നേരത്തെ തന്നെ സമയവും തീയ്യതിയും തീരുമാനിച്ച് ക്ഷണിച്ച ഒരു അക്കാദമിക് പരിപാടിയിൽ നിന്ന്, മുതിർന്ന മാധ്യമപ്രവർത്തകനും കാരവൻ മാഗസിൻ മുൻ എഡിറ്ററുമായ വിനോദ് കെ. ജോസിനെ ഒഴിവാക്കിയ പാലാ സെൻറ് തോമസ് കോളേജിൻെറ നിലപാട് ചർച്ചയായിരിക്കുകയാണ്. കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം ഫെബ്രുവരി അഞ്ചിന് തീരുമാനിച്ച ടി.എസ് തോമസ് എൻഡോവ്മെൻറ് പ്രഭാഷണത്തിനാണ് വിനോദ് കെ. ജോസിനെ ക്ഷണിച്ചിരുന്നത്. ഏകദേശം രണ്ട് മാസം മുമ്പ് തന്നെ തീരുമാനിച്ച പരിപാടിയിൽ നിന്ന് ഒടുവിൽ വിവാദ വ്യക്തിയായതിനാൽ പരിപാടിയിൽ നിന്ന് ഒഴിവാക്കുകയെന്ന ഒരൊറ്റ വാചകത്തിലുള്ള മറുപടിയാണ് കോളേജിൻെറ ഭാഗത്ത് നിന്ന് വിനോദിന് ലഭിച്ചത്. ഒഴിവാക്കിയതിനുള്ള യഥാർത്ഥ കാരണം എന്തെന്ന് കോളേജ് അധികൃതർ വ്യക്തമാക്കിയില്ല. ഇത് സംബന്ധിച്ച കാര്യങ്ങൾ അദ്ദേഹം വിശദമായി നേരത്തെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.
"കേരളത്തിലെ ഏറ്റവും പഴക്കമുള്ള കോളേജുകളിൽ ഒന്നായ പാലായിലെ സെൻ്റ് തോമസ് കോളേജ്, മുൻ അധ്യാപകൻ്റെ പേരിൽ നടത്തുന്ന വാർഷിക ടി.സി. തോമസ് എൻഡോവ്‌മെൻ്റ് ലെക്ചർ പരിപാടിയിലേക്കാണ് ക്ഷണം ലഭിച്ചത്. ഫെബ്രുവരി അഞ്ചിനായിരുന്നു പ്രഭാഷണം തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ന് ലഭിച്ച സന്ദേശത്തിൽ ഞാൻ ഒരു “വിവാദ വ്യക്തി” ആണെന്നും അതിനാൽ മാനേജ്മെൻ്റിനും പ്രിൻസിപ്പലിനും താൻ ക്യാംപസിൽ വരുന്നതിൽ താൽപ്പര്യമില്ലെന്നും അറിയിച്ചുവെന്നാണ്, വിനോദ് കെ. ജോസ് ഫേസ്ബുക്കിൽ കുറിച്ചത്. നമ്മൾ ജീവിക്കുന്നത് വിചിത്രമായ കാലത്തിലാണെന്ന് ബോധ്യപ്പെടുകയാണ്. കത്തോലിക്കാ രൂപതയുടെ നിയന്ത്രണത്തിലുള്ള കോളേജാണ് പാലാ സെന്റ് തോമസ്. കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിലെ ഒരു വിഭാഗമെങ്കിലും പ്രസക്തവും സുതാര്യവുമായ ചർച്ചകൾ ഇല്ലാതാക്കുക എന്ന ആർഎസ്‌എസ്-ബിജെപി അജണ്ടയ്ക്ക് കൂട്ടുനിൽക്കുകയാണ്. കേരളത്തിൽ വലതുപക്ഷ ഹിന്ദുത്വ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുകയാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ ജനാധിപത്യ സംവാദങ്ങളുടെ ഇടങ്ങൾ ഇല്ലാതാവുന്നതിൻെറ വ്യക്തമായ ഉദാഹരണമാണ് തനിക്കുണ്ടായ അനുഭവമെന്ന് ട്രൂകോപ്പി തിങ്കിനോട് സംസാരിക്കവേ വിനോദ് കെ. ജോസ് പറഞ്ഞു.
“നിലപാടെടുക്കുന്ന മാധ്യമപ്രവർത്തകർക്കും അഭിഭാഷകർക്കും രാഷ്ട്രീയപ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും ബുദ്ധിജീവികൾക്കുമൊക്കെ ഇത്തരത്തിലുള്ള ഒഴിവാക്കലുകൾ നേരിടേണ്ടി വരാറുണ്ട്. അവർക്ക് ഇത്തരം ഇടങ്ങളിൽ അവസരമുണ്ടാവില്ല എന്ന പരോക്ഷമായ സൂചനയാണ് ഇതിലൂടെ നൽകുന്നത്. കേരളത്തിലെ ക്യാമ്പസുകൾ എക്കാലത്തും ആളുകളെ രാഷ്ട്രീയമായും സാമൂഹ്യമായും ഉദ്ബോധിപ്പിക്കാറുള്ളതാണ്. വലിയ രാഷ്ട്രീയ ചർച്ചകൾ ക്യാമ്പസുകളിൽ നടക്കാറുള്ളതാണ്. ആ ഒരു സംസ്കാരത്തിന് ഇടിവ് സംഭവിക്കുന്നുണ്ടോയെന്ന് സംശയമുണ്ട്,” അദ്ദേഹം പറഞ്ഞു.
Read: സമൂഹ്യമാധ്യമങ്ങളിൽ നിന്ന് വിട്ടു,
ഇപ്പോൾ ആത്മസുഖത്തോടെ ജീവിക്കുന്നു
പരിപാടിയിൽ പങ്കെടുക്കാൻ തനിക്ക് ലഭിച്ച ക്ഷണത്തെക്കുറിച്ചും പിന്നീട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കോളേജിൻെറ ഭാഗത്ത് നിന്നുണ്ടായ പ്രതികരണത്തെക്കുറിച്ചും വിനോദ് വിശദീകരിച്ചു:
“രണ്ട് മാസം മുൻപ് തന്നെ എനിക്ക് സൗകര്യപ്രദമായ ഡേറ്റ് അവർ ചോദിച്ച് ഉറപ്പിച്ചിരുന്നു. അതിനനുസരിച്ചാണ് അവർ പരിപാടിയുടെ ഡേറ്റ് തന്നെ തീരുമാനിച്ചത്. സംസാരിക്കേണ്ട വിഷയവും നേരത്തെ തന്നെ ഞാനുമായി ചർച്ച ചെയ്തിരുന്നു. ഒരു പൗരനെന്ന നിലയിൽ എൻെറ ഉത്തരവാദിത്വം കൃത്യമായി ചെയ്യാറുള്ള ആളാണ് ഞാൻ. മാധ്യമപ്രവർത്തകനെന്ന നിലയിൽ എൻെറ ജോലി കൃത്യമായി ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. വിവാദ വ്യക്തിയായത് കൊണ്ടാണ് എന്നെ ഒഴിവാക്കിയതെന്ന കോളേജിൻെറ ഭാഗത്ത് നിന്നുള്ള വിശദീകരണം കേട്ടപ്പോൾ വലിയ തമാശയായാണ് തോന്നിയത്. എന്നെ ഒഴിവാക്കാൻ പുറത്ത് നിന്നോ മറ്റോ എന്തെങ്കിലും ഇടപെടൽ ഉണ്ടായെന്ന് ഊഹിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ. എന്തുകൊണ്ടാണ് അവർ ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് എനിക്ക് കൃത്യമായി അറിയില്ല. ഒരു വാചകത്തിൽ മാത്രമാണ് അവർ എനിക്കൊരു മറുപടി തന്നത്. ഫോൺ വിളിച്ചാണ് അവർ സംസാരിച്ചത്. ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ വിശദീകരണം അവർ ഔദ്യോഗികമായി തന്നെ പറയേണ്ടതാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

“നമ്മുടെ വിദ്യാഭ്യാസമേഖലയുടെ നിലവാരം മികച്ചതാണെന്ന് പറയുമ്പോൾ തന്നെ നമ്മുടെ കോളേജുകളും സർവകലാശാലകളും എന്ത് നിലവാരമാണ് കുട്ടികൾക്ക് കൊടുക്കുന്നതെന്ന ചോദ്യം പ്രസക്തമാണ്. സാമൂഹ്യശാസ്ത്രത്തിലും മറ്റും തിയറിക്കൊപ്പം തന്നെ പ്രാക്ടിക്കലായി ആളുകളെ നേരിട്ട് കണ്ടും സംവദിച്ചുമെല്ലാമുള്ള പഠനവും വളരെ നിർണായകമാണ്. വിദേശ സർവകലാശാലകളിലെല്ലാം അത് കൃത്യമായി നടക്കുന്നുണ്ട്. ഞാൻ കൊളംബിയ സർവകലാശാലയിൽ പഠിച്ചിട്ടുള്ള വ്യക്തിയാണ്. ഹാർവാർഡ് സർവകലാശാലയിൽ ഫെലോ ആയിരുന്നു. അക്കാദമിക്കായി ലോകോത്തര നിലവാരത്തിലുള്ള പേപ്പറുകൾ ഉണ്ടാവുന്നില്ലെങ്കിലും ക്യാമ്പസുകളിൽ കുട്ടികളുടേതായ നേതൃത്വത്തിലും ഡിപ്പാർട്ട്മെൻറുകളുടെ നേതൃത്വത്തിലും വലിയ ഇടപെടലുകൾ നടത്തുന്ന ഒരു സംസ്കാരം കേരളത്തിൽ ഉണ്ടായിരുന്നു. അത് പതുക്കെ ഇല്ലാതാവുകയാണ്.
കേരളത്തിൽ ജീവിച്ചതിനേക്കാൾ കേരളത്തിന് പുറത്ത് ജീവിച്ച ഒരു മലയാളിയാണ് ഞാൻ. അതും മാധ്യമപ്രവർത്തകനെന്ന നിലയിൽ. പുറത്ത് നിന്ന് നോക്കുമ്പോൾ നമുക്ക് വലിയ ബഹുമാനവും സ്നേഹവും കേരളത്തോട് തോന്നുന്നതിന് ഒരു പ്രധാന കാരണം ഇവിടുത്തെ ചായക്കടകളിലും ബാർബർ ഷോപ്പുകളിലുമെല്ലാം ആരെയും സ്വതന്ത്രമായി വിമർശിക്കാനും വിയോജിപ്പുകൾ പ്രകടിപ്പിക്കാനും ജനാധിപത്യപരമായി സംസാരിക്കാനുമുള്ള ഇടങ്ങളായി മാറാറുണ്ട് എന്നതാണ്. രാജാവ് നഗ്നനാണ് എന്ന് പറയുന്നതിൽ കുഴപ്പമില്ലാത്ത, ഫ്രീ സ്പീച്ചിന് സ്പേസ് ഉള്ള ഇടമാണ് കേരളം. ഇന്ത്യയിലെ പല സ്ഥലങ്ങളിലും അത് ഉണ്ടായിരുന്നില്ല. ചില പോക്കറ്റുകളിൽ മാത്രമാണ് പുറത്ത് അതിന് ഇടങ്ങളുണ്ടായിരുന്നത്. ഉദാഹരണത്തിന് ഡൽഹിയിൽ ജെ.എൻ.യുവിലോ ഡൽഹി യൂണിവേഴ്സിറ്റി ക്യാമ്പസിലോ ഒക്കെ ജനാധിപത്യ സംവാദങ്ങൾക്ക് ഇടമുണ്ടായിരുന്നു. പതുക്കെ അതും ഇല്ലാതായിരിക്കുന്നു. കേരളം പക്ഷേ അതിൽ നിന്നൊക്കെ വ്യത്യസ്തമായി രാഷ്ട്രീയവിഷയങ്ങളിൽ ജാഗ്രത പുലർത്തുന്ന സംസ്കാരമുള്ള സംസ്ഥാനമാണ്. കേരളത്തിലെ ക്യാമ്പസുകളും വിഷയങ്ങളിൽ ജാഗ്രത പുലർത്താറുണ്ട്. എന്നാൽ, നമ്മുടെ ക്യാമ്പസുകളിലും ഇപ്പോൾ ഒരു ഇന്ത്യനൈസേഷൻ നടക്കുന്നുണ്ട്. കൃത്യമായി സംസാരിക്കാനും നിലപാട് പറയാനും പറ്റുന്ന, അതിന് വൈദഗ്ധ്യവും അക്കാദമിക ധാരണയുള്ള ഉള്ളവരുടെ വോയ്സ് കേൾപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങൾ പലയിടങ്ങളിലും നടക്കുന്നുണ്ട്. മറ്റുള്ളവർക്ക് യോജിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു അഭിപ്രായമല്ല പറയാനുണ്ടാവുകയെന്ന ധാരണയിൽ സ്വയം സെൻസർ ചെയ്യുന്നതോ അല്ലെങ്കിൽ സെൻസർഷിപ്പിന് വിധേയമാക്കുന്നതോ ആയ ഒരു സംസ്കാരം കേരളസമൂഹത്തിന് നല്ലതാവില്ല എന്ന് തന്നെയാണ് പറയാനുള്ളത്.”

വിനോദിനെ ഒഴിവാക്കിയതിൽ കോളേജ് അധികൃതർ ഇപ്പോഴും വ്യക്തമായ ഒരു വിശദീകരണം നൽകിയിട്ടില്ല. ഒരു അക്കാദമിക് ഇൻസ്റ്റിറ്റ്യൂഷനെന്ന നിലയിൽ തങ്ങൾക്ക് നിഷ്പക്ഷത പാലിക്കേണ്ടതുണ്ടെന്നും അതുകൊണ്ടാണ് പരിപാടിയിലേക്ക് വരേണ്ടെന്ന് പറഞ്ഞതുമെന്നാണ് ട്രൂ കോപ്പി തിങ്കിനോട് സംസാരിക്കവേ പാലാ സെൻറ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് പറഞ്ഞത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൊണ്ടാണ് തങ്ങൾക്ക് ഇങ്ങനൊരു തീരുമാനം എടുക്കേണ്ടി വന്നതെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ എന്താണ് ആ രാഷ്ട്രീയ സാഹചര്യമെന്ന് വ്യക്തമായി പറയാൻ അദ്ദേഹം തയ്യാറായില്ല.

“കോളേജ് ഒരു അക്കാദമിക് ഇൻസ്റ്റിറ്റ്യൂഷനാണ്. ഞങ്ങൾ കാര്യങ്ങളെ നിഷ്പക്ഷമായാണ് സമീപിക്കുന്നത്. ഏത് കാര്യത്തിലും അക്കാദമിക് നിഷ്പക്ഷത ഞങ്ങൾക്ക് പാലിക്കേണ്ടതുണ്ട്. ഏതെങ്കിലും രാഷ്ട്രീയത്തോടുള്ള ഭയം കൊണ്ടല്ല പരിപാടിയിൽ നിന്ന് വിനോദ് കെ. ജോസിനെ ഒഴിവാക്കിയത്. അദ്ദേഹത്തെ ക്ഷണിച്ച സമയത്ത് ഉണ്ടായിരുന്ന രാഷ്ട്രീയസാഹചര്യമല്ല ഇപ്പോഴുള്ളത്. അങ്ങനെയൊരു സാഹചര്യത്തിലും നിഷ്പക്ഷമായ നിലപാട് ഞങ്ങൾക്ക് തുടരേണ്ടതുണ്ട്.” സിബി ജെയിംസ് പറഞ്ഞു. മുൻ ആർമി ചീഫ് എം.എം നരവനെയുടെ വെളിപ്പെടുത്തലുകളും അതുമായി ബന്ധപ്പെട്ട് പാർലമെൻറിൽ നടക്കുന്ന ചർച്ചകളുമാണോ രാഷ്ട്രീയ സാഹചര്യം എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ പ്രിൻസിപ്പൽ തയ്യാറായില്ല. വിനോദ് കെ. ജോസിൻെറ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും മാധ്യമപ്രവർത്തന ഇടപെടലുകളെക്കുറിച്ചും ക്ഷണിക്കുന്നതിന് മുമ്പ് തന്നെ അറിയാമായിരുന്നില്ലേയെന്ന് ചോദിച്ചപ്പോഴും വ്യക്തയില്ലാത്ത മറുപടിയാണുണ്ടായത്.
കാരവൻ മാഗസിനും രാഷ്ട്രീയസാഹചര്യവും
രാജ്യത്തെ രാഷ്ട്രീയ സാമൂഹ്യ സംസ്കാരിക വിഷയങ്ങളിൽ ശക്തമായി നിലപാടെടുക്കുന്ന സമാന്തര മാധ്യമമാണ് ദി കാരവൻ മാഗസിൻ. മുൻ ആർമി ചീഫ് ജനറൽ എം.എം നരവനെ രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിങ്ങിനെതിരെയും ബി.ജെ.പി സർക്കാരിനെതിരെയും നടത്തിയ ഗുരുതര ആരോപണങ്ങൾ ആദ്യം പ്രസിദ്ധീകരിച്ചത് കാരവൻ മാഗസിനാണ്. നരവനെയുടെ വെളിപ്പെടുത്തലുകളും വരാൻ പോവുന്ന പുസ്തകവും ഇന്ത്യൻ പാർലമെൻറിൽ ഇന്ന് വലിയ ചർച്ചയാവുകയാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നരവനെയുടെ വെളിപ്പെടുത്തലുകൾ ലോക്സഭയിൽ അവതരിപ്പിക്കവേ ഭരണകക്ഷി നേതാക്കൾ കടുത്ത എതിർപ്പാണ് പ്രകടിപ്പിച്ചത്. രാഹുൽ ഗാന്ധിയെ സംസാരിക്കാൻ പോലും അനുവദിക്കാതിരിക്കാൻ രാജ്നാഥ് സിങ്ങും അമിത് ഷായും അടക്കമുള്ള കേന്ദ്രമന്ത്രിമാർ ശ്രമിച്ചു. പുസ്തകം പുറത്തിറങ്ങാതിരിക്കാനും ആർമിയുടെ തീരുമാനങ്ങളിൽ ഉത്തരവാദിത്വമില്ലായ്മ കാണിച്ചുവെന്നുമുള്ള വെളിപ്പെടുത്തലുകൾ ചർച്ചയാവാതിരിക്കാൻ ബി.ജെ.പി പരമാവധി ശ്രമിക്കുന്നുണ്ട്. വിനോദ് കെ. ജോസ് നേരത്തെ എഡിറ്ററായിരുന്ന ദി കാരവൻ മാഗസിൻെറ നിലവില രാഷ്ട്രീയ സാഹചര്യത്തിലെ പ്രസക്തി ഇതാണ്. കോളേജിൻെറ ഭാഗത്ത് നിന്ന് ഒഴുക്കൻ മട്ടിൽ എങ്ങും തൊടാതെയുള്ള വിശദീകരണം ‘നിഷ്പക്ഷമായ നിലപാട്’ എന്താണെന്ന് പറയാതെ പറയുന്നുണ്ട്.

