ബി. രാജീവനും ജീവിതപങ്കാളി സാവിത്രിയും

സാവിത്രിയോടൊപ്പം
ബി. രാജീവന്റെ ഒരു മാസത്തെ
ഹൗസ് അറസ്റ്റ്,
പാളിപ്പോയ പൊലീസ് തന്ത്രം

പൊലീസ് പ്രതീക്ഷിച്ചപോലെ തന്നെ കെ. വേണു രാജീവനെ കാണാൻ വീട്ടിലെത്തി. എന്നാൽ പിന്നീടെന്തു സംഭവിച്ചു? അക്കാര്യം വെളിപ്പെടുത്തുകയാണ്, ട്രൂകോപ്പി വെബ്സീന് നൽകിയ അഭിമുഖത്തിൽ, ബി. രാജീവൻ.

News Desk

ടിയന്തരാവസ്ഥാക്കാലത്ത് നടന്ന കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണത്തിനുതൊട്ടുപുറകേ, അന്ന് മലപ്പുറം ഗവ. കോളേജ് അധ്യാപകനായിരുന്ന ബി. രാജീവനെ പൊലീസ് വീട്ടുതടങ്കലിലാക്കിയത് എന്തിനായിരുന്നു. അതൊരു പൊലീസ് തന്ത്രമായിരുന്നു. രാജീവനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ കെ. വേണു എത്തുമെന്ന പ്രതീക്ഷയിലാണ് രാജീവനെ ജീവിതപങ്കാളിയും ഗവ. കോളേജ് വിദ്യാർത്ഥിനിയുമായിരുന്ന സാവിത്രിയോടൊപ്പം ഒരു മാസത്തോളം പൊലീസ് വീട്ടുതടങ്കലിലാക്കിയത്. പൊലീസ് പ്രതീക്ഷിച്ചപോലെ തന്നെ കെ. വേണു രാജീവനെ കാണാൻ വീട്ടിലെത്തി. എന്നാൽ പിന്നീടെന്തു സംഭവിച്ചു? അക്കാര്യം വെളിപ്പെടുത്തുകയാണ്, ട്രൂകോപ്പി വെബ്സീന് നൽകിയ അഭിമുഖത്തിൽ, ബി. രാജീവൻ.

അഭിമുഖത്തിൽനിന്ന്:

ഒരു ദിവസം കെ. വേണു, മെഡിക്കല്‍ കോളേജിലെ ഒരു വിദ്യാര്‍ഥിയുമായി ഞങ്ങളുടെ വീട്ടിലേക്കു വന്നു. കായണ്ണ പൊലീസ് സ്‌റ്റേഷനാക്രമണം കഴിഞ്ഞ്, പൊലീസില്‍നിന്ന് രക്ഷപ്പെട്ട് വരുന്ന വഴിയായിരുന്നു. വേണുവിന് തലയില്‍ മുറിവുണ്ട്. അത് വെച്ചുകെട്ടാനാണ് മെഡിക്കൽ വിദ്യാര്‍ഥി കൂടെ വന്നത്. ഈ സുഹൃത്തിനൊപ്പം ഊടുവഴികളിലൂടെ നടന്നാണ് വേണു കായണ്ണയിൽ നിന്ന് മലപ്പുറത്തേക്ക് വന്നത്. പത്രങ്ങളിൽ വാർത്തകൾ സെൻസർ ചെയ്യപ്പെട്ടിരുന്നതിനാൽ സ്റ്റേഷൻ ആക്രമണം ജനങ്ങൾ അറിഞ്ഞിരുന്നില്ല.എങ്കിലും അടിയന്തരാവസ്ഥ ആയതിനാൽ കേരളാ പോലീസിന് ഏറ്റ ഒരടിയായിരുന്നു അത്. ആക്ഷന്റെ രാഷ്ട്രീയപ്രാധാന്യം ജനങ്ങളെ അറിയിക്കണം എന്ന ഉദ്ദേശ്യത്തോടെ വേണുവും കൂട്ടരും സൈക്ലോസ്‌റ്റൈല്‍ മെഷീന്‍ സംഘടിപ്പിച്ച് ഈ വിവരം അച്ചടിച്ച് പ്രചരിപ്പിക്കാൻ തീരുമാനിച്ചു. പാര്‍ട്ടിയുടെ വകയായി കോഴിക്കോട്ടുള്ള സൈക്ലോസ്‌റ്റൈല്‍ മെഷീന്‍ എടുക്കാൻ മെഡിക്കല്‍ വിദ്യാര്‍ഥിയെ വേണു പറഞ്ഞയച്ചു. അദ്ദേഹത്തെ സഹായിക്കാന്‍ കോളേജില്‍ എന്റെ വിദ്യാര്‍ഥിയായിരുന്ന അച്ചു ഉള്ളാട്ടിലിനേയും ഞാൻ കൂട്ടിനായി അയച്ചു.

കായണ്ണ പൊലീസ് സ്‌റ്റേഷനാക്രമണം കഴിഞ്ഞ് ജയറാം പടിക്കലിന്റെ നേതൃത്വത്തിൽ പൊലീസ് നാട് അരിച്ചുപെറുക്കുന്ന സമയാണ്. കൈയില്‍ കിട്ടിയവരെയെല്ലാം പൊലീസ് ക്രൂരമായി പീഡിപ്പിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്തുകൊണ്ടിരുന്നു. അക്കൂട്ടത്തില്‍ കോഴിക്കോട് സൈക്ലോസ്‌റ്റൈല്‍ മെഷീനുള്ള സ്ഥലത്തെക്കുറിച്ച് പൊലീസിന് വിവരം കിട്ടി. മലപ്പുറത്തുനിന്ന് രണ്ടുപേരും മെഷീന്‍ എടുക്കാനെത്തുന്ന സമയത്ത് ഈ സ്ഥലം മഫ്തി പൊലീസ് വളഞ്ഞിരിക്കുകയായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥി പൊലീസ് പിടിയിലായി.

തിരിച്ചുവരാനുള്ള സമയം കഴിഞ്ഞിട്ടും ഇയാളെ കാണാതായപ്പോള്‍ വേണുവിന് സംഗതി പിടികിട്ടി, ഉടൻ എന്റെ വീട്ടിൽനിന്ന് പോകുകയും ചെയ്തു. മര്‍ദ്ദനം സഹിക്കവയ്യാതെ മെഡിക്കല്‍ വിദ്യാര്‍ഥിക്ക് വേണു എവിടെയാണുള്ളത് എന്ന വിവരം വെളിപ്പെടുത്തേണ്ടിവന്നു. പൊലീസിനെ സംബന്ധിച്ച് ആ വിവരം വലിയ നേട്ടമായിരുന്നു. കാരണം പൊലീസ് സ്‌റ്റേഷന്‍ ആക്രമണം കരുണാകരന്റെ ആഭ്യന്തര വകുപ്പിനേറ്റ വലിയൊരു അടിയായിട്ടാണ് ജയറാം പടിക്കലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സേന മുഴുവന്‍ കരുതിയിരുന്നത്. വേണുവിനെ കണ്ടെത്തുക എന്നത് അതുകൊണ്ടുതന്നെ ഏറെ പ്രധാനമായിരുന്നു പൊലീസിന്.

ജയറാം പടിക്കലും ലക്ഷ്മണയും മുരളീകൃഷ്ണദാസും പുലിക്കോടന്‍ നാരായണനും അടങ്ങുന്ന വലിയൊരു പൊലീസ് സംഘം വേണുവിനെ പിടിക്കാന്‍ അന്ന് സന്ധ്യയോടെ എന്റെ വീട്ടിലെത്തി. അവര്‍ വീട് വളഞ്ഞു. മുന്‍വാതിലിലൂടെ പൊലീസുകാർ അകത്തേക്ക് ഇരച്ചുകയറി. എല്ലാ മുറികളിലും തെരഞ്ഞു. വേണു ഇല്ല എന്നറിഞ്ഞതോടെ ആകെ നിരാശരായി.

കെ.  വേണു
കെ. വേണു

ഞാനും സാവിത്രിയും മാത്രമാണ് വീട്ടിൽ. വേണു എവിടെ എന്നു ചോദിച്ച് ഒരു പൊലീസുകാരന്‍ എന്റെ കുത്തിനുപിടിച്ചു. പൊലീസിന്റെ വരവ് അപ്രതീക്ഷിതമായതിനാല്‍ 'ഏത് വേണു' എന്നാണ് ഞാന്‍ ചോദിച്ചത്. ഞാന്‍ അവരുമായി സഹകരിക്കില്ല എന്ന് അപ്പോൾ തന്നെ അവർക്ക് മനസ്സിലായി. എന്നെ പുറത്തേക്ക് കൊണ്ടുപോകാനൊരുങ്ങി. അപ്പോള്‍ മുരളീകൃഷ്ണദാസ് പറഞ്ഞു, അയാളൊരു ഷര്‍ട്ട് ഇടട്ടെ എന്ന്. സാവിത്രി കൊണ്ടുതന്ന ഷര്‍ട്ടിട്ട് എന്നെ പുറത്തേക്ക് കൊണ്ടുപോയി.
‘എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നു പറയണം, ഞാന്‍ ഒറ്റയ്ക്കാണ് വീട്ടിൽ’ എന്ന് സാവിത്രി പൊലീസിനോട് പറഞ്ഞു. അപ്പോൾ ജയറാം പടിക്കല്‍ മുന്നോട്ടുവന്ന് സാവിത്രിയോട് വളരെ ശാന്തമായി പറഞ്ഞു (അത് ജയറാം പടിക്കലായിരുന്നു എന്ന് പിന്നീടാണ് അറിയുന്നത്); ‘ഇപ്പോള്‍ ഇവിടെനിന്ന് രക്ഷപ്പെട്ടുപോയ ആള്‍ ആരാണെന്ന് അറിയാമോ? അയാള്‍ ഒരു കൊടും ഭീകരനാണ്. അയാള്‍ നക്‌സലൈറ്റ് നേതാവാണ്. അയാളുടെ പേര് അറിയാമോ?’
സാവിത്രിക്ക് അറിയാവുന്നത് വേണുവിന്റെ ഒളിവിലെ പേരാണ്, അശോകന്‍.
'അശോകനാണ് വന്നത്' എന്ന് സാവിത്രി പറഞ്ഞു.
'അശോകനല്ല, കുട്ടിയെ തെറ്റിധരിപ്പിച്ചതാണ്, അത് നക്‌സലൈറ്റ് നേതാവ് കെ. വേണുവാണ്, അയാളെ ഒളിപ്പിച്ചുവച്ചതിനാലാണ് ഇയാളെ കൊണ്ടുപോകുന്നത്’ എന്നു പറഞ്ഞ് എന്നെ ജീപ്പിലേക്ക് ബലമായി കയറ്റി. അടുത്ത ഒരു പോയിന്റില്‍ വേണുവിനെ കാണാമെന്ന പ്രതീക്ഷ എന്നെ കൊണ്ടുപോകുമ്പോൾ പോലീസിനുണ്ടായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥിയില്‍നിന്ന് അങ്ങനെയൊരു സൂചന കിട്ടിയിരുന്നു. അത് അങ്ങാടിപ്പുറമാണ്. അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ വീട്ടില്‍ വേണു ഉണ്ടാകും എന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടൽ. അതുകൊണ്ട് എന്നെയും കൊണ്ട് ബാലകൃഷ്ണന്റെ വീട്ടിലേക്കാണ് പോയത്.

ജീപ്പില്‍ തൊട്ടടുത്തിരിക്കുന്നത് ലക്ഷ്മണയാണ്. എന്നോട് പലതും ചോദിക്കുന്നുണ്ട്. പൊലീസ് എന്തൊക്കെയായിരിക്കും ചോദിക്കുക, എന്ത് മറുപടി പറയണം എന്നെല്ലാം ആലോചിച്ചാണ് ഞാനിരിക്കുന്നത്. ബാലകൃഷ്ണന്റെ വീട്ടിൽ വേണുവിനെ കണ്ടെത്താനായില്ല. ആകെ പിടികൂടാനായത് എന്നെ മാത്രം. ആ നിരാശ മുഴുവന്‍ പൊലീസ് എന്റെ മേലാണ് പ്രയോഗിച്ചത്.

മലപ്പുറത്ത് മേല്‍മുറി എന്ന സ്ഥലത്ത് വലിയ വീട് വാടകക്കെടുത്ത് പോലീസ് ടോര്‍ച്ചര്‍ ക്യാമ്പ് ആരംഭിച്ചിരുന്നു. അവിടേക്കാണ് എന്നെ കൊണ്ടുപോയത്. അവിടെ പല മുറികളിലും നിരവധിപേരെ മര്‍ദ്ദിച്ച് അവശരാക്കിയിട്ടിരിക്കുന്നതായി കണ്ടു. അവിടെ വേണുവിന്റെ കൂടെ വന്ന മെഡിക്കല്‍ വിദ്യാര്‍ഥിയുമുണ്ടായിരുന്നു. മർദ്ദിച്ച് അവശനാക്കി അയാളെ കെട്ടിപ്പൊതിഞ്ഞ നിലയിലാണ് കണ്ടത്.

എന്നെ വിവസ്ത്രനാക്കി, അണ്ടര്‍വെയര്‍ മാത്രമിട്ട് താഴെയിരുത്തി. ഓഫീസര്‍മാരെല്ലാം വട്ടത്തില്‍ കസേരയിട്ട് ചുറ്റുമിരുന്നു. ഞാന്‍ ശക്തി ചോരാതെയാണ് ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തുടങ്ങിയത്. വേണുവുമായുള്ള സൗഹൃദത്തെക്കുറിച്ച് പറഞ്ഞു. സ്‌റ്റേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ട രാഷ്ട്രീയബന്ധമല്ല വേണുവുമായിട്ടുള്ളത് എന്ന് സമര്‍ഥിക്കാനും ശ്രമിച്ചു. എന്റെ ധൈര്യം ചോര്‍ന്നുപോയിട്ടില്ല എന്ന് അവര്‍ക്ക് തോന്നി. അപ്പോൾ പുറകില്‍നിന്ന്, പുലിക്കോടനാണെന്നു തോന്നുന്നു, മുടിയില്‍ പിടിച്ച് പൊക്കി എഴുന്നേല്‍പ്പിച്ചു. മുടി പറിഞ്ഞുപോകുന്നുമുണ്ട്. എന്നെ തല്ലാന്‍ തുടങ്ങി. പുലിക്കോടന്‍ നെഞ്ചില്‍ ആഞ്ഞിടിക്കുന്നു, കരണത്തടിക്കുന്നു. തല്ലിനുശേഷം വീണ്ടും താഴെയിരുത്തുന്നു, വീണ്ടും ചോദ്യം ചെയ്യുന്നു. കുറെ സമയം ചോദ്യം ചെയ്തിട്ടും ഞാൻ പഴയ മറുപടികള്‍ തന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

അപ്പോൾ എന്നെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ ബെഞ്ചില്‍ ഒരാളെ മലര്‍ത്തിക്കിടത്തി, കൈകാലുകള്‍ ബെഞ്ചിന്റെ അടിയിലേക്ക് വളച്ചുകെട്ടി, ഉരുട്ടിയിട്ടിരിക്കുന്നതുകണ്ടു. ഉലക്ക പോലുള്ള ഒന്ന് അയാളുടെ കാലില്‍ വെച്ചിട്ടുണ്ട്. തുണി വായില്‍തിരുകിയിരിക്കുന്നു. എനിക്ക് ഉരുട്ടല്‍ കാണിച്ചുതരികയാണ്. ‘നിന്നെ ഇതുപോലെ ഉരുട്ടാന്‍ പോകുകയാണ്’ എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. എന്നാല്‍, എന്നെ ഉരുട്ടിയില്ല.

ഒടുവിൽ പൊലീസ് ഓഫീസര്‍മാര്‍ കൂടിയാലോചനയായി. വേണുവിനെ പിടിക്കാനുള്ള ഇരയായി എന്നെ ഉപയോഗിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി എന്നെ വീട്ടില്‍ തിരിച്ചുകൊണ്ടാക്കി. നേരം വെളുക്കാറായിരുന്നു. ഒരു സി.ഐയും രണ്ട് പൊലീസുകാരും അടങ്ങുന്ന സംഘം വീടിന്റെ മുന്നിലുള്ള ഓഫീസ് മുറിയിലിരുന്നു, വേണു എന്നെങ്കിലും തിരിച്ചുവരും, അപ്പോള്‍ പിടിക്കാം എന്ന പ്രതീക്ഷയില്‍. എന്നെയും സാവിത്രിയെയും അകത്താക്കി വാതിലടച്ചു. അങ്ങനെ എന്റെ വീട്ടുതടങ്കല്‍ ആരംഭിച്ചു. പൊലീസുകാര്‍ തന്നെ എന്റെ കൈയില്‍നിന്ന് കോളേജിലേക്കുള്ള ലീവ് ലെറ്റര്‍ എഴുതിവാങ്ങി.

ജയറാം പടിക്കല്‍
ജയറാം പടിക്കല്‍

എന്റെ വീട്ടുതടങ്കൽ പൊലീസ് രഹസ്യമായി വച്ചിരിക്കുകയായിരുന്നു. എന്നാല്‍, അയല്‍ക്കാരില്‍നിന്ന് ഈ വിവരം എങ്ങനെയോ പുറത്തറിഞ്ഞു. കാരണം, എന്നെ പിടിക്കാന്‍ വന്ന സമയം അയല്‍പക്കത്തെ വീടുകളിലും വേണുവിനെ തെരഞ്ഞ് പൊലീസ് കയറിയിരുന്നു. വിവരം കോളേജിലെത്തിയപ്പോൾ വിദ്യാര്‍ഥികള്‍ കൂട്ടമായി വരാൻ തുടങ്ങി. അവർ വീടിനുചുറ്റും നില്‍ക്കാന്‍ തുടങ്ങി.

സാവിത്രി അന്ന് വിദ്യാർത്ഥിയാണ്. കൂട്ടുകാരികൾ വരുമ്പോൾ അവരെ പൊലീസ് വീട്ടിലേക്ക് കയറ്റിവിടും. അവരായിരുന്നു ആകെയുള്ള സന്ദര്‍ശകര്‍. അവരുടെ കൈയില്‍ അച്ചുവിനും മറ്റും കത്തുകള്‍ കൊടുത്തയച്ച് വിവരം അറിഞ്ഞുകൊണ്ടിരുന്നു. ഒരു മാസത്തോളം ഞങ്ങള്‍ വീട്ടുതടങ്കലിലായിരുന്നു. പൊലീസുകാരാണ് വീട്ടുസാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരിക.

ഒരു ദിവസം സി.ഐ ഭക്ഷണം കഴിക്കാന്‍ പോയ സമയം. പൊലീസുകാര്‍ ചീട്ടുകളിക്കുകയാണ്. അപ്പോഴാണ്, പൊലീസുണ്ടെന്നറിയാതെ, പൊലീസ് സങ്കല്‍പ്പിച്ചതുപോലെതന്നെ, വേണു കയറിവന്നത്. വേണു വരുമെന്ന് ഞങ്ങളോട് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, എങ്ങനെ രക്ഷിക്കണമെന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല. വേണു വന്നുകയറിയപ്പോള്‍ തന്നെ പൊലീസുകാര്‍ പരിഭ്രമിച്ചു, ആരാണെന്നറിയാതെ. പൊലീസുകാരെ കണ്ടപ്പോൾ വേണുവിന് സംശയം തോന്നി, വളരെ വേഗത്തിൽ, വന്നപോലെ തിരിഞ്ഞു നടന്നുപോവുകയും ചെയ്തു. അപ്പോള്‍ തന്നെ പൊലീസുകാര്‍ സാവിത്രിയെ വിളിച്ച്, വന്നത് ആരാണ് എന്നുചോദിച്ചു. അറിയില്ല എന്ന് സാവിത്രി പറഞ്ഞു.

അടിയന്തരാവസ്ഥ ഒരു സാംസ്കാരിക ​പ്രതിപക്ഷത്തെ സൃഷ്ടിച്ചിരുന്നു,
അതിനുശേഷമോ?

അഭിമുഖത്തിന്റെ പൂർണ രൂപം വായിക്കാം
ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 235

Comments