മാങ്ങയിൽ വിരിഞ്ഞ താമര,
ട്വന്റി 20-യുടെ ഒടുക്കം

ഭരണകൂട അധികാരവുമായുള്ള ചങ്ങാത്തമില്ലാതെ ഒരടി മുന്നോട്ടുപോകാനാകില്ല എന്ന തിരിച്ചറിവാണ്, ബദൽ രാഷ്ട്രീയമെന്ന വ്യാജേന അവതരിച്ച ട്വന്റി 20 എന്ന കോർപ്പറേറ്റ് സംഘത്തെ എൻ.ഡി.എയിലെത്തിച്ചത്. കോർപറേറ്റ് താൽപര്യസംരക്ഷണത്തിനുതകുന്ന ഏറ്റവും മികച്ച സഖ്യമെന്ന നിലയ്ക്ക് എൻ.ഡി.എ, ട്വന്റി- 20യുടെ സ്വാഭാവിക സഖ്യമായിത്തീരുകയാണ്- നവാസ് എം. ഖാദർ എഴുതുന്നു.

കിഴക്കമ്പലത്ത് ‘മാങ്ങ’യായി പിറന്ന ഒരു രാഷ്ട്രീയ സംഘടന, ഇന്ന് ‘താമര’യായി സ്വയം തുറന്നുകാണിക്കുമ്പോൾ അത് ഒരു വ്യക്തിയുടെ തീരുമാനം മാത്രമല്ല. വികസനം എന്ന മധുരം പുരട്ടി ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിച്ച്, വലതുപക്ഷ ഫ്യൂഡൽ സ്വേച്ഛാധിപത്യ സംഘമായി പ്രാദേശികതലത്തിൽ മുന്നേറിയ ഒരു സംഘടന, തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം നൽകിയ തിരിച്ചടിയെതുടർന്ന്, അധികാര രാഷ്ട്രീയത്തിന്റെ മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് സ്വയം സമർപ്പിക്കുകയാണ്. ഭരണകൂട അധികാരവുമായുള്ള ചങ്ങാത്തമില്ലാതെ ഒരടി മുന്നോട്ടുപോകാനാകില്ല എന്ന തിരിച്ചറിവാണ്, ബദൽ രാഷ്ട്രീയമെന്ന വ്യാജേന അവതരിച്ച ട്വന്റി 20 എന്ന കോർപ്പറേറ്റ് സംഘത്തെ എൻ.ഡി.എയിലെത്തിച്ചത്.

കോർപ്പറേറ്റു രാഷ്ട്രീയം,
ആശയശൂന്യത,
ഏകാധിപത്യം

​മോദിയുടെ ‘വികസിത ഭാരത’ത്തിന്റെ കേരള പതിപ്പിനുള്ള പിന്തുണയുമായി എൻ.ഡി.എയിലെത്തിയ സാബു എം. ജേക്കബിന്റെ രാഷ്ട്രീയ നീക്കം, ട്വന്റി 20യുടെ നിർണായക ചുവടുമാറ്റം കൂടിയാണ്. ‘വികസന’ത്തിന്റെ മറവിൽ ജനാധിപത്യപരമായ എല്ലാ ആശയങ്ങളെയും അട്ടിമറിച്ച് മുന്നേറിയ ഒരു കോർപ്പറേറ്റ് നേതൃത്വത്തിന്റെ അവസാന രാഷ്ട്രീയ ചുവടുവയ്പ്പാണ് ഈ സഖ്യം.

കിഴക്കമ്പലത്ത് ‘മാങ്ങ’ എന്ന തിരഞ്ഞെടുപ്പ് ചിഹ്നത്തിലൂടെ ഉയർന്നുവന്ന ട്വന്റി 20യുടെ ഉള്ളിൽ ഏറെ നാളായി ‘താമര’ വിടരാൻ വെമ്പിനിൽപ്പുണ്ട്. ട്വന്റി 20 ഒരു സാധാരണ രാഷ്ട്രീയ പാർട്ടിയായല്ല ഉയർന്നുവന്നത്. കിറ്റെക്സ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് സാമൂഹിക സേവന പ്രവർത്തനങ്ങളിൽ നിന്നാണ് പാർട്ടി രൂപപ്പെട്ടത്. ജനങ്ങളുടെ രാഷ്ട്രീയ അസ്തിത്വത്തെയും പൗരാവകാശങ്ങളെയും വിലക്കെടുക്കുന്ന വിധത്തിൽ ഒരു സ്വകാര്യ ബിസിനസ് ഗ്രൂപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സംഘടനയായിരുന്നു ട്വന്റി 20.

മുമ്പ് ആം ആദ്മി പാർട്ടിയെ സ്വീകരിച്ച് സാബു ജേക്കബ് നടത്തിയ സ്വേച്ഛാധിപത്യസ്വരമുള്ള പ്രസംഗങ്ങൾ ഇന്നും യൂട്യൂബിൽ കാണാം. ട്വന്റി 20യ്ക്ക് ഒരിക്കലും വ്യക്തമായ ജനപക്ഷ രാഷ്ട്രീയം ഉണ്ടായിരുന്നില്ല. ഭരണഘടന, മതനിരപേക്ഷത, ഫെഡറലിസം തുടങ്ങിയ വിഷയങ്ങളിൽ മൗനം പാലിച്ച പാർട്ടിയെ സംബന്ധിച്ച് അധികാര രാഷ്ട്രീയമായിരുന്നു ഏക അജണ്ട.

 ട്വന്റി 20 ഒരു സാധാരണ രാഷ്ട്രീയ പാർട്ടിയായല്ല ഉയർന്നുവന്നത്. കിറ്റെക്സ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് സാമൂഹിക സേവന പ്രവർത്തനങ്ങളിൽ നിന്നാണ് പാർട്ടി രൂപപ്പെട്ടത്.
ട്വന്റി 20 ഒരു സാധാരണ രാഷ്ട്രീയ പാർട്ടിയായല്ല ഉയർന്നുവന്നത്. കിറ്റെക്സ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് സാമൂഹിക സേവന പ്രവർത്തനങ്ങളിൽ നിന്നാണ് പാർട്ടി രൂപപ്പെട്ടത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ കിഴക്കമ്പലത്തുണ്ടായ കനത്ത തോൽവി സാബു ജേക്കബിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. അതിൽനിന്ന് രക്ഷ തേടിയാണ് ഐക്യചർച്ചയ്ക്ക് സാബു മുന്നിട്ടിറങ്ങിയത്. ഇനി മുന്നോട്ട് പോകാൻ മറ്റ് വഴികളില്ലെന്ന തിരിച്ചറിവും ഈ നീക്കത്തിനുപുറകിലുണ്ട്.

അധികാരത്തിനുവേണ്ടിയോ തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ അല്ല താൻ രാഷ്ട്രീയത്തിലേക്കു വന്നതത് എന്ന കിറ്റെക്സ് എം.ഡിയുടെ വാദത്തിൽ പാതി ശരിയുണ്ട്. കാരണം, അധികാര രാഷ്ട്രീയത്തെ സ്വന്തം ബിസിനസ് താൽപര്യസംരക്ഷണത്തിനുവേണ്ടിയാണ് അദ്ദേഹം എന്നും ഉപയോഗിച്ചിട്ടുള്ളത്. തന്റെ ബിസിനസ് താൽപര്യങ്ങളെയും സ്ഥാപനങ്ങളുടെ നിലനിൽപ്പിനെയും ചോദ്യം ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുപോലും ശബ്ദമുയരാതിരിക്കാൻ ആദ്യം അവയെ നിയന്ത്രണത്തിലാക്കുക, എതിർക്കുന്നവരെ ‘വികസനം’ എന്ന ഉമ്മാക്കി കാട്ടി, വിവിധ നിറങ്ങളിലുള്ള കാർഡുകൾ നൽകി മൗനത്തിലാക്കുക; ഇത്തരം ട്രിക്കുകളിലൂടെയാണ് സാബു കോർപ്പറേറ്റ് സാമ്രാജ്യം പടർത്തിയത്. ‘രാഷ്ട്രീയ പാർട്ടിക്കാരെല്ലാം കള്ളന്മാരാണ്’ എന്ന ആവർത്തിച്ച പ്രചാരണത്തിലൂടെയാണ് ട്വന്റി 20 ബദൽ രാഷ്ട്രീയത്തിന്റെ വേഷം കെട്ടിയത്. ജനാധിപത്യ- ഭരണകൂട സംവിധാനങ്ങളെ വെല്ലുവിളിച്ച് ഒരു സ്വകാര്യ ബിസിനസ് സ്ഥാപനം ഭരണകൂടത്തിന്റെ രൂപം കൈക്കൊള്ളുന്ന അപകടകരമായ മാതൃകയായിരുന്നു കിഴക്കമ്പലത്ത് ട്വന്റി 20 കാട്ടിക്കൊടുത്തത്.

ജനങ്ങളുടെ അവകാശങ്ങളെ ‘സേവന’വും ‘ഔദാര്യ’മായും മാറ്റിയും, ചോദ്യം ചെയ്യലിനെ ‘വികസന വിരോധ’മായി മുദ്രകുത്തിയുമാണ് തദ്ദേശ സ്ഥാപനങ്ങളിൽ ഈ സംഘടന നിലനിന്നിരുന്നത്. അമേരിക്കയുടെ പ്രതികാര ചുങ്കം സൃഷ്ടിച്ച കടുത്ത പ്രതിസന്ധിയിൽ കിറ്റെക്സ് ഗ്രൂപ്പ് നിലയില്ലാ കുഴിയിലേക്കു വീഴുകയും, കൊട്ടിഘോഷിച്ച തെലുങ്കാനാ പ്രവേശനം ഒടുവിൽ ചരമകോളത്തിലെ വാർത്തയായി മാറുകയും ചെയ്തപ്പോൾ കേരളത്തിലേക്കുതന്നെ സാബുവിന് തിരിഞ്ഞുനോക്കേണ്ടിവന്നു. എന്നാൽ, ഭാവിയിലെ ബിസിനസ് താൽപര്യസംരക്ഷണത്തിന് ഒരു രാഷ്ട്രീയസഖ്യം അനിവാര്യവുമായിരുന്നു. അത്തരം കോർപറേറ്റ് താൽപര്യസംരക്ഷണത്തിനുതകുന്ന ഏറ്റവും മികച്ച സഖ്യമെന്ന നിലയ്ക്ക് എൻ.ഡി.എ, ട്വന്റി- 20യുടെ സ്വാഭാവിക സഖ്യമായിത്തീരുകയും ചെയ്തു. എല്ലാ കോർപ്പറേറ്റുകളെയും തങ്ങളുടെ ചിറകിൻ കീഴിലാക്കുന്ന എൻ.ഡി.എ ഭരണകൂടത്തിന്, പച്ചക്കറിയും അരിയും നൽകുന്ന ചെറുകിട വ്യാപാരിയെ വളഞ്ഞുപിടിക്കുക വലിയ കാര്യവുമായിരുന്നില്ല. പക്ഷേ, കോർപ്പറേറ്റ് ശക്തികൾക്ക് മുന്നിൽ അടിയറവ് പറയാതെ നിലകൊള്ളുന്ന ജനാധിപത്യ രാഷ്ട്രീയമാണ് ഇവർക്കെല്ലാം അസ്വസ്ഥത സൃഷ്ടിക്കുന്നത്.

ലേഖകന്റെ പഞ്ചായത്തിലുൾപ്പെടെ ട്വന്റി 20 മത്സരിച്ച മുഴുവൻ പഞ്ചായത്തുകളിലും, തിരഞ്ഞെടുപ്പ് ദിനത്തിന് മുൻപുള്ള പാതിരാത്രി 2000 രൂപയുടെ കിറ്റുകൾ വീടുകളിലെത്തിക്കുകയും, അത് കൈപ്പറ്റിയ പലരും പിന്നീട് തിരിഞ്ഞു വോട്ട് ചെയ്യുകയും ചെയ്തുവെന്ന യാഥാർത്ഥ്യം മുതലാളിയെ വേദനിപ്പിച്ചതായാണ് അനുഭവം പറയുന്നത്. പണം കൊടുത്തും സൗജന്യ കിറ്റുകളാലും ജനങ്ങളുടെ രാഷ്ട്രീയമനസ്സിനെ വശത്താക്കാനാകുമെന്ന വലതുപക്ഷ കണക്കുകൂട്ടൽ തെറ്റിപ്പോയതിന്റെ അസഹിഷ്ണുത, തിരിച്ചടിക്കുശേഷം സംഘടനയുടെ നിലനിൽപ്പ് തന്നെ ചോദ്യചിഹ്നത്തിലാക്കി.

സർക്കാർ പദ്ധതികളെ സ്വന്തം സ്വകാര്യ പദ്ധതികളായി അവതരിപ്പിക്കുന്നതിൽ കാണിക്കുന്ന “മഹാമനസ്കത”യുടെ പൊള്ളത്തരം, തിരഞ്ഞെടുപ്പ് അടുക്കുമ്പോഴെങ്കിലും ജനം തിരിച്ചറിയും എന്ന സത്യം ഇപ്പോഴെങ്കിലും സാബുവിന് ബോധ്യപ്പെടുന്നുണ്ടാകണം. വികസനം എന്ന പേരിൽ നടത്തപ്പെട്ട രാഷ്ട്രീയ വ്യാപാരത്തിന്റെ കണക്കുകൾ ഒടുവിൽ ബാലറ്റ് ബോക്സിലാണ് തീർപ്പാകുന്നത് — അതാണ് ട്വന്റി 20യുടെ തിരിച്ചടിയുടെ പാഠം.

അമേരിക്കയുടെ പ്രതികാര ചുങ്കം സൃഷ്ടിച്ച കടുത്ത പ്രതിസന്ധിയിൽ കിറ്റെക്സ് ഗ്രൂപ്പ് നിലയില്ലാ കുഴിയിലേക്കു വീഴുകയും, കൊട്ടിഘോഷിച്ച തെലുങ്കാനാ പ്രവേശനം ഒടുവിൽ ചരമകോളത്തിലെ വാർത്തയായി മാറുകയും ചെയ്തപ്പോൾ കേരളത്തിലേക്കുതന്നെ സാബുവിന് തിരിഞ്ഞുനോക്കേണ്ടിവന്നു.
അമേരിക്കയുടെ പ്രതികാര ചുങ്കം സൃഷ്ടിച്ച കടുത്ത പ്രതിസന്ധിയിൽ കിറ്റെക്സ് ഗ്രൂപ്പ് നിലയില്ലാ കുഴിയിലേക്കു വീഴുകയും, കൊട്ടിഘോഷിച്ച തെലുങ്കാനാ പ്രവേശനം ഒടുവിൽ ചരമകോളത്തിലെ വാർത്തയായി മാറുകയും ചെയ്തപ്പോൾ കേരളത്തിലേക്കുതന്നെ സാബുവിന് തിരിഞ്ഞുനോക്കേണ്ടിവന്നു.

എൻ.ഡി.എയുടെ ഇലക്ഷൻ വ്യാമോഹങ്ങൾ

സ്വാധീനമുള്ള ചെറു പാർട്ടികളെ ഉൾപ്പെടുത്തി സമുദായിക- പ്രാദേശിക വോട്ടുകൾ കൈവശപ്പെടുത്തുക, ആവശ്യമായിടത്ത് ജൂനിയർ പാർട്ണർ ആയി പോലും പ്രവർത്തിക്കുക, സ്വാധീനം കൂടുന്തോറും സഖ്യകക്ഷികളെ വിഴുങ്ങുക- ഇതാണ് എൻ.ഡി.എയുടെ പ്രവർത്തനശൈലി. ബിഹാറിലെ ജെ.ഡി.(യു)-യുമായുള്ള സഖ്യവും മഹാരാഷ്ട്രയിൽ ശിവസേനയെ പിളർത്തിയതും തമിഴ്നാട്ടിൽ പ്രതിപക്ഷ വോട്ടുകൾ വിഭജിക്കാൻ നടത്തുന്ന ശ്രമങ്ങളുംമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്.

കേരളത്തിലാകട്ടെ, അതിശക്തമായ രണ്ട് മുന്നണി സംവിധാനങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, സാമുദായിക സമവാക്യങ്ങളിലൂടെയല്ലാതെ, എൻ.ഡി.എയ്ക്ക് രാഷ്ട്രീയമായ സഖ്യം അസാധ്യമാണ്. ബി.ഡി.ജെ.എസ് എന്ന സംഘടനയെ മാത്രമാണ് ഇത്തരത്തിൽ എൻ.ഡി.എയ്ക്ക് സ്വന്തമാക്കാനായത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ, വോട്ട് വിഹിതം വർധിപ്പിക്കുക എന്നത്, വിജയിക്കുന്ന സീറ്റുകളുടെ എണ്ണത്തേക്കാൾ പ്രാധാന്യത്തോടെ കാണുന്ന ബി.ജെ.പിയ്ക്ക്, ട്വന്റി 20 യിലൂടെ അവരുടെ സ്വാധീനമേഖലകളിലെങ്കിലും എൻ.ഡി.എയുടെ വോട്ട് ശതമാനത്തിൽ വർധനയുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ.

എന്നാൽ, ബി​.ജെ.പി ട്വന്റി 20-യിൽ പുലർത്തുന്ന പ്രതീക്ഷയ്ക്ക് ഒരുവിധ രാഷ്ട്രീയയുക്തിയും ഇല്ല എന്നു കാണാം. തദ്ദേശ തിരഞ്ഞെടുപ്പുകളിലെ ചില വിജയങ്ങളുടെ ആത്മവിശ്വാസത്തിൽ, 2020-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ വലിയ പ്രതീക്ഷകളോടെ രംഗത്തിറങ്ങിയ സാബുവിന്റെ രാഷ്ട്രീയ നീക്കം അമ്പേ പരാജയമായിരുന്നു. ആളും അർത്ഥവും നൽകി നടത്തിയ ആ പോരാട്ടം, ട്വന്റി 20യുടെ രാഷ്ട്രീയ ഇരട്ടത്താപ്പും പരിമിതികളും തുറന്നുകാട്ടുകയും ചെയ്തു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും അതേ തോൽവി ആവർത്തിച്ചു. കോൺഗ്രസ് പ്രവർത്തകർ അവരുടെ പാർട്ടി ചിഹ്നത്തിൽ വോട്ട് ചെയ്തപ്പോൾ, ജില്ലാ പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും നടത്തിയ മത്സരം സാബുവിനെ കൈവിട്ട് പോയി. 2015 മുതൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ വ്യക്തമായി കാണുന്ന ഒരു യാഥാർത്ഥ്യമുണ്ട്: കോൺഗ്രസ് വോട്ടുകളുടെ വിഭജനം മാത്രമാണ് പലപ്പോഴും ട്വന്റി 20യുടെ “വിജയമായി” മാറിയത്; സ്വന്തമായി സ്ഥിരമായ വോട്ട്ബേസ് പാർട്ടിക്ക് ഒരിക്കലും രൂപപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.

ട്വൻി 20യുടെ ശക്തിക്ഷയത്തിന്റെ ഏറ്റവും നല്ല  ഉദാഹരണം ചാലക്കുടി ലോകസഭാ മണ്ഡലത്തിലാണ് കണ്ടത്. വിശാലമായ രാഷ്ട്രീയ ഭൂമികയിൽ സ്വാധീനം ചെലുത്താൻ ജനാധിപത്യ സംവിധാനങ്ങൾക്കേ സാധിക്കൂ എന്ന സത്യം, ട്വന്റി 20യുടെ ഓരോ പരീക്ഷണവും വീണ്ടും വീണ്ടും തെളിയിച്ചു. ചില അലയൊലികൾ സൃഷ്ടിക്കാൻ കഴിയുമെങ്കിലും, ദീർഘകാല രാഷ്ട്രീയ അടിത്തറ പാകിയെടുക്കാൻ സാബുവിന്റെ ഔദാര്യ രാഷ്ട്രീയത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ, വോട്ട് വിഹിതം വർധിപ്പിക്കുക എന്നത്, വിജയിക്കുന്ന സീറ്റുകളുടെ എണ്ണത്തേക്കാൾ പ്രാധാന്യത്തോടെ കാണുന്ന ബി.ജെ.പിയ്ക്ക്, ട്വന്റി 20 യിലൂടെ അവരുടെ സ്വാധീനമേഖലകളിലെങ്കിലും എൻ.ഡി.എയുടെ വോട്ട് ശതമാനത്തിൽ വർധനയുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ, വോട്ട് വിഹിതം വർധിപ്പിക്കുക എന്നത്, വിജയിക്കുന്ന സീറ്റുകളുടെ എണ്ണത്തേക്കാൾ പ്രാധാന്യത്തോടെ കാണുന്ന ബി.ജെ.പിയ്ക്ക്, ട്വന്റി 20 യിലൂടെ അവരുടെ സ്വാധീനമേഖലകളിലെങ്കിലും എൻ.ഡി.എയുടെ വോട്ട് ശതമാനത്തിൽ വർധനയുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ.

കേരളം സമുദായിക ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും കാര്യത്തിൽ സൂക്ഷ്മമായ ജാഗ്രത പുലർത്തുന്ന ഒരു സാമൂഹിക ഘടനയുള്ള സംസ്ഥാനമാണ്. മതവിദ്വേഷത്തോടും അധികാരാർത്തിയോടും ജനാധിപത്യവിരുദ്ധതകളോടും നിശ്ശബ്ദത പുലർത്താൻ കഴിയാത്ത ഒരു രാഷ്ട്രീയ സംസ്കാരം ഇന്നും കേരളത്തിലുണ്ട്. ഈയൊരു രാഷ്ട്രീയ കാലാവസ്ഥയാണ് ട്വൻി 20 യുടെ രാഷ്ട്രീയ വ്യാമോഹങ്ങളെ നുള്ളിക്കളഞ്ഞത്. എൻ.ഡി.എ എന്ന പുതിയ രാഷ്ട്രീയ ഭൂമിക, ട്വന്റി 20യുടെ വ്യാപാര താൽപര്യങ്ങൾക്ക് നന്നായി വേവാനുള്ള അടുക്കളയാകുമെങ്കിലും, അതിനുപിന്നിലെ രാഷ്ട്രീയ കു​ശാഗ്രത ജനാധിപത്യകേരളത്തിന് എളുപ്പം തിരിച്ചറിയാൻ കഴിയും.

Comments