ഗവർണർ: അധികാര പരിധിയും പരിധി ലംഘനവും

യൂണിവേഴ്‌സിറ്റികൾ സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിൽ പെട്ടതാണ്. യഥാർത്ഥത്തിൽ യൂണിവേഴ്‌സിറ്റി കാര്യങ്ങളിൽ ചാൻസലറുടെ അധികാരം വളരെ പരിമിതമാണ്. എന്നിട്ടും, വൈസ് ചാൻസലർ നിയമനം, യൂണിവേഴ്‌സിറ്റികളിലെ മറ്റു പോസ്റ്റുകളിലെ നിയമനം എന്നിവയിലെല്ലാം ചാൻസലർമാരായ ഗവർണർമാർക്കാണ് അന്തിമ അധികാരം എന്നാണ് കേരള ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാന്റെ വാദം. ഗവർണർമാരുടെ അമിതാധികാര പ്രവണത ഭരണഘടനാവിരുദ്ധമാണെന്ന്​ അഡ്വ.​ കെ.പി. രവിപ്രകാശ്​.

ഹാരാഷ്ട്രയിലെയും തമിഴ്‌നാട്ടിലെയും ബംഗാളിലെയും കേരളത്തിലെയും ഗവർണർമാർ അതതു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത സർക്കാരുകൾക്കെതിരെ കടുത്ത ഭീഷണി ഉയർത്തിക്കൊണ്ടിരിക്കയാണ്. ഇവർ നാലുപേരും സംസ്ഥാന യൂണിവേഴ്‌സിറ്റികളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് അമിതാധികാര പ്രവണത കാണിക്കുന്നത്.

വൈസ് ചാൻസലർ നിയമനം, യൂണിവേഴ്‌സിറ്റികളിലെ മറ്റു പോസ്റ്റുകളിലെ നിയമനം എന്നിവയിലെല്ലാം ചാൻസലർമാരായ ഗവർണർമാർക്കാണ് അന്തിമ അധികാരം എന്നാണ് അവരുടെ വാദം. ചാൻസലർ ആയ ഗവർണർ പറയുന്നത് അനുസരിക്കലാണ് വൈസ് ചാൻസലറുടെ ചുമതല എന്ന രീതിയിൽ വരെയായി ഗവർണർമാരുടെ പെരുമാറ്റരീതി.

കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഒരു പടികൂടി കടന്ന് കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ്​ രവീന്ദ്രനെ ക്രിമിനൽ എന്നും പാർട്ടി കേഡർ എന്നും വിളിച്ച് അപഹസിക്കുന്ന രീതിവരെയെത്തി കാര്യങ്ങൾ.

പ്രൊഫ. ഗോപിനാഥ്​ രവീന്ദ്രൻ

ഗവർണർക്ക്​ എന്തുചെയ്യാൻ കഴിയും?

യഥാർത്ഥത്തിൽ യൂണിവേഴ്‌സിറ്റി കാര്യങ്ങളിൽ ചാൻസലറുടെ അധികാരം വളരെ പരിമിതമാണ്. യൂണിവേഴ്‌സിറ്റികൾ സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിൽ പെട്ടതാണ്. അത് നന്നായി നടക്കുന്നതിനാവശ്യമായ ഉപദേശങ്ങൾ (അതിന് കഴിവുള്ളവരാണെങ്കിൽ) നൽകുക മാത്രമാണ് ഗവർണർക്ക് ചെയ്യാൻ കഴിയുന്നത്. വി.സി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെർച്ച് കമ്മിറ്റി നിർദേശങ്ങൾ പരിഗണിക്കുക, യൂണിവേഴ്‌സിറ്റിയിലെ കോൺവെക്കേഷനിൽ ആചാരമര്യാദകളോടെ പങ്കെടുക്കുക എന്നതു മാത്രമാണ്, ഗവർണർമാരുടെ ചുമതല. ഇത് മാത്രമാണ് അവർ ഇക്കാര്യത്തിൽ നിർവഹിച്ചുവന്നിരുന്ന ചുമതലയും.

കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽവച്ച് 2019-ൽ നടന്ന ചരിത്രകോൺഗ്രസിൽ വസ്തുതാവിരുദ്ധമായി സംസാരിച്ച ഗവർണർക്കെതിരെ അവിടെ സന്നിഹിതരായിരുന്ന ചരിത്രബോധമുള്ളവർ പ്രതികരിച്ചു. അത് ഗവർണർക്ക് അവമതിപ്പുണ്ടാക്കുകയും അതിന് കാരണക്കാരൻ കണ്ണൂർ വി.സി.യാണെന്ന നിലക്കുമായിരുന്നു ഗവർണറുടെ പിന്നീടുള്ള ഇടപെടൽ.

കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ പിന്നീട് നടന്ന പ്രൊഫസർ നിയമനത്തിൽ യോഗ്യത കുറഞ്ഞ ആളെ പാർട്ടി ബന്ധു എന്ന നിലയിൽ നിയമിച്ചു എന്നാണ് ഗവർണർ ഇപ്പോൾ ആരോപിക്കുന്നത്. ഇക്കാര്യത്തിൽ ഗവർണർക്ക് ചെയ്യാൻ കഴിയുന്നതെന്താണ്? പരാതി കിട്ടിയാൽ പരിശോധിക്കാം. വി.സി.യോട് വിശദീകരണം ആവശ്യപ്പെടാം. വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ നിർദേശിക്കാം. അതിനപ്പുറമൊന്നും ഗവർണർക്ക് അധികാരമില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി സ്വന്തം നിലക്ക് നടപടിയെടുക്കുന്നത് ഗവർണർ പദവിക്ക് യോജിച്ചതല്ല. അതിനുള്ള സംവിധാനവും ഗവർണർക്കില്ല. പരാതിക്കാർ വി.സി.യുടെ നടപടിയിൽ തൃപ്തരല്ലെങ്കിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടത്. അല്ലാതെ തെരഞ്ഞെടുത്ത സർക്കാരിന് മുകളിലിരുന്നുകൊണ്ട് ഗവർണർ രാജാവുകളിക്കുകയല്ല വേണ്ടത്. കേന്ദ്രം ഭരിക്കുന്നവരുടെ രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കാനല്ല ഗവർണറെ നിയമിച്ചിരിക്കുന്നത്. മറിച്ച്, മൂല്യവത്തായ ഇന്ത്യൻ ഭരണഘടന ഏല്പിച്ചിരിക്കുന്ന ചുമതലകൾ നിർവഹിക്കാനാണ്.

കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽവച്ച് 2019-ൽ നടന്ന ചരിത്രകോൺഗ്രസിൽ വസ്തുതാവിരുദ്ധമായി സംസാരിച്ച ഗവർണർക്കെതിരെ പ്രതികരിയ്ക്കുന്ന ചരിത്രകാരൻ ഇർഫാൻ ഹബീബ്. / Photo : @keralagovernor

ഭരണഘടനയും ഗവർണറും

1858-ലെ ‘ദി ഗവൺമെൻറ്​ ഓഫ് ഇന്ത്യ ആക്ട്' പ്രകാരം, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യയുടെ അധികാരം ബ്രിട്ടീഷ് രാജ്ഞിക്കു കൈമാറുന്ന സാഹചര്യത്തിൽ പ്രൊവിൻഷ്യൽ ഭരണം സുഗമമാക്കുന്നതിനാണ് ആദ്യമായി ഗവർണർപദവി ആരംഭിക്കുന്നത്. ബ്രിട്ടീഷ്​ രാജ്​ഞിയുടെ ഏജന്റായി പ്രവർത്തിക്കുക എന്നതായിരുന്നു ഗവർണറുടെ ഉത്തരവാദിത്തം.
1935-ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് നിലവിൽ വന്നതോടെ ഗവർണറുടെ ചുമതലകളിൽ ചില പരിഷ്‌കാരങ്ങൾ കൊണ്ടുവന്നു. പ്രൊവിൻസുകളിൽ സമാധാനം സൃഷ്ടിക്കുന്നതിന് പരിശ്രമിക്കുക, ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ പ്രത്യേക അവകാശങ്ങൾകൂടി ഗവർണറുടെ അധികാരപരിധിയിൽ വന്നു.

1937 മുതൽ ഗവർണറുടെ ഇടപെടലുകൾ ജനാധിപത്യപരമായി തെരഞ്ഞെടുക്കുന്ന ഗവൺമെൻറുകളെ ബുദ്ധിമുട്ടിലാക്കുമെന്ന് കോൺഗ്രസ് ആക്ഷേപമുന്നയിച്ചിരുന്നു. ഇന്ത്യ സ്വതന്ത്രമായതോടെ, നിലവിലെ ഗവർണർപദവിയിൽ സമഗ്രപരിഷ്‌കരണം ആവശ്യമായി വന്നു.
ഭരണഘടനാനിർമ്മാണസഭയിലെ പ്രധാനപ്പെട്ട ചർച്ചകളിൽ ഒന്നായിരുന്നു ഗവർണർപദവി. ഫെഡറൽ സംവിധാനത്തിൽ കേന്ദ്രഭരണത്തിന് ‘പ്രസിഡൻറ്’​പദവി എന്നപോലെ പ്രൊവിൻസുകളുടെ ഭരണത്തിന് ‘ഗവർണർ' എന്നായിരുന്നു പ്രധാന ചർച്ച. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുപോലെതന്നെ സംസ്ഥാനതലത്തിൽ ഇലക്ടറൽ കോളേജുണ്ടാക്കി ഗവർണറെ തെരഞ്ഞെടുക്കണം എന്നായിരുന്നു നിർദ്ദേശം. ഭരണഘടനയിൽ പ്രസിഡന്റിനു നൽകുന്ന സ്ഥാനംപോലെ തന്നെ ഗവർണർക്കും സ്ഥാനം വേണമെന്ന ചർച്ച ഉയർന്നുവന്നു. എന്നാൽ പൊതുചർച്ചയിലൂടെ ചില സമവായം ഉരുത്തിരിഞ്ഞുവരികയായിരുന്നു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം ശകതിപ്പെടുത്തുക, ഭരണഘടനാമൂല്യങ്ങളിൽ ഉറച്ചുനിന്ന് കേന്ദ്രസർക്കാരിന്റെയും പ്രസിഡന്റിന്റെയും താത്പര്യങ്ങൾ സംരക്ഷിക്കുക, കേന്ദ്ര- സംസ്ഥാനബന്ധം രാഷ്ട്രീയത്തിന്നതീതമായി ശകതിപ്പെടുത്തുക തുടങ്ങിയവയായിരിക്കണം ഗവർണറുടെ ഉത്തരവാദിത്തങ്ങളെന്ന് അംഗീകരിക്കപ്പെട്ടു.

കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പ്രധാനമന്ത്രി നരേന്ദ്രമോദിയും. / Photo : Wikimedia Commons

കേന്ദ്ര- സംസ്ഥാന ഗവൺമെൻറുകളോട്​ പ്രത്യേക ചായ്​വ്​ കാണിക്കാത്ത, എന്നാൽ ഭരണഘടനാമൂല്യങ്ങളോടും ലക്ഷ്യങ്ങളോടും നീതി പുലർത്തുന്നവരായിരിക്കണം ഗവർണർമാർ എന്ന പൊതുതത്വമനുസരിച്ച് ഗവർണർമാരെ തെരഞ്ഞെടുക്കണമെന്നും കേന്ദ്രസർക്കാരിന്റെ അനുമതിയോടെ സംസ്ഥാന സർക്കാരുമായാലോചിച്ച് പ്രസിഡന്റിന് ഗവർണറെ തീരുമാനിക്കാമെന്നുമുള്ള നിർദ്ദേശം അംഗീകരിക്കപ്പെട്ടു.
153 മുതൽ 164 വരെയുള്ള ഭരണഘടനാ അനുച്ഛേദങ്ങൾ ഗവർണറുമായി ബന്ധപ്പെട്ടതാണ്. അനുച്ഛേദം 153 പ്രസിഡൻറ്​ ഗവർണറെ നിയമിക്കുന്നതുസംബന്ധിച്ചാണ് പറയുന്നത്. ഒരേസമയം രണ്ടു സ്റ്റേറ്റുകളിൽ വരെ ഗവർണറായിരിക്കാൻ ഒരാൾക്ക് കഴിയും. 35 വയസ്സ് പൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനെയും ഗവർണറാക്കാൻ കഴിയും. അനുച്ഛേദം 156 പ്രകാരം 5 വർഷമാണ് ഗവർണറുടെ നിയമനകാലാവധിയെങ്കിലും പ്രസിഡന്റിന് എപ്പോൾ വേണമെങ്കിലും ഗവർണറെ മാറ്റാം. കേന്ദ്രസർക്കാരും പ്രസിഡന്റും സംസ്ഥാന മുഖ്യമന്ത്രിയുമായി ആലോചിച്ചുവേണം ഗവർണറെ തീരുമാനിക്കേണ്ടത് എന്ന കീഴ്​വഴക്കമുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടാറില്ല. മണിബിൽ ഒഴികെയുള്ള മറ്റു ബില്ലുകൾ നിയമസഭ പാസ്സാക്കി നിയമമാക്കണമെങ്കിൽ ഗവർണറുടെ അംഗീകാരം ലഭിച്ചിരിക്കണം. അംഗീകാരം നൽകാതെ തിരിച്ചയച്ചാൽ വീണ്ടും അംഗീകാരത്തിനായി നിയമസഭയ്ക്ക് അയയ്ക്കാവുന്നതാണ്. ഈ സാഹചര്യത്തിൽ ഗവർണർ അംഗീകാരം നൽകുകയാണു പതിവ്. അനുച്ഛേദം 200-ഉം 201-ഉം സംസ്ഥാന ഗവൺമെൻറ്​​ പാസ്സാക്കുന്ന ബില്ലുകൾ നിയമമാക്കുന്നതു സംബന്ധിച്ച് ഗവർണറുടെ അധികാരങ്ങളാണ് സൂചിപ്പിച്ചിട്ടുള്ളത്.

ഭരണഘടനാപരമായി ഗവർണർക്ക് ഒരു സംരക്ഷകന്റെ റോളാണുള്ളത്. സംസ്ഥാന നിയമങ്ങൾ ഭരണഘടനാപരമല്ലേ, കേന്ദ്രസർക്കാരുണ്ടാക്കുന്ന നിയമങ്ങൾക്കനുസൃതമായല്ലേ സംസ്ഥാനങ്ങളും മുന്നോട്ടുപോകുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഗവർണർ പരിശോധിക്കേണ്ടത്. കേന്ദ്ര- സംസ്ഥാന തർക്കങ്ങളിൽ എരിതീയിൽ എണ്ണയൊഴിക്കാതെ വെള്ളമൊഴിച്ച് അണയ്ക്കുന്ന നല്ലൊരു കാരണവർ റോളാണ് എന്നുവേണമെങ്കിൽ പറയാം. അത്തരമൊരു റോളിലാണോ ഗവർണർമാർ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കേണ്ടതുതന്നെയാണ്. കേന്ദ്രസർക്കാർ പലപ്പോഴും അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു കാര്യസ്ഥനായിട്ടാണ് ഗവർണർമാരെ കാണുന്നത്. 1952 മുതലുള്ള ഇന്ത്യയുടെ ചരിത്രത്തിൽ ഗവർണർമാരുടെ അമിതരാഷ്ട്രീയ വിധേയത്വത്തിന്റെ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. ഇ.എം.എസ്. മന്ത്രിസഭയുടെ പതനം മുതൽ ഇപ്പോഴത്തെ ഗവർണർ പൗരത്വബില്ലുമായി ബന്ധപ്പെട്ട് കേരളനിയമസഭ പാസ്സാക്കിയ പ്രമേയത്തിനോടെടുത്ത സമീപനം, യൂണിവേഴ്‌സിറ്റി നിയമനങ്ങൾ വരെയുള്ള നടപടികൾ പരിശോധിച്ചാൽ ഗവർണർമാരുടെ രാഷ്ട്രീയവിധേയത്വം ബോദ്ധ്യമാകാവുന്നതേയുള്ളൂ.

പി.വെങ്കിട സുബ്ബയ്യ. / Photo : Wikimedia Commons

എസ്.ആർ.ബൊമ്മെ v/s യൂണിയൻ ഓഫ് ഇന്ത്യ(എ.1994 എസ്. സി 1918) കേസിൽ കർണാടക ഗവർണറായിരുന്ന പി.വെങ്കിട സുബ്ബയ്യയെ നിശിതഭാഷയിലാണ് ജസ്റ്റിസ് കുൽദിപ്‌സിങ്ങും ജസ്റ്റിസ് സാവന്തും വിമർശിച്ചത്. നിയമസഭാംഗങ്ങൾ ആയ 19 പേർ ഒപ്പിട്ട കത്തിന്റെ വാസ്തവികത (genuinity) ഉറപ്പുവരുത്താതെ സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കാണിച്ച വ്യഗ്രത ഭരണഘടനയുടെ മൂല്യത്തെ തകർക്കുന്നതാണെന്നാണ് അവർ സൂചിപ്പിച്ചത്. 19 പേരിൽ 7 പേർ പിന്നീട് തങ്ങൾ ഒപ്പിട്ടിട്ടില്ലായെന്ന സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ച സാഹചര്യത്തിൽ ആയിരുന്നു പ്രസ്തുത വിമർശനം.

സമാനമായ ഗവർണർ ഇടപെടലുകൾ മേഘാലയയിലും നാഗാലാൻഡിലും ഉണ്ടായത് കോടതികൾ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഗവർണർമാരുടെ യൂണിവേഴ്‌സിറ്റികളിലെ ഇടപെടൽ അമിതാധികാരമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര സർക്കാർ ഗവർണർമാരുടെ വി.സി.നിയമനത്തിന്മേലുള്ള അധികാരം ചുരുക്കിക്കൊണ്ട് നിയമം പാസ്സാക്കി. തമിഴ്‌നാട് സർക്കാർ പുതിയ നിയമം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.

ആരിഫ്​ മുഹമ്മദ്​ ഖാന്റെ പ്രതിഷേധങ്ങൾ

കേരളത്തിൽ ഈ അടുത്തകാലത്ത് ഉയർന്നുവന്ന ചർച്ചകൾ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുമായി ബന്ധിപ്പിച്ച് ചർച്ചചെയ്യേണ്ടതാണ്. പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉയർത്തിയ പ്രതിഷേധസ്വരങ്ങളെ വിമർശനപരമായിത്തന്നെ പരിശോധിക്കണം. അദ്ദേഹത്തോട് ചോദിക്കാനുള്ളത്, ആരുടെതാണ് ഭരണഘടന എന്നതാണ്. ഭരണഘടന ഇന്ത്യയിലെ ജനങ്ങളുടെതാണ്. ‘ഞങ്ങൾ ജനങ്ങൾ’ എന്നാണ് ഭരണഘടനയുടെ ആദ്യവാചകം ആരംഭിക്കുന്നത്. ഞങ്ങൾ ഇന്ത്യയിലെ പാർലമെന്റിലെ ഭൂരിപക്ഷാംഗങ്ങൾ എന്നല്ല. പാർലമെന്റും മറ്റ് സംവിധാനങ്ങളും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെ സംരക്ഷിക്കാനുള്ള ഉപാധികൾ മാത്രമാണ്. അതിലെ ഒരു കണ്ണി മാത്രമാണ് കേരളത്തിലെ ഗവർണറും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്

പാർലമെന്റിൽ ഭൂരിപക്ഷം ലഭിച്ചെങ്കിലും പൗരത്വഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിലെ തെരുവുകളിലും സംസ്ഥാനനിയമസഭകളിലും വ്യാപക പ്രതിഷേധം നടക്കുകയാണ്. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതേതരമൂല്യങ്ങൾക്കു വിരുദ്ധമാണ് ഈ നിയമമെന്നാണ് ഭൂരിപക്ഷം ജനങ്ങളും പറയുന്നത്. ഈ സാഹചര്യത്തിലാണ് കേരള നിയമസഭ പ്രമേയം പാസാക്കുന്നത്. ഇക്കാര്യം പ്രസിഡന്റിന്റെയും കേന്ദ്രസർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരിക എന്നതുമാത്രമാണ് അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. അതിനുപകരം പക്ഷം പിടിച്ച് നിയമസഭയും കേരളത്തിലെ ജനങ്ങളും ഭരണഘടനാവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നാണ് അദ്ദേഹം പ്രചരിപ്പിക്കുന്നത്. ഇത് അംബേദ്കറും നെഹ്‌റുവും അല്ലാഡി കൃഷ്ണസ്വാമിയെപ്പോലുള്ളവരും സ്വപ്നംകണ്ട ജനാധിപത്യവ്യവസ്ഥയ്ക്ക് വിരുദ്ധമാണ്.

ഗവർണർമാർ അതിരുകടന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ഗവർണർമാരുടെ അധികാരപരിധി ക്രമപ്പെടുത്തുന്നതിനായി 1988-ൽ ജസ്റ്റിസ് സർക്കാരിയ അദ്ധ്യക്ഷനായ സർക്കാരിയ കമീഷൻ വരുന്നത്. കമീഷൻ നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചെങ്കിലും അതൊന്നും നടപ്പിലാക്കാൻ കേന്ദ്രം ഭരിച്ചവർ തയ്യാറായില്ല. കമീഷന്റെ പ്രധാന നിർദ്ദേശങ്ങൾ ഇവയായിരുന്നു:

ഗവർണർമാർ രാഷ്ട്രീയപ്രവർത്തകരാകരുത്. അവർ സമൂഹത്തിൽ അറിയപ്പെടുന്നവരും മാന്യതയുള്ളവരുമായിരിക്കണം. സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരായിരിക്കണം ഗവർണർമാരായി വരേണ്ടത്. സംസ്ഥാന രാഷ്ട്രീയവുമായി ബന്ധപ്പെട്ടവരാകരുത്. അടുത്ത കാലങ്ങളിലൊന്നും രാഷ്ട്രീയപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരായിരിക്കരുത്. (നമ്മുടെ സംസ്ഥാനത്തെ ഒരു പ്രധാന രാഷ്ട്രീയകക്ഷിയുടെ പ്രസിഡന്റുമാർ ഗവർണർമാരായിപ്പോയത് ഈ സാഹചര്യത്തിൽ ഓർക്കുന്നത് നന്നായിരിക്കും.) കേന്ദ്രം ഭരിക്കുന്ന പാർട്ടിയിൽപ്പെട്ടവരെ ഗവർണർമാരാക്കുന്നത് കഴിയുന്നതും ഒഴിവാക്കണം. മുഖ്യമന്ത്രിയുമായി ആലോചിച്ചുവേണം ഗവർണറെ തീരുമാനിക്കാൻ. വൈസ് പ്രസിഡന്റും ലോക്‌സഭാ സ്പീക്കറുമായി ചർച്ച ചെയ്തുവേണം തീരുമാനം കൈക്കൊള്ളാൻ. അഞ്ചുവർഷത്തിനിടയ്ക്ക് ഗവർണറെ മാറ്റുന്ന സാഹചര്യം കഴിയുന്നത്ര ഒഴിവാക്കണം. ഗവർണറായി പിരിഞ്ഞതിനുശേഷം രാഷ്ട്രീയപ്രവർത്തനത്തിൽ ഇറങ്ങരുത്.

ഇങ്ങനെ നിരവധി നിർദ്ദേശങ്ങളാണ് സർക്കാരിയ കമീഷൻ മുന്നോട്ടുവച്ചത്. പക്ഷേ, വർഷം 30 കഴിഞ്ഞിട്ടും ഗവർണർമാർക്കെതിരേ നിരവധി പരാതികളുണ്ടായിട്ടും പാർലമെന്റിന് ഗവർണർമാരെ ഭരണഘടനയുടെ അന്തഃസ്സത്ത ബോദ്ധ്യപ്പെടുത്താൻ കഴിയുന്നത്ര വിധത്തിലുള്ള ഭരണഘടനാഭേദഗതി കൊണ്ടുവരാനായിട്ടില്ല എന്നതാണ്​ സത്യം. ജനാധിപത്യവ്യവസ്ഥയിൽ ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വരെയാണ് ഗവർണർമാരാക്കേണ്ടത്. എന്നാലേ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടുകയുള്ളൂ.

Comments