മനില സി.മോഹൻ: മികച്ച സിനിമ, മികച്ച തിരക്കഥ എന്നിവയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരിക്കുകയാണ് ‘വാസന്തി’യ്ക്ക്. മൂന്നുനാല് വർഷമായി ഈ സിനിമയുടെ പുറകിലാണ് എന്നറിയാം. എന്ത് തോന്നുന്നു?
സജാസ് റഹ്മാൻ: ഞങ്ങളുടെ ആദ്യ സിനിമ 2015ൽ ചെയ്ത കളിപ്പാട്ടക്കാരൻ ആണ്. മുഴുനീള ഫീച്ചർ ഫിലം തന്നെയായിരുന്നു. അത് കുറച്ചു ഫെസ്റ്റിവെലുകളിൽ പ്രദർശിപ്പിച്ചിരുന്നു. നെറ്റ്ഫ്ളിക്സിലും ഉണ്ടായിരുന്നു. ഇത് രണ്ടാമത്തെ വർക്കാണ്. ജയ്പുർ ഇന്റർനാഷണൽ ഫെസ്റ്റിവെലിലാണ് ‘വാസന്തി’യുടെ ആദ്യത്തെ പ്രദർശനം നടത്തിയത്. തൃശൂരിൽ ഒരു ഫെസ്റ്റിവെലിൽ പ്രദർശിപ്പിച്ചിരുന്നു. അതിനുശേഷം തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ ശ്രമം നടത്തിയപ്പോഴാണ് കോവിഡ് പ്രതിസന്ധി വന്നത്. 2016ൽ തുടങ്ങിയതാണ് വാസന്തിയുടെ ഷൂട്ടിങ്. സ്‌കൂൾ ഓഫ് ഡ്രാമയിലാണ് ഞാൻ സംവിധാനം പഠിച്ചത്. എന്റെ സഹോദരൻ ഫിലിം എഡിറ്ററാണ്. ഷിനോസ് റഹ്മാൻ. രണ്ടുപേരും കൂടിയാണ് ഈ സിനിമ സംവിധാനം ചെയ്തതും തിരക്കഥ എഴുതിയും.
ചോദ്യം: ആരുടേതായിരുന്നു ഈ ചിത്രത്തിന്റെ കഥ?
ഇന്ദിരാ പാർത്ഥസാരഥിയുടെ Porvai Porthiya Udalgal എന്ന തമിഴ് നാടകമുണ്ട്. ആ നാടകം ഞാൻ മുൻപ് ചെയ്തിരുന്നു. അതിൽ നിന്നുണ്ടായ കുറച്ചു പ്ലോട്ടുകളും അതിന്റെ ഡ്രമാറ്റിക് എലമെന്റുകളുമൊക്കെ വികസിപ്പിച്ചിട്ടാണ് ഈ സിനിമയിലേക്ക് എത്തിപ്പെട്ടത്. ഈ സിനിമയിലും നാടകമുണ്ട്. വാസന്തിയെന്നു പറയുന്ന നടി നാടകം കളിക്കുന്നതും അത് ഒരു സമയത്ത് സിനിമയായി മാറുന്നതുമൊക്കെയാണ് ഈ സിനിമ. വാസന്തിയുടെ കുറച്ചുകാലത്തെ യാത്രയാണ്. പല പുരുഷന്മാരിലൂടെയുള്ള യാത്ര. സ്വാസികയാണ് ആ വേഷം ചെയ്തിരിക്കുന്നത്.
ചോദ്യം: ഈ സിനിമയ്ക്കു വേണ്ടി സാമ്പത്തികമായി കുറേ ബുദ്ധിമുട്ടിയിട്ടുണ്ട് എന്ന് അറിയാം. സിനിമയുണ്ടാക്കാൻ വേണ്ടി നടത്തിയ ശ്രമങ്ങളെന്തൊക്കെയായിരുന്നു?
ഏറ്റവും മിനിമൽ ആയിട്ടായിരുന്നു ഞങ്ങൾ ഈ ചിത്രം തുടങ്ങിയത്. പിന്നീട് നടൻ സിജു വിൽസൺ, വിൽസൺ പിക്ചേഴ്സ് എന്നു പറഞ്ഞ് കമ്പനി രൂപീകരിക്കുകയും ഇത് ഏറ്റെടുക്കുകയുമായിരുന്നു. പിന്നീട് ഞങ്ങളെ സപ്പോർട്ട് ചെയ്തതു മുഴുവൻ സിജു വിൽസൺ തന്നെയാണ്. സിനിമയുടെ ഇടയ്ക്കുവെച്ചാണ് അദ്ദേഹം വന്നത്. സിജു വിൽസൺ ചെറിയൊരു റോൾ വാസന്തിയിൽ അഭിനയിച്ചിട്ടുമുണ്ട്.
ചോദ്യം: പൊതുവെ നാടകവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് സിനിമ എന്ന മീഡിയത്തോട് അത്ര താത്പര്യം കാണാറില്ല. നാടകം പഠിച്ച താങ്കൾ എന്തുകൊണ്ടാണ് സിനിമ ആവിഷ്‌കാര മീഡിയമായി തെരഞ്ഞെടുത്തത്?
ഞാൻ ഇപ്പോഴും നിരന്തരം നാടകങ്ങൾ ചെയ്യുന്നയാളാണ്. ഞാനും സഹോദരൻ ഷിനോസ് റഹ്മാനും പണ്ടുമുതലേ സിനിമയെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. ഫിലിം സൊസൈറ്റികളിൽ വന്നിരുന്ന സിനിമകളെല്ലാം കാണാറുണ്ടായിരുന്നു. എറണാകുളം പബ്ലിക് ലൈബ്രറിയിൽ സ്‌ക്രീനിങ്ങുകൾ ഉണ്ടാവാറുണ്ട്. അത്തരം സിനിമകളും സിനിമാ കാഴ്ചകളുമാണ് സിനിമയോട് ഇഷ്ടമുണ്ടാക്കിയതും കാഴ്ചപ്പാട് ഉറപ്പിച്ചതും. ഞങ്ങൾ ഒരുമിച്ചാകുമ്പോഴാണ് സിനിമയെക്കുറിച്ച് സംസാരിക്കുകയും ആലോചിക്കുകയുമൊക്കെ ചെയ്യുന്നത്.
ചോദ്യം: കോവിഡ് പശ്ചാത്തലത്തിൽ എല്ലാരംഗവും പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. ഈ സിനിമയുടെ തിയേറ്റർ റിലീസ് എന്നുണ്ടാവുമെന്ന് പറയാൻ കഴിയാത്ത സാഹചര്യമാണല്ലോ? ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ പല മലയാള സിനിമകളും ഇതിനകം റിലീസ് ചെയ്തിട്ടുണ്ട്. ഈ ചിത്രം എങ്ങനെ ആളുകളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്?
ഞങ്ങൾ ഒ.ടി.ടി നോക്കുന്നുണ്ടായിരുന്നു. പിന്നെ ചാനലുകളിലും സബ്മിറ്റ് ചെയ്തിട്ടുണ്ട്. സബ്മിറ്റ് ചെയ്തുവെന്നേയുള്ളൂ. അവരൊന്നും എടുക്കാൻ സാധ്യതയില്ല. പ്രത്യേകിച്ച് ഇങ്ങനെയുള്ള ഒരു പടം.
ചോദ്യം: വലിയ നടിമാരും നടന്മാരുമൊന്നുമില്ലാത്തതുകൊണ്ടാണോ?
അതും കാരണമാണ്. പിന്നെ ഇതിന്റെ സ്വഭാവവും. ഈ ചിത്രത്തിന് സിനിമാറ്റിക് സ്വഭാവം വളരെ കുറവാണ്. ഡ്രാമയും സിനിമയുമൊക്കെ സിനിമയിലുള്ളതുകൊണ്ട് തന്നെ എക്സ്പിരിമെന്റൽ സ്വഭാവമാണ് ഓവറോൾ ഈ പടത്തിലുള്ളത്. ഭൂരിപക്ഷം അതിനെ എങ്ങനെ വായിച്ചെടുക്കും? എങ്ങനെയാണ് അതിനെ കാണുക എന്നൊക്കെയുള്ള സംശയം അന്നുതൊട്ട് ഞങ്ങളിലുമുണ്ടായിരുന്നു.
ചോദ്യം: കഴിഞ്ഞ കുറച്ചുവർഷങ്ങളായിട്ട് ഇത്തരം പാരലൽ സിനിമ അല്ലെങ്കിൽ ഓഫ് ബീറ്റ് ചിത്രങ്ങൾക്ക് അവാർഡ് കിട്ടുന്നുണ്ട്. മെയിൻ സ്ട്രീമിനെ മാറ്റിനിർത്തിക്കൊണ്ടുള്ള ഒരു ഇടപെടൽ ജൂറിയുടെ ഭാഗത്തുനിന്നും ബോധപൂർവ്വമോ അല്ലാതെയോ തന്നെ നടക്കുന്നുണ്ട്. അതിനെ എങ്ങനെയാണ് കാണുന്നത്?
ഇടയ്ക്ക് ഏതൊക്കെയോ വർഷങ്ങളിൽ കൊമേഴ്സ്യൽ സിനിമയുടെ വലുപ്പത്തിൽ ഇവർ പേടിച്ചുപോകുന്നുണ്ടോയെന്നൊക്കെ ഞങ്ങൾ സംശയിച്ചിരുന്നു. എന്നാൽ ഇപ്പോൾ കുറച്ചുവർഷങ്ങളായി ഇത്തരം സിനിമകൾക്ക് പിന്തുണ ലഭിക്കുന്നുണ്ട്. അതിനെ പോസിറ്റീവായിട്ട് തന്നെയേ കാണാൻ പറ്റൂ. പ്രത്യേകിച്ച് ഒരു അക്കാദമിക് സ്വഭാവമുള്ള, എക്സ്പിരിമെന്റൽ സ്വഭാവമുള്ള സിനിമകൾക്ക് തന്നെയാവണം പരിഗണന നൽകേണ്ടത്.
ചോദ്യം: മെയിൻ സ്ട്രീം സിനിമയുടെ മൊത്തം അന്തരീക്ഷം വളരെ മോശമാവുന്ന അവസ്ഥയുണ്ടല്ലോ. താരാധിപത്യം എന്നു പറയുന്ന രീതിയിൽ, അതുപോലെ ക്യാപിറ്റൽ, ചില വിഭാഗങ്ങൾക്കുമാത്രം എന്തുതരം സിനിമയും എടുക്കാൻ പറ്റുകയും തിരിച്ച് പാരലൽ സിനിമയുടെ വക്താക്കൾക്ക് നല്ല സിനിമയെടുക്കാൻ പറ്റാത്തതിന്റെയൊക്കെ വലിയ ഡിവിഷൻ നിലനിൽക്കുന്നുണ്ടല്ലോ. സിനിമാരംഗത്തേക്ക് വന്നപ്പോൾ എന്താണ് താങ്കൾക്ക് തോന്നിയിട്ടുള്ളത്?
എനിക്കു തോന്നിയിട്ടുള്ളത്, ഏസ്‌തെറ്റിക് സെൻസിൽ തന്നെ ഈ രണ്ട് വിഭാഗങ്ങളും തമ്മിൽ വളരെ വലിയ വ്യത്യാസമുണ്ട്. ഭൂരിപക്ഷം പ്രേക്ഷകരും, നിലവിൽ സിനിമാ ഇൻഡസ്ട്രിക്ക് അകത്തുള്ള ആളുകൾ പോലും ഇത്തരത്തിലുള്ള ഭാഷാമാറ്റം ഒരുതരത്തിലും അനുവദിക്കുന്നില്ല. ഭൂരിഭാഗം പ്രേക്ഷകരും അങ്ങനെ തന്നെയാണെന്നാണ് എനിക്കു തോന്നിയത്.
ഇത്തരത്തിലുള്ള പരീക്ഷണങ്ങൾക്കോ അല്ലെങ്കിൽ പുതുസ്വഭാവമുള്ള സിനിമകൾക്കോ ഉള്ള സ്‌പേസ് അത്ര പെട്ടെന്ന് അനുവദിക്കില്ലയെന്നൊരു തോന്നലുണ്ട്. ഈ സിനിമ ഷൂട്ട് ചെയ്യുന്നതിനു മുമ്പ് ഒരുപാട് പ്രൊഡ്യൂസർമാരോട് കഥ സംസാരിച്ചിരുന്നു. പക്ഷേ അവർക്കൊന്നും ഇത് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയാണ് ഞങ്ങൾ തന്നെ എടുത്ത് ചാടിയത്. സിനിമ എടുക്കാൻ തീരുമാനിച്ചത്.
ചോദ്യം: മെയിൻസ്ട്രീം സംവിധായകരുടെയൊക്കെ ഇന്റർവ്യൂവിൽ പറഞ്ഞു കേൾക്കുന്ന ചില സ്ഥിരം വാചകങ്ങളുണ്ട്. മാസിനെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള സിനിമകൾ ഉണ്ടാക്കുകയാണ് ഒരു സംവിധായകൻ ചെയ്യേണ്ടത് അല്ലെങ്കിൽ എന്റർടൈൻമെന്റ് എലമെന്റാണ് ഒരു സിനിമയിൽ വേണ്ടത് എന്ന കാഴ്ചപ്പാട്. ഭൂരിഭാഗം മുഖ്യധാരാ നടന്മാരോടോ നടിമാരോടോ പ്രൊഡ്യൂസർമാരോടോ തിരക്കഥാകൃത്തുക്കളോടോ ഒക്കെ ചോദിച്ചാലും ഇതുതന്നെയായിരിക്കും പറയുക. തിരിച്ച് ഒരു സംവിധായകൻ എന്ന രീതിയിൽ നിങ്ങളുടെ കാഴ്ചപ്പാട് എന്തായിരിക്കും? പ്രേക്ഷകർക്ക് ആവശ്യമുള്ളത് കൊടുക്കുന്നയാളാണോ സംവിധായകൻ അല്ലെങ്കിൽ നമ്മുടെ മനസിലുള്ള ആശയം, പൊളിറ്റിക്സ് പറയുന്ന സിനിമയുണ്ടാക്കലാണോ? പ്രത്യേകിച്ച് ഒരു ഇൻഡസ്ട്രി കൂടിയാകുമ്പോൾ അതിനകത്തെ സർവൈവൽ ഒരു പ്രശ്നമാണല്ലോ
പ്രേക്ഷകന് എന്തുവേണം, എന്തുകൊടുക്കണം എന്നുള്ള ഒരു ആലോചന ഇതുവരെ ഞങ്ങളുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. സിനിമയുടെ മെയ്ക്കിങ് ടൈമിൽ ആസ്വദിച്ച് ചെയ്യുക. ജൈവികമായി ഉണ്ടായി വരുന്ന ആവിഷ്‌കാരത്തിനാണ് ഞങ്ങൾ ഏറ്റവും പ്രാധാന്യം കൊടുക്കുന്നത്. രണ്ടു പടത്തിലും അങ്ങനെയാണ് ചെയ്തിട്ടുള്ളത്. എല്ലാവരിൽ നിന്നും എല്ലായിടത്തുനിന്നുമുണ്ടായി വരുന്ന സ്വാഭാവികതയ്ക്ക് പ്രാധാന്യം കൊടുക്കാറുണ്ട്. പ്രേക്ഷകർ എങ്ങനെ അതിനെ വിലയിരുത്തുമെന്നതിനെക്കുറിച്ച് പൊതുവെ ഞങ്ങൾ ചിന്തിക്കാറില്ല.
ചോദ്യം: സാമ്പത്തിക പ്രശ്നങ്ങൾക്ക് എന്തു ചെയ്യും? മെയിൽ സ്ട്രീം സിനിമാക്കാർ പറയുന്ന ഒരു കാര്യം മൂലധനത്തിനുവേണ്ടി കോംപ്രമൈസ് വേണ്ടിവരുമെന്നുള്ളതാണ്. ഇനി അടുത്ത സിനിമയെടുക്കണമെങ്കിൽ കാശൊരു ഘടകമല്ലേ. എന്തു ചെയ്യും?
ഞങ്ങൾ വിചാരിച്ചിരിക്കുന്നത് അങ്ങനെ വരുന്ന ഘട്ടത്തിൽ സിനിമ ചെയ്യുന്നത് നിർത്താൻ തയ്യാറാവുക എന്നാണ്. സിനിമയെ നമ്മൾ വെറുതെ ഇങ്ങനെ നശിപ്പിക്കേണ്ടല്ലോ. ഞങ്ങളുടെ ആദ്യ പടം ചെയ്യുന്നത് ചെറിയൊരു ബഡ്ജറ്റിലായിരുന്നു. അതിൽ നിന്ന് നെറ്റ്ഫ്ളിക്സും ഫെസ്റ്റുവെലുമൊക്കെയായിട്ട് കുറച്ചു പൈസ കിട്ടിയിരുന്നു.
ചോദ്യം: ‘വാസന്തി’യുടെ ബഡ്ജറ്റ്?
ആദ്യ ചിത്രത്തേക്കാൾ കുറച്ചു കൂടുതലാണ്. ഇതിൽ ലൊക്കേഷനുകളൊക്കെ അധികമുണ്ട്. എന്നാലും കൊമേഴ്സ്യൽ സിനിമകളെ അപേക്ഷിച്ചു നോക്കുമ്പോൾ ബഡ്ജറ്റ് കുറവാണ്. അതും തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു പാട് ഫെസ്റ്റിവെലുകളിലേക്ക് ഞങ്ങൾ അയച്ചു കൊടുത്തിരുന്നെങ്കിലും അതിനപ്പുറം എങ്ങനെയാണ്, എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് നമുക്കും അറിയില്ല. ഇപ്പുറത്തുള്ള സിനിമാ ഇൻഡസ്ട്രി പോലെയൊക്കെ തന്നെയുള്ള മാർക്കറ്റിംഗ് വഴി ഇതിനുമുണ്ട്.
ഞങ്ങൾക്ക് രണ്ടുവഴിയുമറിയില്ലയെന്നുള്ളതാണ് ശരി. ഫിലിം ഫെസ്റ്റിവെലുകളിലേക്ക് നേരിട്ട് അയച്ചുകൊടുത്തുകഴിഞ്ഞാൽ അവർ സ്വാഭാവികമായും അത് സെലക്ട് ചെയ്യില്ല. അത് ക്യുറേറ്റർമാരും മറ്റും എത്തിപ്പെടുന്ന വേദിയാണ്. അത്തരം ബന്ധങ്ങളും ഞങ്ങൾക്കില്ല. അപ്പോൾ നമ്മൾ എന്തിനു ചെയ്യുന്നുവെന്ന് ഞങ്ങൾ പരസ്പരം ഇടയ്ക്കിടയ്ക്ക് ചോദിക്കാറുണ്ട്. പൂർണമായിട്ടൊരു ഉത്തരം കിട്ടിയിട്ടില്ല.
ചോദ്യം: ഈ സിനിമയിൽ നാടകവും സിനിമയും തമ്മിൽ മിക്സ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞല്ലോ? ഇപ്പോൾ വേറെതരം മീഡിയത്തിലൂടെയാണ് സിനിമ, ലോകം മുഴുവൻ കണ്ടുകൊണ്ടിരിക്കുന്നത്. തിയേറ്ററും പ്രേക്ഷകരും തമ്മിലുള്ള വിനിമയം എന്ന രീതി മാറി ഫോണിലൂടെയും ഡിജിറ്റൽ ഗാഡ്ജറ്റുകളിലൂടെയും സിനിമ സംവദിക്കുന്ന രീതിയിലേക്ക് മാറി. മീഡിയത്തിന്റെ, ആസ്വാദനത്തിന്റെ രീതികൾ മാറുമ്പോൾ എന്ത് തോന്നുന്നു?
എനിക്കു തോന്നുന്നത്, ഡിജിറ്റൽ യുഗത്തിൽ സിനിമ എല്ലാവർക്കും ഏറ്റവും അവൈലബിൾ ആയിട്ടുണ്ട് എന്നാണ്. സിനിമയെന്നൊക്കെ പറയുന്നതിൽ നിന്ന് മാറി വീഡിയോ ആർട്ടിന്റെ സ്വഭാവത്തിലേക്ക് മാറിയിട്ടുണ്ട്. അങ്ങനെ ആവണമെന്നുതന്നെയാണ് ഞങ്ങളൊക്കെ വിചാരിക്കുന്നത്. വലിയ കാൻവാസിൽ നിന്ന് മാറി ആർക്കും ചെയ്യാവുന്ന ഒരു ആർട്ട്ഫോമായിട്ട് മാറണം. അത് ഇത്ര ചീപ്പായാൽ മാത്രമേ അങ്ങനെയാക്കാൻ പറ്റുകയുള്ളൂ.
നാടകം എനിക്ക് ഒറ്റയ്ക്ക് നിന്ന് എക്സ്പ്രസ് ചെയ്യാൻ പറ്റിയെന്നുവരാം. പക്ഷേ സിനിമയെപ്പോഴും മൂലധനത്തെ ഡിപ്പന്റ് ചെയ്താണ് നിൽക്കുന്നത്. എനിക്കു തോന്നുന്നത് കോവിഡ് കാലവും സാങ്കേതികതയും ചേർന്ന് ഈ കാലഘട്ടത്തിൽ സിനിമയ്ക്ക് അത്തരത്തിൽ ഒരുപാട് ഉപകാരം ചെയ്തിട്ടുണ്ടെന്നാണ്. ചെറിയ സിനിമകൾ ഉണ്ടാക്കുക, അല്ലെങ്കിൽ ഇൻഡസ്ട്രി വലുതായിക്കൊണ്ടിരിക്കുന്നത് നിർത്താനും പുതിയ തരത്തിലുള്ള വഴികൾ അന്വേഷിക്കാനുമൊക്കെ ഈ സമയം വഴിവെച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്.