ഹാഥ്റസിലേക്ക്
ബാബറി മസ്ജിദ് വഴി
പോകാന്‍ പറ്റുമോ?
ഹാഥ്റസിലേക്ക് ബാബറി മസ്ജിദ് വഴി പോകാന്‍ പറ്റുമോ?
8 Oct 2020, 04:18 PM
കഴിഞ്ഞ രണ്ട് ആഴ്ചക്കുള്ളില്‍ രാജ്യത്ത് രണ്ട് പ്രധാനപ്പെട്ട സംഭവങ്ങള്‍ നടന്നു. ഒന്ന്, ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും ഒരു സി.ബി.ഐ കോടതി വെറുതെ വിട്ടു. രണ്ട്, ഉത്തര്‍ പ്രദേശിലെ ഹാഥ്റസില്‍ വാത്മീകി സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ഉപരിജാതി താക്കൂര്‍ വിഭാഗത്തില്‍ പെട്ടവര്‍ ബലാത്സംഗം ചെയ്തു കൊന്നു. ഈ രണ്ട് സംഭവങ്ങളും തമ്മില്‍ കേവലമായി താരതമ്യം ചെയ്യുന്നത് തീര്‍ച്ചയായും ശരിയല്ല. ബാബറി മസ്ജിദ് തകര്‍ത്തത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാതലായ മാറ്റം ഉണ്ടാക്കിയ, അതിന്റെ സ്വഭാവത്തില്‍ തന്നെ അടിസ്ഥാനപരമായ പരിവര്‍ത്തനം ഉണ്ടാക്കിയ സംഭവമാണ്. ആ സംഭവം സൃഷ്ടിച്ച തിരമാലകളാണ് ഇന്ന് നരേന്ദ്രമോദിയെ പോലുള്ള ഒരാളെ അധികാരത്തില്‍ ദൃഢമായി ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്. ആ സംഭവമാണ് ഇന്ത്യയില്‍ തീവ്രവലതു രാഷ്ട്രീയത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത്. ഒരു പക്ഷെ ഇനിയും പതിറ്റാണ്ടുകളോളം നീളാവുന്ന ആധിപത്യം ഹിന്ദു വലതു പക്ഷത്തിന് ഉണ്ടാക്കിക്കൊടുത്തതിന്റെ ട്രിഗ്ഗര്‍ ബാബറി മസ്ജിദ് തകര്‍ത്ത സംഭവം ആണ്.

അതേ സമയം വാല്മീകി പെണ്‍കുട്ടിയുടെ ദാരുണ മരണം ഇന്ത്യയിലെ സ്ത്രീകള്‍ പൊതുവെയും ദളിത് സ്ത്രീകള്‍ പ്രത്യേകിച്ചും നേരിടുന്ന ദൈനംദിന ക്രൂരസാധ്യതയാണ്. ദളിത് സ്ത്രീകളുടെ നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ എത്ര സര്‍വ്വ സാധാരണമാണ് എന്നറിയാന്‍ നാഷണല്‍ ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ കണക്കുകള്‍ നോക്കിയാല്‍ മതി. എന്തുകൊണ്ട് സര്‍വ്വ സാധാരണം എന്ന് ചോദിച്ചാല്‍ വാല്മീകിപെണ്‍കുട്ടിയുടെ വീട്ടിലേക്ക് വരുന്ന ആളുകളുടെ നേരെ ഇപ്പോഴും ആക്രോശിച്ച്, അക്രമസക്തരായി നിലകൊള്ളുന്ന താക്കൂര്‍ ആണുങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സാമൂഹിക മനോഭാവങ്ങള്‍ എന്നാണ് ഉത്തരം.
വ്യത്യസ്തമായ മറ്റൊരു കാര്യമാണ് ഈ ലേഖനം പരിശോധിക്കുന്നത്. ബാബറി മസ്ജിദ് തകര്‍ത്ത കാര്യത്തില്‍ കോടതി വിധി വന്ന ശേഷം എത്ര ദിവസം അത് പൊതു മണ്ഡലത്തില്‍ ചര്‍ച്ചയായി നിലകൊണ്ടു? ഒന്നോ രണ്ടോ ദിവസം അത് ചര്‍ച്ച ചെയ്യപ്പെട്ടു എന്ന് കരുതാം. എന്നാല്‍ ഹാഥ്റസ് സംഭവം ഒരു ആഴ്ചയില്‍ ഏറെയായി നമ്മുടെ സജീവ പരിഗണനയില്‍ ഉണ്ട്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വളരെ സജീവമായി ആ സമരത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി വളരെ സജീവമാകുന്നു എന്ന തോന്നല്‍ ഉയര്‍ത്തുന്ന തരത്തില്‍ ഈ പ്രശ്നത്തില്‍ ഇടപെടുന്നു. ഇടത് പാര്‍ട്ടികള്‍, സിവില്‍ സൊസൈറ്റി മൂവ്‌മെന്റ്സ്, ബുദ്ധിജീവികള്‍, ആക്റ്റിവിസ്റ്റുകള്‍, മാധ്യമങ്ങള്‍ , സോഷ്യല്‍ മീഡിയ എന്നിവരൊക്കെ വളരെ സജീവമായി ഇതില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നു.
ഈ സജീവതയെ ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ കോടതി വിധിയോടുള്ള നിശബ്ദമാക്കപ്പെട്ട പ്രതികരണത്തോട് താരതമ്യപ്പെടുത്തി നോക്കുക. ബാബറി മസ്ജിദ് കോടതി വിധിയെപ്പറ്റി രാഹുല്‍ ഗാന്ധിയുടെ എന്തു പ്രതികരണമാണ് നമ്മള്‍ കണ്ടത്, കേട്ടത്? കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പല പ്രമുഖ നേതാക്കള്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. പ്രിയങ്ക ഗാന്ധി ഇങ്ങിനെയൊരു വിധി വന്നത് അറിഞ്ഞുപോലുമില്ല എന്നു തോന്നുന്നു. സോഷ്യല്‍ മീഡിയ പതിവ് പോലെ ഒരു ദിവസം ആ കോടതി വിധി ചര്‍ച്ച ചെയ്തു. യഥാര്‍ത്ഥത്തില്‍ ബാബറി മസ്ജിദ് തകര്‍ച്ചയുമായി ബന്ധപ്പെട്ടു പുറത്തു വന്ന രണ്ട് കോടതി വിധികളും അതെല്ലാം മറന്നേക്കൂ എന്ന് ആളുകളെ സമാധാനിപ്പിക്കുന്ന പോലത്തെ പ്രതീതിയാണ് സൃഷ്ടിച്ചത്. ഒരു ഭാരം ഒഴിഞ്ഞു എന്ന മട്ടില്‍ മുഖ്യധാരാ രാഷ്ട്രീയം, മീഡിയ, പൊതു മണ്ഡലം എന്നിവയൊക്കെ രണ്ടു വിധികളോടും ദീര്‍ഘ നിശ്വാസം പൊഴിച്ചു.

ഇത് ബോധപൂര്‍വ്വം ആണെന്ന വാദം അല്ല ഈ ലേഖനം മുന്നോട്ട് വെയ്ക്കാന്‍ ശ്രമിക്കുന്നത്. മറിച്ച്, ദളിത് രാഷ്ട്രീയത്തിനും മുസ്ലിം സ്വത്വരാഷ്ട്രീയത്തിനും രണ്ട് തരം പൊളിറ്റിക്കല്‍ വെയിറ്റ് ആണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉള്ളത് എന്ന് സൂചിപ്പിക്കാനാണ്. ദളിത് രാഷ്ട്രീയം അതിന്റെ പാര്‍ലമെന്ററി നില എന്തായാലും ദേശീയ തലത്തില്‍ പ്രസക്തവും സ്വാധീനശക്തിയും ഉള്ളതാണ്. വളരെ സ്വാധീനമുള്ള, കരിസ്മാറ്റിക് ആയ നേതാക്കള്‍, ആശയ സംഹിതകള്‍, പ്രതിബദ്ധതയുള്ള അണികള്‍, അതിജീവന ചരിത്രം എന്നിവ അവര്‍ക്കുണ്ട്. യാഥാര്‍ഥ്യ ബോധത്തോടെ നോക്കിയാല്‍ ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പിന്തുണ ഇല്ലാതെ തന്നെ നിലനില്‍ക്കാനുള്ള സാംസ്‌കാരികവും രാഷ്ട്രീയവുമായ മൂലധനം ദളിത് രാഷ്ട്രീയം ആർജിച്ചെടുത്തിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ മുസ്ലിം സ്വത്വ രാഷ്ട്രീയത്തിന്റെ പിന്തുണ ദളിത് മൂവ്‌മെന്റുകള്‍ക്കു അശേഷം ആവശ്യമില്ല. ഇതൊരു മുസ്ലിം-ദളിത് രാഷ്ട്രീയത്തിന്റെ വിമര്‍ശനം എന്ന രൂപത്തില്‍ പറയുന്നതല്ല. മറിച്ച് അത്തരമൊരു സ്ഥിരാവസ്ഥ ദളിത് രാഷ്ട്രീയത്തിന് ഉണ്ട് എന്ന് സൂചിപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്ന് മാത്രം.
കഴിഞ്ഞ രണ്ട് ദേശീയ തിരഞ്ഞെടുപ്പുകള്‍ വ്യക്തമായി സൂചിപ്പിക്കുന്ന ഒരു കാര്യം ബിജെപി യ്ക്ക് അധികാരത്തില്‍ വരാന്‍ മുസ്ലിം പിന്തുണ ആവശ്യമില്ല എന്നതാണ്. വളരെ മോശമായ ഭരണം കാഴ്ച വെച്ചിട്ടും നരേന്ദ്രമോദി അധികാരത്തില്‍ തിരിച്ചു വന്നു. യു പിയില്‍ ഉള്‍പ്പടെ. ഇനി വരുന്ന തെരെഞ്ഞെടുപ്പിലും അത് തന്നെ സംഭവിക്കാന്‍ ആണ് സാധ്യത. എന്താണത് സൂചിപ്പിക്കുന്നത് ? ബിജെപി മുന്നോട്ട് വെക്കുന്ന ഹിന്ദു ഐഡന്റിറ്റി പൊളിറ്റിക്സ് , ആ വിധത്തിലുള്ള ഒരു വോട്ട് ബാങ്ക് ഇവിടെ സൃഷ്ടിച്ചു കഴിഞ്ഞു എന്നാണതിന്റെ അര്‍ത്ഥം. ഐഡന്റിറ്റി അടിസ്ഥാനത്തില്‍ വോട്ട് ചെയ്യുന്നവര്‍ അവരുടെ നേതാവിന്റെ ഭരണപരമായ പെര്‍ഫോമന്‍സ് നോക്കി വോട്ട് ചെയ്യുന്നവരല്ല. മോഡിയുടെ ഹിന്ദു ലീഡര്‍ എന്ന പദവിയാണ് അവരുടെ പിന്‍തുണയുടെ അടിസ്ഥാനം.
ബാബറി മസ്ജിദ് വിധിയെ പൊതിഞ്ഞു നില്‍ക്കുന്ന മൗനം ആ അര്‍ത്ഥത്തില്‍ മുസ്ലിം സ്വത്വരാഷ്ട്രീയത്തിന്റെ ഒരു പ്രതിസന്ധിയെ സൂചിപ്പിക്കുന്നുണ്ട്. മുസ്ലിങ്ങളെ സംബന്ധിച്ചടുത്തോളം ദളിത് രാഷ്ട്രീയവുമായി കൂട്ടിക്കെട്ടുന്നതിലൂടെ മറികടക്കാന്‍ കഴിയുന്ന ഒന്നല്ല അത്. ഈ രണ്ട് രാഷ്ട്രീയങ്ങള്‍ക്കും വ്യത്യസ്തമായ ഊന്നലുകള്‍ ആണുള്ളത് എന്നതു തന്നെ കാരണം. ഭരണഘടനാ ദേശീയതയില്‍ ഊന്നുന്ന, അതിന്റെ ആധുനികത സങ്കല്പനങ്ങളില്‍ വിശ്വസിക്കുന്ന രാഷ്ട്രീയമാണ് ദളിതുകള്‍ മുന്നോട്ട് വെക്കുന്നത്. മുസ്ലിം സ്വത്വ രാഷ്ട്രീയം ഇക്കാര്യത്തില്‍ തീര്‍പ്പു കണ്ടെത്തിയിട്ടുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. എന്നുമാത്രമല്ല, മുസ്ലിം പിന്തുണ ദളിത് രാഷ്ട്രീയത്തിന്റെ ഇക്കാലത്തെ നിലനില്‍പ്പിന് ഒരു ബാധ്യതയായി മാറിയേക്കും എന്നു നിരീക്ഷിക്കുന്നവരും ഉണ്ട്. കൂട്ട മത പരിവര്‍ത്തനത്തിന് ഇസ്ലാമും ബുദ്ധ മതവും ആയിരുന്നു ദളിതുകളുടെ മുന്നിലുണ്ടായിരുന്ന ഓപ്ഷന്‍. അതില്‍ ഇന്ത്യനായ ബുദ്ധമതത്തെ തിരഞ്ഞെടുക്കുക വഴി അംബേദ്ക്കര്‍ തന്നെ ഇക്കാര്യത്തില്‍ ചില സൂചനകള്‍ നല്‍കിയിട്ടുണ്ട്. ശ്രീലങ്കയിലെ ബുദ്ധമതത്തിന്റ സ്ഥാപനങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സഹായം വാഗ്ദാനം ചെയ്ത സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രത്തില്‍ ഉള്ളത്.

പുറകോട്ടു നോക്കുമ്പോള്‍ ഇന്നത്തെ ഹിന്ദുമതത്തിന്റെ അധികാര ഘടനയെ ബുദ്ധമതത്തിലേക്കുള്ള പരിവര്‍ത്തനം ഒട്ടും പ്രകോപിപ്പിക്കുന്നില്ല. അതേ സമയം ചരിത്രപരമായി മതം മാറ്റത്തിന് വേണ്ടി ദലിതുകള്‍ വലിയ തോതില്‍ തിരഞ്ഞെടുത്ത ഇസ്ലാമിനെ ആയിരുന്നു അംബേദ്കര്‍ തിരഞ്ഞെടുത്തതെങ്കില്‍ അതൊരു സ്ഥായിയായ പ്രകോപനമായി തുടരുമായിരുന്നു. മുസ്ലീം സ്വത്വ രാഷ്ട്രീയത്തിന്റെ നിരാകരണമോ നവമുസ്ലീം രാഷ്ട്രീയ കര്‍തൃത്വങ്ങള്‍ അവഗണിക്കപ്പെടണം എന്നോ വാദിക്കല്‍ അല്ല ഈ വാദത്തിന്റെ ലക്ഷ്യം. മറിച്ച് ആ രാഷ്ട്രീയം മുഖ്യ സഖ്യ കക്ഷിയായി കാണുന്ന ദളിത് രാഷ്ട്രീയം ഒരു പക്ഷെ അവര്‍ കരുതുന്നത് പോലുള്ള സ്വാഭാവിക സഖ്യകക്ഷി ആകണമെന്നില്ല എന്ന് തോന്നുന്നു എന്ന് സൂചിപ്പിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്. ബാബറി മസ്ജിദ് വിധിയില്‍ നിന്ന് ഒളിച്ചോടാന്‍, രാഹുല്‍ ഗാന്ധി അടക്കമുള്ള ഇന്ത്യയിലെ പ്രതിപക്ഷം ഹാഥ്റസിലെ ദളിത് പെണ്‍കുട്ടിയുടെ പീഡനത്തെയാണ് മറയാക്കിയത് എന്നതില്‍ ദളിത്-മുസ്ലിം രാഷ്ട്രീയത്തിന്റെ വരാനിരിക്കുന്ന ഭാവിയെ കുറിച്ചുള്ള ചില സൂചനകള്‍ ഉണ്ട്.
ഇന്ത്യയിലെ മുഖ്യധാരാ സംഘടനകളുടെ പിന്തുണ ഇല്ലാതെയും ദൃശ്യത കൈവരിക്കാന്‍ ശേഷിയുള്ള അതിക്രമമാണ് ഹാഥ്റസില്‍ നടന്നത്. രോഹിത് വെമുല സമരത്തില്‍ മുഖ്യധാരാ രാഷ്ട്രീയ സംഘടനകളെ ക്രിയാത്മകമായ ദൂരത്ത് നിര്‍ത്താന്‍ അംബേദ്കര്‍ സ്റ്റുഡന്റസ് അസോസിയേഷന്‍ എടുത്ത തീരുമാനത്തില്‍ ദളിത് രാഷ്ട്രീയത്തിന്റെ ആത്മവിശ്വാസമുണ്ട്. ഹാഥ്റസിലെ പെണ്‍കുട്ടിക്ക് ഇന്ത്യന്‍ മുഖ്യധാരയുടെ പിന്തുണ ആവശ്യമില്ല. ഇന്ത്യന്‍ പ്രതിപക്ഷത്തിന് പക്ഷെ പിടിച്ചു നില്‍ക്കാന്‍ ഹാഥ്റസിലേക്കു പോയേ പറ്റൂ. അയോധ്യയിലെ ഭൂമി പൂജക്ക് ക്ഷണിക്കാത്തതില്‍ ആയിരുന്നു പ്രിയങ്കയുടെ പരാതി. എന്നാല്‍ ഹാഥ്റസിലേക്ക് പ്രിയങ്കയെ ആരും ക്ഷണിക്കണ്ട. എന്നാല്‍ അതല്ല ബാബറി മസ്ജിദിന്റെയും മുസ്ലീം രാഷ്ട്രീയത്തിന്റെയും സ്ഥിതി. മുഖ്യധാരാ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ബാബറി ഉള്‍പ്പടെയുള്ള മുസ്ലീം രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവുകയുള്ളൂ. എന്നിട്ടും ബാബറി മസ്ജിദ് വിധിയെക്കുറിച്ച് വിശദമായൊന്നു പ്രതികരിക്കാന്‍ പോലും മാധ്യമങ്ങള്‍ അടക്കമുള്ള ഇന്ത്യന്‍ പ്രതിപക്ഷം ശ്രമിച്ചില്ല. യു. പി യില്‍ തന്നെയാണ് അയോധ്യയും. എന്നിട്ടും അയോധ്യവഴി ഹാഥ്റസിലേക്കു പോകാന്‍ കഴിയുന്നില്ല എന്നതാണ് ഇന്ത്യന്‍ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ദൗര്‍ബല്യം. അയോധ്യയെ ഉപേക്ഷിച്ച ആ പ്രതിപക്ഷമാണ് നരേന്ദ്ര മോഡി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന്റെ കരുത്ത്. അതുകൊണ്ട് ഇപ്പോഴും തുടരുന്ന ഹാഥ്റസിലേക്കുള്ള യാത്ര ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സാധ്യതയോ തിരിച്ചുവരവോ ആയിട്ടല്ല നാം കാണേണ്ടത്. തിരിച്ചുപോക്കായാണ്. അങ്ങിനെ കണ്ട ശേഷം രൂപപ്പെടുന്ന രാഷ്ട്രീയത്തിലാണ് ജനാധിപത്യത്തിന്റെ ഭാവി പ്രതീക്ഷ.
കെ.ടി. കുഞ്ഞിക്കണ്ണൻ
Jan 25, 2023
6 Minutes Read
എന്‍.ഇ. സുധീര്‍
Jan 24, 2023
11 Minutes Listening
എ. എ. റഹീം
Jan 24, 2023
3 Minutes Read
റിദാ നാസര്‍
Jan 22, 2023
2 Minutes Read
ശ്രീജിത്ത് ദിവാകരന്‍
Jan 20, 2023
14 Minutes Read
അശോകന്‍ ചരുവില്‍
Jan 17, 2023
3 Minute Read
എസ്. ജോസഫ്
Jan 17, 2023
8 minutes read
Open letter
Jan 17, 2023
3 minute read
ഉഷാ നായർ
10 Oct 2020, 04:06 PM
രാജ്യത്തെ പ്രതിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന കോൺഗ്രസിന്റെ ശിഥിലീകരണമാണ് ഇന്നത്തെ അവസ്ഥക്ക് കാരണം,തെറ്റുകൾ തിരുത്തി മുന്നേറിയില്ലെങ്കിൽ ഈ രാജ്യത്തെ ആർക്കും രക്ഷിക്കാൻ കഴിയില്ല....