​കേരള ശാസ്​ത്രസാഹിത്യ പരിഷത്ത്​ പ്രസിഡൻറ്​ ബി. രമേശ്

പുതിയ കേരളത്തിൽ പരിഷത്ത്​ എന്തുചെയ്യുന്നു?

കെ. കണ്ണൻ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 60ാം വർഷം പൂർത്തിയാക്കുകയാണ്. വളരെ മൗലികമെങ്കിലും പരിമിതമായ ഒരു പ്രാംരംഭലക്ഷ്യത്തിൽനിന്നാണ് പരിഷത്തിന്റെ തുടക്കം. ശാസ്ത്രസാഹിത്യം മലയാളത്തിൽ എന്ന ഈയൊരു ലക്ഷ്യത്തിനുവേണ്ടിയുള്ള അക്കാദമികമായ പ്രവർത്തനങ്ങളായിരുന്നു തുടക്കത്തിൽ പരിഷത്തിന്റേത്. പിന്നിട്, എഴുപതുകളുടെ തുടക്കത്തിൽ ശാസ്ത്രം സാമൂഹിക വിപ്ലവത്തിന് എന്ന മുദ്രാവാക്യം സ്വീകരിച്ച്, സയൻസിനെ ജനകീയമായി പ്രയോഗിക്കുക എന്നൊരു സംഘാടനത്തിലേക്ക് വരികയാണ്. ‘എഴുപതുകൾ' എന്ന് എപ്പോഴും പറയാറുള്ള, രാഷ്ട്രീയമായും വൈജ്ഞാനികമായും ആക്റ്റിസിവിസ്റ്റ് തലത്തിലുമുള്ള ഒരു ഉണർവിന്റെ കാലം കൂടിയായിരുന്നു അത്. നവോത്ഥാനകാലം എന്നു പൊതുവേ വിശേഷിപ്പിക്കപ്പെടുന്ന സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ കാലത്ത് സയൻസിന്റെ റാഡിക്കൽ ചിന്ത, സാമൂഹിക ജീവിതത്തിൽ സ്വാധീനം ചെലുത്തിയിരുന്നു. എന്നാൽ, സയൻസിനെ ഒരു ജീവിതരീതിയായി മാറ്റുക വലിയ തുടർച്ചയാണ് പരിഷത്തിന് ഏറ്റെടുക്കാനുണ്ടായിരുന്നത്. അതിൽ, അറുപതുവർഷത്തിനിടെ പരിഷത്ത് എത്രത്തോളം മുന്നോട്ടുപോയിട്ടുണ്ട്?

ബി. രമേശ്​: 1962-ൽ ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകരിക്കപ്പെടുമ്പോൾ ഇവിടെ പരാമർശിച്ചപോലെ പരിമിതമായ ലക്ഷ്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ശാസ്ത്ര വിഷയങ്ങൾ കേരളത്തിലെ വായനക്കാർക്ക് അവരുടെ ഭാഷയിൽ ലഭ്യമാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. തുടർന്നുള്ള 15 വർഷം, വിവിധ പ്രവർത്തനത്തിലൂടെ നിരവധി സ്വാഭാവികമാറ്റങ്ങൾക്ക് സംഘടന വിധേയമാവുകയാണുണ്ടായത്. ഇവിടെ ചൂണ്ടിക്കാണിച്ചതുപോലെ, ആ കാലഘട്ടം അതിന്റേതായ സ്വാധീനം തീർച്ചയായും ആ മാറ്റങ്ങളിൽ ചെലുത്തിയിട്ടുണ്ട്. ശാസ്ത്രസാഹിത്യരംഗത്തുമാത്രം പ്രവർത്തനം ഒതുങ്ങുക എന്നതിൽനിന്ന് വ്യത്യസ്തമായി ജനങ്ങളോട് ശാസ്ത്രം പറയുക എന്നലക്ഷ്യത്തോടെ വിവിധ ശാസ്ത്രവിഷയങ്ങളിൽ സെമിനാറുകൾ നടത്തുന്നതിലേക്കും, ജനങ്ങളുടെ ഇടയിൽ സയൻസുമായി ബന്ധപ്പെട്ട ക്ലാസുകൾ എടുക്കുന്നതിലേക്കും, കവലകളിൽപോലും ശാസ്ത്രപ്രഭാഷണങ്ങൾ നടത്തുന്നതിലേക്കും ഒക്കെ പരിഷത്തിന്റെ പ്രവർത്തനം വികസിച്ചുവരുന്നത് ആ കാലഘട്ടത്തിലാണ്. ശാസ്ത്രഗതി, ശാസ്ത്രകേരളം, യുറീക്ക തുടങ്ങിയ ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ ആരംഭിക്കുന്നതും സ്‌കൂൾ പാഠ്യപദ്ധതിയുമായി ഇടപെടേണ്ടിവന്നതും പുതിയ ധാരാളം പ്രവർത്തകരെ പരിഷത്തിനോടടുപ്പിക്കുന്നുണ്ട്.

70കളുടെ മധ്യത്തിൽ ‘പ്രകൃതി ശാസ്ത്രം സമൂഹം’ ക്ലാസുകളും നാം ജീവിക്കുന്ന ലോകം ക്ലാസുകളും ഗ്രാമീണ ലൈബ്രറികളിലും ഓഫീസ് കാമ്പസുകളിലും ചെറിയ നാട്ടിൻപുറ കൂട്ടങ്ങളിലും ഒക്കെ വ്യാപകമായി നടന്നു. ആ കാലത്തു നിലനിന്നിരുന്ന അടിയന്തരാവസ്ഥ ഈ ക്ലാസുകളിലേക്ക്​ധാരാളമായി ആളുകൾ എത്തിച്ചേരുന്നതിന്​ കാരണമായിട്ടുണ്ട്. ഇങ്ങനെ ജനങ്ങളുമായി ഉണ്ടാക്കിയ കൊടുക്കൽ വാങ്ങൽ ബന്ധമാണ് ‘ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്’ എന്ന മുദ്രാവാക്യം സ്വീകരിക്കുന്നതിന് പരിഷത്തിനെ പ്രാപ്തമാക്കിയത്.

പ്രവർത്തകരുടെ എണ്ണം വർധിച്ചതും, സംഘടനയുടെ ഇടപെടൽ മേഖലകൾ വിപുലമായതും പുതുതായി സംഘടനയിലേക്കെത്തുന്ന അംഗങ്ങളെ പൂർണമായും സംഘടനാവൽകരിക്കാൻ (സയൻസ് ജീവിതരീതിയായി മാറ്റൽ എന്ന പ്രക്രിയ) സാധ്യമാകാത്ത സാഹചര്യമുണ്ടാക്കുന്നുണ്ട്.

ഇത് ആശയതലത്തിലുണ്ടായ ഒരു മാറ്റമാണ് എങ്കിലും ഇതിന്റെ പ്രയോഗതലത്തിൽ ശാസ്ത്ര പ്രചാരകരുടെ ഒരു വലിയ കൂട്ടം രൂപപ്പെട്ടുവരുന്നുണ്ട്. ശാസ്ത്രബോധത്തെ സ്വാംശീകരിച്ചുകൊണ്ടാണ് ആ തലമുറ മുന്നോട്ടുവന്നത്. ഇവിടെ ചൂണ്ടിക്കാണിച്ച പോലെ സയൻസ് ഒരു ജീവിതരീതിയായി, ദൈനംദിന പ്രവർത്തനങ്ങളിലും വീക്ഷണത്തിലും, മാറുകയായിരുന്നു. 1970കളുടെ രണ്ടാം പകുതിയിൽ രൂപപ്പെടാനാരംഭിച്ച ഗ്രാമശാസ്ത്ര സമിതികളുടെ പിന്നിലുണ്ടായിരുന്ന പരിഷത്ത് പ്രവർത്തകർ അതിലൂടെ കടന്നുപോയവരാണ്. സംഘടനാ പ്രവർത്തനത്തിന്റെ ശൈലിയിലും കുടുംബജീവിതത്തിലും വ്യക്തിപരമായ വ്യവഹാരങ്ങളിലുമുണ്ടായ ഈ മാറ്റങ്ങൾ പിന്നീടങ്ങോട്ട് പരിഷത്ത് പ്രവർത്തനത്തിന്റെ ഭാഗമാവുകയായിരുന്നു. പൊതുവിൽ നല്ല വായനയും ഏതൊരു വിഷയത്തിലും അതിനെ സമഗ്രമായി കണ്ട് അഭിപ്രായം പറയുന്നതിനുള്ള ശേഷിയും യുക്തിപൂർവ്വമായ ഇടപെടലുകളും, സ്‌നേഹത്തിലും ബഹുമാനത്തിലും ഊന്നിയ വ്യക്തിബന്ധങ്ങളും എല്ലാം ചേർന്ന ഈ പ്രവർത്തനശൈലിയെ പാരിഷത്തികത എന്നു ഞങ്ങൾ വിളിക്കാറുണ്ട്. പി. ഗോവിന്ദപ്പിള്ള ഒരിക്കൽ ചൂണ്ടിക്കാണിച്ചപോലെ, കേരളത്തിലെ സംഘടനകളുടെ പ്രവർത്തനത്തിൽ വളരെ വ്യത്യസ്തമായ ഒരു ശൈലി കൊണ്ടുവരുന്നതിന് പരിഷത്തിനു സാധിച്ചത് ഈ പ്രത്യേകത മൂലമാണ്. സന്നദ്ധപ്രവർത്തനവും, ശാസ്ത്രപ്രചാരണം ലക്ഷ്യമാവുമ്പോൾ തന്നെ അതിനായുള്ള പുസ്തക പ്രചാരണത്തിലൂടെ സംഘടനാ പ്രവർത്തനത്തിനുവേണ്ട ധനം സമാഹരിക്കുന്ന രീതിയും ഈ പ്രത്യേകതകളിൽ പെടും. എഴുപതുകളുടെ രണ്ടാം പകുതി മുതൽ 80കളുടെ അവസാനംവരെയുള്ള രണ്ടാം തലമുറ പരിഷത്ത് പ്രവർത്തനത്തിന്റെ കാലത്തും തൊണ്ണൂറുകളുടെ ആദ്യം സാക്ഷരതാ കാലഘട്ടം മുതലുള്ള പരിഷത്ത് പ്രവർത്തനത്തിന്റെ കാലത്തും ഇതേ രീതി പിന്തുടരാൻ സംഘടനയ്ക്കായിട്ടുണ്ട്.

പി. ഗോവിന്ദപ്പിള്ള
പി. ഗോവിന്ദപ്പിള്ള

എങ്കിലും കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളിൽ പ്രവർത്തകരുടെ എണ്ണം വർധിച്ചതും, സംഘടനയുടെ ഇടപെടൽ മേഖലകൾ വിപുലമായതും പുതുതായി സംഘടനയിലേക്കെത്തുന്ന അംഗങ്ങളെ പൂർണമായും സംഘടനാവൽകരിക്കാൻ (സയൻസ് ജീവിതരീതിയായി മാറ്റൽ എന്ന പ്രക്രിയ) സാധ്യമാകാത്ത സാഹചര്യമുണ്ടാക്കുന്നുണ്ട്. അതുകൊണ്ടു കൂടി സംഘടനയുടെ മറ്റൊരു പ്രത്യേകതയായി കണക്കാക്കാവുന്ന ശാസ്ത്രീയപഠനങ്ങളും അതനുസരിച്ചുള്ള സാമൂഹ്യ ഇടപെടലുകളും ഈ കാലഘട്ടങ്ങളിൽ കുറഞ്ഞുവന്നിട്ടുണ്ട്. ഒരുപക്ഷെ തൊണ്ണൂറുകൾക്കുശേഷം കേരളസമൂഹത്തിൽ നടന്ന അതിവേഗത്തിലുള്ള മധ്യവർഗവൽക്കരണം ഈ അവസ്ഥയ്‌ക്കൊരു കരണമായിട്ടുണ്ടാകാം. എന്നിരുന്നാലും ഈ കാലഘട്ടത്തിലും നിരവധി സാമൂഹ്യവിഷയങ്ങൾ പരിഷത്ത് ഉയർത്തുകയും കാമ്പയിനുകൾ സംഘടിപ്പിക്കുകയും ഉണ്ടായിട്ടുണ്ട്. കേരള പഠനം, സ്ത്രീപദവി പഠനം, വേമ്പനാട്ടു കായൽ പഠനം, പാഠ്യപദ്ധതി പഠനം തുടങ്ങിയ പഠനങ്ങളും ഉത്പാദനാധിഷ്ഠിത വികസനം, യുക്തിരാഹിത്യത്തിലേക്കു നീങ്ങുന്ന കേരളം, ഭൂമി പൊതുസ്വത്ത്, വേണം മറ്റൊരു കേരളം തുടങ്ങിയ കാമ്പയിനുകളും, ആപേക്ഷികതയുടെ 100 വർഷങ്ങൾ, ജ്യോതിശാസ്ത്രവർഷം, അന്താരാഷ്ട്ര ശാസ്ത്ര വർഷം, അന്താരാഷ്ട്ര രസതന്ത്രവർഷം, റാലി ഫോർ സയൻസ് തുടങ്ങിയ ശാസ്ത്ര ആഘോഷങ്ങളും എടുത്തുപറയാവുന്ന ചിലതാണ്.

മേല്പറഞ്ഞ സാഹചര്യങ്ങൾ വിലയിരുത്തികൊണ്ടുകൂടി കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളിൽ സയൻസ് കണ്ടൻറ്​ വർധിപ്പിക്കുന്നതിനും പ്രവർത്തകരിൽ ശാസ്ത്രീയ ചിന്താരീതി വളർത്തുന്നതിനും സംഘടന ബോധപൂർവം ശ്രമിച്ചുവരുന്നു. സംഘടനയുടെ വിവിധ തലങ്ങളിലെ ചർച്ചകൾ കഴിഞ്ഞ് രൂപപ്പെടുന്ന പ്രവർത്തനങ്ങളിൽ, അവയുടെ ആശയതലത്തെ കാര്യ-കാരണ ബോധ്യത്തോടെയും വിമർശവബോധത്തോടെയും സാംശീകരിച്ച്, പങ്കെടുക്കുമ്പോഴാണ് പ്രവർത്തകരിൽ സയൻസ് ഒരു ജീവിത ശൈലിയായി മാറുന്നത്.

പരിഷത്തിന്റെ കാഴ്ചപ്പാടുകളും നിലപാടുകളും നിരന്തരം പുതിയ അറിവുകളുണ്ടാവുന്നതനുസരിച്ച് പുതക്കപ്പെടുന്നവതന്നെയാണെങ്കിലും വികസനനയത്തിലെ അടിസ്ഥാന നിലപാടുകൾ ഇന്നും പ്രസക്തമായി തുടരുന്നു

അറുപതുകളുടെ ഒടുവിലും എഴുപതുകളിലുമൊക്കെയായി പരിഷത്ത് ഇടപെട്ട, വികസനം, പരിസ്ഥിതി, ആരോഗ്യം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട മൂവ്മെന്റുകളുടെ ഉള്ളടക്കം, ജനങ്ങളുടെയും നമ്മുടെ ആവാസവ്യവസ്ഥയുടെയും നീതിപൂർണമായ അതിജീവനത്തെക്കുറിച്ചുള്ള ആശങ്കകളായിരുന്നു. സാമൂഹിക വികാസപ്രക്രിയയിൽ സയൻസിന്റെയും ടെക്നോളജിയുടെയും പ്രയോഗത്തെക്കുറിച്ച് അന്ന് സ്വീകരിച്ച രാഷ്ട്രീയ നിലപാടിൽ തിരുത്തപ്പെടേണ്ട എന്തെങ്കിലുമുണ്ടായിരുന്നതായി, പിന്നീട് അനുഭവപ്പെട്ടിട്ടുണ്ടോ? വികസനവും പരിസ്ഥിതിയുമെല്ലാം കേരളത്തെ സംബന്ധിച്ച് ഇന്നും ഒരു ‘വിവാദ വിഷയ'മായി തുടരുന്ന പാശ്ചാത്തലത്തിൽ കൂടിയാണ് ഈ ചോദ്യം.

വികസനം സംബന്ധിച്ചും പരിസ്ഥിതി സംബന്ധിച്ചുമുള്ള പരിഷത്ത് കാഴ്ചപ്പാടുകൾക്ക് പാകത വന്നത് ഏതാണ്ട് ഒരേ കാലത്താണ്. സൈലൻറ്​ വാലി ചർച്ചകളാണ് അതിന് കാരണമായത്. 60കളിലും 70കളിലും ലോകത്താകെ ഉയർന്നുവന്ന പരിസ്ഥിതിബോധത്തിനനുസരിച്ചായിരുന്നു പരിഷത്തിലും പരിസ്ഥിതിയെക്കുറിച്ചുള്ള ധാരണകളുണ്ടാവുന്നത്. പരിഷത്തിന്റെ ആദ്യ പരിസ്ഥിതി ഇടപെടലുകൾ വ്യവസായ - രാസ മലിനീകരണവുമായി ബന്ധപ്പെട്ടായിരുന്നു. മാവൂർ ഗ്വാളിയോർ റയോൺസ്, മോത്തി കെമിക്കൽസ് ഇടപെടലുകൾ ഉദാഹരണം. എന്നാൽ സൈലൻറ്​ വാലി പ്രശ്‌നത്തിൽ ഇടപെടുമ്പോഴാണ് പാരിസ്ഥിതിക അവബോധത്തിൽ ഒരു ക്വാണ്ടം ജംമ്പ് ഉണ്ടാവുന്നത്. അതുവരെയുള്ള ഇടപെടലുകളിൽനിന്ന്​ വ്യത്യസ്തമായി പരിസ്ഥിതി പ്രശ്‌നം കൺമുന്നിലുള്ള ഒരു വിഷയമല്ലാതെ, ഭാവിയിൽ ഗുരുതരമാകും എന്ന് ശാസ്ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ബോധ്യപ്പെടുന്ന ഒരു വിഷയത്തിന്റെ പുറത്ത്, നിലപാടെടുത്തു എന്നതാണ് സൈലൻറ്​ വാലി ഇടപെടലിന്റെ പ്രത്യേകത. കേവലവും വൈകാരികവുമായ കാല്പനിക പരിസ്ഥിതി സ്‌നേഹത്തിനപ്പുറം ശാസ്ത്രീയമായ അറിവുകൾ - വനത്തെക്കുറിച്ച്, മഴക്കാടുകളെ കുറിച്ച്, കാടും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്, ഇക്കോളജി-ഇക്കോണമി-സൊസൈറ്റി എന്ന ശൃംഖലയെക്കുറിച്ച് - ഒക്കെ ഗൗരവമായ ധാരണകളുണ്ടാവുന്നത് അക്കാലത്താണ്.

എസ്. പ്രഭാകരൻ നായർ, സുഗതകുമാരി, എം.കെ. പ്രസാദ്, കൊടക്കാട് ശ്രീധരൻ എന്നിവർ 1984-ലെ ഒരു പരിസ്ഥിതി സംരക്ഷണ സംഗമത്തിൽ. / Photo: KSSP
എസ്. പ്രഭാകരൻ നായർ, സുഗതകുമാരി, എം.കെ. പ്രസാദ്, കൊടക്കാട് ശ്രീധരൻ എന്നിവർ 1984-ലെ ഒരു പരിസ്ഥിതി സംരക്ഷണ സംഗമത്തിൽ. / Photo: KSSP

ആരോഗ്യത്തിന്റെ കാര്യത്തിലാണെങ്കിൽ അത് വ്യക്തിപരമായ ഒരു വിഷയമല്ല അതിനൊരു സാമൂഹികതയുണ്ട് എന്ന് കേരളത്തിൽ കാമ്പയിൻ ചെയ്യാൻ പരിഷത്തിനായി. മരുന്ന് - ഡോക്ടർ - ആശുപത്രി എന്ന വ്യക്തികേന്ദ്രീകൃത സമീപനത്തിൽ നിന്ന് ദാരിദ്ര്യം - പോഷകാഹാരം - പരിസര ശുചിത്വം എന്ന സമീപനത്തിലേക്ക് ആരോഗ്യരംഗത്തെ മറ്റി പ്രതിഷ്ടിക്കാൻ പരിഷത്ത് ശ്രമിച്ചു. ഇതാടെയാണ് ഭരണകൂടത്തിന്റെ നയരൂപീകരണവും ഇടപെടലും ആവശ്യമുള്ള ഒരു മേഖലയായി ആരോഗ്യമേഖല മാറുന്നത്. കേരളത്തിലെ ശക്തമായ പൊതുജനാരോഗ്യ സംവിധാനം കെട്ടിപ്പടുക്കുന്നതിന് എഴുപതുകളിലും എൺപതുകളിലും പരിഷത്ത് നൽകിയ മൊമെന്റം ഒരു പങ്കുവഹിച്ചിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. 80 കളിൽ വൈദ്യശാസ്ത്രരംഗത്തെ അശാസ്ത്രീയതകൾക്കും കച്ചവടവൽക്കരണത്തിനും എതിരെ പരിഷത്ത് ഉയർത്തിവിട്ട പ്രചാരണം സമൂഹത്തിൽ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. ആരോഗ്യരംഗത്ത്, 1987-ൽ, പരിഷത്ത് നടത്തിയ വിപുലമായ ആരോഗ്യ സർവേ ദീർഘകാലം ഒരു ആധികാരികമായ പഠനമായി നിലനിന്നിരുന്നു. സംഘടനയ്ക്ക് മാത്രമല്ല കേരള സർക്കാരിനും ആരോഗ്യവകുപ്പിനും ഒട്ടേറെ നയപരമായി തീരുമാനങ്ങളെടുക്കാൻ ആ പഠനം സഹായിച്ചു. വൈദ്യശാസ്ത്രരംഗത്ത് ഇന്ന് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ തള്ളിക്കയറ്റമുണ്ടാവുമ്പോഴും നിരവധി അശാസ്ത്രീയ ചികിത്സാരീതികൾ തിരിച്ചുവരുമ്പോഴും പരിഷത്തിന്റെ ആരോഗ്യ സമീപനം അവയെ എതിർത്തുകൊണ്ടിരിക്കുന്നു. രോഗചികിത്സയ്ക്കുള്ള മുതലാളിത്ത പരിഹാരമായ ഇൻഷുറൻസ് കവറേജ് എന്ന കച്ചവട സമീപനത്തിനെതിരായി സുരക്ഷ (ഹെൽത്ത് കെയർ) എന്ന ഇടതുപക്ഷ ആരോഗ്യ സമീപനമാണ് പരിഷത്ത് മുമ്പോട്ട് വയ്ക്കുന്നത്. ഈ നിലപാട് കേരളത്തെ ഒട്ടേറെ സഹായിച്ചിട്ടുള്ളതുപോലെ നാളെ വരാനിരിക്കുന്ന പ്രകൃതിയിലെ മാറ്റങ്ങളുടേയും മഹാമാരികളുടേയും പശ്ചാത്തലത്തിലും ജനങ്ങൾക്ക് ആശ്രയമാകും എന്നു പരിഷത്ത് കരുതുന്നു. ഏകലോകം ഏകാരോഗ്യം എന്ന നവീനമായ കാഴ്ചപ്പാടിലേക്കുള്ള നയംമാറ്റത്തിനു തുടക്കം കുറിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്താനായി ലൈബ്രറി കൗൺസിലുമായി ചേർന്ന് ക്ലാസുകളുടെ പരമ്പരയും പോയ വർഷം പരിഷത്ത് നടത്തുകയുണ്ടായി.

ശാസ്ത്രത്തെ കേവലം സത്താപരമായി കാണാതെ, ശാസ്ത്രം സമൂഹത്തിൽ നടക്കുന്ന ഒരു പ്രവർത്തനമായി കണ്ടാൽ അതിന്റെ രാഷ്ട്രീയവും പക്ഷപാതിത്തവും ബോധ്യമാവും. ആദ്യകാല പരിഷത്ത് പ്രവർത്തകർക്കിടയിലുണ്ടായ ചർച്ചകളിൽ അറിഞ്ഞും അറിയാതെയും ഇത് കടന്നുവന്നിട്ടുണ്ട്.

പരിസ്ഥിതി- വികസനം എന്ന വിഷയത്തിലേക്ക് തിരിച്ചുവന്നാൽ, സൈലൻറ്​ വാലി കാലത്താണ് ആദ്യമായി ജൈവവൈവിധ്യം എന്ന ആശയം പരിഷത്തിൽ പരിചിതമാകുന്നത്. തുടർന്ന് 1980 കളുടെ ഒടുവിൽ പരിഷത്ത് രൂപീകരിച്ച വികസന നയത്തിൽ വികസനമെന്നാൽ അത് എന്നെന്നും നിലനിൽക്കുന്നതായിരിക്കണം അഥവാ ഭാവി തലമുറയെക്കൂടി കണ്ടുകൊണ്ടേയിരിക്കണം എന്ന സങ്കല്പം ഉൾചേർന്നിരുന്നു. സസ്‌റ്റൈനബിൾ ഡെവലപ്‌മെൻറ്​ എന്ന ധാരണയിലേക്ക് ലോകം എത്തുന്നതിന് ഏതാണ്ട് ഒന്നര പതിറ്റാണ്ടു മുമ്പേ പരിഷത്തിന്റെ വികസന സങ്കല്പങ്ങളിൽ അതുകൂടി ഉൾച്ചേർന്നിരുന്നു എന്നുകാണാം. സമ്പത്തിന്റെ ഉത്പാദനം, അതിന്റെ നീതിപൂർവമായ വിതരണം, സാമൂഹ്യമായ ഉൾക്കൊള്ളൽ, സുസ്ഥിരത ഇവ ചേർന്നതാണ് പരിഷത്ത് മുന്നോട്ടുവയ്ക്കുന്ന വികസന പാത. പ്രാദേശിക വിഭവ വിനിയോഗവും തൊഴിൽ ഉത്പാദനവും, നൈപുണി വികസനവും, ഗവേഷണങ്ങളെ പോഷിപ്പിക്കലും, ആരോഗ്യ പരിരക്ഷയും, ജനങ്ങളുടെ സ്വാസ്ഥ്യവും സന്തുഷ്ടിയും എല്ലാം ഈ വികസന നയത്തിലെ പരിഗണനാ വിഷയങ്ങളാണ്.

പരിസ്ഥിതിയുടെ കാര്യത്തിൽ പരിഷത്ത് കാഴ്ചപ്പാടിലുണ്ടായ വളർച്ച സൂചിപ്പിച്ചിരുന്നല്ലോ. വ്യവസായ രാസമലിനീകരണ വിഷയങ്ങളിൽ തുടങ്ങി ജൈവ വൈവിധ്യ സംരക്ഷണം, അതിന്റെ പ്രാധാന്യം, കാടിന്റെയും പശ്ചിമഘട്ട മലനിരകളുടെയും പ്രാധാന്യം, ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഇതെല്ലാം ബോധ്യമാകുന്നത് സൈലൻറ്​ വാലി ചർച്ചകളിലൂടെയാണ്. സൈലൻറ്​ വാലി പഠനത്തോടൊപ്പം പ്രധാന്യമർഹിക്കുന്ന ഒന്നാണ് അക്കാലത്ത് നടത്തിയ കുട്ടനാട് പഠനവും. ഏറെ പ്രതീക്ഷയോടെ നടപ്പാക്കിയ തണ്ണീർമുക്കം ബണ്ടുനിർമാണം പോലൊരു വികസന പദ്ധതി കുട്ടനാടിന്റെ വികസനത്തെ ബാധിച്ചതെങ്ങനെയാണ് എന്ന് മനസ്സിലാക്കുമ്പോൾ പദ്ധതി രൂപീകരണത്തിലെ ശാസ്ത്രീയപഠനങ്ങളുടെ പ്രാധാന്യമാണ് നമുക്ക് ബോധ്യപ്പെടുന്നത്. പാരിസ്ഥിതികാവബോധത്തിന്റെ കാര്യത്തിൽ ലോകം സഞ്ചരിച്ച പാതയിലൂടെ തന്നെ അധികം പിന്നിലല്ലാതെ പരിഷത്തും സഞ്ചരിച്ചിട്ടുണ്ട്. ഓസോൺ പാളിയുടെ ശോഷണവും, ഹരിതഗൃഹ വാതകങ്ങളുടെ വർദ്ധനവവും, ആഗോളതാപനവും, കാലാവസ്ഥാ മാറ്റവും എല്ലാം ആഗോളമായി ചർച്ച ചെയ്യപ്പെട്ട സന്ദർഭങ്ങളിൽതന്നെ കേരളത്തിലും ചർച്ച ചെയ്യാൻ പരിഷത്തിനായിട്ടുണ്ട്.

തണ്ണീർമുക്കം ബണ്ട്
തണ്ണീർമുക്കം ബണ്ട്

ഇത്രയും പറഞ്ഞത് പരിഷത്തിന്റെ കാഴ്ചപ്പാടുകളും നിലപാടുകളും നിരന്തരം പുതിയ അറിവുകളുണ്ടാവുന്നതനുസരിച്ച് പുതക്കപ്പെടുന്നവതന്നെയാണെങ്കിലും വികസനനയത്തിലെ അടിസ്ഥാന നിലപാടുകൾ ഇന്നും പ്രസക്തമായി തുടരുന്നു എന്നു എടുത്തുപറയാനാണ്. മൂലധന കേന്ദ്രീകൃതവും സാങ്കേതികവിദ്യാ തീവ്രവുമായ മെഗാ പദ്ധതികളുടെ കാര്യത്തിലും ഈ സമീപനത്തിലേക്കാണ് ‘ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്’ എന്ന പരിഷത്തിന്റെ മുദ്രാവാക്യവും വെളിച്ചം വീശുന്നത്.

പരിഷത്തിന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനമായി ഇടതുപക്ഷ ഐഡിയോളജി സ്വീകരിക്കപ്പെട്ടത് എന്തുകൊണ്ടാണ്?

‘ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്' എന്ന പരിഷത്തിന്റെ അടിസ്ഥാന മുദ്രാവാക്യമായിരിക്കും ഈ ചോദ്യത്തിന്റെ പിന്നിലെ പ്രേരണ എന്നു കരുതുന്നു. വിപ്ലവം എന്നത് ഒരു ഇടതുപക്ഷ പദമാണല്ലോ? സമൂഹത്തിൽ നിലനിൽക്കുന്ന ദരിദ്ര - ധനിക അന്തരം ഇല്ലാതാക്കുക എന്നതു തന്നെയാണ് വിപ്ലവം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.

ശാസ്ത്രത്തെ കേവലം സത്താപരമായി കാണാതെ, ശാസ്ത്രം സമൂഹത്തിൽ നടക്കുന്ന ഒരു പ്രവർത്തനമായി കണ്ടാൽ അതിന്റെ രാഷ്ട്രീയവും പക്ഷപാതിത്തവും ബോധ്യമാവും. ആദ്യകാല പരിഷത്ത് പ്രവർത്തകർക്കിടയിലുണ്ടായ ചർച്ചകളിൽ അറിഞ്ഞും അറിയാതെയും ഇത് കടന്നുവന്നിട്ടുണ്ട്. രൂപീകരണത്തിനുശഷം പരിഷത്ത് ശാസ്ത്രപ്രചാരണവുമായി സമൂഹത്തിലേക്ക് പോകുന്ന കാര്യം മുൻപ് പറഞ്ഞുവല്ലോ. സ്വാഭാവികമായും സമൂഹത്തിന്റെ അതിരുകൾക്കുള്ളിൽ ശാസ്ത്രത്തെ മനസ്സിലാക്കുമ്പോൾ സയൻസിന് ചരിത്രപരമായി തന്നെ അധ്വാനവുമായി ബന്ധമുണ്ട് എന്ന് ബോധ്യപ്പെടും. സമൂഹത്തിലെ എല്ലാ സമ്പത്തിന്റെയും ഉറവിടം മനുഷ്യാധ്വാനമാണ് എന്നത് ശാസ്ത്രീയമായിത്തന്നെ മനസ്സിലാക്കാം. ഈ സമ്പത്ത് സമൂഹത്തിൽ അസമത്വം ഉണ്ടാക്കാതെ വിതരണം ചെയ്യപ്പെടണം; അല്ലെങ്കിൽ അത് ജനപകാരപ്രദമാവുകയില്ലല്ലോ. ഇതാണ് പരിഷത്ത് പാടിനടക്കുന്ന ‘ശാസ്ത്രം അധ്വാനം, അധ്വാനം സമ്പത്ത്, സമ്പത്ത് ജനനന്മയ്ക്ക്, ശാസ്ത്രം ജനനന്മയ്ക്ക്' എന്ന വരികളിലെ ആശയത്തിന്റെ ഉറവിടം. അസമത്വം സൃഷ്ടിക്കൽ അല്ല ശാസ്ത്രത്തിന്റെ ജോലി എന്നു വരുമ്പോൾ നിലവിലെ സമൂഹത്തിൽ ശാസ്ത്രം ഉണ്ടാക്കുന്ന സമ്പത്ത് അസമത്വത്തിന് കാരണമാവുന്നുണ്ട് എന്നുകൂടി മനസ്സിലാക്കപ്പെടും.

ശാസ്ത്ര സാഹിത്യ പരിഷദിന്റെ ഉദ്ഘാടന സ്മാരകം
ശാസ്ത്ര സാഹിത്യ പരിഷദിന്റെ ഉദ്ഘാടന സ്മാരകം

സമ്പത്തുള്ളവരുടെ ‘കയ്യിൽ' സയൻസ് ഉള്ളത് സമൂഹത്തിലെ അസമത്വത്തെ വർധിപ്പിച്ചുകൊണ്ടിരിക്കുന്നു. അധ്വാനിക്കുന്നവരിൽനിന്ന്​ സമ്പത്ത് അകറ്റപ്പെടുന്ന പോലെ സയൻസും അകറ്റപ്പെട്ടിരിക്കുന്നു. ഒരു ചെറു ന്യൂനപക്ഷം സമ്പത്തിന്റെ അധിപരായി നിൽക്കുമ്പോൾ വലിയൊരു ഭൂരിപക്ഷം സമ്പത്ത് തീരെ കുറഞ്ഞവരായി മാറുന്നത് ഇന്നൊരു യാഥാർഥ്യമാണ്. ഇതാണ് സമൂഹത്തിലെ അസമത്വത്തെക്കുറിച്ച് ശാസ്ത്രീയമായി നമുക്ക് മനസ്സിലാവുന്നതിന്റെ അടിസ്ഥാനം. സമ്പത്തിൽനിന്ന്​ വ്യത്യസ്തമായി, സയൻസ് സാമൂഹ്യമായി അനുഭവപ്പെടുന്നത് ഒരേസമയം അറിവും, അറിവു നിർമിക്കുന്ന പ്രക്രിയയും, സാങ്കേതികവിദ്യകളുമായിട്ടാണ്. ഇതിനെ അധ്വാനിക്കുന്ന ജനങ്ങളുടെ പക്ഷത്തേക്ക് വീണ്ടെടുക്കേണ്ടത് സമൂഹത്തിലെ അസമത്വം ഇല്ലാതാക്കാൻ ആവശ്യമാണ്. ഒരർത്ഥത്തിൽ സയൻസിന്റെ ധർമവും അതാണ്. ഇതാണ് ‘ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്’ എന്ന മുദ്രാവാക്യത്തിന്റെ പിന്നിലുള്ള ആശയം. സാമൂഹ്യവിപ്ലവമെന്നത് കേവലം ഒരു ഇടതുപക്ഷ ആശയമായി പരിഷത്തിൽ കടന്നുവരികയല്ല ചെയ്തത്, അതിനെ വളരെ വ്യത്യസ്തമായ രീതിയിൽ പരിഷത്ത് തിരിച്ചറിഞ്ഞതാണ് എന്നു പറയാം.

സയൻസിൽ അന്തിമമായ അറിവുകളില്ലാത്തപോലെ പുതിയ അറിവുകളുടെ വെളിച്ചത്തിൽ നിലപാടുകൾ പുതുക്കുന്നതിനും സംഘടനയ്ക്ക് യാതൊരു മടിയുമില്ല. സാധാരണഗതിയിൽ പരിഷത്ത് പ്രവർത്തകർ ആർജിക്കുന്ന ഒരു സ്വഭാവ ഗുണവും ഈ തുറന്ന സംവാദാത്മകതയാണ്.

പൊളിറ്റിക്കൽ ലെഫ്റ്റ് എന്നത് കേരളീയമായ കോൺടെക്സ്റ്റിൽ ഏറെ സങ്കീർണമായ പ്രയോഗം കൂടിയാണ്. കാരണം, ഇടതുപക്ഷത്തിനെ, തീർത്തും വിരുദ്ധമായ പ്രതിനിധാനങ്ങൾ വ്യാജമായി ഏറ്റെടുക്കാറുണ്ട്. അത്, പാർട്ടി പൊളിറ്റിക്സിന്റെ റപ്രസെന്റേഷനിലേക്ക് ചുരുക്കപ്പെടാറുണ്ട്. പരിഷത്ത് അംഗങ്ങളും അതിന്റെ നയരൂപീകരണരംഗത്ത് പ്രവർത്തിക്കുന്നവരും ഭൂരിപക്ഷവും ഇടതുപക്ഷ പാർട്ടികളിൽ, പ്രത്യേകിച്ച്, സി.പി.എമ്മിലുള്ളവരുമാണ്. ഈയൊരു വസ്തുത, പരിഷത്തിന്റെ പൊളിറ്റിക്കൽ ലെഫ്റ്റ് റപ്രസെന്റേഷനെ ഒരു ബാധ്യതയാക്കി മാറ്റാറുണ്ടോ, വിവിധ വിഷയങ്ങളിൽ നിലപാടെടുക്കുന്നതിലും മറ്റും.

പരിഷത്ത് അംഗങ്ങളുടെ രാഷ്ട്രീയചായ്​വ്​ എന്തുതന്നെയായാലും ഒരു വിഷയത്തിലെ സംഘടനാ നിലപാട് രൂപപ്പെടുന്നത് ആ വിഷയത്തിലെ ശാസ്ത്രീയ ധാരണകളുടെ അടിസ്ഥാനത്തിലാണ്. ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു ജനകീയശാസ്ത്ര പ്രസ്ഥാനമായിരിക്കുന്നത് സയൻസിന്റെ രീതീശാസ്ത്രമുപയോഗിച്ച് സാമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളെ വിശകലനം ചെയ്തും പഠിച്ചും വിവിധ ചർച്ചകളിലൂടെയും സുതാര്യമായ ആശയ വിനിമയത്തിലൂടെയും തികച്ചും ജനാധിപത്യപരമായി അഭിപ്രായങ്ങൾ രൂപീകരിക്കുന്നതുകൊണ്ടും ഇടപെടൽ നടത്തുന്നതുകൊണ്ടുമാണ്. ഈ നിലപാടുകൾ പരമാവധി തെളിവുകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും എന്നതാണ് ഒരു പ്രത്യേകത. സംവാദാത്മകതയാണ് ഈ രീതിയുടെ മറ്റൊരു സവിശേഷത. സയൻസിൽ അന്തിമമായ അറിവുകളില്ലാത്തപോലെ പുതിയ അറിവുകളുടെ വെളിച്ചത്തിൽ നിലപാടുകൾ പുതുക്കുന്നതിനും സംഘടനയ്ക്ക് യാതൊരു മടിയുമില്ല. സാധാരണഗതിയിൽ പരിഷത്ത് പ്രവർത്തകർ ആർജിക്കുന്ന ഒരു സ്വഭാവ ഗുണവും ഈ തുറന്ന സംവാദാത്മകതയാണ്.

അതുപോലെ സമൂഹത്തെ ബാധിക്കുന്ന ഏതു നയരൂപീകരണത്തിന്റെ കാര്യത്തിലും, അവ എത്രകണ്ട് രാഷ്ട്രീയമായ തീരുമാനങ്ങളാണെങ്കിലും, ‘എവിഡൻസ് ബേസ്ഡ്’ ആയിരിക്കണം എന്നാണ് പരിഷത്ത് വിശ്വസിക്കുന്നത്. അങ്ങനെയാണ് സമൂഹത്തിൽ അറിവ് പ്രവർത്തിക്കേണ്ടതും സമൂഹത്തെ മാറ്റിത്തീർക്കേണ്ടതും. എന്നാൽ ഇങ്ങനെ അറിവുകൾ നിർമിക്കപ്പെടാത്ത ധാരാളം മേഖലകൾ സമൂഹവുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങളിലുണ്ട്. അവിടങ്ങളിലൊക്കെ അറിവ് നിർമിക്കുക എന്നത് ശാസ്ത്രത്തിന്റെ പ്രവർത്തന മേഖലയിൽ വരുന്ന കാര്യമാണ്. ശാസ്ത്രഗവേഷണ സ്ഥാപനങ്ങൾ ഇത്തരം മേഖലകളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിഷത്ത് ചെയ്യാൻ ശ്രമിക്കുന്നത് ഈ മേഖലകളിൽ ശാസ്ത്രത്തിന്റെ ജനകീയ പ്രയോഗത്തിനാണ്. ഇതാണ് പരിഷത്ത് നിലപാടുകളുടെ രാഷ്ട്രീയം നിർണയിക്കുന്നത്. ദരിദ്രഭൂരിപക്ഷത്തിനോടൊപ്പം നിന്ന് അത്തരം വിഷയങ്ങളെ സമീപിക്കുന്നു എന്നതാണ് ആ രാഷ്ട്രീയം. ഈ രാഷ്ട്രീയത്തെയാണല്ലോ നമ്മൾ ലെഫ്റ്റ് എന്നു വിളിക്കുന്നതും. അങ്ങനെ നോക്കുമ്പോൾ പരിഷത്തിന്റെ നിലപാടുകൾ പരിഷത്തിന് ഒരു ബാധ്യത ആവേണ്ടതില്ല. സംഘടന അതിന്റെ അടിസ്ഥാന ചുമതലകൾ നിർവഹിക്കുന്നത് ഒരു ബാധ്യതയായി കണക്കാക്കാൻ ആവില്ല എന്നു മാത്രമല്ല, അതാണ് പരിഷത്തിനെ പ്രസക്തമാക്കുന്നതും.

വികസനം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ കേരളത്തിലെ ഇടതുപക്ഷ കക്ഷിരാഷ്ട്രീയവും പരിഷത്തും തമ്മിൽ കടുത്ത ആശയസംഘർഷം നടക്കുന്ന സന്ദർഭങ്ങളുണ്ട്. സൈലൻറ്​ വാലി മൂവ്മെൻറ്​ മുതൽ കെ. റെയിൽ വരെ അതിന് തുടർച്ചകളുണ്ട്. വികസന വിരുദ്ധർ, പരിസ്ഥിതി തീവ്രവാദികൾ തുടങ്ങിയ ആക്ഷേപങ്ങൾ സംഘടനക്കുനേരെയുണ്ടായിട്ടുണ്ട്. കെ- റെയിൽ വിമർശന കാലത്ത് സോഷ്യൽ മീഡിയയിലെ ഇടതു പ്രൊഫൈലുകളിൽനിന്നാണ് പരിഷത്തിനെതിരെ ഇത്തരം വിമർശനങ്ങൾ കൂടുതലുമുണ്ടായത്. ഇത്തരം സമ്മർദങ്ങളെ പരിഷത്ത് എങ്ങനെയാണ് മറികടക്കുന്നത്?

ഏതൊരു വിഷയത്തെ സംബന്ധിച്ചും പരിഷത്ത് അഭിപ്രായം രൂപീകരിക്കുന്നത് ആ മേഖലയുമായി ബന്ധപ്പെട്ട ശാസ്ത്രീയപഠനങ്ങൾ പരിശോധിച്ചു കൊണ്ടാണ് എന്നു നേരത്തെ പറഞ്ഞല്ലോ. വേണ്ടത്ര പഠനങ്ങൾ ഇല്ലാത്തപ്പോൾ ആ മേഖലയുമായി ബന്ധപ്പെട്ട് പരിഷത്ത് മുൻപ് എടുത്തിരിക്കുന്ന നിലപാടുകളും, ചർച്ചകളും, ലഭ്യമായ പുതിയ വിവരങ്ങളും പരിശോധിക്കും. പലപ്പോഴും പുതിയ പഠനം തന്നെ ആവശ്യമായി വരാറുണ്ട്. ആ മേഖലയിലെ വിദഗ്ദ്ധന്മാരും, സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടു പ്രവർത്തകരെ പങ്കെടുപ്പിച്ച് പഠനം നടത്താനുള്ള സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നതപ്പോഴാണ്. ഇത്തരത്തിൽ വരുന്ന പഠന വിവരങ്ങൾ സംഘടനയുടെ വിവിധ തലങ്ങളിൽ ചർച്ചചെയ്താണ് പരിഷത്ത് നിലപാടുകളിലേക്ക് എത്തുന്നത്.

പ്രൊഫ. എം.കെ പ്രസാദ്​
പ്രൊഫ. എം.കെ പ്രസാദ്​

ഒരേസമയം പരിഷത്തിന്റെ ജനപക്ഷ രാഷ്ട്രീയ നിലപാടും ആ വിഷയത്തിലുള്ള ശാസ്ത്രീയ അറിവുകളും ഈ നിലപാടിൽ പ്രതിഫലിക്കാറുണ്ട്. ഈ രീതിയിൽ കൈക്കൊള്ളുന്ന നിലപാടുകൾ പലപ്പോഴും ‘ജനസമ്മിതി' ഉള്ളവയാവണമെന്നില്ല. ധാരാളം എതിർപ്പും ക്ഷണിച്ചുവരുത്താം. പക്ഷേ സംഘടനയെ സംബന്ധിച്ച് ഏറെ പ്രധാനം ആ നിലപാടുകളിലേക്ക് എത്തിയ ശാസ്ത്രീയതയും അത് രൂപീകരിച്ച പ്രക്രിയയിലെ സുതാര്യതയും ജനാധിപത്യപരതയും തന്നെയാണ്. സൈലൻറ്​ വാലി പ്രക്ഷോഭകാലത്താണ് പരിഷത്തിന്റെ ഈ രീതിക്ക് പാകത വന്നത് എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. അന്ന് സംഘടനയ്ക്കുള്ളിൽനടന്ന ആദ്യ ചർച്ചകളിൽ അതൊരു വികസന പദ്ധതിയാണ് എന്നതുകൊണ്ട് അതിനെ അംഗീകരിക്കണം എന്ന അഭിപ്രായത്തിനാണ് മുൻതൂക്കം ഉണ്ടായിരുന്നത്. എന്നാൽ സസ്യശാസ്ത്രജ്ഞനായ പ്രൊഫ. എം.കെ. പ്രസാദാണ് സൈലൻറ്​ വാലിയുടെ മറ്റ് പാരിസ്ഥിതിക പ്രാധാന്യങ്ങൾ കൂടി സംഘടനയ്ക്കു മുമ്പിൽ എത്തിക്കുന്നത്. അങ്ങനെയാണ് ഈ വിഷയം പഠിക്കുന്നതിന് സംഘടന അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തുന്നതും ആ റിപ്പോർട്ട് ചർച്ച ചെയ്യുന്നതും.

ഉഷ്ണമേഖല മഴക്കാടുകളെ കുറിച്ച് ലോകത്തിന്റെ പല ഭാഗത്തും ധാരാളം പഠനങ്ങളുണ്ടായിട്ടുണ്ട്. സൈലൻറ്​വാലിയെക്കുറിച്ച് വനഗവേഷണ സ്ഥാപനത്തിന്റെ പഠനവും, ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവയുടെ റിപ്പോർട്ടുകളും ലഭ്യമായിരുന്നു. ഇവയെല്ലാം പരിശോധിച്ച് മഴക്കാടുകളെ സംബന്ധിച്ച സയൻസ് മനസിലാക്കി സ്ഥലം സന്ദർശിച്ച ശേഷമാണ് സമിതി റിപ്പോർട്ട് സമർപ്പിക്കുന്നത്. ഒരു മൾട്ടി ഡിസിപ്ലിനറി പഠനമായിരുന്നു അതെന്നു പറയാം. രസകരമായ കാര്യം സൈലൻറ്​ വാലി പദ്ധതിയെ അനുകൂലിച്ചിരുന്ന പി.ടി. ഭാസ്‌കരപണിക്കരാണ് ആദ്യമായി പ്രസാദ് മാഷോട് അതിന്റെ മറുവശം അവതരിപ്പിക്കാൻ ആവശ്യപ്പെടുന്നത്. ഇത് സംഘടനക്കുള്ളിൽ നിലനിൽക്കുന്ന ജനാധിപത്യത്തിന്റെയും പരസ്പരബഹുമാനത്തിന്റെയും സൂചനയായി കാണാം.

പി.ടി. ഭാസ്‌കരപണിക്കർ
പി.ടി. ഭാസ്‌കരപണിക്കർ

സൈലൻറ്​ വാലിയിൽ പരിഷത്ത് എത്തിച്ചേർന്ന നിലപാടിനോട് അക്കാലത്തെ ഇടതുപക്ഷ കക്ഷികളിൽപെട്ട നിരവധിപേർ യോജിപ്പ് പ്രകടിപ്പിച്ച്​ കൂടെ നിന്നിരുന്നു. അന്ന് എതിർചേരിയിലുണ്ടായിരുന്ന പലരും പിന്നീട് അന്നത്തെ തങ്ങളുടെ നിലപാട് ശരിയായിരുന്നില്ല എന്ന് പറഞ്ഞിട്ടുണ്ട്. സൈലൻറ്​ വാലി പദ്ധതി ഒരിക്കലും നടപ്പാക്കരുത് എന്നല്ല അന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പറഞ്ഞത്. അത് നടപ്പാക്കിയാൽ മാത്രമേ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പറ്റൂ എന്നുണ്ടെങ്കിൽ അത് നടപ്പാക്കുക തന്നെ വേണം. എന്നാൽ ബദൽ മാർഗങ്ങൾ ഉണ്ട് എങ്കിൽ അവ പരിശോധിക്കണം. അവ പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതം സൈലൻറ്​ വാലി പദ്ധതിയേക്കാൾ കുറവാണെങ്കിൽ അതാണ് പരിഗണിക്കേണ്ടത്. അതിനുശേഷം മാത്രമേ ഇർ-റിവേഴ്സിബിൾ ആയ മാറ്റങ്ങൾ അതീവ പരിസ്ഥിതി പ്രധാനമായ ഒരു ഇടത്തിൽ മനുഷ്യൻ ഉണ്ടാക്കാവൂ. പ്രത്യേകിച്ചും അത് ഭാവി തലമുറകളെ കൂടി ബാധിക്കുന്ന ഒന്നാകുമ്പോൾ.

ഒരുപക്ഷേ, സൈലൻറ്​വാലി കാലത്ത് സോഷ്യൽ മീഡിയ ഉണ്ടായിരുന്നുവെങ്കിൽ ഇന്നത്തെക്കാൾ കൂടുതൽ ശാസ്ത്രസാഹിത്യ പരിഷത്ത് പഴി കേൾക്കേണ്ടി വരുമായിരുന്നു. ചുരുക്കത്തിൽ, എന്ത് നിലപാട് എടുക്കുന്നു എന്നതിനേക്കാൾ നിലപാടിലേക്ക് എത്തിച്ചേരുന്ന ശാസ്ത്രീയവും ജനാധിപത്യപരവുമായ രീതിയിലാണ് പരിഷത്ത് ഊന്നുന്നത്. അതിനാൽ എത്തിച്ചേരുന്ന നിലപാടുകൾക്ക് മേൽപ്പറഞ്ഞ പിൻബലം ഉണ്ടെങ്കിൽ അതായിരിക്കും ആ ശാസ്ത്രീയ നിലപാടുകളുടെ പ്രതിരോധവും കരുത്തും. അതുകൊണ്ടാണ് എത്ര വിവാദങ്ങളുണ്ടായാലും, വിഴിഞ്ഞം പദ്ധതി പോലെ, തികച്ചും വിപരീതമായ രാഷ്ട്രീയതീരുമാനങ്ങൾ ഉണ്ടായാലും, ഭാവിയിൽ സമൂഹം ആ നിലപാടുകൾ വീണ്ടും പരിഗണിച്ചേ മതിയാകൂ എന്നുവരുന്നത്. ഈ ബോധ്യങ്ങളാണ് പരിഷത്ത് പ്രവർത്തകരെ സമ്മർദ്ദങ്ങളുള്ളപ്പോഴും ഉറച്ചുനിൽക്കാൻ പ്രാപ്തമാക്കുന്നത്.

70കളിലും 80കളിലും എല്ലാവർക്കും ഏതാണ്ട് ഒരേപോലെ മനസ്സിലാവുമായിരുന്ന പല വാക്കുകളും ഇന്ന് അതേ അർത്ഥത്തിൽ ആളുകൾ മനസ്സിലാക്കുന്നില്ല

മുമ്പ്, ജനപക്ഷ വികസനത്തെക്കുറിച്ച് സംസാരിച്ചിരുന്നവരെ ആക്ഷേപിക്കാൻ ഉപയോഗിച്ച സംജ്ഞ ഇപ്പോൾ കുറെക്കൂടി വിപുലീകരിക്കപ്പെട്ടിരിക്കുന്നു. വികസനത്തിന്റെ പക്ഷത്തുള്ളവരും വിരുദ്ധപക്ഷത്തുള്ളവരും എന്ന രീതിയിൽ കേരളത്തിൽ ഒരു വ്യാജ ബൈനറി ബോധപൂർവം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ജനകീയ സംവാദം മാത്രമല്ല, വികസനത്തിന് അനിവാര്യമായ ജനാധിപത്യത്തിന്റെയും പൗരസ്വാതന്ത്ര്യത്തിന്റെയും അടിത്തറകൾ പോലും അസാധ്യമാക്കുന്ന തരത്തിൽ ഒരുതരം ‘വികസന തീവ്രവാദം' കേരളത്തിൽ ശക്തിയാർജിക്കുന്നതായി ചില സമീപകാല അനുഭവങ്ങൾ തെളിയിക്കുന്നു. വികസനം എന്ന വിഷയത്തെ ജനപക്ഷത്തുനിന്നും ശാസ്ത്രീയ പരിപ്രേക്ഷ്യത്തോടെയും അഭിസംബോധന ചെയ്തിരുന്ന ഒരു സംഘടന എന്ന നിലയിൽ പരിഷത്തിന് ഈ സാഹചര്യത്തെ എങ്ങനെയാണ് നോക്കി കാണുന്നത്?

കേരളത്തിൽ രൂപപ്പെട്ടുവരുന്ന പ്രസ്തുത സാഹചര്യത്തെ പരിഷത്ത് വളരെ ഗൗരവപൂർവ്വമാണ് നോക്കിക്കാണുന്നത്. സംവാദാത്മകത നിലനിർത്തേണ്ട ഒരു സിവിൽ സമൂഹത്തിന്റെ ശോഷണമാണ് അത് കാണിക്കുന്നത്. പരിഷത്തിന്റെ ഇടപെടൽ മേഖലകളായ ആരോഗ്യം, വിദ്യാഭ്യാസം, ലിംഗതുല്യത, വികസനം, പരിസ്ഥിതി തുടങ്ങി എല്ലാ മേഖലകളിലും ഇന്ന് ആഘോഷത്തോടെ ചർച്ച ചെയ്യപ്പെടുന്ന പല അഭിപ്രായങ്ങളും ഇടതുപക്ഷ നിലപാടുകളല്ല എന്ന് പറയേണ്ടിവരും. 70കളിലും 80കളിലും എല്ലാവർക്കും ഏതാണ്ട് ഒരേപോലെ മനസ്സിലാവുമായിരുന്ന പല വാക്കുകളും ഇന്ന് അതേ അർത്ഥത്തിൽ ആളുകൾ മനസ്സിലാക്കുന്നില്ല എന്നത് ഒരു അനുഭവമാണ്. ഉദാഹരണത്തിന്, വികസനം എന്ന വാക്കിൽ അതിലെ ജനപക്ഷ സമീപനം അല്ലെങ്കിൽ ഭൂരിപക്ഷ പരിഗണന ഉൾച്ചേർന്നിരുന്നു. ഇന്നാകട്ടെ അത് ഒരു ഉപരി- മധ്യ വർഗ വിഷയമായി മാത്രം ചർച്ചചെയ്യപ്പെടുന്ന സ്ഥിതിയാണുള്ളത്. പരിഷത്തിന്റെ വികസന കാഴ്ചപ്പാട് നേരത്തെ വിശദീകരിച്ചിരുന്നല്ലോ. മുൻപൊക്കെ വികസനം എന്ന് പറയുമ്പോൾ അത് ആരുടെ വികസനം? എന്തുതരം വികസനം? എന്തിന്റെ വികസനം? എങ്ങനെയുള്ള വികസനം? തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ അതിനോട് ബന്ധപ്പെട്ട് ഉയരുമായിരുന്നു. ആ ചോദ്യങ്ങൾ പൊതുസമൂഹത്തിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുമായിരുന്നു. എന്നാൽ ഇന്ന് അത്തരം ചോദ്യങ്ങൾ ഉയരുന്നത് വികസന വിരുദ്ധമായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. ഈ അന്തരീക്ഷം ഒരിക്കലും ഇടതുപക്ഷ സംവാദാത്മകതയെ അംഗീകരിക്കുന്നതല്ല. അതുകൊണ്ടാണ് ഇടതുപക്ഷ വിരുദ്ധം എന്ന് പറയേണ്ടി വരുന്നത്.

ആസന്നമായ കാലാവസ്ഥാമാറ്റവും വർഗീയ ഫാസിസ്റ്റ് കടന്നാക്രമണവുമാണ് ഭാവി കേരളം കരുതിയിരിക്കേണ്ട രണ്ടു പ്രതിസന്ധികൾ.  / Photo: Prasoon Kiran
ആസന്നമായ കാലാവസ്ഥാമാറ്റവും വർഗീയ ഫാസിസ്റ്റ് കടന്നാക്രമണവുമാണ് ഭാവി കേരളം കരുതിയിരിക്കേണ്ട രണ്ടു പ്രതിസന്ധികൾ. / Photo: Prasoon Kiran

പരിഷത്ത് ഈ വർഷം കേരള സമൂഹത്തിനുമുന്നിൽ വയ്ക്കാൻ ആഗ്രഹിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ചർച്ചാവിഷയവും ഇതാണ്. ഭാവി കേരളത്തിന്റെ ജനകീയമായ വികസനം ലക്ഷ്യമാക്കിയുള്ള ഒരു കാമ്പയിനാണത്. ജനുവരി 26 മുതൽ ഫെബ്രുവരി 28 വരെ കാസർഗോഡു മുതൽ തിരുവനന്തപുരം വരെ നീളുന്ന വലിയൊരു ജനകീയ സംവാദ പദയാത്രയാണ് അതിന്റെ ആദ്യ ഘട്ടത്തിൽ ഉദ്ദേശിക്കുന്നത്. അതിനു മുന്നോടിയായി കേരളത്തിലെ വിവിധ വികസന വിഷയങ്ങളിൽ 14 ജില്ലകളിലും നടക്കുന്ന പ്രധാനപ്പെട്ട സെമിനാറുകൾ, പ്രാദേശിക വിഷയങ്ങളേറ്റെടുത്ത് നൂറോളം വരുന്ന ശാസ്ത്രീയ പഠനങ്ങൾ, പ്രാദേശിക വികസന പരീക്ഷണങ്ങൾക്ക് ഉണർവുനൽകുന്ന റൂറൽ ഇന്നോവാറ്റേഴ്‌സ് മീറ്റ്, പഞ്ചായത്തുകളുടെ സമഗ്ര ആസൂത്രണം ലക്ഷ്യമാക്കി സുസ്ഥിര ഗ്രാമ വികസന മാതൃകകൾ വളർത്തിയെടുക്കൽ, വികസനത്തിന്റെ ഫലപ്രാപ്തിയറിയാൻ ഹാപ്പിനെസ്സ് ഇൻഡക്‌സ് അളന്നു കണ്ടെത്തുന്ന സന്തുഷ്ട ഗ്രാമങ്ങൾ... ഇങ്ങനെ നിരവധി പ്രവർത്തനങ്ങളിൽ കേരളത്തിലെ ജനങ്ങളെ ഒന്നാകെ അണിനിരത്താൻ പരിഷത്ത് ആഗ്രഹിക്കുന്നു.

ആസന്നമായ കാലാവസ്ഥാമാറ്റവും വർഗീയ ഫാസിസ്റ്റ് കടന്നാക്രമണവുമാണ് ഭാവി കേരളം കരുതിയിരിക്കേണ്ട രണ്ടു പ്രതിസന്ധികൾ. കേരളത്തിലെ സൂക്ഷ്മതല ജനാധിപത്യ ഇടങ്ങളെ സംവാദാത്മകമാക്കുന്നതിനും കേരളത്തെ ഭാവി വെല്ലുവിളികൾ നേരിടുന്നതിന് ആന്തരികമായി ശക്തിപ്പെടുത്തുന്നതിനും ഒരു തുടക്കമാവും ഈ ക്യാമ്പയിൻ എന്ന് പരിഷത്ത് പ്രതീക്ഷിക്കുന്നു.

കെ റെയിലുമായി ബന്ധപ്പെട്ട ചർച്ചകളിൽ, പരിഷത്ത് മുന്നോട്ടുവച്ച പ്രധാന കാര്യം, എന്തായിരിക്കണം വികസനത്തിന്റെ മുൻഗണന എന്നതായിരുന്നു. രണ്ട് പ്രളയങ്ങൾ, വലിയ പ്രകൃതി ദുരന്തങ്ങൾ, കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പാരിസ്ഥിതികമായ ആശങ്കകൾ, വിവിധ വിഭാഗങ്ങളുടെ പാർശ്വവൽക്കരണം, കടക്കെണി, മൂലധന വിനിയോഗം തുടങ്ങി നിരവധി വിഷയങ്ങളിലൂിയുള്ള സംവാദങ്ങൾ ഇതിനോടനുബന്ധിച്ചു നടക്കുന്നുണ്ട്. നവകേരള വികസന കാഴ്ചപ്പാട്, വൈജ്ഞാനിക സമ്പദ്​വ്യവസ്ഥ തുടങ്ങിയ വിഷയങ്ങൾ സർക്കാർ തന്നെ ചർച്ചക്കുവച്ചിട്ടുണ്ട്. കേരളത്തിന്റെ ഭാവി വികസനം കണക്കിലെടുക്കുമ്പോൾ മുൻഗണനയിൽ വരേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

ഭാവികേരളത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ അടുത്ത 10 വർഷത്തിനപ്പുറത്തേക്കുള്ള ഏതൊരു ചിന്തയും കാലാവസ്ഥാ മാറ്റമുയർത്തുന്ന വലിയ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ വേണം നടത്താൻ. അങ്ങനെ നോക്കുമ്പോൾ ഭാവിയിലെ കാലാവസ്ഥാ മാറ്റത്തിന്റെ പുതിയ പശ്ചാത്തലത്തിൽ ഇന്നത്തെ നമ്മുടെ വികസന പദ്ധതികളെ പുനരവലോകനം ചെയ്യേണ്ടിവരും. അതിതീവ്ര മഴയും, അടിക്കടി ഉണ്ടാവുന്ന മേഘസ്‌ഫോടനവും, പ്രളയങ്ങളും, വലിയ ഉരുൾ പൊട്ടലുകളും മണ്ണിടിച്ചിലുകളും, ഇടവിട്ട് ഉണ്ടാകാവുന്ന ഉഷ്ണക്കാറ്റും വരൾച്ചയും, തീരദേശത്തെ വർധിച്ച കടലാക്രമണവും, അറബിക്കടലിൽ നിന്നുണ്ടാകുന്ന ചുഴലിക്കാറ്റുകളും, കൂടിക്കൂടി വരുന്ന ഇടിമിന്നൽ ആഘാതങ്ങളും എല്ലാം ഈ ഭാവി മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഗൗരവമായി പരിഗണിക്കേണ്ടതാണ്. നേച്ചർ ബേസ്ഡ് സൊല്യൂഷൻസ് എന്നതാണ് ലോകമാകെ കാലാവസ്ഥ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ അംഗീകരിച്ചു പോരുന്ന വികസന മാർഗം. യു.എൻ മുമ്പോട്ട് വെച്ച, ഇന്ത്യ ഗവൺമെന്റും കേരള സർക്കാരും തയ്യാറാക്കി അംഗീകരിച്ച, സുസ്ഥിര വികസന ലക്ഷ്യങ്ങൾ പോലും 2018 നുശേഷം ഇപ്പോൾ പുനഃപരിശോധനാ വിധേയമാണ് എന്നു പറയേണ്ടിവരും. കേരളം ഇന്ത്യയിലെ വികസന സൂചികയിൽ മുന്നിട്ടുനിൽക്കുന്നത് തന്നെ സുസ്ഥിരവികസന ലക്ഷ്യങ്ങൾ വികേന്ദ്രീകരിച്ചു നടപ്പാക്കിയതിന്റെ പേരിലാണ്. നമുക്ക് തനതായ വികസന മാതൃക എന്ന് അഭിമാനിക്കാവുന്നതും വികേന്ദ്രീകൃത വികസനത്തിന്റെ സാധ്യതകളിലാണ്. ചോദ്യത്തിൽ സൂചിപ്പിച്ച വികസന ആവശ്യങ്ങളെല്ലാം അഭിസംബോധനചെയ്യാൻ ഇത്തരം ശ്രമങ്ങൾ കൂടിയെ തീരു. പ്രാദേശികമായി കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കുന്നതിനും, ഉത്പാദനമേഖലകളുടെ ശാക്തീകരണത്തിനും, പ്രവാസി പിന്മടക്കം ഉൾകൊള്ളാനുമുള്ള ആസൂത്രണവുമെല്ലാം ഇതിനു പൂരകമായിവേണം സംസ്ഥാന തലത്തിലുണ്ടാവാൻ. വൈജ്ഞാനിക സമൂഹം, വൈജ്ഞാനിക സമ്പദ്വ്യവസ്ഥ തുടങ്ങിയ നവകേരള വികസന കാഴ്ചപ്പാടുകൾ കൂടുതൽ ചർച്ചകളിലൂടെ വ്യക്തത വരുത്തേണ്ടതുമുണ്ട്.

കെ റയിൽ മുന്നോട്ടുവെച്ച സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കണം എന്നൊരു നിലപാടല്ല ശാസ്ത്രസാഹിത്യപരിഷത്ത് ആദ്യഘട്ടത്തിൽ എടുത്തിട്ടുള്ളത്.

കേരളം നേരിടുന്ന വികസന പ്രശ്‌നങ്ങൾ ഗൗരവമായി ചർച്ചചെയ്യാനും പരിഹാര നിർദേശങ്ങൾ മുന്നോട്ടുവയ്ക്കാനും കഴിയുന്ന അക്കാദമിക് സമൂഹം ഇവിടെ വളർന്നുവന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഏറ്റെടുക്കുന്ന രീതിയിൽ നമ്മുടെ ഗവേഷണസ്ഥാപനങ്ങളെ സംവിധാനം ചെയ്യേണ്ടതുമുണ്ട്. അത്തരം ശാസ്ത്രീയസമീപനങ്ങൾക്കുകൂടി ചെവികൊടുത്തുകൊണ്ടുമാത്രമേ ഗൗരവമുള്ള വികസനതീരുമാനങ്ങൾ സർക്കാർ കൈക്കൊള്ളാവൂ. ഇന്ത്യയിൽ ഇന്നു നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യം പരിഗണിച്ചുവേണം ഭാവി കേരളത്തെക്കുറിച്ചുള്ള മേല്പറഞ്ഞ ചർച്ചകൾ നടത്താൻ. മതേതരത്വവും, ജനാധിപത്യവും, ശാസ്ത്രബോധവും, സാമൂഹ്യനീതിയുമുള്ള ഒരു നവകേരളത്തിനു മാത്രമേ ഫസിസ്റ്റ് അധിനിവേശത്തെ ചെറുത്തുനിൽക്കാൻ ആവുകയുള്ളൂ.

കെ റെയിലുമായി ബന്ധപ്പെട്ട് ഇപ്പോൾ നമുക്കുമുന്നിലുള്ള വസ്തുതകൾ വച്ചുകൊണ്ട്, ഈ പദ്ധതി പൂർണമായും ഉപേക്ഷിക്കണം എന്നുതന്നെയാണോ പരിഷത്തിന്റെ നിലപാട്?

കെ റെയിൽ മുന്നോട്ടുവെച്ച സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കണം എന്നൊരു നിലപാടല്ല ശാസ്ത്രസാഹിത്യപരിഷത്ത് ആദ്യഘട്ടത്തിൽ എടുത്തിട്ടുള്ളത്. കേരളത്തിന്റെ ഗതാഗതവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി പരിഷത്ത് നടത്തിയ പഠനങ്ങളും ഇടപെടലുകളും പൊതുജനമധ്യത്തിൽ നടത്തിയ ചർച്ചകളും എല്ലാം വച്ച്​ രൂപീകരിച്ചിട്ടുള്ള ഗതാഗതനയത്തിൽ നിലവിലുള്ള റെയിൽവേ പാതയിരട്ടിപ്പിച്ചും ശക്തിപ്പെടുത്തിയും സിഗ്‌നൽ സംവിധാനം ആധുനികവൽക്കരിച്ചും ഒരു ഗതാഗത ബാക്ക് ബോൺ ഉണ്ടാവണം എന്നു നിർദേശിക്കുന്നുണ്ട്.

കെ. റെയിൽ വിഷയത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷദ് പുറത്തിറക്കിയ ലഖുലേഖ
കെ. റെയിൽ വിഷയത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷദ് പുറത്തിറക്കിയ ലഖുലേഖ

നിലവിൽ ആ പാതയ്ക്കു സമാന്തരമായി ആകാവുന്നത്ര വളവുകൾ നിവർത്തി അർദ്ധ അതിവേഗ ഇരട്ടപ്പാതയുടെ സാധ്യതയാണ് ആരായേണ്ടത്. അത്തരം പഠനങ്ങൾകൂടി നടക്കേണ്ടതുണ്ട്. ഒപ്പം നടക്കേണ്ട ദേശീയപാതാ വികസനവും (നാലുവരി-ആറുവരി) സംസ്ഥാന പതയുടെയും ജില്ലാ- താലൂക്ക്- ഗ്രാമീണ റോഡുകളുടെ വികസനവും പരിഗണിക്കണം. ഇതിന്റെ വിശദാംശങ്ങളും പരിഷത്ത് ചർച്ചചെയ്തിട്ടുണ്ട്. ഇങ്ങനെ കേരളത്തിലെ ഗതാഗതം മൊത്തത്തിൽ പരിശോധിക്കുമ്പോൾ സിൽവർ ലൈൻ ഒരു മുൻഗണനാ പദ്ധതിയായി പരിഷത്ത് കാണുന്നില്ല.

കെ റെയിൽ വിഷയത്തിൽ, പരിഷത്തിനകത്ത് അഭിപ്രായവ്യത്യാസങ്ങളുള്ളതായി, സംഘടനയുമായി ബന്ധമുള്ളവർ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. സംഘടനയിലെ സി.പി.എം ‘പക്ഷപാതിത്വ'മുള്ളവരാണോ കെ റെയിൽ നിലപാടിനെ എതിർക്കുന്നത്? അതല്ലെങ്കിൽ, ഈ ഭിന്നതക്ക് ശാസ്ത്രീയമായ എന്തെങ്കിലും അടിസ്ഥാനമുണ്ടോ?

കേരളത്തിന്റെ വികസനവും, ഗതാഗതപ്രശ്‌നങ്ങളും ദീർഘകാലമായി പഠിച്ചും, ചർച്ച ചെയ്തും, ജനങ്ങളോട് സംവദിച്ചുകൊണ്ടുമിരിക്കുന്ന പരിഷത്തിന്​ ആദ്യ ഘട്ടത്തിൽ തന്നെ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് പ്രാഥമികമായി അഭിപ്രായം പറയാൻ ബാധ്യതയുണ്ട്. അന്ന് പദ്ധതിയുടെ ഡി. പി. ആർ നൽകാൻ കെ റെയിൽ അധികൃതർ തയ്യാറായിരുന്നില്ല. നേരത്തെ സൂചിപ്പിച്ചപോലെ കേരളത്തിന്റെ ഗതാഗത രംഗത്തെക്കുറിച്ചും, കേരള വികസനത്തെക്കുറിച്ചും പരിഷത്ത് നടത്തികൊണ്ടിരിക്കുന്ന അന്വേഷണങ്ങളുടെ തുടർച്ചയായാണ് സിൽവർ ലൈൻ കേരളത്തിന്റെ ഗതാഗത വികസനത്തിൽ ഒരു മുൻഗണനയല്ല എന്ന പ്രാഥമിക നിലപാടുണ്ടാകുന്നത്. അങ്ങനെ ഒരു അഭിപ്രായം പറയുമ്പോൾത്തന്നെ, സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് കൂടുതൽ പഠിക്കാനും പരിഷത്ത് തയ്യാറാവുകയായിരുന്നു. നിരവധി ചർച്ചകൾക്കും, അവതരണങ്ങൾക്കും ശേഷമാണ്​ സംഘടന ആ നിലപാട് സ്വീകരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ലാത്തതുകൊണ്ടുതന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ പരിഷത്ത് പ്രവർത്തകരിൽ ഉണ്ടാകാം. സൈലൻറ്​വാലി കാലത്ത് ഇല്ലാതിരുന്ന സോഷ്യൽ മീഡിയയുടെ സൗകര്യം അത്തരം വിയോജിപ്പുകൾ പരസ്യമായി പ്രകടിപ്പിക്കുന്നതിനും അതിനു ദൃശ്യത കൈവരുന്നതിനും ഇടയാക്കിയിട്ടുണ്ട്. ഇത് ഏതെങ്കിലും രാഷ്ട്രീയ പക്ഷപാതിത്തം കൊണ്ടായിരിക്കണമെന്നില്ല. ചിലർ അങ്ങനെ നിലപടെടുത്തിട്ടുമുണ്ട്. പരിഷത്തിന്റെ സവിശേഷഘടനയ്ക്കുള്ളിൽ തികഞ്ഞ ജനാധിപത്യ സംവാദങ്ങൾക്ക്​ ആവോളം സാധ്യതയുണ്ട്. ആശയപരമായ അത്തരം സംവാദങ്ങൾ പരിഷത്ത് നിലപാടുകൾക്കു കൂടുതൽ വ്യക്തത വരുത്തുന്നതായാണ് കണ്ടിട്ടുള്ളത്.

സിൽവർ ലൈൻ സംബന്ധിച്ച് പരിഷത്ത് തുടങ്ങിയ പഠനം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. റിപ്പോർട്ടും ഉടൻ പ്രസിദ്ധീകരിക്കാനാകും. അതുനൽകുന്ന പുതിയ അറിവ് സംഘടനയ്ക്കകത്തും പൊതുസമൂഹത്തിലും കൂടുതൽ ക്രിയാത്മകമായ ചർച്ചകൾക്ക് വഴിവയ്ക്കും എന്നു പ്രതീക്ഷിക്കുന്നു. ഇതിന്റെ വെളിച്ചത്തിൽ പരിഷത്ത് നിലപാടും കൂടുതൽ വ്യക്തമാകും. അങ്ങനെയാണ് ഒരു ജനാധിപത്യ സമൂഹത്തിൽ നിലപാടുകൾ ഉണ്ടാകേണ്ടത്.

സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങൾക്കുള്ള അത്തരം ക്ഷേമപ്രവർത്തനങ്ങൾ അവരുടെ അവകാശമായി വേണം അംഗീകരിക്കാൻ, അല്ലാതെ സൗജന്യമായി കാണുന്നത് ഒരു വരേണ്യ ചിന്തയുടെ ഭാഗമാണെന്നു പറയേണ്ടിവരും.

ഏതു പ്രതിസന്ധിക്കും വെൽഫെയർ പൊളിറ്റിക്സിന്റേതായ ക്ഷണികപരിഹാരമാണ് ഇന്ന് മുന്നോട്ടുവക്കപ്പെടുന്നത്. ഈ വലതുപക്ഷ പോപ്പുലിസം ഭരണകൂടത്തിന്റെ മാത്രമല്ല, പൗരസമൂഹത്തിന്റെ പോലും പ്രീതി പിടിച്ചുപറ്റുന്നുണ്ടെന്ന് കേരളത്തിലെ തെരഞ്ഞെടുപ്പുരാഷ്ട്രീയം തെളിയിക്കുന്നു. നിയോ ലിബറലിസത്തിന് ബദൽ എന്ന നിലയ്ക്കാണ് ഈ ‘പരിഹാരം' പോലും വ്യാഖ്യാനിക്കപ്പെടുത്. ഇത് കേരളത്തിന് അനുയോജ്യമായ ഒരു മോഡലാണോ?

കേരളത്തിന്റെ വികസന ചരിത്രത്തിൽ ഉത്പാദനമേഖലകളുടെ വളർച്ചാക്കുറവ് ഒരുപാടു പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. സർക്കാർ സർവീസ് - പൊതുമേഖലകളും വിദേശ പണത്തിന്റെ ഒഴുക്കുമാണ് ഈ വിടവ് കുറെയൊക്കെ നികത്തൻ സഹായിച്ചിരുന്നത്. എന്നാൽ ഇന്ന് സാമ്പത്തികമാന്ദ്യവും, വരുമാനക്കുറവും, പ്രവാസി പണത്തിലുണ്ടകുന്ന ഇടിവും, കേന്ദ്ര സഹായത്തിലുണ്ടായ അവഗണനകളും സംസ്ഥാനത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. കോവിഡ് കാലത്ത് ഈ പ്രതിസന്ധികൾ തീഷ്ണമായ സാഹചര്യത്തിൽ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക്​ പ്രത്യേക പ്രാധാന്യം കൈവന്നിരുന്നു. അതുപോലെ, ഇപ്പോഴും സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങൾക്കുള്ള അത്തരം ക്ഷേമപ്രവർത്തനങ്ങൾ അവരുടെ അവകാശമായി വേണം അംഗീകരിക്കാൻ, അല്ലാതെ സൗജന്യമായി കാണുന്നത് ഒരു വരേണ്യ ചിന്തയുടെ ഭാഗമാണെന്നു പറയേണ്ടിവരും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തിയോ ലിബറലിസത്തിനു ബദലായോ അതിനെ വ്യാഖ്യാനിക്കുന്നത് ശരിയായിരിക്കില്ല. അങ്ങനെ നോക്കുമ്പോൾ ‘മോഡൽ' എന്ന പ്രയോഗവും തെറ്റുതന്നെയാണ്.

പരിഷത്ത്, സജീവമായി ഇടപെട്ട ഒന്നായിരുന്നു ജനകീയാസൂത്രണം. വികേന്ദ്രീകൃതാസൂത്രണ വികസനം എന്ന നയപരിപാടിയുടെ അടിസ്ഥാനത്തിൽ മുന്നോട്ടുവച്ച ജനകീയാസൂത്രണം, കേരളത്തിന്റെ മൂലധനശേഷിക്കുറവ്, പ്രാദേശികതല സമാഹരണം, സാങ്കേതിക വിദ്യകളിലെ സ്വയംപര്യാപ്തത തുടങ്ങി നിരവധി വിഷയങ്ങൾ ഉന്നയിച്ച ഒന്നായിരുന്നു. മാത്രമല്ല, അതിനൊരു ജനകീയമായ അടിത്തറയും കക്ഷിരഷ്ട്രീയഭേദമേന്യയുള്ള സഹകരണവുമുണ്ടായിരുന്നു. എന്നാൽ, കേരളത്തിനനുയോജ്യമായ വികസന രാഷ്ട്രീയം പ്രയോഗവൽക്കരിക്കുന്നതിൽ ജനകീയാസൂത്രണം പരാജയപ്പെടുകയല്ലേ ചെയ്തത്? പരിഷത്ത് ഇതുസംബന്ധിച്ച് വിലയിരുത്തൽ നടത്തിയിട്ടുണ്ടോ?

ഒന്നാമതായി, ജനകീയാസൂത്രണം പൂർണമായും പരാജയപ്പെട്ടു എന്നു പറയുന്നത് ശരിയല്ല. ജനകീയാസൂത്രണത്തിന്റെ ലക്ഷ്യങ്ങൾ പരിമിതമായിരുന്നു. എം.പി. പരമേശ്വരൻ ചൂണ്ടിക്കാണിക്കുന്ന പോലെ, പഞ്ചായത്തുകൾക്ക് കിട്ടുന്ന ഫണ്ടിന്റെ വിനിയോഗത്തിലായിരുന്നു അതിന്റെ ഊന്നൽ. വിനിയോഗത്തെ കൂടുതൽ ജനാധിപത്യപരമാക്കാനും പരമാവധി ഉൾക്കൊള്ളലോടെ നടത്താനുമുള്ള ശ്രമങ്ങളായിരുന്നു നടന്നത്. രണ്ടാമതായി തദ്ദേശസ്ഥാപനങ്ങളുടെ സ്വതന്ത്രമായ പദ്ധതി ആസൂത്രണവും അത്​ ലക്ഷ്യംവെച്ചുകൊണ്ടുള്ള വിഭവസമാഹരണവും അത്തരം വിഭവ ആസൂത്രണവും ഒന്നും ജനകീയാസൂത്രണത്തിന്റെ അജണ്ടയിലുണ്ടായിരുന്നില്ല.

എം.പി. പരമേശ്വരൻ
എം.പി. പരമേശ്വരൻ

അതുകൊണ്ടുതന്നെ ഉത്പാദന മേഖലയിലേക്ക് സ്വകാര്യ മൂലധനം അടക്കം കൂടുതൽ നിക്ഷേപം കണ്ടത്തുന്നതിനും അങ്ങിനെ സാമ്പത്തിക വളർച്ചയിൽ ഒരു കുതിച്ചുചാട്ടം നടത്തുന്നതിനും ജനകീയാസൂത്രണംകൊണ്ട് സാധിക്കാതെ പോയി. സ്വകാര്യ നിക്ഷേപം കൂടി കണക്കിലെടുത്താൽ ഒരു പഞ്ചായത്തിന്റെ ജി.ഡി.പി കുറഞ്ഞത് 500-600 കോടിവരും എന്ന് എംപി കണക്കാക്കുന്നുണ്ട്. ഇതിന്റെ ഒരു 10 ശതമാനം, അതായത് 50 കോടി രൂപ, നിക്ഷേപമാക്കി മാറ്റാനായാൽ അതുണ്ടാക്കുന്ന സാമ്പത്തിക വളർച്ച എത്ര വലുതായിരിക്കും! ആ സാധ്യതകളാണ് ഇനി കേരളം പ്രയോജനപ്പെടുത്താൻ ശ്രമിക്കേണ്ടത്. ഇങ്ങനെയൊക്കെയാണെങ്കിലും ജനകീയാസൂത്രണം ഉണർത്തിവിട്ട സാമൂഹ്യ മുന്നേറ്റത്തെ കാണാതിരിക്കാനാവില്ല. പ്രാദേശിക ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പ്രതിലോമ രാഷ്ട്രീയത്തെ ഒരു വലിയകാലം തടഞ്ഞുനിർത്തുന്നതിനും ജനകീയാസൂത്രണത്തിനായിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഭരണവും, സ്ഥാപനങ്ങളുമടക്കമുള്ള എല്ലാ സംവിധാനങ്ങളെയും വ്യവസ്ഥാപനവൽകരിക്കുന്നതിനും ജനങ്ങളും ജനപ്രതിനിധികളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിനും കഴിഞ്ഞത് നേട്ടം തന്നെയാണ്. പ്രധാന ന്യൂനത അത് അടുത്തഘട്ടത്തിലേക്ക് വ്യാപിപ്പിക്കുവാൻ കഴിഞ്ഞില്ല എന്നതാണ്. അത് പക്ഷേ അതിന്റെ മാത്രം പരാജയവും അല്ലല്ലോ.

ആശയപ്രചാരണത്തിന് വൈവിധ്യമാർന്ന മീഡിയകൾ ഉപയോഗിക്കുന്ന സംഘടനയാണ് പരിഷത്ത്. ശാസ്ത്ര- സാങ്കേതികവിദ്യകളുടെയും സോഷ്യൽ മീഡിയയുടെയും ഒരു അതിവേഗസഞ്ചാരകാലത്ത്, ശാസ്ത്രകലാജാഥയെപ്പോലെയും തെരുവുനാടകങ്ങളെയും പോലുള്ള പരമ്പരാഗത സങ്കേതങ്ങൾ തുടരാൻ കഴിയുമോ?

1978 മുതലുള്ള ചരിത്രം പരിഷത്ത് കലാജാഥയ്ക്കുണ്ട്. ആരംഭകാലത്ത് പരിഷത്ത് സംഘടനയെ കേരളമൊട്ടുക്കും വ്യാപിപ്പിക്കുന്നതിനുമാത്രമല്ല, കേരളത്തിലെ ജനങ്ങളെ ഒന്നാകെ പ്രതീക്ഷാനിർഭരമാക്കുന്നതിനും കലാജാഥയ്ക്ക് കഴിഞ്ഞിരുന്നു. ഓരോ കലാജാഥയും അത്തരത്തിൽ ഓരോ സാംസ്‌കാരിക അവബോധം സൃഷ്ടിച്ചിരുന്നു എന്ന് വേണമെങ്കിൽ പറയാം. രണ്ടായിരത്തിനുശേഷമാണ് കലാജാഥകൾക്ക് പഴയ സ്വീകാര്യത നഷ്ടപ്പെട്ട് തുടങ്ങിയത്. കലാരൂപത്തിന്റെ കുഴപ്പംകൊണ്ടുമാത്രമായിരിക്കണമെന്നില്ല അത്. സംവേദിക്കാനുള്ള ആശയങ്ങളുടെ കുറവും അതിനെ ബാധിച്ചിട്ടുണ്ടാവും. എന്നാൽ ഈ അടുത്തകാലത്തായി പുതിയ ആശയങ്ങൾ കേരള സമൂഹവുമായി പങ്കുവയ്ക്കുന്നതിനായി പരിഷത്തിനുള്ളിൽ രൂപപ്പെട്ടുവരുന്നുണ്ട്.

ശാസ്ത്ര കലാജാഥയിൽ നിന്ന് (2017 ലെ ചിത്രം) / Photo: Divakaran Kottekkotte
ശാസ്ത്ര കലാജാഥയിൽ നിന്ന് (2017 ലെ ചിത്രം) / Photo: Divakaran Kottekkotte

ജാഥയുടെ രീതിയും ചട്ടക്കൂടും പഴയതുപോലെതന്നെ തുടരാൻ കഴിയണമെന്നില്ല. കോവിഡ് കാലത്ത് ഡിജിറ്റൽ കലാജാഥയും പരിഷത്ത് പരീക്ഷിച്ചു നോക്കിയിരുന്നു. ഈ ഒക്ടോബർ ആദ്യം കൊല്ലത്ത് നടക്കുന്ന വി.കെ. എസ് ശാസ്ത്രസാംസ്‌കാരികോത്സവത്തിലെ ഒരു പ്രധാന അന്വേഷണ വിഷയവും പുതിയ കാലത്തെ പുതിയ സംവേദനമാധ്യമം എന്നതാണ്. എന്നിരുന്നാലും സോഷ്യൽ മീഡിയയുടെ അതിവേഗകാലത്തും നേരിട്ടുള്ള മുഖാമുഖ സംവേദന രീതികൾക്ക് പ്രാധാന്യമുണ്ടെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. അവതരണരീതിയിയും ശൈലിയും സംഘാടനവും രംഗ രൂപവും ഒക്കെ വ്യത്യസ്തങ്ങളാവാം. എന്നുമാത്രമല്ല, ജനകീയമായി ഒരു കലാജാഥ ഏതാനും ആഴ്ചകൾ തുടർച്ചയായി അവതരിപ്പിച്ചുകൊണ്ടു സഞ്ചരിക്കുക എന്നത് ഒരു പരിമിതിയാണെങ്കിലും, അതിന്റെ സങ്കേതങ്ങളെ അത്തരത്തിൽ മാറ്റിത്തീർത്ത് കൂടുതൽ സർഗാത്മകമാക്കാൻ കഴിയുമെങ്കിൽ അതുതന്നെയായിരിക്കും ജനങ്ങളെ ഇളക്കി മറിക്കുന്ന ഒരു നല്ല ആശയവിനിമയമാർഗം എന്നു പറയേണ്ടിവരും. ഫാസിസത്തിന് എന്നും പ്രതിരോധമുയർത്തുന്നത് സർഗാത്മകത തന്നെയാണ്. അതുകൊണ്ട് പരിഷത്തിന്റെ കലാജാഥയിലൂടെയുള്ള ആശയപ്രചാരണരീതിക്ക് വളരെ വലിയ സാധ്യത മാത്രമല്ല ആവശ്യകതയും ഞാൻ കാണുന്നു.

2000നുശേഷം പരിഷത്തിൽ ഏറ്റവും കാലം നിലനിന്നുവരുന്ന ചർച്ച, സംഘടനാപുനർനിർമാണം എന്നതുതന്നെയാണ്. ഇപ്പോഴുള്ള സംസ്ഥാനം - ജില്ല - മേഖല - യൂണിറ്റ് എന്ന ഘടനാപരമായ വിഭജനങ്ങൾ തന്നെ പലതരത്തിൽ വിമർശന വിധേയമാകുന്നുണ്ട്.

തുടക്കത്തിൽ, ഒരു അക്കാദമിക് സ്വഭാവമാണ് പരിഷത്തിനുണ്ടായിരുന്നത്. എഴുപതുകളിൽ, അത് ജനകീയമായ ഒരു സംഘാടനത്തിലേക്ക് വികസിച്ചു. പിന്നീട്, അത്തരം ആക്റ്റിവിസ്റ്റ് പ്രവർത്തനരീതികളിൽ നിന്ന് മാറി, കുറെക്കൂടി വൈജ്ഞാനികവും പഠനപരവുമൊക്കെയായ തലത്തിലേക്ക് വന്നു. ശാസ്ത്രം സാമൂഹിക വിപ്ലവത്തിന് എന്ന, ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനരീതി, പുതിയ കാലത്തിനനുസരിച്ച് വികസിപ്പിക്കുന്നതിലും പ്രയോഗവൽക്കരിക്കുന്നതിലും, പരിഷത്ത് സംഘടനാപരമായി അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ എന്തൊക്കെയാണ്?

പരിഷത്തിൽ ചോദ്യം ചെയ്യപ്പെടാത്തതായി ഒന്നും തന്നെയില്ല. പരിഷത്തിന്റെ സംഘടനാരീതിയും, വിവിധ സംഘടനാഘടകങ്ങളും, ഓരോ ഘടകങ്ങളുടെയും പ്രാധാന്യവും എല്ലാം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. പുതിയ സംഘടനാ രീതികളുടെ അന്വേഷണവും നടക്കുന്നുണ്ട്. 2000നുശേഷം പരിഷത്തിൽ ഏറ്റവും കാലം നിലനിന്നുവരുന്ന ചർച്ച, സംഘടനാപുനർനിർമാണം എന്നതുതന്നെയാണ്. ഇപ്പോഴുള്ള സംസ്ഥാനം - ജില്ല - മേഖല - യൂണിറ്റ് എന്ന ഘടനാപരമായ വിഭജനങ്ങൾ തന്നെ പലതരത്തിൽ വിമർശന വിധേയമാകുന്നുണ്ട്. ഓരോ ഘടകത്തിന്റെയും പ്രാധാന്യവും ആരംഭകാലത്തിൽ നിന്ന് വളരെ വ്യത്യസ്തമായി മനസ്സിലാക്കപ്പെടുന്നുണ്ട്. യൂണിറ്റുകൾ തോറും സയൻസ് സെന്ററുകൾ എന്ന പേരിൽ ‘ശാസ്ത്രം പ്രവർത്തിക്കുന്ന' സ്ഥാപനങ്ങളുണ്ടായി വരുന്നത് ഈ സമീപകാലത്തെ ഒരു മാറ്റമാണ്. എറണാകുളം ജില്ലയിലെ മുളന്തുരുത്തി പഞ്ചായത്തിലെ തുരുത്തിക്കര മാതൃക അതിനുദാഹരണമാണ്. തദ്ദേശ ജനങ്ങളുടെ നിത്യജീവിതത്തിലേക്ക് ശാസ്ത്രത്തിന്റെ സാധ്യതകളെ പ്രായോഗികമായി ഉപയോഗപ്പെടുത്തുകയും അതിനവരെ പ്രാപ്തരാക്കുകയും ചെയ്യുന്ന പ്രവർത്തനത്തിന് സൂക്ഷ്മതല ജനാധിപത്യ ശാക്തീകരണത്തിൽ വലിയ പങ്കുവഹിക്കാൻ കഴിയുന്നുണ്ട്. അതിനുപറ്റുന്ന രീതിയിലേക്ക് പരിഷത്തിന്റെ ഘടനയിലും ചിലപ്പോൾ മാറ്റങ്ങൾ ആവശ്യമായി വന്നേക്കാം. ഓരോ പരിഷത്ത് യൂണിറ്റിനെയും ആ പ്രദേശത്തുള്ള മറ്റു സംഘടനകളിൽനിന്ന്​ വ്യത്യസ്തമാക്കുന്നത് അറിവിന്റെ നിർമാണത്തിൽ യൂണിറ്റ് വഹിക്കുന്ന പങ്കായിരിക്കും. അതിനു പറ്റാതെ അല്ലെങ്കിൽ ശ്രമിക്കാതെ നിൽക്കുന്ന യൂണിറ്റുകൾ പ്രസക്തി നഷ്ടപ്പെട്ട് ക്രമേണ ഇല്ലാതായേക്കും. ഇന്നത്തെ യൂണിറ്റുകളുടെ ഘടനയും, അംഗത്വ ചേരുവയും അതിനനുഗുണമായി രൂപപ്പെടുത്തുക ഒരു വെല്ലുവിളിതന്നെയാണ്.

സംസ്ഥാനഘടകത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. കേരള സംസ്ഥാനം നേരിടുന്ന പുതിയ വെല്ലുവിളികൾക്കനുസരിച്ച് സൃഷ്ടിപരമായ പ്രതികരിക്കാൻ പരിഷത്ത് കേന്ദ്രഘടകത്തിനും ശേഷിയുണ്ടാവണം. അതിനുപറ്റുന്ന പ്രായോഗിക പരിചയവും അക്കാദമിക് മികവുമുള്ള അംഗങ്ങളുടെ ചേരുവ ആ തലത്തിലും ഉണ്ടാകേണ്ടതുണ്ട്. ഇത്തരം ഒരു വെല്ലുവിളി നേരിടുന്നതിനാണ് 2007-ൽ സംസ്ഥാന തലത്തിൽ വിഷയ സമിതികൾ രൂപീകരിക്കുന്നത്. വിദ്യാഭ്യസം, ആരോഗ്യം, ജൻഡർ, പരിസരം എന്നിവയാണ് വിഷയസമിതികൾ. സംഘടനയ്ക്കുള്ളിലെ കമ്മിറ്റികളിൽനിന്ന്​ വ്യത്യസ്തമായി പരിഷത്ത് അംഗങ്ങളല്ലാത്തവർക്കു പോലും വിഷയസമിതികളിൽ അംഗങ്ങളാകാം എന്നതാണ് ഇതിന്റെ ഒരു സാധ്യത. അങ്ങിനെ ഓരോ മേഖലയിലുമുള്ള വിദഗ്ധരുടെ അതതു മേഖലയിലെ വൈദഗ്ധ്യം ഉപയോഗപ്പെടുത്താൻ ഈ സംവിധാനത്തിനാവും എന്ന് കണക്കാക്കുന്നു.

പരിഷത്തിന്റെ ഒരു പ്രത്യേകത പലപ്പോഴും ഒന്നും മുൻകൂട്ടി തീരുമാനിച്ച് നടപ്പാക്കുന്നവ ആയിരിക്കുകയില്ല, ഒരു പ്രവർത്തനത്തിന്റെ തുടർച്ച ആവശ്യപ്പെടുന്നതനുസരിച്ച് അതിൽനിന്ന്​ സ്വാഭാവികമായി രൂപപ്പെടുന്നവയാണ് അടുത്തഘട്ട മാറ്റങ്ങളും പ്രവർത്തനങ്ങളും എന്നതാണ്. അവയെ ഏറ്റവും ശാസ്ത്രീയവും പ്രായോഗികവുമാക്കുക എന്നതായിരിക്കും പലപ്പോഴും പരിഷത്ത് സംഘടനയ്ക്ക് അതിൽ വഹിക്കാനുള്ള പങ്ക്.

സംഘടനകളെപ്പോലും അപ്രസക്തമാക്കുന്ന ഒരു കാലഘട്ടത്തിലേക്കാണ് നാം അതിജീവിക്കേണ്ടത് എന്നൊരു കരുതലും ഭാവിയെക്കുറിച്ച് നമുക്കുണ്ടാവണം. വ്യാജവാർത്തകളും വ്യാജ പ്രചാരണങ്ങളും വ്യാജ ചരിത്രനിർമിതിയും കപടശാസ്ത്രങ്ങളും കെട്ടുകാഴ്ചകളും നാട്ടുനടപ്പായേക്കാവുന്ന ഒരു ലോകത്ത് ശാസ്ത്രത്തെ, ശാസ്ത്രബോധത്തെ മുൻനിർത്തിയുള്ള പ്രവർത്തനം ഏറ്റവും വലിയ ഒരു പ്രതിരോധ പ്രവർത്തനം കൂടിയായിരിക്കും. ▮


ബി. രമേശ്​

കേരള ശാസ്​ത്രസാഹിത്യ പരിഷത്ത്​ പ്രസിഡൻറ്​.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments