കാസർകോട്ട് മോക് പോളിൽ ചെയ്യാത്ത വോട്ട്
വോട്ടിങ് മെഷീനിൽ ബി.ജെ.പിക്ക്, സുപ്രീംകോടതി ഇടപെട്ടു

കാസർകോട് മണ്ഡലത്തിലെ സ്ഥാനാർഥിയും സി പി എം നേതാവുമായ എം.വി. ബാലകൃഷ്ണന്റെയും യു ഡി എഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താന്റെയും ഏജന്റുമാരാണ് കലക്ടർക്ക് പരാതി നൽകിയത്. അന്വേഷിക്കാൻ തെരഞ്ഞെടുപ്പ് കമീഷന് സുപ്രീംകോടതി ​നിർദേശം.

Election Desk

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിനു മണിക്കൂറുകൾ ബാക്കി നിൽക്കെ കാസർകോട് മണ്ഡലത്തിൽ നടത്തിയ മോക് പോളിൽ, ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീനിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പേരിൽ രേഖപ്പെടുത്തിയെന്ന് പരാതി. നാല് വോട്ടിങ് യന്ത്രങ്ങളിലാണ് ബി ജെ പിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതിയുയർന്നത്.

കാസർകോട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയും സി പി എം നേതാവുമായ എം.വി. ബാലകൃഷ്ണന്റെയും യു ഡി എഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താന്റെയും ഏജന്റുമാരാണ് കലക്ടർ കെ. ഇൻബാശേഖറിന് പരാതി നൽകിയത്. കാസർകോട്ടെ വിഷയം സുപ്രീംകോടതിയിൽ വിവിപാറ്റ് കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഉന്നയിച്ചതിനെതുടർന്ന്, അന്വേഷണത്തിന് കോടതി തെര​ഞ്ഞെടുപ്പുകമീഷന് നിർദേശം നൽകി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയുമടങ്ങുന്ന ബഞ്ചാണ് പരാതി പരിശോധിക്കാൻ നിർദേശിച്ചത്.

വോട്ട് രേഖപ്പെടുത്തുമ്പോൾ ബി ജെ പിക്കാണ് വോട്ട് ലഭിക്കുന്നതെന്ന് യു ഡി എഫ് സ്ഥാനാർഥിയുടെ ഏജന്റ് മുഹമ്മദ് നാസർ ചെർക്കളം അബ്ദുല്ല അറിയിച്ചു. കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നം വോട്ടിങ് മെഷീനിലെ മറ്റുള്ള ചിഹ്നങ്ങളേക്കാൾ ചെറുതായാണ് കൊടുത്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നലെ നടത്തിയ മോക് പോളിലാണ് സംഭവം.

മോക് പോളിന്റെ ആദ്യ റൗണ്ടിൽ 190 വോട്ടിങ് മെഷീനുകളും പരിശോധിച്ചു. 20 മെഷീനുകളാണ് ഒരു സമയം പബ്ലിഷ് ചെയ്തത്. ഒരു യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്താൻ പത്ത് ഓപ്ഷനുണ്ട്. ഓരോ ഓപ്ഷനും ഓരോ തവണ അമർത്തി പരീക്ഷിച്ചപ്പോൾ നാലു മെഷീനുകളിൽ ബി ജെ പിക്ക് രണ്ടു വോട്ട് ലഭിച്ചതായി വ്യക്തമായി. ബി ജെ പി ചിഹ്നത്തിൽ അമർത്താതിരുന്നപ്പോഴും പാർട്ടിയുടെ കണക്കിൽ ഒരു വോട്ട് രേഖപ്പെടുത്തി. ഇതേത്തുടർന്ന് ഈ മെഷീനുകൾ മാറ്റണമെന്ന് ഏജന്റുമാർ ആവശ്യപ്പെട്ടു.

ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീനിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പേരിൽ രേഖപ്പെടുത്തിയെന്ന പരാതി അന്വേഷിക്കാൻ തെരഞ്ഞെടുപ്പ് കമീഷന് സുപ്രീംകോടതി നിർദേശം നൽകി. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിലെ മുഴുവൻ വിവിപാറ്റ് രസീതുകളും എണ്ണണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികളിൽ വാദം നടക്കവേയാണ് പ്രശാന്ത് ഭൂഷൺ കാസർകോട്ടെ പരാതി ഉന്നയിച്ചത്.

വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട നടപടികളിൽ കൃത്രിമം നടക്കുന്നില്ല എന്നുറപ്പാക്കാൻ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് വിശദീകരിക്കാൻ തെരഞ്ഞെടുപ്പുകമീഷന്റെ അഭിഭാഷകനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

അതേസമയം, വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ (വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ) പൂർണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിൽ വാദം തുടരുകയാണ്. 'കൃത്യമായ ഫലത്തിന് യന്ത്രം തന്നെയാണ് നല്ലത്' എന്ന് സുപ്രീംകോടതി വാദത്തിനിടെ അഭിപ്രായപ്പെട്ടു.

വിവി പാറ്റ് ബോക്‌സിലെ ലൈറ്റ് മുഴുവൻ സമയവും ഓണാക്കിയിടാൻ നിർദേശിക്കണമെന്ന് പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താൽ സ്ലിപ്പ് ബാലറ്റ് ബോക്‌സിലേക്ക് വീഴുന്നത് വോട്ടർമാർക്ക് കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വിവി പാറ്റ് സ്ലിപ്പ് വോട്ടർ തന്നെ ബാലറ്റ് ബോക്‌സിൽ ഇടാൻ സൗകര്യം നൽകണമെന്ന് ഒരു അഭിഭാഷകൻ വാദിച്ചതിനോട് കോടതി അനുകൂലിച്ചില്ല. അത് വോട്ടറുടെ സ്വകാര്യത നഷ്ടമാകുന്ന കാര്യമാണെന്ന് കോടതി പറഞ്ഞു.

യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പു നടത്തിയിരുന്ന മിക്ക യൂറോപ്യൻ രാജ്യങ്ങളും തിരികെ ബാലറ്റിലേക്കു മടങ്ങിയെന്ന് ഹർജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനു വേണ്ടി പ്രശാന്ത് ഭൂഷൺ വാദിച്ചു. മറ്റു രാജ്യങ്ങളിലെ സ്ഥിതി വച്ച് ഇന്ത്യയിലെ വോട്ടെടുപ്പിനെ താരതമ്യപ്പെടുത്താൻ കഴിയില്ലെന്നു കോടതി പറഞ്ഞു. ജർമനിയിൽ ആറു കോടി വോട്ടർമാരുള്ളപ്പോൾ, ഇന്ത്യയിൽ 97 കോടി വോട്ടർമാരുണ്ടെന്നു കോടതി വ്യക്തമാക്കി.

Comments