കോവിഡ് പശ്ചാത്തലത്തിൽ മാലിദ്വീപിൽ നിന്ന്​ ഇന്ത്യൻ നേവിയുടെ കപ്പലിൽ കൊച്ചിയിലെത്തിയ ഇന്ത്യക്കാർ / Photo:Pinarayi Vijayan,Facebook

കേരളത്തിന് കഴിയും; പ്രവാസികളുടെ
​കോവിഡാനന്തര പുനരധിവാസം

വരും മാസങ്ങളിൽ ഗൾഫിൽനിന്ന് തിരിച്ചുവരുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കും എന്നതിനാൽ കേരളം ദീർഘകാല പദ്ധതികൾ തന്നെ ആസൂത്രണം ചെയ്യേണ്ടതുണ്ട്. അതിനുള്ള ചില നിർദേശങ്ങൾ മുന്നോട്ടുവെക്കുകയാണ് തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസിലെ ഗവേഷകരായ ലേഖകർ

ഗോളവൽക്കരണവും സ്ഥിര കുടിയേറ്റത്തിന് അവസരമൊരുക്കാത്ത ഗൾഫ് നാടുകളിലേക്കുള്ള കുടിയേറ്റവുമാണ് ലോക കുടിയേറ്റ ഭൂപടത്തിൽ താൽക്കാലിക കുടിയേറ്റത്തിന്റെ പ്രാധാന്യം വർധിപ്പിച്ചത്. താൽക്കാലിക കുടിയേറ്റത്തിന്റെ അനിവാര്യതയാണ് തിരിച്ചുവരവ്. പ്രധാനമായും ഗൾഫ് രാജ്യങ്ങളിലെ കുടിയേറ്റ തൊഴിലാളികളാണ് താൽക്കാലിക കുടിയേറ്റത്തിന്റെ തിക്തഫലം ഏറെയും അനുഭവിക്കുന്നത്. കാലമെത്ര തൊഴിലെടുത്താലും ചെറുകിട-വൻകിട വ്യവസായങ്ങൾ സ്ഥാപിച്ചാലും ഓരോ ഗൾഫ് പ്രവാസിയും താൽക്കാലിക കുടിയേറ്റക്കാരാണ്.

പ്രധാനമായും ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന തെക്കനേഷ്യൻ രാജ്യങ്ങളിലെയും ചില തെക്കു- കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെയും തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലെയും തൊഴിലാളികളാണ് ഇത്തരം അനിശ്ചിതത്വം പേറി വർഷങ്ങളോളം തൊഴിലെടുക്കുന്നത്. ഈ തൊഴിലാളികളിൽ 90 ലക്ഷത്തോളം ഇന്ത്യക്കാരാണ്, അതിൽ തന്നെ മുപ്പതു ലക്ഷത്തോളം മലയാളികളും. നമുക്കെല്ലാം അറിയുന്നതുപോലെ തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും സാധാരണക്കാരായ അവിദഗ്ധ തൊഴിലാളികളാണ്. പ്രവാസികളുടെ പ്രശ്‌നങ്ങളും പ്രവാസലോകത്തുണ്ടാകുന്ന മാറ്റങ്ങളും കേരളത്തിന്റെ സാമൂഹിക ഭൂമികയിൽ ആഴത്തോളം ഇഴചേർന്നിരിക്കുന്നതിനാൽ പ്രവാസികളുടെ വലിയ തോതിലുള്ള മടങ്ങിവരവ് പലപ്പോഴും വാർത്താ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടാറുണ്ട്.
1990കളിലെ കുവൈറ്റ് യുദ്ധകാലം മുതൽ 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തും 2011 മുതൽ ഗൾഫ് രാജ്യങ്ങൾ നടപ്പിലാക്കുവാൻ തുടങ്ങിയ സ്വദേശിവൽക്കരണ നയങ്ങളുടെ ആരംഭ കാലത്തും കേരളത്തിലേക്ക് പ്രവാസി മലയാളികളുടെ വൻ തോതിലുള്ള തിരിച്ചുവരവുണ്ടായിട്ടുണ്ട്.

കൂടാതെ "കഫാല' (സ്‌പോൺസർഷിപ്പ്) സംവിധാനത്തിൽ നിലനിൽക്കുന്ന തൊഴിലാളി വിരുദ്ധതയും ഡീസന്റ് തൊഴിലുകളുടെ അഭാവും ഈ ദശകത്തിൽ തിരിച്ചുവരുന്ന തൊഴിലാളികളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടാക്കി. 2018ലെ കേരളാ മൈഗ്രേഷൻ സർവേ പ്രകാരം ഏതാണ്ട് 13 ലക്ഷം പ്രവാസികൾ തിരികെയെത്തിയിട്ടുണ്ട്. തിരിച്ചുവരുന്നവരുടെ എണ്ണം വർഷംതോറും വർധിക്കുന്നുമുണ്ട്.

കേരളത്തെ ലോകം ഉറ്റുനോക്കുന്നു

കോവിഡ് മൂലമുണ്ടായ ആഗോള പ്രതിസന്ധി പ്രവാസികളുടെ മടങ്ങിവരവിനെ ത്വരിതപ്പെടുത്തുന്ന ഒന്നാണെന്ന് നിസ്സംശയം പറയാം. പക്ഷേ, നിലവിലെ പ്രതിസന്ധി മുൻപ് മലയാളികൾ നേരിട്ട വെല്ലുവിളികളിൽ നിന്ന് വ്യത്യസ്തമാകുന്നത് രണ്ടു പ്രധാന കാരണങ്ങളാലാണ്. പ്രധാനമായി, മറ്റ് മഹാമാരികളിൽ നിന്ന് വ്യത്യസ്തമായി കോവിഡ് മലയാളി പ്രവാസികൾ കൂടുതലായി കുടിയേറുന്ന ഗൾഫ് രാജ്യങ്ങളെ കാര്യമായി ബാധിച്ചു. രണ്ടാമത്തേത്, പിൽക്കാല പ്രതിസന്ധികളിൽ നിന്ന് വ്യത്യസ്തമായി കോവിഡ് പ്രതിസന്ധി മൂലം കേരളത്തിലേക്ക് വളരെ കുറഞ്ഞ സമയം കൊണ്ട് വളരെയധികം പ്രവാസികൾ, പ്രധാനമായും തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നു.

ഇന്ത്യയിൽ പ്രവാസിപുനരധിവാസത്തിന് പദ്ധതികൾ നിലവിലുള്ള ഏക സംസ്ഥാനം എന്ന നിലക്ക് കേരളത്തിലേക്കുള്ള പ്രവാസികളുടെ വലിയ തോതിലുള്ള മടങ്ങിവരവും അതുണ്ടാക്കുന്ന സാമൂഹിക- സാമ്പത്തിക മാറ്റങ്ങളും കേരള സർക്കാരിന്റെ നയങ്ങളും ലോകം ഉറ്റുനോക്കുന്നുണ്ട്

വലിയ തോതിലുള്ള പ്രവാസികളുടെ തിരിച്ചുവരവ് വെല്ലുവിളി തന്നെയാണ്. ഇന്ത്യ അടക്കമുള്ള മിക്ക തെക്കനേഷ്യൻ രാജ്യങ്ങളിലും വരും മാസങ്ങളിൽ പ്രവാസികളുടെ മടങ്ങിവരവ് ഭരണാധികാരികൾക്ക് വലിയ വെല്ലുവിളിയാവുമെന്ന് തീർച്ച. ആകെ ജനസംഖ്യയിലെ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം കൊണ്ടും കുടിയേറ്റ സൗഹൃദനയങ്ങൾ കൊണ്ടും കേരളത്തെ പലപ്പോഴും ഫിലിപ്പിൻസ് പോലെയുള്ള രാജ്യങ്ങളുമായി താരതമ്യപ്പെടുത്താറുണ്ട്. കൂടാതെ ഇന്ത്യൻ സർക്കാർ മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം എന്ന ഉത്തരവാദിത്വം വർഷങ്ങളായി സംസ്ഥാന സർക്കാരുകളിൽ മാത്രം നിക്ഷിപ്തമാക്കിയാണ് നയരൂപീകരണം നടത്തുന്നത്. ഇന്ത്യയിൽ പ്രവാസികളുടെ പുനരധിവാസത്തിന് പദ്ധതികൾ നിലവിലുള്ള ഏക സംസ്ഥാനം എന്ന നിലക്ക് കേരളത്തിലേക്കുള്ള പ്രവാസികളുടെ വലിയ തോതിലുള്ള മടങ്ങിവരവും അതുണ്ടാക്കുന്ന സാമൂഹിക- സാമ്പത്തിക മാറ്റങ്ങളും ഏറ്റവുമുപരി കേരള സർക്കാരിന്റെ നയങ്ങളും ലോകം ഉറ്റുനോക്കുന്നുണ്ട്.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് മ്യാൻമറിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നു/ Photo:MEA

സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്നിലൊന്നോളം പ്രവാസികളുടെ സംഭാവനയായതിനാലും വർഷങ്ങളായി കേരളത്തിന്റെ വളർച്ചയിൽ വിലമതിക്കാനാകാത്ത സംഭാവന നൽകുന്നവരെന്ന നിലയിലും പ്രവാസികളോട് സംസ്ഥാനത്തിന് വളരെ വലിയ ഉത്തരവാദിത്വമുണ്ട്. പ്രവാസികളുടെ മടങ്ങി വരവ് ത്വരിതപ്പെടുന്ന നിലവിലെ സാഹചര്യത്തിൽ മടങ്ങിയെത്തുന്ന പ്രവാസികളുടെ നിലവിലെ സാമൂഹിക- സാമ്പത്തിക സവിശേഷതകളും പുനരധിവാസവും സർക്കാർ പദ്ധതികളും വിലയിരുത്തേണ്ടതുണ്ട്. കൂടാതെ ദീർഘകാല പദ്ധതികളുടെ സഹായത്തോടെ എങ്ങനെ ഈ പ്രതിസന്ധി പരിഹരിക്കാം എന്നതും പ്രധാനമാണ്. കേരള മൈഗ്രേഷൻ സർവേ വഴി ലഭ്യമായ കണക്കുകളും മറ്റു രാജ്യങ്ങളിലെ അനുകരണീയമായ മോഡലുകളും അധികരിച്ച്, തിരികെയെത്തുന്ന മലയാളി പ്രവാസികളെ പറ്റി വിശകലനം സാധ്യമാണ്.

തിരികെയെത്തുന്നവരിലേറെയും തൊഴിൽ ജീവിതം ബാക്കിയുള്ളവർ

തിരിച്ചെത്താൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷന് നോർക്ക തുടങ്ങിയ പോർട്ടൽ ലഭ്യമാക്കുന്ന ഏറ്റവും പുതിയ കണക്കുകളനുസരിച്ച് മേയ് ഏഴു മുതൽ 7,13,756 പ്രവാസികൾ കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷൻ വഴിയും ചാർട്ടേഡ് വിമാനങ്ങൾ വഴിയും കേരളത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് തിരിച്ചെത്തിയവരിൽ 4,52,258 (63.3%) പേർ, തിരികെ വരാനുള്ള കാരണം തൊഴിൽ നഷ്ടം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാന ആതിഥേയ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ വരവിൽ കാര്യമായ കുറവുണ്ടായിട്ടുണ്ടേങ്കിലും മലയാളികളുടെ പ്രധാന ആശ്രയമായ യു.എ.ഇ, സൗദി അറേബ്യ എന്നീ രണ്ടു രാജ്യങ്ങളിൽ നിന്നുമാത്രം ഏകദേശം അഞ്ചു ലക്ഷം പ്രവാസികളാണ് തിരികെയെത്തിയത്. കഴിഞ്ഞ രണ്ടു മാസങ്ങളായി ദുബായ് എക്‌സ്‌പോ, ഫുട്‌ബോൾ ലോകകപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിനാലും ടൂറിസം രംഗം ഉണർന്നതിനാലും പ്രവാസികൾക്ക് പുതിയ തൊഴിലിടങ്ങൾ കണ്ടെത്താൻ കഴിയുന്നു. പക്ഷെ, കോവിഡാനന്തര സാമ്പത്തിക പ്രശ്‌നങ്ങൾ ഇപ്പോഴും വൻകിട കമ്പനികളിലെ തൊഴിലാളികളുടെ കൂട്ടപ്പിരിച്ചുവിടലിന് വഴിയൊരുക്കുന്നുണ്ട്. നിരവധി തൊഴിലാളികൾ കൃത്യമായ വേതനം ലഭിക്കാതെയും മറ്റു തൊഴിൽ ആനുകൂല്യങ്ങൾ ലഭിക്കാതെയും കേരളത്തിലേക്ക് തിരികെയെത്തുന്നു. പക്ഷെ ഇത്തരം പ്രവാസികളുടെ കൃത്യമായ വിവരശേഖരണം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്നില്ല എന്നത് നയരൂപീകരണത്തിന് വലിയ വെല്ലുവിളിയാണ്.

കോവിഡ് കാലത്ത് തിരിച്ചെത്തിയവരിൽ 4,52,258 (63.3%) പേർ, തിരികെ വരാനുള്ള കാരണം തൊഴിൽ നഷ്ടം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്

കേരള മൈഗ്രേഷൻ സർവേ ഡാറ്റ ഇഴകീറി പരിശോധിച്ചാൽ തിരികെയെത്തുന്ന പ്രവാസികളുടെ നിരവധി വിവരങ്ങൾ ലഭ്യമാകും. 2018ലെ സർവേ കണക്കുകൾ പ്രകാരം 13 ലക്ഷം തിരിച്ചെത്തിയ പ്രവാസികൾ എന്നത് ആകെ കുടിയേറ്റക്കാരുടെ 61 ശതമാനമാണ്. മടങ്ങിയെത്തിയ പ്രവാസികളുടെ എണ്ണം ഇത്രയധികം ഉണ്ടായത് 1998ലാണ്. അന്ന് 54 ശതമാനമായിരുന്നു. നിലവിൽ, മടങ്ങിയെത്തിയ പ്രവാസികളിൽ 98 ശതമാനവും ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. സൗദി അറേബ്യയിൽ നിന്ന് 38 ശതമാനവും യു.എ.ഇയിൽ നിന്ന് 34 ശതമാനവുമാണ് തിരികെയെത്തുന്നത്. കൂടാതെ തിരികെയെത്തുന്ന പ്രവാസി തൊഴിലാളികളിൽ 94 ശതമാനവും പുരുഷന്മാരാണ്. ഒരുപക്ഷെ കേരളത്തിലെ പ്രവാസികളുടെ സംഖ്യക്ക് ആനുപതികമായിരിക്കാം തിരിച്ചുവരുന്ന പ്രവാസികളിലുള്ള പുരുഷന്മാരുടെ വലിയ തോതിലുള്ള പ്രാതിനിധ്യം.

കേരള മൈഗ്രേഷൻ സർവേ നൽകുന്ന മറ്റൊരു സുപ്രധാന കണക്ക് തിരികെയെത്തുന്നവരുടെ ശരാശരി (Median Age) പ്രായമാണ്. നിലവിൽ തിരിച്ചെത്തിയവരിൽ പകുതിപേരും 48 വയസ്സിൽ താഴെയുള്ളവരും ബാക്കി പകുതി 48 വയസ്സിനു മുകളിൽ ഉള്ളവരുമാണ്. കൂടാതെ, ആകെയുള്ളവരിൽ 20 ശതമാനം പേർ മാത്രമാണ് 60 വയസ്സിൽ മുകളിൽ പ്രായമുള്ളവർ. ഈ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്, തിരിച്ചു വരുന്നവരിൽ കൂടുതലും തൊഴിൽ ചെയ്യാൻ സാധിക്കുന്ന പ്രായപരിധിക്കുള്ളിൽ ഉള്ളവരാണ് എന്നാണ്. തിരിച്ചെത്തിയവരിൽ 30 ശതമാനത്തോളം 40 വയസ്സിൽ താഴെയുള്ളവരാണ് എന്നത് പ്രവാസികളിൽ എത്രത്തോളം തൊഴിൽ ജീവിതം ബാക്കിയുണ്ട് എന്നതിന്റെ സൂചനയാണ്. തിരികെയെത്തിയവരിൽ ഏതാണ്ട് 29 ശതമാനം തൊഴിലാളികളും തൊഴിൽ നഷ്ടമാണ് തിരിച്ചുവരവിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഏറെ പേരും തിരിച്ചെത്തുന്നത് ജോലി നഷ്ടപ്പെട്ട്

ചർച്ച ചെയ്യപ്പെടേണ്ട മറ്റൊരു പ്രധാന വിഷയം, തിരികെയെത്തുന്ന പ്രവാസികളുടെ വിദേശത്തെ തൊഴിൽ മേഖലകളും അവർ തിരിച്ചുവന്നതിനുശേഷം കണ്ടെത്തുന്ന വരുമാന മാർഗ്ഗങ്ങളുമാണ്. പ്രവാസികളുടെ നൈപുണ്യ വികസനത്തിനും നൈപുണ്യ ശേഷിയെ നാടിന്റെ വികസനത്തിന് ഉപയോഗിക്കുന്നതിനും ഇത്തരം വിവരങ്ങൾ അത്യാവശ്യമാണ്. തിരിച്ചുവരുന്ന പ്രവാസികളിൽ 35 ശതമാനത്തോളം സെയിൽസ്മാൻ, നിർമാണ മേഖല, ഡ്രൈവിംഗ് എന്നീ മേഖലകളിലാണ് തൊഴിലെടുത്തത്. പകുതിയോളം പേർ ബിസിനസ്, കൃഷി, നിർമാണ മേഖല, ഡ്രൈവിംഗ് എണീ മേഖലകളെയാണ് വരുമാനത്തിന് ആശ്രയിച്ചത്. കൃഷിയും ബിസിനസുമാണ് തിരിച്ചു വരുന്ന പ്രവാസികൾ ഏറെ ആശ്രയിക്കുന്ന തൊഴിൽ മേഖലകൾ. ഭൂരിഭാഗം പ്രവാസികളും വിദേശത്ത് മറ്റു തൊഴിലുകളിൽ ഏർപ്പെടുന്നവരാണ്. ഇവയൊക്കെ സ്വയംതൊഴിൽ മേഖലകളാണുതാനും. നിർമാണ മേഖല പോലെ വിദേശത്ത് വളരെയധികം യന്ത്രവൽകൃത തൊഴിൽ മേഖകളിൽ സിദ്ധിച്ച അറിവുകളും കഴിവുകളും കേരളത്തിലെ നിർമാണ മേഖലയിൽ പലപ്പോഴും ആവശ്യമായി വരുന്നില്ല എന്നതും മനസിലാക്കേണ്ട വസ്തുതയാണ്.

നോർക്കയിലെ വിവരങ്ങൾ പരിശോധിക്കുമ്പോൾ ആകെയുള്ളവരിൽ 63 ശതമാനമാണ് ജോലി നഷ്ടപ്പെട്ടവരെങ്കിൽ 2018ലെ കേരള മൈഗ്രേഷൻ സർവ്വേയിലെ കണക്കനുസരിച്ച് തിരികെയെത്തിയവരിൽ 29 ശതമാനമാണ് ജോലി നഷ്ടപ്പെട്ടവർ. രണ്ടു വർഷത്തിനിടക്ക് ഇത്രയധികം പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയത് ആശങ്കപ്പെടുത്തുന്നതാണ്

നോർക്കയിൽ നിന്ന് ലഭ്യമായ വിവരങ്ങൾ പരിശോധിക്കുമ്പോൾ ആകെയുള്ളവരിൽ 63 ശതമാനമാണ് ജോലി നഷ്ടപ്പെട്ടവരെങ്കിൽ 2018ലെ കേരള മൈഗ്രേഷൻ സർവ്വേയിലെ കണക്കനുസരിച്ച് തിരികെയെത്തിയവരിൽ 29 ശതമാനമാണ് ജോലി നഷ്ടപ്പെട്ടവർ. കഴിഞ്ഞ രണ്ടു വർഷത്തിനിടക്ക് ഇത്രയധികം പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയത് ആശങ്കപ്പെടുത്തുന്ന കണക്കുകളാണ്. കൂടാതെ വരും നാളുകളിൽ തൊഴിൽ നഷ്ടപ്പെട്ടു തിരികെയെത്തുന്നവരുടെ ശരാശരി പ്രായം നാൽപതുകളിൽ നിന്ന് മുപ്പതുകളിലേക്ക് എത്താനുള്ള സാധ്യതയും ഏറെയാണ്.
ഈ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത് കേരള സർക്കാരും മറ്റു സംസ്ഥാന സർക്കാരുകളും തൊഴിലെടുക്കുന്ന പ്രായത്തിലുള്ള പ്രവാസികൾക്കായി ദീർഘകാല പുനരധിവാസ പദ്ധതികളും അവരെ നാട്ടിലെ തൊഴിൽ കമ്പോളങ്ങളിലേക്ക് ഉൾക്കൊള്ളാനുള്ള പരിപാടികളും അടിയന്തിരമായി ആസൂത്രണം ചെയ്യേണ്ടതിന്റെ ആവശ്യകതയാണ്. നിലവിലെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളിൽ ബുദ്ധിമുട്ടേറിയ നയരൂപീകരണമാണ് ഈ രംഗം ആവശ്യപ്പെടുന്നത്. നിലവിലെ പദ്ധതികളെ അവലോകനം ചെയ്തു മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ നിർദ്ദേശിക്കാനുള്ള ശ്രമം ഇനിയുള്ള ഭാഗങ്ങളിൽ നടത്തിയിട്ടുണ്ട്.

തിരികെയെത്തുന്നവർക്കുള്ള പദ്ധതികൾ

സംസ്ഥാനത്തെ പ്രവാസി പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുന്നത് പ്രവാസികാര്യ വകുപ്പിന്റെ ഫീൽഡ് ഏജൻസിയായ നോർക്ക റൂട്‌സ് വഴിയാണ്. തിരികെയെത്തുന്ന പ്രവാസികൾക്കായുള്ള ഒറ്റത്തവണ സാമ്പത്തിക പദ്ധതിയായ ‘സാന്ത്വന' പദ്ധതിയാണ് നോർക്കയുടെ നിലവിലുള്ള ജനകീയ പരിപാടി. വിദേശത്ത് രണ്ടു വർഷമെങ്കിലും പൂർത്തിയാക്കി തിരികെയെത്തുന്ന പ്രവാസി തൊഴിലാളികളിൽ 10,000 രൂപക്കുതാഴെ മാസവരുമാനമുള്ള പ്രവാസികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ആരോഗ്യപ്രശ്‌നങ്ങൾ അടക്കമുള്ള അടിയന്തിര പ്രാധാന്യമുള്ള ആവശ്യങ്ങൾക്കാണ് പണം നൽകുന്നത്. മറ്റൊന്ന് സുസ്ഥിര ബിസിനസ് മാതൃകകൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രൊജക്റ്റ് ഫോർ റിട്ടേൺ മൈഗ്രന്റ്‌സ് (NDPREM) എന്ന പദ്ധതിയാണ്. തിരിച്ചെത്തിയ സംരംഭകർക്കായി മൂന്നു ലക്ഷം വരെയുള്ള വായ്പ 15 ശതമാനം സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുകയാണ് പദ്ധതി. പദ്ധതി വഴി ഇരുനൂറോളം പ്രവാസി സംരംഭകർക്ക് സഹായം നൽകിയെങ്കിലും തിരിച്ചടവിലുണ്ടായ കാലതാമസവും പദ്ധതികൾ വിജയകരമാകാത്തതും പദ്ധതിയുടെ പാളിച്ചകളായി വിലയിരുത്തുന്നു.

Photo:Ministry of civil aviation

പ്രവാസി ക്ഷേമത്തിന് രൂപീകരിച്ച ക്ഷേമനിധി ബോർഡ് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ക്ഷേമ പെൻഷൻ നൽകുന്നതിൽ മികച്ച പ്രവർത്തനമാണ് കഴിഞ്ഞ വർഷങ്ങളായി ചെയ്തുവരുന്നത്. ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത അംഗങ്ങൾക്ക് വാർധക്യ കാലത്ത് ലഭിക്കുന്ന തുക ആശ്വാസകരമാണ്. കൂടാതെ, അംഗങ്ങൾക്കായി ചെറിയ തോതിൽ സബ്‌സിഡി നിരക്കിൽ വായ്പകളും നൽകി വരുന്നു. പക്ഷെ, തൊഴിൽ നഷ്ടപ്പെട്ടു വരുന്ന പ്രവാസികൾക്കായുള്ള ദീർഘകാല പദ്ധതികൾ പ്രവാസി ക്ഷേമനിധി ബോർഡ് നടപ്പാക്കുന്നില്ല എന്നതാണ് യാഥാർഥ്യം. നോർക്ക വഴി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതികളിൽ സർക്കാരിന്റെ തിരിച്ചു വരുന്നവരോടുള്ള അനുഭാവപൂർവമായ കാഴ്ചപ്പാടും ഇച്ഛാശക്തിയും വ്യക്തമാണ്. പുതുതായി പ്രഖ്യാപിച്ച ഡ്രീം കേരളാ പദ്ധതിയും കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ പ്രവാസികളോടുള്ള കരുതലിന്റെ പരിച്ഛേദമായി വേണം കണക്കാക്കുവാൻ. പുനരധിവാസ പദ്ധതികൾ രാജ്യത്തു നിലവിലുള്ളത് കേരളത്തിൽ മാത്രവുമാണ്. പക്ഷെ പദ്ധതികൾ പലതും പരാജയപ്പെടുകയും ചുരുക്കം ചില പ്രവാസികൾക്ക് മാത്രം ഗുണകരമായി മാറുകയും ചെയ്യുന്നു എന്നതാണ് യഥാർത്ഥ്യം. കൂടാതെ കേന്ദ്ര സർക്കാർ പൂർണമായും പ്രവാസികളുടെ പുനരധിവാസം എന്ന ഉത്തരവാദിത്വത്തിനോട് പുറം തിരിഞ്ഞു നിൽക്കുന്നതുകൂടാതെ, സംസ്ഥാനങ്ങൾക്ക് യാതൊരു സാമ്പത്തിക സഹായങ്ങളും നൽകുന്നുമില്ല.

വരും മാസങ്ങളിൽ തിരിച്ചുവരുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കും എന്നതിനാൽ കേരളം ദീർഘകാല പദ്ധതികൾ തന്നെ ആസൂത്രണം ചെയ്യേണ്ടതുണ്ട്. അനുകരണീയമായതും വിജയം കണ്ടതുമായ പല മാതൃകകളും ലോകത്തുണ്ട്. അവ സംസ്ഥാനത്തിന്റെ സാഹചര്യങ്ങളിൽ നടപ്പിലാക്കുവാൻ വൈകിക്കൂടാ

ഫിലിപ്പിൻസ് ഒരു ഉദാഹരണം

ഇന്ത്യയിൽ കേരളം പോലെ പ്രവാസി ക്ഷേമത്തിന് ശക്തമായ നയങ്ങളും പദ്ധതികളും ഉള്ള ഒരു സംസ്ഥാനം പോലും തിരിച്ചുവരുന്ന പ്രവാസികളെ സാമ്പത്തികമായും സാമൂഹികമായും ഉൾക്കൊള്ളിക്കുന്നതിൽ വിജയിക്കുന്നില്ല എന്നതാണ് സ്ഥിതി. വരും മാസങ്ങളിൽ തിരിച്ചുവരുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കും എന്നതിനാൽ കേരളം ദീർഘകാല പദ്ധതികൾ തന്നെ ആസൂത്രണം ചെയ്യേണ്ടതുണ്ട്. അനുകരണീയമായതും വിജയം കണ്ടതുമായ പല മാതൃകകളും ലോകത്തുണ്ട്. അവയൊക്കെ മനസിലാക്കുവാനും സംസ്ഥാനത്തിന്റെ സാഹചര്യങ്ങളിൽ നടപ്പിലാക്കുവാനും വൈകിക്കൂടാ. പ്രവാസത്തിന്റെ പല സവിശേഷതകളിലും സമാനതകളുള്ള ഫിലിപ്പിൻസ് തന്നെയാണ് നമ്മുടെ മുന്നിലുള്ള ഉദാഹരണം. പ്രവാസത്തെ പ്രോത്സാഹിപ്പിക്കുന്ന പോലെ തന്നെ തിരികെയെത്തുന്ന തൊഴിലാളികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാൻ ഫിലിപ്പിൻസിനു കഴിയുന്നുണ്ട്. പ്രവാസത്തിന്റെ താൽക്കാലികത ഉൾക്കൊണ്ട് പ്രവാസികളെ വിദേശരാജ്യങ്ങളിൽ തൊഴിലെടുക്കുമ്പോൾ തന്നെ തിരിച്ചുവരവിന് സജ്ജമാക്കുക (Reintegration Preparedness) എന്നത് പ്രധാന ലക്ഷ്യങ്ങളിലൊന്നായി അവർ കാണുന്നു. അതിന് കൗൺസിലിംഗ് കൂടാതെ സാങ്കേതിക പരിജ്ഞാനത്തിൽ അധിഷ്ഠിതമായ നൈപുണികൾ, സാമ്പത്തിക സാക്ഷരത തുടങ്ങിയവയിലുള്ള അവബോധം എന്നിവ പ്രവാസത്തിന്റെ ആദ്യ നാളുകളിൽ തന്നെ തൊഴിലാളികൾക്ക് ഫിലിപ്പിൻസ് നൽകുന്നുണ്ട്. തിരിച്ചുവരവിനോട് അടുക്കുമ്പോൾ തന്നെ തൊഴിൽ സാധ്യതകൾ, വ്യവസായ സാധ്യതകൾ, സംഘാടനം, നാട്ടിലെ സ്ഥാപനങ്ങളുമായി ചർച്ചക്ക് അവസരം എന്നിവ പ്രവാസികൾക്ക് ലഭ്യമാകുന്നുണ്ട്.

പ്രവാസി സംരംഭകർക്ക് ബിസിനസ് തുടങ്ങാനുള്ള ഫിലിപ്പിൻസ്​ സർക്കാറിന്റെ പരിശീലനപരിപാടിയായ ‘ആറ്റിക്ക’ പൂർത്തിയാക്കിയവർ /Photo: Mai Dizon Anonuevo, Atikha

തിരിച്ചെത്തിയാൽ അടിയന്തിരമായി നൽകുന്ന ഒറ്റതവണ സഹായം മുതൽ ദീർഘകാല സുസ്ഥിര സാമ്പത്തിക പദ്ധതികൾ വരെ ആ കൊച്ചു രാജ്യം ഒരുക്കിവച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾ കൂടാതെ സർക്കാരിതര സ്ഥാപനങ്ങളും ഈ മേഖലയിൽ സജീവ സാന്നിധ്യമാണ്. പ്രവാസികൾക്കും കുടുംബങ്ങൾക്കും ദീർഘകാല വായ്പ ലഭ്യമാക്കുവാൻ ലാൻഡ് ബാങ്ക് ഓഫ് ഫിലിപ്പിൻസും ഫിലിപ്പിൻസ് വികസന ബാങ്കും സഹകരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് പ്രധാനം. ഇതിനായി പ്രത്യേകം സ്ഥാപനങ്ങൾ തന്നെ നിലവിലുണ്ട്. ഒറ്റക്കോ കൂട്ടായോ വായ്പ നൽകി കൃത്യമായ നിരീക്ഷണത്തിലൂടെയും പിന്തുണയിലൂടെയുമാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. തിരികെയെത്തുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക്, പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികൾക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുമുണ്ട്. സർക്കാരിതര മേഖലയിൽ പ്രവർത്തിക്കുന്ന പ്രധാന സംവിധാനമാണ് "ആറ്റിക്ക'. സർക്കാർ സഹായത്തോടെയും അല്ലാതെയും നൈപുണ്യ വികസനത്തിലൂടെയും വികസന പദ്ധതികളിലൂടെയും പ്രവാസികൾക്ക് സമഗ്ര പുനരധിവാസം സാധ്യമാക്കുകയാണ് "ആറ്റിക്ക' ദീർഘകാലമായി ചെയ്തുവരുന്നത്. ഇതിന് രൂപീകരിച്ച സഹകരണ സംഘങ്ങളും സ്വയം സഹായ സംഘങ്ങളും മുഖേനയാണ് പ്രവർത്തനം. പ്രവാസി പുനരധിവാസത്തോട് രാജ്യം പുറംതിരിഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ പോലും കേരളത്തിൽ ഇത്തരം മാതൃകകൾ നടപ്പിലാക്കി വിജയിപ്പിക്കാനുള്ള കാഴ്ചപ്പാടും വികസന അടിത്തറയും ഉണ്ടെന്നത് നിസ്സംശയം പറയാൻ സാധിക്കും. നമ്മുടെ നിലവിലെ സംവിധാനങ്ങൾക്ക് ഉള്ളിൽ നിന്ന് പ്രവാസികൾക്ക് പുരനധിവാസം സാധ്യമാക്കാൻ കഴിയും.

പുനരധിവാസം സുഗമമാക്കാൻ ചില നിർദ്ദേശങ്ങൾ

കേരളത്തിലേക്ക് തിരികെയെത്തുന്ന പ്രവാസികളുടെ നിലവിലെ സാഹചര്യവും പദ്ധതികളും മറ്റു വിജയിച്ച മാതൃകകളും മനസിലാക്കിയതിൽ നിന്ന് നമുക്ക് കാണാൻ കഴിയുന്നത്, കേരളത്തിൽ പുനരധിവാസത്തിന് വലിയ സാധ്യത ഉണ്ടെന്നാണ്. സർക്കാരിന്റെ താൽപര്യത്തോടൊപ്പം സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന സഹകരണ സ്ഥാപനങ്ങളുടെ ശൃംഖലയും കുടുംബശ്രീ പോലുള്ള സ്ഥാപനങ്ങളും നമുക്കുമുന്നിൽ വലിയ സാധ്യത തുറന്നിടുന്നുണ്ട്.
നോർക്കയുടെ മാനുഷിക വിഭവശേഷി ഉപയോഗിച്ച് പ്രവാസികളുടെ നിലവിലെ പ്രശ്‌നങ്ങൾ തന്നെ കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ല എന്ന ആക്ഷേപവുമുണ്ട്. സംസ്ഥാനത്തെ ഏറ്റവും ചെറിയ വകുപ്പാണ് നോർക്ക. പ്രവാസികളും തിരികെയെത്തിയവരുമായി ഏകദേശം അര കോടി മലയാളികളുടെ ക്ഷേമത്തിന് വളരെ ചെറിയ സംവിധാനമാണ് പ്രവർത്തിക്കുന്നത്. കൂടാതെ, ലോക കേരള സഭ പോലെ ബൃഹത് സംവിധാനങ്ങളും നോർക്ക കൈകാര്യം ചെയ്യുന്നു. ഇതിൽ നിന്നൊരു മാറ്റം അനിവാര്യമാണ്. നോർക്ക വകുപ്പിനെ വികസിപ്പിക്കുകയും കേരളത്തിന്റെ വികേന്ദ്രീകൃതാസൂത്രണ മാതൃക പിന്തുടർന്ന് പഞ്ചായത്ത് തലം വരെ നോർക്കയുടെ പ്രവർത്തനം വ്യാപിപ്പിക്കുകയും വേണം. അതുവഴി, തിരിച്ചെത്തിയ പ്രവാസികൾക്ക് മാത്രമല്ല കുടിയേറാൻ താൽപര്യപ്പെടുന്നവർക്കും സർക്കാർ സംവിധാനം ഉപയോഗപ്പെടുത്താനും വിവരങ്ങൾ ആധികാരികമായി ശേഖരിക്കാനും കഴിയണം. ഇത്തരത്തിൽ താഴേത്തട്ടിലേക്ക് നോർക്കയുടെ പ്രവർത്തനം വ്യാപിപ്പിക്കുക വഴി കുടുംബശ്രീ പോലെയുള്ള സ്ഥാപനങ്ങളുമായി കൈകോർക്കാൻ സാധിക്കും. അതിലൂടെ തിരികെയെത്തുന്നവരുടെ നൈപുണ്യ ശേഷി അടക്കമുള്ള വിവരശേഖരണം നടത്തി അതിനനുസൃതമായ ദീർഘകാല പദ്ധതികൾ രൂപീകരിക്കാൻ സർക്കാരിനെ സഹായിക്കും.

സംസ്ഥാനത്തെ ഏറ്റവും ചെറിയ വകുപ്പാണ് നോർക്ക. പ്രവാസികളും തിരികെയെത്തിയവരുമായി ഏകദേശം അര കോടി മലയാളികളുടെ ക്ഷേമത്തിന് വളരെ ചെറിയ സംവിധാനമാണ് പ്രവർത്തിക്കുന്നത്.

ഒറ്റത്തവണ സാമ്പത്തിക സഹായവും മറ്റു അടിയന്തിര സഹായങ്ങളും നിലനിർത്തണം. കോവിഡ് കാലത്ത് സർക്കാർ പ്രവാസികൾക്ക് പ്രഖ്യാപിച്ച സാമ്പത്തിക സഹായം ജോലി നഷ്ടപ്പെട്ടവർക്കും രോഗം ബാധിച്ചവർക്കും സഹായകമായി. പുനരധിവാസ പദ്ധതികൾ രണ്ടുതരത്തിൽ നടപ്പാക്കണം. ഗൾഫിൽ കുറഞ്ഞകാലം (6 വർഷം വരെ) ജോലിയെടുത്തു തിരിച്ചെത്തിയവർക്കുള്ള സാമ്പത്തിക പുനരധിവാസ പദ്ധതികളും ദീർഘകാലം തൊഴിലെടുത്ത് മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള സാമ്പത്തിക-സാമൂഹിക പദ്ധതികളും വ്യത്യസ്തമായി നടപ്പാക്കണം. ഇത്തരം പദ്ധതികളൊക്കെ സുസ്ഥിര-ദീർഘകാല-സഹകരണ പുനരധിവാസ പദ്ധതികളായിരിക്കണം. കോവിഡാനന്തര പുനർനിർമാണത്തിൽ തിരിച്ചെത്തിയ പ്രവാസികളുടെ കഴിവുകൾ ഉപയോഗിക്കാൻ അനുയോജ്യമായ രീതിയിൽ കൂടി പദ്ധതികൾ ആസൂത്രണം ചെയ്യാൻ കഴിയും.

മുഖ്യമന്ത്രി പിണറായി വിജയൻ, ലോകകേരള സഭയുടെ രണ്ടാം സമ്മേളന വേദിയിൽ

അതിനായി കേരളത്തിലെ പ്രവാസി സംഘടനകളുടെയും ലോക കേരള സഭയുടെയും സഹായം ഉപയോഗപ്പെടുത്താം. കൂടാതെ മികച്ച സംരംഭകരെയും പ്രൊഫഷണലുകളെയും കേരളത്തിലേക്ക് ആകർഷിക്കുവാൻ പുതുതായി വിഭാവനം ചെയ്ത ഡ്രീം കേരള പദ്ധതിയിലൂടെ സാധിക്കുമെന്നു പ്രത്യാശിക്കാം.
ഇതിലെല്ലാമുപരി, പ്രധാന കുടിയേറ്റ സംസ്ഥാന സർക്കാരുകളെ ഒന്നിച്ചു നിർത്തി തിരിച്ചു വരുന്ന പ്രവാസികൾക്കായുള്ള പദ്ധതികൾക്ക് പണം അനുവദിക്കുന്നതിനായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ കേരളം മുൻകൈ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിലവിൽ തിരികെയെത്തുന്നവർക്ക് ക്വാറന്റൈൻ സംവിധാനങ്ങൾക്കുപോലും പണം കണ്ടെത്താൻ വിഷമിക്കുന്ന സംസ്ഥാനങ്ങൾ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ പുനരധിവാസത്തിന് ദേശീയ തലത്തിൽ ഏകോപനത്തോടെ പ്രവർത്തിച്ചാൽ മാത്രമേ ഇതിനൊരു ദീർഘകാല പരിഹാരം കാണാൻ സാധിക്കൂ. ഇത്തരം ഒരു കൂട്ടായ്മക്ക് കേരള സർക്കാരിന് മുൻകൈ എടുക്കാൻ സാധിക്കുമെന്നത് തീർച്ചയാണ്. ▮


സി. എസ്. അഖിൽ

റിസർച്ച്​ ലീഡ്​, സെൻറർ ഫോർ ഇന്ത്യൻ മൈഗ്രൻറ്​ സ്​റ്റഡീസ്​, സെൻറർ ഫോർ ഡവലപ്​മെൻറ്​ സ്​റ്റീഡീസ്​, തിരുവനന്തപുരം

സബീർ വി. സി.

റിസർച്ച്​ സ്​കോളർ, സെൻറർ ഫോർ ഡവലപ്​മെൻറ്​ സ്​റ്റഡീസ്​, തിരുവനന്തപുരം

Comments