truecoppy
MORE
Truecopy Home
Readers
are
Thinkers

Friday, 27 January 2023

truecoppy
Truecopy Logo
Readers are Thinkers

Friday, 27 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
Thomas Isaac

Opinion

കെ റെയില്‍:
എന്താണ് ഇടതുപക്ഷത്തിന്റെ
ശരിയായ വികസന മുന്‍ഗണന?

കെ റെയില്‍: എന്താണ് ഇടതുപക്ഷത്തിന്റെ ശരിയായ വികസന മുന്‍ഗണന?

ഇന്നത്തെ പാവങ്ങളെ അതേ നിലയില്‍ സംരക്ഷിക്കുന്നതല്ല വികസനം. ഇന്നത്തെ പാവപ്പെട്ടവരുടെ അടുത്ത തലമുറയുടെ കാലത്തെങ്കിലും, അവരെയും നമുക്ക് ഇടത്തരം വരുമാനക്കാരുടെ നിലവാരത്തിലേക്ക് ഉയര്‍ത്തണം. അതിന് ഭാവി വളര്‍ച്ചക്കുതകുന്ന പശ്ചാത്തല സൗകര്യങ്ങള്‍ അനിവാര്യമാണ്. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിയോ ലിബറലിസമല്ലാതെ ആധുനിക പരിഷ്‌കരണത്തിന് മറ്റു മാര്‍ഗമില്ല എന്ന നിഗമനത്തിലേക്ക് ജനങ്ങള്‍ നീങ്ങാം. ഇതിന്റെ സാമൂഹ്യ - രാഷ്ട്രീയ വിപരീതഫലങ്ങള്‍ വളരെ തീക്ഷ്ണമായിരിക്കും. ഇത്തരമൊരു സമഗ്രവും ചലനാത്മകവുമായ കാഴ്ചപ്പാട് ഇല്ലാത്തതുകൊണ്ടാണ് ചില പണ്ഡിതര്‍ കെ റെയില്‍ പോലുള്ള പശ്ചാത്തല സൗകര്യങ്ങള്‍ വരേണ്യ വര്‍ഗ വികസന സമീപനമാണെന്ന ധാരണയിലേക്ക് എത്തുന്നത്. ഡോ. ടി.എം. തോമസ് ഐസക് എഴുതി ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച ‘എന്തുകൊണ്ട് കെ റെയില്‍' എന്ന പുസ്തകത്തില്‍നിന്ന്.

19 Feb 2022, 10:59 AM

ഡോ: ടി.എം. തോമസ് ഐസക്ക്

എന്താണ് നിങ്ങളുടെ വികസന മുന്‍ഗണന? പാവങ്ങളുടെ ക്ഷേമമാണോ അതോ ഇടത്തരക്കാരുടേയും സമ്പന്നരുടേയും താല്‍പര്യങ്ങളാണോ? കേരളത്തിലെ ഇടതുപക്ഷത്തോട് ഏതാണ്ട് എല്ലാ കെ റെയില്‍ വിമര്‍ശകരും ഉന്നയിക്കുന്ന ചോദ്യമാണ്. കെ റെയില്‍ തെറ്റായ വികസന മുന്‍ഗണനയാണെന്നത് അവരെല്ലാവരും പങ്കുവക്കുന്ന ഒരു ആശയമാണ്. നാട്ടിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് പ്രത്യക്ഷനേട്ടം ഇല്ലാത്ത ഒരു
പ്രൊജക്ടിന് ഇത്ര ഭീമമായ പണം മുതല്‍മുടക്കുന്നത് ഇടതുപക്ഷ നിലപാടിന് യോ ജിച്ചതല്ലായെന്ന തോന്നലാണ് രാഷ്ട്രീയമായി സര്‍ക്കാരിനോടൊപ്പം നില്‍ക്കുന്ന പലര്‍ക്കുമുള്ളത്. ഇനി ഇത്തരമൊരു പദ്ധതി ഏറ്റെടുക്കണമെങ്കില്‍ത്തന്നെ പ്രളയത്തിനും കോവിഡിനുമെല്ലാം ശേഷം സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു ഘട്ടത്തിലാണോ വേണ്ടതെന്ന ചോദ്യവും അവര്‍ ഉയര്‍ത്തുന്നു.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

കമ്യൂണിസ്റ്റ് പാര്‍ട്ടിയും കേരള വികസന തന്ത്രവും

കേരളത്തിന്റെ വികസനം സംബന്ധിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വളരെ സുവ്യക്തമായ ഒരു കാഴ്ചപ്പാടുണ്ട്. 1956 ജൂണില്‍ തൃശ്ശൂരില്‍ വച്ചു നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിശേഷാല്‍ സംസ്ഥാന സമ്മേളനം  ‘പുതിയ കേരളം പടുത്തുയര്‍ത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍' എന്ന പ്രമേയം അംഗീകരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുവച്ച കാഴ്ചപ്പാടിന്റെ മര്‍മം ഭൂപരിഷ്‌കരണമായിരുന്നു. ജന്മിത്വ ചൂഷണം ഇല്ലാതാക്കുന്നതിന് ഭൂസ്വത്ത് കൂടുതല്‍ സന്തുലിതമായി വിതരണം ചെയ്യുന്നതിനും സവര്‍ണമേധാവിത്വത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്നതിനും ഭൂപരിഷ്‌കരണത്തിന് സുപ്രധാന പങ്കുണ്ട്. മറ്റൊന്ന് കൂട്ടായ വിലപേശലിലൂടെ കൂലി ഉയര്‍ത്തുന്ന തിനുള്ള അവകാശം അംഗീകരിച്ചുകൊണ്ടുള്ള തൊഴില്‍നയമായിരുന്നു. പൊതു വിദ്യാഭ്യാസ- ആരോഗ്യാദി സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഈ പരിപാടി ഊന്നല്‍ നല്‍കി. ജനങ്ങളുടെ ഉപജീവന മേഖലകള്‍ സഹകരണാടിസ്ഥാനത്തിലും അല്ലാതെയും മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളുണ്ടായി. പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം സ്വകാര്യ നിക്ഷേപത്തെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമാ ണ് ഈ രേഖയില്‍ സ്വീകരിച്ചത്. വിമോചന സമരത്തിലൂടെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ചത് മേല്‍പ്പറഞ്ഞ പരിപാടി ഫലപ്രദമായി നടപ്പാക്കുന്നതിനു തടസ്സമായി. ഭൂപരിഷ്‌കരണം നടപ്പാക്കുന്നതിലുണ്ടായ കാലതാമസം മിച്ചഭൂമി തിരിമറി ചെയ്യുന്നതിന് അവസരമൊരുക്കി. കര്‍ഷക തൊഴിലാളികള്‍ക്ക് കൃഷിഭൂമി നിഷേധിക്കപ്പെട്ടു.

vimochana samaram
വിമോചന സമരകാലത്തെ ഒരു ജാഥ. / Photo : Fb Page, Joseph Thumpassery.

എന്നിരുന്നാല്‍ തന്നെയും 1956ലെ രേഖയും കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച കര്‍മപരിപാടിയും നയങ്ങളും ഭാവികേരളത്തിന്റെ വികസനത്തിന്റെ പൊതുസമീപനത്തെ ഗാഢമായി സ്വാധീനിച്ചു. മാറിവരുന്ന സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പിന്നീടുവന്ന ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരുകളുടെ കാലത്തും പാര്‍ട്ടി വികസന കാഴ്ചപ്പാടിനെ കൂടുതല്‍ മൂര്‍ത്തമാക്കിയിട്ടുണ്ട്. എന്നാല്‍ 1990കളായപ്പോള്‍ രണ്ട് സുപ്രധാന സംഭവങ്ങളുണ്ടായി. ഒന്നാമത്തത്, സാമ്രാജ്യത്വ ആഗോളവല്‍ക്കരണവും ഇന്ത്യയുടെ വികസന ചട്ടക്കൂടില്‍ വന്ന നിയോലിബറല്‍ മാറ്റങ്ങളുമാണ്. രണ്ടാമത്തേത്, കേരളത്തിന്റെ വികസനം കേവലം പുനര്‍വിതരണത്തെ മാത്രം ഊന്നി മുന്നോട്ടുപോകാനാവില്ല എന്ന തിരിച്ച റിവുണ്ടായതാണ്. ക്ഷേമനേട്ടങ്ങള്‍ നിലനിര്‍ത്തണമെങ്കില്‍ കൃഷിയും വ്യവസായത്തിലും ഉല്‍പ്പാദനം വര്‍ദ്ധിക്കണം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. ഇതിനാവശ്യമായ നയങ്ങള്‍ രൂപീകരിക്കണം. ഈ നയങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നിയോ ലിബറല്‍ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടാണെങ്കിലും ബദല്‍ സമീപനങ്ങള്‍ കരുപ്പിടിപ്പിച്ചുകൊണ്ടാകണം. ഇതിനെന്തുവേണം എന്ന ചോദ്യത്തിന് മറുപടി നല്‍കുന്നതിനാണ് സഖാവ് ഇ.എം.എസ് തന്റെ അവസാന വര്‍ഷങ്ങളില്‍ പരിശ്രമിച്ചത്. ഈ ലക്ഷ്യം വച്ചുകൊണ്ടാണ് ഇ.എം.എസ് കേരളത്തെക്കുറിച്ച് പഠിച്ചിട്ടുള്ള ഏതാണ്ട് എല്ലാ പ്രാമാണിക പണ്ഡിതന്മാരുടേയും തെരെഞ്ഞെടുത്ത സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരുടേയും അന്തര്‍ദേശീയ കേരള പഠന കോണ്‍ഗ്രസ് 1994ല്‍ വിളിച്ചു ചേര്‍ത്തത്. അതിനുശേഷം മൂന്ന് പഠന കോണ്‍ഗ്രസുകള്‍ കൂടി നടക്കുകയുണ്ടായി. ഇവ ഓരോന്നും അതിവിപുലമായ വികസന സംവാദങ്ങളായിരുന്നു. ഈ വികസന സംവാദങ്ങള്‍ ഇന്നത്തെ ഇടതുപക്ഷ കാഴ്ചപ്പാടിന് രൂപം നല്‍കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുകയുണ്ടായി. 1996ലെ ജനകീയാസൂത്രണം പുതിയ വികസന കാഴ്ചപ്പാടിലെ ഒരു സുപ്രധാന ഘടകമായിരുന്നു. കെ റെയില്‍ അടക്കമുള്ള പശ്ചാത്തലസൗകര്യങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ഇത്തരമൊരു സുവ്യക്തമായ ഒരു വികസന തന്ത്രത്തിന്റെ ഭാഗമാണ്. 2021ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വളരെ കൃത്യതയോടുകൂടി ഈ വികസനതന്ത്രം 900 പോയിന്റുകളായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയുമുണ്ടായി.

ALSO READ

മമ്മൂട്ടി എന്ന ഛായ, പ്രതിച്​ഛായ

ഏതു വിമര്‍ശനങ്ങളെയും സഹിഷ്ണുതയോടെ കേള്‍ക്കാന്‍ തയ്യാറാണ്. പക്ഷേ, ഒരു കാര്യം ഓര്‍ക്കുന്നത് നന്ന്. ആര്‍ക്കെങ്കിലും ഒരു വിളി തോന്നിയപ്പോള്‍ പൊട്ടിമുളച്ചതല്ല കെ റെയില്‍. വളരെ ജനാധിപത്യപരമായ ഒരു ജനകീയ സംവാദത്തിലൂടെ രൂപം കൊണ്ട വികസന തന്ത്രത്തിന്റെ ഭാഗമാണത്.
സാധാരണക്കാരുടെ ക്ഷേമത്തിലുള്ള മുന്‍ഗണനയില്‍ മാറ്റം വന്നോ? എക്കാലത്തും ഇടതുപക്ഷത്തിന്റെ പ്രഥമ വികസന മുന്‍ഗണന പാവപ്പെട്ടവരുടെയും സാധാരണക്കാരന്റെയും ക്ഷേമവും സുരക്ഷിതത്വവുമാണ്. ഇതിനുതകുന്ന ആവശ്യങ്ങളെ മുന്‍നിര്‍ത്തി ജനങ്ങളെ സംഘടിപ്പിക്കാനാണ് ഇടതുപക്ഷത്തിന്റെ പരിശ്രമം. സ്വാഭാവികമായി ഭരണത്തില്‍ വരുന്ന ഘട്ടങ്ങളില്‍ ജനങ്ങള്‍ക്കു സമാശ്വാസം നല്‍കുന്നതിനായിരിക്കും ഊന്നല്‍. കേരളത്തിലെ ജനങ്ങള്‍ക്ക് ഇന്ന് മറ്റ് സംസ്ഥാനങ്ങളിലെ സാധാരണക്കാര്‍ക്ക് അപ്രാപ്യമായ മെച്ചപ്പെട്ട ഒരു ജീവിത ഗുണമേന്മ ഉറപ്പുവരുത്തുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിലെ സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ളത് മൂന്ന് കാര്യങ്ങളാണ്. ഒന്നാമത്തേത്, കേരളത്തിലെ ഉയര്‍ന്ന കൂലി അഥവാ വരുമാനത്തിലെ പുനര്‍വിതരണമാണ്. കേരളത്തിലെ നാട്ടുമ്പുറങ്ങളില്‍ 700 രൂപ കൂലിയുള്ളപ്പോള്‍ ഗുജറാത്തിലത് 350 രൂപയാണ്. രണ്ടാമത്തേത്, കേരളത്തിലെ ഭൂപരിഷ്‌കരണം അഥവാ സ്വത്തിന്റെ പുനര്‍വിതരണമാണ്. മൂന്നാമത്തേത്, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസുരക്ഷ തുടങ്ങിയ പൊതു സംവിധാനങ്ങള്‍ സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചതാണ്.

Kerala
1994 ലെ ഒന്നാം അന്തര്‍ദേശീയ പഠന കോണ്‍ഗ്രസില്‍ ഇ. എം. എസ്. / Photo : Fb Page, Thomas Isaac.

ഇവയില്‍ ആദ്യത്തെ രണ്ടെണ്ണം ഇടതുപക്ഷത്തിന്റെ സംഭാവനകളാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ലല്ലോ. മൂന്നാമത്തേതിന്റെ ചരിത്രം സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളില്‍ നിന്നു തുടങ്ങുന്നു. അവ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഇടതുപക്ഷത്തിന്റെ പങ്ക് നിഷേധിക്കുകയില്ലായെന്നു കരുതട്ടെ. ഇന്ന് നിയോലിബറല്‍ കാലഘട്ടത്തില്‍ പൊതുവിദ്യാഭ്യാസ-ആരോഗ്യാദി മേഖലകളെ സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനു കടകവിരുദ്ധമായ സമീപനമാണ് കേരള സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. പൊതുവിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും സാമൂഹ്യസുരക്ഷ ഉയര്‍ത്തുന്നതിനും കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെപ്പോലെ ശ്രദ്ധ നല്‍കിയിട്ടുള്ള ഏതെങ്കിലും കാലത്തെ ഏതെങ്കി ലും സംസ്ഥാനത്തെ സര്‍ക്കാരിനെ ചൂണ്ടിക്കാണിക്കാനുണ്ടോ? ജനകീയാസൂത്രണത്തിന്റെ പ്രഥമ ലക്ഷ്യങ്ങളിലൊന്ന് ജനപങ്കാളിത്തത്തോടെ വിദ്യാഭ്യാസ- ആരോഗ്യാദി മേഖലകളുടെ ഗുണനിലവാരം ഉയര്‍ത്തുകയായിരുന്നു.

ഇതിന്റെയെല്ലാം നേട്ടങ്ങള്‍ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെയും പൊതു ആരോഗ്യ സംവിധാനം ഉപയോഗിക്കുന്നവരുടെയും സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെയും എണ്ണത്തില്‍ കൃത്യമായി പ്രതിഫലിച്ചു കാണാം. ഇത്തരത്തില്‍ പാവപ്പെട്ടവരോടുള്ള പക്ഷപാതിത്വമായിരിക്കും ഇനിയും വികസന നയത്തിലെ പ്രഥമ മുന്‍ഗണനയെന്നതിന്റെ ഉറപ്പാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക. അതി ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുക, സാമൂഹ്യനീതി ശക്തിപ്പെടുത്തുക, ഭിന്നശേഷിക്കാരുടെ ക്ഷേമം ഉയര്‍ത്തുക, ക്ഷേമ പെന്‍ഷന്‍ പ്രതിമാസം 2000 രൂപയാക്കുക, സാമൂഹിക പൊതുസൗകര്യങ്ങള്‍ മികവുറ്റതാക്കുക തുടങ്ങിയവയെ ല്ലാം മുന്നോട്ട് കൊണ്ടുപോകും.

സാധാരണക്കാരുടെ ഉപജീവന മാര്‍ഗങ്ങള്‍

അതോടൊപ്പം സാധാരണക്കാരുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും വികസന കാഴ്ചപ്പാടിന്റെ ഭാഗമാണ്. ഭൂപരിഷ്‌കരണത്തിന്റെ ഭാഗമായി നടപ്പാക്കേണ്ടിയിരുന്ന സമഗ്ര കാര്‍ഷിക പരിഷ്‌കരണം നടപ്പാക്കുന്നതിലുണ്ടായ ദൗര്‍ബല്യമാണ് കാര്‍ഷിക മേഖല പ്രതീക്ഷിച്ചതുപോലെ വളരാതിരുന്നതിന് ഒരു കാരണം. സമഗ്ര കാര്‍ഷിക പരിഷ്‌കാരമാണ് നമ്മുടെ ലക്ഷ്യം. കോര്‍പറേറ്റുകളുടെ മേധാവിത്വത്തിലുള്ള കൃഷിയെന്ന നിയോലിബറല്‍ സമീപനത്തിനു പകരം കൃഷിക്കാരുടെ കൂട്ടായ്മയെ അടിസ്ഥാനമാക്കിയുള്ള കാര്‍ഷിക അഭിവൃദ്ധി എന്നതാണ് നമ്മുടെ കാഴ്ചപ്പാട്. ഇതിനായുള്ള കാര്‍ഷിക പരിഷ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് നീര്‍ത്തടാധിഷ്ഠിത ആസൂത്രണമാണ്. നീര്‍ത്തടാടിസ്ഥാനത്തില്‍ ജലസംരക്ഷണത്തിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും മാസ്റ്റര്‍പ്ലാനുകള്‍ ഉണ്ടാവണം. ചെറുനീര്‍ത്തടാടിസ്ഥാനത്തില്‍ മാത്രമല്ല, നദീതടം വരെ ഇത്തരത്തില്‍ മാസ്റ്റര്‍പ്ലാനുകള്‍ക്കു രൂപം നല്‍കണം. ലഭ്യമായ വെള്ളത്തിന്റെ അളവും മണ്ണിന്റെ സ്വഭാവവും കണക്കിലെടുത്ത് ഏലാകള്‍ക്കും പുരയിടങ്ങള്‍ക്കും ശാസ്ത്രീയ വിളക്രമം സ്വീകരിക്കണം. പുരയിടങ്ങളില്‍ ഫലവൃക്ഷവിളകള്‍ പ്രോത്സാഹിപ്പിക്കണം. ശാസ്ത്രീയ നെല്‍കൃഷി രീതികള്‍ അവലംബിക്കണം. അനുയോജ്യമായ സംഘകൃഷി രീതികള്‍ ഉപയോഗപ്പെടുത്തണം. കൃഷിക്കാരുടെ വരുമാനം വര്‍ദ്ധിപ്പിക്കണമെങ്കില്‍ മൂല്യവര്‍ദ്ധന ശൃംഖലയില്‍ അവരുടെ സ്ഥാനം ഉയര്‍ത്തണം. കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവിന് കൃഷിക്കാരുടെ പ്രൊഡ്യൂസര്‍ കമ്പനികള്‍ പോലുള്ളവ ഉപയോഗപ്പെടുത്തി കാര്‍ഷിക സംസ്‌കരണ വ്യവസായങ്ങള്‍ക്കു രൂപം നല്‍കണം. ഇതുമായി സംഭരണത്തെ ബന്ധപ്പെടുത്താം. ഇതോടൊപ്പം കാര്‍ഷിക കര്‍മസേന, ലേബര്‍ ബാങ്കുകള്‍ തുടങ്ങിയ സംവിധാനങ്ങളിലൂടെ കര്‍ഷകത്തൊഴിലാളികള്‍ക്കു മെച്ചപ്പെട്ട സേവന- വേതന വ്യവസ്ഥ ഉറപ്പുവരുത്തണം. കുടുംബശ്രീ സംഘകൃഷി നല്ലൊരു അനുഭവമാണ്. 
വായ്പ നല്‍കുക മാത്രമല്ല, നാനാവിധ സേവനങ്ങള്‍ നല്‍കുന്നതിനും കാര്‍ഷിക വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സഹകരണ സംഘങ്ങള്‍ക്കു വലിയ പങ്കുവഹിക്കാനാവും.

kudumbasree
കുടുംബശ്രീ സംഘകൃഷി. / Photo : Wikimedia Commons.

ഇത്തരത്തിലുള്ള വിപുലമായ ജനകീയ ഇടപെടലിലൂടെ മാത്രമേ കാര്‍ഷിക മേഖലയിലെ ഉല്‍പ്പാദനക്ഷമത ഉയര്‍ത്തുന്നതിനും കൃഷിക്കാരുടെയും കര്‍ഷകത്തൊഴി ലാളികളുടെയും ഐക്യം ഉറപ്പുവരുത്തുന്നതിനും കഴിയൂ.
ഓരോ പഞ്ചായത്തും കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളടക്കം ഒന്നോ രണ്ടോ ഉല്‍പ്പന്നങ്ങളില്‍ കേന്ദ്രീകരിച്ച് കൂടുതല്‍ സംഘടിതമായി സംസ്‌കരിക്കുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നത്. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ നൂതനമായ സങ്കേതങ്ങളെയും യന്ത്രങ്ങളെയും ഉപയോഗപ്പെടുത്താനാകും. ഗുണനിലവാര മേല്‍നോട്ടവും വിപുലമായ വിപണനവും സാദ്ധ്യമാകും. കാര്‍ഷിക മൂല്യവര്‍ദ്ധന മാത്രമല്ല, മറ്റു ഗ്രാമീണ വ്യവസായങ്ങളും വര്‍ക്ക്‌ഷോപ്പുകളും സേവന ക്ലസ്റ്ററുകളും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. 1000 പേര്‍ക്ക് 5 വീതം തൊഴില്‍ ഇത്തരത്തിലെല്ലാമായി ഓരോ വര്‍ഷവും സൃഷ്ടിക്കണമെന്നുള്ള ലക്ഷ്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മക്ക്​ പരിഹാരം

പക്ഷേ, മേല്‍പറഞ്ഞവയൊന്നും അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമാകില്ല. കേരളത്തിലെ പാവപ്പെട്ടവരുടെ മക്കളും ഇന്ന് വിദ്യാസമ്പന്നരാണ്. അവര്‍ തങ്ങളുടെ മാതാപിതാക്കളുടെ തൊഴിലുകൊണ്ട് തൃപ്തരല്ല. വിദ്യാഭ്യാസ യോഗ്യതകള്‍ക്കനുസരിച്ചുള്ള നല്ല വരുമാനമുള്ള തൊഴിലുകളാണ് പുതിയ തലമുറയുടെ പ്രതീക്ഷ. പാവപ്പെട്ടവര്‍പോലും തങ്ങളുടെ മക്കള്‍ തങ്ങളുടെ ഉപജീവനത്തൊഴിലുകളില്‍ ഏര്‍പ്പെട്ടു ജീവിക്കണമെന്നല്ല ആഗ്രഹിക്കുന്നത്. സമൂഹത്തിലെ പാവപ്പെട്ടവരുടെ എണ്ണം കുറയുകയും ഇടത്തരക്കാരുടെ എണ്ണം കൂടുകയും ചെയ്യുന്നത് പ്രതീക്ഷകളെ വീണ്ടും ഉയര്‍ത്തുന്നു. എന്നാല്‍ കേരളമാണ് ഇന്ത്യയില്‍ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ അനുഭവപ്പെടുന്ന പ്രദേശം. ഏറ്റവും അവസാനത്തെ കണക്കുകള്‍ 2018-19 വര്‍ഷത്തെയാണ്. 6.35 ശതമാനമാണ് അഖിലേന്ത്യാ തൊഴിലില്ലായ്മ. കേരളത്തിലേത് 13.25 ഉം. സ്ത്രീകളാണ് തൊഴിലില്ലായ്മയുടെ മുഖ്യ ഇര. അഖിലേന്ത്യാ തലത്തില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ 6.7 ശതമാനമായിരിക്കുമ്പോള്‍ കേരളത്തിലേത് 25 ശതമാനമാണ്. എത്ര തേടിയാലും തൊഴില്‍ കിട്ടുക പ്രയാസകരമാകുമ്പോള്‍ അഭ്യസ്തവിദ്യരായ സ്ത്രീകള്‍ തൊഴിലന്വേഷണം മതിയാക്കി വീടുകളില്‍ ഒതുങ്ങുന്നു. കേരളത്തില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം പുരുഷന്മാരുടെ മൂന്നിലൊന്നേ വരൂ. തൊഴിലെടുക്കുന്നവര്‍ പോലും തങ്ങളുടെ തൊഴിലില്‍ അസംതൃപ്തരാണ്. തങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ചുള്ള മെച്ചപ്പെട്ട തൊഴിലവസരം ലഭിക്കുന്നതുവരെ മുട്ടശാന്തി പണിയായിട്ടേ നിലവിലുള്ള തൊഴിലിനെ കാണുന്നുള്ളൂ.

തൊഴിലില്ലായ്മയ്ക്കു പരിഹാരം കാണേണ്ടത് ഒരു സുപ്രധാന വെല്ലുവിളിയാണ്. ഇന്നത്തെ കേരളത്തിലെ സാമ്പത്തിക വളര്‍ച്ച ഇത്തരം തൊഴിലുകള്‍ സൃഷ്ടിക്കുന്നില്ല. സാമ്പത്തിക വളര്‍ച്ചയുടെ വേഗതയെടുത്താല്‍ ദേശീയ ശരാശരിയേക്കാള്‍ വളരെ മെച്ചപ്പെട്ട നിലയാണ് കേരളത്തിന്റേത്. വിദേശപണവരവുമാണ് ഈ ഉല്‍ക്കര്‍ഷത്തിനുകാരണം. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും നമ്മള്‍ നല്‍കിയ ഊന്നല്‍ നമ്മുടെ മാനവവിഭവശേഷി മെച്ചപ്പെടുത്താന്‍ സഹായിച്ചു. അത് മറ്റു സം സ്ഥാനങ്ങളിലും വിദേശത്തും ജോലി നേടാന്‍ സഹായകമായി. വിദേശത്ത് ജോലി ചെയ്യുന്നവര്‍ അയക്കുന്ന പണം നമ്മുടെ സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ 25-30 ശതമാനമെങ്കിലും വരും. പക്ഷേ, ഈ വിദേശസമ്പാദ്യത്തെ നാട്ടില്‍ത്തന്നെ നല്ല തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നിക്ഷേപങ്ങളായി മാറുന്നതിന് കഴി യുന്നില്ല. ഇതിലൊരു മാറ്റം വരണം. ഗള്‍ഫ് തൊഴിലവസരങ്ങളില്‍ ഉണ്ടായിരിക്കുന്ന അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇതു വളരെ പ്രധാനമാണ്.

ALSO READ

അസൈൻ കാരന്തൂർ: പത്രം തന്നെ ജീവിതം, അതുതന്നെ ലഹരിയും

വിജ്ഞാന സമ്പദ്ഘടനയിലേക്ക് ഈ ലക്ഷ്യം നേടണമെങ്കില്‍ നമ്മുടെ സമ്പദ്ഘടനയുടെ അടിത്തറയില്‍ ഒരു പൊളിച്ചെഴുത്ത് വേണം.
ഒന്ന്: പരമ്പരാഗത കാര്‍ഷിക വ്യവസായ മേഖലകള്‍ നൂതന ശാസ്ത്രസാങ്കേതിക വിദ്യകളുടെ അടിത്തറയിലാവണം. അതുവഴി അവിടങ്ങളിലെ മൂല്യവര്‍ദ്ധനയുണ്ടാ ക്കാനും ജനങ്ങളുടെ വരുമാനം ഉയര്‍ത്താനും കഴിയും. രണ്ട്: ഐ.ടി, ബി.ടി പോലുള്ള വൈജ്ഞാനിക വ്യവസായങ്ങള്‍, ലൈറ്റ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ പോലെ വൈദഗ്​ധ്യാടിസ്ഥാനത്തിലുള്ള വ്യവസായങ്ങള്‍, ടൂറിസം പോലുള്ള സേവന പ്രധാന വ്യവസായങ്ങള്‍, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വ്യവസായങ്ങള്‍ എന്നിവയില്‍ ഊന്നുകയാണ് വേണ്ടത്. ഇവിടങ്ങളിലേക്ക് കോര്‍പറേറ്റ് മൂലധനത്തെ നമുക്ക് ആകര്‍ഷിക്കാനാകണം.
മൂന്ന്: പുറത്തുനിന്നുള്ള മൂലധനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകാനാവില്ല. കേരളത്തില്‍ ഒരു പുതിയ തലമുറ സംരംഭകരെ സൃഷ്ടിക്കണം. ഇവരുടെ സാമൂഹികാടിത്തറ കേരളത്തിലെ അഭ്യസ്തവിദ്യരായ അതിമിടുക്കന്‍മാരായ യുവതി യുവാക്കളായിരിക്കും. ഇവരുടെ മുന്‍കൈയില്‍ നൂതനവിദ്യകളെ അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ട് അപ്പുകളുടെ താഴ്‌വരയായി കേരളം മാറണം. ഇതിന് അനുയോജ്യമായ ഇക്കോ സിസ്റ്റം ഉണ്ടാകണം.
നാല്: കമ്പനികളുടെ പുറംജോലികള്‍ കേരളത്തില്‍ വീട്ടിലിരുന്നോ, വീട്ടിനടുത്തിരുന്നോ ചെയ്യുന്നതിന് കേരളത്തിലെ അഭ്യസ്തവിദ്യരെ തയ്യാറാക്കുകയാണ് മറ്റൊരു മുന്‍കൈ.

കോവിഡ് പകര്‍ച്ചവ്യാധി ആഗോളമായിത്തന്നെ ഇത്തരം ജോലികള്‍ക്കുള്ള ആവശ്യക്കാരെ വലിയ തോതില്‍ സൃഷ്ടിച്ചിരിക്കുകയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ വലിയ തോതില്‍ തൊഴിലവസരങ്ങള്‍ കമ്പോളത്തില്‍ സൃഷ്ടിക്കപ്പെടും. കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ വികേന്ദ്രീകൃതമോ ആയ തലത്തിലേയ്ക്കുള്ള ജോലിക്കാരെ ലഭ്യമാക്കുന്നതിന്റെ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങള്‍ ഒരു ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി ലഭ്യമാക്കും. ജോലി ലഭിക്കുന്നവര്‍ക്കുള്ള സാമൂഹ്യസുരക്ഷിതത്വം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കും. മറ്റ് അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പാടാക്കണം. ഈ പദ്ധതിയില്‍ വീട്ടമ്മമാരായി ഇന്ന് ഒതുങ്ങിക്കൂടുന്ന അഭ്യസ്തവിദ്യരായ സ്ത്രീകള്‍ക്കാണ് വലിയ തോതില്‍ തൊഴിലവസരങ്ങള്‍ ലഭിക്കുക. അഭ്യസ്തവിദ്യരായ മുഴുവന്‍ പേര്‍ക്കും കമ്പ്യട്ടര്‍ പരിശീലനം നല്‍കുക, ഉന്നത നൈപുണി പ്രദാനം ചെയ്യുക തുടങ്ങിയ പ്രവ ത്തികള്‍ വലിയ ജനകീയ പ്രസ്ഥാനമായി മാറ്റിയാല്‍ മാത്രമേ ലക്ഷ്യത്തിലെത്താന്‍ കഴിയൂ. ഉന്നതവിദ്യാഭ്യാസ മേഖലയായിരിക്കും വിജ്ഞാനസാന്ദ്രമായ വികസനപാതയിലേക്കുള്ള ചാലകശക്തി. ഇതിനുള്ള അഴിച്ചു പണി അവിടെയും ഉണ്ടാകണം. ഈപ്പറഞ്ഞ മാറ്റങ്ങള്‍ക്കെല്ലാം പൊതുവില്‍ നല്‍കിയിരിക്കുന്ന വിശേഷണമാണ് വിജ്ഞാന സമൂഹത്തിലേക്കുള്ള പരിവര്‍ത്തനം എന്നത്.

kerala
Photo : kerala.me

ക്ഷേമ ചെലവുകള്‍ വെട്ടിക്കുറയ്ക്കാതെ പശ്ചാത്തല സൗകര്യങ്ങള്‍ക്ക് പണമെങ്ങനെ കണ്ടെത്തും?
മേല്‍പ്പറഞ്ഞ പരിവര്‍ത്തനത്തിന് മികവുറ്റ പശ്ചാത്തല സൗകര്യങ്ങള്‍ അനിവാര്യമാണ്. ക്ഷേമത്തിനും സുരക്ഷയ്ക്കും പൊതുസേവനങ്ങള്‍ക്കും നല്‍കിയ ഊന്നല്‍ മൂലം നമ്മള്‍ പശ്ചാത്തലസൗകര്യ വികസനത്തെ അവഗണിച്ചു വരികയായിരുന്നു. കേരള സര്‍ക്കാരിന്റെ മൂലധന ചെലവ് സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ ശതമാനമായി കണക്കാക്കിയാല്‍ ദേശീയ ശരാശരിയുടെ പകുതിയേ വരൂ. തന്മൂലം നമ്മുടെ ഗതാഗത സൗകര്യങ്ങള്‍, വൈദ്യതി, വ്യവസായ പാര്‍ക്കുകള്‍, വിദ്യാഭ്യാസ - ആരോഗ്യ - കായിക - സാംസ്‌കാരിക ഭൗതിക സൗകര്യങ്ങള്‍ എന്നിവ വളരെ പിന്നാക്കാവസ്ഥയിലാണ്. ഈ കുറവ് അടിയന്തരമായി തീര്‍ത്തുകൊണ്ടു മാത്രമേ പുതിയ തൊഴിലവസരങ്ങള്‍ക്കായുള്ള നിക്ഷേപം ഉറപ്പ് വരുത്താനാവൂ. വ്യവസായ നിക്ഷേപത്തെ ആകര്‍ഷിക്കുന്നതിനു മറ്റ് സംസ്ഥാനങ്ങളുമായി പരിസ്ഥിതി - തൊഴില്‍ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതില്‍ മത്സരിക്കാനാവില്ല. ഈ പശ്ചാത്തലത്തില്‍ കേരളത്തിന്റെ മത്സര മികവ് അന്തര്‍ദേശീയ നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിലായിരിക്കണം. ഉദാഹരണത്തിന്, നമ്മുടെ വ്യവസായ പാര്‍ക്കുകളുടെ സിംഹപങ്കും 1970-കളുടേതാണ്. ഇപ്പോള്‍ പരിഗണനയിലുള്ള വ്യവസായ പാര്‍ക്കുകളുടെ ഭൂമി ഏറ്റെടുക്കാന്‍ മാത്രം 20,000 കോടി രൂപ വേണം. ആവശ്യമുള്ള അളവിലും ഗുണത്തിലും വൈദ്യതി ലഭ്യമാകണം. ഇതിന് ട്രാന്‍സ്മിഷന്‍ ലൈന്‍ സൃഷ്ടിക്കാനുള്ള ട്രാന്‍സ്ഗ്രിഡ് 2.0നും വിതരണം മെച്ചപ്പെടുത്താനുള്ള വൈദ്യുതി പദ്ധതിക്ക് 15000 കോടി രൂപ വേണം. ദേശീയ- ജില്ലാ പാതകള്‍ നവീകരിക്കുന്നതിന് 40,000 കോടി രൂപ വേണം. ഇതൊക്കെ ഉണ്ടെങ്കിലേ കേരളത്തിലേക്ക് നിക്ഷേപം വരൂ. വീട്ടിലിരുന്നു പുറംജോലികള്‍ ചെയ്യുന്ന ബൃഹത്തായ പരിപാടി ഫലപ്രദമാകണമെങ്കില്‍ വീഴ്ചയില്ലാത്ത വൈദ്യതി മാത്രം പോര, സുരക്ഷിത ഇന്റര്‍നെറ്റ് നല്‍കുന്ന കെ ഫാണ്‍ പദ്ധതിയും വേണം. ഇതിനെല്ലാമുള്ള പണം എവിടെനിന്നും കണ്ടെത്തും?

ഇതിനു മൂന്ന് മാര്‍ഗ്ഗങ്ങളാണുള്ളത്. 
ഒന്ന്, സാമൂഹ്യക്ഷേമ ചെലവുകള്‍ കുറയ്ക്കുക. വിദ്യാഭ്യാസ- ആരോഗ്യാദി മേഖലകളില്‍ സ്വകാര്യവല്‍ക്കരണം അനുവദിക്കുക. അതിന്റെ അടിസ്ഥാനത്തില്‍ പശ്ചാത്തല സൗകര്യ നിര്‍മ്മാണത്തിന് പണം കണ്ടെത്തുക. രണ്ട്, പശ്ചാത്തലസൗകര്യ നിര്‍മാാണം കോര്‍പറേറ്റുകളെ ഏല്‍പ്പിക്കുക. അതിന് ജനങ്ങളില്‍ നിന്ന് വലിയ നിരക്കില്‍ യൂസര്‍ ഫീ ഈടാക്കാന്‍ അവരെ അനുവദിക്കുക.
മൂന്ന്, ബജറ്റിനു പുറത്ത് വായ്പയെടുത്ത് ഈ പശ്ചാത്തല സൗകര്യങ്ങള്‍ അടിയന്തരമായി സൃഷ്ടിക്കുക.

കേരളം മൂന്നാമത്തെ ബദല്‍ മാര്‍ഗമാണ് സ്വീകരിച്ചത്. ഇതിനായി കിഫ്ബി എന്ന ഒരു പ്രത്യേക ധനകാര്യ സ്ഥാപനത്തിനുതന്നെ രൂപം നല്‍കി. ഇങ്ങനെ മാത്രമേ സാമൂഹ്യക്ഷേമ ചെലവുകള്‍ ഉറപ്പുവരുത്തി പശ്ചാത്തല മേഖലയില്‍ കുതിപ്പ് സൃഷ്ടിക്കാനാകൂ. കിഫ്ബി ഇതിനകം 62,000 കോടി രൂപയുടെ റോഡ്, പാലം, പാര്‍ക്ക്, വൈദ്യതി ലൈന്‍, കുടിവെള്ളം തുടങ്ങിയ പ്രൊജക്ടുകള്‍ക്ക് അനുവാദം നല്‍കി. 10,000 ത്തോളം കോടി രൂപയുടെ പദ്ധതികളേ തീര്‍ന്നിട്ടുള്ളൂ എങ്കിലും എന്തൊരു വലിയ ചലനമാണ് കേരള സമ്പദ്ഘടനയിലും സമൂഹത്തിലും അത് സൃഷ്ടിച്ചിട്ടുള്ളത്. അങ്ങനെയെങ്കില്‍ അടുത്ത രണ്ടോ മൂന്നോ  വര്‍ഷംകൊണ്ട് ഈ പ്രൊജക്ടകള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ എന്തൊരു വലിയ മാറ്റമായിരിക്കും കേരളത്തില്‍ വരാന്‍ പോവുന്നതെന്ന് ആലോചിക്കുക.

നാടിന് അനിവാര്യമായ ഈ പ്രൊജക്ടുകള്‍ സാധാരണഗതിയില്‍ 15-20 വര്‍ഷം കൊണ്ടേ, ബജറ്റില്‍ പണം കണ്ടെത്തി നടപ്പാക്കാനാവൂ. ഇവയുടെ ഗുണഫലം കിട്ടാന്‍ അത്രയും നാള്‍ കാത്തിരിക്കണം. നിര്‍മാണ ചെലവുകളും പലമടങ്ങ് വര്‍ദ്ധിക്കും. അതുകൊണ്ട് കിഫ്ബി വഴി വായ്പയെടുത്ത് ആ പ്രൊജക്ടുകളെല്ലാം ഇന്നുതന്നെ നടപ്പാക്കുകയാണ് അഭികാമ്യം. കിഫ്ബിക്ക് മോട്ടോര്‍ വാഹന നികുതിയുടെ പകുതിയും പെട്രോള്‍ സെസും നല്‍കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണ്. ഇതിനു നിയമവുമുണ്ട്. കിഫ്ബി ഈ ഭാവിവരുമാനത്തിന്റെ ഈടില്‍ വായ്പയെടുത്ത് പദ്ധതികള്‍ നടപ്പാക്കുകയാണ്. ഇതൊരിക്കലും കടക്കെണിയിലേക്ക് കേരളത്തെ നയിക്കില്ല. കാരണം സര്‍ക്കാര്‍ നല്‍കുന്ന വാര്‍ഷിക ഗ്രാന്റു കൊണ്ട് തിരിച്ചടയ്ക്കാവുന്ന തുകയില്‍ പ്രൊജക്ടുകള്‍ ഒതുക്കി നിര്‍ത്തും. ഇതിനു പ്രത്യേക സംവിധാനവും മേല്‍നോട്ട സമിതികളും കിഫ്ബിയിലുണ്ട്.

കെ റെയിലിനെതിരെ മാത്രമല്ല, കിഫ്ബിക്കുമെതിരെ എന്നാല്‍ നമ്മള്‍ ആവിഷ്‌കരിച്ചിരിക്കുന്ന ഈ നൂതന സമ്പ്രദായത്തെ കേന്ദ്രസര്‍ക്കാര്‍ നഖശിഖാന്തം എതിര്‍ക്കുകയാണ്. കാരണം നിയോ ലിബറല്‍ നയ ചട്ടക്കൂട് പ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ വായ്ക്കുകള്‍ സംസ്ഥാന വരുമാനത്തിന്റെ മൂന്ന് ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ല. ഈ നിബന്ധനയെ നമ്മള്‍ കിഫ്ബി ഉപയോഗിച്ച് മറികടക്കുകയാണെന്നാണ് വിമര്‍ശനം. ഇതിന്റെ അടിസ്ഥാനത്തില്‍ സി.എ.ജി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇന്‍കം ടാക്‌സ് വകുപ്പ് എന്നിവര്‍ വലിയ കടന്നാക്രമണമാണ് തെരഞ്ഞെടുപ്പു വര്‍ഷം നടത്തിയത്. എന്നാല്‍ നാം സ്വീകരിച്ചിരിക്കുന്ന മാര്‍ഗം തികച്ചും നിയമാനുസൃതമാണെന്നതിനാല്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല, മറ്റുപല സംസ്ഥാനങ്ങളും കേരളത്തിന്റെ രീതിയെ അനുകരിച്ചും തുടങ്ങിയിട്ടുണ്ട്. വിചിത്രമായ സ്ഥിതി, കെ റെയിലിനെ എതിര്‍ക്കുന്ന ഏതാണ്ട് എല്ലാവരും കിഫ്ബിയെയും എതിര്‍ക്കുന്നുണ്ടെന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തിന്റെ മൂന്നു ശതമാനത്തിനപ്പുറം മൂലധനച്ചെലവിനാണെങ്കില്‍പ്പോലും സംസ്ഥാന സര്‍ക്കാര്‍ വായ്പയെടുക്കാന്‍ പാടില്ലായെന്ന നിയോ ലിബറല്‍ ധനഉത്തരവാദിത്വ നിയമം ഇന്ത്യ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. ഈ നിയോലിബറല്‍ നിയമത്തിന് മറികടക്കാന്‍ ഒറ്റമാര്‍ഗമേ ഇന്നുള്ളൂ. അതാണ് കിഫ്ബി വഴി ചെയ്യുന്നത്. അതിന് കേരള സര്‍ക്കാരിനെ നിയോ ലിബറലൈന്നു വിശേഷിപ്പിക്കുന്ന വിദഗ്ദ്ധന്മാരുണ്ട്. അവര്‍ ധനഉത്തരവാദിത്വ നിയമത്തിന്റെ കുഴലൂത്തുകാരായി മാറുകയാണ്. എന്താണ് ഇവരുടെ ബദല്‍ മാര്‍ഗം? നല്ല റോഡും പാലവും വ്യവസായ പാര്‍ക്കും ട്രാന്‍സ്മിഷന്‍ ലൈനും സ്‌കൂളും ആശുപത്രിയും വേണ്ട. ഉള്ള പണം വച്ച് തട്ടിയും മുട്ടിയും പോയാല്‍ മതിയെന്നാണോ? അതോ, നിയോ ലിബറലുകള്‍ പറയുന്നതുപോലെ ഇതൊന്നും സര്‍ക്കാര്‍ ചെയ്യണ്ട. സ്വകാര്യ മുതലാളിമാരെ ഏല്‍പ്പിച്ചാല്‍ മതിയെന്നതാണോ നിലപാട്? നിങ്ങളത് പറഞ്ഞിരുന്നോളു. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു പ്രസ്ഥാനത്തിനും നിങ്ങളുടെ നിലപാട് സ്വീകരിക്കാനാവില്ല.

കെ റെയിലെങ്ങനെയാണ് പുതിയ വികസന തന്ത്രത്തിന്റെ ഭാഗമാകുന്നത്? കിഫ്ബി പ്രൊജക്ടുകള്‍ക്കു പുറമേ മറ്റേതാനും വന്‍കിട പശ്ചാത്തല സൗകര്യ
പ്രൊജക്ടുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. അതില്‍ മൂന്ന് വ്യവസായ ഇടനാഴികളുണ്ട്. ഇവയില്‍ രണ്ടെണ്ണം കൊച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്കും മംഗലാപുരത്തേക്കു ള്ള ദേശീയപാതയുമായി ബന്ധപ്പെട്ടാണ്. കേന്ദ്രസര്‍ക്കാരിന്റെ വ്യവസായ ഇടനാഴി പദ്ധതികളുടെ ഭാഗമാണിവ. ഭൂമി ഏറ്റെടുക്കലിന്റെ ബാധ്യതയാണ് മുഖ്യമായി നമ്മള്‍ വഹിക്കുന്നത്. മൂന്നാമത്തേത്, കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയ തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പദ്ധതിയാണ്. ഈ പുതിയ പാതയുമായി ബന്ധപ്പെട്ട് നോളജ് സിറ്റികള്‍, ലോജിസ്റ്റിക് വ്യവസായ ഹബ്ബുകള്‍ തുടങ്ങിയവയുടെ ഒരു ശ്രംഖല ഉണ്ടാവും. ഇത്തരം പദ്ധതികളില്‍ ഏറ്റവും വലുതാണ് കെ റെയില്‍. ഭാവി വ്യവസായ വികസനത്തില്‍ ഏറ്റവും നിര്‍ണായക പങ്കുവഹിക്കാന്‍ പോകുന്നത് മേല്‍പ്പറഞ്ഞ കാസര്‍ഗോഡ്, കണ്ണൂര്‍, കാക്കനാട്, കോട്ടയം പ്രദേശങ്ങളിലെ വ്യവസായ പാര്‍ക്കുകളും തൃശ്ശൂര്‍ - പാലക്കാട്, തിരുവനന്തപുരം ഔട്ടര്‍ റിംഗ് വ്യവ സായ ഇടനാഴിയുമാണ്. ഇവയെ ബന്ധിപ്പിക്കുന്നതായിരിക്കും വേഗ റെയില്‍പ്പാത.  

ഇത് ഈ മേഖലകളിലേയ്ക്ക് നിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ സഹായകരമാകും. ഇവയില്‍ തിരുവനന്തപുരത്തെ ഔട്ടര്‍ റിംഗിനെയും പാലക്കാട്ടെ പാര്‍ക്കുകളെയും കെ റെയിലുമായി ബന്ധിപ്പിക്കുന്ന പ്രത്യേക ഗതാഗത സംവിധാനം വേണ്ടിവരും. അതുപോലെ തന്നെ വേഗ റെയില്‍പ്പാത ടൂറിസം വികസനത്തിനും സഹായകരമായിരിക്കും. ഏറ്റവും ഭാവി ടൂറിസം വികസന സാദ്ധ്യത മലബാറിലെ ബീച്ചുകളുമായി ബന്ധപ്പെട്ടാണ്. പരമ്പരാഗത ടൂറിസം കേന്ദ്രങ്ങളും നവകേന്ദ്രങ്ങളും തമ്മിലുള്ള അകലം വേഗ റെയില്‍പ്പാതമൂലം ഗണ്യമായി കുറയും. സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 10 ശതമാനം ഇപ്പോള്‍ ടൂറിസം മേഖലയില്‍ നിന്നാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഏറ്റവും വേഗതയില്‍ വരുന്ന മേഖലയാണിത്. പക്ഷേ, കേരളത്തി ലേക്ക് വരുന്ന വിദേശ ടൂറിസ്റ്റുകളില്‍ 10 ശതമാനമേ മലബാറിലേക്ക് പോകുന്നുള്ളൂ. സന്തുലിതവും സുസ്ഥിരവുമായി ടൂറിസം വികസനത്തിന് ഈ സ്ഥിതിവിശേഷത്തില്‍ മാറ്റം വരണം. ടൂറിസ്റ്റുകളെ ഏതെങ്കിലും ഒരു പ്രദേശത്തേക്ക് മാത്രമായി കേന്ദ്രീകരിക്കുന്നത് അഭികാമ്യമല്ല. കെ റെയില്‍ ഈ സ്ഥിതിവിശേഷത്തില്‍ മാറ്റം വരുത്തും.

കെ റെയില്‍ സ്റ്റേഷനുകളോടുബന്ധപ്പെട്ട് പ്രത്യേക സബ്‌സിഡിയറി കമ്പനിയുടെ കീഴില്‍ ലാന്റ് ബാങ്ക് ഡെവലപ്പ്‌മെൻറ്​ സ്‌കീം തുടങ്ങിയ രീതികള്‍ അവലംബിച്ചുകൊണ്ട് പ്രത്യേക വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും പരിപാടിയുണ്ട്. അവസാനമായി, മേല്‍പ്പറഞ്ഞ നിക്ഷേപങ്ങള്‍ക്കു പുറമേ കേരളത്തിന്റെ വലിയൊരു ഭാവി വളര്‍ച്ചാസാദ്ധ്യത, പുറംജോലികള്‍ വീട്ടിലോ വീട്ടിനടുത്തായിരുന്ന് ഡിജിറ്റലായി ചെയ്യാനുള്ള തൊഴിലുകള്‍ സൃഷ്ടിക്കുക എന്നതാണ്. 20 ലക്ഷം തൊഴിലവസരങ്ങളാണ് ഇത്തരത്തില്‍ ലക്ഷ്യമിടുന്നത്. മുന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും ജനകീയാസൂത്രണ പ്രമുഖനുമായിരുന്ന എം. എന്‍. പ്രസാദ് പലപ്പോഴും പറയാറുണ്ടായിരുന്ന ഒരു കാര്യം ഞാന്‍ ഓര്‍ക്കുകയാണ്. കേരളത്തിന് ഗ്രേറ്റര്‍ ബോംബെയുടെ വലിപ്പമേയുള്ളൂ. റെയിലിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന ഒരു സമഗ്ര ഗതാഗത സംവിധാനം കൂടിയുണ്ടെങ്കില്‍ ഏതെങ്കിലും ഒരു നഗരത്തില്‍ കേന്ദ്രീകരിക്കാതെ കേരളത്തെ മുഴുവന്‍ ഒരു നവീന സാമ്പത്തിക മേഖലയാക്കി മാറ്റാനാവും. ഇവിടെയാണ് കെ റെയിലിന്റെ വികസന പ്രസക്തി.

പ്രളയത്തിന്റെയും കോവിഡിന്റെയും
തകര്‍ച്ചയുടെ കാലത്ത് വേണോ കെ റെയില്‍?

മേല്‍പ്പറഞ്ഞ പദ്ധതികളുമായെല്ലാം ബന്ധപ്പെട്ട് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് രണ്ടു ലക്ഷം കോടിയിലേറെ രൂപ കേരളത്തിലെ പശ്ചാത്തല സൗകര്യ വികസന മേഖലകളില്‍ മുതല്‍മുടക്കുണ്ടാവും. ഈ ഭീമമായ മുതല്‍മുടക്ക് കേരള സമ്പദ്ഘടനയെ പ്രളയവും കോവിഡും ഗള്‍ഫ് പ്രതിസന്ധിയും സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് കരകയറ്റും. ഇന്ന് കേരളം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു സമീപനം അനിവാര്യമാക്കുന്നത്. എന്നാല്‍ കെ റെയില്‍ വിമര്‍ശകരുടെ വലിയൊരു പരിഭ്രാന്തി ഇത്രയേറെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലയളവിലാണോ ഇങ്ങനെയുള്ള പദ്ധതികള്‍ ഏറ്റെടുക്കേണ്ടത് എന്നാണ്! പ്രാമാണികരായ ചില സാമ്പത്തിക വിദഗ്ദ്ധര്‍ വരെ ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ തലയില്‍ കൈവച്ചു പോകും. മാന്ദ്യകാലത്ത് സര്‍ക്കാര്‍ ചെലവുകള്‍ ഉയര്‍ത്തണം എന്നത് ഒരു പ്രാഥമിക സാമ്പത്തിക യുക്തിമാത്രമാണ്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് വലിയ തോതിലുള്ള പശ്ചാത്തല സൗകര്യ നിര്‍മാണത്തിന് മുതല്‍മുടക്കേണ്ടത്. അത് വീണ്ടെടുപ്പിനെ ശക്തിപ്പെടുത്തും. സമ്പദ് ഘടനയെ പുതിയൊരു വിതാനത്തിലേക്ക് ഉയര്‍ത്തും. കോവിഡ് മഹാമാരി കേരളത്തിന്റെ സമ്പദ്ഘടനയെ വലിയ ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.kerala

അഖിലേന്ത്യാതലത്തില്‍ ഉണ്ടായതിനേക്കാള്‍ തീക്ഷ്ണമായ തൊഴില്‍ വരുമാന തകര്‍ച്ചയെയാണ് കേരളം അഭിമുഖീകരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ വീണ്ടെടുപ്പിന് ലോകമാസകലം ഉത്തേജക പാക്കേജുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ഉത്തേജക പാക്കേജുകളുടെ ഒരു പ്രധാനഘടകമാണ് പശ്ചാത്തല സൗകര്യ നിക്ഷേപം. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്നത് ശരിയാണ്. അതിനുള്ള മാക്രോ ഇക്കണോമിക് പ്രതിവിധി ഭീമമായ തോതില്‍ പശ്ചാത്തല സൗകര്യ നിക്ഷേപത്തിന് ഈ മാന്ദ്യകാലത്തെ ഒരവസരമാക്കി മാറ്റലാണ്. ഇന്ത്യാ രാജ്യത്തെ ഏറ്റവും വലിയ ഉത്തേജക പാക്കേജാണ് കേരളത്തില്‍ നട പ്പാക്കുന്നത്.

കെ റെയിലിനുവേണ്ടി മുടക്കുന്ന പണം സാധാരണക്കാര്‍ക്ക് ചെലവഴിച്ചുകൂടേ? അസാദ്ധ്യം. കാരണം കെ റെയിലിനുവേണ്ടി ചെലവാക്കുന്ന പണം ഒരു പ്രൊജക്ടുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വായ്പയാണ്. അത് മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കാനാകില്ല. കെ റെയില്‍ നിര്‍മിക്കുന്നില്ലെങ്കില്‍ ആ വായ്പ പാഴാകും. അതുകൊണ്ട് ഏതെങ്കിലും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വേണ്ടെന്നു വച്ചിട്ടല്ല ഇത്തരത്തിലുള്ള പശ്ചാത്തല സൗകര്യങ്ങള്‍ നിര്‍മിക്കുന്നത്. വിമര്‍ശകര്‍ മുന്നോട്ടുവെയ്ക്കുന്ന അതിയുക്തികളില്‍ അത്ഭുതം കൂറാതെ വയ്യ. വിമര്‍ശകരുടെ അടിസ്ഥാന ദൗര്‍ബല്യം അവര്‍ വികസനത്തെ ഒരു ഡൈനാമിക് പ്രക്രിയയായി കാണുന്നില്ല എന്നതാണ്. ഇന്നത്തെ പാവങ്ങളെ അതേ നിലയില്‍ സംരക്ഷിക്കുന്നതല്ല വികസനം. ഇന്ന് ചൈനയില്‍ ഏതാണ്ട് പകുതി ജനസംഖ്യ ഇടത്തരം വരുമാനക്കാരാണ്. കേരളത്തിലിവര്‍ 30 ശതമാനമേ വരൂ. ഇന്നത്തെ പാവപ്പെട്ടവരുടെ അടുത്ത തലമുറയുടെ കാലത്തെങ്കിലും അവരെയും നമുക്ക് ഇടത്തരം വരുമാനക്കാരുടെ നിലവാരത്തിലേക്ക് ഉയര്‍ത്തണം. അതിന് ഭാവി വളര്‍ച്ചക്കുതകുന്ന പശ്ചാ ത്തല സൗകര്യങ്ങള്‍ അനിവാര്യമാണ്. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ നാളെ പുനര്‍വിതരണത്തെ അടിസ്ഥാനമാക്കിയുള്ള ക്ഷേമകേരളത്തെ മുന്നോട്ടുകൊണ്ടുപോകാനാകില്ല. നിയോ ലിബറലിസമല്ലാതെ ആധുനിക പരിഷ്‌കരണത്തിന് മറ്റു മാര്‍ഗമില്ല എന്ന നിഗമനത്തിലേക്ക് ജനങ്ങള്‍ നീങ്ങാം. ഇതിന്റെ സാമൂഹ്യ - രാഷ്ട്രീയ വിപരീതഫലങ്ങള്‍ വളരെ തീക്ഷ്ണമായിരിക്കും. ഇത്തരമൊരു സമഗ്രവും ചലനാത്മകവുമായ കാഴ്ചപ്പാട് ഇല്ലാത്തതുകൊണ്ടാണ് ചില പണ്ഡിതര്‍ കെ റെയില്‍ പോലുള്ള പശ്ചാത്തല സൗകര്യങ്ങള്‍ വരേണ്യ വര്‍ഗ വികസന സമീപനമാണെന്ന ധാരണയിലേക്ക് എത്തുന്നത്.

  • Tags
  • #Dr.T.M Thomas Isaac
  • #LDF
  • #Kerala Governor
  • #K-Rail
  • #Left
  • #cpim
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
k kannan

UNMASKING

കെ. കണ്ണന്‍

കെ.വി. തോമസ് പിണറായിക്കുവേണ്ടി മോദിയോട് എങ്ങനെ, എന്ത്?

Jan 20, 2023

5 Minutes Watch

k kanna

UNMASKING

കെ. കണ്ണന്‍

സി.പി.എമ്മിനെ ത്രിപുര നയിക്കട്ടെ

Jan 11, 2023

5 Minutes Watch

rn ravi

Federalism

പി.ഡി.ടി. ആചാരി

കേന്ദ്രത്തിന്റെ രാഷ്​ട്രീയലക്ഷ്യം നിറവേറ്റുന്ന ഗവർണർമാർ

Jan 11, 2023

3 Minutes Read

AKG center

Kerala Politics

എം. കുഞ്ഞാമൻ

എ.കെ.ജി സെന്റര്‍ എന്ന സംവാദകേന്ദ്രം

Jan 07, 2023

6 Minutes Read

Lakshmi Padma

OPENER 2023

ലക്ഷ്മി പദ്മ

സൈബര്‍ സഖാക്കള്‍ക്കും ഏഷ്യാനെറ്റിനുമിടയിലെ 2022

Dec 30, 2022

8 Minutes Read

nitheesh

OPENER 2023

നിതീഷ് നാരായണന്‍

ഒരു മൂവ്​മെൻറിനാൽ അടിമുടി മാറിയ ഒരു ജീവിതവർഷം

Dec 30, 2022

10 Minutes Read

cow

Governance

അശോകകുമാർ വി.

ക്ലിഫ് ഹൗസില്‍ മാത്രം മതിയോ നല്ല പശുവിന്‍ പാല് ?

Dec 18, 2022

5 Minutes Read

political party

Kerala Politics

സി.പി. ജോൺ

ഇന്ത്യയില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കൂ​ട്ടേണ്ടത്​ കോൺഗ്രസിനെയാണ്​

Dec 14, 2022

3 Minute Read

Next Article

ആറാട്ട് ഒരു സ്പൂഫാണെങ്കില്‍ സൂപ്പര്‍, അല്ലെങ്കില്‍....

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster