ബംഗാൾ മമതയ്ക്ക് മുൻപും ശേഷവും

ലയാളികൾക്ക് ബംഗാളികളുമായി വലിയ ബന്ധമുണ്ട്. ബംഗാളികളുമായുള്ള കൾച്ചറൽ എക്‌സ്‌ചേഞ്ച് ഏറ്റവും കൂടുതൽ നടന്നിട്ടുള്ളത് മലയാളികളുമായിട്ടായിരിക്കും. എല്ലാ അർത്ഥത്തിലും. രാഷ്ട്രീയമായ കൊടുക്കൽ വാങ്ങലുകളായാലും കൾച്ചറലി അവരുടെ ഭക്ഷണ രീതികളിലും ആചാരങ്ങളിലുമൊക്കെയുള്ള സാമ്യം, അനുഭാവം ഇതിലെല്ലാം മലയാളി വളരെ കണക്ടഡാണ്. നവോത്ഥാനവും വലിയ രൂപത്തിലുള്ള സാംസ്‌കാരിക വിപ്ലവങ്ങളും നടന്ന ലോകം കൂടിയാണ് ബംഗാൾ.

ബംഗാളിൽ റിപ്പോർട്ടു ചെയ്യാൻ പോകുന്ന സമയത്ത് ഒരു വലിയ വിഭാഗം മലയാളികളുടെ നൊസ്റ്റാൾജിയയെ ഉദ്ദീപിപ്പിക്കുന്ന ചിന്തകളായിരിക്കും എല്ലാവർക്കും ഉണ്ടാവുക. സോഷ്യൽ എഡ്യുക്കേഷൻ ആയാലും പൊളിറ്റിക്കൽ എഡ്യുക്കേഷൻ ആയാലും ഒരു ഘട്ടത്തിനുശേഷം ബംഗാളി സമൂഹത്തിൽ നടന്നതായിട്ട് എനിക്കു തോന്നിയിട്ടില്ല. ഉദാഹരണത്തിന് ഭൂപരിഷ്‌കരണ പ്രവർത്തനങ്ങളെല്ലാം ഒരുപരിധിവരെയേ ബംഗാളിൽ നടന്നിട്ടുള്ളൂ. ഭൂപരിഷ്‌കരണം കൊണ്ടുവരാൻ ശ്രമിച്ച ജ്യോതിബസുവിന്റെ ആദ്യ സർക്കാറിന്റെ കാലത്തിനുശേഷം ഒരുഘട്ടം കഴിഞ്ഞപ്പോൾ ഇല്ലാതായിപ്പോയ സോഷ്യൽ എഡ്യുക്കേഷനും ഇല്ലാതായിപ്പോയ ലേണിങ് പ്രോസസും ഇടതുപക്ഷത്തിനു തന്നെ തിരിച്ചടിയായിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം മമതായുഗം എന്നുപറയുന്ന സമയത്തിലേക്ക് ബംഗാൾ രാഷ്ട്രീയം മാറിക്കഴിയുമ്പോൾ പൊളിറ്റിക്കലി വളരെ വേഗത്തിലുള്ള തകിടം മറിച്ചിൽ ആ സമൂഹത്തിൽ സംഭവിക്കുന്നുണ്ട്. ഉദാഹരണമായി, മമത വന്നതിനുശേഷം രാഷ്ട്രീയ സഖ്യങ്ങളുണ്ടാക്കുന്ന സമയത്ത് അവിടുത്തെ തീവ്ര ഇടതുപക്ഷ സംഘടനകളുമായി ആലോചിച്ചുകൊണ്ടാണ് മമത വരുന്നത്. അതായത്, സി.പി.ഐ.എം വിരുദ്ധ ഗ്രൂപ്പുകളായിട്ടുള്ള മറ്റ് ലിബറൽ ലിബറേഷൻ ഫോഴ്‌സുകൾ ആയിട്ടുള്ള കമ്മ്യൂണിസ്റ്റ് അവാന്തര ഗ്രൂപ്പുകളൊക്കെ വന്ന് അവരുമായി വലിയ ബന്ധത്തോടു കൂടിയാണ് ആദ്യത്തെ തവണ മമത വരുന്നത്. പിന്നീട് അതേവിഭാഗത്തിൽ തന്നെയുള്ള കിഷൻജിയുടെ കൊലപാതകം പോലുള്ള സംഗതികൾ വരുമ്പോഴേക്ക്, അധികാരത്തിന്റെ ഒരു ഘട്ടം കഴിയുമ്പോഴേക്കും മമത ഇതേ മാവോയിസ്റ്റുകൾക്കും തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകൾക്കും എതിരായിട്ട് മാറുകയും ചെയ്തു. അധികാരാന്തരം സംഭവിക്കുന്ന മാറ്റങ്ങളാണിത്.

കെൻലോച്ചിന്റെ സിനിമ പോലെയാണിത്. The Wind That Shakes the Barley യിൽ കാണിക്കുന്നതുപോലെ വിപ്ലവ പ്രവർത്തനം നടത്താൻ ഒരുമിച്ച് നിൽക്കും. പക്ഷേ ഭരണകൂടം ആയിക്കഴിയുമ്പോൾ പിന്നീടുള്ള എല്ലാ അഭിപ്രായ പ്രകടനങ്ങളെയും ചെറുത്തുനിൽപ്പുകളെയും ഭരണകൂടം കാണുക തങ്ങളെ എതിർക്കുന്ന ആളുകളായിട്ടാണ്. കൂടെ പ്രവർത്തിച്ചവരെ തന്നെയാണ് പിന്നീട് പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത്. ഇത് എല്ലാ ഭരണകൂടങ്ങളിലും സംഭവിക്കുന്നതാണ്. അതുപോലെ തന്നെയാണ് ബംഗാളിലും പിന്നീട് സംഭവിച്ചത്.

സി.പി.ഐ.എമ്മിന്റെ വലിയൊരു പവർ ബെൽറ്റിൽ, റെഡ്‌കോറിഡോർ എന്ന് നമ്മൾ വിളിച്ചിരുന്ന, മാവോയിസ്റ്റ് സ്വാധീനമുള്ള ഒരു ഇടതുപക്ഷ ലോകം വളരെ പെട്ടെന്നുള്ള ഒരു തകിടം മറിച്ചിലിനു വിധേയരായതല്ല. അത് പെട്ടെന്നുള്ള തകിടം മറിച്ചിലായിട്ട് നമുക്ക് തോന്നിയതാണെന്നാണ് ഞാൻ മനസിലാക്കുന്നത്. ആ മാറ്റം മനസിലാക്കുന്നതിൽ മുഖ്യധാരാ ഇടതുപക്ഷ പാർട്ടികൾ പരാജയപ്പെടുകയാണ് സത്യത്തിൽ ചെയ്തത്. അവിടുത്തെ ഗ്രാമങ്ങളിലൊക്കെ പോയപ്പോൾ അത് മനസിലായിട്ടുണ്ട്.

പല മേഖലകളിലും പോകുന്ന സമയത്ത് അവിടെയെല്ലാം ഒരു കാലഘട്ടത്തിനുശേഷം വലിയ സാമൂഹ്യമാറ്റങ്ങൾ സംഭവിച്ചിട്ടില്ല. എന്നാലതിലൊരു വൈരുദ്ധ്യവുമുണ്ട്. കാരണം ധാരാളം പ്രാദേശികമായ വായനശാലകളും ലൈബ്രറികളുമൊക്കെയുള്ള സമൂഹം തന്നെയാണ് ബംഗാൾ. അതേസമയം, കേരളവുമായി താരതമ്യപ്പെടുത്താവുന്ന തരത്തിലുള്ള സാമൂഹ്യമാറ്റം ബംഗാളിൽ ഉണ്ടായില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ പരാജയം. 33 വർഷം ഇടതുപക്ഷം ഭരിച്ചിട്ടുപോലും എത്രനല്ല ആശുപത്രികൾ ബംഗാളിൽ കാണിച്ചുതരാൻ പറ്റും എന്ന ചോദ്യമുണ്ട്. അത് തന്നെയാണ് അവരുടെയൊരു പിന്നാക്കാവസ്ഥയെ സൂചിപ്പിക്കുന്നത്. അതിനുകാരണമായിട്ട് ജ്യോതിബസുവിന്റെയൊക്കെ കാലത്ത് പറഞ്ഞിരുന്നത്, ബംഗ്ലാദേശിൽ നിന്നൊക്കെയുള്ള ധാരാളം ആളുകൾ വരുന്നതിനാൽ ബംഗാളിന് പട്ടികപ്പെടുത്താവുന്ന ജനസംഖ്യ നിലനിർത്താൻ കഴിയുന്നില്ല എന്നുള്ള ചില വാദങ്ങളായിരുന്നു. എങ്കിൽപോലും അടിത്തട്ടിലുള്ള സാമൂഹ്യവളർച്ചയ്ക്ക് സഹായകരമാകുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിൽ പുറകോട്ടു പോകുകയാണ് ചെയ്തത്. പ്രധാനമായും കൊൽക്കത്തയെ കേന്ദ്രീകരിച്ചുള്ള വികസന പ്രവർത്തനങ്ങളിലേക്കാണ് ഒരു ഘട്ടം കഴിഞ്ഞപ്പോൾ സി.പി.ഐ.എം പോയിട്ടുള്ളത്.

എന്തുകൊണ്ടാണ് ബംഗാളികൾ ഏറ്റവും കൂടുതൽ വരുന്നത്, എന്തുകൊണ്ടാണ് അവിടെ വരുമാനമില്ലാത്തത്? എന്തുകൊണ്ടാണ് അവരിത്രയും ദരിദ്രരാക്കപ്പെട്ടത്? ഇതൊരു അടിസ്ഥാനപരമായ ചോദ്യമാണ്.

പ്രാദേശികമായിട്ടുള്ള പല ജില്ലകളിലും പോകുമ്പോൾ ബാങ്ക്‌റയിൽ, അല്ലെങ്കിൽ വീർഭൂവിൽ, സിംഗൂരിൽ, നന്ദിഗ്രാമിൽ അല്ലെങ്കിൽ അത്തരത്തിലുള്ള മേഖലകളിൽ പോയാൽ ഈ പിന്നാക്കാവസ്ഥ കാണാൻ പറ്റും. അങ്ങനെയുള്ള സമൂഹത്തിലേക്കാണ്, വോട്ടർമാരിലേക്കാണ് ഒരു ആൾട്ടർനേറ്റീവ് ഫോഴ്‌സായിട്ട് തൃണമൂൽ കോൺഗ്രസ് വരുന്നത്. വളരെ പെട്ടെന്നു തന്നെ ആളുകൾ അതിലേക്ക് അബ്‌സോർബ് ചെയ്യപ്പെടുകയാണ് ചെയ്തത്. അതിനൊരു ഉദാഹരണമായിട്ട് പറഞ്ഞാൽ പല മേഖലകളിലുമുള്ള പാർട്ടി ഓഫീസുകൾ തൃണമൂൽ പിടിച്ചെടുക്കുകയാണുണ്ടായത്. അല്ലെങ്കിൽ ഒരു പുതിയമാറ്റത്തിന് അവർ തയ്യാറാകുമ്പോൾ പാർട്ടി ഓഫീസുകളെല്ലാം ഒഴിഞ്ഞുകൊടുക്കപ്പെടേണ്ടതാണെന്ന ധാരണപോലും ആളുകൾക്ക് തെറ്റായി വന്നതുപോലെയാണ് പലമേഖലകളിലും പോയപ്പോൾ കണ്ടത്. കാരണം വീർഭൂമിലെ സി.പി.ഐ.എമ്മിന്റെ മേഖലാ കമ്മിറ്റി ഓഫീസ് അന്വേഷിച്ച് പോകുമ്പോൾ അവ തൃണമൂലിന്റെ കയ്യിലാണ്. എനിക്കു തോന്നുന്നത് നക്‌സൽ സംഘടനകളൊക്കെ പ്രവർത്തിക്കുന്നതുപോലെ രഹസ്യമായി ചില മേഖലകളിൽ സി.പി.ഐ.എമ്മിന് പ്രവർത്തിക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്. മുസ്‌ലിം വോട്ടുകളുടെ വലിയ ധ്രുവീകരണം തൃണമൂലിന് അനുകൂലമായി സംഭവിക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിലാണ് ബംഗാളിൽ രാഷ്ട്രീയം മാറിക്കൊണ്ടിരുന്നത്.

എനിക്കു തോന്നുന്നത്, നമ്മൾ മലയാളികൾ അല്ലെങ്കിൽ കേരളത്തിലെ വോട്ടർമാർ നമ്മുടെ കേരളീയ ശീലത്തിന്റെ ഭാഗമായി മാത്രം ബംഗാളിനെ കാണുമ്പോൾ മാത്രമാണ് ത്രിപുരയിലെ അല്ലെങ്കിൽ ബംഗാളിലെ മാറ്റങ്ങൾ ഡ്രാസ്റ്റിക് ചെയ്ഞ്ചാണെന്ന് മനസിലാക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ അതല്ലയെന്നാണ് എനിക്കു തോന്നുന്നത്. കുറേക്കാലമായി അതിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്ന സമൂഹത്തിൽ, ആ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടതായിട്ടാണ് ബംഗാളിലെ മമത വരുന്നതിനു തൊട്ടുമുമ്പുള്ള കാലഘട്ടത്തെ ഞാൻ വിലയിരുത്തുന്നത്.

സിംഗൂരിലും നന്ദിഗ്രാമിലുമൊക്കെ പോയിക്കഴിഞ്ഞപ്പോൾ ഒരു കാര്യം മനസിലായത് നന്ദിഗ്രാമിൽ മുഖ്യധാരാ ഇടതുപക്ഷ പാർട്ടികളുടെ പ്രതിനിധികൾക്ക് കൂട്ടത്തോടെ അവിടെ നിന്നും പലായനം ചെയ്യേണ്ട സാഹചര്യമുണ്ടായി. ആളുകൾ അത്രമേൽ വെറുപ്പോ വിദ്വേഷമോ അവരോട് പ്രകടിപ്പിച്ചത് എന്തുകൊണ്ടാണ് എന്നുള്ളത് പരിശോധിക്കപ്പെടേണ്ട വസ്തുതയാണ്. കാരണം പല മേഖലകളിലും രാഷ്ട്രീയമാറ്റം സംഭവിച്ചപ്പോൾ ആദ്യം അവിടുത്തെ പ്രാദേശിക നേതാവിനെ ജനങ്ങൾ കയ്യേറ്റം ചെയ്തു എന്നുള്ള വാർത്തകൾ കണ്ടിട്ടുണ്ട്. അതുതന്നെയാണ് അതിന്റെ ലക്ഷണം എന്നു പറയുന്നത്. അതായത് വികസനമാണെങ്കിലും കൃഷിഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സംഘർഷങ്ങളാണെങ്കിലും അടിസ്ഥാന വികസനത്തിനുവേണ്ടിയുള്ള ഒരു പാർട്ടി പരിപാടി തന്നെ നടപ്പിലാക്കുന്നതിൽ ബംഗാളിലെ ഇടതുപക്ഷ മുഖ്യധാരാ പാർട്ടി പരാജയപ്പെട്ടിട്ടുണ്ട്. എനിക്കു തോന്നുന്നത് അവർ ഇപ്പോൾ അത് തിരിച്ചറിയുന്നുണ്ടായിരിക്കണം. അശോക് മിത്രയെ കണ്ട് സംസാരിച്ച സമയത്ത് അദ്ദേഹമൊക്കെ അവസാനം സംഭവിച്ച പിഴവുകൾ എടുത്തു പറഞ്ഞിട്ടുണ്ട്.

രണ്ട് കൗതുകകരമായ അനുബന്ധങ്ങൾ പരിശോധിച്ചാൽ നമുക്ക് കാര്യങ്ങൾ മനസിലാവും. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ തൊഴിലാളികൾ വരുന്നത് ബംഗാളിൽ നിന്നാണ്. ഇന്ത്യയിലെ തന്നെ ദരിദ്രവത്കരിക്കപ്പെട്ട ജില്ലകളിലൊന്നാണ് മൂർഷിദാബാദ്. എന്തുകൊണ്ടാണ് ബംഗാളികൾ ഏറ്റവും കൂടുതൽ വരുന്നത്, എന്തുകൊണ്ടാണ് അവിടെ വരുമാനമില്ലാത്തത്? എന്തുകൊണ്ടാണ് അവരിത്രയും ദരിദ്രരാക്കപ്പെട്ടത്? ഇതൊരു അടിസ്ഥാനപരമായ ചോദ്യമാണ്. മറ്റൊന്ന് ഹൗറാ റയിൽവേ സ്‌റ്റേഷനിൽ നിന്നും കേരളത്തിലേക്കോ ചെന്നൈയിലേക്കോ വരുന്ന ട്രെയിനുകളിൽ ധാരാളം രോഗികൾ വരുന്നത് കാണാം. ഞാൻ പറയുന്നത് സൂക്ഷ്മാർത്ഥത്തിൽ നോക്കിയാൽ അവിടുത്തെ ഇൻഫ്രാസ്ട്രക്ചർ എത്രമാത്രം പെരിഫെറൽ ആണെന്നാണ്. ആദ്യഘട്ടത്തിൽ ജ്യോതിബസുവിന്റെ കാലത്ത് കൺസ്ട്രക്ടീവായ പല കാര്യങ്ങളും നടന്നിട്ടുണ്ട്. മറ്റൊന്ന് സോഷ്യൽ മൂല്യങ്ങളിലൊക്കെ അവർ കുറേ മുന്നോട്ടു പോയിട്ടുണ്ട്. അത്ര കമ്മ്യൂണൽ ആയ ഒരു സംസ്ഥാനമല്ല ബംഗാൾ ഇപ്പോഴും. അത് വലിയൊരു കാര്യമാണ്. അത് നിഷേധിച്ചുകൊണ്ടല്ല ഞാൻ പറയുന്നത്.

അവിടുത്തെ മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ നേതാവിനെ ഇന്റർവ്യൂ ചെയ്ത സമയത്ത് അദ്ദേഹം പറഞ്ഞൊരു പോയിന്റ് നിങ്ങൾ കേരളത്തിലെ മുസ്‌ലിം ലീഗുമായി ബംഗാളിലെ മുസ്‌ലിം ലീഗിനെ താരതമ്യം ചെയ്യരുത് എന്നാണ്.

അതേസമയം, നല്ല വൈദ്യ സംവിധാനങ്ങളുടെ അഭാവം ഭയങ്കരമായിട്ട് ബംഗാളിനെ ബാധിച്ചിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട്. ട്രെയിനിൽ ചെന്നൈയിലേക്ക്, അല്ലെങ്കിൽ കേരളത്തിലേക്ക് വരുമ്പോൾ ധാരാളം രോഗികൾ തെക്കേ ഇന്ത്യയിലേക്ക് ചികിത്സയ്ക്കായി വരുന്നത് കണ്ടിട്ടുണ്ട്. അതുതന്നെ അവിടുത്തെ പാവപ്പെട്ടവർക്ക് ഒതുങ്ങുന്ന ഒരു ചികിത്സാ സൗകര്യമോ സംവിധാനമോ പല മേഖലകളിലും ഇല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. ചികിത്സയ്ക്കായി ഒരു ബംഗാളിക്ക് ട്രെയിൻ ടിക്കറ്റെടുത്ത് തെക്കേ ഇന്ത്യയിലേക്ക് വരേണ്ടി വരുന്നു, മറ്റൊന്ന് ജോലിയ്ക്കായി കേരളത്തിലേക്ക് വരേണ്ടി വരുന്നു, ഇത് രണ്ടും കൂടി എടുത്തുവേണം നമ്മൾ അവരുടെ സാമൂഹ്യ പിന്നോക്കാവസ്ഥയെ പരിശോധിക്കാൻ. ആ സമൂഹത്തിലേക്ക്, അല്ലെങ്കിൽ അവരുടെ അസ്വസ്ഥതകളെ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സാന്ത്വനിപ്പിക്കുന്ന ഒരു രാഷ്ട്രീയവുമായിട്ടാണ് മമതാ ബാനർജി വരുന്നത്. അത് നടന്നോ ഇല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യം. സി.പി.ഐ.എം അവരുടെ അധികാര സ്വരൂപം ചില മേഖലകളിൽ എങ്ങനെ കാണിച്ചോ അതൊക്കെ തന്നെയാണ് തൃണമൂലും കാണിക്കുന്നത്. എങ്കിലും ജനത്തിനതൊരു ആൾട്ടർനേറ്റീവ് ഫോഴ്‌സായിട്ട് തോന്നി. അങ്ങനെയാണ് മമത വരുന്നത്. അടിത്തട്ടിൽ, സാധാരണ മനുഷ്യർക്കിടയിൽ ഇത്തരം നിരാശകളുണ്ട്, അവരും പലതരത്തിലുള്ള കെടുതികൾ അനുഭവിക്കുന്ന സമൂഹമാണ്, അവിടെ അടിയന്തരമായി ഇടപെടൽ വേണം എന്നുള്ള തിരിച്ചറിവ് ബംഗാളിലെ ഇടതുപക്ഷത്തിനുണ്ടായില്ല.

ബംഗാളിൽ റിപ്പോർട്ടു ചെയ്യാൻ പോയപ്പോൾ അവിടുത്തെ മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ നേതാവിനെ ഇന്റർവ്യൂ ചെയ്ത സമയത്ത് അദ്ദേഹം പറഞ്ഞൊരു പോയിന്റ് നിങ്ങൾ കേരളത്തിലെ മുസ്‌ലിം ലീഗുമായി ബംഗാളിലെ മുസ്‌ലിം ലീഗിനെ താരതമ്യം ചെയ്യരുത് എന്നാണ്. കാരണം ഞങ്ങൾ വർക്കിങ് ക്ലാസാണ്. പക്ഷേ നിങ്ങളുടെ നാട്ടിൽ അങ്ങനെയല്ല എന്നാണ് പറഞ്ഞത്. അദ്ദേഹം സൂചിപ്പിക്കുന്ന കാര്യം ബംഗാളിലെ മുസ്‌ലീങ്ങളുടെ ജീവിതാവസ്ഥയാണ്. ബംഗാളിൽ എവിടെയുള്ളവരായാലും അവിടുത്തെ മുസ്‌ലീം സമൂഹം അല്ലെങ്കിൽ ദളിത് സമൂഹത്തിന്റെ സാമൂഹ്യാവസ്ഥ വളരെ പിന്നാക്കമായിരുന്നു. അതിനൊരു പരഹാരമുണ്ടാക്കുന്ന രീതിയിലാണ് മമത വളർന്നുവന്നത്.

ബംഗാളിലെ മൂർഷിദാബാദ് ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന മേഖലയാണ്. ഇവിടെ നിന്നും ബംഗ്ലാദേശിലേക്കുള്ള പോക്കുവരവുകൾ നിരന്തരം നടക്കുന്ന കാര്യമാണ്. കാരണം അവരുടെ ജീവിതം അതിർത്തികളിൽ തന്നെയാണ്. ഈ
അതിർത്തികളെ ഭരണകൂടത്തിന്റെ കാഴ്ചയിൽ അല്ലാതെ കണ്ടിരുന്ന ഒരു ജനവിഭാഗമാണ് അവിടെയുണ്ടായിരുന്നത്. ഇതൊരു ഗ്രാമമാണ്. ഗ്രാമത്തിന്റെ അതിർത്തി പുഴയാണ്. പുഴയ്ക്കപ്പുറം ബംഗ്ലാദേശാണ്. ബംഗ്ലാദേശിലെ പത്മാനദിയുടെ കൈവഴിയായ പുഴകളാണ് ഇത്. അവിടെയുള്ള മനുഷ്യരെ സംബന്ധിച്ച് അവർ ഇന്ത്യ ബംഗ്ലാദേശ് എന്നുപറയുന്ന വിഭജനത്തെക്കുറിച്ച് ബോധവാന്മാരല്ല. പുഴയ്ക്കപ്പുറം പോകുക, എന്തെങ്കിലും വാങ്ങുക, തിരിച്ചുവരിക എന്നൊക്കെ പറയുന്ന കൊടുക്കൽ വാങ്ങലുകളിൽ ഏർപ്പെടുന്നവരുമാണ് ഇവർ. അവർക്ക് മൂർഷിദാബാദ് ടൗണിൽ പോയി സാധനം വാങ്ങിക്കൊണ്ടുവരുന്നതിലും എളുപ്പമാണ് ബംഗ്ലാദേശിലേക്ക് പുഴകടന്നുപോയി സാധനവും വാങ്ങി വരുന്നത്. ഇങ്ങനെയുള്ള ജീവിത നൈരന്തര്യമുള്ള സമൂഹമായിട്ട് അവരവിടെ നിലനിന്നു പോകുന്നതാണ്. അവിടെയൊക്കെയാണ് പൗരത്വവും ഐഡിയും രേഖകളുമൊക്കെ കടന്നുവരുന്നത്. ആ അരക്ഷിത ബോധത്തെ ആശ്വസിപ്പിക്കുന്ന തരത്തിൽ അവരോട് സംസാരിക്കാനും പെരുമാറാനുമുള്ള സ്ട്രാറ്റജി മമതയ്ക്ക് ഉണ്ടായി എന്നുള്ളതാണ്. അത് സി.എ.എ വന്നപ്പോൾ ഉണ്ടായതല്ല, മമത കുറേക്കാലമായി അങ്ങനെ തന്നെയാണ്.

മമതയ്‌ക്കെതിരെയുള്ള ബംഗാൾ ബി.ജെ.പിയുടെ ആരോപണം തന്നെ മമത മുസ്‌ലീങ്ങളുടെ പ്രതിനിധിയാണ്, മുസ്‌ലിം വോട്ടുബാങ്കിനെ വളരെ കൃത്യമായി നിലനിർത്തുന്ന ഒരു രാഷ്ട്രീയ നേതാവാണ് എന്നതാണ്. ഇപ്പോൾ കൂടുതൽ മമത പ്രസക്തയാവുന്ന ഒരു സാഹചര്യത്തിലേക്കാണ് ബംഗാൾ രാഷ്ട്രീയം വരുന്നത്.

സിംഗൂർ, നന്ദിഗ്രാം പ്രക്ഷോഭമാണ് വലിയൊരു രാഷ്ട്രീയ മാറ്റത്തിനോ പ്രതിസന്ധിക്കോ കാരണമായിട്ട് നമ്മൾ പലപ്പോഴും വിലയിരുത്തി കാണുന്നത്. അതിനുശേഷം ബംഗാളിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങൾ നമുക്കറിയാം. പ്രധാനമായിട്ടും കർഷക പ്രക്ഷോഭങ്ങളും കർഷക ഭൂമിയേറ്റെടുക്കലുകളും തുടർന്നുള്ള സംഘർഷങ്ങളുമാണ് ബംഗാളിൽ ഉണ്ടായിട്ടുള്ളത്. ഇടതുപക്ഷം ഇത് കൈകാര്യം ചെയ്ത രീതിയിൽ വന്നിട്ടുള്ള പിഴവുകൾ അവരെ നിരാകരിക്കുന്ന രീതിയിലേക്ക് എത്തിച്ചിട്ടുണ്ട്.

വളരെ റിച്ചായിട്ടുള്ള നെൽപ്പാടങ്ങളുള്ള മേഖലകളാണ് സിംഗൂരും നന്ദിഗ്രാമും. ഈ പച്ചപ്പാടങ്ങളുടെ നടുവിലൂടെയാണ് ഇവിടേക്ക് പോകുന്നത്. ഇങ്ങനെയുള്ള സ്ഥലത്ത് സലിം ഗ്രൂപ്പിന്റെ കെമിക്കൽ ഫാക്ടറിക്ക് ഭൂമികൊടുക്കാൻ തീരുമാനിക്കുന്നസമയത്താണ് നന്ദിഗ്രാമിൽ ആ പ്രശ്‌നമുണ്ടാവുന്നത്. ഇപ്പുറത്ത് ടാറ്റയുടെ നാനോ കാറിന്റെ ഫാക്ടറി വരുന്നു. ഈ സംഗതികളെല്ലാം പൊതുവെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഈ സംഗതികളെ പിന്നീട് എങ്ങനെയാണ് മമത രാഷ്ട്രീയമായ നേട്ടത്തിന് ഉപയോഗിച്ചത് എന്നത് വളരെ കൃത്യമായിട്ട് മനസിലാവും. സിംഗൂരിൽ ഈ ഫാക്ടറി വന്നതിന്റെ പരിസരത്തുള്ള ജനങ്ങളെ കുടിയൊഴിപ്പിച്ചിരുന്നു. അതിൽ മാറ്റമൊന്നും വന്നില്ല. കമ്പനി നൽകിയ പ്രദേശത്തേക്ക് അവരെ മാറ്റി. അവിടേക്ക് പോയിരുന്നു. അവിടെ ചെല്ലുമ്പോൾ അവിടെയും ഇതേ അവസ്ഥ തന്നെയാണ്. അവർ കുടിയൊഴിപ്പിക്കപ്പെട്ടു. യാതൊരുവിധ വികസനവുമില്ല. അടിസ്ഥാന സൗകര്യങ്ങളുമില്ല. വെള്ളത്തിന് ബുദ്ധിമുട്ട്. മഴക്കാലം വന്നാൽ ആ കുടിലുകൾ മുഴുവൻ വെള്ളത്തിലാവും. രണ്ട് കുഴൽക്കിണറുകൾ അവർക്കുണ്ട്. അന്ന് കേന്ദ്രസർക്കാറിന്റെ ബി.പി.എൽ റേഷൻ സമ്പ്രദായത്തിൽ സൗജന്യമായിട്ട് അരിയെന്നൊരു പദ്ധതിയുണ്ടായിരുന്നു. കേന്ദ്രസർക്കാറിന്റെ പ്രോജക്ടാണത്. ആ അരി അവർക്ക് കിട്ടിക്കൊണ്ടിരുന്നതാണ്. അത് മമത കൊടുത്തിരുന്നതാണെന്നാണ് അവിടുത്തെ ഗ്രാമത്തിലുളളവർ വിശ്വസിച്ചിരുന്നത്. അവര് നമ്മളോട് പറയുന്നത്, മമതാജി ഞങ്ങൾക്ക് അഞ്ച് കിലോ അരിയെങ്കിലും തരുന്നുണ്ട്, മറ്റവർ അതും തന്നില്ലയെന്നതാണ്.

വികസന അനന്തരം സംഭവിക്കുന്ന കുടിയൊഴിപ്പിക്കലുകൾ, തുടരുമ്പോഴും അതിന്റെ രാഷ്ട്രീയാധികാരം മാറുന്നതിൽ, അതിന്റെയൊരു ബെനിഫിഷറിയായിട്ട് തൃണമൂലിന് മാറാൻ പറ്റി. നന്ദിഗ്രാമിൽ അന്നുണ്ടായിട്ടുള്ള വെടിവെപ്പിനെ തുടർന്ന് അവിടെ നിന്നും പലായനം ചെയ്യപ്പെട്ട, അന്നത്തെ ഭരണ നേതൃത്വത്തിലുണ്ടായിരുന്ന പാർട്ടി അണികൾക്കൊക്കെ പിന്നീട് അവിടേക്ക് തിരിച്ചുവരാൻ പോലും പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. അവിടെ നിന്നും ഏറെ അകലെയായാണ് സി.പി.ഐ.എമ്മിനൊക്കെ കൊടിപോലും വെക്കാൻ പറ്റിയത്. ഹാൽദിയ പോർട്ടുകൾ പോലുള്ള പോർട്ടുകളിൽ ട്രേഡ് യൂണിയനുകൾ കാണിച്ച ഗുണ്ടായിസം ഒരുപരിധിവരെ പാർട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. അതിന് കൃത്യമായ ഉദാഹരണങ്ങൾ അവിടെ പോയാൽ നമുക്ക് കാണാൻ പറ്റും. അവിടെ എന്താണോ സി.പി.ഐ.എമ്മിന്റെ ട്രേഡ് യൂണിയനുകൾ ചെയ്തത് അതേ രീതിയിൽ തന്നെയാണ് തൃണമൂലം ഇപ്പോൾ പ്രവർത്തിക്കുന്നത്. ഡോക്കിൽ കപ്പലുകൾ ചരക്ക് കയറ്റി ഇറക്കുന്ന സമയത്ത് അതിന്റെ ഇത്ര വിഹിതം കമ്മീഷനായി പിടിച്ചുവാങ്ങുന്ന സമ്പ്രദായം അവിടെയുണ്ടായിരുന്നു. ആ പിടിച്ചുവാങ്ങുന്ന സമ്പ്രദായം വീണ്ടും തൃണമൂൽ തുടർന്നു. അത് തുടർന്നപ്പോൾ കൗതുകകരമായ ഒരു സമരം അവിടെ നടന്നു. തൃണമൂലിന്റെ തന്നെ തൊഴിലാളി യൂണിയൻ തൃണമൂൽ നേതാക്കൾക്കെതിരെ അവിടെയൊരു സമരം നടത്തി. കാരണം ഇവർ ഈ സിസ്റ്റം തുടരുകയാണ്. പാർട്ടി മാത്രമേ അവിടെ മാറിയിട്ടുള്ളൂ. സിലുഗിരി കഴിഞ്ഞിട്ടുള്ള മേഖലകൾ ഒഴിച്ചാൽ ബാക്കി മേഖലകളിലെല്ലാം തന്നെ ജില്ലാ നേതൃത്വങ്ങൾ പ്രാദേശിക നേതൃത്വങ്ങൾ അവരുടെ അഴിമതി, ആളുകളോടുള്ള അവരുടെ പെരുമാറ്റം, സമീപനങ്ങൾ, അഹന്ത എന്നിവ ഒരു പരിധിവരെ ആളുകൾക്ക് പാർട്ടിയോട് വിയോജനം ഒക്കെ ഉണ്ടാക്കാൻ കാരണമായിട്ടുണ്ട്. അത് വലിയ എതിർപ്പായി മാറുകയും അതിനൊരു ആൾട്ടർനേറ്റീവായിട്ട് തൃണമൂൽ വരികയും അത് സ്വീകാര്യമാണ് എന്ന് ജനങ്ങൾക്ക് തോന്നാൻ തുടങ്ങുകയും ചെയ്തു.

ഇങ്ങനെയൊരു ഷിഫ്റ്റ് സംഭവിക്കുന്നത് പാർട്ടിക്ക് മനസിലായില്ല. മറ്റൊന്ന് ആ ഒരു ഷിഫ്റ്റ് വളരെ പെട്ടെന്ന് നടന്ന കാര്യമല്ല. അങ്ങനെ ചിന്തിക്കുന്നത് അതിന്റെയൊരു സാമൂഹ്യസാഹചര്യം പരിശോധിക്കാത്തതുകൊണ്ടാണെന്ന് എനിക്കു തോന്നുന്നു. ഈ മാറ്റം മനസിലാക്കിയില്ലയെന്നു മാത്രമല്ല, ഇത്തരത്തിലുള്ള നേതൃത്വത്തിന്റെ പിടിപ്പുകേടുകൾക്കപ്പുറമുള്ള വലിയ രാഷ്ട്രീയ കാഴ്ചപ്പാട് ഇടതുപക്ഷം മുന്നോട്ടുവെക്കുന്നുണ്ട് എന്നുള്ള ഒരു ബോധം ഉണ്ടല്ലോ, ഉദാഹരണത്തിന് കേരളത്തിലെ സാധാരണ ജനങ്ങൾക്കൊക്കെയുള്ള പൊതുബോധമുണ്ടല്ലോ, ആ തരത്തിലുള്ള രാഷ്ട്രീയ സാക്ഷരത അവിടെ ഇടതുപക്ഷത്തെ തന്നെ പിന്തുണച്ചിരുന്ന വോട്ടർമാർക്കുണ്ടായിരുന്നില്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ നേതൃത്വമാണ് പ്രശ്‌നം, അല്ലാതെ ഐഡിയോളജിയല്ല എന്നുള്ള കൺക്ലൂഷനിലേക്ക് അവർ എത്തുമായിരുന്നു. അത് എത്താതെ നേതൃത്വമെന്നാൽ ഐഡിയോളജിയും പാർട്ടിയും എന്നു വിശ്വസിച്ചത് കാരണം കൂടിയാണ് ബംഗാളിൽ ഉണ്ടായിട്ടുള്ള രാഷ്ട്രീയ അട്ടിമറി.

33 വർഷത്തെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രം അവിടെ നിൽക്കുമ്പോഴും ബംഗാളിൽ മമതയ്ക്ക് മുമ്പും ശേഷവും എന്ന് പരിശോധിക്കുന്നത് വളരെ കൗതുകകരമായിരിക്കും. കാരണം, മമതയ്ക്കുശേഷം മമത വേറെ തരത്തിലുള്ള കൾട്ടായി മാറുന്നു. എങ്ങനെയാണ് ന്യൂനപക്ഷ വോട്ടിനെ ഗ്രാബ് ചെയ്യുന്നത് എന്നുള്ള ഒരു സ്ട്രാറ്റജി അവർ വർക്കൗട്ട് ചെയ്യുന്നു. ഒരർത്ഥത്തിൽ ബംഗാളിൽ ഇപ്പോൾ സംഘപരിവാർ ശക്തമായതിന്റെ കാരണം മമതയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം, ഇടതുപക്ഷത്തെക്കുറിച്ചുള്ള വളരെ കൺസ്ട്രക്ടീവായ വിമർശനങ്ങൾ നമ്മൾ ബംഗാളിൽ ഉന്നയിച്ചാലും ശരി, മമതയ്ക്കു മുമ്പുവരെ ബംഗാൾ എന്നു പറയുന്നത്, യു.പി പോലെയോ ബീഹാർ പോലെയോ ഹരിയാന പോലെയോ ജാതീയമായ ഒരു വിഘടിതരൂപത്തിലായിരുന്നില്ല. അത്തരത്തിലുള്ള ജാതി ചിന്ത അവിടെ വികസിച്ചിരുന്നില്ല. കുറച്ചൊരു ബ്രാഹ്മണിക്കൽ സ്വഭാവമുള്ള ആൾക്കാരും അത്തരം സമീപനങ്ങളുമൊക്കെയുണ്ടെങ്കിലും പൊതുവിൽ ബംഗാളി സമൂഹം യു.പി പോലെയൊന്നും ജാതീയമായി വിഘടിക്കപ്പെട്ടിരുന്നില്ല. ആ വിഘടനത്തിലേക്കു കൂടി ഇപ്പോൾ ബംഗാൾ എത്തുന്നത്, സംഘപരിവാർ അവിടെ ശക്തിപ്പെടുന്നത് മമത മുസ്‌ലിം വോട്ടുബാങ്കുകളെ പ്രീണിപ്പിക്കുന്നുവെന്ന വാദമുയർത്തിക്കൊണ്ടാണ്. ഈ വാദം ഉയർത്തുന്തോറും ബംഗാൾ കൂടുതൽ വിഘടിപ്പിക്കപ്പെടുകയും വോട്ടുകൾ ധ്രുവീകരിക്കുന്നതിലേക്ക് ബി.ജെ.പി വളരെ വിജയകരമായി കടന്നുവരികയും ചെയ്തു. അപ്പുറം മുസ്‌ലിം വോട്ടുബാങ്കിന്റെ കേന്ദ്രീകൃത രൂപമായിട്ട് മമതാ ബാനർജി മാറി.

സി.എ.എ പോലുള്ള പ്രതിഷേധം വരുന്ന സമയത്ത് മമത ശക്തമായ നിലപാടുമായി നിലനിൽക്കുകയും ചെയ്യുന്നത് വളരെയധികം പൊളിറ്റിക്കൽ സിഗ്നിഫിക്കൻസ് ഉള്ള കാര്യം തന്നെയാണ്. അതേ സമയം അതിനെ മറ്റൊരു രാഷ്ട്രീയ ആയുധമാക്കാനുള്ള തന്ത്രം സംഘപരിവാർ നടത്തുകയും അതിലവർ കുറേയൊക്കെ വിജയിച്ചുവരുന്നു എന്നുള്ളതാണ് 2010നുശേഷമുള്ള ബംഗാളിന്റെ രാഷ്ട്രീയം.

25-30 വർഷങ്ങൾകൊണ്ട് സംഭവിച്ചിട്ടുള്ള ഒരു രാഷ്ട്രീയ സാമൂഹിക മാറ്റം, അതിന്റെ സൂക്ഷ്മാർത്ഥത്തിലേക്കുള്ള വിശകലനത്തിലേക്ക് വിവിധ രാഷ്ട്രീയ പാർട്ടികൾ വേണ്ടത്ര കടന്നുവരുന്നില്ലെങ്കിൽ സംഭവിക്കാവുന്ന ഒരു സ്ട്രക്ചറൽ ചെയ്ഞ്ചാണ് ഇപ്പോൾ ബംഗാളിൽ നടന്നിട്ടുള്ളത്. അത് ഇടതുപക്ഷത്തിന്റെ വീഴ്ച തന്നെയാണ്. ആ വീഴ്ചയുടെ ഏറ്റവും വലിയ അപകടം കമ്മ്യൂണൽ ആയിട്ടുള്ള ഫോഴ്‌സസാണ്.

ഇതിനു രണ്ടിനുമിടയിൽ സത്യത്തിൽ നിഷ്‌കാസിതമായി പോയത് നമ്മൾ എത്രയോ കണ്ടിട്ടുള്ള ബംഗാളിലെ ഇടതുപക്ഷമാണ്. ഇടതുപക്ഷത്തെയാണ് അവിടെ കാണാതാവുന്നത്.

വിദ്യാഭ്യാസപരമായി കുറേക്കൂടി മെച്ചപ്പെട്ട സമൂഹമാണ് ബംഗാൾ. ജാതിഘടനയും ജാതി ചിന്തയും ശക്തമായ രീതിയിൽ നിർണയിച്ചുള്ള ഘടനയല്ലെങ്കിൽ പോലും രണ്ടു ക്ലാസുകൾ തമ്മിലുള്ള വിഭജനമോ മാറ്റമോ അവിടെ പണ്ടുമുതലേയുണ്ട്. അപ്പർകാസ്റ്റ് വിഭാഗങ്ങളുടെ പ്രതിനിധികളോ മക്കളോ പരമ്പരകളോ ആണ് ബംഗാളിൽ വളരെയധികം സംഭാവന നൽകിയ എഴുത്തുകാരായാലും സിനിമാ മേഖലയിലുള്ളവരായാലും സാംസ്‌കാരിക പ്രവർത്തകരായാലും സാമ്പത്തിക വിദഗ്ധരായാലും. ഇന്ത്യയുടെ കൾച്ചറൽ സ്പിയറിൽ വലിയ സംഭാവന നൽകിയിട്ടുള്ള സമൂഹമാണ് ബംഗാൾ. പക്ഷേ അവരുടെ തന്നെ വർക്കിങ് ക്ലാസിന്റെ ജീവിതം അന്വേഷിച്ച് പോയാൽ അതിന്റെയൊന്നും മാറ്റം അവരിലേക്ക് എത്തിയിട്ടില്ലയെന്നു കാണാൻ കഴിയും.

കേരളത്തിലെ പോലെ ഓരോ വായനശാലകളിലും മറ്റും വായനയുടെയും സാംസ്‌കാരികതയുടെയുമായിട്ടുള്ള മാറ്റം ബംഗാളിലെ ഗ്രാമത്തിലേക്ക് എത്തിക്കുന്നതിൽ അവിടുത്തെ പാർട്ടികളും അവിടുത്തെ മൂവ്‌മെന്റുകളും പരാജയപ്പെട്ടിട്ടുണ്ട്. മറ്റൊരു കാരണം ഭൂപരിഷ്‌കരണം ഒരു ഘട്ടം കഴിഞ്ഞപ്പോൾ അടുത്തൊരു ഘട്ടം നടപ്പാക്കുന്നതിൽ അവർക്കു സംഭവിച്ചിട്ടുള്ള പാളിച്ചയാണ്. അത് ജ്യോതിബസുവും അശോക് മിത്രയുമൊക്കെ പറഞ്ഞിട്ടുള്ള കാര്യമാണ്. ഇത്തരത്തിലുള്ള പാളിച്ചകളിലേക്കാണ് കൂടുതൽ ഭൂമിയേറ്റെടുക്കലുമായിട്ട് പിന്നീട് ബുദ്ധദേവിന്റെ സർക്കാർ വരുന്നത്. ആ ഒരു സ്ഥിതി വരുമ്പോഴേക്കും വലിയ തോതിലുള്ള സമരങ്ങൾ വരുന്നു, അതിനെ രാഷ്ട്രീയമായിട്ട് മുതലെടുക്കുന്നുവെന്ന് വേണമെങ്കിൽ പറയാവുന്ന മറ്റ് ഫോഴ്‌സുകൾ വരുന്നു. സ്വാഭാവികമായിട്ടും അതിലേക്ക് ആളുകൾ തിരിയുകയാണുണ്ടായത്. ഇതാണ് ബംഗാളിൽ സംഭവിച്ചത്.

ബംഗാളിൽ സി.എ.എ പ്രതിഷേധം നടക്കുമ്പോൾ എനിക്കു തോന്നുന്നത് ഇപ്പോഴും അവിടുത്തെ സാധാരണ ജനങ്ങൾ, അല്ലെങ്കിൽ അവിടുത്തെ പാവപ്പെട്ടവർ അവരുടെ ആശ്രയമായിട്ടാണ് തൃണമൂലിനെ കാണുന്നത് എന്നാണ്. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള വിഭാഗങ്ങൾ. അതിനുള്ള ആൾട്ടർനേറ്റീവ് ഫോഴ്‌സായിട്ട് പുറത്തൊരു ഹിന്ദുത്വ ഫോഴ്‌സ് നിലനിൽക്കുകയും ചെയ്യുന്നു. ഇതിനു രണ്ടിനുമിടയിൽ സത്യത്തിൽ നിഷ്‌കാസിതമായി പോയത് നമ്മൾ എത്രയോ കണ്ടിട്ടുള്ള ബംഗാളിലെ ഇടതുപക്ഷമാണ്. ഇടതുപക്ഷത്തെയാണ് അവിടെ കാണാതാവുന്നത്. പക്ഷേ ചില മേഖലകളിൽ അനുഭാവികളുടെ വലിയ ലോകം നിലനിൽക്കുന്നുണ്ട്. പക്ഷേ അതിനെ കളക്ടീവ് ഫോഴ്‌സും കളക്ടീവ് പ്രൊട്ടസ്റ്റുമായി മാറ്റുന്നതിൽ പലപ്പോഴും പരാജയപ്പെട്ടു പോകുന്നുവെന്നതാണ് എനിക്കു തോന്നിയിട്ടുള്ള ഒരു അനുഭവം.


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments