ട്രൂകോപ്പി വെബ്സീൻ: ജനകീയാധികാരം പാർലമെൻ്ററി വഴിയിൽ നേടുന്നതിന്റെ ലോകത്തു തന്നെ കൊടുങ്കാറ്റായ പരീക്ഷണമായിരുന്നു കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ. അത് സെക്യുലറായ ഭരണാശയത്തെ അതിവേഗം കേരളീയ സമൂഹത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് കണ്ട മതകീയശക്തികൾ ആ ജനാധിപത്യ ഭരണത്തെ വിമോചന സമരത്തിലൂടെ പുറത്താക്കിയത് ചരിത്രം. ദശകങ്ങൾക്കിപ്പുറത്ത് അതേ ജാതി / മത ശക്തികളെ ഉപയോഗിച്ച് പാർലമെൻ്ററി അധികാരം തുടർച്ചയായി നിലനിർത്താനുള്ള ആർത്തിപിടിച്ച ഇടതുപക്ഷത്തെ കേരളം തിരിച്ചറിയുകയാണ്. അത്യന്തം ആപൽക്കരമായ ഈ ഒത്തുതീർപ്പിനെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്’?
വി. വിജയകുമാർ: ജാതി, മതമേധാവിത്ത ശക്തികളുടെ നേതൃത്വത്തിൽ 1959-ൽ കേരളത്തിൽ നടന്ന കുപ്രസിദ്ധമായ വിമോചന സമരം നവോത്ഥാനമൂല്യങ്ങളാർജ്ജിച്ച കേരളസമൂഹത്തിനെതിരെ വർഗ്ഗീയശക്തികൾ നടത്തിയ വളരെ പ്രത്യക്ഷമായ ആദ്യത്തെ കടന്നാക്രമണമായിരുന്നു. 20ാം നൂറ്റാണ്ടിലെ കേരളത്തെ 59- നു മുമ്പും 59- നു ശേഷവും എന്നിങ്ങനെ വിഭജിക്കാൻ കഴിയുന്നിടത്തോളം കേരളീയ സാമൂഹികമനസ്സിൽ മാരക മുറിവുകൾ സൃഷ്ടിക്കാൻ ഈ വിമോചനസമരത്തിന് കഴിഞ്ഞു. നവോത്ഥാന മൂല്യങ്ങളെ ഉൾക്കൊള്ളുകയും ജാതിമതശക്തികൾക്കെതിരായ സമീപനങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്ന കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷം ഒത്തുതീർപ്പുകൾക്കു വിധേയമാകുന്നതും 1967 ആകുമ്പോഴേക്കും ജാതി-മത ശക്തികളുടെ പിന്തുണയോടെ വീണ്ടും അധികാരത്തിൽ വരുന്നതുമാണ് നാം പിന്നീടു കാണുന്നത്. ഇടതുപക്ഷം അതിന്റെ മൂല്യങ്ങളെ പതുക്കെയെങ്കിലും ഉപേക്ഷിക്കാൻ തുടങ്ങുന്നതിന്റെ ലക്ഷണമായി ഇതിനെ മനസ്സിലാക്കണം. എങ്കിൽ തന്നെയും കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ വളരെ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ചിരുന്ന വി.എസ്. അച്യുതാനന്ദനെ പോലുള്ള ചില നേതാക്കളുടെ ഇടപെടലുകൾ വർഗീയതക്കും ജാതി, മത മൂല്യങ്ങൾക്കും എതിരായ സമീപനങ്ങളെ ഉയർത്തിപ്പിടിക്കാൻ ഇടതുപക്ഷത്തെ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. എന്നാൽ, വളരെ പ്രത്യക്ഷമായ ജാതി, മതപ്രീണനങ്ങൾക്ക് ഇടതുപക്ഷം തയ്യാറാകുന്നതിന്റെ ലക്ഷണങ്ങളാണ് സമകാല കേരളരാഷ്ട്രീയത്തിൽ നിന്ന് ഇപ്പോൾ നമുക്കു വായിച്ചെടുക്കാനാവുന്നത്.
ഇടതുപക്ഷമൂല്യബോധത്തെ ഉപേക്ഷിക്കുകയും പാർലമെന്ററി അവസരവാദത്തിലേക്കു മുതലക്കൂപ്പു നടത്തുകയും ചെയ്യുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തെയാണ് ഇവിടെ നാം ഇപ്പോൾ കാണുന്നത്. വ്യവസ്ഥാപിത ഇടതുപക്ഷ രാഷ്ട്രീയപ്രസ്ഥാനം വലിയ അപചയത്തിനു വിധേയമായിരിക്കുന്നു. അധികാരത്തിനു വേണ്ടി എല്ലാ ഇടതുപക്ഷ മൂല്യങ്ങളെയും അത് ഉപേക്ഷിക്കുകയാണ്. സംഘപരിവാറിന്റെയും ഹിന്ദുത്വ ശക്തികളുടെയും താൽപര്യാർത്ഥം കേരളത്തിലെ വ്യവസ്ഥാപിത ഇടതുനേതൃത്വവും സർക്കാരും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. പോലീസ് സേനയുടെ വർഗീയവും വിഭാഗീയവുമായ നടപടികളിലൂടെയും മതേതരവും ശാസ്ത്രാവബോധപരവുമായ മൂല്യങ്ങളെ പ്രചരിപ്പിക്കാൻ ഉത്സുകമാകേണ്ട സർക്കാർ മതപ്രീണനം ലക്ഷ്യമാക്കി അയ്യപ്പസേവാസംഗമം സംഘടിപ്പിക്കുന്നതിലുടെയും സാംസ്കാരികമന്ത്രി ആൾദൈവത്തെ ആശ്ലേഷിക്കുന്നതിലുടെയും ജാതിസംഘടനാ നേതൃത്വങ്ങളെ മുഖ്യമന്ത്രി തന്നെ പലവട്ടം പ്രകീർത്തിക്കുന്നതിലൂടെയും മറ്റും പ്രകടമാക്കുന്നത് വോട്ടുബാങ്കിനെ ലക്ഷ്യമാക്കുന്ന ഏറെ പ്രതിലോമകരമായ പ്രവർത്തനങ്ങളാണെന്ന് സാമാന്യജനതയ്ക്കു തന്നെ ബോധ്യപ്പെടുന്നതാണ്.

ബാബരി മസ്ജിദ് പൊളിച്ച് ആ പള്ളിപ്പറമ്പിൽ നിർമ്മിച്ച ക്ഷേത്രത്തിൽ വിഗ്രഹപ്രതിഷ്ഠക്കു പോയ പ്രധാനമന്ത്രിയുടെ മനോഭാവം തന്നെയാണ് അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത കേരള മുഖ്യമന്ത്രിയും പ്രകടിപ്പിച്ചതെന്ന് കാണാതിരിക്കരുത്. വളരെ ആപത്ക്കരമായ വർഗ്ഗീയപ്രവർത്തനമാണത്.
കേരളത്തിലെ വ്യവസ്ഥാപിത ഇടതുപ്രസ്ഥാനത്തിന്റെ, ഇടതുപക്ഷ മൂല്യങ്ങളിൽ നിന്നുള്ള ഈ പിൻമാറ്റം കേരളത്തിലെ മതേതര പുരോഗമന ശക്തികൾക്ക് വലിയ ആഘാതം സൃഷ്ടിക്കുന്നതാണ്. കേരളത്തെ വർഗീയവൽക്കരിക്കാനും കേരളത്തിന്റെ മതേതര സമൂഹമനസ്സിനെ തകർക്കാനും സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന വളരെ തീവ്രമായ പരിശ്രമങ്ങളെ പിന്തുണയ്ക്കുന്ന രീതിയിലാണ് കേരളത്തിലെ ഇടതുപക്ഷവും സർക്കാരും ഇപ്പോൾ പ്രവർത്തിക്കുന്നതെന്നു കാണാൻ കഴിയും. ചില ഹൈന്ദവാചാരങ്ങളെയും ഉത്സവങ്ങളെയും ഏറ്റെടുക്കുകയും ഇടതുരാഷ്ട്രീയപ്രസ്ഥാനത്തിന്റെ ലേബലിൽ തന്നെ അവ സംഘടിപ്പിക്കുകയും ചെയ്യുന്ന സ്ഥിതി നിർമ്മിക്കപ്പെട്ടിരിക്കുന്നു. യഥാർത്ഥത്തിൽ, സംഘപരിവാറിന്റെ അജണ്ടക്കനുസരിച്ചു പ്രവർത്തിക്കുന്ന ഒരു വ്യവസ്ഥാപിത ഇടതുപക്ഷത്തെയാണ് കേരളത്തിൽ നാം ഇപ്പോൾ കാണുന്നത്. ഇടതുപക്ഷത്തിന്റെ അജണ്ടയെ മുന്നിൽ വയ്ക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും കഴിയാത്തവർ പ്രതിലോമകാരികളായ ഹിന്ദുത്വഭ്രാന്തന്മാരുടെ അജണ്ടക്കനുസരിച്ചു പ്രവർത്തിക്കുന്നതിലേക്കു അധഃപതിക്കുന്ന സ്ഥിതി കേരള സമൂഹത്തിൽ വലിയ ദുരന്തങ്ങൾ സൃഷ്ടിക്കുന്നതിലേക്കു നയിക്കപ്പെട്ടേക്കാം.
ഇന്ത്യൻ ഭരണഘടനക്കെതിരെ ഹിന്ദുത്വ വർഗീയതയുടെ കടുത്ത നീക്കങ്ങൾ പ്രായോഗികമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ മതേതരതത്തിന്റെ അടിസ്ഥാനമായ ഭരണഘടനയുടെ കാവലാളാകേണ്ട ഇടതുപക്ഷം ഹിന്ദുത്വ പ്രീണനത്തിന്റെയും ന്യൂനപക്ഷ വിരോധത്തിന്റെയും പ്രമോട്ടർമാരായി പ്രത്യക്ഷത്തിൽ മാറുന്ന നിരവധി ഉദാഹരണങ്ങൾ കേരളത്തിൽ അടുത്തകാലത്തുണ്ടായി- അമൃതാനന്ദമയി എന്ന ആൾദൈവത്തെയും പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുത്വപക്ഷത്ത് നിലയുറപ്പിച്ചിരുന്ന വെള്ളാപ്പള്ളി നടേശനെയും ആദരിക്കുന്ന സർക്കാർ നടപടി- മുസ്‍ലിം ന്യൂനപക്ഷത്തെ അപരവൽക്കരിക്കുന്ന സംഘ്പരിവാർ നിലപാടിനെ അംഗീകരിക്കുന്ന തരത്തിൽ പ്രത്യക്ഷത്തിൽ തന്നെ മുഖ്യമന്ത്രി അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകൾ. ഇതു വഴിയുണ്ടാകുന്ന വർഗീയ ധ്രുവീകരണം കേരളത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന സെക്യുലർ മനസ്സിനെ അപകടകരമായ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് താങ്കൾക്ക് തോന്നിയിട്ടുണ്ടോ?
സംഘപരിവാറും അതിന്റെ രാഷ്ട്രീയപ്രസ്ഥാനവും അതു നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യമൂല്യങ്ങളെയും ഈ രാജ്യത്തെ ജനാധിപത്യസ്ഥാപനങ്ങളെയും ഒന്നൊന്നായി മലിനമാക്കുകയും നിഷ്ക്രിയമാക്കുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

തെരഞ്ഞെടുപ്പു കമ്മീഷൻ, മാധ്യമങ്ങൾ, സുപ്രീംകോടതി ഉൾപ്പെടെയുള്ള നീതിനിർവ്വഹണ സംവിധാനങ്ങൾ, യാതൊരു ചർച്ചകളും ഇല്ലാതെ ബില്ലുകൾ പാസാക്കുന്ന പാർലമെൻറ് സഭകൾ കൂടിയും യഥാർത്ഥത്തിൽ ജനാധിപത്യവിരുദ്ധപ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ശാസ്ത്രാവബോധം പ്രചരിപ്പിക്കുന്നതിനും ശാസ്ത്രീയചിന്ത വളർത്തുന്നതിനും ബാദ്ധ്യതയുള്ള സ്ഥാപനങ്ങളെല്ലാം സംഘപരിവാറിന്റെ വിഭാഗീയ രാഷ്ട്രീയത്തിൻറെ ഇരകളായി മാറ്റപ്പെടുകയാണ്. ഇത്തരുണത്തിൽ, ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കേണ്ടിയിരിക്കുന്ന ഇടതുപക്ഷം കേരളത്തിലെങ്കിലും അത്തരത്തിലുള്ള യാതൊരു പ്രവർത്തനവും ഏറ്റെടുക്കുന്നില്ലെന്നു കാണാൻ കഴിയും. വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും വലിയ പ്രക്ഷോഭങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോൾ ഇടതുപക്ഷം ഭരിക്കുന്ന ഏകസംസ്ഥാനമായ കേരളത്തിൽ അതിന്റെ നേതൃത്വത്തിൽ യാതൊരു വിധത്തിലുള്ള സമരപരിപാടികളും നടക്കുന്നില്ലെന്ന് കാണാൻ കഴിയും.
മറിച്ച്, ഇവിടെ തൃശ്ശൂർ പാർലമെൻററി നിയോജകമണ്ഡലത്തിൽ ഉൾപ്പെടെ നടന്ന വോട്ടുകൊള്ളയെ കുറിച്ചുള്ള വാർത്തകളെ തമസ്ക്കരിക്കുന്ന രീതിയിലാണ് വ്യവസ്ഥാപിത ഇടതുപക്ഷം പ്രവർത്തിച്ചത്. ഇടതുപക്ഷവും സംഘപരിവാറും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ചില ഒത്തുതീർപ്പുകൾ നടപ്പിലാക്കിയിരുന്നുവെന്ന ആരോപണങ്ങളെ ബലപ്പെടുത്തുന്ന രീതിയിലാണ് കലക്ടറുടെയും മറ്റ് ഉദ്യോഗസ്ഥന്മാരുടെയും പ്രതികരണങ്ങളും മുഖ്യമന്ത്രിയുടെ നിശ്ശബ്ദതയും കാണിക്കുന്നതെന്നും സൂചിപ്പിക്കേണ്ടിയിരിക്കുന്നു. യഥാർത്ഥത്തിൽ ജനാധിപത്യമൂല്യങ്ങൾക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങൾക്കു മുന്നിലുണ്ടാകേണ്ട ഇടതുപക്ഷം അതിൽ നിന്നു പിന്മാറുന്നത് സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വ വർഗ്ഗീയശക്തികൾക്ക് ഗുണകരമായി ഭവിക്കുന്നതും കേരളത്തിന്റെ മതേതര മനസ്സിനെയും ജനകീയവും പുരോഗമനപരവുമായ മൂല്യങ്ങളെയും പിറകോട്ടടിപ്പിക്കുന്നതും ആണെന്ന് തീർച്ചയാണ്.
'വർഗീയവാദികൾക്ക് ഒപ്പമല്ല, വിശ്വാസികൾക്ക് ഒപ്പമാണ് സി.പി.എം' എന്നാണ് പാർട്ടി പറയുന്നത്. വർഗീയവാദത്തെയും വിശ്വാസത്തെയും വേർതിരിക്കാൻ ഇപ്പോൾ അധികാരത്തിലുള്ള ഇടതുപക്ഷം പ്രയോഗിക്കുന്ന സൈദ്ധാന്തിക നിർവചനം എത്രത്തോളം യുക്തിഭദ്രമാണ്, വിശ്വാസ്യതയുള്ളതാണ്?
''വർഗീയവാദികൾക്കൊപ്പമല്ല, വിശ്വാസികൾക്കൊപ്പമാണ് സിപിഎം'' എന്ന കേരളത്തിലെ പ്രമുഖ ഇടതുരാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രസ്താവം യഥാർത്ഥത്തിൽ കമ്യൂണിസ്റ്റുപാർട്ടികളുടെ നയസമീപനങ്ങളിൽ നിന്ന് ബഹുദൂരം അകലെ നിൽക്കുന്ന ഒന്നാണ്. മതങ്ങൾ നൽകുന്ന മിഥ്യയായ ആനന്ദത്തിനപ്പുറം യഥാർത്ഥ ലോകജീവിതത്തിന്റെ ആനന്ദത്തെ ജനതയ്ക്ക് പ്രദാനം ചെയ്യുന്നതിനെയാണ് കമ്യൂണിസ്റ്റ് പാർട്ടികൾ ലക്ഷ്യം വയ്ക്കുന്നത്. മിഥ്യയായ ധാരണകളിൽ നിന്ന് ജനങ്ങളെ വിമുക്തമാക്കുന്ന പ്രവർത്തനങ്ങളിലാണ് കമ്യൂണിസ്റ്റ് പാർട്ടികൾ എല്ലാക്കാലത്തും നിലകൊണ്ടിട്ടുള്ളത്.

ഇവിടെ വർഗ്ഗീയവാദികൾക്കെതിരെയാണ് തങ്ങൾ നിൽക്കുന്നതെന്നു പറയുകയും വർഗ്ഗീയവാദികൾ സംഘടിപ്പിക്കുന്ന രീതിയിൽ വിഭാഗീയമായി ഏതെങ്കിലും മതവിഭാഗങ്ങളുടെ സമ്മേളനങ്ങൾ സർക്കാരിനെ കൊണ്ട് ഏറ്റെടുപ്പിച്ചു നടത്തുകയും അഷ്ടമിരോഹിണിയും ഗണപതിപൂജയും പോലുള്ള മതപരമായ ഉത്സവങ്ങൾ പാർട്ടി തന്നെ ഏറ്റെടുത്തു നടത്തുകയും ചെയ്യുന്നത്, ഇടതു രാഷ്ട്രീയത്തിനു വിരുദ്ധവും സംഘപരിവാർ രാഷ്ട്രീയത്തിന് അനുകൂലവുമാണെന്ന് ആർക്കും മനസ്സിലാകുന്നതാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾ തന്നെ അടുത്തകാലം വരെ പ്രത്യക്ഷമായി സ്വീകരിച്ചിരുന്ന സമീപനത്തിൽ നിന്നുള്ള മാറ്റവുമാണിത്. ഈ സമീപനമാറ്റം വർഗ്ഗീയവാദികളുടെ അജണ്ടകൾക്കനുസരിച്ചാണ് ഇപ്പോൾ സി പി എം പ്രവർത്തിക്കുന്നതെന്നു സൂചിപ്പിക്കുന്നതാണ്. കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ മൂല്യബോധത്തിലും അത് ഉയർത്തിപ്പിടിക്കേണ്ടുന്ന രാഷ്ട്രീയത്തിലും അജണ്ടകളിലും നിന്നുകൊണ്ട് പ്രവർത്തിക്കുന്നതിനു പകരം താൽക്കാലികമായ അധികാരലാഭങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്നതിലേക്ക് നീങ്ങിയിരിക്കുന്നതാണ് നാം ഇപ്പോൾ കാണുന്നത്. പുരോഗമനകാരികൾ എന്നു കരുതുന്നവരിലെ ഈ പ്രവണതകൾ കേരളത്തിലെ മതേതരമനസ്സിനെ മലിനപ്പെടുത്തുകയും മത വർഗ്ഗീയശക്തികൾക്കു ഗുണകരമാകുകയും ചെയ്യുന്നതിലേക്കാണ് എത്തിപ്പെടുക.
എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും കൂടെച്ചേർത്തുകൊണ്ടുള്ള ഒരു ജാതി- സാമുദായിക അലയൻസിന് കേരളത്തിൽ 'ഹിന്ദു വോട്ടി'ന്റെ പ്രാതിനിധ്യം എത്രത്തോളം അവകാശപ്പെടാനാകും? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 'ഹിന്ദു ഭൂരിപക്ഷം' കേരളത്തിലെ ഇലക്ടറൽ പൊളിറ്റിക്‌സിൽ എങ്ങനെ ഇടപെടുമെന്നാണ് കരുതുന്നത്?
യഥാർത്ഥത്തിൽ, എൻ എസ് എസ്, എസ്.എൻ.ഡി.പി തുടങ്ങിയ ജാതിമതസംഘടനകൾക്ക് കേരളത്തിന്റെ ഇലക്ടറൽപൊളിറ്റിക്സിനെ കാര്യമായി സ്വാധീനിക്കാൻ കഴിയുന്നില്ലെന്നാണ് ഇന്നേവരെയുള്ള തെരഞ്ഞെടുപ്പ് അനുഭവങ്ങൾ കാണിച്ചുതരുന്നത്. കേരളത്തിന്റെ ഭരണത്തെ നിർണ്ണയിക്കുന്നതിൽ പലപ്പോഴും കേരളത്തിന്റെ മതേതരമനസ്സും കാര്യങ്ങളെ സ്വതന്ത്രമായി വിശകലനം ചെയ്ത് അതിനനുസരിച്ച് തീരുമാനമെടുക്കുന്ന സ്വതന്ത്ര വിഭാഗങ്ങളുമാണ് പലപ്പോഴും നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുള്ളത്.

ഉദാഹരണത്തിന്, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമലയുടെ പ്രശ്നം ഉന്നയിച്ചുകൊണ്ട് മത്സരിച്ച കോൺഗ്രസിനെയും ശബരിമല പ്രശ്നത്തിൽ സർക്കാരിന്റെ കോടതിവിധിയെ സംബന്ധിച്ച സമീപനത്തെ എതിർത്ത മത, ജാതി ശക്തികളെയും പരാജയപ്പെടുത്തിക്കൊണ്ടാണ് രണ്ടാമത്തെ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ എത്തുന്നതെന്ന് കാണാവുന്നതാണ്. ഏതെങ്കിലും രീതിയിൽ ജാതി മത സംഘടനകൾക്ക് നിർണായകമായി കേരളത്തിലെ ഇലക്ടറൽ പൊളിറ്റിക്സിനെ സ്വാധീനിക്കാൻ കഴിയില്ല എന്നാണ് ഇത് തെളിയിക്കുന്നത്. എന്നാൽ കേരളത്തിലെ രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഈ ജാതി, മതസംഘടനകൾക്കു നൽകുന്ന അമിതപ്രാധാന്യവും അവരോടു കാണിക്കുന്ന കൂറും വാത്സല്യവും കേരളത്തിൽ നിലനിൽക്കുന്ന മതേതരവും ജനകീയവുമായ അന്തരീക്ഷത്തെ തകർക്കുന്നതിലേക്കായിരിക്കും എത്തിപ്പെടുകയെന്നും കാണണം.
മതേതര പാരമ്പര്യത്തെ ആഘോഷിക്കുകയും വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്ന ഒരു (സർക്കാർ) സംവിധാനമായാണ് തീരുവിതാംകൂർ ദേവസ്വം ബോർഡിനെ, ആഗോള അയ്യപ്പസംഗത്തിന്റെ പാശ്ചാത്തലത്തിൽ സർക്കാർ ഉറപ്പിച്ചെടുക്കുന്നത്. എന്നാൽ, ശബരിമല മേൽശാന്തി നിയമനത്തിലെ ജാതിഅയിത്തം മുതൽ ദേവസ്വം ബോർഡ് സ്ഥാപനങ്ങളിലെ സംവരണ നിഷേധം വരെയുള്ള വിഷയങ്ങൾ, യഥാർഥത്തിൽക്ഷേത്രനടത്തിപ്പിനെയും സാമൂഹിക നീതിയെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളുയർത്തുന്നുണ്ട്. ഭരണഘടനാപരമായ മതേതരത്വത്തിന്റെ നിഷേധമല്ലേ, വിശ്വാസസംരക്ഷണമെന്ന വ്യാജേന നടത്തുന്ന പരിപാടികളിലൂടെ സംഭവിക്കുന്നത്?
ഒരു മതേതരജനാധിപത്യ സർക്കാർ ഏതെങ്കിലും മതവിഭാഗങ്ങളുടെ ആഘോഷങ്ങളോ ഉത്സവങ്ങളോ സമ്മേളനങ്ങളോ സംഘടിപ്പിക്കുന്നതിന് പണമോ സമയമോ ചെലവഴിക്കില്ല. ഏതെങ്കിലും മതജനവിഭാഗങ്ങളുടെ വിശ്വാസങ്ങൾ ഹനിക്കപ്പെടുന്ന രീതിയിലുള്ള സംഭവങ്ങൾ ഉണ്ടാകുകയാണെങ്കിൽ അവർക്കു സംരക്ഷണം നൽകുകയെന്ന കടമ മാത്രമേ ഒരു മതേതരസർക്കാരിനുള്ളൂ. എല്ലാ ജനവിഭാഗങ്ങൾക്കും തങ്ങളുടേതായ മതവിശ്വാസങ്ങൾ പുലർത്തുന്നതിനും അതിനനുസരിച്ച് ജീവിക്കുന്നതിനുമുള്ള പശ്ചാത്തലമൊരുക്കി നൽകുകയും ഏതെങ്കിലും ഒരു മതവിഭാഗത്തെ പ്രീണിപ്പിക്കാതിരിക്കുകയും വിഭാഗീയമായി പെരുമാറാതിരിക്കുകയുമാണ് ഒരു ജനാധിപത്യ സർക്കാർ ചെയ്യേണ്ടത്. ഏതെങ്കിലും മതവിഭാഗങ്ങളുടെ (അത് ഭൂരിപക്ഷമാകട്ടെ, ന്യൂനപക്ഷമാകട്ടെ) സമ്മേളനങ്ങൾ ഏറ്റെടുത്തു നടത്തിയതിലൂടെ ജനാധിപത്യപരമായ കീഴ് വഴക്കങ്ങൾക്കും ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾക്കും വിരുദ്ധവുമായ ഒരു പ്രവർത്തനമാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ നിർവ്വഹിച്ചത്. അയ്യപ്പസേവാസംഗമം പോലുള്ള ഒരു പ്രവർത്തനം ഏറ്റെടുത്തു നടത്തുന്നതിലൂടെ സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സ്വീകരിക്കുന്ന ഹിന്ദുത്വത്തിന്റെ അതേ സമീപനങ്ങളെ മറ്റൊരു രൂപത്തിൽ നടപ്പിലാക്കുകയാണ് കേരളസർക്കാരും ചെയ്തത്. ഏറെ ജനാധിപത്യവിരുദ്ധവും മതേതരവിരുദ്ധവുമായ ഒരു പ്രവർത്തനമാണ് കേരള സർക്കാർ നിർവ്വഹിച്ചത്. കേരളത്തിന്റെ മതേതര, പുരോഗമനമനസ്സിഞെ അത് മുറിവേൽപ്പിച്ചിരിക്കുന്നു.
കേരളത്തിൽ ഇടതുപക്ഷം അധികാര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലുള്ളപ്പോൾ തന്നെ അതിന് ഐഡിയോളജിക്കലായി സാംസ്‌കാരിക പ്രതിപക്ഷത്തിന്റെ റോൾ കൂടിയുണ്ടായിരുന്നു. ഈ സാംസ്‌കാരിക പ്രതിപക്ഷത്തിന് പലപ്പോഴും വിമർശനാത്മകമായി അധികാര രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തോട് ഇടപെടാനും കഴിഞ്ഞിരുന്നു. എന്നാൽ, അയ്യപ്പസംഗമം പോലെയുള്ള ആചാരസംരക്ഷണ പരിപാടികൾ, ജാതി- സാമുദായിക പ്രീണനം എന്നിവയിലൂടെ ഭരണകൂട ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിൽ അതിശക്തമായ വലതുപക്ഷവൽക്കരണം അരങ്ങേറുമ്പോൾ എന്തുകൊണ്ട്, കേരളത്തിലെ സാംസ്കാരിക പ്രതിപക്ഷം നിശ്ശബ്ദമായിരിക്കുന്നു?
കേരളത്തിലെ സാംസ്കാരിക പ്രതിപക്ഷം തീർത്തും നിശ്ശബ്ദമാണെന്ന് പറയാൻ കഴിയില്ല. തെരഞ്ഞെടുപ്പു രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കേരളത്തിലെ സർക്കാർ നടത്തുന്ന ഹിന്ദുത്വപ്രീണനപ്രവർത്തനങ്ങൾക്കെതിരെ ശബ്ദിക്കുന്ന നിരവധി എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും കേരളത്തിലുണ്ട്. എന്നാൽ, കേരളത്തിലെ വ്യവസ്ഥാപിത ഇടതുപക്ഷപ്രസ്ഥാനത്തിന്റെ സഹയാത്രികരായ പലരും സർക്കാരിന്റെ പ്രതിലോമ നിലപാടിനോട് നിശ്ശബ്ദമായി കീഴടങ്ങുകയാണ്.

കഴിഞ്ഞ കുറേ നാളുകളായി പുരോഗമന കലാസാഹിത്യസംഘം പോലുള്ള സംഘടനകൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണിത്. ഈ സംഘടനകൾ മുഖ്യമന്ത്രിയുടെ വ്യക്തിപൂജയിൽ അഭിരമിക്കുകയാണ്. ഈ സാംസ്കാരിക സംഘടന യഥാർത്ഥത്തിൽ വ്യക്തിപൂജാധിഷ്ഠിതമായ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ നേതൃത്വം കൊടുക്കുന്നത്.
മുഖ്യമന്ത്രിക്കു മാത്രം മത്സരിക്കുന്നതിന് ഇളവു നൽകുന്ന രീതിയിൽ രാഷ്ട്രീയ സംഘടന എടുത്ത തീരുമാനത്തെ സ്വതന്ത്രമായി ചോദ്യം ചെയ്യാനും അതിലെ അനൈതികതയെയും ജനാധിപത്യവിരുദ്ധതയെയും വെളിപ്പെടുത്തുന്നതിനും കേരളത്തിലെ സാംസ്കാരിക സംഘടനയിൽ നിന്ന് ആരും മുന്നോട്ടു വരാതിരിക്കുന്നതു തന്നെ യഥാർത്ഥത്തിൽ വ്യക്തിപൂജ എത്രമാത്രം ഈ സംഘടനയെ കീഴ്പ്പെടുത്തിയിരിക്കുന്നുവെന്നതിനുള്ള വലിയ തെളിവാണ്. വ്യക്തിപൂജയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ മുഖ്യമന്ത്രിക്കുള്ള സ്തുതിഗീതങ്ങളും തിരുവാതിരകളികളും ആസൂത്രണം ചെയ്യുന്നതിൽ ഇവർക്കുള്ള പങ്കും സുവിദിതമാണല്ലോ? സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പുറംചട്ടയിൽ പിണറായി വിജയന്റെ ചിത്രം അച്ചടിക്കുന്നതു വരെ ഈ വ്യക്തിപൂജ എത്തിച്ചേർന്നിരുന്നു. അതുകൊണ്ട് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന പാർലമെന്ററി വ്യാമോഹത്തെ വിമർശിക്കാൻ അവർക്കു കഴിയാതായിരിക്കുന്നു. ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ കോടതിവിധിയുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭങ്ങളുടെ കാലത്ത് ഉറച്ച നിലപാടെടുത്ത വ്യവസ്ഥാപിതഇടതുപക്ഷത്തെ സാംസ്കാരിക നായകന്മാർ പോലും ഇപ്പോൾ നിശ്ശബ്ദരാണ്. ഭഗവത്ഗീത ഉപയോഗിച്ച് ഭക്തിയെ നിർവ്വചിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസംഗത്തെ കുറിച്ചുപോലും അവർക്കു മിണ്ടാൻ കഴിഞ്ഞില്ല. അയ്യപ്പസംഗമത്തെയും മറ്റും എങ്ങനെയാണ് കാണുന്നതെന്നു പറയാൻ കഴിയാത്തിടത്തോളം ചിലർ മൗനികളായിരിക്കുന്നു. മറ്റു ചിലർ വളരെ പ്രത്യക്ഷമായി നിർലജ്ജം സർക്കാരിന്റെ ഈ പരിപാടികളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇതിന്നർത്ഥം കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം ഇതിനെതിരെ ശബ്ദമുയർത്താതിരിക്കുന്നുവെന്നല്ല. തീർച്ചയായും ഇതരരൂപങ്ങളിൽ അത് നിർവഹിക്കപ്പെടുന്നുണ്ട് . വ്യവസ്ഥാപിത ഇടതിനോടൊപ്പം നിൽക്കുന്ന സാംസ്കാരികപ്രവർത്തകർ അതിൽ നിന്നും വേർപെടാതെ ഒരിക്കലും സ്വതന്ത്രമായ ധിഷണയെ പ്രകടിപ്പിച്ചിട്ടില്ല. നിലനിൽക്കുന്ന രാഷ്ട്രീയനേതൃത്വത്തോടുള്ള അതിന്റെ ആധർമ്മണ്യം - രാഷ്ട്രീയനേതൃത്വം എത്രമാത്രം നീചമാണെങ്കിലും - സുവിദിതമാണ്.
