സമാനതകളില്ലാത്ത വലിയൊരു ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വന്ന ഒരു സംസ്ഥാനത്തോട് കേന്ദ്ര സർക്കാർ കാണിക്കേണ്ടിയിരുന്ന യാതൊരു സഹകരണവും ലഭിക്കാതിരുന്ന ദുരന്തമായിരുന്നു 2024 ജൂലൈ 30 നു വയനാട് മുണ്ടക്കൈയിൽ സംഭവിച്ചത്. ദുരന്തം സംഭവിച്ച് ഒരു വർഷത്തോടടുക്കാറായിട്ടും നയാ പൈസ നൽകാതെ കേരളത്തോട് ശത്രുതാ മനോഭാവം തുടരുകയാണ് കേന്ദ്ര സർക്കാർ. ഇതിനിടയിലാണ് ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളുക എന്ന ന്യായമായ ആവശ്യത്തോടും കേന്ദ്ര സർക്കാർ ക്രൂരമായി പെരുമാറുന്നത്.
മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷം കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട മൂന്ന് കാര്യങ്ങളിലൊന്നായിരുന്നു, 2005 ലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് പ്രകാരം ദുരന്തബാധിതരുടെ കടം പൂർണമായും എഴുതിത്തള്ളുക എന്നത്. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല ഇപ്പോൾ 2005-ലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ടിൽ ഭേദഗതി വരുത്തി ദുരിതബാധിതരുടെ കടം എഴുതിത്തള്ളാമെന്ന് പറയുന്ന നിയമത്തിലെ സെക്ഷൻ 13 എടുത്തുകളയുകയാണ് ചെയ്തിരിക്കുന്നത്.
ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളാനാകില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെ കേരള ഹൈക്കോടതി കടുത്ത ഭാഷയിലാണ് വിമർശിച്ചത്. വായ്പ എഴുതി തള്ളുന്ന കാര്യത്തിൽ കേന്ദ്രത്തിന്റെ നിലപാടെന്താണെന്ന് ചോദിച്ച ഹൈക്കോടതി കേന്ദ്ര സർക്കാർ അശക്തരെന്നു പറയേണ്ടി വരുമെന്ന് പോലും പറഞ്ഞു. ഭരണഘടനയുടെ 73-ാം അനുച്ഛേദം അനുസരിച്ച് കേന്ദ്ര സർക്കാരിന് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി ഓർമിപ്പിച്ചിട്ടുണ്ട്.

“വായ്പ എഴുതിത്തള്ളാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം, അല്ലെങ്കിൽ അങ്ങനെയൊരു നടപടി സ്വീകരിക്കാൻ തങ്ങൾ അശക്തരാണെന്ന് തുറന്നു പറയണം. വായ്പ എഴുതിത്തള്ളാൻ പറ്റില്ലെങ്കിൽ പറ്റില്ല എന്ന് പറയാനുള്ള ധൈര്യം കാണിക്കണം. ദേശീയ ദുരന്ത നിവാരണ അതോറിറ്റി അല്ല, കേന്ദ്ര സർക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടത്,” ഹൈക്കോടതി നിരീക്ഷിച്ചു.
2005 ലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് പ്രകാരം ദുരന്തബാധിതരുടെ കടം പൂർണമായും എഴുതിത്തള്ളാൻ കേരളം ആവശ്യപ്പെട്ടപ്പോൾ ഈ ആക്ട് ഭേദഗതി ചെയ്ത് വായ്പ എഴുതിത്തള്ളാമെന്ന ഭാഗം എടുത്തു കളയുകയാണ് കേന്ദ്രം ചെയ്തത്. 2025 മാർച്ച് 29 ന് ദുരിതാശ്വാസത്തിൽ ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളാമെന്നടക്കമുള്ള 2005 ലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ടിലെ സെക്ഷൻ 12,13 എന്നിവ ഒഴിവാക്കി കൊണ്ടുള്ള വിജ്ഞാപനം പുറത്തു വന്നിട്ടുണ്ട്. കേരളത്തെ പൂർണമായും അവഗണിച്ചുവെന്ന് മാത്രമല്ല, ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളേണ്ടി വരുമെന്ന് കണ്ട് നിയമത്തിൽ ഭേദഗതി വരുത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത്. രാജ്യത്ത് കോർപ്പറേറ്റുകളുടെ വമ്പൻ ലോണുകൾ യാതൊരു മടിയും കൂടാതെ എഴുതിത്തള്ളുന്ന അതേ ഘട്ടത്തിലാണ് അപ്രതീക്ഷിത ദുരന്തത്തിൽ ജീവിതം പൂർണമായും സ്തംഭിച്ചു പോയ മനുഷ്യരെ കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത്.
കേരളത്തെ പൂർണമായും അവഗണിച്ചുവെന്ന് മാത്രമല്ല, ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളേണ്ടി വരുമെന്ന് കണ്ട് നിയമത്തിൽ ഭേദഗതി വരുത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത്.
ഇതേ ന്യായം പറഞ്ഞു കൊണ്ട് തന്നെയാണ് ഹൈക്കോടതിയിലും കഴിഞ്ഞ ദിവസം കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്. 2025 മാർച്ചിലെ ഭേദഗതി പ്രകാരം 2005 ലെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 13 എടുത്തു കളഞ്ഞതിനാൽ വായ്പ എഴുതിത്തള്ളാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് കഴിയില്ലെന്നാണ് ഇപ്പോൾ പറയുന്നത്. വയനാട് ദുരന്തം സംഭവിക്കുന്ന ഘട്ടം വരെ ഉണ്ടായിരുന്ന ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ടിലെ സെക്ഷൻ 13 തിടുക്കപ്പെട്ട് എടുത്തു മാറ്റിയത് കേരളത്തോടും പ്രത്യേകിച്ച് വയനാട്ടിലെ ദുരന്ത ബാധിതരായ മനുഷ്യരോടുമുള്ള കേന്ദ്ര സർക്കാരിന്റെ ശത്രുതാ മനോഭാവം തുറന്നു കാട്ടുന്നുണ്ടെന്ന് പറയേണ്ടിവരും.
'The National Authority may, in cases of disasters of severe magnitude, recommend relief in repayment of loans or for grant of fresh loans to the persons affected by disaster on such concessional terms as may be appropriate'' എന്നാണ് 2005- ലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ടിലെ സെക്ഷൻ 13 പറയുന്നത്. അതായത്, ഗുരുതര ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ദുരിതബാധിതരുടെ വായ്പകളിൽ ഇളവ് നൽകാനും അവർക്കാശ്വാസകരമാകുന്ന തീരുമാനങ്ങളെടുക്കാനും ദേശീയ ദുരന്തനിവാരണ വകുപ്പിന് സാധിക്കും. ദുരിതബാധിതർക്ക് പുതിയ വായ്പകൾ നൽകുന്നതിനും ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് ശുപാർശ ചെയ്യാമെന്നും ഈ ആക്ടിൽ പറയുന്നുണ്ട്. എന്നാൽ ദുരിതബാധിതർക്ക് ആശ്വാസമാകുമായിരുന്ന ഈ ആക്ടിൽ ഭേദഗതി വരുത്തി എങ്ങനെ വായ്പ എഴുതിത്തള്ളുന്നത് ഇല്ലാതാക്കാമെന്നാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.

ദുരന്തം സംഭവിക്കുന്ന സമയത്ത് നിയമം തന്നെ മാറ്റി ദുരിതബാധിതരുടെ ലോൺ എഴുതിത്തള്ളില്ല എന്നു പറയുന്നത് വലിയ തെറ്റാണെന്ന് അഖിലേന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ മുൻ ജനറൽ സെക്രട്ടറി തോമസ് ഫ്രാങ്കോ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
“വളരെ വലിയ ഒരു തെറ്റാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. മുണ്ടക്കൈയിലെ ദുരന്തം ബാധിച്ചത് സാധാരണ ജനങ്ങളെയാണ്. ഇത് പോലെ ദുരന്തങ്ങൾ സംഭവിക്കുന്ന സമയങ്ങളിൽ പല സമയത്തും സർക്കാർ പല സഹായങ്ങളും ജനങ്ങൾക്ക് വേണ്ടി ചെയ്യാറുണ്ട്. അതിലൊന്നാണ് കടം എഴുതിത്തള്ളൽ. അവരുടെ സ്വത്തുക്കളും സാധനങ്ങളുമെല്ലാം പോയിട്ട് അവർക്ക് കേവലം താമസ സൗകര്യവും ഭക്ഷണവും മാത്രം കൊടുത്തിട്ട് കാര്യമില്ല. നേരത്തെ മുതൽ തന്നെ ഒരു ദുരന്തം ഉണ്ടാകുമ്പോൾ ബാങ്കുകൾ ലോണുകൾ എഴുതിത്തള്ളുകയും പുതിയ ലോൺ കൊടുക്കുകയും ചെയ്യും. പുതിയ ലോൺ കൊടുത്താൽ അവർക്ക് ജീവിതത്തിലേക്ക് പതിയെ തിരികെ വരാനാകും. പക്ഷെ ഇപ്പോൾ സർക്കാർ ചെയ്തത് വലിയ തെറ്റാണ്. കേരള സർക്കാർ കേരള ബാങ്കിലെ ലോണുകൾ എഴുതിത്തള്ളിയിട്ടുണ്ട്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ ചെറിയൊരു തീരുമാനം മാത്രം എടുത്താൽ മതി. നേരത്തെയുള്ള സർക്കാരുകൾ ഇങ്ങനെ തീരുമാനം എടുത്തിരുന്നു. ഓഖിയുടെയും സുനാമിയുടെയും സമയങ്ങളിലെല്ലാം വായ്പ എഴുതി തള്ളിയിരുന്നു. കേന്ദ്രത്തിനും പ്രധാനമന്ത്രിക്കും ഒരുപാട് പവറുകളുണ്ട്. പി.എം റിലീഫ് ഫണ്ടിൽ തന്നെ ആയിരക്കണക്കിന് കോടികളുണ്ട്. എല്ലാ ബാങ്കിലും ചേർന്ന് മുണ്ടക്കൈയിൽ ആകെ വായ്പ ഉള്ളത് 41 കോടി മാത്രമാണ്. അതിൽ കേരള ബാങ്കിലേത് കുറയും. പബ്ലിക് സെക്ടർ ബാങ്കുകൾക്ക് ഇത് ചെറിയ കാര്യം മാത്രമാണ്. 10 കൊല്ലത്തിൽ 14 ലക്ഷം കോടി രൂപ എഴുതിത്തള്ളി എന്ന് പാർലമെന്റിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അങ്ങനെ എഴുതിത്തള്ളിയതിൽ കൂടുതലും കോർപ്പറേറ്റുകളുടേതാണ്. അവർക്ക് അങ്ങനെ ചെയ്യാൻ പറ്റുമെങ്കിൽ ഇതുപോലെയുള്ള ഒരു ദുരന്തം സംഭവിക്കുന്ന സമയത്ത് നിയമം തന്നെ മാറ്റി ലോൺ എഴുതിത്തള്ളില്ല എന്നു പറയുന്നത് വലിയ തെറ്റാണ്. കടം എഴുതിത്തള്ളുക എന്ന് പറയുന്നത് കേന്ദ്ര സർക്കാരിനെ സംബന്ധിച്ച് ചെറിയ കാര്യമാണ്. ബാങ്കുകളോട് ജസ്റ്റ് പറഞ്ഞാൽ മാത്രം മതി. മാത്രമല്ല എല്ലാ പബ്ലിക് സെക്ടർ, പ്രൈവറ്റ് സെക്ടർ ബാങ്കുകളും കഴിഞ്ഞ വർഷം നല്ല ലാഭത്തിലായിരുന്നു. എസ്.ബി.ഐ യിൽ മാത്രം 91000 കോടിയാണ് ലാഭം. അപ്പോൾ ബാങ്കുകളെ സംബന്ധിച്ച് എഴുതിത്തള്ളുന്നത് പ്രശ്‌നമുള്ള കാര്യമല്ല. കേന്ദ്ര ധനകാര്യ മന്ത്രി ഒന്ന് പറഞ്ഞാൽ മാത്രം മതി.”- തോമസ് ഫ്രാങ്കോ പറയുന്നു.

ദുരന്തത്തിൽ ദേശസാൽകൃത ബാങ്കുകളുടെ കടങ്ങൾ എഴുതി തള്ളാൻ ഒരു വകുപ്പുണ്ടെന്നിരിക്കെ അത് ഭേദഗതി ചെയ്യാനുള്ള കാരണം എന്താണെന്ന് കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനുണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജൻ മാധ്യമങ്ങളോട് പറഞ്ഞു.
“2005-ലെ ദുരന്ത നിവാരണ ആക്ടിലെ ഏറ്റവും പ്രധാനപ്പെട്ട സെക്ഷനായിരുന്നു സെക്ഷൻ 13. അത് പ്രകാരം ഒരു ദുരന്തമുണ്ടായാൽ പ്രത്യേകിച്ച് ആ ദുരന്തത്തെ തീവ്ര ദുരന്തമായി പ്രഖ്യാപിച്ചാൽ ദുരന്തമുണ്ടായ പ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും കടങ്ങൾ എഴുതി തള്ളാൻ ദുരന്ത നിവാരണ അതോറിറ്റിക്ക് പ്രത്യേകമായ അധികാരം ഉണ്ടായിരുന്നു. ഈ അധികാരം ഉപയോഗിച്ച് ചൂരൽമലയിലെ 10,11,12 വാർഡുകളിലായുള്ള ദുരിതബാധിതരുടെ കടങ്ങൾ എഴുതി തള്ളാനുള്ള നടപടി സ്വീകരിക്കണമെന്ന് 2024 ഓഗസ്റ്റ് 17 നു കേരള സർക്കാർ കേന്ദ്രത്തിന് നൽകിയ മെമ്മോറാണ്ടത്തിൽ ആവശ്യപ്പെട്ടിരുന്നു. മെമ്മോറാണ്ടം കൊടുത്തതിന് ശേഷം പ്രധാനമന്ത്രിയെ മുഖ്യമന്ത്രി നേരിട്ട് സന്ദർശിച്ചപ്പോഴും ഈ പ്രശ്‌നം ഗുരുതരമാണെന്നും കടങ്ങൾ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷം ഹൈക്കോടതി തന്നെ തുടർച്ചയായി കേന്ദ്ര സർക്കാരിനോട് സെക്ഷൻ 13 ഉപയോഗിച്ച് കടങ്ങൾ എഴുതിത്തള്ളണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ശകാര രൂപത്തിൽ തന്നെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. അന്നെല്ലാം സാവകാശം ചോദിക്കുകയാണ് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ ചെയ്തത്. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റി ജനറൽ ഈ കേസിൽ ഹൈക്കോടതിയിൽ കൊടുത്ത അഫിഡവിറ്റിൽ 2005 ലെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 13 2025 മാർച്ച് 29-നു എടുത്തു കളഞ്ഞതായി കാണിച്ചിരിക്കുകയാണ്. കേരള സർക്കാർ ഓഗസ്റ്റ് മാസത്തിൽ ആവശ്യപ്പെട്ടിട്ടും മാർച്ച് മാസം വരെ കടം എഴുതിത്തള്ളാൻ നടപടി എടുത്തില്ലെന്ന് മാത്രമല്ല മാർച്ച് മാസം ഏകപക്ഷിയമായി നിയമത്തിൽ ഭേദഗതി വരുത്തി സെക്ഷൻ 13 എടുത്തു മാറ്റിയിരിക്കുന്നു എന്ന് പറയുന്നത് കേരളത്തെ ലക്ഷ്യം വെച്ചുള്ള നടപടിയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം കേരളം കടം എഴുതിത്തള്ളാൻ ആവശ്യപ്പെട്ട് ഏതാണ്ട് എട്ട് മാസക്കാലമായിട്ടും ഒന്നും പറയാതെ ഇപ്പോൾ സെക്ഷൻ 13 പൂർണമായും എടുത്തു കളഞ്ഞു എന്നത് കേരളത്തോട് മാത്രമുള്ള നടപടിയാണ്. ഈ സെക്ഷൻ ഉപയോഗിച്ച് ദുരന്തം സംഭവിച്ച ഘട്ടത്തിൽ അവിടെയുള്ള ആളുകളുടെ കടം എഴുതിത്തള്ളാനും അവിടെയുള്ള മനുഷ്യർക്ക് ജീവനോപാധിയായി പുതിയ ലോൺ അനുവദിക്കാനുമുള്ള സഹായം നൽകാൻ കഴിയുമായികുന്നു. അങ്ങനെ ഒരു സെക്ഷൻ എടുത്തു കളഞ്ഞത് എന്തിനു വേണ്ടിയാണെന്ന് കേന്ദ്ര സർക്കാർ മറുപടി പറയണം. കേരളത്തിന്റെ ആവശ്യം നിരാകരിക്കാൻ വേണ്ടി മാത്രമാണ് ഇത് ചെയ്തത് എന്ന് ഞങ്ങൾ പേടിക്കുന്നുണ്ട്. കേരളത്തിന് പറ്റുന്നത് കേരള ബാങ്ക് ചെയ്തു. ദുരിതബാധിതരുടെ കേരള ബാങ്കിലെ കടങ്ങൾ മുഴുവനും എഴുതിത്തള്ളി. പക്ഷെ 2005-ൽ ഇന്ത്യയുടെ പാർലിമെന്റ് പാസാക്കിയ ഒരു നിയമത്തിൽ ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാൻ ഒരു രൂപ പോലും ചെലവില്ലെന്നിരിക്കെ സെക്ഷൻ 12,13 പിൻവലിച്ചത് ആ അവകാശം കേരളത്തിന് മാത്രം നിഷേധിക്കാൻ വേണ്ടിയാണ്. കേരളത്തോടുള്ള കൊടിയ ശത്രുത വീണ്ടും തീർക്കാനുള്ള നിലപാടുകളുടെ ഭാഗമാണിത്. കേരളം രണ്ട് തവണ ഈ ആക്ട് പ്രകാരം ദുരിത ബാധിതരുടെ കടം എഴുതി തള്ളാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 2018 ആവശ്യപ്പെട്ടപ്പോൾ നിരാകരിച്ചു. ഇപ്പോൾ എല്ലാ ആഴ്ചയും കോടതിക്ക് മുമ്പാകെ ഇപ്പോ തീരുമാനിക്കും എന്ന് പ്രഖ്യാപിച്ച് ആ ആക്ട് തന്നെ ഭേദഗതി ചെയ്ത് സെക്ഷൻ 12,13 എന്നിവ ഒഴിവാക്കിയത് കേരളത്തോടുള്ള ശത്രുതയുടെ ഭാഗമാണെന്ന് ഞങ്ങൾ സംശയിക്കുകയാണ്.” - കെ രാജൻ പറയുന്നു.

2024 ജൂലൈ 30-നു ഉരുൾപൊട്ടൽ ദുരന്തമുണ്ടായതിനു ശേഷം ഓഗസ്റ്റ് 10-നു കേന്ദ്ര സംഘവും 11-നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിലെത്തി. 17-നു കേരള സർക്കാർ ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്നും ദുരന്തത്തെ എൽ.3 വിഭാഗത്തിൽ പെടുത്തണമെന്നും എസ്.ഡി.ആർ.എഫ് മാനദണ്ഡങ്ങളല്ലാതെ അഡീഷണൽ അസിസ്റ്റൻസ് നൽകണമെന്നും ആവശ്യപ്പെട്ട് കേന്ദ്രത്തിന് മെമ്മോറാണ്ടം നൽകുകയും ചെയ്തു. എന്നാൽ വായ്പ എഴുതിത്തള്ളുകയോ കേരളത്തിന് പ്രത്യേക ധനസഹായം അനുവദിക്കുകയോ കേന്ദ്രം ഇതു വരെ ചെയ്തിട്ടില്ല. ദുരന്തം സംഭവിച്ച് 154 ദിവസം കഴിഞ്ഞിട്ടാണ് ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചത് പോലും.
2024 ജൂലൈ 30 നു ദുരന്തം സംഭവിക്കുമ്പോഴും അത് കഴിഞ്ഞ് ഓഗസ്റ്റ് 17 നു കേരളം കേന്ദ്രത്തിന് മെമ്മോറാണ്ടം നൽകുമ്പോഴും 2024 നവംബർ 13 നു പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസസ്‌മെന്റ് വിശദമായ റിപ്പോർട്ട് കേന്ദ്ര സർക്കാരിനു സമർപ്പിക്കുമ്പോഴും 2005 ലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ടും അതിലെ 13 -ാം വകുപ്പും നിലവിലുണ്ടായിരുന്നു.
ഓഗസ്റ്റിൽ നടക്കുന്ന പാർലമെന്ററി സെഷനിൽ എല്ലാ അംഗങ്ങളും ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് ഭേദഗതി ചെയ്തതിനെതിരെ സംസാരിക്കുകയാണെങ്കിൽ നിയമം ദുരിതബാധിതർക്ക് അനുകൂലമാക്കാൻ പറ്റുമെന്നും തോമസ് ഫ്രാങ്കോ പറഞ്ഞു.
“വയനാട്ടിലെ ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളാൻ ഇനിയും സാധ്യതകളുണ്ട്. ഓഗസ്റ്റിൽ അടുത്ത പാർലമെന്ററി സെഷൻ ആരംഭിക്കുകയാണ്. പാർലമെന്റിൽ എല്ലാ അംഗങ്ങളും ഈ വിഷയം ഗൗരവകരമായി അവതരിപ്പിക്കണം. കാരണം ദുരന്തങ്ങൾ ഇനിയും സംഭവിക്കാനുള്ള സാധ്യതയുണ്ട്. കേരളത്തിന് പുറമെ ഒറീസ,ബംഗാൾ, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഇതുപോലുള്ള ദുരന്തങ്ങൾ സംഭവിക്കാറുണ്ട്. അത് കൊണ്ട് ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ ഇരുസഭകളിലും ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് ഭേദഗതി ചെയ്തതിനെതിരെ സംസാരിക്കണം. അങ്ങനെയാണെങ്കിൽ നിയമം ദുരിതബാധിതർക്ക് അനുകൂലമാക്കാൻ പറ്റും. ചെറിയ ഒരു ഉദാഹരണം പറയാം, ഗോൾഡ് ലോൺ സാധാരണക്കാരനു കിട്ടുന്ന കാര്യത്തിൽ വലിയ നിയന്ത്രണം കൊണ്ടു വന്നു. അപ്പോൾ ഞാൻ ഒരു ലേഖനം എഴുതുകയും തമിഴ്‌നാട്ടിൽ കുറച്ചു മീഡിയ അത് ഏറ്റെടുക്കുകയും ചെയ്തു. അത് കണ്ടിട്ട് മധുരയിലെ സി.പി.എമ്മിൽ നിന്നുള്ള ലോക്‌സഭ അംഗം സു വെങ്കിടേഷൻ ധനകാര്യ മന്ത്രിയെ നേരിട്ട് കണ്ട് വിഷയം അവതരിപ്പിച്ചു. അത് കണ്ട തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കേന്ദ്ര ധനകാര്യമന്ത്രിക്കും റിസർവ് ബാങ്കിനും കത്തയച്ചു. അതോടെ തമിഴ്‌നാട്ടിലെ പാർട്ടികൾ സമരങ്ങൾ സംഘടിപ്പിച്ചു. അതോടെ ഈ നിയന്ത്രണങ്ങൾ പിൻവലിച്ചു. ഇതു പോലെ പാർലമെന്റ് അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ പ്രതിനിധികളും ഈ വിഷയം ഗൗരവകരമായി എടുക്കണം.” - തോമസ് ഫ്രാങ്കോ പറയുന്നു.

മുണ്ടക്കൈയിൽ ദുരന്തം സംഭവിച്ചത് മുതലിങ്ങോട്ട് എല്ലാ നിലക്കും ദുരിതബാധിതരെ അവഗണിക്കുക മാത്രമാണ് കേന്ദ്ര സർക്കാർ ചെയ്തത്. 2024 ജൂലൈ 30 നു ദുരന്തം സംഭവിക്കുമ്പോഴും അത് കഴിഞ്ഞ് ഓഗസ്റ്റ് 17 നു കേരളം കേന്ദ്രത്തിന് മെമ്മോറാണ്ടം നൽകുമ്പോഴും 2024 നവംബർ 13 നു പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസസ്‌മെന്റ് വിശദമായ റിപ്പോർട്ട് കേന്ദ്ര സർക്കാരിനു സമർപ്പിക്കുമ്പോഴും 2005 ലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ടും അതിലെ 13 -ാം വകുപ്പും നിലവിലുണ്ടായിരുന്നു. ആ ഘട്ടത്തിലെല്ലാം ക്രൂരമായ മൗനം പാലിച്ച് ഒടുക്കം 2025 മാർച്ച് 29 നു നിയമം മാറിയെന്നും ഇനി വായ്പ എഴുതിത്തള്ളാൻ സാധിക്കില്ലെന്നും പറയുന്നതിലെ കുയുക്തി ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് എല്ലാ ഘട്ടങ്ങളിലും സഹായങ്ങൾ വേണ്ടുവോളം വാരിക്കോരി നൽകുന്ന കേന്ദ്ര സർക്കാരിന് കേരളത്തിലെ ദുരിതബാധിതരായ മനുഷ്യരോട് നീതി പുലർത്താൻ ഇതു വരെ കഴിഞ്ഞിട്ടില്ല.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് എല്ലാ ഘട്ടങ്ങളിലും സഹായങ്ങൾ വേണ്ടുവോളം വാരിക്കോരി നൽകുന്ന കേന്ദ്രം സർക്കാരിന് കേരളത്തിലെ ദുരിതബാധിതരായ മനുഷ്യരോട് നീതി പുലർത്താൻ ഇതു വരെ കഴിഞ്ഞിട്ടില്ല.
കുത്തക കമ്പനികൾക്ക് വേണ്ടി വലിയ കൊള്ള നടത്തുന്ന അതേ സർക്കാരാണ് നിലവിലുണ്ടായിരുന്ന നിയമത്തിലെ പഴുതുകൾ അടച്ച് ഈ ജനവിരുദ്ധമായ പ്രവർത്തനം നടത്തുന്നതെന്ന് ബെഫി മുൻ അഖിലേന്ത്യാ പ്രസിഡന്റ് എ.കെ രമേശ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
“ദുരന്തത്തിൽ അകപ്പെട്ട നിരാലംബരായ മനുഷ്യരെ സഹായിക്കാൻ വേണ്ടി രാജ്യത്ത് നിലവിലുണ്ടായിരുന്ന ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് എന്ന നിയമം ഏതാനും കോടി ചിലവാക്കേണ്ടി വരും എന്നുള്ളത് കൊണ്ട് മാറ്റുകയാണ്. അതായത് ഏറ്റവും നിരാലംബരായ മനുഷ്യരോട് കാണിക്കേണ്ട കരുണ ഇല്ല എന്ന് മാത്രമല്ല കരുണയില്ലാത്ത ഗവൺമെന്റാണ് ഞങ്ങളുടേത് എന്ന് കാണിക്കുകയാണ്. 14 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ 10 വർഷത്തിനകം ഇവർ എഴുതിത്തള്ളിയത്. കഴിഞ്ഞ പത്ത് വർഷം കൊണ്ടാണ് ഇവർ 14.56 ലക്ഷം കോടി രൂപ എഴുതിത്തള്ളിയത്. അതിലെ വൻകിട കുത്തകകളുടെ ലോൺ 7 ലക്ഷത്തിലധികമാണ്. എന്നു പറഞ്ഞാൽ പകുതിയിലേറെയും വൻകിട കുത്തകകളുടേതാണ്. യഥാർഥത്തിൽ ഏറ്റവും നിസ്സഹായവസ്ഥയിലുള്ള മനുഷ്യരെ രക്ഷിക്കാൻ ഇടപെടുകയാണ് സർക്കാർ ചെയ്യേണ്ടത്. എന്നാൽ സഹായിക്കാനുള്ള സാധ്യത നിലനിൽക്കെ നിലവിലുള്ള നിയമം ഭേദഗതി ചെയ്ത് അത് കൊടുക്കാനുള്ള സൗകര്യം നിഷേധിക്കുകയാണ്. സാധാരണ മനുഷ്യരെ അവഗണിച്ച് അവരുടെ താൽപര്യങ്ങൾക്കെതിരായി കുത്തക മുതലാളികളുടെ താൽപര്യങ്ങൾക്കനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന ഒരു സർക്കാർ മനുഷ്യത്വ രഹിതമായി പെരുമാറുന്ന കാഴ്ചയാണ് വയനാട്ടിൽ കാണുന്നത്.

അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാട്ടെൽ എന്ന സ്ഥാപനത്തിന് വലിയ തോതിൽ വായ്പകൾ സമാഹരിച്ചിരുന്നു. എസ്.ബി.ഐ മാത്രം 3600 കോടിയാണ് വായ്പ കൊടുത്തത്. ചൈനീസ് ബാങ്കിൽ നിന്നടക്കം ആകെ നാൽപ്പത്തി ഏഴായിരത്തിലധികം കോടി രൂപ അവർ കിട്ടാക്കടം ആക്കി മാറ്റി. ഈ കിട്ടാക്കടം നിൽക്കുമ്പോഴും ഏതാണ് 43500 ടവറുകൾ ഇവർക്കുണ്ട്, ഏതാണ്ട് 170000 കിലോമീറ്റർ മണ്ണിനടിയിലെ കേബിൾ ഉണ്ട്. ഇതിന്റെ നാലിലൊരു ഭാഗം തൂക്കി വിറ്റാൽ ഈ പണം കിട്ടും. പക്ഷെ ഇവർ ഐ.ബി.സി ( insolvency and bankruptcy code 2016 ) പ്രകാരം വായ്പ ഹെയർ കട്ട് ചെയ്യുകയാണ് ചെയ്തത്. വൻകിട കുത്തക കമ്പനികളുടെയെല്ലാം വലിയ വായ്പകൾ ചെറിയ ശതമാനം മാത്രം തിരിച്ചടച്ച് മറ്റൊരു കമ്പനിക്ക് വിലക്കെടുക്കാൻ സാധിക്കുന്നതാണ് ഹെയർ കട്ട്. അനിൽ അംബാനിയുടെ ഈ വായ്പ ചേട്ടൻ മുകേഷ് അംബാനി വിലക്കെടുക്കുത്തു. ഏകദേശം നാനൂറ് കോടി രൂപക്കാണ് ഇങ്ങനെ വിലക്കെടുക്കുന്നത്. അതായത് 47281 കോടി രൂപയുടെ കടത്തിൽ ബാങ്കുകൾക്ക് കിട്ടുന്നത് ഈ ചെറിയ തുകയാണ്. ഇത്തരത്തിൽ വൻകിട കുത്തക കമ്പനികൾക്ക് യഥേഷ്ടം പ്രവർത്തിക്കാനുള്ള സൗകര്യം കേന്ദ്ര സർക്കാർ ചെയ്തു കൊടുക്കുകയാണ്. നമ്മളെ ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള കൊള്ളയാണ് ഈ മേഖലയിൽ നടക്കുന്നത്. ആ കൊള്ള നടത്തുന്ന സർക്കാരാണ് നിലവിലുണ്ടായിരുന്ന നിയമത്തിലെ പഴുതുകൾ അടച്ച് ഈ ജനവിരുദ്ധമായ പ്രവർത്തനം നടത്തുന്നത്. ഇത് വയനാട്ടിലെ മാത്രം ജനങ്ങളുടെ പ്രശ്‌നമല്ല, നാളെ എവിടെയും സംഭവിക്കാം.”- എ.കെ രമേശ് പറഞ്ഞു.

പ്രധാനമന്ത്രി വയനാട്ടിലെത്തിയപ്പോൾ ആശുപത്രിയിൽ വെച്ച് നേരിട്ട് സംസാരിച്ച ദുരിതബാധിതയായ ജസീല, കേന്ദ്ര അവഗണനയിലും വായ്പ എഴുതിത്തള്ളാത്തതിലുമുള്ള നിരാശ ട്രൂകോപ്പി തിങ്കുമായി പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രിയോട് നേരിട്ട് സംസാരിച്ചത് കൊണ്ട് വലിയ പ്രതീക്ഷ ഉണ്ടായിരുന്നെന്നും എന്നാൽ ഇപ്പോൾ വലിയ സങ്കടമുണ്ടെന്നും അവർ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
“പ്രധാനമന്ത്രി വന്നപ്പോൾ എന്റെ മോൾ പെട്ടന്ന് എണീറ്റ് കൈ കൊടുക്കുകയും അദ്ദേഹം തിരിച്ച് മോളെ കെട്ടിപ്പിടിക്കുകയും ചെയ്തു. ആ സംസാരവും കെട്ടിപ്പിടിച്ചതുമെല്ലാം കണ്ടപ്പോൾ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. അവർ നമ്മളെ കൈവിടില്ല എന്ന് തന്നെയാണ് വിചാരിച്ചത്. ഞാനും പ്രധാനമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. നമ്മൾ പറയുന്നത് എല്ലാം കൂടെ ഉള്ള ആളുകൾ പ്രധാനമന്ത്രിക്ക് തർജമ ചെയ്തു കൊടുത്തിരുന്നു. ഇതെല്ലാം കണ്ടപ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാലിപ്പോൾ ഇവിടെ വന്ന് ഇതെല്ലാം കണ്ടിട്ടും ഒരു തീരുമാനവുമാകാതെ നിൽക്കുമ്പോൾ വലിയ സങ്കടമുണ്ട്. രണ്ട് മക്കളും ഭർത്താവും ഭർത്താവിന്റെ ഉപ്പയും ഉമ്മയും മരിച്ചു. കുടുംബത്തിന്റെ ആവശ്യത്തിനാണ് വായ്പ എടുത്തത്. ഇനി ഒറ്റക്ക് ഞാനെങ്ങനെ അത് തിരിച്ചടക്കും?” - ജസീല പറയുന്നു.
മൂന്ന് മക്കളുള്ള ജസീലയുടെ രണ്ട് മക്കളും ഭർത്താവും ദുരന്തത്തിൽ മരിച്ചിരുന്നു. രക്ഷപ്പെട്ട മകളോടൊപ്പമുള്ള പ്രധാനമന്ത്രിയുടെ ഫോട്ടോ പി ആർ ഏജൻസികൾ ഗംഭീരമായി പ്രചരിപ്പിച്ചു. ദുരന്ത ഭൂമിയിലും ആശുപത്രികളിൽ കിടക്കുന്ന ദുരതബാധിതരുടെയും അടുത്തെത്തി അവരെ ആശ്വസിപ്പിക്കുന്ന കുറച്ചു ഫോട്ടോ എടുത്തു എന്നല്ലാതെ പ്രധാനമന്ത്രിയുടെ ആ വരവ് കൊണ്ട് കേരളത്തിനോ മുണ്ടക്കൈയിലെ ദുരിതബാധിതരായ മനുഷ്യർക്കോ യാതൊരു ഗുണവും ഉണ്ടായിട്ടില്ല.
Also Read: കടം എഴുതിത്തള്ളാൻ വൈകുന്നതെന്ത്?,
ആശങ്കയിലാണ് മുണ്ടക്കൈ ദുരിതബാധിതർ




