ദളിത് പെൺകുട്ടികളെ ബലാൽസംഗം ചെയ്യുന്നത്​ യു.പിയിൽ വാർത്തയല്ല

ദളിത് പെൺകുട്ടികളെ ബലാൽസംഗം ചെയ്യുന്ന സംഭവം യു.പിയിൽ ഒരു വാർത്തയല്ല. ഇത്തരം വാർത്തകൾ അല്ലെങ്കിൽ ദളിതർക്കുനേരെയുള്ള അതിക്രമങ്ങൾ വാർത്തയായി കൊടുക്കുകയാണെങ്കിൽ ദിവസവും നാലും അഞ്ചും എണ്ണം കൊടുക്കേണ്ടിവരും. ഞെട്ടിക്കുന്ന വാർത്തയുണ്ടായാൽ പോലും അതിന് കിട്ടുന്ന സ്പെയ്സ് വളരെ ചെറുതായിരുന്നു. കാരണം അത്തരം സംഭവങ്ങൾ ധാരാളം നടക്കുന്ന സമൂഹമാണ് യു.പി. ജാതീയമായ വേർതിരിവുകൾക്കൊപ്പം ഇതിന് ഭരണകൂടം നൽകുന്ന വ്യവസ്ഥാപിതത്വവും ഇത്തരം ആക്രമണങ്ങൾക്ക് സാധുത നൽകുന്നു. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായശേഷം ഇത്തരം അതിക്രമങ്ങൾ വർധിച്ചുവരികയാണ്- യു.പിയിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് കൊന്ന സംഭവത്തിൽ പ്രതിഷേധം അലയടിക്കുന്നതിനിടെ, മറ്റൊരു ദളിത് പെൺകുട്ടി കൂടി ബലാൽസംഗത്തിനിരയായി അതിക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു- ദളിത് സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾക്കുപുറകിലെ ജാതിരാഷ്ട്രീയത്തെക്കുറിച്ച് പറയുകയാണ്‌ യു.പിയിൽ മാധ്യമപ്രവർത്തകനായിരുന്ന ലേഖകൻ

ളിത് പെൺകുട്ടികളെ ബലാൽസംഗം ചെയ്യുന്ന സംഭവങ്ങൾ യു.പിയിൽ ഒരു വാർത്തയല്ല. ഹിന്ദുസ്ഥാൻ ടൈംസിലോ ടൈംസ് ഓഫ് ഇന്ത്യയിലോ ദൈനിക് ജാഗരണിലോ അല്ലെങ്കിൽ ഹിന്ദുസ്ഥാനിലോ ഒന്നും തന്നെ നിങ്ങൾക്കിതൊരു വലിയ വാർത്തയായിട്ട് കാണാൻ പറ്റില്ല. ബലാൽസംഗ വാർത്തകൾ അല്ലെങ്കിൽ ദളിത് അട്രോസിറ്റികൾ വാർത്ത കൊടുക്കുകയാണെങ്കിൽ എല്ലാദിവസം നാലും അഞ്ചും എണ്ണം കൊടുക്കേണ്ടിവരും. ഞങ്ങളൊക്കെ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമിതാണ്. ഞെട്ടിക്കുന്ന വാർത്തയുണ്ടായാൽ പോലും അതിന് കിട്ടുന്ന സ്‌പെയ്‌സ് വളരെ ചെറുതായിരുന്നു. കാരണം അത്തരം സംഭവങ്ങൾ ധാരാളം നടക്കുന്ന സമൂഹമാണ് യു.പി.

ഞാനൊക്കെ ചെയ്തിരുന്നത് എഡിറ്റോറിയൽ പേജിൽ കോളം എഴുതുമ്പോൾ ഒരുമാസത്തെ മൊത്തം ദളിത് അട്രോസിറ്റിയുടെ കണക്കെടുത്ത് അതിന്റെ സ്റ്റാറ്റിറ്റിക്‌സ് വെച്ചാണ് എഴുതിയിരുന്നത്. ഇതിനെ അവരുടെ ചരിത്രപരമായ പശ്ചാത്തലത്തിൽ നിന്നുവേണം മനസിലാക്കാൻ. അല്ലാത്ത തരത്തിലുള്ള വിലയിരുത്തലുകൾ എത്രമാത്രം ശരിയാവും എന്നെനിക്ക് സംശയമുണ്ട്.

ഒരു ഉദാഹരണം പറഞ്ഞാൽ, ഗോരഖ്പൂരിൽ കുട്ടികൾ ഓക്‌സിജൻ കിട്ടാതെ മരിച്ച സംഭവം റിപ്പോർട്ടു ചെയ്യാൻ പോയിരുന്നു. അവിടെ ഹോസ്പിറ്റലിൽ നാലഞ്ചുദിവസം നിൽക്കുകയും അവിടെയുള്ള ഒരുപാടുപേരെ കണ്ട് സംസാരിക്കുകയും റിപ്പോർട്ടു ചെയ്യുകയും ചെയ്തിരുന്നു. ആ ഹോസ്പിറ്റലിൽ നടന്ന സംഭവത്തെയാണ് പ്രധാനമായും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. പ്രത്യേകിച്ച് സൗത്ത് ഇന്ത്യൻ മാധ്യമങ്ങൾ.

കുറച്ചു കൂടി ആഴത്തിൽ നോക്കുമ്പോൾ, എന്തുകൊണ്ടാണ് അങ്ങനെയൊരു സംഗതിയുണ്ടാവുന്നതെന്ന് അന്വേഷിച്ചാൽ ഈസ്‌റ്റേൺ യു.പിയിൽ സത്യത്തിൽ ഇതൊരു അത്ഭുതകരമായ സംഗതിയല്ല. ഓക്‌സിജൻ തീർന്നുപോയി എന്നതിൽ മാത്രമേ അത്ഭുതമുള്ളൂ. കുട്ടികളുടെ മരണം അവിടെ സ്ഥിരമായി സംഭവിക്കുന്നതാണ്. പ്രത്യേകിച്ച് മെനിഞ്ചൈറ്റിസ് വന്ന് കുട്ടികൾ മരിക്കുന്നത്. ജപ്പാൻ ജ്വരം പോലെയുള്ള അസുഖങ്ങൾ വളരെയധികം നടക്കുന്ന മേഖലയാണ് പൂർവാഞ്ചൽ. അതിന്റെ കാരണം അന്വേഷിച്ചു.

കുട്ടികൾ മരിച്ചശേഷമുള്ള പാരന്റ്‌സിന്റെ ജീവിതവും അവരുടെ അവസ്ഥയും വെച്ചുള്ള കണ്ണീർ സ്റ്റോറികൾപരമാവധി വേണ്ട എന്നുവെച്ചിട്ടാണ് പല വാർത്തകളും ചെയ്തത്. ഞാൻ മോശമാക്കി പറഞ്ഞതല്ല, കാരണം അത് നന്നായി വായിക്കപ്പെടുമായിരിക്കും, പക്ഷേ അതിൽ കാര്യമായിട്ടൊന്നുമില്ല. എല്ലായിടത്തും കുട്ടികൾ മരിക്കുമ്പോൾ വിഷമിക്കും. അവരുടെ ദാരിദ്ര്യം പറച്ചിലിനപ്പുറം ഒന്നും ആ സ്റ്റോറികളിലുണ്ടാവില്ല. ഞാൻ അതിലേക്ക് പോയില്ല. അവിടുത്തെ സോഷ്യൽ ബാഗ്രൗണ്ട് എന്താണെന്ന് പരിശോധിക്കാനാണ് ശ്രമിച്ചത്.

അന്വേഷിക്കുമ്പോൾ ഒരു കാര്യം മനസിലാവും. കിഴക്കൻ യു.പി എന്നു പറയുന്നത് ജിയോഗ്രഫിക്കലി ഒരുപാട് പ്രത്യേകതകളുള്ള സ്ഥലമാണ്. കാരണം നേപ്പാളിന്റെ അതിർത്തിയാണ്. അതുപോലെ യു.പിയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന മേഖലകളിലൊന്നാണ്. ഗോരഖ്പൂർ മാത്രമല്ല, കിഴക്കൻ യു.പിയിലെ മറ്റ് മേഖലകൾ ഗാസിപൂർ, ഖുശി നഗർ പോലുള്ള മേഖലകളിലെല്ലാം 40% വീടുകളിൽ മാത്രമാണ് ടോയ്‌ലറ്റുള്ളത്. 60% വീടുകളിലൊന്നും തന്നെ ടോയ്‌ലറ്റില്ല. ഈ മേഖലകളിൽ ആഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ നല്ല മഴയുണ്ടാവും. ടോയ്‌ലറ്റില്ലാത്ത 60% വീടുകളിലുള്ളവരും മലമൂത്ര വിസർജനം നടത്തുന്നത് തുറസായ സ്ഥലങ്ങളിലാണ്. മഴയുള്ള സമയത്ത് ഇവിടെയുള്ള മുഴുവൻ ജലാശയങ്ങളിലും വെള്ളം കയറുകയും ഇതെല്ലാം ഒരുപോലെ ആവുകയും ചെയ്യും. കോളിഫോം ബാക്ടീരിയയും മറ്റും ജലത്തിൽ വലിയ തോതിൽ വർധിക്കും. ഇതിന്റെ ഏറ്റവും വലിയ ഇര അവിടുത്തെ കുട്ടികളാണ്. കുട്ടികളും സ്ത്രീകളുമാണ് എല്ലാതരം അരക്ഷിത സമൂഹങ്ങളിലെയും ഇര.

അവിടുത്തെ ചില ഡോക്ടർമാരുമായി സംസാരിക്കുമ്പോൾ, ബി.ജെ.പിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡോക്ടർമാർ പോലും പറയുന്നത് ഇതിനകത്തെ മാനുഷിക പ്രശ്‌നം എന്നു കുട്ടികളുടെ മരണം നിരന്തരം തുടരുന്നുവെന്നതാണ്. അതിനൊരു പരിഹാരവുമുണ്ടായിട്ടില്ല. അതിലേക്ക് ഒരു ഓക്‌സിജൻ ക്ഷാമം വന്നുവെന്നതാണ് ഗോരഖ്പൂരിലുണ്ടായത്. ഇങ്ങനെയുള്ള ഓരോ മേഖലയിലെയും സംഭവങ്ങളിൽ അവിടുത്തെ സാമൂഹ്യ പിന്നാക്കാവസ്ഥയുടെ പ്രതിഫലനം കാണാൻ കഴിയും. അങ്ങനെ വരുമ്പോൾ അതിന്റെ ഉത്തരവാദികൾ ബി.ജെ.പി മാത്രമല്ല. അതിനു മുമ്പ് ഭരിച്ചവരൊക്കെ ഉത്തരവാദികളാണ്.

കിഴക്കൻ യു.പിയിലെ 20 ജില്ലകൾക്ക് ഒരു മെഡിക്കൽ കോളജാണ് ഉള്ളത്. ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് യു.പി. അവിടേക്ക് നേപ്പാൾ ബോർഡറിൽ നിന്നുള്ളവർ, നേപ്പാളിലെ ആൾക്കാർ, ബീഹാർ ബോർഡറിൽ നിന്നുള്ളവരെല്ലാം വരുന്നുണ്ട്. കാരണം നേപ്പാളിലുള്ളവർക്ക് കാഠ്മണ്ഡുവിലേക്ക് പോകണമെങ്കിൽ ഒമ്പതു മണിക്കൂർ യാത്രയുണ്ട്. അതുകൊണ്ടുതന്നെ മെഡിക്കൽ കോളജിന് അക്കൊമൊഡേറ്റ് ചെയ്യാൻ പറ്റുന്നതിലും എത്രയോ ഏറെ രോഗികൾ അവിടെ വരുന്നുണ്ട്. ഇത്തരത്തിൽ ഉള്ള ഒരു സാഹചര്യമാണ്. ഒരുപാട് വർഷങ്ങളായുള്ള വികസനമില്ലായ്മയാണ്. യു.പി ജനത വളരെ തീവ്രമായ അനുഭവങ്ങളിലൂടെ കടന്നുപോയവരാണ്. ദാരിദ്ര്യം, കുടിയൊഴിപ്പിക്കൽ, കലാപം. കലാപങ്ങളുടെ ചരിത്രമായ യു.പിയിൽ പലായനങ്ങളുടെ കൂടി ചരിത്രമായതിനാൽ അതിൽ നിന്നാണ് പല തരത്തിലുള്ള വിഘടിതമായ ചിന്തകൾ അവരിലേക്ക് എത്തിക്കുന്നത്. ആ ഒരു സാഹചര്യത്തിൽ വിദ്യാഭ്യാസ പരമായി, ആരോഗ്യപരമായി ബാഗ് വേർഡായിരിക്കുന്ന സമൂഹത്തിലേക്ക് ഏറ്റവുമധികം വ്യാപിപ്പിക്കാൻ പറ്റുന്ന വിഷയം ജാതി അല്ലെങ്കിൽ മതമായി മാറുകയാണ്. ഈയൊരു തിരിച്ചറിവിൽ നിന്നാണ് കൃത്യമായിട്ടുള്ള ഒരു കമ്മ്യൂണൽ പോളറൈസേഷൻ കൾട്ടിവേറ്റ് ചെയ്യാൻ പറ്റുന്ന സമൂഹമായി രാഷ്ട്രീയ പാർട്ടികൾ യു.പിയെ ഉപയോഗിക്കുന്നത്.

യഥാർത്ഥത്തിൽ അവിടെ അവർക്ക് അവരുടേതായ പ്രശ്‌നങ്ങളുണ്ട്. ആ പ്രശ്‌നങ്ങൾ രാഷ്ട്രീയപാർട്ടികൾ എത്രത്തോളം അഡ്രസ് ചെയ്യുന്നുണ്ട് എന്നതാണ് പ്രോബ്ലം. അത് ചെയ്യുന്നില്ല എന്നുളളതാണ്. പൊതുവായ വികാരം എന്താണെന്നതാണ് പാർട്ടികൾ അന്വേഷിക്കുന്നത്. പൊതുവായ വികാരം ഹിന്ദുക്കൾ, മുസ്‌ലീങ്ങൾ എന്നൊക്കെ പറയുന്ന വികാരങ്ങളാണ്. അതിനെ സ്റ്റിമുലേറ്റ് ചെയ്യാൻ വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റും എന്നുള്ള തലത്തിലേക്ക് പോയിട്ടുണ്ട്. ദളിത് സംഘടനകൾക്ക് ബി.എസ്.ബി അടക്കമുള്ള രാഷ്ട്രീയപാർട്ടികൾക്കും ഇതിന്റെ ഉത്തരവാദിത്തമുണ്ട്.

യു.പിയിലെ റിപ്പോർട്ടിങ് എക്‌സ്പീരിയൻസിനിടെ മറ്റൊരു കാര്യം കണ്ടത് യോഗി ആദ്യനാഥ് മുഖ്യമന്ത്രിയായശേഷം കേട്ടിട്ടുള്ള പ്രധാനപ്പെട്ട വാചകം "അവരും നമ്മളും' എന്നുള്ളതാണ്. ആരാണ് ഈ അവരും നമ്മളും? "അവര്' മുസ്‌ലീങ്ങളും 'നമ്മൾ' ഹിന്ദുക്കളും. ഭരണഘടനാ പരമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മുഖ്യമന്ത്രി, ആ ജനതയുടെ മുഴുവൻ മുഖ്യമന്ത്രിയായ യോഗി ജനങ്ങളെ രണ്ട് വിഭാഗമായി വിഘടിപ്പിച്ചു പറയുകയാണ് "അവരും നമ്മളും'. എല്ലാ പ്രസംഗങ്ങളിലും, ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ "അവരും നമ്മളും' എന്നാണ് അദ്ദേഹം സംസാരിച്ചത്.

ആളുകളിൽ കാലങ്ങളായി സംഭവിച്ചിട്ടുള്ള, അവരുടെ ശീലമായിട്ടുള്ള ജാതീയമായ വേർതിരിവുകളും മേൽക്കോയ്മകളും കൂടുതൽ ലീഗലൈസ് ചെയ്യുന്ന, അല്ലെങ്കിൽ അതിന് കൂടുതൽ സ്വീകാര്യത ഉണ്ടാക്കി കൊടുക്കുന്ന തരത്തിലുള്ള ഒരു സമീപനം ഇവിടെ കാണാം. സ്വാഭാവികമായിട്ടും ആളുകൾ ചിന്തിക്കുന്നത് മുഖ്യമന്ത്രിയുൾപ്പെടെ പറയുന്നത് അങ്ങനെയാണല്ലോ "അവരും നമ്മളും'.

ശരിക്കും പറഞ്ഞാൽ അത് ഭരണഘടനയ്ക്ക് എതിരായിട്ടുള്ള സ്റ്റേറ്റ്‌മെന്റാണ്. പക്ഷേ അതിന് വലിയ സ്വീകാര്യത അവരവിടെ ഉണ്ടാക്കികൊടുത്തിരിക്കുന്നുവെന്നുളളതാണ്. വലിയൊരു ക്രൗഡ് പുള്ളറായിട്ട് യോഗിയെ കൊണ്ടുവരുമ്പോൾ, വിദ്വേഷ പ്രസംഗങ്ങളിലൂടെ വിദ്വേഷ രാഷ്ട്രീയത്തിലൂടെ ഓരോ മേഖലകളിലും യോഗി ഉണ്ടാക്കിയെടുത്തിട്ടുള്ള സ്വീകാര്യത വളരെ അപകടകരമായൊരു ധ്രുവീകരണം സൃഷ്ടിച്ചതായി തോന്നിയിട്ടുണ്ട്.

യു.പിയിൽ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വന്നതിനുശേഷം ഫൈസാബാദ് പോലെ പല സ്ഥലങ്ങളുടെയും പേര് മാറ്റവും നടന്നു. മുഗൾ സരായ് എന്നു പറയുന്ന വലിയ ചരിത്ര പ്രാധാന്യമുള്ള മേഖലയുടെ പേര് ദീൻദയാൽ ഉപാധ്യായ നഗർ എന്ന് മാറ്റുന്നു. അലഹബാദ് പ്രയാഗ് രാജാക്കുന്നു. ഫൈസാബാദ് അയോധ്യയാവുന്നു. മീററ്റ് ഗോഡ്‌സെ നഗറാക്കണമെന്നായിരുന്നു ഹിന്ദു മഹാസഭയുടെയും ഹിന്ദു യുവവാഹിനിയെന്നു പറയുന്ന യോഗി ആദിത്യനാഥിന്റെ സംഘടനയുടെയും അഭിപ്രായം. അതിനുള്ള മൗനാനുവാദങ്ങളിലേക്ക് ഭരണ നേതൃത്വം പോകുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഗോരഖ്പൂരിന് അദിത്യനാഥിന്റെ, ഗോരഖ്‌നാഥ മഠത്തിലെ പഴയ മഠാധിപതിയുടെ, പേരിടണം എന്ന് പറയുന്നു. മുഗൾ നാമങ്ങളിലുള്ള ദേശങ്ങൾ ധാരാളമുള്ള ഇടമാണ് യു.പി.

ഇങ്ങനെ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇവാക്വേറ്റ് ചെയ്യപ്പെടുന്ന ജനതയെ അവർ സൃഷ്ടിക്കുന്നുണ്ട്. ഒരു ഉദാഹരണത്തിന് ഇപ്പോഴത്തെ അയോധ്യ മുനിസിപ്പാലിറ്റി ഫൈസാബാദ് മുനിസിപ്പാലിറ്റിയാണ്. മറ്റൊന്ന് മഥുര. വൃന്ദാവൻ ഉൾപ്പെടുന്ന മേഖലയിൽ മാംസം ഉപയോഗിക്കുന്നതിനും മദ്യം ഉപയോഗിക്കുന്നതിനും വിലക്ക് നേരത്തെയുണ്ട്. ഇപ്പോഴത് മഥുര ജില്ലയിലേക്ക് വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എനിക്കു തോന്നുന്നത് അത് നടപ്പിലാക്കിയെന്നാണ്.

അയോധ്യയായിക്കഴിഞ്ഞ ഫൈസാബാദിൽ രാമക്ഷേത്രത്തിന്റെ പരിസരത്ത് നേരത്തെ തന്നെ മത്സ്യ-മാംസത്തിനൊക്കെ വിലക്കുകളുണ്ട്. അതിപ്പോൾ അയോധ്യ മുനിസിപ്പാലിറ്റിയിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബാബറി മസ്ജിദിന്റെ പരിസരം വലിയ രീതിയിലുള്ള പോപ്പുലേഷൻ ഡൻസിറ്റിയുള്ള സ്ഥലമാണ്. അതിൽ വലിയൊരു വിഭാഗം മുസ്‌ലീങ്ങളാണ്. അല്ലെങ്കിൽ മറ്റ് വിഭാഗങ്ങൾ താമസിക്കുന്നുണ്ട്. അവരുടെ ദൈനംദിന ജീവിതത്തിലേക്ക് അവരുടെ ഭക്ഷണ രീതിയിലേക്ക് അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കുമേൽ ഒരു നിയമം അടിച്ചേൽപ്പിക്കുകയാണ്. അതൊരു ക്ഷേത്രപരിസരം എന്നതിനപ്പുറം ഒരു മുനിസിപ്പാലിറ്റി ഏരിയയിലേക്ക് അത് നടപ്പാക്കുമ്പോൾ മറ്റ് വിഭാഗങ്ങളുടെ കൂടെ താൽപര്യങ്ങൾ ഇല്ലാതാവുകയാണ്. അതായത് നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഭക്ഷണം കഴിക്കണമെങ്കിൽ നിങ്ങൾ അവിടെ നിന്ന് ഒഴിഞ്ഞു പോകൂവെന്നാണ് അവർ പറയുന്നത്. ഇത് ശരിക്കും നടക്കുന്നുണ്ട്. ഒരു തരത്തിലുള്ള സാമൂഹികമായിട്ടുള്ള ഉച്ഛാടനം അല്ലെങ്കിൽ വേറൊരു തരത്തിൽ ഒരു വിഭാഗത്തെ പാർശ്വവത്കരിക്കുന്ന തരത്തിൽ അവിടെ നിന്ന് മാറ്റുകയാണ്.

ഇതിന്റെയൊക്കെ ഒരു കേന്ദ്രം എന്ന രീതിയിൽ യു.പിയിൽ പ്രവർത്തിച്ചിട്ടുള്ള പല രാഷ്ട്രീയ നേതാക്കളിലും യോഗി ആദിത്യനാഥിന് വലിയ പങ്കുണ്ട്. കാരണം 2004-2005-2006 കാലങ്ങളിൽ കിഴക്കൻ യു.പിയെ കേന്ദ്രീകരിച്ചുള്ള വിദ്വേഷ പ്രസംഗങ്ങൾ മറ്റ് രാഷ്ട്രീയ സംഘർഷങ്ങൾ, അത് അടിസ്ഥാനപരമായി മതസംഘർഷങ്ങളുടെ തലത്തിലേക്ക് പോയിട്ടുള്ള രാഷ്ട്രീയ സംഘർഷങ്ങളാണ്. പലതിലും പങ്കുള്ള, പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന അല്ലെങ്കിൽ ക്രിമിനൽ കേസുകകളിൽ ഇൻവോൾവ് ചെയ്തിട്ടുള്ള ഒരു രാഷ്ട്രീയ നേതാവു കൂടിയാണ് യോഗി. എനിക്കു തോന്നുന്നത് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനുശേഷം കുറേയധികം കേസുകൾ പിൻവലിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. അതിൽ യോഗി ആദിത്യനാഥ് ഉൾപ്പെട്ട പൂർവാഞ്ചൽ മേഖലയിലെ കേസുകൾ ഉൾപ്പെടുന്നുണ്ട്. അത്തരത്തിൽ അദ്ദേഹം വിമുക്തനാക്കപ്പെടുകയാണ് ചെയ്തത്.

പടിഞ്ഞാറൻ യു.പിയിൽ നോക്കാം. മുസഫർ നഗർ കലാപസമയത്ത് ഏറ്റവും കൂടുതൽ ആരോപണങ്ങൾ നേരിടുകയും കേസിൽപെടുകയും ചെയ്ത ചില നേതാക്കളുണ്ട് അവിടെ. സുരേഷ് റാണ, സഞ്ജീവ് ബല്യൻ, സാധ്വി പ്രാചി, മഹേഷ് ശർമ്മ, സംഗീത് സോം തുടങ്ങിയ നേതാക്കൾ ആ മേഖലയിലെ പ്രമുഖരാണ്. ഇവർക്കെതിരെ മുസഫർ നഗർ കലാപവുമായി ബന്ധപ്പെട്ട് കേസുകൾ നിലവിലുണ്ടായിരുന്നു. പ്രത്യേകിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയതിന്. ഈ കേസുകൾ പതുക്കെ പതുക്കെ ഇല്ലാതാവുകയും ഇവരെല്ലാം ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരികയും ചെയ്തു. സഞ്ജീവ് ബല്യനും മഹേഷ് ശർമ്മയും കേന്ദ്രമന്ത്രിമാരായി. സുരേഷ് റാണ നിലവിൽ യു.പിയിൽ മന്ത്രിയാണ്. ജാട്ടുകളുടെ പ്രാതിനിധ്യം കൂടുതലുള്ള മേഖലയിൽ നിന്നായതുകൊണ്ട് അദ്ദേഹത്തിന് കരിമ്പിന്റെ വകുപ്പ് കൊടുക്കുകയും ചെയ്തിരുന്നു. ആ സമയത്ത് വലിയ പ്രതിഷേധങ്ങളും അവിടെ കണ്ടിരുന്നു.

ഇവരുടെയെല്ലാം സമീപനം വർഗീയ വിഭജനത്തെ എങ്ങനെ stimulate ചെയ്യാം, അത്തരത്തിലുള്ള അജണ്ട സെറ്റു ചെയ്ത് എങ്ങനെ പ്രവർത്തിക്കാമെന്നതായിരുന്നു. യു.പിയിൽ മുസ്‌ലിം വിരുദ്ധത രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചവർ ആരാണോ അവരാണ് മുഖ്യധാരയിലേക്ക് വന്നത്. അങ്ങനെയാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രി പദത്തിലേക്ക് പോലും എത്തുന്നത്.

യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള നേതാക്കളുടെ നമ്മൾ പറയുന്ന വിദ്വേഷ പരാമർശങ്ങൾ, നമ്മൾ പറയുന്നു എന്ന് ഞാൻ പറയാൻ കാരണം, പൊതുസമൂഹത്തിന്, അല്ലെങ്കിൽ യു.പിയ്ക്ക് പുറത്തുള്ള, അല്ലെങ്കിൽ യോഗിയിൽ വിശ്വസിക്കുന്ന സമൂഹത്തിന് പുറത്തുള്ളവരെ സംബന്ധിച്ചാണിത് വിദ്വേഷ പരാമർശമാവുന്നത്. കാരണം മറ്റുള്ളവരെ സംബന്ധിച്ച് അവർക്ക് അങ്ങനെ തോന്നില്ല. സഹാരൺപൂരിലെ ചമാർ വിഭാഗക്കാർ അവരുടെ ഗല്ലിയിൽ the great chamars എന്നൊരു ബോർഡ് വെക്കുന്നതിൽ നിന്നാണ് സഹാരൺപൂരിലെ ഒരു കലാപത്തിന്റെ തുടക്കം. അതിനുശേഷമാണ് ഭീം ആർമിയൊക്കെ അതിൽ സജീവമായി ഇടപെടുന്നത്. നമ്മൾ മഹാത്മാ അയ്യങ്കാളി എന്നു പറയുമ്പോലെ ദളിതർ പറയുകയാണ് ഞങ്ങൾ ചമാറുകളെന്താ ഗ്രെയ്റ്റല്ലേ എന്ന്. അപ്പോൾ ചമാറിലും ഗ്രെയ്‌റ്റോ എന്നു ചോദിക്കുന്നതാണ് അതിനകത്തും സംഭവിക്കുന്നത്. അവരുടെ ജാതി മേൽക്കോയ്മയിൽ അവർക്കൊരിക്കലും അംഗീകരിക്കാൻ പറ്റാത്ത ഒരു വാദമാണ് ദളിത് സംഘടനകൾ മുന്നോട്ടുവെച്ചത് എന്നതുകൊണ്ടാണ് അവിടെയൊരു കലാപമുണ്ടാവുന്നത്.

യു.പി ഇങ്ങനെയായി തീർന്നതിൽ കോൺഗ്രസിന് വലിയ ഉത്തരവാദിത്തമുണ്ട്. അതിനെ എക്‌സ്‌പ്ലോർ ചെയ്യുകയാണ് ബി.ജെ.പി ചെയ്തിട്ടുള്ളത്. ഇത്തരത്തിൽ ശിഥിലമായി കിടക്കുന്ന ഒരു സമൂഹത്തിൽ, ജാതി മേൽക്കോയ്മകളും അത്തരം സമ്പ്രദായങ്ങളുമൊക്കെ ശീലിച്ച ഒരു സമൂഹത്തിൽ നിന്നും രാഷ്ട്രീയം നേട്ടം എങ്ങനെയുണ്ടാക്കാം എന്നതിലായിരുന്നു ബി.ജെ.പിയുടെ ശ്രദ്ധ. അതിൽ അവർ വിജയിക്കുകയും ചെയ്തു.

വലിയ സോഷ്യലിസ്റ്റ് മൂവ്‌മെന്റുണ്ടായ ഇടമാണ് യു.പി. ലോഹ്യ പാരമ്പര്യമുള്ള, വലിയ സോഷ്യലിസ്റ്റ് ബ്ലോക്കുകൾ ഉണ്ടായിട്ടുള്ള ഇടമാണ് ഗുജറാത്ത് കഴിഞ്ഞാൽ ഏറ്റവുമധികം ഹിന്ദുത്വ പരീക്ഷണങ്ങൾ നടക്കുന്ന ഭൂമിയായിട്ട് മാറിയത്.

മറ്റൊന്ന് മുസ്‌ലീങ്ങളെ അവരും നമ്മളും ആക്കി യോഗി തിരിക്കുന്നതുപോലെ തന്നെ ഇത്തരത്തിൽ വിഘടിതമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സമൂഹത്തിൽ ഗാന്ധിയേയും അംബേദ്കറിനെയും അവതരിപ്പിക്കുന്ന രീതിയും വളരെ കൗതുകകരമായിട്ടും വേദനാജനകമായിട്ടും തോന്നിയിട്ടുണ്ട്. കാരണം ഗാന്ധിയെ മുസ്‌ലീമിന്റെ പ്രതിനിധിയായിട്ട് വിലയിരുത്തുന്ന വലിയ വിഭാഗം അവിടെ നിലനിൽക്കുന്നുണ്ട്. ഗോദ്‌സയെ ജനാധിപത്യവാദിയും മനുഷ്യസ്‌നേഹിയുമായി ചിത്രീകരിക്കുന്ന പൊളിറ്റിക്കൽ ടെണ്ടൻസി തന്നെ അവർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

അംബേദ്കറെ കാണുന്നതും അങ്ങനെ തന്നെയാണ്. ദളിതരുടെ നേതാവ് എന്ന നിലയ്ക്ക് മാത്രമാണ് അംബേദ്കറെ കാണുന്നത്. അല്ലാതെ ഭരണഘടനയും അംബേദ്കറും തമ്മിലുള്ള ബന്ധമൊന്നും പരിശോധിക്കുന്ന തരത്തിൽ, അത്തരത്തിലുള്ള സാമൂഹിക വിശകലനത്തിനൊന്നും ജനത തയ്യാറായിട്ടുണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. അതിനൊരു ഉദാഹരണം, സഹാരൺപൂർ ഉൾപ്പെടെയുള്ള മേഖലകളിൽ ഒരു സമയത്ത് അംബേദ്കർ പ്രതിമകൾക്കുനേരെ വലിയ ആക്രമണങ്ങൾ നടന്നിരുന്നു. ഞാനതിനെക്കുറിച്ച് 'ഇരുമ്പുവലയ്ക്കുള്ളിൽ അംബേദ്കർ' എന്ന ഒരു ലേഖനം എഴുതിയിരുന്നു. പല സ്ഥലങ്ങളിലും അംബേദ്കറുടെ പ്രതിമ ഒരു ഇരുമ്പു കൂടിനുള്ളിൽ സംരക്ഷിക്കേണ്ട സാഹചര്യം ഇന്ത്യപോലൊരു സമൂഹത്തിലുണ്ടായി. അംബേദ്കറുടെ ശരീരത്തിൽ കാവി പെയിന്റടിക്കുകയും മുഖം ഉൾപ്പെടെ കാവി അടിക്കുകയും സഹാരൺപൂർ ഉൾപ്പെടെയുള്ള മേഖലകളിൽ, സെൻട്രൽ യു.പിയുടെ ചില മേഖലകളിൽ അംബേദ്കർ പ്രതിമയുടെ തല തകർക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഇതിനെക്കുറിച്ച് അന്വേഷിച്ചുപോയാൽ ഠാക്കൂർ വിഭാഗമോ അല്ലെങ്കിൽ ക്ഷത്രിയരോ പോലുള്ള അപ്പർകാസ്റ്റ് വിഭാഗത്തിൽപ്പെട്ട പ്രതിനിധികൾ തന്നെയാണ് ഇത് നടത്തുന്നത് എന്നത് വളരെ വ്യക്തമാണ്. പൊലീസ് കേസും മറ്റും ഇതിന് തെളിവായുണ്ട്.

ഇതിനെതിരായിട്ട് പിന്നീട് കാവിയുടെ മുകളിൽ നീലയടിച്ചുകൊണ്ട് ബി.എസ്.പി രംഗത്തുവരികയുണ്ടായി. ഇവിടെയെല്ലാം പെരിഫറൽ ആയിട്ട് ബി.ജെ.പി പൊതുപരിപാടിയിൽ അംബേദ്കർ സ്‌നേഹം പറഞ്ഞാലും അവർ അംബേദ്കറിനെ ദളിത് നേതാവായോ ദളിതരിൽ ഒരാളായോ കാണുന്ന ലേണിങ് പ്രോസസിന് ജനങ്ങളെ വിധേയരാക്കിയിട്ടുണ്ട്. എന്നാൽ വളരെ ഉപരിപ്ലവമായിട്ട് ചില പൊതുപരിപാടികളിൽ ഗാന്ധിയെ പൂമാല ചാർത്തുകളും അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്യുന്ന പ്രവണതയിലേക്ക് ഇതേ രാഷ്ട്രീയപാർട്ടി പോവുകയും ചെയ്യുന്നു. അതുകൊണ്ടാണ് വാരണാസിയിൽ കവി രവിദാസിന്റെ അമ്പലത്തിൽപോയി അവിടുത്തെ പ്രസാദം കഴിക്കുക, ദളിതരുടെ കൂടെ അന്നദാനത്തിന് ഞങ്ങൾ പങ്കെടുത്തു എന്നുപറയുകയും ഞങ്ങൾ ദളിതർക്ക് ഒപ്പമാണെന്ന് കാണിക്കുകയും ആ വോട്ടെങ്ങനെ നേടിയെടുക്കാമെന്നതിന് വളരെ കൺസ്ട്രക്ടീവ് ആയിട്ടുള്ള പ്ലാൻ ഉണ്ടാക്കുകയും അതിൽ ഒരു പരിധിവരെ ഇവിടുത്തെ ഹിന്ദുത്വ ഫോഴ്‌സ് വിജയിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.

(ഏപ്രിൽ 25ന്​ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റഡ്​ വേർഷൻ)


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments