ഭൂരിപക്ഷവികാരം എന്നോ പ്രതിഷ്​ഠ നടത്തിക്കഴിഞ്ഞ അയോധ്യ...

എൺപതുകൾ മുതൽ കനലിട്ട് തൊണ്ണൂറുകൾ മുതൽ ആളിക്കത്തിച്ച കഠിനയത്‌നങ്ങളും നിയമയുദ്ധവും ഒടുവിൽ തീർപ്പായിരിക്കുന്നു. എന്നേ ആരംഭിച്ചുകഴിഞ്ഞ ക്ഷേത്രംപണിക്ക് ഇനി ഔദ്യോഗിക തുടക്കം. ഭൂരിപക്ഷവികാരമെന്ന കയ്യടക്കലിന് അയോധ്യ എന്നോ വിധേയമായിക്കഴിഞ്ഞിരിക്കുന്നു. ആഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് ഭൂമി പൂജ നടക്കാനിരിക്കേ, ഒരു അയോധ്യയാത്ര ഓർത്തെടുക്കുകയാണ് മാധ്യമപ്രവർത്തകനായ ലേഖകൻ

വസാനവട്ടം അയോധ്യയിൽ പോയത് ഒരു മിത്രത്തിന്റെ കാറോടിക്കാനാണ്. അദ്ദേഹത്തിന് ഒരത്യാവശ്യം. വണ്ടി ഓടിക്കാനാളില്ല. ഡ്രൈവറുടെ റോളിൽ പോകേണ്ടിവന്നു. ലഖ്‌നൗവിൽനിന്ന് ഒരു ഞായറാഴ്​ച പുലർച്ചെ, രാത്രിയോടെ മടക്കം. അതിനുമുമ്പുള്ള യാത്രകളെല്ലാം തെരഞ്ഞെടുപ്പോ റിപ്പോർട്ടിങോ ആയി ബന്ധപ്പെട്ടുമാത്രം. യാത്ര ഇഷ്ടമാണെങ്കിലും സത്യത്തിൽ, വ്യക്തിപരമായി പോകാനാഗ്രഹമുള്ള സ്ഥലമല്ല അയോധ്യ. അസൈൻമെന്റ് സ്വയം തെരഞ്ഞെടുക്കാനുള്ള ചോയ്‌സ് കുറവാകും റിപ്പോർട്ടിങിന്. സിംഗിൾമാൻ സ്റ്റേറ്റ് ബ്യൂറോയിലാണ് ജോലി എന്നതുകൊണ്ട് പിന്നെ വേറെ ചോയ്‌സുമില്ല. അങ്ങനെ പലവട്ടം പോകേണ്ടിവന്നു. തർക്കഭൂമി മൂന്നായി പകുത്തു കൈവശം വെക്കാനുള്ള അലഹബാദ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ വിധിക്കുശേഷമാണ് അയോധ്യയിൽ ആദ്യം പോകുന്നത്.

അടക്കിപ്പിടിച്ച ഭീതിയുടെ കിതപ്പ്
കാഴ്ച്ചയിലോ അനുഭവത്തിലോ വാരണാസി അല്ല അയോധ്യ. മറ്റൊരുതരം രൂപഭാവമുള്ള ഇടമാണതെന്ന് തോന്നാറുണ്ട്. അയോധ്യയിലെ ഗല്ലികൾക്കെപ്പോഴും എന്തോ അടക്കിപ്പിടിച്ച ഭീതിയുടെ കിതപ്പുണ്ട്. തർക്കമന്ദിരത്തിലേക്ക് എത്തിപ്പെട്ടാലുള്ള ലോകം ചിന്തയേയോ കാഴ്ചയേയോ അത്ര ആയാസരഹിതമാക്കാറില്ല. അതിനൊരു പ്രത്യക്ഷകാരണം കൂടിയുണ്ട്. മന്ദിരത്തിന്റെ മുന്നിലേക്കുള്ള വഴിയിൽ പന്തലുകളിട്ട ചെറിയ കടകളാണ്. മിക്ക കടയിലും ചില വീഡിയോകൾ പ്ലേ ചെയ്തിരിക്കും, അതിന്റെ ശബ്ദം കൂട്ടിവെച്ചിരിക്കും. ആ കടകളിലെ പഴയ ടി.വികളിൽ ബാബറി മസ്ജിദ് തകർക്കുന്നതിന്റെ വീഡിയോ എല്ലായിപ്പോഴും പ്ലേ ചെയ്തുകൊണ്ടിരിക്കും. ഇത് മിക്ക കടകളിലുമുണ്ട്, പതിവുകാഴ്ച. വീഡിയോ ദൃശ്യങ്ങളടങ്ങിയ സിഡി പൂജാദ്രവ്യങ്ങൾ വിൽക്കുന്ന കടയിൽ ഒരു വിൽപന വസ്തുവാണ്. തർക്കമന്ദിരത്തിന്റെ പരിസരലോകം അസ്വസ്ഥത ജനിപ്പിക്കും, ആ കാഴ്ച ഒന്നുകൊണ്ടുമാത്രം..

മന്ദിറുകളുടെയും കാവിക്കൊടികളുടേയും മിനാരങ്ങളുടേയും ഖബറുകളുടേയും ലോകമാണ് അയോധ്യ. കാവിക്കൊടികൾ, ശംഖ് ഊതുന്ന ശബ്ദങ്ങൾ, മണി കിലുക്കങ്ങൾ, ആളുകളുടെ തിരക്ക്, പ്രാർത്ഥനയൊച്ചകൾ, പരിസരത്തെങ്ങും കുരങ്ങുകളും ധാരാളം നായ്ക്കളും, അവർക്കിടയിലെ കാവിവേഷം ധരിച്ച വൃദ്ധരായ പലരുടേയും നടപ്പും കിടപ്പും ഭിക്ഷാടനവും, ധാരാളം കടകൾ ഇരുവശത്തും. പൊലീസ് യൂണിഫോം ധാരികളായ ധാരാളംപേർ.

മിക്ക കടയിലും ചില വീഡിയോകൾ പ്ലേ ചെയ്തിരിക്കും, അതിന്റെ ശബ്ദം കൂട്ടിവെച്ചിരിക്കും. ആ കടകളിലെ പഴയ ടി.വികളിൽ ബാബറി മസ്ജിദ് തകർക്കുന്നതിന്റെ വീഡിയോ എല്ലായിപ്പോഴും പ്ലേ ചെയ്തുകൊണ്ടിരിക്കും

അയോധ്യയിലെ തർക്കമന്ദിരലോകമിതാണ്. വിശ്വാസികളുടേയും കാവി ധരിച്ച് ജീവിതം ആ പരിസരങ്ങൾക്ക് സമർപ്പിച്ചുകഴിയുന്ന വയോധികരുടേയും ഒപ്പം കുരങ്ങുകളുടെയും വിഹാരകേന്ദ്രമാണവിടം. പഴമോ മറ്റ് എന്തെങ്കിലും ഭക്ഷണവസ്തുവോ കൈയിലോ കവറിലോ പൊതിയായോ കണ്ടാലതുമാത്രം മതി, ദേഹത്തേക്ക് കുരങ്ങ് ചാടും, ആക്രമണം ഉറപ്പ്. പലവട്ടം അത്തരം ദൃശ്യത്തിന് സാക്ഷിയായി. അന്ന് പോയപ്പോഴും ഒരു കാവിയുടുത്ത വൃദ്ധന്റെ കയ്യിലെ പഴങ്ങൾ കിട്ടാനായി കുരങ്ങുകളുടെ ബഹളം. അദ്ദേഹമൊരു വടിയെടുത്തു. പതിവുകാർക്ക് അതൊരു ശീലമാണ്. കുരങ്ങിന്റെ ആക്രമണം സന്ദർശകർക്ക് പ്രശ്‌നമാകുന്നുവെന്നത് ഇടയ്ക്ക് വാർത്ത വരും. കുരങ്ങുകളുടെ ആക്രമണം കൂടിയപ്പോൾ ലഖ്‌നൗവിൽ മാധ്യമങ്ങൾ മുഖ്യമന്ത്രിയോട് പ്രതികരണം ആരാഞ്ഞു. യോഗി ചിരിച്ചുകൊണ്ട് പറഞ്ഞു ‘‘ഹനുമാന് ചാലിസ (സ്തുതിക്കുന്ന മന്ത്രം) ചൊല്ലൂ, കുരങ്ങ് ഒന്നും ചെയ്യില്ല''.

മുന്നൊരുക്കത്തിന്റെ ആരവങ്ങൾ
തർക്കമന്ദിരത്തിൽ പ്രവേശിക്കുന്നതിന് വലിയ സുരക്ഷാപരിശോധന കഴിയണം. വാച്ചോ മൊബൈലോ ഉൾപ്പെടെ യാതൊന്നും അകത്തേക്ക് കടത്തില്ല. അത് പുറത്തുവെച്ച് ടോക്കണെടുക്കാം. പ്രവേശിക്കാൻ സമയക്രമമുണ്ട്. രാമവിഗ്രഹം ദർശിക്കാനും നടന്നുകാണാനും ഒരു ഗ്രില്ലിന്റെ ഉള്ളിലൂടെ മാത്രം പ്രവേശനം. നല്ല ദൂരമുള്ള വഴി. ക്യൂ പാലിച്ച് പോകുക. തലക്കുമുകളിലെ ഗ്രില്ലിലൂടെ കുരങ്ങുകൾ കലപില കൂട്ടി ഓടിക്കൊണ്ടിരിക്കും. പലയിടത്തായുള്ള സ്‌കാനറുകളിലറൂടെ തുടർച്ചയായ സുരക്ഷാപരിശോധന. ഒടുവിൽ ഒരു ടാർപോളിൻ ഷീറ്റ് കൊണ്ട് മറച്ച പന്തലിനോടുചേർന്ന് പുഷ്പപും ദ്രവ്യങ്ങളും കൊണ്ട് അലങ്കരിച്ചത് കാണാം. അവിടെ രാമവിഗ്രഹം വെച്ചിരിക്കുന്നു. ഒരു കാഴ്ച്ചക്കപ്പുറം അവിടെ നിൽക്കാനനുവാദമില്ല. മറ്റൊരു വഴിയിലൂടെ തിരിച്ച് മടക്കം.

ആത്മീയതയും മതവികാരവും വലിയ സാന്നിധ്യം സൃഷ്ടിക്കുന്ന അയോധ്യയും ഫൈസാബാദും ഒരുകാലത്ത് കമ്യൂണിസ്റ്റ് പാർട്ടികൾക്ക് നല്ല വേരോട്ടമുള്ള മണ്ണ് കൂടിയായിരുന്നു

തർക്കമന്ദിരമായതിനാൽ നിർമാണപ്രവർത്തനം പാടില്ല. പരിസരം മുഴുവനും അത്തരത്തിൽ കേടുപാടുകളുമായി തന്നെ കിടക്കുകയാണ്. പുറത്ത് കടകൾ കഴിഞ്ഞാൽ കാടുപിടിച്ച പോലെ ഒരു വഴി. അതുകഴിഞ്ഞ് താഴേയ്ക്ക് എത്തിയാൽ റോഡ്. ഇവിടങ്ങളിലെല്ലാം ഒരു കോടതി വ്യവഹാരത്തിന്റെ അനിശ്ചിതരൂപം സ്ഥലത്തിനുമുണ്ട്.
ഗല്ലികളിലൂടെ വലതുഭാഗത്തെ റോഡിലൂടെ പോയാൽ കർസേവാപുരം. രാമക്ഷേത്രത്തിനായി സജ്ജമായിരിക്കുന്ന യൗവ്വനങ്ങളെ കാണാം. രാമക്ഷേത്രത്തിനായി തയ്യാറാക്കുന്ന മാതൃക വെച്ച താൽക്കാലിക ക്ഷേത്രപരിസരം പോലൊരു ഇടമുണ്ട്. അവിടേക്ക് ധാരാളം ഭക്തരെത്തുന്നു.

അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനത്തിന്റെ മുന്നൊരുക്കം
അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനത്തിന്റെ മുന്നൊരുക്കം

വി.എച്ച്.പി ശക്തികേന്ദ്രം. മസ്ജിദ് തകർത്ത കർസേവകർ പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രതീകാത്മകമായി എത്തിച്ച ഇഷ്ടികകൾ അടക്കിവെച്ചിട്ടുണ്ട്, പല ദേശങ്ങളിൽ നിന്നും. മലയാളത്തിലും അക്ഷരങ്ങളെഴുതിയ ഇഷ്ടികകളുണ്ട്. രാജസ്ഥാനിൽനിന്നുള്ള കൂറ്റൻ കല്ലുകളെത്തി കിടപ്പുണ്ട്, അത് കുറെ കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. അതിന്റെ കൊത്തുപണികൾ പുരോഗമിക്കുന്നു. അവിടെനിന്ന് ചില ചിത്രങ്ങളെടുത്തു. ട്രക്കുകളുടെ ലോഡ് വരവ് അഖിലേഷ് യാദവിന്റെ കാലത്ത് കുറച്ചുകാലം നിർത്തിവെച്ചിരുന്നു. യോഗിക്കുശേഷം പുനരാരംഭിച്ചതായി വി.എച്ച്.പി. വ്യക്തമാക്കി, ആത്മവിശ്വാസത്തോടെ. കർസേവാപുരത്തെ ആരവങ്ങൾ ഒരു മുന്നൊരുക്കത്തിന്റേതാണ്. ഏത് കാലത്തുപോയാലും നിങ്ങൾക്ക് കാണാം.

കമ്യൂണിസ്റ്റ് മണ്ണായിരുന്നു, ഒരിക്കൽ
ഛിന്നഭിന്നമാക്കപ്പെട്ട മതേതരത്വത്തിന്റെ രൂപകമാണ് അയോധ്യ. പക്ഷേ വലിയ ചിന്താധാരകളും ചരിത്രവും ഉറങ്ങുന്ന ഇടവും. ചരിത്രപരമായ കുഴമറിച്ചിലുകളിലൂടെ കടന്നുപോയതിന്റെ അനുഭവം പല തലമുറകളിലൂടെ അനുഭവിക്കുന്ന ദേശം. ബുദ്ധസംസ്‌കാരത്തിന്റെ ഇടമായി ഹുയാൻസാങ് എഴുതിയ ദേശം. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലെ ഒരേടായ കക്കോരി ഗൂഢാലോചനാകേസിൽ തൂക്കിലേറ്റപ്പെട്ട സ്വാതന്ത്ര്യസമരസേനാനി അഷ്ഫറുള്ളഖാന്റെ സ്മാരകസ്തൂപം ഫൈസാബാദിലെ ജയിലിലുണ്ട്. ആത്മീയതയും മതവികാരവും വലിയ സാന്നിധ്യം സൃഷ്ടിക്കുന്ന അയോധ്യയും ഫൈസാബാദും ഒരുകാലത്ത് കമ്യൂണിസ്റ്റ് പാർട്ടികൾക്ക് നല്ല വേരോട്ടമുള്ള മണ്ണ് കൂടിയായിരുന്നു. മിത്രാസെൻ യാദവ് ലോക് സഭയിലേക്ക് ജയിച്ച മണ്ഡലമാണ് ഫൈസാബാദ്. മൂന്നു തവണ കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി മിൽക്കിപൂരിൽ നിന്ന് യു.പി. വിധാൻസഭയിലെത്തിയ ഈ കമ്യൂണിസ്റ്റ് നേതാവ് പിന്നീട് എസ്.പിയേയും ബി.എസ്.പിയേയും പ്രതിനിധീകരിച്ച് രണ്ടുതവണ പാർലമെന്റിലെത്തി എന്നൊരു രാഷ്ട്രീയകൗതുകവുമുണ്ട്. ഒരു വട്ടം പോയപ്പോൾ ചില കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളേയും അവരുടെ പാർട്ടി ഓഫീസും തപ്പിയിറങ്ങി.

ബി.എസ്.പി ഓഫീസിൽ കയറിയപ്പോൾ നാരായണഗുരുവിനെ കണ്ടു. മായാവതിയുടെ പടമുള്ള നീല പോസ്റ്ററിൽ ചെറിയ വലുപ്പത്തിൽ ഗുരുവിന്റെ ചിത്രമുള്ള പോസ്റ്ററുള്ള പാർട്ടി ഓഫീസ്. അംബേദ്കറിനും കാൻഷിറാമിനും മായാവതിയ്ക്കുമൊപ്പം ഗുരു

പാർട്ടി വിഘടിച്ചുനിന്നതിനെക്കുറിച്ച് അവർ പറഞ്ഞു. ചില വി.എച്ച്.പി. നേതാക്കളെയും കണ്ടു. കുരങ്ങുവരാതിരിക്കാനായി അകംപുറം ഗ്രില്ലിട്ട മുറിയിലിരുന്ന് വി.എച്ച്.പിയുടെ പ്രമുഖ നേതാവ് കോടതി വ്യവഹാരത്തെയും മുന്നൊരുക്കങ്ങളേയുംകുറിച്ച് പറഞ്ഞു. ചായയും മധുരവും തന്നു. അയോധ്യയിൽനിന്ന് 28 കി.മീ.ദൂരമേയുള്ളൂ, ബാബുവാപുരയിലേക്ക്. വാത്മീകിയുടെ പേരിലൊരു ആശ്രമവും സീതാദേവിയുടെ ക്ഷേത്രവുമുണ്ട്. സീത ഉടലോടെ സ്വർഗത്തിൽ പോയത് ഇവിടെയെന്ന് എഴുതിവെച്ച ക്ഷേത്രം. ഓരോ യാത്രികർക്കുമുള്ളത് പല തരത്തിൽ അയോധ്യയിലും പരിസരത്തുമുണ്ട്.

ബി.എസ്.പി ഓഫീസിലെ നാരായണഗുരു
റിപ്പോർട്ടിങ് നടത്തങ്ങൾക്കിടെ ബി.എസ്.പി ഓഫീസിൽ കയറിയപ്പോൾ നാരായണഗുരുവിനെ കണ്ടു. മായാവതിയുടെ പടമുള്ള നീല പോസ്റ്ററിൽ ചെറിയ വലുപ്പത്തിൽ ഗുരുവിന്റെ ചിത്രമുള്ള പോസ്റ്ററുള്ള പാർട്ടി ഓഫീസ്. അംബേദ്കറിനും കാൻഷിറാമിനും മായാവതിയ്ക്കുമൊപ്പം ഗുരു. തിരക്കുപിടിച്ച വളവിൽ, ചെറിയ പച്ച പെയിന്റടിച്ച മുറി. അതാണ് ബി.എസ്.പി ഓഫീസ്. കൃത്യം സ്ഥലം പറഞ്ഞാൽ ഗുലാബ് ഫാരിയിലെ ഗല്ലി. നവാബ് ഷുജാ ഉദ് ദൗളയുടെ മക്ബറയുടെ മതിലാണ് അപ്പുറം. അയോധ്യയുടെ തലപ്പുകളുടെ രൂപം കൊടിയും മണികളും കെട്ടിയ ശിഖരങ്ങളുമാണ്, ഒപ്പം മിനാരങ്ങളും മകുടങ്ങളും. ഫൈസാബാദിന്റെ രൂപഘടന. ഹൈന്ദവ താൽപര്യങ്ങളും മുഗൾ ആർക്കിടെക്ച്ചറുമാണ് അയോധ്യയ്ക്ക്. പള്ളി പൊളിച്ചപ്പോൾ സുന്നികളുടെ നേതൃത്വത്തിൽ കേസ് നടത്തിയെങ്കിൽ ഷിയാ വിഭാഗത്തിലെ ചില നേതാക്കൾ ക്ഷേത്രത്തിന് അനുകൂലമായി പിന്തുണ അറിയിച്ചു പിന്നീട്. ലഖ്‌നൗവിൽ പള്ളി പണിയാൻ തയ്യാറാണെന്നും ക്ഷേത്രം അയോധ്യയിൽ പണിയാൻ സഹായം നൽകാമെന്നും ഷിയ വഖഫ് നേതാവ് വസീം റിസ്‌വി വാഗ്ദാനം ചെയ്തു. ഷിയകളുടെ സ്ഥലത്ത് വലിയൊരു മസ്ജിദ് വരണം, യു.പി. സർക്കാരിന്റെ പിന്തുണയിൽ. അതാണ് ഷിയ വഖഫ് ബോർഡ് നേതാവിന് താത്പര്യം. പഴയ സമാജ് വാദി പാർട്ടിക്കാരനായ വസീം യോഗിയുമായി അടുപ്പത്തിലാണ്. സുന്നികൾ പക്ഷേ വസീമിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. ഷിയ-സുന്നി തർക്കത്തിനും ചരിത്രത്തോളം പഴക്കമുണ്ടല്ലോ.

ആത്മീയ ടൂറിസം സർക്യൂട്ട്

മതേതര ഇന്ത്യയുടെ മുഖഭാവം മാറ്റിയ അയോധ്യാസംഭവത്തിനുശേഷം എന്തെല്ലാം മാറ്റങ്ങളുണ്ടായി. മോദിയുഗം വന്നു. യോഗി യു.പിയിൽ കാവിവേഷമുള്ള മഠാധിപതി മുഖ്യമന്ത്രിയായി. അയോധ്യ മുതൽ കപിലവസ്തുവരെ, വാരാണസി മുതൽ അലഹബാദ് വഴി ഗൊരക്പുർ വരെ ആത്മീയടൂറിസം സർക്യൂട്ട് പ്രഖ്യാപിക്കപ്പെട്ടു. സരയൂനദിയുടെ പടവുകളിൽ ശ്രീരാമന്റെ കൂറ്റനൊരു പ്രതിമ വന്നു.

ഫൈസാബാദിന്റെ ഈ മേഖല ഇപ്പോൾ അയോധ്യ മുനിസിപ്പാലിറ്റി. എന്നിട്ടോ, ക്ഷേത്രമേഖലയാക്കി കണക്കാക്കി മത്സ്യമാംസാദികൾക്കും മദ്യത്തിനും വിലക്കേർപ്പെടുത്തി

വി.എച്ച്.പി. നേതാവ് ചൻപത് റായ് ഫ്‌ളാഗ് ഓഫ് ചെയ്ത് ഒരുവട്ടം കൂടി ചെറിയൊരു രഥയാത്ര നടത്തി, കോടതിവിധി വന്നാലും ഇല്ലെങ്കിലും ക്ഷേത്രം നിർമാണം ആരംഭിക്കുമെന്നവർ പ്രഖ്യാപിച്ചു. 2018 നവംബറിൽ ഫൈസാബാദിനെ അയോധ്യയാക്കി യോഗി പ്രഖ്യാപിച്ചു. ഫൈസാബാദിന്റെ ഈ മേഖല ഇപ്പോൾ അയോധ്യ മുനിസിപ്പാലിറ്റി. എന്നിട്ടോ, ക്ഷേത്രമേഖലയാക്കി കണക്കാക്കി മത്സ്യമാംസാദികൾക്കും മദ്യത്തിനും വിലക്കേർപ്പെടുത്തി. ദക്ഷിണ കൊറിയയിൽ നിന്ന് ജിം ജൂങ് സൂക് വന്നു, സരയൂവിൽ ചെരാതുകളൊഴുക്കി ഒരു സായാഹ്നത്തിൽ, ദക്ഷിണ കൊറിയയുടെ നിക്ഷേപ സഹകരണത്തോടെ രാമകഥാ പാർക്ക് പ്രഖ്യാപനം യോഗി‌ക്കൊപ്പം നടത്തി. അങ്ങനെ പല മാറ്റങ്ങൾ. കുംഭമേളയിൽ വെച്ച് ആർ.എസ്.എസ് നേതാവ് ഭയ്യാജി ജോഷി വ്യക്തമാക്കി; കേസ് നടക്കുന്നുവെന്നത് ശരിതന്നെ. പക്ഷേ 2025 ലെങ്കിലും ക്ഷേത്രനിർമാണം പൂർത്തിയാക്കേണ്ടതുണ്ട്. സുപ്രീംകോടതി വിധി വരുന്നതിനുമുമ്പുണ്ടായ കാര്യങ്ങളാണിതെല്ലാം.

യോഗി ആദിത്യനാഥ്
യോഗി ആദിത്യനാഥ്

അയോധ്യയിലേക്കുള്ള യാത്രയിലും അവിടത്തെ ഗല്ലികളിലെ മനുഷ്യരുടെ കെടുതികൾ കാണാം. അയോധ്യ അത്രയൊന്നും വരുമാനമില്ലാത്തവരുടെ ലോകമാണ്. അവിടെ പക്ഷേ എല്ലാറ്റിനുമിടയിൽ എല്ലാ വിഭാഗത്തിനും ഉടുക്കാനും പുതയ്ക്കാനും മതമുണ്ട്. അതിന്റെ അവിചാരിത വരുംവരായ്കകളും. തൊണ്ണൂറുകൾക്കുശേഷമുള്ള അയോധ്യയുടെ ചരിത്രാനുഭവം മറക്കാനാവാത്തതുകൊണ്ടും പന്തിയല്ലാത്തതുകൊണ്ടുമാകാം ചെറിയ തീപ്പൊരികൾക്ക് വലിയ അസ്വസ്ഥത ജനിപ്പിക്കാനാകും. അതുകൊണ്ടുതന്നെ സുരക്ഷാ ക്രമീകരണങ്ങൾ നല്ലപോലെയുണ്ട്, അയോധ്യയുടെ പരിസരങ്ങളിൽ. പലതരം ആവേശങ്ങളുടെയും അട്ടിമറികളുടെയും ചരിത്രമാണല്ലോ ഓരോ സാമൂഹ്യജീവിതവും. അയോധ്യയും അങ്ങനെതന്നെ. തർക്കഭൂമിയും കേസും കൗതുകങ്ങളും രാഷ്ട്രീയവും അയോധ്യക്ക് പുറത്തുള്ളവരുടെ വലിയ താൽപര്യത്തിന് ഇപ്പോഴും വിധേയമാണ് എങ്കിലും അയോധ്യയിലെ ഗല്ലികളിലെ നല്ലൊരു വിഭാഗം ജനങ്ങൾക്ക് ഇത് വിഷയമല്ലാതായി തീർന്നിട്ടുമുണ്ട്. പലരുടേയും സംഭാഷണങ്ങളിൽ നിന്ന് അത് വ്യക്തം.

1990 ഒക്ടോബറിലെ പൊലീസ് വെടിവെപ്പിൽ പലരും കൊല്ലപ്പെട്ടതിൽ വേദനയുണ്ടെന്നും പക്ഷേ പൊലീസ് നടപടി ഒഴിവാക്കാനാകില്ലായിരുന്നുവെന്നും മുലായംസിങ് യാദവ് അടുത്തിടെ പറഞ്ഞു. അന്ന് പൊലീസ് ഇടപെട്ടില്ലായിരുന്നുവെങ്കിൽ അയോധ്യ വലിയ വർഗീയകലാപത്തിനു സാക്ഷിയാകേണ്ടിവന്നേനെ-30 വർഷമായി ബി.ജെപിയുടെ രാഷ്ട്രീയ പ്രസംഗങ്ങളിൽ മൗലാനാ മുലായം എന്ന വട്ടപ്പേര് കേൾക്കേണ്ടിവന്ന മുലായം പറഞ്ഞു. അയോധ്യയിലെ ഇടുങ്ങിയ തെരുവുകളിൽ ഇപ്പോഴും രണ്ട് മതവിഭാഗങ്ങൾ ഞെങ്ങിഞെരുങ്ങിയെല്ലാം ജീവിക്കുന്നുണ്ട്. പണിയും കൂലിയും കിട്ടുക, ജീവിതം മുന്നോട്ടുപോകുക എന്നതിനേക്കാൾ വലുതല്ല ഇതൊന്നും എന്ന മട്ടിൽ ഗല്ലികളിലെ പലരും അന്ന് സംസാരിക്കുകയും ചെയ്തു. ഏതായാലും, എൺപതുകൾ മുതൽ കനലിട്ട് തൊണ്ണൂറുകൾ മുതൽ ആളിക്കത്തിച്ച കഠിനയത്‌നങ്ങളും നിയമയുദ്ധവും ഒടുവിൽ തീർപ്പായിരിക്കുന്നു. ഒരു വിഭാഗം ജനത ആഗ്രഹിച്ചതുപോലെ കോടതിവിധിയും ലഭിച്ചു. എന്നേ ആരംഭിച്ചുകഴിഞ്ഞ ക്ഷേത്രം പണിക്ക് ഇനി ഔദ്യോഗിക തുടക്കം. ഭൂരിപക്ഷവികാരമെന്ന കയ്യടക്കലിന് അയോധ്യ എന്നോ വിധേയമായിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും കൂടുതൽ സംഘർഷങ്ങളെത്തുന്നില്ല ഇപ്പോഴെന്നതിന്റെ താൽക്കാലിക ആശ്വാസം എത്രയോ വലുതും.


യു.പിയിൽ വർഗീയത ശീലമായി മാറിയതെങ്ങനെ?

'സന്യാസി' മുഖ്യമന്ത്രി ആയത് ഒറ്റ ഇലക്ഷൻ കൊണ്ടല്ല


Summary: Bhoomi Puja for the construction of Ram Temple in Ayodhya is to be held in the presence of Prime Minister Narendra Modi on August 5, the journalist is recalling an Ayodhya trip. VS Sanoj writes.


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments