truecoppy
MORE
Truecopy Home
Readers
are
Thinkers

Monday, 08 August 2022

truecoppy
Truecopy Logo
Readers are Thinkers

Monday, 08 August 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
IUML

Kerala Politics

ഹലാലായ രാഷ്ട്രീയ അതിക്രമങ്ങള്‍:
ഒരു ഇന്ത്യന്‍ യൂണിയന്‍ മുസ്​ലിം ലീഗ്
രാഷ്ട്രീയഭാവന

ഹലാലായ രാഷ്ട്രീയ അതിക്രമങ്ങള്‍: ഒരു ഇന്ത്യന്‍ യൂണിയന്‍ മുസ്​ലിം ലീഗ് രാഷ്ട്രീയഭാവന

ഇന്ത്യയിലെ വലതുപക്ഷ ഹൈന്ദവ സംഘടനകളില്‍ നിന്ന്​ മുസ്​ലിംകള്‍ വലിയ തോതില്‍ അതിക്രമങ്ങള്‍ നേരിട്ടു തുടങ്ങിയ കഴിഞ്ഞ മുപ്പതുവര്‍ഷത്തിനിടെ തന്നെയാണ് കേരളത്തിലെ ഏറ്റവും വലിയൊരു മുസ്​ലിം രാഷ്ട്രീയ സംഘടനയുടെ തണലില്‍  ഇത്രയും വ്യവസ്ഥാപിതമായും വിപുലമായും മുസ്​ലിംകള്‍ക്കെതിരെ തന്നെ അതിക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടായത് എന്നത് വലിയൊരു ധാര്‍മിക പ്രതിസന്ധി കൂടിയാണ്.  ഈ രണ്ടു അതിക്രമങ്ങളെയും പരസ്പര പൂരകമായി വേണോ നമ്മള്‍ മനസ്സിലാക്കാന്‍? മണ്ണാര്‍ക്കാട്  കല്ലാംകുഴിയിലെ സുന്നി പ്രവര്‍ത്തകരായ നൂറുദീന്റെയും ഹംസയുടെയും കൊലപാതകങ്ങളില്‍ പങ്കാളികളായ 25 ലീഗ് പ്രവര്‍ത്തകരെയും ഇരട്ട ജീവപര്യന്തത്തിനുവിധിച്ച കോടതിവിധിയുടെ പശ്​ചാത്തലത്തിൽ ഒരന്വേഷണം

21 May 2022, 09:57 AM

ജയറാം ജനാര്‍ദ്ദനന്‍

ഇന്നത്തെ പാന്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ രാഷ്ട്രീയം സഞ്ചരിക്കുന്ന രീതിനോക്കുമ്പോള്‍ ഒരു മുസ്​ലിം സമുദായ പാര്‍ട്ടിയെ വിമര്‍ശിക്കുന്നതില്‍ തീര്‍ച്ചയായും ചില ധാര്‍മിക സന്നിഗ്ധതകളുണ്ട്​. ബൂര്‍ഷ്വാ ജനാധിപത്യത്തില്‍ പങ്കെടുക്കുകയും പലപ്പോഴും അധികാരത്തിന്റെ ഭാഗമായിരിക്കുകയും ചെയ്യുന്ന വലത് രാഷ്ട്രീയമുള്ള, യഥാസ്ഥിതിക സാമൂഹിക- സാംസ്‌കാരിക നിലപാടുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്​ലിം ലീഗ്. അതിന്റെ പേരിലുള്ള ഇന്ത്യന്‍ എന്നതിന് ചരിത്രപരമായ പ്രാധാന്യമേ ഇന്നുള്ളൂ. അത് അതിന്റെ പാന്‍ ഇന്ത്യന്‍ സാന്നിധ്യത്തിലുപരി ഒരാഗ്രഹത്തെ സൂചിപ്പിക്കുന്ന ഒന്നാണ്. അത്തരത്തിലുള്ള രാഷ്ട്രീയ സ്വാധീനമോ അധികാരമോ മുസ്​ലിം ലീഗിന് ലഭ്യമല്ല. അതുകൊണ്ടു തന്നെ അഖിലേന്ത്യാ തലത്തില്‍ ഇന്ത്യന്‍ മുസ്​ലിംകള്‍ നേരിടുന്ന പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കേരളത്തില്‍ മലബാറില്‍ മാത്രം വേരുകളുള്ള ഈ ചെറിയ സാമുദായിക പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്നതില്‍ വലിയ കാര്യമെന്നുമില്ല. പക്ഷേ, കേരളമെന്ന രാഷ്ട്രീയ യൂണിറ്റ് വിശകലനം ചെയ്യുമ്പോള്‍  ഈ പരിഗണനകളില്‍ വലിയ മാറ്റം ആവശ്യമുണ്ട്. മുസ്​ലിംലീഗിന്റെ പ്രദേശിക തലം മുതലുള്ള നേതൃത്വത്തിന്റെ വര്‍ഗസ്വഭാവം, അതിന് കേരള രാഷ്ട്രീയത്തില്‍ സാധിക്കുന്ന ഇടപെടലുകള്‍, മുസ്​ലിംലീഗ് ഭാഗമായ രാഷ്ട്രീയ മുന്നണിയില്‍ ഏറ്റവും ഉറച്ച ജനസ്വാധീനവും നിയമസഭാ പ്രാതിനിധ്യവും ഒക്കെ പരിഗണിക്കുമ്പോള്‍ ഇവിടുത്തെ മറ്റേതൊരു പ്രസ്ഥാനത്തിനെയും വിമര്‍ശിക്കുന്നതുപോലെ ലീഗിനെയും വിമര്‍ശിക്കാവുന്നതേയുള്ളൂ.

ലീഗിന്റെ  ‘അദൃശ്യമാക്കപ്പെടുന്ന’ കൊലപാതകങ്ങൾ

കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളില്‍ / കൊലപാതകങ്ങളില്‍ തീരെ പരാമര്‍ശിക്കപ്പെടുകയോ  വിമര്‍ശിക്കപ്പെടുകയോ ചെയ്യാത്ത  രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്​ലിംലീഗ്. രാഷ്ട്രീയാതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ കേരളത്തിലെ വലതുപക്ഷത്തിന് മാധ്യമങ്ങളില്‍നിന്ന് ലഭിക്കുന്ന സൗജന്യങ്ങളും ആനുകൂല്യങ്ങളും തലോടലുകളും  അതിനൊരു പ്രധാന കാരണമാണ്. രാഷ്ട്രീയ അക്രമം / കൊലപാതകം എന്നത് ഇടതുരാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ മാത്രം ഉദ്ദേശിച്ചു രൂപപ്പെടുത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ഒരു വ്യവഹാരമായതിനാല്‍ വലതുരാഷ്ട്രീയം ഉല്പാദിപ്പിക്കുന്ന അതിക്രമങ്ങള്‍, അവര്‍ നടത്തുന്ന കൊലപാതകങ്ങള്‍ എന്നിവയെല്ലാം കര്‍മണിപ്രയോഗത്തില്‍ മാത്രം എഴുതപ്പെടുകയും രാഷ്ട്രീയ സ്വഭാവമില്ലാത്ത, വ്യക്തിഗതമായ, ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമായി വിവരിക്കപ്പെട്ടുകയുമാണ്​ പതിവ്.  കേരളത്തില്‍ അക്രമത്തിലേര്‍പ്പെടുന്ന ഇടതുപക്ഷവും ആ അക്രമത്തിന്റെ ഇരകളായ അപരരാഷ്ട്രീയവും എന്നത് സ്ഥിതിവിവരക്കണക്കുകള്‍ കൊണ്ടോ ദൈനംദിന ജീവിതാനുഭവങ്ങളുടെ തലത്തിലോ സ്ഥിരീകരിക്കാന്‍ കഴിയുന്ന കാര്യമല്ല എന്ന വസ്തുത മിക്കവാറും തമസ്‌കരിക്കപ്പെടുന്നു.

MEDIA
മുസ്​ലിംലീഗ് പ്രവര്‍ത്തകര്‍ നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍, അതിക്രമങ്ങള്‍ എന്നിവ മലയാള മനോരമക്കുപോലും പ്രധാനപ്പെട്ട ഒരു വാര്‍ത്താ വിഭവം അല്ല. കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളുടെ മുസ്​ലിംവിരോധം പരിഗണിക്കുമ്പോള്‍ ഇത് കൗതുകം ജനിപ്പിക്കുന്ന സൗജന്യമാണ്. 

കേരളത്തിലെ രാഷ്ട്രീയ അതിക്രമങ്ങളുടെ ഓഡിറ്റിങ്ങില്‍ നിന്ന്​ പലവിധ പഴുതുകളിലൂടെ രക്ഷപ്പെട്ടുപോകുന്ന പാര്‍ട്ടിയാണ് മുസ്​ലിംലീഗ്. കേരളത്തിലെ രാഷ്ട്രീയ അതിക്രമങ്ങളെ ആര്‍.എസ്.എസ് - സി. പി. എം, അല്ലെങ്കില്‍ ഹിന്ദു- മുസ്​ലിം എന്ന വാര്‍പ്പു മാതൃകാ  ദ്വന്ദ്വത്തിലൂടെ അവതരിപ്പിച്ചുകാണാനുള്ള ആവേശത്തിന്റെയും ധൃതിയുടെയും സ്വാഭാവികമായ ഗുണഭോക്താക്കളാണ് മുസ്​ലിംലീഗും കോണ്‍ഗ്രസും. ഈ ആവേശം കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ  /അതിക്രമങ്ങളെ സൂക്ഷ്മ തലത്തില്‍ മനസ്സിലാക്കുന്നതില്‍ വലിയ വിട്ടുവീഴ്ചകള്‍ ചെയ്യുന്നുമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹികശാസ്ത്രജ്ഞര്‍ എന്നവകാശപ്പെടുന്നവര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുതല്‍ മാധ്യമങ്ങള്‍ക്കു വരെ ഈ വാര്‍പ്പുമാതൃകാദ്വന്ദമാണ് ഇഷ്ടമാതൃക. ആ സൗജന്യത്തിന്റെ ഓരം പറ്റിയാണ് മുസ്​ലിംലീഗിന്റെ രാഷ്ട്രീയ അതിക്രമങ്ങള്‍ മലയാളിയുടെ രാഷ്ട്രീയ വിശകലനങ്ങളില്‍ നിന്ന്​ ഒളിഞ്ഞു നില്‍ക്കുന്നത്. അതുകൊണ്ടാണ് നരിക്കോട്ടിരിയില്‍  ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ട അഞ്ചു  മുസ്​ലിംലീഗ് പ്രവര്‍ത്തകരുടെ ചിത്രം പൊളിറ്റിക്കല്‍ വയലന്‍സിനെ കുറിച്ചുള്ള  നമ്മുടെ ഓര്‍മകളില്‍ നിലനില്‍ക്കാത്തത്. മുസ്​ലിംലീഗ് പ്രവര്‍ത്തകര്‍ നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍, അതിക്രമങ്ങള്‍ എന്നിവ മലയാള മനോരമക്കുപോലും പ്രധാനപ്പെട്ട ഒരു വാര്‍ത്താ വിഭവം അല്ല. കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളുടെ മുസ്​ലിംവിരോധം പരിഗണിക്കുമ്പോള്‍ ഇത് കൗതുകം ജനിപ്പിക്കുന്ന സൗജന്യമാണ്.

ALSO READ

പൊലീസ്​ എന്ന പ്രതി

കൊലപാതകങ്ങള്‍ ഉള്‍പ്പടെ മുസ്​ലിംലീഗ് നേതൃത്വവും പ്രവര്‍ത്തകരും പങ്കാളികളായ അതിക്രമങ്ങളുടെ ലിസ്റ്റ് നീണ്ടതാണ്. മുസ്​ലിംലീഗ് അതിക്രമങ്ങളില്‍ കൊല  ചെയ്യപ്പെട്ട, മുസ്​ലിംലീഗ് പ്രവര്‍ത്തകര്‍ പ്രതികളായി വന്ന  ഏതാണ്ട് നാല്പതിലധികം കൊലപാതകങ്ങളുടെ ലിസ്റ്റ് 2018 ലെ നിയമസഭാ സമ്മേളനത്തില്‍ കെ. ടി. ജലീല്‍ വായിക്കുകയുണ്ടായി. ഒരു പക്ഷെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുസ്​ലിംകള്‍ കൊല്ലപ്പെട്ടത് ലീഗ് അതിക്രമങ്ങളുടെ ഭാഗമായിട്ടായിരിക്കണം. മുസ്​ലിംസമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ സാമൂഹിക വിഭാഗങ്ങളാണ് ഈ അതിക്രമങ്ങളുടെയെല്ലാം ഇരകള്‍ എന്നതാണ് മറ്റൊരു വസ്തുത. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു മണ്ണാര്‍ക്കാട്  കല്ലാംകുഴിയിലെ സുന്നി പ്രവര്‍ത്തകരായ നൂറുദീന്റെയും ഹംസയുടെയും കൊലപാതകങ്ങള്‍. ഈ കൊലപാതകങ്ങളില്‍ പങ്കാളികളായ 25 ലീഗ് പ്രവര്‍ത്തകരെയും കുറ്റക്കാരെന്നു കണ്ടെത്തിയ കോടതി, എല്ലാവര്‍ക്കും ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചു. മുസ്​ലിംലീഗിന്റെ ഒരു യൂണിറ്റിലെ  ഏതാണ്ട് എല്ലാ ലീഗ് നേതാക്കളും പങ്കാളികളായ കൊലപാതകം. സംസ്ഥാനത്തു തന്നെ ആദ്യമായിട്ടാകണം ഇത്രയധികം ആളുകള്‍ക്ക് ഒരു കേസില്‍ ഇരട്ട ജീവപര്യന്തം ലഭിച്ചത്.

സമസ്​തയുടെ പിളർപ്പിൽ സംഭവിച്ചത്​

മുസ്​ലിംലീഗ് നടത്തിയ അതിക്രമങ്ങളില്‍  ഏറെയും കൊല്ലപ്പെട്ടത് കേരളത്തിലെ സുന്നി പ്രവര്‍ത്തകരാണ്. മുസ്​ലിം സമുദായത്തിനകത്ത് ലീഗിന്റെ അപ്രമാദിത്യത്തിനെതിരെ വലിയ വെല്ലുവിളി ഉയര്‍ത്തിയ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരുടെ അനുഭാവികളായതുകൊണ്ടാണ് ഈ കൊലപാതകങ്ങള്‍ അത്രയും നടന്നത് എന്നുകാണാം. സമസ്തയുടെ പിളര്‍പ്പിലൂടെ രൂപപ്പെട്ട ഇ. കെ -എ. പി വിഭാഗങ്ങളില്‍, ഇ. കെ  വിഭാഗം ലീഗിനൊപ്പം നിന്നപ്പോള്‍, എ. പി വിഭാഗം ലീഗിനെതിരായി  ശക്തമായി സമുദായമധ്യത്തില്‍ നിലയുറപ്പിച്ചത് ലീഗിന്റെ അപ്രമാദിത്വത്തിന് വലിയ വെല്ലുവിളിയുയര്‍ത്തി. തിരഞ്ഞെടുപ്പുകളില്‍ തന്നെ ഇതിന്റെ അനുരണമുണ്ടായി.  കേരളത്തിലെ കീഴാള മുസ്​ലിംകളുടെ രക്ഷകര്‍ എന്ന റോളില്‍നിന്നുകൊണ്ട്​, തങ്ങള്‍ കുടുംബത്തെയും സമസ്തയെയും ഉപയോഗപ്പെടുത്തി, ഒരു തരം ഫിക്‌സഡ് ഡിപ്പോസിറ്റ് സാമുദായിക രാഷ്ട്രീയം കൊണ്ടുനടക്കാനായിരുന്നു ലീഗിന്റെ ശ്രമം. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള മതപണ്ഡിതന്മാരുടെ നിലപാടുകള്‍ സമുദായത്തിനകത്ത് ലീഗിന്റെ ഈ ഹെജമണിക്ക്​ വെല്ലുവിളിയായി. അതാണ് പിന്നീട് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ എന്ന സമസ്തയുടെ പിളര്‍പ്പിലേക്ക് നയിച്ചത്. 

ap
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാർ

ഈ പിളര്‍പ്പോടെ ഉണ്ടായ ശ്രദ്ധേയമായ മാറ്റം കേരളത്തിലെ പള്ളികള്‍, മദ്രസകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന മതാധ്യാപകര്‍, ഖാളിമാര്‍ തുടങ്ങിയ വിഭാഗങ്ങള്‍  വലിയ തോതില്‍ മുസ്​ലിംലീഗ് വിരുദ്ധ പക്ഷത്തായി എന്നതാണ്. എന്നാല്‍, പ്രാദേശിക മുസ്​ലിം ഫ്യൂഡല്‍ ഘടനയുടെ ഉടമസ്ഥാവകാശസ്വഭാവത്തിനകത്ത് നിലനിന്നുപോന്ന പള്ളികളും മദ്രസകളുടെയും നിയന്ത്രണം മുസ്​ലിംലീഗിനും.  പഴയകാല മുസ്​ലിം ഭൂവുടമകളായിരുന്ന മുതവല്ലിമാരുടെ നേതൃത്വം ഇതില്‍ നിര്‍ണായകമായിരുന്നു. ഇവരാകട്ടെ ഭൂരിഭാഗവും മുസ്​ലിംലീഗുകാരും. ഒരു രാഷ്ട്രീയ സംഘടന എന്ന നിലയില്‍ മുസ്​ലിംലീഗിനെ ഇപ്പോഴും സജീവമായി നിലനിര്‍ത്തുന്ന പ്രധാന ഘടകം മുസ്​ലിം ഉള്‍നാടുകളില്‍ ആഴത്തില്‍ വേരോടിയ മുസ്​ലിം ഫ്യൂഡല്‍ ഭൂതകാലത്തിന്റെ അവശേഷിപ്പുകളാണ്. രാഷ്ട്രീയമായി ലീഗിന് സ്വാധീനമുള്ള പ്രദേശങ്ങളുടെയും, ലീഗ് പരാജയം നേരിട്ടുകൊണ്ടിരിക്കുന്ന പ്രദേശങ്ങളുടെയും സാമൂഹിക ഘടന പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

ഈ ഫ്യൂഡല്‍ ഘടന തകര്‍ന്നു തുടങ്ങിയ സ്ഥലങ്ങളിളെല്ലാം ശക്തമായ മുസ്ലിം മധ്യവര്‍ഗം ഉയര്‍ന്നുവരികയും ലീഗേതര മുസ്​ലിം സാമൂഹിക ഭാവനകള്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സമസ്തയിലെ പിളര്‍പ്പ് മുസ്​ലിം ആരാധനാ കേന്ദ്രങ്ങളെയും മതപഠനകേന്ദ്രങ്ങളെയും ഒരു ഭാഗത്തും അവിടെ ജീവനക്കാരായി എത്തേണ്ടവരെ വേറൊരു ഭാഗത്തും ആക്കി. മുസ്​ലിംലീഗിന് അപ്രമാദിത്യമുള്ള സ്ഥലങ്ങളില്‍ ഇതു വലിയ പ്രതിസന്ധിക്ക് വഴിവെച്ചു. സമുദായത്തിനകത്ത് വലിയ വിഭാഗം ജനങ്ങളുമായി  നേരിട്ട് സ്വാധീനമുള്ളവരാണ്  മതാധ്യാപകര്‍ എന്ന നിലയില്‍ ഈ പ്രതിസന്ധിയെ മറികടക്കേണ്ടത് മുസ്​ലിംലീഗിന്റെ രാഷ്ട്രീയ നിലനില്‍പ്പിന് അത്യന്താപേക്ഷിതവും ആയിരുന്നു.

സൂക്ഷ്മാര്‍ഥത്തില്‍ നോക്കുമ്പോള്‍ മതാധ്യാപകര്‍ ഉയര്‍ത്തിയ വെല്ലുവിളിക്ക് വേറെയും മാനങ്ങളുണ്ടായിരുന്നു. നേരത്തെ സൂചിപ്പിച്ച മുസ്​ലിം ഫ്യുഡല്‍ ഘടന തന്നെയായിരുന്നു ഈ മതാധ്യാപകര്‍ക്കുള്ള പഠന അവസരങ്ങള്‍ നല്‍കിയത്. പള്ളികള്‍ കേന്ദ്രീകരിച്ച്​ പഠനം നടത്തുക, പള്ളിക്കു സമീപത്തെ ചെറുതും വലുതുമായ  സമ്പന്ന വീടുകളില്‍ നിന്ന്​ ഭക്ഷണം കഴിക്കുക എന്ന നിലയിലായിരുന്നു കേരളത്തില്‍ മതപഠനം നടന്നുപോന്നത്. ആ വഴിയിലൂടെ വന്നവര്‍ തങ്ങളെ തന്നെ വെല്ലുവിളിക്കുന്നു എന്നത് ഈ ഫ്യുഡല്‍ ഘടനക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറത്തുള്ള അടിയായിരുന്നു. ‘ആരാന്റെ ഉപ്പും വറ്റും തിന്നവര്‍' എന്ന് മതാധ്യാപകരെ കളിയാക്കിയുള്ള മുദ്രാവാക്യം അക്കാലത്തെ  മുസ്​ലിംലീഗ് റാലികളിലെ പ്രധാന ഐറ്റമായിരുന്നു.  1990 കള്‍ക്കുശേഷം  മുസ്​ലിംലീഗ് നടത്തിയ അതിക്രമങ്ങളില്‍ കൊല്ലപ്പെട്ടതും പരിക്കേറ്റതും ഭൂരിഭാഗവും മുസ്​ലിംമതാധ്യാപകരായിരുന്നു എന്ന വസ്തുതക്കു പിന്നിലെ ഇരുണ്ട ചരിത്രം രൂപപ്പെട്ടുവന്നതിങ്ങനെയൊക്കെയായിരുന്നു.  

kallamkuzi
കല്ലാംകുഴി ഇരട്ടകെ‍ാലക്കേസിലെ പ്രതികളായ ലീഗ് പ്രവർത്തകർ 

കേരളത്തിലെ  സുന്നി മുസ്​ലിംകളുടെ ഇടയില്‍ സംഭവിച്ച സംഘടനാപരമായ ഈ പിളര്‍പ്പിനെ രാഷ്ട്രീയമായി  തങ്ങള്‍ക്ക് അനുകൂലമാക്കി നിര്‍ത്താന്‍ ലീഗ് ശ്രമിച്ചത് കേരളത്തിലെ മുസ്​ലിം ഉള്‍നാടുകളില്‍ വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടാണ്.  ആ അതിക്രമങ്ങളും അതിന്റെ അനന്തര ഫലങ്ങളും കേരളത്തിലെ മുസ്​ലിംകളുടെ സാമൂഹിക ചരിത്രത്തിന്റെ ഭാഗവുമാണ്. പലപ്പോഴും അതിഭീകരവും ബീഭത്സവുമായിരുന്നു ലീഗിന്റെ ഈ അതിക്രമങ്ങള്‍. കൊടുവള്ളിക്കടുത്ത് ഒരു മദ്രസാ അധ്യാപകന്റെ തലയില്‍ ലീഗിന്റെ കൊടി നാട്ടിയാണ് കൊലപ്പെടുത്തിയത്. കുണ്ടൂരിലെ കുഞ്ഞു എന്ന ചെറുപ്പക്കാരനെ റമദാന്‍ മാസത്തിലെ ഏറ്റവും പുണ്യമെന്ന്​ കരുതപ്പെടുന്ന ദിവസം വൈകുന്നേരമാണ്​ കൊല ചെയ്തത്.  കല്ലാം കുഴിയില്‍ മുസ്​ലിംലീഗ്  നടത്തിയ നിഷ്ടൂര കൊലപാതകത്തിന്റെ വിവരണങ്ങള്‍ അറിയാന്‍ എഫ്. ഐ. ആറിലൂടെയും കോടതിവിധിയിലൂടെയും ഒന്നു കണ്ണോടിച്ചാല്‍ മതി. കൊലപാതകത്തിനിടെ, നൂറുവിന്റെയും ഹംസയുടെയും വായില്‍ മൂത്രം കൂടി ഒഴിച്ചു കൊടുത്താണത്രെ ലീഗുകാര്‍ മടങ്ങിയത്!  

ഇങ്ങനെ മറ്റുള്ളവരെ  പേടിപ്പിച്ചുനിര്‍ത്തുന്ന ഒരു തരാം ബീഭത്സത ഈ ലീഗ് അതിക്രമങ്ങളിലെല്ലാം കാണാം. 90 കളോടെ രൂപപ്പെട്ട ഈയൊരു പുത്തന്‍ രാഷ്ട്രീയ  സാഹചര്യത്തെ ഈ ബീഭത്സത കൊണ്ട്  ലീഗ് നേരിട്ടതിന്റെ വിവരങ്ങള്‍ ഒന്നും  ഇപ്പോഴും നമ്മുടെ പൊതുസമൂഹത്തിന്റെ ബോധ്യങ്ങളുടെ ഭാഗമായി മാറിയിട്ടില്ല.

വഹാബി / മുജാഹിദ്​ ധാരയുടെ പിന്തുണ

മറ്റൊരു വസ്തുത, ലീഗിലെ സജീവമായ വഹാബി/മുജാഹിദ്  ധാര ഇത്തരം അതിക്രമങ്ങള്‍ക്ക് നല്‍കിയ പ്രോത്സാഹനമാണ്.  ‘അവസാന തുള്ളി രക്തവും സുന്നികള്‍ക്കെതിരെ ചെലവഴിക്കും’ എന്നു പ്രസംഗിച്ച സീതി ഹാജി മുതല്‍, ‘നിങ്ങള്‍ വേണ്ടത് ചെയ്‌തോളൂ, ബാക്കി കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം’ എന്നു പ്രസംഗിച്ച പി. കെ. ബഷീര്‍ എം. എല്‍. എ തുടങ്ങി, ഏറ്റവും ഒടുവില്‍ കല്ലാംകുഴിയിലെ കൊലപാതകങ്ങളെ ന്യായീകരിച്ചും പ്രതികള്‍ക്ക് ലീഗ് നല്‍കിയ സാമ്പത്തിക സഹായങ്ങള്‍ വ്യക്തമാക്കിയും രംഗത്തു വന്ന ഇപ്പോഴത്തെ ലീഗ് സെക്രട്ടറി പി. എം. എ. സലാം വരെയുള്ളവര്‍ ഈ വഹാബി/ മുജാഹിദ് ആവേശത്തെയാണ് ഒരര്‍ഥത്തില്‍ പങ്കുവെക്കുന്നത്.

സുന്നികളോടുള്ള മുസ്​ലിംലീഗിന്റെ അതിക്രമങ്ങളെ ജമാഅത്തെ ഇസ്​ലാമിയും അവരുടെ മാധ്യമങ്ങളും  എങ്ങനെ കാണുന്നു എന്നാലോചിക്കുന്നതും കൗതുകകരമാണ്. ഇരകളുടെ, കീഴാളരുടെ രാഷ്ട്രീയം എന്ന നിലയില്‍ തങ്ങളുടെ റിലിജ്യോ - പൊളിറ്റിക്കല്‍ ഐഡിയോളജിയെ അവതരിപ്പിക്കാനാണ് ജമാഅത്തെ ഇസ്​ലാമിയും  അവരുടെ പിന്‍തുണക്കാരും എപ്പോഴും ശ്രമിച്ചു കൊണ്ടിരുന്നത്. തീര്‍ച്ചയായും വളരെയധികം ഏച്ചുകെട്ടലുകളും അതിന്റെ ഫലമായുള്ള മുഴച്ചുനില്‍ക്കലുകളും ഉണ്ടായിരുന്നെങ്കിലും ഈയൊരു നറേറ്റീവ് കൊണ്ടു നടക്കല്‍ അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. പക്ഷേ, അതല്ല കേരള മുസ്​ലിംകളുടെ ഇടയിലെ പ്രമാണിവര്‍ഗത്തിന് മേധാവിത്വമുള്ള മുസ്​ലിം ലീഗ് സമുദായത്തിനകത്തുള്ള ഒരു ദുര്‍ബല  വിഭാഗത്തെ തല്ലിയും ആക്രമിച്ചും ഒതുക്കാന്‍ നോക്കുമ്പോള്‍ രൂപപ്പെടുത്ത സാഹചര്യം. ഇവിടെ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട വിക്റ്റിം ഹുഡ് നറേറ്റീവിന് പ്രസക്തിയില്ല. ഇവിടെ ഇസ്​ലാമോ ഫോബിയ ആരോപിക്കാനും സാധിക്കുകയില്ല. അതുകൊണ്ടു തന്നെ,  ജമാഅത്തെ ഇസ്​ലാ​മിയുടെ  പൊതുവിലുള്ള രാഷ്ട്രീയ നിലപാടുകളെ ഈ ലീഗ് അതിക്രമങ്ങള്‍  പ്രതിസന്ധിയിലാക്കുന്നുണ്ട്. അതിനവര്‍ തടയിടുന്നത് പലപ്പോഴും മുസ്​ലിംലീഗ് സുന്നികള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങള്‍ക്ക് വേണ്ടത്ര ദൃശ്യത നല്‍കാതെയും, സുന്നികള്‍ക്കുപകരം സി. പി. എമ്മിനെ പ്രതിഷ്ഠിച്ചുമാണ്.

ഇരകളായ സുന്നികളുടെ സ്വത്വത്തെ അദൃശ്യവത്കരിച്ചു കൊണ്ടുള്ള ഒരു നറേറ്റിവാണ് ഇത്തരം വയലന്‍സുകളുടെ റിപ്പോര്‍ട്ടിങ്ങില്‍ ജമാഅത്തെ മാധ്യമങ്ങള്‍ പൊതുവെ പിന്തുടരുക. അതേസമയം, മുസ്​ലിംകള്‍ക്കിടയിലെ ഈ വിഭാഗീയതകളെ മറ്റൊരു ഭാഗത്തു നിന്നും ഊതി വലുതാക്കുകയും ചെയ്യും. മുസ്​ലിംലീഗിലെ പിളര്‍പ്പ്, മഅ്​ദനിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഐ.എസ്.എസ്, പിന്നീട് രൂപം കൊണ്ട പി. ഡി. പി, സുന്നികള്‍ക്കിടയിലെ പിളര്‍പ്പ്, മുജാഹിദ് സംഘടനകള്‍ക്കിടയിലെ പല തരാം പിളര്‍പ്പുകള്‍, ഇപ്പോള്‍ ഇ. കെ വിഭാഗം സുന്നികള്‍ ക്കിടയില്‍ രൂപപ്പെട്ടുവന്ന വിവിധ ചേരികള്‍, തുടങ്ങിയവയുടെ റിപ്പോര്‍ട്ടിങ്ങില്‍ ജമാഅത്ത് മാധ്യമങ്ങള്‍ പിന്തുടരുന്ന ശൈലിയും ദൃശ്യതയും വിലയിരുത്തിയാല്‍ ഇക്കാര്യം കൂടുതല്‍ മനസ്സിലാകും.

ഇന്ത്യയിലെ വലതുപക്ഷ ഹൈന്ദവ സംഘടനകളില്‍ നിന്ന്​ മുസ്​ലിംകള്‍ വലിയ തോതില്‍ അതിക്രമങ്ങള്‍ നേരിട്ടു തുടങ്ങിയ കഴിഞ്ഞ മുപ്പതുവര്‍ഷത്തിനിടെ തന്നെയാണ് കേരളത്തിലെ ഏറ്റവും വലിയൊരു മുസ്​ലിം രാഷ്ട്രീയ സംഘടനയുടെ തണലില്‍  ഇത്രയും വ്യവസ്ഥാപിതമായും വിപുലമായും മുസ്​ലിംകള്‍ക്കെതിരെ തന്നെ അതിക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടായത് എന്നത് വലിയൊരു ധാര്‍മിക പ്രതിസന്ധി കൂടിയാണ്.  ഈ രണ്ടു അതിക്രമങ്ങളെയും പരസ്പര പൂരകമായി വേണോ നമ്മള്‍ മനസ്സിലാക്കാന്‍? അതോ, നിരന്തരമുള്ള  ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങളിലൂടെയല്ലാതെ മതത്തെയും രാഷ്ട്രീയത്തെയും പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയ ഭാവനകള്‍ സാധ്യമല്ല എന്നാണോ?

  • Tags
  • #Indian Union Muslim League
  • #Kanthapuram A. P. Aboobacker Musliyar
  • #Jayaram Janardhanan
  • #Media Criticism
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Media Criticism

Media Criticism

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്

മലയാളം ന്യൂസ് ചാനലുകള്‍ എന്നെങ്കിലും ആശയങ്ങള്‍ ചര്‍ച്ച ചെയ്യുമോ

Jul 24, 2022

4 Minutes Read

mb  rajesh

Media Criticism

Truecopy Webzine

സംവാദ ഭാഷ: നിയമസഭ മുൻകൈയെടുത്തു, മാധ്യമങ്ങളോ, നിങ്ങൾ ഇതിന്​ തയാറുണ്ടോ?- എം.ബി. രാ​ജേഷ്​

Jul 23, 2022

3 Minutes Read

John-Brittas

Opinion

Think

അനുരാഗ് ഠാക്കൂറിന്റെ ആ മാധ്യമ കൂടിക്കാഴ്ചയില്‍ എന്നെ ക്ഷണിക്കാത്തതിന് കാരണമുണ്ട്

Jul 16, 2022

4 Minutes Read

1

Media Criticism

Truecopy Webzine

മാധ്യമങ്ങളെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍നിന്ന് ആട്ടിപ്പായിച്ചു, കേരളത്തിലെ മാധ്യമങ്ങള്‍ അറിയുന്നില്ല

Jul 16, 2022

3 Minutes Read

Cartoonist Gopikrishnan

Opinion

പി.എന്‍.ഗോപീകൃഷ്ണന്‍

മാ ഗോപീകൃഷ്ണാ

Jul 15, 2022

10 Minutes Read

alt news

Media

റിദാ നാസര്‍

ആൾട്ട് ന്യൂസിനെതിരായ സാമ്പത്തിക ആക്രമണം; സ്വതന്ത്ര മാധ്യമങ്ങൾ കരുതിയിരിക്കേണ്ട ഒരു ഭീഷണി

Jul 07, 2022

10 Minutes Read

Media Discussion

Discussion

ഷഫീഖ് താമരശ്ശേരി

മാധ്യമങ്ങളിലുണ്ട്, സംഘ്പരിവാര്‍ നീരാളിക്കൈകള്‍

Jun 29, 2022

60 Minutes Watch

cl thomas

Media Criticism

സി.എല്‍. തോമസ്‌

സംഘപരിവാര്‍ സമ്മര്‍ദം മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ നിയന്ത്രിച്ചിട്ടുണ്ട്

Jun 22, 2022

5 Minutes Read

Next Article

പാൽ വിപണിയും വിദേശ കുത്തകകൾക്ക്, എട്ടു കോടി കുടുംബങ്ങൾക്കാണ്​ നഷ്​ടം

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster