കേരളം LDF സർക്കാരിൻ്റെ മൂന്നാമൂഴത്തിന് സമ്മതം നൽകാൻ തയ്യാറെടുത്തിരിക്കുന്നതായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്. ചിലപ്പോൾ 2021- നേക്കാൾ വലിയ ഭൂരിപക്ഷം അവർക്കു കിട്ടിയേക്കാം.
ഇങ്ങനെ തങ്ങളുടെ വോട്ടാവകാശം നൽകാൻ സന്നദ്ധരായിരിക്കുന്നു എന്നതുകൊണ്ട് കേരളത്തിലുള്ളവരെല്ലാം കമ്യൂണിസ്റ്റനുഭാവികളോ ഇടതുപക്ഷക്കാരോ മതേതര, ജനാധിപത്യപക്ഷത്തുള്ളവർ പോലുമോ ആയിക്കഴിഞ്ഞിരിക്കുന്നു എന്നു കരുതി ആരും ഭയപ്പെടേണ്ടതില്ല. ലോകത്തെയും നമ്മുടെ രാജ്യത്തെയും ബാധിച്ചിരിക്കുന്ന അരാഷ്ട്രീയതയും വലതുപക്ഷവൽക്കണവും കേരളത്തേയും നന്നായി ബാധിച്ചിട്ടുണ്ട്. പക്ഷേ ഏതു വലതുജീവിക്കും ആത്മരക്ഷ എന്നത് പരമപ്രധാനമാണല്ലോ. ആപത്തിലാവാനിടയുള്ള തങ്ങളുടെ ജീവിതത്തിന് ഒരവലംബം അവർക്കാവശ്യമുണ്ട്. അതിന് ഇടതുപക്ഷമല്ലാതെ മറ്റാര് എന്നതാണ് ഉള്ളിൽ ഉയരുന്ന ചോദ്യം.
സ്ത്രീക്കെതിരെ നീങ്ങുന്നത് ഏത് വമ്പനായാലും കൊലകൊമ്പനായാലും അഴിക്കകത്താവും എന്ന കാര്യം ഉറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ട് കേരളം സ്ത്രീപക്ഷമായി. മുമ്പെങ്ങുമില്ലാത്തവിധം കേരളത്തിലെ പൊതുസമൂഹത്തിൽ സ്ത്രീസാന്നിധ്യം കാണാനാവുന്നു.
കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്തെ അനുഭവത്തിൽ നിന്ന് കേരളീയർ പഠിച്ച വലിയ പാഠം, ജനങ്ങളെ പ്രതിസന്ധിയിൽനിന്ന് രക്ഷിക്കാൻ സന്മനസ്സും നയവും വൈഭവവുമുള്ളത് എൽ.ഡി.എഫിനാണെന്നുള്ളതാണ്. ജനങ്ങളുടെ ജീവിതത്തെ അടുത്തറിഞ്ഞതിൻ്റെ അനുഭവം ഇടതുപക്ഷപാർട്ടികൾക്കാണുള്ളത്. അവർ സമൂഹത്തെക്കുറിച്ചും അത് നേരിടുന്ന പ്രതിഡസികളെക്കുറിച്ചും പഠിക്കുന്നു, ചിന്തിക്കുന്നു. പഠനകോൺഗ്രസ് പോലുള്ള ഗൃഹപാഠവേദികൾ കോൺഗ്രസ് പാർട്ടികളുടെ അജണ്ടയിൽ പോലും ഇല്ല. നികുതിവരുമാനവും സമ്പത്തും അതിൻ്റെ യഥാർത്ഥ ഉടമകളായ ജനങ്ങൾക്കുവേണ്ടി ചെലവഴിക്കേണ്ടതുണ്ടെന്ന് അവർ കരുതുന്നു. കാരണം സാമാന്യജനങ്ങളാണ് സമ്പത്തുണ്ടാക്കുന്നത്.

ഇടതുബദൽ പ്രാദേശിക സർക്കാരുകൾ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും മുൻപും ഉണ്ടായിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന പാർട്ടികളുടെ ഭരണവർഗ്ഗ നിലപാടുകൾ പലപ്പോഴും അത്തരം സർക്കാരുകളെ പ്രതിസന്ധിയിലാക്കാറുണ്ട്. ഇപ്പോഴത്തെ ബി.ജെ.പിസർക്കാരാകട്ടെ ഭരണഘടനയെ എന്നപോലെ അതിൻ്റെ ഫെഡറൽ സ്വഭാവത്തേയും പരിഗണിക്കുന്നില്ല. അവരുടെ ക്രൂരമായ അവഗണനയെ അതിജീവിച്ച് ജനങ്ങളെ സംരക്ഷിക്കാൻ കഴിഞ്ഞു എന്നത് രണ്ട് പിണറായി സർക്കാരുകളുടേയും ഏറ്റവും വലിയ മേന്മ. പ്രകൃതിദുരന്തങ്ങൾക്കും പകർച്ചവ്യാധികൾക്കും മുന്നിൽ പതറാതെ സ്നേഹത്തിൻ്റെ ബലത്തിൽ ഐക്യപ്പെട്ടാൽ, ഭരണവർഗ്ഗത്തമ്പുരാക്കൾ കനിഞ്ഞില്ലെങ്കിലും സംസ്ഥാനത്തിന് മുന്നോട്ടു പോകാൻ കഴിയും എന്ന സന്ദേശമാണ് കേരളം നൽകിയത്.
ദുരിതമുണ്ടാവുമ്പോഴാണ് നമ്മൾ സമൂഹമാണ് എന്ന സംഗതി ഓർമ്മവരിക. നമ്മളൊരു സമൂഹമാണ് എന്ന് നിരന്തരം ഓർമ്മിപ്പിക്കുന്നവരെയാണ് ഇടതുപക്ഷം എന്നു വിളിക്കുന്നത്.
കഴിഞ്ഞ പത്തുവർഷത്തെ എൽ.ഡി.എഫ് കാലവും അതിനു മുൻപുള്ള അഞ്ചു വർഷത്തെ യു ഡി എഫ് കാലവും സ്വാഭാവികമായും താരതമ്യം ചെയ്യപ്പെടുമല്ലോ. കഴിഞ്ഞ പത്തുവർഷം പുരോഗതിയുടെ എന്നപോലെ പ്രതിസന്ധികളുടേയും കാലമായിരുന്നു. രണ്ട് പ്രളയങ്ങൾ. കോവിഡ് മഹാമാരി. നിപ പോലുള്ള മാരകരോഗങ്ങൾ. ഉരുൾപൊട്ടൽ പോലുള്ള പ്രകൃതിക്ഷോഭങ്ങൾ. ദുരന്തത്തിൽ പെടുന്ന ജനതയെ കേരളം എങ്ങനെ രക്ഷിച്ചു?; ഇതര സംസ്ഥാനങ്ങളിൽ ദുരിതാശ്വാസപ്രവർത്തനം എന്ന പേരിൽ നടക്കുന്നതെന്താണ്? ഇതൊക്കെ സാമാന്യ ബോധമുള്ള മനുഷ്യൻ ചർച്ച ചെയ്യും. ഉത്തരേന്ത്യയിലെ പ്രളയബാധിതദേശങ്ങളിൽ നിന്ന് അവിടത്തെ താസിൽദാർ കൊടുത്ത സർട്ടിഫിക്കറ്റുമായി വരുന്ന അഗതികളെ നാം കാണാറുണ്ടല്ലോ. കോവിഡ് കാലത്ത് അന്യസംസ്ഥാന തൊഴിലാളികളെ കേരളം എങ്ങനെ പരിഗണിച്ചു? ഉത്തരേന്ത്യൻ നഗരങ്ങൾ എങ്ങനെ കൈകാര്യം ചെയ്തു? എന്നതിനെക്കുറിച്ചും ആലോചിക്കും. കൂടിയിറക്കപ്പെട്ട് ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള സ്വദേശങ്ങളിലേക്ക് ആലംബമില്ലാതെ നടന്നുപോകുന്ന ഇന്ത്യൻ മനുഷ്യൻ്റെ ചിത്രം എല്ലാവരുടേയും മനസ്സിലുണ്ട്. ഏതു ജീവിക്കും ആത്മരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ മറവിയിൽ മറയാതെ ഓർമ്മയിലുണ്ടാവും.
വർഗ്ഗീയ സംഘർഷങ്ങളില്ലാത്ത പത്തുവർഷങ്ങൾ എന്നത് നിസ്സാരകാര്യമല്ല. പഴയ തലശ്ശേരിയും മാറാടുകളും നമ്മുടെ ഓർമ്മയിലുണ്ട്. ഒരു മതഭീകര രാഷ്ട്രീയകക്ഷി രാജ്യം ഭരിക്കുന്നതുകൊണ്ടുള്ള വിദ്വേഷ- വിഭജന നീക്കങ്ങൾ കേരളത്തേയും ബാധിച്ചിട്ടുണ്ട്. എല്ലാവിധ മതതീവ്രശക്തികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പക്ഷേ കഴിഞ്ഞ പത്തുവർഷം അവരെ അനങ്ങാൻ സമ്മതിച്ചിട്ടില്ല.

മനുവാദികൾ രാജ്യം ഭരിക്കുന്നതിൻ്റെ അഹന്തയാൽ ശക്തിപ്പെട്ട പുരുഷമേധാവിത്വവും ശക്തമായിത്തന്നെ ഇവിടെയുണ്ട്. പക്ഷേ അനങ്ങാനാവാത്ത വിധം അതിനെയും പൂട്ടിയിട്ടിരിക്കുന്നു. സ്ത്രീക്കെതിരെ നീങ്ങുന്നത് ഏത് വമ്പനായാലും കൊലകൊമ്പനായാലും അഴിക്കകത്താവും എന്ന കാര്യം ഉറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ട് കേരളം സ്ത്രീപക്ഷമായി. മുമ്പെങ്ങുമില്ലാത്തവിധം കേരളത്തിലെ പൊതുസമൂഹത്തിൽ സ്ത്രീസാന്നിധ്യം കാണാനാവുന്നു. പല രംഗങ്ങളിലും അവർ പുരുഷന്മാരേക്കാൾ മുന്നിലാണ്. ഭരണരംഗത്തും കലയിലും സാഹിത്യത്തിലുമുള്ള പങ്കാളിത്തം മാത്രമല്ല. പൊതുനിരത്തിലും ഉത്സവപ്പറമ്പുകളിലും അവർ ഒറ്റക്കും കൂട്ടായും ഉല്ലസിച്ച് സഞ്ചരിക്കുകയാണ്. സംഗീതത്തിലും നാടകത്തിലും നൃത്തത്തിലും സിനിമയിലും ചിത്രകലയിലും പങ്കെടുത്ത് അവർ സ്വയം ആവിഷ്ക്കരിക്കുന്നു. നാടൊട്ടുക്ക് ഇടമുറിയാതെ അലയടിക്കുന്ന നാടൻപാട്ട് / കൈകൊട്ടിക്കളി / തിരുവാതിര / പൂരക്കളിസംഘങ്ങൾ സ്ത്രീയുടെ സ്വാതന്ത്ര്യത്തിൻ്റെ ഉല്ലാസോത്സവങ്ങളാണ്.
ആപത്തുകൾക്ക് അവസാനമില്ല എന്നതും മനുഷ്യൻ തിരിച്ചറിയുന്നു. അത്യധികം പ്രതിസന്ധിയിലേക്കാണ് ലോകം പോയ്ക്കൊണ്ടിരിക്കുന്നത്. ട്രംപും നെതന്യാഹുവും ശിങ്കിടി മോദിയും കൂടി തുറന്നുവിട്ട ഭൂതം ലോകത്തെ നാശത്തിലേക്ക് വലിച്ചെറിഞ്ഞിക്കുന്നു. ഇന്നതിൻ്റെ ദുർവ്വിധി അടുക്കളയെയാണ് ബാധിച്ചതെങ്കിൽ നാളെ മനുഷ്യജീവിതത്തെയാകെ ബാധിച്ചേക്കാം. നമ്മുടെ കൊച്ചുകേരളത്തിന് അതിൽനിന്ന് മുക്തമായി നിൽക്കാൻ കഴിയില്ല എന്നു തിരിച്ചറിയാനുള്ള വിവരമൊക്കെ ശരാശരി മലയാളിക്കുണ്ട്.

വീണ്ടും സമൂഹഅടുക്കളകൾ വേണ്ടിവരും. വയോധികർക്കും രോഗികൾക്കും കുഞ്ഞുങ്ങൾക്കും പ്രത്യേക ശ്രദ്ധ വേണ്ടിവരും. ‘നമ്മളൊന്നിച്ച് ഇറങ്ങകയല്ലേ’ എന്ന് മുഖ്യമന്ത്രിക്ക് പറയേണ്ടിവരും. ദുരിതമുണ്ടാവുമ്പോഴാണ് നമ്മൾ സമൂഹമാണ് എന്ന സംഗതി ഓർമ്മവരിക. നമ്മളൊരു സമൂഹമാണ് എന്ന് നിരന്തരം ഓർമ്മിപ്പിക്കുന്നവരെയാണ് ഇടതുപക്ഷം എന്നു വിളിക്കുന്നത്. ആൾക്കൂട്ടത്തെ സമൂഹമാക്കുക എന്നതാണ് അവരുടെ രാഷ്ട്രീയപരിപാടി. അതുകൊണ്ട് ഇടതുപക്ഷത്ത് പ്രത്യക്ഷമായി അണിനിരന്നവർ മാത്രമല്ല; ചില്ലറ കമ്യൂണിസ്റ്റ് / സോഷ്യലിസ്റ്റ് വിരോധങ്ങളും ജാതിമേധാവിത്വബോധവും മതഭ്രാന്തും മനസ്സിൽ കാത്തുവെച്ചുകൊണ്ടുതന്നെ, വലതുപക്ഷത്തുള്ളവരും ഇത്തവണ ഇടതുപക്ഷത്തിന് വോട്ടു ചെയ്യും.
