദ് ഘടനകൾ താറുമാറായി. 18ാം നൂറ്റാണ്ടിലെ മർക്കന്റൈലിസം സായ്പ് പുതിയ കുപ്പായത്തിലിറക്കി എന്നർത്ഥം.
ഈ കെണിയിലേക്ക് രാജ്യങ്ങളെ പ്രലോഭിപ്പിക്കാൻ പടിഞ്ഞാറൻ യൂണിവേഴ്സിറ്റികളിലെ സാമ്പത്തിക വിദ്വാൻമാരുടെ പടതന്നെയിറങ്ങി. അത്തരക്കാരുടെ ഇലയെടുപ്പുകാരാവാൻ നമ്മുടെ അക്കാദമിക് ബുജികൾക്ക് ഇന്നു സന്തോഷമല്ലേയുള്ളൂ? ഇന്ത്യയെ സമ്പന്നരാഷ്ട്രമാക്കാൻ ഈ സിദ്ധാന്ത വൈദ്യന്മാർ തന്ന കുറിപ്പടി ലളിതം- ഉപഭോഗവസ്തുക്കളും സേവനങ്ങളും ഇഷ്ടംപോലെ ഇറക്കുമതി ചെയ്യുക, അതിന് ആവശ്യമായ വായ്പയെടുക്കുക; അപ്പോൾ പണപ്പെരുപ്പമുണ്ടാകും, കമ്മി കൂടും. അതൊക്കെ സാമ്പത്തിക പുരോഗതിയുടെ മർമഘടങ്ങളാണത്രേ.
ഇന്ത്യയുടെ പ്ലാനിംഗ് കമ്മീഷൻ ആറാം പഞ്ചവത്സര പദ്ധതിയിലും ഏഴാം പദ്ധതിയിലും ഈ കുറിപ്പടി തൊണ്ട തൊടാതെ വിഴുങ്ങി. വൈദ്യന്മാർ കൽപിച്ചപോലെ ഉപഭോഗച്ചരക്കുകളുടെ പ്രവാഹമുണ്ടായി. ഒപ്പം പണപ്പെരുപ്പവും. സായ്പ്പിന്റെ ഈ കുറിപ്പടി അതേപടി നടപ്പാക്കിയ വിദ്വാനാണ് അന്നത്തെ റിസർവ് ബാങ്ക് ഗവർണർ. ആറാം പദ്ധതിയുടെ സെക്രട്ടറിയും ഏഴാം പദ്ധതിയുടെ അധ്യക്ഷനും അദ്ദേഹം തന്നെ. ആളിന്റെ പേരുപറഞ്ഞില്ലല്ലോ- ഏതോ ഒരു മൻമോഹൻ സിംഗ്.
രാജ്യത്തെ പല സാമ്പത്തിക പ്രവർത്തനങ്ങളും നിരോധിക്കുക അല്ലെങ്കിൽ നിയന്ത്രിക്കുക, പല പുതിയ നികുതികളുമടിക്കും- ഇതായിരുന്നു ആറാം പദ്ധതിയിലുടനീളം കണ്ടത്. Commanding height of the Economy must remain with the Public Sector എന്നാണ് സാക്ഷാൽ മൻമോഹൻ അന്ന് പദ്ധതി രേഖയിൽ എഴുതിയത്. ഏഴാം പദ്ധതിയിൽ ഇതേ ലൈൻ വിപുലമാക്കി. ഈ നിലപാടും വലുതാക്കിവന്ന ചെലവിടലും ചേർന്ന് വിദേശകടം അതിഭീമമായി. തിരിച്ചടവ് വൻപ്രതിസന്ധിയിലായി. ആറാം പദ്ധതി കഴിയുമ്പോൾ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മിയിലായിരുന്നു. 1990 കളുടെ തുടക്കമായപ്പോൾ നിൽക്കക്കള്ളിയില്ലാതെ വീണ്ടുമൊരു വായ്പയ്ക്ക് ഐ.എം.എഫിനോട് കെഞ്ചി. ഈ തലേലെഴുത്തിന് സായ്പിനെ പഴിച്ചിട്ടുകാര്യമില്ല. ഇന്ത്യയിലെ അധികാര രാഷ്ട്രീയക്കാർ ഈ ചൂഷണത്തിന് പറ്റിയ അന്തരീക്ഷം ഒരുക്കിക്കൊണ്ടിയിരിക്കുന്നു. ജവഹർലാൽ തുടങ്ങിവെച്ച കലാപരിപാടി മകൾ വിപുലപ്പെടുത്തി. പേരക്കുട്ടി പെരുപ്പിച്ചു. ഓർക്കണം, 1991ൽ രാജീവ്ഗാന്ധി ഇറക്കിയ ഇലക്ഷൻ മാനിഫെസ്റ്റോ ഇതേ ലെഗസി ശക്തിപ്പെടുത്തുമെന്നാണ് വാഗ്ദാനം ചെയ്തത്. റാവു അധികാരമേറ്റപ്പോൾ ഐ.എം.എഫിന്റെ കൽപനകൾ അനുസരിക്കുകയലല്ലാതെ മറ്റൊരു വഴിയില്ല. സായ്പിന്റെ തിട്ടൂരങ്ങൾക്ക് റിഫോം പ്രോസസ് എന്ന് ഓമനപ്പേരിട്ടെന്നുമാത്രം. പാരഡൈം ഷിഫ്റ്റ് തന്നെയാണ് നടപ്പായത്, സംശയമില്ല.
അഭിമുഖത്തിന്റെപൂർണ രൂപം ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 03 ൽ വായിക്കാം