കോടതിക്കുപുറത്തെ 'വിചാരണ'യൊച്ചകൾ

വികാസ്​ ദുബെയെപ്പോലുള്ള കൊടുംകുറ്റവാളികൾ ഇനിയും വെടിയേറ്റുവീഴും, ജനം കൈയടിക്കും, ജാത്യാഭിമാന പോസ്റ്റുകളിടും. ഇവർക്കുപുറകിലെ അധോലോക രാഷ്​ട്രീയം കാണാമറയത്തുതന്നെ നിൽക്കും. രാഷ്​ട്രീയവും അധോലോകവും കൂട്ടുകച്ചവടം നടത്തുന്ന ഉത്തരേന്ത്യയുടെ ചില റിയലിസ്​റ്റിക്​ എപ്പിസോഡുകൾ

വികാസ് ദുബെ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്ന ഇതുപോലൊരു ജൂലൈ പത്തിനാണ് (2018) മുന്നാ ഭയ്യ എന്ന മുന്ന ബജ്റംഗി ജയിലിൽ വെടിയേറ്റു മരിച്ചത്. സിനിമാക്കഥ കണക്കെ ജീവിതം, അന്ത്യവും. എതിരാളികളെ വകവരുത്താനൊരു മടിയുമില്ലാതിരുന്ന മുന്ന, കൈയിലിരിപ്പ് വെച്ച് ഒരു തിരിച്ചടിയ്ക്ക് യോഗ്യനായിരുന്നതിനാൽ, ആൾ വധിക്കപ്പെടുമോ എന്ന ആശങ്ക ഭാര്യ സീമ സിങിനുണ്ടായിരുന്നു. ജയിലിൽ ഏറ്റുമുട്ടൽപേടി മൂലം ജീവന് ഭീഷണിയുണ്ടെന്നുകാണിച്ച് അഡ്വ. ശ്രീവാസ്തവ വഴി പരാതി നൽകി. അതിനിടെ, ഭജ്‌റംഗിയുടെ വെടിതീർന്നു. അതേജയിലിലെ തടവുകാരനും എതിരാളികളിലൊരാളുമായ സുനിൽ രത്തിയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ജന്മനാടായ ജുനാപുരിൽ സംസ്‌കരിച്ചു. ജയിലിലെ സുരക്ഷാവീഴ്ച അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ജുഡീഷ്യൽ അന്വേഷണമുണ്ടായി. നാളുകൾ കഴിഞ്ഞു. ഏറ്റുമുട്ടൽ വിവാദം മറ്റ് വാർത്തകളിലേക്ക് കൂറുമാറി.

വികാസ് ദുബെ

എ.കെ. 47 പരീക്ഷിച്ച വില്ലൻ
ഒരു കൊലക്കേസിൽ ഉത്തരാഖണ്ഢിലെ റൂർക്കി ജയിലിൽ കഴിഞ്ഞിരുന്ന സുനിൽ രത്തിയെ സുരക്ഷാ ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് പടിഞ്ഞാറൻ യു.പിയിലെ ഭാഗ്പത്തിലേക്ക് കൊണ്ടുവരുന്നത് പോലീസ്. രത്തിയുടെ സ്വാധീനമേഖലയിലെ ജില്ലാ ജയിലിലേക്കുതന്നെ. ഇതേദിവസങ്ങളിൽ, ഝാൻസിയിലെ ജയിലിൽ മറ്റൊരു കൊലക്കേസിൽ തടവിൽ കഴിഞ്ഞിരുന്ന മുന്ന ബജ്റംഗിയെയും ഭാഗ്പത് ജയിലിലേക്ക് മാറ്റുന്നു. മണിക്കൂറുകൾക്കുള്ളിൽ മുന്ന തീർന്നു. പൂർവാഞ്ചലിലെ ഡോണുമാരിലൊരാളായ, മിർസാപുർ, ജുനാപുർ, ഗാസിപുർ മേഖലയെ വിറപ്പിച്ച മുന്ന അങ്ങനെ തീർന്നു.

പുതിയ ഫോൺ മോഡൽ പുറത്തിറക്കുന്ന ചടങ്ങിൽ പങ്കെടുത്ത് അർധരാത്രി സഹപ്രവർത്തകയ്ക്കൊപ്പം മടങ്ങുന്ന യുവാവിനെ പോലീസ് കൈ കാണിച്ചു. വണ്ടി സാവധാനമാക്കാൻ വൈകിയെന്ന് പൊലീസ്. വെടിയുണ്ട കഴുത്തിലൂടെ കേറിപ്പോയി

ബി.ജെ.പി നിയമസഭാംഗമായിരുന്ന കൃഷ്ണാനന്ദ് റായിയുടേത് ഉൾപ്പെടെ നിരവധി കൊലക്കേസുകളിൽ പ്രതി. 80കളിൽ ഒരു വ്യവസായിയുടെ കൊലപാതകത്തോടെയാണ് പ്രേംപ്രകാശ് സിങ് എന്ന മുന്ന ശ്രദ്ധിക്കപ്പെട്ടത്. പിന്നീടങ്ങോട്ട് കിഴക്കൻ യു.പിയിലാകെ വിഹരിച്ചു. യുപിയുടെ അധോലോക കുടിപ്പകയിലേക്ക് എ.കെ. 47 എന്ന കലാഷ്‌നികോവ് തോക്കുകൾ പരീക്ഷിച്ച് എതിരാളികളെ ഞെട്ടിച്ചു. കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലേക്ക് പുതുമയും ആധുനികതയും കൊണ്ടുവന്ന ഗുണ്ടാനേതാവെന്നും പറയാം. സുനിൽ രത്തിയാണെങ്കിൽ പടിഞ്ഞാറൻ യു.പിയിലും ഉത്തരാഖണ്ഡിലുമായി കുറ്റകൃത്യങ്ങളിലൂടെ കുപ്രസിദ്ധനായവനും പഴയ പരിചയക്കാരനും. 2017 ലെ തെരഞ്ഞെടുപ്പിനുശേഷം ഏറ്റുമുട്ടൽ കൊലകൾ നിർബാധം തുടരുകയാണെന്നും പലതും വ്യാജമാണെന്നും ജയിലിൽ പോലും എന്തും നടക്കുന്ന സ്ഥിതിയാണെന്നും വിമർശനം വന്നു.

മുന്ന ബജ്റംഗി

ദേശീയ മനുഷ്യാവകാശ കമ്മീഷനും കോടതിയും റിപ്പോർട്ടു തേടി. ക്രമസമാധാന വിഭാഗം പോലീസ് മേധാവി കാര്യം വിവരിച്ചു.
പക്ഷേ, അടുത്ത ഏറ്റുമുട്ടലിന് പോലീസ് മറ്റൊരു കാര്യം കൂടി ചെയ്തു. മാധ്യമങ്ങളെ വിളിച്ചുവരുത്തി. നടന്നത് അലിഗഢിലാണ്. പ്രാദേശിക ചാനലുകൾ ക്യാമറയുമായെത്തി വെടിവെപ്പ് നടക്കുന്നയിടത്ത് വാർത്ത കവർ ചെയ്തു. ഹർദുവഗഞ്ചിലെ കനാൽ പരിസരത്തുനിന്ന് എൻകൗണ്ടറിനിടെ ലൈവ്. ക്രിമിനൽ പശ്ചാത്തലമുള്ള നൗഷാദിനേയും മുഷ്താഖിമിനേയും ബൈക്കിൽ തടഞ്ഞുവെന്നും പൊലീസിനുനേരെ വെടിയുതിർത്ത ശേഷം അവർ രക്ഷപ്പെടാൻ ശ്രമിക്കവേ പിന്തുടർന്നു വെടിവെച്ചുവെന്നും പോലീസ് ഭാഷ്യം. ഏറ്റുമുട്ടൽ ഒന്നര മണിക്കൂറോളം നീണ്ടു. വിവിധ കൊലക്കേസുകളിലെ പ്രതികളാണ് വെടിയേറ്റു മരിച്ചതെന്ന് പൊലീസ്. യു.പിയെ ക്രിമിനൽ വാഴ്ചയില്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണെന്ന് മുഖ്യമന്ത്രി. അലിഗഢ് ജില്ല മജിസ്ട്രേറ്റിനെ കാര്യങ്ങൾ ധരിപ്പിച്ചു വ്യക്തത വരുത്തി പൊലീസ്, ജില്ലാ ആസ്പത്രിയിൽ പോസ്റ്റുമോർട്ടവും നടത്തി, മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഈ കാലയളവിലെ മറ്റ് രണ്ടുസംഭവങ്ങൾ പക്ഷേ സർക്കാരിനെ പ്രതിരോധത്തിലാക്കി.
നൈറ്റ് പട്രോളിങിനിടെ പോലീസ് ഒരു യാത്രക്കാരനെ വെടിവെച്ചുകൊന്നതാണത്. ലഖ്‌നൗ എയർപോർട്ട് റോഡിൽ, പ്രമുഖ ഇലക്ട്രോണിക്സ് കമ്പനി മാനേജരാണ് വീണത്. പുതിയ ഫോൺ മോഡൽ പുറത്തിറക്കുന്ന ചടങ്ങിൽ പങ്കെടുത്ത് അർധരാത്രി സഹപ്രവർത്തകയ്ക്കൊപ്പം മടങ്ങുന്ന യുവാവിനെ പോലീസ് കൈ കാണിച്ചു. വണ്ടി സാവധാനമാക്കാൻ വൈകിയെന്ന് പൊലീസ്. വെടിയുണ്ട കഴുത്തിലൂടെ കേറിപ്പോയി. ഏറ്റുമുട്ടലാണ് ഉണ്ടായതെന്ന പോലീസ് വാദം പക്ഷേ, മുഖ്യമന്ത്രി തള്ളി. നിക്ഷേപസംഗമം നടത്തി വ്യവസായികളെ ആകർഷിപ്പിച്ചിരുന്ന സമയത്തായിരുന്നു ബഹുരാഷ്ട്ര ഭീമന്റെ ഔട്ട്‌ലൈറ്റിലെ മാനേജരുടെ കൊല. ദേശീയ മനുഷ്യാവകാശ കമീഷന് നോട്ടീസ് അയച്ചു. നടപടി എടുത്തതായി സർക്കാർ മറുപടി നൽകി.

മുൻ കൊള്ളക്കാർ, പരിസ്ഥിതി സമ്മേളനത്തിൽ അതിഥികൾ

നോയ്ഡയിൽ അതിനിടെ മറ്റൊരു സംഭവമുണ്ടായി. നാലംഗ പൊലീസ് സംഘം നടത്തിയ വെടിവെപ്പിൽ ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഹെൽത്ത് ക്ലബ് നടത്തുന്ന ജിതേന്ദ്ര യാദവിനെയാണ് വെടിവെച്ചത്. നട്ടെല്ലിനും കഴുത്തിനും വെടിയേറ്റ ജിതേന്ദ്രയുടെ നില അതീവ ഗുരുതരാവസ്ഥയിലായി. ഒപ്പമുണ്ടായിരുന്ന സുനിൽ യാദവിന് കാലിനും വെടിയേറ്റു. നോയ്ഡ 122 സെക്ടറിലായിരുന്നു സംഭവം. ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത ആളാണ് ജിതേന്ദ്രയെന്നും വ്യാജ ഏറ്റുമുട്ടലിന്റെ ഇരയാണെന്നും ആരോപിച്ച് കുടുംബം രംഗത്തുവന്നു, സി.ബി.ഐ അന്വേഷിക്കണമെന്നും.

ചിലർ പോലീസിന് കീഴടങ്ങി. അവർക്ക് വീടും കൃഷിയിടവും ലഭിച്ചു. ചിലർ സ്വയം എരിഞ്ഞടങ്ങി. ഇപ്പോൾ ആ വഴികൾ ശാന്തമാണ്. മരംമുറിയ്ക്കുന്നതിനെതിരെയാണ് അവരിൽ പലരും ഇപ്പോൾ പ്രവർത്തിക്കുന്നത്

വ്യക്തിവിരോധമാണ് വെടിവെപ്പിന് കാരണമെന്നും ഏറ്റുമുട്ടലാക്കി മാറ്റിയതാണെന്നും ഒടുവിൽ ഗൗതം ബുദ്ധ് നഗർ ജില്ല പൊലീസ് മേധാവി സമ്മതിച്ചു, പൊലീസുകാർക്കെതിരെ നടപടിക്ക് ശുപാർശയുണ്ടായി. സ്ഥാനക്കയറ്റവും മെഡലും ലഭിക്കാൻ ഏറ്റുമുട്ടലിലെ മികച്ച റിപ്പോർട്ടുകൾ എളുപ്പമായതുകൊണ്ടാണ് അത് ചെയ്തതെന്നാണ് ജിതേന്ദ്രയുടെ അഭിഭാഷകർ ആരോപിച്ചത്. പല ഏറ്റുമുട്ടൽ കേസിലും ഈ ആരോപണം വന്നിട്ടുണ്ട്. മെഡലും പ്രമോഷനും കിട്ടാൻ കാരണം തേടുന്നുവെന്ന് വിമർശനം. നോയ്ഡയിൽ സുനിൽ ഗജ്ജാര് എന്നയാൾ കൂടി ആ സമയത്ത് വെടിയേറ്റു മരിച്ചു. ഇങ്ങനെ പല സംഭവങ്ങൾ.
ഇതിനൊരു മറുവഴിയുണ്ട്, സർക്കാരിന്റെ ഇടപെടൽ കൊണ്ട് ഇല്ലാതായ ഒരു മേഖലയുടെ ചരിത്രം കൂടിയാണത്. മുലായത്തിന്റെ ഇറ്റാവയിൽ നിന്ന് ഗ്വാളിയോറിലേക്ക് നീളുന്ന വഴിയിലെ ഇടങ്ങളാണത്. ജമുനയും ചമ്പലും കൂടിച്ചേരുന്ന ഭാരേയിൽ നിന്ന് സുമേർസിങ് കില റോഡിലൂടെ കുറച്ചുദൂരം മുന്നോട്ടുപോയാൽ ചമ്പലിന്റെ വിശാലമായ കാഴ്ച്ചയായി. ബദാവര്, ചക്കറ് നഗര്, അങ്ങനെ പലയിടങ്ങളിലൂടെ പോയാൽ വെടിയൊച്ചകളുടെ പഴയ ദേശമാണെന്ന് കാണാം. കൂറ്റൻ മൺത്തിട്ടുകളും അഗാധമായ താഴ്ച്ചകളും കുറ്റിക്കാടുകളും ചേർന്ന ചമ്പലിന്റെ ശരീരം. വരണ്ടുണങ്ങി പൊടി നിറഞ്ഞതാണ് മിക്കവാറും അവിടം.

ചമ്പൽ പ്രദേശം

ഒരുകാലത്ത് ക്ഷത്രിയവീര്യം പറഞ്ഞും ജാതിയും വെറിയും മൂത്തും അധികാരത്തിനായും കൊള്ളസംഘങ്ങൾ അഴിഞ്ഞാടി ഭരിച്ചയിടം. വെട്ടിപ്പിടിച്ചും വെടിവെച്ചിട്ടും കൊന്നും കണക്ക് തീർക്കുന്നതിനിടെ ഏറ്റുമുട്ടലുകളിലൂടെ അമർച്ച ചെയ്തത് പൊലീസിലൂടെ സർക്കാരാണ്. പക്ഷേ അക്കാലത്ത് കീഴടങ്ങുന്നതിനുള്ള വ്യവസ്ഥ വെച്ചും അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായും കോടതി വ്യവഹാരങ്ങളിലൂടേയും ആണ് പാക്കേജ് കൊണ്ടുവന്നത്. യോജിക്കാതെ നിന്നവരോട് പൊരുതാൻ പോലീസ് ഏറ്റുമുട്ടലുകളും നടത്തി. പാക്കേജിൽ ആകൃഷ്ടരായി നിരവധി പേർ സര്ക്കാരിന് കീഴടങ്ങി. മാൻസിങും ഗംഭീറും ഗബ്ബാർസിങും പാൻസിങ് തൊമാറും മൽഖാനും ഫൂലൻദേവിയും രേണു യാദവും സീമ പരിഹാറും നിർഭയ് ഗുജ്ജാറും വരെയുള്ളവരുടെ നിരയിൽ പലരും തോക്കിനിരയായി ചത്തുമലച്ചു, ചിലർ പോലീസിന് കീഴടങ്ങി. പാക്കേജ് സ്വീകരിച്ചവർ ചെറിയ ജയിൽവാസത്തിലൂടെ പുറത്തുവന്നു. അവർക്ക് വീടും കൃഷിയിടവും ലഭിച്ചു. ചിലർ സ്വയം എരിഞ്ഞടങ്ങി. ഇപ്പോൾ ആ വഴികൾ ശാന്തമാണ്. മരംമുറിയ്ക്കുന്നതിനെതിരെയാണ് അവരിൽ പലരും ഇപ്പോൾ പ്രവർത്തിക്കുന്നത്. കൊള്ളസംഘങ്ങളിലുണ്ടായിരുന്ന 20 ഓളം പേർ മൂന്നുവർഷം മുമ്പ് രാജസ്ഥാനിൽ നടന്ന പരിസ്ഥിതി സമ്മേളനത്തിൽ അതിഥികളായി പങ്കെടുത്തത് വലിയ വാർത്താപ്രാധാന്യം നേടി. കുതിരപ്പുറത്തോ പഴയ ജീപ്പിലോ വന്ന് കൊള്ള നടത്തിയിരുന്ന ഗബ്ബാർസിങുമാരിൽ നിന്ന് റേഞ്ച് റോവറിലേക്ക് കൂടുമാറുന്ന ഡോണുമാരായി ജ്ഞാനസ്‌നാനം ചെയ്യപ്പെടുന്നവന്റെ കഥയാണ് ഇപ്പോഴത്തേത്. ആധുനികവത്ക്കരിക്കപ്പെട്ട ക്രിമിനൽ ഗ്യാങുകൾക്ക് വലിയ രാഷ്ട്രീയ പിന്തുണയും വന്നുചേർന്നു. അങ്ങനെ എത്രയോ സംഭവ കഥകളും ചോര പുരണ്ട അനുബന്ധങ്ങളും യു.പിയുടെ മുക്കിലും മൂലയിലും കണ്ടെടുക്കാനാകും.

പല പാർട്ടികളിലൂടെ പല വേഷത്തിൽ

രാജഭയ്യ എന്നറിയപ്പെടുന്ന അധോലോകനേതാവും എം.എൽ.എയുമായ രഘുരാജ് പ്രതാപ് സിങ് നിയമസഭാംഗമാണ്. ബി.ജെ.പിയുടെ പിന്തുണയിൽ സ്വതന്ത്രൻ. നേരത്തെ എസ്.പി.യുടെ പിന്തുണയുണ്ടായിരുന്ന മന്ത്രി.

മായാവതിയെ പിന്തുണച്ചിരുന്ന മാവു ജില്ലയിലെ രണ്ട് എം.എൽ.എമാർ (മുക്താർ അൻസാരിയും സഹോദരനും) ജയിലിൽ കിടന്നാണ് പൊതുവേ മത്സരിക്കാറ്. അതാണ് ശീലം

അമേഠിക്കടുത്ത പ്രതാപ്ഗഢാണ് മേഖല. പോട്ട നിയമപ്രകാരം പണ്ട് അറസ്റ്റ് ചെയ്യപ്പെട്ട കക്ഷിയാണ് രഘുരാജ് സിങ്. മായാവതിയെ പിന്തുണച്ചിരുന്ന മാവു ജില്ലയിലെ രണ്ട് എം.എൽ.എമാർ (മുക്താർ അൻസാരിയും സഹോദരനും) ജയിലിൽ കിടന്നാണ് പൊതുവേ മത്സരിക്കാറ്. അതാണ് ശീലം. മുക്താറിന്റെ ഗ്യാങിൽ നിന്നാണ് മുന്ന ബജ്‌റംഗി തുടങ്ങിയത്. വികാസ് ദുബെ പഴയ ബി.എസ്.പിക്കാരനാണ്. മുലായത്തിന്റെ വിശ്വസ്തനും അഖിലേഷ് മന്ത്രിസഭയിൽ അംഗവുമായിരുന്ന ഗായത്രി പ്രജാപതി ഇത്തരം ബന്ധങ്ങളുടെ പേരിൽ അറിയപ്പെട്ടയാളാണ്. ഒടുവിൽ പ്രജാപതി അഖിലേഷുമായി പിണങ്ങി. അഴിമതിയ്ക്കും ലൈംഗിക പീഢനത്തിനുമായി അഖിലേഷിന്റെ കാലത്ത് തന്നെ അറസ്റ്റ്. ബി.ജെ.പിയുടെ ഉന്നാവ് എം.എൽ.എയായ സെംഗാറും ഒരു ഏകാധിപതിയെ പോലെ പെരുമാറി. തനിക്കെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരെ ഓരോന്നായി ഇല്ലാതാക്കാനാണ് ശ്രമിച്ചത്. ഇതൊരു മനോനിലയാണ്. രാഷ്ട്രീയബന്ധവും നേതാവിനോടുള്ള പക്ഷവും പുറത്തുവരാതിരിക്കാനും ഏറ്റുമുട്ടൽ കൊലകൾ സഹായിക്കുന്നുമുണ്ട്. മുന്നയുടെ കൊല തിരക്കഥയനുസരിച്ചാണെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു. ജയിലിൽ കിടന്ന് മത്സരിച്ച് ഓരോ ടേമും ജയിക്കുന്നവരുടെ നാടാണത്. എസ്.പിയിലും ബിഎസ്.പിയിലും ബി.ജെ.പിയിലും മാത്രമല്ല ഇത്തരക്കാരുള്ളത്. അജയ് റായ് എന്ന കോൺഗ്രസ് പ്രമുഖൻ, രാഷ്ട്രീയമായി അറിയപ്പെടുന്നതിനേക്കാൾ കുപ്രസിദ്ധനും, അധോലോകത്തിന് വേണ്ടപ്പെട്ടവനുമാണ്. വാരാണസിയിലെ വിളിപ്പേര് ബാഹുബലി. ബി.ജെ.പിയുടെ യൂത്ത് വിങിലൂടെ രാഷ്ട്രീയത്തിലെത്തി, പിന്നീട് തെറ്റിപ്പിരിഞ്ഞ് എസ്​.പിയിലേക്ക്, അവിടന്ന് കോൺഗ്രസിലേക്ക്. ഇതിനിടെ വിവിധ പദവികളിലൂടെ അധികാരവും. മുന്ന ബജ്‌റംഗി എസ്.പിക്കാരനായി തുടങ്ങി, പിന്നീട് ഗ്യാങ് മൊത്തം ബി.എസ്.പിയിലേക്ക് വന്നു. ഇങ്ങനെ ഓരോരുത്തരും പല പാർട്ടികളിലൂടെ അധികാര രൂപങ്ങളായി പല വേഷത്തിൽ നിറഞ്ഞുനിന്നു, തങ്ങളുടെ മേഖലയിലെ രാജാക്കന്മാരായി വിലസി.

തിരക്കഥയനുസരിച്ച്​ ഏറ്റുമുട്ടൽ
സംസ്ഥാനത്ത് നടക്കുന്നത് ജംഗിൾ രാജാണ് എന്ന മായാവതിയുടെ വിമർശനത്തിന് മറുപടിയായി 2019 ഡിസംബറിൽ, സ്റ്റേറ്റ് പൊലീസ് മറുപടി ട്വീറ്റ് ചെയ്തു. അതിൽ തന്നെ പറയുന്നുണ്ട്, 2019 ഡിസംബർ വരെയുള്ള ഏറ്റുമുട്ടലിന്റെ കണക്ക്. 5178 പോലീസ് ഏറ്റുമുട്ടലുകൾ നടന്നുവെന്ന് പൊലീസ്. 2020 ജനുവരിയ്ക്ക് തൊട്ടുമുമ്പുവരെ 103 ക്രിമിനലുകൾ വെടിയേറ്റ് മരിച്ചുവെന്നും 1859 പേർക്ക് (പൊലീസുകാർ ഉൾപ്പെടെ) പരിക്കും, 17745 ക്രിമിനൽ പശ്ചാത്തലമുള്ളവർ കീഴടങ്ങുകയോ ജാമ്യം റദ്ദാക്കപ്പെട്ട് ജയിലിലേക്ക് പോകുകയോ ചെയ്തുവെന്നാണ് യു.പി. പൊലീസിന്റെ മറുപടി.

ഓരോരുത്തരും പല പാർട്ടികളിലൂടെ അധികാര രൂപങ്ങളായി പല വേഷത്തിൽ നിറഞ്ഞുനിന്നു, തങ്ങളുടെ മേഖലയിലെ രാജാക്കന്മാരായി വിലസി

പക്ഷേ വിചാരണ കൂടാതെ നൂറുപേരെ വെടിവെച്ചു കൊല്ലാൻ ഒരു സർക്കാരിന് അധികാരമുണ്ടോ എന്നതാണ് വിഷയം. അതിനുള്ള മറുപടി PUCL Vs State of Maharashtra (2014/ - 10 - SCC 635) കേസിലുൾപ്പെടെ വ്യക്തമായി പറയുന്നുണ്ട്, ഏറ്റുമുട്ടൽ കൊലകളുടെ ന്യായങ്ങളെ ഉൾക്കൊള്ളാനാകില്ലെന്ന് സുപ്രീംകോടതി. ഏറ്റുമുട്ടൽ കൊലകളുടെ ന്യായം ക്രിമിനൽ ന്യായമാണെന്ന പ്രസക്തമായ നിരീക്ഷണമാണ് അന്ന് കോടതി നടത്തിയത്. ഇത് ആശാസ്യമല്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. പക്ഷേ, കയ്യടി കിട്ടാവുന്ന വേഷം അണിയുകളാണ് പലപ്പോഴും പൊലീസ് ചെയ്യുന്നത്. അതിനുപിന്നിൽ പ്രേരണയോ, നിർദേശമോ ദുരുദ്ദേശ്യമോ കാണാം എന്ന് വ്യക്തം.

ചമ്പലിലെ ഒരു ഗ്രാമത്തിൽ ആയുധങ്ങളേന്തി നിൽക്കുന്ന യുവാക്കൾ / © Yann Forget / Wikimedia Commons

‘സിറ്റിസൺ എഗൈൻസ്റ്റ് ഹേറ്റി'ന്റെ പഠന റിപ്പോർട്ടനുസരിച്ച്, യു.പി. ഹരിയാന മേഖലയിൽ നടന്ന ഏറ്റുമുട്ടൽ കൊലകളിൽ കൂടുതലും കൊല്ലപ്പെട്ടത് ഒരു പ്രത്യേക മതവിഭാഗത്തിലുള്ള യുവാക്കളാണ് എന്ന് പ്രത്യേകം എടുത്തുപറയുന്നുണ്ട്. മിക്കവരുടെ പേരിലും ദേശസുരക്ഷാ കുറ്റവുമുണ്ട്. മറ്റൊന്ന്​, അവർ കൂടുതൽ അധിവസിക്കുന്ന പടിഞ്ഞാറൻ യു.പിയിലാണ് മിക്ക സംഭവങ്ങളും മീററ്റ്, ഗാസിയാബാദ്, ഷാംലി, ആഗ്ര, ബറേലി, കാൻപുർ, വാരാണസി, അലഹബാദ്, ഗൊരക്പുർ, മാവു എന്നിങ്ങനെയാണ് ഏറ്റുമുട്ടലുകൾ കൂടുതൽ നടക്കുന്നയിടങ്ങളുടെ മാപ്പ്. 2017 മുതൽ നടത്തിയ പഠനത്തിലേതാണ് ഈ കണ്ടെത്തൽ. ഓട്ടോപ്‌സി റിപ്പോർട്ടുകളിലെ സമാനതയും പഠനത്തിൽ എടുത്തുപറയുന്നു. അതായത്, തിരക്കഥയനുസരിച്ചുള്ള ഏറ്റുമുട്ടലുകളാണ് പലതും. മിക്ക ഷൂട്ടിങുകളും തൊട്ടടുത്ത് നിന്നായിരുന്നു. അതായത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ അകലത്തിലല്ല വെടിവെപ്പ്. ഈ റിപ്പോർട്ട് ഇപ്പോഴും പ്രസക്തം. വികാസ് ദുബെ കേസിലും ഏറ്റുമുട്ടലും രക്ഷപ്പെടലുമൊക്കെ കഥയാണോ എന്ന് ഒരുറപ്പുമില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. വെടിവെപ്പുകളും ഏറ്റുമുട്ടലുകളും അതിനെക്കുറിച്ചുള്ള വ്യാജ വിവര നിർമിതികളും പുതിയ കാര്യമല്ല. അങ്ങനെയുള്ള യു.പിയിൽ എട്ട് പൊലീസുകാരെ വകവരുത്തിയ ഒരുത്തനെ പൊലീസ് നേരിട്ടത് അത്ഭുതമില്ല. അതിനെ ജനം അപലപിക്കുമെന്നും നമ്മൾ കരുതേണ്ടതില്ല. കയ്യടിക്കുന്ന തിരക്കിലാണ് അവിടെ ജനം. കാലക്രമേണ ഗുണ്ടകൾ തീരും, ചിലർ ഡോണുമാരാകും. ചിലപ്പോൾ ഇതുപോലെ അധോലോക നായകരും വെടിയേറ്റുവീഴും. അത് ഏറ്റുമുട്ടലോ വ്യാജ ഏറ്റുമുട്ടലോ ആകാം. അവരെ വളർത്തിയവരോ അവർക്ക് പുറകിലെ രാഷ്ട്രീയബലമോ പുറത്തുവരില്ല. പുറത്തുവരാതിരിക്കാൻ കൂടി അനിവാര്യമാണ് ഏറ്റുമുട്ടലുകൾ, കൊലകളും. കൊല്ലപ്പെടുന്നവൻ അത്ര നല്ലവനൊന്നുമല്ലാത്തത് കൊണ്ടുതന്നെ ജനം തട്ടുപൊളിപ്പനായി കയ്യടിച്ചോളും, ജാത്യാഭിമാന പോസ്റ്റുകളിടും, തീരുമാനങ്ങളോട് അനുകൂലമായി വോട്ട് ചെയ്യും. ഗുണ്ടകളെ വെടിവെച്ചു കൊന്നതാണല്ലോ. വെടിയൊച്ചയും പുകയും കയ്യടിയുമൊക്കെ ഇനിയുമുയരും. പക്ഷേ, നിയമവാഴ്ച്ച എവിടെ എന്നൊരു ചോദ്യം മാത്രം അവശേഷിക്കും. പൊലീസുതന്നെ എല്ലാം തീരുമാനിച്ച് നടപ്പാക്കിയാൽ പിന്നെ നീതിയും ന്യായവും വിചാരണയ്ക്കും റോൾ എവിടെയാണ് എന്ന ചോദ്യത്തിന് ഉത്തരമില്ലാതാകുന്നു. ഓരോ കുടിപ്പകയുടെ കഥയും സിനിമാറ്റിക് ആണ് യു.പിയിൽ. ഗ്യാങ്‌സ് ഓഫ് വസേപുരും മിർസാപുരും പോലുള്ള സിനിമകൾ യു.പി ഗല്ലികളിലെ ചില റിയലിസ്റ്റിക് എപ്പിസോഡുകൾ മാത്രം.


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments