മുത്തങ്ങയിൽ ഭൂസമരം നടത്തിയ ഗോത്രസമൂഹത്തിനു നേരെ 2003 ൽ പൊലീസ് നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കവിത സംസാരിക്കുന്നു. അന്ന് ഇരുപതുകളുടെ തുടക്കത്തിലായിരുന്നു കവിതയുടെ പ്രായം. അന്നേറ്റ മർദ്ദനത്തിൻ്റെയും പ്രതിചേർക്കപ്പെട്ട് പിന്നീടുള്ള 23 വർഷം കോടതികൾ കയറിയിറങ്ങിയതിൻ്റെയും വേദന കവിതയുടെ കണ്ണുകളിൽ നിറഞ്ഞ് കിടക്കുന്നുണ്ട്. ഗോത്രജനതയുടെ ഭൂമിയ്ക്കു വേണ്ടിയുള്ള അവകാശസമരം, നീതിയ്ക്കായുള്ള വേദന സഹിച്ച് ഈ കാലത്തും മുന്നോട്ടു പോവുകയാണ്. കവിതയുടെ പങ്കാളി അനിൽകുമാറും ഗോത്ര മഹാസഭാ പ്രവർത്തകരായ ബിനുവും രമേശനും ഗീതാനന്ദനുമെല്ലാം പൊലീസുകാരനെ ആക്രമിച്ചുവെന്ന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ടപ്പോൾ അനുഭവിച്ച വേദനയെക്കുറിച്ചും കവിത സംസാരിക്കുന്നു. പൊതു സമൂഹം ഈ പറച്ചിൽ കേൾക്കണം. അടിച്ച് പൊട്ടിച്ച തലയിൽ വീണ്ടും ലാത്തികൊണ്ട് കുത്തുന്ന പൊലീസിൻ്റെ ക്രൂരതയെക്കുറിച്ചാണ് ഈ സംഭാഷണം.
