സാജന്റെ കാമുകി

ഓ എന്നാ ചെയ്യാനാന്നേ
അങ്ങനെയൊക്കെ ആയി-
പോയെന്നെ കാര്യങ്ങള്

ഡിപ്രഷൻ വന്നപ്പം ഞാനേ
ഒരു സൈക്കോളജിസ്റ്റിനെ
കാണാൻ പോയാരുന്നേ

അപ്പം അവരെന്നായീ
പറഞ്ഞേന്നറിയാവോ
ആഴ്ച്ചേല് രണ്ട് വട്ടം
നടക്കാൻ പോണോന്ന്
അതും ഒറ്റക്കൊന്നും പോരാന്ന്
കൂടെയൊരു ഫ്രണ്ടും വേണോന്ന്

അതും പോരാഞ്ഞ് പറയുവാ
അഴ്ചേലൊരിക്കെ ആരുടെലും കൂടെ
പാചകം ചെയ്യണോന്ന്
മനുഷ്യനിവടെയൊറ്റക്ക്
കുക്കെയ്യാൻ വയ്യ
അപ്പഴാന്നേ ഇമ്മാരി ഓരോ

ഞാനീ നാട്ടില് എന്നാ ചെയ്യാനാ
എനിക്കാണേലാരേം പരിചയോമില്ലാ
ആ എനിക്ക് ഒറ്റക്കാന്നേ ഇഷ്ടം,
ഒള്ള സമയം എന്തേലുവൊക്കെ വായിക്കും
അല്ലാ ആൾക്കാർക്കെല്ലാം  
എവിടുന്നാ ഇത്രേം മാത്രം സമയം
ജോലി കുക്കിംഗ് വായന ഒറക്കം
ദിവസം അങ്ങ് തീർന്ന് പോയില്ലായോ
എന്നാ ചെയ്യുമെന്നോർത്ത്
ദണ്ണപ്പെട്ട് കെടക്കുവാരുന്നേ
അടുത്ത അപ്പോയ്ന്മെന്റ്
ക്യാൻസൽ ചെയ്താലൊ
എന്നെല്ലാം ആലോയ്ച്ചാരുന്ന്
അപ്പോഴാന്ന് മോനായീനെ കണ്ടേ

ഞങ്ങളൊരു എടവഴീൽ
മുട്ടി ഫ്രണ്ട്സായതാ
നടക്കാൻ വരുമേ
കുപ്പീന്ന് വെള്ളം
കുടിച്ച് കാലിയാക്കുമേ
കുക്കെയ്യാനായിട്ട് കൂടുമേ
സവാള അരിഞ്ഞ് കരയുമേ
സാധങ്ങൾ വാങ്ങുമ്പോൾ
സഞ്ചി പിടിക്കുമേ
വൈൻ കുടിച്ച് തെറിപ്പാട്ട് പാടുമേ
മോനായിക്ക് ഭാര്യേം കുട്ടീമുണ്ടെന്നേ
എന്നിട്ടാണ് എൻ്റ്യൊപ്പമീ കറക്കമേ
ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സായി കേട്ടോ
ഫോട്ടോയെല്ലാമെടുക്കുമേ
കിടക്കവിരിക്കുമ്പോഴറ്റം പിടിച്ചു തരുമേ

അടുത്ത വട്ടം സൈക്കോളജിസ്റ്റി-
നടുത്തെനിക്ക് നൂറുനാക്കാർന്നേ
മോനായിടെ ചിരി
മോനായിടെ കരച്ചിൽ
മോനായിടെ ചളിപ്പ്
മോനായീടെ വളിപ്പ്
മോനായിടെ നാണം
മോനായീടെ കള്ളത്തരം
ഒക്കെ അനുകരിച്ചു കാണിച്ചാരുന്നെ
അടുത്ത വട്ടം വരുമ്പം
മോനായീനേം കൊണ്ടുവന്നേക്കണം
കൊറച്ച് കാര്യം പറയനാരുന്നൂന്ന്
സൈക്കോളജിസ്റ്റ് ചോദിച്ചാരുന്നേ

അടുത്ത വട്ടം ഷർട്ടും ട്രൗസറുമണിഞ്ഞ്
ഞാൻ ചെന്നാരുന്നു
മോനായിയെവിടേന്ന് ചോദിച്ചപ്പം
ചോളു ചെരിച്ച് ഞാൻ കൈകൊടുത്തു പറഞ്ഞു
"ഹല്ലോ ഞാനാണ് മോനായി'

മോനായീം ഞാനും

അതീപ്പിന്നെ സൈക്കോളജിസ്റ്റ്
എന്നെ ട്രീറ്റ് ചെയ്തു
ഇടക്കിടക്ക് മോനായി വരും പോവും
മൈൻഡ് ചെയ്യലില്ല
കുഴപ്പമില്ലെന്ന് തോന്നിയപ്പം
ട്രീറ്റ്മെന്റ് നിർത്തി വച്ചാരുന്നു കേട്ടോ
അതീപ്പിന്നെ കൊറേക്കഴിഞ്ഞ്
സാജന്റെ ഭാര്യയെ
കാണാനാണവൻ വന്നത്

മോനായി സാജന്റെ ഭാര്യയുമായി പ്രേമത്തിലായെന്നേ.

സാജനുമായി ത്രീസമ്മിന് എന്നെ
നിർബന്ധിച്ചതേ മോനായിയാന്നെ

അവന് ചിഞ്ചൂനെ ഉമ്മ വയ്ക്കാനാന്നേ,  
സാജന്റെ പൊകല മണൊള്ള ഉമ്മകളെ
ഞാൻ സഹിച്ചാരുന്നേ
അതെല്ലാം മോനായിക്കായ്ട്ട്
ചെയ്യുന്നേന് എനിക്ക്
സന്തോഷമേ ഒള്ളാരുന്നുന്നേ
ഒന്നില്ലേലും ഒറ്റക്കായപ്പം
കമ്പനി തന്നവനല്ലിയോ അവൻ?

ഓ സാജനായി അടുപ്പം വക്കണതേ
ചിഞ്ചുവിനെ മോനായിക്ക്
കാണാനായിട്ടാരുന്നു കേട്ടോ

ഞാനും സാജനും എടക്കെടക്ക് കണ്ടാരുന്നു
എടക്കെടക്ക് ഉമ്മ വക്കേണ്ടിം വന്നാരുന്നേ
സാജനെന്നോട് പ്രേമമായിരുന്നു
ഓ അയ്നിപ്പോ എന്നാ ചെയ്യാനാ
അത് കണ്ട് മോനായി ചിരിയോച്ചിരി
സാജനുമ്മ വക്കുമ്പോളവൻ
ഓക്കാനിക്കുന്നതായി അഭിനയിക്കുവെന്നേ
എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല
ആരുമില്ലാത്തതിനേക്കാ
ഭേദമല്ലിയോ ഒരു അഫയറ്

പിന്നെ ഒരു കാര്യവുണ്ട്
പൊറത്തങ്ങനെ പറയാനൊന്നും
പാടില്ല എന്നാലും പറയുവാ
സാജൻ ബെഡിലേ കൊള്ളാരുന്നു കേട്ടോ
അപ്പോ ഞാനെന്നാ കരുതിയെന്നാ
എന്നതേലും ആയിക്കോട്ടേന്ന് യേത്
ഈ ഈ ഈ ഈ ഈ ഈ ഈ ഈ ഈ
അങ്ങനെ ഞാനും സാജനെ
പ്രേമിക്കുന്ന പോലെയങ്ങോട്ട് കാട്ടിക്കൂട്ടി

ഭാര്യയെ ഉപേക്ഷിക്കാതെന്നെ
മൂന്നു പേരും ഒരുമിച്ച് ജീവിക്കണന്നാരുന്നു
ഞാൻ സാജന്റെ മുൻപിൽ വച്ച ഡീല്
ഞാനും ചിഞ്ചും സാജനും
അത് ഡിസ്കസെയ്യാനാണ്
ചിഞ്ചുവിനെയും എന്നേയും
പൂത്തുരുത്തിലേക്ക് വിളിച്ച് വരുത്തിയതേ
പക്ഷെ ഞാനെത്തുമ്പോഴേ
ചിഞ്ചു വീണുകെടപ്പായിരുന്നു
സാജന്റെ അരികിലാണേൽ
ചെടിച്ചട്ടി വയ്ക്കുന്ന
കമ്പികളുടെ ഒരു കൂട്, കനവൊള്ളത്

ഇത്ര നാളും കളിച്ച കളിവല്ലോമാണോ
എന്നാ പന്നത്തരവാ സാജായീ
കാണിച്ചേന്ന് ചോദിച്ചപ്പം
അവൻ പറയുവാ
എടീ ഒരബദ്ധം പറ്റിയെടീ
നീ നാടുവിട്ടുപ്പോയ്ക്കോളാൻ
ഇത് കണ്ടിട്ട് ആ മോനായിയാണേൽ
കരച്ചിലോ കരച്ചിൽ
എന്നാ ഡ്രാമയാ മോനായീയിത്
കാണിക്കലുകണ്ടാ യെന്നതാ
സ്വന്തം കെട്ടിയവളാന്നോ
അപ്പോ പറയുവാ
സ്വന്തോം ബന്ധോം സ്നേഹോം
ഇല്ലാത്തോർക്കിതൊന്നും
മനസിലാകത്തില്ലെന്ന്
എനിക്കങ്ങ് ചൊറിഞ്ഞു കേറി
അങ്ങനെ വല്ലോം ഒണ്ടാരുന്നേൽ
ഈപ്പറയണ മോനായി
ജീവനോടെ ഒണ്ടാകുമാരുന്നോ
അല്ല ഞാൻ അറിയാമ്പാടില്ലാഞ്ഞ്
ചോദിക്കുവാ കേട്ടോ

സംഗതി കയ്യിൽ നിക്കില്ലാന്ന്
തോന്നിയപ്പം ഞാൻ മുങ്ങി
മോനായി എന്നെ പെടുത്താൻ
കുറേ നോക്കിയതാ കേട്ടോ
കർത്താവ് കാത്തു

മോനായിക്ക് സാജനെക്കൊ
ല്ലാനുള്ള ദേഷ്യമല്ലാരുന്നോ
ഞാൻ പറഞ്ഞു
പറഞ്ഞല്ലിയോ ഒതുക്കിയേ
മോനായി ചിഞ്ചുവിനെ വിളിച്ചു കരഞ്ഞു
ഞാൻ മോനായിയെ വിളിച്ച് കാലുപിടിച്ചു
മോനായി അവളെനോക്കിയലറിക്കരഞ്ഞു
ഞാൻ അവളെനോക്കാതെയോടി
മോനായി എന്നെപ്പിടിച്ചു വലിച്ചു
ഞാൻ മോനായിയുടെ മോന്തക്കിട്ടൊരു
ചവിട്ട് വച്ചു കൊടുത്തു
അതീപ്പിന്നെ മോനായിയെ
ഞാനിന്നു വരേക്കും കണ്ടിട്ടില്ല
താടിയൊക്കെ വളർത്തി
വിഷാദഗാനോം പാടി
എവിടേലുമൊക്കെ കാണുവാരിക്കും
അല്ലിയോ?

എന്നാലും ഒറ്റക്കാവുമ്പോൾ
അവനെ മിസ് ചെയ്യും
അറിയാതെ വിളിച്ചു പോവും
കിണറ്റിനുള്ളിൽ വീണു പോയ
കല്ലിന്റെ മുഴക്കം പോലെ
കുറച്ച് നേരം തങ്ങി നിന്നേച്ച്
പിന്നെയങ്ങലിഞ്ഞു പോകും.

ജീവിതത്തീ എല്ലാരും
ഇങ്ങനൊക്കെ തന്നാ
അല്ലിയോ?

സാജന്‍റെ കേസന്വേഷിച്ച പൊലീസുകാരനുമായുള്ള ആദ്യ സംഭാഷണത്തിലേക്ക് പോകുന്നതിന് [click here]

പൂത്തുരുത്തില്‍ എന്ത് സംഭവിച്ചെന്ന് പൊലീസുകാരന്‍ വിവരിക്കുന്നു [click here]

ശബ്ദം: കല്ല്യാണി രവീന്ദ്രന്‍

Comments