ഭരണഘടനയിൽ തൊടാതെ തോണ്ടാം അസ്ഥിവാരം

മുസ്‌ലിം പള്ളി തകർക്കുക വഴി ഏതുമതമാണ് ദേശീയാധികാരി എന്നു സ്ഥാപിക്കലാണ് രാമക്ഷേത്രത്തിന്റെ ഇംഗിതം. മുസ്‌ലിം ഭൂരിപക്ഷമുള്ള ഏക സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ പദവി റദ്ദാക്കുക ആർക്കുള്ള സന്ദേശമാണെന്ന് ഊഹിച്ചുകൊള്ളുക. ഏകസിവിൽകോഡിന്റെ ആത്യന്തിക ടാർഗറ്റ് മുസ്‌ലീങ്ങളാണെന്ന് ആർക്കാണറിയാത്തത്. ഇവ്വിധം ലളിതവും സുതാര്യവുമായി മുഖ്യ ന്യൂനപക്ഷമതത്തെ രണ്ടാംകിട പൗരാവലിയാക്കുന്നതിൽ യാതൊരു ഇരട്ടത്താപ്പുമില്ല. ശ്രദ്ധക്കേണ്ടത് ഈ ലാളിത്യത്തിനു പിന്നിലൂടെ അരങ്ങേറുന്ന കുറുനരി കൗശലമാണ്- ഭരണഘടനയിൽ തൊടാതെ തന്നെ അതിന്റെ അസ്തിവാരം തോണ്ടുന്ന കലാപരിപാടി

ബാബറിപള്ളിയുടെ ശവമാടത്തിൽ 40 കിലോ വെള്ളിക്കട്ടി ശിലാന്യാസം ചെയ്തുകൊണ്ട് നമ്മുടെ സോവറിൻ സോഷ്യലിസ്റ്റ്, സെക്കുലർ റിപ്പബ്ലിക്കിനെ ഇന്ത്യൻ പ്രധാനമന്ത്രി തന്നെ ദശരഥരാമന് തൃപ്പടിദാനം ചെയ്തു. വച്ചത് പള്ളിയുടെ കുഴിമാടത്തിലാണെങ്കിലും കൊണ്ടത് ഇന്ത്യൻ മതേതരത്വത്തിന്റെ ഇടനെഞ്ചിലാണ്. അതെന്തായാലും ഇത് ഇനി രാമരാജ്യം, ഹിന്ദുത്വയുഗം. ആയതിനാൽ പൊളിറ്റിക്കലി കറക്ടായി വിളിക്കാം, ജയ് ശ്രീറാം.

ഈ പൊളിച്ചടുക്കലിനുള്ള രഥയാത്രയുടെ മുഖ്യശില്പി തന്നെ അമ്പലത്തിന് തറക്കല്ലിട്ടതിൽ ഒരു സയുക്തിക പരിണതിയുണ്ട്. അനുയോജ്യമായ അടിക്കുറിപ്പ് ടിയാൻ നിയത മുഹൂർത്തേ അരുളും ചെയ്തു. ‘ഇതാണ് ദേശത്തിന്റെ വിമോചനം'. ആരിൽ നിന്ന് എന്തിൽ നിന്ന് എന്നൊന്നും ചോദിക്കരുത്. കാര്യങ്ങൾ അത്രയ്ക്ക് കരതലാമലകം. ഹിന്ദുവിന്റെ ദേശീയവികാരമാണ് രാമക്ഷേത്രം എന്ന പല്ലവി ഈ ചടങ്ങിലും മുഴങ്ങി. തൊട്ടുതലേന്ന് അനുപല്ലവി ചൊല്ലിയത് മുഖ്യപ്രതിപക്ഷം, രാജ്യത്തെ മുത്തശ്ശിക്കക്ഷി- നാട്ടിലെ കോൺഗ്രസുകാരെല്ലാം രാമപൂജ ചെയ്യാനുള്ള ട്വീറ്റാഹ്വാനം. (പൊന്നുരുക്കിന് ക്ഷണം കിട്ടാത്തതിന്റെ ചൊരുക്ക് അങ്ങനെ ട്വീറ്റിത്തീർത്തു). ഏതാനും മാസം മുമ്പ് പരമോന്നത കോടതി ഇതേ പല്ലവിക്ക് വേണ്ട രാഗവും താനവും ഉച്ചസ്ഥൈരം കല്പിച്ചുകൊടുത്തിരുന്നു. 70 കൊല്ലത്തെ കേസുകെട്ടിനുള്ള അന്തിമതീർപ്പെന്ന വ്യാജേന.

മതേതര മനസുകളുടെ വെല്ലുവിളി

ഹിന്ദു, മതമല്ല സംസ്‌കാരമാണ്. കുന്നുംപുറത്ത് സുരേന്ദ്രൻ തൊട്ട് സർവേപ്പള്ളി രാധാകൃഷ്ണൻ വരെ തരം പോലെ ഉരുവിടാറുള്ള മന്ത്രവാക്യം. സംഗതി മന്ത്രച്ചരടിൽ കിടക്കും. നാട്ടിൽ ഹിന്ദു, മതമാണ്, അതിന്റെ രാഷ്ട്രീയമാണ് ഹിന്ദുത്വകക്ഷികൾ കൊണ്ടാടുന്നത്, അവരുടെ പ്രതിയോഗികൾ നിന്നു പെഴയ്ക്കാൻ അനുകരിക്കുന്നത്. രണ്ടാം കൂട്ടരുടെ ഭംഗ്യന്തരേണയുള്ള ഒത്താശയിൽ ഒന്നാം കൂട്ടരുടെ ഇംഗിതം പുഷ്ടിപ്പെടുന്നു- ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക. മെജോറിറ്റേറിയൻ സ്‌റ്റേറ്റ് എന്ന് ആഢ്യപരിഭാഷ.

ഭരണഘടനാപരമായ ദേശീയതയൊക്കെ പരണത്തിരിക്കയും ഹുങ്കാരദേശീയതയുടെ കോമരം തുള്ളൽ രാഷ്ട്രീയ ശരിയാവുകയും ചെയ്തിരിക്കെ മതേതര മനസുകൾക്കാണ് പരമമായ വെല്ലുവിളി

ആയതിലേയ്ക്ക് അവതാരമെടുത്ത രാഷ്ട്രീയ സ്വയം സേവക് സംഘിന് 100 വയസു തികയുന്ന 2024ൽ ജന്മസാഫല്യം കൈവരുത്തണം. ചുമ്മാതാണോ രാഷ്ട്രപതി തൊട്ട് കീഴോട്ടുള്ള കറകളഞ്ഞ സംഘപ്രചാരകരുടെ കൊണ്ടുപിടിച്ച കർസേവ? പെരുംപൂരത്തിനിടെ അവതാളം പിടിക്കരുത്. സെക്കുലറും റിപ്പബ്ലിക്കുമൊക്കെ കളഞ്ഞ് തോർത്തുവീശി വീച്ചും അടിയും പറയുക, മേളമൂർച്ഛയിൽ ഉന്മത്തരാവുക, അതാണ് കാലികമായ പൗരധർമ്മം.

മതേതരത്വത്തിന് തളർവാതം പിടിച്ചിട്ട് കാലം കുറച്ചായി. മസ്തിഷ്‌കമരണത്തോട് അടുക്കുന്നു. ഇന്ന് കൂടുതലാളെ പ്രചോദിപ്പിക്കുന്നത് ഹൃദയസാരള്യങ്ങളല്ല. സ്‌നേഹവും കരുണയും അനുതാപവുമല്ല. തേജസുള്ള നോക്കും ഓജസുള്ള വാക്കുമല്ല. സമത്വവും സാഹോദര്യവും ഓതിയ ഭരണഘടനാ വിവക്ഷകൾ അല്ലേയല്ല. അതൊക്കെ തണുപ്പൻ. ചൂടും ചൊടിയുമുള്ളത് ദ്വേഷസ്‌തോഭങ്ങൾക്കാണ്. ഒരുമാതിരി വീരപാണ്ഡ്യകട്ടബൊമ്മൻ ലൈൻ. അതിനാണ് ഡിമാൻഡ്, കമ്പോളവില, കയ്യടി, നമ്മുടെ പ്രധാനമന്ത്രിയെ നോക്കൂ. നാക്കുവളച്ചാൽ വീരവാദം, പൊങ്ങച്ചം, പരദ്വേഷം... ചുട്ടുപൊളിക്കുന്ന വികാര തീഷ്ണതകളെയാണ് രാഷ്ട്രീകക്ഷികൾ സംഘടിപ്പിക്കുന്നത്.. അവർ അങ്ങനെ സ്വരുക്കൂട്ടുന്ന തീഷ്ണതകൾക്ക് വാസ്തവത്തിൽ നാടിന്റെ ജീവിത യാഥാർത്ഥ്യത്തിൽ കാലണയുടെ പ്രസക്തിയൊട്ടില്ലതാനും. ആർക്കുവേണം പ്രസക്തി, പ്രസക്തം വികാരാവേശമാണ്. മതങ്ങൾ ഈ വികാരരോഗത്തിന് തീ കൂട്ടിക്കൊടുക്കുന്നത് അനുസരണയെ സായുധവൽക്കരിച്ചുകൊണ്ടാണ്. കുഞ്ഞാടുകൾ രാഷ്ട്രീയ ഇസ്​ലാമിനെയും രാഷ്ട്രീയ ഹിന്ദുയിസത്തെയും കെട്ടിപ്പുണരുന്നു. മതേതരത്വത്തിന് ഈ ജാതി രാസലീലയ്ക്ക് പാങ്ങില്ലല്ലോ. അതുകൊണ്ടുതന്നെ വല്ലാത്തൊരു കെണി അതിനായി ഉഴിഞ്ഞുവെച്ചിട്ടുമുണ്ട്. ഉദാഹരണമായി ദേശഭക്തിവികാരം.

തകർക്കപ്പെട്ട ബാബരി മസ്ജിദ്

ഭരണഘടനാപരമായ ദേശീയതയൊക്കെ പരണത്തിരിക്കയും ഹുങ്കാരദേശീയതയുടെ കോമരം തുള്ളൽ രാഷ്ട്രീയ ശരിയാവുകയും ചെയ്തിരിക്കെ മതേതര മനസുകൾക്കാണ് പരമമായ വെല്ലുവിളി. സി.എ.എ എന്ന കുഴിബോംബുവരുമ്പോൾ ഭരണഘടനാ തത്വങ്ങൾ ഉയർത്താൻ അത്തരം മനസുകൾ നിർബന്ധിതരാവുന്നു. ഉടനേവരും, ‘രാജ്യദ്രോഹ'ത്തിന്റെ ചാപ്പകുത്തൽ. (തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് എടുക്കുക. ചരിത്രത്തിലാദ്യമായി ഒരു സ്വർണ്ണക്കടത്തുകേസിൽ എൻ.ഐ.എ അവതരണം. സി.എ.എ വിരുദ്ധസമരത്തിന് പിന്നിൽ ഭീകരസംഘടനകളാണെന്നും അവർക്കുള്ള പണം വന്നത് കേരളത്തിലെ ഈ സ്വർണ്ണക്കടത്തുവഴിയാണെന്നും വരുത്തി തീർക്കാനുള്ള തന്ത്രം. ചേതോവികാരം കള്ളക്കടത്ത് തടയുകയല്ല, സി.എ.എ വിരുദ്ധസമരത്തെ വർഗീയവൽകരിച്ച് ഇല്ലാതാക്കുക.)

മതവർഗീയതയും ഹുങ്കാരദേശീയതയും പോലെ ആൾക്കൂട്ടങ്ങളെ സ്വരുക്കൂട്ടാനും കന്നാലി ലൈനിൽ മേയ്ക്കാനും ഉയർത്തുന്ന സങ്കല്പപദ്ധതികൾക്ക്, അവ പൊള്ളയാണെങ്കിലും വല്ലാത്തൊരു

വലിയൊരു വ്യാജത്വത്തിനു വേണ്ടിയുള്ള വ്യാജ സാഹോദര്യത്തിലാണ് മതാത്മകമായ ഇന്ത്യൻ ദേശീയത ഇന്നു പുലരുന്നത്. അതിനു ശിരസു നൽകാത്തവർ രാജ്യദ്രോഹികളും

ചിമുട്ടുശേഷിയുണ്ട്. യഥാർത്ഥത്തിൽ സമൂഹത്തിലുള്ള അസമത്വവും ചൂഷണങ്ങളും അപ്പടി തമസ്‌കരിച്ചുകൊണ്ട് പൗരാവലിയെ തിരശ്ചീനമായ ഒരു സാഹോദര്യമായി ഘോഷിക്കുക. ഓർക്കണം, പാടേ ലംബമാനമായ അധികാരശ്രേണി മാത്രം ഒരേ ഘടകത്തിലും (കുടുംബം തൊട്ട് ഭരണകൂടം വരെ) കുശാഗ്രബുദ്ധിയോടെ കാത്തുസൂക്ഷിക്കുന്നവരാണ് ഈ തിരശ്ചീന സാഹോദര്യം ഘോഷിക്കുന്നത്. ഏഴുപതിറ്റാണ്ടായി ഈ വ്യാജനിർമ്മിതി വച്ചാണ് ലക്ഷക്കണക്കിന് മനുഷ്യരെ ആത്മവഞ്ചനയ്ക്കും ആളെ കൊല്ലാനും തെരുവിലിറക്കുന്നത്. അഥവാ വലിയൊരു വ്യാജത്വത്തിനു വേണ്ടിയുള്ള വ്യാജ സാഹോദര്യത്തിലാണ് മതാത്മകമായ ഇന്ത്യൻ ദേശീയത ഇന്നു പുലരുന്നത്. അതിനു ശിരസു നൽകാത്തവർ രാജ്യദ്രോഹികളും.

ഹിന്ദുത്വദേശീയതയുടെ രാഷ്ട്രീയ രഥം മണ്ണിലേക്ക്​

ഇപ്പറഞ്ഞ സങ്കല്പത്തേക്കാൾ ഭീകരമാണ് അതിന്റെ ഉള്ളടക്കം. ഓരോ അംശത്തിലും ആളുകളെ ഒഴിവാക്കുന്നതിലാണ്, മറിച്ച് ഉൾക്കൊള്ളുന്നതല്ല അതിന്റെ പ്രകൃതം. തീർത്തും വിഭാഗീയമായ ഒരു പദ്ധതിക്ക് സ്വാഭാവികം മാത്രമായ അനുരൂപ പ്രകൃതം. സി.എ.എയുടെ കാര്യത്തിൽ അത് പച്ചയ്ക്ക് പ്രകടമായി. ഭരണഘടനാപൗരത്വം കൊണ്ട് ഈ പ്രതിലോമ നിർമ്മിതിയെ പ്രതിരോധിക്കാമെന്നു കരുതുന്നവരുണ്ട്. മറിച്ചാണ് ഇന്ത്യൻ അനുഭവം. ഭരണഘടന, ജനാധിപത്യം, ഒരാധുനിക ആശയമാണ്. ദേശീയതയാവട്ടെ, ചരിത്രപരവും കുഴമറിഞ്ഞതുമായ ഒരു കല്പനയാണ്. ഈ വഴുക്കൻ ഭൂമികയിൽ ഊന്നിയുള്ള ഭരണഘടനാവിവക്ഷകൾ അയുക്തികമായിപ്പോകാം, അസംഗതമായി ഭവിക്കാം. ചരിത്രപരമായി സന്നിഗ്ദഭരിതമായ ഒരു സാംസ്‌കാരിക പൈതൃകത്തിന് നിരക്കാൻ വേണ്ടി പടച്ചതല്ലല്ലോ ഇന്ത്യൻ ഭരണഘടന. രാജ്യത്ത് ചരിത്രപരമായിത്തന്നെ ഇല്ലാതിരുന്ന പല മൂല്യങ്ങളും തിരുത്തുകളും അതിൽ മനപൂർവ്വം ഉൾപ്പെടുത്തിവെച്ചിട്ടുണ്ട്. ഉദാഹരണമായി ന്യൂനപക്ഷതുല്യത. മത, ഭാഷാ, ലിംഗ, ന്യൂനപക്ഷങ്ങൾക്ക് അതതു വിഭാഗങ്ങളിലെ ഭൂരിപക്ഷത്തിന് തത്തുല്യമായ സ്വാതന്ത്ര്യാവകാശങ്ങൾ ഇവിടുത്തെ ചരിത്രത്തിൽ മുമ്പൊരിക്കലുമില്ലാത്ത കാര്യമാണ്. മറ്റൊന്ന്, സുമാർ 900 കൊല്ലം ഹിന്ദുമതം അഭംഗുരം നടപ്പാക്കിപ്പോന്ന ഭീകരപ്രവർത്തനം- ജാതീയത- റദ്ദാക്കാനുള്ള നടപടികൾ. ഇതൊക്കെ ഭരണഘടനാ പിതാക്കൾ ബോധപൂർവ്വം നിശ്ചയിച്ച പുതിയ നാട്ടുനടപ്പുകളാണ്. അങ്ങനെ ചെയ്യാൻ ഒരു സത്വരപരിസരം ഹേതുവായുണ്ട്. അതാണ് ഇന്നു നാം പരിണമിച്ചെത്തി നിൽക്കുന്ന രാഷ്ട്രത്തിന്റെ മതവൽക്കരണ ഭീഷണി സുവ്യക്തമാക്കിത്തരുന്ന വഴിവെട്ടം.

സവർക്കർ 1920കളിൽ തയ്യാറാക്കിയ ഹിന്ദുത്വ ദേശീയതയുടെ പ്രത്യയശാസ്ത്രം ഇന്ത്യയെ സാംസ്‌കാരികമായി ഹിന്ദുരാജ്യമായി നിർവചിക്കുന്നു. അതിനെ ഹിന്ദുരാഷ്ട്രമായി (നേഷൻ-സ്റ്റേറ്റ്) മാറ്റാൻ വിപുലമായ രാഷ്ട്രീയനീക്കങ്ങൾ

ഇന്ത്യൻ മുസ്‌ലിംകളെ ദേശീയ സമരചേരിയിലേയ്ക്ക് ചേർത്തുവെയ്ക്കാൻ ഗാന്ധി നടത്തിയ കരുനീക്കമായിരുന്നല്ലോ ഖിലാഫത്ത്. മതപരമായ ഈ നീക്കം രാഷ്ട്രീയത്തിന് ആപത്തെന്ന് പറഞ്ഞ് വാക്കൗട്ട് നടത്തിയത് കോൺഗ്രസിലെ മതേതരവാദികളല്ല, ജിന്നയാണ്

വേണ്ടിയിരുന്നു. ഭൂരിപക്ഷ ജനത ഹിന്ദുക്കളാണെന്നതു മാത്രമായിരുന്നില്ല ഈ ചലനത്തിന്റെ ന്യായീകരണയുക്തി. അവരാണ് ഈ മണ്ണിന്റെ മക്കൾ എന്ന വംശീയ നിലപാടുമുണ്ട്. അതിന്റെയും മർമ്മം മതം തന്നെയെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

1925ൽ ആർ.എസ്.എസ് ഉടലെടുക്കുന്നതു തന്നെ ഈ പ്രത്യയശാസ്ത്ര മർമ്മത്തിൽ നിന്നാണ്. അതിനുള്ള സത്വരപ്രകോപനം നോക്കിയാൽ മതി, അവരുടെ ഹൃദയമർമ്മമായ മതപ്രശ്‌നം വേഗം തിരിച്ചറിയാൻ- ഖിലാഫത്ത് പ്രസ്ഥാനം. സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ നിന്ന് പൊതുവേ അകന്നു കഴിഞ്ഞിരുന്ന ഇന്ത്യൻ മുസ്‌ലിംകളെ ദേശീയ സമരചേരിയിലേയ്ക്ക് ചേർത്തുവെയ്ക്കാൻ ഗാന്ധി നടത്തിയ കരുനീക്കമായിരുന്നല്ലോ ഖിലാഫത്ത്. മതപരമായ ഈ നീക്കം രാഷ്ട്രീയത്തിന് ആപത്തെന്ന് പറഞ്ഞ് വാക്കൗട്ട് നടത്തിയത് കോൺഗ്രസിലെ മതേതരവാദികളല്ല, ജിന്നയാണ്. (അന്നദ്ദേഹം മതനിരപേക്ഷ നിലപാടിലാണ്.) പ്രകോപനം വന്നത് നാഗ്പൂരിൽ നിന്നാണ്. കോൺഗ്രസിലെ വലതുപക്ഷത്തെ ഹിന്ദുമഹാസഭയാക്കി 1937ൽ ആർ.എസ്.എസ് രാഷ്ട്രീയകളി തുടങ്ങുന്നു. സ്വാതന്ത്ര്യത്തിനുശേഷം പൊതുതെരഞ്ഞെടുപ്പുകളുടെ വരവോടെ സംഗതി കുറേകൂടി പരസ്യമായി. 1951ൽ ഭാരതീയ ജനസംഘ് രൂപപ്പെടുത്തുന്നു. അങ്ങനെ ഹിന്ദുത്വദേശീയതയുടെ രാഷ്ട്രീയ രഥം മണ്ണിലിറങ്ങി.

ഇതിന് മറ്റൊരു പശ്ചാത്തലം കൂടിയുണ്ട്. 1947ൽ ഭരണക്കൈമാറ്റം നടക്കുമ്പോൾ ജാതിമത വൈവിധ്യം നിറഞ്ഞ പുതിയ രാഷ്ട്രത്തിൽ ഭരണകൂടം എങ്ങനെയിരിക്കണം എന്ന തർക്കമുയർന്നതാണ്. ഹിന്ദുദേശീയതാവാദം, പാരമ്പര്യവാദം, നിരപേക്ഷത എന്നിങ്ങനെ മൂന്നുപക്ഷങ്ങൾ. ഇന്ത്യൻ സ്വത്വം ഹൈന്ദവീയതയിൽ ഉരുവപ്പെട്ടതാണെന്ന് ആദ്യകൂട്ടർ. കാരണം, ഹിന്ദുക്കളാണ് ഇവിടെ ബഹുഭൂരിപക്ഷം. അത്തരം വംശീയപരിപ്രേക്ഷ്യത്തിൽ താൽപര്യമില്ലാത്ത പാരമ്പര്യവാദികൾ തനത് സാംസ്‌കാരിക ഘടകങ്ങളിൽ ഊന്നി. ചികിത്സയിൽ ആയുർവേദം, ഭാഷയിൽ ഹിന്ദി എന്നിത്യാദി. ഭരണഘടന നിർമ്മിച്ച constituent അസംബ്ലിയിൽ ഇതിലെ ആദ്യകൂട്ടർ ഉണ്ടായിരുന്നില്ല. രണ്ടാംകൂട്ടരുടെ പ്രതിനിധികളായിരുന്നു കോൺഗ്രസിലെ വലതുപക്ഷം. അവരുടെ സമ്മർദ്ദത്തെ വെല്ലിക്കൊണ്ടാണ് അംബേദ്കറും സംഘവും ഭരണകൂടത്തിന് നിരപേക്ഷത സ്ഥാപിച്ചെടുത്തത്. ഇന്ത്യയിലെ സങ്കീർണ്ണമായ സങ്കരസാംസ്‌കാരികതയ്ക്ക് യുക്തമായത് മതേതരത്വമാണെന്നു നിർണ്ണയം ചെയ്തത്. ഭരണഘടനയിൽ പൗരാവലിയെ രാഷ്ട്രീയമായി നിർവചിച്ചത് ഇന്ത്യൻ ദേശീയതയുടെ മതനിരപേക്ഷപക്ഷക്കാരാണെന്നു ചുരുക്കം. അവരുടെ ലിഖിത വ്യവസ്ഥകൾ പാലിക്കാൻ ഭരണകൂടം ബാധ്യസ്ഥരായി, പൗരന്മാരും.

ഭൂരിപക്ഷസമുദായ സമന്വയം

ഹിന്ദുരാഷ്ട്ര നിർമ്മാണത്തിനുള്ള കർസേവ നിശബ്ദം നടത്തിപ്പോന്ന ആർ.എസ്.എസ്, ജനസംഘം സ്ഥാപിച്ചെങ്കിലും 1950കൾ തൊട്ട് മൂന്നുപതിറ്റാണ്ടിൽ മേപ്പടി നിരപേക്ഷ മോഡലിന് കാര്യമായ തട്ടുകേടുണ്ടാക്കാൻ സാധിച്ചില്ല. ഗാന്ധിവധത്തെ തുടർന്ന് ‘സംഘിന്റെ' പ്രതിച്ഛായയും പത്തിയും നന്നേ താഴ്ന്നു പോയിരുന്നു. കോൺഗ്രസാകട്ടെ ദേശീയ രാഷ്ട്രീയത്തിന്റെ അച്ചുതണ്ടും വള്ളിപ്പടർപ്പുമായി പന്തലിച്ചു. ഈ

രാമൻ എന്നത് ബ്രാഹ്മണിക്കൽ ഹിന്ദുമതത്തിന് സർവ്വാത്മനാ നിരക്കുന്ന ആരാധനാ ബിംബമാണ്. ഏകപത്‌നീവ്രതക്കാരൻ, പെൺ പാതിവ്രത്യത്തിന്റെ അപ്പോസ്തലൻ, പാരമ്പര്യവാദി, ദേശഭക്തൻ, സർവ്വശക്തൻ, ചുരുക്കത്തിൽ ലക്ഷണമൊത്ത ആൺ ഹീറോ

പശ്ചാത്തലത്തിൽ മതത്തിന്റെ പേരിലുള്ള വർഗീയ കലാപങ്ങൾ നന്നേ കുറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് പ്രാതിനിധ്യം കിട്ടിത്തുടങ്ങി, ജനശ്രദ്ധ പൊതുകാര്യങ്ങളിൽ ഊന്നിനിന്നു. എൺപതുകളോടെ മതേതരത്വത്തിനുള്ള ചിരപുരാതന വെല്ലുവിളികൾ വീണ്ടും ശക്തിപ്പെട്ടു. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിന്നും പാടേ വിട്ടുനിന്നാൽ ശരിയാവില്ലെന്ന നിശ്ചയത്തിലാണല്ലോ ആർ.എസ്.എസിന്റെ ജനസംഘരൂപീകരണം. രാഷ്ട്രീയതലത്തിൽ ആ കക്ഷി ഹിന്ദുവോട്ട് സമന്വയിപ്പിക്കുന്നതിനുള്ള പ്രചരണം നടത്തിക്കൊണ്ടിരുന്നു. ഇന്ത്യൻ സംസ്‌കാരത്തിൽ ഇതര മതങ്ങളുടെ സംഭാവന, വിശേഷിച്ചും മുസ്‌ലിം പങ്ക്, നിരാകരിക്കുകയും മുസ്‌ലിം ഭരണകാലം ഹിന്ദുക്കൾക്ക് പീഡനകാലമാണെന്നു സമർത്ഥിക്കുകയുമായിരുന്നു പ്രചരണത്തിലെ മുഖ്യഘടകം. കോൺഗ്രസിനെ മുസ്‌ലിം പ്രീണനകക്ഷിയായി മുദ്രയടിക്കുക എന്നത് അനുബന്ധഘടകം. ഇതുരണ്ടുംവെച്ച് സമാനപ്രീണനം ഹിന്ദുക്കൾക്കിടയിൽ നടത്തുക. ഭൂരിപക്ഷ സമുദായത്തെ ഒരു വോട്ടുബാങ്കാക്കി മാറ്റാനുള്ള പരസ്യമായ നീക്കം നടക്കുന്നത് 1979 കാലത്താണ്. ഇന്ദിരയെ തുരത്തി അധികാരം പിടിച്ച ജനതാപാർട്ടിയിൽ ഭിന്നത. പല മതേതര നേതാക്കളും കൂട്ടത്തിലുള്ള മുൻജനസംഘക്കാരുടെ ആർ.എസ്.എസ് അടിമത്തം ചൂണ്ടി കുറ്റപ്പെടുത്തി. ജനതാപാർട്ടി പിളരുമെന്നായപ്പോൾ അന്നത്തെ ആർ.എസ്.എസ് തലവൻ ദേവരശ് പരസ്യമായി പറഞ്ഞു, രാഷ്ട്രീയക്കാർ അടുത്ത തെരഞ്ഞെടുപ്പിനെപ്പറ്റി മാത്രമേ ചിന്തിക്കുന്നുള്ളൂ. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പോലും ഹിന്ദുവികാരങ്ങളെ ഇവർ മാനിക്കുന്ന വിധം ഹിന്ദുക്കൾ ഉണരണം. ഈ നിലപാടിന്റെ വെളിച്ചത്തിലാണ് അയോധ്യ പ്രസ്ഥാനം തന്നെ ഉടലെടുക്കുന്നത്. ഹിന്ദുരാഷ്ട്ര നിർമ്മിതിക്കായി ഹിന്ദുത്വവാദികൾ അധികാരം പിടിക്കാൻ സർവ്വാത്മനാ രംഗത്തിറങ്ങി. 1980ൽ ജനതാഭരണം തകർന്നു ജനസംഘം ബി.ജെ.പിയുടെ വേഷമിടാൻ അധികം വൈകിയില്ല. അഞ്ചുകൊല്ലം മാത്രം. ഈ നേരമൊക്കെ ഭൂരിപക്ഷസമുദായ സമന്വയത്തിന് ആർ.എസ്.എസ് ഉപയോഗിച്ചത് വിശ്വഹിന്ദുപരിഷത്തിനെയാണ്. രാമൻ എന്ന പൗരാണിക ബിംബത്തെ അച്ചുതണ്ടാക്കിയുള്ള വർഗീയ സമന്വയം..

സമർത്ഥമായ തെരഞ്ഞെടുപ്പായിരുന്നു അത്. ഒന്നാമത്, അയോധ്യയിൽ രാമനെ കവർന്നു നിൽക്കുന്നത് ഒരു മുസ്‌ലിം പളളിയാണ്. രാമനെ മോചിപ്പിക്കാൻ അതു തകർക്കണം. മോദി പറഞ്ഞ വിമോചനത്തിന്റെ അർത്ഥം എത്ര ലളിതമെന്നറിയുക- ഇസ്‌ലാമിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുക, ഇതുതന്നെയാണല്ലോ 1920കളിൽ തുടങ്ങിയ മതരാഷ്ട്രീയത്തിന്റെ കേന്ദ്രഅജണ്ട. രണ്ടാമത്, രാമൻ എന്നത് ബ്രാഹ്മണിക്കൽ ഹിന്ദുമതത്തിന് സർവ്വാത്മനാ നിരക്കുന്ന ആരാധനാ ബിംബമാണ്. ഏകപത്‌നീവ്രതക്കാരൻ, പെൺ പാതിവ്രത്യത്തിന്റെ അപ്പോസ്തലൻ, പാരമ്പര്യവാദി, ദേശഭക്തൻ, സർവ്വശക്തൻ, ചുരുക്കത്തിൽ ലക്ഷണമൊത്ത ആൺ ഹീറോ.

ബൃഹത്തായ ഒരു ദേശീയ നുണ

1980കളുടെ ഒടുക്കത്തോടെ രാമക്ഷേത്രപ്രചാരണം വർഗീയ കലാപങ്ങളുടെ ഒരു തരംഗമുണ്ടാക്കി. അതുവഴി വോട്ടു ധ്രുവീകരണം നിഷ്പ്രയാസം മതാടിസ്ഥാനത്തിലാക്കി. ആ തരംഗത്തിൽ ബി.ജെ.പി 1991ൽ ഉത്തർപ്രദേശ് പിടിക്കുന്നു. പിറ്റേക്കൊല്ലം രഥയാത്രയും പള്ളിതകർക്കലും. രാജ്യവ്യാപകമായി അശ്വമേധം നടത്തി പരസ്യമായി പള്ളി തകർത്തുകൊണ്ട് ഒരു ദൃശ്യവിരുന്ന് ഒരുക്കുകയായിരുന്നു ഉദ്ദേശ്യം. മതേതരത്വത്തിനുള്ള ദേശീയ താഡനം. അതാണിപ്പോൾ ബി.ജെ.പിയുടെ കേന്ദ്രസ്വത്വം തന്നെ. വ്യാജമതേതരത്വം എന്ന ചാപ്പ അവർ അടിച്ചത് പ്രതിയോഗികൾക്കുമേൽ മാത്രമല്ല, ഭരണഘടനാവിവക്ഷയായ മതേതരത്വത്തിനുമേൽ കൂടിയാണ്.

അയോധ്യപ്രസ്ഥാനത്തിന്റെ ആദ്യഘട്ടം വിജയിച്ചതോടെ ഹിന്ദുഭൂരിപക്ഷ സംസ്ഥാനങ്ങൾ ഓരോന്നായി ബി.ജെ.പിക്കു വഴങ്ങിത്തുടങ്ങി. തുടക്കത്തിൽ എൻ.ഡി.എ എന്ന കുടക്കീഴിലായിരുന്നു തേരോട്ടമെങ്കിലും പല

സ്റ്റേറ്റിന്റെ മതേതരത്വം, പൗരതുല്യത, തുടങ്ങി ഭരണഘടനാ ജനാധിപത്യത്തിന്റെ മർമ്മഘടകങ്ങൾ ഓരോന്നായി കാറ്റിലെറിയുന്നു- സമാന്തരമായി അംബേദ്കർക്ക് ജയ്, ഭരണഘടനയ്ക്ക് കീജയ്

ഘടകകക്ഷികളും ഭൂരിപക്ഷരാഷ്ട്രീയത്തിന് കല്ലുകടിയായി. വിശേഷിച്ചും 2002ലെ ഗുജറാത്ത് നരഹത്യയുടെ പശ്ചാത്തലത്തിൽ. അതുകൊണ്ടുകൂടിയാണ് 2004ല തിരഞ്ഞെടുപ്പ് തോറ്റതും യു.പി.എ അധികാരത്തിലേറിയതും. അതോടെ മതേതരത്വ അജണ്ടകളിലേയ്ക്ക് രാജ്യം വീണ്ടും ‘പിന്നാക്കം' പോയിത്തുടങ്ങി. 2014ൽ യു.പി.എ തോറ്റമ്പിയത് അവരുടെ സ്വന്തം അഴിമതി കൂമ്പാരങ്ങൾ നിമിത്തമാണ്. ആ കോൺഗ്രസ് വിരുദ്ധ വേലിയേറ്റത്തിൽ കോർപ്പറേറ്റ് പണമൊഴുക്കു കൂടിയായപ്പോൾ മോദിക്ക് ചെങ്കോൽ കിട്ടി.

രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതിനാൽ മതരാഷ്ട്രീയത്തിന്റെ പ്രത്യക്ഷചുവടുകൾക്ക് ആദ്യം പാങ്ങില്ലായിരുന്നു. പകരം മതേതരവിരുദ്ധതയുടെ അന്തരീക്ഷസൃഷ്ടി നടത്താൻ പ്രത്യേകം ശ്രദ്ധവെച്ചു. ഉദാഹരണമായി, സാംസ്‌കാരിക പൊലീസിങ്ങിന് വ്യത്യസ്ത സംഘസേനകൾ പലേടത്തും നിയമവാഴ്ചയെ വെല്ലുവിളിച്ച് രംഗത്തിറങ്ങി. ലൗജിഹാദ്, ഘർവാപസി, ഗോരക്ഷ തുടങ്ങി 'ഹിന്ദുജാഗ്രതാ' ഭടന്മാരുടെ വിളയാട്ടം. അയോധ്യാ പ്രസ്ഥാനത്തിനുവേണ്ടി ഒരുക്കിയ ഗുണ്ടാപ്പടയായ ബജ്റംഗദൾ പോലെ പല ദളങ്ങൾ പലേടത്തായി മുളച്ചുപൊന്തി. ദേശീയാധികാരമുള്ളതിനാൽ പൊലീസിനെ പേടിക്കാതെ നിയമം കയ്യിലെടുക്കാം. ഇതൊക്കെ അപവാദങ്ങളും ചില്ലറ വ്യതിയാനങ്ങളുമെന്നു പറഞ്ഞ് മാധ്യമലോകവും (ഭൂരിപക്ഷം മാധ്യമ കേസരികളും സംഘപരിവാരത്തിന്റെ സ്വലേകളായിക്കഴിഞ്ഞത് വേറെ കഥ) ഭരണകൂടവും കണ്ണടച്ചു. സത്യത്തിൽ, ഭൂരിപക്ഷത്തിന്റെ ചൊല്പടിയിലാണ് രാജ്യം എന്ന സന്ദേശം ഭംഗ്യന്തരേണ നൽകുകയായിരുന്നു ഭരണകക്ഷി.

അദ്വാനിയുടെ നേതൃത്വത്തിൽ നടന്ന രഥയാത്രയ്ക്കിടെ

ഇന്ദിരയുടെ കാലംതൊട്ടേ ആവശ്യാനുസരണം മതരാഷ്ട്രീയ കാർഡ് ഇറക്കികളിച്ചുപോന്ന കോൺഗ്രസിന് ഇതോടെ ചിത്തഭ്രമം കലശലായി. മതേതരത്വമാണ് തങ്ങളുടെ തകർച്ചയ്ക്ക് കാരണമെന്ന മട്ടിലായി ഗാന്ധിയന്മാരുടെ നയനടപടികൾ. ഹിന്ദു ദേശീയതയിലാണ് ഏക രക്ഷയെന്ന പുത്തൻ രാഷ്ട്രീയവായന വ്യാപകമാക്കുകയായി മിക്ക പ്രതിപക്ഷകക്ഷികളും ഇതേ വായന നടത്തിനോക്കുന്നു. ചുരുക്കത്തിൽ, ഭരണഘടനാ മതേതരത്വത്തെ ഹിന്ദുദേശീയത കയറി കുറുകെ വെട്ടിയിരിക്കുന്നു. അതിന്റെ ഏറ്റവും പുതിയ പ്രഖ്യാപനമാണ് രാമപൂജയ്ക്കുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ട്വീറ്റാഹ്വാനം.

ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിന് പ്രധാനമായും മൂന്ന് ശിലകളാണ് ആർ.എസ്.എസ് കരുതിവെച്ചത്. രാമക്ഷേത്രം, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, ഏകസിവിൽകോഡ്. ഇതിൽ ആദ്യരണ്ടും സ്ഥാപിച്ചുകവിഞ്ഞു. സിവിൽകോഡ് വൈകാതെ അവതരിപ്പിക്കപ്പെടും. ഇവിടെ ശ്രദ്ധിക്കേണ്ടത് ഈ രാഷ്ട്രീയത്തിന്റെ പരമമായ ലാളിത്യമാണ്. മുസ്‌ലിം പള്ളി തകർക്കുക വഴി ഏതുമതമാണ് ദേശീയാധികാരി എന്നു സ്ഥാപിക്കലാണ് രാമക്ഷേത്രത്തിന്റെ ഇംഗിതം. മുസ്‌ലിം ഭൂരിപക്ഷമുള്ള ഏക സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ പദവി റദ്ദാക്കുക ആർക്കുള്ള സന്ദേശമാണെന്ന് ഊഹിച്ചുകൊള്ളുക. ഏകസിവിൽകോഡിന്റെ ആത്യന്തിക ടാർഗറ്റ് മുസ്‌ലീങ്ങളാണെന്ന് ആർക്കാണറിയാത്തത്. ഇവ്വിധം ലളിതവും സുതാര്യവുമായി മുഖ്യ ന്യൂനപക്ഷമതത്തെ രണ്ടാംകിട പൗരാവലിയാക്കുന്നതിൽ യാതൊരു ഇരട്ടത്താപ്പുമില്ല. ശ്രദ്ധക്കേണ്ടത് ഈ ലാളിത്യത്തിനു പിന്നിലൂടെ അരങ്ങേറുന്ന കുറുനരി കൗശലമാണ്- ഭരണഘടനയിൽ തൊടാതെ തന്നെ അതിന്റെ അസ്തിവാരം തോണ്ടുന്ന കലാപരിപാടി. സ്റ്റേറ്റിന്റെ മതേതരത്വം, പൗരതുല്യത, തുടങ്ങി ഭരണഘടനാ ജനാധിപത്യത്തിന്റെ മർമ്മഘടകങ്ങൾ ഓരോന്നായി കാറ്റിലെറിയുന്നു- സമാന്തരമായി അംബേദ്കർക്ക് ജയ്, ഭരണഘടനയ്ക്ക് കീജയ്..

ഇവ്വിധം ബൃഹത്തായ ഒരു ദേശീയ നുണയ്ക്കുമേലാണ് നാം അടയിരിക്കുന്നത്. ദേശീയതയുടെ വ്യാജ നിർമ്മിതികളാൽ ആവേശിതരാക്കപ്പെട്ട്, രാഷ്ട്രീയമായ ആത്മവഞ്ചനയിൽ ഐക്യപ്പെട്ട്, സാമ്പത്തികമായ ശുദ്ധവിഡ്ഢിത്തത്തിൽ അന്ധരാക്കപ്പെട്ട് അനുദിനം ക്ഷുദ്രമായിപ്പോകുന്ന ഒരു രാഷ്ട്രമനസിന്റെ ഗതികേട് അതേ ആന്ധ്യത്തിന്റെ കൂട്ടിക്കൊടുപ്പുകാരായ മുഖ്യധാരാ മാധ്യമങ്ങൾ മറച്ചുപിടിക്കുമ്പോൾ പഴയൊരു പരേതന്റെ ചെറിയൊരു ഓർമ്മപ്പെടുത്തൽ തികട്ടിവരുന്നു: 1992ലെ രഥയാത്ര ക്ലൈമാക്‌സിലെത്തിനിൽക്കെ ഫൈസാബാദിൽ നിന്ന് ബോംബെയ്ക്ക് ഒരു ഫോൺവിളി. എല്ലാം മൂളിക്കേട്ടിട്ട് അങ്ങേത്തലയ്ക്കൽ നിന്ന് എം.പി. നാരായണപിള്ളയുടെ മറുപടി: ‘ഈ വിശ്വഹിന്ദുപരിഷകൾക്ക് നമ്മൾ ശരിയായ ഹിന്ദുക്കൾ ഹിന്ദുമതത്തിൽ പോസ്റ്റൽ ട്യൂഷൻ കൊടുക്കണം.'

Comments