നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വോട്ടുവിഹിതത്തിൽ 7.15% വർധന. 2021-ൽ മുന്നണിയ്ക്ക് 39.41% വോട്ടാണുണ്ടായിരുന്നതെങ്കിൽ ഇത്തവണ 46.56% ആയി.
എൽ.ഡി.എഫിന്റെ വോട്ടുവിഹിതത്തിൽ 7.66%-ന്റെ കുറവുണ്ട്. 2021-ൽ 45.28% ആയിരുന്നത് ഇത്തവണ 37.62% ആയി.
102 സീറ്റ് നേടിയ യു.ഡി.എഫ് 35 സീറ്റ് നേടിയ എൽ.ഡി.എഫിനേക്കാൾ 19,28,965 വോട്ടാണ് അധികം നേടിയത്. അതായത് ഇരു മുന്നണികളും തമ്മിലുള്ള വോട്ട് വ്യത്യാസം 8.94%.
2021-ൽ എൽ.ഡി.എഫിന് യു.ഡി.എഫിനേക്കാൾ 12.24 ലക്ഷം വോട്ട് അധികമുണ്ടായിരുന്നു. 5.87% ശതമാനം എൽ.ഡി.എഫിന് കൂടുതൽ.
മൂന്ന് സീറ്റിൽ ജയിച്ചിട്ടും വോട്ടുവിഹിതത്തിൽ എൻ.ഡി.എയ്ക്ക് വെറും 1.61% വോട്ടിന്റെ വർധനവേയുള്ളൂ. 2021-ൽ 12.52% ആയിരുന്നത് ഇത്തവണ 14.58% -മായി.
2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 16.68 ശതമാനവും 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 14.6 ശതമാനവും വോട്ട് പാർട്ടി നേടിയിരുന്നു.
എന്നാൽ, ബി.ജെ.പിയ്ക്ക് സംസ്ഥാനത്ത് 20 മണ്ഡലങ്ങളിൽ 20 ശതമാനത്തിലേറെ വോട്ടുണ്ട്. ആറ്റിങ്ങൽ, തിരുവല്ല, പാലക്കാട്, കാസർകോട്, മഞ്ചേശ്വരം, മലമ്പുഴ മണ്ഡലങ്ങളിൽ പാർട്ടി രണ്ടാമതെത്തുകയും ചെയ്തു.
ബി.ജെ.പി 20 ശതമാനത്തിലേറെ വോട്ട് നേടിയ മണ്ഡലങ്ങളും ശതമാനവും:
നേമം: 41.1%
ചാത്തന്നൂർ: 38.5%
മഞ്ചേശ്വരം: 36.4%
കഴക്കൂട്ടം: 35.9%
പാലക്കാട്: 33.8%
കാസർകോട്: 32.2%
ആറ്റിങ്ങൽ: 31.3%
തിരുവല്ല: 31.3%
മലമ്പുഴ: 30.6%
തിരുവനന്തപുരം: 30.2%
നാട്ടിക: 20%
വട്ടിയൂർക്കാവ്: 29%
കോഴിക്കോട് നോർത്ത്: 28.6%
കാട്ടാക്കട: 26.4%
പാലാ: 26.4%
കോഴിക്കോട് സൗത്ത്: 25.6%
ഒറ്റപ്പാലം: 25.5%
പൂഞ്ഞാർ: 25.3%
നെടുമങ്ങാട്: 25%
തൃശ്ശൂർ: 23.4%
ഇത്തവണ സംസ്ഥാനത്ത് ആകെ പോൾ ചെയ്തത് 2,15,97,055 വോട്ടാണ്. ഇതിൽ യു.ഡി.എഫ് 1,00,54,550 വോട്ടും (46.56%) എൽ.ഡി.എഫ് 81,21,021 വോട്ടുമാണ് (37.62%) നേടിയത്. എൻ.ഡി.എയ്ക്ക് 31,49,357 വോട്ടുണ്ട് (14.58%).
പാർട്ടികൾ നേടിയ വോട്ട് (ശതമാനത്തിൽ)
കോൺഗ്രസ്: 28.79%
സി.പി.എം: 21.77%
ബി.ജെ.പി: 11.42%
മുസ്‌ലിം ലീഗ്: 11.01%
സി.പി.ഐ: 6.64%
കേരള കോൺഗ്രസ്- മാണി: 2.60%
കേരള കോൺഗ്രസ്- ജോസഫ്: 2.43%
ആർ.എസ്.പി: 1.21%
ആർ.ജെ.ഡി: 0.82%
എൻ.സി.പി- എസ്.പി: 0.68%
ബി.എസ്.പി: 0.15%
മറ്റുള്ളവർ: 11.71%
നോട്ട: 0.57%
കോൺഗ്രസിന് 2021-ൽ 25.12 ശതമാനം വോട്ടുണ്ടായിരുന്നു (52,33,429 വോട്ട്). വോട്ട് വിഹിതത്തിൽ മുസ്ലിം ലീഗ് നാലാമത്തെ വലിയ പാർട്ടിയായി. 11.01 ശതമാനം വോട്ട് വിഹിതവും 23,78,053 വോട്ടുകളുമാണ് ലീഗ് നേടിയത്. 2021-ൽ 8.27% വോട്ടാണ് ലീഗിനുണ്ടായിരുന്നത്.
സി പി എമ്മിന് വോട്ട് വിഹിതത്തിൽ ഇടിവുണ്ടായി; 2021-ലെ 25.38 ശതമാനത്തിൽ (52,88,507 വോട്ട്) നിന്ന് 21.77% (46,00,662 വോട്ട്).
സി പി ഐയുടെ വോട്ട് വിഹിതം 7.58 ശതമാനത്തിൽനിന്ന് 6.64 ശതമാനമായി കുറഞ്ഞു. കേരള കോൺഗ്രസ് (എം) വോട്ട് വിഹിതം 3.28 ശതമാനത്തിൽനിന്ന് 2.60 ശതമാനമായും കുറഞ്ഞു.
എൽ.ഡി.എഫിൽ ഒരു സീറ്റിൽ പോലും ജയിക്കാത്ത എട്ട് പാർട്ടികളുണ്ട്:
സംപൂജ്യർ:
കേരള കോൺഗ്രസ്- മാണി
കേരള കോൺഗ്രസ്- ബി.
എൻ.സി.പി: ശരത് പവാർ.
ഐ.എസ്.ജെ.ഡി
കോൺഗ്രസ്- എസ്.
ഐ.എൻ.എൽ.
നാഷനൽ സെക്യുലർ കോൺഗ്രസ്
ആർ.എസ്.പി- ലെനിനിസ്റ്റ്
19 സീറ്റിൽ മത്സരിച്ച എൻ.ഡി.എ ഘടകകക്ഷിയായ ട്വന്റി 20യ്ക്കും വട്ടപ്പൂജ്യമാണ്. പാർട്ടിയുടെ സ്വാധീനകേന്ദ്രമായ കുന്നത്തുനാട്ടിൽ എൻ.ഡി.എയ്ക്ക് 40,221 വോട്ടാണുള്ളത്. 2021-ൽ ട്വന്റി 20 തനിച്ച് 41,890 വോട്ട് നേടിയിരുന്നു. മുന്നണിയുടെ ഭാഗമായിട്ടും ഈ വോട്ടുപോലും നിലനിർത്താനായില്ല.

