ക്ഷേത്രപ്രവേശന വിളംബരത്തിലേക്ക് കേരളം എത്തിയതെങ്ങനെ?

ക്ഷേത്രപ്രവേശനവാദത്തെ സവർണപക്ഷ പാരമ്പര്യവാദികൾ എങ്ങനെയാണ് നേരിട്ടതെന്നു തെളിയിക്കുന്ന രേഖകൾ പരി​ശോധിച്ചാൽ, അതിവേഗം ഹിന്ദുത്വവൽക്കരിക്കപ്പെടുന്ന സമകാല ഇന്ത്യൻ സമൂഹജീവിതത്തിൽ നിന്നുയരുന്ന ബ്രാഹ്‌മണിക് വാദങ്ങൾ നവോത്ഥാന പൂർവ സമൂഹത്തിലേക്കുള്ള തിരിച്ചു പോക്കിന്റെ സൂചനയാണ് എന്ന് മനസ്സിലാക്കാം. ശബരിമല മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട ചർച്ചകളുടെ പശ്ചാത്തലത്തിൽ ഒരു വിശകലനം

കേരളത്തിൽ ആരാധനാ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അവർണരുടെ സമരത്തിന് കുറഞ്ഞത് ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. ഈയൊരാവശ്യം ഇന്നും പൂർണമായും ലക്ഷ്യം നേടിയിട്ടില്ലെന്ന് ശബരിമല മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട വാർത്തകളിൽ നിന്ന് വ്യക്തമാകുന്നു.

തിരുവിതാംകൂറിന്റെ സവിശേഷമായൊരു രാഷ്ട്രീയ സന്ദർഭത്തിൽ സി.വി. കുഞ്ഞിരാമനാണ് ക്ഷേത്ര പ്രവേശന വാദം തുടങ്ങി വക്കുന്നത്. പിന്നീടത് കേരളത്തിലെ അവർണ നേതാക്കൾ ഏറ്റെടുത്തു. സവർണ സമുദായത്തിലെ പുരോഗമന ചിന്താഗതിക്കാരും അതിനെ പിന്തുണച്ചു.

ടി.കെ. മാധവൻ
ടി.കെ. മാധവൻ

ടി.കെ.മാധവൻ ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിന്റെ നേതൃമുഖമായി മാറി. 1919 ൽ എല്ലാ ജാതിക്കാർക്കും ക്ഷേത്രങ്ങളിൽ പ്രവേശനമനുവദിക്കണമെന്ന് അദ്ദേഹം ശ്രീമൂലം പ്രജാസഭയിൽ ആവശ്യപ്പെട്ടു. കാക്കിനഡ കോൺഗ്രസിൽ അവതരിപ്പിച്ച അയിത്തോച്ഛാടന പ്രമേയത്തിലൂടെ കേരളത്തിലെ പ്രക്ഷോഭങ്ങളെ ദേശീയ ശ്രദ്ധയിലെത്തിക്കാനും ടി.കെ.മാധവന് സാധിച്ചു. സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി തിരുവാർപ്പിലും വൈക്കത്തും ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചു നടന്ന സമരങ്ങൾ നവോത്ഥാന കേരളത്തിന്റെ ചരിത്രത്തിലെ നിർണായക സംഭവങ്ങളാണ്. ഈ സമയമായപ്പോഴേക്കും അവർണ ഹിന്ദുക്കൾക്കിടയിൽ മതം മാറ്റത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമായിക്കഴിഞ്ഞിരുന്നു. ഹിന്ദുമതം ഉപേക്ഷിക്കാനുള്ള തീരുമാനം ജാതി ഉന്മൂലനത്തിൽ ഡോ.ബി.ആർ.അംബേദ്കർ പറയുന്നുണ്ട്. ദേശീയതലത്തിലും, കേരളത്തിൽതന്നെയും മതം മാറ്റത്തെക്കുറിച്ചുള്ള ചർച്ച വളരുകയും മതം മാറ്റത്തിനുള്ള അഭിവാഞ്ഛ അവർണർക്കിടയിൽ ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് ക്ഷേത്രപ്രവേശന വിളംബരം എന്ന തീരുമാനത്തിലേക്ക് തിരുവിതാംകൂർ എത്തിയതെന്നു കരുതാൻ ന്യായമുണ്ട്.

അതിവേഗം ഹിന്ദുത്വവൽക്കരിക്കപ്പെടുന്ന സമകാല ഇന്ത്യൻ സമൂഹജീവിതത്തിൽനിന്നുയരുന്ന ബ്രാഹ്‌മണിക് വാദങ്ങൾ യഥാർത്ഥത്തിൽ നവോത്ഥാന പൂർവ സമൂഹത്തിലേക്കുള്ള തിരിച്ചു പോക്കിന്റെ സൂചനയാണ് എന്ന് തെളിയിക്കുന്ന രേഖകൾ നമ്മുടെ മുന്നിലുണ്ട്​

അവർണരുടെ ക്ഷേത്ര പ്രവേശനത്തെക്കുറിച്ചു പഠിച്ച് റിപ്പോർട്ട് നൽകാൻ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ മുൻപിൽ ക്ഷേത്രപ്രവേശനവാദത്തെ പാരമ്പര്യവാദികൾ ശക്തമായി എതിർത്തു. സവർണ സമൂഹങ്ങളിൽ നിന്ന് ഒപ്പുശേഖരണം നടത്തി നിരവധി നിവേദനങ്ങളും അവർ കമ്മിറ്റിക്കു മുമ്പിൽ സമർപ്പിച്ചിരുന്നു. കമ്മിറ്റിയുടെ ശുപാർശയും അവർണരുടെ ക്ഷേത്ര പ്രവേശനത്തിന് അനുകൂലമായിരുന്നില്ല . ക്ഷേത്രപ്രവേശനവാദത്തെ സവർണപക്ഷ പാരമ്പര്യവാദികൾ എങ്ങനെയാണ് നേരിട്ടതെന്നു തെളിയിക്കുന്ന രേഖകളാണ് ഈ നിവേദനങ്ങൾ. അതിവേഗം ഹിന്ദുത്വവൽക്കരിക്കപ്പെടുന്ന സമകാല ഇന്ത്യൻ സമൂഹജീവിതത്തിൽനിന്നുയരുന്ന ബ്രാഹ്‌മണിക് വാദങ്ങൾ യഥാർത്ഥത്തിൽ നവോത്ഥാന പൂർവ സമൂഹത്തിലേക്കുള്ള തിരിച്ചു പോക്കിന്റെ സൂചനയാണ് എന്ന് ഈ രേഖകൾ തെളിവു തരും. ബ്രാഹ്‌മണിക് അധികാരങ്ങളും ജാതീയ മേൽക്കോയ്മകളും തകർന്നു കഴിഞ്ഞിട്ടില്ലെന്നും പലരൂപത്തിൽ നമുക്കകമേ അവ ശക്തമായി തുടരുന്നുവെന്നും തിരിച്ചറിയുകയും അതിനെ പ്രതിരോധിക്കുകയും ചെയ്യുന്നത് ഹിന്ദുത്വരാഷ്ട്രീയത്തിലേക്കുള്ള പരിണാമം തടയാനും സഹായിക്കും.

ക്ഷേത്രപ്രവേശനത്തിനെതിരെ ഉയർന്ന സവർണവാദങ്ങൾ

ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചവരുടെ പ്രധാന ആയുധമായിരുന്നു മതംമാറ്റ ഭീഷണി. അവർണർക്കിടയിൽ മതംമാറ്റം ശക്തമായാൽ ഹിന്ദുമതം തിരുവിതാംകൂറിലെ ന്യൂനപക്ഷ മതമാകുമെന്ന് ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചിരുന്ന പുരോഗമനപക്ഷം യാഥാസ്ഥിതികരെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. സവർണ യാഥാസ്ഥിതികരായിരുന്ന പലരേയും നിലപാടുമാറ്റത്തിനു പ്രേരിപ്പിക്കുന്നതിൽ ഈ വാദത്തിന് വലിയ പങ്കുണ്ടായിരുന്നു. ജനാധിപത്യ ഭരണക്രമത്തിലേക്ക് തിരുവിതാംകൂർ മാറിക്കൊണ്ടിരിക്കെ തങ്ങൾ ന്യൂനപക്ഷ മതമായി മാറിയാൽ ഇപ്പോൾ കൈവശം വെച്ചനുഭവിക്കുന്ന അധികാരങ്ങൾ നഷ്ടപ്പെടാനിടയാക്കുമെന്ന് സവർണ ഹിന്ദുക്കളിൽ ഒരു വിഭാഗം ഭയന്നിരുന്നു. അവർണരുടെ മതം മാറ്റ ഭീഷണി ഒട്ടുമേ സ്വാധീനിക്കാത്ത സവർണരും തിരുവിതാംകൂറിൽ ധാരാളമുണ്ടായിരുന്നു. അവർ സർക്കാരിനു മുൻപിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി.

അവർണർ ഹിന്ദു മതത്തിന്റെ ഭാഗമല്ലെന്ന വാദം സവർണ യാഥാസ്ഥിതികർ ഉയർത്തി. ഇതിലൂടെ ക്ഷേത്രപ്രവേശന വാദത്തിന്റെ മുനയൊടിക്കാനാകുമെന്ന് അവർ കരുതി.

"ക്ഷേത്ര പ്രവേശന കമ്മിറ്റി മുൻപാകെ സവർണർ സമർപ്പിക്കുന്ന സ്റ്റേറ്റ്മെൻറ്​' എന്ന തലക്കെട്ടിൽ ഇരുപതിലധികം പേർ ഒപ്പിട്ടു നൽകിയ ഒരു നിവേദനത്തിൽ അക്കമിട്ടു നിരത്തിയിരിക്കുന്ന 14 വാദങ്ങളിൽ 13ാമത്തേത് അവർണരുടെ മതം മാറ്റത്തെക്കുറിച്ചാണ്. അതിങ്ങനെയാണ്: "സവർണരുടെ അസഹകരണം നിമിത്തം ഇവർ അന്യമതത്തിലേക്ക് പ്രവഹിക്കുന്നു എന്നും, നമ്മുടെ മതത്തിന് ബലഹാനി വരുന്നുവെന്നും, തന്നിവാരണാർത്ഥം ഇവരുമായിസ്സഹകരിക്കണമെന്നും പറയുന്നതിന്നും വാസ്തവത്തിൽ അർത്ഥമില്ല. അവൈദിക മാർഗാനുസാരികളായ അവർണർ ഇന്നുതന്നെ സവർണരിൽ നിന്ന് ഭിന്നമതക്കാരാകുന്നു. ഇവരുടെ മതപരിവർത്തനം സവർണരെ സംബന്ധിച്ച് യാതൊരു ഹാനിയുമില്ല. ഒരു കൃസ്ത്യന്റെ മതപരിവർത്തനവും ഇവരുടെ മതപരിവർത്തനവും സവർണദൃഷ്ട്യാ സമമാണ്. രണ്ടും അന്യമതക്കാരുടെ അന്യമത പ്രവേശമാകുന്നു. അവൈദിക മാർഗാനുസാരികളായ ഇവർ ഏതെങ്കിലും ഒരു വൈദിക മാർഗത്തെ അവലംബിക്കുന്നതിൽ സന്തോഷിക്കുകയാണ് സജ്ജനങ്ങൾ ചെയ്യുക.'

തങ്ങളും ഹിന്ദുമതത്തിന്റെ പരിധിക്കകത്ത് ഉൾപ്പെടുന്നവരാണ് എന്ന അവകാശത്തിലാണ് അവർണരുടെ ക്ഷേത്രപ്രവേശനവാദത്തിന്റെ അടിത്തറ. അതിനെ തകർക്കാൻ അവർണർ ഹിന്ദു മതത്തിന്റെ ഭാഗമല്ലെന്ന വാദം സവർണ യാഥാസ്ഥിതികർ ഉയർത്തി. ഇതിലൂടെ ക്ഷേത്രപ്രവേശന വാദത്തിന്റെ മുനയൊടിക്കാനാകുമെന്ന് അവർ കരുതി. അവർണർ മതം മാറുകയാണെങ്കിൽ അതിനർത്ഥം ഇന്നോളം വൈദിക മാർഗങ്ങളൊന്നും അവലംബിക്കാത്തവർ ഏതെങ്കിലുമൊരു വൈദികമാർഗത്തെ സ്വീകരിക്കുന്നു എന്നു മാത്രമാണെന്നും, അത് സന്തോഷകരമാണെന്നും അവർ പരിഹസിച്ചു.സവർണരെ സംബന്ധിച്ച് അവർണർ ഹിന്ദുമതത്തിന്റെ ഭാഗമല്ലായിരുന്നു. ഹിന്ദു മതത്തിന്റെ ഭാഗമല്ലാത്തവർ ഹിന്ദുമതാചാരപ്രകാരം സ്ഥാപിക്കപ്പെട്ട ക്ഷേത്രങ്ങളിൽ ആരാധന നടത്തണമെന്നാവശ്യപ്പെടുന്നത് അന്യായമായിട്ടാണ് സവർണ സമൂഹം കണ്ടത്. ഹിന്ദുക്ഷേത്രങ്ങളിൽ ആരാധന നടത്താൻ അനുവാദമില്ലാത്തതുകൊണ്ട് അവർണർ മതം മാറുകയാണെങ്കിൽ അത് അന്യമതക്കാരന്റെ അന്യമതപ്രവേശം മാത്രമാണെന്ന നിലപാടാണ് അന്നവർ അവർ സ്വീകരിച്ചത്.

അപരവൽക്കരണവും അശുദ്ധിവാദവും മാത്രം കൈമുതലായുള്ള ബ്രാഹ്‌മണിസത്തിന്റെ അമാനവികമായ മുഖം അനാവരണം ചെയ്യുന്നവയാണ് ക്ഷേത്ര പ്രവേശനത്തെ എതിർത്ത്​ സമർപ്പിക്കപ്പെട്ട നിവേദനങ്ങൾ എന്നു കാണാം.യാജ്ഞവൽക്യ സ്മൃതിയിലേയും തന്ത്രസമുച്ചയത്തിലേയും ഭഗവത്ഗീതയിലെയും പരാമർശങ്ങൾ ഉദ്ധരിച്ച് ക്ഷേത്രങ്ങളുടെ അകത്തുകടന്ന് ആരാധന നടത്താനുള്ള അവകാശം സർവണർക്കു മാത്രമാണെന്നും, വർണാശ്രമധർമ ബഹിഷ്‌കൃതരായ അവർണർക്ക് ക്ഷേത്രത്തിനകത്തുകടക്കാൻ അവകാശമില്ലെന്നും അവർ സമർത്ഥിച്ചു. അവർണർ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ക്ഷേത്രം അശുദ്ധമാകുമെന്നും ഈ അശുദ്ധി മൂലം ക്ഷേത്രങ്ങൾക്കകത്തെ ഈശ്വര സാന്നിധ്യം നശിച്ചുപോകുമെന്നും ആഗമവിധികളെ മുൻനിർത്തി നിവേദത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു കാണാം: ""ഭൂപരിഗ്രഹാദി ചതുർത്ഥസ്നാന പര്യന്തമുള്ള ക്രിയാകലാപം കൊണ്ടു ഈശ്വരസാനിദ്ധ്യമുണ്ടാവുകയും ,അശുദ്ധി പരിഹാരാദികളെക്കൊണ്ടു നിലനിൽക്കുകയും, ഉത്സവാദികളെക്കൊണ്ട് വർദ്ധിക്കുകയും ചെയ്യുന്നു എന്നാണ് ആഗമ സിദ്ധാന്തം. അശുദ്ധി പരിഹാരം നിലനിൽപ്പിന് കാരണമാണെന്നുള്ളതുകൊണ്ട് അശുദ്ധി സാന്നിധ്യത്തിന്നു ഹാനികരമാണെന്നു സിദ്ധമായിരിക്കുന്നു. ഉൽപ്പത്തിയും വളർച്ചയും കൽപ്പിക്കപ്പെടുന്ന ഒന്നിന് നാശം കൽപ്പിക്കപ്പെടുന്നത് അയുക്തമല്ല. വിശുദ്ധ - സത്വ സ്വരൂപമായ ചൈതന്യത്തിന്നു തമോരൂപമായ അശുദ്ധിയാൽ ഹാനി (അഭിഭവം)യുണ്ടാകുമെന്നതിന് യാതൊരു യുക്തിഹീനതയുമില്ല. "രജസ്തമശ്ചാഭിഭൂയ സത്വം ഭവതി ഭാരത.തമസ്സത്വം രജശ്ചൈവ, രജസ്സത്വം തമസ്തഥാ' എന്ന ഭഗവൽഗീതാ വചനത്താൽ ഇത് അനുഗ്രഹീതവുമാകുന്നു. കർമവിശേഷം കൊണ്ട് ഈശ്വരസാന്നിധ്യമുണ്ടാകുമെന്നുപദേശിക്കുന്ന ശാസ്ത്രങ്ങളെ വിശ്വസിക്കുന്നവർക്ക് അശുദ്ധികൊണ്ട് അതു നശിച്ചുപോകുമെന്നും വിശ്വസിക്കാതിരിക്കാൻ ന്യായമില്ല.''

നരനു നരൻ അശുദ്ധവസ്തു'വായി തീർന്നതിൽ ക്ഷേത്രാചാരങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. അതുകൊണ്ടാണ് ക്ഷേത്രപ്രവേശനം കേവലം ആചാരപങ്കാളിത്തമല്ലെന്നും മനുഷ്യരുടെ തുല്യതയെ സ്ഥാപിക്കുന്നതിനുള്ള സമരമാർഗമാണെന്നും പല നവോത്ഥാന ധാരകളും കരുതിയത്.

ബ്രാഹ്‌മണതന്ത്ര ഗ്രന്ഥങ്ങൾ പ്രകാരം ക്ഷേത്രത്തിലെ ഈശ്വരചൈതന്യം പൂജാദി കർമങ്ങൾകൊണ്ട് സൃഷ്ടിക്കുന്നതും ഉത്സവം മുതലായ ക്ഷേത്രചടങ്ങുകൾ നടത്തി വർദ്ധിപ്പിക്കാവുന്നതുമായ ഒന്നാണ്. ഇത്തരത്തിൽ വിശുദ്ധമെന്നു കരുതുന്ന കർമങ്ങളാൽ സൃഷ്ടിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്തു വരുന്ന ചൈതന്യം "അശുദ്ധ' വസ്തുക്കളുടെ സാന്നിധ്യവും സമ്പർക്കവുംകൊണ്ട് നശിച്ചുപോകുമെന്നാണ് വിശ്വാസം. അവർണർ ജന്മപരമായി തന്നെ അശുദ്ധിയുള്ളവരാകയാൽ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിലൂടെ ഈശ്വരചൈതന്യം നശിക്കുമെന്നായിരുന്നു സവർണവാദം. സവർണർ ജന്മനാവിശുദ്ധരും അവർണർ ജന്മത്താൽതന്നെ അശുദ്ധരുമാണെന്നാണ് ക്ഷേത്രവിലക്കിന്റേയും അയിത്താചരണത്തിന്റേയും പിന്നിലെ ബ്രാഹ്‌മണിക യുക്തി.

"മുമ്പോട്ടു കാലം കടന്നുപോയീടാതെ മുമ്പേ സ്മൃതികളാൽ കോട്ട കെട്ടി വമ്പാർന്നനാചാരമണ്ഡലച്ഛത്രരായ് നമ്പൂരാർ വാണരുളുന്ന നാട്ടിൽ' എന്ന വരികളോടെയാണ് കുമാരനാശാന്റെ ദുരവസ്ഥ ആരംഭിക്കുന്നതെന്ന് ഓർക്കാം. സ്മൃതികൾ ഉപയോഗിച്ച് ബ്രാഹ്‌മണ്യം കെട്ടിയ കോട്ടകളായിരുന്നു ഓരോ ക്ഷേത്രവും. അതിനകത്തും പുറത്തും "നരനു നരൻ അശുദ്ധവസ്തു'വായി തീർന്നതിൽ ക്ഷേത്രാചാരങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. അതുകൊണ്ടാണ് ക്ഷേത്രപ്രവേശനം കേവലം ആചാരപങ്കാളിത്തമല്ലെന്നും മനുഷ്യരുടെ തുല്യതയെ സ്ഥാപിക്കുന്നതിനുള്ള സമരമാർഗമാണെന്നും കേരള നവോത്ഥാനത്തിലെ ശക്തമായ പല ധാരകളും കരുതിയത്. വിശ്വാസികളും അല്ലാത്തവരുമായ വലിയൊരു വിഭാഗം ക്ഷേത്രേ്രേപവശനത്തിനായി ശബ്ദമുയർത്തിയതിന്റെ കാരണവും മറ്റൊന്നല്ല.

1946 ആഗസ്റ്റ് 25ന് കലഞ്ഞൂർ ക്ഷേത്ര മൈതാനത്ത്​ ചേരാൻ തീരുമാനിച്ച ചേരമർ സമുദായാംഗങ്ങളുടെ ആലോചനാ സമ്മേളനത്തിന്റെ നോട്ടീസ്‌
1946 ആഗസ്റ്റ് 25ന് കലഞ്ഞൂർ ക്ഷേത്ര മൈതാനത്ത്​ ചേരാൻ തീരുമാനിച്ച ചേരമർ സമുദായാംഗങ്ങളുടെ ആലോചനാ സമ്മേളനത്തിന്റെ നോട്ടീസ്‌

അവർണർ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ചൈതന്യം നശിക്കുമെന്നും, അങ്ങനെ സംഭവിക്കുന്നതോടെ ക്ഷേത്രപ്രവേശനം കൊണ്ട് അവർണർക്കും പ്രയോജനമില്ലാതായിത്തീരുമെന്നുമായിരുന്നു സവർണഹിന്ദുക്കളുടെ വിചിത്രമായ മറ്റൊരു വാദം. കമ്മിറ്റിക്കു മുൻപിൽ സമർപ്പിക്കപ്പെട്ട ഒരു നിവേദത്തിലെ പരാമർശം നോക്കുക: "ഈശ്വരാരാധനയ്ക്കു വേണ്ടി ക്ഷേത്രത്തിൽ പ്രവേശിക്കണമെന്നു വാദിക്കുന്ന അവർണർക്കും ഈശ്വരസാന്നിധ്യം നശിച്ചുപോയ ക്ഷേത്രങ്ങളെക്കൊണ്ട് വാസ്തവത്തിൽ യാതൊരു പ്രയോജനവുമില്ല. ഇന്നേവർക്കും ഉപകരിച്ചു കൊണ്ടിരിക്കുന്ന ദേവാലയങ്ങൾ ഇങ്ങനെ ആർക്കുമേതുമുപയോഗമില്ലാതെ അജാഗളസ്തന സഹോദരങ്ങളായി പരിണമിക്കും. അശുദ്ധിമൂലം ചൈതന്യ വിഹീനങ്ങളായിത്തീരുന്ന പ്രതിമകളെ വഹിച്ചുകൊണ്ടിരിക്കുന്ന ദേവതാ സ്ഥാനങ്ങൾ ശ്മശാനങ്ങളെന്നോണം ഏവരാലും വർജ്ജിക്കപ്പെടുന്നതാണ്. സർവ്വരുടേയും സർവ്വശ്രേയസ്സിനും നിദാന ഭൂതമായ ഒരു മഹൽ സ്ഥാപനത്തെ നിരുപയോഗമാക്കിത്തീർത്തു വിടുന്ന ഈ അവർണ ക്ഷേത്രപ്രവേശത്തെ പ്രതികൂലിക്കാതെ തരമില്ല.'

ക്ഷേത്രങ്ങൾ ബഹിഷ്‌ക്കരിക്കും, ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ ബ്രാഹ്‌മണവീടുകളിലേക്ക് മാറ്റും തുടങ്ങിയ സവർണഹിന്ദുക്കളുടെ താക്കീതുകളെ മറികടന്നാണ് തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ചത്.

അവർണർ കയറുന്ന ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങളുടെ ചൈതന്യം എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്നും അവർ പ്രവേശിച്ച ക്ഷേത്രം ശ്മശാന തുല്യമാണെന്നും അതുകൊണ്ടുതന്നെ ആ ക്ഷേത്രങ്ങൾ ഉപേക്ഷിക്കപ്പെടേണ്ടതാണെന്നുമായിരുന്നു ആചാര സംരക്ഷകരുടെ വിശ്വാസം എന്ന് നിവേദത്തിൽ നിന്നും മനസിലാക്കാം. അവർണരെ പ്രവേശിപ്പിക്കുന്ന ക്ഷേത്രങ്ങൾ സവർണർ ബഹിഷ്‌ക്കരിക്കുമെന്നതിനാൽ അവർണർക്ക് ക്ഷേത്രപ്രവേശനം അനുവദിച്ച് സമത്വം കൊണ്ടുവരിക സാധ്യമല്ല എന്നതുകൂടി അവർ പറഞ്ഞു വച്ചു. കൂടാതെ, "അവർണർ പ്രവേശിക്കുന്ന ക്ഷേത്രങ്ങളിൽ നിന്ന്​ഈശ്വരപ്രതിമകളെ ഗൃഹങ്ങളിലേക്കു നയിക്കുവാനും ഗത്യന്തരമില്ലാതെ വരുന്ന പക്ഷം ഈശ്വരശക്തിയെ വീണ്ടെടുത്ത് പ്രതിമകളെ ഭൂദാനമായി സമർപ്പിക്കുവാനും ആണ് ശാസ്ത്രം വിധിച്ചു കാണുന്നത് ' എന്ന ഭീഷണിയും സവർണപക്ഷ നിവേദനങ്ങളിൽ ഉയരുകയുണ്ടായി. ജനവിഭാഗങ്ങൾ തമ്മിലുള്ള ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കുക എന്നത് ക്ഷേത്രപ്രവേശനവാദത്തിന്റെ ലക്ഷ്യങ്ങളിൽ പ്രധാനമാണെന്ന വസ്തുത അവർ ഒരിക്കലും അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.
അവർണർ പ്രവേശിച്ചാൽ ക്ഷേത്രത്തിലെ ഈശ്വരചൈതന്യം നശിക്കുമെന്നും ക്ഷേത്രം, ശ്മശാനം പോലെ വർജ്ജ്യമായിത്തീരുമെന്നും അവർ വാദിച്ചു. അവർണരെ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനിക്കുന്ന പക്ഷം സവർണഹിന്ദുക്കൾ ക്ഷേത്രങ്ങൾ ബഹിഷ്‌ക്കരിക്കുകയും ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ ബ്രാഹ്‌മണവീടുകളിലേക്ക് മാറ്റുകയും ചെയ്യും തുടങ്ങിയ താക്കീതുകളെ മറികടന്നാണ് 1936 നവംബർ 12ന് തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിക്കപ്പെടുന്നത്. അതോടെ സവർണപക്ഷ ഭീഷണികളും അവസാനിച്ചെന്നു മാത്രമല്ല, അവർണർ ധാരാളമായി വരുന്ന ക്ഷേത്രങ്ങളിലെ ശാന്തി, തന്ത്രി സ്ഥാനങ്ങൾ തങ്ങൾക്കു മാത്രമായി സംവരണം ചെയ്യണമെന്ന പുതിയ നിബന്ധനയുമായി ബ്രാഹ്‌മണർ പിന്നീട് രംഗത്തെത്തുകയും ചെയ്തു.

വർണാശ്രമധർമ്മത്തിന്റെ അസ്തമയം, ഹിന്ദുമതത്തിന്റ ഉന്മൂലനം

ഹിന്ദുമതമെന്ന് ഇന്നു വിളിക്കപ്പെടുന്ന മതരൂപത്തിനെതിരെ ഉയർന്ന പ്രധാന വിമർശനങ്ങളിലൊന്ന്, അത് ജാതികളുടെ സമുച്ചയം മാത്രമാണെന്നുള്ളതാണ്. പരസ്പരം അശുദ്ധി വച്ചുപുലർത്തുന്നതും വിഘടിച്ചു നിൽക്കുന്നതുമായ ജാതികളുടെ കൂട്ടമാണ് ഹിന്ദുമതം. അതിന്റെ പുരാതനവും വിചിത്രവുമായ ഈ നിലയെ കാൽപ്പനികമായ ചില ഭാവനകളെക്കൊണ്ട് മറികടക്കാൻ കൊളോണിയൽ കാലഘട്ടത്തിൽ പുനരുദ്ധാനവാദികൾ ശ്രമിച്ചു. വ്യത്യസ്ത നിറങ്ങളും ഗന്ധങ്ങളുമുള്ള മനോഹരമായ പൂക്കൾ കൊണ്ടുകോർത്ത പൂമാല പോലെയാണ് വ്യത്യസ്ത ജാതി വിഭാഗങ്ങളെ കോർത്തിണക്കിയ ഹിന്ദുമതം എന്ന് പ്രചരിപ്പിക്കാനും അവർ ശ്രദ്ധ വച്ചു. മാലയുടെ ഘടനയിലല്ല, മറിച്ച് ശ്രേണീകൃതമായ പിരമിഡ് ഘടനയിലാണ് ഹിന്ദുമതത്തിനകത്ത് ജാതികൾ നിലനിൽക്കുന്നതെന്ന് അംബേദ്ക്കർ വ്യക്തമാക്കിയിട്ടുണ്ട്.

ഡോ. ബി.ആർ. അംബേദ്കർ
ഡോ. ബി.ആർ. അംബേദ്കർ

ഹിന്ദുമതത്തിന്റെ അടിസ്ഥാനം വർണാശ്രമാചാരങ്ങളാണെന്നു വിശ്വസിക്കുന്ന വലിയൊരു വിഭാഗം ഇപ്പോഴും ഇവിടെയുണ്ട്. പുരാണേതിഹാസങ്ങളുടെ താളുകളിലധികവും വർണാശ്രമാചാരങ്ങളെ മഹത്വപ്പെടുത്തുന്നു. വർണ ധർമം പാലിക്കുന്നതിലൂടെ ലഭിക്കുന്ന ഇഹലോക പരലോക പുണ്യങ്ങളെക്കുറിച്ചും ആചാരലംഘനത്തിലൂടെ ഉണ്ടാകാനിടയുള്ള ദോഷങ്ങളെക്കുറിച്ചും അബദ്ധധാരണകൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്ന കഥകൾ അവയിൽ ധാരാളമുണ്ട്. ഈ കഥകളെ പുണ്യകഥകളായി കരുതുന്ന ഭക്തസമൂഹം ബ്രാഹ്‌മണ്യത്തിന്റെ സർവ്വശ്രേഷ്ഠതയിലും വർണ ബാഹ്യരുടെ അശുദ്ധിയിലും വിശ്വസിച്ചെന്നും വരും.

സവർണ സ്ത്രീകൾ ക്ഷേത്രപ്രവേശനത്തിനെതിരെ തിരുവിതാംകൂർ ഗവൺമെന്റിന് പ്രത്യേകം നിവേദനം നൽകി. കോട്ടയം നിവാസികളായ പാർവ്വതി അന്തർജ്ജനം, ശ്രീദേവി അന്തർജ്ജനം തുടങ്ങിയവർ ഇതിൽ പേരെഴുതി ഒപ്പിട്ടിട്ടുണ്ട്.

ഇത്തരം വിശ്വാസം നിലനിന്നിരുന്നതുകൊണ്ടുതന്നെ ഹിന്ദുമതം അഥവാ സനാതന ധർമം പാലിക്കുക എന്നതിനർത്ഥം വർണാശ്രമാചാരങ്ങൾ പാലിക്കുകയെന്നതാണെന്ന് വിശ്വാസികളിൽ നല്ലൊരു പങ്കും കരുതിയിരുന്നു. ഇവിടെ , വർണാശ്രമം ജാതിയല്ലാതെ മറ്റൊന്നുമല്ല. അതുകൊണ്ടു തന്നെ ജാതിക്രമങ്ങളെയും ആചാരങ്ങളെയും പാലിക്കുകയാണ് ഹിന്ദുവായിരിക്കുമ്പോൾ അനുഷ്ഠിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ധർമമെന്ന് ബ്രാഹ്‌മണ്യം വ്യവസ്ഥപ്പെടുത്തിയിരുന്നു. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായ ഘട്ടത്തിൽ തിരുവിതാംകൂർ രാജാവിന് ജാതവേദൻ കൃഷ്ണൻ നമ്പൂതിരി എന്നയാൾ പേരെഴുതി ഒപ്പിട്ടു സമർപ്പിച്ചിരിക്കുന്ന നിവേദനത്തിലെ പരാമർശങ്ങൾ നോക്കുക: "സവർണരുടെ ആരാധനക്കുള്ള ക്ഷേത്രങ്ങളിൽ അവർണർക്ക് പ്രവേശനം അനുവദിക്കുന്ന ഒരു രാജശാസനം അല്ലെങ്കിൽ ന്യായശാസനം വാസ്തവത്തിൽ വർണാശ്രമ ധർമ്മങ്ങളുടെ നശീകരണ യന്ത്രമാകുന്നു. വർണാശ്രമധർമ്മങ്ങളുടെ അസ്തമയം, ഹിന്ദു മതത്തിന്റ ഉന്മൂലനവുമാകുന്നു.'

അവർണരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുകയെന്നാൽ ഹിന്ദു മതം നശിക്കുക എന്നാണർത്ഥം എന്ന കാര്യത്തിൽ ജാതവേദനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സവർണഹിന്ദുപക്ഷത്തിനും സംശയമൊന്നും ഉണ്ടായിരുന്നില്ല. നിവേദനത്തിലെ പതിനാറാമത് ഖണ്ഡികയിൽ രാജാവിന് ഹിന്ദു മതത്തിനോടുള്ള കൂറും വിശ്വാസവും നിവേദകർ ചോദ്യം ചെയ്യുന്നുണ്ട്: "ക്ഷേത്ര പ്രവേശനാവകാശം മതസംബന്ധമായ കാര്യമാകുന്നു. അത് തീർച്ച ചെയ്യുവാനുള്ള അധികാരം രാജകാര്യമല്ല. മതാചാര്യന്മാരുടേതാകുന്നു. ഹിന്ദുമതാചാരങ്ങളിൽ നിന്നും വ്യതിചലിക്കുന്നവൻ ഹിന്ദുവല്ല' എന്നാണ് നിവേദനത്തിൽ കാണുന്ന പരാമർശം. പതിനെട്ടാം ഖണ്ഡികയിൽ ക്ഷേത്ര പ്രവേശനവാദം ശിക്ഷാർഹമായ കുറ്റമാണെന്നും നിവേദകർ അവകാശപ്പെടുന്നു.

1946 ആഗസ്റ്റ് 25ന് കലഞ്ഞൂർ ക്ഷേത്രസന്നിധിയിൽ വച്ച് കവിയൂർ സാധു ജ്ഞാനയോഗിയുടെ അധ്യക്ഷതയിൽ കൂടിയ ആലോചനാ സമ്മേളനത്തിലെ തീരുമാനപ്രകാരം ചേരമർ സമുദായാംഗങ്ങൾ ചിത്തിരതിരുനാ ൾ മഹാരാജാവിന് സമർപ്പിച്ച നിവേദനം
1946 ആഗസ്റ്റ് 25ന് കലഞ്ഞൂർ ക്ഷേത്രസന്നിധിയിൽ വച്ച് കവിയൂർ സാധു ജ്ഞാനയോഗിയുടെ അധ്യക്ഷതയിൽ കൂടിയ ആലോചനാ സമ്മേളനത്തിലെ തീരുമാനപ്രകാരം ചേരമർ സമുദായാംഗങ്ങൾ ചിത്തിരതിരുനാ ൾ മഹാരാജാവിന് സമർപ്പിച്ച നിവേദനം

"അവർണർക്ക് ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നത് മതഭർത്സനവും, മതഭർത്സനം പീനൽക്കോഡനുസരിച്ച് ശിക്ഷാർഹവുമാകുന്നു' എന്നാണ് അവർ വാദിച്ചത്. മാത്രമല്ല, അവർണർക്ക് ക്ഷേത്രപ്രവേശനം അനുവദിക്കുകയാണെങ്കിൽ അവർ മത്സ്യമാംസാദികളുമായി കടന്നു വന്ന് ക്ഷേത്രം അശുദ്ധമാക്കുവാനിടയുണ്ട് എന്നതരത്തിലുള്ള ഊഹാപോഹങ്ങളും അവരുയർത്തിയിരുന്നു.

സവർണ സ്ത്രീകളുടെ സങ്കടം

സവർണ സ്ത്രീകൾ ക്ഷേത്രപ്രവേശനത്തിനെതിരെ തിരുവിതാംകൂർ ഗവൺമെന്റിന് പ്രത്യേകം നിവേദനം നൽകിയിരുന്നു. ‘സവർണ സ്ത്രീകളുടെ സങ്കടം’ എന്ന തലക്കെട്ടിൽ തയ്യാറാക്കിയ അച്ചടിച്ച നിവേദനത്തിൽ കോട്ടയം നിവാസികളായ പാർവ്വതി അന്തർജ്ജനം, ശ്രീദേവി അന്തർജ്ജനം തുടങ്ങിയവർ പേരെഴുതി ഒപ്പിട്ടിട്ടുണ്ട്. നിവേദത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: "കീഴ്നടപ്പിനു വിരോധമായി തീണ്ടൽ ജാതിക്കാർക്ക് അമ്പലങ്ങളിൽ പ്രവേശനം അനുവദിക്കുന്നതിനെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി ഗവണ്മെന്റിൽനിന്ന് ഒരു കമ്മറ്റിയെ നിയമിച്ചിട്ടുണ്ടെന്നും ആ കമ്മറ്റി ഏതാനും പ്രശ്നങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടന്നും അറിയുന്നു . ഞങ്ങൾ നിയമങ്ങളേയോ ശാസ്ത്രങ്ങളേയോ കുറിച്ച് പഠിപ്പും അറിവും ഇല്ലാത്ത സ്ത്രീജനങ്ങളാകുന്നു. കമ്മിറ്റിയുടെ ചോദ്യങ്ങൾക്കു ശരിയായ സമാധാനം പറയുവാൻ ഞങ്ങൾക്കു ശക്തിയില്ല. എന്നാൽ ഞങ്ങൾക്കു കീഴ്നടപ്പിനെ കുറിച്ച് നല്ല അറിവും വിശ്വാസവും ഉണ്ട്. തീണ്ടൽ ജാതിക്കാർ ക്ഷേത്രങ്ങളിൽ കടക്കുന്ന പതിവ് ഒരിടത്തും ഇല്ല. സംഗതിവശാൽ അവർ അമ്പലങ്ങളിൽ കടന്നാൽ പിന്നീടു ശുദ്ധി ചെയ്യാതെ പൂജാദി കമ്മങ്ങൾ ചെയ്യുന്നതല്ല. ഇതാണു ഇന്നും എവിടെയും ആചരിച്ചുവരുന്ന കീഴ്നടപ്പ്. ഈ നടപ്പിനും വിശ്വാസത്തിനും വിപരീതമായി തീണ്ടൽ ജാതിക്കാരെ അമ്പലങ്ങളിൽ കയറുവാൻ അനുവദിക്കുന്നതു ഞങ്ങൾക്കു ഏറ്റവും സങ്കടകരമാകുന്നു. അമ്പലങ്ങളിൽ ദേവദർശനത്തിനു പോകാത്തവരും ഹിന്ദുമതധർമ്മങ്ങളെ വിശ്വസിക്കാത്തവരും ആയ ഒരുവക നാസ്തികന്മാരാണ് തീണ്ടൽ ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം അനുവദിക്കുവാൻവേണ്ടി ബഹളം ഉണ്ടാക്കുന്നത്. ഇവരിൽ ചിലർ ഞങ്ങളുടെ പുത്രന്മാരും സഹോദരൻമാരും പൗത്രന്മാരും ഭർത്താക്കന്മാരും ആകുന്നു എന്നു പറയുവാൻ ഞങ്ങൾക്കും അത്യന്തം ലജജയും വ്യവസനവും ഉണ്ട്. ഇവർക്ക് സർവ്വശക്തനായ ഈശ്വരൻ നല്ല ബുദ്ധി ഉണ്ടാക്കിക്കൊടുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

‘സവർണ സ്ത്രീകളുടെ സങ്കടം’ എന്ന തലക്കെട്ടിൽ സവർണ സ്ത്രീകൾ ക്ഷേത്രപ്രവേശനത്തിനെതിരെ തിരുവിതാംകൂർ ഗവൺമെൻറിന് നൽകിയ പ്രത്യേക നിവേദനം
‘സവർണ സ്ത്രീകളുടെ സങ്കടം’ എന്ന തലക്കെട്ടിൽ സവർണ സ്ത്രീകൾ ക്ഷേത്രപ്രവേശനത്തിനെതിരെ തിരുവിതാംകൂർ ഗവൺമെൻറിന് നൽകിയ പ്രത്യേക നിവേദനം

അമ്പലങ്ങളിൽപോയി ദർശനാദി കർമങ്ങൾ ചെയ്യുന്നവർ ഞങ്ങളും ഞങ്ങളേപ്പോലെ ഭക്തിയുള്ളവരും ആകുന്നു. സൽസന്താനലാഭം, ഐശ്വര്യസിദ്ധി മുതലായി ഐഹികങ്ങളും പാരത്രികങ്ങളും ആയ സർവ്വശ്രേയസ്സുകളും ഞങ്ങൾക്കും ഞങ്ങളുടെ കുടുംബങ്ങൾക്കും ഉണ്ടാകുന്നത് അമ്പലങ്ങളിൽ പോയി വിശുദ്ധമായി ഈശ്വരഭജനം ചെയ്യുന്നതുകൊണ്ടാകുന്നു.
തീണ്ടൽജാതിക്കാർ കയറിയാൽ ക്ഷേത്രങ്ങൾ അശുദ്ധങ്ങളാകും. അപ്പോൾ ഞങ്ങൾക്ക് അവയിൽ പോയി ദേവദർശനാദി കർമങ്ങൾ ചെയ്യുവാൻ നിവൃത്തിയില്ല. അതോടുകൂടി ഞങ്ങൾക്കും കുടുംബങ്ങൾക്കും ഐഹികങ്ങളും പാരത്രികങ്ങളും ആയ ശ്രേയകൾ എല്ലാം ലഭിക്കുന്നതിനുള്ള ഒരു വിശിഷ്ടമായ മാർഗം അടഞ്ഞു നഷ്ടപ്പെടുവാൻ ഇടയാകുന്നു. ഈ സംഗതി ഞങ്ങൾക്കു കഠിനമായ സങ്കടത്തിനു കാരണമായി ഭവിച്ചിരിക്കുന്നു. ഹിന്ദുമതവും ക്ഷേത്രങ്ങളും അനാദികാലം മുതലേ ഉണ്ടായി എന്നു വിശ്വാസിക്കപ്പെ ട്ടുവരുന്നു. ആ കാലം മുതലെ നിലനിന്നുവരുന്ന ഒരു ആചാരമാണ് ഇന്നു അവർണർക്ക് അനുവദിക്കപ്പെടുന്ന ക്ഷേത്രപ്രവേശനം കൊണ്ട് നഷ്ടമാകുന്നത്. തെറ്റായാലും ശരിയായാലും ഒരു സമുദായത്തിന്റേയോ പ്രത്യക വർഗത്തിന്റേയോ പരമ്പരാസിദ്ധമായ വിശ്വാസത്തെ ബലംപ്രയോഗിച്ച മാറ്റുവാൻ ആർക്കും അധികാരമില്ല, അത് അങ്ങനെ മാറ്റാവുന്നതുമല്ല. ഞങ്ങളുടെ ആചാരത്തേയും വിശ്വാസത്തെയും സംരക്ഷിക്കുന്നതിനുള്ള അവകാശം ഞങ്ങൾക്കു ജന്മസിദ്ധമാകുന്നു. ഞങ്ങളുടെ ശ്രേയസ്സിനുഞങ്ങളുടെ പൂർവ്വികന്മാർ സ്ഥാപിച്ചിട്ടുള്ള ക്ഷേത്രങ്ങളെ സംബന്ധിച്ച് ഞങ്ങൾക്കുള്ള അവകാശങ്ങളെ തീണ്ടൽജാതിക്കാരുടെ ക്ഷേത്രപ്രവേശനത്തിൽനിന്നു പരിപാലിച്ചുതരുവാൻ അപേക്ഷിച്ചുകൊള്ളുന്നു.
​തീണ്ടൽജാതിക്കാർ അമ്പലങ്ങളിൽ കടന്നാൽ പിന്നീട് ഞങ്ങൾ അവയിൽ കടക്കുകയില്ല. ദേവദർശനത്തിനുളള സൗകര്യവും നഷ്ടമാകുമ്പോൾ സർവ ശ്രേയസ്സുകളും നശിക്കുവാൻ ഇടയാകുന്നു. ഇതു സർവനാശങ്ങൾക്കും കാരണമായ പാപമെന്നു ഞങ്ങൾ വിശ്വസിക്കുന്നു. പരിഷ്‌ക്കാരമുള്ള ചില സ്ത്രീകൾ ചെയ്യാറുള്ളതുപോലെ പുരുഷന്മാരുടെയും മറ്റും സഭകളിൽ പോകുക, പ്രസംഗിക്കുക മുതലായവയൊന്നും ഞങ്ങൾ ശീലിച്ചിട്ടില്ല . അതുകൊണ്ടു ഞങ്ങൾക്കു കമ്മിറ്റി മുമ്പാകെ മൊഴികൊടുക്കുവാൻ സാധിക്കുകയില്ലെന്നുകൂടി അറിയിച്ചുകൊള്ളന്നു.'

ക്ഷേത്രപ്രവേശനത്തിനായി ശബ്ദമുയർത്തിയവരെ സംബന്ധിച്ച് അവർക്കത് മനുഷ്യാന്തസ്സിന്റെയും ആത്മാഭിമാനത്തിന്റേയും വിഷയവും സമത്വത്തിനായുള്ള പോരാട്ടവുമായിരുന്നു

തങ്ങളുടെ ബന്ധുക്കളായ ചില പുരുഷൻമാർ ക്ഷേത്രപ്രവേശന സമരത്തെ അനുകൂലിക്കുന്നതിലുള്ള രോഷവും വിഷമവും നിവേദകരായ സവർണ സ്ത്രീകൾ പങ്കുവയ്ക്കുന്നുണ്ട്. സഭകളിൽ പോയി പ്രസംഗിക്കാനൊന്നും വശമില്ലാത്ത അന്തർജ്ജനങ്ങളാണ് തങ്ങളെന്നും അതുകൊണ്ടുതന്നെ ക്ഷേത്രപ്രവേശന കമ്മിറ്റിക്കു മുൻപാകെ ഹാജരാകാൻ തങ്ങൾക്കു സാധിക്കുകയില്ലെന്നും നിവേദകരായ സ്ത്രീകൾ പ്രത്യേകം സൂചിപ്പിക്കുന്നതും ശ്രദ്ധേയമാണ്. പ്രസ്തുത സ്ത്രീകൾക്കും പിൻഗാമികൾക്കും സംഘടിക്കാനും പ്രസംഗിക്കാനും അവകാശം നേടിക്കൊടുത്ത പോരാട്ടങ്ങൾ കൂടിയായിരുന്നു അവർണരുടെ അവകാശസമരങ്ങൾ എന്നതാണ് യാഥാർത്ഥ്യം. ഇന്ദുലേഖമാർ സംസാരിച്ചു തുടങ്ങുന്നത് നവോത്ഥാന ആധുനികത സാധ്യമാക്കിയ സാമൂഹ്യ പരിവർത്തനത്തിലൂടെ മാത്രമാണ് എന്ന് ആചാര സംരക്ഷകരും നാമജപ സമരക്കാരും തിരിച്ചറിയേണ്ടതുണ്ട്. കേരളനവോത്ഥാനത്തിന്റെ അടിസ്ഥാന വൈരുദ്ധ്യം കൂടിയാണ് ഈ പ്രതിസന്ധി എന്നു കാണാം.

ക്ഷേത്ര പ്രവേശനവും ഗാന്ധിയും

ശ്രീചിത്തിര തിരുനാൾ രാജാവിന് സമർപ്പിക്കപ്പെട്ട മറ്റൊരു നിവേദനത്തിൽ ക്ഷേത്രപ്രവേശന വാദത്തിന് കാരണം ഗാന്ധിയും ദേശീയപ്രസ്ഥാനവുമാണെന്ന് പറയുന്നുണ്ട്: "സവർണരും അവർണരും എല്ലാം ഒന്നായി ചേർന്നു നടക്കുന്നത് ഐക്യമത്യം ആണെന്നും അങ്ങനെ നടന്നാൽ ഇന്ത്യ രാജ്യത്തിന് സ്വയം ഭരണം കിട്ടുന്നതിന് എളുപ്പം ഉണ്ടെന്നും ഗാന്ധിജി അഭിപ്രായപ്പെട്ടിരിക്കുന്നതിനെ അടിസ്ഥാനപ്പെടുത്തി, ഹിന്ദു ശാസ്ത്രങ്ങളെപ്പറ്റി നല്ല പോലെ അറിവില്ലാത്ത ഏതാനും ചിലർ അവർണർക്ക് ക്ഷേത്ര പ്രവേശനം കൊടുക്കുന്നതിന് ഉത്സാഹിച്ച് ഒരുമ്പെട്ടിട്ടുള്ളതല്ലാതെ അവർ സ്വമനസ്സാലെ ക്ഷേത്ര പ്രവേശനം വേണമെന്ന് ആഗ്രഹിക്കുന്നതായോ ആവശ്യപ്പെടുന്നതായോ വിചാരിക്കാൻ പാടില്ലാത്തതും പ്രസ്തുത പ്രവേശനം അനുവദിച്ചാൽ ഐക്യമത്യം ഉണ്ടാകയില്ലെന്നു മാത്രമല്ലാ, അനേകവിധമായ ലഹളകൾ നടക്കുന്നതിനും തന്നിമിത്തം ജനങ്ങൾ തമ്മിൽ പരസ്പര വൈരാഗ്യത്തിനും കലഹത്തിനും ഇടവരുന്നതും ക്ഷേത്രങ്ങളിൽ സവർണ്ണർക്ക് പ്രവേശിപ്പാനും വഴിപാടുകൾ മുതലായവ കഴിപ്പാനും നിവൃത്തിയില്ലാതെ വരുന്നതുമാകുന്നു.'

‘ക്ഷേത്ര പ്രവേശന കമ്മിറ്റി മുൻപാകെ സവർണർ സമർപ്പിക്കുന്ന സ്റ്റേറ്റ്‌മെൻറ്​' എന്ന തലക്കെട്ടിൽ ഇരുപതിലധികം പേർ ഒപ്പിട്ട്​ തിരുവിതാംകൂർ രാജാവിന്​ നൽകിയ നിവേദനം
‘ക്ഷേത്ര പ്രവേശന കമ്മിറ്റി മുൻപാകെ സവർണർ സമർപ്പിക്കുന്ന സ്റ്റേറ്റ്‌മെൻറ്​' എന്ന തലക്കെട്ടിൽ ഇരുപതിലധികം പേർ ഒപ്പിട്ട്​ തിരുവിതാംകൂർ രാജാവിന്​ നൽകിയ നിവേദനം

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി വ്യത്യസ്ത വിഭാഗത്തിൽപ്പെട്ട ജനങ്ങളെ ഏകീകരിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യമാണ് ക്ഷേത്രപ്രവേശനവാദത്തിനുള്ളത് എന്നാണ് ഇതിലെ ആരോപണം. ഹിന്ദുശാസ്ത്രങ്ങളിൽ വേണ്ടത്ര അറിവില്ലാത്ത ചിലരാണ് രാഷ്ട്രീയലക്ഷ്യം മുൻനിർത്തി ഇതിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്നും ഇവിടെ നിവേദകർ ആരോപിക്കുന്നു. ഖാദി പ്രചരണത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി കേരളം സന്ദർശിക്കുന്ന സമയത്താണ് തിരുവാർപ്പ് ക്ഷേത്രത്തിനു മുൻപിലെ സഞ്ചാരസ്വാതന്ത്ര്യ സമരം നടക്കുന്നത്. ഈ വിഷയത്തിൽ സമരക്കാർ ആഗ്രഹിച്ചതുപോലൊരു ഇടപെടൽ ആ ഘട്ടത്തിൽ ഗാന്ധിയുടെ ഭാഗത്തു നിന്നുംഉണ്ടായില്ല. വൈക്കം സത്യഗ്രഹത്തിന്റെ വിവിധ സന്ദർഭങ്ങളിൽ അദ്ദേഹം സ്വീകരിച്ച നിലപാടുകൾ സമരക്കാരെ ചെറുതല്ലാത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിട്ടുമുണ്ട്. മാത്രമല്ല, കേരളത്തിലൊഴികെ ഇന്ത്യയിലൊരിടത്തും ദേശീയപ്രസ്ഥാനം ക്ഷേത്രപ്രവേശനത്തിനായി വലിയ സമരങ്ങൾ നയിച്ചിട്ടുമില്ല. എങ്കിലും അയിത്തോച്ചാടനത്തിന്റെ ഭാഗമായി കേരളത്തിലെ ക്ഷേത്രപ്രവേശന സമരത്തെ പിൻതുണക്കാൻ ഗാന്ധി തയ്യാറായിരുന്നു. പ്രക്ഷോഭകർ അദ്ദേഹത്തെ നേതാവായി അംഗീകരിക്കുകയും ചെയ്തിരുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷം 1936 നവംബർ 21ന് ഹരിജനിൽ ഈ വിളംബരം വളരെ മുൻപേ ഉണ്ടാകേണ്ടതായിരുന്നുവെന്നും താമസിച്ചായാലും ക്ഷേത്രപ്രവേശനമനുവദിച്ചത് നന്നായിയെന്നും ഗാന്ധിജി എഴുതുകയും ചെയ്തു. ക്ഷേത്രപ്രവേശനസമരം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഒന്നായിരുന്നുവെന്ന വാദം ഗാന്ധി ഒരിക്കലും അംഗീകരിച്ചിരുന്നില്ല.അതേ ലേഖനത്തിൽ അദ്ദേഹം ഇങ്ങനെ തുടരുന്നു: "ഈ വിളംബരത്തിന് രാഷ്ട്രീയമായ പ്രാധാന്യം യാതൊന്നുമില്ല. യാതൊന്നും ഉണ്ടാകാനും പാടില്ല. ഇത് സർക്കാരിന്റെ തികച്ചും മതപരമായ ഒരു കർത്തവ്യനിർവഹണമായിട്ടാണ് ഞാൻ പരിഗണിക്കുന്നത്. ഈ സംസ്ഥാനത്തുള്ള എല്ലാ ഹിന്ദുക്കളും അങ്ങനെ കരുതുകയും പെരുമാറുകയും വേണം. അതിന് മറ്റേതെങ്കിലും നിറം കൊടുക്കുകയാണെങ്കിൽ അതിന്റെ ആദ്ധ്യാത്മികമായ ഉദ്ദേശവും പ്രയോജനവും ഇല്ലാതായിത്തീരും.'

ഗാന്ധിയുടെ അഭിപ്രായം എന്തു തന്നെയായിരുന്നാലും ക്ഷേത്രപ്രവേശനത്തിനായി വാദിച്ചവരും എതിർത്തവരും അതിനെ ഒരു ആദ്ധ്യാത്മിക വിഷയം മാത്രമായിട്ടല്ല സമീപിച്ചത് എന്നതാണ് വസ്തുത. ക്ഷേത്രപ്രവേശനത്തിനായി ശബ്ദമുയർത്തിയവരെ സംബന്ധിച്ച് അവർക്കത് മനുഷ്യാന്തസ്സിന്റെയും ആത്മാഭിമാനത്തിന്റേയും വിഷയവും സമത്വത്തിനായുള്ള പോരാട്ടവുമായിരുന്നു. അവിടെ മനുഷ്യനായിരുന്നു പ്രധാനം. ദൈവമവിടെ രണ്ടാം സ്ഥാനത്തായിരുന്നു. ക്ഷേത്രപ്രവേശനത്തെ എതിർത്ത സവർണ യാഥാസ്തിതികർക്കും ദൈവം രണ്ടാം സ്ഥാനത്തായിരുന്നു. അവർക്ക് ജാതിയായിരുന്നു പ്രഥമവും പരമപ്രധാനവും. ▮


ഡോ. അമൽ സി. രാജൻ

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽനിന്ന്​ മാനുസ്​ക്രിപ്​റ്റോളജിയിൽ എം.ഫിൽ ബിരുദവും, സംസ്കൃതത്തിൽ പി.എച്ച്‌.ഡി.യും നേടി. സംസ്കൃത സർവകലാശാലയുടെ പയ്യന്നൂർ കാമ്പസിൽ ഗസ്റ്റ് അധ്യാപകൻ. നവോത്ഥാനം, തത്വചിന്ത, മാനുസ്​ക്രിപ്​റ്റ്​ പഠനങ്ങൾ എന്നിവ പഠനമേഖലകൾ.

Comments