പാർട്ടിയിലെ, നോവലിലെ, സോഷ്യൽ മീഡിയയിലെ അശോകൻ ചരുവിൽ

കമ്യൂണിസ്റ്റ് പാർട്ടി, കാട്ടൂർക്കടവ് എന്ന നോവൽ, സോഷ്യൽ മീഡിയയിലെ വിവാദ പോസ്റ്റുകൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ട്രൂ കോപ്പി തിങ്കിനുവേണ്ടി വി.കെ. ബാബുവുമായി അശോകൻ ചരുവിൽ സംസാരിക്കുന്നു.

• ഞാൻ സാഹിത്യകാരനാകാൻ തുനിഞ്ഞിറങ്ങിയ ആളല്ല, രാഷ്ട്രീയപ്രവർത്തകനാകാനായിരുന്നു ആഗ്രഹം. എന്നാൽ, സംഘടനാപ്രവർത്തകനാകാനുള്ള കഴിവുള്ള ആളല്ല എന്ന് പിന്നീട് മനസ്സിലായി.

• സി.പി.എമ്മിന്റെ ഭാഗമായി നിൽക്കുന്നുവെന്ന ആളെന്ന നിലയ്ക്കാണ് സോഷ്യൽ മീഡിയയിൽ ഞാൻ എതിർക്കപ്പെടുന്നത് എന്നത് ശരിയല്ല. ഇപ്പോൾ സ്വത്വരാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്ന കാലമാണല്ലോ. എന്നാൽ, ഇതിനൊപ്പം, ബ്രാഹ്മണിക് സ്വത്വവാദത്തെക്കുറിച്ച് പറയുന്നതും അതിന് അലോസരം സൃഷ്ടിക്കുന്നതും അതിഭീകരമായ പ്രതികരണങ്ങൾക്കിടയാക്കും. അതാണ് എനിക്കെതിരായ എതിർപ്പിനുകാരണം.

• ഇടതുപക്ഷത്തിനെതിരായ വിമർശനം രണ്ടു തരത്തിലുണ്ട്. നമ്മുടെ മാധ്യമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതുപോലുള്ള, നിതാന്തമായ വിരോധം വച്ചുകൊണ്ടുള്ള വിമർശനം. രണ്ട്, ക്രിയാത്മക വിമർശനം. പാർട്ടിയുടെ ഏറ്റവും വലിയ പ്രതിസന്ധി വിമർശകരുടെ പാപ്പരത്വമാണ്. ശരീയായ വിമർശനം പാർട്ടി അർഹിക്കുന്നുണ്ടെങ്കിലും അത് കിട്ടുന്നില്ല. അങ്ങനെ വിമർശിക്കാൻ ധാർമിക കരുത്തുള്ള യാതൊന്നും അപ്പുറത്ത് കാണുന്നില്ല.

• ജാതിവ്യവസ്ഥയെ അഡ്രസ് ചെയ്യുന്നതിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ജാഗ്രതക്കുറവുണ്ടായി എന്നും ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട്, സാമൂഹിക പരിവർത്തനത്തിൽ ഏറ്റവും കൂടുതൽ പങ്കുവഹിച്ച ദലിത് വിഭാഗങ്ങൾ അവഗണിക്കപ്പെട്ടു എന്ന വിമർശനവും കമ്യൂണിസ്റ്റ് പാർട്ടികൾ അംഗീകരിക്കുന്നവയാണ്.

• കമ്യൂണിസ്റ്റ് പാർട്ടി പിളർന്നത് അനിവാര്യമായിരുന്നുവോ എന്ന് വസ്തുതകൾ വച്ചുകൊണ്ട് ഭാവിയിൽ സമൂഹം ചോദിക്കും. അതിന്റെ ഉത്തരവാദിത്തം ഏറ്റുവാങ്ങേണ്ട രാഷ്ട്രീയപാർട്ടികൾ അതിന് മറുപടി പറയേണ്ടിയും വരും. കാരണം, രാജ്യത്തെ സംബന്ധിച്ച് ദൗർഭാഗ്യകരമായ സംഗതിയാണ് പിളർപ്പ്. പലരും പറയാറുണ്ട്, പിളർപ്പില്ലെങ്കിൽ കൂടുതൽ അപകടമായേനേ എന്ന്. ഞാൻ അതിനോട് യോജിക്കുന്നില്ല, അത്രയെങ്കിലും ഇക്കാര്യത്തിൽ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. പിളർപ്പ്, കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിനു മാത്രമല്ല, പുരോഗമന- മനുഷ്യാവകാശ പ്രസ്ഥാനങ്ങൾക്കും അതിന്റെ വളർച്ചക്കും തടസമുണ്ടാക്കിയിട്ടുണ്ട് എന്നതിൽ സംശയമില്ല.


വി.കെ. ബാബു

എഴുത്തുകാരൻ.

അശോകൻ ചരുവിൽ

കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്​കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ്​ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments