അയാൾക്കുള്ള അടി, ഒരു രാഷ്ട്രീയ സമരമാണ്

സ്വയം ഫെമിനിസ്റ്റുകൾ എന്ന് അടയാളപ്പെടുത്തുന്നവർ നടത്തുന്ന ഒരു പൊളിറ്റിക്കൽ ആക്ഷൻ സമാനമായ മനോഭാവമുള്ള കുറെ ആളുകളുടെ സഞ്ചിത തീരുമാനം നടപ്പിലാക്കൽ കൂടെ ആണല്ലോ. ആ അർത്ഥത്തിൽ നോക്കുമ്പോൾ രണ്ടോ മൂന്നോ ഫെമിനിസ്റ്റുകൾ നടത്തിയ വ്യക്തിപരമായ രാഷ്ട്രീയ നടപടി എന്നതിലുപരിയായി, സൈബർ ബുള്ളിയിങ് നേരിടുന്ന ആയിരക്കണക്കിന് സ്ത്രീകളുടെ മൊത്തത്തിലുള്ള രാഷ്ട്രീയ അഭിപ്രായം പ്രതിഫലിപ്പിക്കുന്ന നടപടിയായി വേണം, തിരുവനന്തപുരത്ത് അശ്ലീല യൂട്യൂബ് ചാനൽ നടത്തിയ വിജയ് നായരെ നേരിട്ട സംഭവത്തെ കാണാൻ

1996ലാണ്, അയ്യങ്കാളിപ്പട എന്ന പേരിൽ പ്രവർത്തിക്കുന്ന ഒരു മാവോയിസ്റ്റ് (?) സംഘടന പാലക്കാട് ജില്ല കലക്ടറെ ഒൻപത് മണിക്കൂറിലധികം തടവിലാക്കിയ സംഭവം നടന്നത്​. ആദിവാസി ഭൂനിയമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉന്നയിച്ചായിരുന്നു ആ ബന്ദിയാക്കൽ സമരം. വളരെ കുറച്ച് ആളുകൾ പങ്കെടുത്ത, പരാജയപ്പെടും എന്നുറപ്പുള്ള സമരമാണ് ഇതെന്ന് വ്യക്തമായിരുന്നു. എന്താണ് ഈ സമരത്തിന്റെ ഒരു പ്രശ്‌നം?

ഇത് ഒരു സമരരൂപം എന്ന നിലയിൽ നിരന്തരമായി ആവർത്തിക്കാൻ കഴിയാത്ത ഒന്നാണ്. ഭരണകൂടത്തിന് ഇത്തരം സമരങ്ങളെ അതിന്റെ മർദ്ദന ഉപകരണങ്ങൾ ഉപയോഗിച്ച് അനായാസം അടിച്ചമർത്താൻ പറ്റും. മാവോയിസ്റ്റ് രാഷ്ട്രീയ രീതികൾ എല്ലാം ഈ പൊതുവിമർശനത്തിന് അർഹമാണ്. എന്നാൽ പാലക്കാട് നടന്ന ബന്ദിയാക്കൽ സമരം വേറെ രീതിയിലും കാണാം.
ആ സമരരീതി യഥാർത്ഥത്തിൽ ഒരു ‘സ്‌പെക്റ്റക്കിൾ’ ആയിരുന്നു. സിനിമകളിലും കുറ്റാന്വേഷക നോവലിലും നാം കേട്ടുപരിചയിച്ച നാടകീയത, വളരെ അമച്വറിഷ് ആയി പുനരവതരിപ്പിക്കുകയായിരുന്നു മാവോയിസ്റ്റ് വിപ്ലവകാരികൾ എന്ന് പറയാം.

പക്ഷെ, ഒരു കാര്യമുണ്ട്. അന്ന് കേരളത്തിൽ വളർന്നുവികസിച്ചു വന്നുകൊണ്ടിരുന്ന ദൃശ്യമാധ്യമങ്ങളെ പ്രോപ്പഗാന്റ തലത്തിൽ ഉപയോഗപ്പെടുത്താൻ ആ സമരനാടകത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെയൊരു അനന്തരഫലം അതുവരെ കേരളത്തിൽ മുഖ്യധാരയുടെ ശ്രദ്ധ വേണ്ടത്ര ലഭിക്കാതിരുന്ന ആദിവാസി ഭൂമി പ്രശ്‌നം അതോടെ എല്ലാവരുടെയും ശ്രദ്ധയിൽ വന്നുചേർന്നു എന്നതാണ്. (ജനകീയ സമരങ്ങളിൽ നുഴഞ്ഞുകയറുന്ന മാവോയിസ്റ്റുകൾ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ നിരവധിയാണെങ്കിലും അതിവിടെ തൽക്കാലം മാറ്റി നിർത്താം). ചുരുക്കി പറഞ്ഞാൽ ബന്ദിയാക്കൽ നാടകം മൂലം വേണ്ടത്ര പരിഗണന ലഭിക്കാതിരുന്ന ഒരു കീഴാള പ്രശ്‌നം മുഖ്യധാരയിലേക്ക് കടന്നുവന്നു എന്ന് പറയാം.

ഈയൊരു സമാനത രഹന ഫാത്തിമ ശബരിമലയിൽ പോയ സംഭവത്തിൽ ആയാലും കഴിഞ്ഞ ദിവസം അശ്ലീല യൂട്യൂബ് ചാനൽ നടത്തിയ വിജയ് നായരെ മൂന്ന്​ സ്ത്രീകൾ ചേർന്ന് ചോദ്യം ചെയ്ത വിഷയത്തിലായാലും കാണാൻ സാധിക്കും. അത്തരം സമരങ്ങളെ അവയുടെ പ്രകടനപരതയുടെ പേരിലോ വ്യക്തിനിഷ്ഠസ്വഭാവത്തിന്റെ പേരിലോ അസംഘടിത രൂപത്തിന്റെ പേരിലോ രൂക്ഷമായി വിമർശിക്കുന്നത് വിമോചനാത്മക രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയല്ല ചെയ്യുക.

ലിബറലുകൾക്കിഷ്ടം കവിതപോലുള്ള സമരങ്ങൾ

ഏതുതരം സമരങ്ങളാണ് ലിബറൽ കാഴ്ചക്കാർക്ക് സ്വീകാര്യമാകുക? ഒരുതരത്തിലും തങ്ങളുടെ കംഫർട്ട് സോണിനെ അലോസരപ്പെടുത്താത്ത, ദൃശ്യഭംഗിയുള്ള, സംഗീതമുള്ള, മെഴുകുതിരികൾ ജ്വലിച്ചു നിൽക്കുന്ന, മുടി നീട്ടി വളർത്തിയ ചെറുപ്പക്കാർ ഗിറ്റാർ വായിച്ചു പാടുന്ന, കവിത പോലുള്ള സമരങ്ങൾ ആണവർക്ക് ഇഷ്ടം. ഈ സമരങ്ങൾ ടെലിവിഷനിലും സോഷ്യൽ മീഡിയയിലും തത്സമയ ശ്രദ്ധ നേടിയെടുക്കുകയും ചെയ്യും. ‘സർഫറോഷി കി തമന്ന അബ് ഹമാരെ ദിൽ മേ ഹേ' എന്ന് പാടിയശേഷം പബ്ബിലേക്ക് പോകാൻ പറ്റിയ സമരങ്ങൾ ആണിവ. അത്തരം സമരങ്ങൾ അമിത് ഷാ പോലും കണ്ടുരസിക്കും.
നമ്മുടെ മധ്യവർഗത്തിന് ഇഷ്ടപ്പെട്ട സമരങ്ങൾ ഗാന്ധിയൻ സമരങ്ങളാണ്. അക്രമിക്ക്, പീഡകന്, ചൂഷകന് മനഃപരിവർത്തനം ഉണ്ടാകുന്നതുവരെ കീഴാളർ സഹിച്ചുനിൽക്കുന്ന സമരങ്ങളാണ് അവർക്ക് പ്രിയം. അതുകൊണ്ട് തന്നെ ഉറക്കെ സംസാരിക്കുന്ന, അശ്ലീല വാക്കുകൾ പറയുന്ന, കരി ഓയിൽ എതിരാളിയുടെ ശരീരത്തിൽ ഒഴിക്കുന്ന സമരങ്ങൾ ലിബറലുകൾക്ക് സ്വീകാര്യമല്ല.

അക്രമിയും വ്യവസ്ഥിതിയും ആക്രമിക്കുമ്പോൾ എന്തുചെയ്യും?

എല്ലാ സമരങ്ങളും കൃത്യമായ രാഷ്ട്രീയ ചട്ടക്കൂടിൽ രൂപപ്പെട്ടുവരുന്നതല്ല. പലപ്പോഴും കൃത്യമായ രാഷ്ട്രീയ ബോധ്യങ്ങൾ രൂപപ്പെട്ടിട്ടുമാകില്ല സമരങ്ങൾ ഉണ്ടാകുന്നത്. ഒരു സമരം ചെയ്യുക എന്നതാണ് രാഷ്ട്രീയ ബോധ്യങ്ങൾ രൂപപ്പെടാനും പുതിയ രാഷ്ട്രീയ വ്യാകരണങ്ങൾ രൂപപ്പെടാനും സഹായിക്കുക. നമ്മുടെ നിഗമനങ്ങളുടെയും രീതിശാസ്ത്രത്തിന്റെയും കെട്ടുറപ്പ് ആ രീതിയിലാണ് രൂപപ്പെടുക.

സ്ത്രീകൾക്ക് എതിരെയുള്ള സൈബർ ബുള്ളിയിങ് നേരിടാൻ വ്യവസ്ഥാപിത മാർഗം നിലവിലുണ്ട്. പക്ഷെ അവ സഹായത്തിന് എത്തുന്നില്ല എന്നത് കുറ്റത്തോടെപ്പം തന്നെ ഗുരുതര കാര്യവുമാണ്. നീതി വൈകുമ്പോൾ വ്യക്തി അക്രമിയിൽ നിന്നും വ്യവസ്ഥിതിയിൽ നിന്നുമുള്ള രണ്ടുതരം പീഡനം ഒരേസമയം നേരിടുകയാണ് എന്നത് അവഗണിക്കാൻ പറ്റില്ല. അത്തരം സാഹചര്യങ്ങളിൽ ഇരകളുടെ പ്രതികരണത്തിന് വ്യക്തിനിഷ്ഠവും വൈകാരികവുമായ സ്വഭാവം ഉണ്ടാകും. കാരണം നീതി തേടുന്ന ആ ഒരാൾക്ക് നീതി ലഭിക്കേണ്ടതുണ്ട്. വേറെ ഏതോ കാലത്തിൽ സമാന പ്രശ്‌നം നേരിടുന്ന വേറൊരു വ്യക്തിക്ക് ഉടനടി നീതി ലഭിച്ചേക്കാം എന്ന സാധ്യത ഇപ്പോൾ അനീതി അനുഭവിക്കുന്ന ഒരാളെ സംബന്ധിച്ച് ആശ്വാസകരമായ കാര്യമാകണമെന്നില്ല.

സൈബർ ബുള്ളിയിങ് നിയന്ത്രിക്കാൻ ആവശ്യപ്പെടുന്നത് ഇരുതല മൂർച്ചയുള്ള വാളാണ്. ഐ.ടി നിയമത്തിന്റെ മറവിൽ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം നിയന്ത്രിക്കാൻ നാം സമ്മതിച്ചാൽ, അതിന്റെ മറവിൽ ഭരണകൂടത്തിന് വിമതസ്വരങ്ങളെ അടിച്ചമർത്താൻ കഴിയും. അതുകൊണ്ട് അഭിപ്രായ പ്രകടന സ്വാതന്ത്ര്യം പരമാവധി നിലനിർത്തി എപ്രകാരം സൈബർ ബുള്ളിയിങ് നേരിടാൻ പറ്റും എന്ന് തീരുമാനിക്കുന്നതാണ് നാം നേരിടുന്ന ഒരു വെല്ലുവിളി.

ഫെമിനിസ്റ്റുകളുടെ രാഷ്ട്രീയം

ഫെമിനിസ്റ്റുകൾ, അവർ ഫെമിനിസ്റ്റുകൾ ആയിരിക്കുന്നത് ഒരു പ്രത്യേക കാരണം കൊണ്ടാണ്. അവർക്ക് വ്യക്തികളെയും സംഭവങ്ങളെയും കാണാൻ ഒരു ഫെമിനിസ്റ്റ് നോട്ടം ഉണ്ട്. സ്വന്തം അനുഭവങ്ങളെയും സ്വത്വത്തെയും സവിശേഷമായ സ്വത്വ അനുഭവങ്ങളുടേതായ ഒരു ഫിൽട്ടറിൽ കൂടിയാണ് ഫെമിനിസ്റ്റുകൾ വീക്ഷിക്കുന്നത്. ഉമ ഭാരതിയോ പ്രഗ്യാ താക്കൂറോ അതിശക്തരായ രാഷ്ട്രീയക്കാർ ആയിരിക്കുമ്പോൾ തന്നെ അവർ ഫെമിനിസ്റ്റ് അല്ലാതിരിക്കുന്നതും അവർക്ക് സ്ത്രീ എന്ന ആനുകൂല്യം ഫെമിനിസ്റ്റുകൾ കൊടുക്കാത്തതും അതുകൊണ്ടുതന്നെയാണ്. വ്യതിരിക്തമായ ഒരു രാഷ്ട്രീയം ഉണ്ട് എന്നത് ഫെമിനിസ്റ്റുകളെ വർഗരാഷ്ട്രീയത്തിന്റെ എതിരാളികൾ ആകുന്നില്ല. ഈ വിധത്തിൽ ഒരു സ്വത്വനിലയുടെ ഭാഗമായി രൂപപ്പെട്ടിരിക്കുന്ന രാഷ്ട്രീയത്തിന്റെ സ്വഭാവത്തെ പൂർണമായി നിഷേധിക്കുന്നത് അരാഷ്ട്രീയ നിലപാടാണ്.

ഫെമിനിസ്റ്റുകൾക്ക് ഓട്ടോണോമി ആവശ്യമുണ്ട്

വിമോചനാത്മക രാഷ്ട്രീയത്തിൽ വയലൻസ് എന്നത് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. നിലവിലുള്ള ചൂഷക വ്യവസ്ഥ സ്വയം ഒഴിഞ്ഞുപോയ സംഭവങ്ങൾ കെട്ടുകേൾവിയിൽ പോലുമില്ല. വയലൻസിന്റെ ഉപയോഗം ധാർമികമായ മാനദണ്ഡങ്ങളിൽ ഊന്നിയിരിക്കണം എന്നുമാത്രമേ നമുക്ക് ആവശ്യപ്പെടാൻ പറ്റൂ. അമേരിക്കൻ ഐക്യനാടുകൾക്ക് 200 വർഷത്തിൽ അധികമായുള്ള ജനാധിപത്യ ചരിത്രമുണ്ട്. പക്ഷെ ഇന്നും Black Lives Matter എന്ന മുദ്രാവാക്യം ഉയർത്തി അക്രമാസക്തമായ സമരം നടന്നുകൊണ്ടിരിക്കുകയാണ് അവിടെ. ആ സമരത്തിന്റെ അക്രമ സ്വഭാവം അമേരിക്കൻ ലിബറലുകളെ വിഷമിപ്പിക്കുന്നുമുണ്ട്.

ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന് അതിന്റെ സ്വത്വപരതയും സവിശേഷ അനുഭവങ്ങളും വളരെ പ്രധാനമാണ്. അതുകൊണ്ട് അതിനോട് അനുഭാവവും താൽപര്യവും ഉള്ള മറ്റുള്ള ആളുകൾ രക്ഷകർതൃമനോഭാവത്തോടെ ആ മൂവ്‌മെന്റിനെ സമീപിക്കരുത്. ആ മൂവ്‌മെന്റിന്റെ രാഷ്ട്രീയ നിലപാടുകൾ, തന്ത്രങ്ങൾ, പ്രവർത്തന പരിപാടികൾ എന്നിവ തീരുമാനിക്കുന്നതിൽ ഫെമിനിസ്റ്റുകൾക്ക് ഓട്ടോണോമി ആവശ്യമുണ്ട്. സ്വയം ഫെമിനിസ്റ്റുകൾ എന്ന് അടയാളപ്പെടുത്തുന്നവർ നടത്തുന്ന ഒരു പൊളിറ്റിക്കൽ ആക്ഷൻ സമാനമായ മനോഭാവമുള്ള കുറെ ആളുകളുടെ സഞ്ചിത തീരുമാനം നടപ്പിലാക്കൽ കൂടെ ആണല്ലോ. ആ അർത്ഥത്തിൽ നോക്കുമ്പോൾ രണ്ടോ മൂന്നോ ഫെമിനിസ്റ്റുകൾ നടത്തിയ വ്യക്തിപരമായ രാഷ്ട്രീയ നടപടി എന്നതിലുപരിയായി, സൈബർ ബുള്ളിയിങ് നേരിടുന്ന ആയിരക്കണക്കിന് സ്ത്രീകളുടെ മൊത്തത്തിലുള്ള രാഷ്ട്രീയ അഭിപ്രായം പ്രതിഫലിപ്പിക്കുന്ന നടപടിയായി വേണം അതിനെ കാണാൻ.

Comments