സർക്കാറേ, നയത്തിന്​ വിരുദ്ധമായി ഒരു സ്​കൂൾ, മാനേജർ പൂട്ടുകയാണ്​...

നാട്ടുകാരും, സാമൂഹ്യപ്രവർത്തകരും ചേർന്ന് പടുത്തുയർത്തിയ വിദ്യാഭ്യാസ സ്ഥാപനത്തെ റിയൽ എസ്​റ്റേറ്റ്​താൽപര്യങ്ങളുടെ ഭാഗമാക്കി വിറ്റ് കാശാക്കാൻ മാനേജർമാർക്ക് 5000 രൂപ ചെലവ് ചെയ്ത് റിട്ട് ഫയൽ ചെയ്താൽ കേരളത്തിൽ കഴിയും. ഇനി ഒരൊറ്റ പൊതുവിദ്യാലയവും അടച്ചുപൂട്ടില്ലെന്ന സർക്കാർ നയത്തിന് വിരുദ്ധമായി, ഇതാ ഒരു പൊതുവിദ്യാലയം പൂട്ടാൻ സർക്കാർ തന്നെ അനുമതി നൽകിയിരിക്കുന്നു.

തൃശ്ശൂർ ജില്ലയിലെ വലപ്പാട് വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട കയ്പമംഗലം ക്ഷേമോദയം എൽ.പി സ്കൂൾ മാർച്ച് 31ന് അടച്ചുപൂട്ടണമെന്ന്​ കേരള പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിട്ട വിവരം നാട്ടുകാർ അറിയുന്നത് ഫെബ്രുവരി 11-നാണ്. ഫെബ്രുവരി 9-ലെ ഈ ഉത്തരവ് പ്രകാരം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ റിട്ട് അപ്പീൽ വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ നയത്തിന് വിരുദ്ധമാണെങ്കിൽ കൂടി മറ്റു വഴികളില്ലാത്തതിനാൽ 72 കുട്ടികൾ പഠിക്കുന്ന, പിന്നാക്ക തീരപ്രദേശത്ത് പ്രവർത്തിക്കുന്ന സ്കൂൾ, കുട്ടികൾക്ക് മറ്റ് സ്കൂളുകളിൽ പഠിക്കാൻ സൗകര്യമൊരുക്കി അടച്ചുപൂട്ടാനുള്ള അനുമതി സർക്കാർ മാനേജർക്ക് നൽകിയിരിക്കുകയാണ്.

72 കുട്ടികൾ എൽ.പി ക്ലാസിലും 28 കുട്ടികൾ നഴ്‌സറി ക്ലാസിലും പഠിച്ചുകൊണ്ടിരിക്കുന്നു. രക്ഷിതാക്കൾ ഇനി 2 കിലോമീറ്റർ അപ്പുറമുള്ള മറ്റ് സ്കൂളുകളിലേക്ക് കുട്ടികളെ മാറ്റി ചേർത്ത് പഠിപ്പിക്കേണ്ടിവരും. വളരെ പിന്നാക്കം നിൽക്കുന്ന പ്രദേശമായതിനാൽ ഇത് കുട്ടികളുടെ ഭാവിപഠനത്തെ ബാധിക്കാൻ സാധ്യതയുണ്ട് എന്നതുകൊണ്ട് ഇതറിഞ്ഞയുടൻ പൂർവിദ്യാർഥികളും സാമൂഹ്യ- സാംസ്കാരിക പ്രവർത്തകരും ചേർന്ന് സ്കൂൾ സംരക്ഷണസമിതി രൂപീകരിച്ച് പ്രവർത്തിച്ച് വരികയാണ്.

1928 ലാണ് സ്കൂൾ സ്ഥാപിച്ചത്. ‘വെസ്റ്റ് ഹിന്ദു എലമെന്ററി സ്കൂൾ' എന്നായിരുന്നു ആദ്യ പേര്. പിന്നീട് 1952 ലാണ് ക്ഷേമോദയം എൽ.പി.സ്കൂൾ ആകുന്നത്. 1958 ലെ വിദ്യാഭ്യാസനിയമം വരുന്നതിനുമുൻപ്, മാനേജർ സ്വാധികാരം ഉപയോഗപ്പെടുത്തി ഹെഡ്മാസ്റ്ററെ പിരിച്ചുവിട്ട ചരിത്രവും സ്കൂളിനുണ്ട്. അതിന്റെ ഭാഗമായി സ്കൂളിന്റെ അംഗീകാരം നഷ്ടപ്പെട്ടു. തുടർന്ന് നാട്ടുകാരും, ഹെഡ്മാസ്റ്ററും മദിരാശിയിൽ കേസ് നടത്തി സ്കൂളിന്റെ അംഗീകാരം തിരിച്ചുപിടിച്ചു. ഇത് രണ്ടാംതവണയാണ് സ്കൂൾ ഇത്തരമൊരു പ്രതിസന്ധിയിലെത്തിച്ചേരുന്നത്. ഈ രണ്ട് തവണയും സ്കൂളിൽ ധാരാളം കുട്ടികൾ പഠിച്ചുകൊണ്ടിരിക്കെത്തന്നെയാണ് മാനേജരുടെ അമിതാധികാരപ്രയോഗത്തിലൂടെ സ്കൂൾ പൂട്ടേണ്ടിവരുന്നത്.

ആറ്​ അധ്യാപകരാണ് ഇപ്പോൾ സ്കൂളിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ ഒരധ്യാപികയൊഴിച്ച് ബാക്കിയുള്ളവരെല്ലാം 10 വർഷത്തിലധികം സർവീസുള്ളവരാണ്. കോഴ വാങ്ങി അധ്യാപകനിയമനം നടത്തി അതിന്റെ ഭാരം മുഴുവൻ സർക്കാരും ജനങ്ങളും വഹിക്കുകയെന്ന മാനേജരുടെ അതിബുദ്ധിയുടെ പ്രതിഫലനമാണ് ക്ഷേമോദയം സ്കൂളിൽ നടന്നത്. 95 വർഷക്കാലത്തെ ചരിത്രമുണ്ട് ഈ സ്കൂളിന്. നാട്ടുകാരും, സാമൂഹ്യപ്രവർത്തകരും ചേർന്ന് പടുത്തുയർത്തിയ വിദ്യാഭ്യാസ സ്ഥാപനത്തെ റിയൽ എസ്​റ്റേറ്റ്​ താൽപര്യങ്ങളുടെ ഭാഗമാക്കി വിറ്റ് കാശാക്കാൻ മാനേജർമാർക്ക് 5000 രൂപ ചെലവ് ചെയ്ത് റിട്ട് ഫയൽ ചെയ്താൽ കേരളത്തിൽ കഴിയുമെന്നാണ് ഈ വിധിയും ഉത്തരവും തെളിയിച്ചിരിക്കുന്നത്. ഇനി ഒരൊറ്റ പൊതുവിദ്യാലയവും അടച്ചുപൂട്ടില്ലെന്ന സർക്കാർ നയത്തിന് വിരുദ്ധമാണിത്.

2015 ലാണ് മാനേജർ (അമ്പതിലധികം വർഷമായി തലമുറയായി കൈക്കലാക്കി കിട്ടിയതാണ് സ്കൂൾ) സ്കൂൾ ഒഴിഞ്ഞ് കിട്ടുന്നതിന്​ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തത്. കോഴിക്കോട് മലാപ്പറമ്പ് എ.യു.പി.എസ്​ സ്കൂളും, പാലയാട് എ.യു.പി.എസ്​ സ്കൂളും, സ്കൂൾ ഒഴിഞ്ഞുകിട്ടുന്നതിനുള്ള അനുകൂലവിധി സമ്പാദിച്ച സാഹചര്യത്തിലാണ് ഈ വിധിന്യായം ഉപയോഗപ്പെടുത്തി റിട്ട് ഫയൽ ചെയ്തത്. മേല്പറഞ്ഞ രണ്ട് സ്കൂളുകളും പിന്നീട് സർക്കാർ ഏറ്റെടുക്കുകയായിരുന്നു.

1958 ലെ കേരള വിദ്യാഭ്യാസനിയമത്തിലെ 7(6) വകുപ്പ് പ്രകാരം മെയ് 31 അവസാനിക്കുന്നതിന് ഒരുവർഷം മുൻപ് നോട്ടീസ് നൽകി. സ്കൂൾ പൂട്ടാമെന്ന മാനേജരുടെ അധികാരം ശരിവെച്ചുകൊണ്ടാണ് സിംഗിൾബെഞ്ചും ഡിവിഷൻബെഞ്ചും ഉത്തരവിറക്കിയത്.

2009 ലെ വിദ്യാഭ്യാസ അവകാശനിയമത്തിൽ അയൽപക്ക സ്കൂളുകൾ സ്ഥാപിച്ച് കുട്ടികൾക്ക് പഠിക്കാൻ അവസരമൊരുക്കണമെന്ന സർക്കാർ ഉത്തരവാദിത്തത്തെ ഉയർത്തിക്കാട്ടി ഗവൺമെൻറ്​ വക്കീൽ ഹൈക്കോടതിയിൽ വാദിച്ചെങ്കിലും അത് അംഗീകരിക്കാൻ കോടതി തയ്യാറായില്ല. അയൽപക്ക സ്കൂളുകൾ സ്ഥാപിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനും, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കുമാണെന്നും മാത്രമല്ല, 1958 ലെ നിയമമാണ് അടിസ്ഥാനനിയമമെന്നും പിന്നീട് 2009 ലെ കേന്ദ്രനിയമം സബ്‌സിഡിയറി നിയമമാണെന്നും, അടിസ്ഥാന നിയമമാണ് ബാധകമെന്നുമുള്ള മാനേജരുടെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു. 2019 നവംബർ ആറിന് പുറപ്പെടുവിച്ച സിംഗിൾബെഞ്ച് വിധി സ്കൂൾ പൂട്ടുന്നതിന് നടപടി കൈക്കൊള്ളാൻ സർക്കാർ അധികൃതർക്ക് നിർദേശം നൽകുന്നതും, ആവശ്യമെങ്കിൽ സർക്കാരിനോട് സ്കൂൾ ഏറ്റെടുക്കാൻ നിർദേശിക്കുന്നതുമായിരുന്നു.

കോഴിക്കോട്ടെ സ്കൂളിന്റെ കാര്യത്തിലുള്ള മുന്നനുഭവം ഉണ്ടായിരുന്നിട്ടും, തോൽക്കുമെന്നുറപ്പായിട്ടും, കെ.ഇ.ആർ. പരിഷ്‌കരണത്തിന് നടപടികൾ കൈക്കൊള്ളാതെ ഡിവിഷൻബെഞ്ചിൽ അപ്പീൽ പോയി. പ്രതീക്ഷിച്ച വിധിതന്നെ ഡിവിഷൻബെഞ്ചിൽനിന്നുമുണ്ടായി. 2021 ആഗസ്റ്റ് 10ന്, 2021 ഡിസംബർ 31 നകം കുട്ടികളെ മാറ്റിച്ചേർത്ത് സ്കൂൾ മാനേജർക്ക് കൈമാറാൻ നടപടി കൈക്കൊള്ളാൻ സർക്കാരിനോടാവശ്യപ്പെട്ടുകൊണ്ടുള്ള ഡിവിഷൻബെഞ്ച് ഉത്തരവ് വന്നു. പിന്നീട് മാനേജർ കോടതിയലക്ഷ്യം ഫയൽചെയ്ത സാഹചര്യത്തിലാണ് പൂട്ടൽ ഉത്തരവ് സർക്കാർ ഇട്ടിരിക്കുന്നത്.

നിലവിലെ കെ.ഇ.ആർ. പ്രകാരം മാനേജർക്ക് കേവലം ഒരുവർഷത്തെ നോട്ടീസ് നൽകിയാൽ സ്കൂൾ പൂട്ടാൻ കഴിയുമെന്ന് 2014ൽ തന്നെ സർക്കാരിന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടാണ് അന്ന് രണ്ട് എയ്ഡഡ് സ്കൂളുകൾ സർക്കാർ ഏറ്റെടുത്തത്. പിന്നീട് ഇത്തരം സാഹചര്യങ്ങളെ നേരിടാൻ കഴിയുംവിധം നിയമം നിർമിക്കാതെ കാലവിളംബം ഉണ്ടാക്കിയതിന് സർക്കാരല്ലാതെ പിന്നാരാണ് കുറ്റക്കാർ? പൊതുവിദ്യാലയങ്ങൾ പൂട്ടില്ലെന്ന സർക്കാർ വാക്ക് പാഴ്വാക്കായിത്തീർന്നിരിക്കുകയാണ്.

കേരളത്തിലെ പൊതുവിദ്യാലയങ്ങൾക്ക് ദീർഘചരിത്രമുണ്ടെന്ന് നമുക്കറിയാം. ഇംഗ്ലീഷുകാരോടും ഡച്ചുകാരോടും പോർച്ചുഗീസുകാരോടും, പാതിരിമാരോടും, സാമൂഹ്യപരിഷ്‌കർത്താക്കളോടും ഇതിന് നമ്മൾ കടപ്പെട്ടിരിക്കുന്നു. കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാനേജർമാരുടെ മാത്രം താൽപര്യങ്ങളുടെ ഭാഗമായി രൂപപ്പെട്ടുവന്നതല്ല. വലിയതോതിലുള്ള സാമൂഹ്യ ഇടപെടലിന്റെ ഭാഗമായി വികസിച്ചുവന്നതാണ്. 90 കൾക്കുശേഷമുണ്ടായിവന്ന അമിത സ്വകാര്യ താൽപര്യങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ തനി കച്ചവടച്ചരക്കാക്കി മാറ്റിയത്. 1958 ലെ വിദ്യാഭ്യാസ നിയമമാണ് വിദ്യാഭ്യാസത്തെ സാമൂഹ്യവൽകരിച്ചതും സാർവത്രിക വിദ്യാഭ്യാസം സാധ്യമാക്കിയതും. നിയമത്തിലെ ചെറിയ പാളിച്ചകളെ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസത്തിൽ കേരളം നേടിയെടുത്ത നേട്ടങ്ങളെ നിരാകരിക്കാനുള്ള സ്വകാര്യ താൽപര്യങ്ങളുടെ ശ്രമം ഈ വിധിയിലൂടെ വിജയം കണ്ടിരിക്കുകയാണ്. ഇത് കയ്യും കെട്ടി നോക്കിയിരിക്കാൻ ആർക്കാണ് കഴിയുക?

ഏഴു വർഷമായി മാനേജർ സ്കൂൾ പൂട്ടാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും നൂറോളം കുട്ടികൾ ഇപ്പോഴും അവിടെ പഠിക്കുന്നു എന്നത് ഈ സ്കൂൾ ആ പ്രദേശത്തിന് ആവശ്യമാണ് എന്നതുകൊണ്ടാണ്. അതുകൊണ്ട് സ്കൂൾ നിലനിന്നേ തീരൂ. സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന നാട്ടുകാരുടെ ആവശ്യം സർക്കാർ പരിഗണിക്കുകതന്നെ വേണം. അടിയന്തിരമായി കെ.ഇ.ആർ. പരിഷ്‌കരിച്ചില്ല എങ്കിൽ ഈ നീരൊഴുക്ക് മലവെള്ളപ്പാച്ചിലാകും.

Comments